ശ്മശാനത്തിലെ തുളസി/വിയോഗഭൂവിൽ
(ശ്രീ ഇടപ്പള്ളി ആർ. രാഘവൻപിള്ളയുടെ ആത്മഹത്യയ്ക്ക് ഒരാഴ്ചമുമ്പ്, അദ്ദേഹത്തിനുണ്ടാകാവുന്ന മാനസാന്തരം ഈ രീതിയിലായിരിക്കുമെന്നു സങ്കൽപിച്ച് എഴുതിയിട്ടുള്ളതാണ് ഈ പദ്യം. പക്ഷേ, എന്റെ സങ്കൽപത്തിനോ, അനുമാനങ്ങൾക്കോ നേരേ വിരുദ്ധമായിപ്പോയി അനുഭവം-)
വിശ്രമത്തിന്റെ തണലിലിസ്വപ്നങ്ങൾ
വിസ്മരിച്ചേക്കു സമസ്തവും തോഴി, നീ!
തമ്മിൽപ്പിരിയാം നമുക്കീയവസാന-
ചുംബനത്തിന്റെ ഹൃദയത്തുടിപ്പുമായ്.
നമ്മിലുറങ്ങിക്കിടക്കുമഴലിനെ-
ക്കണ്ണീർതളിച്ചു വിളിച്ചുണർത്തൊല്ല നീ.
ഓടക്കുഴൽ വിളിച്ചാനന്ദനർത്തന-
മാടിയണഞ്ഞൊരത്തങ്കക്കിനാവുകൾ
വന്നപോൽത്തന്നെ പിരിഞ്ഞുപോയ്, ജീവിത-
നന്ദനത്തിന്റെ മധുമാസരാത്രിയിൽ!
ഭഗ്നാനുരാഗപ്പുതപ്പിനാ, ലോർമ്മതൻ
നഗ്നതമേലിൽ മറച്ചുപിടിക്ക നാം.
ഉദ്യമത്തേക്കാൾ വിനോദമാക്കീടുകീ-
യുദ്വേഗദമാമനുരാഗ നാടകം.
ശോകാത്മകാന്തമായ്ത്തീരുമിതെന്നതും
ഹാ, കഷ്ട, മാരന്നറിഞ്ഞിരുന്നൂ, സഖീ?
വേദാന്തവേണുവിൽക്കൂടി ഞാൻ പാടുമീ
വേദനാഗീതമിനിമേലൊരിക്കലും,
ഒട്ടിപ്പിടിക്കാനിടയാക്കുകില്ല നിൻ
പട്ടുപോലുള്ളൊരപ്പിഞ്ചുമനസ്സിനെ!
കഷ്ടം, കൊതിച്ചു തണലിലെപ്പുൽക്കൊടി
പൊട്ടിച്ചെടുക്കാൻ തരുത്തലത്താരിനെ.
ചുറ്റു, മസൂയയാൽ കൂർത്തമുഖവുമായ്-
ക്കുറ്റം പറഞ്ഞിതാ മുൾച്ചെടിച്ചാർത്തുകൾ.
എന്നാലുമുച്ചത്തിൽനിന്നനുകമ്പതൻ
കണ്ണുനീർത്തുള്ളിയപ്പുൽത്തുമ്പിൽ വീഴ്ത്തി നീ.
ചേണുറ്റൊരാ ബിന്ദു രാഗാദയത്തിന്റെ
മാണിക്യഖണ്ഡമായ് മാറിയ കാരണം,
അക്കൊച്ചുപുൽക്കൊടിയേതോ നവോജ്ജ്വല-
സ്വർഗ്ഗചൈതന്യം മുകർന്നിതരക്ഷണം.
സാഹസമാണതെന്നാകിലോ, നിർമ്മല-
സ്നേഹപ്രസന്നേ, സദയം പൊറുക്കണേ!
ആശ്വസിച്ചല്ലോ പലപ്പൊഴും, നീയെന്റെ
ശാസ്വതനിർവൃതിയാകുമെന്നോർത്തു ഞാൻ!
വെള്ളിനക്ഷത്രമേ, നീയടുത്തുള്ളനാൾ
തുള്ളിത്തുളുമ്പിയിരുന്നു മന്മാനസം.
ഇന്നിതാ വേർപെട്ടുപോകയാണോമലേ,
കണ്ണീരിലെന്നെ കുളിപ്പിച്ചുകൊണ്ടു നീ.
പോവുക, പോവുക നിത്യാനുഭൂതികൾ
പൂവിരിക്കട്ടെ നിൻ ജീവിത വീഥിയിൽ!
രണ്ടു നിർവാണങ്ങളേതോ സുരമലർ-
ച്ചെണ്ടുപോലെന്മുന്നിൽ മിന്നിയിന്നോളവും
ഒന്നു നിൻ പ്രേമ, മപരമൊരാനന്ദ-
തുന്ദിലസൗഹൃദം-രണ്ടും മനോഹരം!
അസ്സൗഹൃദത്തെ നിൻ പ്രേമവും, നിൻപ്രേമ-
മസ്സൗഹൃദവുമറിവൂ പരസ്പരം.
ഇന്നവയിങ്കൽനിന്നൊന്നിതാ പോകയാ-
ണെന്നെന്നേക്കുമായിപ്പിരിഞ്ഞെന്നെ നിർദ്ദയം,
നൊന്തുനൊന്തയേ്യാ, ദഹിക്കയാണൊന്നതു
ചിന്തിച്ചിടുമ്പോഴേക്കെൻ മന, മോമലേ!
അസ്സൗഹൃദത്തിനെയല്ലാതെയാരെ, യീ
നിശ്ശബ്ദദു:ഖമിനിയറിയിപ്പു ഞാൻ?
പ്രേമം മധുരം, മനോഹരം, പക്ഷേ, യാ-
പ്രേമനൈരാശ്യമൊരുൽക്കടസങ്കടം.
അന്ത്യത്തിലശ്രുവാർത്തിടുവാനാണെങ്കി-
ലെന്തിനു നാമിദം സ്നേഹിച്ചു നിഷ്ഫലം?...
ചേലിലെൻപ്രേമസ്വരൂപിണിയല്ലിനി-
മേലിലെൻകൊച്ചുസഹോദരിയാണു നീ!
ഇന്നോളമുള്ളെൻസമസ്തചാപല്യവു-
മൊന്നായിനി നീ മറക്കുവാൻ നോക്കണേ!
വിസ്മൃതികൊണ്ടു നാം മൂടിയാൽക്കൂടിയും
വിട്ടകന്നീടാത്ത നിർവാണവീചികൾ,
ഹന്ത, നാമൊന്നല്ല രണ്ടല്ലൊരായിരം
സ്വന്തമാക്കിത്തീർത്തു ജീവിതവീഥികൾ.
യാത്രപറകിലും നമ്മൾക്കിവിടെവെ-
ച്ചാത്മക്ഷതങ്ങൾക്കവകാശമില്ലിനി.
എന്നുതന്നല്ലീവ്യതിയാനരംഗത്തി-
ലെന്തുകൊണ്ടാവോ കൃതാർത്ഥനാകുന്നു, ഞാൻ.
എങ്കിലും തോഴീയിതു പറയുമ്പൊഴു-
മെൻകരൾ വീണ്ടും തുടിക്കയാണെന്തിനോ!
നീയറിയാത്ത പലേ കനൽക്കട്ടകൾ
നീറുമതിനുള്ളിലിപ്പൊഴുമെപ്പൊഴും
കണ്ണുനീരല്ലാതൊരൊറ്റ സ്മിതവുമി-
ല്ലെന്നുപഹാരമായേകാൻ നിനക്കിനി!
താരകച്ചാർത്തിൽ നിനക്കു മൽസ്പന്ദനം
നേരിട്ടുകാണാമിരുണ്ട നിശകളിൽ.
നിത്യവുമെന്റെ തണുത്ത നിരാശ വ-
ന്നെത്തിടും മൂടൽമഞ്ഞായി നിൻവീഥിയിൽ.
മൽപ്രേമശുദ്ധിതൻ സാത്വികസിദ്ധിയാൽ
സുപ്രഭാതങ്ങൾ കൊളുത്തുമുണർച്ചകൾ.
തെന്നലിലൂടെയെൻ കുമ്പിതോൽക്കണ്ഠത-
ന്നന്വേഷണങ്ങളണയും നിരന്തരം.
എന്നും തുളുമ്പും സുഗന്ധമായ്പ്പൂക്കളിൽ
നിന്നിലെനിക്കുള്ളൊരോമൽപ്രതീക്ഷകൾ.
കൊച്ചുകാട്ടാറിൻ കളകളമായി വ-
ന്നെത്തും നിനക്കടുത്തെൻ ശൂഭാശംസകൾ.
എന്നിരുന്നാലും കനിവെന്നിലുണ്ടെങ്കി-
ലെന്നെ നീ മേലിൽ മറക്കുവാൻ നോക്കണേ!
സങ്കൽപ ചിത്രം വരച്ചുപോലും സ്വയം
പങ്കം പുരട്ടുകയില്ലിനി നിന്നിൽ ഞാൻ.
ചത്തഭാഗ്യത്തിൻ ചിതാഭസ്മവുംകൂടി
വിട്ടുതരുന്നു നിനക്കു ഞാൻ, നിർമ്മലേ!
ഹന്ത, നിന്നോർമ്മയ്ക്കെനിക്കെന്നുമെന്റെയീ
നൊന്തുനൊന്തുള്ള മനസ്സുമാത്രം മതി!....
കണ്ടുമുട്ടാനിനിയൊക്കാത്തമാതിരി
രണ്ടുവഴിയായ് പിരിയുകയാണു നാം!
ഈ വിയോഗത്തിൽദ്ദഹിക്കണം നമ്മുടെ
ജീവിതത്തിങ്കലെസ്സർവ്വരഹസ്യവും!
മാമകസ്മാരകമായൊരു നേരിയ
രോമഹർഷംപോലുമാർജ്ജിക്കരുതു നീ!
സർവ്വവും വിങ്ങി വിറങ്ങളിച്ചിപ്പൊഴീ
നിർവ്വികാരത്വത്തിൽ വീണടിഞ്ഞീടണം!
പോകൂ, പിരിയൂ, മറയൂ-തവ ഭാഗ്യ-
കോകിലം കൂകിത്തുടങ്ങീ-വസന്തമായ്!
എല്ലാം പൊറുക്കൂ മറക്കൂ, സഹോദരീ
പൊള്ളയായുള്ളൊരിപ്പുല്ലാങ്കുഴലെ നീ!