രക്തപുഷ്പങ്ങൾ/വാഴക്കുല

(വാഴക്കുല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രക്തപുഷ്പങ്ങൾ (കവിതാസമാഹാരം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വാഴക്കുല

ലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകൾപോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമക്കിടാങ്ങളിലൊന്നായതിനേയു -
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ
മലയന്റെ മാടത്ത പാട്ടു പാടി.
മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ
മലയന്റെ മാടവും പൂക്കൾ ചൂടി.
വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ്
വളരെപ്പണിപ്പാടു വന്നുകൂടി.
ഉഴുകുവാൻരാവിലെ പോകും മലയനു -
മഴകിയും --- പോരുമ്പോളന്തിയാവും.
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്
മറവി പറ്റാറില്ലവർക്കു ചെറ്റും .
അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ -
ലതു വേഗവേഗം വളർന്നുവന്നു ;
അജപാലബാലനിൽ ഗ്രാമീണബാലത -
ന്നനുരാഗകന്ദളമെന്നപോലെ !

പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് -
പ്പരവതാനിക്കുമേല് ചെന്നിരിക്കും .
പൊരിയും വയറുമായുച്ചക്കൊടുംവെയില്
ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്,
അവിടെയിരുന്നു കളിപ്പതു കാണ്കിലേ -
തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !
കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ -
'ക്കരുമാടിക്കുട്ടന്മാർ' മല്ലടിക്കും!
അതുകാൺകെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു -
മലിവിന്റെ നനവൊരു നിഴല് വിരിക്കും !

അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന് ?
അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ -
രവരുടെ പട്ടിണിയെന്നു തീരാന് ?
അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ -
ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന് ?
ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക -
ളിടമില്ലവർക്കൊന്നു കാലുകുത്താന് !
ഇടറുന്ന കഴല് വയ്പോടുഴറിക്കുതിക്കയാ -
ണിടയില്ല ലോകത്തിന്നവരെ നോക്കാന് .
ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ -
ളുദകക്രിയപോലും ചെയ്തിടേണ്ട.
മദമത്തവിത്തപ്രതാപമേ, നീ നിന്റെ
മദിരോത്സവങ്ങളില് പങ്കു കൊള്ളൂ !

പറയുന്നു മാതേവന്  : ---- " ഈ ഞാലിപ്പൂവന്റെ
പഴമെത്ര സാദൊള്ളതായിരിക്കും !"
പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു
പരിഹാസഭാവത്താല് തേവനോതി :
" കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു !"
പരിഭവിച്ചീടുന്നു നീലി : " അന്നച്ചന -
തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും ."
" കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !"
കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !
അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി -
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :
" പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി
പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !"
" അതുകാണാമുവ്വെടി ചൂരപ്പഴാ നെന -
ക്കതിമോഹമേറെക്കടന്നുപോയി  !
ദുരമൂത്ത മറുതേ, നിന് തൊടയിലെത്തൊലിയന്നീ -
ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !..."

ഇതുവിധം നിത്യമാ വാഴച്ചുവട്ടില -
ക്കൊതിയസമാജം നടന്നു വന്നു .
കഴിവതും വേഗം കുലയ്ക്കണമെന്നുള്ളില് -
ക്കരുതിയിരിക്കുമാ വാഴ പോലും !
അവരുടെയാഗ്രഹമത്രയ്ക്കഗാധവു
മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴ കുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്
കലഹിക്കാന് പോയില്ല പിന്നീടൊരിക്കലും
കരുവള്ളോന് നീലിയോടെന്തുകൊണ്ടോ !
അവളൊരു കള്ളിയാണാരുമറിഞ്ഞിടാ -
തറിയാമവള്ക്കെന്തും കട്ടുതിന്നാന് .
അതുകൊണ്ടവളോടു സേവ കൂടീടുകി -
ലവനു,മതിലൊരു പങ്കു കിട്ടും.
കരുവള്ളോന് നീലി തന് പ്രാണനായ് , മാതേവന്
കഴിവതും കേളനെ പ്രീതനാക്കി .
നിഴല് നീങ്ങി നിമിഷത്തില് നിറനിലാവോലുന്ന
നിലയല്ലോ നിർമ്മലബാല്യകാലം !

അരുമക്കിടാങ്ങള് തന്നാനന്ദം കാണ്കയാ -
ലഴകിക്കു ചിത്തം നിറഞ്ഞുപോയി .
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്
മലയനുമുള്ളില് തിടുക്കമായി .
അവരോമല്പ്പൈതങ്ങള്ക്കങ്ങനെയെങ്കിലു -
മവനൊരു സമ്മാനമേകാമല്ലോ .
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു -
മരവയർക്കഞ്ഞിയവറ്ക്കു നല്കാന് .
ഉടയോന്റെ മേടയിലുണ്ണികള് പഞ്ചാര-
ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള് പട്ടിണി -
യ്ക്കലയണമുച്ചക്കൊടുംവെയിലില് !
അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !

കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ -
കനകവിമാനത്തില് സഞ്ചരിക്കൂ .
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ -
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .
പ്രണത്തില് കല്പകത്തോപ്പിലെ, പ്പച്ചില -
ത്തണലിലിരുന്നു കിനാവു കാണൂ .
ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ -
യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .
അവർതൻ തലയോടുകള്കൊണ്ടു വിത്തേശ്വര -
രരമന കെട്ടിപ്പടുത്തിടട്ടേ .
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ -
രവകാശഗർവ്വം നടിച്ചിടട്ടേ .
ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിന്റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !

മലയനാ വാഴയെ സ്പർശിച്ച മാത്രയില്
മനതാരില് നിന്നൊരിടിമുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകർ -
ത്തലറുന്ന മട്ടിലവനു തോന്നി .
പകലിന്റെ കുടല് മാലച്ചുടുചോരത്തെളി കുടി -
ച്ചകലത്തിലമരുന്നിതന്തിമാര്ക്കന് !
ഒരു മരപ്പാവ പോല് നിലകൊള്ളും മലയനി -
ല്ലൊരു തുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ -
രസഹനീയാതപജ്ജ്വാലമൂലം !
അമിതസന്തുഷ്ടിയാല് തുള്ളിക്കളിക്കയാ -
ണരുമക്കിടാങ്ങള് തന് ചുറ്റുമായി ;
ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ -
വലയംചെയ്തുലയുന്ന ലതകള് പോലെ .

അവരുടെ മിന്നിവിടർന്നൊരുരക്കണ്ണുക -
ളരുതവനങ്ങനെ നോക്കിനില്ക്കാന് .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല് ക -
ണ്ടവനന്തരംഗം തകർന്ന് പോയി .
കുലവെട്ടാന് കത്തിയുയർത്തിയ കൈയുകള്
നിലവിട്ടു വാടിത്തളർന്നുപോയി .

കരുവൊള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു
കരളിൽ തുളുമ്പും കുതൂഹലത്താല് .
അവളറിയാതുടനസിതാധരത്തില് നി -
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള് .
മലയന്റെ കണ്ണില്നിന്നിറ്റിറ്റു വീഴുന്നു
ചില കണ്ണീർക്കണികകള് പൂഴിമണ്ണില്
അണുപോലും ചലനമറ്റമരുന്നിതവശരാ -
യരികത്തുമകലത്തും തരുനിരകള് !
സരസമായ് മാതേവന് കേളന്റെ തോളത്തു
വിരല് തട്ടിത്താളം പിടിച്ചു നില്പൂ .
അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ -
ളണിയുന്നു കേളന്റെ കടമിഴികള് !

ഇരുൾ വന്നു മൂടുന്നു മലയന്റെ കൺമുമ്പി, -
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്
ചതിവീശും വിഷവായു തിരയടിപ്പൂ !
അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി -
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?...

കുലവെട്ടി ---- മോഹിച്ചു, മോഹിച്ചു, ലാളിച്ച
കുതുകത്തിന് പച്ചക്കഴുത്തു വെട്ടി ! ---
കുല വെട്ടി -- ശൈശവോല്ലാസകപോതത്തിൻ
കുളിരൊളിപ്പൂവല്ക്കഴുത്തു വെട്ടി ! ----

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള് .

ഒരു വെറും പ്രേതംകണക്കതാ മേല്ക്കുമേല്
മലയന്റെ വക്ത്രം വിളർത്തുപോയി !
കുല തോളിലേന്തി പ്രതിമയെപ്പോലവൻ
കുറെനേരമങ്ങനെ നിന്നുപോയി !

അഴിമതി,യക്രമ,മത്യന്തരൂക്ഷമാ -
മപരാധം, നിശിതമാമശനിപാതം !
കളവെന്തെന്നറിയാത്ത പാവങ്ങള് പൈതങ്ങള്
കനിവറ്റ ലോകം , കപടലോകം !
നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം
നിസ്സഹായത്വം, ഹാ, നിത്യദുഃഖം !
നിഹതാനിരാശാ തിമിരം ഭയങ്കരം !
നിരുപാധികോഗ്രനിനിയമഭാരം ! --
ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ , നിങ്ങള്തന് പിന്മുറക്കാറ് ?

കുല തോളിലേന്തി പ്രതിമ പോലങ്ങനെ
മലയനാ മുറ്റത്തു നിന്നുപോയി .
അരുതവനൊച്ച പൊങ്ങുന്നതില്ല, ക്കരള്
തെരുതെരെപ്പേർത്തും തുടിപ്പു മേന്മേല് !
ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള് തെറിപ്പു കാറ്റില് :
" കരയാതെ മക്കളേ ..... കല്പിച്ചു ... തമ്പിരാന് ...
ഒരുവാഴ വേറെ ...ഞാന് കൊണ്ടുപോട്ടെ !"

മലയന് നടന്നു --- നടക്കുന്നു മാടത്തി -
ലലയും മുറയും നിലവിളിയും !
അവശന്മാ,രാർത്തന്മാരാലംബഹീനന്മാ -
രവരുടെ സങ്കടമാരറിയാന് ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ ? --- ഞാന് പിന് വലിച്ചു !

19-09-1937