രവിലാദ്യത്തെ മധുരനിദ്രയിൽ
സരളസ്വപ്നങ്ങൾക്കിടയിലായ്
ഹൃദയനായികേ, ഭവതിയെക്കാത്തു
മുദിതനായി ഞാനുണർന്നു!
മൃദുലമർമ്മരമുയരുമാറെങ്ങും
കുളിരിളംതെന്നലിളകവേ,
ഹൃദയനായികേ, ഭവതിയെക്കണ്ടു
മുദിതനായി ഞാനുണർന്നു.
അറിയാന്മേലാത്തോരനഘശക്തിയെ-
ന്നമലേ, മൽപദയുഗളത്തെ
അനുനയിപ്പൂ നിൻ മണിയറയിലെ-
ക്കിളിവാതിൽക്കലേക്കതിവേഗം.

അലയും തെന്നലുമരുവിയും നോക്കൂ
തളരുന്നു മുറ്റുമിരുളിങ്കൽ.
അരിയചമ്പകപരിമളമതാ
തെരുതെരെ മാഞ്ഞുമറയുന്നു.
ഒരു കിനാവിങ്കലുയരുമോരോരോ
സരളമാം ചിന്താശകലം പോൽ
ഇടറുമൊച്ചയിലിതുവരെ മന്ദ-
മിണയെക്കാണാതെ വിവശയായ്
തരുശിഖരത്തിൽ മരുവും രാക്കുയിൽ
കരൾ തകർന്നയേ്യാ, കരയുന്നു.
അനഘേ! നിന്മാറിലതുപോലെ ഞാനും
തലചായ്ചിത്തിരി കരയട്ടേ!

തനിയേതാനിപ്പുൽത്തകിടിയിലിട-
മിനിയും നിന്നിലോ തരളേ ഞാൻ?
വരു വരൂ നാഥേ, വിവശൻ ഞാനയ്യോ
മരണത്തിങ്കലേക്കണയുന്നു.
വിറകൊള്ളുന്നു ഞാൻ വലയുന്നു മണ്ണിൽ
വിഗതബോധം വീണടിയുന്നു.
വിറകൊള്ളുന്നോരെന്നധരങ്ങളിലും
വിളറും കൺപോളകളിലുമായ്
മൃദുലചുംബനമധുരമാരിയായ്
സദയം വർഷിക്കൂ തവ രാഗം!
വിളറിപ്പോയിതെന്നിരുകവിൾത്തട്ടു-
മലകൊൾവൂ ബാലേ, മമ ചിത്തം.
അതു നീയോമലേ, ഭവതിതൻ മാറിൽ
സദയം ചേർത്തൊന്നു തടവുകിൽ
വിരഹവഹ്നിയിലുരുകീടുമതു
വിഗതവേദനം തകരുമേ! ....