ശിവപുരാണം/ശംബരമാഹാത്മ്യം
- മഹാദേവൻ ജഗൽകർത്താ മഹാദേവൻ ജഗദ്ഭർത്താ
- മഹാദേവൻ ജഗദ്ധർത്താ മഹാദേവൻ ജഗൽസർവം
- മഹാദേവപ്രസാദംകൊണ്ടശേഷാഘം ശമിച്ചീടും
- മഹാദേവം മനക്കാമ്പിൽ സ്മരിപ്പിൻ താപസന്മാരേ!
- പാലിക്കും ശ്രദ്ധയാ ചെയ്യും തപസ്സും നിഷ്ഠയും നിത്യം
- ജ്വലിക്കും കാന്തിയും പിന്നെ സമസ്തഭ്രാന്തിയും തീരും
- ശമിക്കും സർവസന്താപം ഗമിക്കും രാഗദോഷങ്ങൾ
- രമിക്കും മാനസം ഭക്ത്യാ നമിക്കും മാനുഷന്മാർക്കും
- യമിക്കും ഭക്തിയില്ലാഞ്ഞാൽ ഭ്രമിക്കും ചിത്തമെന്നോർപ്പിൻ
- ശ്രമിപ്പിൻ ശങ്കരദ്ധ്യാനേ ശ്രവിപ്പിൻ ഭക്തിയുണ്ടാവാൻ
- മൂഡാ നീ കാന്തനെ സ്വാന്തേ വസിപ്പിച്ചു ഭജിച്ചാകിൽ
- ജഡാനേകപ്രപഞ്ചത്തിൻ ഭ്രമം തീരും ക്രമത്താലെ
- ജലത്തിൽ ചന്ദ്രനെപ്പോലെ വിളങ്ങുന്നു ജഗന്നാഥൻ
- പലറ്റിൽ പാർവതീകാന്തൻ പരമാർത്ഥം നിരൂപിച്ചാൽ
- ഒരുത്തൻ താനവൻ ദേവൻ കരുത്തൻ കാമസംഹാരി
- പെരുത്തജന്തുവർഗ്ഗത്തിലൊരുത്തൻ നിന്നനേകത്വം
- വരുത്തി ഭ്രാന്തിയുണ്ടാക്കിത്തരത്തിൽ സഞ്ചരിക്കുന്നു
- മരുത്തും വഹ്നിയും പിന്നെദ്ധരിത്രീതോയമാകാശം
- ഗുരുത്വം ചേർന്ന വസ്തുക്കൾ ഒരുത്തൻ തങ്ങളിൽക്കൂട്ടി
- പ്പരത്തിപ്പാവയെപ്പോലെ നിരത്തിബ്ഭൂമിയിൽക്കൊണ്ട-
- ന്നിരുത്തിബ്ഭാവമോരോന്നേ വരുത്തിക്കൂത്തുകാട്ടുന്നു
- മരത്തിന്നൊക്കുമീലോകപ്രവൃത്തിപ്രാഭവം സർവം
- സമസ്തം ശ്രദ്ധയാ ചെയ്താൽ പ്രസാദിക്കും മഹാദേവൻ
- സമത്വം ചിത്തപത്മത്തിൽ ജനിക്കും മോഹവും നീങ്ങും
- വിടന്മാരും ഭടന്മാരും ജഡന്മാരും ശഡന്മാരും
- ദ്വിജന്മാരും ഭുജോരുപാദജന്മാരും
- ശ്വപചന്മാർകിരാതന്മാരിവർക്കെല്ലാം സമം തന്നെ
- കപാലിശ്രീപദാംഭോജം ഭക്തികൊണ്ടേ ലഭിച്ചീടൂ
- ജനിച്ചു പണ്ടൊരു വേടൻ വനത്തിൽ ചണ്ഡകാഖ്യൻ പോൽ
- തനിച്ചു ശക്തിമാൻ ധീരൻ മൃഗങ്ങൾക്കൊക്കവേ കാലൻ
- ഭുജത്തിന്റെ ബലം കൊണ്ടു ഹരിവ്യാഘ്രവ്രജത്തേയും
- ഗജത്തേയും കൊല ചെയ്തു വനത്തിൽ സഞ്ചരിക്കുമ്പോൾ
- ഒരു കാട്ടിലൊരുകോട്ടിൽ ശിവക്ഷേത്രമവൻ കണ്ടു
- നുറുങ്ങിക്കൂടവും വീണു തകർന്നു വാതിലും വീണു
- സമസ്തം ഭിത്തിയും പോയിക്കുളവും കൂപവും തൂർന്നു
- ഹിമവർഷങ്ങളും പിന്നെക്കാറ്റുമേറ്റു ശിവലിംഗം
- പൂജകൂടാതൊരു ദിക്കിൽക്കിടക്കുന്നു മഹാദിവ്യം
- തേജസാസൂര്യസങ്കാശം ജ്വലിക്കുന്നു സദാകാലം
- ഭക്തിയോടേ ശിവലിംഗം ചെന്നെടൂത്തു കിരാതൻ താൻ
- ശക്തിമാൻ പിന്നെയും കാട്ടിൽ സഞ്ചരിച്ചീടിന നേരം
- തത്ര വന്നു നൃപൻ പാഞ്ചാലാത്മജൻ സുന്ദരാകാരൻ
- ശത്രുസേനാമൃഗസിംഹൻ സിംഹകേതുമഹാവീരൻ
- സേനയോടുമൊരുമിച്ചു വേട്ടയാടിവനന്തോറും
- മാനവേന്ദ്രാത്മജൻ ക്രീഡിച്ചങ്ങുമിങ്ങും നടക്കുമ്പോൾ
- ശിവലിംഗം കരം തന്നിൽ വഹിച്ചും കൊണ്ടുടൻ വേടൻ
- നൃപൻ തന്റെ സമീപത്തു ചെന്നു വന്ദിച്ചുരചെയ്തു
- തമ്പുരാനേ! നമസ്കാരം സിംഹകേതോ നമസ്കാരം
- ഇമ്പമോടേ തിരുവുള്ളം തെളിഞ്ഞെന്നെത്തുണയ്ക്കേണം
- ദിവ്യമാകും ശിവലിംഗം കാനനത്തിൽനിന്നു കിട്ടി
- ദിവ്യസാരമിതുകൊണ്ടു നല്ലതോതീയതോമേലിൽ
- നല്ലതെങ്കിൽ ഭജിച്ചീടാം തീയതെങ്കിൽ ത്യജിച്ചീടാം
- ഇല്ലരണ്ടെങ്കിലും ഖേദം മോദമോടേ കഥിച്ചാലും
- നീചജാതിക്കടുത്തോരു പൂജയുണ്ടായ് വരുമെങ്കിൽ
- നീചനാമെന്നുടെ ഭാഗ്യം യോഗ്യമെങ്കിൽ ഭജിക്കേണം
- മന്ത്രമൊന്നും ജപിക്കാതെ മാനസദ്ധ്യാനവും പിന്നെ
- തന്ത്രവും യോഗ്യമെന്നാകിൽ ഗ്രഹിപ്പിച്ചീടുക സ്വാമിൻ
- ശംബരന്റെ ഗിരം കേട്ടു ചിരിച്ചു മന്നവൻ ചൊന്നാൻ
- പ്രബലക്രൂരന്മാർക്കൊരുമാർഗ്ഗം വിധിയുണ്ടു
- വനത്തിൽപ്പാറമേൽ വച്ചുശിവലിംഗം വഴിപോലെ
- മനസ്സിൽ ഭക്തിയും ചേർത്തു ചോലവെള്ളം കൊണ്ടുവന്നു
- കുളിപ്പിച്ചീടുക നിത്യം തന്നുടെ വസ്ത്രവും പല്ലും വെളു-
- പ്പിച്ചീടുകവേണം വിശുദ്ധിപാരമാവശ്യം
- ശവം ചുട്ട ഭസിതംകൊണ്ടംഗരാഗങ്ങളും ചെയ്ക
- ശിവപ്രീതി വരുത്തുവാൻ ചുടലബ്ഭസ്മമേ നല്ലൂ
- ഫലമൂലം വരിച്ചോറും ചാമയും മാംസവും കൂട്ടി
- ക്കലർന്നാശു നിവേദിക്കനീചജാതിക്കിതുപൂജ
- ഇത്ഥമാരാധനം ചെയ്താലിന്ദുചൂഡൻ പ്രസാദിക്കും
- ഭക്തി തന്നേ വിശേഷിച്ചും മുക്തിഹേതു ധരിച്ചാലും
- ശൈവപൂജ കഴിയാതെ ഭോജനം ചെയ്കൊലാവേടാ!
- ദൈവകാരുണ്യമുണ്ടാവാൻ നിഷ്ഠതന്നേ പരം കാര്യം
- ഭൂമിപന്റെ ഗിരം കേട്ടു തെളിഞ്ഞു വന്ദനം ചെയ്തു
- താമസിക്കാതവൻകാട്ടിൽച്ചെന്നിരുന്നു കിരാതേന്ദ്രൻ
- ഭക്തിയോടേ ശിവലിംഗം പാറതന്മേൽ പ്രതിഷ്ഠിച്ചു
- ഉക്തമാർഗ്ഗം പിഴയാതെ പൂജചെയ്വാനൊരുമ്പെട്ടു
- ചുടലബ്ഭസ്മവും തെണ്ടിക്കൊണ്ടുവന്നുവശത്താക്കി
- ക്കുടിലും കെട്ടിയുണ്ടാക്കിക്കുളിച്ചു ഭസ്മവും തേച്ചു
- ഒലിക്കും ചോലവെള്ളം കൊണ്ടഭിഷേകമതും ചെയ്തു
- ജ്വലിക്കും വഹ്നിയിൽച്ചുട്ട മാംസവും കന്ദവും വേടൻ
- പുലിത്തോലിട്ടിരുന്നുകൊണ്ടാശുപുഷ്പാഞ്ജലി ചെയ്തു
- ഫലത്തെക്കൊണ്ടുവന്നാശു കുഴിച്ചിട്ടു പഴുപ്പിച്ചു
- ശവഭസ്മം ജലം കൂട്ടിശ്ശിവലിംഗേ സമർപ്പിച്ചു
- ശിവപ്രീതിവരുത്തേണം നമുക്കെന്നുമുറപ്പിച്ചു
- ദിനം തോറും മനക്കാമ്പിലന്മ്ഗദ്വേഷിയെച്ചിന്തി-
- ച്ചനങ്ങാതെ മുടങ്ങാതെ തുടങ്ങീ പൂജനം വേടൻ
- അവന്റെ ഭാര്യയാകുന്ന പുളിന്ദിതാനുമവ്വണ്ണം
- ശിവന്റെ പാദമുൾക്കാമ്പിൽ സ്മരിച്ചു വന്ദനം ചെയ്തു
- നിത്യവും ചണ്ഡകവേടൻ ശൈവപൂജ കഴിക്കുമ്പോൾ
- സത്വരം ഭാര്യയെക്കൂടെ വിളിക്കും വന്ദനം ചെയ്വാൻ
- ചുടലബ്ഭസ്മവും പൂവും തീർത്ഥവും തന്നുടെ ഭാര്യ-
- യ്ക്കുടനേ നൽകുമീവണ്ണം പത്തുമാസം തപം ചെയ്ത-
- ങ്ങൊരുനാളിൽ ചിതാഭസ്മമൊടുങ്ങിപ്പോകയാൽ വേടൻ
- തിരഞ്ഞുകാനനം തോറും നടന്നു സംഭ്രമത്തോടേ
- ഒരേടത്തും ചിതാഭസ്മം ലഭിയാഞ്ഞുവിഷാദിച്ചു
- ചിലദേശം നടന്നിങ്ങു പോന്നിതു കുണ്ഠിതത്തോടെ
- ഉരചെയ്തു മഹാശുദ്ധൻ പുളിന്ദീ! ഞാനെന്തു ചെയ്വൻ
- ഒരേടത്തും ലഭിച്ചീല ചുടലബ്ഭസ്മമെൻ ബാലേ!
- അതുകൂടാതരുതെന്നു മഹീപാലനരുൾ ചെയ്തു
- ഗതിയെന്തു നമുക്കിങ്ങു മുടങ്ങും നമ്മുടെ കൃത്യം
- അതുകേട്ടു തെളിവോടെ പുളിന്ദി താനുര ചെയ്തു
- അതുകൊണ്ടു വിഷാദിച്ചീടൊലാ കാന്താ!മഹാത്മാവേ!
- ഭവനത്തെദ്ദഹിപ്പിച്ചിട്ടതിലെന്റെ ശരീരത്തെ
- ശിവപൂജാർത്ഥമായ് കൂടെദ്ദഹിപ്പിപ്പാൻ തുടങ്ങുന്നേൻ
- ശവഭസ്മം നിനക്കുണ്ടാം തവഖേദം ശമിപ്പിപ്പാനുപേക്ഷിക്കുന്നു
- ഞാൻ ദേഹം മമകാന്ത! ധരിച്ചാലും
- ശംബരൻ ചൊല്ലിനാനപ്പോളതുനന്നല്ലെടോ ബാലേ!
- ശബരീ നിന്നുടെ ദേഹം ദഹിപ്പിച്ചീടുമോ കഷ്ടം
- കബരീ ശോഭിതം തുംഗസ്തനകുംഭദ്വയംരമ്യം
- നിബരീസാളകം ചാരുവദനം ചഞ്ചലാപാംഗം
- വിരഹം മേ സഹിച്ചീടാവിപുലശ്രോണിയാളേ!
- നീ വിരമിച്ചീടുക ബാലേ! സാഹസം നീ തുടങ്ങൊല്ലാ
- പൂർണ്ണമാം യൌവനത്തോടേവസിക്കുംനീ മരിക്കൊല്ലാ
- പൂർണ്ണചന്ദ്രാനനേ! പുത്രൻ നമുക്കു സംഭവിച്ചീല
- കാമലീലാവിലാസത്തിൽ തൃപ്തിയും ജാതമായീല
- കാമിനി നീ ശരീരത്തെ ത്യജിക്കൊല്ലാ മഹാഭാഗേ!
- പുളിന്ദി ചൊല്ലിനാനപ്പോൾ പുരുഷപുംഗവ! കാന്ത!
- തെളിഞ്ഞു സംവദിച്ചാലും ശിവപൂജ മൊടക്കൊല്ലാ
- ശരീരം കൊണ്ടുപകാരൊരിക്കൽ സംഭവിക്കുമ്പോൾ
- പരിരംഭാദി സൌഖ്യത്തെസ്മരിക്ക യോഗ്യമല്ലേതും
- നിരൂപിച്ചാൽ മഹാകഷ്ടം ശരീരം ഘോരദുർഗ്ഗന്ധം
- ദുരൂഹം മൂഢതാപാത്രം മൂത്രകുംഭം മലാധാരം
- ദുരാധിവ്യാധിസങ്കേതം മാംസപിണ്ഡമതുകൊണ്ടു
- പരന്മാർക്കങ്ങുപകാരം വരുന്നേരം ത്യജിക്കേണം
- അധമജാതിയിൽ വന്നു ജനിക്കകൊണ്ടൊരു പുണ്യ
- വിധമൊന്നും വിശേഷിച്ചു നമുക്കില്ലെന്നറിഞ്ഞാലും
- പിതൃക്കൾക്കും ഗുരുക്കൾക്കും ഗതി വന്നീടുവാൻ പിന്നെ
- സുതന്റെ സൽക്രിയ വേണമതുമില്ല നമുക്കിപ്പോൾ
- നമുക്കും കൃത്യമെന്തുള്ളൂ ദാനമുണ്ടോ യാഗമുണ്ടോ?
- ഗമിക്കും ദിക്കിനു കൂടെപ്പോകുവാൻ നേരുവാക്കുണ്ടോ?
- ഹോമമുണ്ടോ? ജപമുണ്ടോ? നാമസങ്കീർത്തനമുണ്ടോ?
- രാമനാമം ശിവനാമമിവ ചിന്തിക്കുമാറുണ്ടോ?
- എന്തുകൊണ്ടുഗതിയുണ്ടു ചിന്തിയാതെ കഥിക്കൊല്ലാ
- ഹന്ത ഞാനഗ്നിയിൽ ദേഹം ത്യജിച്ചു ശുദ്ധയാകുന്നേൻ
- ഇത്ഥമെല്ലാമുരചെയ്തു കിരാതി കൌതുകത്തോടെ
- സത്വരം തന്നുടെ ഗേഹം കൊള്ളിവച്ചു മടിയാതെ
- വഹ്നിയേയും വേടനേയും മൂന്നുവട്ടം വലം വച്ചു
- ജഹ്നുജാമൌലിയെച്ചിത്തേ ധരിച്ചു ചാടിനാൾ തീയിൽ
- പുളിന്ദി തന്നുടെ ദേഹം ദഹിച്ചു ഭസ്മമായപ്പോൾ
- പുളിന്ദൻ സ്നാനവും ചെയ്തു ശിവപൂജയ്ക്കൊരുമ്പെട്ടു
- ശവഭസ്മമെടുത്താശു ശിവലിംഗേ വിലേപിച്ചു
- ഭുവനേശപ്രസാദത്തെ വരുത്തിപ്പൂജയും ചെയ്തു
- വിളിച്ചു ഭാര്യയെപ്പൂജാവസാനേനനിത്യമഭ്യാസാൽ
- കുളിച്ചു ഭാര്യയും വന്നു വണങ്ങി നിന്നിതു മുമ്പിൽ
- എരിച്ച തീയിലാമ്മാറു കരിച്ച തന്നുടെ ദേഹം
- മരിച്ച ഭാര്യ താനപ്പോൾ സ്മരിച്ച നേരമേ വന്നു
- തിരിച്ചു തീർത്ഥവും വാങ്ങിദ്ധരിച്ചുനിന്നതുകണ്ടു
- തരിച്ചുവേടനുദേഹം മരിച്ച ഭാര്യ താനപ്പോൾ
- തനിച്ച സംഭ്രമത്താലെ കനത്ത കൌതുകത്തോടെ
- പറഞ്ഞു വേടനന്നേരം മനസ്സിൽ ഭ്രാന്തിയോ
- മായാ മോഹമോ സ്വപ്നമോ ഭദ്രേ!
- സമസ്തംദഗ്ദ്ധമാം നിന്റെ മുഗ്ദ്ധദേഹം യഥാപൂർവം
- നമുക്കു കാണ്മതിനിപ്പോളെന്തെടോ ബന്ധമെൻ കാന്തേ!
- കരിഞ്ഞു ഭസ്മമായോരു ദേഹവും കാണുമാറായി
- പിരിഞ്ഞു കാണിനേരം ഞാനിരുന്നീലെന്തൊരാശ്ചര്യം!
- അതുകേട്ടങ്ങുര ചെയ്തു പുളിന്ദിവന്ദനത്തോടെ
- അതുലം വിസ്മയം കാന്താ! നമുക്കേതും നിനവില്ല
- വഹ്നിയിൽച്ചാടിയനേരം ചൂടെനിക്കു പിടിച്ചീല
- പിന്നെയൊന്നും പരമാർത്ഥം നമുക്കില്ല മനക്കാമ്പിൽ
- ഉറങ്ങീട്ടുണർന്നോരു ഭാവമിപ്പോൾ നമുക്കുള്ളിൽ
- കുറഞ്ഞൊന്നുണ്ടതേയുള്ളു പറഞ്ഞാലാർക്കു വിശ്വാസം
- ശിവലിംഗാർച്ചനത്തിന്റെ ഫലം തന്നെ നമുക്കിപ്പോൾ
- ഇവണ്ണം സംഗതിവന്നു നമസ്തേ പാർവതീകാന്ത!
- ഇത്ഥമങ്ങു വിചാരിച്ചു വേടനും ഭാര്യയും കൂടി
- ബുദ്ധിയിൽ ഭക്തിവിശ്വാസം മുഴുത്തു മേവിന നേരം
- നാലുപേരിന്ദുചൂഡന്റെ സേവകന്മാർ വിമാനത്തിൽ
- ചാലവേ ചാരുവേഷന്മാർ വന്നു മന്ദസ്മിതത്തോടെ
- ദമ്പതിമാരുടെപാണിപിടിച്ചാശുവിമാനത്തി
- ലിമ്പമോടേകരേടീക്ക്ക്കോണ്ടംബരാന്തേ നടകൊണ്ടാർ
- കിങ്കരന്മാരുടെ പാണിതൊട്ടനേരമിരുവർക്കും
- ശങ്കരന്റെ ശരീരത്തോടൊത്ത ദേഹം പ്രകാശിച്ചു
- പാർവതീവല്ലഭൻ തന്റെ പാദമൂലം പ്രവേശിച്ചു
- സർവകാലം കാന്തയോടേ സഖിച്ചു മേവിനാൻ വേടൻ
- എന്നതുകൊണ്ടുരചെയ്തേൻ ഭക്തിതന്നെ മനുഷ്യർക്ക-
- ങ്ങുന്നതിക്കും സുഖത്തിനും യശസ്സിനും മൂലഹേതു
- തർക്കശാസ്ത്രം പഠിച്ചാലും ശബ്ദശാസ്ത്രം ഗ്രഹിച്ചാലും
- കർക്കശത്വം കലർന്നുള്ള തപോമാർഗ്ഗം ശ്രവിച്ചാലും
- നാലുവേദം പഠിച്ചാലും നാമഘോഷം തുടർന്നാലും
- ആലുവെച്ചു വളർത്താലും കുളം വെട്ടിക്കുളിച്ചാലും
- ഭക്തിയില്ലാത്തവനുണ്ടോ മുക്തിമാർഗ്ഗം ലഭിക്കുന്നു
- ഭള്ളിനായിപ്പുലർകാലേ ക്കുളിച്ചുഭസ്മവും തേച്ച-
- ങ്ങുള്ളിലോരോമനോരാജ്യം നിനച്ചു രാഗരോഷത്താൽ
- കണ്ടദേവാലയം തോറും മണ്ടിമണ്ടി വലം വെച്ചാ-
- ലുണ്ടതിനു ഫലം കിഞ്ചിൽ പൂർണ്ണമാവാൻ ഭക്തിവേണം
- തർപ്പണം പൂജനം ഹോമം നാമസങ്കീർത്തനം ധ്യാനം
- ദർപ്പമോടേതുടങ്ങൊല്ലാഫലത്തിന്നും കുറവുണ്ടാം
- ശ്രദ്ധയോടേ ചെയ്തുകൊണ്ടാലപ്പൊഴേ ശുദ്ധമാമല്ലോ
- ബുദ്ധിമാന്മാർക്കേതും പിന്നെ ഗ്രഹിപ്പിക്കേണ്ടതില്ലല്ലോ
- ദിവ്യനായ ശംബരന്റെ കഥ കേട്ടാൽ ഭവിച്ചീടു-
- മവ്യയജ്ഞാനവും സമ്പൽപ്രൌഢിയും മോക്ഷവും ഭദ്രം
- ചൊല്ലെഴുന്ന മനക്കോട്ടു മേവിടും ബാലരാമൻ താൻ
- നല്ല സൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ
- മുല്ലബാണാരിയെച്ചിത്തേച്ചേർത്തുകൊണ്ടു വസിക്കുന്നോൻ
- വല്ലഭത്തോടനേകം നാൾ വാണുകൊണ്ടു വിളങ്ങേണം.
ശംബരമാഹാത്മ്യം സമാപ്തം