വിശുദ്ധ സെബസ്ത്യാനോസിനോടുള്ള പ്രാർത്ഥന

"ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,"

"വിശുദ്ധ സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ."

നമുക്ക് പ്രാർഥിക്കാം.

അനാദിമുതലേ ഞങ്ങളെ സ്നേഹിക്കുകയും, നിത്യം പരിപാലിക്കുകയും ചെയ്യുന്ന പിതാവായ ദൈവമേ, വിശുദ്ധരുടെ സുകൃതസമ്പന്നമായ ജീവിതമാതൃകയാൽ തിരുസഭയെ അങ്ങ് പുഷ്ടിപ്പെടുത്തുന്നുവല്ലോ, വിശുദ്ധന്മാരുടെ നിരന്തരമായ മാദ്ധ്യസ്ഥം ഞങ്ങൾക്കെന്നും ശക്തിയും അവരുടെ വീരോചിതമായ ജീവിതം പ്രചോദനവുമാകുന്നു. സഭയുടെ ആദ്യ നൂറ്റാണ്ടിൽത്തന്നെ അങ്ങേ സുതനായ യേശുവിനോടുള്ള അവികലമായ വിശ്വസ്തതയും സഹോദരങ്ങളോടുള്ള അഗാധമായ സ്നേഹവായ്പുംമൂലം സ്വന്തം ജീവൻ പോലും അഗണ്യമാക്കി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം നൂറ്റാണ്ടുകളായി സഭാമക്കൾക്ക് അനുഗ്രഹസ്രോതസായി മാറിയിട്ടുണ്ടല്ലോ. പഞ്ഞം, പട, വസന്ത, മാറാരോഗങ്ങൾ, തുടങ്ങിയ ദുർവിധികൾ മൂലവും പൈശാചികപീഡകൾ വഴിയും ക്ലേശിക്കുന്നവർ വിശുദ്ധന്റെ ശക്തമായ സഹായം എന്നും തേടുന്നു. ഞങ്ങളുടെ നാടിനെയും വീടിനെയും ഞങ്ങളോരോരുത്തരെയും വിശുദ്ധ സെബസ്ത്യാനോസിന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളെ നിരന്തരം സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യേണമേ. ആമേൻ


<< മറ്റു പ്രാർത്ഥനകൾ