വീശുക ദൈവാത്മാവേ സ്വർഗ്ഗീയമാം

 

വീശുക ദൈവാത്മാവേ സ്വർഗ്ഗീയമാം ആവിയെ വീശണമേ
യേശുവിൻ രക്തത്താൽ ദാസന്മാർക്കവകാശമായി തീർന്നവനേ

ദൈവത്തിൻ തോട്ടത്തിന്മേൽ വീശീടുക ലാവണ്യനാദമോടെ
ജീവന്റെ വൃക്ഷങ്ങൾ പൂത്തുകായ്ക്കുവാൻ ദൈവത്തിൻ പുകഴ്ചയ്ക്കായ്

സ്നേഹത്തിൻ പാലകനെ നിൻ കാറ്റിനാൽ സ്നേഹാഗ്നി ജ്വലിപ്പിക്കേ
പുകഴ്ചക്കായ് ഇഹ നിൻ ശിഷ്യരിൻ യേശു നാമത്തിൽ മഹത്വം കണ്ടീടുവാൻ

പുതിയതാം വീഞ്ഞിനെ നിൻ ശുദ്ധന്മാർ കുടിച്ചാഹ്ളാദിക്കട്ടെ
ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞു സ്തുതിയാൽ കവിയുവാൻ

സ്ഥിര സമാധാനവും സമുദ്രത്തിൻ തിരപോൽ വർദ്ധിച്ചിടും
കര പ്രദേശങ്ങൾ ദാസർ വിട്ടെന്നും ആഴത്തിൽ വാസം ചെയ്‌വാൻ

കാറ്റിന്റെ ചിറകിന്മേൽ സുഗന്ധങ്ങൾ നാട്ടിൽ പരന്നിടുമ്പോൾ
പാട്ടിലും വാക്കിലും ജീവ വാസന പൊങ്ങുവാൻ നൽകണമേ

യേശുവിൻ വരവിന്നായ് ഒരുങ്ങിയ വിശുദ്ധ കന്യകയായ്‌
ആശയോടിരിപ്പാൻ തന്നിടെണം തൻ മേശയോടണയുമ്പോൾ

വിശ്വസ്ത കാര്യസ്ഥൻ നീ എന്നേക്കും നല്ലാശ്വാസപ്രദനും നീ
ശിഷ്യരിൽ മഹത്വത്തിൻ രാജാവിന്റെ ഇഷ്ടം തികക്കേണമേ

സാത്താന്റെ വ്യാജങ്ങളെ അനേകർ കുഞ്ഞാടിനാൽ ജയിക്കുവാൻ
നാട്ടിലും വീട്ടിലും ദാസരെ സത്യസാക്ഷികൾ ആക്കിടുക

ചാവിന്റെ പുത്രന്മാരെ നിൻ ശ്വാസത്താൽ ജീവിപ്പിച്ചുണർത്തുക
ദൈവത്തിൻ രാജ്യവും നീതിയും സത്യസേവയും തേടിടുവാൻ

യേശുവിൻ വചനവും തൻ വിശുദ്ധ ക്രൂശിന്റെ രഹസ്യവും
വിശ്വസിച്ചേവനും ഉള്ളിൽ ഉടനെ വിശ്രാമം കണ്ടെത്തുവാൻ

ശക്തിയിൻ ആത്മാവു നീ ദൈവീകമാം ഭക്തിയിൻ ദാതാവും നീ
മുക്തി ഈ ഭൂമിയിൽ നൽകുന്നോൻ ക്രിസ്തൻ രക്തത്തിൽ ആശ്രയിച്ചാൽ

വീശുക ഭൂമിയെങ്ങും വരണ്ടതും ക്ളേശപ്രദേശത്തിലും
നാശത്തിൻ പാശങ്ങളാകെ നീങ്ങി ദൈവാശ്ശിസ്സു വാഴും വരെ.