(കാകളി)

തങ്കക്കിരീടമേ! താണുവണങ്ങുകീ-
ച്ചെങ്കമലച്ചേൺചെറുചേവടികളെ!
ശാന്തിതൻ സൗരഭപൂരം പരത്തുന്ന
കാന്തിയെഴും കനകത്താരിണകളെ-
പാരിച്ച പാവനഭൂവിൽ കുരുത്തൊരു
പാരിജാതത്തിൻ പരിമളപ്പൂക്കളെ-
മർത്ത്യാശയത്തിൻ മഹത്ത്വംസ്ഫുരിക്കുന്ന
സത്യസൗധത്തിൻ നടുത്തൂണിണകളെ!

ചെങ്കോൽപിടിയാൽ തഴമ്പിച്ച കൈകളി-
പ്പങ്കോരകങ്ങൾ തൊഴുവാൻ മടിക്കിലോ,
സംസാരസിന്ധുവിൻ കല്ലോലപാളിയി-
ലംസാന്തമാണ്ടവനാണതർഹിപ്പവൻ!

'സിദ്ധാർത്ഥ'പാദങ്ങൾ പൂജിച്ചുകൊണ്ടു ഞാ-
നിദ്ധാത്രിയിങ്കലരഞൊടിയെങ്കിലും,
വാഴുകിൽ ധന്യയായ്;-സമ്പൽസരിത്തിൽ ഞാ-
നാഴുവാനാശിപ്പതില്ലണുവെങ്കിലും!
രാവായ പൂവു പകുതി വിരിഞ്ഞു നി-
ന്നാവാനിനേക്കൺമിഴിച്ചു നോക്കീടവേ-
ഉള്ളിലടക്കാൻ ശ്രമിക്കിലും സാധിയാ-
തല്ലിന്നധിപതി പൊട്ടിച്ചിരിക്കവേ-
വെൺതിരച്ചുണ്ടു വിതുമ്പുന്നൊരബ്ധിയെ-
ത്തൻതീരശൈലങ്ങളുറ്റുനോക്കീടവേ,
രാജഗേഹത്തിലറയിലിരുന്നൊരു
രാജമരാളിക ചൊൽകയാണീവിധം!

വാസരലക്ഷ്മിതൻ രംഗപ്രവേശമായ്
വാസരദിഗ്‌വധൂവക്ത്രം വിളർത്തുപോയ്
കന്ദരമന്ദിരം വിട്ടുവരുന്നൊരീ-
സ്സുന്ദരകന്ദളമാരി,താദിത്യനോ?

മറ്റാരുമല്ലീ പ്രഭാതപ്രഭാകരൻ
മർത്ത്യമാണിക്യമാം സിദ്ധാർത്ഥദേവനാം!
ചോലയിൽ ചെന്നുഷ:സ്നാനം കഴിക്കുവാൻ
ചാലേ ഗമിക്കയാം കാഷായവേഷവാൻ!

"സ്വാമിൻ!-ഗുഹാമുഖം വിട്ടിലാ മുൻപൊരു
തൂമിന്നൽ വന്നു പതിച്ചു പാദങ്ങളിൽ!
ചെന്തളിർച്ചേവടി ചുംബനംചെയ്കയായ്
മുന്തിരിവള്ളികൾ-സൗരഭ്യവാഹികൾ!
ആ നറുംനെന്മേനിവാകമലരുട-
നാനന്ദചിത്തൻ പിടിച്ചുയർത്തീടിനാൻ!
സ്വിന്നഗണ്ഡങ്ങൾ; തുടുത്ത ചെഞ്ചുണ്ടുകൾ;
മിന്നിപ്പകുതി വിടർന്ന നൽക്കണ്ണുകൾ;
വെമ്പലാൽ കൂമ്പിന കൂപ്പുകൈത്താമര;
കമ്പിതച്ചെമ്പകപ്പൊൻപുതുപ്പൂവൽമെയ്;...
ഈവിധം കണ്ടാനൃഷീശ്വരൻ, തന്മുന്നി-
ലാവിലയായൊര,ക്കാഞ്ചനക്കമ്പിയേ!

"എന്തു വത്സേ! താപകാരണം"- വാത്സല്യ-
തന്തുവായോതിന കർമ്മയോഗീശനെ
താണു വീണ്ടും തൊഴുതോതിനാൾ തന്വിഃ "മൽ
പ്രാണമരുത്തേ! ഭഗവൻ! ദയാനിധേ!
കാരുണ്യമാർന്നിന്നനുവദിക്കേണമി-
ത്താരിതൾപാദങ്ങൾ പൂജിച്ചുകൊള്ളുവാൻ!
ആരണ്യവുമെനിക്കാരാമമാണെന്റെ-
യാ രാജഗേഹമത്രേ കൊടുംകാനനം!
ദേവൻ, ഭവൽഭക്തദാസിയെക്കൈക്കൊൾക
ജീവിതസാഫല്യമാർന്നിടട്ടേ,യിവൾ!"

"നിൻവാഞ്ഛപോലാട്ടേ വത്സേ!.." വിടർന്നിത-
ത്തേൻവാണിതൻ ചുണ്ടിലൊറ്റപ്പനീരലർ
ജന്മസാഫല്യം ഭവിച്ചപോൽ തൽപ്പദം
നന്മയിൽ തൊട്ടവൽ വെച്ചാൾ നിറുകയിൽ!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/രാജയോഗിനി&oldid=52457" എന്ന താളിൽനിന്ന് ശേഖരിച്ചത്