ശ്മശാനത്തിലെ തുളസി/ചിത്രയുഗത്തിലെ സുപ്രഭാതം

മംഗളമണിനാദം!-ശ്രീലസൽസമാധാന-
രംഗത്തിൻ നവോദയകാഹളം!-മുഴങ്ങുന്നു!
ശാന്തിതൻ മരതാപ്പൂവനമെല്ലാം പൂത്തു
കാന്തിയുമുൽക്കർഷവുമൊന്നിച്ചു കരം കോർത്തു
വിജയക്ഷേത്രത്തിന്റെ ഗാപുരകവാടങ്ങൾ
വിരവോടെല്ലാർക്കുമായ് തുറക്കപ്പെട്ടുമുന്നിൽ.
മാമൂലിൻ മഷിതേച്ചമാറാല മാറിപ്പോയി
മായാത്തമയൂഖങ്ങൾ നൃത്തമാടുകയായി!

ഇച്ചിത്രയുഗത്തിന്റെ സുപ്രഭാതത്തിന്മുന്നി-
ലർച്ചിക്കൂ, വേണാടേ, നിൻനിർമ്മലഹർഷാശ്രുക്കൾ.
ഇപ്പുണ്യവിളംബരമേകിയചെങ്കോലിന്റെ
കെൽപ്പിനും കനിവിനുമരുളൂ നമോവാകം!

ദൈവത്തെപ്പങ്കിട്ടുകൊണ്ടിന്നലേവരെ, യോരോ
വൈവിദ്ധ്യം കാണിച്ചു നാം കലഹംകൂട്ടി തമ്മിൽ.
ഇന്നിതാ നമുക്കെല്ലാമൊന്നിച്ചു കൈയുംകോർത്തു
നിന്നുകൊണ്ടുൽക്കർഷത്തെപ്പുണരാനിടയായി.
ഇന്നത്തെ 'ശ്രീവാഴുംകോ'ടനന്വർത്ഥമായ്-ലോകത്തിൻ
മുന്നിലിന്നതു നേടീ മുഖ്യമാംസ്ഥാനം നൂനം!
ഈ നവയുഗത്തിന്റെ സുപ്രഭാതത്തിൽക്കൂടി
മാനവത്വത്തിൻ വാടാവെളിച്ചം മന്ദം മന്ദം
പരന്നുപരന്നൊരുകാലത്തു കാണാറാകും
പരമസ്നേഹത്തിന്റെ പാവനമതം മാത്രം!
അന്നത്തെ വിശ്വവ്യാപകോൽക്കർഷസമുദ്രത്തി-
ന്നമ്മയാ, ണിന്നീനാട്ടിൻ കനിവിന്വെള്ളത്തുള്ളി;
അന്നത്തെസ്സമത്വത്തിൻ സാമ്രാജ്യം താലോലിപ്പൂ
തന്നുള്ളിലടക്കിക്കൊണ്ടിക്കൊച്ചുമണൽത്തരി.
ഇദ്ദിവ്യയജ്ഞാഗ്നിയാൽ കൊളുത്തപ്പെട്ടീടട്ടെ
സദ്രസം, മൃതയായ ജാതിതൻ ചിതാകൂടം!
ബുദ്ധിതൻ വിദ്യുച്ഛക്തിമന്ദിരമായീടുമീ-
യുത്തമസചിവൻ തന്നമരംപിടിക്കലാൽ,
ഒഴുകിക്കളിക്കട്ടെ നിർബാധം കാറും കോളും
ചുഴിയും കണക്കാക്കാതെന്നുമിച്ചെറുവഞ്ചി!
നിർഭരം നടക്കട്ടെ വീണവായിച്ചുംകൊണ്ടു
നിത്യമീ വേണാടിന്റെ ഭാഗ്യദേവതയെങ്ങും!
ഇക്ഷേത്രപ്രവേശനമംഗളവിളംബര-
മക്ഷയസമാധാനത്തിന്റെ നാന്ദിയായ് ശോഭിക്കട്ടെ!

നീണാളായ് കൊതിച്ചൊരാ നിർവൃതി ലഭിച്ചിന്നു
വേണാട്ടിൽ ജനിക്കയാൽ ചരിതാർത്ഥരായ് നമ്മൾ.
അത്യന്തപവിത്രമാമീ യുഗമാരംഭിച്ച
ചിത്രതാരകേ, ഹാ, നീയുല്ലസിക്കാവൂ മേന്മേൽ!
താവകയശസ്സിന്റെ രശ്മികളുണർത്തട്ടെ
കേവലം മരവിച്ച ലോകത്തിന്റെ പ്രജ്ഞാചക്രം!