ശിവപുരാണം/ഉമേശാനവ്രതമാഹാത്മ്യം
- ഉമേശാനവ്രതത്തിന്റെ മഹത്വം കേട്ടുകൊണ്ടാലും
- സുമേധാസുസ്ഥിരന്മാരേ! മുനീന്ദ്രശ്രോതിരിയന്മാരേ!
- ധരിത്രീദേവനുണ്ടായികശ്ചിദാനർത്തഭൂപന്റെ
- ധരിത്രീമണ്ഡലേ വേദരഥനെന്നിങ്ങനെ നാംമ്‌നാ
- ഗൃഹസ്ഥൻ ബുദ്ധിമാൻ ധീരൻ വിനീതൻ കർമ്മവാൻ ധർമ്മി
- ദരിദ്രന്മാരിലാർദ്രത്വം കലർന്ന ഭൂസുരശ്രേഷ്ഠൻ
- ജലധിക്കിന്ദിരാപോലെ ഹിമവാനംബികാപോലെ
- കുലസ്ത്രീ ധന്യയാം കന്യാ ജനിച്ചു ഭൂമിദേവന്നു
- ശാരദേന്ദുപ്രകാശത്തെജ്ജയിക്കും കന്യകയ്ക്കന്നു
- ശാരദാശാരദായെന്നു പേരുമേറ്റം പുകൾ പൊങ്ങി
- പന്തിരണ്ടുവയസ്സായി പാണിപീഡോചിതം കാലം
- വന്നടുത്തൂമുലരണ്ടും കുരുത്തു യൌവനകാലം
- അതുകാലമരചന്റെ സേവകൻ പത്മനാഭാഖ്യൻ
- മുതുവിപ്രൻ വന്നു രണ്ടാം വിവാഹത്തിന്നപേക്ഷിച്ചു
- അപായം വന്നുപോയെന്റെ മുമ്പിൽ വേട്ട ഗൃഹിണിക്കു
- എന്തുചെയ്യാം കർമ്മമില്ല പുത്രനൊന്നും ലഭിച്ചില്ല
- എനിക്കു കന്യകാദാനം ചെയ്കെടോ! താൻ മടിക്കേണ്ടാ
- തനിക്കു നന്നിതു മേലിൽ തനിക്കും മന്നവൻ ബന്ധു
- മുതുക്കൻ ചെന്നു ചോദിച്ചാൽ മടിക്കും താതമാതാക്കൾ
- പതുക്കെദ്ദാനവും ചെയ്യും ചാർച്ചയിൽ ചേർച്ചയുണ്ടാകിൽ
- എനിക്കങ്ങെൺപതും നാലും വയസ്സേ ചെന്നതുമുള്ളു
- ജനിക്കും പുത്രനിക്കാലം പലർക്കും പക്ഷമീവണ്ണം
- അതുകേട്ടപ്പൊഴേ വേദരഥനും തദ്ഗൃഹിണിയും
- അധികം കുണ്ഠിതം ചിത്തേ വളർന്നു ദൈവമെന്നോത്തു
- കൊടുത്തു വിപ്രനായ്ക്കൊണ്ടു പുത്രിയെത്താൻ കൊടുക്കാഞ്ഞാൽ
- തടുത്തു കൊണ്ടുപോം നാടുവാഴിയെന്ന ഭയത്തോടെ
- മുതുക്കൻ ബ്രാഹ്മണൻ വേളി കഴിച്ചു തദ്ഗൃഹേ നിന്നു
- പതുക്കെസ്സന്ധ്യാനേരത്തു വടി കുത്തിപ്പുറപ്പെട്ടു
- പുഴയിൽച്ചെന്നുകൊണ്ടർഗ്ഘ്യം കഴിച്ചിങ്ങു വരുന്നേരം
- വഴിയിൽ നിന്നൊരു പാമ്പു കടിച്ചു കാലനൂർ പുക്കാർ
- അതുകേട്ടു വിഷാദം പൂണ്ടവന്റെ ബന്ധുവർഗ്ഗങ്ങ-
- ളതിന്നുയോഗ്യമാകുന്ന ശേഷകർമ്മങ്ങളും ചെയ്തു
- കാമിനീശാരദാതാനും കളഞ്ഞു കണ്ഠസൂത്രത്തെ
- കമനീയാംഗിമാർമൌലി കരഞ്ഞുമേവിനകാലം
- ധ്രുവനെന്നു യശസ്സുള്ള മഹാവിപ്രൻ മഹാവിദ്വാൻ
- ശിവനെന്നു മനക്കാമ്പിലുറച്ചു മേവിനശാന്തൻ
- തപോവൃദ്ധൻ വയോവൃദ്ധൻ ജ്ഞാനവൈര്യാഗ്യതോവൃദ്ധൻ
- കൃപാശാലീസുഖീധീമാനങ്ങൊരുനാളങ്ങെഴുന്നള്ളി
- കണ്ണുരണ്ടുമവനൊട്ടും കാഴചയില്ലെന്നതേയുള്ളൂ
- പുണ്യവാനാന്ത്രജ്ഞാനങ്കൊണ്ടുസർവം ഗ്രഹിക്കുന്നു
- തന്നുടെ ശിഷ്യരെക്കൊണ്ടു പാണിപത്മം പിടിപ്പിച്ചു
- വന്നിതുശാരദതാനും വസിക്കും മന്ദിരം തന്നിൽ
- താതമാതാക്കളെങ്ങാനും ദൂരവേപോയോരുനേരം
- തദ്ദേശൻ ബ്രാഹ്മണശ്രേഷ്ഠൻ ചെന്നിതുശാരദാഗേഹേ
- ശാരദതാനതുനേരം ചെന്നുടൻ വന്ദനം ചെയ്തു
- വാരിപുഷ്പാർഘ്യസംഭാരംകൊണ്ടു സൽക്കാരവും ചെയ്തു
- ഭദ്രപീഠേ വസിപ്പിച്ചു മാർഗ്ഗഖേദം ശമിപ്പിച്ചു
- ഭദ്രസൌജന്യവാക്യങ്ങൾ പറഞ്ഞു ഭക്തിവിശ്വാസാൽ
- എണ്ണതേച്ചുകുളിപ്പിച്ചു ദേവകാര്യം കഴിപ്പിച്ചു
- വെണ്ണയും പാൽ പഴം തേനും നല്ല ചോറും ഭുജിപ്പിച്ചു
- മെത്തമേൽ വെള്ളവസ്ത്രങ്ങൾ വിരിച്ചാശു ശയിപ്പിച്ചു
- ചിത്തമോദം വരുത്തിനാനന്തികേനിന്നു വന്ദിച്ചു
- എത്രയും തുഷ്ടനാം ഭൂമിദേവനാശിസ്സുകൾ ചെയ്തു
- പുത്രരത്നം തനിക്കുണ്ടാം ഭർത്തൃസൌഖ്യം ലഭിച്ചീടും
- കന്യകാരത്നമേ നിന്റെ ഭക്തിയും വൃത്തിയും കണ്ടാലന്യ
- സാമാന്യമല്ലേതും പ്രസാദിച്ചേനഹം ബാലേ!
- എന്നതുകേട്ടുര ചെയ്തു ശാരദവ്യാകുലത്തോടെ
- എന്നുടെ ഭാഗ്യഹീനത്വം ബോധിയാതെ വരം നൽകി
- കന്യകാത്വം വേർപെടുത്താൻ മാത്രമേകൻ മഹാവൃദ്ധൻ
- എന്നെവേട്ടുദിവം പുക്കാനെന്നുടെ ഭാഗ്യദോഷാൽ
- ബാല്യവൈധവ്യവും വന്നു വസിക്കുന്നേനഹം വിദ്വൻ!
- കല്യനാം നിന്നുടെ വാക്യം വ്യർത്ഥമായ്‌വന്നതുകഷ്ടം
- ശാരദാഭാരതികേട്ടു പറഞ്ഞു ഭൂസുരശ്രേഷ്ഠൻ
- കാരണമെനിക്കെന്തെനിക്കേവം തോന്നുവാനെന്തെടോ ബാലേ!
- കണ്ണുകാണായ്ക കൊണ്ടേവം പറഞ്ഞേനെന്നുവന്നാലും
- നിർണ്ണയം നമ്മുടെ വാക്യം നിഷ്ഫലമാകയില്ലല്ലോ
- ആര്യനാം ഞാനുര ചെയ്താൽ കാര്യമായിബ്ഭവിക്കേണം
- സൂര്യദേവനുദിക്കുമ്പോൾ കൂരിരുട്ടു ശമിക്കേണം
- ഉമേശാനവ്രതം പുണ്യം സമാരംഭിക്ക നീ ബാലേ!
- ക്രമേണത്വന്മനോമോദം സർവദാ സംഭവിച്ചീടും
- അശേഘാക്ഷയം സാരം ശാരദേ! നീ ഗ്രഹിച്ചാലും
- വിശേഷിച്ചു സന്തതിക്കും ഭർത്തൃസൌഖ്യത്തിനും മുഖ്യം
- മേഷമാസം ധനുമാസമിവരണ്ടാലൊരുമാസേ
- തോഷമോടേതുടങ്ങേണം പാർവതീശപ്രസാദാർത്ഥം
- തിങ്ങളിൽ തിങ്ങളിൽ രണ്ടുപതിന്നാംകുമഷ്ടമിയും
- തിങ്ങിന ഭക്തി കൈക്കൊണ്ടു നോറ്റുകൊൾക മഹാഭാഗേ!
- ഉഷയ്ക്കുമ്പോൾ കുളിക്കേണം വെള്ളവസ്ത്രം ധരിക്കേണം
- വിഷഗ്രീവാലയം തന്നിൽച്ചെന്നിരുന്നു ജപിക്കേണം
- പുഷ്പമാല്യങ്ങളെക്കൊണ്ടും പട്ടുകൊണ്ടും വിതാനിച്ചു
- ശില്പമാം മണ്ഡപം തന്നിൽ പത്മമിട്ടങ്ങതിന്മീതേ
- ധാന്യകുംഭം നിറച്ചാശു വെച്ചു പൂജിച്ചതിന്മീതേ
- ധന്യമാം കാഞ്ചനം കൊണ്ടു രണ്ടു രൂപങ്ങളുണ്ടാക്കി
- പാർവതീരൂപവും പിന്നെ ശങ്കരരൂപവും രണ്ടും
- പൂർവഭാഗേ മുഖ്യമായി പ്രതിഷ്ഠിച്ചു വഴിപോലെ
- ധൂപദീപാദികൾകൊണ്ടു പൂജയും ചെയ്തുകൊള്ളേണം
- സൂപവും പായസം പക്വം നിവേദ്യം ചെയ്തുകൊള്ളേണം
- തൽക്ഷണം ഭൂസുരന്മാരെബ്ഭുജിപ്പിച്ചു യഥാശക്തി
- ദക്ഷിണ ചെയ്തുടൻ താനും ഭുജിച്ചുകൊൾക നീ ബാലേ!
- ഏകസംവത്സരമേവം വ്രതം ചെയ്ക മുടങ്ങാതെ
- ശോകമെന്നാൽ ശമിച്ചീടും കാമമെല്ലാം ലഭിച്ചീടും
- വീതശങ്കം വിപ്രവാക്യം ഗ്രഹിച്ചു ശാരദ താനും
- താതമാതാക്കളും വന്നുവണങ്ങിവിപ്രനെബ്ഭക്ത്യാ
- ഗുരുക്കന്മാരിതാവന്നു വണങ്ങുന്നു മഹാഭാഗ!
- തെരിക്കെന്നാശിഷാപാപം ശമിപ്പിച്ചീടുക ബ്രഹ്മൻ!
- ഇത്തരം ശാരദ തന്റെ ഗിരം കേട്ടു മുനിശ്രേഷ്ഠൻ
- സത്വരം മസ്തകേ തൊട്ടു മംഗലമെന്നരുൾ ചെയ്തു
- ഉമേശാനവ്രതം പുത്രിക്കുപദേശിച്ചതും കേട്ടു
- പ്രമോദം പൂണ്ടുടൻ വേദരഥൻ വന്ദിച്ചുരചെയ്തു
- മുനിശ്രേഷ്ഠ! ഭവാനെന്റെ ഗൃഹോപാന്തേ വസിക്കേണം
- കനിവോടീവ്രതം നിത്യമനുഷ്ഠിപ്പിക്കയും വേണം
- ഒരു സംവത്സരമെന്റെ മഠം തന്നിലിരിക്കേണം
- വരും ഭാഗ്യം ഭവാൻ കൂടെ ഗ്രഹിച്ചു പോകയും വേണം
- ഇതിശ്രുത്വാ മുനിശ്രേഷ്ഠൻ പ്രസാദിച്ചു മഠം തന്നിൽ
- സ്ഥിതി ചെയ്തു ജിതക്രോധൻ ജിതാശേഷേന്ദ്രിയഗ്രാമൻ
- തുടങ്ങി ശാരദ താനും ധ്രുവാഭീഷ്ടം വ്രതം മുഖ്യം
- വ്രതം മുഖ്യം മുടങ്ങാതെ ജപധ്യാനം പൂജനം തർപ്പണം ഹോമം
- വരുന്ന ഭൂസുരന്മാരെബ്ഭുജിപ്പിച്ചുവഴിപോലെ ഹിരണ്യം
- വസ്ത്രവും പട്ടും ദക്ഷിണ ചെയ്കയും മോദാൽ
- തിങ്ങളിൽ നാലുപവാസം പൂജയും നിദ്ര കൂടാതെ
- ഭംഗഹീനവ്രതത്തോടെ ചെയ്തുരാത്രി കഴിച്ചാശു
- സ്നാനവും ചെയ്തു പിറ്റേന്നാൾ പൂജയും ഭൂസുരന്മാർക്കു
- ദാനവും ഭോഗ്യസമ്മാനം സർവവും നിർവഹിച്ചീടും
- പാരണചെയ്യുമന്നേരം താനുമിത്ഥം ക്രമത്താലേ
- ശാരദവത്സരമൊന്നു കഴിച്ചു ധീരതയോടെ
- ഉപവാസം സമർപ്പിച്ചു പൂർവപക്ഷാഷ്ടമിതന്നിൽ
- കൃതാനേകാർച്ചനത്തോടെ ധ്രുവൻ തന്റെ മഠം തന്നിൽ
- ധ്രുവനോടുമൊരുമിച്ചുശിവനെ ധ്യാനവും ചെയ്തു
- ദിവസരാത്രികളാശു കഴിഞ്ഞുമിക്കവാറും താൻ
- അപ്രകാരം വസിക്കുന്ന ശാരദാഭൂസുരന്മാരിൽ
- സുപ്രസാദം പ്രകാശിച്ചു പാർവതീദേവിതാനപ്പോൾ
- പൂർണ്ണചന്ദ്രപ്രഭാജാലം കണക്കെക്കാന്തിയോടാശു
- പൂർണ്ണമായ്ക്കണ്ടുടൻ ഭക്ത്യാശാരദാഭൂസുരന്മാരും
- തല്പദാംഭോരുഹേ വീണു വണങ്ങി സ്തോത്രവാക്യത്താൽ
- കെല്പിനോടേ സ്തുതിച്ചപ്പോൾ ദേവിയുമങ്ങരുൾ ചെയ്തു
- പ്രീതയായേനഹം ബാലേശാരദേ ഹേ മുനിശ്രേഷ്ഠ!
- വീതശങ്കം പറഞ്ഞാലും നിങ്ങളിച്ഛിച്ചവസ്തുക്കൾ
- ഇത്ഥമപ്പോളരുൾ ചെയ്തു ദേവിയോടങ്ങരുൾ ചെയ്താൻ
- ഉത്തമൻ ബ്രാഹ്മണശ്രേഷ്ഠൻ കണ്ണുരണ്ടും മിഴിച്ചാശു
- അന്ധനാകുമെനിക്കിപ്പോൾ കണ്ണുകാണാറായി വന്നു
- എന്തിതിങ്കല്പരമുള്ളു വാഞ്ഛിതം മേ മഹാദേവി
- എത്രനാളുണ്ടു ഞാൻ ദേവി! ദൃശ്യവസ്തുക്കൾ കാണാതെ
- നേത്രയുഗ്മം വഹിക്കുന്നു ചിത്രനേത്രദ്വയം പോലെ
- ചിന്മയേ! നിർമ്മലാകാരേ! നിൻ മുഖം കാൺകയാലെന്റെ
- കൽമഷങ്ങളകന്നു കാത്യായനി! തേ നമസ്കാരം!
- അംബികേ! ലോകമാതാവേ! ശംഭുജായേ! മഹാമായേ!
- കംബുകണ്ഠീ! ദയാശീലേ! കമനീയാംഗി! ഹേദേവി!
- ശൈലകന്യേ! ജഗന്മാന്യേ! സർവവന്ദ്യേ! സദാനന്ദേ!
- ബാലചന്ദ്രാമലൊത്തംസേ! പാലനം ചെയ്ക നീ ഗൌരി
- വിപ്രപത്നിക്കു വൈധവ്യം വന്നതു ഞാൻ ഗ്രഹിക്കാതെ
- ക്ഷിപ്രമായങ്ങുരചെയ്തേൻ പുത്രനുണ്ടാം നിനക്കെന്നും
- അത്രയല്ലംബികേ! നല്ല ഭർത്തൃസൌഖ്യം വരുമെന്നും
- നേത്രസാഫല്യഹീനൻ ഞാൻ പറഞ്ഞേനഞ്ജസാദേവി!
- നിങ്കഴൽ പങ്കജേ ഭക്ത്യാ വണങ്ങുന്നേനഹം നിത്യം ശങ്കരീ!
- സത്യമാക്കേണം താദൃശം നമ്മുടെ വാക്യം
- നിന്നുടെ ഭക്തനാമെന്നെപ്പാലനം ചെയ്ക നീ മായേ!
- മന്നിനും വിണ്ണിനും പാതാളത്തിനുമേകമാതാവേ!
- ശങ്കരി താനതുകേട്ടു മന്ദമൊന്നങ്ങരുൾ ചെയ്തു
- എങ്കിലോ കേട്ടുകൊണ്ടാലും ശാരദാപൂർവവൃത്താന്തം
- ശാരദാപൂർവജന്മത്തിൽ ഭാമിനിയെന്ന പേരോടെ
- ഭാര്യയായിസ്സുഖം വാണദാഹിഷബ്രാഹ്മണനുണ്ടു
- വേട്ടതിൽ ഭാമിനി രണ്ടാം ഗേഹിനി മോഹനിയാംഗി
- ദഹിഷന്നിഷ്ടയായ്‌വന്നുവശ്യമന്ത്രങ്ങളും നല്ല
- ഹാസഭാവങ്ങളെക്കൊണ്ടും വേശ്യമാർക്കുള്ള
- വൈദഗ്ദ്ധ്യം പണ്ടിവൾക്കുണ്ടെടോ വിപ്ര!
- സർവകാലമിവളോടു രമിച്ചു ദാഹിഷൻ ശുദ്ധൻ
- പൂർവപത്നിക്കതുകൊണ്ടു പുത്രനുണ്ടായതുമില്ല
- അഗ്രജയ്ക്കു മഹാദുഃഖം സംഭവിപ്പിച്ചതുമൂല-
- മുഗ്രവൈധവ്യവുമിപ്പോൾ ശാരദയ്ക്കു വേണ്ടിവന്നു
- ആഗ്രഹിച്ചാനിവളോടേ രമിപ്പാൻ മറ്റൊരു വിപ്രൻ
- ആഗ്രഹിച്ചില്ലിവളങ്ങോട്ടേകപത്നീവ്രതം സ്വൈരാൽ
- മാരതാപം സഹിക്കാഞ്ഞു മരിച്ചാനന്നവൻ കഷ്ടം
- ശാരദയ്ക്കു പതിയായി വന്ന വിപ്രനവൻ തന്നെ
- പൂർവജന്മത്തിലുമെന്നെബ്ഭജിച്ചുശാരദമോദാൽ
- ദുർവഹമില്ലിതുകൊണ്ടിന്നിവൾക്കും സംസാരഭംഗം
- ഭാമിനീവല്ലഭൻ വന്നു ജനിച്ചു പാണ്ഡ്യരാജ്യത്തിൽ
- കാമിനീസംഗ്രഹം ചെയ്തു സുഖിച്ചുവാണരുളുന്നു
- അക്ഷമാദേവനെസ്വപ്നം കാണുമിശ്ശാരദമേലിൽ
- തൽക്ഷണേ ഗർഭമുണ്ടാകും പുത്രനും സംഭവിച്ചീടും
- അക്ഷമാദേവനുപിന്നെ സ്വപ്നസന്ദർശനംകൊണ്ടു
- പക്ഷപാതം ഭവിച്ചീടും ശാരദാതൻ സുതന്മാരിൽ
- ശാരദേ! ചാരുശീലേ! ഞാൻ സാരമൊന്നു കഥിക്കുന്നേൻ
- ദൂരദേശേ വസിക്കുന്ന പൂർവഭർത്താവിനെക്കണ്ടാൽ
- അത്ര നിന്റെ വ്രതത്തിന്റെ ഫലം പാതി കൊടുക്കേണം
- പുത്രനേയും കൊടുക്കേണം കൂടെ നീയും ഗമിക്കേണം
- അക്ഷമാദേവനെ സ്പർശിച്ചീടൊലാനീമഹാഭാഗേ!
- അക്ഷമത്വം ഭവിക്കൊല്ലാതത്സമീപേ വസിക്കുമ്പോൾ
- രമ്യമാം സ്വപ്നസംഭോഗങ്കൊണ്ടു നിത്യം രമിക്ക നീ
- ജന്മമേവം കഴിച്ചെന്റെ സമീപേ പോന്നുകൊൾക നീ
- എന്നരുൾ ചെയ്തുടൻ ദേവി മറഞ്ഞു ലോകമാതാവും
- വന്ദനം ചെയ്തുടൻ നിന്നു വിപ്രനും ശാരദാതാനും
- സൂര്യനപ്പോളുദയാദ്രിമസ്തകാഗ്രേ പ്രകാശിച്ചു
- കാര്യമൊക്കെ ധ്രുവൻ ചെന്നു പിതാക്കന്മാരോടു ചൊന്നാൻ
- നേത്രയുഗ്മപ്രകാശത്തെ ഭവിച്ച ഭൂസുരശ്രേഷ്ഠൻ
- യാത്ര ചൊല്ലി ധ്രുവൻ ദിവ്യൻ ഗമിച്ചാൻ ശിഷ്യരുമായി
- ശാരദാചാരു സർവാംഗി പൂർവഭർത്താവിനെസ്വപ്നേ
- പാരമാനന്ദമുൾക്കൊണ്ടു കണ്ടു സംഭോഗവും ചെയ്തു
- നാലുമാസം കഴിഞ്ഞപ്പോൾ ചാലവേ ഗർഭമുണ്ടായി
- ശൈലകന്യാവരം മിത്ഥ്യയാകില്ലെന്നറിഞ്ഞാലും
- അതുകാലം വിധവയ്ക്കു ഗർഭമുണ്ടായിപോലെന്നു
- ക്ഷിതിവാസിജനം കേട്ടു പരിഹാസം തുടർന്നപ്പോൾ
- ദ്വിജന്മാരൊക്കവേ കൂടി വിചാരത്തിന്നൊരുമ്പെട്ടു
- വിജനേശാരദയോടു വിചാരിച്ചു തുടങ്ങിനാർ
- പരമാർത്ഥമവളെല്ലാമുരചെയ്ത വിശേഷത്തെ
- പരിഹാസമാക്കിവച്ചുപലരും നിന്നുര ചെയ്തു
- കുലസ്ത്രീകൾക്കടുക്കാത്ത ഖലത്വം വ്യാപിച്ചിരിക്കും
- കുലടേ! കുത്സിതേ! മൂഢേ! ദുഷ്ടശീലേ! ദുരാചാരേ!
- കുലത്തിൽക്കൂട്ടുമോനീയിന്നടക്കം കൈവെടിഞ്ഞോരോ
- ഖലന്മാരിൽ ഗമിക്കുന്ന പാപശീലേ! നടന്നാലും
- പിടിച്ചുവിൽക്കയും വേണം ഗൃഹസ്ഥനെന്തിളകാത്തൂ
- അടിച്ചുപൽ പൊഴിക്കേണം ചെവി ചെത്തീട്ടയയ്ക്കേണം
- മുടിയൊക്കെച്ചിരച്ചേച്ചും കുടുമ വച്ചയയ്ക്കേണം
- മുടിപ്പാനിങ്ങനെ വന്നു പിറന്നുള്ള സ്വരൂപത്തെ
- ത്യജിപ്പാനെന്തു സന്ദേഹം പുറത്തുനില്ലെടീ മൂഢേ!
- ഭുജിപ്പാനും കൊടുക്കേണ്ട ഭൂസുരാ നീയിളക്കാഞ്ഞാൽ
- തനിക്കും മേലിലാപത്തുജനിക്കും സംശയം വേണ്ടാ
- മുനിക്കും വ്യാജമുണ്ടെന്നു നിനയ്ക്കും സജ്ജനം കേട്ടാൽ
- പിടിപ്പിൻ മൂഢയെ നന്നായടിപ്പിൻ മദ്യമാംസങ്ങൾ കൊടുപ്പിൻ
- നിങ്ങളെന്നിത്ഥം ഘോഷമങ്ങു തുടർന്നാശു
- അംബരത്തിങ്കൽ നിന്നപ്പോളശരീരി വാക്കുമുണ്ടായ്
- കർമ്മദോഷമിവൾക്കില്ല സാക്ഷിയുണ്ടീശ്വരന്മാരും
- ശങ്കയാരും തുടങ്ങേണ്ട ശാരദയ്ക്കും ദോഷമില്ല
- ശങ്കരപ്രേയസീവാചാഗർഭമുണ്ടായതും ഭദ്രം
- ഇത്ഥമുള്ള ഗിരം കേട്ടു ഭക്തിയുള്ള ജനമെല്ലാം
- യുകതമെന്നങ്ങുരചെയ്താരന്തണന്മാരുമന്നപ്പോൾ
- ഗ്ഗൃഹസ്ഥന്റെ നിയോഗത്താലൊരുത്തൻ വ്യാജമായ്ച്ചെന്നു
- മഹത്വം സംഭവിപ്പാനായ് വിളിച്ചു ചൊന്നൊരു വാക്യം
- എനിക്കുസമ്മതമില്ലെന്നൊരുത്തൻ ചൊല്ലിനാനപ്പോൾ
- ജനിച്ചു ജിഹ്വമേൽ നിന്നു കൃമിയും ചോരയുമേറ്റം
- അതുകണ്ടു ഭയപ്പെട്ടുജനം മിണ്ടാതിരിക്കുമ്പോൾ
- അതിലൊരു മഹാവൃദ്ധൻ മഹീദേവനുരചെയ്തു
- മനക്കാമ്പിലൊരുത്തർക്കും ശങ്കവേണ്ടാ ബുധന്മാരേ!
- എനിക്കേതും ശങ്കയില്ല വരുന്നൊന്നീവിധമെല്ലാം
- ആർക്കിതിന്റെ പരമാർത്ഥമോർത്തുകണ്ടാൽ ഗ്രഹിച്ചീടാം
- താർകികന്മാർ പ്രപഞ്ചങ്കൊണ്ടൊത്തവണ്ണം കഥിക്കുന്നു
- മായകൊണ്ടു വിളങ്ങുന്ന വിശ്വതത്ത്വം പ്രയോഗിപ്പാ-
- നായവണ്ണം പ്രയത്നങ്ങൾ ചെയ്തുകൊൾവിൻ ബുധന്മാരേ!
- ദമ്പതിമാരുടെ സംഗം കൊണ്ടു പുത്രൻ ജനിക്കുന്നു
- സമ്പ്രതിയിപ്രപഞ്ചത്തിൽ ദൃഷ്ടമല്ലോ കഥിക്കേണ്ടൂ
- സംഗമെന്നാൽ ശരീരം കൊണ്ടെന്നുതന്നെ ഗ്രഹിക്കേണ്ടാ
- സംഗമം മാനസം കൊണ്ടും ഗർഭമുണ്ടാക്കുവാൻ പോരും
- യൂപകേതുക്ഷിതീശന്റെ ശുക്ലബിന്ദു ജലേവീണു
- കാപിവേശ്യാംഗനപാനം ചെയ്തു ഗർഭം ധരിച്ചാൾ പോൽ
- ഋശ്യശൃംഗൻ മഹായോഗി തന്നുടെ താതശുക്ലം
- ചെന്നൃശ്യഗർഭേ ധരിച്ചിട്ടു ഭവിച്ച ദേഹമെന്നോർപ്പിൻ
- ദേവനാരിക്കുടൻ ഗർഭം പണ്ടു സൌരാഷ്ട്രഭൂപന്റെ
- കെവലം പാണിസംസ്പർശം കൊണ്ടു സംജാതമായല്ലോ
- വ്യാസമാതാവിനും മാതാവാരെടോ ഭൂസുരന്മാരേ!
- വാസനാരൂപമീവിശ്വം വിശ്വസിച്ചീടുവിൻ നിങ്ങൾ
- ചിത്തസംഗംകൊണ്ടു ഗർഭം ധരിച്ച നാരിമാരുണ്ടാം
- പത്തുലക്ഷം വിചാരിച്ചാലെന്തിതെല്ലാം കഥിക്കുന്നു
- ശാരദയ്ക്കുദോഷമില്ല ശങ്കവേണ്ടാമനക്കാമ്പിൽ
- സാരമാകാശവാക്കല്ലോ പ്രമാണം ഭൂസുരന്മാരേ!
- ദാസിമാർ ചെന്നുചോദിച്ചാലായവണ്ണം പറഞ്ഞീടും
- ശാസിയാതെ വസിച്ചാലും നിങ്ങളെല്ലാവരും സ്വൈരം
- എന്നുവിപ്രോദിതം കേട്ടു ദാസിമാർ ചെന്നു ചോദിച്ചു
- തന്നുടെ സത്യവൃത്താന്തം ശാരദതാനുരചെയ്തു
- അന്തണന്മാരതുകേട്ടു വിസ്മയാനന്ദസന്തോഷമന്തരംഗേ
- വഹിച്ചും കൊണ്ടാശു ദേശാന്തരം പുക്കാർ
- ശാരദതാൻ പ്രസവിച്ചു പുത്രനുണ്ടായ് മഹാവിദ്വാൻ
- ശാരദീയൻ മഹാധീരൻ ശാരദേന്ദുപ്രകാശാസ്യൻ
- സർവവേദങ്ങളും പിന്നെസ്സർവ്വശാസ്ത്രങ്ങളും ധീമാ
- നുർവരാനിർജ്ജരാബാലൻ ഗ്രഹിച്ചുമേവിനകാലം
- ശിവരാത്രിക്കു ഗോകർണ്ണത്തെത്തുവാൻ ഭൂസുരന്മാരും
- പ്രബലക്ഷത്രിയന്മാരും വൈശ്യരും ശൂദ്രരും കൂടി
- സമസ്തപ്രാഭവത്തോടെ ഗമിക്കും മാർഗ്ഗമേകൂടി
- ഗമിച്ചു ശാരദതാനും പുത്രനും താതനും മറ്റും
- മിത്രവൃന്ദങ്ങളും വിപ്രസ്ത്രീകളും തജ്ജനനിയും
- തത്രചെന്നു മഹാദേവം വണങ്ങിസ്സഞ്ചരിക്കുമ്പോൾ
- തന്നുടെ സ്വപ്നസംഭോഗേ സ്നിഗ്ദ്ധനാം കാന്തനെക്കണ്ടു
- നിന്നിതുശാരദ തന്നെത്താൻ മറന്നെത്രയും മോദാൽ
- തൽക്ഷണം ഭൂസുരന്താനും സ്വപ്നസംദൃഷ്ടമായുള്ള
- ലക്ഷണം കണ്ടുടൻ കാമാക്രാന്തനായന്തികേ വന്നാൻ
- ആരെടോ നീ മനോജ്ഞാംഗി! ചൊൽകനീയെന്നു ചോദിച്ചോ
- രാരണശ്രേഷ്ഠനോടെല്ലാം ചൊല്ലിനാൾ ശാരദ താനും
- എന്നുടെ പൂർവകാന്തൻ നീ നിന്നുടെ പുത്രനീബാലൻ
- എന്നുടെ നന്ദനൻ കാൺക ശാരദീയൻ ഭവത്തുല്യൻ
- എന്നതുകേട്ടുരചെയ്തു ഭൂസുരൻ ഹാസവും തൂകി
- നന്നെടോ ബാലവൈധവ്യം വന്നനീചൊന്നതീവണ്ണം
- ശാരദതാനുരചെയ്തു ഗൌരിതന്റെ വരം പിന്നെ
- സാരമാം സ്വപ്നവൃത്താന്തം പുത്രജന്മപ്രകാരങ്ങൾ
- ഉമേശാനവ്രതം പിന്നെ ധ്രുവന്റെ വാക്യവുമെല്ലാം
- ക്രമത്താൽ ഗൂഢമാം വണ്ണം പറഞ്ഞുസംഭ്രമത്തോടെ
- അതുകേട്ടു മഹീദേവൻ പ്രസാദിച്ചു പുറപ്പെട്ടു
- പിതാക്കന്മാരൊടുയാത്രപറഞ്ഞു ഭാര്യയും താനും
- പുത്രനും തത്രനിന്നാശു ഗമിച്ചുതല്പുരം പുക്കു
- മിത്രവൃന്ദങ്ങളെക്കൂടെ ഗ്രഹിപ്പിച്ചു വിശേഷങ്ങൾ
- ശാരദതാനതുനേരം വ്രതത്തിന്റെ ഫലം പാതി
- പാരമാസ്ഥാരസത്തോടെ കൊടുത്തു തല്പതിക്കപ്പോൾ
- ശാരദീയാഖ്യനാം തന്റെ പുത്രനേയും മുദാ നൽകി
- സ്വൈരമായി പ്രിയാഗാരേ മേവിനാളെന്നതേവേണ്ടൂ
- അംഗസ്പർശനം കൂടാതാത്മഭർത്താവിനെസ്വപ്നേ
- സംഗമിച്ചു ബഹുകാലം വസിച്ചു ശാരദ മോദാൽ
- ഏകദാതന്നുടെ ദേഹം ത്യജിച്ച കാന്തനോടൊപ്പം
- ശോകഹീനം നിജഗാത്രം ത്യജിച്ചു ശാരദ താനും
- ദിവ്യരൂപം ധരിച്ചാശു രണ്ടുപേരും പ്രവേശിച്ചാ
- രവ്യയം സന്തതാനന്ദം ശംഭുലോകം സദാകാലം
- ഉമേശാനവ്രതത്തിന്റെ മഹത്വം കർണ്ണനം ചെയ്താൽ
- ക്രമേണാനന്ദമാം ലോകേ ഗമിക്കാം താപസന്മാരേ!
- കുലസ്ത്രീകൾക്കിതുകേട്ടാൽ നെടുമംഗല്യവുമുണ്ടാം
- കുലശ്രീപുഷ്ടിയും പിന്നെസ്സന്തതിസൌഖ്യവും ഭദ്രം
- ചന്ദ്രചൂഡപ്രസാദത്തെച്ചന്തമോടേ ലഭിക്കുന്ന
- ചന്ദ്രബിംബാനൻ വീരൻ മനക്കോട്ടു ബലരാമൻ
- നന്ദിപൂണ്ടു ചിരകാലം നാടുവാണു വസിക്കേണം
- വന്ദനീയാകൃതേ! ശംഭോ! വാമദേവാ! നമസ്കാരം.
ഉമേശാനവ്രതമാഹാത്മ്യം സമാപ്തം