ശിവപുരാണം/സോമവാരവ്രതം
- ശൈവമഹാത്മ്യം പറഞ്ഞാലൊടുങ്ങുമോ
- കൈവല്യകല്യാണസാഫല്യകാരണം
- ആരാധനം കൊണ്ടു ഗൌരീസഹായന്റെ
- കാരുണ്യമുണ്ടാമതിനില്ല സംശയം
- താപസാധീശ്വന്മാരേ ഭവാന്മാർക്കു
- താപപാപാപഹം ദേവസേവാക്രമം
- ഭൂയോപി കേൾക്കണമെങ്കിൽ ഞാൻ ചൊല്ലുവൻ
- ഭൂയോപി ഭൂയോപി ഭൂതിസംവർദ്ധനം
- ഐഹികാനന്ദവും പാരത്രികങ്ങളും
- ദേഹികൾക്കുണ്ടാം മഹേശസംസേവനാൽ
- സോമചൂഡപ്രസാദത്തിന്നു കാരണം
- സോമവാരവ്രതം സർവകാമപ്രദം
- തിങ്കൾ മൌലിപ്രസാദത്തിനും കാരണം
- തിങ്കളാഴ്ചവ്രതമെന്നു ശബ്ദാന്തരം
- തിങ്കളിൽത്തിങ്കളിലാദൌവരുന്നൊരു
- തിങ്കളാഴ്ചയ്ക്കു മഹത്വമേറുന്നുപോൽ
- സൂര്യോദയേ കുളിച്ചെത്രയും ശുദ്ധമായ്
- പാരാതെ ഭസ്മം ധരിച്ചു രുദ്രാക്ഷവും
- കണ്ഠേകരേ കർണ്ണയുഗ്മേ സമർപ്പിച്ചു
- കുണ്ഠേധരംഹരധ്യാനം നിരന്തരം
- ശങ്കരക്ഷേത്രപ്രദക്ഷിണം തർപ്പണം
- ശങ്കരാരാധനം നാമസങ്കീർത്തനം
- വില്വപത്രങ്ങളും താമരപ്പൂക്കളും
- നല്ല ശിവമല്ലി മാലയും തുമ്പയും
- ഉന്മത്തപുഷ്പവും ശുക്ലബന്ധൂകവും
- ചെമ്മേ വിരിഞ്ഞുള്ള കൊന്നക്കുസുമവും
- ഇത്യാദി പുഷ്പങ്ങൾ കൊണ്ടു ഗിരീശനെ-
- ബ്ഭക്ത്യാസമർച്ചനം ചെയ്യേണമാദരാൽ
- സായന്താനഗമേപ്പിന്നെക്കുളിക്കണം
- ആയവണ്ണം ജപധ്യാനാർച്ചനാദികൾ
- വിപ്രരെക്കാൽ കഴുകിച്ചു ഭുജിപ്പിച്ചു
- തല്പ്രസാദാർത്ഥമായ് ദക്ഷിണ ചെയ്തുടൻ
- വിപ്രാന്നശേഷേണപാരണാകർമ്മവും
- വിപ്രാദി നാലു ജാതിക്കും തദാ വിധി
- സോമവാരവ്രതത്തിന്റെ മഹത്വങ്ങ-
- ളാമോദമുൾക്കൊണ്ടു കേൾപ്പിൻ മുനികളേ!
- ആര്യാപ്രവർത്തമാം പുണ്യഭൂമണ്ഡലേ
- വീര്യവാൻ പണ്ടൊരു ഭൂപനുണ്ടായി പോൽ
- ചിത്രവർമ്മാവെന്നു പേരായ മന്നവൻ
- ധാത്രീപരിപാലനംചെയ്തു മേവിനാൻ
- അക്ഷൌഹിണീലക്ഷസമ്പത്സമൃദ്ധനാ-
- മക്ഷോണി നായകൻ നാടുവാഴുന്ന നാൾ
- ലക്ഷ്മീവിലാസം വിളങ്ങീ മഹീതലേ
- ദുഷ്കാമദുഷ്കാലമെങ്ങും നഹി നഹി
- തസ്കരന്മാരുടെ നാമമാത്രമ്പോലു-
- മക്കലമൂഴിയിൽ കേൾപ്പാനുമില്ല പോൽ
- മംഗലസ്ത്രീകൾക്കു ചാരിത്രശുദ്ധിക്കു
- ഭംഗമില്ലെങ്ങുമേ രാജശിക്ഷാവശാൽ
- ആധിയും ക്ലേശവും ദുർബോധവും മഹാ
- വ്യാധിയും നാസ്തിലോകാപവാദങ്ങളും
- ബാലമൃത്യുക്കളും ഭൂതാദിബാധയും
- ശീലദോഷങ്ങളുമില്ല ദുർവാദവും
- അന്തണന്മാരിൽ വിശ്വാസവും ഭക്തിയും
- അന്തരം കൂടാതെ കാണുന്ന ദേഹിനാം
- ജാതികർമ്മങ്ങൾക്കു ഭംഗമില്ലേതുമേ
- ബ്ഭൂതികൊണ്ടന്യോന്യ വൈരവുമില്ലാർക്കും
- സ്ത്രീകൾക്കു സർവാധികാരം കൊടൂക്കുന്ന
- മൂഢപ്രഭുക്കളുമന്നില്ല ഭൂതലേ
- നാരിയെച്ചൊല്ലി ഗൃഹം മുടിച്ചീടുന്ന
- നീരസപൂരുഷന്മാരുമില്ലെങ്ങുമേ
- ദൈവപ്രമാണമെന്നുള്ളൊരു ഭാവേന
- ജീവിച്ചിരിക്കുന്നു സർവജന്തുക്കളും
- ഏവം പ്രസിദ്ധനാം ഭൂമിപാലോത്തമൻ
- ദേവേശഭക്തൻ ദയാശീലനാത്മവാൻ
- സർവയാഗങ്ങളും സർവദാനങ്ങളും
- സർവദാചെയ്തു സുഖിച്ചു വാണീടീനാൻ
- ക്ഷോണീശകന്യാജനങ്ങളെസ്വൈരമാ-
- യ്പാണിഗ്രഹം ചെയ്തുകൊണ്ടുപോന്നാദരാൽ
- മൂന്നാം പുരുഷാർത്ഥ സൌഖ്യം ലഭിച്ചുടൻ
- മൂന്നുനാലാത്മജന്മാരെജ്ജനിപ്പിച്ചു
- പിന്നെക്രമത്താലതിപ്രൌഢയായൊരു
- കന്യകാരത്നം ലഭിച്ചു നരാധിപൻ
- സീമന്തിനിയെന്നു പേരും വിളിച്ചവൻ
- കോമളാകാരലാവണ്യയാം പുത്രിയെ
- ലാളനം ചെയ്തു വളർത്തു തുടങ്ങിനാൻ
- ആളിമാരെക്കൂട്ടി മേളിച്ചു മെല്ലവേ
- ജ്യോതിഷക്കാരാം മഹീസുരന്മാരോടു
- ജാതകം കൊണ്ടു വിചാരിച്ചു മന്നവൻ
- അന്നേരമേകൻ മഹാപ്രജ്ഞനുത്തമൻ
- നന്നായ്‌വിചാരിച്ചു ചൊന്നാനസംശയം
- എത്രയും നല്ലൊരു ജാതകം ഭൂപതേ!
- പുത്രിക്കു ദീർഘായുരാദിസർവം ശുഭം
- ഉത്തമസ്ത്രീകൾക്കു ചിന്ത്യമായുള്ളൊരു
- ഭർത്തൃസൌഖ്യത്തിനും കുറ്റമില്ലേതുമേ
- യോഗ്യനാം ഭർത്താവിവൾക്കുണ്ടു കാണുന്നു
- ഭാഗ്യത്തിനേഠും കുറവില്ല നിർണ്ണയം
- ഭർത്താവിനോടൂ പതിനായിരത്താണ്ടു
- വർത്തിച്ചുവാണീടൂമേണാക്ഷിയാമിവൾ
- ഒട്ടുസുതന്മാരുമുണ്ടാമിവൾക്കെടോ!
- ഒട്ടും വികല്പമതിനില്ല മന്നവ!
- രൂപസൌന്ദര്യം ദമയന്തിയെപ്പോലെ
- ഭൂപതേ! നിന്മകൾക്കുണ്ടെന്നറിക നീ
- പാർത്തലം തന്നിൽ നളനോടു തുല്യനാം
- ഭർത്താവുമുണ്ടാമിവൾക്കെന്നു നിർണ്ണയം
- ജ്യോതിഷം സത്യമെന്നാലിപ്പറഞ്ഞതിനേതും
- കുറവില്ല കണ്ടുകൊള്ളാം ഫലം
- ഇത്ഥം മഹീദേവഭാഷിതം കേട്ടുടാൻ
- ചിത്തം കുളിർത്തു കൊടുത്തു ധനങ്ങളും
- മറ്റൊരു ഭൂസുരൻ ചിന്തിച്ചു ചൊല്ലിനാൻ
- കുറ്റം കുറാഞ്ഞൊന്നു കണ്ടു ഞാൻ ജാതകേ
- വൈധവ്യലക്ഷണം കാണുന്നതുണ്ടതു
- ബോധിച്ചിരിക്കണമെന്നു തോന്നുന്നുമേ
- പ്പാർത്താൽ പതിന്നാലു വയസ്സു ചെല്ലുന്ന നാൾ
- ഭർത്തൃണാശം വരും സീമന്തിനിക്കെടോ!
- ശാസ്ത്രദൃഷ്ടാന്തം മറച്ചുവെളിച്ചമേ
- ശ്രോത്രാഭിരാമം കഥിക്കയില്ലേഷ ഞാൻ
- ദ്രവ്യ കൊതിക്കയില്ലിഷ്ടം കഥിക്കുന്ന
- ദിവ്യൻ സമക്ഷത്തു നാണം കെടും ദൃഢം
- തന്നിഷ്ടാമോതുന്ന ദുഷ്ടർക്കു നൽകുവാൻ
- മന്നവന്മാർക്കു വിചാരമില്ലേതുമേ
- ഏന്നതുകേട്ടു ഭയപ്പെട്ടു മന്നവൻ
- നിന്നുവിയർത്തു വിറച്ചു കേണീടീനാൻ
- അയ്യോ! ശിവ! ശിവ! കഷ്ടമെൻ പെൺകൊടി-
- ത്തയ്യലാൾക്കെന്തുവാനിങ്ങനെ ജാതകം
- എത്ര കൊതിച്ചു നമുക്കു ലഭിച്ചൊരു
- പുത്രിക്കു വൈധവ്യദുഃഖമുണ്ടാകിൽ മേ
- എന്തിനു രാജ്യവുമെന്തിനുഭോജ്യവു-
- മെന്തിനുദേഹവുമെന്തിനു മോഹവും
- ദുഃഖിച്ചുകേഴുന്നതെന്തിനു ഞാനയ്യോ!
- ആർക്കു തടുക്കാം വിരിഞ്ചന്റെ ശാസനം?
- വന്നതുകൊണ്ടു സഹിക്കയെന്നല്ലാതെ
- മന്നില്പിറന്നവർക്കെന്തുള്ളു ചിന്തിതം
- ഇത്ഥം വിചാരിച്ചുറച്ചു നരേശ്വരൻ
- വിത്തം കൊടുത്തയച്ചീടിനാനന്നേരം
- കർപ്പൂരവല്ലിക്കു തുല്യയാം കന്യക
- കെല്പോടു കാണുന്നവർക്കു നേത്രാമൃതം
- നീണ്ടുരുണ്ടഗ്രം ചുരുണ്ട തലമുടി
- കണ്ടൽ മനം മയങ്ങീടുന്നു കാമിനാം
- യൌവ്വനാരംഭം തുടങ്ങുക കാരണാൽ
- വെവ്വേറെ ഭംഗി വിളങ്ങി ദിനേ ദിനേ
- ഏറ്റം വിരിഞ്ഞൊരു മാറിടം തന്നിലും
- തെറ്റെന്നു വന്നങ്കുരിച്ചിതു കൊങ്കകൾ
- മദ്ധ്യം ചുരുങ്ങിപ്പരന്നു നിതംബവും
- സ്നിഗ്ധങ്ങളായീ കടാക്ഷവീക്ഷങ്ങളും
- ലജ്ജയും വന്നകം പുക്കു പതുക്കവേ
- സജ്ജനക്കാമനും മാനസേ മേവിനാൻ
- വീരസേനാത്മജൻ തന്നുടേ പൌത്രന്റെ
- ചാരുരൂപാമൃതം കേട്ടു സീമന്തിനി
- മാരസന്താപം മനക്കാമ്പിലുണ്ടായ-
- താരും ഗ്രഹിക്കാതെ രക്ഷിച്ചുമേവിനാൾ
- അക്കാലമാളീജനം പറഞ്ഞേകദാ
- ദുഷ്ക്കാലമുണ്ടു തനിക്കെന്നു കേൾക്കയാൽ
- ദുഃഖിച്ചു പാരം മെലിഞ്ഞു കൃശോദരി
- ശുഷ്ക്കിച്ചുമല്ലികാവല്ലിക്കുതുല്യയായ്
- യാജ്ഞവൽക്യൻ മുനിശ്രേഷ്ഠന്റെ പത്നിയാം
- പ്രാജ്ഞയാം മൈത്രേയിയെച്ചെന്നു കൂപ്പിനാൾ
- പാഹിമാതാവേ! മഹായോഗിവല്ലഭേ!
- ദേഹിമേ ദുഃഖങ്ങൾ നീങ്ങീടുവാൻ വരം
- ബോധിക്കനീ പതിനാലാം വയസ്സിൽ മേ
- വൈധവ്യലക്ഷണമുണ്ടുപോൽ ജാതകേ
- എന്തുചെയ്താലതു നീങ്ങുമെന്നുള്ളതു
- ചിന്തിച്ചരുൾ ചെയ്തനുഗ്രഹം നൽക നീ
- എന്നതുകേട്ടു പറഞ്ഞു മൈത്രേയിയും
- സുന്ദരീ ഖേദം കളക സീമന്തിനീ
- കാമസാഫല്യം ലഭിപ്പതിന്നാശുനീ
- സോമവാരവ്രതം സാധിച്ചുകൊൾകെടോ
- ശ്രീനീലകണ്ഠനും പാർവ്വതീദേവിയും
- മാനിച്ചു നിങ്കൽ പ്രസാദിക്കുമഞ്ജസാ
- സന്തതിക്കും യശ്ശസ്സിന്നും ധനത്തിനും
- സന്തതം നല്ല നെടുമംഗല്യത്തിനും
- സോമവാരവ്രതം പോലെ മറ്റില്ലപോൽ
- സോമചൂഡൻ പ്രസാദിപ്പാൻ മഹൌഷധം
- പാർവതീയുക്തനാം പാർവതീകാന്തനെ
- സാർവഭൌമാത്മജേ! സേവിച്ചുകൊൾകനീ
- തിങ്കൾ വാരേ പുലർകാലേ കുളിച്ചു നീ
- ശങ്കരീശങ്കരന്മാരെസ്മരിച്ചുടൻ
- വെള്ളവസ്ത്രം ധരിച്ചാത്മശുദ്ധ്യാതനി-
- ക്കുള്ള കർമ്മങ്ങളും കാലേ കഴിച്ചുടൻ
- ഭസ്മത്രിപുണ്ഡ്രവും രുദ്രാക്ഷവും ധരി-
- ച്ചസ്മാകമീശൻ ഗിരീശനെന്നാസ്ഥയാ
- ശങ്കരക്ഷേത്രേ വസിച്ചു പഞ്ചാക്ഷരം
- സംക്ന്യാസമേതം ജപിക്ക നീ കന്യകേ!
- ബിംബസംസ്കാരവും പുഷ്പാഞ്ജലികളും
- കംബുപാത്രേജലം കൊണ്ടഭിഷേകവും
- ധൂപദീപങ്ങളും നല്ല നൈവേദ്യവും
- ലോപം വരാതെ കഴിക്ക നീ ബാലികേ!
- ശംഖാഭിഷേകം സമസ്തപാപക്ഷയം
- ശങ്കയില്ലേതും ശശാങ്കബിംബാനനേ!
- പീഠാർച്ചനം കൊണ്ടു സാമ്രാജ്യമാം ഫലം
- ഗാഢസൌഭാഗ്യം സുഗന്ധാക്ഷതാർച്ചനാൽ
- ധൂപദാനംകൊണ്ടു ദേഹസൌഭാഗ്യവും
- ദീപദാനംകൊണ്ടു കാന്തിസംവർദ്ധനം
- താംബൂലദാനേന ജാംബൂനദാഗമം
- സാംബേശ്വരപ്രീതിസർവസമ്പൽക്കരി
- ധർമ്മർത്ഥകാമമോക്ഷങ്ങൾക്കു സാധനം
- ചെമ്മേ നമസ്കാരമേകും സുലോചനേ!
- വിശ്വാസപൂർവം മഹീദേവപൂജനാൽ
- നിശ്ശേഷദേവതാപ്രീതിയുണ്ടാം ശുഭേ!
- ഇങ്ങനെ നോറ്റുകൊണ്ടാലും നൃപ്പാത്മജേ!
- മംഗലാലങ്കാരഭംഗംവരാദൃഢം
- ക്ഷേത്രപ്രദക്ഷിണം നാമസങ്കീർത്തനം
- ധാത്രീസുരന്മാർക്കു ഭോജനം ദക്ഷിണ
- അത്രമാത്രംകൊണ്ടു സോമവാരവ്രതം
- സിദ്ധമാം സർവജാതിക്കും ധരിക്ക നീ
- മൂനരനാഴികരാത്രി ചെന്നാൽ ഗൃഹേ
- പോന്നുടൻ പാരണാകർമ്മവും ചെയ്കനീ
- വൈധവ്യലക്ഷണമുണ്ടെങ്കിലും നിന-
- ക്കേതുമനർത്ഥം ഭവിക്കയില്ലാ ദൃഢം
- ക്രൂരത്വമുള്ളോരപായം വരികിലും
- ദൂരത്തുനീക്കി രക്ഷിക്കും മഹേശ്വരൻ
- മൈത്രേയി തന്നുടെ ശാസനം കൈക്കൊണ്ടു
- ധാത്രീശപുത്രി തൊഴുതുപോന്നീടിനാൾ
- സോമചൂഡപ്രസാദാർത്ഥം കൃശോദരി
- സോമവാരവ്രതം ഭക്ത്യാതുടങ്ങിനാൾ
- ഉക്തപ്രകാരേണ സർവകർമ്മങ്ങളും
- മുക്തശങ്കം തുടങ്ങീതുസീമന്തിനി
- ചിത്രവർമ്മാവതുകാലം വിചാരിച്ചു
- പുത്രിക്കു ചേരുന്ന പൂരുഷാഗ്രേസരൻ
- ഇന്ദ്രസേനന്റെ തനൂജൻ മനോഹരൻ
- ചന്ദ്രാംഗദന്മഹാസുന്ദരൻ നൈഷധൻ
- ബാലൻ ദമയന്തീനന്ദനനന്ദനൻ
- ശീലഭിജാത്യങ്ങൾ കൊണ്ടേറ്റമുത്തമൻ
- എന്നാലവനു കൊടുക്കേണമെന്നുടൻ
- മന്നവൻ നിശ്ചയിച്ചാളയച്ചീടിനാൻ
- ചാരണന്മാരുമങ്ങാരണന്മാരുമായ്
- പാരാതെ ചെന്നു വരുത്തി കുമാരനെ
- സാന്ദ്രമോദം നൃപൻ തന്നുടേ പുത്രിയെ
- ചന്ദ്രാംഗദന്നുകൊടുത്തു യഥാവിധി
- ഘോഷിച്ചു പാണിഗ്രഹണം കഴിച്ചുടൻ
- തോഷിച്ചു നൈഷധൻ തത്ര വാണീടിനാൻ
- സീമന്തിനീമൌലിമാലാമനോജ്ഞയാം
- സീമന്തിയോടു കൂടി ദിനേ ദിനേ
- കാമലീലാരതൻ ചന്ദ്രാംഗദൻ മുദാ
- കോമളാകാരൻ കളിച്ചു മേവുംവിധൌ
- സീമന്തിനിയോടുകൂടി ദൃഢവ്രതൻ
- സോമവാരവ്രതം താനും തുടങ്ങിനാൻ
- വാമദേവങ്കലേ ഭക്തിവിശ്വാസങ്ങൾ
- സീമയില്ലേതും നിഷധകുമാരനും
- അക്കാലമേകദാചന്ദ്രാംഗദനുള്ളി-
- ലർക്കപുത്രീജലകേളിയാടീടുവാൻ
- ആശയുണ്ടാകയാലോടങ്ങളും കൊണ്ടു
- ദാശപ്പരിഷകൾ വന്നു വണങ്ങിനാർ
- കാളിന്ദിയിൽപ്പള്ളിയോടം കളിക്കേണ-
- മോളവും കാറ്റും കുറയുമെന്നിങ്ങനെ
- ധീവരന്മാരുടെ വാക്കുകേട്ടഞ്ജസാ
- സാവധാനം പുറപ്പെട്ടിതു നൈഷധൻ
- കൂടെ പുറപ്പെട്ടു പത്തുനൂറാളുകൾ
- ഓടം കരേറീ കുമാരനും കൂട്ടവും
- ഓടിയും തോണിയും വഞ്ചിയും വള്ളവും
- കൂടിപ്പലതുമിറക്കിപ്പതുക്കവേ
- തണ്ടായവും നല്ല പാട്ടും കഥകളും
- കൊണ്ടാടിയോടിത്തുടങ്ങീ മഹാജലേ
- കെല്പോടുനേരേ നടുക്കടുക്കും വിധൌ
- സ്വല്പം മഴക്കാറു കൊണ്ടു നഭഃസ്ഥലേ
- ഓളങ്ങൾ പൊങ്ങിത്തുടങ്ങിപ്പതുക്കവേ
- കാളിന്ദിയൊന്നു പകർന്നു തദന്തരേ
- ആകാശമൊക്കെപ്പരന്നു മഴക്കാറു-
- മാകാനമുക്കിന്നു പോകെന്നു തങ്ങളിൽ
- ഘോഷം തുടങ്ങീ മരക്കലത്തിൽ തദാ
- വേഷം പകർന്നു കാണായി കാളിന്ദിയും
- കീഴ്മേൽ മറിഞ്ഞു വരുന്ന തിരകളിൽ
- കാന്മാൻ കുറഞ്ഞുമരക്കുലക്കൂട്ടവും
- വിങ്ങുന്ന കാറ്റേറ്റു പൊട്ടിപ്പടവുകൾ
- മുങ്ങിത്തുടങ്ങി മരിച്ചു പലജനം
- നക്രങ്ങൾ വന്നു വിഴുങ്ങീട്ടൊരു വിധം
- ചത്രച്ചുഴിപ്പിൽപ്പതിച്ചിട്ടൊരുവിധം
- വെള്ളം കുടിച്ചു തടിച്ചിട്ടൊരുവിധം
- വള്ളത്തിൽ മുട്ടിത്തകർന്നിട്ടൊരുവിധം
- ഏന്തും ജലത്തിൽ വിപത്തിനെ പ്രാപിച്ചു
- നീന്തിക്കരേറിപ്പണിപ്പെട്ടൊരുവിധം
- സീമന്തിനീവരൻ ചന്ദ്രാംഗദൻ തദാ
- യാമുനാംഭസ്സിൽ മുഴുകിവിധിവശാൽ
- മെല്ലവേ കീഴ്പോട്ടു താണു താണങ്ങനെ
- ചെല്ലുന്നനേരം ഭുജംഗനാരീജനം
- വാരിലീലാവിധൌതാനേവരുന്നൊരു
- പൂരുഷശ്രേഷ്ഠനെക്കണ്ടുകുതൂഹലം
- ചെന്നുകരംകൊണ്ടുതാങ്ങിപ്പതുക്കവേ
- പന്നഗാവാസമാം പാതാളമന്ദിരേ
- ശോണരത്ന്ഓജ്ജ്വലസിംഹാസനോത്തമേ
- വാണരുളീടുന്ന തക്ഷകാഹീന്ദ്രന്റെ
- മുന്നിലാമ്മാറങ്ങുവീരസേനാത്മജൻ
- തന്നുടെ പൌത്രനെക്കൊണ്ടു ചെന്നീടിനാൻ
- അത്രാന്തരേപുരവാസികൾക്കുണ്ടാകു-
- മത്തല്പ്രകാരം പറഞ്ഞാലൊടുങ്ങുമോ
- ചിത്രവർമ്മാവും പ്രജകളും മറ്റുള്ള
- ധാത്രീസുരന്മാരമാത്യവൃന്ദങ്ങളും
- വൃത്താന്തമീദൃശം കേട്ടോരനന്തരം
- ചിത്തം പിളർന്നു വിലാപം തുടങ്ങിനാർ
- അയ്യോ നൃപാത്മജ! ചന്ദ്രാംഗദ! ഭവാ-
- നീയാളുകൾക്കൊരു ചന്ദ്രനായ് വന്നുടൻ
- സർവം പരിത്യജിച്ചെങ്ങു പോയീ ഭവാ
- നുർവീശനന്ദന! നന്നു നിൻ സാഹസം
- ഹാ! ഹാ! മഹാവീര! ഹാ! ഹാ! മഹാധീര!
- ഹഹാ! മഹീപാലബാലകാ!സുന്ദര!
- ഹാഹാ! നളക്ഷോണിപാലപുത്രാത്മജ!
- ഹാഹാ! നിനക്കുവേണ്ടുന്നതല്ലീവിധം
- കഷ്ടം നവോഢയാം രാജേന്ദ്രപുത്രിയെ
- പെട്ടെന്നുപേക്ഷിച്ചു പോകുന്നതെന്തു നീ
- ലക്ഷണക്കാരനാം രണ്ടാം മഹീസുരൻ
- ലക്ഷണം പണ്ടുപറഞ്ഞതു സത്യമായ്
- ഇന്നുപതിന്നാലുസംവത്സരാവധി
- വന്നുകുമാരിയാം സീമന്തിനിക്കഹോ!
- സോമവാരവ്രതം നിഷ്ഫലമായിതോ
- സോമചൂഡന്നു കനിവില്ല നിർണ്ണയം
- വെള്ളത്തിൽ വീണു മരിച്ചതഹോ!ഭവാ-
- നുള്ളത്തിലഗ്നി പിടിച്ചു ഞങ്ങൾക്കെടോ
- ഇത്ഥമ്പ്രകാരമങ്ങാബാലവൃദ്ധരും
- ബദ്ധസന്താപം കരഞ്ഞു പറഞ്ഞുടൻ
- നീളെത്തിരഞ്ഞുവിരഞ്ഞുവന്നൂചിലർ
- കാളിന്ദിയിൽച്ചെന്നു മുങ്ങി നോക്കിച്ചിലർ
- ചിത്രവർമ്മാവുടൻ ദുഃഖിച്ചു ദുഃഖിച്ചു
- പുത്രീമണാളന്റെ ശേഷക്രിയാദികൾ
- പുത്രിയെക്കൊണ്ടുടൻ ചെയ്യിച്ചു തൽക്ഷണം
- പുത്രിയും വൈധവ്യഭാവേനമേവിനാൾ
- ഭൂമിപരാഗത്തിൽ വീണുരുണ്ടങ്ങനെ
- പൂമെയ് തളർന്നു കറുത്തൊരു വസ്ത്രവും
- കണ്ണുനീർ വാർത്തു വിയർത്തു ശരീരവും
- ദണ്ഡിച്ചുജീവിച്ചിരുന്നു സീമന്തിനി
- സോമവാരവ്രതം തന്നിലേ നിഷ്ഠയാ
- വാമദേവാർച്ചനം ചെയ്തു വാണീടിനാൾ
- അക്കാലമങ്ങു നിഷധേന്ദ്രമന്ദിരേ
- ചൊൽക്കൊണ്ടഭൂപാലനിന്ദ്രസേനൻ ശുഭൻ
- പുത്രവൃത്താന്തങ്ങൾ കേട്ടു ബോധം കെട്ടു
- ധാത്രീതലേവീണുണർന്നുകേണീടിനാൻ
- തല്പത്നിമാരും പുരവാസിവൃന്ദവും
- വിപ്രാദിനാലു വർണ്ണങ്ങളും കൂടവേ
- കുണ്ഠിതം പൂണ്ടു വസിക്കും ദശാന്തരേ
- കണ്ടകന്മാരായ ശത്രുരാജാക്കളും
- ഇന്ദ്രസേനൻ തന്റെ നാടടക്കീടുവാ-
- നിന്നു നമുക്കുണ്ടു തക്കമെന്നോർത്തവർ
- നാട്ടിൽ കടന്നാശു നാശം തുടങ്ങിനാർ
- കോട്ടപ്പടികൾ പിടിച്ചടക്കീടിനാർ
- പോരിൽ ജയിച്ചിന്ദ്രസേനക്ഷിതീശനെ
- കാരാഗൃഹത്തിൽപ്പിടിച്ചുകെട്ടീടിനാർ
- ജ്ഞാതിഭൂതന്മാർക്കധീനമായ് വന്നിതു
- ശീതാംശുവംശപ്രഭുത്വം തദന്തരേ
- അക്കാലമങ്ങു ഭുജംഗരാജാലയം
- പുക്കൊരു ധീരനാം ചന്ദ്രാംഗദൻ നൃപൻ
- തക്ഷകാവാസം വിലോകനം ചെയ്തിതു
- ലക്ഷ്മീവിലാസേന ചിത്രം മനോഹരം
- സർവരത്നോജ്ജ്വലം സർവസമ്പന്മയം
- സർവദാരമ്യം മണിദ്വാരഗോപുരം
- ഹേമാലയങ്ങളും രത്നാലയങ്ങളും
- സീമാവിഹീനം മഹാസൌധജാലവും
- സ്വർപ്പതിസ്ത്രീകളെക്കാളും മനോജ്ഞമാം
- സർപ്പനാരീജനം സർവ്വദാസുന്ദരം
- മുന്നിലാമ്മാറങ്ങു കണ്ടാൻ നൃപാത്മജൻ
- പന്നഗാധീശൻ വസിക്കുന്നു തക്ഷകൻ
- ഉത്തുംഗഭംഗ്യാവിളങ്ങും ഫണങ്ങളും
- തപ്തഹേമപ്രഭാദേഹപ്രകാശവും
- നാഗഹാരം കിരീടം മണികുണ്ഡലം
- ഭോഗിരത്നങ്ങളും ദിവ്യാംശുകങ്ങളും
- ആലവട്ടങ്ങളും വെൺചാമരങ്ങളും
- നാലുഭംഗങ്ങളിൽ സർപ്പവൃന്ദങ്ങളും
- ഗാനവും നൃത്തവും ചെയ്യുന്ന നാഗേന്ദ്ര
- മാനിനിമാരുടെ നാനാരസങ്ങളും
- ചന്ദ്രപ്രകാശനാം നാഗേന്ദ്രനെക്കണ്ടു
- ചന്ദ്രാംഗദൻ ചെന്നു ഭക്ത്യാ വണങ്ങിനാൻ
- സർപ്പാധിരാജന്റെ ഭാവമറിഞ്ഞുടൻ
- സർപ്പാംഗനാജനം വന്ദിച്ചു ചൊല്ലിനാർ
- സ്വാമിൻ! മഹാരാജ! കേട്ടാലുമത്ഭുതം
- കോമളാകാരനാം പൂരുഷാഗ്രേസരൻ
- കേളിരമ്യാഭോഗഗംഭീരനാമിവൻ
- കാളിന്ദിവാരിയിൽ താണുതാണങ്ങനെ
- വന്നതുകണ്ടുടൻ ഞങ്ങൾ കൌതൂഹലാൽ
- ചെന്നുകരംകൊണ്ടു താങ്ങിപ്പതുക്കവേ
- പാരാതെ കൊണ്ടിങ്ങു പോന്നിതു സാമ്പ്രതം
- ആരെന്നറിഞ്ഞീല നാഗരാജാ! വിഭോ!
- എന്നതു കേട്ടു ചോദിച്ചിതു തക്ഷകൻ
- സുന്ദര! നിന്നുടെ പേരെന്തു ചൊൽക നീ
- ആരുടെ നന്ദനൻ ചാരുമൂർത്തേ! ഭവാ-
- നാരുള്ളു ബന്ധുക്കളേതു നിന്നാസ്പദം
- അത്ര ഗമിപ്പാനുമെന്തുമൂലം ബലാൽ
- വൃത്താന്തമൊക്കെപ്പറകെന്നു സാദരം
- സർപ്പരാജോക്തികൾ കേട്ടു ചന്ദ്രാംഗദൻ
- കെല്പോടുനിന്നു തൊഴുതു ചൊല്ലീടിനാൻ
- ഭൂമണ്ഡലേസോമവംശേ മഹാരഥൻ
- ഭൂമിശശാങ്കൻ നളനെന്നൊരു നൃപൻ
- ഭീമജാവല്ലഭൻ സംഭവിച്ചീടിനാൻ
- ഭീമബാഹുബലൻ കാമദാനപ്രദൻ
- തല്പുത്രനിന്ദ്രസേനാഭിധൻ ഭൂമിപൻ
- തല്പുത്രനേഷ ഞാൻ ചന്ദ്രാംഗദാഭിദൻ
- ഭാര്യാഗൃഹേ വസിക്കുന്നാളൊരുദിനം
- സൂര്യാത്മജാജലേ തോണി കളിച്ചു ഞാൻ
- തോണിമുഴുകിപ്പതിക്കും വിധൌ നാഗ
- മാനിനിമാരുടെ പാണിസ്ഥനായി ഞാൻ
- ദൈവകാരുണ്യേനയുഷ്മൽ പദാംഭോജ
- സേവാമഹാഭാഗ്യ യോഗം ലഭിച്ചു ഞാൻ
- എന്നുടെ ഭാര്യയും താതമാതാക്കളു-
- മെന്നുടെ ദേഹാവസാനം നിരൂപിച്ചു
- ഖിന്നതാഭാവേന മേവുന്നു സാമ്പ്രതം
- പന്നഗാധീശ! പരമാർത്ഥമിങ്ങനെ
- ചോദിച്ചു പിന്നെയും പന്നഗാധീശ്വരൻ
- മേദിനീപാലേന്ദ്രനന്ദന! ചൊൽകനീ
- ഈശ്വരന്മാരിൽ വച്ചീശ്വരത്വം കൊണ്ടു
- വിശ്വാസഭക്തിനിനക്കേതൊരീശ്വരേ?
- ബ്രഹ്മനും വിഷ്ണുവും മുഗ്ദ്ധേന്ദുചൂഡനും
- ബ്രഹ്മാണ്ഡഭാണ്ഡപ്രവർത്തകന്മാരവർ
- ഒന്നെങ്കിലും ഭിന്നർ മന്ദാശയന്മാർക്കു
- മൂന്നായ് വിളങ്ങുന്നു സേവിച്ചു കൊള്ളുവാൻ
- എന്നതിലാരെടോ നിന്നുടെ ദൈവതം
- ഇന്ദ്രസേനാത്മജ! തത്ത്വം കഥിക്ക നീ
- എന്നതുകേട്ടു പറഞ്ഞു ചന്ദ്രാംഗദൻ
- എന്നുടെ ദൈവതം മുഗ്ദ്ധേന്ദുശേഖരൻ
- യാതൊരുദേവന്റെ സാന്നിദ്ധ്യയോഗേന
- ഭൂതപ്രപഞ്ചം വിരിഞ്ചാതി ദൃശ്യതേ
- അദ്ദേവനെന്നുടെ ദേവൻ ദയാശീലനു-
- ദ്ദാമനിത്യപ്രകാശൻ നിരഞ്ജനൻ
- യാതൊരു ദേവന്റെ സാത്വികാംശം കൊണ്ടു
- ജാതനാം വിഷ്ണു ജഗന്നാഥനായതു
- യാതൊരു ദേവന്റെ രാജസാംശം കൊണ്ടു
- ഭൂതകർത്താവാം വിരിഞ്ചൻ ഭവിച്ചതും
- യാതൊരു ദേവന്റെ താമസാംശംകൊണ്ടു
- ഭൂതനാം രുദ്രൻ ജഗദ്ധ്വംസിയായതും
- യാതൊരുദേവനെ ധ്യാനിക്ക കാരണം
- ദ്വൈതഭ്രമം ശമിച്ചാനന്ദലാഭവും
- യാതൊരു ദേവനുണ്ടെന്നു ബോധിക്കയാൽ
- വീതരാഗത്വം നരന്നു വരുന്നതും
- യാതൊരു ദേവൻ സമീപസ്ഥനെങ്കിലും
- ജാതഭ്രമന്മാർക്കു ദൂരസ്ഥനായ് വരും
- യാതൊരു ദേവൻ ഗുണത്രയം ലംഘിച്ചു
- വീതസംഗംചിതാനന്ദമാകുന്നതും
- യാതൊരു ദേവന്റെ തേജസ്സമൂഹേന
- ഭൂതലാകാശം പ്രകാശമാകുന്നതും
- അങ്ങനെയെല്ലാമിരിക്കും മഹാദേവ-
- നിങ്ങുള്ളിലുള്ളവൻ നമ്മുടെ ദൈവതം
- ഇന്ദ്രിയാധീനമായുള്ള ജനത്തിനു
- ഇന്ദ്രിയാനന്ദം വരുത്തുന്നതും ശിവൻ
- ഇന്ദ്രിയം നിഗ്രഹിക്കുന്നവനെപ്പൊഴു-
- മിന്ദ്രലോകാഗ്രഹം നീക്കുന്നതും ശിവൻ
- ചണ്ഡാലനാകിലും ഭക്തിമാനാകിലും
- ചണ്ഡാർത്തിശാന്തിവരുത്തുന്നതും ശിവൻ
- ഭക്തിമാന്മാരുടെ ബന്ധങ്ങൾ വേർപെടു-
- ത്തത്യന്തശുദ്ധിവരുത്തുന്നതും ശിവൻ
- സംസാരവൈരാഗ്യമുള്ളൊരു മർത്ത്യന്റെ
- സംസാരനാശം വരുത്തുന്നതും ശിവൻ
- പുത്രമിത്രാദിയാം പാശേന ബന്ധിച്ചു
- ധാത്രിയിലിട്ടു വലയ്ക്കുന്നതും ശിവൻ
- ദ്രവ്യത്തിലാഗ്രഹം കൊണ്ടു പദേ പദേ
- ഭവ്യരെക്കെട്ടി വലയ്ക്കുന്നതും ശിവൻ
- നാട്ടിൽ പ്രഭുത്വം നടിപ്പിച്ചു തല്പദം
- കാട്ടാതെ നമ്മെച്ചതിക്കുന്നതും ശിവൻ
- രാഗവും ദ്വേഷവും കാമവും ക്രോധവും
- യോഗം വരുത്തിച്ചമയ്ക്കുന്നതും ശിവൻ
- കർത്തവ്യമേതെന്നു നിശ്ചയിച്ചീടുവാൻ
- മർത്ത്യന്നു ബുദ്ധി കൊടുക്കുന്നതും ശിവൻ
- കർത്തവ്യമല്ലാത്ത വല്ലാത്ത ദിക്കിലി-
- ട്ടാർത്തിക്കു പാത്രമാക്കീടുന്നതും ശിവൻ