(മഞ്ജരി)
'ഘോരകൃപാണമേ! മുന്നോട്ടുപോക നീ
ചോരപ്പുഴയിൽ പുളച്ചുനീന്താൻ!
വാരിധീവീചികൾപോലെ പരക്കുന്ന
ക്രൂരമുകിലപ്പടനടുവിൽ.
ആർത്തുമദിക്കുകയില്ല നീയെന്നാകി-
ലാർത്തിയിതിൽപ്പരം വേറെയുണ്ടോ?
വീരരായിടും മഹാരാഷ്ട്രവംശത്തിൽ
പോരാളിവീരന്മാരുണ്ടിനിയും
ക്ഷത്രശ്രീയോലുന്ന ഞങ്ങൾതൻവക്ത്രത്തിൽ
തത്രഭീരുത്വമുദിച്ചുവെങ്കിൽ
അന്നാളിൽമാത്രമേ നിങ്ങൾക്കീബ്‌ഭാരത-
മന്നിടം സ്വായത്തമായിരിക്കൂ!
സിംഹാസനത്തിലെ ക്രൂരത്വമേ! നിന്റെ
സിംഹപരാക്രമമെങ്ങുപോയി?
ഓങ്ങിയാൽ രക്തം കുടിക്കാതെ മാറാത്ത
മംഗലയാകും 'ഭവാനി' കാൺകെ,
എത്രയും പൊക്കിവിടുർത്തിയ നിൻ ഫണ-
മിത്രയ്ക്കുമാത്രം ചുരുങ്ങിപ്പോയോ!
ഘോരകൃപാണമേ! മുന്നോട്ടുപോക നീ
ചോരപ്പുഴയിൽ പുളച്ചു നീന്താൻ!
ഈ വീരസൂക്തികൾ പാടും 'ശിവാജി' യി-
ന്നേവനുമാദർശപാത്രമത്രേ!