ശ്രീകൃഷ്ണചരിതം മണിപ്രവാളം
ഈ കൃതി വിക്കിഗ്രന്ഥശാലയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. If you'd like to help, please review the help pages. |
- ശ്രീകൃഷ്ണചരിതം മണിപ്രവാളം **
.........................................................
( ശ്രീ കുഞ്ചൻ നമ്പ്യാർ വിരചിതം )
ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ: ----------------------------------------------
ശ്രീ വെങ്കടേശനും, ശ്രീ ജഗന്നാഥനും, ശ്രീ വിത്തോബാവും, ശ്രീ ഗുരുവായൂരപ്പനും,
ശ്രീ കൃഷ്ണനും, ആയി വിളങ്ങുന്ന ഉണ്ണികൃഷ്ണൻ്റെ
ലീലാവിനോദങ്ങളെ വർണിക്കുന്നതും, മലയാളത്തിലെ മണിപ്രവാളശൈലിയിൽ വിരചിച്ചതും ആയതാണ് ഈ കവിതാരത്നം.
ശ്രീ കുഞ്ചൻ നമ്പ്യാർ മണിയും (മുത്ത് = Pearl) പ്രവാളമും (പവിഴം = Coral) ചേർത്തി തൊടുത്തു,
അതിൽ ഭക്തിയും, മുക്തിയും, വിഭക്തിയും, വാത്സ്യവും, പ്രേമവും, രക്ഷയും, ശിക്ഷയും,
എല്ലാം ചേത്ത് ഭംഗിയായി രചിച്ചതാണ് ഈ കാവ്യം. ..............................................
ഒന്നാം സർഗ്ഗം --------------------- ശ്രീ കൃഷ്ണാവതാരം ---------------------------
ഗണപതി ഭഗവാനും അബ്ജയോനി- പ്രണയിനിയാകിയ ദേവി വാണിതാനും ഗുണനിധി ഗുരുനാഥനും സദാ മേ തുണയരുളീടുക കാവ്യബന്ധനാർത്ഥം . #1
പുരഹരനമലൻ മുരാരി ദേവൻ പുരമുരശാസനസൂനുഭൂതനാഥൻ ധരണിസുരമഹാജനങ്ങളും മേ വരമരുളിടുക വാഞ്ചിതനുകൂലം #2
മധുരിപു ചരിതം മനോഭിരാമം മധുരപദാകലിതം മണിപ്രവാളം മതികമല വികാസ ഹേതുഭൂതം കതിപയ സർഗ്ഗമിദം കരോമി കാവ്യം #3
ദുരിത നിധികളായ ദാനവാനാം ഭരമതി ദുസ്സഹ മാകയാലൊരുന്നാൾ ധരണി ഭഗവതി വിരിഞ്ചലോകേ വിരവോടുചെന്നു വണങ്ങിനിന്നു ചൊന്നാൾ #4
" സരസിജഭവ! ദേവ! പാഹി പാഹി ത്വരിതതരം കരുണാനിധേ! നമസ്തേ പരവശതരയാം ധരണി ഞാനെ - ന്നറിക ഭവാനഖില പ്രപഞ്ചബന്ധോ " #5
" അമരമുനി മഹാസഭാന്തരാളേ കിമപി മയം ച വിനാ നിതംബിനീനാം
വചന മുചിതമല്ല മല്ലയോനേ ! സൂചിര വിഷാദവശേന വേണ്ടിവന്നു " #6
" അനുചിതമിദമെൻകിലും മഹാത്മൻ കനിവൊടു ഹന്തഭവാൻ ക്ഷമിക്കവേണം മലകളിളകിലും മാഹാജനാനാം മനമിളകാ ചപലോക്തി കേൾകിലും കേൾ " #7
" അസുരഭടജനം മനുഷ്യഭാവം പ്രസഭമിയനന്നിഹ കoസസാരഭൂതം അവനുടയ പടജ്ജനം ച ഘോരം ശിവശിവ! പൂർണ്ണമതായി മൽപ്രദേശെ " #8
" ദ്വിജവരയ ജനാദി കർമ്മമെല്ലാം ഭുജബലശാലി ശഠൻ മുടക്കുവാനായ് അനുദിവസമവൻ ബഹുപ്രകാരം ദനുജകുലാനി നിയോജയാഞ്ചകാര " #9
" പശുകുലഹരണം, പതിവ്രതാനം ഭ്ഋശതര ദൂഷണ, മഗ്രഹാരനാശം ഇതി ബഹുവിധ ദുഷ്ടകർമ മിപ്പോ- ളതിശയപാപി ജനങ്ങളാരഭന്ത. " #10
" ഇടിയൊടു പടവെട്ടുമട്ടഹാസം കടുകരദുസ്സഹകത്സനാദിവാക്കും കടിലകചരിതങ്ങും നിനച്ചാൽ ഝടിതിനടുങ്ങുമശേഷജീവലോകം ". #11
" ഗിരികളടവിയും മരങ്ങളും മേ
തരളതിമിംഗലമാഴിചക്രൃമേഴും ഇവ പലതുമെനിക്കു ഭാരമല്ലോ, ശിവശിവ! ദുർജ്ജനഭാരമേവ ഭാരം. " #12
" പടഹഘടഘടായിതം മുഴക്കി- പ്പടകളിടൻഞു നടക്കുമദ്ദശായാം ഇടിപൊടി തകരും ധരാവിഭാഗേ പൊടിപടലത്തിലൊളിച്ചു ഭാനുബിംബം ". #13
" അവരുടെ പടയും പരാക്രമം കൊ - ണ്ടഖിലനിലിമ്പ ബലം വശംകെടുൻനു. അവനിപതികളെന്നുഭാവമാത്രം ഭുവനവിനാശ കഠോരകശ്മലാനാം ". #14 " മമ ഭയമഖിലം ശമിപ്പതിന്നായ് കിമപി തുണച്ചരുളേണമബ്ജയോനേ, സമവിഷമദശാവിശേഷമെല്ലാ- മമലമതേ, ധരിയാതിരിക്കുമോ നീ. " #15
ഇതി വസുമതി ത്ൻെറ വാക്കുകേട്ട- ങ്ങതികരുണാകുലനാം വിരിഞ്ചനപ്പോൾ സ്മിതമധുരതരാക്ഷരം ബഭാഷേ " മതിമതി താപമെടോ മഹാനുഭാവേ.". #16 " പരമപുരുഷനാം പയോധിശായീ പരചിദനാകുലമൂർത്തി പത്മനാഭൻ പരിചൊടുപരിതാപശാന്തയേ തേ വരമരുളീടു, മവൻ നമുക്കുദൈവം.". #17
" അവനവനി നിനക്കു ജീവനാഥൻ ഭുവനജനാർത്തിഹരൻ ഭുജംഗശായീ അവനുടെ നികടേ ഗമിക്കെടോ നാ - മവശത തീരുമവൻടെ സന്നിധാനാൽ." #18
" അമരപതിയുംമിന്ദുചൂഢനും മ - ററമരജനങ്ങളുമാസ്ഥയോടു ഞാനും അനലനനിലനും വസുക്കളെട്ടും പുനരുപദേവകളും ഗമിക്കവേണം ". #19
" പരിചൊടുബത പാൽക്കടൽക്കുമദ്ധേൃ പരമുരഗപ്പെരുമാളെ മെത്തയാക്കി പരമസുഖരസേന പള്ളികൊള്ളും പരമപുമാനെ വണങ്ങുവാൻ നടപ്പിൻ " #20
" അവനുടെ ക്രൃപകൊണ്ടു സൃഷ്ടികർത്താ- വഹമിതി ഭാവമെനിക്കുരത്നഗർഭേ! അവനുടെ ചരണാംബുജങ്ങളെനേൃ ശിവനുമെനിക്കുമൊരാശ്രയ-- നമന്യേ". #21 ഇതി മുഹുരരുൾ ചെയ്തു പത്മജന്മാ -- വതിജവമോടെഴുന്നേറ്റു പത്മപീഠാൽ അമരപതികളോടുമൂഴിയോടും സമമഥ യാത്ര തുടങ്ങി ഭംഗിയോടെ. #22
വിരവൊടു കലശാംബുരാശിതീരേ സുരപതിയും വിധിയും മഹാസമൂഹം ത്വരിതതരമണഞ്ഞു ഭക്തിയോടേ മുരരിപുതൻ ചരിതം സ്തുതിച്ചുചൊന്നാർ. #23 " നളിനനയന! ഹേ ഹരേ! നമസ്തേ നരകരിപോ ! കരുണാംബുധേ! നമസ്തേ ജയ ജയ ജഗതീപതേ! നമസ്തേ ജലധരചാരുതരാക്രൃതേ ! നമസ്തേ." #24
" ജഗദുദയ വിനാശകാരണണൻ നീ ജനപരിപാലന ശീലനായതും നീ അജനമലനനന്തനായതും നീ സുജനവിചിത്ര ചരിത്രനായതും നീ.". #25
" സഗുണനഗുണനേകനായതും നീ സകലചരാചരജീവനായതും നീ സകളനപി ച നിഷ്കളൻ ഹരേ! നീ സകലപതേ! കമലാപതേ! നമസ്തേ." #26
" പ്രക്രൃതിപുരുഷനാം ഭവാനനന്തൻ പ്രകടയതി പ്രഥമം പ്രപഞ്ചമെല്ലാം പ്രക്രൃതി ജനനി മായയായ ദേവി വിപുലതരഭ്രമമീദ്ഋശം വിധത്തേ.". #27
" ഒരുവനതിധനൻ പരൻ ദരിദ്രൻ പരനതികർക്കശനന്യനത്യുദാരൻ ഇതി പലവിധഭാവഹേതുഭൂതൻ ദിതിജവിനാശനനാദി കേശവൻ നീ. ". #28
" പ്ഋഥുതരമൊരു മത്സമായതും നീ പ്രഥിതമഹാബല കൂർമ്മമായതും നീ കഠിനതരവരാഹമായതും നീ കടുതരഘോരന്ഋസിംഹമായതും നീ.". #29
" പുനരൊരുവടുവേഷനായതും നീ മനുജവരാന്തകരാമനായതും നീ ദശമുഖരിപുരാമനായതും നീ വിശദമഹോ കരുണാനിധേ നമസ്തേ." #30
" നരകമഥന ! നാഥ ! ദീനബന്ധോ ! വിരവൊടു പാലയ വിശ്വനായകാ ! നീ ധരണിയുടെ ഭാരം നിരാകരിപ്പാൻ കരുണ ഭവിച്ചരുളേണമന്തരംഗേ .". #31
ഇതി നുതിവചനങ്ങളോതി നിന്നാ- രതിഘനഭക്തി വിശുദ്ധരാം സുരന്മാർ അതു സമയമുദാരമേഘനാദ-
പ്രതിനിധിയാമശരീരിവാക്കുമാസീൽ. #32
ഗഗനവചനതത്ത്വമങ്ങറിഞ്ഞാ- നമലസമാധിസമേതനാം വിരിഞ്ചൻ. മധുമഥനനിയോഗമാകവേതാൻ മധുരമുവാചമുദാ മഹാസഭായാം. #33
" അനിമിഷവരരേ! ധരിച്ചുകൊൾവിൻ കനിവൊടു കൈടഭവൈരിതൻ നിയോഗം അവനവനിതലേ സമുത്ഭവിക്കും ഭുവനപതിർവ്വസുദേവപുത്രഭാവാൽ." #34
"ഉരഗവരനനന്തനും ജനിക്കും മുരരിപുതന്നുടെ പൂർവ്വജത്വമോടെ അവരുടെ പരിവാര പൌരുഷാർത്ഥം യദുകുലധാമനി നിങ്ങളും ജനിപ്പിൻ.". #35
" ഭുവനജനനിയായ മായതാനും ഭുവിജനനേ കനിവോടൊരുമ്പെടുന്നു സുരതരുണികളും ധരാതലേ ചെ - ന്നുരുതരസൌഭഗമുത്ഭവിക്കവേണം.". #36
" വസുമതിയുടെ ഭാരമാശു തീർപ്പാൻ വിരവൊടുടൻ തുടരുന്നു വാസുദേവൻ അസുവിനു സമയായ ധാത്രി തൻ്റെ വ്യസനമഹോ ഭഗവാൻ സഹിക്കുമോ താൻ.". #37
ഇതി വിധിവചനങ്ങൾ കേട്ടനേരം മതിതളിരിൽക്കലരും പ്രമോദമോടെ ക്ഷിതിയുമതി കുതൂഹലം മറഞ്ഞാ - ളമരജനങ്ങളുമഞ്ജസാഗമിച്ചാർ. #38
തദനു ച മഥുരാപുരേ വിളങ്ങും മുദിത മഹാമതിയായ ശൂരപുത്രൻ ഗുണനിധി വസുദേവയാദവേന്ദ്രൻ പ്രണയിനി ദേവകിയെസ്സുഖേനവേട്ടാൻ. #39
നവജലധരചാരുവേണിയാളാ-- മവളുടെ യഗ്രജനുഗ്രസേനപുത്രൻ പ്രഋഥുതരഭുജശാലി ഭോജരാജൻ പ്രഥിത മഹാജനകമ്പകാരി കംസൻ. #40
അവനതികുതുകീ രഥംകരേറി കനിവവൊടു ദമ്പതിമാർക്കു തേർതെളിപ്പാൻ യുവതിധനമനേകമാനതേരും കുതിരയുമാനകദുന്ദുഭിക്കു നൽകി. #41
പടുപടഹരവങ്ങളാലവട്ടം കുട തഴ ചാമരമാദി രാജചിഹ്നം പടകളുമിടകൂടീ രൂഢഘോഷം ഝടിതി നടന്നു തുടങ്ങി ഭംഗിയോടേ, #42
അതുപൊഴുതശരീരി വാക്യഘോഷം വിതത ഭയങ്കരമംബരേഭവിച്ചു " ഇവളുടെ സുതനഷ്ടമൻ ഭവാനെ -- ജ്ഝടിതി വധിക്കുമറിഞ്ഞുകൊൾക കംസ." #43
അതു വിരവൊടു കേട്ടു രുഷ്ടനായാ -- നതുലപരാക്രമശാലി ഭോജരാജൻ ഭഗിനിയുടെ കചം പിടിച്ചിഴച്ചാ -- നസിലതകൊണ്ടഥ വെട്ടുവാൻ തുടർന്നാൻ. #44
ശുഭമതി വസുദേവനേവമപ്പോ -- ളഭയമിരന്നു വണങ്ങിനിന്നു ചൊന്നാൻ, " അരുതരുതു വധൂവധം മഹാത്മൻ ! ദുരിതമകപ്പെടുമിപ്രകാരമായാൽ.". #45 " യുവതികളെ വധിക്ക യോഗ്യമോതാ -- നവരതി ദുഷ്ടകളെങ്കിലും നരേന്ദ്ര ! ഇവൾ പുനരപരാധമെന്തുചെയ്തു ശിവശിവ, ! നിഷ് ക്രൃപനായതെന്നെടോ താൻ. #46
നിജമരണഭയം നിനയ്ക്കകൊണ്ടോ നിജഭഗിനീനിധനായ നീ മുതിർന്നു ? നിജഭുജബലകീർത്തി പൂർത്തിയെല്ലാം ത്യജതി ഭവാനിഹ ജീവിതാഗ്രഹത്താൽ. #47
ജനനമരണമെന്നതിജ്ജനാനാ-- മനുഭവമെന്നതിനെന്തെടോ വിവാദം ? മരണദിവസവും ശിരസ്സിലാക്കി -- ദ്ധരണിതലം പ്രവിശന്തിമാനുഷന്മാർ. #48
ചിലരിഹ പലവാസരം വസിക്കും ചിലരുടനേ നിജകർമ്മണാമരിക്കും മരണമൊരുവനും വരാത്തതല്ലെ-- ന്നറികഭവാനറിവുള്ള ചാരുബുദ്ധേ ! #49
അവികല മലമൂത്രമാംസപിണ്ഡം ഭുവി ബഹുദുർഘട ദു:ഖദുഷ്ടപാത്രം ഇദമവനിപതേ ! നരൻെറ ഗാത്രം, വദവദ, വാഞ്ഛിതമെത്രനിഷ്ഫലംതേ. #50 " അശരണ ജന നിഗ്രഹം തുടർന്നാ -- ലശനിമസം തവ പാപമാപതിക്കും ദ്രൃശതരനരകാഗ്നിയിൽപ്പതിക്കും കുശമതിയായ ഭവാനിതോവരേണ്ടൂ ? #51
" തെരുതെരെ വളരുന്ന സാഹസങ്ങൾ -- ക്കുരുതരപാത്രമതായി ഭോജരാജൻ അരുതിവനൊടു കൂടിവാസമിത്ഥം കരുതി നടക്കുമിനി പ്രജാസമൂഹം. " #52
" അതിശഠമതി കംസനെന്നുനിന്നെ ക്രൃതികൾ ദുഷിക്കുമതിന്നുനീക്കമില്ല-- അതിനു മുതിരൊലാ മഹാമതേ ! നീ മതി മതി സാഹസ മിങ്ങുവാങ്ങിനിൽക്ക. ". #53 ഇതിബഹുവിധവാക്കു കേൾക്കകൊണ്ടും മതിയിലോരാർദ്രത ഭോജരാജനില്ല. മനസിദ്ഋഢമറിഞ്ഞുറച്ചു ക്ഋതൃം പുനരപിതം വസുദേവനേവമൂചേ . #54
" ഇനിയുമൊരുപദേശമാശുകേൾ നീ ന്ഋപ തവ സോദരിയാമിവൾക്കുജാതം തനയനെ വിരവോടഹം തരുന്നേൻ മനുജപതേ ! മതിയുണ്ടുകുണ്ഠിതം തേ . #55
ഇതി പല വസുദേവഭാഷിതം കേ -- ട്ടതിമുദിതോഗ്ഋഹമാപഭോജരാജൻ. പതിയൊടു സഹദേവകീ ഗമിച്ചാ -- ളതനുമുദാനിജമന്ദിരേ രമിച്ചാൾ. #56
പല ദിവസശതം കഴിഞ്ഞശേഷം ചലമിഴിയാൾക്കഥ ഗർഭമുത്ഭവിച്ചു. സുലളിതനൊരു പുത്രനും ജനിച്ചു സുലഭമഹോ ഗുണികൾക്കു വാഞ്ഛിതാർത്ഥം . #57
സമയമഥനിനച്ചു സത്യസന്ധൻ തമപി ച കംസനു നൽകിനാൻ പിതാവും. പ്രമുദിതമതി കംസനേവമൂചേ " സമുചിതമല്ലസഖേ! ശിശോർവ്വധം മേ.". #58 " കനിവൊടിവനെ നീ വളർത്തുകൊൾക പുനരഹമഷ്ടമനെപ്പരം വധിപ്പൻ. " ഇതിദനുജന്ഋപേണ ദത്തനാകും സുതനെ മുദാവസുദേവനാശു വീണ്ടാൽ. #59
കലഹകുതൂകി നാരദൻ കദാചിൽ ഖലമതിയാമവനോടു വന്നുചൊന്നാൻ " അരുതരുതു നിനക്കു ഭോജരാജാ കരളിലൊരാർജ്ജവ, മെന്തിതെന്നു ചൊല്ലാം.". #60
തവ പരിജനവും ഭവാനുമെല്ലാം ഭുവിഗതരാമസുരാംശ സംഭവന്മാർ അപിപുനരിഹ വൃഷ്ണിയാദവന്മാ -- രറിക ഭവാനമരാംശസംഭവന്മാർ. #61
ഏവം മുനീന്ദ്രവചനം ബത കേട്ടനേരം ഭാവം പകർന്നരിശമേറിന ഭോജരാജൻ മുന്നംപിറന്നു വളരുുന്നൊരു കീർത്തിമാനെ -- ക്കൊന്നും കളഞ്ഞഥ തെളിഞ്ഞുഞെളിഞ്ഞു വാണാൻ. #62
രണ്ടാമതും തനയനമ്പൊടു ദേവകിക്ക -- ങ്ങുണ്ടായി, കംസനവനേയുമുടൻ വധിച്ചാൻ ഈ വണ്ണമറ്റുശിശുമാരണമാശുചെയ്താൻ ജീവാവസാനഭയചഞ്ചലനായ കംസൻ. #63
ഉത്തമപുരുഷശാസന കൈക്കൊ -- ള്ളുരഗകുലാധിപസന്നിധിയോഗാൽ സപ്തമമാകിനഗർഭമുദാരം സപദി ധരിച്ചിതു ദേവകിതാനും. #64
വൈകുണ്ഠദേവനരുൾ ചെയ്തിതു മായയോടു വൈകാതെ ദേവകിയുടെ ജഠരത്തിൽനിന്നും ലോകോപകാരകമതാകിയ ബീജമിപ്പോ-- ളാകർഷണേന വശമാക്കുക നീ സുശീലേ ! ". #65
പ്രഥിതവിനയശോഭാ ധീരനാം ശൌരി തൻ്റെ പ്രഥമമഹിഷിയാകും രരോഹിണിദേവി തൻ്റെ ജഠരകഹരദേശേ ശേഷതേജോവിശേഷം ഘടയ കുടിലകർമ്മ പ്രക്രിയാസു പ്രവീണേ ! #66 " ഗോപലോകമകടാവതം സമണി നന്ദഗോപരുടെ പത്നിയാം ഗോപികാകുലകലാപമാകിന യശോദതന്നുദരകന്ദരേ ചെന്നിരുന്നഥ ജനിക്ക നീ ജനന -- പാശനാശരചനോന്മുഖേ ! നന്നു നന്നിതു നിനക്കെടോ നിഖില -- വന്ദനീയ ചരണാംബുജേ ! ". #67
ഏവമാദിമുരവൈരിദേവനുടെ ശാസനേന കില മായതാൻ ദേവകീ ജഠരഗാമി ധാമമതു രോഹിണീ ജഠരമാനയൽ നന്ദസുന്ദരി യശോദതന്നുദര -- കന്ദരത്തിലിടചേർന്നുടൻ മന്ദമന്ദമവളും ജനിപ്പതിനു കോപ്പുകൂട്ടിമരുവീടിനാൾ. #68
ദേവകിയ്ക്കലസി ഗർഭമെന്നൊരു വി -- ശേഷമമ്പൊടു മഹീതലേ കേവലം വിലസി നീളാവസപദി കേണുവാണിതു മഹാജനം ദേവദേവനഖിലേശനവ്യയൻ അമേയശീലനജനച്യുതൻ ദേവകിംപുരുഷസേവിതൻ സപദി ദേവകീജഠരമാവിശൽ. #69
രോഹിണീ തദനു മോഹനീയഗുണ -- ദേഹകാന്തിമയചന്ദ്രികാ -- മോഹിതാഖില ചരാചരം കില -- കുമാരമാശു സൂഷ്ടവേ മുദാ. ദേഹികൾക്കതികുതൂഹലം മനസി രോഹിണീസുത വിലോകനേ രോഹിണീശവദനൻ മനോഹര -- വിലാസമമ്പൊടു വിളങ്ങിനാൻ. #70
കാളമേഘമിടതിങ്ങിവിങ്ങിബത ഭംഗിയേറുമിടിമിന്നലും മേളമോടു ജലധാര മാരികളു -- മെത്രയും ബഹുമനോഹരം അർദ്ധരാത്രിസമയം സമാഗതമു -- ദിച്ചു ചന്ദ്രനുമഹോ തദാ സിദ്ധചാരണസുരാവലിസ്തുതിക -- ളുദ്ധതം ദിവിമഹോത്സവം. #71
പൂർണ്ണേഗർഭേ സമസ്തത്രിഭുവനശുഭക -- ർമ്മങ്ങളേകത്ര കൂടി -- പ്പൂർണ്ണാനന്ദം വിളങ്ങീടിന ഘനപടല -- ശ്യാമധാമാഭിരാമൻ മംഗല്യേ സന്മുഹൂർത്തേ മഹിതഗുണമിയ -- ന്നഷ്ടമീരോഹിണീഭ്യാം സംഗേ ഭംഗ്യാ ജനിച്ചാനഴകൊടു ജഗതീ -- മൂലകന്ദം മുകുന്ദൻ. #72
മിന്നും പൊന്നിൻകിരീടം, തരിവള, കടകം, കാഞ്ചി, പൂഞ്ചേല, മാലാ-- ധന്യശ്രീവത്സസൽക്കൌസ്തുഭമിടകലരും ചാരുദോരന്തരാളം ശംഖംചക്രം ഗദാപങ്കജമിതിവിലസും നാലുത്രൃക്കൈകളോടേ സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം പൂരയേന്മംഗലം വ: #73
**ശ്രീ കൃഷ്ണാവതാരം സമാപ്തം ** ********************************* രണ്ടാം സർഗ്ഗം ----------------------- ( അവതാര വിശേഷണങ്ങൾ ) -----------------------------------------
ലോകൈകനാഥൻെറ ശുഭാവതാരേ ലോകങ്ങളെല്ലാമുടനേ തെളിഞ്ഞു മാകന്ദമന്ദാര സുഗന്ധവാഹീ മാഴ്കാതവണ്ണം വിലസീ സമീരൻ. 2 : 1
പ്രസന്നരായീതു ജനങ്ങളെല്ലാം പ്രസൂനവർഷം ഗഗനേ തുടങ്ങി
പ്രസൂതികാലേ മുരവൈരിതൻെറ
പ്രസൂജനം പൂർണ്ണസുഖേന മേവി. 2 : 2
കിരീടസൽക്കുണ്ഡലഹാരമാലാ - പരീതനായ് പീതദുകൂലധാരി കരങ്ങളിൽ ശംഖ ഗദാരി പത്മം ധരിച്ചുദേവൻ വിവിധം വിളങ്ങി. 2 : 3
അനന്തരം വിഷ്ണുശരീരമപ്പോ - ളനന്തകാന്തി പ്രസരേണ ദൃഷ്ട്വാ അനന്തസന്തോഷരസം സ്തുതിച്ചാ - നനന്തരായം വസുദേവനേവം . 2 : 4
" നമോസ്തുതേ മാധവ ! ശാർങ്ഗപാണേ ! നമോസ്തുതേ കേശവ ! ദീനബന്ധോ ! നമോസ്തുതേ ലോകപതേ ! മുരാരേ ! നമോസ്തുതേ നാഥ ! ദയാപയോധേ ! 2 : 5
" അറിഞ്ഞുകൂടാത്തവനെങ്കിലും ത്വാ - മറിഞ്ഞു ഞാൻ ത്വൽകൃപകൊണ്ടിദാനീം അറിഞ്ഞുപോകാത്ത ഗുണേന വിശ്വം നിറഞ്ഞുമേവും നിഖിലേശ്വരൻ നീ . 2 : 6
" വിളക്കുപോലെ വിവിധപ്രപഞ്ചേ വിളങ്ങുമാനന്ദമയസ്വരൂപിൻ !
ഇളക്കമില്ലാത്ത മഹാരുചേ ! നീ -
യിളയ്ക്കൊലാ രക്ഷണമിക്ഷണം മേ .". 2 : 7
" വിശ്വങ്ങളെല്ലാമുളവാക്കി മുന്നം
വിശ്വാസപൂർവ്വം പരിരക്ഷചെയ്തും നിശ്ശേഷമമ്പോടഥ സംഹരിച്ചും നിശ്ശോകമോദം വിളയാടുവോൻ നീ . 2 : 8
" അംഭസ്സിലാകാശതലം കണക്കെ സംഭാവനം ചെയ്‍കിലിദം പ്രപഞ്ചം സംബന്ധമുണ്ടാക്കിന മായതന്നിൽ ബിംബിച്ചു കാണുന്നു ഭവൽക്കടാക്ഷാൽ . 2 : 9
" ജ്ഞാനം മനസ്സിൽ ജ്ജനിയായ് കമൂലം
ഞാനെന്നഹംഭാവമഹോജനാനാം നൂനം വിഭോ നിൻചരിതം ഗ്രഹിച്ചാ - ലാനന്ദമല്ലാതൊരു ഭാവമുണ്ടോ ? 2 : 10
" കാമാദിഷൾക്കം ബഹുദു:ഖമൂലം
പ്രാമാദികം പോലിഹ സത്യബോധം ധീമാനിതൊന്നും ഗ്രഹിയായ്‍കകൊണ്ട -- ല്ലാമഗ്നനാകുന്നു ഭവാബുരാശൌ ". 2 : 11
" ജന്മങ്ങളിൽച്ചെയ്തൊരു കൈതവം കൊ --
ണ്ടുന്മോഹമിജ്ജന്മനി സജ്ജനാനാം ത്വന്മഗ്നമായമ്പൊടു ചിത്തമെങ്കിൽ ത്വന്മായയാ ബന്ധനമില്ലനൂനം ". 2 : 12
" കംസാദിദുഷ്‍കണ്ടകദുർജ്ജനാനാം
ഹിംസാർത്ഥമാകുന്നു തവാവതാരം സംസേവനം ചെയ്‍തിയലൂം നരാണാം സംസാരസംബന്ധമകററുവാനും.". 2 : 13
" ത്വൽപൂർവ്വജന്മാരതികോമളന്മാ --
രുൽപ്പന്നരായീ മമ നന്ദനന്മാർ ദർപ്പേണ കൊന്നാനവരെ ദുരാത്മാ സർപ്പാരി സർപ്പങ്ങളെയെന്നപോലെ .". 2 : 14
" അക്കംസനൂക്കേറിന സിംഹതുല്യൻ ദിക്കൊക്കവേഹന്ത മുടിച്ച മൂഢൻ ഇക്കാലമിത്വജ്ജനനം ഗ്രഹിച്ചാൽ വക്കാണമിച്ഛിച്ചുവരും മുരാരേ ! " 2 : 15
" ഇദം ചതുർബ്ബാഹുകമായ രൂപം മുദാ ചുരുക്കീടുക ചൿ്രപാണേ ഉദന്തമക്കംസഭടൻ ഗ്രഹിച്ചാ -- ലുദീർണ്ണകോപേന സമാഗമിക്കും. ". 2 : 16
തദന്തരേ ദേവകിയും സ്തുതിച്ചാ -- " ളുദാരമൂർത്തേ, ഭഗവൻ, നമസ്തേ മദാന്ധദൈത്യാരി ഭവാനിദാനീം മദാത്മജത്വേന സമേതനായോ ?" 2 : 17 " അഹോമദീയം സുൿ്രതം മുരാരേ ! മഹോദയം യാദവവംശജാനാം മഹാനുഭാവൻ മഹനീയശീലൻ മഹീതലേവന്നുഭവാൻ പിറന്നു. " 2 : 18
" ഭവാൻ ഭവക്ലേശവിനാശകാരീ ഭവാൻ ഭുജംഗാധിപതല്പശായീ ഭവാനശേഷാഗമഗമ്യരൂപൻ ഭവാൻ പ്രസാദിച്ചരുളേണമമെന്നിൽ." 2 : 19
" ഇത്ഥം പിതാവും ജനയിത്രിതാനും
ബദ്ധപ്രമോദം സ്തുതിചെയ്തനേരം മുഗ്ധസ്മിതം സ്നിഗ്ധകടാക്ഷമോടേ സിദ്ധാന്തസാരം ഭഗവാനേവമൂചേ." 2 : 20
" ഹേ താത, ഹേ മാതരനന്ത ഭാഗ്യൌ ചേതോവിഷാദാദി വെടിഞ്ഞുകൊൾവിൻ പീതാംബരൻ ഞാൻ ഭവതോ: സ്വഭാവാൽ പ്രീതാശയത്വേന വരം തരുന്നേൻ. " 2 : 21
" അതീവജന്മങ്ങളിൽ നിങ്ങൾ ചെയ്തോ -- രതീവപുണ്യക്രിയകൊണ്ടിദാനീം ഇതീദൃശം മാമകപൂർണ്ണരൂപം നിതാന്തമാലോകനപാത്രമായി." 2 : 22
" യശോദയാഭക്തിവിവേകശീലാ യശോദയെന്നുള്ളൊരു നന്ദപത്നീ സുമാനുഷി സമ്പ്രതി ഗോപവാടേ കുമാരിയെത്താൻ പ്രസവിച്ചു ശേതേ.". 2 : 23
" ഗൂഢം ഭവാനെന്നെ വഹിക്കവേണം മൂഢൻ ഗ്രഹിക്കാതെ ഗമിക്കവേണം എന്നെ ബ്ഭവാൻ നന്ദഗൃഹേ കിടത്തി -- ക്കന്യാവിനെക്കൊണ്ടിഹ പോന്നുകൊൾക. " 2 : 24 നീലാംബുദശ്യാമളനേവമുക്ത്വാ ബാലാനു രൂപം നിജരൂപമാക്കി കാലും കുടഞ്ഞങ്ങു കരഞ്ഞനേകം ലീലാവിലാസേന ശയിച്ചുദേവൻ. 2 : 25
കരത്തിലാക്കിക്കനിവോടു ബാലം തിരിച്ചു മന്ദം വസുദേവനപ്പോൾ പരക്കവേതിങ്ങിന കൂരിരുട്ടും നിരക്കവേ കാടുമതീവഘോരം. 2 : 26
മുഴങ്ങുമംഭോധരമാരിതട്ടി -- പ്പുഴങ്ങിവീഴുന്ന മരങ്ങളോടും അഴിഞ്ഞുസേതുക്കളിടിഞ്ഞുവെള്ളം വഴിഞ്ഞുവീഴുന്ന നദങ്ങളോടും, 2 : 27
അത്യന്തദുസ്സഞ്ചരമർദ്ധരാത്രൌ തത്തൽപ്രദേശം സുഖമേ കടന്നാൻ സർപ്പാധിരാജൻ ഫണചക്രവാളം കെല്പോടുപിമ്പേ കുടയായ് പിടിച്ചാൻ . 2 : 28
ഓളങ്ങൾ തള്ളിപ്പുളിനം പിളർക്കും കാളിന്ദിതന്നിൽക്കവിയുന്നവെള്ളം ചീളെന്നു ശൌരിക്കു തദാകണങ്കാ -- ലോളം കവിഞ്ഞീല ഹരിപ്രഭാവാൽ. 2 : 29
വ്രജത്തിലുൾപ്പുക്കു യശോദ തൻ്റെ ഭുജാന്തികേ ബാലകനെക്കിടത്തി കുമാരിയെപ്പാണിതലേ ഗൃഹീത്വാ സമോദമപ്പൂരുഷനിങ്ങു പോന്നാൻ . 2 : 30
ഉണർന്നു മെല്ലെന്നു യശോദ താനും പുണർന്നുടൻ പുത്രനെ മന്ദമന്ദം അമന്ദസന്തോഷസുധാസമുദ്രേ നിമഗ്നയായ് വന്നിതു സുന്ദരാംഗി . 2 : 31
ശൂരാത്മജൻ താനഥ താം കുമാരീം ഭാർയ്യാസമീപം ഗമയാഞ്ചകാര ആരോമലക്കന്യകയെക്കരാഭ്യാം പരിഗ്രഹിച്ചാളഥ ദേവകീസാ . 2 : 32
നാരായണൻ തന്നുടെ ജന്മകാലേ പാരാതെവേർപെട്ടൊരു ശൃംഖലത്തെ യഥാപുരാ പാദകരേഷു ബദ്ധ്വാ വ്യഥാകുലം ദമ്പതിമാർ വസിച്ചാർ . 2 : 33
ബാലസ്വരം കേട്ടഥ കിങ്കരന്മാർ നാലഞ്ചുപേർകൂടി ജവേന ചെന്നാർ ലീലാഗൃഹേ മേവിന കംസനോട -- ക്കാലോചചിതം വൃത്തമുണർത്തിനിന്നാർ . 2 : 34
കംസൻ പുറപ്പെട്ടതിവേഗമോടേ ഹിംസാമുദാ ഗർഭഗൃഹം പ്രപേദേ അന്നേരമദ്ദേവകി ശോകമോടേ ചൊന്നാളഹോ ബാഷ്പജലം വമന്തി . 2 : 35
" കൊന്നീടൊലാ സോദര ! കന്യകാം മേ നന്നല്ലെടോ സ്ത്രീവധമേവനും കേൾ ഒന്നല്ല രണ്ടല്ല കുമാരഷൾക്കം കൊന്നീലയോ നിഷ്കരുണാശയൻ നീ ". 2 : 36
എന്നിപ്രകാരം ഭഗിനീവിലാപം നിന്ദിച്ചുതന്നന്ദിനിയെ ഗ്രഹിച്ചാൻ പാദേ പിടിച്ചാശു ശിലാതലാന്തേ മോദേന താഡിപ്പതിനും തുടർന്നാൻ . 2 : 37
കെൽപേറുമക്കന്യക തൽക്കരാഗ്രാ -- ദുൽപത്യ നിന്നാളമരേന്ദ്രദേശേ അല്പേതരപ്രാഭവശോഭയോടേ കല്പാന്തസൂർയ്യപ്രതിമപ്രകാശം 2 : 38 നാലെട്ടു തൃക്കൈകളിലുജ്ജ്വലിക്കും ശൂലാദി നാനായുധഭാസമാനാ മൂർത്ത്യാമനോജ്ഞാമുനിസേവ്യമാനാ കാർത്ത്യായനീ കംസമിദം ബഭാഷേ . 2 : 39
" അരേ ദുരാചാര, നൃശംസ, കംസ ! പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ, തവാന്തകൻ ഭൂമിതലേ ജനിച്ചു ജവേന സർവ്വത്ര തിരഞ്ഞു കൊൾക." 2 : 40 " അടിപ്പതിന്നെങ്കിലുമെൻ്റെ പാദം പിടിച്ചു നീയെന്നതു നിർവ്വിവാദം ഹനിക്കയില്ലെന്നതുകൊണ്ടു ഞാനും ജനിച്ചുതാനും തവദണ്ഡധാരൻ.". 2 : 41 ഇത്ഥം പറഞ്ഞാശു മറഞ്ഞുദേവീ ബദ്ധിക്ഷയം പൂണ്ടുഗമിച്ചു കംസൻ ഗത്വാനികേതം വസുദേവനോടും തത്ഭാർയ്യയാം ദേവകിയോടുമൂചേ . 2 : 42
" അഹോ ! മഹാപാപി മഹാശഠൻ ഞാൻ സഹോദരീപുത്രവധേന നൂനം . സഹായമയ്യോ മമ നാസ്തി ലോകേ മഹാഭയം മേലിൽ വരും ദശായാം .". 2 : 43 " ജനിക്കുമന്നന്നുടനേ മരിക്കും മുനിക്കുമുള്ളൊന്നു ശരീരനാശം. ഇനിക്കുമന്തർഭയ മുണ്ടിദാനീ -- മിനിക്കു മാർഗ്ഗങ്ങളഹം വെടിഞ്ഞേൻ. ". 2 : 44 " ധരിക്ക നീ ദേവകി ! നന്ദനന്മാർ മരിക്കകൊണ്ടത്തൽ നിനക്കുവേണ്ട, ഒരിക്കലുണ്ടേവനുമാത്മനാശം ജരയ്ക്കുമുമ്പേ മരണം മനോജ്ഞം " 2 : 45
" ജലത്തിലെപ്പോളകളെന്നപോലെ ചലം മനുഷ്യർക്കു ശരീരബന്ധം, കുലം ബലം പുത്രകളത്രജാലം ഫലം വരാ മൃത്യുവരും ദശായാം. " 2 : 46 " വിധിക്കകൊണ്ടുള്ള ശരീരനാശം വധിക്കകൊണ്ടെന്നു നിനയ്ക്കൊലാനീ വിധിക്കുതോന്നും വിധമിജ്ജനങ്ങൾ -- ക്കതിക്രമിപ്പാനിഹശക്തിയുണ്ടോ? ". 2 : 47
ഇത്യാദി സാന്ത്വങ്ങൾ പറഞ്ഞു കംസൻ ഭക്ത്യാ വിനീതാകൃതി വീരവീരൻ പാദേതയോ: ശൃംഖല വേർപെടുത്താൻ, മോദേനപോയി സ്വഗൃഹേ വസിച്ചാൻ. 2 : 48
അന്നേരമമ്പാടിയിലിമ്പമോടേ നന്ദാദി ഗോപാലക വൃന്ദമെല്ലാം മന്ദേതരം പ്രീതി കലർന്നുദാരം നന്ദാത്മജാ ലോകനമന്വഭൂവൻ. 2 : 49
കാർകൊണ്ടെഴും മേഘസമാനവർണ്ണി വാർകുന്തളം വണ്ടിനുമിണ്ടൽ നൽകും ആകർണ്ണലംബം ബത കണ്ടനേരം ലോകങ്ങളാനന്ദവശങ്ങളായി. 2 : 50
മുഖം ശരച്ചന്ദ്രമനോഭിരാമം സുഖം വിശാലാന്തഭുജാന്തരാളം നഖാദി ചൂഡാവധി ബാലരൂപം സുഖാവലോകം സുതരാം വിളങ്ങി. 2 : 51
അനംഗതുല്ല്യാകൃതി കണ്ടനേരം മനം മറന്നാശു യശോദ താനും സ്തനം കൊടുത്താശുകരേ ഗൃഹീത്വാ ജനങ്ങൾ കാണ്മാനവസൽപ്രകാശേ 2 : 52
മഹീയമാനോ ഭുവി നന്ദഗോപൻ മഹീസുരന്മാർക്കു ധനത്തെ നൽകി മഹീതലം കാഞ്ചനഗോസഹസ്രം ബഹുപ്രകാരം വിഭവങ്ങൾ നല്കി. 2 : 53
കുളിച്ചുടൻ ചെയ്തിതു ജാതകർമ്മം ഗളിച്ച ഹർഷാശ്രു ജലേന സാകം വെളിച്ചമേ ബന്ധുജനത്തെയെല്ലാം വിളിച്ചു കാട്ടീ തനയാനനാബ്‍ജം . 2 : 54
അലങ്കരിച്ചു നിജഗേഹമെല്ലാം കുലാംഗനാ സങ്കുലമായ് പ്രദേശം അലക്തകം ചന്ദനമിന്ദുചൂർണ്ണം ഫലങ്ങൾ പുഷ്പങ്ങളുമുച്ചയിച്ചു. 2 : 55
വിളക്കുവെച്ചു മണിഭിത്തിതോറും വിളക്കമുള്ളാഭരണങ്ങൾ തൂക്കി കുളിർക്കവേ കുങ്കുമപങ്കതോയം തളിച്ചു രാജാങ്കണവീഥിതോറും. 2 : 56
അഞ്ചാറുനാളിങ്ങനെ നന്ദഗോപ -- രഞ്ചാതെകണ്ടാത്മഗൃഹേ വസിച്ചു . സഞ്ചിന്ത്യ കംസായ കരം കൊടുപ്പാൻ കിഞ്ചിൽ പുനശ്ചഞ്ചലധീ: പ്രതസ്ഥേ. 2 : 57 ഗോപൈ: സമേതം മഥുരാപുരത്തെ പ്രാപിച്ചു കംസന്നഥ കോഴ നൽകി പോരുന്നനേരം വസുദേവനെക്ക -- ണ്ടാരൂഢമോദം ചിരമത്ര വാണാൻ. 2 : 58
നിറഞ്ഞ സന്തോഷഭരാകുലാത്മാ പറഞ്ഞുവാചം വസുദേവനേവം " കുറഞ്ഞതില്ലെന്നുടെ പുണ്യപൂരം വിരഞ്ഞു നിന്നെബ്ബത കാൺകമൂലം." 2 : 59
" എടോ സഖേ! വിശ്വപതിക്കു നിങ്കൽ കടാക്ഷമുണ്ടായിതു ഭാഗ്യരാശേ ! പുത്രാനനം കണ്ടു സുഖിച്ചിരിപ്പാ -- നത്രാവകാശം തവ ജാതമായി.". 2 : 60
" മദീയ പുത്രൻ ബതരൊഹിണേയൻ ത്വദീയഗേഹേ മരുവുന്നിതല്ലീ തദീയമാതാവിനു മാത്മജന്നും ത്വദീയകാരുണ്യമൊരാശൃയം കേൾ. " 2 : 61
" ശ്രവിക്ക നീ കിഞ്ചിന വർത്തമാനം ചെവിക്കു ശല്യത്തിനു തുല്യമല്ലോ, കരുത്തെഴും പൂതനയെന്നു പേരാ -- മൊരുത്തിപോൽ ബാലവധം തുുടങ്ങി." 2 : 62
" ഗമിക്ക നീ സത്വരമാത്മഗേഹേ ക്ഷമിച്ചിരുന്നാകിലനർത്ഥമുണ്ടാം അമിത്ര വൃന്ദം മുതിരുന്ന കാലം രമിക്കുമോ കത്രചിദന്തരംഗം. ". 2 : 63
ഇത്യാദി സാരം വസുദേവവാക്യം ശ്രുത്വാ ഭയം പൂണ്ടഥ നന്ദഗോപൻ ദുരന്തചിന്താവിവശാന്തരാത്മാ പുരം പ്രവേശിച്ചിതു വിഷ്‍ണു ഭക്ത്യാ. 2 : 64
അക്കാലമക്കംസമനസ്സിളക്കി -- ത്തക്കത്തിലോരോ സചിവാസുരന്മാർ ഒക്കെ പ്രജോപദ്രവതൽപരന്മാർ ചിക്കെന്നു ഭൂമൊ വിലസിത്തുടങ്ങീ. 2 : 65
നിരാകലം ബാലകമാരണാർത്ഥം പുരേപുരേ പൂതന സഞ്ചരിച്ചാൾ സ്‍ഫുരന്മനോജ്ഞാകൃതി പൂണ്ടൊരുന്നാൾ മുരാരിമേവും ഭവനം പ്രപേദേ. 2 : 66
പടുത്വമേറുന്നവൾ വന്നുമോദാ -- ലെടുത്തു ഗോവിന്ദനെ മന്ദമന്ദം കൊടുത്തു കൊഞ്ചിക്കുച കുംഭമപ്പോ -- ളടുത്തുകൂടി ബത ജീവനാശം. 2 : 67
തടിച്ച തൽക്കൊങ്ക പിടിച്ചു ബാലൻ കുടിച്ചു തൽപ്രാണഗണേനസാകം ഇടിക്കു തുല്യേന രവേണ ലോകം നടുക്കിവീണാളവളും ധരായാം . 2 : 68
പാറപ്പുറംപോലെ വിശാലമസ്യാ മാറത്തു ഗോപാലകബാലനപ്പോൾ കാറൊത്തവർണ്ണൻ കരവും കുടഞ്ഞ -- ങ്ങേറെത്തെളിഞ്ഞാശു കളിച്ചുമേവി. 2 : 69
ഗോപീജനം ദേവിയശോദതാനും താപേന മോദേന ച വിസ്‍മയേന ഗോപാലനെച്ചെന്നു കരേധരിച്ചാ -- ളാപാദചൂഡം തരസാ പുണർന്നാൾ. 2 : 70 കഠോരം മഹൽ പൂതനാഗാത്രഭാരം കുഠാരേണ ഖണ്ഡിച്ചു ഗോപാലകന്മാർ മഹാഗ്നൌദഹിപ്പിച്ചു നിശ്ശേഷമപ്പോൾ മഹാസൌരഭംതത്ര സംഭൂതമായി. 2 : 71
മഹാപാപശാന്ത്യാ മഹാസുന്ദരീസാ മഹാനന്ദലോകം പ്രവേശിച്ചു വാണാൾ. അഹോ പൂതനാമോക്ഷമമേവം പഠിച്ചാ -- ലഹോരാത്രമാനന്ദ മേവം കരസ്ഥം. 2 : 72
* രണ്ടാം സർഗ്ഗം സമാപ്തം * -----------------------------------
മൂന്നാം സർഗ്ഗം ------------------------ ( ബാലലീലകൾ ) --------------------------- ഗോപാലബാലൻ്റെ ശരീരമപ്പോ -- ളാപാദചൂഡം നയനാഭിരാമം ആപൂർണ്ണമോദം ബത കണ്ടു കണ്ടു ഗോപാലരാനന്ദരസേന വാണാർ. 3 : 1
ചാടായി വന്നൂ ശകടാസുരൻ താൻ ചാടാനൊരുമ്പെട്ടു മുകുന്ദഗാത്രേ വാടാതെ പാദേന ഹനിച്ചു ബാലൻ ചാടായിരം ഖണ്ഡമതായി വീണു. 3 : 2
കാൽകൊണ്ടുടൻ ചാടു തകർത്തുമേവും കാർവർണ്ണനെച്ചെന്നു കരേ ഗൃഹീത്വാ ആകുന്നവണ്ണം തിരുനാമമോതി -- ശ്ശോകം വിനാ വാണുയശോദതാനും. 3 : 3
ക്ഷണം തൃണാവർത്തമഹാസുരൻ താ -- നണഞ്ഞു ചക്രാനില വേഷധാരീ വനം തകർത്തദ്രിതടം പൊടിച്ചു കനക്കവേ ഭൂമിതലം കുലുക്കി. 3 : 4
ഭൂരേണുനാ വിശ്വമിരുട്ടടപ്പി -- ച്ചാരാലണഞ്ഞീടിന ചക്രവാതം നാരായണൻ തന്നെ വഹിച്ചു മൂഢൻ പാരാതെ മേൽപ്പോട്ടുയരും ദശായാം 3 : 5
കണ്ഠേകരം കൊണ്ടു പിടിച്ചു ബാലൻ കണ്ഠേതരം ഞെക്കിയമർത്തനേരം പ്രാണൻ വെടിഞ്ഞാശു മഹാദ്രി തുല്യൻ ക്ഷോണീതലേ വീണിതു യാതുധാനൻ. 3 : 6
ആയാമമുള്ളോരചലേ വിളങ്ങും കായാമ്പുതൻ കോരകമെന്നപോലെ മായാകുമാരൻ്റെ മനോജ്ഞരൂപ -- മായാതുധാനോരസി ദൃഷ്ടമായി. 3 : 7
യശോദ താൻ ചെന്നു വിഷാദമോടേ കിശോരനെപ്പാണിതലേ ഗ്രഹിച്ചാൾ, അശേഷനാഥൻ ഗതിയെന്നു ചിത്തേ കൃശാംഗി ചിന്തിച്ചു സുഖിച്ചിരുന്നാൾ. 3 : 8
അത്രാന്തരേ ഗർഗ്ഗമഹാമുനീന്ദ്രൻ തത്രാഗമിച്ചു വസുദേവ വാചാ ശ്രീരാമനെന്നും ബത കൃഷ്ണനെന്നും പേരിട്ടു താലാങ്കനുമച്യുതന്നും . 3 : 9
അമ്പാടിതന്നിൽ കില ബാലകന്മാ -- രമ്പോടു മന്ദം വളരും ദശായാം സമ്പന്നമോദം ഭുവനേഭവിച്ചു സമ്പത്തനേകം ഭുവിസംഭരിച്ചു. 3 : 10
പാരിൽപ്പരീതാപവുമെങ്ങുമില്ല ദാരിദ്രൃദു:ഖങ്ങളുമസ്തമിച്ചു ചോരങ്കൽനിന്നുള്ള ഭയം ശമിച്ചു ചാരിത്രഭംഗം സതിമാർക്കുമില്ല. 3 : 11
വളർന്നിതമ്പാടിയിലർഭകന്മാർ വളർന്നുമോദം ദിവിദേവകൾക്കും കിളർന്നു വൈരം ഹൃദി കംസനേററം തളർന്നു തൻപൌരുഷവും ക്രമത്താൽ. 3 : 12
വരുന്ന ഗോപാലനിതംബിനീനാം കരം പകർന്നാശു വിളങ്ങി കൃഷ്ണൻ വിരിഞ്ഞപുഷ്‍പങ്ങളിലങ്ങുമിങ്ങും വിരഞ്ഞു മണ്ടുന്നൊരു വണ്ടുപോലെ. 3 : 13
കാന്തിപ്രകാശേന കുമാരകന്മാർ നീന്തിത്തുടങ്ങീ ധരണീതലാന്തേ ചിന്തിക്കിലൂഴീല പരീശ്വരന്മാ -- രെന്തെങ്കിലും ചെയ്‍കിൽ മനോഭിരാമം . 3 : 14
നീലാളിവർണ്ണൻ ഭഗവാൻ മുകുന്ദൻ താലാങ്കനച്ഛസ്‍ഫടിക പ്രകാശൻ കാളിന്ദിയും ഗംഗയുമേക ഭാഗേ മേളിച്ച കാന്തി പ്രസരം കലർന്നു . 3 : 15
പാണിദ്വയം ജാനുയുഗം ച മെല്ലെ ക്ഷോണീതലേ വെച്ചഥ സഞ്ചരിച്ചാർ കാണുന്നവർക്കെത്ര മനോഭിരാമം ചേണാർന്ന മന്ദസ്മിത ചാരുഭാവം. 3 : 16
പിടിച്ചു മെല്ലെന്നഥ പിച്ച നിന്നാർ പടുത്വമില്ലാഞ്ഞു മറിഞ്ഞു വീണാർ നടന്നു നാലഞ്ചടി മന്ദ മന്ദം കിടന്നുരുണ്ടാരവനീ വിഭാഗേ . 3 : 17
ചിലമ്പുമക്കാഞ്ചന കാഞ്ചിയോടും ചിലമ്പുതൻ മഞ്‍ജുള നാദമോടും ചലൽപദം ഖേലനലാലസന്മാ -- രലങ്കരീച്ചാരഥ ഗോപവാടം . 3 : 18
കുമാരകന്മാരഥ മണ്ടി മണ്ടി ക്രമേണ സഞ്ചാരവിധം തുടർന്നാർ സമന്തതോ ഗോപഗൃഹങ്ങളെല്ലാ -- മമന്ദമാസാദൃ രമിച്ചു വാണാർ . 3 : 19
ഓടീടിനാരങ്കണ വീഥിതോറും ചാടീടിനാരഞ്ചിത ചാരുഹാസം പാടീടിനാരത്ഭുതനാദമപ്പോ -- ളാടീടിനാർ നാടകമീശ്വരന്മാർ . 3 : 20
കാർവർണ്ണനക്കാലമതി പ്രലോഭാൽ പാൽ വെണ്ണ വഞ്ചിപ്പതിനും തുടർന്നാൻ ദേവാദിനാഥൻ്റെ വിലാസമെല്ലാ -- മീവണ്ണമെന്നേവനു നിർണ്ണയിക്കാം ? 3 : 21
ചങ്ങാതിമാരോടൊരുമിച്ചു മന്ദം മങ്ങാതവണ്ണം മധുസൂദനൻതാൻ നാലഞ്ചു ഗേഹങ്ങളിൽനിന്നശേഷം പാലും കവർന്നാശു ഭുജിച്ചുപോന്നാൻ . 3 : 22
കുളിപ്പതിന്നംഗനമാർ ഗമിച്ചാ -- ലൊളിച്ചു ഗോവിന്ദനകത്തുചെല്ലും കളിച്ചു പാലൊട്ടു കുടിച്ചശേഷം തളിച്ചു ഭൂമൌ തരസാ തിരിക്കും . 3 : 23
എത്താഞ്ഞു ശികൃങ്ങളിലുള്ള കുംഭം കുത്തിത്തുളയ്ക്കും കടകോലിനാലേ ഉത്താള ധാരാളമതായ ദുഗ്‍ധം മുഗ്‍ധാനനംകൊണ്ടു പരിഗ്രഹിക്കും . 3 : 24
പെട്ടെന്നു ബാലൻ നവനീതമെല്ലാം കട്ടങ്ങു മൃഷ്ടാശനമാചരിക്കും ഒട്ടൊട്ടു മാർജ്ജാരകനും കൊടുക്കും ചട്ടങ്ങളീവണ്ണമവൻ തുടങ്ങി . 3 : 25
ചാടിപ്പിടിച്ചാനുറി വാസുദേവൻ വാടാതെ പാലും ദധിയും കുടിച്ചാൻ ചേടീജനം ചെന്നണയുന്നനേരം പേടിച്ചു മണ്ടിപ്പുരിപുക്കൊളിക്കും . 3 : 26
വിശ്വൈകനാഥൻ്റെ വിനോദമാകും ദുശ്ശീലമേവം സഹിയാഞ്ഞൊരുന്നാൾ ഗോപീജനം ചെന്നു യശോദയോടേ കോപേന താപേന ച വാചമൂചേ . 3 : 27
" അതൃന്തകഷ്ടം, പ്രജനായികേ നിൻ
പുത്രൻ്റെ ദുശ്ശീലമഹോമുഴുത്തു സതൃം, പൊറുപ്പാനെളുതല്ല ഞങ്ങൾ -- ക്കുൾത്താപമെത്തുന്നു ദിനങ്ങൾ തോറും" . 3 : 28
" തായാട്ടു കാട്ടുന്ന ശിശുക്കളെത്താൻ
താഡിച്ചു ശിക്ഷിച്ചു വളർത്തവേണം . നീയെന്നിയേ ശീലമടക്കിവെപ്പാ -- നീയാളുകൾക്കിന്നൊരു സാദ്ധൃമാമോ ? " 3 : 29
" കേളിക്കുചേരും പടി നിങ്ങളെല്ലാം ലാളിക്ക കൊണ്ടിത്ര തരംകെടുന്നു.. കേളിക്കുമേലിൽക്കുറവും ഭവിക്കും ക്കേളിക്കഥാവൃത്തമശേഷമിപ്പോൾ ." 3 : 30
" നിരന്തരം ഗോരസചോരണത്തി -- ന്നൊരുമ്പെടുന്നു തവ നന്ദനൻ കേൾ. ഒരിക്കലും തൃപ്‍തിയുമില്ല ചൊല്ലാം ധരിക്ക നീ പല്ലവിയല്ലലെല്ലാം . 3 : 31
" മഠങ്ങളിൽപുക്കു മഹാസമർത്ഥൻ
ഘടങ്ങളും തൂതകളും തകർക്കും . അടക്കമില്ലാത്തവനങ്ങുമിങ്ങും നടക്കു, മെന്നല്ല, മുടിക്കുമെല്ലാം ." 3 : 32
"കൊടുത്തതൊന്നും മതിയല്ല, ബാല -- ന്നെടുത്ത പാത്രങ്ങളുമങ്ങുടയ്ക്കും കടുത്ത ദുർവൃത്തികൾ കാട്ടുവാനും പടുത്വമീകൃഷ്ണനു പാരമല്ലോ". 3 : 33
"ക്ഷീരം ഘൃതം തക്രവുമിക്കുമാരൻ പാരം കൊതിച്ചിങ്ങു വരും ദശായാം പാരാതെ നൽകുന്നിതു ഞങ്ങളെല്ലാം പോരാഞ്ഞു മോഷ്‍ടിച്ചുമിവൻ ഭുജിക്കും. " 3 : 34
"ഉണ്ണിക്കുവേണ്ടുന്നതു നൽകുവാനും ദണ്ഡിക്കുമാറില്ലഹ ഗോപിമാരും ദണ്ഡിച്ചു കിട്ടുന്നൊരു പാത്രമെല്ലാം ഖണ്ഡിച്ചു പോകുന്നതു സങ്കടം കേൾ.". 3 : 35
" ക്ഷീരാദികം വിററു ദിനം കഴിക്കും നാരീജനങ്ങൾക്കു മനസ്സുമുട്ടി . ദാരിദ്രമെന്നുള്ളതറിഞ്ഞവർക്കേ പാരിൽപ്പരക്ലേശവിവേകമുള്ളു .". 3 : 36
" മൺപാത്രമെന്നല്ല നമുക്കു ഭാവം
പൊൻപാത്രമിപ്പോളുടയുന്നതെല്ലാം സമ്പൽക്ഷയേ സങ്കടമെന്നതോർത്താൽ സമ്പൂർണ്ണനും നിർദ്ധനനും സമാനം . ". 3 : 37
" കിണ്ണങ്ങളും കിണ്ടികളും കുമാരൻ ഖണ്ഡിച്ചു മണ്ണിൽക്കളയുന്നിതയ്യോ കണ്ണൻെറ കണ്ണിൽ ബ്ബത കണ്ടതെല്ലാം കാണാതെയാം തൽക്ഷണമെന്തു ചെയ്യാം .". 3 : 38
" ഗവൃങ്ങളില്ലാതിഹ വല്ലവീനാം ദ്രവൃങ്ങളില്ലെന്നു ജഗൽ പ്രസിദ്ധം നിതൃ പ്രയത്നേന ലഭിച്ച വിത്തം നിതൃം നശിച്ചാൽ പുനരെന്തു കൃതൃം ? " 3 : 39
" രാജത്വമുള്ളോരു കുമാരകന്മാർ വൃാജം തുടർന്നാൽ വയമെന്തുചെയ്യും ? രാജീവനേത്രേ ! തവ ദുർയശസ്സ -- ങ്ങാജീവനാന്തം വരുമേവമായാൽ . ". 3 : 40
അപ്പോൾപ്പറഞ്ഞാളൊരു ഗോപനാരീ " ത്വൽപുത്രനാമുുണ്ണി മഹാകശീലൻ മൽപ്പത്തനേവന്നു കടന്നൊരുന്നാ -- ളൽല്പേതരം ചെയ്തൊരു കൈതവം കേൾ ." 3 : 41
" അച്ഛൻ മഹാവൃദ്ധൻ, അവർക്കുവേണ്ടി കാചൃങ്ങു വെച്ചേനിരുനാഴി ദുഗ്‍ധം കണ്ണൻ തദാവന്നു കുടിച്ചശേഷം കിണ്ണത്തിലംഭസ്സു നിറച്ചു പോയാൽ.". 3 : 42
" അന്തിക്കിരുട്ടത്തതു ചെന്നശേഷം മോന്തിക്കുടിച്ചൊന്നു ചൊടിച്ചു താതൻ ' ദുഷ്ടടത്തി നീ ' യെന്നു പറഞ്ഞു കിണ്ണം പൊട്ടിച്ചെറിഞ്ഞാരവരെൻെറ നേരെ .". 3 : 43
" അന്നേരമിബ്ബാലകനങ്ങു വന്നാൻ നന്നായ്‍ച്ചിരിച്ചൊന്നു വിളിച്ചു ചൊന്നാൻ ' ഇന്നാളെടോ, പാലു തരായ്‍ക മൂലം നിന്നേച്ചതിച്ചേ' നിതി, കിം കരോമി .". 3 : 44
അനന്തരം മററൊരുഗോപി ചൊന്നാ --
" ളെനിക്കു വന്നല്ലലതിൽപ്പരം കേൾ .
കനക്കവേ സന്ധൃമയങ്ങുമപ്പോ -- ളനക്കമെനേൃ മമ വീടു പുക്കാൻ.". 3 : 45
" കറന്നകത്താക്കിന ഗോക്കളെപ്പോയ് തുറന്നു വിട്ടാനിവനന്തിനേരം ഒളിച്ചു മെല്ലെന്നു നടന്നവറെറ -- ത്തെളിച്ചു പാടങ്ങളിലങ്ങിറക്കി.". 3 : 46
" കുതിർത്തു നില്കുന്നൊരുനെല്ലുതീററി -- പ്പതുക്കവേ ബാലകനങ്ങുപോയാൻ പശുക്കറപ്പാൻ പുലർകാലനേരം വിശുദ്ധയാം ഞാനിഹ ചെന്നനേരം. 3 : 47
പ്രാണങ്ങളാകും പശു വൃന്ദമൊന്നും കാണാഞ്ഞുഴന്നങ്ങനെ നിന്നു ഞാനും കാണായിതന്നേരമുടൻ വരുന്നൂ കാർവർണ്ണനാമുണ്ണിയുമിമ്പമോടെ .". 3 : 48
" പാടത്തുനിൽക്കുന്നു പശുക്കളെല്ലാം
കൂടെക്കളിക്കുന്നു പശുക്കിടാങ്ങൾ മൂഢേ!, കറന്നീടുക നീയു, മിത്ഥം പ്രൌഢം പറഞ്ഞാശു ഗമിച്ചു ബാലൻ. ". 3 : 49 പറഞ്ഞിതന്നേരമൊരുത്തി ഖേദാൽ പറഞ്ഞു കൂടാ മമ കർമ്മദോഷം . " നിറഞ്ഞു ദു:ശീല മഹോനിനച്ചാ -- ലറിഞ്ഞു കൂടാ കപടം യശോദേ ! " 3 : 50
" ഘടങ്ങളിൽപ്പാലു നിറച്ചൊരുന്നാ -- ളെടുത്തടുപ്പത്തു കരേററി ഞാനും അടുക്കളയ്ക്കുള്ളിലടുത്തു വന്നി -- മ്മിടുക്കനാമുണ്ണിയുമങ്ങിരുന്നാൻ .". 3 : 51
" വിരഞ്ഞു ഞാനപ്പൊഴുതിന്ധനത്തെ -- ത്തിരഞ്ഞു പോയൊരു ദശാന്തരാളേ ഘടങ്ങളെല്ലാം കടകോലെടുത്ത -- ങ്ങുടച്ചു വേഗേന ഗമിച്ചു ബാലൻ .". 3 : 52
" വല്ലാത്ത ബാലപ്രഭവത്തിനെക്കാ -- ളില്ലാത്ത ബാലപ്രഭവം സുഖംപോൽ . ഉല്ലാസമെന്നുള്ളതുമിജ്ജനങ്ങൾ -- ക്കില്ലാതെയായ് വന്നിതുദൈവദോഷാൽ ." 3 : 53 ക്ഷമിക്കയോ മറെറാരു ദിക്കുനോക്കി -- ഗ്ഗമിക്കയോ വേണ്ടതു ഞങ്ങളെല്ലാം ശമിക്കുമോ ദു:ഖ, മിതിന്നു കൂടെ ശ്രമിക്കുമോ നീ, വദ പുണ്യശീലേ! . 3 : 54
ഇത്യാദി ഗോപീജനവാക്യമെല്ലാ -- മത്യാദരാൽ കേട്ടു യശോദ താനും ചിത്തേ സുതസ്നേഹവശേന മന്ദം മത്തേഭ സഞ്ചാരിണി കിഞ്ചിദൂചേ . 3 : 55
" എന്നുണ്ണിതൻ ചാപലമിന്നു കേട്ടോ --
ലെന്നുള്ളിലും കുണ്ഠിതമുണ്ടിദാനീം എന്നാകിലും തർജ്ജനമാശു ചെയ്‍വാ -- നെന്നാലസാദ്ധ്യം ഖലുഗോപിമാരേ! ". 3 : 56
" വാത്സല്യമെന്നുള്ളിലുമത്യുദാരം മാത്സർയ്യരാരും തുടരായ്‍കവേണം . ചേതങ്ങളോരോന്നു വരുന്ന നേരം ഖേദങ്ങളുണ്ടായതു കുററമല്ല . ". 3 : 57
" മൺപാത്രനാശേ പകരം തരുന്നേൻ പൊൻപാത്രമമ്പോടഥ രത്‍നപാത്രം . സമ്പത്തനേകം ബത സംഭരിപ്പിൻ സമ്പൂർണ്ണമോദേന ഗമിച്ചു കൊൾവിൻ ." 3 : 58
ഇത്ഥം പറഞ്ഞാദരപൂർവ്വമപ്പോ -- ളർത്ഥം കൊടുത്താശു ബഹുപ്രകാരം ചിത്തം കുളുർപ്പിച്ചഥ ഗോപിമാരെ പ്രത്യേകമേവം പുനരങ്ങയച്ചാൾ . 3 : 59
"കണ്ണൻ തദാ മണ്ണു ഭുജിച്ചു പോലും ദണ്ണം പിടിച്ചീടുമിവന്നു നൂനം " എന്നിങ്ങനെ കേട്ടു യശോദ വേഗാൽ വന്നീടിനാളമ്പൊടു കോപമോടേ . 3 : 60
'കഷ്ടം കുമാര, തവ വാ പിളർന്നു കാട്ടേ' ണമെന്നമ്മ പറഞ്ഞനേരം ഒട്ടും മടിക്കാതെ പിളർന്നു വൿത്രം കാട്ടീടിനാൻ കൈതവ മർത്ത്യമൂർത്തി . 3 : 61
മാതാവു നോക്കുന്ന ദശാന്തരാളേ പാതാള ഭൂലോക സുരേശലോകം ഭൂതങ്ങളും പ്രേത പിശാചകൂളീ -- വേതാള ജാലങ്ങളുമത്ര കണ്ടാൾ . 3 : 62
കാടും മഹാശൈലകുലങ്ങളേഴും നാടും നദീപാളി സമുദ്രമേഴും ആടും ഫണിശ്രേണി മനുഷ്യജാലം ചാടും മൃഗവ്രാതവുമത്ര കണ്ടാൾ. 3 : 63
പാലാഴി തന്നിൽ പ്ഫണിരാജതല്പേ ലീലാസുഖം പൂണ്ടഥ പള്ളികൊള്ളും നീലാംബുദശ്യാമള വിഷ്ണു രൂപം നാലാനനാദീനപി തത്ര കണ്ടാൾ. 3 : 64
രക്ഷോഗണം പക്ഷിത രക്ഷുജാലം വൃക്ഷങ്ങളും യക്ഷികൾ കുക്ഷിജാലം നക്ഷത്രമക്ഷത്ര വിപക്ഷ പക്ഷ -- ലക്ഷങ്ങളും തൽക്ഷണമത്രകണ്ടാൾ . 3 : 65
ഗോപാലകന്മാരഥ ഗോപിമാരും ഗോപാലയശ്രേണിയുമെന്നുവേണ്ട ഗോവൃന്ദവും മണ്ണു ഭുജിച്ചു മേവും ഗോവിന്ദനെത്തന്നെയുമത്ര കണ്ടാൾ . 3 : 66
ഇത്യാദി സർവ്വം ബത കണ്ടനേരം ചിത്തേ ഭയം പൂണ്ടഥ നന്ദപത്നി നേത്രങ്ങൾ ചിമ്മിത്തരസാ മിഴിച്ചാ -- ളത്രാന്തരേ കണ്ടതുമില്ലതൊന്നും . 3 : 67
സ്‍തന്യം കൊടുത്താശു പുണർന്നു ഗാഢം ധന്യാംഗനാമൌലി യശോദ താനും തന്നുണ്ണിയെന്നുള്ള മമത്വമോഹാ -- ലന്യപ്രകാരങ്ങൾ മറന്നിരുന്നാൾ . 3 : 68
സമ്പന്നലീലം ദധിമന്ഥകാലേ കുംഭം തകർത്താനഥ വാസുദേവൻ ഗംഭീര കോപേന പിടിച്ചു കെട്ടാ -- നമ്പോടണഞ്ഞാളുടനമ്മതാനും . 3 : 69
കൊണ്ടങ്ങു ചെന്നീടിന പാശമെല്ലാം രണ്ടഗുലം നീളമതൂനമായി കണ്ടാലറിഞ്ഞീടുകയില്ല, മോഹം കൊണ്ടാശു കുണ്ഠാശയയാം യശോദ . 3 : 70
ആയാസമമ്മയ്ക്കരുതെന്ന ബുദ്ധ്യാ മായാമയൻ താനനുവാദമേകീ സന്ധിച്ചിതപ്പോ, ളുരലോടു കൂടി -- ബ്ബന്ധിച്ചു മാതാവുമുടൻ നടന്നാൾ . 3 : 71
ദാമത്തിനാലുള്ളൊരു ബന്ധമൂലം ദാമോദരോ നാമ ബഭൂവകൃഷ്ണൻ . രാമാനുജൻ താനുരലും വലിച്ച -- ങ്ങാമോദശാലീ നട കൊണ്ടു മന്ദം . 3 : 72
രണ്ടായി നിൽക്കും കകുഭദ്രുമത്തെ -- ക്കണ്ടാനുപാന്തേ കമലായതാക്ഷൻ തദന്തരാളത്തിലുലൂഖലത്തെ -- ത്തദാവലിച്ചിട്ടു വലം തിരിഞ്ഞാൻ . 3 : 73
മുറിഞ്ഞു വൃക്ഷങ്ങൾ പതിച്ചനേരം മറിഞ്ഞു ദിവ്യാകൃതി രണ്ടുപേരും അറിഞ്ഞു ഗോവിന്ദ ചരിത്രമെല്ലാം പറഞ്ഞുയക്ഷേശ്വര നന്ദനന്മാർ . 3 : 74
" ധരിക്ക കൃഷ്ണാ നളകൂബരൻ ഞാൻ പരൻ മണിഗ്രീവനിവൻ മഹാത്മൻ ! ധനാധിനാഥൻെറ കുമാരകന്മാ -- രനാരതം പണ്ടു സുഖിച്ചു വാണാർ ." 3 : 75
" പണ്ടങ്ങൊരുന്നാളതിമദ്യപാനം -- കൊണ്ടന്ധരാം ഞങ്ങളനംഗതാപാൽ ഗംഗാതടേ കാമിനിമാരുമായി -- സ്സംഗീത ശൃംഗാര രസം തുടങ്ങി " 3 : 76
" വിവസ്‍ത്രഭാവേന രമിക്കുമപ്പോൾ പ്രവിഷ്ടനായീ മുനി നാരദൻ താൻ ഗുരുപ്രകോപേന ശപിച്ചു വേഗാൽ തരുക്കളായ് വന്നിതു തൽ പ്രഭാവാൽ ." 3 : 77
" തന്നാൻ പുനർമ്മാമുനി ശാപമോക്ഷം നന്ദാത്മജൻ വന്നു തൊടുന്നകാലം നന്നായ് വരും തീരുമനർത്ഥമെല്ലാം മെന്നുള്ള തത്ഭാരതി സതൃമായി ." 3 : 78
" നിരാമയൻ നീ, നിഖിലേശ്വരൻ നീ, നിരഞ്ജനൻ നീ, നിരുപാധികൻ നീ, നിരാദികൻ നീ, നിരുപപ്ലവൻ നീ, നിരന്തകൻ നീ, ഭഗവാൻ നമസ്തേ " 3 : 79
ഇത്ഥം വണങ്ങി സ്തുതിചെയ്തുദാരം വിത്തേശജന്മാരുടനേ മറഞ്ഞാർ ഇത്തത്ത്വമെല്ലാമറിയും നരാണാം ചിത്ത പ്രസാദം ഫലമതൃുദാരം . 3 : 80
പൊട്ടിച്ചാടുന്ന വൃക്ഷധ്വനി ചടചടിതം കേട്ടു ഞെട്ടിപ്പുറപ്പെ -- ട്ടൊട്ടേടം വന്നു നന്ദാദികളവശതയാ നിന്നു നോക്കും ദശായാം പുഷ്ട ശ്രീകേളിരംഗസ്ഥലതനുവുടയോ നഷ്ടലോകാധിപന്മാർ -- ക്കിഷ്ടം നൽകുന്ന മായാമയനുരലും വലി -- ച്ചെത്തിനാനത്തലോടെ . 3 : 81
ബന്ധക്ലേശമൊഴിക്കുമച്യുതനുടേ ബന്ധം മുദാ വേർപെടു -- ത്തന്ത: സന്തതരാഗനായ ജനകൻ ബാലം പുണർന്നീടിനാൻ ബന്ധു പ്രീതികലർന്നുവന്ന പശുപ -- ന്മാരോടു കൂടിസ്സുഖം സന്തോഷിച്ചു രമിച്ചു സജ്ജനസഭാ -- മദ്ധ്യേ വസിച്ചീടിനാൻ . 3 : 82
* മൂന്നാം സർഗ്ഗം സമാപ്തം * -------------------------------------
നാലാം സർഗ്ഗം --------------------- ( വൃന്ദാവന പ്രവേശം ) -------------------------------- തദനന്തരമത്ര ഗോഷ്‍ടദേശേ പദമെന്നുള്ളതു സൌഖ്യമല്ലമേലിൽ അശുഭങ്ങളനേകമുണ്ടു കാണ്മാ -- നിതി ചിന്തിച്ചു തുടങ്ങി നന്ദഗോപൻ . 4 : 1
ഉപനന്ദനതായ ഗോപനപ്പോ -- ളുപഗമ്യേദമുവാച നന്ദനോടായ് " ശുഭമായൊരു ദേശമുണ്ടുപോലും സുഭഗം തത്ര നമുക്കു വാസയോഗ്യം ." 4 : 2
" നനു നല്ലൊരു ഭാഗമുണ്ടു വൃന്ദാ --
വനമെന്നിങ്ങനെ, മംഗലസ്ഥലം പോൽ. ഘനമാർഗ്ഗമതിക്രമിച്ചു ഗോവർ -- ദ്ധനശൈലം പുനരെത്രയും മനോജ്ഞം . ". 4 : 3
" യമുനാപുളിനം മനോഭിരാമം രമണീയം കില സന്തതം വസിപ്പാൻ മമപക്ഷമിനിഗ്ഗമിക്ക നല്ലൂ സമമെല്ലാവരു " മിത്ഥമങ്ങുറച്ചാർ . 4 : 4
അതുനേരമശേഷവല്ലവന്മാ -- രതിമോദേന തുനിഞ്ഞു കോപ്പുകൂട്ടി ശകടങ്ങൾ കരേറി മോദമോടേ വികടാഘോഷമിയന്നു യാത്രയായി . 4 : 5
പശുപാലക ബാല വൃദ്ധരെല്ലാം പശുവൃന്ദങ്ങളുംമംബുജാക്ഷിമാരും കൃശഗാത്രിയശോദ നന്ദഗോപൻ ഭൃശമെല്ലാവരുമൊത്തു തത്ര ചെന്നാർ . 4 : 6
യമുനാതടകാനനേ മനോജ്ഞേ ഭവനം തീർത്തു വസിച്ചു വല്ലവന്മാർ അവനീതലമെങ്ങുമിത്ര നന്ന -- ല്ലധിവാസോചിതമെന്നവർക്കു തോന്നീ . 4 : 7
ഒരുനാളഥ രാമകേശവന്മാ -- രൊരുകൂട്ടം പശുപാലബാലരോടെ തരസാ പശുജാലപാലനാർത്ഥം പരിതോഷേണ ഗമിച്ചു കാനനാന്തേ . 4 : 8
കരസീമനി കങ്കണങ്ങൾ ചേർത്ത -- ങ്ങരയിൽ ക്കിങ്ങിണിയും നിറച്ചുചാർത്തി പുരികൂന്തലു പീലികോർത്തുകെട്ടി -- പ്പരിചോടങ്ങെഴുന്നള്ളി ഗോപബാലൻ . 4 : 9
തളയും വളയും കിലുക്കി മെല്ലെ -- ക്കളവേണുസ്വനവും മുഴക്കി മന്ദം കളി പുഞ്ചിരി കൺവിലാസമോടേ കളഗോപാലകബാലകൻ നടന്നാൻ . 4 : 10
സ്‍ഫടികത്തിനു തുല്യമാം ശരീരം ചടുലം നീലദുകൂലവും ധരിച്ചു പടുഭാവമിയന്നു മന്ദമന്ദം നടകൊണ്ടഥ രോഹിണീതനൂജൻ . 4 : 11
തരമായ വയസ്യരോടുകൂടി ത്തരുമൂലങ്ങളിൽനിന്നു കേളിയാടി തരുണാർക്കസമപ്രകാശകന്മാർ തരസാ ഗോക്കളെമേച്ചു സഞ്ചരിച്ചാർ . 4 : 12
യമുനാജലപാനമാശുകൃത്വാ ഗമനായാസശമം വരുത്തി നിത്യം കമനീയമതായ കാനനാന്തേ കമലാജാനികളിക്കു മദ്ദശായാം. 4 : 13
ശിശുവാകിന കൃഷ്ണനെച്ചതിപ്പാൻ പശുവത്സാകൃതി പൂണ്ടു കംസദൂതൻ അസുരാധമനാശു തത്ര ചെന്നാ -- നസുനാശത്തിനടുക്കയാലൊരുന്നാൾ. 4 : 14
കരുണാകരനങ്ങറിഞ്ഞു വേഗാൽ ചരണം രണ്ടുമുടൻ കരേ ഗൃഹീത്വാ തരു തന്നിലടിച്ചു നിഗ്രഹിച്ചാൻ തരസാ ദാനവനെ ത്രിലോക നാഥൻ . 4 : 15
ദിവി ദേവകൾ പുഷ്പവൃഷ്ടിചെയ്തു ഭുവനാൂധീശനിലുള്ള ഭക്തിയോടെ നവ സുന്ദരനിന്ദിരാ മണാളൻ ഭവനം പ്രാപ്യ ഭുജിച്ചു സുപ്തനായി . 4 : 16
ദിനനായകനങ്ങുദിച്ചനേരം പുനരുത്ഥായ കുളിച്ചു വാസുദേവൻ നനുഭക്ഷണവും കഴിച്ചു മോദാൽ വനയാനത്തിനു കോപ്പു കൂട്ടി നിന്നാൻ 4 : 17
പരിചോടു യശോദ താൻ വിളിച്ച -- ങ്ങരികേ ചേർത്തു പുണർന്നു മന്ദമന്ദം പുരികൂന്തലഴിച്ചു ഭംഗിയോടെ തരസാ കെട്ടി മുഖാംബുജം മിനുക്കി 4 : 18
വലയങ്ങളണിഞ്ഞു പാണിയുഗ്‍മേ പുലിയൻ മോതിരവും ഗളാന്തരാളേ മണികിങ്ങിണി കാഞ്ചിയും നിതംബേ മണമേറും കുസുമം ച കേശപാശേ 4 : 19
ചരണേ മണിനൂപുരം ധരിപ്പി -- ച്ചരവിന്ദാക്ഷനെയങ്ങു യാത്രയാക്കി മുസലായുധ വേഷവും തഥൈവ പ്രസഭം ചെയ്തിതുചിത്ത കൌതുകേന. 4 : 20
ധനുപാണിതലേ വഹിച്ചു ശൃംഗം പുനരോടക്കുഴലും വളഞ്ഞ കൊമ്പും പപശുപാലക ബാലരോടു കൂടി ശിശുധേനുക്കളെയും തെളിച്ചു കൃഷ്ണൻ. 4 : 21
അടവീതട വീഥിയിൽക്കളിപ്പാൻ നടകൊണ്ടാനുടനഗ്രജേന സാകം അടിയാകിന പങ്കജേ വിളങ്ങും പൊടികൊണ്ടാശു വനം വിശുദ്ധമാക്കി . 4 : 22
മധുസൂദന പാദ രേണുസംഗാ -- ലധികം ശോഭിതമായികാനനാന്തം മധുമാരി ചൊരിഞ്ഞു, പുഷ്പജാലേ മധുപാളി മധുപാനവും തുടങ്ങി . 4 : 23
മയിലും കുയിലും മദം തുടങ്ങി മുയലും മാനുകളും കളിച്ചു മേവി മലയും നിലയും മരങ്ങൾ പുല്ലും കലയും പന്നിയുമേററമുല്ലസിച്ചു . 4 : 24
ഹരിയും കരിയും വെടിഞ്ഞു വൈരം നരിയും പന്നിയുമൊന്നുപോലെയായി ഉരഗം ബത കീരിയും നിരന്നു നരകാരാതി വനേ വസിച്ച കാലം . 4 : 25
ബകരൂപമുടൻ ധരിച്ചെടുത്താ -- നകതാരിൽക്കപടേന കോപിദൈത്യൻ നഖവും മുഖവും തുറിച്ച കണ്ണും നിഖിലം ഭീതികരം ഗിരിപ്രമാണം . 4 : 26
ഗുഹപോലെ പിളർന്ന കൊക്കിനുള്ളിൽ സഹസാവന്നു മുകുന്ദനെ ഗ്രസിച്ചാൻ ദഹനന്നു സമാനമാം തദംഗം വഹിയാഞ്ഞദ്ദനുസൂനു സന്ത്യജിച്ചാൻ. 4 : 27
പുനരമ്പൊടു കൊത്തുവാനടുക്കും ദനുജൻ തന്നുടെ കൊക്കു കൈക്കലാക്കി കുടിലാസുരനെക്കുശേശയാക്ഷൻ നടുവേ കീറിയെറിഞ്ഞു രണ്ടു ഭാഗേ . 4 : 28 ബകവൈരിയുടേ ശിരസ്സിലപ്പോൾ വികുചം കല്പകവൃക്ഷ പുഷ്പജാലം സുഖമോടു ചൊരിഞ്ഞു വാനവന്മാ -- രഖിലം പ്രീതി കലർന്നു ജീവലോകം . 4 : 29
നിജമാകിന മന്ദിരേ നിശായാം സ്വജനത്തോടൊരുമിച്ചുറങ്ങി ബാലൻ നിജബന്ധുജനാന്വിതൻ പ്രഭാതേ നിജകൃത്യത്തിനു കാനനം പ്രപേദേ . 4 : 30
പൊതിചോറുമെടുത്തു കൂട്ടുവാന -- ങ്ങതിനുള്ളോരുപദംശവും വഹിച്ച് മതിമോദമിയന്നു വല്ലവന്മാർ ദിതിജാരിക്കു സഹായമായ് നടന്നാർ . 4 : 31
ഉരഗാകൃതിയാമഘാസുരൻ താ -- നൊരു ഭാഗേ വദനം പിളർന്നു നിന്നാൻ ഗുഹയെന്നു നിനച്ചു ഗോപവൃന്ദം സഹസാ തന്മുഖകന്ദരേ കടന്നു . 4 : 32
വിഷപാവകശക്തികൊണ്ടനേകം വിഷമാവസ്ഥ പിണഞ്ഞുഴന്ന നേരം വിഷയാർണ്ണവ കർണ്ണധാരനാകും വിഷഭൃന്നാശന കേതവും കടന്നാൻ . 4 : 33
മുഖമാശു മുറുക്കിനാൻ പെരുമ്പാ -- മ്പഖിലേശൻെറ വിനാശനം വരുത്താൻ മുരവൈരി തദാ വളർന്നു കണ്ഠം വിരവോടങ്ങു പിളർന്നു നിഗ്രഹിച്ചാൻ . 4 : 34
അതുനേരമഘാസുരൻെറ ദേഹാ -- ദതിയായിട്ടൊരു കാന്തി സംഭവിച്ചു അതുചെന്നു മുകുന്ദനോടു ചേർന്നു കുതുകം കണ്ടു വണങ്ങിവാനവന്മാർ . 4 : 35
കബളങ്ങളെടുത്തു ഭുക്തിചെയ്താ -- നബലാലാളനലോലനായ ബാലൻ പ്രബലം മുരവൈരിതൻ വിലാസം സകലം കണ്ടജനൊന്നു വിസ്മയിച്ചാൻ . 4 : 36
അഥ വത്സകുലം മറച്ചു പിന്നെ പ്രഥിതം ഗോപകുലത്തെയും മറച്ചാൻ പരമേഷ്ടി പരീക്ഷണാർത്ഥമായി പ്പരമാത്മാവിനെ വഞ്ചനേന വെല്വാൻ . 4 : 37
ഹരിതാനഥ ഗോപ ഗോസമൂഹം തരസാ നിർമ്മിതമാക്കി നിർവ്വിവാദം ഒരു വത്സരമങ്ങതിക്രമിച്ചു വിരവിൽത്തത്ര വിരിഞ്ചനാവിരാസീൽ . 4 : 38
അനുരൂപ പദാർത്ഥവും വിശേഷാൽ പുനരുണ്ടായ പദാർത്ഥവും തദാനീം അറിവാനരുതാഞ്ഞുഴന്നു നിന്നാൻ മറിമായത്തിനു മൂലമാം വിരിഞ്ചൻ . 4 : 39
പുതുഗോകുല ഗോപജാലമെല്ലാ -- മതുനേരം ബത വിഷ്‍ണുരൂപമായി കടകം മകുടം കിരീടഹാരം കടിസൂത്രം വനമാല പീതചേലം. 4 : 40
മകരാകൃതി കുണ്ഡലം മനോജ്ഞം മഹിതം കൌസ്തുഭ ഹാരവത്സചിഹ്നം അരിശംഖഗദാസരോജമിത്ഥം വിലസും നാലു ഭുജങ്ങളും വിളങ്ങി . 4 : 41
അതിലൊന്നു നിജസ്വരൂപനാക്കി സ്ഥിതിചെയ്താനഥ ദേവകീതനൂജൻ അതു കണ്ടു വിരഞ്ഞു നിന്നനേകം സ്തുതി ചെയ്താനതി ഭക്തനാം വിരിഞ്ചൻ . 4 : 42
" അചരങ്ങൾ ചരങ്ങളായതും നീ --
യചലബ്രഹ്മവികാസമായതും നീ ക്വചിദസ്‍ഫുടരൂപനായതും നീ ക്വചന പ്രസ്‍ഫുടരൂപനായതും നീ " 4 : 43
" പശുപക്ഷി മൃഗാദി ജാതിഭേദം
വശമാക്കിബ്ബഹുവിസ്തരിപ്പതും നീ ബഹുമാർഗ്ഗതങ്ങളായതെല്ലാം ബഹുധാ കത്രചിദസ്തമാക്കുവോൻ നീ . " 4 : 44
" ജഠരേ സചരാചര പ്രപഞ്ചം ദൃഢമാക്കി സ്‍ഫുടതുംഗ ഭംഗിയോടേ പ്രളയാംബുധി ചേർന്നു യോഗനിദ്രാ -- മുളവാക്കുന്നതു മിന്ദിരാപതേ, നീ .". 4 : 45
" ജനനം മരണം വിപത്തു സമ്പ -- ത്തഭിമാനം പരിഭൂതി ഭൂതി ലാഭം അതിദുർഘടമായ മായകൊണ്ടു -- ള്ളതിവിഭ്രാന്തി വരുത്തുമീശ്വരൻ നീ .". 4 : 46
" ഫലമൊന്നു കുഴിച്ചു മണ്ണിലിട്ടാൽ പല കൊമ്പും കവരങ്ങളും വിളങ്ങും ചില പൊട്ടിമറിഞ്ഞു വീഴു, മപ്പോൾ ച്ചില വർദ്ധിച്ചു ഫലങ്ങളും പൊഴിക്കും ". 4 : 47
" അതുനേരമൊരഗ്നി വന്നുപററി സ്ഥിതമായുള്ളതു വെന്തു ഭസ്മമാകും അതുപോലെ സമസ്തജന്തുവർഗ്ഗ -- സ്ഥിതിയും നാശവുമീശ! നിൻ പ്രഭാവാൽ ." 4 : 48
" അയി ! ഞാനറിയാതെ കണ്ടു ചെയ്തോ -- രപരാധം സകലം ക്ഷമിക്കവേണം . ഉപകാരവിധാനയോഗ്യനാം ഞാ -- നപരാധം തവ ഹന്ത ചെയ്തുപോയേൻ ." 4 : 49
" അവതാരമിതെത്ര ശക്തിയുണ്ടെ -- ന്നറിവാനീമറിമായമാചരിച്ചേൻ ചെറുതല്ല ഭവാനതെന്നിദാനി -- മറിയുന്നേനപരം ഗ്രഹിച്ചുകൂടാ ." 4 : 50
" അറിയാമിതുമാത്രമത്രവാഴും മറിമാൻകണ്ണികൾ ചെയ്ത പുണ്യപൂരം ഒരുമിച്ചു ജനിച്ച മൂർത്തിയല്ലോ കരുണാവാരിധേ ! തവസ്വരൂപം ." 4 : 51 വിധിവാക്കുകൾ കേട്ടു മാധവൻ താ -- നധികം പ്രീതികലർന്നനുഗ്രഹിച്ചാൻ ബഹുരൂപമതാശു സംഹരിച്ചാൻ മഹനീയം ശിശുവിഗ്രഹം ധരിച്ചാൻ . 4 : 52
കബളാർദ്ധമിടങ്കരേ വഹിക്കും കപടസ്വാമികുമാരനെ പ്രണമ്യ കമലാസനനഞ്ജസാ മറഞ്ഞാൻ കമലാകാമുകനും പുരം ഗമിച്ചാൻ . 4 : 53
ഒരു നാളഥ രാമനോടുകൂടി -- ത്തരസാ താലവനം പ്രവിഷ്ടനായി പരിചോടു മുദാ മുരാരിതാനും പശുപന്മാരുമശേഷഗോക്കളോടെ. 4 : 54
അഥ താലഫലം കുലുക്കി വീഴി -- ച്ചതു ഭക്ഷിച്ചു തുടങ്ങി വല്ലവന്മാർ അതുകേട്ടു കയർത്തു ധേനുകാഖ്യൻ ദിതിജൻ വന്നിതു ഗർദ്ദഭസ്വരൂപി 4 : 55
അവനെക്കൊലചെയ്തു കാമപാലൻ ഭുവനത്രാണപരായണസ്വരൂപൻ അതുനേരമവൻെറ ഭൃത്യവർഗ്ഗം വിതതക്രോധഭരേണ വന്നടുത്തു . 4 : 56
അവരാശു സൃഗാലവേഷമോടേ സമരം ചെയ്തിതുസാഹസപ്രിയന്മാർ . ബലനും ബത കൃഷ്ണനും രണാന്തേ കൊലചെയ്താരമരാരി വൃന്ദമെല്ലാം . 4 : 57
ബഹുതാലഫലം ഭുജിച്ചു വേഗാൽ ഗൃഹമാഗമ്യ വസിച്ചു ദേവദേവൻ . പുനരഗ്രജനെപ്പിരിഞ്ഞൊരുന്നാൾ വനഭാഗേ പശുമേച്ചു സഞ്ചരിച്ചാൻ . 4 : 58
ഉഗാധിപനായ കാളിയൻെറ ഗരളം കൊണ്ടതിരൂക്ഷമഗ്നി തുല്യം ഒരു ദിക്കിലഹോ കളിന്ദകന്യാ -- ജലമെന്നുള്ളതറിഞ്ഞു തത്ര ചെന്നാൻ . 4 : 59
പശുഗോപകുലം ജലം കുടിച്ചു ഭൃശതാപേന തടേ മരിച്ചു വീണു മധുവൈരി തദാ കടാക്ഷമാകും സുധകൊണ്ടമ്പൊടു ജീവിയാഞ്ചകാര . 4 : 60
ബഹുപക്ഷികളംബരേ പറക്കു -- ന്നളവിൽപ്പക്ഷമുടൻ കരിഞ്ഞുവീണു മഹിഷങ്ങൾ ഗജങ്ങളെന്നു വേണ്ടാ ബഹുധാ വാരി കുടിച്ചപായമായി . 4 : 61
അതിസങ്കടമാശു കണ്ടനേരം മതിപത്തേ കനിവുള്ള വാസുദേവൻ അധിരുഹ്യ തദാ കടമ്പുതന്മേ -- ലധിക പ്രാഭവമോടു തത്ര നിന്നാൻ . 4 : 62
ഗരളാഗ്നിബലാൽ കരിഞ്ഞ വൃക്ഷം തരസാ പൂത്തു തഴച്ചു ദൃഷ്ടമായി . യമുനാ സലിലേ കുതിച്ചു ചാടീ കമലാവല്ലഭനുല്ലസൽ പ്രമോദം . 4 : 63
തിരമാലകളിൽക്കളിച്ചു മന്ദം വിളയാടീടിന കൃഷ്ണനെ ഫണീന്ദ്രൻ ഗുരുകോപമണഞ്ഞു ചുററിമുററും പരിദംശിച്ചിതു മർമ്മസന്ധിതോറും 4 : 64
പുളിനേ മരുവുന്ന ഗോപവൃന്ദം നളിനാക്ഷൻെറ ദശാവിശേഷമേവം അവലോക്യ വിലാപരോദമോടേ വിവശീഭാവമിയന്നു നിന്നുഴന്നു . 4 : 65
അശുഭം ബത കണ്ടു നന്ദഗോപൻ പശുപന്മാരുമശേഷനാരിമാരുും ബലഭദ്രനുമാശുതത്ര വന്നാ -- രലമിക്രീഡിതമെന്നു നിന്നുചൊന്നാർ . 4 : 66
ഫണിബന്ധമഴിച്ചു വാസുദേവൻ പണികൂടാതെ കരേറി തീരഭാഗേ ഫണിതൻ ഫണചക്രമേറി നിന്ന -- ങ്ങണി നൃത്തങ്ങൾ തുടങ്ങി ഭംഗിയോടെ . 4 : 67
തളയും വളയും കിലുങ്ങുമാറ -- ങ്ങിളകീ തൽപദപാണി താളമേളം ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി . 4 : 68
വിറകൊണ്ടിതു കൊണ്ടൽ വേണിഭാഗേ നിരകൊണ്ടീടിന കേകിപിഞ്ഛജാലം നിറമേറിന പീതമാം ദുകൂലം നിതരാമങ്ങിളകുന്നു നിർമ്മലാഭം . 4 : 69
അഴകേറിന ചാരുനാദമോടേ കുഴലും പാണിതലേന വക്ത്രപത്മേ മധുരാധരസീമ്‍നി ചേർത്തുചേർത്ത -- ങ്ങധികാനന്ദമമന്ദ ഗീതഘോഷം . 4 : 70
ഉടനംബരവാസിദേവവൃന്ദം പടുഗാനസ്തുതിഘോഷതോഷമോടേ തുടിതാളമിടയ്ക്കയും മുഴക്കി സ്‍ഫുടഭക്തി പ്രവണം വണങ്ങിനിന്നാർ . 4 : 71
തരസാമിത രാഗഭോഗമോടേ സുരനാരീജനനൃത്തവും തുടങ്ങി ഉരഗപ്രഭു കാളിയൻ മയങ്ങീ ഗുരുഭാരേണ ഫണങ്ങളും വണങ്ങീ . 4 : 72
ഫണിനായകഭാർയ്യമാരശേഷം പ്രണിപാതേന മുഹുർമ്മുഹു: സ്തുതിച്ചു പ്രണവാദിക വേദസാരവാക്യം ക്ഷണമാകർണ്ണ്യ തെളിഞ്ഞു വാസുദേവൻ . 4 : 73
അഥ സർപ്പശിരസ്സിൽ നിന്നിറങ്ങി പ്രഥിത പ്രീതിരസേന ഗോപബാലൻ ഉരഗാധിപനെക്കരേണതൊട്ട -- ങ്ങരുൾ ചെയ്താനരുണാംബുജായതാക്ഷൻ. 4 : 74
" അയിനാഗപതേ ! നിനക്കു നിത്യം മയി വിശ്വാസമഭംഗമായ് വരേണം യമുനാസലിലം വെടിഞ്ഞു വേഗാൽ ഗമനം ചെയ്‍ക ഭവാൻ കുടുംബമോടേ ". 4 : 75
" രമണീയതമം സമുദ്രമദ്ധ്യേ
രമണം നാമ വിശാലദേശമുണ്ടു് . അവിടേക്കു ഗമിക്ക കാളിയാ നീ -- യവിടെ ബ്ഭൂരിസുഖം ഭവിക്കുമല്ലോ" . 4 : 76
" വിനതാസുതനെ ബ്ഭയപ്പെടേണ്ടാ വിനയശ്രീഗുണമുള്ള കാളിയാ! നീ തവ മൌലിഷുമൽപദങ്ങൾ കണ്ടാ -- ലവനുണ്ടോ വിപരീതനായ് വരുന്നൂ ?". 4 : 77
അതുകേട്ടു നമസ്കരിച്ചു പോയാ -- നതുലപ്രീതി കലർന്നു നാഗരാജൻ ഫണിനീജനവും ഹരിക്കുപട്ടും മണിജാലം ച കൊടുത്തു സമ്പ്രതസ്ഥേ. 4 : 78
തദനന്തരമർക്കനസ്തമിച്ചു വദനാബ്‍ജം ബതമങ്ങി പത്മിനീനാം പ്രിയയോടു പിരിഞ്ഞു ചക്രവാകം പ്രിയഭാവേന വരിഞ്ഞിതാമ്പലെല്ലാം . 4 : 79
ഭുവനേഷു നിറഞ്ഞിതന്ധകാരം ഭവനം പുക്കു വസിച്ചു ഭീരുലോകം അഭിസാരികമാരതംഗതാപാ -- ലഭിതോ ഗൂഢഗതാഗതം തുടങ്ങി . 4 : 80
സ്മരനും തരസാ കുലച്ചു വില്ലും ശരവും കൈക്കലെടുത്തു കോപ്പുകൂട്ടി വരവാണികളാത്മവല്ലഭൻെറ വരവും നോക്കി വസിച്ചു വാസഗേഹേ . 4 : 81
ഇതി രമ്യമതാം ദിനാവസാനേ മതിമാനാകിയ ബാലവാസുദേവൻ ജനനീ ജനകാഗ്രജാദി വൃന്ദം കനിവോടങ്ങിന കൂടി യാത്രയായി . 4 : 82
ഇവിടെ സ്ഥിതിചെയ്‍ക നാമിദാനീം ഭവനേ ചെൽവതിനിന്നുനേരമില്ല ഇതി കൃഷ്ണഗിരാ വനാന്തരാളേ ഹിതമോടങ്ങു ശയിച്ചു വല്ലവന്മാർ . 4 : 83
തൽക്കാലം നാലുഭാഗങ്ങളിലളിപടല -- ശ്യാമധൂമങ്ങളോടേ പൊക്കത്തിൽക്കത്തിയെത്തീ സ്‍ഫുടമടവിതടേ കാട്ടുതീ കാററുമായി വ്യാഘ്രം സിംഹം വരാഹം മഹിഷമിതി മഹാ -- ജന്തുജാലങ്ങൾ വെന്തു ശീഘ്രം നന്ദാദിഗോപാലക സവിധമടു -- ത്തുച്ചകൈരുജ്ജ്വലിച്ചു . 4 : 84
ഹാഹാ കഷ്ടം ശിവശിവ മഹാ -- വഹ്നിവന്നിജ്ജനാനാം ദേഹാപായം വിവവൊടു വരു -- ത്തീടുമെന്നത്തലോടേ മോഹാലസ്യം പശുപനികരേ തത്ര വർദ്ധിച്ചനേരം സ്നേഹാധീശൻ മധുരിപു വിഴു -- ങ്ങീടിനാനാശ്രയാശം . 4 : 85
തദനു വിപിനവഹ്നിക്ലേശനാശേ വിവസ്വാ -- നുദയഗിരി കരേറി പ്രൌഢമാവിർഭവിച്ചു . മുദിതമതി മുകുന്ദൻ നന്ദവൃന്ദേനസാകം സദനമനുഗമിച്ചാനുത്തമം തത്രരേമേ . 4 : 86
* നാലാം സർഗ്ഗം സമാപ്തം * -------------------------------------------
അഞ്ചാം സർഗ്ഗം ------------------------ ( വൃന്ദാവന ലീലകൾ) -------------------------------- കാലക്രമേണ മുസലായുധമാധവന്മാർ ബാലത്വമാകിന ദശാന്തമതിക്രമിച്ചു ബാലാംഗനാജന മനോഹര ബാലലീലാ -- ലോലാന്തരംഗരസകാലമലങ്കരിച്ചു . 5 : 1
കാണ്ഡീരകാനുഗതരാകിന രാമകൃഷ്ണൌ ഭാണ്ഡീരകാഖ്യ വടവൃക്ഷതടം ഗമിച്ചാർ അന്യോന്യമമ്പൊടു കളിച്ചവരിപ്രകാരം ജന്യം തുടങ്ങി ജഗതീപതി സേവകന്മാർ 5 : 2
തോൽക്കുന്നവൻ ബത ജയിച്ചവനെഗ്ഗളാന്തേ പാർക്കാതെ കണ്ടുടനെടുത്തു നടക്കവേണം ഇത്ഥം പരസ്പരമുറച്ചഥ ബാലകന്മാർ യുദ്ധം തുടങ്ങി വടവൃക്ഷതട പ്രദേശേ . 5 : 3
അപ്പോൾ പ്രലംബദനുജൻ പശുപാലവേഷം കെല്പോടു പൂണ്ടുടനണഞ്ഞു രണം തുടങ്ങി മുൽപാടു രാമനോടു തോററു ഗളാന്തരാളേ ദർപ്പേണ രാമനെ വഹിച്ചു തിരിച്ചു വേഗാൽ . 5 : 4
ഭാരം പൊറാഞ്ഞു നിജവേഷമുടൻ ഗൃഹീത്വാ ദൂരത്തുയർന്നു ഗഗനേ ഗമനം തുടങ്ങി സീരായുധൻ ഝടിതി മുഷ്ടികൾകൊണ്ടു കുത്തി -- പ്പാരാതെ കണ്ടവനെയും ശമനന്നു നൽകി . 5 : 5
അക്കാലമപ്പശുകുലം ബഹുദൂരദൂരെ ദിക്കും മറന്നഥ വിശന്നു തളർന്നു നിന്നു . പുല്ലില്ല തത്ര, ജലമില്ല, മരങ്ങളില്ല, വല്ലാത്ത വേദനയുമണഞ്ഞു വലഞ്ഞു പാരം . 5 : 6
നീളെത്തിരഞ്ഞു ഭഗവാനവിടേക്കു ചെന്നു കാളാംബുജാളി കമനീയ കടാക്ഷശാലി ചീളെന്നു വല്ലവജനങ്ങളുമത്രചെന്നു കാളുന്ന വഹ്നി സമമാതപമെത്രഘോരം . 5 : 7
കഞ്ജായതാക്ഷനതുനേരമടുത്തുകണ്ടു മുഞ്ജാടവീപടലമമ്പൊടു ശീതശീതം അക്കാട്ടിലാക്കി ബത ഗോക്കളെ വേഗമോടെ തൽക്കാലമാശു പിടിപെട്ടിതു കാട്ടുതീയും . 5 : 8
" അയ്യോ! മഹാഗ്നി പിടിപെട്ടു ദഹിച്ചുദേഹം പൊയ്യല്ല കൃഷ്ണ! ശരണം ശരണം ത്വമേകൻ " ഏവം വിളിച്ചു കരയുന്ന ജനത്തെ നോക്കി -- ദ്ദേവൻ മുകുന്ദനരുൾ ചെയ്തിതു മന്ദഹാസീ 5 : 9
" താപം വെടിഞ്ഞു നിജനേത്രമടച്ചുനില്പിൻ ഗോപാലരേ!" വിരവിലെന്നരുൾ ചെയ്തനേരം ഗോപാലരക്ഷികളടച്ചു മിഴിക്കുമപ്പോ -- ളാവന്ന തീയുമടവീതടവും ന ദൃഷ്ടം . 5 : 10
മുഞ്ജാടവീപടവും ബത കാട്ടുതീയും സഞ്ജാതമായൊരു ദൈത്യഭടൻെറ മായ തന്മായയും തദനു താനുമഹോ നശിച്ചു, ദുർമ്മോഹമീശ്വരജനേഷു ഫലിക്കുമോതാൻ . 5 : 11
പ്രാപിച്ചു ഗോപഗണഗോഗണയുക്തനാകും ഗോപാലനാശു യമുനാ വിപിനാവകാശം താപിഞ്ചവഞ്ചുള കദംബവനേ വസിച്ചു താപം പെരുത്തസമയം ഗമയാഞ്ചകാര 5 : 12
ഗോവർദ്ധനാചലഗുഹാസു മഹാനുഭാവൻ ഗോവിന്ദനും ബലനുമിഷ്ടജനങ്ങളോടെ അംഭോദമാരി ചൊരിയുന്നൊരു കാലമെല്ലാ -- മിമ്പം കലർന്നഥ കഴിച്ചു സുഖിച്ചു വാണു . 5 : 13
വന്നൂ ശരത്സമയ , മംബുദമൊന്നകന്നൂ നന്നായ്ത്തെളിഞ്ഞു ജല, മിന്ദുകരം പരന്നൂ ഇന്ദീവരം കമലമെന്നിവ വന്നുപൊങ്ങീ നന്ദിച്ചു നന്ദസുതവൃന്ദ മമന്ദമോദം . 5 : 14
ചെന്നങ്ങു നന്ദസദനേ മദനാഭിരാമൻ വന്ദിച്ചു നന്ദനുടെ പാദസരോജയുഗ്മം ഇന്ദീവരാക്ഷികളിവൻെറ ഗുണങ്ങളെല്ലാ -- മന്നന്നു കേട്ടു മദനാർത്തി മുഴുത്തു മേവി . 5 : 15
കാർകൊണ്ടെഴുന്ന ഘനസന്തതികാന്തിവെല്ലും വാർകുന്തളം, മിളിതചാരുമയൂര പിഞ്ഛം ആ കുഞ്ചിതാളകമരാളകടാക്ഷമോക്ഷം വൈകുണ്ഠഗാത്രമിദമെത്ര മനോഭിരാമം . 5 : 16
ശ്രീവാസചാരുതരമാം തിരുമാറിടത്തിൽ ശ്രീവത്സകൌസ്തുഭമണീ വനമാലഹാരം ആവീത പീതവസനാഞ്ചിത കാഞ്ചിജാലം ശ്രീവാസുദേവനുടെ ദേഹമതീവരമ്യം . 5 : 17
മാണിക്യകങ്കണകലാപ മലങ്കരിക്കും പാണിദ്വയം, മുഖരനൂപുരപാദയുഗ്മം വേണുസ്വനാദിമധുരം മധുവൈരിവേഷം കാണുന്ന കാമിനികൾ കാമവശം ഗമിക്കും . 5 : 18
വൈകുണ്ഠ ദേവനിഹ ഗോക്കളെ മേപ്പതിന്നായ് പോകുന്നിതു ബഹു സങ്കടമംഗനാനാം . കൃഷ്ണൻ വരുന്ന വഴിനോക്കി വസിക്കുമേററം തൃഷ്‍ണാവശേന വിവശാ ദിവസാവസേന . 5 : 19
കർണ്ണാമൃതം മുരളിനാദരവങ്ങൾ കേൾപ്പാൻ കർണ്ണം കൊടുത്തവരുമൊക്കെ മറന്നിരിക്കും വർണ്ണിക്കു മച്ചുതഗുണങ്ങ ളംഗനതാപാ -- ലർണ്ണോജ നേർമിഴിക ളിങ്ങനെ തത്ര വാണൂ . 5 : 20
ഗോപീജനങ്ങളൊരു നാളനുരാഗയോഗാൽ ' ഗോപാലസുന്ദരനിവൻ വരനായ് വരേണം' ഏവം നിതാന്തമകതാരിലുറച്ചു ഭക്ത്യാ ഭാവം തെളിഞ്ഞു യമുനാപുളിനം ഗമിച്ചാർ . 5 : 21
ഉണ്ടാക്കി തത്ര മണൽക്കൊണ്ടു മനോഭിരാമം തണ്ടാർശരാന്തകകുടുംബിനി തൻെറ രൂപം കൊണ്ടന്നു പുഷ്പജലഗന്ധനിവേദ്യമെല്ലാം വേണ്ടും വിധം വിവിധമർച്ചനയും തുടങ്ങി . 5 : 22
കീർത്ത്യാ വിളങ്ങിന മുകുന്ദപദാരവിന്ദം മൂർത്ത്യാ വണങ്ങി വചസാ മനസാ ച സാകം കാർത്ത്യായനീചരണസേവനമാചരിച്ചാ -- രാർത്ത്യാദി ശാന്തിവരുവാൻ വരവാണിമാരും . 5 : 23
ഏവം വൃതങ്ങളൊരു മാസമുടൻ കഴിഞ്ഞു ദേവീപ്രസാദവു മവർക്കുു ലഭിച്ചിതപ്പോൾ കർമ്മാവസാനദിവസേ സരസം കുളിപ്പാൻ നൈർമ്മല്യമുള്ള യമുനാംഭസി ചെന്നിറങ്ങി . 5 : 24
വസ്ത്രങ്ങളങ്ങു തടസീമനി വെച്ചുവേഗാ -- ലസ്ത്രീജനം സലിലകേളി തുടർന്നനേരം തത്രാ ഗമിച്ചു വസുദേവകുമാരനപ്പോൾ വസ്ത്രം ഹരിച്ചരശുപാദപമേറി നിന്നാൻ . 5 : 25
ചൊൽക്കൊണ്ട വേണുമധുരധ്വനി കേട്ടു ദാരം നോക്കുംവിധൌ കമലനേത്രനെയങ്ങുകണ്ടാർ ലജ്ജിച്ചുനിന്നു പുനരിന്ദുമുഖീസമൂഹം ' മജ്ജീവനാഥനിവ ' നെന്നു മദം വഹിച്ചു . 5 : 26
' വസ്ത്രം ഹരേ ! തരിക ' യെന്നവർ ചൊന്നനേരം " വസ്ത്രം തരാമിവിടെ വന്നു കരങ്ങൾ കൂപ്പി വന്ദിച്ചുനിന്നു ബത മന്ദമിരന്നുതാകി " ലെന്നംബുജാക്ഷനരുൾചെയ്തിതു മന്ദഹാസീ . 5 : 27
നാണിച്ചു നാഥനുടെ മുമ്പിലണഞ്ഞുനിന്നാ -- രേണാങ്കബിംബമുഖിമാരഥ പാണികൂപ്പി അന്നേരമാശുവസനങ്ങൾ കൊടുത്തു കൃഷ്ണൻ മന്ദസ്മിതാർദ്രവദനൻ പുനരേവമൂചേ . 5 : 28
കാമിച്ച വസ്തു കനിവോടു വരുത്തുവൻ ഞാൻ,
പ്രേമത്തിനിങ്ങു കുറവില്ല കൃശാംഗിമാരേ ! കാളിന്ദി തൻ പുളിനമുണ്ടിഹ, വെൺനിലാവു മേളിച്ച രാത്രികളുമുണ്ടിനി വേണ്ടുവോളം . 5 : 29
ഗോവിന്ദവാഗമൃതമിങ്ങനെ കേട്ടനേര -- മാനന്ദവാരിധിയിലംഗനമാർ പതിച്ചു മന്ദം നടന്നുനിജമന്ദിരമാഗമിച്ചു നന്ദാത്മജോ:പി തരസാ ഭവനം പ്രപേദേ . 5 : 30
പിന്നെക്കദാചിദതി ദൂരവനപ്രദേശേ തന്നോടു കൂടി നടകൊണ്ടു കിശോരകന്മാർ അന്നം ഭുജിപ്പതിനഹോ ലഭിയാഞ്ഞു പാരം ഖിന്നത്വമാർന്നു തളരുന്നതറിഞ്ഞു കൃഷ്ണൻ . 5 : 31
യാഗം തുടങ്ങീ മരുവീടിന വിപ്രഗേഹേ വേഗേന ചെന്നുടനിരന്നു ഭുജിച്ചുകൊൾവിൻ " എന്നുള്ള നന്ദസുതശാസന കേട്ടു തുഷ്ട്യാ ചെന്നങ്ങിരന്നിതു വിശന്നു കുമാരകന്മാർ . 5 : 32
ഇല്ലത്തിരിക്കു മവനീ സുത 'രന്നമൊട്ടു -- മി' ല്ലെന്നു ചൊല്ലി വിരവോടു തിരിച്ചയച്ചാർ ക്ഷിപ്രം തദാ ഹരിഗിരാ പുനരർഭകന്മാർ വിപ്രാംഗനാജന മുപേത്യ കനിഞ്ഞിരന്നാർ . 5 : 33
അന്നേരമദ്ദ്വിജവരാംഗന മാരുദാര -- മന്നാഘൃതം ദധി ഗുളം മധുരോപദംശം ഇത്യാദി വസ്തു സകലം ബഹു സംഭരിച്ചു ഭക്ത്യാ നടുന്നിതു മുകുന്ദവിലോകനാർത്ഥം 5 : 34
' നില്പിൻ, കൊടുക്കരുതു ഭോജന ' മെന്നു കോപാൽ കല്പിച്ചതൻപതിവചസ്സു നിരാകരിച്ചു ഉല്പന്നഭക്തിസമമച്യുത പാദമൂലേ തൽപത്നിമാരതുകൊടുത്തു വണങ്ങി നിന്നാർ . 5 : 35
അന്നേരമങ്ങു നിജഭർത്തൃവിരോധശക്ത്യാ നിന്നീടിനാളൊരുകുലാംഗന ദൂരദേശേ ആഹന്ത ! വിസ്മയമിതങ്ങവൾ താനുമപ്പോൾ ദേഹം ത്യജിച്ചു മധുസൂദനനോടുചേർന്നാൾ . 5 : 36
തൽക്കാലമാശു യജമാനമഹീസുരന്മാർ -- ക്കുൾക്കാമ്പിലമ്പൊടു സുബോധവുമുത്ഭവിച്ചു . സ്ത്രീകൾക്കുമാരണവരർക്കുമനുഗ്രഹത്തെ നൽകിസ്സുഖേന പുരിപുക്കിതു ചക്രപാണി . 5 : 37
അത്രാന്തരേ നിപുണനാകിയ നന്ദഗോപൻ വൃത്രാരിയാഗവിധി ചെയ്‍വതിനും തുടർന്നാൻ തത്രാഗമിച്ചു ഭഗവാനരുൾചെയ്തു മന്ദം -- " സത്രം തുടങ്ങുവതിനെന്തൊരു ബന്ധമിപ്പോൾ . 5 : 38
നന്ദൻ പറഞ്ഞിതു നമുക്കു സുഖങ്ങളെല്ലാ -- മിന്ദ്രൻെറ ചാരുകൃപകൊണ്ടു വരുന്നു പുത്രാ ! അന്നന്നു വൃഷ്ടിയുമശേഷമഹീതലത്തി -- ലിന്നുള്ള പുഷ്ടിയുമവൻെറ വിഭാവമല്ലോ .". 5 : 39
" ഗോക്കൾക്കു നല്ല തൃണവും ജലവും ലഭിപ്പാ -- നോർക്കും വിധൌ ഹരി നമുക്കു വിശിഷ്ടദൈവം തൽക്കാരണേന കനിവോടു മഹേന്ദ്രയാഗം നീക്കം വരാതിഹ തുടർന്നിതുടൻ കുമാരാ !" 5 : 40
അംഭോജനേത്രനരുൾ ചെയ്തിതു സാവധാനം " ജംഭാരിയല്ല ജനകാ ! ജനപുഷ്ടിഹേതു സംഭാവനീയമൊരദൃഷ്ടമതിന്നു മൂലം ദംഭോളിപാണിയുമതിന്നനുകൂലനല്ലോ.". 5 : 41
" ഗോവർദ്ധനം ഗിരി നമുക്കു വിശിഷ്ടദൈവം ഗോവൃദ്ധികാരണമിതെന്നു ധരിക്ക താതാ ! ചിന്തിങ്കിലന്തണരശേഷജഗൽപ്രമോദം സന്ധിപ്പതിന്നു സതതം പരമാർത്ഥഹേതു. " 5 : 42
" പുഷ്‍ടിക്കു ഹന്തഭുവി കാരണമാരണന്മാ -- രഷ്‍ടിക്കു പാത്രമവരിഷ്‍ടിയവർക്കു വേണ്ടു ഗോവർദ്ധനത്തിനുമശേഷമഹീസുരർക്കും ഭാവപ്രിയായ യജനം തുടരേണമിപ്പോൾ ". 5 : 43
എന്നുള്ള നന്ദസുതഭാരതി കേട്ടനേരം നന്ദിച്ചു നന്ദകുലവൃന്ദമശേഷമപ്പോൾ വന്ദിച്ചു ഭൂമിധരഭൂമിസുരൌഘമെല്ലാം മന്ദേതരം മഹിതമാം മഖവും തുടങ്ങി . 5 : 44
ഗോവർദ്ധനാകൃതി ചമഞ്ഞു മഖം ഭുജിച്ചു ഗോവിന്ദനിന്ദ്രനുടെ ഹുംകൃതി പോക്കുവാനായ് ആവർദ്ധിതാതിരുചി സുന്ദരനിന്ദ്രനായി -- ബ്‍ഭാവിച്ച വസ്‍തു ഗിരിവിപ്രരിലാവഹിച്ചു . 5 : 45
വൃത്രാരിതൻ മനസി കോപമുടൻ ജ്വലിച്ചു നേത്രങ്ങളായിരവുമാശുതരം കലങ്ങീ
' മാത്രാധികം മഴ ചൊരിഞ്ഞു മഖം മുടക്കി --
ദ്ധാത്രീതലം ജലധിയാക്കുവ ' നെന്നുറച്ചു . 5 : 46
കർഷം മുഴുത്തു കരളിൽ പ്രളയാന്തകാലേ വർഷത്തിനുള്ള ജലദങ്ങളെയും വരുത്തി വർഷം തുടങ്ങി ദൃഢമങ്ങിടിയും മുഴങ്ങി ഹർഷം കലർന്നു ബത ! മയിലുകൾ നൃത്തമാടീ . 5 : 47
ആലിപ്പഴം പൊഴിയുമാറതി വൃഷ്ടിഘോഷം മേലിൽപ്പരന്നു ചൊരിയുന്ന ദശാന്തരാളേ കാലിക്കുലം കലുഷധാര പൊറാഞ്ഞു മണ്ടി -- പ്പാലിക്കുമച്യുതപദേ പരിതോ നിറഞ്ഞു . 5 : 48
ഗോവിന്ദനപ്പൊ ഴുതു ഗോകുലപാലനാർത്ഥം ഗോവർദ്ധനംഗിരി പറിച്ചുകരേ ധരിച്ചാൻ ഉച്ചൈരുയർത്തിയുടനേ കുടയായ് പിടിച്ചാ -- നച്ചാരുമൂർത്തി ജഗദാർത്തിഹരസ്വരൂപി . 5 : 49
ഗോപാലഗോപികളശേഷമതിപ്രമോദാൽ ഗോപാലബാലനെ വണങ്ങി വസിച്ചിതപ്പോൾ വാമേകരേ ഗിരിധരിച്ചു വലങ്കരേണ ശ്രീമാൻ ക്രമേണ പശുലാളനമാശു ചെയ്താൻ . 5 : 50
സപ്താഹമിങ്ങനെ മഹാദ്രി വഹിച്ചു നിന്നാൻ ദൃപ്താരി ദർപ്പഹരനാകിയ സർപ്പശായി ദർപ്പം ശമിച്ചു പുരുഹൂതനുമുള്ളിലപ്പോ -- ളുൽപ്പന്നമോദജലധാര നിരാകരിച്ചു . 5 : 51
ശൈലം ത്യജിച്ചു മധുസൂദനനാത്മഗേഹേ ലീലാവിലാസ സരസം മരുവും ദശായാം ശൈലാരിതാനുമമരാംഗനമാരുമെല്ലാം നീലാംബരാനുജനെ വന്നു വണങ്ങി നിന്നാർ . 5 : 52
അന്നേരമസ്സുരഭിവന്നു മുകുന്ദനെത്താൻ മന്ദം പയോഭിരഭിഷേകവുമാചരിച്ചു ഗോവിന്ദനെന്നു പുനരന്നു തുടങ്ങിനാമം നാവിന്നലങ്കരണമായി മഹാജനാനാം 5 : 53
ഐരാവതം കനകകുംഭശതേ നിറച്ച -- ങ്ങാരോമലംബരനദീസലിലം വിശുദ്ധം നാരായണൻ മുടിയിലങ്ങു ചൊരിഞ്ഞിതപ്പോ -- ളീരേഴുലോകമതി ഭൂരിതരം വിളങ്ങി . 5 : 54
ഏവം പ്രകാരമതിമാനുഷമാം ചരിത്രം ദേവാധിരാജഗണപൂജിതമാം പവിത്രം . നന്ദാദിവൃന്ദമഥ തത്ര മുകുന്ദതത്ത്വം നന്നായ് ഗ്രഹിച്ചതു മറച്ചു സുഖിച്ചുവാണു . 5 : 55
അന്നാളിലാശു യമുനാസലിലേ കുളിക്കും നന്ദൻമുദാവരുണ പൂരുഷനീതനായി ചെന്നച്ചതുർഭുജനഗാധതലേ തദാനീം നന്ദിച്ചുടൻ ജനകനെബ്ബതകൊണ്ടുപോന്നു . 5 : 56
ഗോപാംഗനാജന മനോരഥ പൂരണാർത്ഥം ഗോപാലബാലനൊരുനാൾ ദിവസാവസാനേ ചന്ദ്രപ്രഭാവിശദമാം യമുനാവനാന്തേ ചെന്നങ്ങു നിന്നു കളവേണുരവം മുഴക്കി . 5 : 57
ആകർണ്ണ്യ ചാരുമുരളീനിനദം മനോജ്ഞം മാകന്ദ ബാണശരമേററിതു ഗോപിമാരും ഗേഹം ധനം ജനമിതൊക്കെ വെടിഞ്ഞു വേഗാൽ മോഹംകലർന്നു യമുനാതടമാഗമിച്ചാർ . 5 : 58
ഒട്ടേടമാഭരണഭാരമണിഞ്ഞൊരുത്തി പെട്ടെന്നു ഭൂഷണമിളച്ചഥ മറെറാരുത്തി പട്ടും മുലപ്പടവുമെന്നിവ മാർഗ്ഗമദ്ധ്യേ -- യിട്ടും കളഞ്ഞു നടകൊണ്ടിതു കാപിനാരി. 5 : 59
ഭർത്താക്കളേയുമഥ പുത്രരെയും തദാനീ -- മൊർത്തീല വല്ലവവധൂജനമല്ലലോടേ കൂർത്തുള്ള മാരശരമേററുഴലുന്ന നേരം പാർത്തീടുമോ കിമപി കാമിനി കാണിനേരം . 5 : 60
കാടും മഹാഗിരിതടങ്ങളഗാധതോയം തോടും കടന്നു രമണാന്തികമന്തിനേരം ഓടുന്ന മല്ലമിഴിമാരുടെ പുണ്യവൃത്തം പാടുന്നു കിന്നരവധൂജനമിന്നുപോലും . 5 : 61
ഉൽക്കണ്ഠയാലരികിൽവന്നനതാംഗിമാരെ തൃക്കണ്ണുകൊണ്ടു കടൽ വർണ്ണനനുഗ്രഹിച്ചു മൈക്കണ്ണിമാരുടെ മനസ്സറിവാനൊരല്പം സൽക്കർമ്മസാഹസമിതെന്നരുൾചെയ്തുദേവൻ . 5 : 62
ഇല്ലങ്ങളും ധനവുമാശുവെടിഞ്ഞിദാനീം മല്ലാക്ഷിമാരിവിടെവന്നതു യോഗ്യമായോ ? കല്യാണിമാർക്കു നിജവല്ലഭനേകനല്ലോ നല്ലോരു ദൈവത, മതെന്തു വിചാരിയാഞ്ഞു ? ". 5 : 63
" സ്വാതന്ത്ര്യമെന്നതു കുലാംഗനമാർക്കയോഗ്യം ചേതസ്സിലന്യപുരുഷാഗ്രഹവും തഥൈവ യാതൊന്നുകൊണ്ടു പരലോകസുഖം ലഭിച്ചു ചെയ്താലുമേകമതുതന്നെ നമുക്കു നല്ലൂ ". 5 : 64
" തന്നേനടക്ക തരുണിക്കു വിധിച്ചതോതാൻ പിന്നെദ്ദിനാന്തസമയേ പുനരൊട്ടുമാകാ കാന്താരസഞ്ചരണമെന്നതതീവ കഷ്ടം കാന്താജനങ്ങളറിയേണമശേഷമേവം. " 5 : 65
" എന്നാൽ ഗമിപ്പതിനു താമസമൊട്ടുമാകാ
ചെന്നാശുവല്ലഭജനത്തെ വണങ്ങിനില്പിൻ " എന്നുള്ള കൃഷ്ണവചനം ബതകേട്ടനേരം ഖിന്നത്വമാർന്നിഹ പറഞ്ഞിതു ഗോപിമാരും . 5 : 66
" കാമാഭിരാമതനുവാം കരുണാപയോധേ " വാമാക്ഷരങ്ങളരുൾചെയ്തതു പോരുമിപ്പോൾ കാമാസ്രമാകിന കനൽപ്പുഴ തന്നിലയ്യോ വാമാക്ഷിമാരിഹ പതിച്ചു ദഹിച്ചു ദേഹം ." 5 : 67
" കഷ്ടം! ഹരേ! വിരഹസങ്കടമേററമിപ്പോ-- ളിഷ്ടം പദാർത്ഥവുമനിഷ്ടമതാമശേഷം പെട്ടെന്നു ചന്ദനവുമിന്ദുകരങ്ങൾപോലും തട്ടുന്ന ദിക്കുപൊളിയും, പൊളിയല്ലിതൊന്നും ." 5 : 68
വണ്ടിൻെറ ഝംകൃതികളിണ്ടലിനുള്ള മൂലം തണ്ടാർമധുദ്രവകണങ്ങളണഞ്ഞുകൂടാ കണ്ടാലുമത്ഭുതമിളങ്കയിലൊച്ചകേട്ടാ -- ലുണ്ടാകുമൂനമതു ചൊല്ലുവതിന്നസാദ്ധ്യം . 5 : 69
മന്ദാരകന്ദമകരന്ദസുഗന്ധമോടേ മന്ദംവരും മലയമാരുതമേൽക്കുമപ്പോൾ കന്ദർപ്പസർപ്പവിഷവഹ്നിസമാജ്വലിക്കും ചന്ദ്രാഭിരാമമുഖ ! പാലയനന്ദസൂനോ ! 5 : 70
ശൃംഗാരയോനിയുടെ കോമളരൂപലക്ഷ്മി -- ശൃംഗാരഭംഗിയുടെ ഭംഗമുടൻ വരുത്തും അംഗപ്രകാശമുടയോരു ഭവാനിദാനീ -- മംഗീകരിച്ചരുൾക വാഞ്ഛിതമംഗനാനാം . 5 : 71 ഇതിയുവതിജനാനാം ദീനവാക്യങ്ങൾ കേട്ട -- ങ്ങതിശയകരുണാവാനഞ്ജസാകഞ്ജനാഭൻ മതിതളിരിളകീടും ചാരുവാചാ മനോജ്ഞാ മതിമുഖികളുമായി ക്രീഡചെയ്‍വാൻ തുടർന്നാൻ . 5 : 72
ഭാസാ ചന്ദ്രാഭിരാമൻ മൃദുസകലകലാ -- കേളിലാളിത്യശാലീ വ്യാസശ്രീനാരദാദിദ്വിജമുനിജനതാ സേവിതൻ ദേവദേവൻ ഹാസശ്രീ ഭാസമാനാനന സരസിരുഹൻ ദേവനാനന്ദ മൂർത്തി രാസക്രീഡയ്ക്കൊരുമ്പെട്ടിതു രസിക -- വധൂസങ്കുലൻ പങ്കജാക്ഷൻ . 5 : 73
* അഞ്ചാം സർഗ്ഗം സമാപ്തം * ---------------------------------------------
- ശൃീ കൃഷ്ണചരിതം മണിപ്രവാളം **
19:42, 22 സെപ്റ്റംബർ 2024 (UTC)19:42, 22 സെപ്റ്റംബർ 2024 (UTC)19:42, 22 സെപ്റ്റംബർ 2024 (UTC)19:42, 22 സെപ്റ്റംബർ 2024 (UTC)173.72.0.218 19:42, 22 സെപ്റ്റംബർ 2024 (UTC) ആറാം സർഗ്ഗം --------------------- (ശ്രീ കൃഷ്ണൻെറ രാസക്രീഡ) ------------------------------------------
കാളിന്ദീതടഭുവി കാമിനീസമൂഹേ കേളിക്കഴകൊടു കേശവൻ തുടർന്നാൻ താളത്തിൻക്കുഴൽവിളിയോടു ചേർന്നുകൂടും മേളത്തിൽബ്ബലഹരിതോടി പാടിയാടി . 6 : 1
സംഗീതം പരിചൊടു വീണയോടുകൂടി ശൃംഗാരപ്രണയിനിമാരുടൻ തുടങ്ങി . അംഗങ്ങൾക്കനുഗുണമായ ഭൂഷണത്താൽ മംഗല്യപ്രതിനവവേഷഭംഗിയോടെ . 6 : 2
രാധാതി പ്രതിനവകാമിനീജനങ്ങൾ -- ക്കാധാരം മുരഹരനേകനാകിലും താൻ ഓരോരോ തരുണികളോടു ചേർന്നു നിന്നാ -- നോരോരോ തനുയുതനായനേകരൂപി . 6 : 3
ഗോപസ്ത്രീകുചകലശം ഭുജാന്തരാളേ ഗോവിന്ദൻ പരിചൊടു ചേർത്തുടൻ പുണർന്നും ആനന്ദിച്ചധരസുധാരസം നുകർന്നും മാനിച്ചാനസമശരോത്സവം തദാനീം . 6 : 4
താംബൂലക്രമുകസുഖോപയോഗാൽ താമ്രത്വം പെരുകിന പാടലാധരീണാം സമ്പൂർണ്ണപ്രണയരസേന വാസുദേവൻ സമ്പ്രീതി ക്രമസുഭഗം സുഖേന മേവി . 6 : 5
കസ്‍തൂരീമലയജകുങ്കുമാദി നാനാ -- വസ്‍തുംകൊണ്ടതിസുരഭീകൃത പ്രദേശേ ഉത്തുംഗസ്തനപരിരംഭമെന്നുവേണ്ടാ ചിത്തത്തിൽക്കരുതിയതൊക്കവേ തുടർന്നാൻ . 6 : 6
സിദ്ധന്മാരതികുതൂകേന കിന്നരന്മാർ സാദ്ധ്യന്മാരപി ച സുരാംഗനാ സമൂഹം ചന്ദ്രൻതാനമരഗണങ്ങൾ നാരദൻ താ -- നന്നേരം ഗഗനതലേ നിറഞ്ഞുനിന്നു . 6 : 7
ദിവ്യന്മാരനവധി കല്പവൃക്ഷപുഷ്പം ഗീർവ്യാജം മധുരിപുമസ്തകേ ചൊരിഞ്ഞാർ സുവ്യക്തം സുരപുരവാരനാരിമാരും വെവ്വേറെ നടനമഹോത്സവം തുടങ്ങി . 6 : 8
" എന്നോളം സുഭഗതയില്ല മറെറാരുത്തി "-- ക്കെന്നെല്ലാ യുവതികളും നിനച്ചുറച്ചു . " ഞാനത്രേ പശുപകുമാരനിഷ്ടഭാർയ്യാ ഞാനത്രേ സുകൃതിനി" യെന്നു നിർണ്ണയിച്ചു . 6 : 9
" അന്യസ്ത്രീവിമുഖനിവൻ മനോജ്ഞരൂപൻ ധന്യം മേ ജനനമഹോ, മഹോത്സവം മേ, എന്നോടങ്ങവിരതമിന്നു ചേർന്നുകൂടി ധന്യാത്മാ സുപുരുഷ" നെന്നുമാശ്വസിച്ചു . 6 : 10
" സാരസ്യം രസികതയും ശരീരശോഭാ ചാരുത്വം ചതുരതയും ഗുണങ്ങളെല്ലാം ഇക്കാലം നിയതമെനിക്കെനിക്കി" തെന്ന -- ങ്ങുൾക്കാമ്പിൽസ്സുദൃഢമുറച്ചു സുന്ദരീണാം . 6 : 11
" ഉർവ്വശ്യാദികളുമടുക്കയില്ല നമ്മോ -- ടുർവ്വീവാസികളഹോ ! നിനയ്ക്കവേണ്ടാ സർവ്വേശന്നഭിമതമേവമെങ്ക" ലിത്ഥം ഗർവ്വിച്ചാരധികമശേഷഗോപിമാരും . 6 : 12
ഈ വണ്ണം കളമൊഴിമാർക്കു ചിത്തരംഗേ മേവുന്നോരതിമദദോഷമാശു തീർപ്പാൻ ഗോവിന്ദൻ വിനയമിയന്ന രാധയോടേ കൈവല്യ പ്രകൃതിമനോഹരൻ മറഞ്ഞാൻ . 6 : 13
അന്നേരം തരുണികളത്തൽ പൂണ്ടുഴന്നാ -- രന്വേഷിച്ചഖിലവനാന്തരേ നടന്നാർ " അയ്യയ്യോ സുപുരുഷ! വഞ്ചനം വൃഥാനീ ചെയ്യൊല്ലാ, പിഴപുനരെന്തഹോ വധൂനാം .". 6 : 14
" നീയല്ലാതൊരു ഗതിയില്ല വല്ലവീനാം പൊയ്യല്ലെന്നറിക വിഭോ! ദയാംബുരാശേ! നീയ്യിപ്പോളകരുണനായതെന്തു കൃഷ്ണാ ദുർയ്യോഗം ശിവ ശിവ! കഷ്ടമെന്തുചെയ്യാം." 6 : 15
" ഹാ കഷ്ടം ജനധനമൊക്കവേ വെടിഞ്ഞു ലോകർക്കങ്ങൊരു പരിഹാസമായ് ച്ചമഞ്ഞു ശോകത്തിന്നൊരു വഴിവന്നു സംഭവിച്ചു ഹേ കൃഷ്ണാ യുവതികളെ ബ്ഭവാൻ ചതിച്ചു ." 6 : 16
" രാധയ്ക്കെന്തൊരു ഗുണമേററ, മിജ്ജനത്തെ --
ബ്ബാധിച്ചും പുനരവളെപ്പരിഗ്രഹിച്ചു. ബോധിച്ചീലഹ കപടം ത്വദീയ, മിപ്പോ -- ളാധിക്കും പദമിതു ദുർയ്യശസ്സിനും കേൾ ." 6 : 17
" ത്വൽപാദം ശരണമതായ ദാസിമാരോ -- ടിപ്പോളിക്കപടമയോഗ്യമേവശൌരേ ! ഇപ്പാരിൽപ്പരപരിതാപഹാരി നീയെ -- ന്നെപ്പോഴും മുനികൾ പറഞ്ഞു കേൾപ്പിതല്ലോ !". 6 : 18
" എന്തയ്യോ ! ശശധരശീത ശീലനാം നീ സന്താപത്തിനു ബത ഹേതുവായതിപ്പോൾ, ചിന്തിപ്പാനൊരുവഴിയില്ല വാസുദേവാ ! ചെന്തീയോടെതിർ പൊരുതുന്നു ഹന്ത ! താപം ." 6 : 19
" പണ്ടേ നീ യുവതികളെച്ചതിച്ചു പോരൂ കണ്ടേടം, ശിവ ശിവ സാരമിന്നു തോന്നീ മുന്നം നീ മുലതരുവാൻ കനിഞ്ഞണഞ്ഞോ -- രുന്നമ്രസ്‍തനിയെ വധിച്ചു പോലൊരുന്നാൾ .." 6 : 20
" കൊന്നാകിൽക്കരളിലെനിക്കു ഖേദമില്ല, നന്നായി, പുനരപി നിൻകഴൽക്കുചേരാം . ഇന്നിപ്പോളിതു പുനരെത്ര ഖേദമയ്യോ ! നിന്ദിച്ചങ്ങൊരു ദിശി പോയൊളിച്ചു വാസം ." 6 : 21
എന്നെല്ലാം പല പല വാക്കുമെന്നുവേണ്ടാ ഖിന്നത്വം ബഹുതരമെന്നു മാത്രമോതാം . പിന്നെപ്പോയടവീതടേ നടന്നു വൃക്ഷം തന്നോടും ലതകളോടും പറഞ്ഞു നിന്നാർ . 6 : 22
" കണ്ടായോ കനിവൊടുു ചൂതവൃക്ഷമേ! നീ കണ്ടാലങ്ങഴകുടയോരു ചാരുരൂപം തണ്ടാർ ബാണനുമവനോടു തുല്യനല്ലെ -- ന്നുണ്ടാകും മനസി തവാപി കണ്ടുതാകിൽ .". 6 : 23
" ചൊല്ലെന്നോടവനുടെ വാർത്ത പേർത്തു പേർത്ത -- ങ്ങുല്ലാസം മമ ഹൃദി കേട്ടുതാകിലുണ്ടാം ഇല്ലിപ്പോളൊരു സുഖ, മീശ്വരൻ വെടിഞ്ഞാ -- ലെല്ലാർക്കും ഗതിയിതു മല്ലികേ! ധരിക്ക. 6 : 24
" ശോകം കേളവികലമിന്നശോകമേ! നീ ലോകങ്ങൾക്കഭിനവചന്ദ്രനാം മുകുന്ദൻ ഹാ കഷ്ടം! തരുണികളെ ത്യജിച്ചു പോയാ -- നേകാന്തേ നിവസതി രാധയോടുകൂടെ. " 6 : 25
" കേട്ടാലും ചപലമിദം പലാശമേ! നീ കേട്ടാലും മനസി നിനക്കു ഖേദമുണ്ടാം. നാട്ടാരെന്നതിനു സമം മഹാപുമാനി -- ക്കൂട്ടത്തെ ഝടിതി വെടിഞ്ഞുപോയ് മറഞ്ഞാൻ.". 6 : 26
ചൊല്ലേണം കുരവകമേ! വിശേഷമെല്ലാം ചൊല്ലേറും മധുരിപു മുന്നിൽ വന്നതോതേ, നല്ലാരിന്മണികളിലുള്ള ബന്ധഭാവം വല്ലാതേ വനഭുവി നിന്നവൻ വെടിഞ്ഞാൻ " 6 : 27
" കേൾപ്പിക്കാം വിരവൊടു കന്ദമേ! മുകുന്ദൻ തോല്പപിച്ചാനകരുണമിജ്ജനത്തെയെല്ലാം. പാർപ്പിച്ചാനൊരുദിശി, താനുടൻ മറഞ്ഞാ -- നോർപ്പിച്ചാ, നഖില മഹോ! കഴിഞ്ഞു സൌഖ്യം." 6 : 28
" എങ്കിൽ ത്വം വദവദ പൈങ്കിളിക്കിടാവേ? ശങ്കിച്ചിട്ടിതു പറവാൻ മടിക്കൊലാ നീ. എൻ കൃഷ്ണൻ സുലളിതനത്ര ദൃഷ്ടനായോ സങ്ക്രീഡാചതുര വിലാസഭാസമാനൻ." 6 : 29
"പീലിക്കാറണികഴലും കളായമാലാ -- നീലത്വം കലരുമൊരംഗകാന്തിയും കേൾ നീലക്കണ്ണിണയുമുദാരഹാസഭാസ്സും ബാലശ്രീപതിയുടെ ലക്ഷണം വിശേഷാൽ." 6 : 30
" വണ്ടേ! നീ വിരവൊടു വാസുദേവരൂപം കണ്ടീലെന്നതു നിയതം കുളിച്ചുചൊല്ലാം. കണ്ടാകിൽത്തിരുമുഖപത്മ സൌരഭത്തെ കൊണ്ടാടിപ്പുനരവനെ ത്യജിക്കുമോ നീ." 6 : 31
" വർണ്ണിപ്പിൻ കുയിലുകളേ! കുമാരകൻെറ വർണ്ണശ്രീ മധുരമതായ വേണുനാദം . കർണ്ണങ്ങൾക്കമൃതമതെന്നറിഞ്ഞു കൊൾവിൻ നിർണ്ണീതം സുകൃതികളേ ! ശ്രവിപ്പുതാനും." 6 : 32
" ആടീടും മയിലുകളേ ! മനോജ്ഞരാഗം പാടീടും മധുരിപു രൂപകാന്തി കണ്ടാൽ വാടീടും തുളതലകാന്തിയുഷ്‍മദീയം കൂടീടും മനസിഭവാദൃശാമസൂയ. 6 : 33
" രാസക്രീഡനരതനായ പൂരുഷൻെറ ഹാസശ്രീസമഗുണ! രാജഹംസമേ! നീ രാധായാരമണനെയിന്നു കണ്ടിതോവാ -- നാധാരം പുനരവനുണ്ടു കേട്ടുകൊൾക. " 6 : 34
" ശ്രീവക്ഷസ്‍തടഭുവികൌസ്‍തുഭാഖ്യരത്നം ശ്രീവത്സം മറുവുമിദം വിശേഷചിഹ്നം ഗോവിന്ദന്നപിച ദുകൂലമുണ്ടുപീതം ഗോവൃന്ദങ്ങളിലവനുണ്ടൊരാനുകൂല്യം". 6 : 35
" വന്നാലും വനഗജമേ! വനപ്രദേശേ വന്നാനോ വരഗുണനായ വാസുദേവൻ മന്ദം തൽഗമനവിലാസഭംഗികണ്ടാൽ മന്ദാക്ഷം മനസി നിനക്കു സംഭവിക്കും. " 6 : 36
ഇത്യേവം ബഹുവിലപിച്ചു ഗോപിമാര -- ങ്ങത്യന്തം വിവശതയാ നടക്കുമപ്പോൾ സന്ത്യക്താമുരമഥനേന രാധ താനും സന്താപാൽ ദ്രുതമവരോടു വന്നുകൂടി. 6 : 37
ഖേദിച്ചും വനഭുവി തദ്വിശേഷമെല്ലാം ചോദിച്ചും തരുമൃഗപക്ഷിജാതിയോടേ രോദിച്ചും നയനജലങ്ങൾ വാർത്തു വാർത്തും ഭേദിച്ചും മദനശരേണ ചിത്തരംഗം. 6 : 38
ഈ വണ്ണം പെരുകിന താപമംഗനാനാം ദേവൻ താനഖിലമറിഞ്ഞു വാസുദേവൻ കാരുണ്യം മനസി മുഴുത്തു കാമരൂപീ പാരാതങ്ങവരുടെ മുമ്പിലാവിരാസീൽ. 6 : 39
കണ്ടപ്പോളവരുടെ കൌതുകാതിരേകം കൊണ്ടാടിക്കഥയിതുമില്ല കൌശലം മേ കാർവർണ്ണൻ കമനികളോടു കേളിയാടീ പൂർവ്വസ്മാദധികതരം വിലാസമോടേ . 6 : 40
ആർത്തസ്ത്രീവിതതി, മുകുന്ദനൊന്നു തൃക്കൺ -- പാർത്തപ്പോളധികമുദാ കുളിർത്തുനിന്നൂ. മാർത്താണ്ഡഗ്ലപീതവനാളി കാളമേഘ -- ച്ചാർത്തിൻേറപുതുമഴയാലിതെന്നപോലെ. 6 : 41
അന്നേരത്തൊരു വനിതാ നിതാന്തരാഗാ -- ലന്യസ്ത്രീ പരിഷകൾ നോക്കിനിൽക്കവേ താൻ കാന്തൻേറ കരകമലം പിടിച്ചു വേഗാൽ താൻ തന്നേ മുലകളിലങ്ങു ചേർത്തുകൊണ്ടാൾ. 6 : 42
അന്യസ്ത്രീസപദി തദാ മുരാരിതൻെറ വന്യശ്രീഗുണമണിയും ഭുജാന്തരാളേ ഉത്തുംഗസ്‍തനകലശങ്ങൾ ചേർത്തുകൊണ്ട -- ങ്ങത്യന്തപ്രണയമനോഹരം പുണർന്നാൾ. 6 : 43
മോദംകൊണ്ടവശയതായ മറെറാരുത്തി സ്വേദം കൊണ്ടണിമുല മേലണിഞ്ഞ ഭാരം വേദാന്തപ്രകഥിതമാകുമീശ്വരൻെറ പാദാബ്‍ജം മടിയിലെടുത്തു വെച്ചിരുന്നാൾ. 6 : 44
പുഷ്‍പംകൊണ്ടണിശയനം ചമച്ചിതിന്മേൽ പുഷ്‍പാസ്ത്രപ്രതിമ ശരീരനാം മുകുന്ദൻ താനപ്പോളതിസുഖമേ ശയിച്ചനേരം സാനന്ദം തരുണികളന്തികേ വസിച്ചു . 6 : 45
തന്വംഗീകുലമണിയാമൊരുത്തി വേഗാൽ തന്നങ്കേ തിരുമുടിയങ്ങെടുത്തു വെച്ചു മന്ദാരപ്രസവസുഗന്ധകേശബന്ധം മന്ദം തൻ നഖശിഖരേണ വേർപെടുത്താൾ. 6 : 46
ഗോപാലപ്രണയിനിതാനൊരുത്തി മെല്ലെ ശ്രീപാദ കരമലേ ധരിച്ചിരുന്നാൾ ആർജ്ജിക്കും സുകൃതവശേന കൃച്ഛ്യലഭ്യം മാർജ്ജിച്ചാളവൾ പുനരാശു തൽപരാഗം . 6 : 47
തക്കത്തിൽപ്പരിചരണായ താലവൃന്തം കൈക്കൊണ്ടങ്ങരികിലിരുന്നു മറെറാരുത്തി സാനന്ദം തിരുമുഖശോഭകണ്ടു കണ്ടും താനപ്പോളതി മൃദുവീജനം തുടർന്നാൾ. 6 : 48
സൌരഭ്യം പെരുകിന ചന്ദനാംബുകുംഭം ചാരത്തങ്ങു പഹിതമാക്കി വന്നിരുന്നാൾ ചാരുത്വം തടവിന പാണികൊണ്ടു മന്ദം പൌരസ്ത്രീ ഹരിതിരുമേനിമേൽ തളിച്ചാൾ. 6 : 49
സേവിച്ചാളൊരു തരുണീ മനോജ്ഞമാകും ഭാവത്തിന്നനുഗുണമാം കടാക്ഷമോടെ ദേവസ്ത്രീ ഹൃദയഹരേണ താണ്ഡവേന സ്ത്രീവർഗ്ഗപ്രിയതമനാം മുകുന്ദനെത്താൻ. 6 : 50
കാപിസ്ത്രീ കലഹരസം നടിച്ചു കിഞ്ചിൽ കോപംകൊണ്ടരുണമുഖീ തിരിഞ്ഞിരുന്നാൾ ആളീനാം ചടുവചനേ ചെവിക്കൊടാതെ നാളികേ നയനജലങ്ങൾ വാർത്തുകൊണ്ടാൾ. 6 : 51
ഏകസ്ത്രീവിരഹദശാ വിശേഷമെല്ലാം ശോകംപൂണ്ടരികിലിരുന്നു പേർത്തുചൊന്നാൾ അന്യസ്ത്രീ "പുനരപി നീ പിരിഞ്ഞുപോയാൽ നിന്നാണെന്മരണമുറച്ചി" തെന്നു ചൊന്നാൾ. 6 : 52
പുന്നാഗപ്പുതുമലർകൊണ്ടു മാലകെട്ടി ത്തന്വംഗീ ഹരിചരണേ വളച്ചുകെട്ടി എന്നാണങ്ങൊരു പദമെങ്കിലും ഗമിപ്പാ -- നുന്നിച്ചീടരുതിനി നാഥനെന്നുചൊന്നാൾ. 6 : 53
ഈ വണ്ണം പലരസകേളി മേളമോടേ ഗോവിന്ദൻ കമനികളോടു കൂടി വാണാൻ രാവപ്പോളവസിതമായിതസ്‍തമിപ്പാൻ ഭാവിച്ചാനമൃതമയൂഖനസ്‍തശൈലേ. 6 : 54
താരങ്ങൾക്കതു സമയേ നിറം കുറഞ്ഞു ദൂരത്തൊരു ദിശി കുക്കുടം കരഞ്ഞു മാരൻേറ മലർമയവില്ലുമൊന്നുലഞ്ഞു പാരാതേസുരപതി ദിങ് മുഖം തെളിഞ്ഞൂ. 6 : 55
കാന്തൻതൻ നികടമണഞ്ഞു ചക്രവാകീ കാന്താരേ കിമപി കുറഞ്ഞിതന്ധകാരം അംഭോജങ്ങളുമളവേ തദാ വിരിഞ്ഞു ഗംഭീരം ദിനമുഖവാദ്യവും മുഴങ്ങീ . 6 : 56
അപ്പോളങ്ങുദയ ഗിരൌ ദിനേശബിംബം കെല്പോടങ്ങരുണപുരസ്സരം വിളങ്ങീ തല്പാന്തം സപദി വെടിഞ്ഞു വാസുദേവൻ തൽപാർശ്വേ തരുണികളും ഗൃഹം ഗമിച്ചൂ. 6 : 57
അംബികാവനപുരേ മഹോത്സവം കാണ്മതിന്നൊരു ദിനം കുതൂഹലാൽ അംബുജാക്ഷനുമശേഷവൃന്ദവും സമ്മുദാ കില ഗമിച്ചു സാദരം. 6 : 58
വ്രജകുലപതിയെ ക്കടിച്ചിതപ്പോൾ ഭുജഗമതീവ ഭയങ്കരം ജനാനാം മധുരിപുസമുപേത്യ വേർപെടുത്തു മധുരശരീരമവൻ ധരിച്ചു നിന്നാൻ. 6 : 59
" സുദർശനോ നാമ നഭശ്ചരൻ ഞാൻ സുദർശനാം ഭോരുഹശംഖപാണേ ! ത്വൽപാദ സമ്പർക്കവശേന ശാപം കെൽപോടു വേർപ്പെട്ടിതു സാമ്പ്രതം മേ." 6 : 60
ഇത്ഥം പറഞ്ഞാശു ഗമിച്ചു ദിവ്യൻ ബദ‍്ധപ്രമോദപ്രസരേണ ഭവ്യൻ ഗോപാലവൃന്ദങ്ങളുമാശുഗത്വാ ഗോപാലയം പ്രാപ്യസുഖിച്ചു വാണൂ . 6 : 61
ഒരുദിനമരവിന്ദലോചനൻ താൻ തരുണികളും ബലഭദ്രനും വനാന്തേ ഘനരതി മരുവുന്നതാശു കണ്ടാൻ ധനപതി കിങ്കരനായ ശംഖചൂഡൻ . 6 : 62
തരുണികളെയവൻ പുണർന്നനേരം ത്വരിതമടുത്തു തടുത്തു വാസുദേവൻ ശിരസിമണി പറിച്ചു നിഗ്രഹിച്ചാൻ പരിചൊടുരത്നമതഗ്രജന്നു നൽകി . 6 : 63
അരിഷ്ടനെന്നുള്ളൊരു ദുഷ്ടദൈത്യൻ ഗരിഷ്ടമായാവൃഷവേഷധാരീ ഗോഷ്ഠത്തിലുൾപ്പുക്കു ബഹുപ്രകാരം ഗോഷ്‍ടിക്കു ഭാവിച്ചണയും ദശായാം. 6 : 64
വിഷമം ബഹുവിക്രമങ്ങൾ കാട്ടും വൃഷഭത്തെക്കൊലചെയ്തു വാസുദേവൻ സകലംകില ഗോപബാല വൃദ്ധ -- പ്രകരത്തെപ്പരിദോഷയാഞ്ചകാര . 6 : 65
വമ്പേറീടിനകേശിദാനവവരൻ താനശ്വവേഷം ചമ -- ഞ്ഞമ്പാടിക്കകമേ കടന്നു വിളയാ -- ടീടും വിധൌ മാധവൻ ക്ഷിപ്രം തച്ചരണൌ പിടിച്ചു ധരണൌ താഡിച്ചു കൊന്നീടിനാ -- നപ്പോൾക്കേശവനെന്നു പേശലതരം നാമം ലഭിച്ചീടിനാൻ. 6 : 66
വ്യോമാഖ്യനാം മയസുതൻ പശുഗോപവൃന്ദം വ്യാമോഹയൻ ഗുഹയിലാക്കിയടച്ചനേരം ദാമോദരൻ പുനരറിഞ്ഞവനെ പ്രഹത്യ ക്ഷേമം ജഗത്തിനു വരുത്തി വസിച്ചുമോദാൽ . 6 : 67
ഇതി വിമതഭടനാം നിഗ്രഹം ചെയ്തുലോക -- സ്ഥിതിയുമതിശയേന പ്രാപയൻ ഗോപവാടേ സതതസുഖനിവാസീ സജ്ജനാന്തർന്നിവാസീ വിതരതുസുകൃതം മേ സുന്ദരോനന്ദജന്മാ . 6 : 68
* ആറാം സർഗ്ഗം സമാപ്തം * --------------------------------------------
ഏഴാം സർഗ്ഗം --------------------- ( അക്രൂരദൂതവും മഥുരാഗമനവും ---------------------------------------
ശാരദാംബുധരചാരുശരീരൻ നാരദൻ മുനികുലേന്ദ്രനൊരുന്നാൾ വീരമൌലിമണി ഭോജനൃപൻെറ സ്വൈരവാസഭവനം പ്രതിപേദേ . 7 : 1 അർഘ്യപാദ്യമണിപീഠമിതെല്ലാം സൽക്കരിച്ചരികിൽ വന്നു വണങ്ങും കംസനോടഥ കനിഞ്ഞരുൾ ചെയ്തു ഹംസവാഹനതന്ദജമുനീന്ദ്രൻ . 7 : 2
" ഭൂമിപാലകുലമൌലിമണേ ! നീ ഭീമമാം നിജഭുജാവിഭവത്താൽ ഭൂമിമാത്രമിദമല്ല ജയിച്ചു ധീമതാം വര ! ജഗത്ത്രയമെല്ലാം ." 7 : 3
" ഹന്ത ! വിശ്വമപി നിന്നുടെ കീർത്ത്യാ സന്തതം വെളുവെളുത്തു ചമഞ്ഞു. അന്തകാരി നിജപർവ്വതമേതെ -- ന്നന്തരംഗഭുവി ചിന്തതുടങ്ങി . " 7 : 4
" ത്വൽ പരാക്രമവിശേഷമിതോർത്താ -- ലൽപമല്ലറിക ഭോജനരേന്ദ്ര ! കൽപകവൃക്ഷവിപിനേഷു സുരാണാ -- മുൽപലാക്ഷികൾ പുകഴ്ത്തുമിതെല്ലാം . " 7 : 5
" അത്രമാത്രമൊരു ശത്രു നിനക്കു -- ണ്ടെത്ര കഷ്‍ടമൊരുപേക്ഷ നിനച്ചാൽ . ഇത്രിലോകവിജയിക്കതു തീർപ്പാൻ മാത്രമില്ല ബലമെന്നു വരാമോ ?" 7 : 6
" ഗോപവാടമതിലുണ്ടൊരു ബാലൻ ഗോപികാജനമനോഹരശീലൻ നന്ദഗഗോപതനയൻ നയനങ്ങൾ -- ക്കിന്ദുസുന്ദരനുദാരശരീരൻ. " 7 : 7
" കൃഷ്ണനെന്നു ബത നാമമിതെല്ലാം വൃഷ്‍ണികൾക്കു പരമാർത്ഥമിദാനീം . അഗ്രജൻ പുനരവന്നിഹ രാമൻ വിഗ്രഹം പുനരവന്നതിശുഭ്രം . " 7 : 8
" പൂതനാദി തവ സൈന്യമശേഷം പ്രേതരാജപുരിതന്നിലയച്ചാർ പീതനീലവസനങ്ങൾ ധരിക്കും പ്രീതിയുള്ള വസുദേവസുതന്മാർ ." 7 : 9
" ദേവകീതനയനായതു കൃഷ്ണൻ ദേവകൾക്കു ജയമമ്പൊടു പുഷ്ണൻ രോഹിണീതനയനായതു രാമൻ മോഹനാംഗരുചികൊണ്ടൊരു കാമൻ ." 7 : 10
ഇത്ഥമാദി മുനിവാക്കുകൾ കേട്ട -- ങ്ങുദ്ധതപ്രകടകോപകരാളൻ കംസനാശു വസുദേവകുടുംബം ഹിംസചെയ്‍വതിനണഞ്ഞ ദശായാം . 7 : 11
" കഷ്ടകർമ്മമിതു ചെയ്‍വതിനോ നീ വിഷ്ടപാധിപതിയായ് മരുവുന്നൂ ! ദുഷ്‍ടഭാവമരു" തെന്നു മുനീന്ദ്രൻ ക്ലിഷ്‍ടമാർഗ്ഗഗതി മാററി കഥഞ്ചിൽ. 7 : 12
നാരദൻമുനി നടന്നിതു മന്ദം, നീരജാസന നികേതമണഞ്ഞൂ . ക്രൂരനാമസുരഭൂപതിതാന -- ക്രൂരനോടു സരസംപുനരൂചേ . 7 : 13
" ഗാന്ദിനീതനയ ! ഹേ വിനയാബ്‍ധേ ! നന്ദഗോപനുടെ മന്ദിരദേശേ ചെന്നു നീയനുസരിച്ചു പറഞ്ഞി -- ട്ടിന്നുതന്നെ പുനരിങ്ങു വരേണം ." 7 : 14
" രാമനും സപദി കൃഷ്ണനുമിപ്പോൾ മാമകീനനഗരത്തിൽ വരേണം സാവധാനമിഹ കാർമ്മുകയാഗം ഭാവമുണ്ടു മമ വീരവിനോദം ." 7 : 15
കാണ്മതിന്നു മമ ബാലകരിപ്പോൾ താമസിക്കാതു പോരണ' മിത്ഥം രണ്ടുപേരൊടുമുരച്ചഥ കൂട്ടി -- ക്കൊണ്ടുപോരിക ഭവാനവിളംബം . 7 : 16
ഗാന്ദിനേയനതുകേട്ടു ഗമിച്ചാൻ മാന്ദ്യഹീനമവനാദരവോടേ . നന്ദനന്ദനമുഖേന്ദുവിലോകേ വന്നു സംഗതി നമുക്കിതിമോദാൽ . 7 : 17
തേരിലേറി വിരവോടു നടന്നാൻ ഭൂരിശൈലവിപിനങ്ങൾ കടന്നാൻ വാരിജാക്ഷപദസംഗമപൂതം ചാരു ചാരു യാമുനവനം ബത കണ്ടാൻ . 7 : 18
പങ്കജാക്ഷപദപങ്കജമുദ്രാ -- സങ്കുലം പൊടി ശിരസ്സിലണിഞ്ഞാൻ സങ്കടം കളയുമച്യുതനാമം സംഖ്യയാ സഹ മുഖേന ജപിച്ചാൻ . 7 : 19
വാസരാന്തസമയേ കില ചെന്നാൻ വാസുദേവനുടെ വാസനികേതേ ഹാസചാരുമുഖനായ മുകുന്ദം ഭാസമാനമചിരാലിഹ കണ്ടാൻ . 7 : 20
ക്ഷീരദോഹസമയേ മുകിൽവർണ്ണൻ ക്ഷീരഭാജനമെടുത്തു കരാബ്ജേ പൂരിതം ബത കുടിച്ചു സുഖിച്ചു , ഭൂരികേളി വിലസുന്നതു കണ്ടാൻ . 7 : 21
മേഖലാകലിതപീതദുകൂലം ശേഖരീകൃത മയൂരകലാപം നീലമേഘനിറമായനേത്രം ബാലരൂപമവനമ്പൊടു കണ്ടാൻ . 7 : 22
രാമണീയകഗുണങ്ങളിണങ്ങും രാമനേയുമഥ മാധവനേയും ചെന്നുടൻ തൊഴുതുനിന്നു വിനീതൻ നന്ദനന്ദനനു മേവമവാദീൽ. 7 : 23
ഗാന്ദിനീസുത സഖേ! കുശലം കിം പോന്നതെത്രയുമെനിക്കു ഹിതം കേൾ നിങ്ങളാരുമിവിടേക്കു വരാഞ്ഞി -- ട്ടിങ്ങു ഖേദമിയലുന്നു ഹൃദന്തേ. " 7 : 24
എന്നുമാത്രമുരചെയ്തു മുകുന്ദൻ മന്ദമങ്ങവനെയൊന്നു പുണർന്നു അച്യുതാവയവസംഗനിമിത്തം സച്ചിദുത്സവമവന്നു ലഭിച്ചു . 7 : 25
ഭോജനാദികൾ കഴിഞ്ഞു നിശായാം രാജമാനഭവേന നിവസിച്ചു . ഭോജരാജവചനങ്ങളശേഷം യോജനാനുഗുണമമ്പൊടു കേട്ടു . 7 : 26
മന്ദമിത്ഥമരുൾ ചെയ്തുമുകുന്ദൻ " നന്നു കംസനുടെ കൽപിതമിപ്പോൾ ചാപയാഗകപടം പുനരിപ്പോൾ ഭൂപനങ്ങു തുടരുന്നതു കൊള്ളാം ." 7 : 27
" മാതുലൻ മമ മഹീതലപാലൻ കൌതുകാലിഹ ഭവാനെയയച്ചു . കൈതവാർത്ഥകമിതെന്നു വരാമോ ഹേതുവെന്തിനു ചിന്തയ സാധോ ! 7 : 28
" നാളെ രാവിലെ നമുക്കു ഗമിക്കാം നീളവേ മമ നടന്നുവരേണം കേളെനിക്കിതു കുതൂഹലമേററം കേളിയുള്ള ധനുരർച്ചന കാണ്മാൻ ." 7 : 29
" മാതുലേന ഹൃദി നിശ്ചിതമാമ -- ക്കൈതവം മയി ഫലിക്കയുമില്ല . ഏതുമൊന്നിഹ കുലുങ്ങുക വേണ്ടാ ഭീതി വേണ്ട ഹൃദയേപി സഖേ ! തേ ." 7 : 30
ഇത്യുദാരമരുൾചെയ്തു മുകുന്ദൻ സുപ്തനായി സഖിയാമവനോടേ സൂർയ്യനങ്ങടനുദിച്ച ദശായാം തേരിലേറി ബലഭദ്രസമേതൻ . 7 : 31
ഗോപബാലഗമനം ബത കേട്ടു ഗോപിമാരധികതാപമിയന്നൂ മന്ദിരങ്ങളിലിരുന്നവരെല്ലാം ഗാന്ദിനേയദുഷിവാക്കു തുടങ്ങി . 7 : 32
" വന്നുപോലൊരു മഹാശഠനിപ്പോ -- ളെന്നു കേട്ടു , കഠിനം സഖിമാരേ ! എന്തൊരുത്തനിവ, നിങ്ങനെ ചെയ്‍വാ -- നെന്തുബന്ധ, മതിദുഷ്‍ടനവൻ താൻ ." 7 : 33
" ക്രൂരനാമവനഹോ ! വിപരീതം പേരുനൽകിയവനേതൊരു മൂഢൻ . ചേരുമെങ്കിലരുതാതവനേക്കാൾ ക്രൂരനില്ലൊരുവ, നർത്ഥമതാക്കാം ." 7 : 34
" നാരിമാർക്കു നയനോത്സവമാകും വാരിജാക്ഷനെ വശീകൃതനാക്കി തേരിലേററിയതു ഹന്ത ! നിനച്ചാൽ പാരിലാർക്കു ഹിതമാമവനെന്യേ ." 7 : 35
" ദേവകീതനയനോടു പിരിഞ്ഞാൽ ജീവധാരണമെനിക്കിഹ വേണ്ടാ ജീവലംഘനവിധിക്കുമുപായം കേവലം കരുതി ഞാൻ വിഷപാനം ." 7 : 36
" തന്മുഖേന്ദുവിരഹേ സഖിമാരേ ! ജന്മലാഭമിതു നിഷ്‍ഫലമല്ലോ മന്മഥാ ! വരികെടോ, ശരജാലം മർമ്മണീ പ്രഹരമേ മരണാർത്ഥം ." 7 : 37
ഇത്ഥമങ്ങു വിലപിച്ചു വസിക്കും മത്തകാശിനികളിൽക്കനിവോടേ ചിത്തഖേദപരിശാന്തിവരുത്താ-- നുത്തമം പ്രിയസഖം തമയച്ചു . 7 : 38
ഗാന്ദിനേയമൃദുവാക്കുകളാലേ സുന്ദരീജനവിഷാദമകന്നൂ നന്ദസൂനു ബഹുഗോപസമേതൻ സ്യന്ദനേന ഗമനോന്മുഖനായി . 7 : 39
സീരപാണി ഹരി സാരഥിയാമ -- ക്രൂരനാം പുരുഷകാരവുമെല്ലാം സൂരജാതടിനിതൻ തടഭാഗേ ചാരുമാരുതസുഖേ ബത ചെന്നാർ . 7 : 40
ഗാന്ദിനീതനയനംഭസി മുങ്ങി -- പ്പൊങ്ങുമങ്ങിടയിലത്ഭുതമേകം . ശേഷതൽപശയനാം ഭഗവാനെ സന്തോഷമോടു സലിലേ കില കണ്ടാൻ . 7 : 41
" കൃഷ്ണ കൃഷ്ണ ബഹുവിസ്മയനീയം വിഷ്ണുരൂപമഹമംഭസി കണ്ടേൻ ത്വച്ചരിത്രമതിമാത്രവിചിത്രം സച്ചിദച്ഛിദുരശീല ! നമസ്തേ ." 7 : 42
വ്യക്തവർണ്ണമധുരസ്തുതിചെയ്യും ഭക്തനാകുമവനോടു സമേതൻ പ്രാപ്തലോകശരണൻ കരുണാവാൻ പ്രാപ്തനായി മഥുരാം മധുവൈരി . 7 : 43
ഏകരാത്രമഥ മിത്രനികേതേ ലോകനായകനിരുന്നു രമിച്ചാൻ അന്യവാസരമഹോദയകാലേ ധന്യശീലനഥ യാത്രതുടങ്ങി . 7 : 44
രാജവീഥിയിലനാകുലഗാമീ വ്യാജപൂരുഷനുടൻ നടകൊണ്ടാൻ വസ്ത്രഭാണ്ഡവുമെടുത്തതുനേരം തത്രകോപിരജകൻ പ്രതിപേദേ. 7 : 45
" വസ്ത്രമിങ്ങുതരി" കെന്നരുൾ ചെയ്തു ഹസ്തപങ്കജമുയർത്തി മുകുന്ദൻ സത്വരം കുപിതനാമവനപ്പോ -- ളുത്തരം പരുഷഭാഷണമൂചേ . 7 : 46
" വസ്തുസാരമറിയാതെ പറഞ്ഞാ -- ലസ്‍തു താഡനമിനിത്തവ മൂഢാ ! വസ്ത്രഭാണ്ഡമിതു രാജധനം കേൾ, നിസ്ത്രപാ ! പുനരനർത്ഥമതുണ്ടാം ." 7 : 47
ഇത്ഥമുദ്ധതമുരച്ചു തിരിച്ചാൻ ബദ്ധകോപമവനീപതിഭൃത്യൻ . വസ്ത്രഭാണ്ഡമപഹൃത്യതദീയം മസ്‍തകം ദ്രുതമറുത്തു മകുന്ദൻ . 7 : 48
മുക്തിനൽകി രജകായ തദാനീം മുക്തസംശയമതോ നടകൊണ്ടാൻ ചാരുമാലിക കൊടുത്തൊരു മാലാ-- കാരകന്നുടനുഗ്രഹമേകി . 7 : 49
അബ്‍ജപത്രനയനൻെറ പുരസ്താൽ കുബ്‍ജയായൊരു കുമാരികവന്നാൾ ദീനബന്ധു സരസം തരസാ തൽ ക്കൂനു തീർത്തിതുകരേണ ഗൃഹീത്വാ . 7 : 50
പങ്കജാക്ഷഭഗവാനു കൊടുത്തൂ കുങ്കുമം സുരഭിഗന്ധമനോജ്ഞം പങ്കജാസ്ത്രശരമേററു തദാനീം മങ്കമാർമണിമനസ്സുമയങ്ങീ . 7 : 51
" മാരസുന്ദര! മദീയമുദാരം മാരമാലുടനകററുക കൃഷ്ണാ! പാരമുണ്ടു കുതുകം", പുനരിത്ഥം സാരസേക്ഷണ കുനിഞ്ഞുപറഞ്ഞാൾ. 7 : 52
" കീരവാണി! തവ സങ്കടമെല്ലാം തീരുമൽപസമയം ക്ഷമവേണം അഞ്ചുനാലുദിവസത്തിനകം ഞാൻ ചഞ്ചലാക്ഷി! വരു " മെന്നരുൾ ചെയ്താൻ . 7 : 53
കാമപാലപശുപാലസമേതൻ താമസേനരഹിതം പുരിപുക്കാൻ കാമിനീജനകടാക്ഷമതാകും ദാമഭൂഷിത മനോഹരരൂപി . 7 : 54
ചാപമണ്ഡപമുപേത്യപധീരം ചാപമമ്പൊടു കരത്തിലെടുത്താൻ തൽക്ഷണംകില കുലച്ചുവലിച്ചാൻ പക്ഷികേതു തരസൈവ മുറിച്ചാൻ . 7 : 55
ചാപരക്ഷിഭട ലക്ഷമതപ്പോൾ കോപരൂക്ഷതര ഭാവമടുത്തു ചാപഖണ്ഡമതെടുത്തു ഹനിച്ചാൻ ഗോപബാലനവരെക്കൊലചെയ്‍താൻ . 7 : 56
പൊട്ടിവീണൊരു ധനുർദ്ധ്വനികൊണ്ട -- ങ്ങെട്ടുദിക്കുകളുമൊന്നു കുലുങ്ങി . ഞെട്ടിവീണുഭുവി കംസനുമപ്പോൾ തുഷ്‍ടമായി ദിവി ദേവസമൂഹം . 7 : 57
കണ്ടുകണ്ടു മഥുരാപുരമെല്ലാം രണ്ടുനാഴിക നടന്നു മുകുന്ദൻ പണ്ടുതാനവതരിച്ച വിശേഷം കൊണ്ടുകിഞ്ചന കുതൂഹലശാലീ . 7 : 58
ആപണം മണിനികേതസഹസ്രം ഗോപുരം വളഭി സൌധമളിന്ദം ചാപശാല നൃപശാലയുമെല്ലാം ഗോപസേനകൾ നടന്നഥ കണ്ടാർ . 7 : 59
കൈതവേന മധുസൂദനനപ്പോൾ താതമാതൃഭവനേ ബത ചെന്നൂ സാദരം തൊഴുതു കൽപിതമുക്ത്വാ ഖേദജാതമപഹായ ഗമിച്ചാൻ . 7 : 60
സന്ധ്യയോളമവനീപതിഗേഹേ സഞ്ചരിച്ചു ബത നന്ദസുതന്മാർ ബന്ധുലോകമിടകൂടി നടന്നാ -- രന്തിനേരമൊരു ഗേഹമണഞ്ഞാർ . 7 : 61
ചൊല്ലേറും കംസഭൂപാലകനുഷസി മഹാ -- സൌധമാരുഹ്യതിഷ്ഠൻ മല്ലന്മാരെപ്പറഞ്ഞമ്പൊടു പടഹമടി -- പ്പിച്ചു യുദ്ധായനിർത്തി സംബന്ധിക്ഷോണിപന്മാരുപരി പരിലസ -- ന്മഞ്ചജാലേ വസിച്ചാ -- രംബഷ്ഠൻ താനുറപ്പിച്ചതു മദകളമാം വാരണം ദ്വാരദേശേ . 7 : 62
ഗോപാലൻ ബാലനാപാദിതഘനവനമാ -- ലാദി ഭൂഷാഭിരാമൻ ഗോപന്മാരും പ്രലാബാരിയുമരിപടല -- ധ്വംസനാർത്ഥം നടന്നാർ ദ്വാരേ നേരിട്ടുനിൽക്കും കുപിതകുവലയാ -- പീഡമങ്ങർദ്ദയിത്വാ -- പാരാതംബഷ്ഠദുഷ്ടം തമപി മൃദിതവാ -- നഞ്ജസാ കുഞ്ജനാഭൻ . 7 : 63
ചാണൂരൻ മല്ലനേകൻ പുനരപരനഹോ ദുഷ്ടനാം മുഷ്ടികാഖ്യൻ ക്ഷോണീഭാഗം കുലുക്കി ഝടിതി പടതുട -- ങ്ങീടിനാർ മൂഢരപ്പോൾ ഉൽക്കൃഷ്ടം മുഷ്ടിയുദ്ധം ചടചടരിത -- സ്‍ഫോടിതാശാവകാശം തൽക്കാലം ബാലഗോപാലകമുസലധര -- ന്മാരുമങ്ങാരഭന്ത . 7 : 64
വാണു ചാണൂരനപ്പോൾ സപദി യമപുരേ കൃഷ്ണമുഷ്ടി പ്രഹാരാൽ താണൂഭോജേന്ദ്രദർപ്പം മുസലിയുമുടനേ മുഷ്ടികം നഷ്ടമാക്കി കേണൂ തൽബ്ബന്ധുവർഗ്ഗം ഖലബലപതിമാ -- രോടിനാരാടലോടേ വേണൂൽഘോഷം മുഴക്കി മൃദുഹസിതസുധാ -- ഭാസുരൻ വാസുദേവൻ . 7 : 65
കണ്ടാനക്കൊണ്ടൽവർണ്ണൻ പുനരുപരി പരി -- ഭ്രാജിതം ഭോജരാജാ മണ്ടിച്ചാടിക്കരേറി ദ്രുതമതി ബഹള -- ക്രോധമസ്സൌധദേശേ കണ്ഠേ ഗാഢം പിടിച്ചമ്പൊടു കുടിലനൃപം ഭൂതലേ പാതയിത്വാ കണ്ഠം ഖൾഗേന ഖണ്ഡിച്ചിതു ചിരമുരസി സ്വൈരവാസീ വ്യലാസീൽ . 7 : 66
ഓജസ്സുകൊണ്ടധികനാകിന മന്നവൻെറ തേജസ്സുചെന്നു മധുസൂദനനോടുചേർന്നു ഭോജാനുജാഷ്‍ടകമപി ദ്രുതമേവഹത്വാ രേജേ, മുദാനിപതിതാസുര പുഷ്‍പവൃഷ്ടി: 7 : 67
ജനകജനനിമാരെച്ചെന്നു വന്ദിച്ചുനിന്നൂ കനിവൊടവരുമേനം ഗാഢഗാഢം പുണർന്നാർ . പുനരനുപമഭക്തൻ ബുദ്ധിമാനുദ്ധവാഖ്യൻ ഘനതരപരിതോഷം ദേവനെക്കൈവണങ്ങീ . 7 : 68
സകലഗുണവിധാനവ്യഗ്രനാമുഗ്രസേനം സപദി നൃപതിയാക്കി സ്ഥാപയാമാസ രാജ്യേ പുരജനപരിതോഷം വർദ്ധയൻ ബുദ്ധിശാലീ ചിരമഥമഥുരായാം മേവിനാൻ കേവലാത്മാ . 7 : 69
* ഏഴാം സർഗ്ഗം സമാപ്തം * -------------------------------------
എട്ടാം സർഗ്ഗം --------------------- ( വിദ്യാഭ്യാസം, രുഗ്മിണീപരിണയം ) -------------------------------------------------
ഏകദാ രാമകൃഷ്ണന്മാരേകഭാവേന സാദരം വിദ്യാഭ്യാസവിധാനാർത്ഥമുദ്യോഗിച്ചാരനാകുലം . 8 : 1
സാന്ദീപനിമുനീംഗത്വാ വന്ദിച്ചാരവരഞ്ജസാ തൽപ്രസാദേന ശാസ്ത്രങ്ങളഭ്യസിച്ചാരശേഷമേ . 8 : 2
തരസാ സർവ്വ വിദ്യാനാം പരിജ്ഞാനമുപാഗതൌ ഗുരുദക്ഷിണ ചെയ്‍വാനുമൊരുമ്പെട്ടാരനന്തരം . 8 : 3
ഗുരുവാചാ ഗുരുസുതാ പുരാതീർത്ഥജലേ മൃതാ തിരഞ്ഞു ജലധിം ഗത്വാ വരുണാവാസമായയൌ . 8 : 4
ഹത്വാ പഞ്ചജനാ തത്ര പാഞ്ചജന്യം ഹരിച്ചുടൻ ഗത്വാ യമപുരം വേഗാൽ ലഭിച്ചു ഗുരുനന്ദനം . 8 : 5
ഗുരുദക്ഷിണയും ചെയ്തു ഗുരുപുത്രേണ സാദരം തദനുഗ്രഹവും ലബ്ധ്വാ ഗമിച്ചു മഥുരാപുരം . 8 : 6
ഒരുനാളഥ ഗോവിന്ദൻ കരുണാമൃതവാരിധി ഗോകുലായ നിയോഗിച്ചാനാകുലേതരമുദ്ധവം . 8 : 7
ഗോപിമാരുടെ സന്താപം പറഞ്ഞഥ കളഞ്ഞുടൻ ഗോവിന്ദസവിധം തന്നിൽ പ്രാപിച്ചാൻ പുനരുദ്ധവൻ . 8 : 8
സൈരന്ധ്രിതൻ ഗൃഹം തന്നിൽ സ്വൈരം ചെന്നു ജനാർദ്ദനൻ മാരക്രീഡാമഹാനന്ദമാരംഭിച്ചാൻ നിശാന്തരേ . 8 : 9
പുത്രനെജ്ജനയാമാസ തത്ര സാ കമലേക്ഷണാ അവന്നു പേരുപശ്ലോകനെന്നു ലോകേഷു വിശ്രുതം . 8 : 10
ഉദ്ധവേനസമം താവൽ ബദ്ധസ്നേഹമനോഹരം ചക്രപാണിയൊരുന്നാളിലക്രൂരഭവനം യയൌ . 8 : 11
കുന്തീസുതാനാം വൃത്താന്തമെന്തെന്നറിവതിന്നുടൻ അക്രൂരനെ നിയോഗിച്ചാനക്കാലം ദേവകീസുതൻ . 8 : 12 ഭോജരാജവധം കേട്ടു കോപിച്ചു മഗധേശ്വരൻ പോരിനായിപ്പുറപ്പെട്ടു ജരാസന്ധൻ മഹാബലൻ . 8 : 13
മഥുരാപുരമാസാദ്യവളഞ്ഞാൻ ബഹുസേനയാ മധുസൂദനനന്നേരം പോരിന്നായിസ്സമായയൌ . 8 : 14
രണ്ടു തേരു കൊടുത്തൂട്ടാനണ്ടർകോനതികൌതുകാൽ ഒന്നിൽക്കരേറി താലാങ്കനന്യത്ര മധുസൂതനൻ . 8 : 15
വൃഷ്‍ണിസേനാപരിവൃതൻ കൃഷ്ണനും ബലഭദ്രനും പരാക്രമം തുടർന്നപ്പോൾ ജരാസന്ധനുമോടിനാൻ. 8 : 16
പിടിച്ചുകൊല്ലുവാനായിത്തുടങ്ങീ രോഹിണീസുതൻ അച്യുതാനുനയം കൊണ്ടങ്ങയച്ചാനവനെ ക്ഷണാൽ . 8 : 17
പിന്നെയും സമ്പ്രഹാരാർത്ഥം വന്നൂമാഗധമന്നവൻ പിന്നെയും തോൽക്കുമവ്വണ്ണം കഴിഞ്ഞു പലവട്ടവും . 8 : 18
മുന്നൂറുമഥ തൊണ്ണൂറുമക്ഷൌഹിണി പടജ്ജനം കൊന്നൊടുക്കീതു ഗോവിന്ദനന്നന്നായിട്ടു മാഗധം . 8 : 19
പതിനെട്ടാമതും ദുഷ്‍ടൻ വട്ടംകൂട്ടിവരും വിധൌ മൂന്നുകോടിബ്ബലത്തോടെ യവനൻ താനുമായയൌ . 8 : 20
മ്ലേച്ഛസൈന്യം വരുന്നേരമച്യുതൻ നിജവൈഭവാൽ സ്വേച്ഛയാ പശ്ചിമാംഭോധൌ തീർപ്പിച്ചാൻ ദ്വാരകാപുരം . 8 : 21
വിശ്വകർമ്മമഹാശില്പി കൽപിതം ബത തൽപുരം വിശ്വമോഹനമായ്വന്നൂ വിശ്വനായക പൌരുഷാൽ . 8 : 22
മഥുരാപുര വാസ്‍തവ്യ മഹാവൃന്ദങ്ങളൊക്കവേ ദ്വാരകാ നഗരം തന്നിലാക്കിനാൻ മധുസൂദനൻ . 8 : 23
താനൊരുത്തൻ പുറപ്പെട്ടു ചെന്നു യവനസന്നിധൌ പേടിഭാവിച്ചു ഗോവിന്ദനോടിനാനടവീതടേ . 8 : 24
കൊണ്ടൽവർണ്ണൻെറ പിന്നാലെ മണ്ടിനാനാശു ബൌദ്ധനും കളിച്ചു കുഹരം തന്നിലൊളിച്ചു മധുസൂദനൻ . 8 : 25
യവനൻ വിപിനം തന്നിലവനെത്തിരയും വിധൌ ക്വചിൽ കിടന്നുറങ്ങുന്നു മുചുകുന്ദനരേശ്വരൻ . 8 : 26
മുകുന്ദനെന്നു കൽപിച്ചു ചവിട്ടീ മുചുകുന്ദനെ അവനും യവനൻ തന്നെത്തരസാ ഭസ്മമക്കിനാൻ . 8 : 27
നിദ്രാവസാനേ ഭൂപാലനദ്രിസാനുസമുത്ഥിതം ഭദ്രമാം വൈഷ്ണവം രൂപമദ്രാക്ഷീദഗ്രഭൂതലേ . 8 : 28
ശംഖചക്ര ഗദാ പത്മശോഭമാന ചതുർഭുജം ശ്രീവത്സ കൊസ്തുഭോദാര വനമാലാ വിരാജിതം 8 : 29
ഇതി ചിദ്രൂപമാലോക്യ സ്‍തുതിച്ചു മുചുകുന്ദനും " ലോകൈക ബീജഭൂതായ വൈകുണ്ഠായ നമോസ്‍തുതേ ." 8 : 30
" ഇക്ഷാകു കുലജാതൻ ഞാൻ ഭൂപാലൻ കമലാപതേ !
രക്ഷാശിക്ഷാദി ദു:ഖങ്ങൾക്കെളുതല്ലെന്നുറച്ചു ഞാൻ ." 8 : 31
" അത്രവന്നു ശയിക്കുന്നേനെത്രനാളുണ്ടഹം, വിഭോ ! പുത്രമിത്ര കളത്രാദി വിഷയാഗ്രഹമില്ലമേ !" 8 : 32
" നിങ്കൽബ്ഭക്തി ഭവിക്കേണം സങ്കടം മമ തീരുവാൻ നിൻകഴൽക്കു വണങ്ങുന്നേൻ ശങ്കരാദി നിഷേവിതം" 8 : 33
" ഭക്തിനിങ്കൽബ്ഭവിക്കുമ്പോൾ മൂക്തിതാനേവരും വിഭോ ! ഭക്തികൂടാതെ വാഞ്ഛിച്ചാൽ മുക്തിമാർഗ്ഗം വരുന്നതോ? " 8 : 34
" ത്വഭക്തജനഭക്തിം മേ കൽപിച്ചാകിലതും മതി
ത്വൽ പാദസ്മരണം കൊണ്ടു മൽപാപം ശാന്തമായ് വരും ." 8 : 35
മുകുന്ദൻ മുചുകുന്ദന്നായ് മുക്തിദാം ഭക്തിമേകിനാൻ മഥുരാപുരി പുക്കാശു വധിച്ചു ബൌദ്ധസൈന്യവും . 8 : 36
മാഗധൻ വന്നുയുദ്ധായസന്നാഹം തുടരും വിധൌ ജയമന്ത്യമവന്നേകീ ഭാവിച്ചു മാധവൻ . 8 : 37
ദ്വാരകാപുരമാഗമ്യ സ്വൈരം വാണൂ ജനാർദ്ദനൻ നന്ദാദിവൃന്ദവും തത്ര വന്നു വാണു യഥാസുഖം . 8 : 38
രേവതാത്മജയാകുന്ന രേവതീം നാമകന്യകാം വിവാഹം ചെയ്‍തിതക്കാലം രോഹിണീനന്ദനൻമുദാ . 8 : 39
ഭീഷ്‍മകോനാമ വൈദർഭൻ ഭീഷ്‍മബാഹു പരാക്രമൻ പുത്രീവിവാഹസന്നാഹമത്രകാലേ തുടങ്ങിനാൻ . 8 : 40
രുഗ്മിയെന്നുള്ള പുത്രൻെറ നിർബ്ബന്ധംകൊണ്ടു മന്നവൻ രുഗ്മിണീം ശിശുപാലന്നായ് കല്പിച്ചാനുൽപലേക്ഷണാം 8 : 41
ചേദിഭൂപന്നു കൽപിച്ചു തന്നെയെന്നവൾ കേൾക്കയാൽ ഖേദിച്ചു മനസാ ബാലാ മധുസൂദനരാഗിണീ . 8 : 42
വാസുദേവൻ വസിക്കുന്ന മന്ദിരേ ചെന്നു പോരുവാൻ ഭൂസുരം തരസാഗൂഢം നിയോഗിച്ചിതു രുഗ്മിണി . 8 : 43
ആരണൻതാൻ പുറപ്പെട്ടു ദ്വാരകാപുരി പുക്കുടൻ നാരായണായ സന്ദേശം പാരാതേ കണ്ടുണർത്തിനാൻ . 8 : 44
" ശ്രീകൃഷ്ണ ! ജയ ഗോവിന്ദ ! മന്ദം ശൃണു മദീരിതം ഭീഷ്മരാജസുതാബാലാ ചൊല്ലിവിട്ടിതു രുഗ്‍മണി ." 8 : 45
" ഉപേന്ദ്ര ! ജഗതീബന്ധോ ! കൃപാസിന്ധോ ! നമോസതുതേ അപേക്ഷയുണ്ടെനിക്കേകമുപേക്ഷിച്ചീടൊലാ ഭവാൻ ." 8 : 46
" തരുണാംബുധരശ്രീമൻ തരുണീ മോഹനാകൃതേ ! അരുണംചരണാംഭോജം ശരണം കരുണാകര !" 8 : 47
" താതനും സോദരന്മാരും മാതാവും ബന്ധുവർഗ്ഗവും എനിക്കനിഷ്‍ടമാംവണ്ണമാരംഭിക്കുന്നു സാമ്പ്രതം ." 8 : 48
" അശുഭാത്മകനായുള്ള ശിശുപാലന്നു നൽകുവാൻ
സാദരം കോപ്പുകൂട്ടുന്നു സോദരാദികളൊക്കവേ ." 8 : 49
" ദുരഹങ്കാരിയാകുന്ന ധരണീപാലകനെത്തദാ
വരണം ചെയ്‍കയെക്കാട്ടിൽ മരണം നല്ലുമാധവ !" 8 : 50
" കരുണാകര ! നീവന്നു ഹരണംചെയ്‍ക മാം ഹരേ ! പരിണാമസുഖംകൊണ്ടു ഗുരൂണാം സമ്മതം ഭവേൽ ." 8 : 51
" ജനവും ധനവും പിന്നെ പ്രാണനും ദേഹവും തഥാ ജനകാദികളെപ്പേരുമിന്നു മേ നിൻ പദാംബുജം ." 8 : 52
" മുഹൂർത്തസമയത്തിൻെറ മുമ്പേവന്നു ഹരിക്കനീ മഹാപുരുഷ ! വന്ദേഹ" മേവം രുഗ്മിണി ചൊല്ലിനാൾ . 8 : 53
" ഭവത്സംഗമസൌഖ്യം മേ ഭവിച്ചില്ലെങ്കിലാശു ഞാൻ അന്നു ജീവൻ ത്യജിക്കുന്നേ" നെന്നു രുഗ്മിണി ചൊല്ലിനാൾ . 8 : 54
" മൽപ്രാണരക്ഷണം ചെയ്‍വാനപ്രമേയ ! തുണയ്‍ക്കനീ
ഇന്നു നിൻപാദമാധാര" മെന്നു രുഗ്മിണി ചൊല്ലിനാൾ . 8 : 55
ഇപ്രകാരം കഥിക്കുന്ന വിപ്രനോടരുളീടിനാൻ " ക്ഷിപ്രം മുന്നിൽ നടന്നാലുമപ്രദേശം ഗമിക്ക നാം" . 8 : 56
" രമണീഗുണസന്താനം രമണീയം നിശമ്യ ഞാൻ നളിനായുധസന്താപാൽ തളരുന്നു മഹീസുര !" 8 : 57
" സ്മരിക്കും നേരമെന്നുള്ളിലിരിക്കും വാമലോചനാം തെരിക്കെന്നധുനാവന്നു ഹരിക്കുന്നുണ്ടു ഞാനെടോ ." 8 : 58
ഏവം പറഞ്ഞു ഗോവിന്ദൻ രേവതീകാമുകം വിനാ തേരിലേറിപ്പുറപ്പെട്ടു ചാരുവേഷമനോഹരൻ . 8 : 59
വിപ്രനെ പുരത: കൃത്വാ സുപ്രസന്നമുഖാംബുജൻ അണ്ഡജേശധ്വജൻ ദേവൻ കുണ്ഡിനം പുരമാപ്തവാൻ . 8 : 60
മഹീസുരനുടൻ ചെന്നു മഹീപതി കുമാരികാം വിശ്വനാഥമതം കേൾപ്പിച്ചാശ്വസിപ്പിച്ചു തൽക്ഷണം . 8 : 61
ബലഭ്രനുമന്നേരം ബലപൌരുഷഭൂമവാൻ വിദിത്വാ കൃഷ്ണഗമനം വിദർഭപുരമാഗമൽ . 8 : 62
പുരത്തിലാഗതന്മാരാം പുരാണപുരുഷാവുഭൌ പൂജിച്ചു മണിപീഠാന്തേ വസിപ്പിച്ചിതു ഭീഷ്‍മകൻ . 8 : 63
ശിശുപാലാദി ഭൂപാലജാലം കോലാഹലാന്വിതം വസിച്ചിതു മഹാമഞ്ചസഞ്ചയേ ചഞ്ചലാശയം . 8 : 64
ദുർഗ്ഗാലയേ വിളങ്ങുന്ന ദുർഗ്ഗാദേവീം വണങ്ങുവാൻ രുഗ്‍മഭൂഷിതസർവ്വാംഗീ രുഗ്‍മിണീ താനുമായയൌ . 8 : 65
ആളീജനസമൂഹത്തിൽ മേളിച്ചു നൃപകന്യക കാളീപ്രണാമവും ചെയ്തു നാളീകാക്ഷി വരുംവിധൌ 8 : 66
"എങ്ങുപോകുന്നു നീയിപ്പോളംഗനാമൌലിരത്നമേ !" മന്ദമേവം പറഞ്ഞങ്ങു ചെന്നു നന്ദകുമാരകൻ 8 : 67
തൽപാണി പല്ലവം മെല്ലെപ്പിടിച്ചു മധുസൂദനൻ തേരിലേററിപ്പുറപ്പെട്ടു ധീരൻ ഗംഭീരപൌരുഷൻ . 8 : 68
" ആരെടാ കന്യകാരത്നം ചോരണംചെയ്തു കൈതവാൽ തേരിലേററുന്ന " തെന്നിത്ഥം നേരിട്ടു നൃപമണ്ഡലം . 8 : 69
" കൊടുപ്പിൻ മൂഢരേ ! ചെന്നു തടുപ്പിൻ ഭൂമിപാലരേ ! എടുപ്പിൽ ചാപമങ്ങസ്ത്രം തൊടുപ്പിൽ മടിയെന്തെടോ" ! 8 : 70
ഇത്ഥം ഘോഷിച്ചടുത്തീടും ക്രുദ്ധരാം രാജമണ്ഡലം യുദ്ധം ചെയ്‍തുടനോടിച്ചാനുദ്ധവാദിയദുക്കളും . 8 : 71
രുഗ്മമാം ഖഡ്‍ഗമുദ്യമ്യ രുഗ്മിവന്നണയും വിധൌ രുഗ്മിണീവല്ലഭൻ ചെന്നു കൊല്ലുവാനായ് തുടങ്ങിനാൻ . 8 : 72
"സ്യാലനെക്കൊലചെയ്യൊല്ലാ ബാല ! ശൌരേ ! ക്ഷമിക്ക നീ വിരൂപനാക്കിവിട്ടാലും വിരവോടിവനെബ്ഭവാൻ " 8 : 73
എന്നുളള ബലഭദ്രൻെറ നിയോഗം കേട്ടു മാധവൻ കുണ്ഡിനേശകുമാരംതം മുണ്ഡനം ചെയ്‍തു മുക്തവാൻ . 8 : 74
കാമപാലാദി സഹിതൻ കാമിദ്യാ സഹകേശവൻ ദ്വാരകാനഗരം പ്രാപ്യ സ്വൈരം വാണു യഥാസുഖം . 8 : 75
ഉൽപലാക്ഷ്യാസമം ദേവൻ തൽപമേറി നികേതനേ തൽപാണിപല്ലവം മെല്ലെപ്പിടിച്ചു പത്മലോചനൻ . 8 : 76
ലജ്ജകൊണ്ടു മുഖാംഭോജം തരസാതാഴ്ത്തി രുഗ്മിണി ചാരുഗൂഢകടാക്ഷം കൊണ്ടാശ്ലേഷിച്ചു ജനാർദ്ദനം . 8 : 77
തോഴിമാരുടെ നിർബ്ബന്ധാൽ ക്ലാന്തലജ്ജാ ദിനേ ദിനേ കാന്താനുസരണംകൊണ്ടും കാമിനീ വശമാഗതാ . 8 : 78
ഗമിച്ചു ലജ്ജാവൈഷമ്യം ശമിച്ചു ഹൃദിശങ്കയും രമിച്ചു രമണോപാന്തേ രമണീയാംഗി രുഗ്മിണി . 8 : 79
മണിഗൃഹമണിമുററം പുഷ്പവാടീതടാകം മണമിളകിനകേളീചന്ദനാരാമവാടം ഇതി വിവിധമനോജ്ഞ സ്ഥനമാനന്ദമന്ദം മതിമുഖിയെ നടത്തിക്കാട്ടിനാൻ കുഞ്ജനാഭൻ . 8 : 80
കളിച്ചും കാന്താരേ കനകതരുകുഞ്ജങ്ങളിലണ -- ഞ്ഞൊളിച്ചും പർയ്യങ്കേ പരിചൊടു ശയിച്ചും ദയിതയാ രമിച്ചൂ ഗോവിന്ദൻ കമലശരലീലാസുകുതുകീ ഗമിച്ചു സാനന്ദം കിമപി സമയം മോഹനമയം . 8 : 81
* എട്ടാം സർഗ്ഗം സമാപ്തം .* ------------------------------------
ഒമ്പതാം സർഗ്ഗം ---------------------- ( സ്യമന്തകമണി , സത്യഭാമാപരിണയം ) ----------------------------------------------
അത്രാന്തരേ തത്ര സമീപവാസി സത്രാജിദാഖ്യൻ കില യാദവേന്ദ്രൻ മിത്ര പ്രസാദേന മുദാ ലഭിച്ചാൻ മിത്ര പ്രകാശോപമമേകരത്നം . 9 : 1
സ്യമന്തകാഖ്യം മണിയും ഗൃഹീത്വാ സമന്തതോഭാസുരകാന്തിയോടേ വരും വിധൌ പൌരജനങ്ങളെല്ലാം വരുന്നിതാദിത്യനിതി ഭ്രമിച്ചാർ . 9 : 2
"അർക്കൻ വരുന്നുണ്ടിഹ കൃഷ്ണ ! നിൻെറ തൃക്കാൽ വണങ്ങാ" നിതി ചെന്നുചൊന്നാർ തൃക്കണ്ണുകൊണ്ടൊന്നു മറിഞ്ഞുനോക്കീ തൽക്കാലമംഭോരുഹ ചാരുനേത്രൻ . 9 : 3
തത്ത്വം ഗ്രഹിച്ചമ്പൊടു ചെന്നു സത്രാ -- ജിത്തോടു ചോദിച്ചിതു വാസുദേവൻ "എനിക്കിദം രത്നവരം തരാമോ നിനക്കു വേണ്ടും ധനമിന്നു നൽകാം ." 9 : 4
ഇത്ഥം മുകുന്ദൻെറ ഗിരം നിശമ്യ ചിത്തേ നിരൂപിച്ചിതു യാദവൻ താൻ തനിക്കു താൻ പോന്ന മഹത്തുകൾക്കും ധനത്തിലുള്ളാഗ്രഹമൽപമല്ല . 9 : 5
" യത്നങ്ങളാലിങ്ങനെ ലബ്‍ധമാകും രത്നം വൃഥാഹന്ത കൊടുക്കുമോ ഞാൻ ? എട്ടെട്ടുഭാരം കനകത്തെ നിത്യം മുട്ടാതെ നൽകുന്നൊരു രത്നമേതൽ ." 9 : 6
" ഒട്ടേറെ ദു:ഖിച്ചു ലഭിച്ച രത്നം തട്ടിപ്പറിപ്പാനിവനോടുകൂടാ പെട്ടെന്നിതങ്ങോട്ടു കൊടുത്തുപോയാൽ മുട്ടുന്നനേരത്തൊരു കാശുകിട്ടാ ." 9 : 7
ഇത്ഥം വിചാരിച്ചതി മൂഢനാകും ലുബ്‍ധൻ ചിരിച്ചങ്ങുടനേ തിരിച്ചാൻ മിണ്ടാതെ പോയാശു ഗൃഹം പ്രവേശി -- ച്ചുണ്ടായ വിത്തേന സുഖിച്ചുവാണാൻ . 9 : 8
ആ യാദവൻ തന്നനുജൻ പ്രസേനൻ നായാട്ടിനുദ്യോഗമുടൻ തുടർന്നാൻ സ്യമന്തകം പൂർവ്വജനോടു മേടി -- ച്ചമന്ദമോദേന ഗളേ ധരിച്ചാൻ . 9 : 9
കിരാതരും ശ്വാക്കളുമായ് വനാന്തേ ചിരായനായാടി നടക്കുമപ്പോൾ തുരംഗവേഗേന വിദൂരഗാമി പിരിഞ്ഞു കൂട്ടത്തെ വെടിഞ്ഞുപോയാൻ . 9 : 10
പെരുത്ത കാട്ടിൻ നടുവിൽച്ചരിക്കും കരുത്തനാം കേസരി വന്നടുത്താൻ . അടിച്ചുടൻ ബാലകമാശുകൊന്നാൻ കടിച്ചു രത്നം തരസാ തിരിച്ചാൻ . 9 : 11
ക്രീഡിച്ചുമേവുന്നൊരു വാനരേന്ദ്രൻ താഡിച്ചു സിംഹത്തെയുമാശു കൊന്നാൻ പാദാന്തികേ വീണൊരു ദിവ്യരത്നം മോദേന കൈക്കൊണ്ടു ഗുഹാം പ്രപേദേ . 9 : 12
അടുത്തുവന്നോരു സുതൻെറ കയ്യിൽ കൊടുത്തു രത്നം ബത ജാംബവാനും കടിച്ചുമമ്പോടതു , പന്തടിച്ചും കളിച്ചുവാണാനവനും തദാനീം . 9 : 13
പ്രസേനനെ കണ്ടതുമില്ല കഷ്ടം പ്രസംഗമാത്രം പുനരില്ല കേൾപ്പാൻ ഇത്ഥം വിഷാദേന ജവേന സത്രാ -- ജിത്തുംവനേ ചെന്നു തിരഞ്ഞുപോന്നാൻ . 9 : 14
മരിച്ചുമൽസോദരനെന്നു മത്വാ തിരിച്ചുവന്നങ്ങു നിജേ നികേതേ കുളിച്ചു വേഗാൽ പിതൃകർമ്മമെല്ലാം കഴിച്ചു ദു:ഖിച്ചു കരഞ്ഞിരുന്നാൻ . 9 : 15
ബന്ധുക്കളോടിത്ഥമവൻ പറഞ്ഞു -- " ബന്ധം നമുക്കായിതു കർമ്മദോഷാൽ എന്തെന്നറിഞ്ഞീല, മരിച്ചു ബാലൻ, ചിന്തിക്കിലുണ്ടാമതിനുള്ള തുമ്പും ." 9 : 16
" ആയുസ്സവന്നില്ലതുതന്നെ മൂലം നായാട്ടിനും കാരണമൊന്നുതന്നെ , കുമാരനാപത്തിനു മൂലമിപ്പോൾ സ്യമന്തകം രത്നമതെന്നുതോന്നും ." 9 : 17
" ചോദിച്ചു വന്നിങ്ങൊരു ദേഹമെന്നോ -- ടാദിക്കുതന്നേ മണി കണ്ടനേരം ആ ദിക്കുതന്നേ തിരയുന്ന നേരം ബോധിക്കുമെല്ലാ, മതു നിശ്ചയംമേ ." 9 : 18
അറിഞ്ഞിതെന്നാകിലുമിപ്രസംഗം
പറഞ്ഞു കൂടാതൊരു ദിക്കിലായി അതിക്രമം മേ, ലിനി വേലിതന്നെ വിതച്ച പുഞ്ചയ്ക്കു വിനാശമൂലം ." 9 : 19
" ഇനിക്കഴിഞ്ഞീല നമുക്കനർത്ഥം മനക്കുരുന്നിൽബ്ഭയമുണ്ടെനിക്കും വിപത്തൊഴിക്കേണ്ട ജനങ്ങൾ തന്നെ വിപത്തിനും കാരണമായിതെല്ലോ ." 9 : 20
ഇത്യാദി സത്രാജിദുദീരിതത്തെ ശ്രുത്വാപുരിവാസി ജനങ്ങളെല്ലാം തമ്മിൽപ്പറഞ്ഞങ്ങൊരു ലോകവാദം നിർമ്മിച്ചു നീളെത്തരസാ നടത്തി . 9 : 21
" കേട്ടീലയോ കിഞ്ചനവർത്തമാനം നാട്ടിൽപ്പൊറുപ്പാനെളുതല്ല മേലിൽ വേട്ടയ്ക്കുപോയാനൊരു യാദവൻ പോൽ കൂട്ടംപിരിഞ്ഞട്ടവനേകനായി ." 9 : 22
" ഒരുത്തനപ്പോളവനോടു നേരി -- ട്ടടുത്തു കുത്തിക്കൊല ചെയ്തുപോലും അവൻെറ കണ്ഠത്തിലണിഞ്ഞ രത്നം കവർന്നുകൊണ്ടാശു തിരിച്ചുപോലും ." 9 : 23
" പ്രസേനനെക്കൊന്നവനാരുവാൻ പോൽ പ്രസേനനെക്കൊന്നവനീശ്വരൻ താൻ . അതോ നമുക്കും പരമാർത്ഥമിപ്പോ -- ളതല്ല ചോദിച്ചറിഞ്ഞിതോ താൻ ." 9 : 24
" ' അറിഞ്ഞു ഞാനിന്നു പറഞ്ഞുകൂടാ ' ' പറഞ്ഞുകൂടാത്തതിനെന്തുബന്ധം ?' ' തനിക്കു താൻ പോന്നവരൊന്നുചെയ്താ -- ലതിന്നു ദോഷം പറയാവതുണ്ടോ.' " 9 : 25
" 'എനിക്കു കേൾപ്പിക്കരുതതോ രഹസ്യം' തനിക്കു കേൾപ്പിക്കരുതായ്‍കയില്ല ഇനി ക്രമാലന്യജനം ഗ്രഹിച്ചാ -- ലെനിക്കു കുററം വരുമെന്നുദോഷം ." 9 : 26
" 'തന്നാണു്, ഞാനെന്നുടെ കണ്ണു രണ്ടാ -- ണന്യാദൃശന്മാർക്കറിയിക്കയില്ല' ' എന്നാൽ കഥിക്കാ, മിതു കേട്ടതിപ്പോൾ നന്ദാത്മജൻ ചെയ്തൊരു കൈതവം പോൽ ." 9 : 27
" ചോദിച്ചുപോൽ പണ്ടിതു കൊണ്ടൽവർണ്ണൻ തദാ കൊടുത്തില്ലതു യാദവൻ താൻ കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ കപ്പാൻ മടിക്കുന്നു തരം വരുമ്പോൾ ." . 9 : 28
" ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുളളകാലം കാരസ്‍കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്‍പു ശമിപ്പതുണ്ടോ? " 9 : 29
" രത്നം നശിക്കുന്നതിനില്ല ഖേദം യത്നത്തിനാളായവനർത്ഥമുണ്ടാം. സ്യമന്തകം കാരണമെത്ര കഷ്ടം? കുമാരനും കൂടെ മരിച്ചിതല്ലോ !" 9 : 30
" ധനങ്ങളുള്ളോരിനി വേണ്ടതിപ്പോ -- ളെനിക്കു തോന്നുന്നതു ഞാനുരയ്ക്കാം . ഇദ്ദിക്കിൽ നിന്നാശു കടത്തി വെപ്പാ -- നുദ്യോഗമദ്യൈവ തുടങ്ങിവേണം ." 9 : 31
" ഉച്ചയ്ക്കു കുത്തിക്കവരുന്ന ദിക്കിൽ വെച്ചേയ്ക്കനന്നോ ധനധാന്യമെല്ലാം" ഇത്യാദി ദുർഭാഷണഘോഷമപ്പോ -- ളത്യന്തമുണ്ടായിതു പാരിലെല്ലാം. 9 : 32
മുമ്പിൽഗ്ഗമിച്ചീടിന ഗോവുതൻെറ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം . ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം പരത്തുവാനാളുകളുണ്ടസംഖ്യം . 9 : 33
ലോകാധിപൻ മാധവനാശു തൻെറ ലോകാപവാദം കളവാനൊരുന്നാൾ സഹൈവ നാലഞ്ചു യദുക്കളോടെ മഹാവനേ കിഞ്ചന സഞ്ചരിച്ചാൻ . 9 : 34
കണ്ടാനുടൻ തത്രമൃതം പ്രസേനം രണ്ടാമതോ കേസരിയെത്തഥൈവ അനന്തരം ചോടു പിടിച്ചുചെന്ന -- ങ്ങനന്തനുൾപ്പുക്കു മഹാഗുഹായാം . 9 : 35
കളിച്ചുമേവും കപി ബാലകൻെറ വളർത്തുമാതാവവലോക്യ കൃഷ്‍ണം വിളിച്ചുറക്കെക്കരയും ദശായാം വെളിച്ചമേ വന്നിതു ജാംബവാനും . 9 : 36
" ആരാരഹോ മൽഗുഹയിൽക്കടപ്പാ --
നീരേഴുലോകങ്ങളിലീശനായ ശ്രീരാമപാദാംബുജസേവകൻ ഞാ -- നാരെങ്കിലും സമ്പ്രതി സംഹരിപ്പൻ ". 9 : 37
" മുന്നം ദശഗ്രീവശരങ്ങളേററു ഭിന്നം കഠോരം മമ മാറിടം കേൾ ഇന്നും വ്രണശ്രേണികിണപ്രകാര -- മൊന്നും മറഞ്ഞീല, ധരിച്ചു കൊൾക ." 9 : 38
" രഘുപ്രവീരൻെറ വരപ്രഭാവാൽ ലഘുത്വമെങ്ങും ലഭിയാത്ത വീരൻ കരുത്തനായുള്ളൊരു ജാംബവാനെ -- ന്നൊരുത്തനെക്കേട്ടറിവീലയോ നീ ?" 9 : 39
തടിച്ച രാത്രിഞ്ചരരെക്കരംകൊ -- ണ്ടടിച്ചു കൊന്നോരു കപീശ്വരൻ ഞാൻ മിടുക്കനെന്നുള്ളിലൊരുദ്ധതത്വം നടിക്കൊലാ നമ്മുടെ സന്നിധൌ നീ ." 9 : 40
" ഗമിക്ക നീ ജീവിതകാമനെങ്കിൽ, ക്ഷമിപ്പനിസ്സാഹസമിത്രമാത്രം ഭ്രമിച്ചു വന്നന്തകനൂർക്കു പോകാൻ ശ്രമിക്കയോ നീ ബത! ദുർവ്വിനീത ! 9 : 41
അടക്കമില്ലാതെ കടന്നു വന്നാ -- ലടക്കിവെപ്പാൻ മതി വാനരേന്ദ്രൻ നടക്ക നീ, നമ്മുടെ ഗഹ്വരത്തിൽ കടക്ക കാലന്നുമസാദ്ധ്യമല്ലോ ." 9 : 42
ഇത്ഥം പറഞ്ഞാശു കപീന്ദ്രവൃദ്ധൻ ക്രുദ്ധിച്ചുടൻ മുഷ്ടിപിടിച്ചടുത്താൻ ദൈത്യാരിതൻേറ തിരുമാറിടത്തിൽ -- ക്കുത്തീടിനാനുൽക്കടസിംഹനാദീ . 9 : 43
അഞ്ചാറുകുത്തങ്ങു സഹിച്ചു കൃഷ്ണൻ പഞ്ചാസ്യഗംഭീരതരസ്വഭാവൻ അഞ്ചാതെ കൂടെക്കലഹം തുടങ്ങി കിഞ്ചിന്മിളൽ പുഞ്ചിരി ഭംഗിയോടെ . 9 : 44
അടിക്കയും തങ്ങളിൽ മുട്ടുകൊണ്ട -- ങ്ങിടിക്കയും മാന്തുകയും നഖാഗ്രൈ: കടിക്കയും വൃക്ഷശതങ്ങൾ തല്ലി -- പ്പൊടിക്കയും യുദ്ധമതീവഘോരം . 9 : 45
കുലുങ്ങി ഭൂചക്രമശേഷമപ്പോൾ കലങ്ങി വേഗേന സമുദ്രജാലം നടുങ്ങി സിംഹാദി മൃഗങ്ങളെല്ലാ -- മൊടുങ്ങി തത്രാപി മരാമരങ്ങൾ . 9 : 46
ദിനങ്ങളെട്ടും പതിനഞ്ചുമഞ്ചും മിനക്കെടാതങ്ങമർ ചെയ്തശേഷം മനം തളർന്നൂ ഭുവി വീണു വൃദ്ധൻ കരേണ നേത്രങ്ങൾ തുറന്നു നോക്കി . 9 : 47
തദാ ഭവിച്ചൂ പരമാർത്ഥബോധം മുദാ വണങ്ങി സ്തുതിയും തുടങ്ങി . " മദാന്ധനാമെന്നപരാധമെല്ലാം സദാ സഹിച്ചീടുക ശാർങ്ഗപാണേ !" 9 : 48
" മീനായതും കൂർമ്മമതായതും നീ പീനം വരാഹാകൃതി പൂണ്ടതും നീ മഹാനൃസിംഹോത്തമനായതും നീ മഹാമതേ ! വാമനനായതുംനീ " 9 : 49
" ക്ഷമാതലേ ഭാർഗ്ഗവനായതും നീ രമാപതേ ! രാഘവനായതും നീ ഇഹാപി നീലാംബരനായതും നീ മഹാനുഭാവപ്രകൃതേ ! നമസ്തേ ". 9 : 50
" ധരിച്ചു ഞാൻ, സമ്പ്രതി കൃഷ്ണനായി -- ജ്ജനിച്ചു കംസാദികഹിംസചെയ്വാൻ ഭവാൻ ഭവധ്വംസനജാഗരൂകൻ നവാംബുദശ്യാമതനോ! നമസ്തേ." 9 : 51
ഇതി സ്തുതിച്ചമ്പൊടു കോമളാംഗീം നിജാത്മജാം ജാംബവതീം മണിം ച കൊടുത്തു വന്ദിച്ചു ഗമിച്ചു വൃദ്ധൻ, നടന്നു ഗോവിന്ദനുമാശു മോദാൽ . 9 : 52
സത്രാജിദാവാസമുപേത്യ തസ്മൈ സത്രാജിതേ രത്നമിദം കൊടുത്തു സത്രാസലജ്ജാവിവശം വണങ്ങി സത്രാജിദിത്ഥം ഹരിയോടു ചൊന്നാൻ . 9 : 53
" അയ്യോ മഹാകഷ്ട, മെനിക്കു വന്ന ദുർയ്യോഗമൊട്ടും കുറവല്ല കൃഷ്ണാ ! മർയ്യാദ കൂടാതെ പറഞ്ഞുപോയേൻ ധൈർയ്യാംബുരാശേ ! ഭഗവൻ! നമസ്തേ ." 9 : 54
" സർവ്വാപരാധങ്ങൾ പൊറുത്തു നമ്മെ സർവ്വാത്മനാ പാലയ ശാർങ്ഗപാണേ !" ഇത്ഥം പറഞ്ഞമ്പൊടു സത്യഭാമാം പുത്രീം ച രത്നം ച മുദാ കൊടുത്താൻ . 9 : 55
ശോഭാമനോജ്ഞാകൃതി സത്യഭാമാ -- ലാഭേന സന്തുഷ്‍ടതയാ മുകുന്ദൻ അവന്നുതന്നേ മണിയങ്ങുനൽകി -- ജ്ജവേന സമ്പ്രാപ നിജംനികേതം . 9 : 56
പാണിഗ്രഹം ചെയ്തിതു സത്യഭാമാ -- മേണീദൃശം ജാംബവതീം ച മോദാൽ വാണീടിനാനാത്മപുരേ സുഖേന ക്ഷോണീസുധാദീധിതി വാസുദേവൻ . 9 : 57
"കുരുക്കളക്കാലമഹോശഠന്മാ -- രരക്കുകൊണ്ടാശു ഗൃഹം ചമച്ചാർ അതിൽക്കിടന്നൊക്കെ ദഹിച്ചുപോയാ -- രതീവ കഷ്ടം ബത പാണ്ഡവന്മാർ . 9 : 58
ഉദന്തമേവം ബത കേട്ടു കൃഷ്ണൻ തദന്തരേ തത്ര ഗമിച്ചകാലം സത്രാജിതം ചെന്നു വധിച്ചു രത്നം തത്രാഹരിച്ചു ശതധന്വനാമാ . 9 : 59
" ഗാന്ദിനേയകൃതവർമ്മനിയോഗാൽ ചെന്നു കൊന്നിതവനെ ശ്ശതധന്വാ " ഇത്യഹോ ജഗതി വാർത്ത നടന്നൂ , സത്യഭാമ ബഹുശോകമിയന്നൂ . 9 : 60
ശ്രീകൃഷ്ണനമ്പൊടു വസിച്ചരുളുന്ന ദിക്കിൽ ശോകേന ചെന്നു തരസാകില സത്യഭമാ . കേൾപ്പിച്ചു താതനിധനം, മധുവൈരിയപ്പോൾ കോപിച്ചുടൻ ശതധനുസ്സിനെ നിഗ്രഹിച്ചു . 9 : 61
സ്യമന്തകം മൂലമനർത്ഥമിപ്പോൾ നമുക്കു വാസം പുനരത്ര ദു:ഖം ഇത്ഥം വിചാരിച്ചു ഗമിച്ചു രാമൻ തത്രാന്തരേ മൈഥില രാജധാന്യാം . 9 : 62
ദുർയ്യോധനം തത്ര വരുത്തി രാമൻ ദുർയ്യോഗകാലേഷു വിനോദനാർത്ഥം ഗദാ പ്രയോഗത്തിനു ശിഷ്യനാക്കി -- ത്തദാ മുദാ തത്ര വസിച്ചു ദേവൻ . 9 : 63
അക്രൂരൻ മധുരിപുശാസനേന ചെയ്താ -- നിക്രൂരം വധമിതി ദുർയ്യശസ്സു തീർപ്പാൻ ദൂരസ്ഥം തമപി വരുത്തി വാസുദേവൻ പാരാതേ മണിമപി ദർശയാഞ്ചകാര . 9 : 64 ഇതി ബഹുവിധദോഷഹേതു ഭൂതം മതിമദകാരണമെങ്കിലും മുകുന്ദൻ മണിവരമഥ ഗാന്ദിനീതനൂജേ ഗുണഗണശാലിനി യോജയാഞ്ചകാര . 9 : 65
ദ്രുപദപുരവരേ സ്വയംവരാർത്ഥം ദ്രുതമൊരുനാളഥ സത്യഭാമയോടേ യദുകുലജലരാശി പൂർണ്ണചന്ദ്രൻ മൃദുഹസിതാനനനായ ജഗാമ ധീമാൻ . 9 : 66
ഇന്ദ്രപ്രസ്ഥം നാമ കുന്തീസുതാനാ -- മിന്ദ്രാവാസത്തിന്നുതുല്യം സമൃദ്ധ്യാ രമ്യം ഗേഹം തത്ര തീർപ്പിച്ചു നൽകീ സമ്മോദേന ദ്വാരകം പ്രാപകൃഷ്ണൻ . 9 : 67
ഉത്സവേനനിജരാജനികേതേ വത്സരം ചില കഴിഞ്ഞദശായാം കന്യകാകുതുകിയാകിയ പാർത്ഥൻ സന്യസിച്ചൊരു ദിനം പുരി പുക്കാൻ . 9 : 68
നിജസഹോദരിയായ സുഭദ്രയെ പ്രജകളുത്സവമങ്ങിയലും വിധൌ വിജയനാശു കൊടുത്തിതു മാധവൻ വിജനദേശേ വിവാഹമഹോത്സവേ . 9 : 69
ഇന്ദ്രപ്രസ്ഥം പ്രവേശിച്ചഥ ഹരിതനയൻ മാധവീജീവനാഥൻ സാന്ദ്രാനന്ദം വസിക്കുന്നളവിലൊരുദിനം ദേവനാനന്ദശാലി സാകം വൃന്ദേന മന്ദേതരമുരുമഹസാ സീരിണാവാരിജാക്ഷൻ ലോകാനന്ദാനുകൂലൻ പ്രിയസഖനഗരം പ്രാപ്യമോദേനവാണാൻ . 9 : 70
കാളിന്ദീപുളിനേ കളിച്ചുമരുവും കാളിന്ദിയെക്കണ്ടുടൻ കാളാംഭോധരവർണ്ണനങ്ങവളുടേ പാണിഗ്രഹം ചെയ്തുടൻ കാളും വഹ്നിയിലാശു ഖാണ്ഡവവനം ഭസ്മീകരിച്ചഞ്ജസാ കേളീകോമളകാമിനീസഹചരൻ ഗേഹംനിജം പ്രാപ്തവാൻ . 9 : 71
അവന്തിരാജ്യാൽതഥ മിത്രവിന്ദാം ജവേന ഗോവിന്ദനുപാഹരിച്ചാൻ ബന്ധിച്ചുടൻ സപ്തവൃഷങ്ങളെത്താൻ സന്തോഷവാൻ സത്യയെ വേട്ടുകൊണ്ടാൻ . 9 : 72
സന്തർദ്ദനാദിസഹജാം മഹനീയശീലാം സന്താനവല്ലിയൊടു തുല്യശരീരശോഭാം ഭദ്രാഖ്യയാം നൃപകുമാരിയെ വേട്ടുദേവൻ ഭദ്രാനുഭാവസുഭഗൻ സുഖമേവ വാണാൻ . 9 : 73
മദ്ധ്യേതോയം വിളങ്ങീടിനശഫരമയം ലക്ഷമസ്ത്രേണഭിത്വാ മദ്രാധീശാത്മജാംവേട്ടിതു ചതുരമഹാ ലക്ഷണാം ലക്ഷണാഖ്യാം ഇത്യേവം ചാരുഭാർയ്യാഷ്ടകമഖിലഗുണ ശ്രേണിരമ്യം ലഭിച്ച -- ങ്ങത്യാനന്ദം രമിച്ചാനുരുവിഭവമഹോ ധന്യനാം വന്യമാലീ . 9 : 74 * ഒമ്പതാം സർഗ്ഗം സമാപ്തം * ------------------------------------
പത്താം സർഗ്ഗം
-----------------------
( നരകാസുരവധം, ശംബാസുരവധം ) ------------------------------
ഭൌമനാം നരകദാനവാധിപൻ ഭീമബാഹുബലശാലിയാമവൻ വാമലോചനകളെപ്പിടുച്ചുടൻ ധാമസീമനിസമൂഹമാക്കിനാൻ . 10 : 1 ശക്രവിക്രമമടക്കിവെച്ചുകൊണ്ടാ -- ക്രമിച്ചു സുരലോകമൊക്കവേ ശക്രദൂതവചനാലതൊക്കവേ ചക്രപാണി ഭഗവാനുമഗ്രഹീൽ . 10 : 2
സത്യഭാമയൊടുകൂടി മാധവൻ പത്രിരാജമധിരുഹ്യ വേഗവാൻ ശത്രുദാനവപുരേ കടന്നുചെന്ന -- സ്ത്രമാരി ചൊരിയും ദശാന്തരേ . 10 : 3
അഗ്നിശൈലജലദുർഗ്ഗമൊക്കവേ ഭഗ്നമായതുധരിച്ചു കോപവാൻ ചഞ്ചലം ബത വെടിഞ്ഞുപാഗമൽ പഞ്ചവക്ത്രനുടനേമുരാസുരൻ . 10 : 4
ചണ്ഡമാമജിതചക്രമേററുടൻ ഖണ്ഡിതം യുധിമുരൻെറ മസ്തകം അഞ്ചുകൂടി ഗിരികൂടസന്നിഭം സഞ്ചലിച്ചഥ പതിച്ചുഭൂതലേ . 10 : 5
ക്രുദ്ധനാം നരകദാനവാധിപൻ യുദ്ധഭൂതലമണഞ്ഞു സത്വരം അസ്ത്രകോടികൾ ചൊരിഞ്ഞു തൽക്ഷണം പത്തുദിക്കുമുടനേമുടക്കിനാൻ . 10 : 6
പക്ഷിരാജനതിഘോരഘോരമാം പക്ഷതാഡനവിധം തുടങ്ങിനാൻ ലക്ഷകോടി ശരമങ്ങൊരിക്കലേ രൂക്ഷനാം നരകനും പ്രയുക്തവാൻ . 10 : 7
പിന്തിരിഞ്ഞു ഗരുഡൻ തദന്തരേ ഹന്തകിഞ്ചനമയങ്ങി മാധവൻ സത്യഭാമ തരസാധനുസ്സുമാ യെത്തിനാളമരവൈരിസന്നിധൌ . 10 : 8
സത്യഭാമയുടെ ശസ്ത്രമേററുടൻ കൃത്തമായി നരകൻെറ വിഗ്രഹം മത്തകാശിനികളോടു തോൽക്കുമോ മത്തനാകിയ മഹാ സുരോത്തമൻ . 10 : 9
" നില്ലുനില്ലു ചപലേ ! നിനക്കഹോ വില്ലെടുക്കയുധിയോഗ്യമല്ലെടോ ചൊല്ലു കേൾപ്പതിനസാദ്ധ്യമെങ്കിൽ ഞാൻ കൊല്ലുവാനിനി മടിക്കയില്ലെടോ ." 10 : 10
ഇത്ഥമുദ്ധതമുരച്ചു സത്വരം യുദ്ധമാശു നരകൻ തുടങ്ങിനാൻ ക്രുദ്ധനാമസുരവൈരി ചക്രമ -- ങ്ങുദ്ധരിച്ചു സമരേ വിളങ്ങനാൻ . 10 : 11
ബദ്ധവേഗമരികൊണ്ടു മാധവൻ കൃത്തമാക്കി നരകൻെറ മസ്തകം തത്ര തത്ഭടജനങ്ങളൊക്കവേ ചത്തുവീണു തരസാ രണാങ്കണേ . 10 : 12
ഭൂമിദേവിയുടെ വാക്കിനാലുടൻ ഭൂമിഭാരഹരൻ അംബുജേക്ഷണൻ ഭൌമജം ച ഭഗദത്തമാദരാൽ ഭൌമരാജ്യപരമേശനാക്കിനാൻ . 10 : 13
തോഷമോടൊരു ഗജത്തെയെന്നിയേ ശേഷമൊക്കെ നിജമാക്കി മാധവൻ കന്യകാജനമനേകമുണ്ടഹോ മുന്നമേ നരകനാലുപാഹൃതം . 10 : 14
തത്ര ഷോഡശസഹസ്രമുണ്ടതും പത്രികേതു ഭവനം പ്രണീതവാൻ പ്രീതി പൂണ്ടദിതികുണ്ഡലദ്വയം ദാതുമിന്ദ്രഭവനം പ്രപന്നവാൻ . 10 : 15
പണ്ടുപോൽ നരകനാലുപാഹൃതം കൊണ്ടുചെന്നദിതികുണ്ഡലം ദതൌ രണ്ടുമാസമമരേന്ദ്രമന്ദിരേ കൊണ്ടൽവർണ്ണനലസാതിരുന്നു താൻ . 10 : 16
കൊണ്ടൽവേണിമണി സത്യഭാമതാൻ കണ്ടു കൌതുകരസേന കാമിതം അണ്ടർകോനുടയ കല്പവൃക്ഷവും കൊണ്ടുപോന്നു ഗരുഡധ്വജൻമുദാ . 10 : 17
സംഗരത്തിനണയും ദിവൌകസാം സംഘമമ്പൊടു ജയിച്ചു മാധവൻ മങ്കമാരിൽമണി സത്യഭാമത -- ന്നങ്കണേ നിഹിതവാൻ സുരദ്രുമം . 10 : 18
തത്ര ഷോഡശസഹസ്രമംഗനാ -- പാണിപീഡന മഹോത്സവം മുദാ ചെയ്‍തുകൊണ്ടു ബഹുരൂപവാനഹോ മാധവൻ നിജപുരേ വിളങ്ങിനാൻ . 10 : 19
നാരദൻമുനി പരീക്ഷ ചെയ്‍വതി -- ന്നാരുമാരുമറിയാതെ വന്നുടൻ വാരിജാക്ഷനുടെ മന്ദിരങ്ങളിൽ ഭൂരികൌതുകരസം പ്രപന്നവാൻ . 10 : 20
നാരിമാരുടെ ഗൃഹങ്ങൾ തോറുമ -- ച്ചാരുഹാസമുഖനാം മുകുന്ദനെ കണ്ടു കണ്ടു മുനി ഹന്തവിസ്‍മയം പൂണ്ടുകൊണ്ടഥ വണങ്ങി വാങ്ങിനാൻ . 10 : 21
മുഗ്‍ധചന്ദ്രമകടാക്ഷവഹ്നിയിൽ ദഗ്‍ധനാകിന മനോഭവൻ തദാ അർഭകത്വമുപഗമ്യ രുഗ്മിണീ -- ഗർഭസീമനി ജനിച്ചിതേകദാ . 10 : 22
ശംബരാസുരനറിഞ്ഞു മായയാ -- ലംബതൻ മടിയിൽനിന്നെടുത്തുടൻ അംബുജേക്ഷണതനൂജനെ ക്ഷണാ -- ലംബുരാശിയിലെറിഞ്ഞു മണ്ടിനാൻ . 10 : 23
മത്സ്യമശ്ശിശുവിനെ ഗ്രസിച്ചുകൊ -- ണ്ടുത്സരിച്ചു പരിതോ മഹാർണ്ണവേ മത്സ്യജീവികളിലങ്ങൊരുത്തനാ -- മത്സ്യമമ്പൊടുലഭിച്ചു തൽക്ഷണം . 10 : 24
ദാശനും വലയിൽനിന്നു വേർപെടു -- ത്താശു ദാശപതിയോടുകൂടവേ അംബുരാശിനികടേ വസിക്കുമ -- ശ്ശംബരാസുരനു കാഴ്ചയാക്കിനാൻ . 10 : 25
നാരദൻെറ വചനേന മുന്നമേ സാരസാക്ഷി രതീദേവിയും മുദാ മായയാ വസതി ശംബരാലയേ മാരസംഗമനുചിന്ത്യ സന്തതം . 10 : 26
പാചകവ്രതമവൾക്കു ജീവിതം നീചനാകുമസുരേണ കല്പിതം " ആയവണ്ണമിതുനീ പചിക്ക യെ -- ന്നായവൾക്കതുകൊടുത്തു ശംബരൻ . 10 : 27
സമുലമായ മകരോദരം തദാ ലീലയാ ബത പിളർക്കുമന്തരേ ബാലചന്ദ്രരമണീയരൂപനാം ബാലനെസ്സപദി കണ്ടുകാമിനി . 10 : 28
പാണികൊണ്ടുടനെടുത്തു ബാലകം മാനിനീമണി വളർത്തിതാദരാൽ നരദൻമുനി ജവേന വന്നുടൻ ചാരുഭാഷിണിയൊടേവമൂചിവാൻ . 10 : 29
" പഞ്ചബാണദയിതേ ! ധരിക്ക നീ പഞ്ചബാണനിവനഞ്ചിതാനനൻ ചഞ്ചലാക്ഷി ! തവ ജീവിതേശ്വരൻ ചഞ്ചലം നഹി വളർത്തുകൊൾക നീ ." 10 : 30
" മുന്നമെന്നുടെ നിയോഗമിപ്പൊഴും നിന്നുടെ ഹൃദയതാരിലില്ലയോ ? നിന്നുടെ രമണനാം മനോഭവൻ നിന്നുപാന്തഭുവി വന്നു സാമ്പ്രതം ." 10 : 31
" സൽഗുണാകരമുകുന്ദനന്ദനൻ രുഗ്മിണീജാരജാതനിന്നിവൻ വൽഗുഭാഷിണി ! വളർക്കനീ ശുഭേ മൽഗിരാ തവ ശിവം ഭവിഷ്യതി ." 10 : 32
" ശംബരാസുരദുരാഗ്രഹങ്ങളെ ശ്ശംബരാന്തകനകററുമാഹവേ " ഇത്തരങ്ങളുരചെയ്തു നാരദൻ സത്വരം ബത മറഞ്ഞു മാമുനി . 10 : 33
രാഗബന്ധമവളിൽദ്ദിനേ ദിനേ വേഗവർദ്ധിതമറിഞ്ഞു ബാലകൻ എന്തുവാനിതിനു ഹേതുവെന്നവൻ ചിന്തചെയ്‍തു രതിയോടു ചൊല്ലിനാൻ . 10 : 34
" അംബ ! നിന്നുടെ കുമാരനല്ലയോ ഹന്ത ഞാ, നതു മറന്നുപോകയോ എന്തിതിങ്ങനെ വിലാസമഞ്ജുളം സന്തതം തവ വിലോകനാദികം ." 10 : 35
" പുത്രലാളനമതിക്രമിച്ചുവ -- ന്നത്രകാണ്മതിനു ബന്ധമെന്തഹോ ?" ഇത്രമാത്രമുരചെയ്തുകേട്ടതി -- ന്നുത്തരം രതിയുമാശു ചൊല്ലിനാൾ . 10 : 36
" എന്നുടെ ഹൃദയവല്ലഭൻ ഭവാ -- നെന്നു നാരദമുനീന്ദ്രനോതിനാൻ ധന്യനാം തവ സുജന്മനോ ബലാ -- ലന്യജന്മമിതു പുഷ്‍പസായക! " 10 : 37
" ശത്രുവായതു നിനക്കു ശംബരൻ പത്രിവാഹനതൂജ ! കേൾക്ക നീ ശംബരാസുരവധം കഴിച്ചുകൊ -- ണ്ടംബുജാക്ഷസവിധേ ഗമിക്ക നാം ." 10 : 38
ഇത്ഥമുള്ള രമണീവചസസ്സു കേ -- ട്ടുദ്ധതം ബത വിളിച്ചു ചൊല്ലിനാൻ " യുദ്ധസീമ്നി വരികാശു ശംബരാ ! സിദ്ധമിങ്ങു തവ ദുഷ്ടചേഷ്ടിതം ." 10 : 39
" അംബുജാക്ഷസുതനാകുമെന്നെ നീ --
യംബുരാശിയിലെറിഞ്ഞതും ദൃഢം ഡംബരം തവ ശമിക്കുമാഹവേ ശംബരാ വരിക പോരിനജ്ഞസാ ." 10 : 40
രുഷ്ടനാം ഹരിസുതൻെറ ഭാഷിതം കേട്ടനേരമഥശംബരാസുരൻ എട്ടു ദിക്കുകളുമങ്ങുതൽക്ഷണം പൊട്ടുമാറലറിവന്നു ചൊല്ലിനാൻ . 10 : 41
" നില്ലു നില്ലു കുമതേ ! കുമാരകാ ! കൊല്ലുവാൻ കിമപി കില്ലുമില്ലെടോ . വില്ലെടുത്തു കുലയും കരേററി നീ നില്ലെടാ യമപുരപ്രവേശനേ ." 10 : 42
" ദുർബ്ബലം തവ കരിമ്പു വില്ലഹോ ദുർമ്മതേ ! കിമതുകൊണ്ടു ജൃംഭസേ ? കണ്ടുകൊൾക തവ കണ്ഠഖണ്ഡനം കൊണ്ടു കീർത്തിവളരുന്നതാശുമേ ." 10 : 43
" കുംഭികുംഭമുടനേ പിളർപ്പതി -- ന്നിമ്പമേറിനൊരു കേസരിക്കഹോ ! കമ്പമെന്തു മൃഗശാബസന്നിധൌ ? കൊമ്പനാനയെ വധിക്കുമോ ശശം ." 10 : 44
ഇത്ഥമങ്ങുടനടുത്തു ശംബരൻ ബദ്ധരോഷ വികൃതാതി ഭീഷണൻ യുദ്ധമാശു ഹരിസൂനുനാ സമം സിദ്ധബാണവികടം തുടങ്ങിനാൻ 10 : 45
മായകൊണ്ടസുരമായ നീക്കിനാ -- നായതാക്ഷനതുനേരമങ്ങവൻ അസ്ത്രമസ്ത്രനികരേണ സംഹരി -- ച്ചസ്‍തശങ്കമമർ ചെയ്തുമേവിനാൻ . 10 : 46
തേരുമായുധശതം തുരഗവും ചാരുവർമ്മ ശരചർമ്മ ചാപവും ഭൂരിസേനകളുമെന്നിതൊക്കവേ പോരിലമ്പൊടു തകർത്തു മന്മഥൻ . 10 : 47
സിംഹതുല്യ ബലമുള്ള ദൈത്യനെ -- സ്സംഹരിച്ചു സമരേസ സൈനികം താരകാരി സമനാത്മ ഭാർയ്യയാ ദ്വാരകാപുരമവാപ മന്മഥൻ . 10 : 48
പ്രദ്യുമ്‍നനും രതിയുമാശു വരുന്നനേരം തദ്ദിക്കിലുളള പുരവാസികൾ സംശയിച്ചു നാരായണൻ വിരവിലേതൊരു നാരിയോടെ പാരാതെഴുന്നരുളി സാമ്പ്രതമെന്നിവണ്ണം . 10 : 49
ഇവനാരു വാനസിത മേഘസുന്ദരൻ ഭുവനൈകവീരനതി ദീർഘലോചനൻ അതികോമളാകൃതി മുകുന്ദനോ ചിരാ -- ദിതി ശങ്കപൂണ്ടു മരുവീതു രുഗ്മിണി . 10 : 50
അഥ തത്ര ചെന്നുടനുവാച നാരദൻ " പ്രഥിതാംഗഭംഗിസുഭഗേ ! വിദർഭജേ ! തവ നന്ദനൻ മദനനേഷ സുന്ദരൻ നവനീലനീരദശരീരകോമളൻ ." 10 : 51
"ചടുലേക്ഷണേ ! കുടിലനായ ശംബരൻ കടലിൽക്കളഞ്ഞു ജനനക്ഷണേ പുരാ അവനെജ്ജവേന കൊലചെയ്തുകൊണ്ടിവൻ തവസന്നിധൌ സപദി വന്നു സുന്ദരൻ ." 10 : 52
" രതിദേവിതാനിവളിവൻെറ വല്ലഭാ ഹിതകാരിണീയമപരന്നു ദുർല്ലഭാ അധുനാനികാമമിവനോടു കൂടി നീ മധുരാനനേ നനു വസിച്ചു കൊൾക നീ ." 10 : 53
ഏവം പറഞ്ഞു നടകൊണ്ടു മഹാമുനീന്ദ്രൻ ദേവൻ മുകുന്ദനഥ രുഗ്മിണിയും തദാനീം പ്രദ്യുമ്‍നനോടുമനിശം രതിദേവിയോടും നിത്യം സുഖിച്ചു നിജരാജഗൃഹേ വസിച്ചു . 10 : 54
പ്രദ്യുമ്‍നനപ്പൊഴുതു രുഗ്മിയുടേകുമാരീം സദ്യോഹരിച്ചിതു വിദർഭനരേന്ദ്ര ഗേഹാൽ പ്രദ്യുമ്‍ന പുത്രനനിരുദ്ധനുടൻ ജനിച്ചാ -- നുദ്യന്നിശാകര സമാനശരീര ശോഭൻ . 10 : 55
അനിരുദ്ധനും സപദി രുഗ്മിയുടേ തനയൻെറ പുത്രിയെ മുദാഹൃതവാൻ തദനന്തരം കിലവിവാഹവിധൌ യദുവൃഷ്ണി വൃന്ദവുമണഞ്ഞുമുദാ . 10 : 56
തത്രോത്സവേ ചൂതുപൊരും ദശായാ -- മത്യന്തകോപേന ഹലായുധൻ താൻ അസംശയം രുഗ്മിയെ നിഗൃഹിച്ചാ -- നസാരമൊന്നില്ലതി കോപനാനാം . 10 : 57
ബാണാസുരൻെറ സുതയങ്ങുഷയെന്നുപേരാ -- മേണാങ്കബിംബമുഖി കന്യകയന്നൊരുന്നാൾ കണ്ടാൾ കിനാവിലനിരുദ്ധനെ ദൈവഗത്യാ വണ്ടാറണിക്കുഴലി പിന്നെയുണർന്നുകേണാൾ . 10 : 58 " ഹാഹന്ത ! കാമകമനീയ ! മനോജ്ഞമൂർത്തേ ! ലോകൈകസുന്ദര ! ഭവാൻ പുനരെങ്ങുപോയി ? " ഏവം വിലാപസമയേ സഖി ചിത്രലേഖ " കോവാത്രകാന്ത " നിതി ചോദ്യമുടൻ തുടർന്നാൾ . 10 : 59
കണ്ടേനഹം കമപി കാമിനി ചിത്രലേഖേ ! കണ്ടാൽ മനോഹരനവൻ നവകാമദേവൻ സ്വപ്‍നം മമാദ്യ സഫലം, വിഫലം ച മന്യേ പിന്നെക്കദാചിദപികണ്ടതുമില്ലെടോ ഞാൻ ". 10 : 60
തത്രാന്തരേ ഭുവനവാസി ജനത്തെയെല്ലാം ചിത്രത്തിലങ്ങെഴുതിനാളവൾ ചിത്രലേഖ . ചിത്രാവലോകന വിധൌ തദനുക്രമേണ തത്രാനിരുദ്ധനെയുമമ്പൊടു കണ്ടു ബാലാ . 10 : 61
കണ്ടാളുഷയ്ക്കജിതപൌത്രവിലോകനം കൊ -- ണ്ടുണ്ടായ കാമരസമമ്പൊടു ചിത്രലേഖ " വേണ്ടാ നിനക്കു മനതാരിലുഷേ ! വിഷാദം, തണ്ടാർശരാത്മജനെ ഞാനിഹകൊണ്ടു പോരാം ." 10 : 62
ഏവം പറഞ്ഞനുസരിച്ചുടനർദ്ധരാത്രൌ ഗോവിന്ദമന്ദിരമണഞ്ഞഥ ചിത്രലേഖ വിദ്യാബലേന കനിനോടനിരുദ്ധനെച്ചെ -- ന്നുദ്യോഗശാലിനി നിഗൂഢമുപാനയിച്ചാൾ . 10 : 63
കുംഭാണ്ഡപുത്രിയുടെ മന്ത്രബലേന വന്നോ -- രംഭോജലോചനതനൂജതനൂജനോടേ സംഭോഗകേളീരമണീയസുഖം ലഭിച്ചാ -- ളംഭോരുഹാക്ഷി നിഭൃതംബത ബാണപുത്രി . 10 : 64
കന്യാഗൃഹത്തിലൊരു ജാരനകത്തു പുക്കാ -- നെന്നുളള കിങ്കരഗിരാ തരസൈവ ബാണൻ ചെന്നാശു ചൂതുപൊരുതും കളിയാടി മേവും നന്ദാത്മജാത്മജതനൂജനെയങ്ങു കണ്ടാൻ . 10 : 65
യുദ്ധായ ചെന്നു കടുകോപവശേന ബാണൻ ബദ്ധാവലേപമനിരുദ്ധനുമങ്ങടുത്താൻ . യുദ്ധേ ജവേന ഭുജഗാസ്ത്രബലേന ബാലം ബദ്ധ്വാ നിഗൂഢമസുരേന്ദ്രനിമം ചകാര . 10 : 66
ആകർണ്ണ്യ നാരദഗിരാ നിജപൌത്രബന്ധം വൈകുണ്ഠനും ബലനുമുൽക്കട കോപമോടെ സന്നദ്ധ യാദവസമൂഹസമന്വിതന്മാർ ചെന്നാശു ശോണിതപുരം പരിതോവളഞ്ഞാർ . 10 : 67
ബാണാസുരേശ്വേരപുരീപരിരക്ഷിതാവാ -- മേണാങ്കശേഖരനണഞ്ഞു രണം തുടങ്ങി . പ്രദ്യുമ്‍നനും ഗുഹനുമമ്പൊടു തമ്മിലേററു സദ്യോഥ മാധവനുമാപതിയോടുമേററു . 10 : 68
കുംഭാണ്ഡനും മുസലിയും കലഹം തുടങ്ങീ കുഭോദരാദിഗണമാസുരസേനയോടേ ഗംഭീരഭൃംഗിരിടി ഭൃംഗി ഭുജംഗരാജ -- കുഭീന്ദ്രവക്ത്ര ഗളഗർജ്ജിതമെത്ര ഘോരം . 10 : 69
മടുമലർശരവൈരിവൃന്ദമെല്ലാം ഝടിതി പടയ്ക്കുമടങ്ങി ദൂരെവാങ്ങി പടുമതി ബലിനന്ദനൻ കടന്ന -- ങ്ങുടനടലിന്നു തുടങ്ങി കൃഷണനോടായ് . 10 : 70
അഞ്ഞൂറുവില്ലുകളശേഷമുടൻ മുറിച്ചു കുഞ്ജായതേക്ഷനണഞ്ഞു രണാങ്കണാന്തേ യുദ്ധംതടുപ്പതിനു കോട്ടവി വന്നുനിന്നാൾ മദ്ധ്യേ സഹസ്രഭുജനോടിയൊളിച്ചു പോയാൻ . 10 : 71
ശൈവജ്വരം ഗുരുതരം ത്രിശിരസ്സടുത്തു വൈവശ്യമാശു മുരവൈരിബലേ ഭവിച്ചു . വിഷ്ണുജ്വരം സപദിവന്നവനെജ്ജയിച്ചു കൃഷ്ണൻെറ കാൽക്കലപരജ്വരവും നമിച്ചു . 10 : 72
ശൈവജ്വരത്തോടരുൾചെയ്തു കൃഷ്ണൻ വൈവശ്യമെല്ലാം തവപോരുമിപ്പോൾ നമ്മെ സ്‍മരിക്കും മനുജർക്കുപോലും ചെമ്മേജ്വരക്ലേശമതില്ല നൂനം . 10 : 73
ഭൂയോപി ബാണദനുജൻ ദനുജാരിയോട -- ങ്ങായോധനം ഘനമദേന തുടർന്നനനേരം ചണ്ഡങ്ങളാമുടനവൻെറ ഭുജങ്ങളെല്ലാം ഖണ്ഡിപ്പതിന്നു മധുസൂദനനും തുടങ്ങി . 10 : 74
മഹാദേവവാചാ മഹാവീരനപ്പോൾ ഇഹോ നാലു ബാഹുക്കൾ മാത്രം കൊടുത്തു . മഹാഭക്തി പൂണ്ടങ്ങു ബാണാസുരൻ താൻ മഹാവിഷ്ണുരൂപം വണ്ങ്ങി സ്തുതിച്ചാൻ . 10 : 75
" നമസ്തേ ദയാവാരിരാശേ ! മുരാരേ ! നമസ്തേ മഹാവീര ! ഗോവിന്ദ ! വിഷ്ണോ ! സമസ്‍താപരാധം ക്ഷമിക്കേണമേ നീ സമസ്‍താന്തരംഗേ വിളങ്ങുന്ന മൂർത്തേ !" 10 : 76
" നവാംഭോദമൂർത്തേ, മദീയാം തനൂജാം ഭവൽപുത്രപുത്രന്നു നൽകുന്നു ഞാനും അവൻ വേട്ടു കൊള്ളേണ മസ്‍മൽക്കുമാരീം." മീവണ്ണം പറഞ്ഞാശു നൽകി തനൂജാം . 10 : 77
സാനന്ദം വാസുദേവൻ സരസതരമുഷാ -- കാന്തനാം പൌത്രനോടും നാനാ വൃന്ദങ്ങളോടും ഹലധരമുഖമാം വൃഷ്ണിസംഘത്തിനോടും സാകം ഗത്വാ സമോദം ജലധിവലയിതം മന്ദിരം സുന്ദരാംഗോ ലോകം പാലിച്ചു ലീലാമനുജനനുദിനം മിത്രവാനത്രവാണാൻ . 10 : 78
** പത്താം സർഗ്ഗം സമാപ്തം ** -----------------------------------------
പതിനൊന്നാം സർഗ്ഗം -------------------------------- (നൃഗമോക്ഷം, ജരാസന്ധവധം) -------------------------------------- തദന്തരേ കാനനകേളി കൌതുകാൽ പദേപദേ കൃഷ്ണകുമാരരൊക്കവേ മുദാ നടന്നുതശൈലസന്നിധൌ തദാ മഹാകൂപതടം പ്രപേദിരേ . 11 : 1
ഒരോന്തിനെക്കണ്ടിതു , കുണ്ടിൽ വീണുടൻ കരേററുവാൻ കൌശലഹീനമാകുലം , കരേററുവാനും വശമല്ല ബാലകർ -- ക്കനന്തരം കേട്ടെഴുനെളളി മാധവൻ . 11 : 2
സമുദ്ധരിച്ചാനഥ ദേവകീസുതൻ സമക്ഷമേ സർവ്വകുമാരസന്നിധൌ സ്‍ഥുടം തദാനീം കൃകലാസവിഗ്രഹം വെടിഞ്ഞുശോഭിച്ചിതു രാജവിഗ്രഹം . 11 : 3
വണങ്ങി നിന്നങ്ങുരചെയ്തു മന്നവൻ " ഗുണാംബുധേ ! ലോകപതേ ! നമോസ്തുതേ നൃഗാഖ്യനാം ക്ഷത്രിയനേഷ ഞാൻ പുരാ യുഗാന്തരേ , കേട്ടരുൾകെൻെറ കില്ബിഷം ." 11 : 4
" വിളങ്ങുമാറമ്പൊടു കൊമ്പുരണ്ടുമ -- ക്കുളമ്പുനാലും കനകേന കെട്ടി ഞാൻ പശുക്കളെപ്പൂർവ്വമസംഖ്യ മേകിനേൻ വിശുദ്ധ വിപ്രപ്രവരക്കുനേകധാ " 11 : 5
" പടുത്വമേറുന്നൊരു ഭൂസുരന്നു ഞാൻ കൊടുത്ത ഗോവൊന്നിഹ വന്നുകൂടിനാൾ ഉടൻഗ്രഹിക്കാതതിനെപ്പിടിച്ചഹോ ! കൊടുത്തുപോയ് പിന്നൊരു ഭൂസുരന്നു ഞാൻ ." 11 : 6
" തദന്തരേ ഗോവുടയോരു ഭൂസുരൻ മദന്തികേ വന്നുരചെയ്തു കോപവാൻ ഇതെന്തടോ ദത്തപരീഗ്രഹാഗ്രഹം കൃതംത്വയാ , നന്നിതു നന്നുദുർമ്മതേ ?" 11 : 7
" കനക്കവേ ലുബ്‍ധനതായ ഭൂപതേ ! നിനക്കു ദാനത്തിനു ദീനമില്ലെടോ ! പശുക്കളോ വല്ലതുമൊന്നു കൊണ്ടു നീ പലർക്കു നൽകിപ്പരലോകമീഹസേ ." 11 : 8
" അനന്തരം ഞാനുരചെയ്തു സാദരം ധനം തരാം , ധേനുസഹസ്രവും തരാം എനിക്കു ബന്ധം ഗ്രഹിയായ്‍കകൊണ്ടിദം ജനിച്ചു ഹേഭൂസുര !, കൈതൊഴുന്നു ഞാൻ ". 11 : 9
" ഇതൊന്നുമെന്നോടുരചെയ്ക വേണ്ട നീ ഹിതം നമുക്കുളളതു മാത്രമേകിനാൽ " ഇതിക്രുധാമാമുര ചെയ്‍തു ഭൂസുരൻ തതോഅ്ഹമന്യ ദ്വിജനോടു ചൊല്ലിനേൻ . 11 : 10
" ഇതിന്നു പകരം ലക്ഷം പശുത്തരാ -- മിതിങ്ങു തന്നാലുമേടോ മഹീസുര !" " ഇതിന്നുവേണ്ടിപ്പകരം തരേണ്ട നീ,-- യിതെൻെറ ഗോ" വെന്നവനും മഹാശഠൻ 11 : 11
" വിഷണ്ണനായി സ്ഥിതിചെയ്തു തത്രഞാൻ വിഷം കണക്കെക്കടുകോപി ഭൂസുരൻ ശപിച്ചു മൽഗോവിനെ മറെറാരുത്തനായ് കൊടുത്തനീയും കൃകലാസമായ് വരും ." 11 : 12
" കുഴിഞ്ഞ പൊട്ടക്കിണറിന്നകത്തു നീ പതിച്ചുപോകെ" ന്നരുൾചെയ്തു ഭൂസുരൻ ഗമിച്ചു ഞാനും പുനരോന്തുരൂപനായ് പതിച്ചു കൂപത്തിലിതിങ്ങനേ കഥ ". 11 : 13
" മമാധുനാ ത്വൽക്കരപത്മസംഗമാൽ പ്രമാർജ്ജിതം പാതകമിന്ദിരാപതേ ! നമോസ്തുതേ ദേവ! ദയാപയോനിധേ ! നമോസ്തുതേ നാഥ! നമോ നമോസ്തു തേ ." 11 : 14
ഇതിസ്തുതിക്കും നൃപനോടു മാധവൻ സ്മിതാർദ്രമൂചേ "ശുഭമസ്തു ഭൂപ! തേ ഗമിക്ക നീ സാമ്പ്രത മാത്മമന്ദിരേ സമൃദ്ധിസമ്പത്തു ഭവിക്കുമാശു തേ." 11 : 15
നമിച്ചു ഭൂയോപി ഗമിച്ചു മന്നവൻ ഗമിച്ചു ഗോവിന്ദനുമാത്മമന്ദിരം അശേഷവൃഷ്ണ്യന്ധകയാദവാദികാ -- നശേഷ ലോകാധിപനേവമൂചിവാൻ . 11 : 16
" നൃഗൻെറ ശാപത്തിനു ഹേതു കേട്ടിതോ, ജഗത്തിലീ ബ്രാഹ്മണരേകദൈവതം അടക്കൊലാ ബ്രാഹ്മണവിത്തമേവനും മുടക്കൊലാ ബ്രാഹ്മണകർമ്മമൊന്നുമേ ." 11 : 17
" മഹീതലേ ബ്രാഹ്മണ ഭക്തിയുളളവൻ മഹാനുഭാവൻ മനുജൻ മമ പ്രിയൻ മമ പ്രസാദത്തിനു വാഞ്ഛയുളളവൻ മഹീസുരപ്രീതി വരുത്തിയാൽ മതി ." 11 : 18
" അവർക്കു നൽകുന്നതെനിക്കതിപ്രിയം ശിവാദിമൂർത്തിത്രയമായതന്തണർ അവർക്കു ചെന്നപ്രിയമാചരിച്ചവൻ ജവേന വീഴും നരകാന്തഗഹ്വരേ ." 11 : 19
" ഗുരുത്വമേറുന്ന മഹാമഹീസുരൻ വരുന്ന നേരത്തെഴുന്നേററു നിൽക്കയും വരിച്ചു പൂജിച്ചു വണങ്ങി വാഴ്‍കയും ഹരിക്കുമീശന്നു മജന്നുമർച്ചനം ." 11 : 20
മുകുന്ദനിത്ഥം പരമാർത്ഥവാക്കുകൊ -- ണ്ടകണ്ഠഭക്തിപ്രവണത്വമേകിനാൻ തദാഗമിച്ചു ബലഭദ്രരാമനും മുദാന്വിതോ ഗോകുലവാടമേകദാ . 11 : 21
കളിച്ചു ഗോപീജനവാസമന്ദിരേ കളിന്ദജാതീരവനേഗമിച്ചുടൻ വിളിച്ചനേരത്തു വരാഞ്ഞു സൂർയ്യജാ-- മദംശമിപ്പിച്ചു സുഖിച്ചു മേവിനാൻ . 11 : 22
അനന്തരം പൌണ്ഡ്രകവാസുദേവനാ -- ലനന്തഗേഹത്തിലയച്ച ദൂതനും മുരാരിയെച്ചെന്നു വണങ്ങി നിന്നുടൻ നിരാകുലം വാചക മേവമൂചിനാൻ . 11 : 23
" പരാക്രമീ പൌണ്ഡ്രക വാസുദേവനാ -- ണൊരർത്ഥമിത്ഥം പറവാനയച്ചു മാം "ധരിക്ക നീ കേശവ ! വാസുദേവനെ -- ന്നൊരുത്തനിന്നുളള സമർത്ഥനേഷ ഞാൻ" . 11 : 24
" കരത്തിലുണ്ടിന്നിഹ ശംഖുചക്രവും കരുത്തുചേരുന്ന ഗദാസരോജവും. ഉരസ്ഥലേ കൌസ്തുഭവന്യമാലയും തരത്തിൽ വേണ്ടുന്നതശേഷമുണ്ടുമേ ." 11 : 25 " 'അഹം ജഗന്നാഥ' നിതി ഭ്രമിച്ചു നീ -- യഹങ്കരിക്കേണ്ട, ഗമിച്ചു കൊൾകനീ ഇതൊക്കെ വന്നിങ്ങുരചെയ്വതിന്നുടൻ ഹിതോപദേശം പറയുന്നു പൌണ്ഡ്രകൻ ." 11 : 26
വിസൃജ്യ തം ദൂതനെ വീതസംശയം വിസൃത്വര ക്രോധഭരേണ മാധവൻ യദുപ്രവീരോത്ഭട സേനയാ സമം തദാ ജവാൽ പൌണ്ഡ്രകവാസമാപ്തവാൻ . 11 : 27
മഹാജളൻ പൌണ്ഡ്രകവാസുദേവന -- ങ്ങഹോ വസിച്ചാൻ മധുവൈരിവേഷവാൻ അണിഞ്ഞിരിക്കുന്നവനക്കണക്കിനേ ഫണീന്ദ്രതല്പം പണിചെയ്‍തുമെല്ലവേ . 11 : 28
കരദ്വയം ദാരുമയം ധരിച്ചുകൊ -- ണ്ടുരുപ്രകാശം മണികൊണ്ടു കൌസ്തുഭം . ഒരുത്തിയപ്പൂമകൾ മറെറാരുത്തിയെ -- ദ്ധരിത്രിയാക്കീട്ടിരുഭാഗമങ്ങനെ . 11 : 29
വെളുക്കനെശ്ശംഖ്യമിരുമ്പുചക്രവും വിളങ്ങുമാകൃത്ത്രിമകുണ്ഡലങ്ങളും ഇതൊക്കവേ കണ്ടു സരോഷമച്യുതൻ വധിപ്പതിന്നാശു സമീപമാപ്തവാൻ . 11 : 30
മരക്കരം തന്നിലിരുമ്പുചക്രവും ധരിച്ചടുത്തീടിന പൌണ്ഡ്രകാധമം സുദർശനംകൊണ്ടു വധിച്ചു മാധവൻ തദീയസൈന്യം ച വിനഷ്ടമാക്കിനാൻ . 11 : 31
തദീയമിത്രം കില കാശി ഭൂപനെ -- ത്തദാലയം പ്രാപ്യ ഹനിച്ചു തൽക്ഷണം മുദാ നിജദ്വാരവതീ നികേതനം തദാ സദാനന്ദമയൻ പ്രപന്നവാൻ . 11 : 32
തദന്തരേ കാശിനരേന്ദ്രനന്ദനൻ സുദക്ഷിണൻ താത വിനാശദു:ഖിതൻ ഗിരീശനെച്ചെന്നു തപസ്സുചെയ്തുടൻ കരാളയാം കൃത്യലഭിച്ചിതേകതാ . 11 : 33
മുരാരിഗേഹത്തിലണഞ്ഞു കൃത്യയും ദുരാത്തവേതാളകഭൂതവൃന്ദവും മുരാരിതാൻ ചൂതുപൊരും ദശാന്തരേ നിരാകുലം ചക്രമയച്ചു തൽക്ഷണം . 11 : 34
സുദർശനം ചെന്നു ജവേന കൃത്യയെ -- ദ്ദഹിച്ചു, പായിച്ചിതു ഭൂതവൃന്ദവും സുദക്ഷിണം കാശിപുരം ച ചുട്ടെരി -- ച്ചുദാരമിന്ദ്രാനുജപാർശ്വമാഗതം . 11 : 35
ചിരേണ ഗോപീസഹിതൻ ഹലായുധൻ പുരേ സമാഗമ്യ രമിക്കുമന്തരേ പുരം പ്രപേദേ നരകസ്യ ബന്ധുവാം വിരോധശാലീ വിവിദപ്ലവംഗമൻ . 11 : 36
സമുദ്രതോയത്തിലിറങ്ങിനിന്നുടൻ സമന്തതോ വാരി ചൊരിഞ്ഞു വാനരൻ പുരങ്ങളും നല്ല മരങ്ങളും തദാ പുഴക്കിവീഴിച്ചു മുടിച്ചു ഭൂതലം . 11 : 37
ഗൃഹങ്ങളിൽപ്പുക്കു ഗൃഹസ്‍തരെത്തദാ പിടിച്ചുകൊന്നാശു കടിച്ചുതിന്നുടൻ മഹാഗ്രഹാരം ബത കൊളളിവെച്ചു കൊ -- ണ്ടഹോ ശഠൻ ദ്വാരവതീമുപേതവാൻ . 11 : 38
നതാംഗിമാരോടൊരുമിച്ചു കാനനേ കൃതാർത്ഥചേതാമധുപാനലീലയാ കളിച്ചുവാണൂ ബലഭദ്രനെന്നറി -- ഞ്ഞൊളിച്ചു ചെന്നൂ വിവിദൻ മഹാബലൻ . 11 : 39
വിളിച്ചു മെല്ലെക്കളവാണിമാർക്കു പ -- ല്ലിളിച്ചു കാട്ടിത്തരുശൃംഗമേറിനാൻ അടുത്തുചെന്നമ്പൊടു മദ്യകുംഭമ -- ങ്ങെടുത്തു സേവിച്ചു മദിച്ചുമേവിനാൻ . 11 : 40
വലീമുഖൻതന്നുടെ വമ്പുകൊണ്ടഹോ വിലാസിനീനാം വിവശത്വസംഭ്രമം വിലോകനം ചെയ്തു വിവൃദ്ധകോപനാം ഹലായുധൻ തൻമുസലം ഗൃഹീതവാൻ . 11 : 41
" അടുത്തുവാ കീശപശോ ! വിനാശമി -- ന്നടുത്തുതേ ചാപലകർമ്മകാരണാൽ തടുത്തുകൊൾ" കെന്നരുൾചെയ്തു തൽക്ഷണം കൊടുത്തു തന്മസ്‍തകസീമ്‍നി താഡനം . 11 : 42
തുടങ്ങി യുദ്ധം ബലനും പ്ലവംഗവും നടുങ്ങി ഭൂമണ്ഡലമദ്രിജാലവും അടിച്ചുമോടിച്ചുമിടിച്ചുമൂഴിയിൽ പ്പിടിച്ചുവീഴിച്ചുമിഴച്ചുമീവിധം . 11 : 43
ഹലായുധൻ തൻെറ വെളുത്ത വിഗ്രഹം വലീമുഖാംഗക്ഷതജം തെറിക്കയാൽ സ്‍ഫുരൽ പ്രഭാതാർക്കമരീചിലിപ്‍തമാം ശരൽഘനംപോലെ വിളങ്ങിസംഗരേ . 11 : 44
ഘനത്വമേറും മുസലേന നിഷ്‍ഠൂരം ഹനിച്ചുസീരീ കൊലചെയ്‍തുവാനരം ജനിച്ചസംരംഭമടക്കി മെല്ലവേ തനിച്ച മോദേന രമിച്ചുമേവിനാൻ . 11 : 45
അനന്തരം ജാംബവതീകുമാരകൻ മനസ്വി സാംബൻ കുരുരാജകന്യകാം സ്വയംവരേ ചെന്നുഹരിച്ചു, തൽക്ഷണം സുയോധനൻ ചെന്നു പിടിച്ചുകെട്ടിനാൻ . 11 : 46
അതങ്ങുകേട്ടാഗതനാം ഹലായുധൻ ഹിതം പറഞ്ഞു, നിരസിച്ചു കൌരവൻ കലർന്നുകോപം ബത ഹസ്‍തിനാപുരം ബലൻ ഹലംകൊണ്ടു കുലുക്കിമെല്ലവേ . 11 : 47
പറിച്ചു വേഗേന സുരാപഗാജലേ മറിപ്പതിന്നാശു തുടങ്ങുമന്തരേ വിറച്ചു ദുർയ്യോധനവൃന്ദമൊക്കവേ വിരഞ്ഞു തൽപാദയുഗേ വണങ്ങിനാർ . 11 : 48
മുദാ ച സാംബന്നഥ ലക്ഷണാഖ്യയാം നിജാത്മജാമാശുകൊടുത്തു കൌരവൻ പ്രസന്നനായമ്പൊടു രോഹിണീസുതൻ പ്രഗൃഹ്യപുത്രം നിജഗേഹമാപ്തവാൻ . 11 : 49
കദാപി സൂർയ്യഗ്രഹണേ യദൂത്തമൻ സദാരനായിട്ടു സമന്തപഞ്ചകേ ഹിരണ്വതീ തീർത്ഥജലേ കുളിച്ചുടൻ ഹിരണ്യദാനം ബഹു ചെയ്തിദാരാൽ . 11 : 50
തദന്തരേ പാണ്ഡുതനൂജരൈവരും തദന്തികേ വന്നിതു യാജ്ഞസേനിയും ഹൃദന്തരേ കൌതുകഭാര ഗൌരവാ -- ലുദന്തമോരോന്നുരചെയ്‍തു മേവിനാർ . 11 : 51
കദാപി പാഞ്ചാലി പറഞ്ഞറിഞ്ഞുപോ -- ലുദാരതത്ത്വം മധുവൈരീപത്നിമാർ മുദാകുറഞ്ഞൊന്നു വസിച്ചു മാധവൻ തദാലയം പുക്കിതു വല്ലഭായുതൻ . 11 : 53
മുകുന്ദനമ്പാടിയിലങ്ങു ചെന്നുതാ -- നകണ്ഠഗോപീ ജനകേളിലാളിതൻ വസിച്ചു മാസത്രിതയം യഥാസുഖം രസിച്ചഥ ദ്വാരവതീമുപേയിവാൻ . 11 : 53
തതോ ജരാസന്ധനരാധിനാഥനാ -- ലതീവ ബന്ധിച്ചുഴലുന്ന ഭൂപരാൽ നിയുക്തനാം ദൂതനുമേക വാസരേ വിമുക്തനാം നാരദനും സമായയൌ . 11 : 54
പറഞ്ഞു ദൂതൻ നൃപസംഘ സങ്കടം പറഞ്ഞു കുന്തീസുത വ്ഞ്ഛിത:മുനി അറിഞ്ഞു രണ്ടും ബത ദേവകീസുതൻ പറഞ്ഞു " രണ്ടും ബത ഹേയമല്ലിത് ". 11 : 55
" ഹിതം ജരാസന്ധവധം നമുക്കഹോ ഹിതം പൃഥാനന്ദന രാജസൂയവും , ഇതാശു രണ്ടും കരണീയമാകയാ -- ലിതൊന്നിനാൽ മററതു കൂടവേ വരും ". 11 : 56
" അതിന്നു ധർമ്മാത്മജ യാഗരക്ഷണേ കൃതേ ജരാസന്ധ വധം ച സാധയേ " ഇതി ദ്രുതം നിശ്ചിത ചിത്തനച്യുതൻ യുധിഷ്ഠിരൻ തന്നുടെ മന്ദിരം യയൌ . 11 : 57
പുരന്ദരപ്രസ്ഥപുരത്തിലെത്തിനാൻ മുരാരിദേവൻ നിജദാരസംയുതൻ തതോഥ താനും ബത ഭീമസേനനും സിതാശ്വനും മൂവരുമേക ചേതസാ . 11 : 58
ദ്വിജേന്ദ്രവേഷേണ ഗമിച്ചു മാഗധം നികേതനം , യുദ്ധമിരന്നു മൂവരും ക്ഷണം ജരാസന്ധനുമാശു ഭീമനും രണം തുടങ്ങീ ഗദയാ ഭയങ്കരം . 11 : 59
ഉപേന്ദ്രലീലാകപടോപദിഷ്ടമാ -- മുപായ ലാഭേന സമീരണാത്മജൻ രണേജരാസന്ധനുടേ കളേബരം ക്ഷണേന കീറിഗ്ഗതജീവമാക്കിനാൻ . 11 : 60
കാരാഗൃഹത്തിലുഴലും നൃപസംഘമെല്ലാം പാരാതെ ബന്ധനമഴിച്ചു പറഞ്ഞയച്ചു . തൽപുത്രനായ സഹദേവനു നൽകിരാജ്യം കെല്പോടുപോന്നു പുരുഷോത്തമനാത്തമോദം . 11 : 61
രാജാധിരാജവരനമ്പൊടു രാജസൂയം രാജൽപ്രതാപഗുണമാശു തുടർന്നനേരം രാജീവലോചനമനേകമഹാസഭായാം പൂജിച്ചു ധർമ്മരതനാകിയ ധർമ്മജന്മാ . 11 : 62
" ഭൂപാലജാലമിഹ നോക്കിയിരിക്കവേതാൻ ഗോപാലനോ സമുചിതം വിധിനാഗ്ര്യപൂജ ?" ഇത്ഥം ദുഷിച്ചു ശിശുപാലനടുത്ത നേരം യുദ്ധം തുടർന്നിതു ധനഞ്ജയനാത്ത കോപം . 11 : 63
ചക്രായുധൻ ഝടിതി രോഷ കഷായിതാക്ഷൻ ചക്രേണ ചേദിപതി കണ്ഠതലം മുറിച്ചു . ജന്മത്രയം ബത കഴിച്ചു ജയൻ തദാനീം ചെമ്മേ സനാതന ജനാർദ്ദനനോടു ചേർന്നു . 11 : 64
രാജരാജനഥ ധർമ്മ തനൂജൻ രാജസൂയമഖമമ്പൊടു കൃത്വാ രാജമാനമയനിർമ്മിതമാകും രാജമണ്ഡപമുപേത്യ വസിച്ചാൻ . 11 : 65
കോമളാകൃതി ജഗൽപതി താനും ഭീമപാർത്ഥനകുലാദികളെല്ലാം യാജ്ഞസേനിയുമനേകമനേകം പ്രാജ്ഞവൃന്ദവുമിയന്ന സഭായാം 11 : 66
ജലസ്ഥലഭ്രാന്തി വരുന്ന ദിക്കിൽ ജളത്വമേറുന്ന സുയോധനൻ താൻ ഞളിഞ്ഞു വന്നാനവനീർഷ്യയോടെ ജലത്തിൽ വീണങ്ങു രുഷാ ഗമിച്ചാൻ . 11 : 67
അക്കാലം സാല്വഭൂപൻ പുരരിപുഭജനം ചെയ്തു സൌഭം വിമാനം ലബ്‍ധ്വാ യുദ്ധായ ചെന്നാൻ മധുരിപുനഗരേ ഭൂരിസൈന്യങ്ങളോടെ പ്രദ്യുമ്നൻ താനടുത്തമ്പൊടു പടനടുവിൽ ക്കൊന്നു തന്മന്ത്രിരാജം യുദ്ധം സാല്വേന ചെയ്താനിരുപതു ദിവസം സപ്‍ത ഭൂയോ ദിനാനി . 11 : 68
കാലേസ്മിൻ നീലവാസസ്സഹിതനഹിതമാ -- തംഗസംഹാരസിംഹോ ലീലാഗോപാലരൂപീ മുരരിപു തരസാ വന്നു യുദ്ധം തുടങ്ങീ ഭിത്ത്വാ സൌഭംവിമാനം ജലനിധിയിലെറി -- ഞ്ഞാശു ചക്രേണ ചക്രീ ഹത്വാ സാല്വക്ഷിതീശം തദനു തദനുഗം സൈന്യവും ജന്യഭൂമൌ . 11 : 69
നിൽക്കുന്നേരത്തടുത്താനതിപരുഷരുഷാ -- ക്രാന്തനാം ദന്തവക്ത്രൻ വിക്രാന്ത്യാ തംച പഞ്ചാനനമിവഗയോ കൊന്നുടൻ നന്ദജന്മാ ക്ഷിപ്രം ജന്മത്രയാന്തേ വിജയമപിനിജം ധാമ നീത്വാ തദാനീം വിപ്രാദീൻ പാലയിത്വാ സുഖമിഹനഗരേ മേവിനാൻ ദേവദേവൻ . 11 : 70
കൃഷ്ണാകേശാംബരാകർഷണ വിഷമദശാ -- ബാന്ധവൻ സിന്ധുശായീ കൃഷ്ണൻ വൃഷ്ണി പ്രവീരൻ പുനരപിച പതി -- മ്മൂന്നു വർഷാവസാനേ ദൂതോ ഭൂത്വാ കുരൂണാം പുരി കുരുസുതനോ -- ടുക്തയുക്തി പ്രസംഗാൽ ജാതക്രോധം ധരിച്ചാനരി ഭടപടലീ -- നശ്വരം വിശ്വരൂപം . 11 : 71
ഘോരേ ഭാരതസംഗരേ വിജയനാം വീരൻെറ തേരിൽസ്സദാ ചാരുത്വം കലരുന്ന സാരഥി പദം കൈക്കൊണ്ടു ചക്രായുധൻ ഭീഷ്മദ്രോണകൃപാദികൾക്കു നിതരാം മോക്ഷം കൊടുത്തീടിനാൻ ഭീമാരാതി വിനാശനേന ധരണീ -- ഭാരം ചുരുക്കീടിനാൻ . 11 : 72
യുദ്ധാരംഭേ പുറപ്പെട്ടിതു മുസലധരൻ തീർത്ഥസേവാർത്ഥമപ്പോൾ ഗത്വാ തൽ നൈമിശാഖ്യം വനമൃഷികളുടേ വന്ദനം ചെയ്തു ഭക്ത്യാ കണ്ടപ്പോളങ്ങനുത്ഥായിനമധികരുഷാ സൂതനെക്കൊന്നുവേഗാ -- ലുണ്ടായിതാർദ്രഭാവം പുനരപിച തദീ -- യാത്മജം സൂതനാക്കി . 11 : 73
നിത്യംവന്നു മഖംമുടക്കിന മഹാ ദുഷ്‍ടാശയം നിഷ്‍ഠൂരം ഹത്വാ പർവ്വണി വൽക്കലാസുരവരം യാഗം പുന: പാലയൻ കാവേരീം ച സരസ്വതീം ച യമുനാം ഗംഗാം ച ഗോദാവരീം സേവിച്ചമ്പൊടു പുണ്യവാനഥ കുരു -- ക്ഷേത്രം നിജം പ്രാപ്‍തവാൻ . 11 : 74
തൽക്കാലം ഭീമദുർയ്യോധനഘനസമരം കണ്ടഹോ രണ്ടുപേർക്കും ചൊൽക്കീഴില്ലെന്നുറച്ചമ്പൊടു സപദിയയൌ ദ്വാരകാം സീരപാണി: യുദ്ധേ തസ്മിൻ സമാപ്തേ ഗുരുതരപരുഷ -- ദ്രോണപുത്രാസ്ത്രവഹ്നി -- പ്രദ്ധ്വംസത്തിന്നു ഭക്തപ്രിയനഥ ഭഗവാ -- നുത്തരാഗർഭമാപൽ . 11 : 75
ശുദ്ധബ്രഹ്മം പ്രവേശിച്ചിതു ബതമതിമാ -- നാശു ഗംഗാതനൂജൻ സിദ്ധാന്തം ഹന്തസാധിച്ചിതു സകലമലം ധർമ്മവാൻ ധർമ്മജന്മാ സാധിപ്പിച്ചു മുകുന്ദൻ പുനരവനുമുദാ തത്ര മൂന്നശ്വമേധം സാധുശ്രീദ്വാരകായാംപുരി പരമസുഖം മേവിനാൻ കേവലാത്മാ . 11 : 76 * പതിനൊന്നാം സർഗ്ഗം സമാപ്തം * ----------------------------------------------------
പന്ത്രണ്ടാം സർഗ്ഗം -------------------------- (കുചേലവൃത്തം, സന്താനഗോപാലം) --------------------------------------
സുചേഷ്ടിതം കൊണ്ടു ജഗൽ പ്രസിദ്ധൻ കുചേലനെന്നുള്ളൊരു ഭൂമിദേവൻ വശിത്വമുൾക്കൊണ്ടു മഹാദരിദ്രൻ വസിച്ചു സാന്ദീപനി വാസദേശേ . 12 : 1
വിശപ്പുകൊണ്ടാശു തളർന്നുമേവും ശിശുക്കളെക്കണ്ടു വിഷാദമോടേ വിശുദ്ധനാം ഭൂസുരനോടു ചൊന്നാ - ളശങ്കിതം ഭൂസുരധർമ്മപത്നി . 12 : 2
ദരിദ്രനെന്നാകിലുമത്രമാത്രം കരത്തിലില്ലാത്ത ജനം ചുരുക്കം ധരിക്ക നീ നാഥ! നമുക്കിദാനീ -- മൊരിക്കലഷ്‍ടിക്കു മുപായമില്ല ." 12 : 3
" ഇല്ലങ്ങളിൽച്ചെന്നു നടന്നിരന്നാ --
ലില്ലെന്നു ചൊല്ലുന്ന ജനങ്ങളേറും . അല്ലെങ്കിലാഴാക്കരി നൽകുമപ്പോൾ നെല്ലെങ്കിൽ മൂഴക്കതു മന്തിനേരം." 12 : 4
"ഉഴക്കു ചോർകൊണ്ടൊരു വാസരാന്തം കഴിക്കുമഞ്ചാറു ജനങ്ങളിപ്പോൾ കിഴക്കുദിക്കും പൊഴുതാത്മജന്മാർ കഴൽക്കുകെട്ടി കരയുന്നു കാന്ത !" 12 : 5
" മററുളളതെപ്പേരുമെടുത്തുവിററും കൊററിന്നു നൽകുന്നു ഗൃഹസ്ഥരെല്ലാം മുററും ഭവാനുണ്ണികളെപ്പുലർത്താ -- നൊട്ടും മനസ്സില്ല മഹീസുരേന്ദ്ര! " 12 : 6
" അപേക്ഷയുള്ളോരു ജനത്തിനെല്ലാ --
മുപേക്ഷ കൂടാതെ കൊടുക്കുമീശൻ മനക്കുരുന്നിൽ കനിവുളള കൃഷ്ണൻ നിനക്കു പണ്ടേ സഖിയെന്നു കേൾപ്പൂ." 12 : 7
" വിവാഹമീരെട്ടുസഹസ്രമെട്ടും വിധിക്കുചേരും പടി ചെയ്തവൻപോൽ അവർക്കുവേണ്ടുന്ന വിഭൂതിയെല്ലാ -- മവൻ കൊടുക്കുന്നു നിരന്തരം പോൽ." 12 : 8
" ഗമിക്ക നീ ചെന്നിഹ കണ്ടുപോന്നാൽ
നമുക്കു വേണ്ടുന്നതു നൽകുമല്ലോ . രമയ്ക്കു ചേതോഹരനായ കാന്തൻ
ക്ഷമിക്കുമോ നമ്മുടെ ദീനഭാവം." 12 : 9
അനന്തരം ബ്രാഹ്മണനേവമൂചേ " ധനംതരും ദേവനനന്തരൂപൻ അനർത്ഥമൂലം ധനമെന്നുകൽപി --
ച്ചെനിക്കതിങ്കൽ ക്കൊതിയില്ല ബാലേ! " 12 : 10
" ധനിക്കു ശത്രുക്കളസംഖ്യമുണ്ടാം മനക്കുരുന്നിൽ ബ്ഭയമേററമുണ്ടാം തനിക്കലംഭാവവുമില്ല പിന്നെ -- ക്കനക്കവേ കൈതവമേററമുണ്ടാം." 12 : 11
" കഷ്ടിച്ചു കൃത്യം കഴിയുന്നവന്നും മഷ്‍ടിക്കു മുട്ടാതെ വസിപ്പവന്നും കെട്ടിദ്ധനം നേടിയിരിപ്പവന്നും പെട്ടെന്നു തുല്യം ഖലുവൃത്തിപോലും." 12 : 12
" എന്നാകിലും ഞാനഥ ചെന്നുപോരാം തന്നാകിലോ ഞാനതു കൊണ്ടുപോരാം നന്ദാത്മജൻ തൻെറ മുഖാരവിന്ദം മന്ദസ്‍മിതാർദ്രം ബതകണ്ടുപോരാം ." 12 : 13
കനിഞ്ഞുവിപ്രൻ പറയും ദശായാം തുനിഞ്ഞുവക്കററു മുഷിഞ്ഞ വസ്ത്രേ ഉഴക്കവിൽക്കട്ട വരിഞ്ഞുകെട്ടി -- ക്കഴൽക്കുകുമ്പിട്ടു കൊടുത്തയച്ചാൾ. 12 : 14
മുദാഗമിച്ചാശു കുചേലവിപ്രൻ മുകുന്ദഗേഹത്തിനകത്തുപുക്കാൻ വരുന്നുകണ്ടംബുജനേത്രനപ്പോൾ കരംപിടിച്ചങ്ങരികത്തിരുത്തി . 12 : 15
കൃതാർഘ്യപാദ്യാദിക പൂജനാന്തേ കൃതാർത്ഥനായി സ്‍തുതിചെയ്‍തുവിപ്രൻ തദന്തികേ രുഗ്മിണി താലവൃന്ത -- മാദായവീശി ശ്രമമാശുതീർത്താൾ. 12 : 16
അശേഷനാഥൻ ദ്വിജനോടനേകം വിശേഷമമ്പോടരുൾചെയ്‍തു മോദാൽ " പുരാഗുരൂണാം നികടേ നിവാസം ധരാസുരാധീശ ! മറന്നിതോ നീ." 12 : 17
" മഹാവനേ നാം വിറകിന്നുപോയി --
ട്ടഹോമഹാവൃഷ്ടിചൊരിഞ്ഞനേരം നനഞ്ഞശേഷം വഴിയുംപിഴച്ച -- ങ്ങനേകനേരം വലയും ദശായാം 12 : 18
തിരഞ്ഞെഴുന്നള്ളി മഹാമുനീന്ദ്രൻ വിരഞ്ഞുനമ്മെപ്പഥികണ്ടനേരം അനുഗ്രഹിച്ചു വിവിധ പ്രകാരം മനസ്സിലുണ്ടോ തവ ഭൂസുരേന്ദ്ര !" 12 : 19
മുഷിഞ്ഞ വസ്ത്രാൽ പൃഥുകം പിടിച്ച -- ങ്ങഴിച്ചു ഭക്ഷിച്ചിതു വാസുദേവൻ രണ്ടാമതും മുഷ്‍ടി പിടിച്ച നേരം തണ്ടാരിൽ മാതാശു കരം പിടിച്ചാൾ . 12 : 20
അത്താഴമുണ്ടമ്പൊടു കൃഷ്ണനോടേ ചിത്താനുകൂലം സുഖമേ വസിച്ചാൻ അന്യേഭ്യുരുത്ഥായ ച യാത്രചൊല്ലി -- ദ്ധന്യൻ ഗമിച്ചാനുടനേ കുചേലൻ . 12 : 21
" മുരാരിയോടർത്ഥമിരന്നതാകിൽ തരാതിരിക്കില്ലവനത്രമാത്രം പറഞ്ഞുമോദിച്ചു വസിക്കയാൽ ഞാൻ മറന്നുപോയേൻ ഗൃഹിണീനിയോഗം ." 12 : 22
" അന്നേരമില്ലത്തെ വിശഷമൊന്നു -- മെന്നോടു ചോദിച്ചതുമില്ല കൃഷ്ണൻ . ബന്ധംവരുത്താതെ പറഞ്ഞുകൊണ്ടാ -- ലെന്തെന്നുതോന്നും ഭഗവാനുമുളളിൽ ." 12 : 23
" എന്തൊന്നു ഞാനിങ്ങനെയങ്ങുചെന്നാ -- ലന്തർജ്ജനത്തോടുരചെയ്‍ക വേണ്ടൂ. ഓർത്തീല ഞാനക്കഥ, കഷ്ട, മെന്നെ -- പ്പാർത്തങ്ങിരിക്കുന്നു കുടുംബമെല്ലാം." 12 : 24
ഇത്യാദി ചിന്തിച്ചുനടക്കുമപ്പോ -- ളത്യുന്നതം ഗോപുരമങ്ങുകണ്ടാൻ ഉത്തുംഗസൌധം മണിപത്മരാഗം മുത്തുംവിളങ്ങും ഭവനങ്ങൾ കണ്ടാൻ . 12 : 25
ഉദ്യാനവും ചത്വരമാപണാളീ -- വിദ്യോതിത സ്വർണ്ണഗൃഹങ്ങൾ കണ്ടാൻ അട്ടാലനൃത്താലയ രത്നവാപീ -- ഘട്ടങ്ങളും ഭംഗിയിലത്രകണ്ടാൻ . 12 : 26
" മാർഗ്ഗ ഭ്രമംകൊണ്ടിഹ വന്നിതോ ഞാൻ സ്വർഗ്ഗത്തിനൊക്കും ഗൃഹമാരുടേവാൻ എന്നല്ലഹോ നല്ലൊരു സുന്ദരാംഗി നന്നാലയംകൃത്യവരുന്നു ദൂരാൽ." 12 : 27
" ഹാഹന്ത കൃഷ്ണാ! മമഭാർയ്യതാനോ ഗേഹത്തിൽനിന്നാശുമുദാ വരുന്നു ? കിമിന്ദ്രജാലം, മമമോഹമോവാൻ ? നമാമി ഗോവിന്ദ, മുകുന്ദ, വിഷ്ണോ !" 12 : 28
" ഉണ്ടായി തത്ത്വം മമകണ്ടതെല്ലാം
തണ്ടാരിൽമാതിൻ കണവൻെറ ലീല മിണ്ടാതെ തന്നോരു വിഭൂതിയെല്ലാം കണ്ടാലുമാശ്ചർയ്യമഹോ വിചിത്രം ." 12 : 29
ഇത്ഥം പ്രസാദിച്ചു പുരം പ്രവേശി -- ച്ചത്യന്തമോദം നിജഭാർയ്യയോടും തത്ത്വാവബോധാദതി സക്തി ഹീനൻ നിത്യം രമിച്ചു ഭവനേ കുചേലൻ . 12 : 30
പീതാംബരൻ ദേവകിതൻ നിദേശാൽ പാതാളമാസാദ്യ കുമാരഷൾക്കം കംസേന പൂർവ്വം നിഹിതം മഹാത്മാ കൊണ്ടന്നു കാട്ടി സ്വപദം നയിച്ചാൻ . 12 : 31
മഹീപതീന്ദ്രൻ ബഹുലാശ്വനെന്നും മഹീസുരേന്ദ്രൻ ശ്രൂതദേവനെന്നും, ആ രണ്ടുപേർക്കും ബത മുക്തി നൽകാൻ നാരായണൻ താൻ മിഥിലാം പ്രപേദേ . 12 : 32
രണ്ടായ് ചമഞ്ഞമ്പൊടു വാസുദേവൻ രണ്ടേടവും ചെന്നഥ പൂജവാങ്ങി പാലാജ്യഭോജ്യാദികമേകഗേഹേ മൂലാംബു പത്രാദികമന്യഗേഹേ . 12 : 33
സമം പ്രസാദിച്ചു വരം കൊടുത്താ -- നമന്ദമാനന്ദമവർക്കു ദേവൻ അമോഘ ചിന്താമണി ഭക്തിഭാജാം പ്രമോദവാൻ ദ്വാരവതീമയാസീൽ . 12 : 34
അക്കാലമങ്ങെട്ടു കുമാരകന്മാ -- രൊക്കെ ക്ഷയിച്ചുൽക്കട ദു:ഖമോടേ ആക്രന്ദനം ചെയ്തൊരു ഭൂസുരേന്ദ്രൻ
ചക്രായുധം പ്രാപ്യശശംസ സർവ്വം . 12 : 35
" കർമ്മാനുകൂലം ഫലമിന്നൊഴിപ്പാൻ
നമ്മാലസാദ്ധ്യം ധരണീസുരേന്ദ്ര !" ഇത്ഥം തദാനീമരുൾചെയ്തു കൃഷ്ണൻ ബുദ്ധിക്ഷയംപൂണ്ടു ഗമിച്ചുവിപ്രൻ . 12 : 36
പാർത്ഥൻ തദാ തൽപുരമാഗമിച്ചാ -- നാർത്തൻ മഹീദേവനുമത്രവന്നു . " പുത്രൻ മരിച്ചുനവമൻ മുരാരേ ! കുത്രാഹമീ ദു:ഖമുപാഹരിപ്പൂ ?" 12 : 37
" നിനയ്ക്ക നീ, യുണ്ണികളൊന്നുരണ്ട -- ല്ലെനിക്കഹോ ! ഒമ്പതുപേർമരിച്ചു അനക്കമില്ലിത്തരമത്തൽ കേട്ടാൽ നിനക്കഹോ കൃഷ്ണ ! മനക്കുരുന്നിൽ . 12 : 38
ഒരുണ്ണിയെക്കണ്ടു മരിച്ചുകൊൾവാ --
നൊരീശ്വരാനുഗ്രഹമില്ലെനിക്കും പുരത്തിൽ മേവുന്ന ജനത്തിൽ വെച്ചി -- ട്ടൊരുത്തനെക്കൂറു നിനക്കുമില്ല ." 12 : 39
" തനിക്കു താൻ പോന്നവനെന്ന ഭാവം
നിനക്കു ഭോഷ്ക്കല്ല, മുഴുത്തു പാരം ജനത്തിനുണ്ടാകുമനർത്ഥമൊന്നും നിനയ്ക്കുമാറില്ല ജളപ്രഭുത്വാൽ ." 12 : 40
" മല്ലാക്ഷിമാരുണ്ടിഹ വേണ്ടുവോളം
നല്ലൊരു സമ്പത്തു നിനക്കുമുണ്ട്‍ . ചൊല്ലാവതല്ലാതൊരു ചിന്തയിപ്പോ -- ളില്ലെൻെറ ഗോവിന്ദ ! നിനക്കു നൂനം ." 12 : 41
ദുർഭാഷണം കേട്ടതിരുഷ്ടനാകും കെല്പേറുമപ്പാർത്ഥനുടൻ പറഞ്ഞാൻ " വിപ്രേശ്വരാ ! പോരുമചാരുവാക്യം ക്ഷിപ്രം തവ ക്ലേശമപാകരിഷ്യേ ." 12 : 42
" രണാങ്കണേ കൌരവസംഘമെല്ലാം ക്ഷണേന കൊന്നാശു മുടിച്ചവീരൻ അനന്തകീർത്തിപ്രസരാഭിരാമൻ ധനഞ്ജയൻ ഞാൻ ധരണീസുരേന്ദ്ര ." 12 : 43
" ഇത: പരം സമ്പ്രതി ജാതനാകും
സുതൻെറ ജീവം പരിപാലയേഹം അതില്ലയെന്നാകിലിദം ശരീരം
ഹുതാശനേ ഭസ്മമതാക്കുവൻ ഞാൻ ." 12 : 44
ഇതി പ്രതിജ്ഞാശ്രവണേന വിപ്രൻ നിതാന്തമോദേന ഗൃഹം ഗമിച്ചാൻ . കുന്തീസുതൻ ചെന്നഥ ബാണകൂടം ബന്ധിച്ചു രക്ഷിച്ചു പുറത്തുനിന്നാൻ . 12 : 45
ഗർഭാലയം പുക്കഥ വിപ്രപത്നി സത്ഭാഗധേയം പ്രസവിച്ചു ബാലം അപ്പോളഹോ പുത്രവപുസ്സുപോലും കിട്ടീല കാണ്മാനിതുതാൻ വിശേഷം . 12 : 46
പുറത്തു വന്നാശു മഹീസുരൻതാൻ കറുത്ത ഭവേന ദുഷിച്ചുചൊന്നാൻ " വിചിത്രമെന്നർജ്ജുന ! നിൻചരിത്രം വിചാരമില്ലാത്ത മനുഷ്യമൂഢ !" 12 : 47
" ജളത്വമോരോന്നു പറഞ്ഞുകേൾപ്പി -- ച്ചിളക്കിനാനെന്നുടെ മാനസം നീ ജനിച്ച പുത്രൻെറ ശരീരമാത്ര -- മെനിക്കു കിട്ടീല തവ പ്രഭാവാൽ." 12 : 48
" ഫലിച്ചു നിന്നുദ്ധതവാക്യമെല്ലാം
ജ്വലിച്ച തീയിൽത്തരസാ പതിക്ക " ഇതീരിതം കേട്ടു ധനജ്ഞയൻ താ -- നതീവ ഗർവ്വേണ തിരിച്ചു വേഗാൽ . 12 : 49
പാതാളലോകേ പുനരിന്ദ്രലോകേ പ്രേതാധിനാഥൻെറ പുരേ തിരഞ്ഞാൻ എങ്ങും ലഭിക്കാഞ്ഞുടനിങ്ങു പോന്നാ -- നംഗം ദഹിപ്പിപ്പതിനും തുടർന്നാൻ . 12 : 50
കാളുന്ന തീയിൽബ്ബത ചെന്നുചാടാൻ ചീളെന്നടുക്കുന്ന ദശാന്തരാളേ മന്ദസ്മിതം പൂണ്ടഥ വാസുദേവൻ മന്ദേതരം പാർത്ഥകരം പിടിച്ചാൻ . 12 : 51
നാരായണൻതാൻ നരനെത്തദാനീം തേരിൽക്കരേററിത്തരസാ സലീലം താനും കരേറി പ്രകടപ്രസാദാൽ യാനം തുടങ്ങീ ബത പശ്ചിമാശാം . 12 : 52
അതിക്രമിച്ചാരഥ ചക്രവാളം പതുക്കവേ മാധവപാണ്ഡവന്മാർ അതിൽപ്പരം സൂർയ്യകരങ്ങളില്ലാ -- ഞ്ഞതിസ്‍ഫുടം കൂരിരുൾ വന്നുകൂടി . 12 : 53
ചക്രപ്രകാശേന മഹാന്ധകാരം നീക്കീടിനാനർക്കസമാനശോഭം നോക്കും വിധൌ കണ്ടിതുദൂരെദൂരെ -- ച്ചൊൽക്കൊണ്ട വൈകുണ്ഠപദം മനോജ്ഞം . 12 : 54
കൂലാന്തഭാഗേ തിരവന്നടിക്കും പാലാഴി തന്നിൽ പരിതോ വിളങ്ങും ലീലാഗൃഹോദ്യാന സുവർണ്ണശാലാ -- സാലാളി കേളീനിലയങ്ങൾ കണ്ടാർ . 12 : 55
നാനാമണീഭാസുര കേതുജാലേ ചീനാംശുകശ്രേണി കളിച്ചുമേവും പാനങ്ങളാമുന്നത സൌധശൃംഗ --
സ്ഥാനങ്ങളും തത്ര സുഖേന കണ്ടാർ . 12 : 56
അനന്തരത്നപ്രഭയാവിചിത്ര -- മനന്തനാഗസ്യ ഫണാസമൂഹം അനന്തരം തത്ര മഹൽസ്സമൂഹ -- മനന്തരായം മരുവുന്ന കണ്ടാർ . 12 : 57
രഥാംഗശംഖാബ്‍ജഗദാധരന്മാ -- രഥാംബു വാഹാസിത വിഗ്രഹന്മാർ ചതുർഭുജന്മാരതി സുന്ദരന്മാ -- രതിസ്ഫുരൽക്കൌസ്‍തുഭ ഭൂഷണന്മാർ . 12 : 58
കിരീടഹാരാംഗദവന്യമാലാ -- വിലോല പീതാംബരഭാസുരന്മാർ നിരക്കവേ മാധവ പാർഷദന്മാ -- രിരിപ്പതും രത്നഗൃഹേഷു കണ്ടാർ 12 : 59
ക്രമേണ തുംഗോരു ഭുജംഗതല്പേ ക്ഷമാരമാലംകൃത പാർശ്വഭാഗേ അമേയനാനന്ദ ശരീരനാകും പുമാനെയും സാദരമത്രകണ്ടാർ . 12 : 60
അനാരതം തുംബുരുനാരദാദി -- മുനീന്ദ്രവൃന്ദസ്‍തുതി വാദ്യഘോഷം മനോഹരം കേട്ടു വണങ്ങിമെല്ലെ സ്സനാതനാഭ്യർണ്ണമണഞ്ഞുചെന്നാർ . . 12 : 61
തദാമുകുന്ദൻെറ ഫണീന്ദ്രതൽപേ മുദാ കളിച്ചും പുനരൊട്ടൊളിച്ചും മിളൽ പ്രമോദേന രമാസമീപേ കളിച്ചു മേവുന്നു കുമാരകന്മാർ . . 12 : 62
അണഞ്ഞുചെന്നു ഹരിഫൽഗുനന്മാർ വണങ്ങിനിന്നു ബഹുഭക്തിയോടേ മനാഗനന്താസനനായ ദേവൻ മനോഹരം സാദരമാബഭാഷേ . . 12 : 63 " ഹേ കൃഷ്ണ ! ഹേ ഫൽഗുന ! നിങ്ങളേന്നോ -- ടേകത്വഭാവേന നിരന്തരന്മമാർ . വദാമി, ഞാനെങ്കിലുമാഗ്രഹിച്ചേ -- നുദാരമാം വിഗ്രഹമൊന്നു കാണ്മാൻ ." . 12 : 64
" ക്ഷിപ്രം ഭവദർശന വാഞ്ഛയാ ഞാൻ വിപ്രാത്മജന്മാരെ ഹരിച്ചു ഗൂഡം ഇപ്രാഭവം കണ്ടുഗമിച്ചുകൊണ്ടാ -- ലിനിബ്ഭവാന്മാർക്കതു മൽപ്രകാശം ." . 12 : 65
" ധാത്രീഭരം തീർപ്പതിനെങ്കിലും കേൾ മാത്രാധിക പ്രാണിവധം നിമിത്തം ഉണ്ടായ പാപങ്ങളശേഷമെന്നെ -- ക്കണ്ടാലകന്നീടുമതും പ്രസിദ്ധം ." 12 : 66
" ശിശുക്കളെക്കൊണ്ടു ഗമിച്ചു കൊൾവിൻ ശിവദ്വിജാശിസ്സു ലഭിച്ചു കൊൾവിൻ " ഏവം തദാനീമരുൾചെയ്തു ദേവൻ ഭൂദേവപുത്രാർപ്പണമാതതാന . 12 : 67
" കുമാരാ ! നിനക്കച്ഛനാരമ്മയാരെ --"
ന്നമന്ദപ്രമോദേന ചോദിച്ചു കൃഷ്ണൻ . മധുദ്വേഷിയേയും മഹാലക്ഷ്മിയേയും തദാ തൊട്ടു കാട്ടീടിനാനേക ബാലൻ . 12 : 68
കരാംഭോരുഹം നീട്ടിമെല്ലെന്നെടുപ്പാ നൊരുമ്പെട്ടുചെന്നൂതദാ കംസവൈരി കരഞ്ഞോടിവേഗേന സർപ്പേന്ദ്രതൽപേ കരേറിക്കിടന്നീടിനാന്യ ബാലൻ . 12 : 69
കളിപ്പുഞ്ചിരിക്കൊഞ്ചലും തൂകിമെല്ലെ -- ക്കളിപ്പാൻ വിളിച്ചാനളിച്ചാർത്തു വർണ്ണൻ . വെളിച്ചത്തുനിന്നാശുമണ്ടിത്തിരിച്ചാ -- നൊളിച്ചാനൊരേടത്തൊരുണ്ണിക്കിശോരൻ . 12 : 70
പടുപ്രേമസംഫുല്ലനാംമല്ലവൈരി പിടിച്ചങ്ങെടുക്കാനടുക്കുന്ന നേരം മുഴങ്കാലുകുത്തിത്തിരിച്ചാനൊരുണ്ണീ വഴങ്ങാതെ നീന്തിഗ്ഗമിച്ചാനൊരുണ്ണി . 12 : 71
ഗമിപ്പാനൊരുണ്ണിക്കുമില്ലിച്ഛയെന്ന -- ങ്ങറിഞ്ഞോരുനേരം ഭുജംഗശായി കുറഞ്ഞോരുമായാവിമോഹം വരുത്തി -- പ്പറഞ്ഞു ' ഗമിച്ചാലു ' മെന്നാസ്ഥയോടേ . 12 : 72
അന്നേരം തരസാ നടന്നിതു നട -- ക്കാവുന്ന ബാലാഗ്രജൻ പിന്നാലെത്തദനന്തരൻ, തദനുജൻ ഭ്രാതാവതോ, സ്യാനുജൻ മന്ദം പിച്ചനടന്നുമേകനപരൻ മെല്ലെപ്പിടിച്ചെത്തിനാ -- നന്യൻ മുട്ടുകൾ കുത്തിമററവനഹോ നീന്തിത്തിരിച്ചാൻ ദ്രുതം . 12 : 73
ശ്രീകൃഷ്ണൻെറ പദാരവിന്ദനികടേ ചുററും ചുഴന്നീടിനാ -- രേകാന്തേ ജനനീഗൃഹാദി സകുലം ചിന്തിച്ചു കൌതൂഹലാൽ ഏവം തത്ര വരുന്ന വിപ്രസുതരെ ക്ഷിപ്രം കരേററീ രഥേ ഗോവിന്ദൻ ബതപാർത്ഥനും മഥുരിപും നത്വാ നടന്നീടിനാർ . 12 : 74
സമ്പ്രാപ്യദ്വാരകായാം പുരിധരണീസുരേ -- ന്ദ്രൻെറ ഗേഹംപ്രവേശി -- ച്ചമ്പോടാനന്ദദായീ മുഹുരപിച മഹാ -- ബ്രാഹ്മണ ബ്രാഹ്മണീഭ്യാം ദത്വാസൌ പത്തുപുത്രാനപി മുരരിപുതാൻ പാണ്ഡുപുത്രേണ സാകം ലബ്ധ്വാശീർവ്വാദഭേദാനവനീസുരകൃതാ-- നുച്ചകൈരുദ്ദി ദീപേ . 12 : 75
തേജസ്സുമായുസ്സുമഹോയശസ്സു -- മോജസ്സു മൈശ്വർയ്യമെന്നുവേണ്ടാ സർവ്വം ഭവാന്മാർക്കു ഭവിക്കുമെന്ന -- ങ്ങൂർവ്വീസുരാധീശനനുഗ്രഹിച്ചൂ . 12 : 76
എടുക്കുന്നൂ പുത്രാൻ പലപൊഴുതു താതൻ ജനനിയും തുടയ്ക്കുന്നൂ കണ്ണീന്നൊഴുകുമതി -- സന്തോഷസലിലം കൊടുക്കുന്നു പാലും കഗുളമവിലു -- മന്നം ച മധുരം നടക്കുന്നൂ ബന്ധുക്കളുടെ ഭവനേ ഭൂസുരവരൻ. 12 : 77 ഏവം സന്താനലാഭപ്രമുദിതമതിയാം ഭൂസുരേന്ദ്രം വണങ്ങി -- ദ്ദേവൻ ദേവാരിവൈരി സമധിഗത സമ -- സ്‍താർത്ഥനാം പ്ർത്ഥനോടേ
സാനന്ദം ദ്വാരവത്യാമഭിമതയിതാ --
ജാതലീലാനുകൂലം
ദീനാതങ്കാപഹാരി സുഖമവസദയം
വേദകന്ദം മുകുന്ദൻ . 12 : 78
ഭൂമിഭാരം ശമിപ്പിച്ചഴകൊടു സകല -- ബ്രാഹ്മണാദി പ്രജാനാം ക്ഷേമം സമ്പാദ്യ സമ്പൽക്കര സരസമഹാ -- ധർമ്മശർമ്മൈകലോലൻ ഭാമാവൈദർഭിമാരോടനുദിനമൊരുമി -- ച്ചാത്മഗേഹേ രമിച്ചോ -- രാമോദാനന്ദധാമാ മമ ദിശതുഭൃംശം മംഗലം ശാർങ്ങപാണി: 12 : 79
ഇക്കാവ്യം കൃഷ്ണലീലാമൃത കഥനമഹാ -- പാവനം ഭാവനീയം തൽക്കാരുണ്യം ലഭിപ്പാനൊരു പെരുവഴിയെ -- ന്നോർത്തു മർത്ത്യൻ ഗ്രഹിച്ചാൽ ഉൾക്കാമ്പിൽ ബ്ബോധമുണ്ടാ മഖിലദുരിതവും നഷ്‍ടമാമിഷ്‍ടമാകും സൽക്കീർത്തിസ്‍ഫൂർത്തിയുണ്ടാമവനവികലമാം മോക്ഷവുംസംഭവിക്കും . 12 : 80
(പന്ത്രണ്ടാം സർഗ്ഗം സമാപ്തം) ----------------------------------------
- ശ്രീ കൃഷ്ണചരിതം മണിപ്രവാളം സമാപ്തം **
---------------------------------------------------- ** ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ: ** 19:42, 22 സെപ്റ്റംബർ 2024 (UTC)19:42, 22 സെപ്റ്റംബർ 2024 (UTC)19:42, 22 സെപ്റ്റംബർ 2024 (UTC)19:42, 22 സെപ്റ്റംബർ 2024 (UTC)19:42, 22 സെപ്റ്റംബർ 2024 (UTC)~