ശ്രീമഹാഭാഗവതം/പഞ്ചമസ്കന്ധം/ചതുർദശലോകവൃത്തം

സൂര്യനിൽ നിന്നു പതിനായിരം യോജനകൾ
താഴത്തു രാഹു, രാഹുതങ്കൽനിന്നത്രവഴി
താഴത്തു സിദ്ധവിദ്യാധരന്മാരുടെ ലോകം
താഴത്തുണ്ടതിനങ്ങു മേഘമാർഗ്ഗത്തോളവും
രാക്ഷസഭൂതപിശാചാദികളുടെ ലോകം.
കേൾക്കെടോ! നിത്യം മേഘമാർഗ്ഗത്തിങ്കേന്നുപിന്നെ
നൂറുയോജനവഴി താഴത്തു ഭൂമണ്ഡലം.
കൂറുവാനതിനങ്ങു താഴെപ്പിന്നെയുമുണ്ട-
ങ്ങേഴുലോകങ്ങൾ പതിനായിരം യോജനകൾ
താഴത്തെന്നതിങ്കേന്നു തൽ‌ക്രമാൽ മറ്റതെല്ലാം.
അതലം വിതലവും സുതലം തലാതലം
അങ്ങേതു മഹാതലം പിന്നേതു രസാതലം.
പാതാളമേഴാവതാമവറ്റിലെല്ലാടവും
ദൈതേയനാഗേന്ദ്രാദിഗണങ്ങൾ വാഴ്വൂ ഞായം.
അതലത്തിങ്കൽ ബാലനായീടും മയപുത്രൻ
അസുരാധിപനിരുന്നീടുന്നു സദാകാലം;
വിതാലത്തിങ്കൽ പിന്നെ ശ്രീമഹാദേവൻ നിത്യം
അതുലാനന്ദത്തോടും ഹാടകേശ്വരനെന്ന
തിരുനാമവും പൂണ്ടു പാർവതിയോടും ചേർ‌ന്നു
സുരതിചെയ്തു രമിച്ചിരിപ്പതവരുടെ
ഇന്ദ്രിയം വീണുവീണു നദിയായൊഴുകിന്നി-
തന്നദിയുടെ നാമം ഹാടകിയെന്നുതന്നെ.
അഗ്നിയാൽ നദി ദഹിക്കപ്പെടുന്നേടത്തുണ്ടാം
രത്നൈകമയമായ സുവർണ്ണം മനോഹരം.
ഹാടകമെന്നു പേരാമതുകൊണ്ടസുരകൾ-
ക്കാഭരണമെല്ലാമതുകൊണ്ടാകുന്നിതു.
സുതലത്തിങ്കൽ മഹാബലിതാനിരിക്കുന്നു
സുതദാരാദി ബന്ധുസഹിതനായന്വഹം.
ഒട്ടൊട്ടുണ്ടവറ്റിന്റെ മാഹാത്മ്യം ചൊല്ലീടുവാൻ
അഷ്ടമസ്കന്ധത്തിലെന്നിട്ടിഹ ചൊല്ലായിരുന്നു.
മയനാമസുരേശ്വരൻ ശ്രീമഹാദേവൻ‌ തന്നാൽ‌
അവനം ചെയ്തു തലാതലത്തിലിരിക്കുന്നു.
ചൊല്ലെഴും ക്രോധവശന്മാരായ സർപ്പഗണം
എല്ലാമേ മഹാതലത്തിങ്കൽ വാണിരിപ്പതും
സ്വർഗ്ഗത്തിനൊക്കും രസാതലത്തിലിരിപ്പതു
നിത്യവും നിവാതപൂർവാഖ്യന്മാർ കവചന്മാർ.
വാസുകിപ്രമുഖന്മാരാകിയ നാഗേന്ദ്രന്മാർ
പാതാളത്തിങ്കൽ സുഖിച്ചിരിക്കുന്നിതുപിന്നെ.
അവിടെനിന്നങ്ങൊരു മുപ്പതിനായിരംയോ-
ജനതാഴത്തു പുനരനന്തനിരിപ്പതും.
അവനു ഫണങ്ങളുണ്ടായിരമറിഞ്ഞാലും
അതിലൊന്നിന്മേലൊരു കടുകിന്മണിപോലെ
തോന്നീടും ഭൂമണ്ഡലം കാണുമ്പോളെല്ലാവർക്കും.
പ്രാഗ്നിഭമിദം മുനി ചൊന്നതുകേട്ടനേരം
മന്നവനഭിമന്യുനന്ദനൻ തൊഴുതുടൻ
അന്നേരം വിചാരിച്ചാനൊന്നു പിന്നെയും കേൾപ്പാൻ.