ശിവപുരാണം/പ്രദോഷമാഹാത്മ്യം
- നൈമിശാരണ്യേ വസിച്ചരുളീടുന്ന
- മാമുനീന്ദ്രന്മാരരുൾ ചെയ്തു പിന്നെയും:-
- ചൊല്ലു ചൊല്ലിന്നിയും സൂത മഹാമതേ!
- മുല്ലബാണാരി മാഹാത്മ്യം മനോഹരം
- സാധുപ്രദോഷോപവാസപ്രകാരങ്ങൾ
- ബോധിപ്പതിന്നാശ പാരം നമുക്കെടോ!
- ശങ്കരാരാധനം കൊണ്ടു മഹാമോഹ-
- സങ്കടം തീരുമെന്നല്ലോ പറഞ്ഞു നീ;
- ശങ്കയില്ലേതുമേ സാരം ശിവാർച്ചനം
- തൽക്കഥാവർണ്ണനാകർണ്ണനദ്ധ്യാനവും
- എങ്കിൽ നീ ചൊൽകെടോ! സംസാരമാകുന്ന
- വൻ കടൽ പാരം കടന്നു വന്നീടുവാൻ
- ഓടമായുള്ളൊരു ഗൌരീശപൂജനം
- കേടകന്നീടുവാനൌഷധം സമ്മതം.
- എന്നതു കേട്ടു മഹാമതി സൂതനും
- വന്ദനം ചെയ്തു പറഞ്ഞുതുടങ്ങിനാൻ:-
- കേട്ടരുളേണം പ്രദോഷമാഹാത്മ്യങ്ങൾ
- കേട്ടാലനുഷ്ഠിപ്പതിന്നും കഴിവരും
- മന്ദപ്രദോഷം കറുത്തപക്ഷം തന്നിൽ
- വന്നാൽ തുടങ്ങേണമന്നീ മഹാവ്രതം
- കൃത്തിവാസസ്സായ ദേവൻ പ്രദോഷേഷു
- നൃത്തമാടീടുന്നു കൈലാസപർവ്വതേ
- ബ്രഹ്മനും വിഷ്ണുവും ചന്ദ്രനുമിന്ദ്രനും
- ബ്രഹ്മാ മുനികളും ദേവകദംബവും
- സർവദേവൌഘം പ്രദോഷവേലാവിധൌ
- ശർവശൈലേ വസിച്ചീടുന്നു സാദരം
- ദാരിദ്ര്യനാശനം കീർത്തിസംവർദ്ധനം
- വൈരിവിദ്ധ്വംസനം സർവരോഗാപഹം
- ആയുഷ്യമാരോഗ്യഭോഗ്യഭാഗ്യപ്രദം
- ദായാദ പുത്രമിത്രാനന്ദവർദ്ധനം
- സംസാരഭഞ്ജനം സാധുസംരംഞ്ജനം
- മാംസളാനന്ദം പ്രദോഷമഹാവ്രതം
- അർച്ചനം ധ്യാനം പ്രദക്ഷിണം തർപ്പണം
- തച്ചരണാംബുജേ പൂജനം വന്ദനം
- തൽക്കഥാവിസ്താര തന്നാമകീർത്തനം
- തൽകൃപാമർത്ഥന സർവ്വം മഹാവ്രതം
- ദ്രവ്യത്തിനൊത്തതുപോലെ ശിവാർച്ചനം
- ദ്രവ്യമില്ലാത്തവൻ നോറ്റുകൊണ്ടാൽ മതി.
- വിത്തമില്ലാത്തവൻ കാലക്രമം കൊണ്ടു
- വിത്തേശതുല്യനാമീശ്വരാരാധനാൽ
- ഇല്ലവും ചെല്ലവും വല്ലവും വർദ്ധിക്കു-
- മില്ലൊരു സംശയം നോറ്റുകൊണ്ടാലുടൻ.
- സന്ധ്യാഭ്രകണ്ഠനെസ്സാദരം സേവിച്ചു
- സന്ധ്യാവസാനേ ഭുജിച്ചു കൊൾവാൻ മുദാ
- വിപ്രരെ കാൽ കഴുകിച്ചു ഭുജിപ്പിച്ചു
- സുപ്രസാദം വരുത്തീടുകിലുത്തമം
- ആത്മശുദ്ധിപ്രദം സാധു പ്രദോഷമാ-
- ഹാത്മ്യം പറഞ്ഞു ഞാൻ ബോധം വരുത്തുവൻ.
- അത്യന്തരമ്യേ വിദർഭഭൂമണ്ഡലേ
- സത്യരഥനാമജാതനായ നൃപൻ
- വിദ്വാൻ വിവേകീ വിനീതൻ വിശുദ്ധിമാൻ
- വിദ്വേഷഭീഷണൻ വീരൻ വിശാം പതി.
- കുണ്ഡിനാഖ്യേ പുരേ ചാരുനാരീമണി
- മണ്ഡലേ ലീലാവിലാസേന മേവിനാൻ.
- അക്കാലമക്ഷോണിപാലന്റെ ശത്രുവാം
- വിക്രമിസ്വാലഭൂപാലനും സേനയും
- ഒക്കവേ കൂടിപ്പുറപ്പെട്ടടുത്തുടൻ
- ചൊൽക്കൊണ്ട കുണ്ഡിനം രോധിച്ചു സത്വരം
- പോരിന്നു തട്ടിവിളിച്ചു തുടങ്ങിനാൻ:-
- വീരനെന്നാകിൽ പുറപ്പെട്ടുകൊള്ളെടോ!
- നാട്ടിൽ പ്രഭുത്വം നിനക്കല്ലെനിക്കിനി-
- ക്കാട്ടിത്തരാമെന്റെ പൌരുഷം സംഗരേ.
- ഒട്ടും മടിക്കേണ്ട യുദ്ധത്തിനെത്തു നീ
- കൂട്ടം മുടിപ്പാനൊരുമ്പെട്ടു ഞങ്ങളും
- ഇത്ഥം വിളിക്കുന്ന സാല്വനോടപ്പൊഴേ
- യുദ്ധത്തിനായി മുതിർന്നു വിദർഭനും
- ആനപ്പടകളും തേരും കുതിരയും
- സേനാഭടന്മാരമാത്യവൃന്ദങ്ങളും
- നാനാപ്രകാരേണ ചെന്നടുത്തീടിനാർ
- നാനായുധങ്ങളും കൈക്കൊണ്ടരക്ഷണാൽ
- വൈദർഭസൈന്യവും സാല്വന്റെ സൈന്യവും
- വാദിച്ചു ഘോഷിച്ചു യുദ്ധം തുടങ്ങിനാർ
- വില്ലും ശരങ്ങളും വാളും പരിചയും
- നല്ല കുന്തങ്ങളും വേലും ചുരികയും
- എല്ലാമെടുത്തു പ്രയോഗം തുടങ്ങിനാർ
- സാല്വവൈദർഭസേനാഭടന്മാരുടൻ.
- വെട്ടും തടകളും കൊട്ടും വിളികളും
- മട്ടും മുറികളും നീട്ടും നിറകളും
- വാക്കും പലവിധം തീക്കും തിരക്കവേ
- ചാക്കും മുറി പലദിക്കും പരന്നുടൻ
- ആർക്കും ചിലർ ചെന്നു നേർക്കും ചിലരോടു
- വീർക്കും ശരീരം വിയർക്കും ചിലർക്കുടൻ.
- ആർക്കും തടുത്തുകൂടാത്തൊരു മല്ലനെ-
- ക്കോർക്കും ചവിളമുനകൊണ്ടു സംഗരേ
- ഓർക്കും വിധൌ മഹാഭീമമായോധനം
- പാർക്കുന്ന ദേവകൾക്കെത്രയുമത്ഭുതം
- വൻ ചോലപോലെയൊലിക്കുന്ന ചോരയി-
- ലാഞ്ചാതെ നിന്നു കുളിക്കുന്നു കൂളികൾ
- തള്ളിയിട്ടങ്ങനെ മുങ്ങിയും പൊങ്ങിയും
- മേളിച്ചു കൂടെക്കളിച്ചു പുളച്ചിതു
- ഊറ്റത്തിലുള്ളൊരു യുദ്ധകോലാഹലം
- ഏറ്റോരുനേരം വിദർഭന്റെ സേനകൾ
- തോറ്റു തുടങ്ങി മടങ്ങിപ്പുറം വാങ്ങി
- മാറ്റാരടുത്തു കയർത്തു തുടങ്ങിനാൻ
- നെറ്റിക്കു നേരെയണഞ്ഞങ്ങു സാല്വനും
- പറ്റിക്കളിച്ചാശു വെട്ടു തുടങ്ങിനാൻ
- ഒട്ടും മടങ്ങാതെ സത്യരഥനൃപൻ
- വെട്ടി മരിച്ചു സുരാലയേ മേവിനാൻ.
- മന്നവനാപത്തു വന്നോരു നേരത്തു
- പിന്നാക്കമോടിത്തുടങ്ങീ പടകളും
- സാല്വനും കൂട്ടവും പാഞ്ഞടുത്തങ്ങിനെ
- നല്ല കിടങ്ങും മതിലും തകർത്തുടൻ
- കുണ്ഡിനം വെട്ടിപ്പിടിച്ചുകൊണ്ടാസ്ഥാന-
- മണ്ഡപേ ചെന്നു ഞെളിഞ്ഞിരുന്നീടിനാൻ.
- വൈദർഭസേനകൾ ശേഷിച്ചതൊക്കവേ
- പേടിച്ചു കാനനം പുക്കു മേവീടിനാർ.
- സത്യരഥൻ തന്റെ ഭാര്യമാരൊക്കവേ
- ഭീത്യാ പുറപ്പെട്ടു കാടു പുക്കീടിനാർ
- പതിമാരിലൊരു പത്നി പുറപ്പെട്ടു
- യത്നേനസാകം കിഴക്കോട്ടു മണ്ടിനാൾ.
- പത്തുമാസം തികഞ്ഞോരു ഗർഭം വഹി-
- ച്ചെത്രയും ഖേദേന രാത്രികഴിച്ചുടൻ
- താനേ കരഞ്ഞും വിരഞ്ഞും പണിപ്പെട്ടു
- കാനനത്തൂടെ നടന്നുപോകും വിധൌ
- താമരപ്പൊയ്കയും വല്ലീഗൃഹങ്ങളും
- താമസം കൂടാതെ കണ്ടാൾ മനോഹരം
- സ്നാനവും ചെയ്തവൾ വേഗേന ഗൂഢമാം
- സ്ഥാനേ വസിച്ചു പ്രഭാതകാലേ ശുഭേ
- എത്രയും നല്ലൊരു നേരത്തു മെല്ലവേ
- പുത്രനെപ്പെറ്റാൾ നരേന്ദ്രപത്നീ തദാ
- ദാഹം വിശപ്പും തളർച്ചയും വർദ്ധിച്ചു
- ദേഹസന്താപം സഹിക്കാഞ്ഞു സുന്ദരി
- വെള്ളം കുടിപ്പാനിറങ്ങിസ്സരസ്സില-
- ങ്ങുള്ളിൽ കിടക്കുന്ന ഘോരനക്രം തദാ
- വായും പിളർന്നടുത്തീടിനാനന്നേരം
- തോയത്തിലാമ്മാറു തട്ടിയിട്ടീടിനാൻ.
- പുള്ളിമാൻ കണ്ണിയെ ഗ്രാസമാക്കിക്കൊണ്ടു
- വെള്ളത്തിൽ മുങ്ങിത്തിരിച്ചു മുതലയും
- വള്ളിക്കുടിലിൽ കിടക്കുന്ന ബാലനും
- തുള്ളിപ്പിടച്ചു കരഞ്ഞു തുടങ്ങിനാൻ.
- അപ്പോളുഷാനാമധേയയാം ബ്രാഹ്മണി
- തൽപ്രദേശത്തേക്കു പോന്നു വന്നീടിനാൾ
- ആണ്ടുതികഞ്ഞൊരു തന്നുടെ പുത്രനെ-
- ക്കൊണ്ടു പുറപ്പെട്ടിരന്നു നടന്നവൾ
- പണ്ടു താൻ ചെയ്തൊരു കർമ്മശക്ത്യാ വന്നു
- കണ്ടു കുമാരനെക്കൈകൊണ്ടെടുത്തവൾ
- കൊണ്ടുചെന്നംഭസ്സിലാശു കുളിപ്പിച്ചു
- രണ്ടരനാഴികനേരം വിചാരിച്ചു:
- എന്തൊരു വിസ്മയം നല്ലൊരു ബാലകൻ
- കാന്താരമദ്ധ്യേ ശയിക്കുന്നു ദൈവമേ!
- അച്ഛനുമമ്മയുമയ്യോ മഹാനദീ
- കച്ഛപ്രദേശം വെടിഞ്ഞങ്ങു പോയവർ:
- വേശ്യാതനൂജനോ സാദ്ധ്വീകുമാരനോ
- വാച്ചതെന്നാലും വളർക്കുന്നതുണ്ടു ഞാൻ
- പൊക്കിൾക്കൊടി കൂടെ വീണില്ല ബാലനു
- ചിക്കെന്നിദാനീം പിറന്നു വീണീടിനാൻ
- കഷ്ടം! മുലപ്പാൽ കുടിച്ചീല നിർണ്ണയം
- ദുഷ്ടർക്കു വന്നു പിറന്നാലിതേ വരു
- ജാതിസംബന്ധമുണ്ടായീല നിശ്ചയം
- ഏതും നമുക്കില്ല ദോഷം പരിഗ്രഹേ
- കാലക്രമത്താൽ ഗ്രഹിച്ചുവെന്നാകിലോ
- ബാലന്റെ സംസ്കാരമന്നു ചെയ്യാം ദൃഢം
- കാലഗത്യാ യഥായോഗം ഭവിച്ചൊരു
- ബാലനെപ്പാലനം ചെയ്യുന്നതുണ്ടു ഞാൻ
- ഇത്ഥം വിചാരിച്ചു നിൽക്കും ദശാന്തരേ
- സത്വരം വന്നൊരു സന്യാസി ചൊല്ലിനാൻ:-
- വിപ്രേന്ദ്രപത്നീ! വിചാരിക്ക വേണ്ട നീ
- ക്ഷിപ്രം കുമാരനെക്കൈക്കൊള്ളെടോ ശുഭേ!
- ശ്രേയസ്സു മേലിൽ ഭവിക്കും നിനക്കെടോ!
- പോയാലുമെന്നരുൾ ചെയ്തു പോയീടിനാൻ.
- ബ്രാഹ്മണി താനും ശിശുവിനെക്കൈക്കൊണ്ടു
- ധാർമ്മികന്മാരോടു ഭിക്ഷയും മേടിച്ചു
- തന്നുടെയില്ലത്തു ചെന്നുടൻ ബാലനെ-
- ത്തന്നുടെ പുത്രനെപ്പോലെ വളർത്തിതു.
- രണ്ടു ശിശുക്കളെക്കൂട്ടി ലാളിക്കയും
- കണ്ട ദിക്കിൽ ചെന്നു ഭിക്ഷ മേടിക്കയും
- ഇങ്ങനെ നാലഞ്ചു സംവത്സരങ്ങളെ
- ഭംഗ്യാ സുഖിച്ചു കഴിച്ചോരനന്തരം
- സുന്ദരന്മാരായ നന്ദനന്മാരൊടു-
- മൊന്നിച്ചു നാട്ടിലിരന്നു നടക്കുന്ന
- വിപ്രപത്നി താവദേഹചക്രാഹ്വയ
- വിപ്രദേശേ ചെന്നു വാസമായീടിനാൾ.
- ഏകദാ നല്ലൊരു ദേവാലയം തന്നി-
- ലാകുലം കൂടാതെ ചെന്നു യദൃച്ഛയാ
- പാണ്ഡിത്യശാലികൾ മേവുന്ന മണ്ഡപേ
- ശാണ്ഡില്യനെന്നൊരു ഭൂമീസുരോത്തമൻ
- രണ്ടു ശിശുക്കളെക്കണ്ടു തെളിഞ്ഞുടൻ
- കൊണ്ടാടിനിന്നു പറഞ്ഞു തുടങ്ങിനാൻ:-
- ഭൂസുരന്മാരേ! വിചാരിച്ചു കാൺകെടോ!
- വാസനാബന്ധം തടുത്തുകൂടാ ദൃധം
- മറ്റൊരു വംശേ പിറന്നൊരു ബാലകൻ
- പെറ്റ മാതാവൊടു വേർവിട്ടു സാമ്പ്രതം
- എന്നതുകേട്ടു മഹീസുരസ്ത്രീ ചെന്നു
- വന്ദനം ചെയ്തു ചോദിച്ചു സകൌതുകം:-
- ശാണ്ഡില്യമാമുനേ! ചൊൽക ചൊൽകെന്നോടു
- പുണ്യപൂരാകൃതേ! ബാലന്റെ വാർത്തകൾ:
- ആരുടെ പുത്രനെന്നേതും ഗ്രഹിച്ചീല
- കാരണമെന്തുവാനിങ്ങിനേ കിട്ടുവാൻ?
- ഭിക്ഷു പറകയാൽ ബാലനെക്കൊണ്ടന്നു
- രക്ഷിച്ചു ഞാനിത കാലം മഹാമുനേ!
- സത്യം കഴിക്ക നീ സാധു ചിന്താമണേ!
- കൃത്യങ്ങളൊന്നും കഴിഞ്ഞില്ല ബാലനും.
- ചൊന്നാൻ പതുക്കവേ ശാണ്ഡില്യമാമുനി
- എന്നാൽ ഗ്രഹിക്ക നീ വിപ്രാംഗനേ! ശുഭേ!
- സത്യരഥനെന്നു പേരായ വൈദർഭ-
- പൃത്ഥീശ്വരൻ തന്റെ പുത്രനീ ബാലകൻ
- യുദ്ധേ മരിച്ചിതു സത്യരഥനൃപൻ
- ബുദ്ധിക്ഷയം പൂണ്ടു പോന്നു ജനനിയും:
- മുന്നമേ ഗർഭം ധരിച്ചു വസിച്ചൊരു
- മന്നവസ്ത്രീ വനേ വന്നു പെറ്റീടിനാൾ
- വിക്രമിച്ചാനവൾ തോയപാനാർത്ഥമായ്
- നക്രം പിടിച്ചു മരിച്ചിതു ഭാമിനി
- ചോദിച്ചു പിന്നെയും വിപ്രപത്നീ മുദാ:-
- വൈദർഭനെന്തുവാനല്പായുസ്സാകുവാൻ?
- ദാരിദ്ര്യകാരണമെന്തിക്കുമാരന്?
- പാരിൽ പ്രഭുത്വമിവന്നു ലഭിക്കുമോ?
- എന്നുടെ ദാരിദ്ര്യദോഷം ശമിക്കുമോ?
- നിന്നുടെ കാരുണ്യമുണ്ടായ് വരേണമേ!
- കുണ്ഡിനരാജാവിന്റെ പൂർവകഥ
- എന്നതു കേട്ടു പാഞ്ഞു ശാണ്ഡില്യനും:
- നന്നിതു നിന്നുടെ ചോദ്യങ്ങളൊക്കവേ;
- കുണ്ഡിനക്ഷ്മാപതി പൂർവ്വജന്മാന്തരേ
- പാണ്ഡ്യഭൂപാലനായ് ജാതനായീ ശുഭേ!
- ധീരൻ പ്രദോഷങ്ങൾ നോറ്റു തുടങ്ങിനാൻ
- ഗൌരീസഹായേന പൂജ ചെയ്യും വിധൌ
- പൌരഘോഷം കേട്ടു പൂജയും മുട്ടിച്ചു
- വൈരി സംക്ഷോഭണം ശങ്കിക്ക കാരണാൽ
- എന്തെന്തുവാനെന്നു ചിന്തിക്കുമന്തരേ
- മന്ത്രി വരുന്നതു കണ്ടു മഹീപതി
- സാമന്തമന്നനെ ബന്ധിച്ചുകൊണ്ടന്നു
- താമസം കൂടാതെ മന്ത്രി മഹാബലൻ
- തമ്പുരാനേ! മഹാദുഷ്ട നീ ഭൂപതി
- വമ്പിച്ച ശത്രുവെന്നങ്ങുണർത്തീടിനാൻ
- എങ്കിൽ കൊടുപ്പിനെന്നായീ നരേന്ദ്രനും
- ശങ്ക കൂടാതെ വധിച്ചിതു മന്ത്രിയും
- രുദ്രപൂജാന്തരേ ഹിംസിക്ക കാരണം
- ഭദ്രമല്ലാതെ മരിച്ചിതു മന്നവൻ
- പാണ്ഡ്യന്റെ പുത്രനും ശൈവപൂജാവിധൌ
- താണ്ഡ്യപ്രയോഗേന ഭംഗം വരുത്തിനാൻ.
- അച്ഛനും പിന്നെയപ്പുത്രനും വൈദർഭ-
- ഗേഹേ ജനിച്ചു മരിച്ചു രണാങ്കണേ.
- താതനും പുത്രനും ദാരിദ്ര്യവും വന്നു
- ചിത്രം വിചിത്രം ചരിത്രം ശരീരിണാം
- ഇക്കുമാരന്റെ ജനനി ജന്മാന്തരേ
- സൽക്കുലേ ജാതാ സപത്നിയെക്കൊന്നിതു
- വക്രതകാരണമിജ്ജന്മമിങ്ങനെ
- നക്രം പിടിച്ചു മരിച്ചിതു ശോഭനേ!
- ശൈവപ്രദോഷവ്രതം കൊണ്ടു കേവലം
- സർവപാപങ്ങളും നീങ്ങിസ്സുഖം വരും.
- സത്യം ബ്രവീമിതേ സാരം ബ്രവീമിതേ
- കൃത്യം ബ്രവീമിതേ തത്ത്വം ബ്രവീമിതേ
- ധർമ്മം ബ്രവീമിതേ ശർമ്മം ബ്രവീമിതേ
- മർമ്മം ബ്രവീമിതേ കർമ്മം ബ്രവീമിതേ
- ശങ്കരാരാധനം കൊണ്ടേ മനുഷ്യർക്കു
- സങ്കടം തീരൂ നിരൂപിച്ചു കൊൾക നീ.
- മുറ്റും പ്രദോഷോപവാസവ്രതത്തിനു
- മറ്റൊന്നുമില്ല സമാനമതോർക്ക നീ
- കൈലാസശൈലേ വസിച്ചരുളീടുന്ന
- കാലരിദേവൻ പ്രദോഷദയാനിധി
- ശൈലേന്ദ്രപുത്രീസമക്ഷം മഹാനൃത്ത-
- കോലാഹലം തുടങ്ങീടുന്നു സാദരം
- വാണീഭഗവതി വീണ വായിക്കുന്നു
- വാണീമണാളനും താളം പിടിക്കുന്നു
- വേണുപ്രയോഗത്തിനിന്ദ്രൻ വിശാരദൻ
- സ്ഥാണുപ്രിയാദേവി കണ്ടു രസിക്കയും
- ലക്ഷ്മീഭഗവതി ഗീതമോതീടുന്നു
- ലക്ഷ്മീസഹജൻ മൃദംഗപ്രയോഗവും
- നന്ദിയും ഭൃംഗിയും കൂടെക്കളിക്കുന്നു
- വന്ദിവൃന്ദാരകന്മാരും സ്തുതിക്കുന്നു
- ഉർവശീ മേനകാ രംഭതിലോത്തമാ
- സർവഗീർവാണികൾ കൂടവേ പാടുന്നു
- ഗന്ധർവകിന്നരന്മാരും നിരക്കവേ
- സന്ധ്യാഭ്രകണ്ഠനെസ്സേവിച്ചു നിൽക്കുന്നു
- സർവദേവാവലി സാന്നിദ്ധ്യമുണ്ടെന്നു
- സർവപ്രസിദ്ധം പ്രദോഷസന്ധ്യാവിധൌ
- സർവദേവപ്രദോഷാർത്ഥം പ്രദോഷേഷു
- ശർവനെത്തന്നെ ഭജിക്കേണമേവനും
- നിന്നുടെ പുത്രൻ കഴിഞ്ഞ ജന്മങ്ങളിൽ
- നന്നായ് പ്രതിഗ്രഹം വാങ്ങി നടക്കയാൽ
- ദാരിദ്ര്യമിപ്പോളനുഭവിക്കുന്നു കേൾ
- തീരും പ്രദോഷവ്രതം കൊണ്ടു കേവലം
- എന്നതു കേട്ടുടൻ വിപ്രപത്നീ മുദാ
- പിന്നെയും ചോദിച്ചു ഭൂദേവനോടുടൻ:-
- എങ്ങിനെ ചെയ്താൽ പ്രസാദിക്കുമീശ്വരൻ
- എങ്ങിനെ പൂജാപ്രകാരമെന്നുള്ളതും
- ശാണ്ഡില്യമാമുനിശ്രേഷ്ഠനരുൾ ചെയ്തു:-
- ചാണ്ഡീശപൂജാപ്രകാരം ഗ്രഹിക്ക നീ
- പക്ഷത്തിലീരണ്ടു ശൈവപ്രദോഷങ്ങൾ
- പക്ഷമില്ലേതുമേ രണ്ടുമത്യുത്തമം.
- കാലത്തുണർന്നു കുളിച്ചുവന്നാദരാൽ
- കാലോചിതം കർമ്മമെല്ലാം കഴിച്ചുടൻ
- രുദ്രാക്ഷഭസ്മാദി ചിഹ്നം ധരിച്ചുടൻ
- രുദ്രമുദ്രാങ്കിതമന്ത്രം ജപിക്കണം
- ശംഭോ! മഹാദേവ! ശങ്കര! ശ്രീകണ്ഠ!
- കുംഭീന്ദ്രചർമ്മാസ്ഥിസർപ്പേന്ദു ഭൂഷണ!
- ഗൌരീപതേ! വിഭോ! ഗംഗാധരാനന്ദ!
- മാരാന്തക! പ്രസീദേതി സ്തുതിക്കയും
- ശങ്കരക്ഷേത്രം പ്രദക്ഷിണം വയ്ക്കയും
- ‘കിങ്കരം പാഹിമാ’മെന്നു ജപിക്കയും
- അഭ്യംഗവർജ്ജനം താംബൂലവർജ്ജനം
- സഭ്യദ്വിജന്മാരിലെപ്പോഴും ഭക്തിയും
- മൌനവ്രതം ശിവദ്ധ്യാനം നിരന്തരം
- മാനിനിമാരുടെ സംസർഗ്ഗവർജ്ജനം
- ദുശ്ചിന്തകൂടാതെ ഭക്ത്യാ ജപിക്കയും
- നിശ്ചലത്വം പൂണ്ടൊരേടത്തിരിക്കയും
- ആഹാരചിന്തയും കൂടാതെ കണ്ടുടൻ
- ദേഹാത്മശുദ്ധ്യാ വസിക്കേണമാസ്ഥയാ.
- നിദ്രാപ്രസംഗവും കൂടാതെ നിർമ്മലം
- രുദ്രാക്ഷധാരീ ഹരധ്യാന തൽപരൻ
- അമ്പോടു സന്ധ്യയ്ക്കു മൂന്നര നാഴിക
- മുമ്പേ കുളിച്ചുടൻ ഭസ്മം ധരിക്കണം
- ഏറ്റം വെളുത്തുള്ള വെള്ളവസ്ത്രം കൊണ്ടു
- തറ്റുടുക്കെണം ദ്വിജന്മാർക്കു നിശ്ചയം
- ക്ഷത്രിയന്മാർക്കുമാ വൈശ്യജന്മാർക്കുമാ
- ധാത്രീസുരവ്രതപ്രായം നിജവ്രതം
- ക്ഷേത്രപ്രദക്ഷിണം നാമസങ്കീർത്തനം
- മാത്രം മഹാഫലം ശൂദ്രർക്കു കല്പിതം
- വിപ്രരിൽ ഭക്തിയും നേരും വിനയവും
- ക്ഷിപ്രം ശുഭപ്രദം ശൂദ്രജാതിക്കെടോ!
- വേദമന്ത്രോച്ചാരണാർച്ചനാലങ്കാര
- മോദകപൂപാന്നനൈവേദ്യമെന്നിവ
- വേദിയന്മാർക്കുള്ള പൂജാപ്രകാരങ്ങ-
- ളാദരാലാചരിക്കേണം ദ്വിജാദികൾ.
- അന്നദാനങ്ങളും വസ്ത്രദാനങ്ങളും
- പൊന്നും പണവും വെള്ളി രത്നദാനങ്ങളും
- ശക്തിക്കടുത്തതു ചെയ്യേണമേവനും
- ഭക്തി മാത്രം ദരിദ്രന്നു മഹാഫലം
- മണ്ണുകൊണ്ടർച്ചന ബിംബമുണ്ടാക്കുവാൻ
- ദണ്ഡമില്ലല്ലോ ദരിദ്രഭൂദേവനും
- വില്വപത്രാർച്ചനം വേണം വിശേഷിച്ചും
- നല്ല ഭക്തന്മാർക്കതത്രേ ഫലപ്രദം
- ദ്രവ്യനായുള്ള ശൂദ്രൻ ദ്വിജന്മാർക്കു
- ദ്രവ്യം കൊടുത്തു പൂജിപ്പിക്കയും ശുഭം
- വല്ല ജാതിക്കും പ്രദോഷവ്രതം കൊണ്ടു
- നല്ല സമ്പത്തുക്കളുണ്ടാം ദ്വിജാംഗനേ!
- സന്തതിക്കും യശസ്സിനും ധനത്തിനും
- സന്തതം ശോഭനം പ്രാദോഷികവ്രതം
- ശങ്കരദ്ധ്യാനപ്രകാരം ഗ്രഹിക്ക നീ
- തിങ്കൾക്കലാഞ്ചിതം കോടീരബന്ധനം
- ഗംഗാഭുജംഗവും നെറ്റിത്തടം തന്നി-
- ലംഗജാത്മാവിനെ ചുട്ടോരു നേത്രവും
- അർക്കചന്ദ്രന്മാരിരിപ്പിടമാക്കിയ
- തൃക്കണ്ണു രണ്ടും തിരുനാസികാഭയും
- സ്വർണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം
- കർണ്ണദ്വയം ചാരു ഗണ്ഡഭാഗങ്ങളും
- ബിംബാധരോഷ്ഠവും ദന്തരത്നങ്ങളും
- ബിംബോക ലീലാവലോകസ്മിതങ്ങളും
- ആനനാംഭോജവും കാളകൂടപ്രഭാ
- മാനനീയോജ്ജ്വലം കണ്ഠപ്രദേശവും
- വക്ഷസ്ഥലോജ്ജ്വലം സർപ്പഹാരം ലോക
- രക്ഷാപരങ്ങളും നാലു തൃക്കൈകളും
- മാനും മഴുവും വരദാഭയങ്ങളും
- ധ്യാനിക്കിലാനന്ദമേകും സനാതനം
- ആലിലയ്ക്കൊത്തോരുദരപ്രകാശവും
- ചാലവേ രോമാളി കാളികാ ഭംഗിയും
- ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
- തുംഗം കടീതടം ഭോഗികാഞ്ചീശതം
- ഊരുദ്വയം ചാരു ജാനുയുഗങ്ങളും
- ചേരും കണകാലടിത്താർ വിലാസവും
- ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
- ലോപം വരാതെ മനസ്സിലോർത്തീടണം.
- കേശാദിപാദവും പാദാദികേശവും
- ഈശാനുരൂപം നിരൂപണം ചെയ്തുടൻ
- അർച്ചനം തർപ്പണം നാമസങ്കീർത്തനം
- സച്ചിദാനന്ദസ്വരൂപസംഭാവനം
- നൃത്തം പ്രദക്ഷിണം സൽക്കഥാവർണ്ണനം
- ഭക്തിപൂർവ്വം ചെയ്തുകൊള്ളുന്നവൻ ശിവൻ
- സാലോക്യമെങ്കിലും സാമീപ്യമെങ്കിലും
- ത്രൈലോക്യനാഥന്റെ സാരൂപ്യമെങ്കിലും
- സായൂജ്യമെങ്കിലും മർത്ത്യൻ നിരൂപിച്ച-
- തായുരാന്തേ ലഭിച്ചീടുമറികനീ.
- പാർവതീദേവിയെക്കൂടെസ്മരിക്കണം
- സർവകാലം മഹാദേവന്റെ സന്നിധൌ
- ദന്തിവദനനും താരകാരാതിയും
- അന്തികേ മേവുന്ന ദേവവൃന്ദങ്ങളും
- ഭൂതഗണങ്ങളും പോറ്റി തൻ കൂറ്റനും
- ചെതസി വന്നു വിളങ്ങേണമെപ്പോഴും
- സന്തതിസൌഖ്യം വരുത്തേണമീശ്വരാ!
- സന്താപമൊക്കെയൊഴിക്കേണമീശ്വര!
- ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!
- ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ!
- അർത്ഥസമ്പത്തു വരുത്തേണമീശ്വര!
- വ്യർത്ഥദുശ്ചിന്ത ശമിക്കണമീശ്വര!
- കീർത്തികല്യാണം വരുത്തേണമീശ്വര!
- മൂർത്തിസൌന്ദര്യം ലഭിക്കേണമീശ്വര!
- ആർത്തിക്ഷയം വരുത്തേണമെന്നീശ്വര!
- പൂർത്തികളെല്ലാം വരുത്തേണമീശ്വര!
- ഇത്ഥം നിജാഗ്രഹം പ്രാർത്ഥിച്ചു കൊണ്ടുടൻ
- കൃത്തിവാസസ്സിനെസ്സേവചെയ്താൽ ശുഭം.
- ഭദ്രനിവേദ്യങ്ങളുണ്ടാക്കി മെല്ലവേ
- ഭദ്രദീപങ്ങളും വച്ചു നിരക്കവേ
- രുദ്രപൂജാവ്രതം ധൂപദീപങ്ങളും
- ഭദ്രസമ്പൽക്കരമെന്നു ധരിക്ക നീ
- അപ്പം മലരവിൽ നാളികേരം ഗുളം
- പാല്പായസം നല്ല ശർക്കരപ്പായസം
- പാലിളന്നീരും പഴങ്ങളും മോദകം
- കാലാരിപൂജയ്ക്കു വേണ്ടുന്നതൊക്കവേ
- ആകുലം കൂടാതെ പൂജിച്ചു വിപ്രരെ
- കാൽ കഴുകിച്ചു ഭുജിപ്പിച്ചു മൃഷ്ടമായ്
- വസ്ത്രാദിസർവം യഥാശക്തി ദക്ഷിണാ
- തത്രാപി ഭക്തിക്കുതക്കവണ്ണം ഫലം
- സായന്തനം കഴിഞ്ഞാരാധനം കഴി-
- ഞ്ഞായവണ്ണം ദ്വിജപ്രീതിയും ചെയ്തുടൻ
- താംബൂലദാനവും ചെയ്തു യഥാവിധി
- തൻ മൂലമായുള്ള ദോഷങ്ങൾ നീങ്ങുവാൻ
- മാരാരിയെ പ്രണമിച്ചു പതുക്കവേ
- പാരണ ചെയ്തുകൊള്ളേണം പ്രദോഷവാൻ
- തേജസ്സുമായുസ്സുമോജസ്സുമർത്ഥവും
- രാജത്വമാരോഗ്യഭോഗസൌഖ്യങ്ങളും
- സംഭവിച്ചീടും പ്രദോഷോപവാസേന
- ശംഭുപ്രസാദേന സർവദാ ദേഹിനാം
- ബ്രഹ്മഹത്യാദിയായുള്ള പാപങ്ങളും
- ബ്രഹ്മസ്വദേവസ്വമോഷണദോഷവും
- ശങ്കരദ്രവ്യാപഹാരേണ ജാതമാം
- സങ്കടം കൂടെശ്ശമിക്കും ശിവാർച്ചനാൽ
- എന്നതു കേട്ടു കൃതാർത്ഥയാം ബ്രാഹ്മണി
- വന്ദനം ചെയ്തു പറഞ്ഞിതു പിന്നെയും:-
- നമ്മുടെ പുത്രൻ ശുചിവ്രതൻ ബ്രാഹ്മണൻ
- ധർമ്മഗുപ്താഖ്യനാം ക്ഷത്രിയപുത്രനും
- രണ്ടുപേർക്കും പ്രദോഷോപവാസവ്രതം
- കൊണ്ടു ദാരിദ്ര്യം ശമിക്കുമെന്നാകിൽ നീ
- സാരമാം മന്ത്രം ഗ്രഹിപ്പിച്ചു നമ്മുടെ
- ദാരകന്മാർക്കും ശുഭം വരുത്തീടുക
- ശാണ്ഡില്യനപ്പോളരുൾ ചെയ്തു മെല്ലവേ:-
- ഉണ്ണീ! വരിക ശുചിവ്രത! സുന്ദര!
- നീയും വരികെടോ! ധർമ്മഗുപ്ത! നൃപ
- ചെയ്യുന്നതെല്ലാം ശിവപ്രീതിയായ് വരും
- മന്ത്രം ഗ്രഹിച്ചുകൊണ്ടാലുമിരുവരും
- മന്ത്രങ്ങളും നിയമങ്ങളും നിഷ്ഠയും
- എന്നരുൾ ചെയ്തു ശിശുക്കളെക്കൈപിടി-
- ച്ചൊന്നു പുണർന്നരികത്തിരുത്തീടിനാൻ
- സാരമന്ത്രങ്ങളും പൂജാക്രമങ്ങളും
- പാരാതുപദേശവും ചെയ്തു മാമുനി
- ബുദ്ധിമാന്മാരായ ബാലകന്മാരുടൻ
- സിദ്ധമന്ത്രത്തെ ഗ്രഹിച്ചുകൊണ്ടാദരാൽ
- മാതാവിനോടൊരുമിച്ചു ഗൃഹം പുക്കു
- ചേതോജവൈരിയെസ്സേവ്വതുടങ്ങിനാർ.
- മന്ദവാരേ കൃഷ്ണപക്ഷേ ത്രയോദശി
- വന്നുകൂടും ദിനേ നോറ്റുതുടങ്ങിനാർ.
- വിപ്രോക്തമായുള്ള കർമ്മം പിഴയാതെ
- വിപ്രകുമാരനും ക്ഷത്രിയപുത്രനും
- കൃത്യം തുടങ്ങിനാരീശ്വരപ്രീതിയായ്
- നിത്യശുദ്ധന്മാരുദാരപ്രകൃഠികൾ.
- നീലകണ്ഠാർച്ചന ചെയ്യും ശിശുക്കൾക്കു
- നാലുമാസം കഴിഞ്ഞോരു ദശാന്തരേ
- ബ്രാഹ്മണിപുത്രനാം ബാലൻ ശുചിവ്രതൻ
- ബ്രാഹ്മേ മുഹൂർത്തേ ഉണർന്നെഴുന്നേറ്റുടൻ
- താനേ പുറപ്പെട്ടു ചെന്നു നദീജലേ
- സ്നാനവും ചെയ്തു ജപിച്ചു നിൽക്കും വിധൌ
- കല്ലോലജാലങ്ങൾ തല്ലിപ്പിളർന്നുടൻ
- കല്ലോലിനീതടം വീഴുന്ന വെള്ളത്തിൽ
- പെട്ടെന്നു കണ്ടുതുടങ്ങി വലിയൊരു
- കുട്ടകം മെല്ലെയുരുണ്ടുവരുന്നതും;
- ഈശ്വരാനുഗ്രഹമെന്നങ്ങുറച്ചിതു
- വിശ്വാസമുൾക്കൊണ്ടണഞ്ഞു ശുചിവ്രതൻ
- എത്തിപ്പിടിച്ചു ശിരസ്സിലാക്കിക്കൊണ്ടു
- പോറ്റിയെദ്ധ്യാനിച്ചു കൊണ്ടുപോന്നീടിനാൻ
- വീർത്തും വിയർത്തും തളർന്നും പണിപ്പെട്ടു
- ചീർത്തോരു കുട്ടകം കൊണ്ടു ഗൃഹം പുക്കു
- മാതാവിനോടു വിളിച്ചുപറഞ്ഞിതു:-
- ചൂതായുധാരി പ്രസാദങ്ങൾ കാൺക നീ:
- നിക്ഷേപകുംഭം മണിസ്വർണ്ണപൂരിതം
- ദക്ഷാരികാരുണ്യമെത്രയും വിസ്മയം!
- ചിത്രം പ്രദോഷമാഹാത്മ്യമെന്നമ്മയും
- തത്ര വിളിച്ചിതു ധർമ്മഗുപ്തം മുദാ:-
- കെല്പോടു മക്കളേ! നിങ്ങളിദ്രവ്യത്തി-
- ലൊപ്പം വിഭജിച്ചെടുത്തുകൊൾവിൻ മുദാ.
- ഗൌരീസഹായൻ പ്രസാദിക്ക കാരണം
- ദാരിദ്ര്യദുഃഖം ശമിച്ചു നിങ്ങൾക്കഹോ.
- ഉച്ചയ്ക്കുമന്തിക്കുമോരോഗൃഹം പുക്കു
- ഭിക്ഷയ്ക്കു തേടിനടന്നു നടന്നഹോ
- എത്രനാളുണ്ടെന്റെ മക്കൾ ദുഃഖിക്കുന്നു
- ഇത്രകാലം ദുഃഖമെന്നുണ്ടു കല്പിതം
- ദുഷ്ക്കാലമൊക്കവേ നീങ്ങി നമുക്കിന്നു
- ശുഷ്ക്കാന്തിയോടേ ശിവാർച്ചനം ചെയ്കയാൽ
- ഇത്തരം മാതൃവാക്യങ്ങളെക്കേട്ടുനി-
- ന്നുത്തരം രാജകുമാരനും ചൊല്ലിനാൻ:-
- രണ്ടായ് പകുക്കുന്നതെന്തിനെന്നംബികേ!
- രണ്ടെന്ന ഭാവമില്ലെന്നുടെ മാനസേ.
- നിന്തിരുപ്പാദശുശ്രൂഷയല്ലാതൊരു
- ചിന്തിതമില്ല ഞങ്ങൾക്കെന്നറികനീ.
- ശൈവാർച്ചനം ഞങ്ങൾ രണ്ടുപേർക്കും സമം
- ദൈവവിശ്വാസവും തുല്യമെന്നോർക്ക നീ.
- ഏകനിൽ കാരുണ്യമന്യനിൽ ദ്വേഷവും
- ലോകനാഥങ്കൽ ഭവിക്കുമോ ശോഭനേ!
- ജാതിക്രമത്തിനടുത്തപോലെ ശിവൻ
- പ്രീതിക്രമം കാട്ടുമെന്നേവരൂ ദൃഢം.
- എന്നെക്കുറിച്ചും പ്രസാദിക്കുമീശ്വരൻ
- എന്നാലെനിക്കും ശമിക്കും ദരിദ്രതാ.
- ആറേഴുമാസം കഴിയാതിതുകൊണ്ടു
- വേറായ് പകുക്കരുതെന്നെന്റെ മാനസം
- കിഞ്ചിൽ ക്ഷമിച്ചാലു, മെന്നുര ചെയ്തവൻ
- ചഞ്ചലം വിട്ടു തപം തുടങ്ങീടിനാൻ.
- ലോകനാഥാർച്ചനം ചെയ്തങ്ങിരുവരും
- ഏകസംവത്സരം യാചനം ചെയ്തുടൻ
- ഏകദാ ചെന്നു വനപ്രദേശങ്ങളി-
- ലേക്കാന്തമോദം നടന്നുതുടങ്ങിനാർ.
- വന്നു വസന്തം, വിളങ്ങി വനങ്ങളും
- മന്ദവാതങ്ങളും വന്നിതു ശീതളം
- പൂങ്കുയിൽക്കൂട്ടവും തേന്മാവുതന്നുടെ
- പൂങ്കുരൽ തോറും പറന്നു നടന്നിതു
- നല്ല കുരുക്കുത്തിമുല്ലക്കുസുമങ്ങ-
- ളുല്ലസിച്ചീടുന്ന വല്ലീഗൃഹങ്ങളും
- ഫുല്ലാരവിന്ദങ്ങളെല്ലാം സരസ്സിലെ-
- ക്കല്ലോലമാരുതത്തല്ലാൽ വിറച്ചിതു;
- വണ്ടു വിരണ്ടു മുരണ്ടു മധുരമാ-
- യുണ്ടു മധുരസം തെണ്ടി നടക്കുന്നു
- പേടമാൻ കൂട്ടം നടക്കുന്നദിക്കിനെ-
- ത്തേടി പുറപ്പെട്ടു കൃഷ്ണസാരങ്ങളും
- ആനത്തലവനുമാനന്ദമുൾക്കൊണ്ടു
- താനേ പിടിക്കൂട്ടമെത്തിപ്പിടിച്ചിതു
- ചെമ്പകബാണപ്രതാപം മുഴുക്കയാ-
- ലിമ്പം കലർന്നു പകർന്നു വനാന്തരം
- ഭൂദേവപുത്രനും ഭാപാലപുത്രനും
- മോദേന കാനനേ കേളിയാടും വിധൌ
- കാണുമാറായ് വന്നു ഗന്ധർവകന്യമാർ
- വീണയും വായിച്ചു മേവുന്നതന്തികേ.
- കണ്ടാലഴകുള്ള തണ്ടാർമിഴികളെ-
- ക്കണ്ടു കുതൂഹലം പൂണ്ടു നൃപാത്മജൻ
- സുപ്രസാദസ്മിതത്തോടെ പതുക്കവേ
- വിപ്രകുമാരനെ നോക്കിപ്പറഞ്ഞിതു:-
- കണ്ടാലുമഗ്രേ കളിപ്പൂമരക്കാവി-
- ലുണ്ടൊരു കൂട്ടം രമിക്കുന്നു നാരിമാർ
- കണ്ടാൽ മനോഹരം കണ്ണിനൊരാനന്ദ-
- മുണ്ടാക്കുമാകാരചാരുസൌന്ദര്യവും;
- പോകെടോ! മെല്ലെ ശുചിവ്രത! നാം ചെന്നു
- സ്ത്രീകളെക്കണ്ടറിഞ്ഞിട്ടു പോന്നീടുക.
- എന്നതു കേട്ടു പറഞ്ഞു ശുചിവ്രതൻ:-
- നിന്നുടെ മോഹം തരമല്ലെടോ സഖേ!
- സ്ത്രീസന്നിധാനം ത്യജിക്കേണമേവനും
- സ്ത്രീസംഗമം ബ്രഹ്മചാരിക്കു യോഗ്യമോ?
- ഏണാക്ഷിമാരുടെ ഹാസഭാവങ്ങളെ-
- ക്കാണാതിരിക്ക നമുക്കു നല്ലൂ സഖേ!
- കണ്ടാൽ മനക്കാമ്പിളക്കും തരുണിമാ-
- രുണ്ടാമനർത്ഥം സമർത്ഥനെന്നാകിലും
- ധീരനെന്നാകിലും ബുദ്ധിമാനാകിലും
- വീരനെന്നാകിലും വിദ്വാനതാകിലും
- നാരിമാർ തൻ മുമ്പിലെത്തീടിനാലുടൻ
- പാരം പരാധീനനാമെന്നറിക നീ.
- പുഞ്ചിരിക്കൊഞ്ചലും കണ്മയക്കങ്ങളും
- നെഞ്ചിൽ തറച്ചാലൊഴിച്ചുക്കൊൾവാൻ പണി.
- ചില്ലീവിലാസവും നല്ലോരുഹാസവും
- സല്ലാപസൌജന്യകല്യാണലീലയും
- എല്ലാം നിരൂപിച്ചു മല്ലാക്ഷിമാരുടെ
- വല്ലാത്ത കണ്മുനത്തല്ലാൽ വശം കെടും.
- മല്ലീശരൻ തച്ചുകൊല്ലുന്നതിൻ മുമ്പെ
- വല്ലേടവും പോക നല്ലൂ നമുക്കെടോ!
- കണ്ടങ്ങിരിക്കെപ്പിടിച്ചുപറിക്കുന്ന
- വണ്ടാർകുഴലിമാരോടു കളിക്കൊലാ.
- സ്നേഹിച്ചു കാൽക്കൽ പതിക്കുന്ന മർത്ത്യനെ
- സ്നേഹമില്ലാതുള്ള കൂട്ടമീ നാരിമാർ.
- ദ്രവ്യത്തിലാഗ്രഹം കൊണ്ടു തരുണിമാർ
- ഭവ്യനെക്കണ്ടാൽ വശത്താക്കുമപ്പൊഴേ;
- വിത്തം പതുക്കെക്കരസ്ഥമാക്കിക്കൊണ്ടു
- സത്വരം പിന്നെ ത്യജിക്കുമെന്നോർക്ക നീ.
- രണ്ടു പണം കയ്യിലുള്ള പുരുഷനെ-
- ക്കണ്ടാലയയ്ക്കയില്ലിന്ദീവരാക്ഷിമാർ.
- ലോകൈകസുന്ദര! നിന്നെത്തരുണിമാ-
- രാകവേകൂടിസ്സുഖഭ്രാന്തികാരണാൽ
- മന്ദസ്മിതാലാപഹാലാഹലം കൊണ്ടു
- മന്ദപ്രകാശനാക്കീടും ധരിക്ക നീ.
- ശങ്കരാരാധനതിങ്കലേ നിഷ്ഠയും
- മങ്കമാരാശു മുടക്കും മടിക്കുമോ
- എങ്ങിനെ നമ്മുടെ വാസമെന്നുള്ളതും
- എങ്ങിനെ നാം വളർത്തീടുന്നതെന്നതും
- ഓരാതെ പാരാതെ തീരാദുഃഖങ്ങ-
- ളാരാഞ്ഞു പാഞ്ഞുപോകൊല്ല കുമാരക!
- ശക്തിയും കാന്തിയും ശ്രീയും ജഗന്നാഥ-
- ഭക്തിയും ശുദ്ധിപ്രകാശവുമെന്നല്ല
- നല്ല തപസ്സും യശസ്സും നശിച്ചുപോം
- നല്ലാർമണിയോടു ചേർന്നു കൂടീടിനാൽ.
- പിമ്പുറം വാങ്ങി ഗമിക്ക നാമിന്നെടോ!
- കിം ഫലം സ്ത്രീകളെക്കണ്ടാൽ വരും സഖേ!
- ഇത്ഥം ശുചിവ്രതാലാപങ്ങൾ ബാലന്റെ
- ചിത്തത്തിലേതും കടന്നീല കേവലം.
- മെല്ലെത്തിരിച്ചു പരസ്ത്രീകൾ നിൽക്കുന്ന
- വല്ലീഗൃഹം നോക്കി നോക്കി ക്ഷിതീശ്വരൻ
- ദൂരത്തു വാങ്ങി വസിച്ചു ശുചിവ്രതൻ
- ധീരർക്കും പുല്ലും തരുണിമാരും സമം.
- ഗന്ധർവരാജൻ ദ്രമിളന്റെ പുത്രിയാം
- ഗന്ധർവകന്യകാ സർവാംഗസുന്ദരി
- അംശുമതിയെന്നു പേരാം സുലോചന
- സംശയം പൂണ്ടു വിചാരിച്ചു ചേതസാ.
- ആശ്ചര്യമാശ്ചര്യമാരിവൻ ദൈവമേ!
- നിശ്ചലാകാരസൌന്ദര്യമനോഹരൻ
- അശ്വിനിദേവനോ? കാമനോ? സോമനോ?
- വിശൈകരമ്യൻ നളക്ഷോണീപാലനോ?
- നേത്രസാഫല്യം ലഭിച്ചു നമുക്കിന്നു
- നേത്രാമൃതാകാരസാരനെക്കാൺകയാൽ
- ഏവം വിചാരിച്ചനംഗാനുസിദ്ധമാം
- ഭാവം മറച്ചു പറഞ്ഞു പതുക്കവേ:-
- തോഴിമാരേ! നിങ്ങളുദ്യാനഭൂമിയിൽ
- താഴത്തുവീഴുന്ന പുഷ്പം ത്യജിക്കെടോ!
- ദക്ഷിണഭാഗേ വിളങ്ങുന്ന പൂങ്കാവി-
- ലീക്ഷണം ചെയ്താലുമെത്ര മനോഹരം!
- കൊമ്പുകൾ താണുള്ള കുന്ദമന്ദാരവും
- ചെമ്പകാശോകവും ജാതിചൂതങ്ങളും
- മുല്ലചേമന്തിയും നല്ല പുന്നാഗവും
- നല്ലാർമണികളേ! ചെന്നിറുത്തീടുവിൻ
- സഞ്ചാരഖേദം കുറഞ്ഞാലനന്തരം
- അഞ്ചാതെ ഞാനും വരുന്നുണ്ടു മെല്ലവേ.
- രാജകുമാരനെക്കണ്ടു കാമിക്കയാൽ
- വ്യാജം പറഞ്ഞാളിമാരെപ്പിരിച്ചവൾ
- നാലഞ്ചു കാലടി മുന്നോട്ടു ചെന്നവൾ
- ബാലഭൂപാലനെസ്സൽക്കരിച്ചീടിനാൾ
- പല്ലവം പൊട്ടിച്ചിരിപ്പാൻ കൊടുത്തുകൊ-
- ണ്ടുല്ലാസമന്ദസ്മിതം ചെയ്തു ചൊല്ലിനാൾ;
- ധീരാതിഗംഭീര ചാരുമൂർത്തേ! ഭവാ-
- നാരെന്നറിഞ്ഞു പൂജിക്കേണ്ടൂ ഞാനെടോ!
- ഏതൊരു വംശമലങ്കരിക്കുന്നു നീ
- താതമാതാക്കളാരെന്നു പറകെടോ!
- നിന്നുടെ ദർശനം കൊണ്ടു മേ മാനസേ
- ഉന്നതാനന്ദസന്ദോഹം ഭവിച്ചിതു
- എന്നുടെ വാർത്ത ഞാൻ മുന്നമേ ചൊല്ലുവൻ
- പിന്നെ നീ നിന്നുടെ വാർത്ത ചൊല്ലീടെടോ!
- അംശുമതിയെന്നെനിക്കു നാമം സഖേ!
- വംശവും ഗന്ധർവവംശമറിക നീ
- ഗന്ധർവരാജൻ ദ്രമിളാഖ്യനുത്തമൻ
- സിന്ധുഗംഭീരൻ മദീയതാതൻ ശുഭൻ.
- സർവസംഗീതവിദ്യാഗുണംകൊണ്ടു ഞാൻ
- ഗീർവ്വാണിമാരെജ്ജയിക്കുന്നു സർവദാ.
- ഗന്ധർവഭേദാദി സർവം ഗ്രഹിച്ചൊരു
- ഗന്ധർവകന്യ ഞാനന്യാതിശായിനി
- വീരാചൂഡാമണേ! നിന്മേനി കാൺകയാൽ
- പാരം കുതൂഹലം പൂണ്ടു നിന്നീടിനേൻ.
- കേളിസല്ലാപസാരസ്യകാംക്ഷാവശാൽ
- ആളിമാരെപ്പിരിച്ചാശു വന്നീടിനേൻ.
- എന്നതു കേട്ടുര ചെയ്തു നൃപാത്മജൻ:-
- സുന്ദരീരത്നമേ! കേട്ടാലുമാദരാൽ;
- സത്യം ഗ്രഹിക്ക നീ, വൈദർഭരാജനാം
- സത്യരഥന്റെ സുതൻ ഞാൻ സുലോചനേ!
- താതനെപ്പോരിൽ കൊല ചെയ്തു വൈരികൾ
- മാതാവു കാനനം പുക്കിതു ഗർഭിണി
- അക്കാലമെന്നെ പ്രസവിച്ചനന്തരം
- നക്രം പിടിച്ചു സുരാലയം പുക്കുപോൽ.
- വിപ്രാംഗനയാശു വന്നെടുത്താദരാ-
- ലിപ്രകാരം വളർത്തീടിനാരെന്നെയും
- മൽ പുത്ര ഭാവേന തത്ര മേവീടുന്നു
- മൽപരിമാർത്ഥമിവണ്ണം മനോഹരേ!
- അപ്പോളുരചെയ്തു ഗന്ധർവകന്യക:-
- മൽപുരുഷോത്തമ! കേൾക്കയെൻ വാക്കു നീ.
- കാന്താരമണ്ഡലേ കണ്ടൊരുനേരത്തു
- നാം തമ്മിലുണ്ടായ വിശ്വാസമിങ്ങിനെ
- ആജീവനാന്തം മറക്കാതിരിക്കണം.
- രാജീവലോചന! നിൻ പ്രാണനാഥ ഞാൻ
- ഇത്ഥം പറഞ്ഞു കുറഞ്ഞൊരു ലജ്ജയാ
- വക്ത്രവും താഴ്ത്തിക്കുനിഞ്ഞു നിന്നീടിനാൾ.
- ഉത്തുംഗവക്ഷോജമദ്ധ്യേ വിളങ്ങുന്ന
- മുത്തുമാലാഗണമെല്ലാമഴിച്ചവൾ
- ധർമ്മഗുപ്തന്റെ കരത്തിൽ കൊടുത്തുടൻ
- കണ്മുനത്തെല്ലുകൊണ്ടെയ്തു നിന്നീടിനാൾ.
- മാരബാണം വന്നു മാറിൽത്തറയ്ക്കയാൽ
- പാരം തളർന്നൊരു രാജകുമാരനും
- ഹാരം കരം കൊണ്ടു മേടിച്ചു സാദരം
- സാരംഗനേത്രയോടേവം പറഞ്ഞിതു:-
- വിത്തവും രാജ്യവും ബന്ധുക്കളും വെടി-
- ഞ്ഞത്യന്തദാരിദ്ര്യഭാജനം ഞാനെടോ!
- ഉത്തമസ്ത്രീമണേ! നിന്നോടു ചേരുവാൻ
- പാത്രമായീടുമോ? ചിന്തിച്ചു ചൊൽക നീ
- നിന്നുടെ ബന്ധുക്കളാരും ഗ്രഹിക്കാതെ
- നിന്നുടെ പാണിഗ്രഹം മമ യോഗ്യമോ?
- എന്നുള്ള ഭൂപാലവാക്യമേവം കേട്ടു
- മന്ദസ്മിതം പൂണ്ടു ചൊന്നാൾ കൃശോദരി:-
- ഉണ്ടാമുപായം ക്ഷമിക്ക നീ സുന്ദര!
- തണ്ടാർശരോപമ! മറ്റാൾ വരിക നീ.
- വിപ്രകുമാരനോടൊന്നിച്ചു മറ്റേന്നാ-
- ളിപ്രദേശത്തെ പ്രഭാതേ ഭജിക്ക നീ.
- എന്നുരചെയ്തു സഖികളോടൊന്നിച്ചു
- മന്ദം ഗമിച്ചിതു ഗന്ധർവകന്യക
- ധർമ്മഗുപ്തൻ മുദാ കന്യകാദർശനാൽ
- ജന്മസാഫല്യമെന്നോർത്തു പതുക്കവേ
- വിപ്രകുമാരനെ പ്രാപിച്ചു കൌതുകാ-
- ലിപ്രസംഗങ്ങളെക്കേൾപ്പിച്ചനന്തരം
- ഗേഹം പ്രവേശിച്ചു മാതാവിനെത്തൊഴു-
- താഹാരവും കഴിച്ചത്ര മേവീടിനാൻ.
- ഗന്ധർവകന്യകതാനും സഖികളും
- ഗന്ധർവരാജനെച്ചെന്നു വണങ്ങിനാർ
- വൃത്താന്തമെല്ലാം പറഞ്ഞുകേട്ടപ്പൊഴേ
- ചിത്തം തെളിഞ്ഞിതു ഗന്ധർവരാജനും
- മുന്നം പറഞ്ഞു പിരിഞ്ഞോരവസരേ
- വന്നിതു ഗന്ധർവരാജനും പുത്രിയും
- ഗന്ധർവവൃന്ദവും നാരീജനങ്ങളും
- ബന്ധുഭൃത്യന്മാരുമത്ര വന്നീടിനാർ
- രാജകുമാരൻ ജനനിയോടിക്കഥ
- വ്യാജഹീനം പറഞ്ഞാശ്വസിപ്പിച്ചുടൻ
- വിപ്രകുമാരനോടൊന്നിച്ചു സത്വരം
- തത്പ്രദേശത്തെ പ്രവേശിച്ചതദ്ദിനേ
- കാണായിതന്നേരമത്യന്തവിസ്മയം
- വീണാധരേന്ദ്രന്റെ യോഗം മനോഹരം
- ഏണാക്ഷിമാരുടെ വൃന്ദവും തന്നുടെ
- പ്രാണങ്ങളാകുന്ന ഗന്ധർവകന്യയും
- ഏണാങ്കബിംബപ്രകാശം കണക്കിനെ
- ചേണാർന്ന ദിവ്യതേജസ്സിന്റെ മഹത്വവും
- ആലവട്ടങ്ങളുമാതപത്രങ്ങളും
- ബാലവ്യജനവും രത്നദീപങ്ങളും
- പാരിജാതദ്രുമം കൊമ്പുകളിൽ നിന്നു
- കോരിച്ചൊരിയുന്ന ദിവ്യപുഷ്പങ്ങളും
- ആന തേർ കാലാൾ കുതിരപ്പടകളും
- കാനനന്തന്നിൽ വിളങ്ങുന്നതദ്ദിനേ
- സന്തുഷ്ടചിത്തനാം ധർമ്മഗുപ്തൻ ചെന്നു
- ഗന്ധർവരാജനെത്താണുവണങ്ങിനാൻ.
- പാണി രണ്ടും പിടിച്ചാലിംഗനം ചെയ്തു
- വീണാധരേന്ദ്രൻ പറഞ്ഞുതുടങ്ങിനാൻ.
- രാജേന്ദ്രനന്ദന1 കേട്ടാലുമത്ഭുതം
- രാജരാജാചലവാസി മഹേശ്വരൻ
- നിന്നെക്കുറിച്ചു നിതാന്തം പ്രസാദിച്ചു
- നിന്നുടെ ഭക്തിവിശ്വാസങ്ങൾ കാൺകയാൽ
- ഇന്നലെ സന്ധ്യയ്ക്കു ചെന്നു ഞാൻ കൈലാസ-
- മന്ദിരേ മേവുന്ന ദേവനെക്കാണുവാൻ
- വന്ദനം ചെയ്തു നിൽക്കുന്നേരമെന്നോടു
- ചന്ദ്രാർദ്ധശേഖരൻ മന്ദമരുൾ ചെയ്തു
- ഗന്ധർവരാജൻ ദ്രമിള! ധരിക്ക നീ.
- ബന്ധുത്വമൊന്നുണ്ടു കേൾക്ക ഭവാനെടോ!
- ധർമ്മഗുപ്താഖ്യനാം ഭൂപാലബാലകൻ
- ധർമ്മാനുകൂലം പ്രദോഷവ്രതം കൊണ്ടു
- നമ്മേബ്ഭജിക്കുന്നു ശാണ്ഡില്യശാസനാൽ
- നന്മയ്ക്കു വാഞ്ഛയാ ചാരുധീരാകൃതി
- കുണ്ഡിനാഗാരവും നാടും നഗരവും
- ചാണ്ഡസാല്വന്മാർ പിടിച്ചടക്കീടിനാർ.
- താതനും വെട്ടിമരിച്ചിതു സംഗരേ
- മാതാവിനും വനേ നാശം ഭവിച്ചിതു
- വിപ്രാംഗനാഗൃഹേ മേവുന്ന ബാലകൻ
- വിപ്രകുമാരനും മത്ഭക്തിശാലികൾ
- വിപ്രകുമാരന്റെ ദാരിദ്ര്യസങ്കടം
- ക്ഷിപ്രം കളഞ്ഞു കൃതാർത്ഥത നൽകിനേൻ
- ധർമ്മഗുപ്തനു കൊടുക്കേണമിന്നു നീ
- നിന്മകളായുള്ള ഗന്ധർവകന്യയെ;
- ശത്രുക്കളേ വെന്നു നാടും നഗരവും
- ക്ഷത്രിയപുത്രന്നു നൽകീടണം ഭവാൻ
- തൽപിതാക്കന്മാരശേഷം കൃതാർത്ഥരായ്
- മൽപാർശ്വഭാഗേ വസിക്കുന്നു സാമ്പ്രതം
- എന്നരുൾ ചെയ്തു ജഗന്നായകൻ ശിവൻ
- എന്നതുകൊണ്ടു തരുന്നു ഞാൻ പുത്രിയെ
- പുത്ര! പരിഗ്രഹിച്ചാലും മടിയാതെ
- പുത്രീ! വരിക നീ ഭർത്താവിവൻ തവ
- ക്ഷോണിപതികൾക്കു ഗാന്ധർവമായുള്ള
- പാണിഗ്രഹം യോഗ്യമെന്നുണ്ടു ശാസ്ത്രവും
- ഗന്ധർവകന്യയെ സ്വീകരിച്ചീടുവാൻ
- ഗാന്ധർവമല്ലാതെ മറ്റെന്തുചെയ്‌വതും?
- ഇത്ഥം പറഞ്ഞു തനൂജയെ നൽകിനാൻ
- എത്രയും മോദേന ഗന്ധർവപുംഗവൻ
- പിന്നെപ്പറഞ്ഞിതു: പുത്ര! നൃപാത്മജ!
- നിന്നുടെ വൈരിയെക്കൊല്ലുന്നതുണ്ടു ഞാൻ
- വൈദർഭരാജ്യാധിപത്യം ലഭിച്ചു നീ
- മോദേന കാന്തയാസാകം വസിക്കെടോ!
- ധാത്രീപതേ! പതിനായിരം വത്സരം
- ധാത്രീശനായിസ്സുഖിച്ചു വസിക്ക നീ.
- പിന്നെ ശ്ശിവാന്തികേ നീയും ഗൃഹണിയും
- തന്നുടെ ഗാത്രേണ വാണുകൊൾവിൻ സുഖം
- വിപ്ര! ശുചിവ്രത! നീയും യഥാസുഖം
- വിപ്രാധിപത്യം ലഭിച്ചു വാണീടുക
- വൈദർഭരാജനോടൊന്നിച്ചു പിന്നെയും
- വേദസ്വരൂപിതൻ പാർശ്വേ വസിക്ക നീ
- എന്നും പറഞ്ഞുകൊടുത്തു തുടങ്ങിനാൻ
- കന്യാധനം ധർമ്മഗുപതന്നു വൈണികൻ
- പൊന്നും പണങ്ങളും രത്നാഭരണവും
- മിന്നും മണിപ്രഭാരമ്യകിരീടവും
- കങ്കണം തോൾവള തങ്കപ്പതക്കവും
- കാഞ്ചിദുകൂലം മണികുണ്ഡലങ്ങളും
- മുത്തുമാലാശതം വൈരമാലാശതം
- പത്തുവിരൽക്കും വിചിത്രാംഗുലീയവും
- ആതപത്രങ്ങളും വെഞ്ചാമരങ്ങളും
- ശാതകുംഭോജ്ജ്വലം കുംഭലക്ഷങ്ങളും
- പത്തുസഹസ്രം ഗജങ്ങളും നൽകിനാൻ
- പുത്രനും പുത്രിക്കും ദാസീശതങ്ങളും;
- ആയിരം തേരുമിരുപതിനായിരം
- വായുവേഗങ്ങളാം നീലക്കുതിരകൾ
- അമ്പൊടുങ്ങാതുള്ള തൂണീരവും നല്ല
- വൻപിച്ച ശക്തിയും വില്ലും ശരങ്ങളും
- വാളും പരിചയും ശൂലം ചുരികയും
- മേളിച്ചു നൽകിനാൻ പിന്നെയും പിന്നെയും:-
- ധർമ്മഗുപ്ത! ഭവാൻ സർവജ്ഞനായ് വരും
- ധർമ്മപത്ന്യാസമം പോക നീ ബാലക!
- കുണ്ഡിനാഖ്യേ പുരേ ചെന്നു രിപുക്കളെ
- ദണ്ഡനംചെയ്തു സുഖിച്ചുവസിക്കനീ
- ഗന്ധർവസേനയെ കൊണ്ടുപോക ഭവാൻ
- ഗന്ധധൂപങ്ങളും ദ്രവ്യാഭരണവും
- ഇത്ഥം പറഞ്ഞങ്ങനുഗ്രഹിച്ചാദരാൽ
- പുത്രിയെ ഗാഢം പുണർന്നു പതുക്കവേ
- യാത്രയും ചൊല്ലി വിമാനമാരൂഢനായ്
- തത്ര മറഞ്ഞിതു ഗന്ധർവപുംഗവൻ
- അംശുമാനോടു സദൃശനാം വൈദർഭ-
- നംശുമതിയുടെ പാണിപിടിച്ചുടൻ
- ആരണപുത്രനോടൊന്നിച്ചു മെല്ലവേ
- തേരിൽക്കരേറിത്തിരിച്ചു പുരം പ്രതി.
- ഗന്ധർവസേനയും നാനാപദാർത്ഥവും
- ബന്ധുക്കളും കൂടി മേളിച്ചുകൊണ്ടുടൻ
- ചെന്നു വിദർഭരാജ്യത്തെ പ്രവേശിച്ചു
- നിന്നു പടക്കോപ്പുകൂട്ടി വിളിച്ചിതു:-
- യുദ്ധത്തിനായി പുറപ്പെട്ടു കൊൾക നീ
- ബുദ്ധിഹീന! ജള! സാല്വാധമ! ജവാൽ
- സത്യരഥന്റെ സുതൻ ധർമ്മഗുപ്തനു-
- ണ്ടത്യന്തകോപേന വന്നുനിൽക്കുന്നു ഞാൻ
- സമ്പ്രഹാരത്തിനു ശക്തനെന്നാകിൽ നീ
- സമ്പ്രതി വൈകാതെ വാടാ! നരാധമ!
- ഇത്തരം ഘോഷങ്ങൾ കേട്ടുടൻ സാല്വനും
- സത്വരം പോരിന്നെടുത്തു പടകളും
- യുദ്ധം തുടങ്ങി പടജ്ജനം തങ്ങളിൽ
- ക്രുദ്ധിച്ചു വെട്ടും ശരപ്രയോഗങ്ങളും
- തേരാളിവീരരും നേരിട്ടുപോരിനായ്
- പാരാതെ വൈരേണ പാഞ്ഞടുത്തീടിനാർ.
- ദന്തിക്കു ദന്തിയുമശ്വത്തിനശ്വവും
- മന്ത്രിക്കു മന്ത്രിയും പത്തിക്കു പത്തിയും
- തേരിന്നു തേരാളി തമ്മിൽ തരം നോക്കി
- നേരേ കടന്നു പിണങ്ങിത്തുടങ്ങിനാർ
- വില്ലനും വില്ലനും തങ്ങളിൽ സംഗരം
- മല്ലനും മല്ലനും തങ്ങളിൽ താഡനം
- കുന്തം കടുത്തില ശൂലം ചവളവും
- ചന്തം കലർന്നുള്ള ചാട്ടുകുന്തങ്ങളും
- ശക്തി കൃപാണവും മുദ്ഗരം തോമരം
- പത്തി വാളീട്ടിയും പട്ടസക്കൂട്ടവും
- നാനായുധം കൊണ്ടു യുദ്ധകോലാഹലം
- സേനാഭടന്മാർ മടങ്ങിത്തുടങ്ങിയും
- ചത്തു മുറിഞ്ഞും മറിഞ്ഞും പടക്കൂട്ട-
- മൊത്തു കരേറിത്തകർത്തും തിമിർത്തുമ-
- ങ്ങുത്തുംഗമാതംഗകണ്ഠം മുറിച്ചിട്ടു
- പത്തുദിഗന്തം മുഴക്കുന്ന ഘോഷവും
- ചോരപ്പുഴകളും കാളികൂളീ ഭൂത
- ഘോരാട്ടഹാസവും ഭേരീരവങ്ങളും
- കുംഭിനിനാദം കബന്ധനൃത്തങ്ങളും
- ഗംഭീരഗന്ധർവസിംഹാസനങ്ങളും
- ഭൂതലം പൊട്ടിപ്പൊടിഞ്ഞ പൊടിക്കൂട്ട-
- മാകവേ മൂടിപ്പരന്നു പതുക്കവേ.
- ചാക്കും പലതരം വാക്കും ഭയപ്പെട്ടു
- നോക്കും പിടിച്ചുന്തിനീക്കും വിധങ്ങളും
- ഏൽക്കും ചിലർ ചെന്നു തോൽക്കും ചിലർ ചെന്നു
- കാൽക്കുപിടിച്ചു വലിക്കും രണാങ്കണേ
- ഓടും ചിലർ ചെന്നു ചാടും ചിലർ ചെന്നു
- കൂടും ചിലർ നിന്നു പാടും പടജ്ജനം
- വീടും ഭരിച്ചങ്ങു കൂടുന്ന ഭീരുക്ക-
- ളോടും ചിലരടുത്തീടും പിണങ്ങുവാൻ
- നാടും നഗരവും തോടും പുഴകളും
- കാടും പൊടികൊണ്ടു മൂടുന്നു തൽക്ഷണം
- ഇത്ഥം മഹാഘോരയുദ്ധകോലാഹലേ
- ബദ്ധരോഷം ധർമ്മഗുപ്തൻ കടന്നുടൻ
- ബാണം പ്രയോഗിച്ചു സാല്വഭൂപാലന്റെ
- പ്രാണാവസാനം വരുത്തി നിന്നീടിനാൻ
- ഓടിത്തുടങ്ങീ പടജ്ജനമൊക്കവേ
- പേടിച്ചൊളിച്ചൂ സമസ്തശത്രുക്കളും
- ചത്തുശേഷിച്ചുള്ള സാല്വസേനാജനം
- സത്വരം ഭൂപനെസ്സേവിച്ചു മേവിനാർ.
- യുദ്ധം കഴിഞ്ഞു പുരപ്രവേശം ചെയ്തു
- ബദ്ധകോലാഹലം രാജ്യാഭിഷേകവും
- യാചകന്മാർക്കർത്ഥദാനങ്ങളും ചെയ്തു
- രോചനീയാകാരചാരുശീലൻ നൃപൻ
- തന്നെ വളർത്തൊരു വിപ്രഗൃഹണിയെ
- ചെന്നുവരുത്തി പ്രണാമവും ചെയ്തുടൻ
- നല്ലൊരുമന്ദിരം തീർത്തങ്ങിരുത്തിനാ-
- നുല്ലാസശാലിയാം ധർമ്മഗുപ്തൻ നൃപൻ
- സർവരാജ്യങ്ങളിൽ സർവദാ വേണ്ടുന്ന
- സർവാധികാര്യം ശുചിവ്രതനേകിനാൻ
- യൌവരാജ്യസ്ഥാനമെല്ലാം ശുചിവ്രതൻ
- സർവദാ നിർവ്വഹിച്ചീടിനാനാസ്ഥയാ
- ധർമ്മഗുപ്തൻ നൃപൻ ധർമ്മചിന്താമണി
- ധർമ്മപത്നിയൊടും വാണു യഥാസുഖം
- സർവപ്രദോഷോപവാസാവ്രതം മുദാ
- ശർവപ്രിയങ്കരൻ ചെയ്തു മേവീടിനാൻ
- ഏവം പ്രദോഷമാഹാത്മ്യം മനോഹരം
- ശൈവപ്രസാദാമൃതത്തിനുകാരണം
- ദാരിദ്ര്യനാശനം ദായാദവർദ്ധനം
- ഭൂതിലക്ഷ്മീകരം ഭൂതപീഡാഹരം
- സന്താനപൂരണം സന്തോഷകാരണം
- സന്താപവാരണം സംസാരദാരണം
- പുണ്യപ്രദോഷോപവാസമഹാവ്രതം
- പുണ്യവാന്മാരേ! ധരിക്കിൻ മഹാഫലം
- ഇക്കഥാകർണ്ണനം കൊണ്ടു ജനങ്ങൾക്കു
- ദുഃഖങ്ങളെല്ലാം നശിക്കുമസംശയം
- സൽക്കഥാസാരം കഥിക്കുന്ന ദേഹിനാ-
- മുൾക്കാമ്പിലീശൻ വസിക്കും ശുഭം ശുഭം
- നാനാകഥാസാരവേദീ മനഃക്രോഡ
- സേനാധിനായകൻ ബാലരാമാഹ്വയൻ
- ആനന്ദമുൾക്കൊണ്ടു തണ്ടാർശരാരിയെ
- ധ്യാനിച്ചു സേവിച്ചു വാഴുന്നു സർവദാ
- സർവലാഭങ്ങളും സർവസൌഖ്യങ്ങളും
- സർവസമ്പത്തും സദാനന്ദമോക്ഷവും
- സർവം ലഭിക്കേണമീശ്വരാനുഗ്രഹാൽ
- സർവേശ! ഗൌരീശ! ശംഭോ! നമോസ്തു തേ.
പ്രദോഷമാഹാത്മ്യം സമാപ്തം