ടാഗാർ

(കുമാരനല്ലൂർ 'സാഹിത്യപോഷിണി' സഭയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത വിഷയത്തെ അധികരിച്ചു നടത്തിയ കവിതാമത്സരത്തിൽ പ്രഥമസമ്മാനമായ സുവർണ്ണമെഡലിനർഹമായത്.)
 
ലോകസനാതനസാഹിത്യസാരഥേ!
നാകലോകത്തിൻ നിരഘനവാതിഥേ!
അർപ്പിപ്പൂ, ഹാ, കൊച്ചുകൂപ്പുകൈമൊട്ടിനാൽ,
പിച്ചവെച്ചെത്തിയെൻ സങ്കൽപമങ്ങയെ!
ഉല്ലസിപ്പൂ ഭവാനങ്ങതാ കൽപക-
പല്ലവാച്ഛാദീതനന്ദനച്ഛായയിൽ.
ചേലിൽത്തവാനതമൗലിയിൽക്കൈവെച്ചു
കാളിദാസൻ ഭവാനർപ്പിപ്പൂ മംഗളം.
പ്രാർത്ഥിച്ചു കൈകൂപ്പി നിൽക്കുന്നൊരങ്ങയെ-
ത്തീർത്ഥോദകം തളിക്കുന്നു സപ്തർഷിമാർ!

മന്ദാകിനിയിൽനിന്നെത്തും മനോഹര-
മന്ദാരസൗരഭസാന്ദ്രമന്ദാനിലൻ,
ആ നിത്യശാന്തിനികേതത്തിലങ്ങത-
ന്നാഗമനോത്സവപ്പൊൽക്കൊടിക്കൂറകൾ,
നീളെപ്പറത്തവേ, നിൽപ്പൂ നവരത്ന-
താലമ്പിടിച്ചുകൊണ്ടപ്സര:കന്യകൾ.
മുന്നിൽ നിറപറവെച്ചു, ഹർഷാശ്രുക്കൾ
ചിന്നി, ക്കരം കൂപ്പി നിൽപൂ 'ചിത്രാംഗത'.
ജാതകൗതൂഹലം, പാടുന്നു ഗവകൾ
'ഗീതാഞ്ജലി' യിലെപ്പാവനഗീതികൾ!

'ദേവേന്ദ്രനാഥ'പദാബ്ജരജസ്സണി-
ഞ്ഞാവിർഭവൽസ്മിതശ്രീമയാർദ്രാസ്യനായ്,
കാലാതിവർത്തിയായ്, വിണ്ണിലേവംഭവാൻ
ലാലസിപ്പൂദിവ്യവിശ്വമഹാകവേ!
ഇങ്ങിദ്ധരിത്രിയോ തേങ്ങിക്കരകയാ-
ണങ്ങുതൻ വേർപാടിലാകുലസ്തബ്ധയായ്!
എത്രകാലത്തെത്തപസ്സിൻ മഹാപുണ്യ-
മൊത്തൊരുമിച്ചതാണാ രവീന്ദ്രോദയം;
കഷ്ട, മതിനെയുമെത്തി ഗഹിച്ചിതോ
ദുഷ്ടതമസ്സേ, കനിവിയലാതെ നീ?
ഇല്ല, മരിക്കിലും, നൂനം, ഭവാൻ മരി-
ക്കില്ലൊരുനാളും, മഹിതമഹാകവേ!
'ചന്ദ്രകല'യിൽനിന്നൂറിയൊഴുകുന്നു
സുന്ദരബാല്യസുശീതളസുസ്മിതം.
'ഉദ്യാനപാല'ന്റെ രാഗാർദ്രഹൃത്തിലൂ-
ടെത്തിനോക്കുന്നൂ ലസദ്യൗവനോന്മദം,
പൂതമാമാദ്ധ്യാത്മികാരാമസീമയിൽ-
പ്പൂവിട്ടു പൂവിട്ടു നിൽപൂ നിൻ ചിന്തകൾ.
'മൃത്യു'വെപ്പോലും മധുരീകരിച്ചൊര-
സ്സത്യമൊന്നേ ഭവാൻ വാഴ്ത്തീ, മഹാമതേ!

നിസ്സാരമാമൊരു നീഹാരബിന്ദുവും
നിസ്സീമതേജോനികേതാർക്കബിംബവും,
ചിന്തനാതീതമാംമട്ടേകചൈതന്യ-
തന്തുവിലൊന്നിച്ചു കോർത്തിണക്കീ ഭവാൻ!
അണ്ഡകടാഹസഹസ്രങ്ങളാൽ, ക്കാവ്യ-
മണ്ഡലത്തിൽബ്ഭവാൻ പന്താടിനിൽക്കവേ,
തജ്ജന്യസൂക്ഷ്മസനാതനസംഗീത-
നിർഝരത്തിൻ പൊൻതിരകളിലങ്ങനെ
സദ്രസം കൈകോർത്തുനിന്നു നൃത്തംചെയ്തു
മൃത്യുവും, ജന്മവും, ജന്മാന്തരങ്ങളും!

വേദരാജ്യത്തിൻ വരിഷ്ഠസന്താനമേ!
വേദാന്തഗംഗയിൽ ക്രീഡിച്ച ഹംസമേ!
ഗീതാമൃതം നുകർന്നദൈതസാരസം
ഗീതം ചൊരിഞ്ഞു മറഞ്ഞു നീ, യെങ്കിലും,
മുക്തിയിലേക്കടുപ്പിച്ചു ലോകത്തെ, നിൻ
ഭക്തിയോഗത്തിൻ കുളിർത്ത കളകളം!
നിത്യസ്മൃതിയി, ലതിൻ തരംഗങ്ങളിൽ-
ത്തത്തിക്കളിക്കും ശതവർഷകോടികൾ!
വെൽക നീ, വിശ്വൈകസാഹിത്യസാരഥേ!
വെൽക നീ വിണ്ണിൻ വിശുദ്ധനവാതിഥേ!

                               -ജനുവരി 1941

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/ടാഗോർ&oldid=52531" എന്ന താളിൽനിന്ന് ശേഖരിച്ചത്