രാജയോഗം (കുമാരനാശാൻ)/ആമുഖം

(രാജയോഗം (കുമാരനാശാൻ)/1 ആമുഖം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജയോഗം
രചന:എൻ. കുമാരനാശാൻ
ആമുഖം

ഏതാണ്ടു നാലു കൊല്ലം മുമ്പ് രാജയോഗത്തിൻറെ പൂർവ്വഭാഗം മുഴുവൻ പുസ്തകരൂപേണ പുറപ്പെടുവിച്ച അവസരത്തിൽ ഈ ഉത്തരഭാഗവും തർജ്ജമ ചെയ്ത് അല്പാല്പമായി ‘വിവേകോദയം’ വഴി പ്രസിദ്ധപ്പെടുത്തുന്നതാണെന്നും, തർജ്ജമയിൽ പൂർവ്വഭാഗത്തേക്കാൾ ഉത്തരഭാഗത്തിൽ അധികം ദൃഷ്ടിവെക്കാമെന്നും പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. ഇത്ര താമസിച്ചിട്ടാണെങ്കിലും ഈ പ്രതിജ്ഞ ഒരുവിധം പൂർത്തിയായി എന്നു കാണുന്നതിൽ വലിയ ചാരിതാർത്ഥ്യം തോന്നുന്നു. പൂർവ്വഭാഗം ഒന്നാം പതിപ്പിൻറെ മുഖവുരയിൽ ഗ്രന്ഥകർത്താവിനെയും ഗ്രന്ഥത്തെയും പറ്റി ചില വിവരങ്ങൾ കൊടുത്തിട്ടുള്ളതിനാൽ വീണ്ടും ആ സംഗതികളെ ആവർത്തിക്കുന്നില്ല. എന്നാൽ വിവേകാനന്ദസ്വാമിയുടെ വന്ദ്യയായ മാതാവ് ഇതിനിടയിൽ കാലധർമ്മം പ്രാപിച്ചിരിക്കുകയാൽ ആ മുഖവുരയിൽ അവർ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടുള്ളതു വായനക്കാർ തെറ്റിദ്ധരിക്കാതെ ഓർത്തുകൊള്ളേണ്ടതാണ്. രാജയോഗം പൂർവ്വഭാഗത്തിൻറെ വേറൊരു തർജ്ജമ ഈ മാസത്തിൽ പുറത്തുവന്നിട്ടുള്ള വിവരം കൂടി ഇവിടെ പറയേണ്ടിവന്നിരിക്കുന്നു. സ്വാമിയുടെ കർമ്മയോഗം, ഭക്തിയോഗം എന്നീ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയ കെ എം അവർകളാണ് ഈ പുസ്തകം പുറപ്പെടുവിച്ചിരിക്കുന്നത്. അദ്ദേഹം എൻറെ തർജ്ജമയെപ്പറ്റി അറിഞ്ഞിട്ടില്ലെന്ന് അറിയുന്നു. ആ തർജ്ജമയിൽ രണ്ടാം ഭാഗം ഇല്ലതാനും. ഏതായാലും രാജയോഗം പൂർവ്വഭാഗത്തിൻറെ ഒന്നാം പതിപ്പ് അശേഷം വിറ്റുതീർന്നതിനാൽ അതിൻറെ പ്രചാരത്തിലുള്ള ചാരിതാർത്ഥ്യത്തോടു കൂടിയും വീണ്ടും വളരെപ്പേർ ആവശ്യപ്പെടുന്നതനുസരിച്ചും ആ ഭാഗത്തിൻറെ രണ്ടാം പതിപ്പും ഉത്തരഭാഗത്തിൻറെ ഒന്നാം പതിപ്പും കൂടി ഈ വിശിഷ്ടഗ്രന്ഥം മുഴുവൻ പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു. തർജ്ജമയിൽ മൂലകാരൻറെ ആശയങ്ങളെ ഓജസ്സിനു ഹാനി കൂടാതെ തന്നെ ഭാഷയിൽ പ്രതിഫലിപ്പിപ്പാൻ നല്ലവണ്ണം ദൃഷ്ടിവെച്ചിട്ടുണ്ട്. അതോടുകൂടി വിഷയഗൗരവം കൊണ്ടുള്ള വൈഷമ്യത്തെ ലഘൂകരിപ്പാൻ വേണ്ടി ആർക്കും കേട്ടാൽ അർത്ഥമാകത്തക്കവണ്ണം ഭാഷാരീതിയെ എളുപ്പമാക്കാൻ പാടുള്ളത്ര യത്നിച്ചിട്ടുമുണ്ട്. ഉത്തരഭാഗം തർജ്ജമ ചെയ്യുന്നതു പൂർവ്വഭാഗത്തേക്കാൾ ശ്രമസാധ്യമായ ഒന്നാണെന്നുള്ള വസ്തുത കൂടി പറഞ്ഞുകൊള്ളുന്നു. ഉത്തരഭാഗം പാതഞ്ജലസൂത്രങ്ങളുടെ പരിഭാഷയും അതിന്മേലുള്ള സ്വാമിയുടെ സ്വതന്ത്രഭാഷ്യവും ആകുന്നു. സൂത്രങ്ങളെ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുന്നതിൽ സ്വാമി അവസരോചിതമായ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്. പാശ്ചാത്യന്മാരുടെ ഉപയോഗത്തിനാകയാൽ അപ്രകാരം ചെയ്യേണ്ടിവന്നത് സമ്മതിക്കത്തക്കതും സ്വാമിയ്ക്കു പ്രകൃതവിഷയത്തിലുള്ള ജ്ഞാനവും അനുഭവവും കൊണ്ട് അതിൽ അന്യഥാ ശങ്കയ്ക്ക് ഇടയില്ലാത്തതുമാകുന്നു. എങ്കിലും പാതഞ്ജലദർശനത്തെപ്പറ്റി ഭാരതീയരുടെ ഉപയോഗത്തെ മാത്രം ഉദ്ദേശിച്ചു പ്രസിദ്ധപ്പെടുത്തുന്ന ഒരു ഏതദ്ദേശഭാഷാഗ്രന്ഥത്തിൽ ഋഷിപ്രണീതമായ മൂലത്തെ അങ്ങനെതന്നെ വെച്ചുകൊണ്ട് എന്തെങ്കിലും ഉപന്യസിപ്പാനേ ജനങ്ങൾ സമ്മതിക്കൂ എന്നുള്ളതു പ്രത്യേകം സ്മരണീയമാകുന്നു. അതുകൊണ്ട് ഈ പരിഭാഷയിൽ പ്രാമാണ്യത്തെ ഉദ്ദേശിച്ച് സ്വാമിയുടെ ഇംഗ്ലീഷ് സൂത്രങ്ങളുടെ സ്ഥാനത്ത് അവയുടെ മൂലമായ സംസ്കൃതസൂത്രങ്ങൾ തന്നെ ചേർത്തുകൊണ്ട് അവയുടെ പദംപ്രതിയും വാക്യംപ്രതിയുമുള്ള അർത്ഥങ്ങൾ മലയാളത്തിൽ കൊടുക്കുകയാണു ചെയ്തിട്ടുള്ളത്. ഇങ്ങനെ ചെയ്യുന്നതിൽ സൂത്രത്തിൻറെ യഥോക്താർത്ഥങ്ങളിൽ വല്ല ദിക്കിലും നിസ്സാരമായ വല്ല മാറ്റവും വന്നിട്ടുണ്ടെങ്കിൽ അതിൻറെ ഫലമായി സ്വാമിയുടെ വ്യാഖ്യാനത്തിൽ പൂർവ്വാപരവാക്യങ്ങൾക്കു തമ്മിൽ അസാംഗത്യം വരാതിരിക്കത്തക്കവണ്ണം സൂക്ഷിച്ചിട്ടുമുണ്ട്. സൂത്രങ്ങളുടെ അർത്ഥനിർണ്ണയത്തിൽ അധികം ആശ്രയിച്ചിട്ടുള്ളത് വ്യാസഭാഷ്യത്തേക്കാൾ ഭോജരാജവൃത്തിയെ ആകുന്നു. സൂത്രപാഠങ്ങളും ഭോജവൃത്തിയിൽ സ്വീകരിച്ചിട്ടുള്ള പ്രകാരം തന്നെയാണ് ഇതിൽ കൊടുത്തിട്ടുള്ളത്. ചുരുക്കത്തിൽ അത്യുൽക്കൃഷ്ടവും ദൂരവഗാഹവുമായ ഈ രാജയോഗശാസ്ത്രത്തിൽ ജിജ്ഞാസുക്കൾക്ക് ഈ പുസ്തകം കൊണ്ടു സാരമായ പ്രയോജനമുണ്ടാകത്തക്കവണ്ണം വേണ്ടതെല്ലാം ദൃഷ്ടിവെച്ചിട്ടുണ്ട്. മഹാത്മാവായ വിവേകാനന്ദസ്വാമി തൻറെ ഇംഗ്ലീഷ് ഗ്രന്ഥം കൊണ്ട് ഉദ്ദേശിച്ച ഫലം ഈ തർജ്ജമ കൊണ്ട് മലയാളികൾക്കുണ്ടാകുമെങ്കിൽ അതു തന്നെയാണ് ഈ ശ്രമത്തിൻറെ പ്രതിഫലം.

എൻ കുമാരൻ ആശാൻ

പരിഭാഷകൻ

തിരുവനന്തപുരം

1090 കന്നി 15

സമർപ്പണം

തിരുത്തുക
നമഃ പരസ്‌മൈ തമസഃ സവിത്രേ
തസ്‌മൈ ശരവ്യായ ച ദർശനാനാം
പുമാംസമേകം ലുഠതാം ഭവാബ്ധൗ
യമാമനന്തി ശ്രുതയഃ ശരണ്യം
വിദ്യാ ജയത്യാത്മവിഭൂതിസൂതിഃ
ശിവേന സംവർദ്ധിതസമ്പ്രദായാ
യാമേവ സൂത്രാണ്യധികൃത്യ ചക്രേ
പതജ്ഞലിഃ പ്രാഗ്രസരോ മുനീനാം
വ്യാസേന ഭാഷ്യേണ യദധ്യകാരി
ഭോജേന രാജ്ഞാ സ്ഫുടയാ ച വൃത്യാ
കാലേന തസ്യാഭവദാവിലത്വം
പാതഞ്ജലസ്യാത്ഭുതദർശനസ്യ
ആസ്മീന്മഹാൻ കോപി ചിരായ വംഗേ
ഷ്വദൃഷ്ടപൂർവ്വപ്രതിഭാപ്രഭാവഃ
ശ്രീരാമകൃഷ്ണാഖ്യയതീശ്വരസ്യ
പൂജ്യസ്യ യോപ്പന്തേവസതാം ധുരീണഃ
വിസ്മായയൻ വിശ്വജനം സ്വവാഗ്ഭിഃ
തതാര ധർമ്മോദ്ധരണപ്രവൃത്തഃ
ന കേവലം ഗോഷ്പദവത്സമുദ്രം
സാരസ്വതം തം ച പയോമയം യഃ
പദം ഗതോപി പ്രകൃതേഃ പരം യോ
ഗുണൈസ്സമജ്ഞാസുരഭിശ്ചകാസ്തി
തസ്യാർത്ഥഗുർവീ പ്രൗേെത ജഗത്യാ
മാനന്ദസംജ്ഞാദ്യ വിവേകപൂർവ്വാ
സോയം സധർമ്മാ മുനിപുംഗവസ്യ
തസൈ്യവ വാഗ്യോഗവിദാം വരസ്യ
വ്യാഖ്യാം വശ തൽഫണിതേഃ പ്രസന്നാ
മത്യത്ഭുതാമാങ്ഗ്ലഗിരാ ചകാര
ജാഗർത്തി യോഗീ നനു കേരളേഷു
നാരായണാഖ്യോ നിഗമാന്തചാരീ
നുദംസ്തമോ വിഷ്വഗുപാത്തജന്മാ
യദ്യപ്യുപാനന്തപുരം യൗേന്ദെു
ജ്ഞാനേന പൂതഃ സ്വതപസ്യയാ ച
വിമത്സരൈഃ സാധു വിഭാവ്യതേ യഃ
ഭർഗ്ഗ സ്വയം വാ നരലക്ഷണോപ്പയം,
നാരായണോ വേതി നവാവതാരഃ
മൂർദ്ധ്‌നാ ധൃതം പാദരജോപി യസ്യ
ഹൃദ്ദർപ്പണം മേ മലിനം പ്രമാർഷ്ടി
തതഃ കിമന്യോസ്തി വിഭാവനീയോ
ഗുരുർഗ്ഗരീയാൻ സ ച മേ ഗരിഷ്ഠഃ
ഉക്തേ ച യത്‌നഃ സ്വയമാംഗ്ലഗുംഭേ
ഹ്യധീമതാ സമ്പ്രതിഫദ്ഗുവാചാ
മയാ കൃതഃ കേരളവൈഖരീഭിഃ
കിം ദുഷ്‌കരം കർമ്മ ഗുരോഃ കൃപായാഃ?
തസൈ്യവ ചാനേന മയാ പദാബ്‌ജേ
സ്വീയൈഃ കടാക്ഷൈഃ പരിവർദ്ധിതേന
സമർപ്യതേ ഭക്തിഭരേണ സോയം
സമാധിശാസ്ര്തസ്യ സുഖോ വിവർത്തഃ
ശുഭം ഭൂയാൽ