രാഗപരാഗം/ഹേമന്തചന്ദ്രിക
ഹേമന്ദചന്ദ്രിക
കോമളനിർമ്മാനീലനഭ:സ്ഥലം
കോടക്കാർ മൂടിയിരുണ്ടുപോയി.
ഇല്ല വെളിച്ചം തരിമ്പുമൊരേടവു-
മെല്ലാം നിരാശപോലന്ധകാരം.
ഓമനസ്വപ്നാവകീർണ്ണമാം നിദ്രപോൽ
ഗാമം മുഴുവൻ പ്രശാന്തമായി.
കേളിയറയിതൊഴിഞ്ഞു; വരാന്തയി-
ലാളിമാരെല്ലാമുറക്കമായി.
ആരുമറിയില്ലെൻ നാഥാ, ഭവാനിനി-
യാരാലിവിടിന്നു വന്നുപോയാൽ.
തോഴിമാരാരുമറിയാതൊരുക്കി ഞാൻ
ചേലിലിന്നന്തിക്കിപ്പുഷ്പതൽപം.
വെണ്ണിളമ്പട്ടുതിരിയിട്ടൊഴിച്ചേനി-
സ്വർണ്ണവിളക്കിൽ സുഗന്ധ തൈലം-
നൽച്ചന്ദനത്തിരി കത്തിച്ചീ മച്ചക-
മച്ഛിന്നുസൗരഭസാന്ദ്രമാക്കി.
കഷ്ടമിന്നന്തിതൊട്ടെന്മുന്നിലൂടെ വ-
ന്നെത്ര യുഗങ്ങൾ കടന്നുപോയി?
എന്തിത്ര താമസം?- നാഥാ, ഞാനേകയായ്
ചിന്തയിലെത്ര കഴിച്ചുകൂട്ടും?
തെറ്റിദ്ധരിപ്പൂ നിൻ കാലടിയൊച്ചയായ്
മുറ്റത്തിലയൊന്നനങ്ങിയാൽ ഞാൻ!
ഉത്തരമാത്രയിലെന്നുള്ളിലെന്തിനോ
വിദ്യുൽപ്രവാഹമൊന്നങ്കുരിപ്പൂ.
ഞെട്ടറും പൂവുപോൽ ഹാ വിറച്ചക്ഷണം
പട്ടുകിടക്കയിൽ വീഴ്വൂ ഞാനും!
സദ്രസമെന്നെസ്സമാശ്വസിപ്പിക്കുവാൻ
നിദ്രയുമെത്തുന്നീലെന്തുചെയ്യാം!
കൂരിരുട്ടത്തു കരഞ്ഞു കരഞ്ഞു ഞാൻ
നേരം വെളുപ്പിക്കാം വല്ലപാടും!