ശിവപുരാണം/ശിവരാത്രിമാഹാത്മ്യം
- ശ്രീകണ്ഠപ്രഭാവങ്ങളിനിയും ചൊല്ലീടുന്നേൻ
- ശ്രീ കുലം ബലം ധനമായുസ്സും ഫലംവരും
- ലോകരഞ്ജനം ജ്ഞാനം പ്രീതികാരണം പരം
- ശോകഭഞ്ജനം മനോദോഷമോക്ഷണം ശിവം
- രുദ്രസേവനത്തിനു തുല്യമാം വണ്ണമൊരു
- ഭദ്രകർമ്മങ്ങൾ ചെയ്‌വാൻ മുറ്റും മറ്റൊന്നില്ല:
- ധർമ്മകാമാർത്ഥങ്ങളും മോക്ഷവും സാധിപ്പിക്കും
- ധാർമ്മികന്മാരേ! മാരാരാതിതന്നാരാധനാൽ
- ദുസ്സ്വപ്നം ദുരാഗ്രഹം ദുർഗ്രഹക്ലേശങ്ങളും
- ദുസ്സഹവ്യാമോഹവും വ്യാധിയും ദാരിദ്ര്യവും
- ദുസ്സ്വഭാവവും ദുരന്താദിയും ദുര്യോഗവും
- ഭസ്മമായ്‌വരും സ്മരാരാതിയെ സ്മരിച്ചാകിൽ
- ബുദ്ധിപൂർവമല്ലാതെ ചെയ്കിലും ശിവാർച്ചനം
- സിദ്ധിസാധനമായിസ്സംഭവിച്ചീടും നൂനം
- മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി
- ശ്ലാഘനീയയെന്നിഹ ചൊല്ലുന്നു ബുധജനം
- അന്നുപവാസം ചെയ്തു നിദ്രയുമുപേക്ഷിച്ചാ-
- ലിന്ദുശേഖരനോടു ചേരുമവനെന്നാലും
- രാത്രിയിലുറങ്ങാതെ ശൈവപൂജയാ ശിവ-
- രാത്രിനാളുപവാസം ചെയ്യുന്ന നരന്മാർക്കു
- ധാത്രിയിൽ ജനിക്കയും ധാതൃകല്പിതങ്ങളാം
- ഗാത്രസംക്ലേശങ്ങൾക്കും സംഗതിവരാ നൂനം.
- മാതൃഗർഭത്തിൽ പുക്കു ദുഃഖസന്താപങ്ങളാ-
- ലാതുരപ്പെട്ടു കിടന്നുഴന്നു ഖേദിക്കേണ്ടാ
- നോറ്റുകൊള്ളുവിൻ ശിവരാത്രിയെന്നുരചെയ്തു
- പോറ്റി താനാർത്തന്മാരോടർത്ഥബന്ധുവാം ദേവൻ
- മാഘമാസവും ശിവരാത്രിയും ശിവ! ശിവ!
- മോഘമാക്കുവാനാർക്കു തോന്നാതീ മഹാവ്രതം
- ഏകരാത്രിയിലുറക്കശനമുപേക്ഷിച്ചാ-
- ലേകരാജ്യമായ് വാഴാമീശന്റെ ലോകങ്ങളിൽ
- വില്വപത്രത്തെക്കൊണ്ടു ദേവനെപ്പൂജിക്കുന്നോർ-
- ക്കില്ലിനി ജനിക്ലേശം കില്ലതിനുണ്ടാകേണ്ട.
- കൂവളത്തിലപറിച്ചാസ്ഥയാ മാലകെട്ടി
- ശൈവമാം ബിംബം തന്നിൽ ചാർത്തിപ്പിച്ചീടുന്നവൻ
- പുത്രസന്തതി യശോ ദീർഘായുസ്സമൃദ്ധനായ്
- ഭവ്യമാം ഗിരീശനെപ്പൂജിച്ചാലതിൻ ഫലം
- ഈവണ്ണമെന്നു പറഞ്ഞീടുവാനെളുതല്ല
- കേവലമൊരു കഥകൊണ്ടു ഞാൻ ബോധിപ്പിക്കാം.
- സൂര്യവംശത്തിൽ പണ്ടു വീരനാമൊരു നൃപൻ
- ധൈര്യഗാംഭീര്യാംഭോധിജാതനായ് മഹാരഥൻ
- നാമവും മിത്രസഹനെന്നിഹ കേട്ടീടുന്നു
- ധീമതാം വരൻ മഹാസുന്ദരൻ നരോത്തമൻ
- സൌമ്യത നിരൂപിച്ചാൽ സോമനെക്കാളും രമ്യൻ
- ധാർമ്മികത്വത്തെപ്പാർത്താൽ ധർമ്മരാജനോടൊക്കും
- സമ്പത്തുവിചാരിച്ചാലുമ്പർകോനിളപ്പെടും
- കമ്പമില്ലാത്തതോർത്താൽ കൈലാസം വിറച്ചുപോം.
- വിക്രമം നിനയ്ക്കുമ്പോൾ ചക്രപാണിയോടൊക്കും
- കർക്കശപ്രതാപത്തിനർക്കനേയെതിരുള്ളു.
- രൂപസൌന്ദര്യം കണ്ടാലംഗജൻ വിഷണ്ണനാം
- ചാപകൌശലംകൊണ്ടു ഭാർഗ്ഗവൻ പ്രശംസിക്കും;
- നീതിശാസ്ത്രങ്ങൾ കൊണ്ടു കുണ്ഠനാം ബൃഹസ്പതി,
- ഗീതാചാതുര്യം കേട്ടാലന്ധരാം ഗന്ധർവന്മാർ;
- ശബ്ദശാസ്ത്രങ്ങൾ കൊണ്ടു തുഷ്ടനാം ഹനൂമാനും,
- വിദ്യയാ സരസ്വതീദേവിയും കൊണ്ടാടുന്നു
- സർവവേദിത്വം കൊണ്ടു ശർവനും പ്രസാദിക്കും
- സർവദാ ദാനം കൊണ്ടു പാരിജാതവും തോൽക്കും;
- മിത്രവംശാലങ്കാരഭൂതനാം മിത്രസഹൻ
- മിത്രമന്ത്രീന്ദ്രന്മാരോടൊന്നിച്ചു വാണീടിനാൻ.
- ഇക്ഷ്വാകുകുലേന്ദ്രന്റെ വല്ലഭ ദമയന്തി
- ലക്ഷണാന്വിത ദമയന്തിയെന്നതുപോലെ
- കാന്തയോടൊരുമിച്ചു മേവുന്നാളൊരുദിനം
- കാന്താരേ നായാട്ടിനു ഭൂപതി പുറപ്പെട്ടു
- ശ്വാക്കളും ഭടന്മാരും കാടരും വലക്കെട്ടും
- കർക്കടപംക്തി കുന്തം ചാപവും ശരങ്ങളും
- ഒക്കവേ യോഗം കൂട്ടിക്കാട്ടിലങ്ങകം പുക്കു
- വക്കാണം മൃഗങ്ങളോടേറ്റിതു മിത്രസഹൻ
- ആനകൾ സിംഹങ്ങളും പന്നികൾ കരടികൾ
- മാനുകൾ മഹിഷങ്ങൾ വാൾപ്പുലി വള്ളിപ്പുലി
- ചെമ്പുലി കരിമ്പുലി കേഴകൾ തരക്ഷുക്കൾ
- വമ്പരാം ശരഭങ്ങൾ ശല്യങ്ങൾ മൃഗങ്ങളും
- ഈവകമൃഗങ്ങളെക്കൊന്നുകൊന്നടവിയിൽ
- സാവധാനനാം നൃപൻ ക്രീഡിച്ചുനടക്കുമ്പോൾ
- രൂക്ഷമാം ദാവാനലജ്ജ്വാലപോലുയർന്നൊരു
- രാക്ഷസൻ വരുന്നതു കണ്ടുടൻ നരേശ്വരൻ
- തൽക്ഷണം പ്രയോഗിച്ചു കൂർത്തുമൂർത്തൊരുശരം
- രാക്ഷസനതുകൊണ്ടു മരിച്ചു ഭൂമൌ വീണാൻ,
- അന്നേരമവനുടെ തമ്പിയാം നിശാചരൻ
- ഖിന്നതപൂണ്ടു മണ്ടിക്കാനനം തന്നിൽ നിന്നു
- പർവതഗുഹപുക്കു ഭീതനായരക്ഷണം
- നിർവികാരനായ് നിന്നു ചേതസാ വിചാരിച്ചാൻ
- ഉഗ്രവിക്രമം കൊണ്ടു ശക്രനെ ജയിക്കുന്നോ-
- രഗ്രജക്ഷപാചരശ്രേഷ്ഠനെക്കൊന്നാനിവൻ
- വിഗ്രഹാങ്കണേ മഹാശൂരനാമിവനുടെ
- നിഗ്രഹം ചെയ്‌വാനെനിക്കാഗ്രഹമുണ്ടെന്നാലും
- അഗ്രഭാഗമേ ചെന്നു പോരിനു വിളിച്ചാൽ ഞാൻ
- വ്യഗ്രനായ് വരുമെന്നാൽ മായയാ ചതിക്കുന്നേൻ
- ഇത്തരം വിചാരിച്ചു മായയാ മനുഷ്യനായ്
- സത്വരം നരേന്ദ്രനെ പ്രാപിച്ചു വണങ്ങിനാൻ
- മന്നവശിഖാമണേ! പാഹി മാം മഹാമതേ!
- നിന്നുടെ പാദാംബുജേ വീണു ഞാൻ വണങ്ങുന്നേൻ
- കുക്ഷിരക്ഷണം ചെയ്‌വാനില്ലിനിക്കൊരു ഗതി
- രക്ഷ! രക്ഷ! മാം വിഭോ! ദാസനായ് വസിക്കുന്നേൻ.
- പാചകപ്രവൃത്തിക്കു കൌശലമെനിക്കുണ്ടു
- നീചജാതിയല്ല ഞാൻ ക്ഷത്രിയകുലോത്ഭവൻ
- വസ്ത്രവുമശനവുമഭ്യംഗമിവ മൂന്നു
- വസ്തുവെന്നിയേ മറ്റൊരാഗ്രഹമെനിക്കില്ല;
- എന്നതു കേട്ടു നൃപൻ കൈതവം ബോധിക്കാതെ
- നിന്നെ ഞാൻ പരിഗ്രഹിച്ചേനെന്നുമരുൾ ചെയ്താൻ.
- യാചകപ്രിയങ്കരൻ ദുഷ്ടനാമരക്കനെ
- പാചകവൃത്തിക്കു കല്പിച്ചു മിത്രസഹൻ.
- വേട്ടയും മതിയാക്കിത്തന്നുടെ പുരം പുക്കു
- കൂട്ടവും പിരിച്ചയച്ചാത്മകാന്തയാസമം
- കേളിസൌധത്തെ പ്രാപിച്ചാത്മനാ ദ്വിതീയനായ്
- കേളികൾ തുടങ്ങിനാനംഗനാരത്നത്തോടെ.
- അക്കാലം പിതാവിന്റെ ശ്രാദ്ധവാസരമെത്തുന്നാൾ
- സൽക്കാരം ചെയ്തു ഗുരുവാകിയ വസിഷ്ഠനെ
- ശ്രാദ്ധമൂട്ടുവാനായി വരുത്തി വഴിപോലെ
- ശ്രാദ്ധസംഭാരം കൂട്ടി തൽപാദം കഴുകിച്ചു
- ആസനേ വസിപ്പിച്ചു പൂജയും ചെയ്തനേരം
- ദാസനായ് മരുവുന്ന പാചകനിശാചരൻ
- ക്രവ്യവുമുപദംശദ്രവ്യവും വിളമ്പിനാൻ
- ഗവ്യവും പക്വങ്ങളുമെന്നിവ ബഹുവിധം
- മർത്ത്യമാംസത്തെക്കൂട്ടിത്തീർത്തുകൊണ്ടിലക്കറി
- ഭൃത്യനങ്ങരുന്ധതീകാന്തനു വിളമ്പിനാൻ
- താപസശ്രേഷ്ഠനതു കാൽക്ഷണം ഗ്രഹിച്ചുടൻ
- കോപകമ്പിതത്തോടെ ശാപവാക്കരുൾചെയ്തു
- നന്നെടോ! നരാധമ! നിന്ദ്യമാം നരാമിഷം
- തന്നുനീയെന്നെച്ചതിപ്പിപ്പതിന്നാരംഭിച്ചു
- ധിക്കരിച്ചിരിക്കുന്ന ദുഷ്ടനാം ഭവാനെന്നെ
- സ്സൽക്കരിച്ചതും ചിത്രം ദുർമ്മതേ! നിരീശ്വര!
- രാക്ഷസപ്രകൃതിയാം നീയിനി ക്ഷമാപതേ!
- രാക്ഷസനായിപ്പോക രൂക്ഷമാനസ ശഠ!
- ഇങ്ങനെ ശപിച്ചുടൻ മാമുനി വിചാരിച്ചു
- തിങ്ങിന കൃപാനിധി പിന്നെയുമുരചെയ്തു:
- ആശരനായിപ്പന്തീരാണ്ടു നീ വസിക്കെടോ!
- ആശയത്തിന്റെ ദോഷാലിങ്ങനെ വേണ്ടിവന്നു;
- നമ്മുടെ ശിഷ്യൻ ഭവാനെന്നതുകൊണ്ടു തന്റെ
- ദുർമ്മദം ശമിപ്പിക്ക മാത്രമേ നമുക്കാവൂ
- ഭൂപതിയതുകേട്ടു കോപിച്ചങ്ങരുൾ ചെയ്തു:
- താപസശ്രേഷ്ഠ! ഭവാനെന്നുടെ പരമാർത്ഥം
- ഒന്നുമേ വിചാരിപ്പാനീശനല്ലയോ വിഭോ!
- നിന്ദിതം ചെയ്തീടുമോ സൂര്യവംശജാതന്മാർ?
- ബുദ്ധിപൂർവമാം വണ്ണം ചെയ്തതല്ലിതു വിഭോ!
- ക്രുദ്ധിച്ചു ശപിച്ചതു സാഹസമായിപ്പോയി
- എങ്കിൽ ഞാനെനിക്കുള്ള ശാപശക്തികൊണ്ടുടൻ
- നിങ്കലും കലുഷത ചേർപ്പതിന്നൊരുമ്പെട്ടേൻ.
- എന്നുരചെയ്തു നൃപൻ കൂടവേ ശപിപ്പതി-
- നുന്നതകോപം ധരിച്ചീടിനാൻ ശാപോദകം
- സത്വരം ദമയന്തി ചെന്നു തൽപാദേ വീണു
- ഭർത്താവേ! യരുതരുതെന്നുരചെയ്തനേരം
- ശാന്തകോപനാം നൃപൻ ദുരവേ വാങ്ങിനിന്നു
- താൻ തന്നെ ശാപോദകം തൻ പാദങ്ങളിലാക്കി;
- മന്നവൻ തന്റെ പാദം കൽമഷവർണ്ണമായി-
- തന്നേരം കൽമഷാംഘ്രിയെന്നൊരു പേരുണ്ടായി.
- രാക്ഷസനായിത്തീർന്നു ഭൂപതിയതുനേരം
- രൂക്ഷമാം ശാപത്തിന്റെ ശക്തിയെന്നതേ വേണ്ടൂ;
- തൽക്ഷണമടുക്കളക്കാരനെപ്പിടിച്ചവൻ
- ഭക്ഷണം കഴിച്ചുടൻ കാനനം തന്നിൽ പുക്കാൻ.
- എത്രയും കറുത്തിരുണ്ടഞ്ജനശൈലം പോലെ
- ഗാത്രവും ദ്രംഷ്ട്രകളും ചുവന്ന കേശങ്ങളും
- രൂക്ഷമാം നേത്രദ്വയം ഭീമമാം ഭുജങ്ങളും
- രാക്ഷസപ്രഭുത്വവും പ്രാപിച്ച കൽമഷാംഘ്രി
- അട്ടഹാസങ്ങൾകൊണ്ടു കാനനം മുഴക്കിക്കൊ-
- ണ്ടെട്ടു ദിക്കിലും പാഞ്ഞു നടന്നുതുടങ്ങിനാൻ
- മർത്ത്യരെപ്പിടിപെട്ടു വായിലിട്ടമർക്കയും
- മൃത്യുഭീഷണാകാരൻ ശോണിതം കുടിക്കയും
- താപസന്മാരെത്തല്ലിപ്പല്ലുകൾ തകർക്കയും
- ഭൂപതിമാരെക്കൊന്നു തിന്നുടൻ തിമർക്കയും
- ചോരയിൽ കുളിക്കയും ശൈവലം ധരിക്കയും
- ഘോരമായ് ചിരിക്കയും ഘോഷിച്ചു ശയിക്കയും
- ദന്തിവൃന്ദത്തെച്ചെന്നു പിടിച്ചു ശഠൻ തന്റെ
- ദന്തമാം കുന്തങ്ങളിൽ കോർത്തിട്ടുനടക്കയും
- ഇങ്ങനെ വനാന്തരേ സഞ്ചരിക്കുന്നനേരം
- അങ്ങൊരുദിക്കിൽ കണ്ടു രണ്ടുപേരിരിക്കുന്നു
- ഭംഗിയോടൊരു മുനിബാലകൻ മനോഹരൻ
- മംഗലസ്ത്രീയോടൊന്നിച്ചാശ്രമേ വസിക്കുന്നു
- മാമുനികുമാരനെച്ചെന്നവൻ പിടിപെട്ടു
- ഭാമിനീ തപസ്വിനീ രോദനം ചെയ്തു ചൊന്നാൾ:
- സൂര്യവംശജൻ ഭവാനിന്നു നീ നിശാചര!
- ക്രൌര്യമങ്ങുപേക്ഷിക്ക ദേഹി മേ ഭർത്താവിനെ
- എന്തെടോ! ദമയന്തീവല്ലഭ! ഭവാനെന്റെ
- കാന്തനെക്കൊലചെയ്‌വാനഞ്ജസാ ഭാവിക്കുന്നു?
- എന്നുടെ രമണനെത്തന്നു നീ രക്ഷിക്കേണം
- മന്നവാ! ഭവാനതുകാരണം ശുഭം വരും.
- ഹിംസയാലനർത്ഥമുണ്ടെന്നു നീ ബോധിക്കെടോ!
- പാംസുഅപ്രകൃതികൾക്കീശ്വരൻ വിരോധിയാം
- മൽപ്രിയപ്രമാരണം ചെയ്കൊലാ മഹാബല
- വിപ്രിയക്രിയാഫലം പാതകം ശരീരിണാം
- എന്നുടെ ശരീരവും പ്രാണനും സുഖങ്ങളും
- എന്നുടെ രമണനെന്നോർത്തുനീ കൃപാന്ധരാൽ
- കാന്തനെ ത്യജിക്ക നീ കാനനപ്രചാരക!
- ശാന്തനായ് വസിക്കെടോ! ശാപമോചനത്തോളം
- താപസീവചസ്സിനെക്കേൾക്കാതെ നിശാചരൻ
- താപസകുമാരനെക്കൊന്നു മാംസവും തിന്നാൻ
- ബാലയാം മുനിപത്നി വാവിട്ടുകരഞ്ഞുടൻ
- ലോലലോചന ചിതാവഹ്നിയെ ജ്വലിപ്പിച്ചു:
- ദുർമ്മതേ! നിശാചര! നിന്നെ ഞാൻ ശപിക്കുന്നേൻ
- കർമ്മലംഘനം ചെയ്‌വാൻ ജന്മികൾക്കെളുതാമോ?
- ഘോരമാനസ! കേൾ നീ നിഷ്ഠുര! നിനക്കൊരു
- നാരിയെത്തൊടുന്ന നാൾ നാശമെന്നുര ചെയ്തു
- വഹ്നിയിൽ പ്രവേശിച്ചു വാമലോചനാ സതീ
- തന്നുടെ രമണനോടൊന്നിച്ചു ദിവം പുക്കാൾ.
- ഭൂപനും പന്തീരാണ്ടു രാക്ഷസാകാരത്തോടെ
- ശാപമങ്ങനുസരിച്ചാത്മരൂപത്തെപ്പൂണ്ടു
- തന്നുടെ പുരം പുക്കു ഭാര്യയെപ്പുണരുവാൻ
- മന്നവനടുക്കുമ്പോൾ ഭാര്യതാനുരചെയ്താൾ:-
- താപസീശാപംകൊണ്ടു ഭാര്യയെത്തൊടുന്ന നാൾ
- ആപത്തുവരും ഭവാനെന്നു ഞാൻ കേട്ടൂ നാഥ!
- സ്പർശനം ചെയ്തീടൊല്ലാ വല്ലഭ! മഹാമതേ!
- കർശനം പറകയില്ലങ്ങനെ പരമാർത്ഥം
- എന്നതുകേട്ടു നൃപൻ ഖിന്നതപൂണ്ടു പാരം
- തന്നുടെ നാടും വെടിഞ്ഞപ്പൊഴേ പുറപ്പെട്ടു
- ശാന്തനായ് ജിതേന്ദ്രിയഗ്രാമനായ് വിശുദ്ധനായ്
- കാന്താരം പുക്കു തപോനിഷ്ഠയാ മേവീടിനാൻ
- സന്തതിവിഘ്നം വരും സൂര്യവംശത്തിനെന്നു
- ചിന്തിച്ചു വസിഷ്ഠനാം മാമുനിശ്രേഷ്ഠൻ താനും
- ശ്രൌതധർമ്മത്താൽ ദമയന്തിയിൽ പുത്രോത്പാദം
- ചെയ്തിതു മഹാമതി സർവധർമജ്ഞൻ തദാ.
- തൽക്കാലം കൽമഷാംഘ്രിക്ഷോണിപൻ വസിക്കുന്ന
- ദിക്കിലാമാറുചെന്നു ഘോരയാം പിശാചിക
- താപസകുമാരന്റെ ഹിംസയാം ബ്രഹ്മഹത്യ
- ഭൂപനെ ഗ്രസിപ്പാനായ് പാഞ്ഞടുക്കുന്നനേരം
- തൽപരമാർത്ഥം നൃപൻ താപസൻ ചൊല്ലിക്കേട്ടു
- തൽപ്രദേശത്തെ ത്യജിച്ചോടിനാൻ ഭയത്തോടെ
- ഉത്തമക്ഷേത്രങ്ങളിൽ തീർത്ഥസേവനം ചെയ്തു
- ധാത്രിയിൽ പലദിക്കും സഞ്ചരിച്ചീടുന്നേരം
- അഗ്രതോ വിദേഹന്റെ രാജധാനിയിൽ ചെന്നു
- ഉഗ്രയാം പിശാചിയും പിന്നാലെ കൂടിച്ചെന്നു
- അന്നേരം കാണായ് വന്നു ഗൌതമമഹാമുനി
- മന്ദസഞ്ചാരത്തോടേ വരുന്നു സന്തോഷവാൻ
- ശിഷ്യരും വടുക്കളും ഗോക്കളും മൃഗങ്ങളും
- ഭാഷ്യവാർത്തികങ്ങളും തർക്കവും വേദാന്തവും
- വേദഘോഷവും നാമകീർത്തനക്രമങ്ങളും
- വാദവും സ്തുതികളും കേൾക്കുമാറാായിതപ്പോൾ
- കൌതുകപ്രഹർഷംകൊണ്ടെത്രയും പ്രസന്നനാം
- ഗൌതമമുനീന്ദ്രനെ ക്ഷ്മാപതി വണങ്ങിനാൻ.
- ഗൌതമനരുൾ ചെയ്തു: നല്ലതുവരികെടോ!
- ഭൂതലേശ്വരാ! തവ സ്വാഗതം ഭവിക്കണം
- നിന്നുടെ ഭാഗ്യത്തിങ്കൽ സൌഖ്യമോ മഹാത്മാവേ!
- മന്നിടങ്ങളിൽ ശുഭം മന്നവ! മേവുന്നല്ലീ?
- നിന്നുടെ പുരോഹിതൻ മാമുനിവസിഷ്ഠനും
- തന്നുടെ തപോവ്രതനിഷ്ഠയാ വാഴുന്നല്ലീ?
- രാജലക്ഷ്മിയെ ത്യജിച്ചങ്ങനെ താനേ തന്നെ
- രാജരാജനാം ഭവാൻ പോരുവാനെന്തേ ബന്ധം?
- നിന്നുടെ മുഖം കണ്ടാലന്തരാത്മാവിലൊരു
- ഖിന്നത വിശേഷിച്ചുണ്ടെന്നതു തോന്നീടുന്നു
- മന്നവ! ക്ഷമാപതേ! ചൊൽക നീ മടിക്കേണ്ട
- മാനസേ വിഷാദമുണ്ടെങ്കിൽ ഞാൻ തീർത്തീടുവൻ
- എന്നതുകേട്ടു നൃപൻ വന്ദിച്ചു ചൊല്ലീടിനാൻ
- എന്നുടെ പുരം തന്നിൽ മറ്റൊരു ഖേദമില്ല
- എന്നുടെ ദോഷം കൊണ്ടു വന്നതു ബ്രഹ്മഹത്യാ
- വന്നു മാം ഗ്രസിപ്പതിനെപ്പൊഴും ഭാവിക്കുന്നു
- മറ്റൊരുത്തർക്കും കാണ്മാനില്ലതു നോക്കുന്നേരം
- മുറ്റുമെത്രയും ഘോരമെനിക്കേ കാണ്മാനുള്ളു
- യജ്ഞങ്ങൾ പലവിധം ചെയ്തു ഞാൻ മഹാമുനേ!
- സുജ്ഞാനപ്രദങ്ങളാം കർമ്മങ്ങൾ പലചെയ്തു;
- അർത്ഥദാനങ്ങളെനിക്കാം വണ്ണ മനുഷ്ഠിച്ചേൻ
- തീർത്ഥമാം തീർത്ഥങ്ങളിലൊക്കെയും സ്നാനം ചെയ്തേൻ
- ധാത്രിയിലുള്ള മഹാക്ഷേത്രങ്ങൾ തോറും ചെന്നു
- ഗാത്രശോഷമാം തപോനിഷ്ഠയുമനുഷ്ഠിച്ചേൻ;
- ഒന്നു ചെയ്താലുമതിക്രൂരയാം പിശാചിക
- എന്നെ വേർപെടുന്നീല ഹന്ത ഞാനെന്തു ചെയ്‌വൂ?
- നിന്തിരുവടിയുടെ കാരുണ്യം കൊണ്ടു മമ
- സന്താപപ്രബന്ധങ്ങൾ തീരുമെങ്കിലേയുള്ളു
- ഈശ്വരാനുകൂല്യത്താലിന്നു ഞാൻ യാദൃച്ഛയാ
- വിശ്വബന്ധുവാം നിന്റെ വീക്ഷണം സമ്പാദിച്ചേൻ
- നിന്തിരുവടിയുടെ വേഷഭാവങ്ങൾ കണ്ടാ-
- ലന്തരംഗത്തിലതി പ്രീതിയുണ്ടെന്നു തോന്നും
- മാർഗ്ഗലംഘനം ക്ലേശമുണ്ടെന്നും സൂചിപ്പിക്കുന്നു
- ദീർഘനിശ്വാസങ്ങളും വീർപ്പും നീർത്തുള്ളികളും
- സർവസംശയങ്ങളും തീർത്തരുളേണം ഭവാൻ
- ദുർവഹമെന്റെ ഭയം നീക്കി രക്ഷിച്ചീടണം
- ഭൂപതിവചസ്സുകൾ കേട്ടുടൻ പ്രസാദിച്ചു
- താപസകുലോത്തമൻ തൽക്ഷണമരുൾ ചെയ്തു:
- സാധു ഹേ മഹീപതേ! സംഭ്രമം ത്യജിച്ചാലും
- ബാധകളൊഴിക്കുമീശ്വരൻ പുരാന്തകൻ
- ഭക്തരിൽ കരുണയാ പാർവതീകാന്തൻ ദേവൻ
- ഭുക്തിമുക്തിദൻ മഹാ ഗോകർണ്ണേ വാണീടുന്നു;
- ധാത്രീമണ്ഡലം തന്നിലുത്തമം ഗോകർണ്ണാഖ്യ-
- ക്ഷേത്രമെന്നറിഞ്ഞാലും ക്ഷത്രിയശിഖാമണേ!
- തത്ര ചെന്നൊരുദിനം വന്ദനം ചെയ്തീടുന്ന
- മർത്ത്യജാതികളുടെ പാതകം ശമിച്ചീടും
- പുത്രമിത്രാർത്ഥങ്ങളാം തുംഗകല്ലോലങ്ങളാ-
- ലെത്രയും ദുരന്തമാം സംസാരാർണ്ണവം തന്നിൽ
- സന്തതം മുങ്ങിപ്പൊങ്ങിപ്പാരമങ്ങുഴലുന്ന
- ജന്തുവർഗ്ഗങ്ങൾക്കൊരു ബന്ധുവാം പുരാന്തകൻ
- ഗോകർണ്ണക്ഷേത്രം തന്നിലന്വഹം വസിക്കുന്നു
- ലോകങ്ങൾക്കധിപതി ശങ്കരൻ മഹാദേവൻ
- വഹ്നിയും ശശാങ്കനും താരകഗ്രഹങ്ങളും
- മന്നിലെത്തമസ്സിനെ സ്വല്പമേ ശമിപ്പിപ്പൂ
- ഒക്കവേ തമോഭാരം നീക്കുവാനുദിതനാ-
- മർക്കനെന്നിയേ മതിയാകുമോ മറ്റാരാനും?
- എന്നതുപോലെ മന്നിൽ മറ്റുള്ള ക്ഷേത്രങ്ങളിൽ
- ചെന്നുടൻ സേവിക്കുമ്പോളേതാനും പാപം നീങ്ങും
- സർവപാതകങ്ങളും തൽക്ഷണം നശിപ്പിച്ചാ-
- നുർവിയിൽ ഗോകർണ്ണാഖ്യക്ഷേത്രനാഥനേയുള്ളു.
- ജന്മകോടികൾ തോറും സംഭരിച്ചുണ്ടാകുന്ന
- കൽമഷം സമസ്തവും സംഹരിച്ചീടും നൂനം
- ഏകവാസരം തത്ര ചെയ്തൊരു തപസ്സുകൾ-
- ക്കേകലക്ഷാബ്ദങ്ങളിൽ ചെയ്തതിൻ ഫലം വരും
- വിഷ്ണുവും വിരിഞ്ചനും വിശ്വദേവാഖ്യന്മാരും
- ജിഷ്ണുവാദിയാം ദേവവൃന്ദവും വസുക്കളും
- ചന്ദ്രനും ദിനേശനും അശ്വിനീദേവന്മാരും
- സാന്ദ്രഭക്തിപൂണ്ടവർ മേവുന്നു പൂർവദ്വാരേ
- ചിത്രഗുപ്തനും പിന്നെക്കാലും പിതൃക്കളും
- ചിത്രഭാനുവും തഥാ രുദ്രന്മാരേകാദശം
- ദക്ഷിണദ്വാരം തന്നിൽ സർവദാ വസിക്കുന്നു
- ദക്ഷവൈരിയാം മഹാബലനെസ്സേവചെയ്‌വാൻ
- ഗംഗയും യമുനയും മറ്റുള്ള നദികളും
- തുംഗനാം വരുണനും പശ്ചിമദ്വാരം തന്നിൽ
- വായുവും കുബേരനും ദേവർഷി മാതൃക്കളും
- പ്രായശോഗണങ്ങളുമുത്തരദ്വാരം തന്നിൽ
- ഉർവശീതിലോത്തമാമേണകാരംഭാദിയാം
- സ്വർവധൂജനങ്ങളും ദേവനെസ്സേവിക്കുന്നു;
- കാശ്യപാദിയായുള്ള താപസശ്രേഷ്ഠന്മാരും
- ഈശ്വരപ്രസാദത്തെ കാംക്ഷിച്ചു സേവിക്കുന്നു
- സർവദേവതകളും സന്നിധി ചെയ്തീടുന്നു
- സർവദാ സർവജ്ഞനാം ശർവന്റെ ക്ഷേത്രം തന്നിൽ
- തത്ര പണ്ടനേകധാ സജ്ജന തപം ചെയ്തു
- വൃത്രവൈരിയും പിന്നെ താർക്ഷ്യനുമഗസ്ത്യനും
- വഹ്നിയും കന്ദർപ്പനും ശിംശുമാരനും തഥാ
- പന്നഗപ്രധാനനും ചണ്ഡികാദേവിതാനും
- രാവണൻ കുംഭകർണ്ണൻ ശാന്തനാം വിഭീഷണൻ
- കേവലം ത്രിപുരന്മാർ ശൂരവർമ്മാവും തഥാ
- താരകൻ മായാവിയും ദുന്ദുഭി ഹിരണ്യനും
- ഘോരമായ് തപം ചെയ്ത ദേശമെന്നറിഞ്ഞാലും
- മറ്റുമിങ്ങിനെ ബഹുദിവ്യന്മാർ തപം ചെയ്തു
- മുറ്റുമാസ്ഥയാ ലിംഗപ്രതിഷ്ഠ ചെയ്തീടിനാർ.
- ദേവനാം മഹാബലൻ തന്നുടെ ചുഴലവും
- ദേവമന്ദിരങ്ങളുമുണ്ടെടോ! പലവിധം
- വൈഷ്ണവക്ഷേത്രം ശുഭം കാർത്തികേയന്റെ സ്ഥാനം
- വൃഷ്ണിജാതനാം ഗോശാലേശ്വരൻ തന്റെ ബിംബം
- ദന്തിവക്ത്രന്റെ ക്ഷേത്രം ക്ഷേത്രപാലന്റെ ഗൃഹം
- സിന്ധുജാഭഗവതി വാണരുളീടും സ്ഥാനം
- പാർവതീനികേതനം പങ്കജോത്ഭവാലയം
- ഗീർവാണപ്രവരന്റെ മന്ദിരം മനോഹരം
- മാതൃമ്മന്ദിരം പിതൃമന്ദിരം ധർമ്മാഗാരം
- ഭൂതനാഥന്റെ ഗൃഹം നന്ദിമന്ദിരം ശുഭം
- ഭൃംഗിയും സിംഹോദരൻ കുംഭനും കുംഭോദരൻ
- ഭൃംഗിരീടിയും നികുംഭാദിയാം ഗണങ്ങളും
- ഊറ്റത്തിലുയർന്നൊരു കൂറ്റനും ശിഖണ്ഡിയും
- പോറ്റിതന്നരികിലീ വൃന്ദങ്ങൾ നിരക്കവേ
- സംഖ്യയില്ലല്ലോ ശിവലിംഗങ്ങൾക്കഹോ മഹാ
- കങ്കട്ടികന്റെ പുരം ഗോകർണ്ണം മഹാത്ഭുതം
- കല്ലുകൾ ശിവലിംഗം വാരികൾ തീർത്ഥങ്ങളും
- അല്ലാതെയൊരു വസ്തു തത്രയില്ലറിഞ്ഞാലും
- പണ്ടുപോൽ കൃതയുഗേ പാണ്ഡുരൻ മഹാബലൻ
- തൊണ്ടിതൻ പഴം പോലെ ലോഹിതൻ ത്രേത്രായുഗേ
- മഞ്ഞൾ തൻ നിറം പോലെ ദ്വാപരേ കാണായ് വരും
- അഞ്ജനം പോലെ കലി തന്നുടെ കാലങ്ങളിൽ:
- പശ്ചിമാംബുധിയുടെ തീരത്തു വിളങ്ങുന്ന
- നിശ്ചലബ്രഹ്മം പരം ഗോകർണ്ണം മഹീപതേ!
- പാപനാശനം മഹാപാവനം മനോഹരം
- ഭൂപതേ! ഭജിച്ചുകൊൾകാശു നീ ശിവങ്കരം
- സൂര്യസൌമ്യേന്ദു ചതുർദ്ദശികൂടീടും ദിനേ
- വാരിധൌ സ്നാനം ചെയ്തു തർപ്പണം ചെയ്തീടേണം
- മാരവൈരിയെച്ചെന്നു വന്ദനം ചെയ്താലുടൻ
- ഘോരമാം മഹാപാപം ഭസ്മമാം മഹീപതേ!
- സംക്രമം വ്യാതീപാതം സാധുവാം പ്രദോഷവും
- ശങ്കരപ്രസാദത്തിനെത്രയും മഹത്തരം
- മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി
- ലോകസമ്മതം മഹാദേവനെസ്സേവ ചെയ്‌വാൻ
- വില്വപത്രവും ശിവരാത്രിയും ഗോകർണ്ണവും
- കല്യമാം ശിവലിംഗമെന്നിവ നാലും കൂടി
- ദുർല്ലഭമറിക നീ ദുഷ്കൃതാപഹം ശുഭം
- നല്ല പുണ്യവാന്മാർക്കേ സാധിപ്പൂ മഹാമതേ!
- ഹാ കഷ്ടം! ശിവരാത്രി നോറ്റുകൊള്ളുവാനഹോ!
- ലോകർക്കു മനസ്സില്ലാത്തെന്തെടോ നരേശ്വര!
- ആകവേ നിരൂപിച്ചാലകമേ തോന്നുന്നുള്ളു
- ലോകമോഹിനീ മായാദേവിതാൻ ബലീയസീ.
- കേൾക്ക നീ മഹാമതേ! ഞാനുമെൻ ശിഷ്യന്മാരും
- നോൽക്കയും ചെയ്തു ശിവരാത്രിയും കഴിഞ്ഞനാൾ
- രാത്രിയിലുറങ്ങാതെ ശൈവപൂജയും ചെയ്തു
- ക്ഷേത്രമുഖ്യമാം ഗോകർണ്ണാലയേ വസിച്ചൂ ഞാൻ
- ഇന്നലെ ശിവരാത്രി ഗോകർണ്ണേ മഹോത്സവം
- വന്നിതു മഹാജനം സംഖ്യയില്ലതിനേതും
- സ്ത്രീകളും പുമാന്മാരും ബാലരും വൃദ്ധന്മാരും
- ലോകവാസികൾ നാലുജാതിയുമോരോവിധം
- സിദ്ധചാരണന്മാരും യക്ഷഗന്ധർവന്മാരും
- സാദ്ധ്യകിംപുരുഷവിദ്യാധരശ്രേഷ്ഠന്മാരും
- ഇന്ദ്രനും വിരിഞ്ചനും ദേവതാവർഗ്ഗങ്ങളും
- ചന്ദ്രസൂര്യന്മാർ നവയോഗികൾ വസുക്കളും
- ദിവ്യരാം മുനീന്ദ്രന്മാരിന്ദിരാകാന്തൻ താനും
- ഭവ്യരാം ദ്വിജേന്ദ്രന്മാർ ഭാരതീമഹാലക്ഷ്മീ
- ദേവനാരികൾ ശചീദേവിയും സഖികളും
- ദേവവൈരികൾ മഹാനാഗങ്ങൾ ഗരുഡനും
- ഇങ്ങനെ മിശ്രമായിട്ടുള്ളൊരു യോഗം കൂടി
- മംഗലം മഹോത്സവേ ഗോകർണ്ണക്ഷേത്രം തന്നിൽ
- അർച്ചനം ധ്യാനം ജപം തർപ്പണം പ്രദക്ഷിണം
- തച്ചരിതാകർണ്ണനം വർണ്ണനം നമസ്ക്കാരം
- നാമകീർത്തനം സന്ധ്യാനർത്തനം ദാനം വ്രതം
- ഹോമമെന്നിവ തുടങ്ങീടിനാർ മഹാജനം
- രാത്രി ജാഗരണവും ചെയ്തുടൻ ദിനോദയേ
- ക്ഷേത്രവന്ദനം ചെയ്തു യാത്രയായിതു ജനം
- ഞാനുമെൻ വൃന്ദങ്ങളും വാരിധിതീർത്ഥം തന്നിൽ
- സ്നാനവും ചെയ്തു ശിവപൂജയും കഴിച്ചുടൻ
- സത്വരം പ്രാതഃകാലേ പോരുവാൻ തുടങ്ങുമ്പോൾ
- നേത്രകൌതുകമൊരു വിസ്മയം കാണായ് വന്നു.
- വന്നിതു മദ്ധ്യാഹ്നവും ദാഹവും ക്ഷുത്തുംകൊണ്ടു
- ഖിന്നരാം ഞങ്ങൾ ശീഘ്രം ചെന്നിതു സരസ്തടേ.
- ഗാത്രശുദ്ധിയും ജലപാനവും കഴിച്ചുകൊ-
- ണ്ടാൽത്തറമുകളേറിക്കാറ്റുമേറ്റിരിക്കുമ്പോൾ
- വൃദ്ധയാം ചണ്ഡാലിയെക്കണ്ടിതു പുരോഭാഗേ
- ബദ്ധസങ്കടം പൊടിതന്നിലങ്ങുഴലുന്നു
- കുഷ്ഠവും കൃമികളും രാജയക്ഷ്മാവും പിടി-
- ച്ചോഷ്ഠവും കരങ്ങളും മുറിഞ്ഞുവീണീടുന്നു;
- മൂത്രവും മലം ചലം ചോരയും പുരണ്ടുള്ള
- ഗാത്രവും കഫം ശ്ലേഷ്മം ഛർദ്ദിയും വിറയലും
- പൂതിഗന്ധവും കല്ര്ന്നുൽക്കടശ്വാസത്തോടെ
- ഭൂതലേ പിരണ്ടുരുണ്ടാതപം സഹിയാഞ്ഞു
- കാലെടുത്തെറികയും കൈകളും തളർന്നുടൻ
- നാലുദിക്കിലും നോക്കി വാവിട്ടു കരകയും
- കാലമന്ദിരം പൂവാൻ കാലമായതും പ്രതി
- പാലനം ചെയ്തു ഞങ്ങൾ കാൽക്ഷണം നിൽക്കുന്നേരം
- സ്വർണ്ണവർണ്ണമാം വിമാനങ്ങൾ തൻ പ്രകാശവും
- പൂർണ്ണമായ് നഭസ്ഥലേ സത്വരം കാണായ് വന്നു
- സുന്ദരന്മാരാം ശിവകിങ്കരന്മാരെക്കണ്ടു
- സ്യന്ദനം തന്നിൽ വിളങ്ങീടുന്നു നാലുജനം
- ശൂലവും പരശുവും ഭസ്മവും ജടകളും
- ബാലചന്ദ്രനും പുലിത്തോലുടയാടകളും
- സർപ്പകാഞ്ചിയും ശിവമുദ്രയും രുദ്രാക്ഷവും
- കെല്പോടെ ധരിച്ചുകൊണ്ടിങ്ങനെ കാണായ് വന്നു
- നാലു കിങ്കരന്മാരുമെത്രയും പ്രസിദ്ധന്മാർ
- നീലലോഹിതാകൃതിധാരികൾ മനോജ്ഞന്മാർ
- വിസ്മയം പൂണ്ടു ഞാനുമെത്രയും വിനീതനായ്
- ഭസ്മഭൂഷണന്മാരെത്തൊഴുതു ചൊല്ലീടിനേൻ:
- രുദ്രകിങ്കരന്മാരേ! നിങ്ങൾക്കു നമസ്കാരം!
- ഭദ്രമെന്നുടെ ജന്മം നിങ്ങളെക്കാൺക മൂലം
- ചൊല്ലുവിൻ പ്രയോജനമെന്തിഹ വരുവതി-
- നുല്ലസൻ മഹാപ്രഭാ മഞ്ജുളാകാരന്മാരേ!
- ലോകരക്ഷണത്തിനു സഞ്ചരിക്കയോ നിങ്ങൾ
- പാകശാസനാലയം പ്രാപിപ്പാൻ ഗമിക്കയോ?
- എന്നിയേ മഹീതലവാസിയാം ജനത്തിന്റെ
- പുണ്യപാപങ്ങൾ ഗണിച്ചീടുവാൻ നടക്കയോ?
- ശങ്കരഭഗവാന്റെ കിങ്കരന്മാരാം നിങ്ങൾ
- ശങ്ക തീരുവാൻ പരമാർത്ഥമേ ചൊല്ലീടുവിൻ!
- ഇത്തരമെന്റെ ചോദ്യം കേട്ടുടൻ മഹാത്മാക്കൾ
- ഉത്തരമുരചെയ്തു ദേവദൂതന്മാരേറ്റം:-
- കാൺക നീ പുരോഭാഗേ വൃദ്ധയാം ചണ്ഡാലിക
- സങ്കടപ്പെട്ടു മരിച്ചീടുവാൻ തുടങ്ങുന്നു;
- ദിവ്യമാം വിമാനത്തിലേറ്റിക്കൊണ്ടിവളെയ-
- ങ്ങവ്യയപ്രദേശത്തെ പ്രാപണം ചെയ്തീടുവിൻ
- വിശ്വനായകൻ വിഭു വിശ്രുതൻ വിശുദ്ധിമാൻ
- വിശ്വവന്ദിതൻ ദേവൻ ശങ്കരനരുൾ ചെയ്തു
- എന്നതു കേട്ടു ഞാനും കൌതുകാൽ ചോദ്യം ചെയ്തേൻ
- നന്നിതു ഭഗവാന്റെ ശാസനം ശിവ! ശിവ!
- സർവപാപങ്ങൾക്കൊരു പാത്രമാം ചണ്ഡാലിയെ
- ദിവ്യമാം വിമാനത്തിൽ കേറ്റുവാൻ കല്പിച്ചിതോ!
- പൂർവപാപങ്ങൾ കൊണ്ടു വ്യാധിയും ദാരിദ്ര്യവും
- സർവദാ ഭവിച്ചീടും ദേഹികൾക്കസംശയം
- പാപങ്ങളനുമിക്കാം രൂപവൈരൂപ്യം കണ്ടാ-
- ലാപദാന്നിധിയിവളെന്തൊരു ഭാഗ്യം ചെയ്തൂ!
- ദാനവും ചെയ്തീലിവളേകദാ മഹെശ്വര-
- ദ്ധ്യാനവും ചെയ്തീലിവൾ ധർമ്മവും ചെയ്തീലിവൾ
- ജ്ഞാനവുമിവൾക്കില്ലാ സത്യവുമിവൾക്കില്ലാ
- വൃത്തിയുമിവൾക്കില്ലാ വേദവുമിവൾക്കില്ലാ,
- ഭക്തിയുമിവൾക്കില്ലാ, ഭാവശുദ്ധിയുമില്ലാ
- സ്നാനവും ശൌചങ്ങളും കർമ്മവുമിവൾക്കില്ലാ
- തർപ്പണമിവൾക്കില്ലാ, തീർത്ഥസേവയുമില്ലാ,
- ക്ഷേത്രദേവതാ നമസ്ക്കാരവുമിവൾക്കില്ലാ,
- ഈശ്വരനെന്നുള്ളതു കേട്ടിട്ടില്ലിവൾ പുരാ
- ശാശ്വതബ്രഹ്മദ്ധ്യാനമെന്നതുപേക്ഷയല്ലോ!
- സോമവാരവും ശിവരാത്രിയും നോറ്റീലിവൾ
- സോമശേഖരൻ പ്രസാദിപ്പതിനെന്തുമൂലം?
- നിർണ്ണയം ഭഗവാനിന്നീവണ്ണം നിയോഗിച്ചാൽ
- പുണ്യകർമ്മങ്ങൾ ചെയ്കില്ലാരുമെന്നിനിവരും
- പാപകർമ്മണാ പാപം പുണ്യകർമ്മണാ പുണ്യം
- ലോപമില്ലിതിനെന്നു നിശ്ചയമില്ലാതായി
- വല്ലതും ചെയ്തീടേണം വല്ലതും ഫലം വരും
- നല്ലതേ നല്ലൂ നമുക്കെന്നുറപ്പില്ലാതായി
- തിങ്കൾ മൌലി തൻ വാക്യം ലംഘനീയമല്ലെടോ!
- കിങ്കരന്മാരേ! വേഗം ദുഷ്ടയെക്കൊണ്ടുപോവിൻ
- എന്നതുകേട്ടു ശിവകിങ്കരപ്പരിഷകൾ
- മന്ദഹാസവും പൂണ്ടു പറഞ്ഞാരെന്നോടപ്പോൾ:
- കേൾക്കെടോ! മഹാമുനേ! കൌതുകമുണ്ടെന്നാകിൽ
- കേൾക്കുമ്പോൾ ഭവാനുള്ളിൽ സംശയമെല്ലാം തീരും
- മുമ്പിലേ ജന്മമിവളംഗസൌന്ദര്യത്തിനാ-
- ലമ്പിളിക്കലപോലെ ജനിച്ചു വളർന്നവൾ
- സൌമിനിയെന്നു പേരാം വിപ്രകാമിനീമണി
- കാമിനിശിരോമണി ശൃംഗാരമുക്താമണി
- താതനും ജനനിയും ലാളനം ചെയ്തു ഗൃഹേ
- കാതരാക്ഷിയാമിവളാനന്ദത്തോടെ വാണാൾ
- യൌവനം പ്രവേശിച്ചു കാന്തിയും വളർന്നിതു
- സർവഗാത്രങ്ങൾക്കൊരു വെണ്മയുമുണ്ടായ്‌വന്നു;
- വളഞ്ഞു ചില്ലി രണ്ടും തെളിഞ്ഞു മുഖാംബുജം
- വിളങ്ങീ ഗണ്ഡസ്ഥലം വിരിഞ്ഞൂ വക്ഷോഭാഗം!
- മുളച്ചൂ മുലകളും കളിച്ചു കടാക്ഷങ്ങ-
- ളൊളിച്ചു ശിശുത്വവും പുളച്ചു മനോമദം;
- ഇരുണ്ടൂ തലമുടി; ചുരുങ്ങീയുദരവും
- പരന്നൂ ജഘനവും നിരന്നു സൌന്ദര്യവും:
- സുന്ദരിമണിയാളെത്തന്നുടെ പിതാക്കന്മാർ
- സുന്ദരാംഗനാമൊരു വിപ്രനു ദാനം ചെയ്തു.
- വിപ്രനോടൊരുമിച്ചു സൌമിനി യഥാസുഖം
- സുപ്രമോദഹങ്കാരം ക്രീഡിച്ചു മേവീടിനാൾ
- വിപ്രനു രോഗം പിടിപ്പെട്ടിതു ദിനേ ദിനേ
- വിപ്രിയം ഭവിച്ചിതു സൌമിനിക്കതുകാലം;
- വാസരങ്ങളും പത്തുമുപ്പതു കഴിഞ്ഞപ്പോൾ
- ഭൂസുരൻ മരിച്ചിതു കർമ്മമെന്നതേ വേണ്ടൂ.
- വിപ്രനെക്കുറിച്ചുടൻ സൌമിനി ബഹുവിധം
- വിപ്രലാപങ്ങൾ ചെയ്തു ദുഃഖിച്ചുമേവും കാലം
- യൌവനക്കൊടുങ്കാറ്റു വർദ്ധിക്കനിമിത്തമായ്
- ദൈവബുദ്ധിയാം ദീപജ്വാലയും പൊലിഞ്ഞുതേ
- മാരസായകമേറ്റു പാരമങ്ങുഴന്നവൾ
- ജാരസമ്പർക്കം തുടങ്ങീടിനാൾ പതുക്കവേ.
- എത്രയും സൂക്ഷിച്ചൊരു ദിക്കിലങ്ങാക്കിടിനാ-
- രെത്രയും മനോഭവപ്രൌഢത ജൃംഭിക്കയാൽ
- ഗൂഢപുരുഷന്മാരെ പ്രത്യഹം വരുത്തിനാൾ
- മൂഢയാം ദ്വിജാംഗന സൌമിനി ദിനേ ദിനേ.
- യാമിനിയടുക്കുമ്പോൾ കാമിനീമണിയായ
- സൌമിനി ജാരന്മാരെത്തിരഞ്ഞു പുറപ്പെടും
- ആരുമേ കാണാതെ കണ്ടാരംഭം സാധിച്ചുടൻ
- സ്വൈരമാം വണ്ണം ഗൃഹേ ഗൂഢമായ് വാഴുംകാലം
- ഗർഭവുമുണ്ടായ്‌വന്നു ബന്ധുക്കളറിഞ്ഞഹോ
- ദുർഭഗേ നടന്നാലുമെന്നവരുപേക്ഷിച്ചാർ
- നാരിമാർക്കപരാധം കാമനാൽ വരുത്തീടും
- ആരണന്മാർക്കു പാപം രാജസേവയാൽ വരും
- ബ്രാഹ്മണദ്വേഷംകൊണ്ടു ഭൂപതിക്കനർത്ഥമാം
- ധാർമ്മികന്മാർക്കു പരസ്ത്രീരാഗം കൊണ്ടും നാശം
- ശൂദ്രനു മന്ത്രോപവാസം കൊണ്ടുപോലധോഗതി
- ഭദ്രമല്ലൊരുത്തർക്കും കൃത്യലംഘനം ചെയ്താൽ.
- ദേവരബ്മാരും മറ്റു ഭൂസുരന്മാരും കൂടി
- കേവലം തലമുടി പിടിച്ചങ്ങിഴച്ചുടൻ
- കാനനം തന്നിലാക്കിത്താഡനം ചെയ്തുപോന്നാർ
- ദീനയായ് വിഷണ്ഡയായ് സൌമിനി നടകൊണ്ടാൾ
- കാനനം കടന്നുടൻ കാമിനിതാനേതന്നെ
- മാനഭംഗവും പൂണ്ടു ദേശരാജ്യങ്ങൾ തോറും
- സഞ്ചരിക്കുന്നനേരം വീരനാമൊരു ശൂദ്രൻ
- ചഞ്ചലാക്ഷിയെക്കണ്ടു കൌതുകം പൂണ്ടു ചെന്നാൻ;
- വിത്തവാൻ മഹാബലൻ ശൂദ്രനാ സ്ത്രീരത്നത്തെ
- സത്വരം കൂട്ടിക്കൊണ്ടു തന്നുടെ ഗൃഹം പുക്കാൻ
- തന്നുടെ കളത്രമാക്കീടിനാനവൻ മുദാ
- സന്നതാംഗിയെ സദാ ലാളനം ചെയ്തു വാണാൻ.
- കോപ്പുകൾ പലവിധം തീർപ്പിച്ചു നൽകീടിനാ-
- നെപ്പോഴും പിരിയാതെ മേളിച്ചു വാണീടിനാൻ.
- കാമലീലകൾകൊണ്ടു ശൂദ്രനെ വശത്താക്കി
- കാമിനീ സുഗാമിനീ സൌമിനീ സുഭാഷിണീ
- മദ്യപാനവും സദാ മാംസഭോജനങ്ങളും
- ശൂദ്രവല്ലഭയ്കേറ്റമിഷ്ടമായ് വന്നൂ മുദാ
- നാലഞ്ചു സുതന്മാരുണ്ടായീ തദന്തരേ
- ലീലയാ ശൂദ്രാലയേ സൌമിനി വാഴും കാലം
- തന്നുടെ കണവനാം ശൂദ്രനങ്ങൊരുദിക്കി-
- ലന്യകർമ്മത്തിനായിട്ടേകദാ ഗമിച്ചപ്പോൾ
- മദ്യപാനവും ചെയ്തു മത്തയാം കൃശോദരി
- നിദ്രയും വെടിഞ്ഞവളർദ്ധരാത്രിയിൽ തദാ
- ആട്ടിന്റെ മാംസം ഭുജിച്ചീടുവാൻ മോഹത്തോടെ
- പെട്ടെന്നു പുറപ്പെട്ടു വാളുമായ് താനേത്തന്നെ;
- ഗോകുലസ്ഥാനം തന്നിൽ ചെന്നുടനജമെന്നോ-
- ത്താകുലം കൂടാതൊരു ഗോവിനെക്കൊലചെയ്താൾ.
- തൽക്ഷണം പശുവിനെക്കൊണ്ടിങ്ങു ഗൃഹം പുക്കു
- സൂക്ഷിച്ചു വിളക്കത്തു സത്വരം നോക്കിക്കണ്ടാൾ
- അന്നേരം പശുശിശുവെന്നറികയാലവൾ
- ഖിന്നയായ് ശിവ! ശിവ! കഷ്ടമെന്നോതീടിനാൾ
- പൂർവജന്മത്തിലൊരു പുണ്യസംഭവം കൊണ്ടു
- പാർവതീപതിയുടെ നാമമുച്ചരിച്ചിതു
- കേവലം ശിവനാമം കീർത്തിച്ചാലനന്തരം
- ഭാവശുദ്ധിയും വരും പാതകങ്ങളും നീങ്ങും
- അക്ഷരദ്വയം മഹാപാവനം ശിവങ്കരം
- തൽക്ഷണം ജപിച്ചിതു സൌമിനി യദൃച്ഛയാ;
- രണ്ടുനാശികനേരം മിണ്ടാതെയിരുന്നവൾ
- കൊണ്ടുപോയ് പശുമാംസം പചിച്ചു തിന്നീടിനാൾ
- അർദ്ധമാംസത്തെ ഭുജിച്ചർദ്ധശേഷത്തെയെടു-
- ത്തർദ്ധരാത്രിയിൽ പുറത്തിട്ടുകൊണ്ടാക്രോശിച്ചാൾ:
- ദൈവമേ ഹാ! ഹാ! കഷ്ടം ദുഷ്ടനാം വ്യാഘ്രം വന്നു
- ഗോവിനെപ്പിടിപെട്ടു ഭക്ഷിച്ചുപോയീടിനാൻ
- രക്ഷണം ചെയ്തീടുവിൻ രക്ഷണം ചെയ്തീടുവിൻ
- ഭക്ഷണം കഴിച്ചിതാ വൻ പുലി ഗമിക്കുന്നു
- വ്യാഘ്രത്തെ വധം ചെയ്‌വിൻ വൈകാതെ മാലോകരേ!
- ശീഘ്രമവങ്ങൾ നിന്നു വാവിട്ടങ്ങലറിനാൾ
- വീടുകൾ തോറും നിന്നു ശൂദ്രജാതികളെല്ലാ-
- മോടിവന്നകം പുക്കു നോക്കിനാർ പശുമാംസം
- മൂക്കത്തുവിരല്വച്ചു തങ്ങളിൽ നോക്കിനിന്നു
- ദുഃഖിച്ചു പറഞ്ഞുപോയീടിനാരെല്ലാവരും
- വന്നിതു പുലർ കാലേ ശൂദ്രനായകൻ നിജ
- മന്ദിരേ വൃത്താന്തങ്ങൾ കേട്ടുടൻ ദുഃഖം പൂണ്ടു
- പിന്നെയും പശുക്കളെ രക്ഷിച്ചുവഴിപോലെ
- തന്നുടെ പുരമെല്ലാം പാലിച്ചുമേവീടിനാൻ.
- പത്തുമുപ്പതുവർഷം കഴിഞ്ഞോരനന്തരം
- ചത്തിതു ശൂദ്രപ്രിയാ സൌമിനിയൊരുദിനം
- കാലമന്ദിരം പുക്കു മേവിനകാലം കാലൻ
- ചാലവേ വിചാരിച്ചു ചേതസാ ധർമ്മാധർമ്മം
- ഘോർമാം നരകത്തിലിട്ടുടൻ കരയേറ്റി
- പാരാതെ ചണ്ഡാലസ്ത്രീ ഗർഭത്തിലാക്കീടിനാൻ
- എത്രയും കറുത്തിരുണ്ടിങ്ങനെ കുരുടിയായ്
- തത്ര വന്നുടൻ പിറന്നീടിനാളെന്നേവേണ്ടൂ
- കണ്ണു കാണാതെ വന്നു പിറന്ന ചണ്ഡാലിയെ
- ചണ്ഡനാം ചണ്ഡാലേശൻ ദ്വേഷിച്ചു വളർത്തിനാൻ
- ശ്വാക്കളും ശിശുക്കളും തിന്നുതുപ്പിയ ചോറും
- കൊറ്റിനുകൊടുത്തതിൽ ശേഷിച്ച പഴങ്കഞ്ഞി
- കാടിയും കറിക്കലം കഴുകീട്ടുള്ള ചോറും
- കൂടി മേളിച്ചു കൊടുത്തീടിനാനവൾക്കുണ്മാൻ
- പട്ടിണി കിടക്കയും വാവിട്ടു കരകയും
- ചുട്ടവെയ്‌ലത്തു കിടന്നൊട്ടുതാനുഴൽകയും
- കുഷ്ഠവും പിടിപെട്ടു രാജയക്ഷ്മാവും കൂടി
- പൃഷ്ഠവും കാലും കയ്യും പഴുത്തു ദുർഗന്ധവും
- മൂത്രവും പുരീഷവും ചോരയും ചലങ്ങളും
- ഗാത്രമെങ്ങുമേ പിരണ്ടങ്ങനെ വശം കെട്ടു
- വേളിയും കഴിഞ്ഞീല ദുർഭഗയ്ക്കതുകാലം
- ധൂളിയിൽ കിടന്നുഴന്നാർത്തിയും വർദ്ധിച്ചിതു
- ചണ്ഡാലപ്രധാനിയങ്ങവളെക്കൊണ്ടുപോയി
- ചണ്ഡമാം വനത്തിലങ്ങാക്കിനാൻ മടിയാതെ
- യഷ്ടിയുമുടനൊരു ചട്ടിയുമെടുത്തവൾ
- പട്ടണം തോറും നടന്നിരന്നു തുടങ്ങിനാൾ
- ദൈവതമുള്ള ജനമൊട്ടൊട്ടു കൊടുത്തീടും
- കേവലം നിരീശന്മാർ കൈകൊട്ടിച്ചിരിച്ചീടും
- ഇത്തരം നടക്കുന്നോളേകദാ ശിവരാത്രി-
- ക്കെത്തുവാൻ ഗമിക്കുന്ന മർത്ത്യരോടിടകൂടി;
- നാലുദിക്കിലും നിന്നു വരുന്നു മഹാജനം
- നാലുജാതിയും ബാലവൃന്ദവും വൃദ്ധന്മാരും
- സ്ത്രീകളും പ്രഭുക്കളുമാനതേർ കുതിരക-
- ളാകവേ ഘോഷത്തോടെ ഗോകർണ്ണം പ്രാപിക്കുന്നു
- ഭോജനം കിട്ടും നല്ല വസ്ത്രവും കിട്ടുമെന്നു
- യാചനം ചെയ്‌വാൻ മെല്ലെ ചണ്ഡാലി കൂടെപ്പോയാൾ
- ഊട്ടിനു പുറപ്പെട്ട കൂട്ടമെന്നുറച്ചവൾ
- പെട്ടെന്നു പണിപ്പെട്ടു വടിയും കുത്തി കുത്തി
- അദ്ധ്വഗന്മാരെ ദൂരെ വിളിച്ചു പിമ്പേ കൂടി
- ബദ്ധഖേദമാം വണ്ണം വണങ്ങിച്ചൊല്ലീടിനാൾ:-
- അത്രമാത്രമെങ്കിലും ഭോജനം തരികെടോ!
- വസ്ത്രവും തരുന്നാകിലും ഗുണം വരും
- എന്തെടോ പാന്ഥന്മാരേ! ദീനരാം ജനങ്ങൾക്കു
- ബന്ധുത ചെയ്തീടാത്തൂ? ഹന്ത മേ പാപം കാണിൻ
- എന്തൊരു ദുരിതം ഞാൻ ചെയ്തതെന്നറിഞ്ഞീല
- ബന്ധമെന്തെനിക്കിതി സങ്കടം സംഭവിപ്പാൻ?
- ദാഹവും വിശപ്പുമുണ്ടെത്രയും വർദ്ധിക്കുന്നു
- ദേഹവും തളരുന്നു നടപ്പാൻ ശക്തി പോരാ:
- രണ്ടുനാലഹസ്സുണ്ടു പട്ടിണി കിടക്കുന്നു
- കൊണ്ടുപോവതിനയ്യോ കാലനും മനസ്സില്ല
- ഉറ്റവരുപേക്ഷിച്ചു ദൈവവും വെടിഞ്ഞിതു
- കുറ്റമെന്തവർക്കെല്ലാം പാപി ഞാനെന്നേ വേണ്ടൂ.
- കൊറ്റിനു വകയില്ല, കൂറ്റുകാരെനിക്കില്ല
- പെറ്റതുമില്ലല്ലോ ഞാൻ പോറ്റുവാനാരുണ്ടാകും?
- അറ്റവുമറുതിയുമില്ലെന്റെ പാപങ്ങൾക്കു
- ചെറ്റുമില്ലൊരു ഗതി അയ്യയ്യോ! പാന്ഥന്മാരേ!
- കാറ്റുമാതപങ്ങളും പറ്റുന്ന ഹിമങ്ങളു-
- മേറ്റു ഞാൻ കിടക്കുന്നു മാറ്റുവാനെളുതാമോ?
- കൈകളും പരത്തിക്കൊണ്ടങ്ങനെയിരിക്കുന്നോ-
- രാകുലസ്വരൂപതാപാത്രമാം ചണ്ഡാലിക്ക്
- വില്വപത്രത്തെക്കൊണ്ടുപോകുന്ന പാന്ഥനൊരു
- വില്വപത്രത്തെക്കൊടുത്തീടിനാൻ കരം തന്നിൽ
- കൂവളത്തില കരം കൊണ്ടവൾ തൊട്ടുനോക്കി
- ചൊവ്വല്ല ഭുജിപ്പാനെന്നോർത്തുകൊണ്ടുപേക്ഷിച്ചാൾ
- ദൈവകല്പിതം കൊണ്ടു വെടിഞ്ഞ വില്വപത്രം
- ശൈവമാം ലിംഗത്തിന്റെ ശിരസ്സിൽ പതിച്ചിതു
- ഭോജനം ലഭിയാഞ്ഞു നിദ്രയുമുണ്ടായീല
- യോജനവഴിനടന്നാർത്തയാം ചണ്ഡാലിക്ക്
- രാത്രിയും കഴിഞ്ഞുടൻ സർവ്വലോകരുമങ്ങു
- യാത്രയും തുടർന്നിതു മിത്രനങ്ങുദിച്ചപ്പോൾ
- ചണ്ഡികാനികേതനദ്വാരി വാരിധിതീരേ
- ചണ്ഡാലി വാസം ചെയ്തു രാത്രിയും കഴിഞ്ഞുടൻ
- മാനുഷഘോഷമെല്ലാം ശമിച്ചോരന്തരം
- ദീനയാമിവൾ പണിപ്പെട്ടിഹ വന്നീടിനാൾ
- അന്ത്യകാലവുമുടൻ വന്നടുത്തതു മൂല-
- മന്തകപുരി പോവാൻ ഭാവിച്ചു കിടക്കുന്നു
- സന്ധികൾ തളർന്നിതു സാദവും കലർന്നതി
- സന്താപം സഹിയാഞ്ഞു രോദനം ചെയ്തീടുന്നു.
- മർമ്മവേദനാ കാസശ്വാസനിർഗ്ഗമം കൊണ്ടും
- കർമ്മവൈഭാം കൊണ്ടും ദുഃഖിച്ചു മേവീടുന്നു.
- അന്ത്യമാം ദശാന്തരം പ്രാപ്തയാം ചണ്ഡാലിയെ
- ചിന്തനം ചെയ്തു ശിവൻ ശങ്കരൻ ദയാനിധി
- കൊണ്ടുപോരുവിനെന്നു സ്വാമിതാനരുൾ ചെയ്തു
- രണ്ടുനാഴിക മുമ്പേ ഞങ്ങളെ നിയോഗിച്ചു
- ഇങ്ങനെ പരമാർത്ഥം മാമുനേ! ധരിച്ചാലും
- മംഗലസ്ഥാനപ്രവേശത്തിനു പാത്രമിവൾ
- മുമ്പിലേ ജനം തന്നിൽ ദാനങ്ങൾ ചെയ്യായ്കയാൽ
- സമ്പ്രതി ദരിദ്രയായ് തീർന്നിതു ചണ്ഡാലിയും
- അന്നദാനങ്ങൾ മുന്നം ചെയ്യായ്ക നിമിത്തമായ്
- ഖിന്നയായ് വിശപ്പുദാനങ്ങളെ പ്രാപിച്ചിതു
- ഗോവിനെ ഹനിക്കയാൽ ചണ്ഡാലിയായിത്തീർന്നു
- ദൈവകല്പിതമാർക്കു ലംഘനം ചെയ്തീടാവൂ.
- സന്തതം പുരാ സുരാപാനമത്തയാകയാ-
- ലന്ധയായ് ജനിച്ചിതു സമ്പ്രതി ധരിക്ക നീ
- ജാരസംഗമം നടേ ചെയ്കയാലിവൾക്കിപ്പോൾ
- ആരുമേ ഭർത്താവായി സമ്മ്ഭവിച്ചതുമില്ല
- അത്രയല്ലെടോ! ജാരാലിംഗനം ചെയ്കമൂലം
- ഗാത്രമെങ്ങുമേ കുഷ്ഠവ്യാധിയും പിടിപെട്ടു
- ശൂദ്രനെ പരിഗ്രഹിച്ചീടുക നിമിത്തമായ്
- രൌദ്രവേദനാ കൃമി പൂതിദുർഗന്ധങ്ങളും
- പൂജനീയയാമവൾ മദ്യപാനം ചെയ്കയാൽ
- രാജയക്ഷ്മാവും ശൂലരോഗവുമിപ്പോൾ കൂടി
- പൂർവ്വജന്മോപാർജ്ജിതമാകിയ ശുഭാശുഭം
- സർവദേഹികൾക്കുമിജ്ജന്മത്തിലനുഭവം
- ശർവനെ സ്മരിച്ചെന്നാൽ സർവപാതകങ്ങളും
- സർവരോഗാദികളും തൽക്ഷണം നശിച്ചീടും
- പൂർവ്വജന്മാന്തേയിവളന്തകപുരം പുക്കു
- സാർവ്വഭൌമനാം ധർമരാജന്റെ തിരുമുമ്പിൽ
- വന്നതുകണ്ടു വിചാരിച്ചിതു സഭാജനം
- പുണ്യപാപങ്ങളിവൾക്കെത്രയുണ്ടെന്നീവണ്ണം
- ബ്രാഹ്മണകുലം തന്നിൽ ജാതയെങ്കിലുമിവൾ
- ബ്രാഹ്മണാചാരം വെടിഞ്ഞന്യസംഗമം ചെയ്താൾ.
- എന്നതുകൊണ്ടു നരകത്തിലങ്ങാക്കീടണം
- എന്തിഹ വിചാരിപ്പാനെന്നൊരു പക്ഷം കേട്ടു
- സാഹസം കണക്കല്ല പൂർവ്വപുണ്യങ്ങൾ കൊണ്ടേ
- സാമ്പ്രതം മനുഷ്യനായ് സംഭവിച്ചീടൂ നൂനം.
- അത്രയുമല്ലാ മഹാ ബ്രാഹ്മണവംശം കിട്ടാ-
- നെത്രയും മഹാപുണ്യം പൂർവ്വജന്മത്തിൽ വേണം
- ജന്മകോടികളെല്ലാമാകവേ വിചാരിച്ചേ
- സമ്മതിക്കാവൂ ദണ്ഡമെന്നൊരു പക്ഷം കേട്ടൂ
- എന്തിനു പൂർവ്വപുണ്യം ചിന്തനം ചെയ്തീടൂന്നൂ?
- എന്തിവളൊരുപുണ്യം ചെയ്തതു ചിന്തിച്ചാലും
- ബുദ്ധിപൂർവ്വമായൊരു ഗോവിനെ വധിച്ചീലേ
- ശുദ്ധിയില്ലാത്ത ശൂദ്രജാതിയെ ഭജിച്ചീലേ?
- തീക്കനൽപ്പുഴ തന്നിൽ നീന്തണമിവളാശു
- നീക്കമില്ലിതിനേതുമെന്നൊരു പക്ഷം കേട്ടു
- ഗോവിനെ വധിച്ചതു പാതകമെന്നാകിലും
- ശൈവമാം നാമമൊന്നു ചൊന്നതു ചിന്തിക്കണം
- വല്ലികൾ മരങ്ങളും പുല്ലുകളിവയെല്ലാം
- തെല്ലു തീക്കനൽ കൊണ്ടു ഭസ്മമായീടുന്നീലേ
- മംഗലശിവനാമമോതിയാലശേഷമേ
- തുംഗമാം ദുരിതൌഘം ശാന്തമായീടൂം ദൃഢം.
- ശൈവമാം പദം തന്നിൽ സൌമിനി വസിക്കണം
- നൈവസഞ്ചയം കിഞ്ചിലെന്നൊരു പക്ഷം കേട്ടു
- വല്ലതെന്നാലുമൊരു ജന്മത്തെക്കല്പിക്കേണം
- നല്ലതു ചെയ്ത ഫലം നൽകുവാൻ ക്ഷമിക്കേണം
- അംഗസംസ്കാരം ചെയ്യാതാഭരണങ്ങൾ ചേർത്താൽ
- ഭംഗിയില്ലറീഞ്ഞാലും ശോധന വേണം മുമ്പേ.
- ദുഷ്ടാംശം കളയാതെ ദുർവ്രണമുണക്കിയാ-
- ലൊട്ടുനാൾ ചെല്ലുന്നേരം പൊട്ടുമെന്നറിഞ്ഞാലും
- ജന്മമൊന്നിവൾക്കിനി സർവ്വദാ വേണ്ടിവന്നു
- കർമ്മദോഷങ്ങളെല്ലാം താനനുഭവിക്കേണം
- രോഗവും ദാരിദ്ര്യവുമെത്രയുമനുകൂലം
- ഭോഗങ്ങളകപ്പെടായ്കാത്മശുദ്ധിയുണ്ടാകാൻ
- സൌമിനിക്കതുകൊണ്ടു ജന്മമൊന്നാർജ്ജിക്കണം
- താമസം വേണ്ടാതാനുമെന്നൊരു പക്ഷം കേട്ടു.
- എങ്കിൽ പോയ് ജനിക്ക നീ സൌമിനീ വിരവോടേ
- സങ്കടമനുഭവിച്ചീടുക ബഹുവിധം
- ദുഷ്ടാദാരിദ്ര്യം നീചജാതിയിൽ ജനനവും
- കുഷ്ഠവും കഫവ്യാധിക്ലേശവും ദുർഗ്ഗന്ധവും
- അന്ധത ദുഃഖം പിന്നെ ക്ഷുത്പിപാസാദികളും
- ബന്ധുക്കൾ വെടീകയാലുണ്ടാകും ദുഃഖങ്ങളും
- ഒക്കവേയനുഭവിച്ചായുരാന്ത്യമാം കാലേ
- സൽക്കർമ്മമൊന്നു ചെയ്തു ജീവനെ ത്യജിക്ക നീ.
- എന്നതിൽ പരം ശിവൻ തന്നുടെ ലോകം തന്നിൽ
- നിന്നെയും വസിപ്പിക്കും കുന്നിൻമാനിനീകാന്തൻ
- തല്പദം സേവിക്കുന്ന മർത്ത്യനെക്കുറിച്ചൊരു
- കൽപ്പന നമുക്കില്ല സർവമീശ്വരാധീനം
- ചിത്രഗുപ്തനുമിതു സമ്മതമല്ലീ സഖേ!
- പത്രമൊന്നെഴുതുക തത്ര സന്ദേഹം വേണ്ടാ:
- ദുഷ്കൃതം വിചാരിച്ചു പൂർവ്വപത്രങ്ങൾ നോക്കി
- ഒക്കവേ വരച്ചാലു, മെന്തിഹ മടിക്കുന്നു?
- തങ്ങളാലനുഷ്ഠിതകർമ്മങ്ങൾക്കനുകൂലം
- തങ്ങൾക്കു ശുഭാശുഭമെന്നതു നീക്കീടാമോ?
- ഇങ്ങിനെ വിചാരിച്ചു ധർമ്മരാജനുമപ്പോൾ
- ഇങ്ങിനെ ചണ്ഡാലിയായിവളെജ്ജനിപ്പിച്ചു
- ഇത്രനാൾ മഹാദുഃഖം സഹിച്ചാളിവൾ ശിവ-
- രാത്രികളുറക്കവുമഷ്ടീയും ലഭിക്കാതെ
- ഗോകർണ്ണക്ഷേത്രേ വന്നു കൂവളത്തിലകൊണ്ടു
- ലോകനാഥനെപ്പൂജിച്ചീടീനാൾ യദൃച്ഛയാ
- എന്നതുമൂലം ശിവലോകത്തെ പ്രാപിപ്പിപ്പാൻ
- വന്നിതു ഞങ്ങളിനിപ്പോകുന്നു മഹാമുനേ!
- ഭവ്യരാം ശിവരൂപന്മാരിതി പറഞ്ഞുടൻ
- ദിവ്യമാം വിമാനത്തിലേറ്റിയാർ ചണ്ഡാലിയെ
- അന്നേരം മഹോജ്ജ്വലപ്രൌഢശോഭയായ്ത്തീർന്നു
- സുന്ദരിപുരന്ദരസ്ത്രീകളെക്കാളും രമ്യം
- കിങ്കരന്മാരും തദാ നാരിയും വിമാനവും
- ശങ്കരാസ്പദം നോക്കിഗ്ഗമിച്ചു മറഞ്ഞിതു
- ഞങ്ങളുമതുകണ്ടു വിസ്മയം പൂണ്ടു ഭൃശം
- ഇങ്ങിനെ വരുംനേരം നിന്നെയും കാണായ് വന്നു
- ശൈവനാമോച്ചാരണം വില്വപത്രാരാധനം
- ശൈവമാം പദം പ്രവേശ്പ്പിക്കും ധരിക്ക നീ
- തത്ഭവാൻ ഗോകർണ്ണാഖ്യക്ഷേത്രത്തെ പ്രാപിച്ചാലും
- ദുർഭഗക്ലേശം തീരും ശങ്കരപ്രസാദത്താൽ
- ശങ്കരൻ തന്റെ ലോകേ ചെന്നു നീ പതിച്ചീടൂം
- ശങ്കയില്ലതുകൊണ്ടു ജന്മസാഫല്യം വരും.
- ഗൌതമവചസ്സതു കേട്ടുടൻ പ്രസാദിച്ചു
- ജാതകൌതുകം നൃപൻ ചോദിച്ചു വിനീതനായ്:
- ശൈവമാം പദത്തിന്റെ ലക്ഷണം മഹാമുനേ!
- കേവലം ഗ്രഹിപ്പതിനാഗ്രഹം മമാശയേ.
- എങ്ങനെയിരിപ്പോന്നു തല്പദപ്രകാരങ്ങൾ
- ഭംഗിയോടരുൾ ചെയ്തീടേണമെന്നോടു ഭവാൻ
- എന്നതു കേട്ടു മഹാഗൌതമനരുൾ ചെയ്തു:
- നന്നിതു മഹീപതേ! നിന്നുടെ മനോരഥം
- ബ്രഹ്മലോകാദികളിൽ പോലുമേ ലഭിയാതെ
- ശർമ്മസാന്ദ്രമാം ലോകനാഥന്റെ ലോകം തന്നിൽ
- സർവദാ മഹോജ്ജ്വലം സർവദാ മനോഹരം
- സർവദാ ശിവങ്കരം സർവദാ നിരാമയം
- നിർമ്മലഗുണത്രയാതീതമവ്യയപദം
- കർമ്മവാസനാബന്ധച്ഛേദകം മോദസ്ഥാനം
- കാമവും ക്രോധം മഹാ മോഹവും തൃഷ്ണാലോഭം
- താമസം മിത്ഥ്യാദൃഷ്ടി മദമാത്സര്യങ്ങളും
- രാഗഡംഭാഹങ്കാരദ്വേഷപൈശൂന്യങ്ങളും
- ഭോഗലോലുപത്വവും ഹിംസയുമസൂയയും
- ഇത്തരം ദുരന്തമാം ശത്രുവർഗ്ഗത്തെജ്ജയി-
- ച്ചുത്തമം ശമം ദമം സന്തോഷം വിവേകവും
- ശാന്തിയും മഹേശ്വരഭക്തിയും വിശ്വാസവും
- ക്ഷാന്തിയും ദയാ ശൌചം സത്യവും ഋജുത്വവും
- സജ്ജനമിത്രത്വവും ദീനരിൽ കരുണയും
- ദുർജ്ജനേയുപേക്ഷയും സൽക്രിയാ മുദിതയും
- ഇത്തരം വരേണ്ടതും വന്നുടൻ വിശുദ്ധരാം
- സത്തുക്കൾ ഗമിക്കുന്നൂ ഇന്ദ്രചൂഡന്റെ ലോകം.
- ഇന്ദ്രിയങ്ങളെജ്ജയിച്ചാത്മനാ രമിച്ചുകൊ-
- ണ്ടിദ്രലോകാദികളിൽ പോലുമങ്ങനാസ്ഥയാ
- ദേഹചിത്താദികളിലാത്മവിഭ്രമം ശമി-
- ച്ചൈഹികം മൂല്യങ്ങളിൽ വൈരാഗ്യം ഭവിച്ചുടൻ
- ബുദ്ധിയിൽ തോന്നീടുന്ന രൂപരൂപ്യത്തെപ്പോലെ
- മിഥ്യയിപ്രപഞ്ചങ്ങൾ സത്യമല്ലെന്നും പിന്നെ
- നിത്യമായതു പരമാത്മാവെന്നതും ഹൃദി
- നിത്യവുമുറപിച്ചു നിശ്ചലം തപം ചെയ്യും
- ധന്യരാം മഹത്തുക്കൾ സന്തതം ധ്യാനിക്കുമ്പോൾ
- തന്നുള്ളിൽ കാണുന്നതും നീലകണ്ഠന്റെ ലോകം
- അഷ്ടയോഗാംഗം കൊണ്ടു യോഗികൾക്കനുഭവം
- ഇഷ്ടമായ് വരുന്നതുമഷ്ടമൂർത്തികൾ സ്ഥാനം
- അന്ധകാരത്തിന്നേതും സംബന്ധമില്ലാത്തൊരു
- ബന്ധുരപദമന്തകാരി തന്നുടെ ലോകം
- എത്രയും പണിപ്പെട്ടു യാതൊരിടത്തു ചെന്നാൽ
- തത്രനിന്നധോഗതി സംഭവിച്ചീടുന്നീല
- ഏകമായനന്തമായുള്ള കല്യാണസ്ഥാനം
- ശോകവർജ്ജിതമതു വാമദേവന്റെ സ്ഥാനം
- ഏകദന്തനും മഹാവീരനും കുമാരനും
- ലോകപാലകന്മാരും നന്ദികേശ്വരൻ താനും
- ശൃംഗീഭൃംഗീരിടീയും വാസുകി തക്ഷകനും
- തുംഗനാമൃഷഭനും ഭൂതനായകന്മാരും
- ശൈലനന്ദിനിതാനും ഗംഗയും ശശാങ്കനും
- ബാലനാം കുരംഗവും ശൂലവും കഠാരവും
- തുമ്പമാലയും കലാപങ്ങളും പുലിത്തോലും
- ചാമ്പലുമെല്ലും വില്വമാലയും രുദ്രാക്ഷവും
- ടങ്കവും കടുന്തുടി ഡങ്കവും കോടീരവും
- അങ്കുശം പാശം ഫണിമാലകൾ ബഹുവിധം
- ഇത്തരം പദാർത്ഥങ്ങൾ യാതൊരുദിക്കിൽ സദാ
- ചിത്തമോഹനമതു കൃത്തിവാസസ്സിൻ പദം
- സൂര്യവംശജ ക്ഷമാവല്ലഭ! ഭവാനിന്നു
- സ്വൈരമാം വണ്ണം ഗോകർണ്ണാലയം പ്രാപിച്ചാലും
- കൂവളത്തിലകൊണ്ടു ദേവനെപ്പൂജിച്ചാലും
- ശൈവനാമങ്ങൾ ജപിച്ചാസ്ഥയാ വസിച്ചാലും
- ബ്രഹ്മഹത്യയും തീരും ജന്മഭീതിയും തീരും
- ബ്രഹ്മലീനനാമെന്നാലാനന്ദം ലഭിച്ചീടും
- എന്നരുൾ ചെയ്തു മുനി ഗൌതമനെഴുന്നള്ളി
- മന്നവൻ മിത്രസഹൻ ഗോകർണ്ണം പ്രാപിച്ചിതു
- കൃത്തിയും ഭയപ്പെട്ടു ദൂരവേ വാങ്ങിപ്പോയി
- നിത്യശുദ്ധനാം നൃപൻ ഭക്തിമാൻ വിനീതിമാൻ
- ശൈവപൂജയും ചെയ്തു തൽ പ്രസാദവും വാങ്ങി
- കേവലം ബ്രഹ്മത്തോടെ ലയിച്ചങ്ങാനന്ദിച്ചു
- ഇക്കഥ കീർത്തിച്ചാലും കേട്ടാലും സ്തുതിച്ചാലും
- ദുഃഖങ്ങൾ ശമിച്ചീടും മുക്തിയും ലഭിച്ചീടൂം
- ശങ്കരൻ പ്രസാദിക്കും സമ്പത്തുമതുമൂലം
- സങ്കടം വിനാ ജനിച്ചീടുമെന്നറിഞ്ഞാലും
- എന്നതുകൊണ്ടു ചൊന്നേൻ മാമുനിശ്രേഷ്ഠന്മാരേ!
- നന്നിതു ശിവരാത്രി തന്നിലെ മഹാവ്രതം
- നിദ്രയുമശനവും ത്യജിച്ചു വഴിപോലെ
- രുദ്രനെ പ്രദക്ഷിണം ചെയ്കയും സ്തുതിക്കയും
- അർച്ചനം ജപം ഹോമം തർപ്പണമിവയെല്ലാം
- ഇച്ഛയാ ജാതിദ്രവ്യങ്ങൾക്കുടൻ ചേരും വണ്ണം
- നിത്യവും ചെയ്യാം വിശേഷിച്ചിഹ ശിവരാത്രൌ
- നിത്യനിഷ്കളബ്രഹ്മപ്രാപ്തി മംഗലം ഫലം.
ശിവരാത്രിമാഹാത്മ്യം സമാപ്തം