ഭാഷാസ്വരൂപം

ചരിത്രസംക്ഷേപം

ഭാഷയെ സംസാരിക്കുന്ന ജനങ്ങൾക്കുള്ളതുപോലെ ഭാഷയ്ക്കും വർഗ്ഗഭേദമുണ്ട്. നാം മലയാളികളെന്ന വർഗ്ഗത്തിൽ ചേർന്നവരാണല്ലൊ. നമ്മുടെ ഭാഷ ദ്രാവിഡശാഖയിൽ പെട്ടതാണ്. ആ ശാഖയിൽ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കർണ്ണാടകം,തുളു എന്നു നാലു പ്രധാനഭാഷകൾ ഉണ്ട്.ഇവയ്ക്കെല്ലാം തങ്ങളിൽ സഹോദരസംബന്ധമാണ്. തമിഴ് ജ്യേഷ്ഠസഹോദരിയും മലയാളം കനിഷ്ഠസഹോദരിയും അത്രേ. ആദികാലത്തിൽ മലയാളഭാഷ ജ്യേഷ്ഠസഹോദരിയായ തമിഴിന്റെ സംരക്ഷണയിൽ തന്നെ ഇരുന്നു; തമിഴിന്റേതല്ലാതെ സ്വന്തമായി ഒരു അക്ഷരമാലതന്നെ ഉണ്ടായിരുന്നില്ല. കാലക്രമേണ 'വട്ടെഴുത്ത്', 'കോലെഴുത്ത്' എന്നിങ്ങനെ തമിഴിൽനിന്ന് ഏറെ ഭേദപ്പെടാത്ത അക്ഷരമാലകൾ ഉണ്ടായി. ഈ ബാല്യസ്ഥിതിയിൽ ഇരുന്ന മലയാളത്തിൽ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങൾ ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം; ചില വൈദികവിഷയത്തിലുള്ള പാട്ടുകൾ മാത്രം അങ്ങുമിങ്ങും കാണുന്നുണ്ട്. പിന്നീട് ബാല്യദശ കഴിഞ്ഞിട്ടും മലയാളത്തിന്റെ രക്ഷാകർത്തൃസ്ഥാനം തമിഴിനുതന്നെ ആയിരുന്നതിനാൽ അതിനു സ്വാതന്ത്ര്യം കാണിക്കാൻ ഇടകിട്ടിയില്ല. വേഷവും സമ്പ്രദായവും ആചാരവുമെല്ലാം തമിഴിനുള്ളതു തന്നെ; കവിത എല്ലാം തമിഴുപാട്ടു അനുസരിച്ചു ചെയ്തുവന്നു. കവികൾ ആവശ്യപ്പെട്ട പദങ്ങളേയും ചമൽക്കാരരീതികളേയും തമിഴിൽനിന്നുതന്നെ സ്വീകരിച്ചുപോന്നു. ഈ കൗമാരാവസ്ഥയിലിരുന്ന കാലത്തുണ്ടായ ചില പുസ്തകങ്ങൾ ഇപ്പോഴും നടപ്പുണ്ട്. ഇക്കാലത്തെ മലയാളത്തിനു പഴയമലയാളം എന്നു പേരിടാം. ആരംഭാവസ്ഥയിലുള്ള മുൻപറഞ്ഞതിനുപഴയമലയാളമെന്നും പേർ ചെയ്യാം. 'രാമചരിതം' പഴയ മലയാളത്തിന്റെ ആരംഭത്തിൽ ഉണ്ടായിട്ടുള്ളതും 'കണ്ണശരാമായണം' അതിന്റെ അവസാനകാലത്തുണ്ടായിട്ടുള്ളതുമാകുന്നു.

കണ്ണശപ്പണിക്കരുടെ കാലത്തിനു ഇപ്പുറമുള്ള മലയാളമാണ് ഇപ്പോഴത്തെ മലയാളം. അത് ഇന്നും നാം ഉപയോഗിച്ചുവരുന്ന ഭാഷയാകയാൽ അതിന് വിശേഷിച്ചു പേരൊന്നും വേണമെന്നില്ല. പൂർവ്വസ്ഥിതിയിൽ നിന്നും അതു വളരെ ഭേദിച്ചാണ്; അതിലേയ്ക്കുള്ള കാരണം സംസ്കൃതത്തിന്റെ സംസർഗ്ഗവും ആകുന്നു. പഴയമലയാളം നടപ്പായിരുന്നകാലത്തു തന്നെ ആര്യന്മാരായ നമ്പൂരിമാർ കേരളത്തിൽ കുടിപാർപ്പു തുടങ്ങിയിരുന്നെങ്കിലും അവർ നാട്ടുഭാഷയെ ആദരിച്ചിരുന്നില്ല. കാലക്രമത്തിൽ സംസ്കൃതം സംസാരിച്ചിരുന്ന നമ്പൂരിമാരും പഴയമലയാളം സംസാരിച്ചിരുന്ന നാട്ടുകാരും തങ്ങളിൽ കൂട്ടിക്കലർന്നുതുടങ്ങിയപ്പോൾ രണ്ടു വർഗ്ഗക്കാരുടേയും ഭാഷചേർന്ന് ഉളവായ ഒരു മിശ്രഭാഷയാണ് ഇപ്പോഴത്തെ മലയാളം. മലയാളഭാഷ യൗവ്വനാരംഭം വരെ തമിഴിന്റെ സ്വാധീനത്തിലായിരുന്നുവെന്നു പറഞ്ഞല്ലൊ. അക്കാലത്താണ് സംസ്കൃതത്തിന്റെ സംബന്ധമുണ്ടായത്. സംബന്ധം എന്നുപറഞ്ഞാൽ സാക്ഷാൽ 'സംബന്ധം' തന്നെ, ഭാര്യാഭർത്തൃഭാവ സംബന്ധം; അന്നുമുതൽ മലയാളഭാഷ ജേഷ്ഠസഹോദരിയായ തമിഴുമായി അകന്നുതുടങ്ങി. എന്താവശ്യം നേരിട്ടാലും ഭർത്താവിനോടു ചോദിച്ചു വാങ്ങുകയല്ലാതെ തറവാട്ടിൽ നിന്നും എടുക്കുക എന്നുള്ളത് ഇല്ലാതായി. വിശേഷപദങ്ങൾ, വാചകരീതി, വാക്യഭംഗി, വൃത്തവൈചിത്ര്യം എന്നുവേണ്ടാ അക്ഷരമാലപോലും സംസ്കൃതത്തിന്റെതുതന്നെ എന്നായി. സംസ്കൃതത്തിലെ അക്ഷരമാലയെ സ്വീകരിച്ചതോടുകൂടി തമിഴരെക്കുറിച്ചു 'അക്ഷരവ്യക്തിയില്ലാത്തവർ' എന്നു പരിഹാസവും തുടങ്ങി. സംസ്കൃതത്തിന്റെ അധികാരം ഇത്രയൊക്കെയും മുഴുത്താലും വിവാഹബന്ധം മരുമക്കത്തായപ്രകാരമാകയാൽ ഗോത്രം മാറാൻ സാധിച്ചിട്ടില്ല. മലയാളം ഇന്നും ദ്രാവിഡഗോത്രത്തിൽ തന്നെ ഇരിക്കുന്നതേ ഉള്ളു. സംസ്കൃതത്തിൽ നിന്ന് ആവശ്യപ്പെട്ടിട്ടും ഇല്ലാതെയും അസംഖ്യം പദങ്ങളെ എടുത്തിട്ടുണ്ടെങ്കിലും വൃത്തം,അലങ്കാരം മുതലായ ആഡംബരങ്ങളെല്ലാം സംസ്കൃതരീതിയിൽ ആയിരുന്നാലും, മലയാളഭാഷയുടെ വ്യാകരണത്തെ ഇന്നേവരെ സംസ്കൃതത്തിന് ബാധിക്കാൻ കഴിഞ്ഞിട്ടില്ല. അന്വയക്രമം, വിഭക്തിസംബന്ധം, വിശേഷണവിശേഷ്യങ്ങളുടെ നില, രൂപഭേദം, ഇതെല്ലാം തമിഴ് വ്യാകരണം അനുസരിച്ച് തന്നെ മലയാള വ്യാകരണത്തിലും കാണുന്നു. ചുരുക്കത്തിൽ പറയുന്നതായാൽ തമിഴ് വ്യാകരണത്തിലെ നിയമങ്ങളേത്തന്നെ പകർത്ത ഇതുകളിൽ ഇന്ന ഇന്ന ഭാഗങ്ങൾ മാത്രം മാറ്റണമെന്ന് കാണിച്ചു കഴിഞ്ഞാൽ അതായിരിക്കും ഉത്തമമായ ഒരു മലയാളവ്യാകരണം. ഈ സംഗതി എപ്പോഴും ഓർത്തിരിക്കേണ്ടതാകുന്നു.

ദേശഭേദം

ഇനി ദേശഭേദംകൊണ്ടും ഭാഷയ്ക്ക് ചില വ്യത്യാസങ്ങളുണ്ട്. എന്നാൽ അത് സംസാരിക്കുന്ന നാടോടിഭാഷയെ അല്ലാതെ ഗ്രന്ഥങ്ങളെഴുതുന്ന സാഹിത്യഭാഷയേ അധികം ബാധിച്ചിട്ടില്ല. (1) വടക്കൻ മലയാളം, (2) തെക്കൻ മലയാളം, (3)മധ്യമലയാളം എന്നു പ്രധാനമായി മൂന്നാണു ദേശഭേദംകൊണ്ടുള്ള വ്യത്യാസം. ഇത് രുചി ഭേദത്താലുണ്ടാകുന്ന വ്യത്യാസമാകയാൽ ഒന്നിനേക്കാൾ മറ്റതു നല്ലതെന്ന് പറയാനില്ല. എങ്കിലും മധ്യമലയാളമാണ് നല്ലതെന്ന് പണ്ടേ തന്നെ സർവ്വ സമ്മതമാകുന്നു. അതിലേക്ക് കാരണവും ദൂരെ തേടേണ്ടതില്ല. തെക്കൻ ഭാഷ തമിഴിൻറെ ആക്രമം കൊണ്ടും വടക്കൻ ഭാഷ കർണാടകത്തിന്റെ ആക്രമം കൊണ്ടും ദുഷിച്ചുപോയിട്ടുണ്ട്. നടുക്കുള്ള ഭാഷക്കാകട്ടെ ഭാഷാന്തരസമ്പർക്കമില്ലാത്തതിനാൽ ശുദ്ധിയേറും. ഈ മധ്യമലയാളം തന്നെയാണ് സാഹിത്യത്തിൽ എല്ലാ ദിക്കുകാരും പ്രാധാന്യേന ഉപയോഗിക്കുന്നതെന്നു വരികിലും കവികൾ സ്വാതന്ത്ര്യത്താൽ ചിലപ്പോൾ സ്വന്തം നാട്ടിൽ നടപ്പുള്ള വിശേഷപ്രയോഗങ്ങളെയും ഉപയോഗിക്കും.പ്രസിദ്ധനായ കുഞ്ചൻ നമ്പ്യാർ ഭാഷയുടെ ശുദ്ധിയിൽ ഏറെ ദൃഷ്ടിവെച്ചിട്ടില്ല. അദ്ദേഹത്തിൻറെ കൃതികളിൽ ദേശ്യപ്രയോഗങ്ങൾ ധാരാളമുണ്ട്. സാഹിത്യഭാഷയെ അടിസ്ഥാനമാക്കിയാണ് ഈ വ്യാകരണം എഴുതിയിട്ടുള്ളതെങ്കിലും പ്രധാനപ്പെട്ട ചില ദേശ്യപ്രയോഗങ്ങളെയും ഇതിൽ സ്വീകരിച്ചിട്ടുണ്ട്.