പ്രാണനാഥൻ

മരണമേ, നിൻ സമാഗമനോത്സവ-
മഹിതരംഗവും കാത്തുകാത്തക്ഷമം,
മരുവിയിട്ടെത്രനാളുകളായി ഞാൻ
മമ വിജനമനോഹരമേടയിൽ?
വെളിയിലൊക്കെയുമന്ധകാരാവൃതം
തെളിവതില്ലൊരു വെള്ളിനക്ഷത്രവും.
കദനചിന്തകൾതിങ്ങും മനസ്സുപോൽ
കരിമുകിലാലിരുണ്ടു നഭസ്ഥലം
ഭയദമാണീ നിശീഥമെന്നാകിലും
ഭവദനഘസുഖദർശനേച്ഛയാൽ,
ഒരു മനോഹരമാല്യവുമായിതാ
മരുവിടുന്നു ഞാൻ മാമകശയ്യയിൽ!
മധുരമല്ലികാസൗരഭസാന്ദ്രമായ്
മഹിതകാന്തിതൻ നർത്തനരംഗമായ്,
മണിയറയിതു ലാലസിച്ചീടണം,
പ്രണയസർവ്വമേ, നീ വരും വേളയിൽ!
അതുലകൗതുകമാർന്നു ഭവാനെ, ഞാൻ
ഹൃദയപൂർവ്വകം വന്നെതിരേൽക്കുവാൻ!
ഇവിടെനിന്നും പിരിയുന്ന വേളയിൽ-
ത്തവ പദങ്ങളിലെന്നെയർപ്പിച്ചു ഞാൻ,
മമജനിതൻ പ്രിപൂർണ്ണതയി,ലാ
മധുരമൂർച്ഛയി,ലാപതിച്ചീടുവൻ!
നിരഘനിർവ്വാണപീയൂഷനിർഝരം
നിയതമെന്നിൽ തളിക്കുന്ന നിൻ കരം,
പരസഹസ്രകമാലിംഗനങ്ങളാൽ
പരിചരിച്ചീടുമെന്നെയെല്ലായ്പ്പൊഴും!
മരണമേ, മമ ജീവിതപൂർത്തിയാം
മരണമേ, മൽപ്രണയസങ്കേതമേ,
വരിക, കൈക്കൊൾക, ഞാനായിടുന്നൊരീ-
പ്പരമമാകുമെന്നന്ത്യോപഹാരവും!

                               -ജൂൺ 1937

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/പ്രാണനാഥൻ&oldid=52534" എന്ന താളിൽനിന്ന് ശേഖരിച്ചത്