ശിവപുരാണം/രുദ്രാക്ഷമാഹാത്മ്യം
രുദ്രാക്ഷമാഹാത്മ്യം
- ഇനിക്കേട്ടുകൊണ്ടാലുമാനന്ദമോടെ
- മുനിശ്രോത്രിയന്മാർ ഭവാന്മാരശേഷം:
- ജനിക്കും മരിക്കും മനുഷ്യപ്രപഞ്ചം
- നിനയ്ക്കുന്നനേരം നമുക്കുണ്ടു ഭീതി
- മഹാഘോരസംസാരപാരം ലഭിക്കാൻ
- അഹോ കഷ്ടമാർക്കും മനസ്സില്ല പാർത്താൽ.
- മരിക്കുംവിധൗ ഭീതികൂടാതിരിക്കാൻ
- ധരിക്കേണമംഗേഷു രുദ്രാക്ഷദാമം
- ഇരിക്കുന്ന കാലം മഹാവ്യാധി നീങ്ങും
- മരിക്കും ദശായാം ഭയം ചെറ്റുമില്ല
- ഇനിജ്ജന്മദുഃഖങ്ങളുണ്ടാകയില്ലാ
- തനിച്ചോരു രുദ്രാക്ഷമംഗേ ധരിച്ചാൽ
- സഹസ്രം ധരിക്കും നരൻമാരെ നിത്യം
- സഹസ്രാക്ഷനുംകൂടെ വന്ദിക്കുമല്ലോ
- സഹസ്രം ധരിപ്പാനതിക്ലേശമെങ്കിൽ
- വഹിക്കുന്നവണ്ണം ലഭിക്കുന്നു ലോകേ.
- പതുപ്പത്തുമാറാറുമാം ബാഹുമൂലേ
- ഹിതം പന്തിരണ്ടിതു പാണിദ്വയാന്തേ
- ഉരസ്സിങ്കൽ നൂറ്റെട്ടു രുദ്രാക്ഷബീജം
- ശിരസ്സിങ്കലും നാല്പതാവശ്യമല്ലോ
- തഥാ കണ്ഠദേശത്തു മുപ്പത്തുരണ്ടും
- തഥാ കാതിലാറാറുമോരോന്നുമാം പോൽ
- ശിഖാഗ്രത്തിലേകം തദേവം ധരിച്ചാൽ
- സുഖാനന്ദമോക്ഷങ്ങളാരോഗ്യമുണ്ടാം
- സമസ്തം ലഭിക്കും ജയിക്കും നരന്മാരമന്ദ-
- പ്രമോദേന ജീവിച്ചിരിക്കുന്നനേരം
- ധരിക്കുന്ന രുദ്രാക്ഷമാലാന്തരാളേ
- നിരപ്പുള്ള രത്നങ്ങളും വെള്ളി പൊന്നും
- പളുങ്കെങ്കിലും കോർത്തുകൊണ്ടാസ്ഥയോടെ
- കളങ്കം വരായ് വാനലങ്കാരമംഗേ
- ധരിച്ചും ജപിച്ചും ഗിരീശസ്വരൂപം
- സ്മരിച്ചും വസിക്കുന്ന മർത്ത്യൻ മരിച്ചാൽ
- സദാനന്ദലോകേ സദാ വാണിരിക്കും
- മുദാ ശംഭുസായുജ്യസാമ്രാജ്യമോടെ.
- സരുദ്രാക്ഷമായി ജ്ജപിക്കുന്ന മന്ത്രം
- വരുത്തും ഫലത്തിന്നഹോ സംഖ്യയില്ലാ
- സരുദ്രാക്ഷനായുള്ള മർത്ത്യന്നു പാർത്താൽ
- ദരിദ്രത്വമായുളളതുണ്ടാകയില്ല
- അരുദ്രാക്ഷമായാലശുദ്ധം ശരീരം
- സരുദ്രാക്ഷമായാലവൻ രുദ്രതുല്യൻ
- ശുഭം ജഹ്നു കന്യാ ജലസ്നാനപുണ്യം
- ലഭിച്ചീടുമങ്ഗേഷു രുദ്രാക്ഷധാരിം.
- മുഖം നാലുമഞ്ചും പതിന്നാലുമൊന്നും
- സുഖം ദുർല്ലഭം പാരമേകാദശാസ്യം
- ധരിക്കാമിതെല്ലാമൊരിക്കാലുമാപ
- ത്തിരിക്കാ ധരിക്കുന്ന സൽപുരുഷങ്കൽ.
- യജിക്കുന്ന പുണ്യം നമിക്കുന്ന പുണ്യം
- ലഭിക്കുന്ന പുണ്യം ജപിക്കുന്ന പുണ്യം
- സമസ്തം ഫലം കോടികോടി പ്രസിദ്ധം
- ക്രമത്താൽ ധരിക്കുന്ന രുദ്രാക്ഷധാരി
- പുരാവൃത്തമൊന്നിന്നു ചൊല്ലീടുവൻ ഞാൻ
- നരന്മാർക്കു രുദ്രാക്ഷതത്ത്വം ഗ്രഹിപ്പാൻ :
- പുരാണോക്തമായുള്ള കാശ്മീരദേശേ
- പുരാ ഭദ്രസേനാഖ്യനുണ്ടായി ഭൂപൻ
- അവന്നുണ്ടു പുത്രൻ സുധർമ്മാഭിധാനൻ
- ശിവൻ തന്നിലൂന്നുന്ന ഭക്ത്യാ വിശേഷാൽ.
- അവന്റെ വയസ്യൻ മഹാമന്ത്രിപുത്രൻ
- ശിവാരാധനേ തൽപരൻ താരകാഖ്യൻ
- മുദാ രണ്ടുപേരും ക്രമത്താൽ വളർന്നു
- തദാ തമ്മിലത്യന്തസൗഹാർദ്ദമോടെ.
- സമം വേദവേദാന്തശാസ്ത്രങ്ങളെല്ലാം
- അമന്ദപ്രകാശം ഗ്രഹിച്ചാരുദാരം
- വെളുക്കുന്ന നേരം കുളിക്കും നിതാന്തം
- വെളുപ്പുള്ള ഭസ്മം ശരീരേ ധരിക്കും
- അനേകപ്രകാരേണ രുദ്രാക്ഷമംഗേ
- ദിനാരംഭകാലേ ധരിച്ചാസ്ഥയോടെ
- ശിവക്ഷേത്ര പാർശ്വ വസിക്കും ന്യസിക്കും
- ശിവസ്തോത്രമന്ത്രം ജപിക്കും നമിക്കും
- ഗിരീശസ്വരൂപം നിരൂപിച്ചു ചിത്തേ
- നിരൂഢപ്രമോദം രമിക്കും നമിക്കും.
- പുരം പുക്കൊരിക്കൽ ഭുജിക്കും ഗമിക്കും
- സ്മരാരാതിദേവാലയേ ചെന്നിരിക്കും
- പുരാണങ്ങൾ വായിച്ചു നേരം കഴിക്കും
- നിരാതങ്കമാനന്ദമോടെ വസിക്കും.
- അവർക്കന്നു രത്നം ചരൽക്കല്ലുപോലെ
- സുവർണ്ണം തകർന്നോരു മാടോടുപോലെ
- പുരം പുല്ലുപോലെ, ധരാ കാടുപോലെ
- കുരംഗാക്ഷിമാരും മരപ്പാവപോലെ.
- കരേ കങ്കണം കുണ്ഡലം കർണ്ണദേശ
- ശിരസ്സിൽ കിരീടം മണിമാല മാറിൽ
- സമസ്തം ശിശുക്കൾക്കു രുദ്രാക്ഷജാലം
- സമത്വം മനക്കാമ്പിലുണ്ടാകമൂലം.
- മുദാ താപസാഗ്രേസരൻ വ്യാസതാതൻ
- തദാവാസമൻപോടെഴുന്നള്ളി വേഗാൽ.
- മുദാ സല്ക്കരിച്ചീടിനാൻ ഭദ്രസേനൻ
- പദാന്തേ വണങ്ങിപ്പറഞ്ഞാനി വണ്ണം:
- നമസ്തേ മുനിശ്രേഷ്ഠ! ദീനകബദ്ധോ!
- സമസ്തം മഹാപുണ്യരാശ! മഹാത്മൻ!
- സുധർമ്മാഖ്യനാകും മദീയാത്മജന്റെ
- വിധം കാൺക നീ രാജധർമ്മം ത്യജിച്ചാൻ;
- അമാത്യാത്മജൻ താരകൻ താനുമേവം
- മമാജ്ഞാവശത്താലഹോ രണ്ടുപേരും
- കുളിക്കുന്നു കാലേ ജപിക്കുന്നു മന്ത്രം
- വിളിക്കുന്നനേരം വരുന്നില ബാലൻ.
- ധരിക്കുന്നു ഭസ്മം സദാ കണ്ണടച്ച
- ങ്ങിരിക്കുന്നു രുദ്രാക്ഷ മംഗേ നിറച്ചു
- സുവർണ്ണത്തിലും വാഞ്ഛമൽ പുത്രനില്ല
- ഇവണ്ണം വരാനെന്തു ബന്ധം മുനീന്ദ്ര!
- അഹോ രണ്ടുപേർക്കും മനക്കാമ്പിലോർത്താൽ
- അഹോരാത്രമീ ക്ഷേത്രവാസം സുഖംപോൽ
- വെറും ഭസ്മവും തേച്ചു ദീക്ഷിച്ചിരിപ്പാൻ
- ചെറുപ്പത്തിലീവണ്ണമാവശ്യമുണ്ടോ?
- പറഞ്ഞാൽ കണക്കില്ല വല്ലാത്ത ശീലം
- കുറഞ്ഞോരുകാലം ക്ഷമിക്കെന്നുവെച്ചു.
- അലങ്കാരമെല്ലാം വിശേഷം നൃപന്മാർ
- ക്കലംഭാവമില്ലാത്ത കാലം ശിശുത്വം
- ഇതൊന്നും ഫലം ചെയ്യില്ലെന്നുറച്ചു
- ഹിതം നോക്കി നിൽക്കുന്നു ഞാനും മുനീന്ദ്ര!
- ഇവർക്കിങ്ങനെ ഭക്തി വിശ്വാസപൂർവം
- ശിവധ്യാനതാല്പര്യമുല്പന്നമാവാൻ
- അറിഞ്ഞീല ഞാൻ കാരണം ചാരുബുദ്ധേ!
- പറഞ്ഞാലുമെന്നോടു തത്ത്വം മുനീന്ദ്ര!
- മുനീന്ദ്രൻ പറഞ്ഞു: സഖേ! ഭദ്രസേന!
- മനോജ്ഞം ശിശുക്കൾക്കു ശീലം വിശുദ്ധം
- ഗ്രഹിച്ചാലുമിപ്പോളിവർക്കുള്ള ഭക്തി-
- ഗ്രഹത്തിന്നു മൂലം പറഞ്ഞീടുവൻ ഞാൻ
- ജനിച്ചു പുരാ നന്ദികഗ്രാമമദ്ധെ
- തനിച്ചോരു വേശ്യാംഗനാ ദേവദാസി
- മഹാനന്ദയെന്നുള്ള നാമം പ്രസിദ്ധം
- മഹാവേശ്യ വിശ്വത്തിലീവണ്ണമില്ലാ.
- മുഖം ചന്ദ്രതുല്യം മുലക്കുന്നു രണ്ടും
- സുഖം പൊന്മണിക്കുന്നു സംഭാവനീയം
- ഘനം കേശപാശം മനക്കാമ്പിളക്കാ.
- നനംഗന്റെ നീലക്കൊടിക്കൂറ പോലെ
- ഇളംപുഞ്ചിരിക്കൊഞ്ചലും കൺമയക്കും
- വിളങ്ങും മണികുണ്ഡലം ഗണ്ഡഭാഗേ
- നറും ചില്ലിവില്ലോടുമുല്ലാസഭാവം
- നിറം ചെമ്പകപ്പൂവിനൊപ്പം പിടിക്കും
- ചുരുക്കങ്ങൾ മദ്ധ്യേ പെരുക്കും നിതംബേ
- ചരിക്കുന്ന ഭംഗി കരിക്കും ലഭിക്കും
- കടക്കണ്ണിലുണ്ടായ കാഞ്ജാ സ്ത്രജാലം
- തൊടുക്കും മിടുക്കുള്ള കാമിക്കു നേരേ.
- അടുക്കുന്ന ശൃംഗാരവാന്മാരശേഷം
- കൊടുക്കുന്നു വിത്തം മടിക്കാതവണ്ണം
- പടിക്കൽ തുടങ്ങിപ്പടിഞ്ഞാറ്റയോളം
- കിടക്കുന്ന വിത്തത്തിനോ സംഖ്യയില്ലാ
- കിടക്കപ്പുരയ്ക്കുള്ളിലെക്കോപ്പുകണ്ടാ
- ലടക്കം വരാ വിത്തനാഥപ്രിയയ്ക്കും
- മണിക്കട്ടിലും മെത്തയും മേൽവിരിപ്പും
- മണിത്തൊങ്ങലും പട്ടു മേൽക്കട്ടിയും താൻ
- മണം പെയ്യുമയ്യായിരം പുഷ്പമാലാ
- ഗുണം ചേർന്ന വസ്തുക്കൾ കസ്തൂരിഗന്ധം
- അനംഗസ്വരൂപങ്ങളോടങ്ങുമിങ്ങും
- ജനത്തിന്റെ ചേതസ്സിളക്കും വിളക്കും
- മണിപ്പെട്ടകം പെട്ടി തട്ടും നിരക്കെ
- മണിപ്പൊൻകുടം ചെപ്പു കണ്ണാടി ദീപം
- വിളങ്ങുന്ന ഹാരം നിറഞ്ഞുള്ള കുംഭ
- ങ്ങളും ഭംഗിയോടെ കിളിക്കുടനേകം
- കളിക്കുങ്കുമപ്പാവ വെള്ളിക്കപോതം
- കളിക്കോകിലം ബാലലീലാചകോരം
- മഹാമൗക്തികം വിദ്രുമം പുഷ്യരാഗം
- മഹാനീലമിത്യാദി രത്നപ്രപഞ്ചം.
- മഹാനന്ദതന്റെ മഹാഭാഗ്യമോർത്താൽ
- മഹാലക്ഷ്മിപോലും മടങ്ങുംമഹീശ!
- വിടന്മാർകൊടുക്കുന്ന വിത്തത്തെവെപ്പാ
- നിടം പോര തൻവീട്ടിലഞ്ഞൂറുകെട്ടും
- അടങ്ങുന്ന ദ്രവ്യങ്ങളൊക്കെ ഗണിപ്പാൻ
- തുടങ്ങുന്ന ഭോഷൻ മടങ്ങും നര്രേന്ദ!
- ഇതിപ്രാഡയാം ദേവദാസിക്കു പാർത്താ-
- ലതിസ്ഫീതയാ ഭക്തിചന്ദ്രാർദ്ധമൗലൗ
- അനംഗാരിതന്റെ ചരിത്രങ്ങൾ കേട്ടാ
- ലനങ്ങാതിരിക്കും സ്മരിക്കും ധരിക്കും
- മമ സ്വാമിസാക്ഷാലുമാകാന്തനെന്നും
- മമത്വം മനസ്സിൽക്കനപ്പിച്ചു വാണാൾ
- മഹാബ്രാഹ്മണന്മാരിലത്യന്തഭക്ത്യാ
- മഹാദേവനാമം ജപിക്കുന്നദാസി
- മഹാഡംബരംപുണ്ടുകോപ്പിട്ടിരിക്കും
- മഹാനന്ദസാനന്ദമാസ്ഥാനരംഗേ
- ഇളക്കം മടക്കം പതക്കം കഴുത്തിൽ
- വിളക്കംപൊരുത്തുള്ള നല്ലുൾക്കഴിവും
- നിറംചേർന്ന മുൻകൈകളും കയ്യുരണ്ടും
- നിറച്ചിട്ടുറപ്പിച്ചകൈമോതിരങ്ങൾ
- മണിജ്വാലമിന്നുന്ന നൽപൊന്നരഞ്ഞാൺ
- അണിഞ്ഞും ചിലച്ചീടുമക്കാൽചിലമ്പും
- മണിക്കുണ്ഡലം കാതുരണ്ടും നിറച്ച-
- ങ്ങണിപ്പുങ്കുഴൽകെട്ടതും കാൽകവിഞ്ഞു
- നറും പിച്ചകം മുല്ല ചേമന്തിമാല
- നിറത്തോടുബന്ധിച്ചു കേശാന്തരാളെ
- വിളങ്ങുന്ന നെറ്റിത്തടേ നല്ലചാന്തും
- തെളിഞ്ഞുള്ള മന്ദസ്മിതേമുഗ്ദ്ധഭാവം
- ഇടമ്പെട്ടു നീണ്ടുള്ള കണ്ണഞ്ജനത്താ-
- ലുടൻ ഭംഗിചേർത്തംഗനാമൌലിമാല
- ഇളംപൂുവലംഗേ പ്രകാശിച്ചു വസ്ത്രം
- ഗളാന്തം പുതച്ചങ്ങുമുട്ടോടുകൂടി
- കളിത്തോഴിമാരോടു സാരസ്യമാടി-
- ക്കളിത്താമരപ്പുവനത്തിലിരിക്കും
- കിളിപ്പേടയോടങ്ങുചോദിച്ചു തത്തേ!
- കുളിച്ചീലയോ നീ ഭുജിച്ചീലയോ നീ?
- കളിക്കൊട്ടിലിൽചെന്നു കഞ്ജായതാക്ഷീ
- തളത്തിൽകരേറി സുഖിച്ചങ്ങിരുന്നു.
- കളിപ്പാൻ വളർത്തും കുരങ്ങിന്റെകണ്റേ
- വളച്ചാശുരുശ്രാക്ഷദാമങ്ങൾ കെട്ടി
- കളിക്കുക്കുടത്തേയുമവ്വണ്ണമാക്കി-
- ക്കുളിപ്പിച്ചു കൈകൊണ്ടു താളം പിടിച്ചും
- കളിക്കുക്കുടം മർക്കടം രണ്ടുമായി
- ക്കളിക്കുന്നതും കണ്ടിരിക്കും ചിരിക്കും
- മുദാ തോഴിമാരോടുമൊന്നിച്ചനേകം,
- പദം ഗീതവും രാഗവും ചൊല്ലുമ്പോൾ
- അതിൽ ക്കൗതുകം പൂണ്ടുടൻ കാമൂകന്മാ
- രതിപ്രേമകാമംകലർന്നങ്ങടുക്കും
- മഹാമർക്കടം കോഴിയും തോഴിമാരും
- മഹാനന്ദയും തങ്ങളിൽ കൂടിയാടും
- അഹോ വിസ്മയം കാമികൾക്കുത്സവം താ
- നഹസ്സിങ്കലെ ക്രീഡിതം നിത്യമേവം
- തദാപോന്നുവന്നാനൊരീശാനഭക്തൻ
- സദാം ശംഭുനാമം ജപിക്കുന്ന ധന്യൻ
- മഹാവൈശ്യനംഗേഷു രുദ്രാക്ഷധാരീ
- മഹാനന്ദമേവും ഗൃഹേ വന്നിരുന്നാൻ
- മണിസ്വർണ്ണപീഠംകൊടുത്തങ്ങിരുത്തി-
- പ്പണിച്ചോറ്റികൊണ്ടെന്നു വീശിത്തുടങ്ങി
- പനിച്ചാറുകൊണ്ടത്തളിച്ചാസ്ഥയോടെ
- തനിക്കായവണ്ണം സുഖിപ്പിച്ചുവേശ്യാ
- അവന്റേ വലംകയ്യിലെ കങ്കണം ക-
- ണ്ടവൾക്കെത്ര മോഹം മനക്കാമ്പിലിപ്പോൾ
- വിളങ്ങുന്ന വൈരങ്ങളും പത്മരാഗ-
- ങ്ങളും മുത്തുരത്നങ്ങളുംചേർത്തുഭംഗ്യാ
- മഹാകാഞ്ചനാരബ്ധമാം കങ്കണത്തിൽ
- സ്പൃഹാലോലയാം നീലപത്മാക്ഷി ചൊന്നാൾ
- എടോ വൈശ്യരാജാ ഭവാൻ തൻകരത്തിൽ
- കിടക്കുന്ന പൊൻകങ്കണം സാധുസാധു
- ഇദം കങ്കണം മങ്കമാർക്കെങ്കിലിപ്പോൾ
- മനോജ്ഞം പ്രകാശംവിശേഷിച്ചുമുണ്ടാം
- പറഞ്ഞുതദാ സസ്മിതം വൈശ്യരാജൻ
- കുറഞ്ഞൊരുമോഹം നിനക്കുള്ളിലൂണ്ടോ
- പതിന്നാലുലക്ഷംവരാഹൻ പിടിക്കും
- പദാർത്ഥം മഹാകങ്കണം പങ്കജാക്ഷി
- ഇതിന്നുള്ളമൂല്യം തരാമെങ്കിലിപ്പോൾ
- ഇതങ്ങോട്ടുനൽകാമിനിക്കെന്തു ചേതം
- ചിരിച്ചൊന്നു മെല്ലെക്കടാക്ഷിച്ചു ചെന്നാൾ
- ഇരിക്കട്ടെ മൂല്യപ്രകാരങ്ങളെല്ലാം
- മഹാവേശ്യമാർക്കുള്ള ധർമ്മപ്രകാരം
- മഹാവൈശ്യനും നീ ധരിക്കുന്നതല്ലീ
- കടക്കണ്ണിലർത്ഥംജനിക്കുന്നു ഞങ്ങൾ
- ക്കൊടുക്കത്തു ദാരിദ്ര്യവും സംഭവിക്കും
- അടുക്കുന്നപോലെ ഭവാനോടിരക്കാം
- കൊടുക്കുംഭവാനെങ്കിൽ മേടിച്ചുകൊള്ളാം
- വഹിക്കുന്നപോലെ തരും ദ്രവ്യമെല്ലാം
- ദഹിക്കും നമുക്കെന്നു ബോധിച്ചുകൊൾക
- ഇരിക്കുന്നവിത്തം വ്യയംചെയ്തമർത്ത്യൻ
- സ്മരിക്കുന്നസൗഖ്യം ലഭിക്കുന്നുനിത്യം
- പരദ്രവ്യവും സൗഖ്യവുംകൂടി മേളി-
- ച്ചിരുന്നന്ത്യകാലത്തിരക്കുന്നു ഞങ്ങൾ
- അപേക്ഷിച്ചതെല്ലാം തരുന്നു നരന്മാ-
- രുപേക്ഷിച്ചിടുന്നുണ്ടു ഞാനൊട്ടുചെന്നാൽ
- അഹോയിജ്ജനത്തിന്നു മുന്നാം ദുരാപം
- മഹാസങ്കടം മങ്കമാരായ് പിറന്നാൽ
- അഹം മുന്നഹോരാത്രമിച്ഛാനുകൂലം
- മഹാവീരനിൽ ഭാര്യായിട്ടിരിക്കാം
- ത്രിരാത്രം പരസ്ത്രീത്വമുണ്ടാകയില്ല
- തരാമെങ്കിലീവണ്ണമല്ലെങ്കിലസ്തു
- വണിക്കാശു ചൊന്നാനിതിൻവണ്ണമെന്നാൽ
- മണിക്കങ്കണം ഞാൻ തരുന്നുണ്ടു ഭദ്രേ!
- ഇതിന്നിന്നു സാക്ഷി ജഗത്സാക്ഷി സൂര്യൻ
- പതിന്നാലുലോകേശനാം ശംഭു താനും
- ഹൃദന്തേ കരംവെച്ചുചൊൽകെന്നു വൈശ്യൻ
- മുദാവേശ്യയും തൽപ്രകാരംപറഞ്ഞാൾ
- മഹാവൈശ്യനക്കങ്കണം സല്ക്കരിച്ചാൻ
- മഹാനന്ദമേടിച്ചു പാണൌ ധരിച്ചാൾ
- പറഞ്ഞു മഹാവൈശ്യനംഭോജനേത്രേ!
- കുറഞ്ഞൊരു വൈഷമ്യമുണ്ടെന്തുചെയ്യാം
- ഇദം രത്നലിംഗം മമ പ്രാണതുല്യം
- മദംഗേ വിളങ്ങുന്നുകണ്ടീലയോ നീ
- ശരീരത്തിലിപ്പോൾ ധരിക്കേണ്ടതല്ല
- പരിരംഭ സൗഖ്യത്തിനു ഹാനിയുണ്ടാം
- രതിക്രീഡനേരം ശരീരേധരിച്ചാൽ
- ഇതിന്നുള്ളശക്തിക്കുവൈകല്യമുണ്ടാം
- ഒരേടത്തുസൂക്ഷിച്ചുവെച്ചാലുമാര്യേ!
- സരോജാക്ഷിഞാൻ പിന്നെമേടിച്ചുകൊള്ളാം
- കൊടുത്താനിവണ്ണം പറഞ്ഞാശു വൈശ്യൻ
- മടിക്കാതെമേടിച്ചുലിംഗംകൃശാംഗി
- കളിത്തട്ടുമീതേ മണിസ്തംഭ ഭാഗ.
- ത്തൊളിച്ചങ്ങുസൂക്ഷിച്ചുതൻവീടുപുക്കാൾ
- തതോ വൈശ്യനും വേശ്യയുംചേർന്നുകൂടി
- കൃതാർത്ഥാനുകൂലം രസിച്ചങ്ങുവാണാർ
- കിടന്നർദ്ധരാത്രിക്കുറങ്ങുന്നനേരം
- കൊടുങ്കാറ്റടിച്ചങ്ങു കൂത്തമ്പലത്തിൽ
- പിടിച്ചഗ്നിനീളെപ്പരന്നാശു കത്തി-
- ത്തുടങ്ങി നടുങ്ങീനതാംഗീവണിക്കാർ
- കടന്നാശുചെന്നങ്ങു നോക്കുന്നനേരം
- പടർന്നഗ്നികത്തിജ്വലിക്കുന്നു സർവ്വം.
- മണിസ്തംഭമോരോന്നുപൊട്ടിത്തെറിച്ചും
- തുണിക്കെട്ടുവെന്തങ്ങു നീളേപരന്നും
- അണിത്തോരണംവാതിലുംകേളിരംഗം
- മണിക്കട്ടിലുംമെത്തയും ഭസ്മമായി!
- സുവർണ്ണം ദ്രവിച്ചുംമരപ്പാവവെന്തും
- ഇവണ്ണം ദഹിക്കുന്നകണ്ടംബുജാക്ഷി
- തെരിക്കെന്നു ചെന്നക്കളിക്കുക്കുടത്തെ
- ചിരം മർക്കടത്താനെയും വേർപെടുത്തു
- കുതിച്ചങ്ങുചാടി മഹാമർക്കടം താൻ
- പതുക്കെപ്പറന്നു മഹാകുക്കുടം താൻ
- മഹാനന്ദതാനും മഹാവൈശ്യനും നി-
- ന്നഹോ കഷ്ടമെന്നാകുലപ്പെട്ടുകേണാർ
- അതില്പെട്ടു പൊട്ടി ദ്രുതം രത്നലിംഗം
- പതിക്കുന്നതും കണ്ടു വൈശ്യേന്ദ്രനപ്പോൾ
- അതിക്ലേശമോടേ പറഞ്ഞാനഹോമേ
- മൃതിക്കുള്ളയോഗം ഭവിച്ചു മൃഗാക്ഷി
- മഹാരത്നലിംഗത്തെ വേർപെട്ടിരിപ്പാ-
- നഹം ശക്തനല്ലുത്തമപ്പെൺകിടാവേ
- എരിഞ്ഞങ്ങുകത്തുന്ന കൂത്തമ്പലത്തിൽ
- തെരിക്കെന്നു ചാടീട്ടു ഗാത്രം ത്യജിപ്പൻ
- ഇരിക്കുന്നതെന്തിന്നു ഞാൻ രത്നലിഗം
- കരിക്കുന്നതും കണ്ടുകല്ലല്ലെടോ നാം
- മരിക്കുന്നു ഞാനും മനോജ്ഞാംഗി നിന്നെ
- സ്മരിച്ചഞ്ങിരുന്നാൽകണക്കല്ല ബാലെ
- മമ പ്രാണനേക്കാളിലേറും മമത്വം
- കിമപൃത്ഭുതം ഹന്ത മേ രത്നലിംഗം
- മഹാവൈശ്യനിത്ഥം പറഞ്ഞാസ്ഥയോടെ
- മഹാഗ്നൗ പതിച്ചാശു ദേഹം ത്യജിച്ചാൻ
- മഹാനന്ദതാനും മഹാഖേദമോടെ
- മഹാബന്ധുവർഗ്ഗത്തെ നോക്കിപ്പറഞ്ഞാൾ...
- എനിക്കും മരിക്കാതിരിക്കാവതല്ലാ
- നിനയ്ക്കും വിധ വൈശ്യനെൻ നാഥനല്ലോ.
- ത്രിരാത്രം ഭവൽഭാര്യ ഞാനെന്നുചൊന്നേൻ
- ത്രിരാത്രം കഴിഞ്ഞീല കാന്തൻമരിച്ചു
- അധർമ്മം ഭവിക്കും നമുക്കിങ്ങിരിക്കാം
- അധർമ്മത്തിനെക്കാൾ പരം ജീവനാശം
- കലുശ്രേഷ്ഠനാകുന്ന കാന്തൻ മരിച്ചാൽ
- കുലസ്ത്രീജനങ്ങൾക്കു ജീവിക്കനിന്ദ്യം
- കുലസ്ത്രീത്വമുണ്ടോ നമുക്കെന്ന് ശങ്ക-
- കുലത്വം ഭവാന്മാർക്കുമുണ്ടാകാം വേണ്ട.
- പരസ്ത്രീത്വമുണ്ടെങ്കിലും സത്യവാക്കി-
- ന്നൊരിക്കാലുമിങ്ങില്ലഭംഗം ധരിപ്പിൻ!
- ഒരുത്തന്റെ പാർശ്വേ വസിക്കും വിധൌ മ-
- റ്റൊരുത്തങ്കലാർദ്രത്വമാകാ നമുക്കും.
- അതല്ലോ പരസ്ത്രീജനങ്ങൾക്കു ധർമ്മം
- മതം സർവ്വശാസ്ത്രത്തിലും സിദ്ധമേതൽ
- അതിന്നന്യഥാത്വം വരുത്തുന്നവേശ്യ.-
- യ്ക്കതിക്രൂരപാപങ്ങളും സംഭവിക്കും.
- അഹോ മാമകം കഷ്ടമത്യന്തദോഷം
- സുസത്യ വ്രതം ഞാൻ തൃജിച്ചീടുമോതാൻ
- മഹാദേവനും സൂര്യനും സാക്ഷിയെന്നും
- മഹാവൈശ്യനെന്നോടു ചൊന്നാൻ മഹാത്മാ.
- അഹോ കഷ്ടമെന്തിന്നിരിക്കുന്നു ഞാനി
- മഹാവഹ്നിതന്നിൽ പതിഷ്യാമി വേഗാൽ
- പരദ്രവ്യമോരോന്നു തട്ടിപ്പറിച്ചി-
- ട്ടൊരിക്കൽ ദരിദ്രത്വമുണ്ടാമിരുന്നാൽ
- ഒരുത്തന്നുവേണ്ടിശ്ശൂരീരം തൃജിച്ചാ-
- ലൊരല്പം ദുരാപത്തിനിക്കില്ല താനും
- മുദാ ഞാനിനിപ്പാർവ്വതീ വല്ലഭന്റെ
- പദാന്തേ നിതാന്തം ലയിക്കേണമിപ്പോൾ
- മഹാനന്ദതാനിത്ഥമാനന്ദമോടെ
- മഹാബ്രാഹ്മണന്മാരെയെല്ലാം വരുത്തി
- തനിക്കുള്ള സമ്പത്തനേകം സമർപ്പി -
- ച്ചനന്തപ്രമോദം കുളിച്ചാസ്ഥയോടെ
- തതോമൃഷ്ടമാമഷ്ടിയും നിർവ്വഹിച്ചു
- ഹിതത്തോടു താംബൂലപഗാദിയോഗം
- മുദാചർവ്വണംചെയ്തു കുമ്പിട്ടനക്ടം
- പദാന്തമഹാദാനമോരോന്നുചെയ്തു
- ജലിക്കുന്നവഹ്നൗ വലംവച്ചു വേഗാൽ
- തുലോ ദിക്കടുത്താശു ചാടും ദശായാം
- ദ്രുതം തത്ര കാണായിതേണാങ്കചൂഢം
- സ്മിതംപൂണ്ടു തൻ പാണിപത്മം പിടിച്ചു
- എടോ പങ്കജാക്ഷിശിരോരത്നമാലേ
- കഠോരനലേ ചാടൊലാ ചാടൊലാ നീ
- നിനക്കുള്ള ഭക്തിപ്രഭാവം ഗ്രഹിപ്പാൻ
- വണിക്കായിനിന്നേ പരിക്ഷിച്ചുഞാനും
- പരസ്ത്രീജനങ്ങൾക്കു കൗടില്യമേറും
- പരദ്രവ്യമോഹേനവഞ്ചിക്കുമേറ്റം
- മനസിന്നുകാഠിന്യമത്യന്തമുണ്ടാം
- തനിക്കുള്ള കാന്തങ്കലും കൂറുമില്ലാ
- അതിൽകുടുമോ പേടമാൻകണ്ണി നിയും
- ചതിച്ചീടുമോ? വിശ്വസിച്ചാലിതെല്ലാം
- ഗ്രഹിക്കേണമെന്നിട്ടു വന്നേനഹം കേൾ
- ദഹിക്കേണ്ടെടോ ദേഹമാനന്ദശീലേ!
- തരുന്നുണ്ടു വേണ്ടുന്ന കാമങ്ങളെല്ലാം
- വരം വേണ്ട തതർത്ഥിച്ചു കൊൾകാ ശുഭദ്രേ!
- നമസ്കാരപൂർവ്വം മഹാനന്ദ ചൊന്നാൾ
- മമ സ്വാമിയാം ദേവ ചന്ദ്രാർദ്ധമൌലേ!
- എനിക്കിപ്പോളൊന്നിങ്കലും വാഞ്ഛയില്ലാ
- ജനിക്കേണമെന്നില്ലോരേടത്തുമോർത്താൽ
- ഭവൽപാദശുശ്രുഷയുംചെയ്തു നിത്യം
- ഭവൽപാദമുലേവസിച്ചീടുമോ ഞാൻ
- എനിക്കുള്ള ബന്ധുക്കളും ഞാനുമെല്ലാം
- ഇനിത്വത്സകാശേ വസിക്കായ് വരേണം
- ഇനിജ്ജന്മമെന്നുള്ള ദുഃഖം നിനച്ചാ
- ലനിക്കെത്രയും ഭീതി ശീതാംശുമൗലേ
- നമസ്തേ മഹാദേവ! കാരുണ്യമുർത്തെ
- നമസ്തേ വിഭോ; പാർവ്വതീ ജീവനാഥ്
- ജടാ ചന്ദ്രനും തുമ്പയും ചാമ്പലെല്ലു൦
- നിടിലാഗ്നിയും സർപ്പകർണ്ണാവതംസ
- കുരംഗം കുഠാരം കരേടങ്കശുലം
- സ്ഫുരന്നാഗഹാരം ഫണികാഞ്ചിജാലം
- പുലിത്തോലൂടുത്തൊരു ചാരുപ്രദേശം
- ചലം ഭോഗിമഞ്ജീരപാദാരവിന്ദം
- ഇദം താവകം ദേവകേശാദിപാദ൦
- ഹൃദന്തേവിളങ്ങേണമെല്ലായ്പൊഴും മേ
- ഉപാന്തേ തവ പ്രേയസി ശൈലകന്യാ
- മുപാസിപ്പതിന്നും വരം ദേഹി ശംഭോ।
- കൃപാംഭോനിധേ! ദേവഖട്വാംഗനാഥ।
- കപാലിൻ മഹാദേവശംഭോ॥ നമസ്തേ
- ഇതി പ്രൗഢ ഭക്ത്യാ സ്തുതിക്കും ദശായാം
- അതിപ്രീതനാം പാർവ്വതീസാർവ്വഭൌമൻ
- മഹാ നന്ദയെ സ്സാദരം തേരിലേറ്റി
- സഹായങ്ങളെക്കൂടവേ കൂട്ടിനന്നായ്
- മഹാദേവദേവൻ ഗമിച്ചദ്രിരാജൻ
- മഹാനന്ദലോകേ വസിപ്പിച്ചുമോദാൽ
- തദാമർക്കടം രണ്ടുമിപ്പോൾ
- തവാ വാസദേശേ ജനിച്ചു നരേന്ദ്രാ
- മഹാമർക്കടൻവന്നു നിൻ പുത്രഭാവേ
- മഹാഭാഗ്യവാനഞ്ജസാ സംഭവിച്ചു
- മഹാകുക്കുടം വന്നുടൻ മാനവേന്ദ്ര
- മഹാമന്ത്രി തൻ പുത്രനായും ജനിച്ചു
- തദാ ചാരുരുദ്രാക്ഷമംഗേ ധരിച്ചി-
- ട്ടി ദാനീമവർക്കീശഭക്തിക്കു ബന്ധം
- ഇനിജ്ജന്മമില്ലിക്കുമാരർക്കു മേലിൽ
- ജനിക്ലേശമീശൻ വരുത്തീടുമോ താൻ
- അനന്തഫലം ഹന്ത രുദ്രാക്ഷമംഗേ
- മനസ്സോടു കൂടാതെ ചേർത്തീടിനാലും
- മനസ്സോടുകൂടിദ്ധരിക്കും നരന്മാർ-
- ക്കിനിജ്ജന്മമില്ലെന്നുകില്ലില്ലരാജൻ
- മുനിവ്യാസതാതൻ പറഞ്ഞാശുപോയി
- മനുഷ്യാധിരാജൻ പ്രസാദിച്ചുവാണാൻ
- ചെവിക്കൊണ്ടു രുദ്രാക്ഷമാഹാത്മ്യമേവം
- ശ്രവിക്കുന്നവർക്കും ഭവിക്കുന്നുമോക്ഷം
- മനക്കോട്ടുവാഴും മഹാമാനശാലി
- മനക്കാമ്പിലേറ്റം കൃപാവാരിരാശി
- ഇനിക്കാശ്രയം ബാലരാമാഭിധാനൻ
- നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ
- കലാവിദ്യകൾ ക്കേക മാധാരഭൂതൻ
- കുലാചാരഭേദം ഗ്രഹിക്കുന്നു വിദ്വാൻ
- മനക്രോഡ നാഥാനുജൻ ബാലരാമൻ
- മനോജ്ഞസ്വരൂപൻ ജയിക്കേണമേറ്റം
ശിവപുരാണം രുദ്രക്ഷ മാഹാത്മ്യം സമാപ്തം