വജ്രസൂചി

രചന:ഹെർമ്മൻ ഗുണ്ടർട്ട്


[ 13 ] ഹെർമൻ ഗുണ്ടർട്ട്

1814 ഫെബ്രുവരി 4-ന് ജർമനിയിലെ ബാദന്വ്യുട്ടൻബർഗു
രാജ്യത്തു സ്റ്റുട്ഗാർട് നഗരത്തിൽ ജനിച്ചു. മരിച്ചതും ജർമനിയിൽ
തന്നെ-1893 ഏപ്രിൽ 25-ന് സ്റ്റുട്ഗാർട്ടിനു സമീപമുള്ള കാൽവ് എന്ന
കൊച്ചു പട്ടണത്തിൽ. ഇതിനിടയിൽ ഇരുപത്തി മൂന്നു വർഷം (1836-
1859) ദക്ഷിണ ഭാരതത്തിൽ ക്രിസ്തുമത പ്രചാരകനായി പ്രവർത്തിച്ചു.
ഇതിൽ ഇരുപതു വർഷം (12.4.1839 - 11.4.1859) തലശ്ശേരി, ചിറയ്ക്കൽ
എന്നിവിടങ്ങളിലായിരുന്നു താമസം. അതു മലയാളത്തിന്റെഭാഗ്യമായി.

മലയാളഭാഷയുടെ കരുത്തും വഴക്കങ്ങളും വെളിവാക്കുന്ന
വ്യാകരണവും (1851) നിഘണ്ടുവും (1872) അദ്ദേഹം വിരചിച്ചു. കരുത്തുറ്റ
ഈ ഭാഷാശാസ്ത്രരചനകൾ ഭാരതീയ ഭാഷാമണ്ഡലത്തിലെ
മുൻനിരയിലേക്കു കൈരളിയെ കൈപിടിച്ചു കയറ്റി നിർത്തി.
ഗുണ്ടർട്ടിന്റെ അമ്പതോളം മലയാളകൃതികളിൽ കേരളോൽപത്തി,
കേരളപ്പഴമ, പഴഞ്ചാൽമാലകൾ, ബൈബിൾ തുടങ്ങിയവ
കാലംകൊണ്ടു നിറം കെടാത്തവയാണ്.

കേരളത്തിൽ രാജസദസ്സുകൾ മുതൽ പണിശാലകൾ വരെ
കയറിയിറങ്ങി നടന്നു ഗുണ്ടർട്ട് ശേഖരിച്ച മലയാള കൃതികൾ
ഗവേഷകർക്കു നിധികുംഭമാണ്. അവ ഗുണ്ടർട്ടു ഗ്രന്ഥശേഖരമായി
ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്നു.
പയ്യന്നൂർപ്പാട്ട്, തലശ്ശേരി രേഖകൾ എന്നിങ്ങനെ മറ്റൊരിടത്തും
ലഭ്യമല്ലാത്ത കൈയെഴുത്തുകൾ പലതുണ്ട് ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിൽ.

ജർമനിയിലെ പ്രശസ്തങ്ങളായ വിദ്യാശാലകളിലായിരുന്നു
വിദ്യാഭ്യാസം. മൗൾബ്രോണിൽ സ്കൂൾ വിദ്യാഭ്യാസം. പ്രശസ്തമായ
ട്യൂബിങ്ങൻ സർവകലാശാലയിൽ നിന്ന് ഡോക്ടർ ബിരുദം നേടി.
മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് ഗുണ്ടർട്ട് സാരമായ
സംഭാവനകൾ നൽകി. പുതിയ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും
നടപ്പിലാക്കി. മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടറായി
അദ്ദേഹം പ്രവർത്തിച്ചു.

സ്വിസ് വംശജയും ഫ്രഞ്ചുകാരിയുമായ ജൂലിയായിരുന്നു ഭാര്യ.
ഗുണ്ടർട്ട് ദമ്പതികളുടെ മക്കളെല്ലാം കേരളത്തിൽ ജനിച്ചവരാണ്. പുത്രി
മാറിയുടെ മകനാണ് വിശ്രുത സാഹിത്യകാരനും നോബൽ സമ്മാന
ജേതാവുമായ ഹെർമൻ ഹെസ്സെ.