വാൽമീകിരാമായണം/സുന്ദരകാണ്ഡം
സുന്ദരകാണ്ഡം (വാൽമീകിരാമായണം) |
രാഘവ! രഘുവര! രാജീവവിലോചന!
രാഘവ! രാമ! രാമ! രാജശേഖര! ജയ
ഇത്തരം വായുതന്റെ പുത്രനാം ഹനുമാനും
ചിൽപ്പതി രാമചന്ദ്രൻ തൽപ്പദം വന്ദിച്ചേവം
മാരുതസുതനപ്പോൾ മാഹേന്ദ്രഗിരിയീന്നു
ചാരുവാം ലങ്കാമാർഗ്ഗേ ചാടുവാനുറപ്പിച്ചു
ഗിരിമേലിരുന്നു തൻ കായത്തെ വളർത്തിനാൻ
ഗിരിയുമതുതന്നിലമർന്നു പാറകളും
പൊടിയായ് ദിശിദിശി തെറിച്ചു സിംഹങ്ങളും
വലഞ്ഞു ഭയപ്പെട്ടു വേഗത്തിൽ ഗമിച്ചിതു
പെരുത്ത ഗിരിയീന്നു കരുത്തൻ ഹനുമാനു-
മുരത്തുകുതംകൊണ്ടുചാടിനാൻ കപിമുഖ്യൻ
പരപ്പിൽ നിന്നു ഹരി നിലത്തിൽ പതിഞ്ഞങ്ങു
പരപ്പിലെഴുന്നപ്പോളരിയമരങ്ങളും
മാരുതിബലംകൊണ്ടുപറിഞ്ഞുകുറഞ്ഞൊന്നു
മാരുതിയോടുകൂടെച്ചെന്നുകീയ്പോട്ടുവീണു
ദൂരത്തുപോകുന്നവൻ തന്നുടെ ബന്ധുജനം
ചാരത്തുചെന്നുകൂടിപ്പിരിഞ്ഞുപോകുമ്പോലെ.
ഗിരിമേലെരിയുന്ന പൊരിയെന്നതുപോലെ-
യുരുണ്ടുമിഴിരണ്ടും കാണുന്നജനത്തിനു
അരുണചന്ദ്രന്മാർ വന്നരികേയെന്നുതോന്നും
കക്ഷവായുക്കൾകൊണ്ടുശബ്ദിക്കുന്നതിഘോഷ-
മിക്ഷിതികുലുങ്ങുമാറുള്ളോരു ഇടിപോലെ
ചുവന്ന മുഖമതിൽ ചുവന്ന നാസികയാൽ
നിറന്നസന്ധ്യാകാലത്തുള്ളൊരു സൂര്യൻ പോലെ.
വായുനന്ദനൻ തന്റെ വാലുതൂങ്ങിയതപ്പോൾ
വൈനതേയനും സർപ്പരാജനെക്കൊണ്ടുപോവാൻ
പാരമായ് ശോഭിച്ചീടുമെന്നതുപോലെകണ്ടാൻ
ലാംഗുലം വളഞ്ഞീടുമിടയിലതുനേരം
പാങ്ങോടെ പരിവേഷിയായ സൂര്യനെപ്പോലെ
പാരിച്ച യുഗാന്തത്തിൽ കൊള്ളിമീൻ വീഴും പോലെ
പായുന്ന വായുസുതൻ ചാരുവാം കോലം കണ്ടാൻ
വീരനാം മദകരി ശൃംഖല പൊട്ടിച്ചഥ
ഭീരുക്കൾ മയങ്ങവേ പോകുന്നപോലെവീരൻ
കാറ്റിന്റെ മകനപ്പോളേറ്റമായ് ചാടുന്നപ്പോൾ
കാറ്റടി പെട്ടു കടലിളകിപ്പൊങ്ങും വിധം
ഊറ്റമാം ശരൽഘനമെന്നതുപോലെതോന്നും
പരുത്തതിരകളെ മേല്പോട്ടു കുതം കൊണ്ടു
കരുത്തോടുയരുന്നതൊഴിച്ചുകളയുമ്പോൾ
മാരുതി തരംഗത്തെയെണ്ണുന്നിതെന്നുതോന്നും
വാരിദഗണങ്ങളിൽ പുക്കുടൻ പുറപ്പെട്ടു
പാരാതെ പോകുന്നോരു മാരുതി തന്നെക്കണ്ടാൽ
ശാരദമേഘങ്ങളിൽ മറഞ്ഞുവെളിപ്പെട്ടു
പോരുന്നശരച്ചന്ദ്രമണ്ഡലമെന്നുതോന്നും
ഈരഞ്ചുയോജനപോൽ വിസ്താരമവൻ നിഴ-
ലാറഞ്ചുയോജനപോൽ നീളമിന്നിഴലിന്നു
സൂരിയൻ തപിച്ചീല രാമദൂതനെയന്നു
മാരുതൻ സഹായത്തെച്ചെയ്തിതുവഴിപോലെ
സൂരിയകുലോത്ഭവർ കുഴിച്ചൂസഗരന്മാർ
പോരാളും ഭഗീരഥൻ നിറച്ചു ഗംഗാനീരാൽ
പേരിനിയ്ക്കിതാരൂഢം സാഗരമെന്നിതപ്പോൾ
ശ്രീരാമദൂതനായിസ്സഹായം ചെയ്തീലെങ്കിൽ
പോരായ്മപാരമുണ്ടെന്നോർത്തഥവാരാന്നിധി
പാരാതെ ഗിരിവരനാകിയ മൈനാകത്തെ
വാനരശ്രേഷ്ഠൻ വിശ്രമാർത്ഥമായയച്ചപ്പോ-
ളഗ്ഗിരിവരൻ താനുമുയർന്നാനതുകണ്ടു.
അക്ഷണമിതു വിഘ്നകാരിയെന്നുടൻ വായു-
പുത്രനും മാറുകൊണ്ടദ്രിയും തകർത്തുടൻ
അപ്പൊഴുതാകാശത്തിൽ തപ്പിനാനവിടുന്നും
വീരിയംകണ്ടുതോഷിച്ചീടിനാൻ ഗിരിവരൻ
വാരിധി ചൊല്ലാൽ വന്നു പ്രത്യുപകാരത്തിന്നായ്
വായിരി തളർച്ചയും തീർത്തുപോയീടേണം നീ
ധരണീധരങ്ങൾക്കു പണ്ടെടോ! ചിറകുണ്ടു
പറക്കുമങ്ങുമിങ്ങുമതുകൊണ്ടഖിലരും
പെരികെബ്ഭയപ്പെട്ടാരതിനാൽ സുരപതി-
യരിഞ്ഞു ചിറകുകൾ വജ്രത്താലതുനേരം
മാരുതൻ സമുദ്രത്തിലാക്കി രക്ഷിച്ചാനന്നു
മാരുതപുത്രനായി പ്രത്യുപകാരം ചെയ്‌വാൻ
വരികവൈകാതെനീയിരുന്നുശ്രമം തീർത്തു
പരിചിൽ ഗമിച്ചീടാമെന്നതുകേട്ടുചൊന്നാൻ
കാര്യത്തിൻ ത്വരകൊണ്ടു നില്പാനും പണിയെടോ!
പോരുമിമ്മാത്രം തന്നെയെന്നവൻ തന്നോടുമേ
ധരണീധരവര! തീർന്നിതു പരിഭവം
പരിചിലിവണ്ണമേ നിന്നുകൊൾ നിയ്യുമെന്നാൻ
ഗിരിയുമതുകേട്ടു തെളിഞ്ഞുവിരവോടേ
പരിചോടിന്നും തത്ര നിൽക്കുന്നിതെന്നു കേൾപ്പൂ
സുരന്മാർ സുരസയാം നാഗമാതാവിനോടു
മാരുതിയ്ക്കൊരു വിഘ്നം ചെറ്റുചെയ്കെന്നുചൊന്നാർ
പെരുപ്പം സാമാന്യത്തിലൊരുവൻ തന്നെക്കണ്ടാൽ
പെരുപ്പമുള്ളവനെന്നാകിലുമസൂയിക്കും
ഘോരമായുള്ള രക്ഷോരൂപത്തെദ്ധരിച്ചവൾ
ഹരിയോടുരചെയ്താൾ ഭക്ഷിയ്ക്കും നിന്നെയെന്നും
കരങ്ങൾ രണ്ടും കൂപ്പിച്ചൊല്ലിനാൻ ഹനുമാനും
കരളിലൊരു ഭയമെന്നിയേയവളോടു
ധരണീപതിയായ രാമന്റെ നിയോഗത്താൽ
ധരണീസുതതന്നെക്കണ്ടതങ്ങറിയിച്ചു
തിരിച്ചുവന്നുനിന്റെ ഭക്ഷണമായീടുവൻ
സുരസയിതിനേവമുത്തരമരുൾചെയ്താൾ
ഒരുവനിതിലൂടേ പോകേണമെന്നുണ്ടെങ്കിൽ
വായൂടെപോയീടേണം വരമുണ്ടെനിയ്ക്കെന്നാൾ
പെരുപ്പം പോരാ നിന്റെ വായ്ക്കെന്നാൻ ഹനുമാനും
പത്തുയോജനവായ വിസ്തരിപ്പിച്ചാളവൾ
പത്തുയോജനചീർത്താൻ ഹരിയുമതുനേരം
സുരസയിരുപതുയോജനയാക്കിവക്ത്രം
മുപ്പതുഹനുമാനും നാല്പതുസുരസയും
അമ്പതുഹനുമാനുമറുപതവളപ്പോ-
ളെഴുപതു കപിവീരനെൺപതുസുരസയും
തൊണ്ണൂറു ഹരിവീരൻ നൂറാക്കീസുരസയും
ഹരിയും സമയമെന്നോറത്തൊരംഗുഷ്ഠമാത്രം
ചുരുക്കിശ്ശരീരത്തെവേഗേന വായിൽ പുക്കാൻ
പുറപ്പെട്ടനന്തരം പോന്നേനെന്നുരചെയ്താൻ
അംബരം തന്നിൽ നിന്നു തൊഴുതു സുരസയെ-
സ്സുരസ്സായതിമുദാനൽകിനാളാശീർവ്വാദം
സുരന്മാരതിഹർഷം പൂണ്ടാരങ്ങതുകണ്ടു
ക്രൂരയാം സിംഹികയും ഛായയെ ഗ്രഹിച്ചപ്പോൾ
വീരനാം മാരുതിയും വേഗംഭംഗത്തെക്കണ്ടു
സൂരിയപുത്രനായ സുഗ്രീവൻ ചൊന്ന വാക്യം
സൂക്ഷിച്ചുനോക്കുന്നേരം കണ്ടിതു സിംഹികയെ
ഗുരുവാം ശരീരത്തെപ്പെരുക്കിഹനുമാനും
വിരിച്ചാളവളപ്പോളാസ്യത്തെഗ്ഗുഹപോലെ
കരളും കുടൽ മാല കണ്ടിതു ഹനുമാനും
കരുതിശ്ശരീരത്തെച്ചുരുക്കി വായിൽ പുക്കു
കരളുമാന്ത്രങ്ങളും തകർത്തുകൊലചെയ്തു
പരിചിൽ പുറപ്പെട്ടു പിന്നെയങ്ങുയർന്നിട്ടു
പാരമാം വേഗത്തോടേ ഗമിയ്ക്കുന്നതുനേരം
സിംഹികയെന്നവളെസ്സംഹരിച്ചൊരുകപി-
സിംഹനെക്കണ്ടു ദേവസംഘങ്ങൾ വാഴ്ത്തീടിനാർ
പാരാവാരത്തിന്നുടെ പാരപാരത്തിങ്കലെ-
പ്പാരമായുള്ള വൃക്ഷരാജികൾ ഗിരികളും
വീരനാം ഹരിവരൻ കണ്ടഥ നിരൂപിച്ചാൻ
നൈഋതപ്രവരന്മാർ കാണാതെയിരിപ്പാനായ്
ചുരുക്കീടേണമെന്റെയുടലെന്നവൻ പിന്നെ-
പ്പെരുമ കളഞ്ഞഥ ചെറിയോരംഗമായി
വാരിധിപാരാവാരമല്പമായ് വന്നിതപ്പോൾ
അക്കരെക്കടന്നഥ കപിവീരനുമന്നു
തിക്കനെച്ചുറ്റും പാർത്തു കാണുന്ന നേരത്തിങ്കൽ
രക്ഷസാം നിവാസമാം സൽപ്പുരിലങ്കതന്നെ-
ത്തൽക്ഷണം കണ്ടനേരം ദുഃഖത്തോടൊന്നുതോന്നീ
മർക്കടപ്രവരന്മാരെന്തുചെയ്യുന്നതാഴി-
യ്ക്കിക്കരെക്കടന്നിന്നു ശിവനേ! ശിവ! ശിവ!
ഊക്കോടെ യുദ്ധം ചെയ്താലിവിടെപ്ഫലമില്ല
ഊക്കരാം സുരാസുരരൊന്നിച്ചുവരികിലും
ദുസ്തരഭുജബലനൈഋതഗുപ്താലങ്ക
പുഷ്കരാക്ഷനാൽതാനും സാധ്യമല്ലെന്നു തോന്നും
സുഗ്രീവൻ ബാലിപുത്രൻ നീലനും ഞാനും പിന്നെ-
യിക്കപിക്കൂട്ടം ഞങ്ങളിക്കരെക്കടന്നീടും
മിക്കുള്ളകപികളങ്ങക്കരെനിൽക്കേയുള്ളു
ദുഷ്കരമതേകാര്യമെന്നല്ലോവന്നുകൂടി
നിൽക്കട്ടെയിന്നും പിന്നെ ഞാൻ വന്ന കാര്യമിപ്പോൾ
ചിക്കനെക്കണ്ടുപിന്നെചിന്തിയ്ക്കാമിതുമെന്നു
സൽക്കപിവീരനപ്പോൾ ത്രസ്തഭാവത്തെ നീക്കി-
യർക്കനങ്ങസ്തമിപ്പാൻ ചെറ്റു പാർത്തഥവീരൻ
രാക്ഷസപുരിതന്നിൽ മാർജ്ജാരാകാരനായി-
ട്ടക്ഷണം കടന്നെല്ലാം നോക്കിനാൻ കപിവീരൻ
ചിത്രമായുള്ള ഗൃഹപങ്‌ക്തികളുണ്ടുമതിൽ-
സപ്തഭൂമികൾ ഭൂമ്നാശോഭിതങ്ങളായിട്ടു
ഉത്തരജലകൂപവാപികളതുപിന്നെ-
ച്ചിത്രകാനനങ്ങളാമുദ്യാനതലങ്ങളും
ഉൾത്തളിർ തെളിയുന്ന തോരണനിര്യൂഹങ്ങ-
ളുത്തമപ്രകാരങ്ങളുച്ചത്തിൽ വിചിത്രമായ്
ചിത്രമാം ധ്വജപടകിങ്കിണീജാലങ്ങളും
കാറ്റുകൊണ്ടിളകുമ്പോളൂറ്റമായ് ശബ്ദിച്ചീടും
ഉച്ചമായുള്ള ഗിരിമസ്തകം തന്നിലുള്ള
വിസ്തൃതമായ ലങ്കാവിസ്താരം പറവതോ?
വീരരാമവരുടെ വീടുകൾ പലതരം
വീഥികളഴകുകൾ വീരസംഘങ്ങൾ ബഹു
സാലങ്ങൾ പലതരം ചാലവേ നിരന്നേറ്റം
ചാരുവാം മണിമയഗോപുരങ്ങളുമതിൽ
കൊത്തളങ്ങളുമതിശില്പമാം മാളികയും
കച്ചണിമുലമാരങ്ങിച്ഛയോടോടീടുന്ന
പുത്തനാം മണിത്തറ വിസ്മയം നിരൂപിച്ചാൽ.
സൽ സ്ഫടികം കൊണ്ടു ചിത്രമാം സോപാനങ്ങൾ
വൃക്ഷരാജന്റെ തറ വിസ്മയം വഴികളിൽ
വാജിവാരണശാലതോരണമുദ്യാനങ്ങൾ
ഭോജനശാലകളുമങ്ങതിൽ തരം തരം
മദ്യമാംസങ്ങൾ പചിച്ചീടുന്ന ഭവനങ്ങൾ
വിദ്യകളാടീടുന്ന ദിക്കുകൾ തരം തരം
ആയുധക്കൂട്ടങ്ങളുമാനതേർ കുതിരക-
ളായുസ്സു രണേ കളഞ്ഞീടുന്ന ഭടന്മാരും
തപ്തഹാടകങ്ങളാൽ സൃഷ്ടിച്ച ഭവനങ്ങൾ
സപ്തപ്രാകാരങ്ങളും ചിത്രമാം കവാടങ്ങൾ
മുത്തണിമുലമാരങ്ങൊത്തുസന്തതം മുദാ
ചിത്തജലീലകളിൽ ശില്പമായാടീടുവാൻ
മുത്തുകൾ പതിച്ചതി ചിത്രമായ് വിലസുന്ന
പുത്തനാം മണിയറ ചുറ്റുമുണ്ടോരോ ദിക്കിൽ
ഹാടകങ്ങളായുള്ള മേടകൾ പലതരം
പേടമാൻ മിഴിമാർ വന്നാടുന്ന ഭവനങ്ങൾ
രാജരാജാക്കൾ വന്നാൽ സൽക്കരിച്ചിരുത്തുവാൻ
രാജവീഥികൾ തോറും രാജമന്ദിരങ്ങളും
മന്ത്രിമാർ ഭവനങ്ങൾ സാന്ദ്രമായോരോ ദിക്കിൽ
മന്ത്രശാലകളതിൽ ബന്ധുരം നിരൂപിച്ചാൽ
സിന്ധുരശാലകളുമുണ്ടതിലസംഖ്യമായ്
സിന്ധുജഖരനിരപങ്‌ക്തികളനവധി
ചന്ദ്രകാന്തം കൊണ്ടു മന്ദിരം വിവിധമായ്
വിന്ധ്യമന്ദിരം പോലെ മന്ദിരമതിലതിൽ
യന്ത്രങ്ങൾ ശതഘ്നികളെന്തെടോ! കുതൂഹലം
രത്നപീഠങ്ങൾ മണി ചിത്രമായതിലതിൽ
രത്നമഞ്ചങ്ങളതിചിത്രമായെന്നേവേണ്ടൂ
രത്നകംബളങ്ങളും വിരിച്ചുനിലത്തെങ്ങും
രത്നഭൂഷണങ്ങളുമണിഞ്ഞവീരന്മാരും
പട്ടസങ്ങളുമെടുത്തുഗ്രഭാവത്തോടോരോ
രാക്ഷസജനം വന്നു വിസ്തൃതമായനല്ല
രൂക്ഷചാവടികളിലൊത്തിരുന്നതുകണ്ടാൻ
അത്രയുമല്ല മുകുരത്തിനാൽ ഭവനങ്ങ-
ളെത്രയും വിളങ്ങുന്നു ദിഗ്ഭ്രമം കൊണ്ടു പാരം
ഉത്തുംഗശൈലവരൻ തത്രവന്നതുപോലെ
ശിക്ഷയേറീടും മണി ഗോപുരമതിലതിൽ
രത്നസാനുവെപ്പോലെയുത്തരഗോപുരങ്ങൾ
പട്ടസം പരിചകൾ വെട്ടുന്ന കരവാളും
ചട്ടകൾ കടുത്തിലയഷ്ടികൾ മുസലങ്ങൾ
ഈട്ടികൾ വളർതടി കുന്തവും ചക്രങ്ങളും
തോട്ടികൾ തോൾക്കെട്ടുകൾ ചാട്ടുകുന്തങ്ങൾ പല
പൂട്ടിയ ധനുസ്സുകൾ നീട്ടുന്ന ചുരികകൾ
വട്ടകവജ്രങ്ങളും ഭദ്രവാൾ പരശുക്കൾ
ഇത്തരമായുധങ്ങൾ വെച്ചിരിയ്ക്കുന്നപട-
ക്കൊട്ടിലും കൊട്ടുവാദ്യമൊക്കയങ്ങിരിപ്പേടം
സേനാനായകന്മാരും സേനകളോടും കൂടി
മാനത്തുതട്ടും കൊടി മീതേ പോയ് നിറഞ്ഞതും
നക്രങ്ങൾ വലുതായ മത്സ്യങ്ങൾ നീരാനകൾ
കച്ഛപം നീരിലുള്ള മർത്ത്യരാദിയായുള്ള
കർദ്ദമമകന്നതിലെത്രയും നിറഞ്ഞനീർ
വിസ്മയം കടപ്പാനും സാദ്ധ്യമല്ലൊരുവനും
ദുസ്സഹന്മാരായുള്ള രാക്ഷസപ്രവരന്മാർ
വക്രിച്ച ദംഷ്ട്രങ്ങളും വട്ടച്ചമുഖങ്ങളും
വട്ടമൊത്തുള്ള നല്ല ദൃഷ്ടികൾ മിഴിച്ചുള്ള
ദുഷ്ടരെക്കണ്ടുഹരിവിസ്മയപ്പെട്ടാനേറ്റം
നിർഭയന്മാരായുള്ള രാക്ഷസർ കാത്തീടുന്ന
ദുസ്സുഹകാരാഗൃഹം മറ്റുമുണ്ടോരോ ദിക്കിൽ
സ്വർഗ്ഗവാസികളാദിയായുള്ള ജനങ്ങളെ-
യൊക്കയും കാവൽ പുരയ്ക്കുൾപ്പുരത്താക്കി നന്നായ്
ശിഷ്ടരെപ്പിടിപെട്ടു കെട്ടിയങ്ങടിപ്പേട-
മത്രയല്ലതിൽ ബ്രഹ്മരാക്ഷസരിരിപ്പേടം
വേദഘോഷങ്ങൾ കേട്ടു വേദിയരെന്നും കണ്ടാൻ
കട്ടിലും കിടയ്ക്കയുമെത്തിനധനങ്ങളു-
മിത്തരമാദിയായിട്ടൊക്കയും ചുമക്കുന്ന
ഒട്ടകങ്ങളെക്കൊണ്ടു കെട്ടിനപ്രദേശങ്ങൾ
മേരുതുല്യങ്ങളായ മാളികപലതരം
മേനകരംഭയാദിമാനിനീമരൊക്കയും
മാനശാലിയായുള്ള രാവണസേവയായി
മാനത്തിന്നഥവന്നുമാനിച്ചുദിനം പ്രതി
മാധുര്യഗാനം കൊണ്ടു മുഴക്കീടുന്ന ദിക്കും
മാനസം കുളുർക്കുന്ന മാന്തോപ്പും കദളിയും
മാരമാൽ പൂണ്ടു ക്രീഡിച്ചീടിനനീരാഴിക്കെ-
ട്ടാദരാൽ കണ്ടുകൊണ്ടാടീടിനാൻ കപിവരൻ.
മീനകേതനശാസ്ത്രം മേളത്തിൽ പറിച്ചുള്ള
മാനിനീജനം മുലതുള്ളവേ പന്താടുന്ന
ഭൂമിയും കണ്ടാൻ കേശഭാരത്തിലണിഞ്ഞുള്ള
പൂക്കളാൽ നിറച്ചതും കണ്ടുടനറിഞ്ഞിവൻ
ഏകാന്തമണ്ഡപങ്ങളുണ്ടതിലോരോദിക്കിൽ
വാസന്തകാലങ്ങളിൽ വസിയ്ക്കും ഭവനങ്ങൾ
ശൃംഗാരക്കളരികൾ ഭംഗിയേറീടും വണ്ണം
നൽപ്രവാളങ്ങൾ കൊണ്ടും മുത്തുകൾ കൊണ്ടുമേറ്റം
ശില്പമായ് ചമച്ചുള്ള പന്തലും പലതരം
കാളമേഘങ്ങൾ പോലെ കോട്ടകൾ മുകൾ ചുറ്റും
വാളെടുത്തിളക്കിക്കൊണ്ടോരോരോ നിശാചരർ
വാളിളക്കുന്നതിടിമിന്നലെന്നതുപോലെ
ചാലവേ നിശാചരർ നാദമിങ്ങിടി പോലെ
ചാലവേ കണ്ടുകൊണ്ടാടീടിനാൻ കപിവരൻ
മേളത്തിൽ തരുണിമാർ കോലാടി കളിയ്ക്കുന്ന
നീളമുള്ളോരോ നാടശാലകൾ കണ്ടാൻ വീരൻ
പാരിച്ച മലപോലെ തേരുകൾ നല്ലതെരു-
വീഥികൾ തോറും കൊടിയാടയും തൂക്കി നന്നായ്
സുസ്ഫടികങ്ങൾ കൊണ്ടു ശില്പിച്ച നീരാഴിയിൽ
നൽപ്പനിനീരുകൊണ്ടു നിറച്ചുണ്ടോരോ ദിക്കിൽ
സിദ്ധവിദ്യാധരന്മാർ നിത്യവും സേവിയ്ക്കുന്ന
രത്നമണ്ഡപം കണ്ടു വിസ്മയം പൂണ്ടാനവൻ
പാതാളലോകങ്ങളിലുള്ളവർക്കിരിപ്പാനായ്
സാരേമായുള്ളമണിമണ്ഡപം പലതരം
നിത്യവും ഗദായുദ്ധമഭ്യസിച്ചീടുന്നേടം
നിദ്രകൂടം തെലങ്കാകാത്തിരുന്നീടുന്നോരോ
നിർഭയരണഭടരൊത്തിരിയ്ക്കുന്നനിലം
ശൃംഗാരിച്ചിരിയ്ക്കുന്ന ശൃംഗാരക്കോപ്പും പൊന്നിൻ-
ശൃംഖലയിട്ട മനോഹരമന്ദിരങ്ങളും
കണ്ടുകണ്ടവൻ മോദിച്ചീടിനോരനന്തരം
പൊന്മയമായ കോട്ട മുകളിൽ കരേറിനാൻ.
നിർമ്മലചിത്തനായ മാരുതിയതുനേരം
പിന്നെയും കണ്ടാൻ തെരുവിൻ തലം തോറും ചെന്നു
ഘസ്മരക്ഷോനാഥൻ തന്നുടെ സമാധിയും
പൊന്മയങ്ങളായുള്ള നിർമ്മലകവാടങ്ങൾ
നന്മണിത്തറകളും വൈഡൂര്യംകൊണ്ടുകെട്ടി
നിർമ്മരിയാദിയായ രാക്ഷസഭാഗ്യംകണ്ടു
സമ്മരിയാദികപിചിന്തിച്ചുമനംകൊണ്ടു
ഇപ്പുരിതന്നിൽ വന്നു വിക്രമം ചെയ്‌വാനിന്നു
മിക്കതും നിനച്ചാലോ ദുർല്ലഭമത്രെ ജനം
അംഗദൻ ജാംബവാനും മൈന്ദനും വിവിദനു-
മങ്ങിനെ സുഷേണനും ജംബുമാലിയും പിന്നെ
സുഗ്രീവൻ കേതുമാലനെന്നിവർക്കെല്ലാവർക്കും
ദുർഗ്ഘടം തന്നെയിങ്ങു കടന്നുവരുവാനും
എങ്കിലും രഘുവീരൻ, ലക്ഷ്മണൻ തനിയ്ക്കുമു-
ള്ളത്യന്തവീര്യമോർത്തു മോദിച്ചാൻ കപിവീരൻ
ചഞ്ചലമെന്ന്യേ ലങ്കതന്നകം പുക്കു പിന്നെ-
ച്ചഞ്ചലാക്ഷിയാം ദേവി തന്നെയും തിരവാനായ്
വഞ്ചന ചെയ്തുരാത്രി സഞ്ചാരിഗണങ്ങളെ-
യഞ്ജസാബഹു സൂക്ഷ്മമാകിയ ഗാത്രം പൂണ്ടു
ധാത്രീനായകൻ തന്റെയാജ്ഞകൊണ്ടഹമിന്നു
രാത്രിയിൽ തിരയേണം ധാത്രീനന്ദനതന്നെ
കണ്ടുകണ്ടില്ലായെന്നു തോന്നുമാറുള്ള കോലം
കൊണ്ടുചെന്നകം പൂകീട്ടെങ്ങുമേ തിരയേണം
ഏകനാം ദൂതൻ ഞാനുമേകയാം രാമപത്നി
വേഗേന തിരഞ്ഞങ്ങു മോദേന കാണവേണം
കാലദേശാവസ്ഥകളറിഞ്ഞു ചെയ്തീടായ്കിൽ
ചാലവേ നാശം വരും ചെയ്തോരു കാര്യത്തിന്നും
നല്ല കാരിയമെന്നും പൊല്ലാത കാര്യമെന്നും
വല്ലതും നിർണ്ണയിപ്പാൻ വല്ലഭമെനിയ്ക്കുണ്ടോ?
കോസലാധിപൻ പാദം ചാലവേ തൊഴുതുഞാൻ
തേടുവനെന്നു ഭൃത്യൻ ചിത്തവുമുറപ്പിച്ചു
ചാടുവാം കപിവരൻ ചാടിനാൻ പ്രാകാരത്തെ-
ക്കൂടലർ കാലനായ കോടനുമതുനേരം
പേടമാൻ മിഴിയാളെത്തേടുവാനായിക്കൊണ്ടു
വീടകം പോവതിന്നായ് കോട്ടവാതുക്കൽചെന്നു
ആടലും കളഞ്ഞവൻ ചാടിയങ്ങുൾപ്പൂകുമ്പോൾ
ലങ്കയും രൂപീകരിച്ചംഗനാമണിയായി-
ശ്ശങ്ക വിട്ടഥ ലങ്കാദേവതഹനുമാനെ
ചെന്നുടൻ തടുത്തഥ ചൊല്ലിനാളിതിങ്ങിനെ
എങ്ങുന്നുവരുന്നുനീയാരെന്നുപറഞ്ഞാലും
ഇങ്ങുനീകടപ്പാനും വാനര! യെളുതല്ലാ
എന്നപ്പോൾ കപിവരൻ ചൊല്ലിനാൻ കോപത്തോടെ
ആരെടി തരുണി! നീ ചൊല്ലെടി നിന്റെ പേരും
പാരാതെ പറകിലോ പിന്നെ ഞാൻ ചൊല്ലീടുവൻ
നേരു നീ പറകെന്നു വാനരവാക്യം കേട്ടു
നേരായിട്ടുര ചെയ്താൾ ലങ്കാദേവത താനും
ലങ്കയാം പുരിയുടെ ദേവത ഞാനും നിത്യ-
മംഗനാരൂപിയായിട്ടിപ്പുരി രക്ഷിയ്ക്കുന്നു
വെണ്മ തേടുന്ന കോട്ടവീഥികളുദ്യാനങ്ങൾ
കാണ്മതിനായി വന്നേനെന്നാനക്കപിവരൻ
എന്നതുകേട്ടു ചൊന്നാൾ ലങ്കയാം ദേവി താനു-
മെന്നെയും ജയിയ്ക്കാതെയിങ്ങു നീ കടപ്പാനും
ചെറ്റുമേ നിനയ്ക്കേണ്ട പറ്റുകില്ലറിഞ്ഞാലു-
മിത്തരം കേട്ടു ചൊന്നാനുത്തരം കപിവരൻ
പത്തനങ്ങളും നല്ല പുത്തനാം ഭവനങ്ങൾ
സത്വരം കണ്ടുപോവാനെന്നകം പുക്കേനഹം
എത്തിനാൾ കോപം പൂണ്ടു പത്തനദേവതയു-
മെത്തിയങ്ങെത്തിയടിച്ചീടിനാൾ കരം കൊണ്ടു
അക്ഷണം ഹനുമാനും ദാക്ഷിണ്യമിയന്നഥ
ദക്ഷിണബാഹുവെന്ന്യെ ദക്ഷിണനായവീരൻ
മുഷ്ടിയാലിടം കയ്യാൽ കുത്തിനാനുരസ്സിങ്കൽ
കക്കിനാൾ ചോര പാരം തിക്കിനാൾ ഭുവി തന്നിൽ
ഏറ്റവും വിറച്ചവൾ പതിച്ചോരനന്തരം
കാറ്റിന്റെ മകനാകുമൂറ്റനാം ഹനുമാനെ
പോറ്റിയെന്നവൾ വീണാൾ തോറ്റു ചൊല്ലിനാളേവം
ബ്രഹ്മാവുപണ്ടുചൊന്നവാക്യവും സഫലമായ്
നിർമ്മലന്മാരായുള്ളോർ ചൊന്നതിൽ പിഴവരാ
വൻ കുരങ്ങിതിൽ വന്നു നിന്മദമടക്കുമ്പോൾ
പോന്നുകൊള്ളേണമെന്നു ചൊന്നോരു കാലം വന്നു
വാനരൻ വന്നു നിന്നെ വിക്രമിയ്ക്കുന്ന കാലം
വാങ്ങിക്കൊള്ളുക ലങ്കാനാശമുണ്ടുടൻ തന്നെ
സീതയാൽ രക്ഷോനാഥൻ നശിയ്ക്കും കുലത്തോടെ
ബ്രഹ്മവാക്യത്തെക്കേട്ടു ഗമിയ്ക്കുന്നിഹ ഞാനും
ചെല്ലുക കോട്ടയ്ക്കുള്ളിൽ ശങ്കയെന്നിയേ നിയ്യും
എന്നതുകേട്ടു വീരൻ ചിന്തിച്ചു തെല്ലുനേരം
തന്നുടെ രിപുതന്റെ കോട്ടയിൽ പൂകുന്നേരം
നല്ലനേരമേ വാതിൽ കടപ്പാനെന്നുവീര-
നുന്നതപ്രാകാരത്തെച്ചാടിയങ്ങിടങ്കാലാൽ
രാമദൂതനാം കപി രാജവീഥിയിൽ ചെന്നു
രാക്ഷസമുഖ്യരുടെ ഭവനമസംഖ്യമായ്
രാജമന്ദിരം പോലെ രാജമാനങ്ങളായും
രാജരശ്മികൾ കൊണ്ടു രഞ്ജിക്ക ഹേതുവായും
രജനീതമസ്സുകളാലതിരോഹിതമായ്
രസിച്ചുകണ്ടുമനം കുളുർത്തു കപിയ്ക്കപ്പോൾ
ഒരുത്തൻ ഭവനത്തിന്നപരൻ ഭവനത്തിൽ
കുതിച്ചു ചാടി മെല്ലെ നടന്നു കണ്ടാനെല്ലാം
വേദഘോഷങ്ങൾ കേൾക്കുമൊരിടമതിൽ പിന്നെ
വേദികൾ കൂടിശ്ശാസ്ത്രരീതികൾ പഠിപ്പതും
കോലടിയൊരുദിക്കിൽ ഘോഷമായ് നടക്കുന്നു
കോമളതരുണിമാരാടീടുന്നൊരുദിക്കിൽ
ഘോരമാം നിശാചവീരവാദങ്ങൾ കൂടി-
പ്പാരമായുയർന്നോരോ മേടകൾ നിറഞ്ഞിതു
മദിരാമദം പൂണ്ടു മദിച്ചു നടക്കുന്ന
മദിരാക്ഷിമാരുടെ നൂപുരഘോഷം കാലിൽ
കൂട്ടമിട്ടലറുന്ന ഘോഷമാമൊരുദിക്കിൽ
വാട്ടമറ്റുള്ള പടക്കോപ്പുകളൊരുദിക്കിൽ
പലരുമൊരുമിച്ചുപരിഹാസങ്ങൾചെയ്തു
പാരമായ് ചിരിച്ചുള്ള ഘോഷമങ്ങൊരുദിക്കിൽ
ഗീതാഘോഷങ്ങൾ കൊണ്ടു മുഴങ്ങുന്നൊരു ദിക്കിൽ
കേതകീ കുസുമങ്ങൾ ചൂടുന്നങ്ങൊരു ദിക്കിൽ
ചൂതുകൾ ചതുരംഗം പഠിയ്ക്കുന്നൊരുദിക്കിൽ
ചൂതുകൾ പൊരുന്നോരോ വാതുകൾ പറഞ്ഞിട്ടും
വാദ്യഘോഷങ്ങൾ കൊണ്ടു മുഴങ്ങുന്നൊരു ദിക്കിൽ
വൈദ്യശാലകൾ വാജിവാരണശാലകളും
മദ്യമാംസങ്ങളെല്ലാംഭുജിയ്ക്കുന്നൊരു ദിക്കിൽ
വിദ്യകളോടും രത്നമണ്ഡലമതിലെല്ലാം
രത്നദീപങ്ങൾ വെച്ചു കളിയ്ക്കുന്നൊരുദിക്കിൽ
ഉദ്യാനവേശ്മങ്ങളിൽ പുക്കുടനനന്തര-
മുദ്യക്തമാകും വണ്ണം കണ്ടവൻ നടന്നഥ
ഉത്തുംഗശൈലം പോലെയുള്ളൊരു സൌധങ്ങളി-
ലുത്തമകപിവരൻ ചാടിനാൻ തെരുതെരെ
അത്രയും കണ്ടു രത്നപ്പന്തലിൽ ചാടിപ്പിന്നെ
വിസ്മയമാകും രത്നക്കെട്ടുകളകം പുക്കാൻ
ചതുരശാലക്കെട്ടും കടന്നങ്ങനന്തരം
ചതുരനായ കപി നാടകശാല പുക്കു
ചിത്രക്കെട്ടതിൽ ചെന്നു സത്വരമവിടുന്നു
പുത്തനാം നീരാഴിക്കെട്ടുൾപ്പുക്കൊരനന്തരം
ഇത്തരം പുറത്തുള്ള ചാവടി തന്നിലുള്ള
കെട്ടുകൾ ഗോപുരങ്ങളുദ്യാനം നീരാഴികൾ
ഇത്തരമായിട്ടുള്ളതൊക്കയും കണ്ടുപിന്നെ
മദ്ധ്യമകാലത്തിങ്കൽ ദീക്ഷിതന്മാരായുള്ള
വിപ്രസമ്മതന്മാരാം രാക്ഷസരൊരുകൂട്ടം
ദർഭപുഷ്ടാഗ്നികുണ്ഡധാരികളൊരുകൂട്ടം
ഒറ്റക്കണ്ണൊറ്റക്കാതുമൊറ്റക്കൈചിലർക്കെല്ലാ-
മൊറ്റക്കാലായിട്ടൊരു കൂട്ടമങ്ങൊരു ദിക്കിൽ
സ്ത്രീകളെപ്പോലെയുള്ള മുലയുള്ളവരൊരുകൂട്ടം
ദീർഗ്‌ഘമായൊരു കൂട്ടം ഹ്രസ്വമായൊരു കൂട്ടം
വാളെടുത്തൊരു കൂട്ടും വേലെടുത്തൊരു കൂട്ടം
കാളികളെന്നപോലെ ഘോരമായൊരു കൂട്ടം
ഫുല്ലപത്മങ്ങൾപോലെമുഖമായൊരുകൂട്ടം
നല്ല കുന്തളങ്ങളുമായിട്ടങ്ങൊരു കൂട്ടം
വല്ലതും രണേ കൊന്നുതിന്നുന്നൊരുകൂട്ടം
ഗേരാഗ്നിയെന്നോരസ്തമെടുത്തുചിലരതിൽ
രിപുഘ്നന്മാരായുള്ള മിടുക്കരതിൽ ചിലർ
ഏറ്റവും തടിച്ചോരുമേറ്റവും മെലിഞ്ഞോരും
മാറ്റേറും മണിമയഭൂഷണമണിഞ്ഞോരും
വജ്രങ്ങൾ കൊമ്പിൽ ചേർത്തുകെട്ടിനകരികളാ-
ലെത്രയും ശോഭിയ്ക്കുന്നു വിസ്മയം വീഥികളിൽ
കൂർത്തുമൂർത്തുള്ളശൂലം ചുരികയെടുത്തുള്ള
ധൂർത്തരാം കരുത്തേറും രാക്ഷസരൊരുദിക്കിൽ
ആകൃതികണ്ടാൽ ഭയം തോന്നുമാറൊരുദിക്കി-
ലാകൃതികണ്ടു ബ്രഹ്മാ തന്നുടെ കളിയെന്നും
വേലുപട്ടസം വൃക്ഷം കവിണതടികളു-
മായുധമായിട്ടെടുത്തു ജ്വലന്മാരായുള്ളോർ
കൂട്ടം കൂട്ടമായിട്ടുണ്ടങ്ങൊരു ദില്ലിലെല്ലാം
നൂറു സാഹസ്രാരക്ഷോവീരന്മാരന്തഃപുരം
പരിചോടങ്ങുനിന്നു കാത്തീടുന്നൊരുപോലെ
രാവണഗൃഹത്തിന്റെ പാർശ്വഭാഗത്തിങ്കലും
രാക്ഷസഗണം കാവലുള്ളതുമറിഞ്ഞവൻ
തെരുവുതോറുമുള്ള ഗൃഹങ്ങൾ പ്രത്യക്ഷമായ്-
ദ്ധരിച്ചുമരുത്സുതനിത്രയുണ്ടെന്നുനണ്ണി
തിരിച്ചു നടന്നവൻ ത്വരിച്ചു കപിവരൻ
നൈഋതപ്രവരന്റെ ഗോപുരമതുകണ്ടാൻ
ഹാടകമണിമയതോരണം വിലസുന്ന
മേടകളതിലതിൽ ചാടുവാനുയർന്നഥ
പാടീരമണിഞ്ഞുള്ള വാടകൾ വീയീടുന്ന
വാടകളതിചിത്രമോരോന്നേ നിരൂപിച്ചാൽ
കൂടലർ കാലൻ തനിയ്ക്കാവാസസ്ഥലമായ
ആടയുണ്ടതിലതിൽ ചേടയും മനോഹരം
ചേടികളായിട്ടുമ്പർധൂളികളിരുന്നതി-
വാടകൾ കൂടീടുന്ന കേടറ്റമണിഗൃഹം
മത്തവാരണഗണമൊത്തമേഘങ്ങൾ പോലെ
നൽകൊമ്പന്മാരായുള്ള മേദുരകരികളും
പാർത്തവർക്കതിഭീതി ചേർത്തു മുറ്റിനവാറും
ഉത്തരദിക്കിലതിലക്ഷണമിയന്നുള്ള
നൽക്കുതിരകളുണ്ടു നില്പതങ്ങിരുഭാഗം
നിർഭയരണഭടവീരന്മാരിരുഭാഗം
വിഭ്രമമുണ്ടാക്കീടും യുദ്ധത്തിലരികൾക്കു
ഇത്തരമായുധങ്ങളോരോന്നേയെടുത്തുള്ള
നൽബ്ഭടപ്രവരന്മാർ പാർത്തുനില്പതും കണ്ടാൻ
രക്ഷോനായകൻ തനിയ്ക്കെപ്പോഴും ക്രീഡാർത്ഥമായ്
പക്ഷികൾ ഭൃംഗാദികൾ വിസ്മയം പലതരം
ഇത്തരം ഹരിവരൻ പാർത്തുകണ്ടനന്തര-
മെത്തിനാനകക്കോട്ടയ്ക്കകത്തു കടന്നഥ
അപ്പൊഴുദിച്ചിതു വിസ്മയമാകും വണ്ണം
നല്പ്രഭതേടുമാറുകിഴക്കു ചന്ദ്രൻ താനും
അത്തലും കുളുർക്കവേ ദിക്കുകൾ തെളിയവേ
എത്തിന ചന്ദ്രകാന്തം ചിത്രമായ്പതിച്ചുള്ളോ-
രുത്തുംഗമാളികകളൊക്കയുമലിയവേ
ചിത്രമായുള്ള സിംഹം നൽഗ്ഗിരിമുകളില-
ങ്ങൊത്തിരുന്നതുപോലെ ചിത്രമായുദിച്ചിതു
ഉത്തമനായിട്ടുള്ള പൃത്ഥ്വീനായകൻ താനു-
മുത്തുംഗസൌധങ്ങളിൽ ഭൃത്യരോടൊത്തപോലെ
നക്ഷത്രഗണങ്ങളോടൊത്തുദിച്ചിതു ചന്ദ്രൻ
അപ്പൊഴുതുടൻ കണ്ടു പത്തനവരം തന്നെ
വിക്രമശാലികളാം രാക്ഷസവരന്മാരും
കർക്കശവാക്യം കൊണ്ടു തർക്കിയ്ക്കുന്നൊരു ദിക്കിൽ
മർക്കടപ്രവരനും മറ്റൊരു ദിക്കിൽ ബൃഹൽ-
കക്ഷികളായിട്ടുള്ള രാക്ഷസരേയും കണ്ടാൻ
മത്തരായ് മധുമാംസമൊത്തുടൻ ഭുജിച്ചതി-
ദുഷ്ടരാം നിശാചരരൊത്തുനില്പതും കണ്ടാൻ
മദ്യമാംസങ്ങൾ ഭുജിച്ചത്യന്തം സുഖത്തോടെ
നിദ്രചെയ്യുന്നു നല്ല നാരിമാരോടും കൂടി
മദ്ദളം ഭേരിതാളമൊത്തുടൻ പ്രയോഗിച്ചു
നർത്തനം പഠിയ്ക്കുന്നു മറ്റൊരു ദിക്കിലെല്ലാം
ഭത്തൃശിശ്രൂഷ ചെയ്തുനിൽക്കുന്നു തരുണിമാർ
പാർത്തരങ്ങത്തുവീണുനിദ്രചെയ്‌വതും കണ്ടാൻ
മറ്റുമങ്ങൊരുദിക്കിലായുധാഭ്യാസംചെയ്തു
നിൽക്കുന്നഭടന്മാരുമക്കളരിയുംകണ്ടാൻ
യുദ്ധകോലാഹലങ്ങളഭ്യസിയ്ക്കുന്നുചിലർ
നൽഗ്ഗദായുദ്ധംചെയ്തുമറ്റൊരുദിക്കിലേവം
വജ്രവൈഡൂര്യം നിലം വെച്ചുള്ള ഭൂഷണങ്ങൾ
മുത്തണിമുലമാരിൽ ചേർക്കുന്നു ചിലരതിൽ
ഗാനരീതികൾ ചെയ്തു കേചന മുഴക്കുന്നു
മാനികളായോർ വീരവാദങ്ങൾ പറയുന്നു
മാനിനീമാരോടൊത്തു കേചന നടക്കുന്നു
ആന തൻ മണി നിനാദങ്ങളാൽ മുഴങ്ങുന്നു
മന്ത്രശാലയിൽ വന്നു മന്ത്രിമാരൊരുമിച്ചു
മന്ത്രങ്ങൾ തുടങ്ങുന്നിതങ്ങൊരു ഭാഗത്തിങ്കൽ
ലേഖകന്മാരൊക്കെയുമോലയുമായിവന്നു
ലേഖനം ചെയ്യുന്നിതോരായിരമൊരമ്പതും
ആകവേ നോക്കിക്കണ്ടു പാരാതെ നടന്നങ്ങു
സന്നദ്ധന്മാരായുള്ള രാക്ഷസപ്രവരന്മാർ
ആനതേർ കുതിരകളേറിയും കാലാളായും
പിന്നെയും ദീവട്ടികൾ പൊന്നുകൾകൊണ്ടുതീർത്തു
ഗന്ധതൈലങ്ങൾ വീഴ്ത്തിപ്പിടിച്ചുനാലുദിക്കു-
മുന്നിദ്രന്മാരായിട്ടു കാത്തുനില്പതും കണ്ടാൻ
ഉന്നതസ്തനഭാരമെടുപ്പാൻ പണിയായി-
സ്സന്നതാംഗിമാരായ നാരിമാർ നടപ്പതും
മുന്നടീലടിപ്പെട്ട രത്നനൂപുരഘോഷം
ഖിന്നതവരുമാറു കാമിമാനസം തന്നിൽ
സന്നതിമാനായുള്ള മാരുതപുത്രൻ കേട്ട-
ച്ഛിന്നമായ് നടന്നെങ്ങും കണ്ടിതു ഭവനങ്ങൾ
മിന്നുന്ന മണിക്കെട്ടു പൊന്മണി സിംഹാസനം
രാത്രിയും പകലുമേ കാവലാം ജനങ്ങളും
കോട്ടവാതുക്കലെല്ലാം പേർത്തുമുണ്ടതിലിതിൽ
വ്യാഘ്രചർമ്മങ്ങൾ കൊണ്ടും സിംഹത്തിൽ തോലുകൊണ്ടും
രാക്ഷസരണിഞ്ഞുള്ള പട്ടകളെല്ലാവർക്കും
തേർത്തടം തന്നിലെല്ലാം വ്യാഘ്രചർമ്മങ്ങളിട്ടു
പേർത്തുമങ്ങലങ്കരിച്ചെത്രയും വിചിത്രമായ്
ഭോജനപാത്രങ്ങളെന്നാദിയായ് സ്വർണ്ണം കൊണ്ടു
ഭോജനദ്രവ്യങ്ങളങ്ങുണ്ടതിൽ തരം തരം
ഭോജന വസ്തുവെച്ച ഭാജനം വേറെ വേറെ
ഭോജനമുണ്ടാക്കുന്ന രാക്ഷസർ വേറെ വേറെ
രാജസംഭാവിതന്മാരായുള്ളോരമരുന്ന
വീടകമതിലതിലത്രയും പ്രവേശിച്ചാൻ
പ്രഹസ്തൻ മഹാപാർശ്വൻ കുംഭകർണ്ണനും പിന്നെ
പ്രശസ്തൻ വിഭീഷണൻ സുഹസ്തൻ മഹോദരൻ
വീരനാം വിരൂപാക്ഷൻ വിദ്ദ്യുജ്ജിഹ്വനും പിന്നെ
ക്രൂരനാം വിദ്യുന്മാലി വജ്രദംഷ്ട്രനും ശുകൻ
സാരനാമിന്ദ്രജിത്തും ജാംബുമാലിയും മാലി
രശ്മികേതുവും സൂര്യശത്രുവും ധൂമ്രാക്ഷനും
കശ്മലരൂപനായ സംപാതി വിദ്യുദ്രുപൻ
ഘസനും വിഘസനും ശുകനാസനും പിന്നെ
മുസലിയായവജ്രശഠനും വികടനും
ഹ്രസ്വദംഷ്ട്രനും കർണ്ണൻ രോമേശൻ യുദ്ധോത്തമൻ
മത്തനും സ്വജഗ്രീവനതികായനും പിന്നെ
ഹസ്തിമുഖ്യനും കരാളാഖ്യനും പിശാചനു-
മക്ഷികൾ ചുകന്നുള്ള ശോണിതാക്ഷനും പിന്നെ
ഗാർമ്മികനായ ദേവാന്തകനും നരാന്തകൻ
കുംഭനും നികുംഭനുമെന്നിവരുടെയെല്ലാം
മന്ദിരമെല്ലാറ്റിലുമൊന്നിൽനിന്നൊന്നിൽ ചാടി-
യങ്ങിനെ ക്രമത്താലെ നടന്നോരനന്തരം
പിന്നെയും രക്ഷോനാഥഭവനസമീപത്തിൽ
മിന്നുന്നശുദ്ധശുക്തിബ്ഭരിതരാക്ഷസിമാർ
ഉന്നതകായന്മാരായുള്ളോരു രാക്ഷസരും
ഭിന്നസേനോപമങ്ങളാകിയ ഗണങ്ങളും
സ്യന്ദനങ്ങളും വേഗമുള്ളോരോ കുതിരകൾ
പൊന്നണിഞ്ഞായിരൻ പൊൻ വാഹിനീസേനകളും
നന്നായി നടന്നെല്ലാം കണ്ടിതു ഹനുമാനും
പൊന്മയമായിട്ടുള്ള പല്ലക്കുണ്ടസംഖ്യമായ്
ചാവടിതന്നിലോരോ ചാമരക്കൂട്ടങ്ങളും
താമരക്കുളങ്ങളുമുണ്ടതിലിടയിടെ
സാരസചക്രവാകമാദിയാം പതത്രികൾ
സാദരം കളിയ്ക്കുന്നു പേടകളോടും കൂടി
യന്ത്രശാലയും പല തന്ത്രശാലയും സ്ത്രീകൾ
പന്തടിയ്ക്കുന്നശാല ഛത്രശാലകൾ വേറെ
ചന്ദ്രകാന്തങ്ങൾ കൊണ്ടു ചമച്ചങ്ങിരിയ്ക്കുന്ന
ചന്ദ്രികായനങ്ങളിൽ ചെല്ലുമാറൊരുശാല
സുന്ദരീജനം വന്നങ്ങമ്മാനമാടും ശാല
കന്ദർപ്പൻ കളരിയായുണ്ടതിലൊരുശാല
സുന്ദരതരം വരമണ്ഡപമതിലതിൽ
വന്ദികളായീടുന്ന സുന്ദരീജനങ്ങടെ
മന്ദിരമതിലതിലുണ്ടൊരുതരം തരം
ചിത്രശാലകൾ വേറെ ശസ്ത്രശാലകൾ വേറെ
ഛത്രശാലകൾ വേറെ സത്രശാലകൾ വേറെ
രത്നശാലകൾ വേറെ മൌക്തിശാലകൾ വേറെ
സുസ്ഫടികങ്ങൾകൊണ്ടു കെട്ടിനശാലകളും
ശില്പമായ് രചിച്ചതി വിസ്മയം ചതുശ്ശാല
വ്യായാമശാലനല്ലവാഹനശാലകളും
വാജിശാലകൾ വരവാരണശാലവേറെ
ഹാടകമയമായനാടകശാലകളും
പാഠകശാലകളും പാടേയുണ്ടോരോ ദിക്കിൽ
പാകശാലകൾ മദ്യപാനശാലകൾ വേറെ
വൈദ്യശാലകൾ നല്ല വിദ്യാശാലകൾ വേറെ
യാഗശാലകൾ വേറെ യാനശാലകൾ വേറെ
ഭോഗശാലകൾ വേറെ മോഹനശാലകളും
ഹോമശാലകൾ വേറെ ഗോശാല വേറെ വേറെ
പക്ഷിശാലകളതിശിക്ഷയായുണ്ടൊന്നതി-
ലക്ഷരഭ്യാസം ചെയ്യും മറ്റൊരു ശാല വേറെ
ഛത്രശാലകൾ വേറെ ഭടശാലകൾ വേറെ
പത്രശാലകൾ വേറെ പത്രിശാലകൾ വേറെ
ഹാസ്യശാലകൾ ദേവോപാസ്യശാലകൾ വേറെ
ഹാസശാലകൾ വേറെ മാംസശാലകൾ വേറെ
ചാരുവാം ലങ്കാദേശം മോഹനസുധാഗേഹം
കോമളകുശഗേഹം ശ്യാമളനിശാഗൃഹം
പിന്നെയാരാമഗൃഹമുന്നതമാകും വണ്ണം
സന്നതാംഗിമാർ വന്നു സന്തതം കളിയ്ക്കുന്ന
സുന്ദരഗൃഹം കണ്ടാലെന്തെടോ മനോഹരം!
വിഭ്രമമുണ്ടാകുന്ന ദർപ്പണഗൃഹംശര-
ഭദ്രമെന്നതുപോലെ ശുഭ്രമാം ഭവനങ്ങൾ
ചേതസ്സുകുളിർക്കുന്ന ശീതളഗൃഹങ്ങളും
ഉഷ്ണകാലത്തുവസിച്ചീടുവാൻ മണിഗൃഹ-
മുഗ്രമാം നിശാചരരൊത്തുപാടുന്നഗൃഹം
വിദ്രുമഗൃഹങ്ങളും വിസ്മയമാകും വണ്ണം
ഭദ്രദീപങ്ങളതിലൊക്കയും തരം തരം
രുദ്രവീണകൾ വേണു തിത്തിയും തിമലകൾ
നിദ്രകൂടാതെ പഠിച്ചീടുന്നഗൃഹങ്ങളും
ചതുരന്മാരായുള്ളോരിരുന്നസഭകളും
വൃത്തമണ്ഡപങ്ങളും ചിത്രമണ്ഡപങ്ങളും
ചിത്രമാം വിതാനങ്ങൾ പട്ടുകൾ കൊണ്ടു നന്നായ്
രത്നസിംഹാസനങ്ങൾ വിസ്മയം പലതരം
ചിത്രങ്ങൾ വിവിധമായൊത്തോരോ നിരകളും
ദന്തിദന്തങ്ങൾ കൊണ്ടു ചന്തമായ് ചമച്ചുള്ള
മഞ്ചവും മനോഹരം മന്ദിരമതിലെല്ലാം
ചന്ദനമരംകൊണ്ടു മന്ദിരമതിലെല്ലാം
ഇന്ദ്രനീലങ്ങൾ കൊണ്ടു നിർമ്മിച്ച ഭവനങ്ങ-
ളിന്ദ്രവേശ്മങ്ങൾ പോലെ സാന്ദ്രമായുണ്ടങ്ങതിൽ
ഇന്ദിരാഭവനങ്ങൾ സുന്ദരമാകും വണ്ണ-
മിന്ദു സുന്ദരമുഖിമാരുമായ്കളിയ്ക്കുന്ന
സുന്ദരമണിഗൃഹമെന്തെടോ! മനോഹരം
ബന്ധുരസൌധങ്ങളും മന്ദരഗിരിപോലെ
സ്ഫാടികമണിമയതോരണം വിവിധമായ്
ഹാടകത്തകിടിട്ടു മൂടിയമണിസ്തംഭം
തോടകൾ മണിമയ വാടകം കണയാഴി
പാടെയങ്ങലങ്കരിച്ചീടുന്നു മനോഹരം
ചേടിമാരെല്ലാവർക്കും പാടീരമണ്ഡപങ്ങൾ
വീടികചുരുട്ടും വധൂടിമാരിരിപ്പേടം
ഹാടകമോതിരങ്ങളങ്ങലങ്കരിച്ചുള്ളോർ
പാടീരമണിഞ്ഞതിൽ കൂടിന തരുണിമാർ
ചാടുവായുള്ളവര സൂതമാഗധജനം
കൂടിയങ്ങിരിയ്ക്കുന്ന കേടറ്റമണിഗൃഹം
നാടകം വായിയ്ക്കുന്ന നാരിമാരൊരുകൂട്ട-
മാടുന്നതരുണിമാരാടുന്നിതൊരുദിക്കിൽ
പാടുന്ന തരുണിമാർ വീണയുമായിട്ടതിൽ
പാടുന്നു വിവിധമാം രാഗഗീതങ്ങൾ കൊണ്ടു.
ഹടകമണിമയഭൂഷണമണിയിയ്ക്കും
ചേടിമാരിരിയ്ക്കുന്ന ഗേഹമങ്ങൊരു ദിക്കിൽ
ചൂടുകൾ പൊറാഞ്ഞതിൽ കേചന വിരവോടേ
പാടീരം പനിനീരും കൂടിയങ്ങണിയുന്നു
പാടകമലങ്കരിച്ചീടിനതരുണിമാർ
നാടകശാലയിന്നുലാതികെട്ടുന്നുചിലർ
കുടകൾ തഴകളും കൊടികൾ കൊടിക്കൂറ
വടിവിൽ പഞ്ചവർണ്ണപ്പാവാടവീയുവാനായ്
എടുത്തുനടക്കുന്നകുടിലമിഴിമാരും
വടിവോടിരിയ്ക്കുന്ന വരമന്ദിരങ്ങളും
നടിച്ചുമഭിനയം പിടിച്ചും ചിലരതിൽ
കൊങ്കകൾ കുലുങ്ങവേ കുങ്കുമം തെറിയ്ക്കവേ
പങ്കജകരങ്ങളാൽ പന്തടിച്ചീടുന്നേരം
കൊങ്കയിലണിഞ്ഞുള്ള കുന്ദമന്ദാരങ്ങളും
ഭംഗിയിൽ ചിതറുന്ന മണ്ഡപമതിലെല്ലാം
അംബുജാക്ഷിമാരെല്ലാമമ്മാനയാടുന്നേരം
കംബുകണ്ഠിമാരുടെ കണ്മണിമുനകണ്ടാൽ
അംബുജബാണൻ തന്റെയമ്പുകളെന്നുതോന്നും
കാളാഞ്ചി പിടിയ്ക്കുന്ന വാളേലും മിഴിമാർകൾ
നാളീകലോചനമാർ മേളത്തിൽ വിലസവേ
മാനിനിമാരും മദ്യപാനനിദ്രകൾ കൊണ്ടു
താനെ വീണുറങ്ങുന്നു നീവിയും വെടിഞ്ഞവർ
കോമളഭാവത്തോടെ ലീലയാരസിയ്ക്കുന്നി-
താനന്ദസമുദ്രത്തിലാനന്ദം മുഴുകിയും
കാമകേളികൾക്കുള്ള ഭാവവും നടിച്ചവർ
നീതിയും വെടിഞ്ഞോരോ ലീലകൾ പറവതോ?
ഛത്രങ്ങളുടുത്തോരോരണ്ഡങ്ങളൊരുകൂട്ടം
ചീർത്തുള്ള സിദ്ധാന്തത്തിൽ കതകും തുറന്നുടൻ
രത്നവർണ്ണമായുള്ള വസ്ത്രവും ധരിച്ചവർ
നില്പതുകണ്ടാൻ ഹരിസത്തമനതുനേരം
നല്പുരിനടുതന്നിലംബരചരേന്ദ്രന്റെ
നല്പുരിശോഭതേടുമപ്പുരമൊന്നുകണ്ടാൻ
അർദ്ധയോജനവീതിയത്രതന്നേയും നീള-
മപ്പുരി തന്നിൽ മറ്റൊരുത്തമപുരം കണ്ടാൻ
പുഷ്പകവിമാനമെന്നപ്പുരിതന്റെ നാമം
ശില്പികൾക്കാദിഭൂതനിപ്പുരം പണ്ടു തീർത്താൻ
തൽപിതാമഹനായിട്ടുൾപ്രമോദേനയതും
നൽപ്പുണ്യലാഭംകൊണ്ടുമപ്പുണ്യജനേശ്വരൻ
തല്പരിഗ്രഹമാക്കി തൽ പ്രയത്നേന പിന്നെ-
ക്കെല്പുള്ള ദശാനനൻ തെക്കിനാൽ യുദ്ധം ചെയ്തു
പൊന്മയങ്ങളായുള്ള നിർമ്മലസ്തംഭങ്ങളാൽ
ഉന്നതഭവനങ്ങൾ മന്ദിരം പോലെതന്നെ
പൊന്മയസോപാനങ്ങൾ നന്മണിത്തങ്കങ്ങളും
പൊമയങ്ങളായുള്ള ജാലകവാതിൽകളും
ഇന്ദ്രനീലങ്ങൾ നല്ല വിദ്രുമസ്ഫടികങ്ങൾ
നിർമ്മലതലങ്ങളിൽ നിർമ്മലസ്തംഭങ്ങളും
സന്തതം ശോഭതേടും ഹർമ്മ്യങ്ങൾ പലതരം
കാമുകമായിട്ടുള്ള കോമളപുരവരം
മാരുതപുത്രൻ താനുമാരോഹം ചെയ്താനല്ലോ.
വാരുണീവരമാംസഹാരിസൌരഭഹാരി
മാരുതൻ ചൊന്നവഴി മാരുതി ചെന്നനേരം
ചാരുവായിട്ടുള്ളോരു രത്നത്തെയവൻ കണ്ടാൻ
സാരമാം മണിവരം പൂരിതസോപാനങ്ങൾ
വൈരവൈഡൂര്യം നീലവിദ്രുമഗണങ്ങളാൽ
ചാരുതചേരും വണ്ണം ചേർത്തുള്ള മണിത്തറ
സ്ഫാടികമായ ഭൂമിഹാടകഘടിതമാ-
യീടറ്റ മണികളാൽ മൂടിയ മണിസ്തംഭം
പാടേയശ്ശാലതന്നിൽ വേറൊരു തൂണുമില്ലാ
പാടീരഗന്ധമുള്ള ചാരുവാം ചകലാസ്സു
നീളവേവിരിച്ചതിൽ ചേരുന്ന മേൽവിരിപ്പും
നേരെയങ്ങെരിയുന്ന രത്നദീപങ്ങൾ തന്റെ
ദൂരമാം രുചികൊണ്ടും രാവണരുചികൊണ്ടും
ചീരുള്ള വിഭൂഷണം തന്നുടെ കാന്തികൊണ്ടും
നീറുന്നശാലയെന്നു തോന്നുനങ്ങൊരുപോലെ
നാരിമാർ രത്നമായ നാരിമാരായിരം പേ-
രാരോമൽക്കുഥം തന്മേലാപാനമദം കൊണ്ടു
മാരമാൽ പൂണ്ടു ക്രീഡിച്ചായതിൽ തളർന്നിട്ടു
പാരമായ് ബോധം കെട്ടു നിദ്രചെയ്‌വതും കണ്ടാൻ
സാരസസദൃശങ്ങളായുള്ള വദനങ്ങൾ
സാരസശരം കൊണ്ടു മീലിതാക്ഷങ്ങളായും
സാരംഗവർണ്ണങ്ങളായുള്ള പത്മങ്ങൾ പോലെ
സാരസലോചനമാർ തങ്ങൾക്കു ശോഭിയ്ക്കുന്ന
കോരകിതങ്ങളായ നീരജനിരതന്നാൽ
പൂരിതസരസിയ്ക്കുസാദൃശം താനും കണ്ടാൽ.
സാരദിയായരാത്രി തന്നിലെഗ്ഗഗനത്തിൽ
താരകാവൃന്ദം പോലെ തോന്നുമന്നാരീമാരെ
ഹാരമങ്ങൊരുത്തിയ്ക്കു ദൂരത്തു ചിതറിയും
ചാരുവാം തിലകമങ്ങൊരുത്തിയ്ക്കിഴിഞ്ഞിട്ടും
മാലകൾ കൊഴിഞ്ഞിട്ടും ചാലവേയരഞ്ഞാണു
താലികൾ കുഴഞ്ഞിട്ടും ദലിതങ്ങളായിട്ടും
പൌലസ്ത്യമുഖമെന്നു കല്പിച്ചങ്ങൊരുബാല-
യാലസ്യം മുഴുക്കയാൽ പാനനിദ്രകൾകൊണ്ടും
മെല്ലവേ ചുംബിയ്ക്കുന്നു മറ്റൊരുത്തീടെമുഖം
മുല്ലബാണന്റെ കളിയിങ്ങിനെയല്ലേയുള്ളു?
അല്ലുവെല്ലുന്നനല്ലധമില്ലമഴിഞ്ഞങ്ങു
മെല്ലവേ ചിതറീട്ടു ശോഭിയ്ക്കുന്നൊരുവൾക്കു
കല്യതകലർന്നൊരു ബാലികയ്ക്കണികോല-
മുല്ലാസമിയലുമാർ നീളവേചിതറിയും
നീലലോലാളകങ്ങൾ ചാലവേവിലസുന്ന
ബാലചന്ദ്രാഭമായ ഫാലദേശങ്ങൾ തന്നിൽ
നീലിമകലർന്നുള്ള തിലകം മനോഹരം
ഒരുത്തിതന്റെ മാറിലൊരുത്തി തലവെച്ചു-
മൊരുത്തിതന്റെ മെയ്മേലൊരുത്തിതലവെച്ചും
ഒരുത്തിതൻ തുടമേലൊരുത്തിതലവെച്ചും
മറ്റവളവളുടെ പുറത്തു തലവെച്ചും
മറ്റൊരു നാരിപാദം മറ്റവൾ കഴുത്തിലും
മുത്തണിമുലമാരാമുത്തമതരുണിമാർ
ചിത്തജകേളിയാടിയെത്രയും തളർന്നപ്പോൾ
ചുറ്റും വീണുറങ്ങുന്നതെത്രയും മനോഹരം!
അന്യോന്യം പതിമുഖ ഭ്രാന്തികൊണ്ടൊരുകൂട്ട-
മന്യോന്യം പുണർകയും ചുംബിയ്ക്ക പുൽകയും
അന്യോന്യമണിതങ്ങൾ വ്യക്തപാദങ്ങളായി-
ട്ടന്യോന്യം പിരിഭ്രാന്ത്യാസൌരതഭാവങ്ങളും
ഈവണ്ണം പാനനിദ്രാപാരവശ്യങ്ങൾ കൊണ്ടു
ഭാവവൈഷമ്യവർക്കന്ന്യോന്യമേതുമില്ല
ഒരുത്തിയ്ക്കൊരുത്തനിൽ പാരമായാശപൂണ്ടാൽ
വിരുദ്ധനവനന്യനാരിയെരമിച്ചാലും
അപ്രിയമവൾക്കുള്ളിലെത്രയുണ്ടെന്നാകിലു-
മപ്രിയൻ തന്റെയിഷ്ടഭാവത്തെ നിരൂപിച്ചു
അപ്രിയം തന്നെ തന്റെ സോദരിയെന്നപോലെ-
യപ്രിയമകന്നവരൊന്നിച്ചു വസിച്ചീടും
വീരരാം പുരുഷരും മാരമാൽ പൂണ്ടങ്ങേറ്റം
നാരിമാർ മണിതന്നിൽ പാരമായാശപൂണ്ടാൽ
ജാരന്മാരവൾക്കിഷ്ടന്മാരായിട്ടുണ്ടെങ്കിലും
പാരാതെയനുവദിച്ചീടുമെന്നതുനൂനം
കാരണം കാമമല്ലോ മാനഹാനിയ്ക്കുപണ്ടേ
കാമികൾക്കതുകൊണ്ടു നാണമില്ലെന്നുചൊല്ലാം
ദ്വഗന്ധർവ്വദൈത്യരാക്ഷസമനുജേന്ദ്ര-
കിന്നര കിംപുരുഷ പാരണാദികൾ തമ്മെ
യുദ്ധം ചെയ്തുലച്ചവർ തന്നോടു പറിച്ചൊരു
നാരിമാർ മണികളിലായിരം ഭാര്യമാരും
രാവണനൊഴിഞ്ഞവർക്കന്യനിലാശയില്ലാ
കേവലമൊരുവൾക്കുമില്ലാതെയിരിയ്ക്കിലും
അവിടെയൊരു ഭാഗേ ദിവ്യമായിരിയ്ക്കുന്ന
സ്ഫടികക്കുളുക്കല്ലിൽ മേലെയായ്ക്കിടന്നഹോ!
മത്തവാരണസമാകിയരാവണനും
നിദ്രചെയ്‌വതുകണ്ടു മർക്കടപ്രവരനും
ഗോത്രരൂപങ്ങളിലങ്ങുൽഗ്ഗതദേഹനായി-
സ്സുപ്തിചെയ്യുന്ന മദഹസ്തിവര്യനെപ്പോലെ.
അത്യന്തമധൃഷ്യയാം കാന്തികൊണ്ടതുനേര-
മിത്തിരി ഭയപ്പെട്ടു പിൻവാങ്ങി ഹനുമാനും
സത്വരം പുനരപി ചെന്നരികത്തുനിന്നൂ
സത്വവാനായ വായുനന്ദനൻ മതിശാലി
ഈവണ്ണം പാനനിദ്രാപാരവശ്യങ്ങൾകൊണ്ടു
രാവണപരിഗ്രഹമാകിയ മഹിഷിമാർ
ആവോളം ബോധം വിട്ടു നിദ്ര ചെയ്‌വതും കണ്ടാൻ
ഭാവശുദ്ധിയുള്ളൊരു മാരുതപുത്രൻ താനും
സത്തമനായ വായുനന്ദനൻ വിലോകിച്ചാൻ
സത്വശാലിയാം പങ്‌ക്തികണ്ഠനെവീണ്ടും വീണ്ടും
പാരമായ് നീണ്ടുരുണ്ടു കേമത്തിലുറച്ചുള്ള
ഭാരവാഹങ്ങൾ കൈകൾ രണ്ടുമങ്ങൊരുപോലെ
സാരമായുള്ളവരകാഞ്ചനശോഭകളാൽ
ഭാരിതമായിട്ടെങ്ങും ക്ഷിപ്തങ്ങളായിക്കണ്ടാൽ
ശംഖാദികങ്ങളായ ശാഖകേതുക്കൾ രണ്ടും
പാരിലങ്ങൊരുപോലെ ചമച്ചതാണെന്നുതോന്നും
മന്ദരഗിരിതന്റെ പാർശ്വങ്ങൾ തന്നിൽ നിന്നു
മന്ദമായ്പുറപ്പെട്ടോരൈന്തലനാഗം പോലെ
കൈപ്പല തന്നിലെല്ലും നല്പടിയെല്ലും കെട്ടും
ശില്പമായൂടിവളർന്നൂറ്റമായ്മാംസളിച്ചു
കെല്പുള്ളോരംസദ്വയമത്യന്തം കഠിനമാം
ശില്പീശൻ ചക്രത്തിലും സ്വർപ്പതിവജ്രത്തിലും
മുമ്പെട്ടു തഴച്ചുള്ള കാപ്പുകളുണ്ടങ്ങമ്പേ
അഭ്രമുപതിതന്റെ ദന്തകുന്തങ്ങളേറ്റും
വിഭ്രമം ഭവിയ്ക്കാത്ത വിസ്തൃതവക്ഷസ്ഥലം
വിഭ്രമം കലർന്നൊരു മൃഷ്ടാന്നപാനഗന്ധ-
നിർഭരവഹനായ നിശ്വാസപവനനും
ചെറ്റൊന്നു തിരിഞ്ഞിളകീടിനമകുടവും
പട്ടുടയതിന്മീതെയൊട്ടേടമഴിഞ്ഞുള്ള
പറ്റലർ കുല കാലൻ പൂഞ്ചേലയുടുത്തതും
മുറ്റുമിദ്ദിവ്യഗന്ധംകൂടിനമനോഹര-
രക്തചന്ദനംകൊണ്ടുമെയ്യെങ്ങും വിലേപനം
വക്ഷസി നവരത്നമാലയും ഹാരങ്ങളും
മുത്തണിപ്പതക്കങ്ങളെത്രയും ശോഭിയ്ക്കുന്നു
കാഞ്ചനദീപങ്ങളുണ്ടഞ്ചിതാകൃതികളായ്
ചെഞ്ചമ്മേനാലു ഭാഗത്തിങ്കലും വിലസുന്നു
കുഞ്ചിതകേശികളായ്‌വാദമൂലത്തിൽ ചില-
രഞ്ചിത കാന്തിതേടും നാരിമാരുറങ്ങുന്നു
പഞ്ചബാണോദ്ദീപനമായ സംഗീതത്തിങ്ക-
ലഞ്ചിതപരിജ്ഞാനകൌശലമേറിയവർ
കിഞ്ചനമതം കൊണ്ടു സംജാതനിദ്രമാരായ്-
ത്തുംബുരു തഴുകിക്കൊണ്ടുറങ്ങുന്നതിൽ ചിലർ
കക്ഷത്തിലമർന്നോരുമഞ്ചുകമാശ്രയിച്ചു
ശിക്ഷയായൊരുത്തിയുൾബോധം കെട്ടുറങ്ങുന്നു
രാക്ഷസരാജഭാര്യമറ്റൊരുമദിരാക്ഷി
വക്ഷോജമമരുമാനൽപ്പടഹത്തെച്ചേർത്തു
തൽക്ഷണമുറങ്ങുന്നു മറ്റൊരു കൃശോദരി
കക്ഷത്തിൽ പണവമൊടക്ഷീണമദാലസ്യ-
മുൾക്കൊണ്ടങ്ങുറങ്ങുന്നു മറ്റൊരു മനോഹരി
രുദ്രവീണയുമായിബ്ഭദ്രവേഷയാമവൾ
നിദ്രചെയ്യുന്നിതപ്പോളെത്രയും സുഖമായി
ചിത്രവേഷയാമവൾ മദ്ദളത്തിന്മേൽ വീണു
നിദ്ര ചെയ്യുന്നു നല്ല സുഭ്രുവാം തരുണിയും
അത്രയുമല്ലസാരമണ്ഡലമെടുത്തിട്ടു
നിദ്രചെയ്യുന്നു നല്ല മത്തേഭഗാമിനിമാർ
തിത്തിയുമായി നല്ലോരുത്തമതരുണിയും
ഭിത്തിയും ചാരിക്കൊണ്ടു നിദ്ര ചെയ്യുന്നിതപ്പോൾ
തപ്പുമാറിടേവെച്ചു കല്പകവല്ലിതാനും
ശുഭ്രമഞ്ചത്തിൽ ചാരി നിദ്ര ചെയ്യുന്നു നന്നായ്
കാമാക്ഷിവീണയുമായ്ക്കാമിനിയോരുദിക്കിൽ
കോമളഭാവത്തോടെ നിദ്രചെയ്യുന്നിതപ്പോൾ
രാവണസമീപത്തിൽ സാദരമൊരുനാരി
രാവണഹസ്തവാദ്യം കൈക്കൊണ്ടങ്ങുറങ്ങുന്നു
കിന്നരനാരിപോലൊരന്നത്തിൻ നടയാളാ-
കിന്നരമണച്ചവൻ മുന്നിൽ വീണുറങ്ങുന്നു
കൈലാസമെടുത്തുള്ള രാവണൻ തന്റെ മുമ്പിൽ
കൈലാസവീണയുമായന്യയുണ്ടുറങ്ങുന്നു
മായൂരഗളം പോലെ ജംഘയുള്ളവൾ മുമ്പിൽ
മായൂരവീണകയ്ക്കൊണ്ടങ്ങിനെയുറങ്ങുന്നു
മറ്റൊരു നാരീമുഖവീണയുമായിട്ടവൾ
പറ്റലർ കാലൻ തന്റെ മുമ്പിൽ വീണുറങ്ങുന്നു
വേണുവുമായി മധുവാണിയായുള്ള നാരി
വേണിയുമഴിച്ചിട്ടു വീണുറങ്ങുന്നിതപ്പോൾ
വാളേലും മിഴിമാരിൽ മൌലിയായുള്ളോരവൾ
താളവും പിടിച്ചുകൊണ്ടന്യയുണ്ടുറങ്ങുന്നു
വാളെറിഞ്ഞീടുന്നോരു ബാലികയതുനേരം
ചാലേ വീണുറങ്ങുന്നു വാളുമായതിലപ്പോൾ
അമ്മാനമാടീടുന്ന കമ്രലോചനമെല്ലെ-
ന്നമ്മാനമെടുത്തുകൊണ്ടന്യയുണ്ടുറങ്ങുന്നു
ചെപ്പടി കളിയ്ക്കുന്ന കല്പകവല്ലിതാനും
കെല്പുകെട്ടുറങ്ങുന്നു മറ്റൊരു ഭാഗത്തിങ്കൽ
വീടിക ചുരുട്ടുന്ന നാരിമാരൊരു ദിക്കിൽ
വീടികപിടിച്ചുകൊണ്ടങ്ങിനെയുറങ്ങുന്നു
നാടകം പഠിച്ചുള്ള വധുക്കളൊരുകൂട്ടം
പാടെപുസ്തകമെടുത്തങ്ങിനെയുറങ്ങുന്നു
മാനിനിപനിനീരുംതാനേകയ്ക്കൊണ്ടങ്ങവൾ
പാനനിദ്രകൾകൊണ്ടുവീണുറങ്ങുന്നിതപ്പോൾ
പേശലാംഗിമാരവർ വീശുന്നവിശറിയും
പേശലമാകും വണ്ണം ധരിച്ചങ്ങുറങ്ങുന്നു
ദർപ്പണം പിടിയ്ക്കുന്ന സുഭ്രുവായുള്ളനാരി
മദ്യപാനത്താൽ വീണു നിദ്രചെയ്യുന്നിതപ്പോൾ
നർത്തകിമാരാമവർ കച്ചയ്യും കെട്ടിക്കൊണ്ടു
നൃത്തങ്ങളാടിത്തളർന്നങ്ങിനെയുറങ്ങുന്നു
നല്ലൊരുമിഴാവിന്മേലുല്ലാസം കലർന്നൊരു
മല്ലാക്ഷിമാരിൽ മണി മെല്ലെ വീണുറങ്ങുന്നു
കെല്പനാം രാക്ഷസേന്ദ്രൻ തന്നുടെ പ്രിയജനം
തല്പങ്ങൾ തന്നിൽ മേവി മിക്കതുമുറങ്ങുന്നു
പല്ലവമൃദുക്കളാമന്യോന്യശരീരത്തെ-
കില്ലറ്റുതഴുകീട്ടുമുണ്ടുറങ്ങുന്നുചിലർ
കല്യനാം പവനജനെന്നതിലൊരുത്തിയെ
മുല്ലബാണന്റെ ഭാര്യയാകിയരതിതന്നെ
വെല്ലുവാൻ തിറമിയന്നീടുമാർകണ്ടനേരം
വല്ലതെ ഭ്രമം കൊണ്ടു സീതയെന്നോർത്തുതന്റെ
ജാതിചാപല്യംകൊണ്ടുവാലെടുത്തടിച്ചുടൻ
ചാടിയും നടകൊണ്ടു പുച്ഛാഗ്രം മണത്തിട്ടും
ഹർഷവേഗത്തെക്കൊണ്ടു ചാപല്യം പലതുണ്ടായ്
പിന്നെയും മതിശാലി മാരുതി നിരൂപിച്ചാൻ
ഉന്നതകീർത്തിയായ രാഘവധർമ്മപത്നി
നിന്ദിതമിതുചെയ്കയില്ലെന്നുനിരൂപിച്ചു
മന്ദമപ്പാനഭൂമിയൊക്കെയുമന്വേഷിച്ചാൻ
ചന്ദ്രികവിമലയാമാപാനഭൂമിതന്നിൽ
പുള്ളിമാൻ തന്റെ മാംസം കുന്നുകൾ പോലെയിവ
മാഹിഷങ്ങളാം മാംസഭേദങ്ങൾ പലതരം
ആടുകളറുത്തിട്ടു പചിച്ചങ്ങോരോ കൂട്ടം
ചാടുന്ന മാനിൻ മാംസമങ്ങൊരു ദിക്കിൽ തഥാ
തുള്ളുന്ന മുയലുകൾ മാംസവും മുള്ളൻ മാംസം
കുക്കുടചകോരവും നൽക്കിടാവിന്റെ മാംസം
ഇത്തരം വിവിധമാം പക്ഷികൾ മൃഗങ്ങൾ ത-
ന്നെത്രയും നല്ല മാംസം ശുദ്ധഹാടകപാത്രേ
ഒക്കയും നിറച്ചുവെച്ചെത്രയും കണ്ടുവീരൻ
രത്നസാരങ്ങൾ തന്നിൽ മദ്യമാംസങ്ങളെല്ലാം
ഭുക്തശേഷമായുള്ളൊരുച്ഛിഷ്ടമെല്ലാം കണ്ടാൻ
ഇടിച്ചോരരിതന്നീന്നെടുത്തമദ്യങ്ങളും
തടിച്ച ഗുളങ്ങളീന്നെടുത്ത മദ്യങ്ങളും
ഭല്ലങ്ങളതിലുള്ള ഭല്ലജമദ്യങ്ങളും
നെല്ലിൽനിന്നെടുക്കുന്ന നല്ലൊരു മദ്യങ്ങളും
നല്ലൊരു താലവൃക്ഷം തന്നിലെ മദ്യങ്ങളും
ഗുളസംബന്ധമായ ഗൌളിയെന്നൊരുമദ്യം
പിഷ്ടസന്മയമായ പൈഷ്ടിയെന്നുള്ള മദ്യം
മധുസംബന്ധമായ മാദ്ധ്വിയെന്നുള്ളമദ്യം
പുഷ്പത്തീന്നുണ്ടായുള്ള പൌഷ്പമെന്നുള്ളമദ്യം
ഫലത്തീന്നുണ്ടായുള്ള ഫലജമെന്നമദ്യം
ദ്രാക്ഷയിന്നുണ്ടായുള്ള ദ്രാക്ഷജമെന്നമദ്യം
ഇരിപ്പപ്പുവ്വിലുണ്ടായിരിയ്ക്കും മദ്യങ്ങളും
പനസം തന്നിലുള്ള പാനസമെന്ന മദ്യം
മൈരേയമെന്നുപേരാം മദ്യവുമതിലതിൽ
നാളികേരത്തിലുണ്ടാം നാളികേരജമദ്യം
ദ്രാക്ഷയിന്നുണ്ടാം മദ്യം മദ്ധ്യമമെന്നു ചൊൽവൂ
ഹാടകകുംഭങ്ങളിലൊക്കയും നിറച്ചിട്ടും
സ്ഫാടികകുംഭങ്ങളിൽ വേറെയുണ്ടൊരുകൂട്ടം
പാനപാത്രങ്ങളതിന്നുണ്ടുപൊന്മയമായി-
പ്പൊന്നുകൊണ്ടുള്ള പാത്രസഞ്ചയമോരോതരം
മിന്നുന്ന പാനശാല തന്നിലങ്ങെല്ലാടവും
ഉന്നതമായിട്ടുള്ള പൊന്നുകൊണ്ടുള്ള പീഠം
പാനശാലയിൽ മദ്യപാനവും ചെയ്തങ്ങോരോ
മാനിനീജനമെല്ലാം നീവിയും വെടിഞ്ഞവർ
നാണമെന്നിയേ വീണു നിദ്രചെയ്‌വതുകണ്ടാൻ
ഈവണ്ണം കപിവരൻ രാവണൻ ശുദ്ധാന്തത്തെ-
ബ്ഭാവസംശുദ്ധിയോടുംകൂടവേതിരഞ്ഞപ്പോൾ
ഭാവത്തിലധർമ്മമെന്നുണ്ടായീതൊരുശങ്ക
സൽകപി വിചാരിച്ചാൽ നിശ്ചയിപ്പാനായേറ്റം
സംശയം പാരവശ്യം കൊണ്ടറിഞ്ഞിടയാടും
ആമിഷകാമ്യമാരാമന്യയോഷിത്തുകളെ-
യാവശ്യമില്ല കാണ്മാൻ ധർമ്മഹാനിയുമുണ്ടു
എന്നതിലൊരു ധർമ്മഹാനിയല്ലിതുമെങ്കി-
ലിന്നതിൻ പ്രമാണമെൻ മാനസം തന്നെ നൂനം
സർവ്വഭാവങ്ങൾക്കുമീ മാനസമല്ലോ നൂനം
മാനസമെനിയ്ക്കേതും വിക്രിയായുക്തമല്ല
പിന്നെയുമൊരുയുക്തിയുണ്ടല്ലോനിനയ്ക്കുമ്പോ-
ളംഗനമാരിലല്ലോ അംഗനാന്വേഷം ചെയ്‌വൂ
അംഗനതന്നെക്കാണ്മാനമ്മൃഗജാതിതന്നി-
ലന്വേഷിച്ചെന്നു വന്നാലങ്ങു കാണായിവരാ
എന്നപ്പോൾ സീത തന്നെക്കാണ്മതിനന്വേഷണ-
മുന്നതസ്തനികളിലല്ലാതെ സംഭവിയ്ക്കാ
രാവണൻ കൊണ്ടുപോന്നാനെന്നതിൻ തുമ്പുകൊണ്ടും
രാവണഗൃഹം തന്നിലന്വേഷണം സംഭവിച്ചു
അജ്ഞാതസഞ്ചാരമോപകലങ്ങുസംഭാവി
വിജ്ഞാതപരാവരയാകിയലങ്കതന്നിൽ
ഇന്നു നേർമുഖിമാരും പ്രത്യേകഗതമാര-
ല്ലിന്നു സുന്ദരനിശിയെന്നതിന്നില്ലദോഷം
എന്നപ്പോളന്വേഷണമീവണ്ണം തന്നെയാവൂ
ഇന്നിപ്പോളധർമ്മവുമില്ലിതിനെന്നും വന്നു
എന്നേവം വായുപുത്രൻ നന്നായി വിചാരിച്ചു
ഖിന്നതകളഞ്ഞങ്ങു പിന്നെയും പ്രവേശിച്ചാൻ
ഉന്നതസ്തനിയായജാനകിതന്നെക്കാണാ-
ഞ്ഞുന്നതശോകനായി ചിന്തിച്ചാൻ കപിവരൻ
ജാനകിമരണത്തെപ്രാപിച്ചാളെന്നുനൂനം
മാനിനിയൊരുനാളും രാവണവാക്യം കേളാ
മാനിരാക്ഷസേശനും കാര്യമില്ലിവളാലെ-
യൂനമറ്റുറങ്ങുമ്പോൾ കൊല്ലുമെന്നതുവരാം
പാനീയനിധികടന്നിക്കരെവന്നതും ഞാൻ
താനെവന്നറിയാതെ കോട്ടയിൽ കടന്നതും
പാനഭൂമിയിൽ കൂടെ പാരമായ്ത്തിരഞ്ഞതും
മൽപ്രയത്നങ്ങളെല്ലാം വ്യർത്ഥമായ് വന്നുകൂടി
ഞാനിനിയങ്ങുചെന്നാലംഗദാദികൾചൂഴെ-
ജ്ജാനകിയെവിടുത്തുയെന്നവർ ചോദിയ്ക്കുമ്പോൾ
ദീനനായെന്തു ചൊൽവതീശ്വര! ശിവ! ശിവ!
ദുഃഖിച്ചുമതികെട്ടുനിൽക്കയില്ലൊന്നുകൊണ്ടും
ബുദ്ധികുണ്ഠിതയായാൽ കാര്യസിദ്ധിയും വരാ
നിഷ്ഫലമായിയെന്റെ യത്നമെന്നിരിയ്ക്കിലും
ഉത്സാഹം വെടികയില്ലുത്തമരായജനം
അത്തരം പലപ്പോഴുമൊന്നിച്ചുവരുന്നേര-
മിത്തരം കാര്യസിദ്ധിവന്നുവെന്നതും വരും
ചിത്രശാലകൾ രാത്രിവേശ്മങ്ങൾ ഭൂവേശ്മങ്ങ-
ളിത്തരം കുളിർക്കുന്ന നിഷ്കുടവിമാനവും
എത്രയും കണ്ടേനിന്നും കാണാതെ പലവുണ്ടു
സത്വരമവറ്റിലും പാർത്തുകാണേണമല്ലോ
മേടകളേഴുനിലമാടങ്ങൾ കുടികളും
ചാടിയും കവാടങ്ങൾ ചാടിയും തുറക്കയും
ഓടിയും കുഴികളിൽ കൂടിയങ്ങിറങ്ങിയും
മൂടിയമൂടൽ നീക്കിനോക്കിയും പലേടത്തും
പാടെയീരക്ഷോവേശ്മം നൽവീരൻ ദേശം പോലു-
മൂടാടി നടക്കാതെയില്ലൊരു പ്രദേശവും
തേൻ മൊഴിയാളെപ്പുനരെന്നിട്ടും കാണാഞ്ഞിട്ടു
വാടിനഹൃദയനായ് ചിന്തിച്ചാൻ കപിവരൻ
ഏറ്റവും ലങ്കയൊക്കെ മാർഗ്ഗണം ചെയ്തേൻ ഞാനും
മുറ്റുമസ്സീതതന്നെക്കണ്ടില്ലയെവിടെയും
ആറുകളരികിലും തോടുകളരികിലും
വീടുകൾ പലതിലും മേടകൾ പലതിലും
കാടുകൾ പലതിലും കുടികൾ പലതിലും
മെങ്ങുമാരാഞ്ഞു സീതേയെങ്ങുമേ കണ്ടീലല്ലോ
വ്യർത്ഥമായ് ചമഞ്ഞിതു മൽ പ്രയത്നങ്ങളെല്ലാം
സമ്പാതിനിശ്ചയിച്ചു ചൊല്ലിനാൻ സീതയുണ്ടെ-
ന്നിങ്ങതിൽ കാണുന്നില്ല ലങ്കയിലെങ്ങുമിപ്പോൾ
രാമബാണങ്ങൾ പേടിച്ചത്യന്തം വേഗത്തോടു
രാവണൻ മാനത്തൂടെ കൊണ്ടുപോകുന്നനേരം
രാമവല്ലഭമദ്ധ്യേവീണുപോകയല്ലയോ?
എങ്കിലോ സമുദ്രത്തിന്നക്കരെഞങ്ങളെല്ലാ-
മന്വേഷിച്ചതുനേരം കണ്ടതുമില്ലയല്ലോ
സാഗരത്തിന്റെ മീതെ കൊണ്ടുപോരുന്നനേരം
സീതതാൻ ഭയപ്പെട്ടങ്ങബ്ധിയിൽ വീണുപോയോ?
സമ്പാതിലങ്കതന്നിൽ കണ്ടുവെന്നതുകൊണ്ടു
സാഗരപതനവുമില്ലെന്നു നിശ്ചയിക്കാം
സന്തതം ഫലിയാഞ്ഞു കോപിച്ചു രക്ഷോനാഥൻ
ഹന്താവായ് ഭവിച്ചാനെന്നല്ലയോവന്നുകൂടി
ഇന്നിന്നുവശം വരുമെന്നൊരു മോഹം കൊണ്ടു
നിന്ദനം പലവുരു കണ്ടാലും കാമുകന്മാർ
ഇന്ദുനേർമുഖിമാരോടപ്രിയം ചെയ്കയില്ല
പിന്നെയാകട്ടെയവർ തങ്ങളെ കൊലചെയ്ക
എന്നതു നിനയ്ക്കുമ്പോൾ രാവണനതികാമി
മന്നവൻ ദേവിതന്നെയെന്നുമേകൊലചെയ്യാ
പൌലസ്ത്യൻ തന്റെ പത്നിമാരസൂയകൾ കൊണ്ടു
പാപഭാവത്തെപ്പൂണ്ടു ഭക്ഷിച്ചുകളകയോ?
ക്രൂരനാം രക്ഷോനാഥൻ ഭാവത്തെക്കാണാതെക-
ണ്ടാരുമേയപരാധം ചെയ്കയില്ലെന്നു നൂനം
ഘോരമായുള്ള ഗുഹ തന്നിലെങ്ങാനുമുണ്ടോ
ചാരുലോചന തന്നെ സ്ഥാപിച്ചിട്ടിരിയ്ക്കുന്നു
എങ്കിലോ ദുഃഖാലാപം കേട്ടീടാമല്ലോ താനും
നന്നായിച്ചെവിയോർത്തങ്ങന്ന്വേഷിപ്പിതുഞാനും
വല്ലതുകൊണ്ടുമിഹകണ്ടില്ലെന്നതുകണ്ടു
മിന്നിപ്പോളിനി ഞാനുമെന്തുചെയ്‌വതുകഷ്ടം!
ഇന്നിനിവരുമെന്റെ മാരുതി വിരവോടു
കന്നൽ നേർമിഴിയാളെക്കണ്ടുകൊണ്ടെന്നുദേവൻ
ഉന്നതമനോരഥം പൂണ്ടുനിൽക്കവേഞാനും
കണ്ടില്ല സീതതന്നെയെന്നു ചെന്നറിയിച്ചാൽ
മന്നവർ ശിഖാമണി മന്നിൽ ജീവിയ്ക്കയില്ല
മന്നവൻ തമ്പി താനും പിന്നുണ്ടോ ജീവിയ്ക്കുന്നു?
എന്നതുകേൾക്കുന്നേരം ഭരതൻ മരിച്ചീടും
പിന്നെശ്ശത്രുഘ്നൻ താനുമവ്വഴിനടന്നീടും
അമ്മമാർ മൂന്നുപേരും പിന്നുണ്ടോ ജീവിയ്ക്കുന്നു?
സുഗ്രീവൻ നിൽക്കയില്ല രാമനാശത്തെക്കണ്ടാൽ
അത്രയുമല്ലപിന്നെനിശ്ചയം കൃതജ്ഞയായ്
ഭർത്തൃദുഃഖത്തെക്കണ്ടുരുമയും മരിച്ചീടും
എന്ത്രയും കഷ്ടം പിന്നെത്താരയും മരിച്ചുപൊ-
മിത്രയാപത്തുകണ്ടാലംഗദൻ താനുമില്ല
ദാനമാനാദികൊണ്ടും താനനുസാരം കൊണ്ടും
ഭാനുനന്ദനന്തന്നാൽ പാരമായ് ലാളിച്ചുള്ള
വാനരപ്രവരന്മാരൊക്കവേമരിച്ചീടും
ഭാനുവംശത്തിൻ നാശം വാനരകുലനാശം
ജാനക്കിദേവിതന്നെക്കാണാതെചെന്നാൽ വരും
ഞാനങ്ങുചെല്ലാതെ കണ്ടിടയിലിരുന്നാകിൽ
മാനവശിഖാമണിയാശയാജീവിയ്ക്കിലാം
ഞാനുമങ്ങിവിടെയെങ്ങാനൊരുദിക്കിൽചെന്നു
വാനപ്രസ്ഥാശ്രമത്തെക്കയ്ക്കൊണ്ടുനടക്കയോ
അഗ്നിയെ പ്രവേശിയ്ക്കയല്ലയോ യോഗാഗ്നിയിൽ
മഗ്നമായ്ശ്ശരീരത്തെദഗ്ദ്ധമാക്കയോയല്ലി
മഗ്നനായ് ജലത്തിങ്കൽ മരിയ്ക്കതന്നെയല്ലി?
സീതയെക്കാണാതെകണ്ടങ്ങോട്ടില്ലൊന്നുകൊണ്ടും
വ്യർത്ഥമായ് മരിച്ചാലിന്നർത്ഥസിദ്ധിയുംവരാ
സ്വാർത്ഥമായ് മരിയ്ക്കിലാം ജീവരക്ഷണം ചെയ്‌വാൻ
ചീർത്തകീർത്തിയായിട്ടുരാമനാം പൌലസ്ത്യനെ
ച്ചേർത്തുകൊണ്ടൊന്നുചാടിക്കാശ്ചവെച്ചീടുകയോ?
ചീർത്തൊരു രാക്ഷസനെ തീർത്തുതാൻ കളകയോ
ഇങ്ങിനെ ചിന്തയാകും സാഗരമദ്ധ്യേവീണു
മുങ്ങിയും മറുകര കാണാഞ്ഞുവായുപുത്രൻ
മങ്ങിയ കാന്തിയോടേ പിന്നെയും വിചാരിച്ചാൻ
വേണുന്നവനം തന്നിലെങ്ങുമേയന്വേഷിച്ചീ-
ലേണാക്ഷിമണിയാളെ ഞാനുമിന്നിത്രനേരം
തിങ്ങിന ഭക്തിയോടേ നന്നായി വണങ്ങിയും
പൊങ്ങിയുമാകാശത്തിലഞ്ജസാചെന്നാനതിൽ
കോകിലമധുകരകാകളീഝംകാരത്താ-
ലാകുലതരകുസുമാകുലദ്രുമഗണം
മല്ലികമുല്ലതെച്ചിമെല്ലവേവളർന്നേറ്റ
മുല്ലാസമിയലുന്നവള്ളിക്കെട്ടുകളുണ്ടു
കേതകികുറുമൊഴി ചെമ്പകമശോകങ്ങൾ
ശീതളസുരഭിലവാഴയും പുഷ്പവാടി
കോമളതരമായ പാളികൾ നടുവൂടെ
ശ്യാമളവനമതിൽ പാളികൾ പലതരം
മഹിളാമണികുളിച്ചീടുമജ്ജലാശയം
മുത്തുകൾ പവിഴങ്ങളിത്തരമിരുകര
ഉത്തമമണിമയ സോപാനമിറങ്ങുവാൻ
ചിത്രമായ്ത്തറകളും നൽസ്ഫടികങ്ങൾകൊണ്ടു
കൃത്രിമതരുക്കളും കാഞ്ചനമയങ്ങളായ്
ശില്പമേറിന നല്ല കല്പകതരുക്കളും
ദർപ്പണം പതിച്ചുള്ള ഭിത്തികൾ ചുഴലവും
പൊന്മണിമയങ്ങളായുള്ളകുംദങ്ങൾ തന്നിൽ
പെണ്മണീജനം ജലമെടുത്തുനനയ്ക്കയും
നിർമ്മലതരുനിരയുണ്ടതിലതിലെല്ലാ-
മുന്നതമായനല്ലമന്ദരഗിരിപോലേ
സുന്ദരഗിരിവരമുണ്ടതിലൊന്നുനന്നായ്
നിർമ്മലജലമായിട്ടുണ്ടൊരുനദിയതിൽ
അരികേനിന്നുകണ്ടാൻ മംഗലകപിവരൻ
അത്രയുമല്ലനല്ലൊരത്ഭുതമാകുന്നോരു
ചൈത്യപ്രാസദമതുമുത്തമകപികണ്ടാൻ
കിംശുകവൃക്ഷംകണ്ടുപിന്നെയും നോക്കുന്നേരം
ശിംശപാവൃക്ഷത്തിങ്കൽ പാർത്തുകാണുന്നനേരം
കിംശുകസമപ്രഭയാകിയ പെണ്മണിയെ-
യംശുമൽ പ്രഭപോലെ കണ്ടിതുഹനുമാനും
ധൂമജാലാവൃതമാമഗ്നിജ്വാലയെപ്പോലെ
പ്രഥമനാളിലുള്ളവിധുവെന്നതുപോലെ
പംകബദ്ധമായുള്ള പങ്കജമെന്നപോലെ
ശ്വാനന്മാർ വളഞ്ഞുള്ള മാനിമ്പേടയെപ്പോലെ
പിന്നിലുമിടഞ്ഞിട്ടുപിമ്പുറം മനോഹര
മിന്ദുസുന്ദരമുഖകാന്തിയും മങ്ങിപ്പോയ്
ചന്ദ്രനെ മേഘം വന്നു മൂടിയപോലെയപ്പോൾ
കണ്ടിതുബിംബാധരം കുണ്ഡലമണിഞ്ഞുള്ള
ഗണ്ഡദേശവും നല്ല കുന്ദപങ്‌ക്തികൾപോലെ
സുന്ദരമായിട്ടുള്ള പല്ലുകളപാംഗങ്ങൾ
ഭംഗി തേടുന്ന ബാലചന്ദ്രനെപ്പോലെയുള്ള
സുന്ദരനിടിലവും ചില്ലിവല്ലികൾ രണ്ടും
ഉന്നതനാസാപുടം മിന്നുന്ന മിഴികളും
കണ്ടുടൻ സീതയെന്നു ശംകകൊണ്ടനന്തരം
ചിന്തിച്ചുവഴിപോലെ പിന്നെയും നോക്കിക്കണ്ടാൻ
ഏകവാസസ്സുകൊണ്ടു സാവൃതമായുള്ളംഗം
പംകദഗ്ദ്ധമായെങ്ങുമച്ഛന്നകാന്തിയോടും
ശോകവേഗത്തെക്കൊണ്ടുമാഹാരാഭാവംകൊണ്ടു
മാകുലമായദേഹം കണ്ടറിവാനും പണി
ഏകവേണിയും കൃഷ്ണസർപ്പമെന്നതുപോലെ
കോകിലവാണിതനിയ്ക്കെത്രയും ശോഭിയ്ക്കുന്നു
ഏകനാഥനാം രഘുനാഥനെ കാണാഞ്ഞുള്ള
ശോകവേഗത്തെക്കൊണ്ടു കണ്ണിൽ നീരൊലിയ്ക്കയും
കാശ്യവൈവർണ്ണ്യം കൊണ്ടു പാരമായ് സംശയിച്ചും
കാരണങ്ങളെക്കൊണ്ടു പിന്നേയുമുറപ്പിച്ചും
ഋശ്യമൂകത്തിങ്കന്നു കണ്ടോരോ പ്രത്യഭിജ്ഞ
വശ്യമാനസനായ രാഘവനരുളിനാൻ
ദൃശ്യഭൂഷണങ്ങൾ തൻ ലക്ഷണങ്ങളെക്കൊണ്ടു
ദൃശ്യമാനമായുള്ളൊരുത്തരീയത്തിൽ തൻസാ-
ദൃശ്യദർശനം കൊണ്ടും ശംകയുണ്ടായിതപ്പോൾ
സത്വകൌശലം കൊണ്ടു സീതയെന്നുറപ്പിച്ചു
ദുഃഖിച്ചുവിലാപിച്ചാനുത്തമൻ കപിവരൻ
നാൽവിധമായിട്ടിവൾ കാരണം രഘുപതി
മാൽ പിണഞ്ഞുഴലുന്നു സ്ത്രീയെന്ന കാരണത്താൽ
ആശ്രിതയല്ലോ എന്നിട്ടാനൃശംസ്യത്തെക്കൊണ്ടു
പത്നിപോയല്ലോയെന്ന ദുഃഖംകൊണ്ടതിതരാം
ഇഷ്ടയെക്കാണാഞ്ഞിട്ടും കഷ്ടമാം കാമം കൊണ്ടും
ശിഷ്ടനാം രാഘവനുമെന്തഹോ വലഞ്ഞതും
കാരണമിവൾ മൂലം കൊന്നിതുവിരാധനെ-
ഗ്ഘോരനാം ദൂഷണനും ശൂരനാം ത്രിശിരാവും
ഘോരനാം ഖരനേയും കൂടവേവെന്നാനല്ലോ
ഈരേഴുസഹസ്രമങ്ങാശരവരരേയും
പോരതിൽ വധിച്ചതിൻ കാരണമിവളല്ലോ
സാരനാം കബന്ധനും ക്രൂരനാം കപീന്ദ്രനും
പാരാതെമരിപ്പാനും കാരണമിവളല്ലോ
സാരനാം സുഗ്രീവനു പാരാതെ രാജ്യലക്ഷ്മി-
യോരാതെ ലഭിപ്പാനും കാരണമിവൾ തന്നെ
പാരമറ്റിരിയ്ക്കുന്ന വാരിധി കടപ്പാനു-
മൂരിതിൽ തിരവാനും കാരണമിവളല്ലോ
നാരിമാർ കുലത്തിങ്കലീരേഴുപതിന്നാലു-
പാരിലുമിവൾക്കാരും തുല്യയായ് ചൊൽവാനില്ല
പാരമാശ്ചര്യമത്രേ സീതയെ പിരിഞ്ഞിട്ടു
ധീരതകയ്ക്കൊണ്ടൊരു നാഴികപോലും ദേവൻ
മാരബാണങ്ങളേറ്റു പ്രാണനോടിരിയ്ക്കുന്നൊ
രാര്യതപെരുതെന്നേചൊല്ലാവൂ ശിവ! ശിവ!
മാനവപതിതങ്കൽ സുസ്ഥിതമിവൾ ചിത്തം
മാനവപതിയ്ക്കുമങ്ങിവളിലതുപോലെ
ജാനകിതന്റെയംഗപ്രത്യംഗഗുണം കണ്ടാൽ
മീനകേതന ഭാര്യയ്ക്കീവണ്ണം ഗുണമില്ല
മാനവകുലമണിലാവണ്യലേശൌപമ്യം
മീനകേതനൻ തനിയ്ക്കൊട്ടുമേയില്ല നൂനം
മാനവേന്ദ്രനു തുല്യമായിട്ടങ്ങൊരുപത്നീ
ജാനകിയല്ലാതെ കണ്ടുണ്ടാകയില്ല നൂനം
ജാനകിയ്ക്കൊരുപതി തുല്യമായ് വേണമെങ്കിൽ
മാനവേന്ദ്രനാം രാമചന്ദ്രനല്ല്ലാതെയില്ല
ആശ്ചര്യം പാതിവ്രത്യമാശ്ചര്യം ദൃഢതയു-
മാശ്ചര്യം സൌകുമാര്യമാശ്ചര്യം പതിഭക്തി
സീതതൻ ദുഃഖം കണ്ടു പീഡിക്കുന്നെന്റെ ചിത്തം
കാലദേശത്തിലാപത്തേവർക്കും വന്നുകൂടും
ഈവണ്ണം നിനയ്ക്കവേ ചന്ദ്രനങ്ങുച്ചയായി
ദേവിയെവഴിപോലെ കാണായി ഹനുമാനും
കാത്തിരിയ്ക്കുന്നഘോരരാക്ഷസിമാരെയപ്പോൾ
പാർത്തിതുഹനുമാനും നാനാവേഷകളായി
ഒറ്റക്കണ്ണൊറ്റക്കാതും കാതുകൊണ്ടുടൽ മൂടി
കുറ്റിക്കാതൊരുവൾക്കു കാതുകൂടാതെചിലർ
മൂക്കുമേൽപ്പോട്ടന്യയ്ക്കമന്യേയ്ക്കുപെരുംതടി
ഏകയ്ക്കു പെരും തല ഏനയ്ക്കു പെരുക്കാലും
ഏകയ്ക്കും പെരും കയ്യുമേകയ്ക്കു കുറുങ്കയ്യും
കാകന്റെ കഴുത്തെന്നപോലയങ്ങൊരുവൾക്കു
തലയാം കരിമ്പടമന്യയ്ക്കുതലയില്ല
ബലമേറിനചിലരാക്ഷസിമാരുമതിൽ
ഞാലിക്കതൊരുവൾക്കു ഞാലിച്ചുണ്ടൊരുവൾക്കു
ഞാലുന്ന മുലവയർഞാലുന്നങ്ങൊരുവൾക്കു
നെടുതായൊരവളും കുറുതായൊരവളും
പാരമായ് പരന്നിട്ടുമുണ്ടതിലൊരുകൂട്ടം
കൂനിയായൊരുവളുണ്ടാനനവികൃതയായ്
പഞ്ചവർണ്ണയായെക കൃഷ്ണയായ് ചുവപ്പായും
പൂച്ചക്കണ്ണൊരുവൾക്കങ്ങത്യന്തസിതയായി-
പ്പന്നിതന്മുഖം പോലെ നരിതന്മുഖം പോലെ
യുണ്ടതിൽ ചിലകൂട്ടം കണ്ടിതു കപിവരൻ
പോത്തിന്റെ മുഖം പോലെ വ്യാളിതന്മുഖം പോലെ
ആട്ടിന്റെ മുഖം പോലെയൊട്ടകമുഖം പോലെ
ആനതന്മുഖം പോലെ മാനിന്റെ മുഖം പോലെ
മാനനജന്തുക്കളിലോരോന്നിൻ മുഖം പോലെ
ബീഭത്സമുഖികളായുണ്ടതിലോരോതരം
കുതിരകഴുതയും ഹസ്തിസിംഹങ്ങൾ തന്റെ
കാതുകൾ പോലെ ചില കാതുകൾ ചിലർക്കെല്ലാം
കൂർത്തുള്ള നഖങ്ങളുണ്ടെത്രയും ഭീമമായി
ദന്തകുന്തങ്ങൾ കണ്ടാലെന്തെടോ ഭയങ്കരം
സങ്കടമുണ്ടാം യമകിങ്കരന്മാർക്കും കൂടി
മത്തവാരണത്തിന്റെ തുമ്പിക്കയ്യെന്നപോലെ
മൂക്കുകളുണ്ടു ചില രാക്ഷസീജനങ്ങൾക്കു
പെരിയ തലകളും പെരിയ കഴുത്തുകൾ
പെരിയ മുലകളും പെരിയ വയറുകൾ
പെരിയ മുഖങ്ങളും പെരിയ നഖങ്ങളും
കരികൾ പാദം പോലെ ഖരങ്ങൾ പാദം പോലെ
തുരഗപാദം പോലെ നരികൾ പാദം പോലെ
പെരിയകാലുമായിച്ചിലരുണ്ടതിലെല്ലാം
വക്രാകാരങ്ങൾ പൂണ്ട ദംഷ്ട്രങ്ങളെല്ലാവർക്കും
നക്രത്തിന്മുഖം പോലെയെത്രയും ഭീമമായി
വട്ടമിട്ടുള്ള ചില ദൃഷ്ടികൾ ഭയങ്കരം
നാവുകൾ നീണ്ടുപരന്നത്യന്തം ഭീമമായി
ഊർദ്ധ്വകേശവും ചെമ്പിച്ചെത്രയും ഭയങ്കരം
ക്രുദ്ധകളായി വാക്യമുച്ചരിച്ചീടുന്നേരം
വിസ്മയം വായിന്നഗ്നിജ്വാലകൾ പുറപ്പെടും
ഇത്തരമുള്ള ദുഷ്ടരാക്ഷസീജനങ്ങളു-
മൊക്കയുമായുധങ്ങളെടുത്തു ചുഴലവും
ശൂലമുൽഗ്ഗരപ്രാസകുന്തധാരികളായി
നീലലോചന തന്റെ ചൂഴവുമിരിയ്ക്കുന്നു
മാംസശോണിതമദ്യപാനസക്തമാരായി
മാംസളദേഹമാരായ് നിൽക്കുന്നു രാക്ഷസിമാർ
മാനിനീമണിതന്നോടോരേന്നേപറവതും
മാനശാലിയായുള്ള വാനരവീരൻ കണ്ടാൻ
ജാനകിയായതിവളെന്നുറച്ചതുനേരം
മാരുതിയുടെ മോദമൊട്ടുമേയെളുതല്ല
അങ്ങിനേയിരിയ്ക്കവേ ബ്രഹ്മരാക്ഷസന്മാരാൽ
തിങ്ങിനവേദഘോഷം കേട്ടിതു ഹനുമാനും
ബ്രഹ്മരാക്ഷസരുടെ ബ്രഹ്മഘോഷങ്ങൾ കേട്ടു
ബ്രഹ്മദ്വേഷിയായുള്ള രാവണനുണർന്നഥ
ബ്രഹ്മരാഗത്തിങ്കലങ്ങാനന്ദം വരുമാറു
വന്ദികൾ കൊണ്ടാടിന മംഗലസ്തുതികളും
മംഗലവാദ്യങ്ങളും മംഗലരാഗങ്ങളും
മംഗലവചനവും മംഗളമായിക്കേട്ടു
അംഗജശരമേറ്റു സങ്കടം പെരുക്കയാൽ
അംഗനാമണിതന്റെ അംഗഭംഗികൾ ചിന്തി-
ച്ചംഗമൊക്കയും വിയർത്തംഗജപീഡയാലെ
ലങ്കാനാഥനും സീതതന്നരികത്തുവേഗാൽ
അംഗനമാരുമായിബ്ഭംഗിയിൽ പുറപ്പെട്ടാൻ
ശൃംഗാരവേഷകളായംഗനമാരൊക്കയും
ചങ്ങലദീപങ്ങളും ഭംഗിയിലെടുത്തവർ
അംഗജകേളിയ്ക്കുള്ള കോപ്പുകളെല്ലാമപ്പോ-
ളംഗനമാരെക്കൊണ്ടങ്ങൊക്കയുമെടുപ്പിച്ചു
സീതയിലുള്ള കാമമുള്ളത്തിൽ സഹിയാഞ്ഞു
സീമയറ്റുള്ള പീഡ കൈക്കൊണ്ടുദശഗ്രീവൻ
സീതയെയനുവദിപ്പിക്കുവാൻ പുറപ്പെട്ടാൻ
ശാതകുംഭാലംകൃതനാരിമാർ ശതസംഖ്യം
യാതുധാനേന്ദ്രൻ തന്റെ മുമ്പിലും പിറകിലും
കൌതുകം വരുമാറങ്ങായതാക്ഷികൾ ചിലർ
ജാതരൂപങ്ങളായ ദീപട്ടികയ്ക്കൊണ്ടതിൽ
ജാതവേദസ്സുതന്നെഗ്ഗന്ധതൈലങ്ങൾ വീഴ്ത്തി-
ജ്ജാതവിഭ്രമം മുന്നിൽ മന്ദമായ് നടക്കുന്നു
കാഞ്ചഭൃംഗാരത്തിൽ തണ്ണിനീരെടുത്തിട്ടു
അഞ്ചിതഗതികളായരികേചിലരതിൽ
വെഞ്ചമരികളെടുത്താടവീയവേചില
ചഞ്ചലാക്ഷിമാർ കൂടെ മന്ദമായ് നടക്കുന്നു
സഞ്ചിതമധുചഷകങ്ങളെയെടുത്തുകൊ-
ണ്ടഞ്ചിതമൃഗമിഴിമാരുമുണ്ടതിൽ ചിലർ
കിഞ്ചനമദമോടുവാളുവട്ടകയുമ-
ങ്ങഞ്ജസാപലതരമായുധവാഹികളും
പുഞ്ചിരികലരവേയരികേമധുരമായ്
കൊഞ്ചിയും കുഴഞ്ഞവർ മന്ദമായ് നടക്കുന്നു
പഞ്ചാസ്യഗതിയായ രാവണദയിതമാർ
കാഞ്ചനദണ്ഡമായ വെൺകൊറ്റക്കുടയെടു-
ത്തഞ്ചിതം പിടിച്ചുകൊണ്ടൊരുവൾ നടക്കുന്നു
ചന്ദ്രസുന്ദരമുഖമന്ദഹാസമതായ
ചന്ദ്രികയിടെയിടെ മന്ദമായ് തുളുമ്പവേ
അല്ലുവെല്ലുന്നനല്ലധമില്ലമഴിഞ്ഞപ്പോൾ
മല്ലികമുല്ലവീചിമെല്ലവേചിതറവേ
മാരമാൽ പിണഞ്ഞതിൽ പാരമാമാവേശത്താൽ
ഹാരകേയൂരഭാരം ദൂരമായ് ചിതറവേ
ധാരിതതിലകമാമാനനം ഹരിപദേ
താരകനിരപോലെചാരുവായ് നിരക്കവേ
വക്ത്രമണ്ഡിതഗണ്ഡഘട്ടനനിവർത്തിതം
കുണ്ഡലപ്രകാരങ്ങൾ ചണ്ഡമായുലയവേ
വാരുണീപരിമളമേളിതസുനിശ്വാസ
മാരുതനാലേ മുലക്കച്ചകളിളകവേ
കർപ്പൂരഖദിരോരുതാംബൂലപരിമളം
നല്പോടുനാലുപാടുമങ്ങിനെ വീശീടവേ
ദാരുണസ്മരശരഘോരഘോഷത്താലുണ്ടാ-
യോരു സംജ്വരപരിഹാരദിവൌഷധത്തെ
സാരസമിഴിയിണചാരുവായിരിയ്ക്കയാ-
ലാദരവോടുമധുരാധരരസം നൽകും
പാരമിത്തിരി പാർത്തിട്ടാകയില്ലയോയിതി
സാരയാം രസന താൻ സന്ധിച്ചുപറകയാൽ
ഊരുക്കൾ ജഘനവും മെല്ലമെല്ലടങ്ങവേ
സാരസ്യസമുദ്രത്തിൽ സാദരം കളിയ്ക്കുന്ന
സാരസമിഴിയിണയോടിയങ്ങൊളിയ്ക്കവേ
സാരമാം ബ്രഹ്മനാദം വാനവർക്കെന്നപോലെ
ഞാനെന്നുമവനെന്നും വേർതിരി കൂടാതെക-
ണ്ടാനന്ദാംബുധിതന്നിൽ വീണുടൻ മുഴുകിയും
മാനദശരീരത്തോടൊന്നായിച്ചേരുമാറു
സംഭോഗമുണ്ടായാലുള്ളൊരു തളർച്ചയും
വാരുണീമദശേഷം കൊണ്ടൊരു ഹുംകൃതിയും
നിദ്രതന്നനുബന്ധം കൊണ്ടുള്ളോരലസത
മുദ്രയില്ലാത്തകാമം കൊണ്ടുണ്ടാമുത്സാഹവും
രാവണനോടുള്ളൊരു കാമരാഗങ്ങൾകൊണ്ടും
രാവണദയിതമാരേറ്റവും ശോഭിയ്ക്കുന്നു
അപ്പോഴുതൊരുഘോഷം കേൾക്കായി ഹനുമാനും
കാൽ ചിലമ്പൊലികളും ഭൂഷണരവങ്ങളും
മുത്തണിമുലമാർകൾനൽസ്തുതിപാടുന്നതും
കാഞ്ചനദീപങ്ങടെ ജ്വാലതൻ പ്രകാശത്താൽ
കാഞ്ചനഭൂഷണങ്ങൾ തന്നിലെരത്നത്താലും
കാഞ്ചനമണിപ്രഭമായപ്പോൾ പരമെങ്ങും
പഞ്ചബാണാർത്തിപൂണ്ടരാവണൻ വരവെന്നു
പത്മപത്രാക്ഷനായ രാമദൂതനുമപ്പോൾ
പത്രപുഷ്പാദികൊണ്ടങ്ങാത്മാവെമറച്ചുകൊ-
ണ്ടംഗമൊക്കയും ചുരുക്കീടിനാൻ കപിവരൻ
രൂപയൌവനമദകാമഭാസുരനായ
രാവണൻ തന്നെക്കണ്ടു പേടിച്ചു സീതാദേവി
ഊരുകൊണ്ടുദരവും കൈകളാൽ മുലകളും
ചാരുവായ്മറച്ചവൾ കുന്തിച്ചങ്ങിരുന്നിതു
യാതുനായകൻ താനും കണ്ടാനങ്ങതുനേരം
മാധുര്യമനുരാഗം തേടുന്ന വചനങ്ങൾ
സാദ്ധ്വിയാമിവൾതന്നോടീവണ്ണമുരചെയ്താൻ
കന്നൽ നേർമിഴിയാളേ! ഖിന്നതകളഞ്ഞാലു-
മെന്നെക്കണ്ടല്ലോനീയും മുലയുമുദരവും
നന്നായി മറച്ചുകൊണ്ടിരുന്നു ജനകജേ!
എന്നെ നീ പേടിയ്ക്കാതെതേറുകമനോഹരേ!
ധർമ്മമെത്രയും യാതുധാനന്മാർക്കറികനീ
പൂണ്ടിതുപരസ്ത്രീയെയേതുപായങ്ങൾ കൊണ്ടും
എങ്കിലും തവമനമഴിയാതെകണ്ടിപ്പോ-
ളിങ്ങിനെ കാമദേവൻ കൊന്നീടുമിന്നുമെന്നെ.
എന്തുനീമനോഹരേ!യിങ്ങിനെ തുടങ്ങുന്നു
ചന്തമില്ലേകവെണിയായിട്ടുകണ്ടാൽനിന്നെ
ചിന്തിച്ചുപേടിയ്ക്കേണ്ടാനാകനായികേ!നിയ്യു-
മെന്തിനിങ്ങിഴുകിയവസനം ധരിയ്ക്കുന്നു?
സന്തതം രാഗം കൊണ്ടും പന്തേലും മുലയാളേ!
അന്ധതപരമസ്ഥാനത്തിലെന്തുപവാസം?
ബന്ധമെന്നതുമുള്ളിൽ പാർത്തുകണ്ടാരോമലേ!
ഗന്ധതൈലങ്ങൾ കൊണ്ടു തേച്ചു നീ കുളിച്ചാലും
ഗന്ധകസ്തൂരികളഭങ്ങളെയണിഞ്ഞാലും
ഗന്ധമുള്ളൊരു കുസുമങ്ങളെച്ചൂടിയാലും
ഗന്ധേഭഗമനേ! നീ ഭൂഷണമണിഞ്ഞാലും
അന്ധയായ് നിർബ്ബന്ധംകൊണ്ടിങ്ങിനെ പീഡിച്ചിട്ടു
ബന്ധുരമായ നല്ല യൌവനം പോകുന്നല്ലോ
ചിന്തുന്ന കനൽ പോലെ കണ്ണുകൾ ചുവന്നതു-
മന്തമില്ലാതതാപമെന്തിനുമനോഹരേ!
എന്തിനിങ്ങിരിയ്ക്കുന്നു പീഡയുണ്ടെനിയ്ക്കയ്യോ!
സുന്ദരി! പോയീടുന്ന യൌവനമിനിപ്പിന്നെ
ഇന്ദുനേർമുഖിയാളേ! വരികയില്ല നൂനം
സിന്ധുവിലൊഴുകിപ്പോയ് കൂടുന്ന നദികളും
പിന്നെയും തിരിയെ വന്നീടുകയില്ല ബാലേ!
നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങീ പിതാമഹ-
നെന്നുതോന്നീടും ഇന്നെ മനസ്സിൽ നിരൂപിച്ചാൽ
മറ്റൊരുവർക്കും നിന്നോടൌപമ്യലേശം പോലും
പറ്റായെന്നതുനൂനം മട്ടോലും മൊഴിയാളേ!
കുറ്റമറ്റൊരുനിന്റെ രൂപത്തെക്കാണുന്നാകിൽ
വിട്ടുപോം പിതാമഹൻ തനിയ്ക്കും ധൈര്യം നൂനം
ഏതേതോരവയവംതാവകം കാണുന്നുവെൻ-
നയനമവിടുന്നു നീങ്ങുന്നില്ലന്യദിക്കിൽ
ഉത്തമസ്ത്രീകളെത്രപേരവർക്കെല്ലാവർക്കു-
മുത്തമയായിട്ടുനീവസിയ്ക്കജനകജേ!
മത്തേഭഗമനേ! നിന്നുത്തമകാന്തികണ്ടെ-
ന്നുത്തമഭവനവുമുത്തമരത്നങ്ങളും
സത്വമേറീടുന്നൊരു സേനയും ധനങ്ങളും
മത്തകാശിനി! നിനക്കെത്രയും സമർപ്പിച്ചേൻ
മനുജാധിപന്മാരെജ്ജയിച്ചുനന്മണിയെ-
ജ്ജനകനോടുമൊഴിയാതെ ഞാൻ നൽകീടുവൻ
എനിയ്ക്കുസമബലനായിട്ടേതുലകിലും
ജനകാത്മജേ! യാരുമില്ലെന്നതറിഞ്ഞാലും
മാനമേറിയദാനവാരികൾ മികവുള്ള
ദാനവന്മാരുമെന്നോടെത്ര തോറ്റിരിയ്ക്കുന്നു!
മാനിനി!യെന്റെ ശൌര്യവ്യഞ്ജകങ്ങളായുള്ള
വജ്രചക്രാദികൊണ്ടു വായ്പുകൾ കാൺകനിയ്യും
മനുജാധിപകന്യാമൌലികൾ മാലേ! നിയ്യെ-
ന്മനസികുളുർക്കവേ ഭൂഷിയ്ക്കദേവി!യെങ്ങും
കോപ്പിട്ടുനിന്നെക്കണ്ടു ഗാഢമായ്പ്പുണരാഞ്ഞു
തീപ്പെട്ടുനീറും പോലെ നീറുന്നു മനമെന്റെ
മേല്പോട്ടുപലകാലം ഭോഗങ്ങൾ ഭുജിപ്പതി-
നാപ്പെട്ടനാരീമണേ! കുളിയ്ക്കങ്ങൊരുക്കട്ടെ
തേച്ചിട്ട രത്നം പോലെ നിന്നുടെ പൂമേനിയും
വായ്‌വെട്ടുവിളങ്ങട്ടെ സ്നാനാദിസംസ്കാരത്താൽ
പൊമ്പട്ടം കൊണ്ടു ഫാലം പൊമ്പട്ടം കൊണ്ടൂരുക്കു-
ളിമ്പെട്ടു മുന്നേതിലും കുമ്പിട്ടോരെന്നെനിയ്യും
മുമ്പിട്ടു നോക്കീടയ്യോ! പിമ്പെട്ടുമാരമാലും
ചാമ്പട്ടേ കുയിൽ മൊഴി! മാനിനി! നാണിയ്ക്കാതെ
അങ്ങിനെ തന്നെയെന്നു ചൊല്ലുകയെന്നോടിപ്പോൾ
ചൊല്ലുവാൻ നാണമുണ്ടെന്നെങ്കിലെന്മുഖം നോക്കു
മന്ദമാം സ്മിതം കൊണ്ടു സംവദിച്ചാലുമിപ്പോൾ
രാമനെയിനിത്തവ കാണ്മതിന്നാശവേണ്ട
രാമനു നിന്നെക്കിട്ടാതെയെങ്കയ്യിലകപ്പെട്ടാൽ
രാമനെന്നോടു തുല്യനല്ലൊന്നുകൊണ്ടും ബാലേ!
ഐശ്വര്യം തപോബലം ശക്തിവിക്രമങ്ങളും
തേജസ്സുമോജസ്സുമങ്ങിത്തരമൊന്നുകൊണ്ടും
മത്സമനല്ല രാമനെന്നുനീധരിയ്ക്കേണം
മത്സരിച്ചാലുമവനെന്നോടുകഴിവില്ല
തത്സംഗമോഹം വിട്ടുമത്സംഗം മോഹിച്ചാലും
സംത്സംഗമെത്തിയെന്നാൽ ദുസ്സംഗം മറക്കേണം
ബാലികേ! മനോഹരേ! മോഹനേ! മൃദുവാണി!
കാതരവിലോചനേ! കാതരനായ മമ
ചേതസിവലയുന്നു ചോരിവാതരികനീ
നീലകുന്തളേ! ബാലേ! നിർമ്മലകളേബരേ!
നീരജവിലോചനേ! നീ പുണരാഞ്ഞിട്ടെന്നിൽ
നീറുന്നതൊരിയ്ക്കലുമാറുന്നതില്ലതേതുമേ
മാറിൽ വീണലച്ചാലും ചോരിവാമലർകണ്ടു
മാരമാലിയലുന്നു സാരസവിലോചനേ!
സാരസ്യം പറഞ്ഞാലും കോപമെന്നിയേ ദേവി
കോരകമുലചേർത്തു മോദേനയണച്ചാലും
മാരമാൽ കൊണ്ടു ഞാനും മാഴ്കുന്നു മനോഹരേ!
മാരകേളികൾക്കുള്ള ഭാവങ്ങൾ നടിച്ചാലും
മാരുതൻ പരിമളമോടിതാവീയീടുന്നു
മാനേലും മിഴിയാളേ! പീഡകൾ സഹിപ്പതോ
കൂടലർ കാലനായോരെന്നോടു രസിച്ചുനീ
കൂടവേ രമിച്ചാലും ഗൂഢമെന്നിയേദേവി!
കാടകം തേടീടുന്ന രാമനെക്കാംക്ഷിക്കാതേ
കേടറ്റലങ്കവാണീടോമലേ! സുഖിച്ചുനീ
ആടലും കളഞ്ഞിഹ കേറ്ററ്റ പനിനീരിൽ
ചേടിമാർ കുളിപ്പിക്കും ഹാടകമണിമയ
വീടകം പൂകീടുക പീഡയും കളഞ്ഞുനീ
ഹാടകങ്ങളും കൂടിച്ചേടിമാരരച്ചുള്ള
പാടീരസുരഭികൾ കൂടെയങ്ങണിഞ്ഞാലും.
കേടറ്റമണിമയഭൂഷണവരങ്ങളിൽ
തോടകൾ മണിമയ ഹാടകനൂപുരങ്ങൾ
പേടമാൻ മിഴിയാളേ! ഹാരമാദിയായെല്ലാം
കൂടിയങ്ങലങ്കരിച്ചീടുക മനോഹരേ!
ചേടിമാർ നിനക്കിഹ നാകനാരിമാരല്ലോ
തോടുകൾ പുഴയിലും കാടുകൾ മലയിലും
പാടേനീവെയിലൂടേ ചൂടോടേ നടന്നയ്യോ!
കാടകം തേടീടുന്ന രാമനെ മോഹിയ്ക്കാതെ
ആതപം തട്ടാതെ കണ്ടീടുറ്റഭവനത്തിൽ
ലോകപാലോപമനാമെന്നോടു രസിച്ചാലും
കാലുഷ്യം കളഞ്ഞുനീ നിർമ്മലചിത്തയായി
ധർമ്മമെന്നിരിയാതേ മന്മഥലീലയ്ക്കായി-
സ്സമ്മോദം കലർന്നുനീയെന്നോടുരസിച്ചാലും
വീരരായുള്ളോരേയും ശൂരരായുള്ളോരേയും
ചാരുവായുള്ള രൂപലാവണ്യമുള്ളോരേയും
ദാനശീലന്മാരേയും മാനിനിയായുള്ളോരേയും
കാമികളായോരേയും കോമളരായോരേയും
കാമകേളികൾക്കതി ചാടുവായുള്ളോരേയും
അത്രയുമല്ല നടനർത്തകന്മാരെങ്കിലും
വിദ്യകൾ പഠിച്ചതിലെത്രയും സമർത്ഥരായ്
ഒത്തിരിയ്ക്കുന്നനല്ലോരുത്തമന്മാരിലല്ലോ
ചിത്തജകേളീരസമെത്രയുമണിഞ്ഞുള്ള
മുത്തണിമുലമാർതൻ ചിത്തവുമഴിഞ്ഞുപോ-
മിഗ്ഗുണമെല്ലാമെനിയ്ക്കൊക്കയുമുണ്ടുപാർത്താൽ
വീരകാമിനിമാരായിരിയ്ക്കും തരുണിമാർ
വീരനാമെന്നോടൊത്തില്ലീരേഴുലോകത്തിലും
വിദ്യകൊണ്ടെന്നാകിലും മത്സമനില്ല നൂനം
ചിത്തജകേളിയ്ക്കെന്നോടൊത്തവരില്ലബാലേ!
നൃത്തഗീതവാക്യങ്ങളൊക്കെയുമറിയും ഞാൻ
അത്രയുമല്ല കാമശാസ്ത്രരീതികളെല്ലാ-
മുത്തമേ! കലാവിദ്യയൊക്കേയുമറിയും ഞാൻ
വിസ്തൃതകീർത്തിമാനെന്നുൾക്കാമ്പിലറികനീ
രാവണൻ മാനശാലിയെന്നതു കേൾപ്പില്ലയോ
താവകമനസ്സിലെന്തിങ്ങിനെ തോന്നീ ബാലേ!
രാവണൻ മാറിൽ വീണു മാരകേളികൾക്കായി-
ട്ടാവതില്ലാഞ്ഞുചിലനാരികൾ ദുഃഖിയ്ക്കുന്നു
സ്വർഗ്ഗവാസികളെല്ലാം ഭൃത്യരായ് ദിനം പ്രതി
മൽപ്പദം സേവിച്ചിട്ടു നില്പവരല്ലോ ബാലേ!
സിദ്ധവിദ്യാധരന്മാർ ഗദ്യപദ്യങ്ങൾ കൊണ്ടും
മത്സഭയിങ്കൽ നിന്നു നിത്യവും സേവിച്ചീടും
ത്വൽ സദൃശയായിട്ടു മറ്റൊരുത്തിയുമില്ല
മല്പദം സേവിച്ചീടുമുഗ്ദ്ധലോചനേ! ബാലേ!
അപ്രിയം പറയരുതത്യന്തം ഗുണശീലേ!
ദുസ്തരദുഃഖാർണ്ണവം തന്നിൽ വീണുള്ളോരെനി-
യ്ക്കക്കരെകടപ്പാനും ത്വൽകൃപയായുള്ളൊരു
പുത്തനാം തോണി തന്നീട്ടിപ്പൊഴുതുലയ്ക്കാതേ
മധുരവാണി കേളാഞ്ഞധികമുഴലുന്നു
മതിനേർമുഖിയാളേ! മധുരമാകും വണ്ണം
വദിച്ചു ചിരിച്ചു നീ ദുര്യുക്തിപറയാതെ
എന്നതുപറഞ്ഞങ്ങുരാവണൻ നിൽക്കുന്നേര-
മുന്നതകുലജാതയാകിയസീതാദേവി
ഖിന്നതകലർന്നതികണ്ണുനീരൊലിയ്ക്കവേ
പൂർണ്ണചന്ദ്രനുസമമാകിയരാമചന്ദ്രൻ-
തൻ മുഖബിംബം തന്നേ ചിത്തത്തിലുറപ്പിച്ചു
കന്നൽ നേർമിഴിയാളും മന്യുശോകങ്ങളോടെ
മുന്നിലിട്ടവൾ തൃണം മന്ദമായുരചെയ്താൾ
എന്നിലുള്ളാശയെടുത്തൊട്ടുമേമടിയാതേ
നിന്നുടെ ഭാര്യമാരിൽ വയ്ക്ക നീപൌലസ്ത്യജ!
എന്നെയങ്ങൊരുനാളും തൊടുവാൻ കഴിവരാ.
വല്ലാതേനിനച്ചുനീകാലത്തെക്കളയാതേ
അന്യനാരിയിലുള്ളോരാശയേ വെടിഞ്ഞുനീ
ധർമ്മത്തെനിനച്ചാലും ധർമ്മമോയിതുപാർത്താൽ?
നിർമ്മലചിത്തനായ മാമുനികുലത്തിങ്കൽ
നിർമ്മര്യാദിയാം നീയ്യുമെങ്ങിനെയുണ്ടായ്‌വന്നു?
തന്നുടെ ഭാര്യതന്നിലെങ്ങിനെയഭിമാന-
മങ്ങിനെ നിനയ്ക്കേണം മറ്റേവൻ ഭാര്യയിലും.
നല്ലനേരായധർമ്മം ചൊല്ലുവാനിവിടേയും
നല്ലവരായിട്ടുള്ളവരില്ലയോ നിരൂപിച്ചാൽ
നല്ലവർ ചൊല്ലുകേളാഞ്ഞല്ലയോയിതുതോന്നി.
ആചാരഹീനമായ ബുദ്ധിയുണ്ടായിതവ
ആചാരക്കേടുചെയ്താലാപത്തു ഭവിച്ചീടും
ആചാരമറിഞ്ഞവർ ചൊല്ലീട്ടു കേളായ്കയോ
ആശരകുലത്തിനുനാശങ്ങൾ വരുവാനായ്
ആചാരക്കേടുകാട്ടിരാജാവുരാജ്യം വാണാ-
ലാചാരപരന്മാരെന്നാകിലും പ്രജകൾക്കു
ആപത്തുരാജ്യത്തോടെയൊന്നിച്ചുവരുമല്ലോ
ആവതില്ലാശരരർക്കു നാശങ്ങളണഞ്ഞുതേ
വേണ്ടെടോ! മതിമതി ദൌരാത്മ്യം കളഞ്ഞാലു-
മാപത്തുവരും നൂനമിങ്ങിനെ ചൊല്ലുന്നാകിൽ
ലോകനാഥനാം രാമൻ തന്നുടെ മഹാഭുജ-
മേകമാമുപധാനം വെച്ചൊരു തലയ്ക്കു ഞാൻ
മറ്റൊരുവന്റെ ഭുജം വെയ്ക്കയില്ലൊരുനാളും
പറ്റലർ കുലകാലൻ തന്നെ ഞാൻ മറക്കുമോ?
ആഭാസകുലത്തിങ്കലല്ലഞാൻ ജനിച്ചുള്ളു
ആഭാസം തവൈശ്വര്യം കണ്ടുഞാനിളകുമോ?
അത്രയുമല്ല പ്രാതിവ്രത്യമെന്നറികനീ-
യിത്തരം ചപലത പറയാതടങ്ങേണം
ഇത്തിരികാലം വൈകാതെന്നെനീകൊണ്ടുചെന്നു
സത്യസന്ധനായുള്ള രാമന്റെ കാക്കൽ വെച്ചു
ഭക്തിപൂണ്ടഭയമെന്നൂഴിയിൽ വീണുതാകിൽ
സത്വവാൻ മറന്നീടും നിന്നുടെയപരാധം
ദുസ്തരമായോരാപത്തല്ലായ്കിൽ വരുംതാനും
കാമുകനായ നീയുമീവണ്ണം ചെയ്തീടായ്കിൽ
കാർമുകിൽ മഴ പൊഴിയ്ക്കുന്നതുപോലെരാമൻ
ആശുഗം പൊടിച്ചുടൻ ലങ്കയെബ്ഭസ്മമാക്കും
കാമാരിപുരത്രയം പണ്ടെരിച്ചതുപോലെ
പാരമപ്പതികാലം വൈകുകയില്ലനൂനം
രാമലക്ഷ്മണനാമചിഹ്നിതശരങ്ങളെ-
ക്കാണ്മതിന്നവകാശം വന്നീടും കളിയല്ല
നല്ലതുനിനക്കാരും ചൊല്ലുവാനില്ലെന്നല്ലി
ഇക്കാലമാപത്തിനെയെന്താരും വിലക്കാത്തു?
ആനയോടൊക്കും രാമൻ പൂനയോടൊക്കും നീയ്യും
സിംഹത്തോടൊക്കും രാമൻ നായോടു സമം നീയ്യും
രാമനെ ദുഷിയ്ക്കുന്ന നിന്നുടെ നാക്കെന്തിപ്പോൾ
ഭൂമിയിൽ നൂറായ്ക്കീറി വീഴാത്തു ശിവ!ശിവ!
ദുഷ്ടതയോടെ നീ നോക്കുന്ന പൂച്ചക്കണ്ണും
നഷ്ടമായെന്തേ ധരണീതലേ പതിയ്ക്കാത്തു?
എത്രയും ശൌര്യമുള്ള നീയെന്നെ മായകൊണ്ടു-
മെത്രയും ദൂരത്താക്കി രാമലക്ഷ്മണന്മാരേ
വിത്രസ്തനായിട്ടന്നു കട്ടുകൊണ്ടോടിപ്പോന്നു
നിസ്ത്രസ്തൻ നിയ്യെന്നാകിലവരോടമർചെയ്തു
വിക്രമിച്ചെന്നെക്കൊണ്ടു പോരികയല്ലോ വേണ്ടൂ
ലക്ഷ്മണനൊരുത്തനും കൂടവേ പോകുവോളം
രാക്ഷസാധമയൊളിച്ചല്ലയൊനിന്നുനൂനം
വിക്രമത്തിനുനിനക്കൊത്തവരിഹപാർത്താ-
ലിത്രൈലോക്യത്തിലെങ്ങും നില്പവരില്ലനൂനം.
ലോകവീരരായുള്ള രാമലക്ഷ്മണന്മാരി-
ലേകന്റെ മുമ്പിന്നെന്നെക്കൊണ്ടുപോരികിലന്നു
നാകലോകത്തിൽ വാഴും രാമബാണങ്ങൾ കൊണ്ടു
ഏകവീരനായുള്ള രാഘവനിരിയ്ക്കവേ.
ശോകമോഹത്താൽ നിന്നെശ്ശപിച്ചു ഞാനെങ്കിലോ
ലോകത്തിൽ രാമകീർത്തി ലോപിച്ചുപോമെന്നു ഞാൻ
കോപത്തെയടക്കീട്ടുശാപത്തെ തരാഞ്ഞതും
അത്രയുമല്ല തപശ്ശക്തിപോമെന്നുള്ളൊരു
ബുദ്ധികൊണ്ടത്രേ നിന്നെബ്ഭസ്മമാക്കീടാത്തതും
അല്പമായിരിയ്ക്കുന്നോരൈശ്വരീയത്തെക്കാട്ടി-
ച്ചിത്തമങ്ങിളക്കാമെന്നെന്നോടു നിനയ്ക്കാതെ
മത്തമാതംഗഗതയൊത്തൊരുരഘുപതി-
പത്നിയാകുന്നതെന്നുൾത്തളിരിലറിഞ്ഞീലേ?
ദുർഭഗരക്ഷോനാഥപത്തനമെല്ലാം രഘു
സത്തമബാണങ്ങളാൽ ദണ്ഡ്യമായ് ഭവിച്ചീടും
അസ്ത്രങ്ങൾ കൊണ്ടു നല്ല രാക്ഷസപ്രവരന്മാർ
ചത്തുവീണിടുമവരൊക്കയും നിന്റെ മുമ്പിൽ
ദുഷ്കർമ്മമുള്ളനിന്റെയാനതേർ കുതിരകൾ
ദുർഗ്ഗവും ഭടന്മാരും ദുസ്സഹമായി രണേ
മാർഗ്ഗണം കൊണ്ടുമുറിച്ചീടുമേ രഘുപതി
പാർത്തലത്തിങ്കൽ വീണു ചേർച്ചയാം ബന്ധുക്കളോ-
ടാർത്തനായ്ക്കേണുയമമാർഗ്ഗത്തിൽ നടന്നീടും
ധൂർത്തരിൽ മുമ്പനായ രാക്ഷസാധമ! നിന്റെ
വാക്കുകൾ കേൾക്കുന്തോറും ചീർത്തകോപങ്ങളുണ്ടാം
മൂർഖരിൽ വിരുതനാം രാക്ഷസ! നിന്റെ മാറിൽ
കൂർത്തുള്ള ശരമെറ്റങ്ങാർത്തനായ്‌വീഴുന്നതും
പാർത്തുകൊണ്ടിരിപ്പൻ ഞാൻ ചീർത്തമോദത്തോടിഹ
പാർത്ഥിവശിഖാമണിയായുള്ള രഘുപതി
പോർത്തലം തന്നിലെത്തി നേർത്തുപോർ ചെയ്യുന്നേരം
രാക്ഷസപ്രവരന്മാരാർത്തുമണ്ടീടും നൂനം
താർക്ഷ്യനെ കാണുന്നേരം സർപ്പജാലങ്ങൾ പോലെ
ചിത്രമാം നിന്റെ ശൌര്യം സൽപ്പതി സമാനനാം
മൽപ്പതിരഘുവരൻ നിൽക്കവേ കൊണ്ടുപോന്നാൽ
ചത്തിച്ചു മാനായ് വന്നു കളിച്ചു മാരീചനും
കുതിച്ചുതുള്ളിപ്പാഞ്ഞങ്ങകറ്റിരാമൻ തന്നെ
നടിച്ചു വിൽകുലച്ചങ്ങടുത്തു നിൽക്കുന്നേരം
പിടിപ്പാൻ വഹിയാഞ്ഞു തൊടുത്തു ബാണമപ്പോൾ
വിളിച്ചുമായകൊണ്ടങ്ങകറ്റിയനുജനെ-
ച്ചതിച്ചുവന്നങ്ങെന്നെയെടുത്തു തേരിൽ വെച്ചു
തിരിച്ചു മണ്ടുന്നതും കരുത്തോ ശിവ! ശിവ!
കരുത്തില്ലാത്ത നാരിജനത്തെപ്പിടിപ്പാനായ്
ക്കരുത്തനായനിനക്കൊരുത്തനെതിരുണ്ടോ?
അല്ലയോ യാതുധാന! വംശനാശവും വരും
വല്ലാതെയധർമ്മത്തിൽ സഞ്ചരിച്ചീടും ജനം
എല്ലാമേനശിച്ചീടും നില്ലാതെ കാലം ചെറ്റും
ഇത്തരം ജനകജാവാക്കുകൾ കേട്ടനേരം
ബദ്ധരോഷത്തോടേവമുത്തരമുരചെയ്താൻ
മുത്തണിമുലയാളേ! കർക്കശവാക്യ കേട്ടാ-
ലുത്തമാംഗത്തെവെട്ടിദ്ധാത്രിയിലിടുവാനായ്
ചിത്തതാരിതിൽ തോന്നുന്നുത്തമഗുണശീലേ
ബുദ്ധിചൊല്ലിയാലിതെന്തിത്തരം പറയുന്നു?
മത്തേഭഗാമിനി! നീ ചിത്തജപീഡകൊണ്ടി-
ങ്ങെത്തിനോരാശകൊണ്ടിങ്ങിത്ര ഞാൻ ക്ഷമിച്ചതും
ഇത്രനാളെന്നതെല്ലാം ചിത്തേ നീ ധരിച്ചാലും
മത്തകാശിനിയിപ്പോൾ പത്തുമാസമായല്ലോ
നിത്യവും പറഞ്ഞിട്ടും ചിത്തമങ്ങിളകാതെ
നില്പതിനെല്ലാമിനിശ്ശിക്ഷചെയ്യിപ്പിക്കുന്നുണ്ടു
വത്സരം തികവാനായ് ശിഷ്ടമാം രണ്ടുമാസം
സത്വരം കഴിഞ്ഞാലങ്ങപ്പുറമടുക്കള
വെയ്ക്കുന്ന ജനം നിന്നെബ്ഭക്ഷണത്തിന്നീയെനി-
യ്ക്കൊക്കെയും മുറിച്ചിട്ടങ്ങഗ്നിയിൽ പചിച്ചഥ
ഭക്തിയോടവർ തന്നു ഭുക്തിചെയ്തിടുവൻ ഞാൻ
ഇത്തരം പറഞ്ഞഥ രാക്ഷസീജനത്തോടും
രാക്ഷസാധിപൻ ചൊന്നാ ക്രുദ്ധനായിതിങ്ങിനെ
ദുഷ്ടയാം സീത തന്റെ മാനസമഴിപ്പാനായ്
വട്ടം കൂട്ടീടേണമേ മുഗ്ദ്ധലോചനമാരെ!
ദുഷ്ടമാം വ്രണം പോലെ ചിത്തമങ്ങിവൾക്കെന്ന-
ങ്ങൊക്കയും കളഞ്ഞെന്നിൽ ചിത്തമങ്ങുറപ്പാനായ്
കാലക്ഷണം കളയാതെ വാക്കുകൊണ്ടുള്ള വൈദ്യം
രാക്ഷസീജനങ്ങളേ! പേർത്തുചെയ്യേണം നിങ്ങൾ
ഇത്തരം പറഞ്ഞഥ ജാനകീദേവിതന്നെ
ക്രുദ്ധനായ് നോക്കിക്കൊണ്ടു കർക്കശവാക്യം പാര-
മുച്ചരിയ്ക്കുന്നനേരം കഷ്ടമങ്ങതിലുള്ള
സിദ്ധഗന്ധർവ്വദേവയക്ഷനാരിമാർകളും
ഒക്കയും രാക്ഷസനോടൊത്തുവന്നുള്ളജനം
സത്വരഭാവം കൊണ്ടും വീക്ഷണങ്ങളെക്കൊണ്ടും
ഉത്തമസീതതന്നൊടുച്ചരിച്ചിതുമെല്ലേ
രാക്ഷസകോപം കണ്ടിട്ടൊട്ടുമേഭയമരു-
തിത്തരം ഭാവം കൊണ്ടു കാട്ടിയാശ്വസിപ്പിച്ചു
ധന്യയായിരിക്കെന്നു ധന്യമാലിനിയെന്ന
കന്നൽ നേർമിഴിയാളായുള്ളൊരു മണ്ഡോദരീ
ചെന്നുടൻ രാക്ഷസേന്ദ്രൻ തന്നെയും ഗാഢമായി-
ത്തന്നുടെ കരം കൊണ്ടു പൂണ്ടുകൊണ്ടുരചെയ്താൾ
എന്നോടുകൂടെരമിച്ചീടുകരക്ഷോനാഥ!
നിന്നോടുകൂടി രമിച്ചീടുവാനിവൾക്കിന്നു
ഉന്നതഭാഗ്യമില്ലെന്നുള്ളിൽ നീയറിഞ്ഞാലും
സുന്ദരൻ തന്നെ മോഹിയ്ക്കതൊരുനാരിമാരെ
സുന്ദരിയെന്നാകിലുമെന്നുമെമോഹിയാതെ
സുന്ദരനായ നിന്നോടാശകെട്ടുള്ളോരിവൾ-
ക്കെന്നൊരു സുഖമറിഞ്ഞീടലാം രക്ഷോനാഥ!
അങ്ങിനെയിരിയ്ക്കുന്ന നാരിയെ മോഹിച്ചിട്ട-
ങ്ങെന്തൊരു സുഖമതിലുണ്ടാവൂ നിരൂപിച്ചാൽ
ആശപൂണ്ടറിയാതെ വാശിയും പിടിച്ചു നീ
പേശലമായ ദേഹമാശര കളയാതെ.
പേശലാംഗി തന്നുടെ വാചകം കേട്ടു ധീരൻ
ഹാസവും ചെയ്തുപോയി നാരിമാരോടും കൂടി
ആശരരാജൻ തന്റെ വീടുപുക്കതുനേരം
മക്ഷികപോലെവന്നു രാക്ഷസീജനങ്ങളും
ഉത്തമസീതതന്റെ ചുറ്റിലും നിറഞ്ഞിതു
അന്നേരമേകാംഗന ചൊല്ലിനാൾ കോപത്തോടെ
സ്രഷ്ടാവിൻ പുത്രന്മാരായാറുപേരുണ്ടായ്‌വന്നു
ശിഷ്ടനായുള്ള നല്ല പുലസ്ത്യൻ നാലാമവൻ
അപ്പുലസ്ത്യന്റെ പുത്രനാം മുനിവിശ്രവസ്സു
തൽപ്പുത്രൻ രാവണനെന്നറികജനകജേ!
അങ്ങിനെയുള്ള വീരൻ തന്നുടെ ഭാര്യയാവാൻ
തിങ്ങിന ഭാഗ്യം കൊണ്ടേവരുമെന്നറിഞ്ഞാലും
അജ്ഞാനം കളഞ്ഞിനി രാവണഭാര്യയായി
വിജ്ഞാനമുള്ളനിയ്യും രമിയ്ക്കമനോഹരേ!
പൂച്ചക്കണ്ണിയാം ഹരിജടയെന്നിവൾ പിന്നെ
മൂർച്ഛിതകോപമാകും വണ്ണമങ്ങുരചെയ്താൾ
ദേവകൾ പൂജിയ്ക്കുന്ന ദേവേശൻ തന്നെവെന്ന
ദേവനാം വീരസിംഹനായുള്ള പൌലസ്ത്യന്റെ
ദേവിയായിരിപ്പാനുമെന്തിനുമടിയ്ക്കുന്നു
മറ്റുള്ള ഭാര്യമാരെയൊക്കെയുമുപേക്ഷിച്ചു
മുറ്റുമേ നിന്നോടൊത്തു രമിയ്ക്കും രക്ഷോനാഥൻ
രാക്ഷസിവികടയും ചൊല്ലിനാളതുനേര-
മുത്തമേ! സീതേ! നിന്റെ ചിത്തത്തിലൊരുനാളും
ദുഃഖമുണ്ടായീടരുതൊട്ടുമേ മനോഹരേ!
യക്ഷകിന്നരദൈത്യ സിദ്ധഗന്ധർവ്വന്മാരെ-
യൊക്കയും ജയിച്ചുള്ള രാക്ഷസരാജാവിന്റെ
പത്നിയായിരിപ്പാനുമെത്രയും ഭാഗ്യം വേണം
ത്വൽ ഭാഗ്യം കൊണ്ടുവന്നിങ്ങെത്തിയനേരത്തിങ്കൽ
നിർഭാഗ്യൻ തങ്കൽ മനം പറ്റാമോ സുമദ്ധ്യമേ!
ചിത്തവും തെളിഞ്ഞുടനൊത്തുനീവസിച്ചാലും
ദുർമ്മതിയോടും കൂടിപ്പിന്നെയങ്ങതുനേരം
ദുർമ്മുഖി ചൊന്നാളപ്പോളിങ്ങിനെയോരോതരം
ദുർജ്ജയരാക്ഷസേന്ദ്രൻ തന്നുടെ വൈഭവങ്ങൾ
ദുർമ്മതേ!യറിയുന്നതില്ലായായിതിലൊന്നും?
സൂര്യനും ലങ്ക തന്നിൽ ചൂടുകൂടാതെപോരു-
മാര്യനാം വായു കൊടുങ്കാറ്റടിയ്ക്കയുമില്ല
അർദ്ധരത്രിയ്ക്കു സൂര്യൻ മൂർച്ഛിച്ചാലുദിച്ചീടു-
മുച്ചയ്ക്കു ചന്ദ്രൻ വന്നങ്ങുദിപ്പാൻ പറഞ്ഞാകിൽ
പ്രത്യക്ഷമായി വന്നങ്ങുദിയ്ക്കും ഭയത്തിനാൽ
വീരനാം നിശാചരൻ പാരാതെ പറയുമ്പോൾ
വാരിദനിരയെല്ലാം മാരികൾ പൊഴിയ്ക്കണം
ശൈലങ്ങളാഴികളായുണ്ടാകും പറയുമ്പോൾ
പൂമഴ പെയ്തീടേണം ദേവകളെല്ലാവരും
ശൂരതയുള്ള രക്ഷോനാഥനങ്ങുരചെയ്താൽ
ഭാര്യയാവാതങ്ങൊരു നാരിയുണ്ടായീടുമോ?
ഇത്തരം പറഞ്ഞഥ രാക്ഷസീജനമെല്ലാ-
മൊത്തുചൊല്ലിനാരോരോന്നിത്തരം വിവിധമായ്
രാജ്യക്ഷീണനാം രാമൻ തന്നിലെയാശവിട്ടു
രാജ്യാധിപതിയായുള്ളോരു രാവണൻ തന്നിൽ
ചിത്തമങ്ങുറച്ചാലും ചിത്തജകേളിയ്ക്കായി
ഭർത്താവാം രഘുപതി തന്നെനിന്ദിച്ചുകേട്ടോ-
രക്ഷണം കോപതാപമുൾക്കൊണ്ടു ജനകജ
ഗൽഗദസ്വരത്തോടും കണ്ണുനീരൊഴുകവേ
സത്വരം പറഞ്ഞാളങ്ങുത്തമ പതിവ്രത
സത്യധർമ്മത്തെവിട്ടു നിനയ്ക്കില്ലൊരുനാളു-
മെത്ര താൻ പറഞ്ഞാലുമെത്ര താൻ ചെയ്തീടിലും
മൽപ്പതിയിങ്കലെന്യേമറ്റൊന്നിൽ മനം വരാ
ഇക്കായമറുത്തറുത്തെപ്പൊഴും കളകിലും
സത്വരം കെട്ടിനിങ്ങലോക്കവേയടിയ്ക്കിലും
മൂന്നുലോകവും നിങ്ങളെനിയ്ക്കുതരികിലു-
മൂന്നുകയില്ലരാമൻ തന്നിലെന്നിയേമനം
ദീനനായ് രാജ്യം വിട്ടു പോന്നവനെന്നാകിലും
മാനദൻ ഭർത്താവത്രേ ദൈവമെന്നറിയേണം
സൂര്യനുസുവർച്ചലശക്രനുശചീദേവീ
വസിഷ്ഠനരുന്ധതിചന്ദ്രനുരോഹിണിയും
സുകന്യാച്യവനന്നഗസ്ത്യനുലോപാമുദ്രാ
സാവിത്രി സത്യവാനും ശ്രീമതികപിലനും
കൽമാഷപാദൻ തനിയ്ക്കാവിധം ദമയന്തി
കൽമഷഹീനനായ നളന്നുദമയന്തി
കേശിനി സഗരനുമെന്നതുപോലെ ഞാനും
രാമനു ധർമ്മപത്നിയായതെന്നറിയേണം
ഇച്ചൊന്നപരിഷയ്ക്കു മറ്റൊരുത്തരിൽ സംഗം
വാക്കാലാകിലും പിന്നെച്ചിത്തം കൊണ്ടെന്നാകിലും
ഗാത്രം കൊണ്ടെന്നാകിലുമില്ലെന്നു ധരിയ്ക്കേണം
ഇക്കഥയെല്ലാം കണ്ടു കേട്ടുമങ്ങിരിയ്ക്കവേ
ധിക്കാരം പറയാതെ രാക്ഷസിമാരേ! നിങ്ങൾ
ഇത്തരമെല്ലാം കേട്ടു ദുഃഖിച്ചു മരത്തിന്മേൽ
മർക്കടപ്രവരനും നിൽക്കുന്നു ദീനനായി
ചക്രവും ശൂലം ഗദാ മുൾത്തടിവാളുമായി
രാക്ഷസീജനമെല്ലാം ചുറ്റുമങ്ങണഞ്ഞപ്പോൾ
കർക്കശമായ വാക്യം ക്രുദ്ധന്മാരായിച്ചൊന്നാർ
രാക്ഷസരാജാവിനെദ്ധിക്കരിച്ചോരോന്നേവം
ദുഷ്ടേ! നീ പറഞ്ഞീടിൽ ശിക്ഷിയ്ക്കുന്നുണ്ടു നൂനം
ഇത്തരം വിവിധമാം വാക്കുകൾ പറയുമ്പോൾ
രാക്ഷസിവിനതയും ചൊല്ലിനാൾ സീതയോടു
ഭർത്താവിലതിസ്നേഹം പര്യാപ്തം സീതേ! നിന-
ക്കെത്രയും വേണം താനുമിത്രയും മതിതാനും
എത്രയും പാരമായിട്ടങ്ങു മോഹിച്ചീടരു-
തെത്രയുമിണങ്ങിയാലിത്തരം പീഡിപ്പാനും
സംഗതിവന്നുകൂടുമെന്നതുധരിച്ചാലും
വാരണഗതിയായ രാവണൻ തനിയ്ക്കുനീ
ഭാര്യയായിരിപ്പാനുമെത്രനന്നെടോബാലേ!
ശൌര്യവീര്യാദിഗുണമൌദാര്യംവിഹിതത
ദാക്ഷിണ്യഗുണങ്ങളാശരപതിയ്ക്കുണ്ടു
ആദരാലറിഞ്ഞാലും സുന്ദരി! സീതേ! ബാലേ!
ദിവ്യഭോഗങ്ങൾ നന്നായ് ഭുജിച്ചു സുഖിയ്ക്കനീ
ദിവ്യസ്ത്രീകളെക്കാളും മഹിമവരും തവ-
ലോകപാലന്മാർതങ്ങൾക്കൈശ്വര്യമിവനോളം
ലോകസുന്ദരി! യില്ലെന്നുള്ളിലൊന്നറിഞ്ഞാലും
ദുഷ്ടയാം വികടയെന്നുള്ളൊരു നിശാചരി
മുഷ്ടിയുമോങ്ങിക്കൊണ്ടു ചൊല്ലിനാൾ ദേവിയോടു
ഇത്തരം ശഠോക്തികൾ കേട്ടുടനെനിയ്ക്കിപ്പോ
ളൊട്ടുമേ സഹിയ്ക്കുന്നില്ലത്യന്തം കോപമുണ്ടു
നിത്യമല്ലെടോ നിന്റെ യൌവനം സീതാദേവി
ചെറ്റുകാലം ചെല്ലുമ്പോൾ വൃദ്ധയായ്ച്ചമഞ്ഞീടും
ഭർത്താവാം രാമൻ വന്നങ്ങബ്ധിയും കടന്നഥ
രാക്ഷസരാജാവിനെജ്ജയിച്ചുകൊണ്ടുനിന്നെ
അത്തലെന്നിയെകൊണ്ടു പോമിതെന്നൊരിയ്ക്കലും
ചിത്തത്തിൽ വേണ്ട ബാലേ! മൂഢേ! പണ്ഡിതഭാവേ!
ഇന്ദ്രൻ താൻ ശ്രീരാമനായ് സാഹായ്യം ചെയ്താകിലു-
മിന്ദിരാപതിതാനും വന്നുവെന്നിരിയ്ക്കിലും
ഇന്നിതു സാദ്ധ്യമാകയില്ലെന്നു ധരിയ്ക്കേണ-
മിങ്ങിനെ കിടന്നു നീ നശിച്ചുപോകേയുള്ളു
ഇജ്ജന്മം രാമൻ തന്നെക്കാണാമെന്നൊരിയ്ക്കലും
പ്രജ്ഞയില്ലാതനിയ്യിന്നൊട്ടുമേനിനയാതേ.
സപ്തസാഹസ്രം ദാസിമാർനിന്നെശ്ശിശ്രൂഷിയ്ക്കു
മെത്രയും സുഖിച്ചുനീ വസിയ്ക്ക തന്നേ നല്ലു
നല്ലതുപറഞ്ഞാലും വല്ലാതകാലം വന്നാൽ
നല്ലവരെന്നാകിലും നല്ലതുതോന്നായല്ലോ
അല്ലായ്കിൽ നിന്റെ മാറുപിളർന്നുരക്തമെല്ലാ-
മുല്ലാസത്തോടേ കുടിച്ചീടുവനിനിയെല്ലാം
കാളിയെപ്പോലെ ചണ്ഡോദരിയാമവൾ ചൊന്നാൾ
ശൂലവും ചുറ്റിക്കൊണ്ടങ്ങത്യന്തം കോപത്തോടേ.
വാളെടുത്തിവൾ തന്നെ ഖണ്ഡമായ് നുറുക്കീട്ടു
ചാലവേ തിന്മാനായ് ഞാൻ മോഹിച്ചു പലനാളായ്
കാലവും കളയാതേ കാംക്ഷിതം സാധിപ്പാനായ്
തിന്നുന്നേനെന്നു മുതിർന്നടുത്ത നേരത്തിങ്കൽ
ചൊല്ലിനാൾ പ്രഘാതയും വല്ലാത ഭാവത്തോടേ
നല്ലോരു കഴുത്തിപ്പോൾ കൈകൊണ്ടു മുറിച്ചു ഞാൻ
കല്യതയോടേതിന്നു രാക്ഷസരാജാവോടു
ചൊല്ലുക നാമെല്ലാരും മൈഥിലി മരിച്ചെന്നു.
മദ്യവും കൊണ്ടുവന്നു നാമെല്ലാമൊരുമിച്ചു
ഭക്ഷിച്ചുകളകനമെന്നാളങ്ങജമുഖി
അപ്പോളങ്ങജമുഖി ചൊന്നതു കേട്ടുടനെ
ശില്പമൊന്നുരചെയ്താൾ ശൂർപണഖയെന്നവൾ
കർക്കശമൊഴികളങ്ങിത്തരം കേട്ടു സീത
ദുഃഖിച്ചു കണ്ണുനീർ കൊണ്ടുന്നതകരങ്ങളെ
ഉന്നങ്ങളാക്കിസ്സീതാകരഞ്ഞാളതുനേരം
ഘോരകളായ ദുഷ്ടരാക്ഷസിമാരെസ്സീത
ഘോരഭാവേന കണ്ടു പാരമായ് ഭയത്തോടേ
പാരതിൽ വീണു കേണു പെരിയതാപത്തോടും
വീരന്റെ ഭാര്യയായ ജാനകിയതുനേരം
ആരുമേയുടയോരില്ലാതവളെന്നപോലെ
വീണാവാണിയാമവൾ വീണുകേണീടുന്നേരം
വേണിയുണ്ടലയുന്നു കൃഷ്ണസർപ്പത്തെപ്പോലെ
ശിഷ്ടയാം ജനകജ ദുഃഖിച്ചു പ്രലാപിച്ചു
ദുഷ്ടമാരവരോടങ്ങിത്തരമുരചെയ്താൾ
ദുഷ്ടനാം രാക്ഷസന്റെ ദാസിമാരായ നിങ്ങ-
ളിഷ്ടത്തെച്ചെയ്‌വാനായിബ്ഭക്ഷിച്ചുകൊണ്ടീടുവിൻ
ശിഷ്ടനാം രാമൻ തന്റെ പത്നിയാം ഞാനുമിന്നു
ദുഷ്ടമാർ നിങ്ങൾ ചൊല്ലു കേൾക്കയില്ലൊരുനാളും
അയ്യയ്യോ! രാമ! രാമ! അയ്യയ്യോ! രാമാനുജ!
അയ്യയ്യോ കൌസല്യേ!യെൻ സുമിത്രേ! ശിവ! ശിവ!
സുന്ദര! സുകുമാര! സുന്ദര! രഘുപതേ!
വന്ദിയ്ക്കും ജനശോകഭഞ്ജന! കൃപാകര!
കഞ്ജലോചന! രിപുകുഞ്ജരപഞ്ചാനന!
ചഞ്ചളീകത്തിനുടെ സംഘമെന്നതുപോലെ
ഭംഗി തേടീടും കേശ! മഞ്ജുളമതേ! രാമ!
കുഞ്ജരഗമന! യെന്നെഞ്ചിടകമലത്തിൽ
ചഞ്ചരീകം പോലുള്ള വല്ലഭ! മനോഹര!
നിന്തിരുവടി പാദപങ്കജം കാണാഞ്ഞു ഞാൻ
സന്താപസാഗരത്തിൽ വീണുടൻ മരിയ്ക്കുന്നു
ഹന്ത! ചൊല്ലീടുന്നതിന്നെന്തിഹ സുകുമാര!
അന്തകപുരമെനിയ്ക്കന്തികേവരുമല്ലൊ
ഹന്ത! നീ പിരിഞ്ഞു ഞാൻ സങ്കടം കൊള്ളുന്നതു-
മെന്തുനീയറിഞ്ഞീലേ സിന്ധുരപരാക്രമ!
ബന്ധുരമുഖാംബുജം ചിന്തയിൽ നിരൂപിച്ചു
വെന്തുവെന്തുരുകുന്നു സന്തതം മനോഹര!
എന്തയ്യോ! കൃപാലേശമെങ്കലിന്നരുളാത്തു
ചിന്തിയ്ക്കിൽ ശരമൊന്നു ലങ്കയിൽ പ്രയോഗിച്ചാൽ
വെന്തുനീറാകുമെന്റെ സന്താപം തീരും താനും
പുണ്ഡരീകായതാക്ഷഭംഗികൾ നിരൂപിച്ചാൽ
ചിന്തയിൽ തിരിയ്ക്കുമോ ഹന്തരാജശേഖര!
കാന്തനെ വെടിഞ്ഞു ഞാൻ കാന്താരമതിൽ നിന്നു
താന്തന്നെരിപുക്കളാം രാക്ഷസരോടുകൂടി
ലങ്കയിലായിതിപ്പോൾ ലങ്കേശനാജ്ഞകൊണ്ടു
ശങ്കകൂടാതെ ദുഷ്ടരാക്ഷസീജനമിപ്പോൾ
തിന്നുവാൻ തുടങ്ങുന്നുവെന്നു നീയറിഞ്ഞീലേ
അന്തകൻ വന്നിങ്ങെന്നെക്കൊണ്ടുപോകുന്നില്ലല്ലോ
എങ്കിലുമിതിനോളം സങ്കടമില്ല നൂനം
പങ്കജാക്ഷിയാം സീതാ സങ്കടമോരോന്നേവം
പങ്കജമുഖിചൊല്ലിവിറച്ചുകരഞ്ഞേറ്റം
അംഗങ്ങളംഗങ്ങളിലൊള്യ്ക്കുന്നതുപോലെ
മങ്ങിയും സീത വീണ്ടും ദുഃഖിച്ചു പ്രലാപിച്ചാൾ
എന്നുടെ ഭർത്താവിനെദ്ധന്യന്മാർ കാണുന്നിപ്പോൾ
മന്നവശിഖാമണിതന്നെക്കാണാതെജീവൻ
ഒന്നരക്ഷണം പോലുമിരിപ്പാൻ പണിയല്ലോ
എന്നിരിയ്ക്കവേ പത്തുമാസമായ ജീവിച്ചതു
എന്തൊരു വിചിത്രമെന്നുള്ളതുമറിഞ്ഞീല
മുന്നിലെജ്ജന്മത്തിൽ ഞാൻ കലുഷമെന്തുചെയ്തു
ഇങ്ങിനെ ഭവിപ്പാനിതെന്തൊരുമൂലമിപ്പോൾ?
ഇഷ്ടമായുള്ള ജീവൻ പെട്ടെന്നു കളവാനു-
മൊട്ടുമേയുപായങ്ങൾ കണ്ടീല ശിവ! ശിവ!
കഷ്ടമീമർത്ത്യജന്മം കഷ്ടമിപ്പാരതന്ത്ര്യം
പ്രാണനെ ത്യജിപ്പാനും തന്നിച്ഛപോരായല്ല
പൂർണ്ണചന്ദ്രാകാരമാം രാമന്റെ മുഖാംബുജം
തുർണ്ണമായെനിയ്ക്കെന്നു കാണുന്നു ശിവ! ശിവ!
കർക്കശശിലകൊണ്ടോ വജ്രങ്ങൾ കൊണ്ടോ പിന്നെ-
ക്കർക്കശമാരായുള്ള രാക്ഷസിമാരെക്കൊണ്ടോ
ചിത്രമായെന്റെ പ്രാണൻ ചമച്ചു പിതാമഹൻ
അല്ലാതെയിരിയ്ക്കിലോ ജീവിതമരക്ഷണം
വില്ലാളിവീരൻ പിരിഞ്ഞീടിനാലിരിയ്ക്കുമോ?
സാഗരാംബരഭൂമീനാഥന്റെ മുഖാംബുജ-
മാദരവോടു കാണാതൊരുനാഴികനേരം
പാരിതിലിരിപ്പാനുമില്ലിന്നിങ്ങവകാശം
രാഘവ! രാമ! രാമ! രാജീവവിലോചന!
സാഗരം വളഞ്ഞുള്ള ഭൂമിതൻ നാഥ! ദേവ!
ദീനപാലക! ദേവ! മാനവശിഖാമണേ!
ജീവനമിത്രനാളും നിന്നതെന്തയ്യോ ദേവ!
രാക്ഷസിമാരേ! നിങ്ങൾ കേൾക്കെണമെന്നുമിടം
കാലത്തലം കൊണ്ടുപോലും രാക്ഷസരാജാവിന്റെ
ഗാത്രത്തിൽ തൊടുകയില്ലോർത്തുകണ്ടറിഞ്ഞാലും
അപ്പുറമാകട്ടെ ഞാൻ കാമിയ്ക്കയെന്നുള്ളതും
ദുഷ്ടമാരായ നിങ്ങൾ കൊന്നെന്നെത്തിന്നീടിലും
ദുഷ്ടരാക്ഷസൻ തന്നെക്കാമിയ്ക്കയില്ല നൂനം
അക്രമത്തിനായെന്നോടെത്രതാൻ പറകിലും
നാവുകൾ കഴകയെന്നല്ലാതെ ഫലം വരാ
ഖ്യാതനാം പ്രാജ്ഞൻ ശൂരൻ സാനുക്രോശനാം രാമ-
നേതാവൽക്കാലംചെയ്‌വാൻ നിർഭാഗ്യഫലംതന്നെ
ഈരേഴായിരം പേരെക്കൊന്നല്ലോ ജനസ്ഥാനേ.
ശൂരനെന്തിപ്പോളെന്നെക്കാമിയ്ക്കാത്തതുമയ്യോ
അല്പവീരനാമിവൻ തന്നെയും കൊലചെയ്‌വാ-
നല്പയതേന സാധിച്ചീടുവാൻ മതിയല്ലോ
അല്പപല്വലോപമം വാരിധിയിലും കൂടെ
നിശ്ചലോല്പലശ്യാമൻ രാമൻ തൻ ബാണങ്ങൾക്കു
കുത്ര ഞാനിരിയ്ക്കുന്നെന്നറിഞ്ഞീലെന്നും വരു-
മത്രയല്ലെങ്കിലിത്രപാർക്കയില്ലവൻ നൂനം
ഇപ്പരമാർത്ഥം പറഞ്ഞീടുവാനാരുമില്ല
ഗൃദ്ധ്രേശൻ ജടായുവും മരിച്ചുപോയാനല്ലോ
ഇത്തരം രാക്ഷസരും ചെയ്തതുമറിഞ്ഞീല-
യിത്രൈലോക്യത്തിങ്കലീരാക്ഷസരെന്നനാമം
ഒക്കെയുമൊടുക്കീടും മനുവൈഭവം കൊണ്ടേ
കല്പാന്തരുദ്രസമനാകിയരഘുപതി
കല്പിയ്ക്കിൽ സമുദ്രവും ശോഷിപ്പിച്ചീടും നൂനം
കല്പാന്തനലതുല്യബാണങ്ങൾ കൊണ്ടു ദേവൻ
നൽപ്പരാക്രമിലങ്കയൊക്കയുമെരിച്ചീടും
യുദ്ധത്തിൽ രഘുപതി രാക്ഷസരാജാവിന്റെ
മിത്രന്മാർ സാഹോദര ഭൃത്യപുത്രന്മാർ പിന്നെ
മറ്റുള്ള ബന്ധുക്കളെന്നൊക്കെയുമൊരുമിച്ചു
പറ്റലർ കുലകാലന്തന്നോടങ്ങേൽക്കുന്നേരം
അസ്ത്രസഞ്ചയങ്കൊണ്ടു രാക്ഷസന്മാരെയെല്ലാം
ദഗ്ദ്ധമാക്കിയിട്ടഥ നിൽക്കുന്ന നേരത്തിങ്കൽ
ഭർത്താവും സഹോദരന്മാരും തൻപുത്രന്മാരും
ചത്തുപോയെന്നിട്ടുള്ളൊരുൾത്താപം കൊണ്ടു നിങ്ങൾ
ധാത്രിയിൽ വീണുകിടന്നാർത്തകളായിട്ടപ്പോൾ
വീർത്തുവീർത്തുഴന്നീടും പാർത്തുകണ്ടീടും ഞാനും
ഇന്നിതിൽ കിടന്നു ഞാനുഴലുന്നതുപോലെ
ഖിന്നകളായി നിങ്ങൾ മണ്ണിൽ വീണുരുണ്ടീടും
ഇക്കണ്ടരാക്ഷസിമാരൊക്കെയുമിനിനിങ്ങൾ
ദുഃഖിച്ചു പ്രലാപിപ്പതൊക്കയും കണ്ടീടും ഞാൻ
അല്ലയോ ശ്മശാന ധൂമങ്ങളാൽ നിറഞ്ഞെങ്ങും
വല്ലാതെ തരുക്കളിൽ ഗൃദ്ധ്രമണ്ഡലം പോലെ
ചൂഴെക്കണ്ടിട്ടേഴൊട്ടുവന്നീടുമെന്നുനൂനം
ഇക്കണ്ടതൊന്നും കാര്യമല്ലിതിങ്ങിനെമേലിൽ
ചൊൽക്കൊണ്ടരാമബാണമേറ്റിവൻ ദശകണ്ഠൻ
തിക്കിനരണം തന്നിൽ ചത്തുവീണീടും നൂനം
ദുഷ്കാലം വന്നു നിങ്ങൾക്കിക്കാലമെന്നുനൂനം
ദുഷ്കർമ്മഫലം നൽകും ദുർന്നിമിത്തങ്ങൾ കാൺക
ഇത്തരം കളിചിരിയുത്സവം നിറഞ്ഞുള്ള
ദുഷ്ക്രിയലങ്കയ്ക്കിപ്പോൾ വൈധവ്യം വരുമാറായ്
നിഷ്കൃപരാമബാണം കൊണ്ടുവൈധവ്യം വന്ന
രാക്ഷസകന്യാരോദം കേൾക്കുമാറായിവരും
രാമബാണങ്ങളേറ്റു ശോഭകെട്ടീടും ലങ്ക
രാമബാണങ്ങളേറ്റു രാവണനോടും കൂടി
രാക്ഷസപ്രവരന്മാരൊക്കയും നശിച്ചീടും
കോമളൻ രഘുപതി ഞാനിഹ വസിപ്പതും
ഭീമരാക്ഷസനെന്നെദ്ദണ്ഡിക്കുന്നതുമെല്ലാം
ശ്യാമളൻ സുകുമാരൻ കോമളനെന്റെ കാന്തൻ
കാമസുന്ദരനറിയായ്ക കൊണ്ടത്രേകാലം
വൈകിയതിത്രകാലമെന്നതുമറിയേണം
രാവണഞ്ചൊന്നകാലം മിക്കതും കഴിഞ്ഞല്ലോ
രാക്ഷസനെന്നെക്കൊന്നു തിന്നീടും മടിയാതെ
ആരുമേ വിഷം തരുവോരില്ലയെനിയ്ക്കിപ്പോൾ
പാരിച്ച ദുഃഖത്തിനുമന്തരം കണ്ടില്ല ഞാൻ
ഞാനിതിലിരിപ്പതു വീരന്മാരറിഞ്ഞാകിൽ
പാരാതെവന്നു നല്ല ക്രൂരബാണങ്ങൾ കൊണ്ടു
മാരിയാം മഴ പോലെ ബാണങ്ങൾ പൊഴിച്ചീടും
ഭൂമിയിൽ തിരഞ്ഞിട്ടു കാലം വൈകുക തന്നെ
ഭൂമിനായകനെന്നെ മറന്നങ്ങിരിയ്ക്കുമോ?
മദ്വിരഹത്തെക്കൊണ്ടു പീഡിച്ചു രഘുപതി
സ്വർഗ്ഗലോകത്തിലയ്യോ! പോയിതോ ദേഹം വിട്ടു?
സ്വർഗ്ഗവാസികളാകിൽ ധന്യന്മാരെന്നു നൂനം
ധന്യന്മാരെന്റെ കാന്തൻ തന്മുഖം കാണുന്നവ-
രില്ലതിന്നേതും വികല്പങ്ങളെന്നറിഞ്ഞാലും
ധർമ്മകാമനാം രാമനെന്നെക്കൊണ്ടെന്തുഫലം
നിർമ്മലനെന്നെക്കാണാതിരുന്നു മറന്നിതോ?
സുന്ദരിമാരാകിലും വേർപിരിഞ്ഞിരിയ്ക്കുമ്പോൾ
സുന്ദരകാമുകന്മാർ തങ്ങളും മറന്നീടും
അത്തരം കൃതഘ്നരിലല്ലയോകൂടുരാമൻ
പത്തുമാസമായല്ലോയിത്രവൈകിയതെന്തു?
ന്യസ്തശസ്ത്രന്മാരായിത്താപസന്മാരായിതോ
ദുസ്തരമായകൊണ്ടുകൊന്നിതോ രാക്ഷസേശൻ?
ഇത്തരം പലവിധം പിന്നെയും നിരൂപിച്ചു
മൃത്യുവെവരുവാനായിച്ഛിച്ചുജനകജ
അപ്പൊഴുതതിലുള്ള രാക്ഷസിമാരിൽ ചിലർ
നിദ്രചെയ്തിതുസദാ മറ്റതിൽ ചിലരെല്ലാം
ഇത്തരം തപിപ്പിച്ചാൽ ചത്തുപോമിവളെന്നു
രക്ഷോനാഥനെ മുമ്പിൽ പോയതിൽ ചിലരെല്ലാം
കർക്കശവാക്യം ചൊല്ലിജ്ജാനകിയോടെന്നപ്പോൾ
ഉത്തമയായിട്ടുള്ള വൃദ്ധയാം ത്രിജടയും
നിദ്രചെയ്തുണർന്നവളപ്പൊഴുതെഴുനേറ്റാൾ
രാക്ഷസിമാരെനോക്കിച്ചൊല്ലിനാളിതിങ്ങിനെ
ദുഷ്ടകളായിട്ടുള്ള രാക്ഷസിമാരേ! നിങ്ങൾ
ശിഷ്ടയാം സീതതന്നെത്തിന്മാനും പണിയിപ്പോൾ
ഇഷ്ടമാം നിങ്ങളുടെ ദേഹത്തെബ്ഭക്ഷിപ്പാനായ്
യൊക്കെയും കാലം വരും സത്വരമറികെടോ
ഞാനൊരു സ്വപ്നം കണ്ടു സീതയ്ക്കു ദുഃഖം സുഖ-
മാവിതുനിശാചരർക്കാപത്തുവരുമാറും
സാദരം പറഞ്ഞീടം മോദേന കേട്ടീടുവിൻ
ആനക്കൊമ്പുകൊണ്ടല്ലോ നിർമ്മിച്ച പല്ലക്കതി
ലായിരമരയന്നമതിനെച്ചുമന്നിട്ടും
ആദിത്യകുലമണി രാഘവനതിലേറി-
സ്സാനുജനായിട്ടിന്നു ലങ്കയിൽ വന്നുവെന്നും
സാദരം കണ്ടിതവർക്കെത്രയും ശുഭമായി-
സ്സാഗരം വളഞ്ഞുള്ള ശ്വേതപർവ്വതത്തിന്മേൽ
ഏറിനാൾ സീതതന്റെ രാമനും തമ്പിയുമായ്
വീരനാമൈരാവതമാനതൻ പുറത്തേറി
വീരനാം രാമൻ സീതാലക്ഷ്മണസഹിതനായ്
വെള്ളപ്പൂമാല വെള്ള വസ്ത്രവും ധരിച്ചവൻ
വില്ലാളിവീരൻ തന്റെ മടിയിലിരുന്നവൾ
മെല്ലവേ ചാടിച്ചെന്നു ചന്ദ്രസൂര്യന്മാരെയും
പല്ലവകരങ്ങളാൽ മെല്ലവേ തലോടിയും
ആനമേലിരുന്നവർ മുവ്വരുമായിട്ടഥ
മാനിയാം രാക്ഷസേന്ദ്രപട്ടണമതിന്മീതെ
വന്നതങ്ങിറങ്ങിയ പുഷ്പകമതുതന്മേൽ
ചെന്നവർ കരയേറിത്തങ്ങടെയയോദ്ധ്യയിൽ
ചെന്നു വാണിരുന്നതുകണ്ടുഞാൻ സ്വപ്നത്തിങ്കൽ
പാൽക്കടൽ നടുവതിൽ ചെന്നുടൻ മോദത്തോടെ
വെള്ളിമാമല തന്മേലേറിനാൻ രഘുപതി
ലക്ഷ്മണൻ തന്നോടും തൻ ജായയാം സീതയോടു
മുൽപ്പതിച്ചഥ സീത ഭർത്താവിൻ മടിയിന്നു
എത്രയും ശോഭതേടും പൂർണ്ണചന്ദ്രനെസ്സീത
ചിത്രമായ് പരിഷ്വംഗം ചെയ്താളെന്നതും കണ്ടു
പുഷ്പവിമാനത്തിലേറിജ്ജാനകിയോടും
ലക്ഷ്മണനോടും കൂടിജ്ജാനകിപതിപിന്നെ
മേൽഭാഗേനടന്നുടനങ്ങയോദ്ധ്യയ്ക്കുപുക്കു
ദിവ്യസിംഹാസനത്തിലിന്ദുസുന്ദരമുഖൻ
പ്രാങ്മുഖനായിരുന്നു മാനവകുലമണി
ദിവ്യമന്ത്രങ്ങൾ കൊണ്ടു വർഷിച്ചു ഗണങ്ങളാൽ
വിദ്യാമന്ത്രങ്ങളായിട്ടുള്ള തീർത്ഥങ്ങൾ കൊണ്ടും
ശുക്ലഗന്ധാനുലിപ്തശുക്ലമാല്യാംബരയാ-
യുത്തമസീതതാനും ഭർത്താവോടൊന്നിച്ചപ്പോൾ
ഉത്തമയായിട്ടഥ ഭക്തയായനന്തരം
സ്വർഗ്ഗവാസികളെല്ലാം വാഴ്ത്തിക്കൊണ്ടവരപ്പോൾ
നിൽക്കവേരഘുപതിവൈഷ്ണവരൂപംകൊണ്ട-
ങ്ങൊക്കയും താനായിട്ടു നിൽക്കയും ചെയ്താനപ്പോൾ
അപ്പോഴുതേവം കണ്ടിതൊക്കയും രാമനായി
സത്വജ്ഞാനാനന്താനന്ദാമൃതരസബ്രഹ്മം
സത്യമായുള്ള ജഗൽക്കാരണഭൂതനായും
ഇത്രൈലോക്യത്തിനുടെ നാമരൂപമാദ്യന്ത-
വസ്തുവായ് വിളങ്ങിനാനുത്തമൻ രഘുപതി
അഷ്ടദിക്പാലന്മാരും ശിഷ്ടരാം മുനിമാരും
സിദ്ധഗന്ധർവ്വകിന്നരാദികൾവിദ്യാധരർ
ദേവകൾ ദേവർഷികൾ ദേവേശൻ ബ്രഹ്മാദികൾ
വേദഘോഷങ്ങൾ കൊണ്ടും സേവിച്ചു നിൽക്കുന്നതും
അപ്സരസ്ത്രീകളുടെ നൃത്തങ്ങൾ പലതരം
വാദ്യഘോഷങ്ങൾകൊണ്ടുസേവിയ്ക്കുന്നോരോ ദിക്കിൽ
ഗന്ധർവ്വീജനങ്ങളും ഗന്ധർവ്വന്മാരുമായി-
ഗ്ഗാന്ധർവ്വംകൊണ്ടു സേവിയ്ക്കുന്നൊരു ദിക്കിൽ കണ്ടു
ഇത്തരം സ്വപ്നങ്ങളുമിക്കാലം കാൺകകൊണ്ടു
ദുസ്തരദുഃഖാർണ്ണവം കടക്കും ജനകജ
രക്ഷോനാഥൻ വാനവരൊന്നിച്ചു പോർ ചെയ്താലും
ദക്ഷനാം രാമൻ തന്നെജ്ജയിപ്പാനെളുതല്ല
പാപികളായവർക്കു നാകത്തെ ലഭിയ്ക്കിലേ
രാഘവൻ തന്നെ രക്ഷോനായകൻ ജയിച്ചീടു.
രാഘവൻ തന്നെ സ്വപ്നം കണ്ടതിൽ പിന്നെ ഞാനും
രാവണൻ മുണ്ഡനായിട്ടെണ്ണയും തേച്ചു നന്നായ്
രക്തമാല്യാംബരാനുലേപനനായിട്ടേറ്റം
നൽത്തിലജവും കുടിച്ചുന്മത്തനെന്നപോലെ
കൂത്താടിച്ചിരിച്ചങ്ങു ഗർദ്ദഭമേറിക്കൊണ്ടു
ദക്ഷിണദിശിനോക്കിപ്പോകുന്നെന്നൊരുസ്വപ്നം
അത്രയുമല്ല തല കീഴായിട്ടവനിയിൽ
ഗർദ്ദഭക്കഴുത്തിന്നു വീഴുന്നു ഭയത്തോടേ.
പിന്നെയുമെഴുനേറ്റുപേടിച്ചുന്മത്തൻപോലെ
മഗ്നനായ് ദുർവ്വാക്യങ്ങൾ പറഞ്ഞുകൊണ്ടുതന്നെ
ദുർഗ്ഗന്ധത്തോടുകൂടിയിരുട്ടാൽ ബഹുലമാ-
യെത്രെയും ഭീമമലപങ്കമാം കുഴിതന്നിൽ
അത്യന്തം ദീനനായി മുഴുകുന്നതും കണ്ടു
ഉഷ്ണവസ്ത്രത്തെ ധരിച്ചീടിനനാരിമുണ്ഡ
രക്തമാല്യാംബരയായ് രാക്ഷസരാജാവിനെ
തെക്കോട്ടുകൊണ്ടുപോകുന്നെന്നതും കണ്ടേനിപ്പോൾ
രാക്ഷസരാജാവിന്റെ കഴുത്തിൽ കയറിട്ടു
വലിച്ചുകൊണ്ടങ്ങിനെ നടന്നുപോകുന്നതും
കുംഭകർണ്ണനെയിപ്പോളിസ്വപ്നം തന്നെ കണ്ടു.
രാവണസുതന്മാരും മുണ്ഡിതതൈലാക്തരായ്
രാവണൻ പിമ്പേയേറിപ്പൊരുമെന്നതും കണ്ടു
രാവണൻ ശിംശുമാരമേറിയുംസഹപോയി
ഒട്ടകത്തിന്മേലെറിക്കുംഭകർണ്ണനുംതദാ
തെക്കോട്ടുപോകുന്നതും കണ്ടേനെന്നറിയണം
നാലമാത്യന്മാരോടും കൂടവേ വിഭീഷണൻ
നാൽക്കൊമ്പനാനയേറിയുത്തരമുഖനായി
നൃത്തഗീതവാക്യങ്ങളൊക്കയും മുഴക്കിച്ചു
വെള്ളപ്പട്ടുടുത്തുകൊണ്ടുന്നതമോദത്തോടേ
വെള്ളമാലകൾ സർവ്വഭൂഷണമണഞ്ഞിട്ടും
ഗീതവാദിത്രമോടെയങ്ങവൻ പോകുന്നതും
ചാലവേ കണ്ടേനിപ്പോൾ സാദരം കിനാവിങ്കിൽ
മറ്റുള്ള നിശാചരരൊക്കയുമൊരുപോലെ
രക്തവസ്ത്രവും രക്തമാലയുമണിഞ്ഞിട്ടു
നൽത്തിലജവും കുടിച്ചെത്രയും ഭയത്തോടേ
ദക്ഷിണമുഖമായിഗ്ഗമിയ്ക്കുന്നതും കണ്ടു
ഭഗ്നതോരണഗൃഹഗോപുരയായലങ്ക
മഗ്നമായ് സമുദ്രത്തിൽ വീണുപോയതും കണ്ടു
ആരൂക്ഷയായുള്ള ലങ്കയിൽ രാക്ഷസിമാ-
രൊക്കെയുമെണ്ണകുടിച്ചെത്രയും ചിരിച്ചവർ
നർത്തനം ചെയ്യുന്നതും വിസ്മയമായിക്കണ്ടു
കുംഭകർണ്ണാദികളും ഗോമയഹ്രദേവീണു
സംഭ്രമത്തോടു രക്തവസ്ത്രങ്ങൾ ധരിച്ചതും
വിസ്മയമായിക്കണ്ടുസ്വപ്നത്തിലറിഞ്ഞാലും
സീതയെനിന്ദിക്കുന്നതൊട്ടുമേനന്നല്ലിതു
സീതയ്ക്കു നല്ലകാലം വന്നണഞ്ഞിതുനൂനം
ചാകാതെചിരകാലമിരിപ്പാൻ മനസ്സെങ്കിൽ
സീതയെ നിങ്ങളെല്ലാം സേവിച്ചുകൊണ്ടീടുവിൻ
ആപത്തിൻ കാലമവൾ രക്ഷിപ്പാൻ മതിയാകും
സീതയെക്കൊണ്ടുദോഷലേശമെങ്ങുമേപാർത്താൽ
ചേതസ്സിൽ തോന്നുന്നില്ല ലക്ഷണപ്പിഴയെങ്ങും
ച്ഛായാവൈഗുണ്യമൊന്നു ചൊല്ലുവാനുണ്ടു ദോഷ-
മായതുകൊണ്ടുമാത്രം ദുഃഖിപ്പാൻ തരം വന്നു
മേല്പോട്ടുസീതയ്ക്കിനി നല്ലതുവരും നൂനം
രാക്ഷസൻ നശിച്ചീടും രാഘവൻ ജയിച്ചീടും
ജാനകിയ്ക്കിടം കണ്ണും പിന്നെയങ്ങിടം തോളും
മാനവമഹിഷിയ്ക്കു വാമമാമൂരുതാനും
ചാലവേയിളകുന്നു ചേലയുമഴിയുന്നു
രാഘവൻ മുമ്പിലിപ്പോൾ വന്നെന്നു സൂചിയ്ക്കുന്നു
സമ്പൽ സൂചകമായി നിമിത്തതതിയിന്നു
പക്ഷിയും ശുഭവാക്യം ചൊല്ലുന്നു സീതയ്ക്കായി
ലക്ഷ്മണനോടുരാമൻ വരുന്നുവരുന്നെന്നും
സന്താപം തീരും വണ്ണമുണ്ടാകുമിപ്പോളെന്നു-
മെന്തെന്നുമറിഞ്ഞീല ലങ്കയ്ക്കു വിപത്തുകൾ
ഈവണ്ണം പറഞ്ഞപ്പോൾ യാതുധാനികളെല്ലാ
മാംവണ്ണം ഭയപ്പെട്ടു ദൂരത്തങ്ങകന്നിതു
മാൻകണ്ണി സീതെയവർ പേടിപ്പിച്ചതുകൊണ്ടു-
മീവണ്ണം ഭയപ്പെട്ടിതെന്നതുപറയേണ്ട
ലാവണ്യപൂരമായ രാമന്റെ മുഖാംബുജം
കാണാഞ്ഞുദീനയായി നിനച്ചുകരഞ്ഞേവം
കാർവർണ്ണൻ തന്നെക്കണ്ടിട്ടെന്നുടെ താപമെല്ലാം
പോം വണ്ണമൊരുകഴിവുണ്ടാമോ ശിവ! ശിവ!
രണ്ടുമാസമേയിനിയുണ്ടാവുകാലാവധി
കണ്ടകനവധിയായ് ചൊല്ലിയ കാലമത്രേ
എന്നുമേ ഭാവം ഞാനുമിവന്നു നൽകീടുന്നി-
ല്ലെന്നപ്പോൾ തെളിശസ്ത്രംകൊണ്ടരിഞ്ഞെന്നെക്കൊല്ലും
രാത്രിയിൽ പിടിപെട്ടു ബന്ധിച്ച തസ്കരനു
രാത്രിശേഷത്തിങ്കൽ തോന്നീടിന ബുദ്ധിപോലെ
എത്രയും കഷ്ടമെന്നു തോന്നീടുമെന്നുള്ളതു
ബുദ്ധിയിൽ നിരൂപിച്ചു ചൊല്ലിയും പ്രലാപിച്ചും
രാഘവകുലപതേ! രാജീവവിലോചന!
രാഘവ! രാമ! രാമ! ലക്ഷ്മണ! മനോഹര-
രാകേന്ദുബിംബാനന! രാവണരിപോവീര
ഊറ്റമുള്ളൊരു പെരുങ്കാറ്റിനാലടിപെട്ടു
വാർദ്ധിയിൽ വലയുന്ന നേർത്ത തോണിയെപ്പോലെ
കീർത്തിമാന്മാരായുള്ള പാർത്ഥിവവരന്മാരേ
പ്പേർത്തു ഞാൻ പിരികയാലാർത്തയായ്‌വലയുന്നേൻ
ഉന്നതബലമുള്ള മന്നവമണികളെ
യെന്നുടെ മൂലമായിത്തന്നെവന്നൊരാശരൻ
പൊന്മാനിൻ വേഷമെടുത്തേറ്റവും വഞ്ചിച്ചഹോ
നിർമ്മാനുഷ്യമാം കാട്ടിൽ കൊണ്ടുപോയ്ക്കൊലചെയ്താൻ
പാരിച്ചൊരിടിവീണു കേസരിവൃഷഭങ്ങൾ
പാരിൽ ചത്തതുപോലെ ചത്തതുമവർനൂനം
മാനിനെപ്പിടിപ്പാനായ് പോയോരുകാലം തന്നെ
മാനിന്റെ വേഷം പൂണ്ടു വഞ്ചിച്ചുവന്നുതദാ
മാനവവരന്മാർക്കു കാലനായ് വന്നുകൂടി
ദീനമാനസയായിട്ടെന്നെയും ചമച്ചിതു
നൂനമിന്നല്ലായ്കിലെന്നെവിട്ടിത്രനാളും
കാണാതെ പിരിഞ്ഞിരുന്നീടുമോ നൃപവരർ?
ഹാ! രാമ! ഹാ! ലക്ഷ്മണ! ഹാ! ദീനദയാപര!
ഹാ! ജീവനാഥ! ദേവ! ഹാ! പൂർണ്ണചന്ദ്രാനന!
രാക്ഷസനെന്നെക്കൊൽവാൻ വരുന്നതറിഞ്ഞീലേ
ദാക്ഷിണ്യമെങ്കലെന്തൊന്നില്ലാതെപോവാനയ്യോ
മറ്റില്ലമമദൈവം രാമനേദൈവമെന്നു
പറ്റലർ കുലകാല! നിന്നെ ഞാൻ നിനച്ചിതു
പറ്റുമങ്ങെനിയ്ക്കുള്ള ക്ഷമയും വ്രതങ്ങളും
കുറ്റമറ്റുള്ള ധർമ്മകൃത്യത്തിൻ നിയമവും
പൃത്ഥ്വിയിൽ കിടക്കയുമൊക്കയുമെനിയ്ക്കിപ്പോൾ
വ്യ്ര്ത്ഥമായ് കൃതഘ്നങ്കൽ ചെയ്തുപകാരം പോലെ-
നിന്നെ ഞാൻ പിരിഞ്ഞിഹ കാണാതെയിരിയ്ക്കയാൽ
മന്നവ! കൃശയായിച്ചമഞ്ഞേനധികവും
നിന്നോടുകൂടാമെന്നുള്ളാശയും വെടിഞ്ഞിപ്പോ-
ളെന്നുടെ ധർമ്മമേകപത്നീത്വമെല്ലാം വ്യർത്ഥം
മാന്യനാം പിതാവിന്റെ വാക്കിനെ വഴിപോലെ
ധന്യനായുള്ള ഭവാൻ പാലിച്ചുനടത്തുന്നു
പിച്ചയാമയോദ്ധ്യയിൽ ചെന്നുടൻ കൃതാർത്ഥനായ്
ക്കച്ചണിമുലമാരൊടൊന്നിച്ചു രമിച്ചിടും
പച്ചയായിട്ടു കൊന്നുതിന്നുന്ന നിശാചര-
ർക്കച്ചോ! ഞാൻ വന്നിങ്ങിനെയിരയായകപ്പെട്ടേൻ
പച്ചക്കാർവർണ്ണനായ നിന്നെ ഞാനധികവു-
മിച്ഛവെച്ചിതിങ്ങിനെ നാശത്തിനായിത്താനോ?
ശില്പമായ് ചമച്ചുള്ള തപസ്സും വ്രതങ്ങളു-
മല്പഭാഗ്യയായമേ വ്യർത്ഥമായ് ചമഞ്ഞിതോ?
പ്രാണനെക്കളയുന്നേൻ വിഷത്തെക്കുടിച്ചു താൻ
ചാരെവെച്ചിരിയ്ക്കുന്ന ശസ്ത്രത്താൽ വെട്ടീട്ടുതാൻ
ഹന്തജീവിതം തന്നെ ത്യജിപ്പാൻ ഗരളാദി
ചിന്തിയ്ക്കിലതുതന്നെത്തരുവാനാരിങ്ങുള്ളു?
ഇത്തരം ബഹുവിധം ചിന്തിച്ചു വിലാപിച്ചു
മുത്തമയാദേവി ദുഃഖത്തിന്നൊഴിവുകൾ
ചെറ്റുമേ കാണായ്കയാൽ പിന്നെയുമൊരുനിന-
വുൾത്താരിൽ നിനച്ചാളങ്ങിങ്ങിനെയതുനേരം
നന്നായെങ്കഴുത്തിലുമിത്തരുശാഖയിലു-
മൊന്നായി വേണികൊണ്ടു ബന്ധിച്ചു തൂങ്ങിയിപ്പോൾ
എന്നുടെ പ്രാണൻ തന്നെയിന്നു ഞാൻ കളയുന്നേ-
നെന്നകതാരിലഹോ! രാമാനുജന്മാരേയും
തന്നുടെ കുലത്തേയും നിനച്ചുശോകത്തിനാ-
ലുന്നതസ്തനിയൊരു മരത്തിൻ കീഴിൽ ചെന്നു
നിന്നതിൻ കൊമ്പു പിടിച്ചീടിനാളതുനേരം
ഭൂപന്റെ പ്രസാദത്താലതു ദേശാധിപത്യം
പ്രാപിച്ച പുരുഷനേയുപജീവികൾ പോലെ
ആപത്തെക്കളയുന്ന സുനിമിത്തങ്ങൾ വന്ന-
ങ്ങാപൽ പ്രാപ്തയാം സീതാദേവിയെസ്സേവിച്ചിതു
മീനത്താലഭിഹതമായതാമരപോലെ
മീനാക്ഷി തനിയ്ക്കൊന്നങ്ങിളകീവാമനേത്രം
പീനമായുരുണ്ടതി കോമളമായീടുന്ന
മാനിനി തനിയ്ക്കുള്ളോരിടം കൈ തുടിച്ചതും
ചാരുവായിരിയ്ക്കുന്ന വാമോരു ചലിച്ചതും
ചാരുകേശിയ്ക്കുനീവീബന്ധമങ്ങഴിഞ്ഞതും
പാരിതിലെല്ലാവർക്കും കൈകണ്ടഫലമായ
ചാരുവാം നിമിത്തങ്ങൾ പിന്നെയും പലതരം
പാരമല്ലാതെതന്നെയങ്ങുകണ്ടീടുന്നോരു
നേരത്തിലതൊക്കെയുമിങ്ങിനെ തോന്നിക്കൊള്ളും
വീരനാം രാമൻ വന്നു സാരസമിഴിതന്റെ
നേരേ നിൽക്കുന്നുവെന്നുചൊല്ലുന്നപോലെതന്നെ
ഇത്തരം ശുഭകരനിമിത്തം കാണുന്നേരം
ചിത്തപങ്കജം ദേവിയ്ക്കേറ്റവും തണുത്തിതു
വെയിലും കാറ്റും കൊണ്ടുവാടിപ്പോയഥമഴ
പെയ്തതുകൊണ്ടുസസ്യം തണുത്തപോലെതന്നെ
ആനനസരോജവുമധികം തെളിഞ്ഞഹോ
ജാനകീദേവിയ്ക്കപ്പോളീവിധമെല്ലാമായി
രാഹുമുക്തനായുള്ള ശീതാംശുസഹിതയാം
രാത്രിയെപ്പോലെയഥ ശീതാംശുമുഖിസീതാ
ത്യക്തശോകയായ് മരുവീടിനാളതുനേരം
ശക്തനാം ഹനുമാനുമിങ്ങിനെ വിചാരിച്ചാൻ
രാവണശങ്കകൊണ്ടു ജാനകി ശബ്ദിച്ചെങ്കിൽ
രാക്ഷസീജനമൊക്കെയോടിവന്നിട്ടിങ്ങെന്നെ
പിടിപ്പാനുടൻ തന്നെ യത്നിയ്ക്കുമല്ലയായ്കിൽ
വധിപ്പാനായിട്ടിങ്ങു തന്നെയെങ്കിലും കൊള്ളാം
അവരെപ്പേടിപ്പിച്ചങ്ങോടിച്ചു ഞാനെങ്കിലു-
മവരുമരക്കരെവിളിയ്ക്കും മടിയാതെ
രാക്ഷസപതിയായ രാവണനിയോഗത്താൽ
രാക്ഷസവീരന്മാരുമൊന്നിച്ചുവന്നുകൂടി
ശൂലശക്തികൾ യഷ്ടിപ്രാസകുന്തങ്ങളേന്തി
ച്ചാലവേ പോന്നിങ്ങെന്നോടേറ്റു പോർ ചെയ്യുന്നേരം
ഘോരമായമർചെയ്യും ഞാനുമിങ്ങെന്നാൽ പിന്നെ-
വാരിധി ചാടുവാനും സന്ദേഹമുണ്ടായ്‌വരും
പിന്നെയങ്ങവർ വന്നു ക്ഷീണനായോരെന്നേ
യിന്നൊരു ലേശം പോലും പേടിയ്ക്കയില്ലെന്നല്ല
ദുഷ്ടന്മാരിതുകണ്ടാൽ സീതയെത്തന്നേപിന്നെ-
ക്കഷ്ടമാം വണ്ണം കൊല്ലുമില്ല സംശയമേതും
കാരിയദോഷം വരും ഞാനിങ്ങു ബദ്ധപ്പെട്ടാൽ
നൂറുയോജനവഴി ചാടുവാനില്ലാഞ്ഞാരും
കാരിയം തിരിയാതെ വാനരരുഴന്നീടും
കാര്യസിദ്ധിയും വരാ രാമസുഗ്രീവന്മാർക്കും
വന്നരാക്ഷസന്മാരെയെത്രയെങ്കിലും കൊല്ലാം
പിന്നെയക്ഷണമബ്ധിചാടുവാനെളുതല്ലാ
യുദ്ധത്തിലൊരുത്തനും ജയവും നിത്യമല്ല
ബുദ്ധിയുള്ളവരാരും സന്ദിഗ്ദ്ധകാര്യം ചെയ്യാ
ചൊല്ലാതെ പോകുന്നാകിൽ സീതയും മരിച്ചീടും
ചൊല്ലുകിൽ പലദോഷമിങ്ങിനെയുണ്ടുതാനും
സീതയ്ക്കു ഭയം പോകാനുള്ളോരു വഴിയിപ്പോൾ
സീതാനായകൻ തന്നെ സ്തുതിയ്ക്ക വഴിപോലെ
സീതയുമതുനേരം ചേതസ്സിലിരിയ്ക്കുന്ന
ഭീതിയും വെടിഞ്ഞെന്നെ വിശ്വസിച്ചീടുമെന്നു
നിശ്ചയിച്ചാഞ്ജനേയൻ സീതയ്ക്കു കേൾക്കുമാറ-
ങ്ങുച്ചരിച്ചിതു മുന്നം രാഘവചരിതത്തെ
ചണ്ഡാംശുകുലത്തിങ്കലത്ഭുതഗുണത്തോടൊ-
ത്തുണ്ടായി ദശരഥനെന്നൊരു രാജവീരൻ
ചക്രവർത്തിയായുള്ളോൻ വിക്രമശാലിയവൻ
ശക്രനുസമബലനബ്ഭദ്രൻ ദാനശീലൻ
ഇത്തരം ഗുണമുള്ള നൃപതിയ്ക്കൊരുമക-
നെത്രയും ഗുണവാനയുണ്ടായി രാമനെന്നു
ജലജനേത്രനായ രാമചന്ദ്രനും പിന്നെ-
ജ്ജനകസത്യം രക്ഷിച്ചീടുവാൻ വനം പുക്കു
ലക്ഷ്മണനെന്ന തമ്പി തന്നോടും ദേവിയോടും
ലക്ഷ്മീവാനായുള്ളോരു രാഘവൻ സുഖമോടും
ക്രൂരമാം ജനസ്ഥാനം തന്നിലങ്ങിരിയ്ക്കുന്നാൾ
ഘോരരാക്ഷസവധം ചെയ്കയാൽ ദശഗ്രീവൻ
സീതയെക്കട്ടുകൊണ്ടുപോയിതു പതിയാലെ
സീതയെയുടൻ രാമനന്വേഷിച്ചടവിയിൽ
കൂടവേ നടക്കുമ്പോൾ മിത്രത കലർന്നങ്ങു
ചാലവേ ലഭിച്ചിതു സുഗ്രീവനെന്നകപി
വാനരരാജാവായ സുഗ്രീവനതുനേരം
ജാനകീദേവിതന്നെക്കാണുവനെന്നുചൊന്നാൻ
മാനവവരനായ രാമനുമുടൻ തന്നെ
വാനരരാജ്യം തന്നെ നൽകുവൻ നിനക്കെന്നാൻ
ഇങ്ങിനെയിരുവരുമന്യോന്യം പ്രതിജ്ഞകൾ
തിങ്ങിന മോദത്തോടെ ചെയ്തുമേവിനകാലം
ബാലിയെക്കൊലചെയ്തു രാഘവകുലവീരൻ
വാനരരാജ്യമെല്ലാം നൽകിനാൻ സുഗ്രീവനും
പെട്ടെന്നു കപീന്ദ്രനും സീതാന്വേഷണത്തിന്നാ-
യെട്ടു ദിക്കിനുമയച്ചീടിനാൻ കപികളെ.
സമ്പാതിവചനത്താൽ നൂറുയോജനവഴി-
അബ്ധിയും ചാടിക്കടന്നിക്കരെവന്നുഞാനും
കണ്ടകപ്പെട്ടു ദേവി തന്നെയും ദൈവാലെനി-
യ്ക്കുണ്ടായി മോദവുമെന്നടങ്ങീ ഹനുമാനും
സീതയും വിസ്മയത്തോടങ്ങുമിങ്ങുമേപാർത്താൾ
ഭീതയായുടൻ തന്നെ കാണായ്ക കൊണ്ടങ്ങതും
നീലകുഞ്ചിതകേശസംവൃതമുഖം തന്നെ
ച്ചാലവേയുയർത്തീട്ടു നോക്കിയ നേരത്തിങ്കൽ
ശിംശപാവൃക്ഷശാഖാലീനനായൊരുഭാനു-
വംശജദൂതൻ തന്നെക്കണ്ടുവിസ്മയം പൂണ്ടു
ചിന്തിച്ചാളിതെന്തയ്യോ! ഭീമമാം കപിയൊന്നു
ചിന്തിതമെന്ന്യേയിപ്പോളെങ്ങുന്നുവന്നുകഷ്ടം!
സ്വപ്നമോയിതെന്തെന്നും ഞാനറിയുന്നീലേതും
സ്വപ്നത്തിൽ കുരങ്ങിനെക്കാണ്മതും കഷ്ടമത്രേ
എന്നുടൻ തന്നെ ബോധക്കേടോടെ മോഹാലസ്യം
കന്നൽ നേർമിഴിയാൾക്കങ്ങുണ്ടായീ ചെറ്റുനേരം
പിന്നെയും മോഹാലസ്യം തെളിഞ്ഞുബോധമുണ്ടാ-
യുന്നതസ്തനി ചിന്തപൂണ്ടുടൻ ചൊന്നാളേവം
മന്നവമണിരാമൻ തനിയ്ക്കും സൌമിത്രിയ്ക്കു-
മെന്നുടെ പിതാവിന്നും നന്മയുണ്ടാകവേണം
സ്വപ്നങ്ങളുറങ്ങുന്ന നേരത്തല്ലയോ കാണ്മു
സ്വപ്നത്തിന്നവകാശമില്ലെനിയ്ക്കിപ്പോൾ പാർത്താൽ
രാമാനുബന്ധയായ ചിന്തതാൻ വരിച്ചപ്പോൾ
രാമനുബന്ധങ്ങളാം വസ്തുക്കൾ കേൾക്ക കാൺക
എന്നതുമനോരഥമതിനുരൂപമില്ല
ഇന്നിവൻ തന്നെ വ്യക്തരൂപനായ് കാണുന്നല്ലോ
വജ്രിയ്ക്കും വാക്പതിയ്ക്കും വഹ്നിയ്ക്കും വിരിഞ്ചനും
കുമ്പിട്ടേനെനിയ്ക്കിങ്ങു കണ്ടതുസത്യമാക
എന്നേവമരുൾ ചെയ്തു വാസവാദികളോടും
നന്നായിജ്ജനകജ യാചിച്ചാളതുനേരം
വെള്ളവസ്ത്രത്തെദ്ധരിച്ചീടിനഹനുമാനും
മെല്ലവേ ഭൂമിതന്നിലിറങ്ങി നമസ്കരി-
ച്ചുല്ലാസവിനയമായ്ക്കുമ്പിട്ടങ്ങെഴുനേറ്റു
നില്ലാതമോദത്തോടും കൂപ്പുകയ്യായിത്തന്നെ
മെല്ലവേയവിടുന്നു പിന്നോട്ടുവാങ്ങീട്ടേവം
ചൊല്ലിനാൻ മധുരമായീടിനവാക്യം കൊണ്ടു
ആരെന്നു പറക നീയെന്തിനുമരക്കൊമ്പു-
മാലംബിച്ചിഹ നിൽക്കുന്നംബുജദളനേത്രേ!
കണ്ണിന്നുവെള്ളംവീഴാൻ കാരണമെന്തൊന്നിപ്പോൾ
കന്നൽനേർമിഴിയാളേ! ചൊല്ലുകമടിയാതെ
രുദ്രന്മാർ മരുത്തുക്കൾ വസുക്കളിവരുടെ
പത്നിയാമെന്നുതന്നേ തോന്നുന്നു നിന്നെക്കണ്ടാൽ
അംബരതലത്തിന്നു രോഹിണിതന്നെ ഭുവി
അംബുജമുഖി! ചന്ദ്രൻ വേറിട്ടുവീഴുകയോ?
ശോകമോഹാദികൊണ്ടു ഭർത്താവെ മോഹിപ്പിച്ച
ദോഷഹേതുവാൽത്തന്നെ വേർപൊആടുവന്നുപോയോ?
ഉറ്റവരുടയവരാരാനും മരിച്ചുപോ-
യത്രയീനവർ തന്നെച്ചൊല്ലിത്താൻ കരകയോ?
രോദനം കൊണ്ടുമതിനിശ്വാസം കൊണ്ടും പിന്നെ
സ്വേദബിന്ദുക്കൾ കൊണ്ടും ഭൂമിസംസർഗ്ഗം കൊണ്ടും
ദേവിയല്ലെന്നു കല്പിച്ചീടുന്നേൻ മൃദുകേശി!
ദേഹങ്ങൾ നിങ്കൽ ചെറ്റുമേതൊന്നുകൊണ്ടും നല്ല
ലക്ഷണങ്ങളിതോർത്താൽ രാജകന്യകയെന്നി-
ങ്ങിക്ഷണം തോന്നീടുന്നു വ്യക്തമായ് മനതാരിൽ
രാവണൻ ജനസ്ഥാനാൽ കട്ടുകൊണ്ടിങ്ങുപോന്ന
രാഘവധർമ്മപത്നിതന്നെയോസുകുമാരി!
ചൊല്ലുക സത്യമായിട്ടെന്നോടിങ്ങെന്നാൽ നിന-
ക്കല്ലലും തീരും നല്ലൊരാഹ്ലാദങ്ങളുമുണ്ടാം
രൂപവേഷങ്ങൾ കൊണ്ടും തപസ്സുകൊണ്ടുമോർത്താൽ
രൂപമാലിനിസീതതന്നെയെന്നങ്ങുതോന്നും
രാമകീർത്തനംകൊണ്ടു സന്തോഷിച്ചവൾ നിജ-
രാമദൂതനോടിദം വിസ്തരിച്ചുരചെയ്താൾ
മന്നവവരമണിയാകിയദശരഥൻ
തന്നുടെ മകൻ രാമനവന്റെപത്നി ഞാനോ
വൈദേഹൻ ജനകനാമെന്നുടെ ജനകനും
വൈദേഹിയെന്നു നാമമെനിയ്ക്കെന്നറിഞ്ഞാലും
പങ്‌ക്തിസ്യന്ദനൻ തന്റെ ഭവനേ ഭർത്താവോടും
പന്തീരാണ്ടിരുന്നു ഞാൻ സ്വൈരമായിട്ടുതന്നെ
എന്നുടേ പ്രിയൻ തന്നെബ്ഭൂമിയ്ക്കും പ്രിയനായി
മന്നവനഭിഷേചിച്ചീടേണമെന്നുകണ്ടു
പലതും സംഭാരങ്ങൾ കൊണ്ടന്നുകോപ്പുകൂട്ടി
ഭരതമാതാവും വന്നതിനെ മുടക്കിനാൾ
വിണ്ടലർ കാലൻ രണ്ടുവരത്തെയവൾക്കായി-
പ്പണ്ടൊരു കാരണത്താൽ കൊടുത്താനതുരണ്ടും
പ്രഥമവരത്തിനാൽ രാമനുവനവാസം
പതിന്നാലാണ്ടു ദണ്ഡകാടവിതന്നിൽ കേട്ടാൾ
പാരിടം ഭരതനു കേട്ടാളങ്ങിതരത്താൽ
പാരാതെ പുറപ്പെട്ടാൻ രാമനുമുടൻ തന്നെ
അമ്മതന്നരികിലങ്ങെന്നെയുമാക്കിമെല്ലേ
വെണ്മയിലവരോടു യാത്രയും പറഞ്ഞിട്ടു
താതന്റെ സത്യം രക്ഷിച്ചീടുവാൻ പോരുന്നേരം
ധീരന്റേ കൂടത്തന്നെ പോന്നിതു ഞാനും മുന്നം
ലക്ഷ്മീവാനായുള്ളോരു ലക്ഷ്മണവീരൻ കൂടി
രക്ഷാർത്ഥം ചീരധാരിയായിട്ടു പുറപ്പെട്ടാൻ
ദണ്ഡകാവനത്തികൽ വന്നിരിയ്ക്കുന്ന നാളിൽ
ചണ്ഡനാം ദശകണ്ഠനെന്നേയും കൊണ്ടുപോന്നാൻ
വിണ്ടലർ കാലനായ രാമനെക്കണ്ടീലെങ്കിൽ
രണ്ടുമാസമേയിനിജ്ജീവനമെനിയ്ക്കുള്ളു
ഇത്തരം ദേവിതന്റെ ദൈന്യവാക്കുകൾ കേട്ടീ
ട്ടുത്തരം സാന്ത്വപൂർവ്വമുരത്താൻ ഹനുമാനും
രാമദൂതനെന്നെന്നെ ജാനകി ധരിച്ചാലും
രാമലക്ഷ്മണന്മാർക്കിന്നേതുമേദണ്ഡമില്ല
ലക്ഷ്മണാഗ്രജൻ ചൊന്നാൻ കുശലം തവസീതേ
ലക്ഷ്മണനഭിവാദ്യം ചെയ്തുനിന്നേവം ചൊല്ലി
ഇക്കഥകേട്ടുദേവിയെത്രയും സന്തോഷിച്ചു
മർക്കടവരൻ തന്നോടിങ്ങിനെയരുൾ ചെയ്താൾ
വല്ലവണ്ണവും ജീവിച്ചിരിയ്ക്കും ജനങ്ങൾക്കു
നല്ലതുവരുമെന്നഗാഥനെരെന്നുംവന്നു
ഇങ്ങിനെയിരുവരും വിശ്വാസ്യന്മാരായിട്ടു
തങ്ങളിൽ വിശേഷങ്ങൾ പറഞ്ഞങ്ങിരിയ്ക്കുമ്പോൾ
ജാനകീദേവിതന്റെയരികിൽ മെല്ലെമെല്ലേ
വാനരവീരൻ ചെന്നു തുടങ്ങി ശങ്കയെന്ന്യെ
അടുത്തുചെല്ലുന്നേരം ജാനകീദേവിയ്ക്കുള്ളിൽ
പെരുത്തുശങ്കയുണ്ടായ് രാവണനെന്നുതന്ന്യെ
മറ്റൊരുവേഷം പൂണ്ടു രാവണൻ തന്നെയിപ്പോൾ
മർക്കടാകൃതിയായി വന്നിതിങ്ങിന്നു നൂനം
എന്നവളശോകത്തിൻ കൊമ്പുവിട്ടുർവ്വിതന്നിൽ
നിന്നിതങ്ങധോമുഖിയായിട്ടുതന്നെയപ്പോൾ
പിന്നെയും തൊഴുതിതു വിനയാന്വിതനായി
കന്നൽ നേർമിഴിയാളും ചൊല്ലിനാളതുകണ്ടു
വാനരവേഷം പൂണ്ടു രാവണ നീയിങ്ങിപ്പോൾ
വന്നിതുനിയ്യെന്നെങ്കിൽ നിനക്കുനല്ലതല്ല
പണ്ടൊരു സന്യാസിയായ് നിന്റെ രൂപവും വിട്ടു
ചണ്ഡമാം ജനസ്ഥാനേ വന്നവന്തന്നെനിയ്യാം
അർക്കവംശജദൂതനെന്നു നീയെന്നാലിപ്പോൾ
മർക്കടവര! മോദമെനിയ്ക്കിന്നെളുതല്ല
ചൊല്ലുകരഘുവരൻ തന്നുടെ ഗുണമെല്ലാ
മല്ലൽ പോവാനായിനിയ്ക്കിങ്ങിനിക്കപിശ്രേഷ്ഠ!
സ്വപ്നത്തിലുള്ള സൌഖ്യമൊട്ടുമേയെളുതല്ല
സ്വപ്നത്തിനുണ്ടുനൂനം മത്സരമെന്നോടിപ്പോൾ
സ്വപ്നത്തിൽകൂടിഞാനും മർത്ത്യനെ കാണുന്നില്ല
സ്വപ്നമല്ലെന്നു നൂനമിന്നിതുചൊല്ലാം നന്നായ്
സ്വപ്നത്തിൽ കുരങ്ങിനെ കാണ്മതുകഷ്ടം തന്നെ
സ്വപ്നത്തിൽ കണ്ടാൽ പിന്നെ നല്ലതുവരാചെറ്റും
നല്ലതിനല്ലോ ഞാനുമിച്ഛിയ്ക്കുന്നിപ്പോൾ കിനാ-
വല്ലിതു പാദസ്പർശം തന്നെയോ ഭ്രാന്തോപിന്നെ
എന്നതിങ്ങൊന്നുമല്ലയെന്നതിനുണ്ടുമാന-
മെന്നെയുമിവനേയുമൊന്നിച്ചുകാണുന്നല്ലോ
ഇങ്ങിനെവരായൊന്നും ഭ്രാന്ത്യാദിവികാരത്തി-
നിന്നിതു രക്ഷോമായതന്നെയെന്നടങ്ങിനാൾ
ജാനകിതനിയ്ക്കുള്ള ചിന്തിതമറിഞ്ഞിട്ടു
വാനരവരനായ ഹനുമാനുടന്തന്നെ
ശ്രോത്രസൌഖ്യങ്ങളായവാക്യങ്ങൾ കൊണ്ടുരാമ
സ്ത്രോത്രങ്ങൾ ചെയ്തു തുടങ്ങീടിനാൻ വഴിപോലേ
അർക്കനെപ്പോലെയുഗ്രനബ്ജനെപ്പോലെസൌമ്യൻ
വിക്രമംകൊണ്ടുവിഷ്ണുതുല്യനാം രഘുവീരൻ
രൂപലാവണ്യസൌഭാഗ്യങ്ങളെക്കൊണ്ടുകണ്ടാൽ
രൂപവാനായ കാമദേവന്താനെന്നുതോന്നും
സ്ഥാനത്തേകോപമുള്ളുരാമനെന്നറിഞ്ഞാലും
സ്ഥാനത്തല്ലാതെയങ്ങു കോപിയാഗുണശാലി
രാമനെവഞ്ചിച്ചിങ്ങു കൊണ്ടുപോന്നെല്ലോനിന്നെ
രാവണനതിൻഫലം ഭുജിയ്ക്കുമെന്നുനൂനം
രാഘവനമർതന്നിൽ രാവണൻ തന്നെക്കൊല്ലും
രാഘവനയച്ചത്രേ വന്നിതുഞാനും ദേവി!
ശങ്കയെ വെടിഞ്ഞിപ്പോൾ വിശ്വസിച്ചാലുമെന്നെ
സ്സംശയം വേണ്ടചെറ്റും നിനക്കു മനതാരിൽ
ചോദിച്ചു കുശലിയാം രാഘവൻ കുശലത്തെ
ചോദിച്ചുനതിപൂർവ്വം തവസൌമിത്രിതാനും
അർക്കവംശജമണിതന്നുടെ സഖാവുമ-
ങ്ങീശ്വരാധീനം തന്നെ ജീവിച്ചതിത്രനാളും
രാക്ഷസവംശത്തിങ്കലിരുന്നുമരിയ്ക്കാതെ-
യാഗമിച്ചീടുമിപ്പോൾ രാമനും സൌമിത്രിയും
ആശുവൈദേഹിയിങ്ങു കാണലാം തവനൂനം
വാനരകോടിതന്റെ നടുവിൽ വരുന്നോരു
വാനരാധീശൻ തന്നെക്കൂടവേയങ്ങുകാണാം
കളവല്ലിതുസീതെ! നന്നായിട്ടറിക നീ
കളകമനസ്സിലെബ്ഭയശോകങ്ങളെല്ലാം
സുഗ്രീവസചിവൻ ഞാൻ നിന്നെയങ്ങന്വേഷിപ്പാ-
നുഗ്രനക്രാകുലമാം സാഗരം കടന്നിപ്പോൾ
ആശരഗണത്തേയും വഞ്ചിച്ചുകോട്ടതന്നി-
ലാരുമേയറിയാതെ കടന്നുരാവണന്റെ
മൂർദ്ധാവിലിടം കാലും വെച്ചു ഞാൻ നിന്നെവന്നു
പാർത്തിന്നുധരിച്ചാലും പാർത്ഥിവാത്മജേ!യിപ്പോൾ
ശങ്കവിട്ടെന്റെവാക്യം ശ്രദ്ധിയ്ക്കുനന്നായെന്നു
ഗാന്ധവാഹാത്മജന്റെ വാക്യങ്ങൾ കേട്ടുസീത
ചൊല്ലിനാൾ നിനക്കിപ്പോൾ മർക്കടകുലവീര!
തുല്യനാം രാമനോടു സംഗമമെങ്ങുന്നുണ്ടായ്?
എങ്ങിനെയറിഞ്ഞിപ്പോൾ സൌമിത്രി തന്നെ നിയ്യു
മെങ്ങിനെയുണ്ടായ് സംഗമം മർക്കടവരന്മാർക്കും?
ബാഹുജവരന്മാരാം രാമലക്ഷ്മണന്മാർതൻ
ദേഹസംസ്ഥാനരൂപലക്ഷണങ്ങളെച്ചൊൽക
എന്നപ്പോളുരചെയ്താനാദരവോടുവീര-
നുന്നതസ്തനിയായ ജാനകീദേവിയോടും
എന്നെ നീ പരീക്ഷിപ്പാനല്ലയോ ചോദിയ്ക്കുന്നു-
വെങ്കിൽ ഞാനവരുടെ ദേഹലക്ഷണം ചൊല്ലാം
താമരയിതൾ പോലെ നീണ്ടുള്ള നയനങ്ങൾ
മാറിടം മണിക്കെട്ടും മുഷ്ടിയെന്നിവ മൂന്നും
തേറുക രഘുപതിയ്ക്കേറ്റവും സ്ഥിരമായി
ചാരുവാം പുരികവും മുഷ്കവും ബാഹുക്കളും
വാരിജവിലോചനേ! നീളമായിരിയ്ക്കുന്നു
കൂരിരുൾ പോലെ കചഭാരവും ജാനുക്കളും
സാരസവിലോചനേ! മുഷ്കവും സമങ്ങളാം
നാഭിമണ്ഡലം കുക്ഷി മാറിടമുയർന്നഥ
പാദരേഖയും നഖരേഖയും ധരിയ്ക്കനീ
സാദരം നേത്രാന്തവും താമ്രവർണ്ണമായഹോ
പാദരേഖയും ലിംഗമണിയും കചം മൂന്നും
പാഥോജവിലോചനേ! സ്നിഗ്ദ്ധമായിരിയ്ക്കുന്നു!
നാദവും ബലം നാഭി ഗംഭീരമാകുന്നേറ്റ
മുദരോപരിമൂന്നുവലിയും ശോഭിയ്ക്കുന്നു
നിംനമാം കചാഗ്രങ്ങൾ പാദരേഖകൾ മൂന്നും
ഗ്രീവയും ലിംഗം, ജംഘപൃഷ്ടമെന്നിവനാലും
കേവലം ഹ്രസ്വമായി രാഘവനറിഞ്ഞാലും
ഉത്തമാംഗത്തിൽ മൂന്നു ചുഴിയുണ്ടിഹദേവി!
ഉത്തമമായനാലുവേദങ്ങൾ ഗ്രഹിപ്പാനാ-
യുത്തമനംഗുഷ്ഠമൂലങ്ങളിൽ നാലുവര
അംഗുലം തെർണ്ണൂറ്റാറായുള്ളൊരുശരീരവും
ഭംഗിയേറീടും ജാനുബാഹൂരുഗണ്ഡങ്ങളും
മംഗലഗാത്രി! നന്നായ് സമമായിരിയ്ക്കുന്നു
ഭ്രൂലതാനാസാപുടം കണ്ണുകൾ കർണ്ണങ്ങളും
ചേലെഴുമോഷ്ഠങ്ങളും ചൂചുകം കൂർപ്പരങ്ങൾ
കേളെടോ! മണിക്കെട്ടും ജാനുവും കേശങ്ങളും
ചാലവേകുടികരപാദങ്ങൾ നാഭിക്കീഴും
നാളീകവിലോചനേ! കേളീരണ്ടായോരിവ
വാളേലും മിഴിയാളേ! പതിന്നാൽ സമമായും
ഉത്തമപുരുഷന്റെ ലക്ഷണമായ ദംഷ്ട്ര-
യൊത്തുള്ള ദന്തം നാലും വിസ്മയം നിരൂപിച്ചാൽ
മത്തവാരണസിംഹവൃഷഭവ്യാഘ്രങ്ങടെ
ചിത്രമാം ഗതികളുമെത്രയും മനോഹരം
ബിംബത്തിൻ സമമായോരധരം മനോഹരം
കമ്രമായുള്ള ഹനുമാംസളമായും തഥാ
ദൈർഘ്യതുംഗത്വമുള്ള നാസികാവടിവതും
വാക്യവംവക്ത്രാനഖം രോമവും തോലെന്നഞ്ചും
സ്നിഗ്ദ്ധമായുള്ളതെന്നങ്ങുള്ളത്തിലറിഞ്ഞാലും
പൃഷ്ഠാസ്ഥികരചരണാംഗുലികരങ്ങളും
സുഷ്ഠുവാം ശരീരവും നാസികാകർണ്ണങ്ങളും
കണ്ണുകൾ പ്രജനനമെന്നതും രഘുവര-
നർണ്ണോജമിഴിയാളേ! ധരിയ്ക്ക ദീർഗ്ഘങ്ങളാം
ശിരസ്സും ലലാടവും കഴുത്തും ബാഹുക്കളു-
മുരസ്സും തോളും നാഭിപാർശ്വങ്ങൾ പൃഷ്ഠങ്ങളും
സ്വരങ്ങളിവപത്തും ബൃഹത്തായിരിയ്ക്കുന്നു
യശസ്സും ശ്രീയും തേജസ്സിവയാൽ വിളങ്ങുന്നു
താതവംശവും നിജമാതൃവംശവും രണ്ടും
പൂതമായിരിയ്ക്കുന്നു പാഥോജവിലോചനേ!
കക്ഷവും ലലാടവും വക്ഷസ്സും ഘ്രാണങ്ങളും
കക്ഷിയും സ്കന്ധങ്ങളെന്നാറുമുന്നതങ്ങളാം
കേശവും നഖങ്ങളും രോമമംഗുലീപർവ്വം
മീശയും തോലും സന്ധിദർശനങ്ങളും നവ
പേശലമായങ്ങതി സൂക്ഷ്മമായിരിയ്ക്കുന്നു
പൂർവ്വാഹ്നകാലത്തിങ്കൽ ധർമ്മവുമനുഠിപ്പൂ
മദ്ധ്യാഹ്നകാലത്തിങ്കൽ ധർമ്മത്തെച്ചിന്തിച്ചീടും
പിന്നെയങ്ങപരാഹ്നകാലത്തിൽ കാമങ്ങളും
ചിത്രവേഷരായിടുമുത്തമപുരുഷന്മാ-
ർക്കിത്തരം ശരീരത്തിൻ ലക്ഷണഗുണങ്ങളാം
രണ്ടമ്മമക്കളവർ തങ്ങളിലറിഞ്ഞാലും
വിണ്ടലർ കാലനായ സൌമിത്രിയനുജനാം
ഉണ്ടായഗുണദേഹലക്ഷണങ്ങളുമെല്ലാം
കണ്ടാലുമൊരുപോലെ ഭേദമില്ലിരുവർക്കും
ശ്യാമളഹേമാഭന്മാരിമ്മാത്രം ഭേദമെന്ന്യേ
രാമലക്ഷ്മണന്മാർക്കു മറ്റൊന്നും ചൊൽവാനില്ല
ദേവിയെക്കാണാഞ്ഞിട്ടും പീഡിച്ചുവരുന്നേരം
ദൈവയോഗേന കണ്ടു വീരന്മാർ സുഗ്രീവനെ
മാനിയായുള്ള ബലിനാട്ടിന്നു സുഗ്രീവനെ
മാനിനി ഹേതുവായിക്കളഞ്ഞശേഷത്തിങ്കൽ
അർക്കവംശജനുടെ ചൊല്ലുകേട്ടങ്ങുകൂട
മർക്കടപ്രവരന്മാർ ചിന്തിച്ചാരവരപ്പോൾ
നല്ലൊരു ഋശ്യമൂകപർവ്വതസമീപത്തിൽ
വില്ലാളിവീരന്തന്നെവന്നതുകണ്ടാനപ്പോൾ
ഓടിച്ചെന്നർക്കസൂനുഋശ്യമൂകാദ്രിശൃംഗേ
പേടിച്ചു നിലം മാറി നിന്നെന്നെയയച്ചിതു
ചെന്നു ഞാനടിമലർ തൊഴുതങ്ങറിയിച്ചു
മന്നവരുടെ ഭാവം സത്യമായറിഞ്ഞപ്പോൾ
എന്നുടെ പുറം തന്നിലെടുത്തുകൊണ്ടുചെന്നു
മന്നവന്മാരെ ഋശ്യമൂകമാം ഗിരി മീതെ
അർക്കനന്ദനൻ തന്നെ കാണിച്ചനേരം ചൊന്നാൻ
അർക്കവംശജോൽഭവന്മാരോടു സുഗ്രീവനും
ബാലിയാം ജ്യേഷ്ഠൻ ഭ്രാതാനാട്ടിന്നുകളഞ്ഞതും
ബാലിയബ്ഭയപ്പെട്ടങ്ങവിടെയിരിപ്പതും
ഒക്കെയും പറഞ്ഞങ്ങു രാഘവവീരൻ കേട്ട-
ങ്ങർക്കജൻ തന്നെ നന്നായാശ്വസിപ്പിച്ചുദേവി
ലക്ഷ്മണവീരൻ രണ്ടാം രാഘവവൃത്താന്തങ്ങൾ
തൽക്ഷണം തന്നെ ചൊല്ലി കേൾപ്പിച്ചുസുഗ്രീവനെ
സൂരിയസൂനുവെല്ലാം കേട്ടുടൻ രാഹുഗ്രസ്ത
സൂരിയൻ പോലെ തന്നെ നിഷ്പ്രഭനായിദേവി
പണ്ടുരാവണൻ നിന്നെക്കൊണ്ടുപോരുന്നനേരം
കണ്ടീലേയൊരുകുന്നിൽ ഞങ്ങളെയഞ്ചുപേരെ
അന്നുനീഭൂഷണങ്ങളുത്തരീയവുംകൂട
ഞങ്ങടെ മദ്ധ്യത്തിങ്കൽ ചുരുട്ടിയിട്ടുവല്ലൊ
അതിനെയെടുത്തുഞാൻ സുഗ്രീവവചനത്താ
ലരികേരഘുപതി തന്നുടെ മുമ്പിൽ വെച്ചു
താവകവിരഹത്താൽ ഭൂമിയിൽ വീണുപാരം
ഭാവഹാനിയും പൂണ്ടു പീഡിച്ചങ്ങിരിക്കവേ
ഞാനുമങ്ങെഴുനേൽപ്പിച്ചാലസ്യം തീരുമാറു
ജാനകിതന്നെക്കിട്ടും മാർഗ്ഗങ്ങളുരചെയ്തേൻ
നിന്നുടെ ഭൂഷണങ്ങൾ തിരുമാറോടുചേർത്തു
മന്നവൻ പ്രലാപിച്ചതൊന്നുമേ ചൊൽവതല്ല
എടുത്തും കണ്ടും പൂണ്ടും രോദിച്ചും പ്രലാപിച്ചും
കൊടുത്തു സുഗ്രീവന്റെ കയ്യിലാമ്മാറുദേവി
താവകവിരഹാഗ്നിജ്വാലകളതിമാത്രം
രാഘവകുലശൈലമൊക്കവേദഹിയ്ക്കുന്നു
ആഹാരങ്ങളുമില്ല നിദ്രയുമില്ല പിന്നെ
ആരോടും തന്നെ ചെറ്റു സല്ലാപങ്ങളുമില്ല
ഉന്മത്തഭാവമെന്നു തോന്നീടും ചിലനേരം
ഉൾത്താപം ഭവതിയെക്കാണാഞ്ഞങ്ങെളുതല്ല
കാനനശൈലമെങ്ങുമന്വേഷിച്ചിട്ടും നിന്നെ
ക്കാണായ്കകൊണ്ടു ചെറ്റും രാഘവനില്ല സൌഖ്യം
രാഘവനിങ്ങു വന്നു രണത്തിൽ കുലത്തോടെ
രാവണന്തന്നെക്കൊന്നു പ്രാപിയ്ക്കും ദേവിതന്നെ
ബാലിയെക്കൊലചെയ്‌വാൻ രാഘവകുലമണി
ദേവിയെയന്വേഷിച്ചു കാണുവാൻ സുഗ്രീവനും
ഇങ്ങിനെയിരുവരുമഗ്നിസാക്ഷികമായി
തിങ്ങിനെമോദത്തോടെ പ്രതിജ്ഞചെയ്തുതമ്മിൽ
ബാലിയെക്കൊലചെയ്തു രാമനുമുടൻ തന്നെ
ചാലവേസുഗ്രീവനുകൊടുത്തുകപിരാജ്യം
വാനരേന്ദ്രനും പിന്നെദ്ദേവിയെയന്വേഷിപ്പാൻ
വാനരവീരന്മാരെയോരോരോദിക്കുകളിൽ
അയച്ചാൻ ജാനകി ഞാനതിലങ്ങൊരുത്തനാ
ണനിലൻ തന്റെ പുത്രൻ ഹനുമാനെന്നു നാമം
ദക്ഷിണദിക്കുതന്നിലന്വേഷിപ്പാനായ്ക്കൊണ്ടു
ദക്ഷിണന്മാരിൽ മുമ്പാമംഗദൻ ബാലിസൂനു
അക്ഷീണബലത്തോടെ കൂടെവെ പുറപ്പെട്ടാൻ
അക്ഷീണഭുജബലമുള്ളൊരു ജാംബവാനും
ചെന്നോരോ ദിക്കിൽ നോക്കി തിരഞ്ഞുപതുക്കവേ
വന്നൊരു വിലം പുക്കു വിന്ധ്യമാം ഗിരിതന്നിൽ
ചൊല്ലിയകാലം തപ്പീട്ടുള്ളൊരു ഭയം കൊണ്ടും
മല്ലവാർ കുഴലിയാം ദേവിയെ കാണാഞ്ഞിട്ടും
അല്ലലോടഥ ഞങ്ങൾ പ്രാണാപായങ്ങൾ ചെയ്‌വാൻ
ചൊല്ലിയങ്ങൊരുമ്പെട്ടു കണ്ടുടൻ യുവരാജൻ
കല്യാണഗാത്രിയായ നിന്നുടെ ഹരണവും
കല്യനാം ബാലിതന്റെ വധവും ജനസ്ഥാനേ
ചൊല്ലേറും ജടായുവിൻ മൃതിയുമിവയെല്ലാം
ചൊല്ലിനാനോരോ ബന്ധം കൊണ്ടതുനേരം ദേവി
മെല്ലെവേയൊരു ഗൃദ്ധ്രരാജമ്പൊന്നങ്ങുവന്നു
കല്യതയെഴുന്നവൻ സമ്പാതിയെന്നുപേരാം
നല്ലനാം ജടായുസ്സിൻ ഭ്രാതാവാമവമ്പിന്നെ
ചൊല്ലിനാൻ ചൊൽകയെന്റെ തമ്പിയെക്കൊന്നതാരോ
അന്നേരമുരചെയ്തു കേൾപ്പിച്ചാൻ ക്രമത്താലെ
നന്നായൊക്കെയും താരാതനയൻ സമ്പാതിയ്ക്കും
പിന്നെയങ്ങവൻ തന്റെയനുജവധം കേട്ടു
ഖിന്നനായുടനേവം ചൊല്ലിനാൻ സമ്പാതിയും
രാവണൻ തനിയ്ക്കുള്ള ഗൃഹത്തിലിരിയ്ക്കുന്നു
രാഘവധർമ്മപത്നിഖിന്നയായിട്ടുതന്നെ
ദൈവനിയോഗത്തിനാലേ നിന്നെയും കണ്ടേനിപ്പോൾ
വന്നിതുഞങ്ങളൊക്കെസ്സാഗരതീരത്തിങ്കൽ
ഇക്കടൽതന്നെക്കണ്ടുകടപ്പാനരുതാഞ്ഞു
മർക്കടപ്രവരന്മാർ ഭീതരായുഴന്നപ്പോൾ
നൂറുയോജനവഴി ചാടിനേൻ കടന്നിങ്ങു
ഊരിതിൽ രാത്രിവന്നു രാവണൻ തന്നെക്കണ്ടു
ദേവിഞാനിങ്ങു ദശകണ്ഠന്റെ ഭവനത്തിൽ
ഉണ്ടായപരമാർത്ഥമൊക്കെയുമുരചെയ്തേ-
നുണ്ടായിമോദവുമങ്ങധികം മനതാരിൽ
ഇന്നിനി വിദേഹേശനന്ദനേ! ഭയമെന്ന്യേ
എന്നിലുള്ളൊരു ശങ്ക വിട്ടിഹ പറഞ്ഞാലും
കന്നൽ നേർമിഴിയാളെ! രാമന്റെ ദൂതനാണെ-
ന്നെന്നെ നിയ്യറിഞ്ഞാലുമേതുമേശങ്കവേണ്ട
സൂര്യവംശജമണി ദേവിയെക്കണ്ടുകൊണ്ടു
കാര്യവും സാധിക്കാറായ് വാനരവരന്മാർക്കു
കേസരിയെന്ന ഹരി ശംബസാദനനെന്നോ-
രസുരൻ തന്നെക്കൊൽവാൻ ദേവർഷിനിയോഗത്താൽ
ചെന്നിതു ജനകജേ! ഗോകർണ്ണം ഗിരിതന്നിൽ
പുണ്യമാം നദിപതി തന്നുടെ തീരത്തിങ്കൽ
തൽഭാര്യതന്നിലന്നു മാരുതദേവൻ തദാ
ഉത്ഭവിപ്പിച്ചുണ്ടായ് ഞാൻ തത്തുല്യബലവേഗാൽ
രാഘവലക്ഷ്മണന്മാർ സ്വൈരമായിരിയ്ക്കുന്നു
രാഘവൻ ചൊല്ലുകേട്ടു സൌമിത്രിനടക്കുന്നു
മർക്കടരാജാവായ സുഗ്രീവവചനത്താ-
ലിക്കടൽ കടന്നിങ്ങു വന്നിതുതാനേതന്നെ
ഞാനിനിനിന്നെക്കണ്ട വൃത്താന്തം ചെന്നുചൊന്നാൽ
വാനരവീരന്മാർക്കു മിക്കതും തീരും താപം
ആർത്തിയങ്ങേതുമെന്ന്യേയിക്കടൽ കടന്നങ്ങു
കീർത്തിയുമുണ്ടായ്‌വരുമീശ്വരകാരുണ്യത്താൽ
കള്ളമല്ലുള്ളിൽ തേറും രാവണൻതന്നെക്കൊന്നു
കള്ളക്കാടിതു കാട്ടീട്ടീവണ്ണംവന്നുവെന്നു
മാനസം കുളുർക്കുമാറർക്കർതമ്മേക്കൊന്നു
മാനവവീരൻ രാമൻ കൊണ്ടുപോം ദേവി നിന്നെ
ഇത്തരമൊക്കവേയും വരുന്നതങ്ങുകണ്ടു
സത്വരം കപിസേന സമ്പ്രതിമോദിച്ചീടും
ചൊല്ലേറും രാമൻ തന്റെ ഗുണങ്ങളേകദേശം
ചൊല്ലിനേൻ നിനക്കിപ്പോൾ വിശ്വാസം വരുവാനായ്
ഇങ്ങിനെ കരടറ്റ വാക്യങ്ങൾ കേട്ടുസീത
തിങ്ങിനമോദത്തോടെ നോക്കിനാൾ ഹനുമാനെ
തരുണീമണിതന്റെ വദനമതുനേര-
മരുന്ന ബിംബം കണ്ട താമരപോലെയായി
ഉല്പലപത്രത്തിന്നങ്ങൊഴുകും ഹിമാംബുപോ-
ലുല്പലാക്ഷിയ്ക്കങ്ങാനന്ദാശ്രുക്കൾ പൊഴിഞ്ഞിതു
മറ്റാരുമല്ലയിവൻ മാരുതി തന്നെയെന്ന-
ങ്ങുൾത്താരിൽ നിരൂപിച്ചു നിശ്ചയിച്ചുല്പലാക്ഷി
പിന്നെയുമുരചെയ്താൻ മാരുതിവീരൻ ദേവി
തന്നോടിങ്ങിഹപിന്നെയെന്തുഞാൻ വേണ്ടതിനി
യെങ്ങിനെയിനിദേവി! നിന്നുടെ മനസ്സെന്നു
മിന്നുനീപറഞ്ഞാലും പോകയോയിരിയ്ക്കയോ
വാനരൻ തന്നെ ഞാനിങ്ങേതുമേയീഷൽ വേണ്ട
മാനവവീരൻ രാമൻ തന്റെ ദൂതനുമാകും
രാമനാമകമായ മോതിരമിതാകാൺക
രാമനിങ്ങയച്ചത്രേ വന്നിതുദേവി നൂനം
വിണ്ടലർ കാലൻ തന്നെ മോതിരമെന്റെ കയ്യിൽ
കൊണ്ടന്നു ഞാനുമിങ്ങു വിശ്വാസം വരുവാനായ്
എന്നതുചൊല്ലി വീരനെടുത്തുമോതിരത്തെ
ചെന്നതങ്ങവൾ തന്റെയടുത്തുമെല്ലെമെല്ലേ
പച്ചവർണ്ണമാം പത്രം പറിച്ചങ്ങതിന്മീതെ
വെച്ചുടൻ മാരുതിയും തൊഴുതുവാങ്ങിനിന്നാൻ
രാഘവദേവികണ്ടങ്ങെടുത്തങ്ങതുതന്നെ
രാഘവൻ തന്നെയിങ്ങു വന്നെന്നു നിരൂപിച്ചു
ഉണ്ടായിതവൾക്കപ്പോളാനന്ദമധികമായ്
കൊണ്ടാടി ഹനുമാനെ സ്തുതിച്ചാൾ വഴിപോലെ
എത്രയും ബലവാൻ നീ സംശയമില്ല ചെറ്റും
ഇത്രസാമർത്ഥ്യം മറ്റിങ്ങാർക്കുമില്ലെന്നുനൂനം
ഹർഷിതമായിനിന്നാൽ രാവണവീരൻ തന്നാൽ
ധർഷിതയായുള്ളെന്റെ ചിത്തവുമിതുകൊണ്ടു
ഗോഷ്പദം പോലെ തന്നെവാരിധികടന്നതും
കോട്ടയിൽ ഭയമെന്ന്യേ പുക്കതുമെളുതല്ല
പ്രാകൃതനായുള്ളോരു കപിനീയല്ലനൂനം
പ്രാകൃതന്മാരെ രാമനിങ്ങയയ്ക്കയുമില്ല
അത്ര ധൈരിയമുള്ള രാമനിന്നെന്റെമൂലം
ചിത്തധൈര്യത്തെ വിട്ടുകളയുന്നില്ലയല്ലി
അമ്മയുമച്ഛൻ താനും മറ്റുള്ള ബന്ധുക്കളും
നിർമ്മലനെന്നെക്കാളുമിഷ്ടമുള്ളവരല്ലാ
എത്ര പീഡകളുണ്ടാമെന്നിട്ടുമവനേയോ-
ർത്തിത്രയും ജീവിച്ചേവമിരുന്നുയത്നപ്പെട്ടു
എന്നതുകേട്ടുകൂപ്പിക്കയ്യുമത്തലയിൽവെ-
ച്ചുന്നതസ്തനിയോടു ചൊല്ലിനാൻ ഹനുമാനും
ഇന്ദുനേർമുഖി! നീയുമിങ്ങിരിയ്ക്കുന്നതേതും
സുന്ദരമൂർത്തിരാമനറിഞ്ഞില്ലിത്രനാളും
എന്നതുകൊണ്ടിക്കാലം താമസം വന്നുപോയി-
യെന്നെനീയയച്ചാലും വൈകാതെയിനിവെക്കം
ചെന്നുഞാനിവിടുത്തെ വൃത്താന്തം പറയുമ്പോൾ
വന്നീടും രഘൂത്തമൻ വാനരപ്പടയോടും
ഉഗ്രബാണങ്ങൾ കൊണ്ടു സാഗരം തന്നെവീരൻ
വ്യഗ്രതയെന്ന്യേനന്നായ് കടന്നുവന്നുദേവി
ദുഷ്ടരാക്ഷസകുലമാകിയലങ്കതന്നെ
ശിഷ്ടപാലകവൃത്തിയാക്കീടുമറിഞ്ഞാലും
പുഷ്ടശ്രീരാമനിതു ചെയ്യുമ്പോൾ മൃതിതന്നെ
ദുഷ്ടർക്കു വേണ്ടീട്ടങ്ങു ദേവദാനവരോടും
എതൃത്താലവരേയും നിശ്ശേഷമൊടുക്കീടും
കരുത്തുള്ളോരു രാമൻ ശസ്ത്രാസ്ത്രങ്ങളെക്കൊണ്ടും
കന്നൽ നേർമിഴിനിന്നെക്കാണാഞ്ഞുശോകവഹ്നി
മന്നവർ മണിതന്നെ ദഹിപ്പിക്കുന്നുപാരം
മന്ദരമേരുവിന്ധ്യമലയാദിയിലുള്ള
കന്ദമൂലങ്ങൾ പക്വമായുള്ള ഫലങ്ങളും
തിന്നുന്ന പരിഷകളായതു ഞങ്ങളെല്ലാം
തിന്നുന്ന ഫലമൂലം തന്നാണപൊളിയല്ല
കുന്നിവായ്മലരുമങ്ങുന്നതതിരുനാസ
കുണ്ഡലം മിന്നീടുന്ന ഗണ്ഡവും നീലക്കണ്ണും
മന്ദഹാസവും പൂണ്ടു രാമന്റെ മുഖം പൂർണ്ണ-
ചന്ദ്രനങ്ങുദിച്ചെന്നപോലവെവിലസുന്നു
മന്നവൻ മധുമാംസമാചരിക്കുന്നില്ലിപ്പോൾ
വന്യങ്ങൾകൊണ്ടുതന്നെ വൃത്തിയെന്നറിഞ്ഞാലും
നിങ്കലിന്നൊരുചിത്തമൂറ്റമായുറയ്ക്കയാൽ
മന്നവൻ തന്നെയിപ്പോൾ മശകം കുടിച്ചാലും
നിർമ്മലൻ തന്റെ മെയ്യിൽ കീടസർപ്പാദിതന്നെ
സന്നിപാതം പോലെയങ്ങറിയുന്നീലേതും
മറ്റൊരു ചിന്തയില്ല രാമനിലിണങ്ങീട്ടു
പറ്റലർകുലകാലൻ ജാനകിയെന്നല്ലാതെ
മറ്റൊരുവിശേഷങ്ങൾ ചൊല്ലുകതാനുമില്ല
കറ്റവാർകുഴലാളേ! പുഷ്പങ്ങൾ ഫലങ്ങൾ താൻ
മറ്റുമസ്ത്രീമനോജ്ഞമായൊന്നു കണ്ടെന്നാലും
പറ്റിയശോകത്തോടെ ഹാസീതേപ്രിയേയെന്നു-
മൂറ്റമായ് ദീർഘശ്വാസം കലർന്നു ദുഃഖിച്ചീടും
പേടമാന്മിഴിയാളാം സീതയുമതുകേട്ടു
പീഡകൾ പോയിപാരം ചൂടുമുണ്ടായിവന്നു
അഞ്ജനാസുത! നിന്റെ വചനം വിഷത്തോടു
രഞ്ജിതമായതല്ലോ പീയൂഷമെന്നുചൊല്ലാം
എന്നിലെചിന്തപാരമെന്നതുകേട്ടു കേട്ടു ദേവൻ
എന്നെ വീണ്ടങ്ങുകൊണ്ടുപോമെന്നുപീഡതീർന്നു
ഈരേഴുജഗത്തിനുമീശനുമെന്നെച്ചൊല്ലി-
യീവിധം പീഡിപ്പോനായെന്നൊരു ചൂടുമുണ്ട്
ആശ്ചര്യമനവധിയുണ്ടെന്നുധരിക്കിലു-
മാശ്ചര്യമേതും തന്നെയില്ലെന്നായിരിക്കയും
അന്തകൻ തനിക്കെല്ലാപ്രാണിയുമൊരുപോലെ
അന്തകൻ കയറ്റാലെ കൊണ്ടുപോം പുരിയിങ്കൽ
ചില്പതിതനിക്കുള്ള കല്പനയൊരുവർക്കു-
മല്പമാകിലും തന്നെയന്യഥാപോക്കിക്കൂടാ.
അല്പനും കെല്പുള്ളോനുമൊക്കെയുമൊരുപോലെ
കല്പനയ്ക്കൊത്തവണ്ണം തല്ഫലം ഭുജിച്ചീടും
ചില്പതിസമന്മാരാം രാമലക്ഷ്മണന്മാരും
സല്പുരുഷാഗ്രഗണ്യനാശ്രിതയായഞാനും
അല്പഭാഗ്യന്മാർപോലെയിങ്ങിനെയുഴലുമ്പോൾ
കല്പനപ്പടിതന്നെയേവർക്കും വരൂ നൂനം
അപ്പുരിതന്റെ മദ്ധ്യേമഗ്നമായിട്ടുതോണി
കൈത്തുഴയായി നീന്തീട്ടുഴലുന്നതുപോലെ
ദുഃഖത്തിൻ മറുകര പ്രാപിക്കുന്നെന്നപ്പോൾ രാമൻ
മർക്കടപ്രവര നീ ചൊല്ലുകയിനിക്കിങ്ങു
രാക്ഷസരാജാവായ രാവണൻ തന്നെക്കൊന്നു
രാക്ഷസപൂർണ്ണമായ ലങ്കയും നശിപ്പിച്ചു
രാഘവനെപ്പോളിങ്ങു വന്നെന്നെക്കാണുമെന്നു
രാഘവദൂത സത്യമായിനീപറഞ്ഞാലും
അഞ്ജനാസൂനോനീയിക്കാരിയം സാധിപ്പാനാ-
യഞ്ജസാ ചെന്നു ചൊൽക രാഘവന്മാരോടേവം
കഷ്ടിച്ചു വർഷമിതു പൂർത്തിയാം വരയ്ക്കു ഞാൻ
കഷ്ടപ്പാടുകളെല്ലാം സഹിച്ചു ജീവിച്ചീടാം
പത്താം മാസമാണിതു വത്സരം തികയുവാ-
നുത്തമകപേ! രണ്ടുമാസമേശേഷമുള്ളു
രണ്ടുമാസത്താൽ തന്നെ കൂട്ടേണം കാര്യമെല്ലാം
കണ്ടകൻ ചൊന്ന കാലാവധിയിങ്ങതുതന്നെ
രാവണസഹോദരനായുള്ള വിഭീഷണൻ
രാഘവപത്നിയാകുമെന്നെയങ്ങയപ്പാനായ്
ചൊല്ലിനാൻ പലവട്ടം പലമട്ടിലുമവൻ
ഇല്ലേതുദശാസ്യനു കുലുക്കമതുകൊണ്ടും
കാലവുമടുത്തിതു രാവണനെന്നു നൂനം
മൂലവുമിതുതന്നെ സംശയമില്ലചെറ്റും
നല്ലനാം വിഭീഷണൻ നല്ലതുചൊന്നതെല്ലാം
ചൊല്ലുവാൻ മെല്ലെവന്നു തല്പുത്രിയനലയും
അംബയുമയച്ചിട്ടുമിങ്ങുചൊല്ലുവാനായി.
ചെമ്മയിലവൾ വന്നു ചൊല്ലവെ കേട്ടു ഞാനും
രാവണൻ തന്നെ യുദ്ധശ്രമത്തിൽ കൊലചെയ്തു
രാഘവവീരനെന്നെ പ്രാപിക്കുമെന്നു നൂനം
നിർമ്മലമായിരിക്കുമെന്നുടെയന്ത്രാത്മാ
നിർമ്മലൻ രാമൻ തങ്കൽ ഗുണവും ബഹുലമാം
സത്വമുത്സാഹവും നല്പൌരുഷമാനൃശംസ്യം
വിക്രമം കൃതജ്ഞത ചൊക്കൊണ്ടപ്രഭാവവും
ഇങ്ങിനെ പലഗുണമുള്ളവൻ രഘുപതി-
യെന്നതുനിനയ്ക്കുമ്പോൾ പ്രാപിക്കുമെന്നുനൂനം
ഊക്കുള്ളോരരക്കരെയീരേഴായിരം പണ്ടു
തീക്കനൽ പോലെയുള്ള ബാണങ്ങൾ കൊണ്ടുതന്നെ
ഏകനായ്കൊലചെയ്തരാഘവവീരൻ തന്നെ
യേവരാം പേടിയാത്തു സംഗരഭുവിതന്നിൽ
അക്കഥയറിഞ്ഞല്ലോ ജീവിച്ചിട്ടിരിക്കുന്നു
സൽകപികുലവീരരാക്ഷസീകുലമദ്ധ്യേ
ക്രൂരമാം ശരകരനായോരുരാമസൂര്യൻ
വൈരികളായരക്ഷോജാലത്തെയൊടുക്കീടും
അതുകേട്ടാഞ്ജനേയൻ മതിനേർമുഖിയോടു
മിതമായുരചെയ്താൻ മൃദുലമൊരുവാക്യം
ചെന്നു ഞാൻ പരമാർത്ഥമൊക്കയുമറിയിച്ചാൽ
വന്നീടുമുടൻ തന്നെ വാനരരോടും രാമൻ
ചുരുക്കിയൊരുപക്ഷമിനിയും പറഞ്ഞീടാം
കറുത്ത നിറമുള്ള രാമനെ വേഗം കാണ്മാൻ
പുറത്തുകരേറുക കരുമീന്മിഴിയാളേ
മറുത്തുവരുന്നോരോരരക്കർ തന്നെക്കൊന്നു
തിരിച്ചിങ്ങൊരു ചാട്ടം കൊണ്ടുഞാൻ കടന്നാഴി
തിറത്തോടിന വംശമണിക്കു കാശ്ച വെപ്പൻ
പറിച്ചുലങ്കകൂടെക്കൊണ്ടുപോവതിനായി
ട്ടുറച്ച ബലമുണ്ടങ്ങെനിക്കുജനകജേ.
ലക്ഷ്മണനോടും കൂടിയിരിക്കും രാമൻ തന്നെ-
യിക്ഷണം തന്നെ ദേവി കാണലാം തവനൂനം
ഇന്ദുവിനോടുകൂടെ രോഹിണിചേരും പോലെ-
യിന്ദുനേർമുഖിനീയും ചേരുകരാമനോടും
എന്നുടെ പുറത്തേറിയിക്കടൽ കടന്നാലു-
മിന്നുഞാൻ വന്നപോലെ ചൊല്ലുവനങ്ങു നൂനം
ചഞ്ചലപാംഗിയേതും നിന്നുടെ മനതാരിൽ
ചഞ്ചലം വേണ്ടയെന്നു ഹനുമാനുരത്തപ്പോൾ
പറഞ്ഞുകൂടാതോളം ഹർഷപീയൂഷം പൂണ്ടു
പറഞ്ഞാളിതുദേവി പവനസുതനോടു
കുറഞ്ഞൊന്നല്ല മാർഗ്ഗം രാമസമീപേ ചെൽവാൻ
കുറഞ്ഞശരീരംനീയെന്നെയുംകൊണ്ടിന്നാഴി
ഉറക്കെച്ചാടിപ്പോവനെന്നുനീയുരത്തതു-
മറിഞ്ഞേനതുഞാനും ജാതിചാപല്യമെന്നും
വെറുത്തു ഹനുമാനും നിനച്ചാനതുനേരം
പൊറുത്തുകൂടാതൊരു നവമാം പരിഭവം
കറുത്തമിഴിസീതയെന്നുടെ ഭുജവീര്യം
കരുത്തുമറിയായ്ക കൊണ്ടിതു ചൊല്ലിയിപ്പോൾ
വാട്ടമില്ലാതുള്ളോരെന്നുടയരൂപം തന്നെ
കാട്ടുവനിവൾക്കെന്നു മാരുതിവീരൻ നന്നായ്
കുറിച്ചുമനതാരിൽ കുതിച്ചാനവിടുന്നു
പെരുത്തഗിരിപോലെ ബലവാൻ വളർന്നിട്ടു
തിറത്തോടഥചൊന്നാൻ നന്മൊഴിമുന്നിൽ നിന്നു
കറുത്താൻ ഹനുമാനും കാതരഭാവമെന്ന്യേ.
ഉറച്ചലങ്കതന്നെ രാവണനോടുകൂടെ
പറിച്ചുകൊണ്ടുപോവാൻ ഭാരമില്ലിനിക്കേതും
ഇന്നിവൻ തന്നാലേതുമിക്കാര്യം സാധിക്കാമോ
യെന്നൊരു ബുദ്ധിതന്നെ വെച്ചുവെക്കയേവേണ്ടൂ
എന്നുടെ രൂപം കാൺക നറും തേന്മോഴിയാളേ
എന്നതുകേട്ടു ചൊന്നാൾ സീതയും മോദത്തോടെ.
നിറഞ്ഞഭുജവേഗവീര്യവും മഹിമയു
മറിഞ്ഞു നിനക്കുള്ളതഞ്ജനാസൂനോനന്നായ്
പ്രാകൃതനെന്നുള്ളോരു വാനരനെന്നുവന്നാൽ
പാരാതെയവനാഴികടന്നുവന്നുകൂടാ.
ഇക്കടൽ കടപ്പാനുമെന്നെക്കൊണ്ടങ്ങുപോവാൻ
മർക്കടപ്രവരനീ ശക്തിമാനെന്നു നൂനം
പോരികതന്നെ കഷ്ടം നിന്നോടുകൂടെയിപ്പോൾ
പോന്നാലും നിന്റെ വേഗം മോഹിപ്പിച്ചീടുമെന്നെ
പുറത്തുകരയേറ്റീട്ടെന്നെനീകൊണ്ടുപോമ്പോൾ
വിറച്ചു സമുദ്രത്തിൽ വീഴുമെൻ പേടികൊണ്ടു
മത്സ്യങ്ങൾ മുതലകളിത്തരം പ്രാണികൾക്കു
ഭക്ഷ്യങ്ങളായിത്തന്നെ ഭവിക്കുമെന്നു നൂനം
ചെറുത്തുരക്ഷോവീരൻ വന്നുപോർ ചെയ്തെന്നാകി-
ലെതൃത്തങ്ങവനോടു യുദ്ധവും ചെയ്തീടേണം
വെറുതെ പോയാലതും കഷ്ടമാമതും പിന്നെ
പൊരുതാൽ ജയാജയം വിശ്വസിപ്പാനും പണി
ഏകനായിട്ടുതന്നെയെന്നെയും രക്ഷിക്കേണ
മേതുമേയില്ല താനുമായുധം നിനക്കിപ്പോൾ
പുറത്തിന്നെക്കാക്കാം മറുത്തങ്ങോരോ യുദ്ധ-
മരക്കർ സായുധന്മാരറ്റമില്ലവർപിന്നെ-
കറുത്തഭാവമോടങ്ങടർ ചെയ്യുമ്പോൾ ഞാനും
പുറത്തുനിന്നു വീണുപോകയില്ലെമ്മാനില്ല
പതിച്ചോരെനെ വേഗം പാപികളരക്കന്മാ-
രെടുത്തുകൊണ്ടുപോന്നാലെന്തുനീചെയ്യുന്നതും
പോരടുക്കുന്നനേരം നിന്നുടെ കയ്യിൽ നിന്നു
പോരാളിവീരനെന്നെപ്പിടിച്ചുകൊണ്ടുപോന്നു
വധിച്ചുകളഞ്ഞാലും വന്നതുകാര്യഹാനി
നിനച്ചുകാൺകവീരനിന്നുടെ മനതാരിൽ
ഉറപ്പുണ്ടിനിക്കെത്ര തന്നെയുണ്ടെമ്മാനില്ല
ഉറപ്പുണ്ടെന്നാകിലുമിത്രയുണ്ടെന്നുമുണ്ടു
തിമിർത്ത നിനക്കിവരൊക്കവെവരികിലും
തകർത്തുകളവാനും ഭാരമില്ലേറ്റാല്വീര.
അരക്കർ തന്നെയെല്ലാമൊടുക്കിനീയെന്നാകിൽ
പെരുത്തോരപകീർത്തി രാഘവനുണ്ടാം നൂനം
ആരുമെയറിയാത്ത ദേശത്തങ്ങെന്നെക്കൊണ്ട-
ങ്ങാശരരൊളിച്ചെന്നു വന്നാലും കാര്യം പോയി
മാനവവരനിങ്ങു നിന്നോടുകൂടത്തന്നെ
വാനരവരമെല്ലെപ്പോരികതന്നെനല്ലു
ചെറുതായിന്നുമൊരു ഹൃദയം ചൊൽവൻ കേൾക്ക
യറുതിയരികൾക്കു വരുത്തും രാമൻ തന്നെ
വേറൊരുത്തരെത്തന്നെ തൊടുവാൻ മടിയുണ്ടു
വേറൊരുപായമില്ലാഞ്ഞതിമുന്നമേയെന്നെ
മാനായി വഞ്ചിപ്പിച്ചു രാവണനങ്ങുവന്നു
മീനാക്ഷിമണിയാകുമെന്നെയുംകൊണ്ടുപോന്നു
മാനിയാമെന്റെ കാന്തൻ മാനവശിഖാമണി
വാനരവീരൻ തന്നെയയച്ചു വഞ്ചിച്ചിപ്പോൾ
ജാനകീദേവിതന്നെക്കൊണ്ടന്നിതെന്നുജനം
മാനഹാനിയെച്ചൊല്ലും മാലോകരൊരുപോലെ
മുറുകിപിടിച്ചിട്ടു രാവണൻ കൊണ്ടുപോന്നു
കുറവുകേറ്റിങ്ങിതുമില്ലിനിക്കതുകൊണ്ടു
ഉറപ്പുള്ളോരു രാമചന്ദ്രനിലതിമാത്ര-
മുറച്ചങ്ങിരിക്കുന്നുയെന്നുടെമനതാരും
കേളികേട്ടിരിക്കുന്ന രാവണൻ സീത തന്നെ
മുറകൾ വിളിക്കവെ കട്ടുകൊണ്ടോടിപ്പോന്നു
മർക്കടത്തിനെക്കൊണ്ടുകല്പിച്ചുകൊണ്ടുപോയാ-
നർക്കവംശജൻ രാമനവളെയെന്നുമുണ്ടാം
കുറവില്ലതുകൊണ്ടു രാമനെന്നിരിക്കിലും
കുറവൊട്ടിനിക്കെന്നും തീരുകയില്ലതാനും
ചിറകൊണ്ടുപോയുള്ള മര്യാദവന്നുകൂടി
യുറപ്പിച്ചഹ പലർ ചെയ്കിലുമിത്രയെന്നും
ഉറച്ചുപറവാനുമൊട്ടുമെദുഷ്ടക്കൂട്ടം
മറക്കയില്ല ചെറ്റുമഞ്ജനാസുതലോകേ
നിറന്നലങ്കതന്നിലിരിയ്ക്കുമരക്കരെ
നിറഞ്ഞകോപത്തോടെ മാനവനായരാമൻ
ചെറുതുകാലം കൊണ്ടു കാലനൂർക്കയച്ചുടൻ
വിറയിൽ വിറപ്പിച്ചു രാവണൻ തലപഥും
അറുത്തു ശീതമായിട്ടുള്ളൊരുശരംകൊണ്ടു
രാക്ഷസമണിയായ രാവണൻ തന്നെക്കൊന്നു
നിറത്തിലെന്നെരണ്ടാം കൊണ്ടുപോയെങ്കിലേറ്റം-
കരുത്തൻ സൂര്യവംശമണിക്കു സദൃശനായ്!
മർക്കടപ്രവര! ഞാൻ രാഘവൻ തനിക്കുള്ള
വിക്രമം കണ്ടും കേട്ടുമിരിയ്ക്കുന്നെല്ലായ്പോഴും
പാരിതിലിവനോടു തുല്യനായിരിക്കുന്നോ-
രാരുമില്ലറിഞ്ഞാലുമാദിതേയരിൽ കൂടി
ലക്ഷ്മണനോടും കൂടി നിന്നമർ ചെയ്യുന്നേരം
ദക്ഷനാം രാമൻ തന്നെസ്സഹിയ്ക്കുന്നവരാരോ
അങ്ങിനെയിരിക്കുന്ന രാഘവവരൻ തന്നെ
യിങ്ങി നീ കൂട്ടിക്കൊണ്ടന്നെന്നുടെ ശോകം തീർക്ക
എന്നതുകേട്ടു വായുനന്ദനനുര ചെയ്താൻ
കന്നൽ നേർമിഴിയാളേ ചൊന്നതുനേരുതന്നെ
വേഗത്തിൽ സമുദ്രം ഞാൻ കടക്കും നേരത്തിങ്കൽ
വേഗത്തെ സഹിക്കാമോ നിനക്കെന്നതുനൂനം
പേരുപെറ്റിരിക്കുന്ന രാമഭദ്രനെയന്യെ
വേറൊരുത്തനെത്തന്നെതൊടുവാൻ മടിയെന്നും
ഉത്തരമുചിതമാം രാഘവപത്നിയായ
സത്തമേമഹാഭാഗേ മൈഥില്യകന്യേസീതെ
ഇന്നുനീയിരിപ്പതും ചൊന്നതുമൊക്കവയും
ചെന്നു ഞാൻ ചൊല്ലുന്നേരം കേട്ടുടൻ വരും രാമൻ
ഞാനിതു ചൊന്നതിപ്പോൾ മറ്റൊന്നുകൊണ്ടുമല്ല
ജാനകിമനതാരിൽ നന്നായിട്ടറികനീ
അമ്മേ നിൻ ദുഃഖം കണ്ടും ലങ്കാദുഃസ്ഥിതികണ്ടു-
മംബുധി തരണത്തിനുള്ളൊരു യത്നംകൊണ്ടും
ഇങ്ങിനെ സാധിപ്പാനുമിനിക്കുബലമെങ്ങു
വന്നു ഞാൻ നിന്നെക്കൂടെ പോരുവാൻ പറഞ്ഞിപ്പോൾ
ഇന്നിവിടുന്നു കൂടപ്പോരുവാൻ പണിയെങ്കിൽ
മന്നവനായില്ലൊരഭിജ്ഞാനത്തെ നൽകി
എന്നെനീയയച്ചാലുമൊട്ടുമേവൈകാതെക-
ണ്ടെന്നപ്പോളിടം തൊണ്ടവിറച്ചുചൊന്നാൾദേവി
ചിത്രദാരുക്കളോടുകൂടവെവിളങ്ങുന്ന
ചിത്രകൂടാദ്രിതന്റെ താഴ്വരതന്നിൽ രാമൻ
കിഴക്കുവടക്കായദിക്കിന്നുമന്ദാകിനി
യൊലിക്കുന്നതിനുടെയവിദൂരത്തിൽതന്നെ
കളിച്ചുമന്ദകിനീ വെള്ളത്തിൽ മുദിതയായ്
കുളിച്ചുമെല്ലെവന്നങ്ങാശ്രമത്തിങ്കൽവന്നു
എന്നുടെ ഭർത്താവിന്റെ മടിയിൽ തല വെച്ചു
മുന്നമെകപിവര,യുറങ്ങീസുഖമായി
പിന്നെ ഞാനുണ്രന്നാറെയെന്നുടെമടിതന്നിൽ
മന്നവൻ തലയും വെച്ചുറങ്ങീയതുനേരം
വന്നൊരു കാകനെന്നെക്കൊത്തിനാനതുകൊണ്ടു
ഖിന്നയായൊരു കല്ലങ്ങെറിഞ്ഞേനവന്മീതെ
പിന്നെയും വിരമിച്ചീലുഗ്രനായോരുകാക-
നെന്നുടെരശനയെ മേല്പട്ടുവലിച്ചിതു
ചോരയുമണിഞ്ഞപ്പോളുണർന്നുരഘുവീരൻ
ചാലവെചിരിച്ചെന്റെ ദീനതകണ്ടുരാമൻ
ശ്രാന്തയായിട്ടുതന്നെ കോപിച്ചുകരഞ്ഞുഞാൻ
കാന്തന്റെ മടിതന്നിലിരുന്നനേരത്തിങ്കൽ
സ്വാന്ത്വനം ചെയ്തുരാമൻ രക്ഷിച്ചുപുനരുടൻ
താൻ തന്നെ കണ്ണുനീരും തുടച്ചുചിതമായി
ഉറങ്ങീ ഭയം വിട്ടു പണ്ടത്തെപ്പോലെതന്നെ
ഉണർന്നുപുനരപി ഞാനെന്നു കണ്ടുവീണ്ടും
കാന്തനും സുഖമായിയുറങ്ങിയതുകണ്ടു
സാന്ദ്രമാമുരോജത്തിൽ പിന്നെയും കൊത്തി കാകൻ
തടുത്തുവളരെ ഞാനെന്നിട്ടും കാകൻ വേഗ-
മടുത്തുവന്നുകൊത്തിയെന്നുടെ കുചമദ്ധ്യേ
അന്നേരം രഘുവീരൻ തന്നുടെ തിരുമെയ്യിൽ
നന്നായീച്ചോരപിരണ്ടെമ്മാനുമതുകണ്ടു
ഉണർത്തിരഘുവീരൻ തന്നെ ഞാൻ ഭയത്താലെ
പെരുത്തകോപത്തോടുമുണർന്നു തൃക്കൺ പാർത്തു
ആരിന്നു നിന്റെ മുലത്തടത്തിൽ കിള്ളി സീതേ
ആരിന്നൈന്തലനാഗത്തോടിഹകളിക്കുന്നു
ചൊല്ലുകയെന്നങ്ങുമേനോക്കുമ്പോൾചോരപുര-
ണ്ടുള്ളോരുനഖത്തോടു കണ്ടിതു കാകൻ തന്നെ
ജംഭാരിസുതൻ പോലും കാകനായ് വന്നതപ്പോ-
ളംഭോജാസനമനുമന്ത്രിതമായദർഭ-
മുഷ്ടിയെയുടൻ തന്നെ വിരിപ്പിന്നെടുത്തിട്ട
ദുഷ്ടനാം കാകൻ തന്നെക്കൊല്ലുവാനയച്ചിതു
നടന്നു ഭുവനത്തിലൊക്കയുമവനപ്പോൾ
കടന്നു ഗിരിദുർഗ്ഗകാനനാദികളെല്ലാം
ഇന്ദ്രലോകത്തിൽ ചെന്നു പ്രാപിച്ചാൻ ശരണമാ-
യിന്ദ്രനും സുരന്മാരുമാവതില്ലെന്നു ചൊന്നാർ
മറ്റുള്ള ജനങ്ങളും മാമുനിവരന്മാരു-
മൊക്കയുമൊരുപോലെ ചൊല്ലിനാരതുനേരം
ദർഭമുഷ്ടിയെക്കണ്ടു കരഞ്ഞുഭയപ്പെട്ടു
രാമപാദത്തിൽ തന്നേ പണിഞ്ഞുശരണമെ-
ന്നോതിനാനതുകണ്ടു വിരഞ്ഞുരഘുവീരൻ
രക്ഷിക്കാമെന്നു ചൊല്ലിക്കൊല്ലുവാൻ തക്കവണ്ണം
ശിക്ഷിച്ചുള്ളവൻ തന്നെക്കൊന്നീലശരണമായ്
കാൽക്കൽ വീഴ്കയാൽ രാമനാശ്രിതപരായണൻ
വക്ത്രവും വിവർണ്ണമായ് വാടിപ്പോയ് നയനവും
വിത്രസ്തനായിവന്ന ജയന്തനോടുചൊന്നാ-
നസ്ത്രത്തെ വ്യർത്ഥമാക്കിച്ചമപ്പാൻ പണിചെറ്റു-
മസ്ത്രത്തിനായിക്കൊണ്ടു നൽകുക തവനേത്രം
എന്നതുചൊല്ലിരാമനസ്ത്രത്തിനായിക്കൊണ്ടു
ഖിന്നനാം കാകൻ തന്റെ ദക്ഷിണനേത്രം നൽകി
രക്ഷിച്ചാനവനുടെ പ്രാണനെവഴിപോലെ
രക്ഷകനായ രാമചന്ദ്രനും കപിവര.
വല്ലാതെപിഴച്ചുപോയെന്നുവന്നാലുമെന്നെ
വല്ലോരും ശരണമായ് പ്രാപിച്ചെന്നിരിക്കിലോ
രക്ഷിക്കുമവരെഞാനെന്നതുസകലർക്കും
രക്ഷകനായരാമൻ കാണിച്ചു ജഗതിയിൽ
രാഘവവരന്മാരെക്കുമ്പിട്ടുജയന്തനും
രാഘവനോടുയാത്ര ചൊല്ലിത്തൻ ഗൃഹം പുക്കാൻ
ഏകനേത്രമായ്‌വന്നു കാകന്മാർക്കന്നുതൊട്ടി-
ട്ടേകനേത്രങ്ങളായിതങ്ങിനെവായസങ്ങൾ
ഏകകാരണം തന്നെ കണ്ണുപോയതുകൊണ്ടു
ആകവേകാകന്മാർക്കു കണ്ണുപോയതുചൊല്ലാം
സങ്കല്പിച്ചിരിക്കുന്നു കാകനായിട്ടുതന്നെ
സങ്കല്പസിദ്ധൻ പ്രയോഗിച്ചൊരു ബ്രാഹ്മമസ്ത്രം
സർവ്വവായസങ്ങൾക്കുമായിട്ടു വന്നിതപ്പോൾ
സർവ്വകാകാംഗത്തിന്നായയച്ചോരസ്ത്രംതന്നേ
സർവ്വകാകാക്ഷിതന്നിൽ സങ്കോപിച്ചതുമൂലം
സർവ്വകാകങ്ങൾക്കുമേ വന്നുവൈകല്യമപ്പോൾ
സർവ്വകാലങ്ങളിമുള്ള കാകന്മാരെല്ലാം
സർവ്വശബ്ദത്തെക്കൊണ്ടു സംഗ്രഹിച്ചതുമൂലം
അനുള്ള കാകന്മാർക്കു കണ്ണുപോയതുകൊണ്ടു
പിന്നെയുണ്ടായോർക്കെല്ലാമങ്ങിനെയേകനേത്രം
എന്നുടെ യുക്തിതന്റെ മണ്ഡനം വന്നുകൂടി
ഇന്നുള്ള നൃപന്മാരിൽ മുമ്പനാം രഘുവീരൻ
കാകമാത്രത്തിലേറ്റം നിമിത്തം ബ്രഹ്മാസ്ത്രത്തെ
കാരുണ്യമെന്യെയയച്ചീടിനാൻ പണ്ടുവീരൻ
അങ്ങിനെയുള്ളരാമൻഭാര്യയാമെന്നെക്കട്ടു
കൊണ്ടുപോന്നവന്തന്നെക്കൊല്ലാതെ ക്ഷമിക്കുന്നു
ഉന്നതധർമ്മങ്ങളിൽ ശ്രേഷ്ഠമാമാനൃശംസ്യ-
മെന്നതുരാമൻചൊല്ലിക്കേട്ടിരിക്കുന്നുതാനും
രാഘവൻ തനിക്കുള്ള ബലവും വീരഹസ്ത-
ലാഘവം ഗാംഭീര്യവുമൊക്കെയുമറിയുംഞാൻ
അത്രശക്തിയുമുള്ളോനാശരകൂട്ടത്തിങ്ക-
ലസ്ത്രങ്ങളയച്ചെന്തു കൊല്ലാഞ്ഞിതയ്യോ കാന്തൻ
നാഗഗന്ധർവ്വയക്ഷരാക്ഷസദൈതേയന്മാർ
നാഗവാസികൾ കൂടിയൊന്നിച്ചു വരികിലും
യുദ്ധത്തിൽ രാമൻ ശരവേഗത്തെ സഹിപ്പാനും
ശക്തന്മാരല്ലയെന്നു നിശ്ചയം കപിവര-
അത്രവീര്യമുള്ളോരു രാഘവൻ തനിക്കെങ്ക-
ലിത്തിരിപോലും കൃപയുണ്ടെന്നുവരികിലും
ഇന്നിതുരക്ഷോവീരൻ കൂട്ടത്തെയൊക്കവയും
കൊന്നൊടുക്കീടും രാമനെന്നതിനീഷലില്ല
ലക്ഷ്മണനോടു നിയോഗിക്കിലങ്ങവൻ തന്നെ
രാക്ഷസവധം ചെയ്‌വാൻ ശക്തനല്ലയോപിന്നെ
കാട്ടുതീപെരുങ്കാട്ടിൽ പോലവെയുള്ളോരെന്നെ
കൂട്ടിക്കൊണ്ടെന്തു കൊണ്ടുപോകാതെയുപേക്ഷിച്ചു
ഇങ്ങിനെ വീരരെന്നെയിന്നുവഞ്ചിച്ചപ്പൊഴെ
യെന്നുടെ ഭാഗ്യക്കേടു തന്നെയെന്നതുനൂനം
എന്നെയെന്തിരുവരുമീവണ്ണമുപേക്ഷിപ്പാ-
നെന്നപ്പോൾ മറുമൊഴി ചൊല്ലിനാൻ ഹനുമാനും
അമ്പുള്ളരാമൻ നിന്നെക്കാണാഞ്ഞു പീഡിയ്ക്കുന്നു
വമ്പനാം തമ്പി താനും കൂടവേയിരിക്കുന്നു
ഇങ്ങിനെയറിയാഞ്ഞിട്ടിത്രപാർത്തിതുദേവി
യിങ്ങിഹദേവിയെന്നതങ്ങു ഞാൻ ചെന്നു ചൊന്നാൽ
സത്യമായ് ചൊല്ലുമിപ്പോൾ മിത്രതുല്യനാം രാമ-
നെത്രയും വേഗത്തോടെ ശത്രുവെക്കൊലചെയ്തു
വൃത്രഹാശപീദേവിതന്നെയെന്നതുപോലെ
മിത്രമായ് പ്രാപിച്ചീടും ദുഃഖിക്കവേണ്ടാദേവി
എന്നപ്പോളുരചെയ്താൾ മാരുതസുതനോടു
കന്നൽ നേർമിഴിയാളാം ജാനകി ദൈന്യത്തോടെ
മാരുതാത്മജനീ ചെന്നാദരവോടുകൂടെ
വീരനാം രഘുപതി പാദങ്ങൾ തന്നിലെന്റെ
പേരിതുനന്നായ് ചൊല്ലിക്കുമ്പിട്ടുകുശലവും
സൂരിയകുലചൂഡാമണിക്കു പറഞ്ഞാലും
രാജ്യവും സുഖങ്ങളുമൈശ്വര്യം പരനാരി
ഭോജ്യവും സകലവും വെടിഞ്ഞുയാതൊരുത്തൻ
പെരുത്ത ഭക്തിപൂണ്ടു രാഘവനോടുകൂടെ
വനത്തിൽ വരുവാനായ് കൂടവെപുറപ്പെട്ടു
അച്ഛനെപ്പോലെരാമന്തന്നെയഗ്ഗുണനിധി
അമ്മയെപ്പോലെതന്നെയെന്നെയുംചിന്തിച്ചീടും
സിംഹസ്കന്ധനാം കണ്ടാലെത്രയും മിതഭാഷി
സിംഹഗാമിയായുള്ളോൻ വിക്രമിവിശാലാക്ഷൻ
യാതൊരുത്തനെക്കൊണ്ടുരാഘവൻ വനത്തിങ്കൽ
താതനും മരിച്ചല്ലൽ കൂടാതെയിരിക്കുന്നു
ഇച്ഛയായിട്ടുരാമൻ ചൊല്ലിയ വസ്തുവെല്ലാം
പിച്ചയായ് കൊണ്ടന്നിട്ടു കൊടുക്കും മടിയാതെ
യാതൊരുത്തനെക്കണ്ടാൽ രാഘവ കുലമണി
താതനെച്ചിന്തിക്കയില്ലൊട്ടുമേ കുറഞ്ഞൊന്നും
രാഘവൻ തനിക്കെന്നെക്കായിലും പ്രിയനായ
രാഘവാനുജനോടു ചൊല്ലുക കുശലം നീ
ഇക്കാര്യങ്ങൾക്കുമെല്ലാം മാരുതേ പ്രമാണം നീ
തൽക്കാലസദൃശമായുള്ളോരു വാക്യത്താലെ
അർക്കവംശജമണി തങ്ങളെക്കൊണ്ടുതന്നെ
മർക്കടപ്രവര നീയിക്കാര്യം സാധിക്കേണം
മുപ്പതു ദിവസത്താൽ ജീവിച്ചിങ്ങിരുന്നീടും
തൽപ്പരം ജീവിപ്പാനും വിഷമമെന്നു ചൊൽക
എന്നെയീദുഃഖത്തിന്നുമുദ്ധരിക്കേണം പിന്നെ
മന്നവനോടു ചൊല്ലിയെന്നവൾ വസ്ത്രാന്തത്തിൽ
ബദ്ധമാം ചൂഡാരത്നമഴിച്ചു ജനകജ-
യുത്തമൻ രാമൻ കയ്യിൽ കൊടുക്കയെന്നുനൽകി
അഞ്ജലിബന്ധം ചെയ്തു മേടിച്ചങ്ങതിനേയു-
മംഗുലിതന്നിൽ യോജിച്ചാദൃതനായിട്ടേറ്റം
തരുണീമണിതന്നെ മെല്ലവെവലം വെച്ച-
ങ്ങരികെ ഹനുമാനുമൊതുങ്ങീമുദിതനായ്
വപുസ്സുകൊണ്ടുമാത്രം നിന്നാനെന്നതേവേണ്ടൂ
മനസ്സുകൊണ്ടു പ്രാപിച്ചീടിനാൻ രാഘവനെ
തന്വിയങ്ങതുകണ്ടു വായുനനന്ദനനോടു
പിന്നെയുമുരചെയ്താൾ പെരികശ്ശോകത്തോടെ
മന്നവനഴകുള്ളോരഭിജ്ഞാനത്തെക്കണ്ടാ-
ലെന്നെയും പിതാവേയുമമ്മയും നിനച്ചീടും
കാരിയമിനി മേല്പേട്ടെങ്ങിനെവേണ്ടുവെന്നും
മാരുതേ ഭവാൻ തന്നെച്ചിന്തിക്ക വഴിപോലെ
കാരിയതുവേഗം സാധിച്ചീടുവാൻ ഭവാൻ
സൂരിയവംശ്യന്മാരെയുത്സാഹിപ്പിക്കവേണം
അങ്ങിനെതന്നെയെന്നു തൊഴുതുകപിവരൻ
പൊങ്ങിനമോദത്തോടെ ഗമിപ്പാൻ തുനിഞ്ഞപ്പോൾ
ചൊല്ലിനാളിതുദേവിയറിഞ്ഞങ്ങൊരുവാക്യം
കല്യനാം കപിവരൻ തന്നോടു ദൈന്യമായി
സൂരിയകുലമണിയാകിയ മനുവീരൻ
സൂരിയസുതനായ സുഗ്രീവൻ തനിക്കുനീ
വാനരവൃദ്ധന്മാരായുള്ളോർക്കു കുശലവും
വാനരപ്രവര ഞാൻ ചൊല്ലിയെന്നതുചൊൽക
എങ്ങിനെയീ ദുഃഖത്തിന്നുദ്ധരിക്കുന്നുരാമ-
നങ്ങിനെയറിയിച്ചിട്ടുത്സാഹിപ്പിക്കേണം നീ
ജീവിതത്തോടുകൂടിയിരിക്കുമ്പോഴെയെന്നെ
ജീവിതേശ്വരൻ വന്നു കാണ്മതിനായിച്ചൊല്ലി
വാക്കിനാൽ ധർമ്മം പ്രാപിച്ചീടുക കപിവര
വാക്കിലേതാനും വന്നതാകിലും ഫലമേറും
ഇങ്ങു ഞാൻ ചൊന്ന വാക്യമൊക്കെയും കപിവര
ചെന്നു നീയറിയിക്കുന്ന നേരത്തു നിതാന്തവും
മാനുഷവരനെന്നെ പ്രാപിപ്പാനായിക്കൊണ്ടു
പൌരുഷം വർദ്ധിച്ചീടും സംശയമേതുമില്ല
ഇത്തരം ജനകജ ദൈന്യമായുരത്തപ്പോ-
ളുത്തരമുരചെയ്താൻ തൊഴുതു ഹനുമാനും
ഞാൻ ചെന്നങ്ങറിയിച്ചാലപ്പൊഴേരാമചന്ദ്രൻ
ചാഞ്ചല്യം വെടിഞ്ഞർക്കനന്ദനാദികളോടും
ചഞ്ചലനേത്രേയിങ്ങു വന്നുടനതിഘോരം
സഞ്ചിതമായുള്ളോരു ശരങ്ങൾ പൊഴിച്ചിട്ടു
വെഞ്ചമരികൾ കൊടിക്കൂറകൾ തഴകളു-
മഞ്ചിതഗതിതുരഗാഞ്ചിതരഥങ്ങളും
വഞ്ചിപോൽ വയം നേരെ നുറുക്കിയനന്തരം
വഞ്ചകൻ ദശാസ്യനും പഞ്ചത വരുത്തീട്ടു
കിഞ്ചിനകാലമാത്രം കൊണ്ടു നിൻ ശോകം തീർക്കും
നെഞ്ചുറച്ചിരുന്നാലും ചിന്തയെന്നിയേദേവി
കഞ്ജലോചനൻ ഭീമബാണങ്ങൾ പൊഴിക്കുമ്പോ-
ളഞ്ചാതെയമർ ചെയ്‌വാനാരുള്ളു ഭുവനത്തിൽ
ആദിത്യനതിവേലനായുള്ള പർജ്ജന്യൻ താ-
നാദിത്യസുതനാകും യമൻ താനെതൃക്കിലും
യുദ്ധത്തിന്നവർതന്നെജയിപ്പാൻ ശക്തനാകു-
മുത്തമൻ രാമൻ നിന്റെ ഹേതുവായ് വിശേഷിച്ചും
ഭൂമിയാകവെരാമൻ ശാസിപ്പാനിച്ഛിക്കുന്നു
ഭൂമിജേജയം നിന്റെ മൂലമായ് ഭവിക്കട്ടെ
പഞ്ചബാണാഭൻ രാമനാകിയ രാമചന്ദ്ര-
നഞ്ജസാവന്നുനിന്റെ കണ്ണിലങ്ങുദിച്ചീടും
അഞ്ജനാസുതൻ ധൈര്യം കൊടുത്തുപറഞ്ഞപ്പോൾ
പുഞ്ചിരി കലർന്നവൾ ചൊല്ലിനാൾ മാനിച്ചിട്ടു-
എങ്ങാനുമൊരുദിക്കിലൊളിച്ചങ്ങിരുന്നിട്ടു
ചെന്നാലുമുഷസ്സിങ്കൽ വിശ്രാന്തമായിവീര
അല്പഭാഗ്യയാമിനിക്കല്പം തീരട്ടേയെന്നി-
ങ്ങല്പകാലം പോരുമിന്നെന്നുടെ സാധ്യത്തിനാൽ
പ്രാണേശനരികത്തിൽ ചെന്നിങ്ങുവരും മുമ്പെ
പ്രാണസന്ദേഹമിനിക്കുണ്ടാകമിനിനൂനം
നിന്നെക്കാണാതെയുള്ള ശോകത്താലധികവു-
മിങ്ങിനെ പരിതപിച്ചീടുമെന്നുര ചെയ്താൾ
പിന്നെയുമുരചെയ്താളുന്നതസ്തനിസീത-
യിന്നുമിങ്ങിനിക്കൊരു സംശയം വലുതായി-
ട്ടെന്നുടെ മനതാരിലുണ്ടെടൊചൊല്ലീടുവൻ
അർക്കവംശജന്മാർക്കുമർക്കനന്ദനാദിക്കു-
മിക്കടൽ കടപ്പാനുമെന്തൊരുപായമിപ്പോൾ
നാഗവൈരിയും നീയും നല്ലൊരു പവനനും
വേഗന്മാരായുള്ളോർ നിങ്ങൾക്കു തന്നെയെന്യേ
മർക്കടവരന്മാർക്കുമിക്കടൽ കടന്നിങ്ങു-
മിക്കരെവന്നുകൂടായതിനുസമാധാനം
എന്തുള്ളുവിചാരിച്ചാലതിനെക്കപിവര്യ
ചിന്തിച്ചു പറഞ്ഞാലും പ്രാജ്ഞരിൽ മുമ്പനാം നീ
പോരും നീയൊരുത്തൻ താനെൻ കാര്യം സാധിപ്പാനായ്
പോരായ്കയുണ്ടാമെന്നാൽ രാമനു കപിവര
പോരാളിവീരരായവാനരപ്പടയുമായ്
പാരാവാരം കടന്നു ലങ്കയെ വളഞ്ഞിട്ടു
പാരമായമർ ചെയ്തു തകർത്തു ലങ്കയെല്ലാം
പാരിച്ച നിശാചരർ തമ്മെയുമൊടുക്കീട്ടു
പോരതിൽ രഘുപതി തന്നുടെ കാര്യത്താലെ
പാരിടം മുടിപ്പോരും രാവണൻ തന്നെക്കൊന്നു
പൂരിച്ച കീർത്തിയായിട്ടെന്നെയും കൊണ്ടുപോയാൽ
വീരനാം രാമചദ്രൻ തനിക്കു മതിയായി
ഇങ്ങിനെ വരുവാനായാവോളം പീഡിച്ചാലു-
മങ്ങിനെ വരുവാനായ് മോദിക്കുന്നിതു ഞാനും
മാരുതിയതു കേട്ടു ചൊല്ലിനാൻ ഭക്തിയോടെ
വാരിധി കടപ്പാനായ് സംശയം വേണ്ട ചെറ്റും
അഗ്രഗാമിയായുള്ള സുഗ്രീവനതിവേഗ-
മുഗ്രമാം കപിസേന തന്നോടും വരുമിങ്ങു
അവന്റെ കീഴിലുള്ള മർക്കടവീരരെല്ലാ-
മവന്റെ ചൊല്ലു മറുത്തീടുകയില്ലങ്ങാരും
എങ്ങുമേ തടവില്ല ലോകത്തിലവർക്കാർക്കു-
മേതുമേ പീഡതാനുമൊന്നിനുമവർക്കില്ല
അപ്പട തന്നിലുള്ള മർക്കടവരന്മാർക്കു-
മിക്കടൽ കടപ്പാനും സങ്കടമില്ല പാർത്താൽ
നൽക്കടൽ ചുറ്റും ഭൂമിയൊട്ടേടമൊഴിയാതെ
യൊക്കയും വലം വെച്ചു വിക്രമികളായതും
അപ്പട തന്നിലുമെന്നിലും കീഴ്പെട്ടുള്ളോർ
പൊൽക്കുടമുലയാളേയാരുമില്ലറിഞ്ഞാലും
എന്നിലും വലിയോരുണ്ടിനിയ്ക്കു തുല്യന്മാർ-
മെന്നിയെ സുഗ്രീവന്റെ മുമ്പിലില്ലാരും തന്നെ
മർക്കടദാസനായ ഞാൻ കൂടി വന്നിപ്പൊഴെ
മർക്കടവീരർക്കെന്തുചൊല്ലേണ്ടു വിശേഷമായ്
ഏതുമേപിടിയാത്തപേർകളെയയച്ചീടു
ദൂതനായിട്ടുതന്നെ ഹീനകർമ്മങ്ങൾ തന്നിൽ
വലിയ ജനങ്ങളെയിങ്ങിനെയയയ്ക്കുമോ
വലിയകർമ്മങ്ങളിലയയ്ക്കുമവർകളെ
എന്നതുകൊണ്ടുദേവിയേതുമേതപിക്കാതെ
വന്നീടുമൊരു ചാട്ടത്താലിങ്ങുകപീശന്മാർ
ഉൽക്കടബലമുള്ളരാമലക്ഷ്മണന്മാരു-
മിക്കടൽ കടന്നീടുമെന്നുടെ പുറത്തേറി
തീപ്പടശരമാരി പൊരിച്ചങ്ങിരുവരു-
മിപ്പടയുടനങ്ങു ഭേദനം വരുത്തീടും
നല്പടവരന്മാരിൽ മുല്പെടുന്നവരെല്ലാം
മാല്പെടും ബാണമേറ്റു നല്പട തന്നിൽ വീഴും
മല്പിടിയിടികടിയേറ്റുമങ്ങടികളും
നല്പടകൊണ്ടു ചാകും വാനരരോടേറ്റവർ
നൽക്കുട കൊടി തഴതേർത്തടിയിടിപട
നൽവെട്ടുശരമേറ്റങ്ങുത്ഭടപൌലസ്ത്യനെ
ചില്പതിയായരാമൻ കൊന്നുടൻ തന്നെ നിന്നെ
ത്വല്പതിശശിമുഖികൊണ്ടുപോം പുരിതന്നിൽ
കാണി പോലും വൈകാതെ രാഘവൻ തന്നെയങ്ങു
കാണുവാൻ തരം വരുത്തീടുവൻ വൈദേഹി ഞാൻ
ഇഗ്ഗിരി സാനു തന്നിൽ നിറഞ്ഞു കപികൾവ-
ന്നിപ്പുരമലയുമാറലറുന്നതു കേൾക്ക
ശോകവും തീർന്നു ചന്ദ്രൻ രോഹിണിയെന്നപോലെ
രാഘവനോടുനീയും കൂടി മേലിനിയെന്നും
ജാനകിതന്നെയേവം ചൊല്ലിയാശ്വസിപ്പിച്ചു
വാനരവീരൻ മെല്ലെപ്പോകേണമിനിയെന്നു
ചിന്തിച്ചു മനതാരിൽ പിന്നെയുമൊരുവാക്യം
ചന്ദ്രനേർ മുഖിയോടു ചൊല്ലിനാൻ മധുരമായ്
മട്ടോലും മൊഴിയാളേ മട്ടലർ ബാണൻ തന്റെ
തിട്ടമറ്റുള്ള ബാണം മർമ്മത്തിലേൽക്കകൊണ്ടു
തട്ടഴിയുന്നുരാമസിംഹത്താലടിപെട്ട
മത്തമാതംഗം പോലെ സ്വസ്ഥമായിട്ടുമൊട്ടും
ഒട്ടുമേ കരയാതെ ശോകത്തെക്കളഞ്ഞാലും
വട്ടവും തികഞ്ഞെത്രേതാമസം ഞാൻ ചൊല്ലാഞ്ഞു
ഒട്ടുമേ കാലം വൈകാതെത്തുമിങ്ങവരെല്ലാം
വട്ടപ്പോർ മുലയാളെ കണ്ടിതെന്നവൻ കേട്ടാൽ
പുഷ്ടമോദേനവന്നു കൊണ്ടുപോം മടിയാതേ
എന്തിനിത്ര ചൊല്ലുന്നിതിവിടെ നിനക്കിനി
സുന്ദരി ചിരകാലമിരിപ്പാൻ തരം വരാ
പാർക്ക നീ കുറഞ്ഞൊന്നു ചൊല്ലിനവീരൻ വാക്കു
കേട്ടുടൻ ചൊന്നാൾ സീതാദേവിയും സാനുമോദം