വരിക സുരാധിപ പരമപരാ
പല്ലവി
വരിക സുരാധിപ പരമപരാ
നിൻ കരുണാസനം വഴിയായ് സഭയിൽ
അനുപല്ലവി
ഒരുമനസ്സോടു നിൻ തിരുഭവനേ
പരിചോടടിയാർ വരുന്നതു കാൺ
ചരണങ്ങൾ
1.ഭക്തിയൊടടിയാർ നിൻ തൃപ്പാദത്തിൽ
പ്രാത്ഥന ചെയ്തുവരം ലഭിപ്പാൻ
നിത്യവും നിൻ പരിശുദ്ധാത്മ
ശക്തിതന്നരുളാൻ ഭജിച്ചീടുമ്പോൾ............വരിക
2.തിരുമനസ്സിനെക്കുറിച്ചൊരുമനസ്സായ്
ഇരുവരൊ മൂവരോ വരുന്നിടത്തിൽ
കരുണയോടെ എഴുന്നരുളുമെന്നു
തിരുവാചാ അരുളിയ പരമസുതാ-............വരിക
3.വന്നടിയാരുടെ കന്മഷവും
തിന്മയശേഷവും ദുർമനസ്സും
ഒന്നോടശേഷവും നീക്കീടേണം
എന്നും മോക്ഷേ അടിയാർ നില്പാൻ.........വരിക
4.ദൂതരുടെ സ്തുതിയിൽ വസിക്കും
നീതിസ്വരൂപനാം യഹോവായ്ക്കും
ഭൂതല രക്ഷക മശിഹായ്ക്കും
പരിശുദ്ധാത്മാവിന്നും സ്തോത്രം...............വരിക