ശ്രീമഹാഭാഗവതം/തൃതീയസ്കന്ധം/ആയുസ്സിന്റെ പരിണാമം

കേവലമേവം മൈത്രേയാനനാംബുജംനുകർ-
ന്നാവിരാനന്ദം വളർനീടിന വിദുരരും
ചോദിച്ചാൻ ബ്രഹ്മായുസ്സിനുള്ള കാലാനുക്രമ-
ഭേദത്തെപ്പരിചിനോടീഷലെന്നിയേകേൾപ്പാൻ
കാരുണ്യം വളർന്നരുൾ ചെയ്തിതമ്മൈത്രേയനും
സാരസപത്രമിളതായവ രണ്ടൊന്നിച്ചാൽ
നേരിയ സൂചിമുഖം കൊണ്ടു കൈകടുതാ‍യ
പൂരുഷനെടുത്തതിവേഗമോടൂന്നും വിധൗ
പത്രമതൊന്നു മുറിഞ്ഞങ്ങേതുതന്മേൽ ചെന്നു
പറ്റിടുന്നതിനിടയുള്ളൊരു കാലക്രമം
മുൽപ്പാടിങ്ങല്പകാലമെന്നു പോൽ ചൊല്ലീടുന്നു
മുപ്പതല്പത്തിനൊരു ത്രുടിയെന്നതും ചൊല്ലും
മുപ്പതു ത്രുടിക്കൊരു കലയുമതുപോലെ
മുപ്പതു കലയ്ക്കൊരു കാഷ്ഠയും തഥൈവതൽ
തൽക്കാലം നിമേഷമെന്നത്രൈവ ചൊല്ലീടുന്നു
തൽക്ഷണം കരവിരൽ നൊടിയെന്നതും ചൊല്ലും
മാത്രയെന്നതും പറഞ്ഞീടാമെന്നിരിക്കുമ്പോൾ
മാത്രനാലതിന്നൊരു ഗണിതമെന്നുണ്ടല്ലോ;
കേൾക്കെടോ! ഗണിതമവ്വണ്ണമേപത്തിനൊന്നു
വീർക്കുമീ മനുഷ്യരെല്ലാവരുമറിഞ്ഞാലും,
വീർപ്പുകളനുക്രമിക്കുന്നവയാറിന്നുതൽ-
താല്പര്യവശാൽ വിനാഡികളറുപതു
സൂക്ഷ്മമായൊക്കുന്നേരമായ് വരും ഘടികയും
പ്രാപ്തമാം ഘടികകളറു‌പതാകുന്നേരം
ഭാസ്കരൻ പ്രദക്ഷിണമൊന്നനുക്രമിക്കുന്നു:
വാനവർ നിലയനമായ മേരുവിനെയും
മൂലമങ്ങഖിലേശദേശികപാദത്തെയും
മാനുഷർക്കഹോരാത്രമായതുമതുതന്നെ
മാനമുറ്റതു പതിനഞ്ചിനായ്‌വരും പക്ഷം;
പക്ഷങ്ങൾ പൂർവാപരദ്വന്ദ്വങ്ങളൊരുമിച്ചു
നിൽക്കുമ്പോളഹോരാത്രം മുപ്പതാമതു ചാന്ദ്രം
മാസമൊന്നതുതന്നെ പിതൃക്കൾക്കഹോരാത്രം
മാസമീരാറിന്നൃതു, വാറു രണ്ടയനവും
മാസമിങ്ങനെ മേഷാദ്യങ്ങളീരാറാകുമ്പോൾ
വാസരം മുന്നൂറ്ററുപത്തഞ്ചേകാലാമപ്പോൾ
മാനുഷർക്കൊണ്ടൊന്നതു ദേവകൾക്കഹോരാത്രം
മാനങ്ങളവ്വണ്ണം മുന്നൂറ്റിന്മേലൊക്കുന്നേരം
കേവലം ദേവാബ്ദമൊന്നായ്‌വരുമതുതന്നെ
ദിവ്യവത്സരമെന്നു ചൊല്ലുന്നിതറിഞ്ഞാലും.
അങ്ങനെയുള്ള ദിവ്യവത്സരംനാലായിര-
ത്തിന്നുമേലെണ്ണൂറായ് നിന്നൊത്തിടും കൃതയുഗം
അന്യേപി മൂവായിരത്തറുനൂറാകുന്നുപോൽ
അന്യൂനമംഗല്യദമായെഴും ത്രേതായുഗം;
പിന്നേതു രണ്ടായിരത്തിന്നുമേൽ നാനൂറാണ്ടു
ചെന്നീടുന്നതുമൂന്നാം ദ്വാപരയുഗമതും;
നാലാമതോരായിരത്തിരുനൂറാബ്ദം കലി-
കാല‍മിങ്ങനെ പന്തീരായിരം ദിവ്യാണ്ടാമ്പോൾ
ഒത്തീടും ചതുർ യ്യുഗകാലമങ്ങതു കഴി-
ഞ്ഞിത്തരമതുതന്നെ പിന്നെയും വർത്തിക്കുന്നു.
തൽ കൃതത്രേതാദ്വാപരകലിയുഗങ്ങൾ സം-
യുക്തമായെഴുപത്തിയൊന്നാകെയൊത്തീടുമ്പോൾ
നിശ്ചയമൊരു മനു തന്നുടെ കാലം കൂടും
നിർജ്ജരേന്ദ്രാണാം പരമായുരന്തവും വരും
തൽ പ്രകാരേണ പതിന്നാലു പേർ മനുക്കളാൽ
തച്ചതുർ യ്യുഗം സഹസ്രോപരി ചതുർ ദ്വയം
വന്നുകൂടീടുമ്പൊഴുതായ്‌വരും പ്രളയമി-
പ്രാണികൾക്കതുധാതാവിന്നൊരുപകലല്ലോ.
എത്രനാൾകൂടീട്ടുണ്ടായ് വന്നിതപ്രളയമി-
ങ്ങത്രനാളേയ്ക്കു പുനരങ്ങനെതന്നെപിന്നെ
കിടക്കും ബ്രഹ്മാവിനു രാത്രി പോലറികതി-
ലൊടുക്കം മുന്നേപ്പോലെ പകലുണ്ടത്രതന്നെ
മനുക്കൾ പതിന്നാൽവർ കഴിവോളവും കാലം
തനിക്കു പകലൊടുങ്ങീടുമ്പോൾ പ്രളയവും
പിന്നെയും പകലുണ്ടായ്‌വരുന്നു രജനിയും
പിന്നെയുമുണർന്നു സൃഷ്ടിച്ചവയൊടുങ്ങുമ്പോൾ
മുന്നേതുപോലെ കണ്ടാലും പ്രളയവും
വന്നീടുമിടതുടർന്നിങ്ങനെതന്നെ മേന്മേൽ,
പിന്നെയും പുനരപി പിന്നെയും പുനരപി
പിന്നെയും ബ്രഹ്മന്നഹോരാത്രങ്ങളനുക്രമാൽ
മുന്നൂറുമറുപതും ചെന്നൊടുങ്ങീടും കാലം
അർണ്ണോ ജോത്ഭവന്നൊരു വത്സരം തികഞ്ഞീടും,
അങ്ങനെയുള്ള സംവത്സരങ്ങളൊരു നൂറു-
മിങ്ങിരുപതിന്മേലുള്ളതുമാമന്തത്തിങ്കൽ
ബ്രഹ്മായുസ്സൊടുങ്ങീടുമപ്രളയാനുക്രമം
ബ്രഹ്മായുസ്സോളം കാലം നഷ്ടമായ്ക്കിടക്കുന്നു:
പിന്നെയും സരസിജ സംഭവൻ മുന്നേപ്പോലെ-
തന്നെ കേവലം ചമഞ്ഞന്നന്നുണ്ട സംഖ്യകം
ചൊല്ലുവാനവസാനമില്ലാതോരവസ്ഥക-
ളെല്ലാമെങ്ങനെ പറഞ്ഞീടുന്നു മഹാമതേ!
മൂലമദ്ധ്യാന്തങ്ങളില്ലാതൊരു മഹാമായാ-
വേലകൾക്കാന്ത്യന്തമില്ലെന്നറികെടോ! സഖേ
കാലവേദികളായ ദിവ്യന്മാരെല്ലാവരും
കാലവൈഭവമനുകാലമെന്നറിയുന്നു.
പോകവയെല്ലാം ബ്രഹ്മസൃഷ്ടികൾക്കാധാരമാം
ലോകസംസ്ഥാനങ്ങളെ കൽപ്പിച്ചോരനന്തരം
പാലനത്തിനു മനുതന്നെയും കല്പിച്ചുടൻ
ഭൂലോകസ്ഥാനേ നിയോഗിച്ചരുളിനശേഷം
ക്ഷോണിയെ പ്രളയാബ്ധി തന്നിൽ നിന്നുയർത്തുവാൻ
ഘോണിയായ് നാരായണനബ്ധിയിലിഴിഞ്ഞുടൻ
ദാനവൻ തന്നെക്കൊന്നു ദീനയാമവനിയെ
സ്ഥാനമംഗലം ദഷ്ട്രാഗ്രേണ ചേർത്തരുളിനാൻ
കേവല മേവം മൈത്രേയോക്തികളെല്ലാം കേട്ടു
ഭാവസമ്മോദത്തോടെ ചോദിച്ചു വിദുരരും:
ശ്രീനാരായണൻ മുന്നം ഘോണിയായവനിയെ-
ത്താനുടനസുരനെക്കൊന്നു വീണ്ടവസ്ഥകൾ
തേറുമാറരുൾ ചെയ്കെന്നാശു കേട്ടകതാരിൽ
തേറിനമൈത്രേയനുമാദരാലരുൾ ചെയ്താൻ:-