ആശ്രുപൂജ

അനുമോദനം വെറും വ്യർത്ഥം, ഹാ, പി-
ന്നനുശോചനത്തിനെന്തർത്ഥം?
ശരിയാണതെങ്കിലും ദു:ഖം വന്നാ-
ലറിയാതെ കേണുപോമാരും.
നരനുമാത്രം മന്നിൽ നൽകീ ദൈവം
നവനവഹാസവിലാസം.
അതുമൂലമായിടാം കഷ്ട, മവ-
ന്നധികം കരയുവാൻ യോഗം!

ഉതിരുമിക്കണ്ണീരൊന്നൊപ്പാൻപോലു-
മുയരുന്നതില്ലിന്നു കൈകൾ.
ഇടനെഞ്ചുപൊട്ടുമാ, റയേ്യാ, കേട്ടൊ-
രിടിവെട്ടതെന്തായിരുന്നു?
മരണത്തിനിത്രയ്ക്കുമാത്രം, കെൽപീ
മഹിയിലുണ്ടെന്നാരറിഞ്ഞു!
ഇനിയൊരുനാളിലും ഹർഷത്തിന്റെ
കനകച്ചിറകുകൾ വീശി,
മഹിമകൾ പൂത്തും തളിർത്തും നിൽക്കും
മലയാളത്തിൻ മലർക്കാവിൽ
ഫലിതാത്മകങ്ങളച്ചിന്താചിത്ര-
ശലഭങ്ങളെത്തുകില്ലെന്നോ?
സുഖദസുഷുപ്തിയിൽ സ്വപ്നത്തിന്റെ
സുലളിതാംശുക്കൾക്കിടയിൽ,
മദഭരിതോജ്ജ്വലനൃത്തംചെയ്തു
മതിമയക്കീടിനശേഷം,
ഇരുളും വെളിച്ചവും പുൽകിപ്പുൽകി-
പ്പിരിയുമക്കാല്യോദയത്തിൽ
അകലുമൊരപ്സരസ്സിൻ കാൽച്ചില-
മ്പണിയുന്ന ശിഞ്ജിതം പോലെ,
മറയാനിടയായിതെന്നോ, മന്നിൽ
മഹിതമ'സ്സജ്ജയ' നാമം!
ഇനിയൊരുനാളുമത്തൂവൽത്തുമ്പൊ-
ന്നിളകുവാനൊക്കുകില്ലെന്നോ?
കഠിനം, കഠിനം, ജഗത്തേ, നിന്റെ
കഥയിതോർക്കുമ്പോളസഹ്യം!
ഇനിയെന്തി, നൊക്കെയും തീർന്നു, പുഷ്പ-
വനികയിൽ ഗീഷ്മം കടന്നു.
തളിരും മലരും കൊഴിഞ്ഞു, മര-
ത്തണലുകളെല്ലാം മറഞ്ഞു.
നിറയുന്നു ചുറ്റിലും മൗനം, നേർത്ത
ചിറകടിപോലുമില്ലെങ്ങും
സകലതും ശൂന്യം, വിവിക്തം, മൂകം
വികലം, വിഷാദാഭിഷിക്തം
മരണമേ, നിൻ ജീവദാഹത്തിന്റെ
മറുവശത്തുള്ളൊരിച്ചിത്രം!
അരുതിതൊന്നോർക്കുവാൻപോലു, മില്ലി-
ല്ലറുതി നിൻ തൃഷ്ണയ്ക്കു തെല്ലും!

ഒരു നെടുവീർപ്പുവിടാതെ, കണ്ണി-
ലൊരുതുള്ളിക്കണ്ണീർ വരാതെ,
അകലെ, സ്വതന്ത്രമായ്, പൊട്ടിച്ചിരി-
ച്ചവിടുന്നു നിന്നൂ, മഹാത്മൻ!
എരിയും മനസ്സിലമൃതം പെയ്തു
പരിചിൽ തവോജ്ജ്വലഹാസം.
അവിടുന്നൊരക്ഷരം മിണ്ടുമ്പോഴേ-
ക്കഖിലരും പൊട്ടിച്ചിരിച്ചു;
ദുരിതങ്ങളെല്ലാം മറഞ്ഞു ഹർഷ-
ഭരിതരായ് മുന്നിൽ നിരന്നൂ.
അറിവിലതെന്തിന്ത്രജാലം! മുന്നി-
ലവിടുന്നു കാണിച്ചു ലോകം-
ചിരിയുടെ ലോകം- ആ ലോകത്തേക്കു
ചിറകുവിടർത്തുന്നു ചിത്തം!
ഹലമെ, ന്തെതെല്ലാം കഴിഞ്ഞു, വെറും
ചലനചിത്രംപോൽ മറഞ്ഞു!
സ്ഫുരിതഹർഷാർദ്രമച്ചിത്തമ്പോലു-
മൊരുപിടിച്ചാമ്പലായ്ത്തീർന്നൂ!
ഹതഭാഗ്യരയേ്യാ, കുതിർത്തീടുന്നി-
തതുപോലും, ഞങ്ങൾകണ്ണീരിൽ!-
മിഴിനീരുകൊണ്ടെന്തുകാര്യം?-മാഞ്ഞ
മഴവില്ലതെന്നേക്കും മാഞ്ഞു!
അതുലമാം ശാന്തിതൻ നിത്യോത്സവ-
മതിനിനി നേരുക നമ്മൾ!
മലയാളത്തിന്റെ ഫലിതം ചാർത്തും
മണിമാലകൾക്കു നടുവിൽ
മരതകപ്പച്ചപ്പതക്കം തൂക്കീ
മഹനീയ'സഞ്ജയ' നാമം!
വിമലദ്യുതിവീശി മേന്മേലതു
വിലസിടട്ടാകൽപകാലം

                               -ഒക്റ്റോബർ 1943.

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/അശ്രുപൂജ&oldid=52529" എന്ന താളിൽനിന്ന് ശേഖരിച്ചത്