ശ്രീമഹാഭാഗവതം/തൃതീയസ്കന്ധം/വിദുരമൈത്രേയസംവാദം
ചൊല്ലുചൊല്ലെടോ! ശേഷം കഥകൾ കിളിപ്പെണ്ണേ!
ചൊല്ലെഴും കിളിമകൾ കേട്ടുടനുരചെയ്താൾ:
സർ ഗ്ഗാദ്യർത്ഥങ്ങൾ പത്തുമെന്നതിൽ തൃതീയത്തിൽ
സർ ഗ്ഗമായതു ജഗൽ കാരണ സംഭൂതിപോൽ;
കാരണ സംഭൂതിയും മഹത്ത്വത്ത്വോല്പത്തിയും
സാരസാസന പ്രജാപതികളുൽപത്തിയും
മൂലമായ് വിദുരമൈത്രേയസംവാദംകൊണ്ടി-
ങ്ങാരംഭിക്കുന്നു, ധാർത്തരാഷ് ട്രന്മാരഹോമുന്നം
പാർത്ഥന്മാരോടു വിപരീതമായിരിക്കയാൽ
ആർത്തരായ് നശിക്കുമെന്നാലതും കണ്ടീവണ്ണം
പാർക്കരുതിവിടെയെന്നോർത്തുതാൻ പുറപ്പെട്ടു
പൊയ്ക്കൊണ്ടു തീർത്തങ്ങളാടീടുവാൻ വിദുരരും
ചെന്നവൻ പ്രഭാസതീര്ത്ഥാന്തികം പ്രാപിച്ചപ്പോൾ
മന്നവനരികളെക്കൊന്നുടൻ ധർമ്മാത്മജൻ
രാജ്യത്തെയടക്കിവാണീടിനാനനേകധാ
പൂജ്യനായെന്നുള്ളതു കേട്ടുകൊണ്ടവിടുന്നു
പൊയ്ക്കൊണ്ടാൻ തീർത്ഥങ്ങളാടീടുവാൻ ക്ഷേത്രങ്ങളും
വായ്ക്കുമാനന്ദം പൂണ്ടു സേവിച്ചാനോരോന്നെല്ലാം.
ഭൂപ്രദക്ഷിണവും ചെയ്തീശ്വരാർത്ഥവും പ്രാർത്ഥി-
ച്ചാത്മനിസർവ്വം ചേർത്തു വിശ്വസിച്ചനുദിനം
പുണ്യവാഹിനിയായ കാളിന്ദീതീരത്തിങ്കൽ
ചെന്നുനിന്നപ്പോൾ കേൾക്കായ് വന്നിതു വൃത്താന്തങ്ങൾ
മൗസലം കഴിഞ്ഞിതന്നേരമുദ്ധവൻ താനും
കംസാരിപദം ധ്യാനിച്ചവിടെച്ചെന്നീടിനാൻ
തമ്മിലന്യോന്യം കണ്ടു സന്തോഷിച്ചാശ്ലേഷിച്ചു
സമ്മാന സല്ലാപങ്ങൾ ചെയ്തിരുന്നീടുന്നേരം
യാദവാന്വയമെല്ലാമൊക്കെവേ നശിച്ചതും
മാധവൻ നിജലോകം പ്രാപിച്ച വൃത്താന്തവും
വ്യാകുലാത്മനാ പറഞ്ഞുദ്ധവർ വിദുരരോ-
ടാകവേ കേൾപ്പിച്ചു ലോകാധർമ്മപ്രഭാവവും
ചൊല്ലിനോരനന്തരം മല്ലാരി ജഗൽപതി
കല്യാണാലയൻ തനിക്കാത്മജ്ഞാനാർത്ഥം പരം
തുല്യ ചേതസാ കനിവോടുപദേശിച്ചുടൻ
അല്ലൽ തീർത്തരുളിനാനെന്നതും ചൊല്ലീടിനാൻ
തത്രൈവ തദ്വൃത്താന്തം കേട്ടളവകംതെളി-
ഞ്ഞുത്തമചിത്തൻ ക്ഷത്താവുദ്ധവർ തമ്മോടപ്പോൾ
ഭക്തിപൂണ്ടപേക്ഷിച്ചാനുത്തമശ്ലോകൻ ഭവാ-
നുൾത്താരിലുറപ്പിച്ച തത്ത്വജ്ഞാനാർത്ഥം മമ
ചിത്തകാമ്പുണരുമാറിങ്ങുപദേശിക്കണം
മർത്യ ജന്മത്തിൻ ഫലം സിദ്ധിപ്പാനനുഗ്രഹാൽ.
സത്വരമേവം വിദുരോക്തികൾ കേൾക്കായപ്പോൾ
സ്നിഗ്ദ്ധ ചേതസാ മുഹുരുദ്ധവരുരചെയ്താൻ
ഞാനതിനേതും യോഗ്യനല്ലെന്നോടരുൾ ചെയ്താൽ
ആനന്ദാംബുധികൃഷ്ണനിങ്ങു പണ്ട റിയിച്ചാൻ;
മാമകം മഹത്തത്ത്വാദ്യങ്ങൾ ശ്രീമൈത്രേയങ്ക-
ലാമവൻ തന്നെ സ്സേവിച്ചാലുടനെല്ലാം കേൾക്കാം;
നീയിതു ചെയ്കെ ന്നു ചൊന്നതു കേട്ടകം തെളി-
ഞ്ഞായർ കോൻ കൃപയെങ്കലുണ്ടെന്നതുറച്ചവൻ
ശ്രീമൈത്രേയനെത്തിരഞ്ഞീടുമ്പോൾ ഗംഗാദ്വാരേ
മാമുനീന്ദ്രനെക്കണ്ടു വന്ദിച്ചു പൂജിച്ചുടൻ
ചോദിച്ചാൻ ഭഗവൽ സൂക്ഷ്മാത്മതത്ത്വാർത്ഥത്തെയും
താദൃശമായ ജഗൽ സർ ഗ്ഗാദ്യങ്ങളുമെല്ലാം
നിന്തിരുവടിയരുൾചെയ്യണം കേൾക്കാമെങ്കിൽ
അന്തരാനന്ദം വലർന്നന്ധത്വം നീങ്ങും വണ്ണം.
തൽ പ്രബന്ധങ്ങൾ കേട്ടു മൈത്രേയൻ മഹത്തത്ത്വാ-
ദ്യുല്പത്തികളും ബ്രഹ്മാണ്ഡോല്പത്തിഭേദങ്ങളും
ചില് പുമാൻ ബ്രഹ്മാണ്ഡൈകചൈതന്യരൂപേണസ-
ങ്കല്പിതേന്ദ്രിയ വിഷയാത്മകനാകുന്നതും.
വിപ്രാദി വർ ഗ്ഗങ്ങളും ദൈവതമയങ്ങൾ സർ-
വ്വോല്പത്തിസ്ഥിത്യാദിലോകൈക സംസ്ഥാനങ്ങളും
കാലഭേദങ്ങൾ കർമ്മഭേദങ്ങളും പക്രമ-
മൂലങ്ങളെല്ലാമറിവാനുടൻ ഭാഗവതം
ദേശികപരമ്പരയോടുകൂടവേ തെളി-
ഞ്ഞാശയാനന്ദ സാധ്യമാദരാലരുൾചെയ്താൻ:-
‘ലോകങ്ങൾക്കാധാരഭൂതാത്മകൻ നാരായണ-
നേകൈകാംശാത്മാക്കളായിങ്ങവതരിച്ചതിൽ
ശ്രീസനൽകുമാരനോടാദിയിൽ സങ്കർഷണൻ
ഭാസുരാത്മനാകേൾപ്പിച്ചീടിനാൻ ഭാഗവതം
താനതു സാംഖ്യായനനായ് ക്കൊണ്ടു വൈധാത്രനും
മാനസാനന്ദം വളർത്താദരാലുരചെയ്താൻ:
ശ്രീപരാശരനു സാംഖ്യായനനുരുൾ ചെയ്താൻ
ശ്രീപരാശരനെനിക്കും പുനരതുപോലെ
സാദരമരുൾ ചെയ്താനിപ്രകാരേണ നിന-
ക്കാദിയേ ചൊല്ലിത്തരാ’മെന്നുടൻ മൈത്രേയനും
പാദജനെന്നാകിലും ദിവ്യനാം വിദുരരോ-
ടാദരാലേതും മടിയാതെ താനരുൾ ചെയ്താൻ
ശ്രീഭാഗവതം ‘മുന്നമാദിനായകൻ തന്റെ
നാഭിപങ്കജത്തിലുല്പന്നനാം ചതുര്മ്മുഖൻ
തന്നുടെ മൂലം ഗ്രഹിയാഞ്ഞു താൻ പരിഭ്രമി-
ച്ചന്വേഷിച്ചനേകായിരം ദിവ്യ സംവത്സരം
നിന്നുഴനേറ്റം വലഞ്ഞെത്രയും വിഷണ്ണനായ്
ഖിന്നനായ് ക്കമലമൂലത്തെയുമറിയാതെ
സംഭ്രമിച്ചീടുംകാലമേകാത്മാജഗന്മയൻ
തമ്പുരാനല്പം പ്രസാദിക്കയാൽ നിജതത്ത്വം
സമ്പ്രതി ഹൃദി തെളിവോടുണർന്നതും ഭക്ത്യാ
കമ്പമെന്നിയേ സേവിച്ചാനന്ദസമന്വിതം
കാലമൊട്ടേറെ കഴിഞ്ഞീടിനോരനന്തരം
ഭൂലോകപാലനായോരാദിനായകനെയും
കാണായ് വന്നിതു കിരീടായുതാർക്കവൽ പ്രഭം
നാനാദിഗ് വ്യാപ്തം ബഹുലാനന്ദകരപദം
ശ്രീവത്സവക്ഷോദേശം ശംഖചക്രാബ്ജഗദാ-
ദ്യായുധാവൃതം പീതവാസസം ജഗന്നാഥം
ഹാരകേയൂരകടകാംഗുലീയകപരി-
ഷ്കാരശോഭിതം നീലനീരദകളേബരം
ശേഷശായിനം തെളിവോടു കണ്ടുണ്ടായസ-
ന്തോഷചേതസാ കൂപ്പിസ്തുതിച്ചാൻ പലതരം
വേദാന്ത വാക്യാർത്ഥസാരങ്ങളാൽ സ്തുതനായ
നാഥനും പ്രസാദിച്ചു നൽകിനാനുഗ്രഹം
ധാതാവു ജഗൽ സൃഷ്ടി ചെയ്തരുളിനാൻ നിജ-
ജാതപങ്കജ ബ്രഹ്മാണ്ഡോദരേ മായാമയേ.’