ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/പ്രചേതാക്കളുടെ ചരിത്രം
ഭൂപാലപുത്രൻ വിജിതാശ്വനു പിന്നെ
ഭൂപരിപാലനം ചെയ്തു വാഴുന്ന നാൾ
ഹര്യക്ഷനും ധ്രൂമ്രകേശൻ വൃകനുമ-
ങ്ങർഹത്വമേറ്റമേറീടും ദ്രവിണസൻ-
താനും സഹജരവന്ന, വർനാൽ വരും
സാനന്ദമാഹന്ത! പൂർവാദി ദിക്കുകൾ
നാലും പരിചോടു പാലിച്ചിരുന്നിത-
ക്കാലം ഹവിർധാധനായിതുരാജ്യവും
അവനുമകൻ പ്രാചീനബർഹിസ്സവ
നവനീമണ്ഡലമഖിലന്നിറയെ
പ്രാചീനാഗ്രസ്ഥസ്തംബദർഭകളാലെ
പ്രാപിച്ചാർ യജ്ഞങ്ങൾക്കതിനാലപി
നാമമതായിതവന്നു ശതദ്രുതി
കാമിനീ രത്നം സമുദ്രാത്മജയവൾ-
ത്തന്നെച്ചതുർമുഖൻ തൻ നിയോഗത്തിനാൽ
മന്നവൻ വേട്ടു സുഖിച്ചു വാഴുന്നനാൾ,
പുത്രരവൾ പെറ്റുടൻ പ്രചേതാക്കളെ-
ന്നത്രൈവ പത്തുപേരുണായിതൂഴിയിൽ.
തൽപ്രചേതാക്കൾ സംസാരവിഷയങ്ങൾ
ഉൾപ്പൂവിലേതുമൊന്നിച്ഛിയാതേപരം
ചിദ്ഘനമാത്മരമ്യസ്വയം ജ്യോതിഷം
തൽക്കാരണമുപാസിച്ചവരേവരും
പശ്ചിമദിക്കുനോക്കിത്തപസ്സിന്നുപോയ്
സ്വച്ഛബുദ്ധ്യാ പരമാത്മജ്ഞാനാർത്ഥികൾ;
താമരപ്പൊയ്കകൾ തീരദേശത്തു ചെ-
ന്നാമോദശാലികൾ തങ്ങളിരുന്നുടൻ
ഗാന്ധർവവും ശ്രവിച്ചാനന്ദചിത്തരായ്
ശാന്തേതരം പൊയ്കതന്നിൽ നിഞ്ഞ്ജസാ
നേരേ കരേറി പരിചോടെഴുന്നള്ളും
ശ്രീരുദ്രനെ നമസ്കാരവും ചെയ്തവർ
നിന്നനേരം പ്രസദിച്ചഥ രുദ്രനും
നിന്നവരോടരുൾ ചെയ്തു മധുരമായ്:-
“നിങ്ങൾ മഹത്വമേറും പ്രചേതാക്കളെ-
ന്നിങ്ങനെ ചൊല്ലും മഹത്തുക്കളല്ലയോ?
തുല്യാത്മനാ മരുവീടും പ്രധാനികൾ
കല്യാണശീലന്മാർ ഭാഗതാഢന്മാർ
നല്ല ഭക്തന്മാരവരെയനുഗ്രഹി-
ച്ചല്ലലൊഴിപ്പതിനുള്ളൊരു ഞാനിപ്പോൾ
രുദ്രഗീതം മഹാമന്ത്രം തെളിഞ്ഞതി-
ഭദ്രാത്മനാ നിങ്ങൾക്കാശു ചൊല്ലിത്തരാം;
ശുദ്ധബുദ്ധ്യാ ജപിച്ചാലുമിസ്തോത്ര” മെ
ന്നത്യാദരാലുപദേശിച്ചരുളിനാൻ.
തൽക്കീർത്തനേന തപസ്സിനായ്ക്കൊണ്ടവ-
രക്കാലമസ്സമുദ്രേ മുഴുകീടിനാർ.