"മിന്നൽവാൾ വലിച്ചൂരി, വാനമേ സന്തപ്തയാ-
മെന്നുടെ നേർക്കീവിധമോങ്ങിനില്ക്കരുതേ നീ!
മന്മനോനാഥൻതന്റെ മഞ്ജുവാം മുഖം കണ്ടി-
ട്ടെന്മിഴിയടഞ്ഞാകിൽ-ആകട്ടേ, കൃതാർത്ഥ ഞാൻ!"

ഭീകരനിശീഥത്തിൻ മദ്ധ്യ; മന്ധകാരത്തിൽ
ലോകമാകവേ മങ്ങിമറഞ്ഞുകിടക്കുന്നു!
ഘോരമാം കാലവർഷം; ഛിന്നഭിന്നമായ് ചില
നീരദാവലി-കീറപ്പാഴ്ത്തുണിത്തുണ്ടിൻകൂട്ടം-
അംബരത്തെരുവിന്റെ വീഥികൾതോറും കാണ്മൂ.
ഡംബരവിഹീനയാം വർഷകർഷകീകേശം!
അപ്പപ്പോഴവൾ കോപാലോങ്ങുന്നു കൈവാൾത്തല
രാപ്പിശാചിതൻ കരിതേച്ച മെയ്യിനുനേരേ!
താരമില്ലൊന്നും; കരിങ്കാർമുകിൽനിനാദത്തിൻ
ഘോരത വർദ്ധിക്കുമാറങ്ങിങ്ങു ചീകീടുകൾ
ലക്ഷമാക്രന്ദനംചെയ്തീടുന്നു; ഭേകാരാവ-
മിക്ഷോണിമണ്ഡലം നൂറായിട്ടു പിളർക്കുന്നു!
ഉഗ്രമാം കൊടുങ്കാറ്റിൽ മറിയും വൃക്ഷങ്ങൾ ത-
ന്നഗ്രഭാഗങ്ങൾ തമ്മിലിടറിപ്പിളരുന്നൂ!
ഭൂകമ്പസമാരംഭസംഭാരസൂത്രധാര-
നേകന്റെ മിരട്ടാകാമിക്കാണും കോലാഹലം!

അപ്പൊഴുതെല്ലാവരും നിദ്രതന്നങ്കത്തിങ്കൽ
സ്വപ്നസൗഭാഗ്യാമൃതമാസ്വദിച്ചമരുന്നൂ!
മങ്ങീടും വിളക്കിന്റെ മുന്നിലായ്-മേടയ്ക്കക-
ത്തങ്ങൊരു തുറന്നിട്ട ജാലകാന്തികത്തിങ്കൽ,
നിദ്രതൻ തിരുനെറ്റി ചുംബനംചെയ്യാഞ്ഞിട്ടും,
ക്ഷുദ്രമാം ഹൃദയത്തിൽ കത്തും തീ കെടാഞ്ഞിട്ടും,
നീരാളമെത്തപ്പുറത്തിരുന്നു കരഞ്ഞൊരു
ജ്വരസംഭ്രാന്തയായ തന്വിയാളപേക്ഷിപ്പൂ;

"മിന്നൽവാൾ വലിച്ചൂരി, വാനമേ സന്തപ്തയാ-
മെന്നുടെനേർക്കീവിധമോങ്ങിനിൽക്കരുതേ, നീ!
മന്മനോനാഥൻതന്റെ മഞ്ജുവാം മുഖം കണ്ടി-
ട്ടെന്മിഴിയടഞ്ഞാകിൽ-ആകട്ടേ, കൃതാർത്ഥ ഞാൻ!"

ഇഷ്ടതോഴിതൻ മാറിലിറ്റിറ്റു കണ്ണീർ വീഴ്കെ
ഞെട്ടി നിദ്രയിൽനിന്നും വെമ്പിയേൽക്കയായവൾ
ചോദിപ്പൂ: "ഹേമേ! മമ സ്വാമിനീ പറഞ്ഞാലും
ഖേദിപ്പതെന്തിന്നു നീ നിർന്നിദ്രം നിരുന്മേഷം?
ഇക്കെടുത്തിയ ദീപമാരു കത്തിച്ചൂ വീണ്ടു-
മിക്കൊടും തണുപ്പത്തു നിദ്രവിട്ടിരിക്കയോ?
മാറിയില്ലല്ലോ പനി-മാഴ്‌കിടാ, യ്കെന്തായാലും
മാരവൈജയന്തികേ,ചൊൽക നീയിതിൻ മൂലം!
എന്തുതാനാകട്ടെ, ഞാനുണ്ടാക്കാമുപായം, നീ
സന്താപം വെടിഞ്ഞെന്നോടോതുകയിതിൻ കാര്യം!
ജാലകമടയ്ക്കട്ടേ, ശീതവാതസ്പർശം നിൻ
ലോലമാം കളേബരം പീഡിപ്പിച്ചീടും പാരം!

"വേണ്ട വേണ്ടെൻ തോഴി,"- യക്കൈത്തലം പിടിച്ചുടൻ
കൊണ്ടൽവേണിയാൾ മന്ദമോതുന്നൂ സഗൽഗദം:
"പാരാതെ ശുഭപത്രമൊന്നെടുത്തു ഞാൻ ചൊല്ലു-
ന്നോരു വാക്യങ്ങളെല്ലാം കുറിക്കയരക്ഷണം!
ഇല്ലെനിക്കധിവാസമേറെനേരം ധാത്രിയിൽ
മല്ലികേ, നീയെൻ സ്നേഹപാത്രമാണെന്നാകിലോ,
വേഗത്തിൽ കുറിക്കുകീലേഖനം, പിന്നീടെന്നെൻ
ഭാഗഥേയത്തിൻ ഹേതുഭൂതനാം 'മല്ലീനാഥൻ,"
ഇങ്ങെങ്ങാൻ വരുന്നുവോ-അന്നതു നൽകീടുകെൻ
മംഗലമാകുമന്ത്യസമ്മാനമെന്നും ചൊല്ലി...
ഈവിധം കുറിക്കുക:- "ജീവേശ! പോരും, തവ
ഭാവി ജീവിതപരിപാടി കനിട്ടേണ്ടിനി,
'ഭാമ'യെ ത്യജിക്കേണ്ട, 'ഹേമ' പോകുന്നൂ സ്വയം
പ്രേമതുന്ദിലയായ്‌ത്താൻ വാനവഗൃഹം നോക്കി!
ധന്യയായിവളെന്റെ ജീവിതം മുഴുവനും
മാന്യനാം യുവാവേ, ത്വൽപാദപൂജയ്ക്കായ് പോക്കീ
അ'പ്രേമ'പുഷ്പാഞ്ജലിയിന്നും ഹാ! ചെയ്തുതീർത്തു
ക്ഷിപ്രം ഞാൻ ഗമിക്കുന്നേൻ, മംഗലം ഭവിയ്ക്കട്ടേ!"

അപ്പപ്പോൾ പിടഞ്ഞെരിഞ്ഞുള്ളൊരാ ദീപനാളം
ക്ഷിപ്രം വായുവിൽ പോയി ലയിച്ചൂ; മങ്ങീ മിന്നൽ!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/%27ഹേമ%27&oldid=52453" എന്ന താളിൽനിന്ന് ശേഖരിച്ചത്