ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/പ്രചേതാക്കളുടെ ശേഷം കഥ

നാരദൻ താന്മറഞ്ഞാൻ പ്രചേതാക്കളും
പാരാവരേ മുഴുകിക്കിടന്നന്വഹം
രുദ്രഗീതപ്രയോഗത്താൽ സ്തുതിച്ചു തൽ-
ഭക്തി കണ്ടപ്പതിനായിരം സംവത്സരാൽ
പ്രത്യക്ഷനായഖിലേശ്വരനങ്ങവർ-
ക്കൊത്തവരങ്ങളെല്ലാം കൊടുത്തീടിനാൻ.
നിത്യമുക്ഷഃകാലമപ്രചേതാക്കളെ
സ്മൃത്വാ വസിപ്പവർക്കത്തലൊഴിഞ്ഞുടൻ
ലോകാനുകാരവും സൗഭാഗ്യവും വന്നു
ലോകപ്രസിദ്ധരായ് വന്നുകൂടും ദൃഢം;
രുദ്ര ഗീതസ്തുതി ചെയ്‌വവർക്കും പുന-
രത്രൈവതൽഫലമെത്തുമസംശയം.
പിന്നെയങ്ങപ്രചേതാക്കൾക്കു കീർത്തിയും
ധന്യനായേറ്റം പ്രസിദ്ധനാം പുത്രനും
ചെമ്മേ ലഭിച്ചു സുഖമായ് വരികെന്നു
സമ്മോദപൂർവം വരം കൊടുത്തു പരം;
കണ്ഡുമഹാമുനിതന്നുടെ പുത്രിയെ-
ച്ചെന്നുടൻ വേട്ടുകൊൾകെന്നുമരുൾ ചെയ്താൻ
തന്വീമണിയാം തരുണിയും പുത്രനും
വന്നാലതിങ്കൽ ബന്ധം ഭവിയാതൊരു
ഭക്തിയുമുണ്ടായ് വരികെന്നനുഗ്രഹി-
ച്ചഗ്രേഭഗവാൻ മറഞ്ഞരുളീടിനാൻ.
തത്രഭഗവൽ സ്തുതി ചെയ്തു ഭക്തിപൂ-
ണ്ടുത്തമന്മാരാം പ്രചേതാക്കളഞ്ജസാ
തത്സമയേ ബഹുസ്ഥാവരൗഘങ്ങളാൽ
മൂടിക്കിടന്നൊരു ഭൂമിയെക്കാൺകയാ-
ലൂടേ വളർന്ന കോപാലവർതൽക്ഷണേ
പാവകവായുക്കളെസ്സൃജിച്ചാശുതൽ-
സ്താവരൗഘം ദഹിക്കെത്തുടങ്ങും വിധൗ,
കേവലം ബ്രഹ്മാവെഴുന്നല്ലിനിന്നവർ-
ക്കാവിരാനന്ദം വളർത്തരുളിചെയ്തു,
രോക്ഷമടക്കിയപോതഹോ വെന്തുടൻ
ശേഷിച്ചു നിന്നുള്ള പാദപജാലങ്ങൾ
കണ്ഡുവിൻ പോക്കെന്നു പ്രമ്ലോചയിൽ ജനി-
ച്ചന്നവളാൽക്കളയപ്പെട്ടുളവായ
മാരിഷയാകിയ കന്യകതന്നെയും
സാരസ സംഭവൻ തൻ നിയോഗത്തിനാൽ
വേട്ടവൾ ചാക്ഷുഷമായ മന്വന്തരേ
വാട്ടമൊഴിഞ്ഞെഴും സൃഷ്ടാവതാകിയ
ദക്ഷനേയും ജനിപ്പിച്ചവൻ തന്നുടെ
ശിഷോചിതോപനയനാദിസർവവും
തൽ ക്രിയാമാർഗ്ഗക്രമങ്ങളെച്ചെയ്തുടൻ
തൽ ഗൃഹസ്ഥാശ്രമം സാധിച്ചവർകളും;
പിന്നെപ്രജാസർഗ്ഗത്തിങ്കലദ്ദക്ഷനെ-
ത്തന്നെ നിയോഗിച്ചു തങ്ങൾ നിവൃത്തരായ്
പോയ് പടിഞ്ഞാറെസ്സമുദ്രതീരം പുക്കു
വായ്പെഴും ബ്രഹ്മസത്രത്തെ ദീക്ഷിച്ചവർ
ബ്രഹ്മത്തേയും വിവേകിച്ചിരിക്കും വിധൗ,
നിർമ്മലനാകിയ നാരദമാമുനി
തത്സഭാമദ്ധ്യം പ്രവേശിച്ചി, തമ്മുനി-
സത്തമനെക്കണ്ടു വന്ദിച്ചു പൂജിച്ചു
ഭക്ത്യാ പരബ്രഹ്മതത്ത്വം വിചാരിപ്പാൻ,
അക്കാലമാഹന്ത! നാരദമാമുനി
തത്ത്വജ്ഞാനത്തേയും തത്സാധനമായ
ഭക്തിമാർഗ്ഗത്തെയുമങ്ങതിശനാശ്രയ-
കർത്താ ഭഗവന്മാഹാത്മ്യവിശേഷവു-
മർത്ഥ പ്രകരണമാം കഥാസംഗവും
ആത്മജ്ഞാനാർത്ഥതത്ത്വോപദേശത്തെയും
തീർത്തരുൾ ചെയ്തുപദ്ശിച്ചരുളിനാൻ.
വാസ്തവമേവം വിദുരമൈത്രേയസം-
വാദപ്രവാദങ്ങളെച്ചതുർത്ഥത്തിനാൽ
പാരം ചുരുക്കമായൊട്ടൊട്ടു ചൊല്ലിയ-
ങ്ങാരൂഢമോദമടങ്ങി കിളിപ്പൈതൽ.

ഇതി ശ്രീമഹാഭാഗവതേ
ചതുർത്ഥസ്കന്ധം സമാപ്തം