സാന്ത്വനം

ഇരുൾപോയി ലോകത്തിലാകമാനം
ഒരു പുതിയ ചൈതന്യം നൃത്തമാടി.
അവികലകാന്തി കലരുമോരോ
രവികിരണം മന്നിനെത്തോട്ടുണർത്തി.
മഹിയിൽ, വെറും പുൽക്കൊടികൾപോലും
തുഹീനകണമാണിക്യമാല ചൂടി.
കൂളുർകാറ്റത്തു മരത്തലപ്പിൽ
കളലളിതമർമ്മരം വാരിവീശി.
കുസുമിതമാകന്ദവാടിതോറും
കുയിലിണകളോരോന്നുണർന്നുപാടി.
കമനീയമാകുമിസ്സന്മുഹൂർത്തം
കളയരുതേ നിഷ്ഫലം നിങ്ങളാരും!

അഴലിൻ കരിനിഴൽപതഞ്ഞുമാഞ്ഞി-
ട്ടഴകൊഴുകുമാനന്ദം വെള്ളവീശി.
കൊടുമിരുൾപ്പാറ പിളർന്നു, തങ്ക-
ത്തടിനിയതാ കൺമുമ്പിൽ കണ്ടുപോയി.
ഇനിയുമെൻ തോഴരേ, നിങ്ങളാരും
മനമുരുകിത്തേങ്ങിക്കരയരുതേ!
ഹൃദയം ദ്രവിപ്പിക്കും രോദനങ്ങൾ
ഇതിലധികം തൂകുവാനില്ല നിങ്ങൾ.
ഇനിയതുകേട്ടു സഹിച്ചിരിക്കാൻ
ഇവനരുതൊരൽപവു, മെന്തുചെയ്യാം!
സകലമോരോന്നായ് പഴുത്തുവീഴും
സമയമരക്കൊമ്പിലെപ്പച്ചിലകൾ.
പരിചയക്കാർ നമ്മളാകമാനം
പലവഴിയായ്, കഷ്ടം, പിരിഞ്ഞുപോകും.
കഴിയില്ല നമ്മൾക്കിങ്ങേറെനേരം
കലിതരസ,മൊത്തു കഴിഞ്ഞുകൂടാൻ!
അനഘമാ,മ വെറുമൽപനേരം
തുനിയരുതേ നിങ്ങൾ കരഞ്ഞുതീർക്കാൻ!
പരമാർദ്രചിത്തരേ, നിങ്ങളൊന്നെ-
ന്നരികിൽ വരൂ, കണ്ണീർ തുടച്ചിടാം ഞാൻ!
വ്യഥയെല്ലാം ദൂരത്തകറ്റിയോരോ
കഥപറയാം, നമ്മൾക്കു പാട്ടുപാടാം.
ക്ഷണികമിജ്ജീവിതം മൃത്യുവിന്നായ്
പ്രണയമയഹാസത്തിൽ മൂടിവയ്ക്കാം.
കരയൽക്കടൽ നീന്തിപ്പുഞ്ചിരിതൻ
കവനരുചിതഞ്ചും കരയ്ക്കുപറ്റി,
അനുകൂലചിന്തകളൊത്തു നമ്മൾ-
ക്കതിസുഖദവിശ്രമമാസ്വദിക്കാം!

കരിമുകിലെത്രമേൽ മൂടിയാലും
കനകമഴവില്ലു തെളിഞ്ഞുമിന്നും.
പൊരിയും മണൽക്കാട്ടിൽപ്പോലു,മോരോ
പരിലളിതശാദ്വലപ്പൊയ്ക കാണും.
ഇരുള്മാത്രമല്ല, വെളിച്ചവുമു-
ണ്ടരുതതിനാൽ തെല്ലും വിഷാദഭാവം.
ഇരുൾ പോയി, നേരം വെളിച്ചമായി,
നിറകതിരിൽ വിശ്വമുണർന്നു മുങ്ങി!
കരയേണ്ടകാലം കഴിഞ്ഞു;-മേലിൽ
കലിതസുഖം നമ്മൾക്കു പാട്ടുപാടാം! ...

                               -ജനുവരി 1935

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/സാന്ത്വനം&oldid=36418" എന്ന താളിൽനിന്ന് ശേഖരിച്ചത്