ശ്രീമഹാഭാഗവതം/ദ്വിതീയസ്കന്ധം/വിരാഡ് രൂപധ്യാനം
വിരാഡ് രൂപധ്യാനം
തിരുത്തുകനിശ്ചയിച്ചേവം മുനീന്ദ്രോക്തികൾ കേട്ടുണ്ടായ
വിശ്വാസത്തോടു വിഷ്ണുരാതനാം നൃപോത്തമൻ
ശ്രീശുകൻ തന്നെത്തൊഴുതാശയവിശുദ്ധനാ-
യാശുപിന്നെയും ചോദിച്ചീടിനാ “നെവ്വണ്ണം ഞാൻ
ധ്യാനിക്കേണ്ടുന്നു? കനിവോടരുൾചെയതീടേണം
ആനന്ദസാധ്യം മമസായൂജ്യം വരുത്തുവാൻ.”
പ്രീതിയാംവണ്ണമരുൾചെയ്തിതുമുനീന്ദ്രനും
കേട്ടുകൊൾകിലെങ്കിൽ ഭവാൻ ഭഗവദ്ധ്യാനം കൊണ്ടു
വാട്ടമെന്നിയേ മോക്ഷം വരുത്തും പ്രകാരങ്ങൾ
നീക്കമെന്നിയേ മനോജയത്തോടനുവേലം
കാൽക്ഷണം പിരിയാതെ ഭഗവൽ സ്ഥൂലരൂപം
ചിന്തിച്ചുനിത്യമുറപ്പിക്കണം മനക്കാമ്പിൽ
നിന്തിരുവടി തന്നെ ലോകങ്ങൾ പതിന്നാലും
പാതാളം പാദതലം പാർഷ്ണികൾ രസാതലം
മീതെഴും ഗുൽഫം മഹാതലവും, തലാതലം
ജംഘകളെന്നുതന്നെ വിദ്വാന്മാർചൊല്ലീടുന്നു.
ജാനുക്കൾ സുതലമങ്ങതലവിതലങ്ങൾ
പീനവൃത്തങ്ങളാകുമുരുകാണ്ഡങ്ങൾ രണ്ടും
മേദിനീചക്രം ജഘനോഭയം, നഭഃസ്ഥലം
ആദിമദ്ധ്യാന്തമില്ലയാതവനാഭിസ്ഥലം,
ദേവലോകം പോലുഷസ്സായതു, ഗളമൂലം
കേവലം മഹർല്ലോകം, ലലാടം തപോലോകം
കേളെടൊ! ജനലോകം തുണ്ഡമായതു സത്യ-
മേളനിർമ്മലലോകമുത്തമാംഗാന്തം പ്രഭോ!
ശക്രാദിലോകപാലന്മാരെല്ലാം കരങ്ങൾപോൽ,
ദിക്കുകൾ കർണ്ണങ്ങളും ദസ്രന്മാർ നാസായുഗ്മം,
വക്ത്രമായതു മഗ്നി, നേത്രമാദിത്യൻ തന്നെ,
നക്താധിപതിമനസ്സായതെന്നറിഞ്ഞാലും
ബുദ്ധിവാഗീശൻ, കോപകാരണമഹങ്കാരം
രുദ്രനായതു വചസ്സൊക്കെയും ഛന്ദസ്സുകൾ,
ഭ്രൂഭംഗംകാലക്രമം, ദംഷ്ട്രയന്തകൻ തന്നെ
ശോഭതേടീടും ദ്വിജപംക്തികൾ നക്ഷത്രങ്ങൾ,
ഹാസമായതുജഗന്മോഹിനിമഹാമായ.
വാസനാപാംഗോദയമീക്ഷണം ജഗത്സർവം
ഉന്മേഷനിമേഷങ്ങൾ വാസരനിശീതിന്യൗ
ധർമ്മമായതുവുരസ്സധർമ്മം പൃഷ്ഠഭാഗം
സപ്തസാഗരങ്ങൾ പോൽ കുക്ഷിയും ബാഗുദേശം,
സപ്തമാരുതന്മാരും നിശ്വാസക്രമങ്ങൾപോൽ,
നദികൾനദങ്ങൾ നാഡികളാകുന്നതെല്ലാം,
പൃഥിവീധരങ്ങൾ തദ്രോമങ്ങളല്ലോനിത്യം,
ത്ര്യക്ഷ്യനാം മഹാദേവൻ തദ് ഹൃദയവും നൂനം,
വൃഷ്ടിരേതസ്സുമഹാമോഹനം പ്രജാപതി.
പുഷ്ടിയാം മഹിമതദ്ജ്ഞാനയോഗൈക്യേശ്വരി,
വിഷ്ണുവായതു പരമാത്മാവു പരബ്രഹ്മം.
ജിഷ്ണുജാത്മജ! നരപാലകശിഖാമണേ!
ഇങ്ങനെയുള്ള ജഗദ്രൂപമാം മഹൽ സ്ഥൂലം
തിങ്ങിനഭക്ത്യാനിത്യമുൾക്കാമ്പിലുറപ്പോളം
മംഗലാകാരംധ്യാനിച്ചീടുകിലവന്നു പാ-
പങ്ങളൊക്കെയും തീർന്നു വന്നുകൂടീടും മോക്ഷം.
നിർമ്മലം മഹാമനസ്സാമവനപേക്ഷകൾ
തന്മനക്കാമ്പിൽ ചേർന്നുനിന്നതൊക്കെയും വരും
കല് മഷഹരന്മായാമയമിപ്രപഞ്ചൈക-
സന്മയസ് മൃതികൾക്കെളുതല്ലോ വിചാരിച്ചാൽ
നിർമ്മലൻ വിരാൾപുമാൻ തന്മഹാസൂക്ഷ്മച്ഛായ
നമ്മുടെഹൃദയത്തിലുന്മിഷത്താകും വണ്ണം
പൊന്മകുടവുമളകാഭയും ലലാടവും
കൺ മുനകളും, കടാക്ഷാവലോകനങ്ങളും
കുണ്ഡലങ്ങളും, ഗണ്ഡമണ്ഡലങ്ങളും മുഖ-
പുണ്ഡരീകവും മൃദുഹാസവും ലളിതവും,
‘കംബുകണ്ഠവും, കരവൃന്ദമായുധങ്ങളും
അംബുജമകൾമേവും നിർമലമണിമാറും
ഹാരകൗസ്തുഭവനമാലകളുദരവും,
ചാരുനാഭിയും ജഘനോഭയമുരുക്കളും
പീതവാസസ്സുംതിരുതുടയുംജാനുക്കളും
പാദയുഗ്മവും വിരൽ നിരകൾ നഖങ്ങളും
ചേവടികളും പ്രപദാഭതൊട്ടാകേശാന്തം
ശോഭിതാഭരണയോഗ്യോദയം മഹാപ്രഭം
നീലനീരദനിഭം നിർമ്മലം നിരാമയം
ബാലഗോപാലം പരമാമൃതമാത്മാനന്ദം
കാമദംധ്യാനിച്ചുദിവ്യന്മാരാം മഹത്തുക്കൾ
സാമോദം മോക്ഷം പ്രാപിച്ചീടുന്നു നിരാകുലം
ഏവ മത്യാനന്ദസംസിക്തമാം ഹരിരൂപം
പാവനാകാരം ധ്യാനിക്കാമവയവങ്ങളാൽ.
ശ്രീമഹാവിഷ്ണുരൂപഭേദങ്ങളോരോന്നോരോ-
ന്നാമയഹരം പരലോകം സിദ്ധിദം പരം
സാലോക്യാദികളെല്ലാം സാധിക്കുമതിനാലേ
കാലദേശാവസ്ഥകൾക്കൊത്തവാറ്റിഞ്ഞാലും
യോഗികളരൂപമാമാനന്ദം പരബ്രഹ്മം
യോഗമംഗലം ധ്യാനിച്ചീടുന്നു നിരന്തരം
മാനസേന്ദ്രിയദേഹശുദ്ധികളോടും ദിവ്യ-
മാനുഷർക്കൊഴിഞ്ഞതുസാധ്യമായ് വരായല്ലോ.
ദേശികൻ തന്നോടുപദേശവാക്യത്തെക്കേട്ടാൽ
ആശയവിശുദ്ധനായാനന്ദസമന്വിതം
കാരുണ്യഹൃദയനായീശ്വരാജ്ഞയാവരും
കാര്യങ്ങളനുഷ്ഠിച്ചു രാഗാദിദോഷങ്ങളും
വേർപെടുത്തനുദിനമേഷണത്രയങ്ങളു-
മാവോളമകലത്തുവേർപെടുത്താകുംവണ്ണം
കാണായതെല്ലാം പരബ്രഹ്മനിർമ്മലബീജം
പ്രാണികളെന്നുള്ളൊരു ബോധകൗതുകത്തോടും
ഗോപനീയാത്യുത്തമമംഗലദേശം പുക്കു
താപശീതാദികളും സഹിച്ചു സമബുദ്ധ്യാ
ദേഹമദ്ധ്യസ്ഥം സുക്ഷു മ്നാപരമഹാനാഡി
ദേഹികൾക്കിഡയാദിനാഡീഭിരാവേഷ്ടിതം
ജീവനായ്‌വിളങ്ങുമാത്മാവുനിർമ്മലം പരം
ജീവനുജീവൻപരമാത്മാവെന്നതുനൂനം.
യോഗമായതു തയോരൈക്യമെന്നതുകൊണ്ടു
യോഗിതാനുചിതാസാനസ്ഥനായ് ഋജുകായകൻ
നാളീകസൂത്രം പോലെ മേവിടും സുഷുമ്നയിൽ
നാളമദ്ധ്യത്തിങ്കലഗ്രാന്തസ്ഥനിവാസസ്ഥം
മൂലാധാരാഖ്യേ തത്ര ദീപവൽ ജീവാത്മാവു
നാലിതൾമദ്ധ്യേ ശോഭിച്ചീടുന്നു സർവാത്മനാ
തത്സ്വയം പ്രഭയിങ്കൽ നിന്നുണർന്നെഴും ജീവൻ
തത്സ്വതാലിംഗത്തോടും പാതിപാതിത്വത്തോടും
തമ്മിലന്യോന്യം പ്രാണാപാനന്മാരൊരുമിച്ചു
ജന്മമൂലത്തിങ്കലങ്ങൊന്നിപ്പാനനുഗ്രഹാൽ
തന്നെയാച്ഛാദിച്ചു സംഭ്രമിച്ചു കിടന്നീടും
കുണ്ഡലിന്യാഖ്യാശക്തിതന്നെയുമുണർത്തിത്താൻ
മന്ദം മന്ദം മൂലാഗ്നിതന്നോടുമൊരുമിച്ചു
മന്ദമെന്നിയേ ചക്രഷഡ്ക്കങ്ങൾ ഭേദിച്ചുടൻ
തന്നിലകളിൽ ചേർന്നുനിന്ന ഭൂതാത്മാക്കളെ-
ത്തന്നോടു കൂടെക്കൂടെച്ചേർത്തുകൊണ്ടാധാരങ്ങൾ
കടന്നുകടന്നാറുകഴിഞ്ഞാലുടനങ്ങു
തുടർന്നീരാറാംനിലതന്നിലുണ്ടൊരു പദ്മം
തെളിഞ്ഞായിരത്തെട്ടു ദളങ്ങളോടുംകൂടി
വിളങ്ങും തൽ കർണ്ണികാഗ്രാന്തസ്ഥ സത്യാനന്ദം
പരന്നവെളിവിങ്കൽ നിരന്നുകാണാം പരാ
പരജ്യോതിഷം പരമാത്മാനമക്ഷദ്വയം
മുറിഞ്ഞു നിൽക്കും പ്രണവാസനനാളത്തൂടെ
തടഞ്ഞീടാതെവഴിതുടർന്നങ്ങേറിച്ചെന്നാൽ
കലർന്നുകൂടും ബ്രഹ്മസ്വതയാലയിച്ചുതാ-
നലിഞ്ഞൊന്നാകും ഘൃതമുരുകിച്ചേരുമ്പോലെ
പറഞ്ഞീടരുതാത പരമാനന്ദത്തോടും
നിറഞ്ഞു താനായ് ചമഞ്ഞിരിക്കുന്നവൻപിന്നെ
വിരഞ്ഞു ജഡംവിട്ടങ്ങൊഴിഞ്ഞുപോകുന്നേരം
തിരിഞ്ഞു മൂർദ്ധ്നിമദ്ധ്യംതുളഞ്ഞുപുറപ്പെടും
തികഞ്ഞകലകളാൽ വിളങ്ങും സുധാകരൻ
വിരഞ്ഞുപൊങ്ങുംവണ്ണമുയർന്നങ്ങനുക്രമാൽ
കടന്നു കടന്നു ലോകങ്ങളും കണ്ടു കണ്ടു
തുടർന്നു വളർന്നെഴും പരമാനന്ദത്തോടെ
സത്യലോകത്തെ പ്രാപിച്ചുത്തമ സഭാതലേ
സത്തുക്കളെല്ലാവർക്കും മുഖ്യനായനുദിനം
വിദ്യാബ്ധിമദ്ധ്യേ കിടന്നത്യന്തം നീന്തിത്തളർ-
ന്നദ്വൈതപാരംഗമിച്ചീടുവാനകതാരിൽ
ശ്രദ്ധിച്ചുവസിക്കുന്ന ഭക്തന്മാർക്കാത്മജ്ഞാന-
തത്ത്വോപദേശം ചെയ്തു തൽപ്രകാശാത്മാക്കളാൽ
നിത്യസം പൂജ്യമാനനായ് പരമാനന്ദസം-
സിക്തനായ് ചമഞ്ഞാത്മോദ് ഭുത കല്പാന്തത്തിങ്കൽ
സത്വരം ഹൃദയത്തിൽ ബ്രഹ്മനോടൊരുമിച്ചു
സദ്ഗതിലഭിക്കുന്നു സത്യമെന്നറിഞ്ഞാലും.
തദ്യോതഹംസപ്രയോഗത്തിനുവിഷമമു-
ണ്ടെത്രയുമതിൽതുലോമെളുതായൊന്നുണ്ടല്ലോ.
ഭക്തിയോഗാഖ്യം പരമാനന്ദസായനം
വ്യാജമെന്നിയേ പരമാചാര്യപ്രസാദത്താൽ
സാധിക്കാമതുസർവ്വാത്മാക്കൾക്കും സദാകാലം
സാധിക്കാവൊരു മുക്തിസാധനമുപദേശം
ബോധിപ്പാൻ പ്രയത്നമില്ലേതുമേ ശീലിപ്പാനും
ബോധത്തെത്തരും സാധിപ്പിച്ചീടും കൈവല്യവും
സാധിപ്പാനെളുതതു നിനക്കെന്നരുൾചെയ്തു
ബോധിപ്പിച്ചരുളിനാൻ ദ്വാദശാന്തസ്ഥംസത്യം.
ഇങ്ങനെ ശുകൻ പരീക്ഷിത്തിനോടരുൾചെയ്ത-
തങ്ങനെതന്നെസൂതൻശൗനകാദികളോടും
മംഗലവാചാ പറഞ്ഞീടിനതെല്ലാംകേട്ടു
തിങ്ങിന കുതൂഹലം പൂണ്ടു ശൗനകമുനി
ചോദിച്ചാനുഗ്രശ്രവസ്സാകിയസൂതൻ തന്നോ-
ടാധിക്യംവളർ ന്നെഴും ശ്രീശുകമഹാമുനി
ചൊല്ലിയതെല്ലാംകേട്ടുചോദിച്ചതെന്തൊന്നതി-
കല്യാണശീലൻ മഹീവല്ലഭനവനോടു
ചൊല്ലിയതുടനതിനുത്തരമെന്തൊന്നതു
ചൊല്ലെടോ! സവിസ്താരമേതുമേമടിയാതെ;
നല്ലവരുടെ സംവാദങ്ങളെക്കേൾക്കെന്നുള്ള-
തല്ലോ മാനുഷജന്മസാഫല്യമാകുന്നതും.
ഭഗവച്ചരിതനാമ സ് മൃതിപൂജാദികൾ
ഭഗവൽഭക്തന്മാരാലനുവർത്തിച്ചതെല്ലാം
ഭഗവൽഭക്തശിഷ്യന്മാരതിഭക്ത്യാനിത്യം
ഭവവൽ പ്രസാദേനചൊല്ലീടും കഥാമൃതം
ഭഗവൽ കാരുണ്യമുണ്ടായ് ചമഞ്ഞീടും നേരം
ഭഗവൽഭക്ത്യാ കേട്ടുകൊൾലുകിലതിന്മീതെ
ജനനസാഫല്യമില്ലിവിടെവരുത്തുവാൻ
തനിയേവിചാരിക്കലകമേദിനംതോറും
മനുജശരീരാംശനിഖിലമുഖങ്ങളാൽ
മനസാഭഗവൽ സേവാരതിചെയ്തീടണം,
അതിനായുള്ളൊന്നവയവങ്ങളതുചെയ്യാ-
ത്തതിനാലൊരു ഗുണമുളവായ്‌വരാ മേലിൽ.
യാതൊരംഗങ്ങൾകൊണ്ടുഭഗവദ്വിഷയാനു-
യാതമല്ലാതെ വൃഥാകാരേണവർത്തിപ്പതു
ജീവനില്ലതിന്നതിനിന്ദ്യമെത്രയും മര-
പ്പാവകൾക്കൊക്കും ദൈവനാസ്തികാംഗികളെല്ലാം
സേവകന്മാരിൽകൃപാവാരിധിജഗന്നാഥൻ
ദേവപാദപം പോലെനിൽക്കുന്നഭക്തപ്രിയൻ.
അങ്ങനെയുള്ള ഭഗവത് മാഹാത്മ്യങ്ങൾ തെളി-
ഞ്ഞിങ്ങെനിക്കിനിയും നീ ചൊല്ലെടോ മഹാമതേ!
ശൗനകനേവം പറഞ്ഞീടിനോരളവിങ്കളൽ
മാനസാനന്ദം പൂണ്ടു സൂതനും കൂടെച്ചൊന്നാൻ:-
ശ്രീശുകനരുൾചെയ്തഭഗവദ്ധ്യാനാമൃതം
ആശയംതെളിവോളം പാനം ചെയ്തവനീശൻ
ദിവ്യചേതസാ കനിവോടുടൻ സർ വ്വേന്ദ്രിയ-
സേവ്യനായഖിലലോകൈകകാരണനായ
മാധവനുടെ ജഗൽ സർ ഗ്ഗാദിചരിത്രങ്ങ-
ളാദിതീർത്തിന്നും പുരുഷാർത്ഥ സാധനംചെമ്മേ
മോദമാർന്നരുൾചെയ്ക് കെന്നിങ്ങനെ വിചാരിച്ച-
താദരപൂർവ്വം കേട്ടു ശ്രീശുകമുനീന്ദ്രനും
ഭാഗവതാഖ്യമിവനിന്നു ഞാൻ കേൾപ്പിപ്പനെ-
ന്നാഗമാന്താർത്ഥപ്പൊരുളാകിയ ഭഗവാനെ
ശ്ലോകങ്ങൾ കൊണ്ടു നന്നായ് സ്തുതിച്ചു നമസ്കരി-
ച്ചേകാത്മവാക്യപ്രസാദം മമദിനം പ്രതി
ശീലിപ്പാനരുളുകെന്നർത്ഥിച്ച വിരിഞ്ചകീ-
ലാലദസംവാദം കൊണ്ടാരംഭിച്ചരുളിനാൻ-
‘ആദിയിൽ ശ്രീനാരദൻ പ്രപഞ്ചസൃഷ്ട്യാദികൾ-
ക്കാധാരാശ്രയമായൊരാത്മതത്ത്വാർത്ഥം ചെമ്മേ
ചേതസി മോദാൽ ഗ്രഹിച്ചീടുവാനപേക്ഷ ചേർ-
ന്നാദരാൽ പിതാവായ ധാതാവോടർത്ഥിച്ചപ്പോൾ
ധാതാവു തനയനായപ്പൊഴുതരുൾ ചെയ്താൻ!
ആദിയിലാദ്യനായഭഗവൽകടാക്ഷത്താൽ
ക്ഷോഭിച്ചുചമഞ്ഞിതു പ്രകൃതിമഹാമായാ
ശോഭിച്ചിതവളിൽ നിന്നഞ്ജസാ മഹത്തത്ത്വം
ബ്രഹ്മാണ്ഡമതിങ്കൽ നിന്നുദ് ഭവിച്ചിതുനാഥൻ
തന്മഹൽ സ്ഥൂലരൂപമായ് ക്കൊണ്ടാനതിനാലേ
തന്നവയവങ്ങളീരേഴുലോകങ്ങൾകൊണ്ടു-
തന്നെ പാലിച്ചാൻ ലോകപാലകാദികളേയും.
എന്നെല്ലാം പ്രപഞ്ചസൃഷ് ട്യാദികളവർണ്യമാ-
കുന്നതുമായാമയനാകുന്നഭവവാന്റെ
മഹത്ത്വം പരിച്ഛേദിക്കാവതല്ലല്ലോ ഭുവി
മഹദ്വേദികളായുള്ളവർക്കുമെന്നാകയാൽ
ജഗൽക്കാരണൻ വരാഹാദ്യവതാരം ചെയ്തു
ജഗത്തിങ്കലേക്കനുഗ്രഹിച്ചുവർത്തിച്ചീടും
ചരിത്രങ്ങളെശ്ശീലിച്ചനല് പാദര ഭക്ത്യാ
ധരിച്ചീടുന്നു കൃപാലവത്തെ മഹത്തുക്കൾ.
അങ്ങനെ ഭഗവൽ കാരുണ്യത്താലതിശയം
അങ്ങകം തെളിഞ്ഞതിശുദ്ധമായ് വിളങ്ങീടും
നിർമ്മലാത്മാക്കൾ മഹദ്വേദികളാത്മജ്ഞാന-
ജന്മബോധേന പരബ്രഹ്മ സംഗ്രഹണത്താൽ
ഭക്തന്മാർക്കുപദേശം ചെയ്തു സങ്കടം തീർത്തു
മുക്തിമാർ ഗ്ഗത്തെക്കാട്ടിക്കൊടുപ്പോരെന്നിത്യർത്ഥം
സ്രഷ്ടാവു തെളിഞ്ഞരുൾ ചെയ്തു നാരദനു സ-
ന്തുഷ്ടി ചെയ്തരുളിനാ’നെന്നു കേട്ടനേരം.