ശ്മശാനത്തിലെ തുളസി/വാടിയ പൂവുകണ്ടിട്ട്
പശ്ചിമാംബരത്തിലെപ്പാടലദ്യുതി നോക്കി
നിശ്ചലമായ് നിൽക്കുന്ന വാടിയ സൗന്ദര്യമേ,
നിഷ്ഫലബാഷ്പം സ്വയം നിർഗ്ഗളിച്ചിടും കണ്ണാൽ
പുഷ്പമേ, നിനക്കു ഞാൻ സ്വാഗതമരുളട്ടേ!
മറയാറായി വിശ്വമംഗളമണിദീപം
മറയാറായീ നിത്യഭാസുരതേജ:പുഞ്ജം.
ഹൃദയം മദീയം, ഹാ, തകരുന്നല്ലോ, ചൊല്ലാൻ
പദമില്ലല്ലോ!-നിന്നോടെന്തു ഞാനോതിടേണ്ടു?
മധുമാസത്തിൻ രാഗസാന്ദ്രമാമാശ്ലേഷത്തിൽ
മലർവാടികയ്ക്കാദ്യമുണ്ടായ രോമാഞ്ചമേ,
ഒരു വത്സരം മാത്രം നിന്റെ ജീവിതം!-കണ്ണീർ
ചൊരിയാതിരിക്കുന്നതെങ്ങിനെ?-നിർഭാഗ്യ നീ!
പരിപാവനരാഗസ്മിതസൗരഭം വീശി-
പ്പരിചിൽപ്പുലർകാലത്തിന്നു നീ വിടർന്നപ്പോൾ,
എത്രപേരാനന്ദാവേശോൽഫുല്ലചിത്തന്മാരാ-
യെത്തിയില്ലരികിൽ, നിൻ ശ്രീവിലാസൗഭഗം വാഴ്ത്താൻ!
ഇരുളിൻ കരിമ്പടം മീതെയിട്ടുറങ്ങിയ
ധരണീദേവിയിന്നു കണ്ണിണ തുറന്നപ്പോൾ;
മൃദുലാമലമന്ദസ്മിതസുന്ദരമാം നിൻ
വദനം കണികണ്ടു പുളകംകൊണ്ടീലല്ലീ?
ചന്ദനഗന്ധമ്പൂശി നിന്മുഖം നുകരുവാൻ
മന്ദമാരുതൻ വീർപ്പിട്ടെത്തി നിൻ സവിധത്തിൽ.
നീലക്കാറൊളിയേലും വരിവണ്ടുകൾ നിന്റെ
ചേലഞ്ചും സ്മിതം കണ്ടു രസിച്ചു ചുറ്റും കൂടി.
മഴവില്ലാശ്ലേഷിച്ച പൊൻചിറകുകൾ വീശി-
യഴകാളുമച്ചിത്രശലഭാവലിയെത്തി.
ഇല്ലെന്നാലിപ്പോളൊരു പുൽക്കൊടിപോലും നിന്നെ-
ച്ചൊല്ലി നിശ്വസിച്ചൊരു കണ്ണുനീർക്കണം തൂകാൻ.
കവിയും കദനത്താൽക്കരയുമൊരു ബാല-
കവിയേ കാണുന്നുള്ളൂ, ശോകമൂകയാം നിന്നെ!
പക്ഷപാതിയല്ലവനൊരുകാലത്തും, മൂക-
പുഷ്പമേ, നിനക്കവൻ ശാന്തിനേർന്നിതാ നിൽപ്പൂ!
ഇത്തരം ക്ഷണപ്രഭാചഞ്ചലവലയങ്ങൾ
നിത്യസൗന്ദര്യത്തിന്റെ നീണ്ട ശൃംഖല തീർക്കെ;
മിന്നിടും മഴവില്ലും മഞ്ഞുതുള്ളിയും, കാന്തി-
ചിന്നിടും പൂവും നോക്കി മാഴ്കായ്കെൻ മനമേ, നീ!
സൗന്ദര്യാത്മകമാകും വസ്തുവൊന്നൊരാനന്ദ-
കന്ദമാണെന്നെന്നേക്കു മെന്നു നീയറിവീലേ?