രാഗപരാഗം/സ്വപ്നസ്മൃതി
സ്വപ്നസംതൃപ്തി
ഭാവനാമലോജ്ഞമെന്നോമനസ്വപ്നത്തിലെൻ
ജീവനായകാ, ഭവാനെത്തിയെൻ സവിധത്തിൽ.
ജന്മവാസനപൂത്തു സൗരഭം തുളുമ്പുന്ന
നിർമ്മലനികുഞ്ജത്തിലുറങ്ങിക്കിടന്നു ഞാൻ.
ഹേമന്തനിശീഥമെൻ ചുറ്റുലും നിലവിനാ-
ലാനന്ദം വിരചിച്ചു നിഴലും വെളിച്ചവും.
സാവധാനത്തിലെന്നെപ്പുണർന്നിതേതോ ദിവ്യ-
സായൂജ്യപരിമളം കിളർന്ന മന്ദാനിലൻ.
കർമ്മബന്ധത്തിൻ തളിർമെത്തയിലേവം കിട-
ന്നങ്ങയെ ധ്യാനിച്ചു ഞാനറിയാതുറങ്ങിപ്പോയ്!
ആ മയക്കത്തിൽ-സ്വർഗ്ഗസായൂജ്യസമ്പർക്കത്തിൽ
കോമളം തവ രൂപം കണ്ടു ഞാൻ ജാതോല്ലാസം.
മിന്നലാൽ ജ്വലിക്കുന്ന, തെന്നലാൽ ചലിക്കുന്ന
നിന്നനാദ്യന്താകാരം, നിഹ്നുതപ്രഭാപൂരം
പൂക്കളാൽ ചിരിക്കുന്ന നിന്മുഖം, നക്ഷത്രത്താൽ
മേൽക്കുമേൽ ധ്യാനിക്കുന്ന നിന്മനം ദർശിപ്പൂ ഞാൻ!
കരകാണാതെയോളം വെട്ടിടുമഗാധമാം
കടലാൽ ചിന്തിക്കുന്ന നിന്നെ ഞാൻ കണ്ടൂ നീയായ്!
കാമദേവനെപ്പോലെ കാന്തവിഗഹനായി-
ക്കാനനപുഷ്പം പോലെ ശാന്തനായ്, പ്രസന്നനായ്,
അവിടുന്നെൻ ചാരത്തു വന്നു നിന്നപ്പോൾ, ഹർഷ-
വിവശം തല താഴ്ത്തിപ്പോയി ഞാൻ ലജ്ജാധീരം.
ഇത്രനാളാരെ ധ്യാനിച്ചാരുടെ സമാഗമ-
നിസ്തുലനിർവ്വാണത്തിനെന്മനമുഴന്നുവോ,
ആ പ്രേമസ്വരൂപനാമവിടു, ന്നെൻ ചാരത്തൊ-
ന്നെത്തുക: ഹർഷോന്മാദമെന്മനം തുളുമ്പിപ്പോയ്!
വൃന്ദാവനത്തേക്കാളും പ്രണയോജ്ജ്വലമാമ-
സ്സുന്ദരരംഗത്തിലെ സായൂജ്ജ്യം മുഴുവനും,
ഒരു ചുംബനത്തിങ്കലൊതുക്കി, സ്സാമോദമെൻ
വിറകൊണ്ടീടും ചുണ്ടിലർപ്പിച്ചു ഭവാൻ പോയി.
മൽസ്വപ്നം തീർന്നു; ഞെട്ടിയുണർന്നു മുന്നേപ്പോലെ
വിശ്വത്തിലേക്കു വീണ്ടുമെന്മിഴി തുറന്നു ഞാൻ!
വിരഹം, ഹാ ഹാ, പൊള്ളും വിരഹം!-ഹൃദയത്തി-
ലൊരു വേദന പെട്ടെന്നുത്ഭവിച്ചാളിക്കത്തി.
എന്മിഴിനിറഞ്ഞു; മൽസ്വപ്നകാമുകരൂപ-
മെങ്ങുപോ, യെന്മുന്നിലെ, ന്തൊക്കെയുമേകാന്തത്വം!
എങ്കിലുമെന്തോ സ്വപ്നചുംബനമനശ്വര-
മെങ്കൊച്ചുസിരകളിൽക്കൂടിയും കലർന്നല്ലോ!
അതിന്റെ ചൈതന്യത്തിലതിന്റെ നൈർമ്മല്യത്തി-
ലതിന്റെ കൈവല്യത്തിൽ കാണ്മൂ ഞാനെൻ സർവ്വസ്വം.
അസ്സുഖസ്മൃതിയുടെ വാടാത്ത വെളിച്ചത്തി-
ലപ്രേമസ്വരൂപനെ ധ്യാനിച്ചും മോഹിച്ചും ഞാൻ
അദ്ദേവനായിക്കൊണ്ടൊരോമനമലർമാല്യം
സദ്രസം രചിക്കട്ടെ പുതുപൂക്കളാൽ വീണ്ടും!