ഋഷഭ പുത്രനാകും ഭരതനാകെപ്പിന്നെ
വൃഷമാർഗ്ഗേണ പരിപാലിച്ചാനവനിയെ.
വിശ്വമോഹിനിയായ കന്യകാ പഞ്ചജനി-
വിശ്വരൂപാത്മജയെ കൈക്കൊണ്ടാനതുകാലം.
അഞ്ചു മക്കളുമുണ്ടായ് വന്നിതു പഞ്ചജനി-
ക്കഞ്ചു ഭൂതങ്ങൾ മായതങ്കലുണ്ടായപോലെ.
സുമതി, രാഷ്ടഭൃത്തു, മൂന്നാമൻ സുദർശനൻ
ക്രമ, മാവരണനും ധൂമ്രകേതുവും നാമം.
ഭാരതഖണ്ഡമാകും തന്നുടെ രാജ്യം പിന്നെ-
പ്പാരാതെ പകുത്തുടനൈവർക്കും കൊടുത്തുപോയ്
സാളഗ്രാമാശ്രമത്തെ പ്രാപിച്ചാൻ തപസ്സിനായ്
സാളഗ്രാമോപലങ്ങൾ കൊണ്ടലംകൃതനായി
സ്വച്ഛയാം ചക്രനദിതന്നുടെ തീരത്തിങ്കൽ
സ്വച്ഛമാമാശ്രമവുമുണ്ടാക്കി വസിക്കുന്നാൾ,
നിത്യാനിത്യാദികളാം വസ്തുവിചാരം കൊണ്ടു
ശുദ്ധാന്തഃകരണനായ് തത്ത്വജ്ഞാനവും വന്നു,
ഭക്തിയും ദിനം പ്രതി വർദ്ധിച്ചു ഭഗവാനെ-
ച്ചിത്തത്തിലാക്കി ബ്രഹ്മജ്ഞാനവുമുറപ്പിച്ചു
യുക്തനായിരുന്നുപാസിക്കുന്നാളൊരുദിനം
മദ്ധ്യാഹ്നേ ചെന്നു നിന്നു ഗണ്ഡകതീരസ്ഥലേ.
ഗർഭിണിയായിട്ടൊരു കൃഷ്ണമാൻ‌പേട വന്നീ-
ട്ടപ്പുഴ തന്നിൽത്തണ്ണീർ കുടിച്ചു തുടങ്ങിനാൾ!
അന്നേരമരികേ നിന്നലറീടുന്ന സിംഹം-
തന്നുടെ നാദം കേട്ടു പേടിച്ചു മാൻപേടയും
ഓടിപ്പോയ് മറുകരെക്കരയേറുവാനായി
ആടൽ പൂണ്ടുടൻ വിറച്ചോടിനനേരം തന്നെ;
ഗർഭസ്ഥനായ കിടാവപ്പൊഴേ പിറന്നുട-
നപ്പുഴതന്നിൽ വീണങ്ങൊഴുകി വേഗത്തോടെ
ഗുഹയിൽച്ചെന്നു വീണുമരിച്ചു മാൻപേടയും
സഹിയാതൊരു ഭയംകൊണ്ടും വേദനകൊണ്ടും
നീരൂടെയൊഴുകുന്ന മാൻ‌കിടാവിനെക്കണ്ടു
കാരുണ്യവശാലുടനെടുത്തു ഭരതനും
പാരാതെ കൊണ്ടുപോയാൻ തന്നുടെയാശ്രമത്തി-
ലാരാലുമുപദ്രവം കൂടാതെ വളർത്തിനാൻ
മാൻ‌കിടാവോടുകൂടി മാൻ‌കിടാവിലെ സ്നേഹം
താൻ കൂടെ വളർന്നിതു ഭരതനുകാലം.
തന്നുടെ നിയമങ്ങളതിനെ വളർക്കയാ-
ലൊന്നൊന്നേദിനം പ്രതി കുറഞ്ഞു ചമഞ്ഞിതു.
കാലം കൊണ്ടില്ലാതെയായ് വന്നിതു നിയമങ്ങൾ
കാലവും പോയതുള്ളിലറിയായീലയേതും.
അതിനെക്കാണുമ്പോഴും കാണാതെ വാഴുമ്പോഴു-
മതിന്റെ യോഗക്ഷേമം ചിന്തിച്ചു മനക്കാമ്പിൽ
ഈശ്വരവിലാസങ്ങളെന്തയ്യോ! പറവതും!
സ്നേഹപാരവശ്യംകൊണ്ടാഹന്ത! ഭരതനും
മോഹവും വളർന്നിതു മറന്നു തപസ്സെല്ലാം,
ഹരിണകുണകമാമിതിന്നു ഞാനെന്നിയേ
ശരണമാരുമില്ല ഗണവും പിരിഞ്ഞുപോയ്,
ഹരിണി പെറ്റപ്പോഴേ മരണം പ്രാപിച്ചിതു!
ശരണാ‍ഗതപരിപാലനം ധർമ്മമല്ലോ.
പാലനമനുദിനം പോഷണം പ്രീണനവും
ലാളനമിവറ്റിനേ കാലമുള്ളിതു മുറ്റും:
ആസനാടനസ്നാനാനശയനാശനാദിക-
ളാചരിച്ചീടുമ്പൊഴും പിരിഞ്ഞീടുകയില്ല,
ഫലമൂലോദകാദി പൂവൊടു ചമതപ്പുൽ
പലവുമിവ തേടിപ്പോകുമ്പോളതിനേയും
വച്ചേച്ചു പോവാനില്ല വിശ്വാസമതുനേര-
മിച്ഛയാ വഴിയേകൂടോടിപ്പോമതു താനും
മുഗ്ദ്ധഭാവവും നോക്കി നിന്നീടും മദ്ധ്യേമദ്ധ്യേ
ശക്തിപൂണ്ടതിനെച്ചെന്നെടുക്കുമയ്യോ പാവം!
ശക്തിയില്ലിതിനെന്നു കഴുത്തിലെടുത്തീടു-
മൊക്കത്തു തട്ടിക്കൊള്ളുമൊട്ടിടയിടെച്ചെമ്മേ;
മാറത്തും മടിയിലും പുറത്തും പറ്റിച്ചീടും!
ദൂരത്തു നിന്നീടുമ്പോളതിനെ വിളിച്ചീടും!
ഓരോരോ കർമ്മം ചെയ്യുന്നേരത്തു മദ്ധ്യേ മദ്ധ്യേ
പാരാതെ ചെന്നുനോക്കും തിന്മാനും കൊടുത്തീടും;
വിളിക്കുമരികവേ മണ്ടിവന്നീടുന്നേരം
കളിക്കും പിന്നെപ്പരിചരിക്കുമോരോതരം;
പതുക്കെപ്പതുപ്പുള്ള രോമങ്ങളമരുമാ-
റെടുത്തും തലോടിയും പുണർന്നും കൊണ്ടാടിയും,
മറ്റൊന്നിന്നില്ലകാലം മുറ്റുമിങ്ങനെ തനി
ക്കുറ്റമാൻപേടയുമായ് മരുവീടിനകാലം
മരണമടുത്തിതു ഭരതനതുകൊണ്ടു-
കരണങ്ങളുമെല്ലാം തളർന്നു ചമഞ്ഞിതേ.
കിടക്കുന്നേടത്തു ചെന്നധികദുഃഖത്തോടും
അടുത്തു നിൽക്കുന്നൊരു മാൻ‌കിടാവിനെ നോക്കി
മാനസതാരിൽ നിരൂപിച്ചിതു സന്താപത്താൽ
ഞാനിനി മരിച്ചീടുമിപ്പൊഴുതിനിശേഷം
കാനനദേശേ സിംഗവ്യാഘ്രാദി ദുഷ്ടൗഘങ്ങൾ
മാനിനെപ്പിടിച്ചു തിന്നീടുമെന്താവതയ്യോ!
ഒട്ടുമേമനുഷ്യരെപ്പേടിയില്ലിതിനിപ്പോൾ
ദുഷ്ടരാം കാട്ടാളന്മാരെയ്തുകൊന്നീടുകയോ
രക്ഷിപ്പാനിതിനാരുമില്ലെന്നതല്ല പിന്നെ
ഭക്ഷിപ്പാൻ പലദുഷ്ടജന്തുക്കളുണ്ടുതാനും.
ഇത്തരമോരോതരം ചിന്തിച്ചു ഭരതനും
ചിത്തത്തിൽ കൃഷ്ണമൃഗരൂപവും നിഴലിച്ചു
അരികേ നിൽക്കുന്നൊരു ഹരിണകുണകത്തെ
സ്മരിച്ചു മരിച്ചുടൻ ജനിച്ചു ഹരിണമായ്.
ഹരിണമായിത്തന്നെ ജനിച്ച ഭരതനും
സ്മരണം കഴിഞ്ഞ ജന്മത്തിലേതുണ്ടായ് വന്നു
മൃഗസംഗംകൊണ്ടു ഞാൻ മൃഗമായ് വന്നിതന്ന-
തകമേ ചിന്തിച്ചഥ സംഗമുണ്ടാകായ്‌വാനായ്
മാൻ‌കൂട്ടത്തിങ്കൽ നിന്നു പിരിഞ്ഞു താനേതന്നെ
സങ്കേതം ചെന്നുപുലഹാശ്രമം പുക്കാനവൻ;
തീർത്ഥസ്നാനവും ചെയ്തു ദേഹത്യാഗവും ചെയ്താൻ;
ധാത്രിയിൽ ബ്രാഹ്മണനായ് പിറന്നാവനുടൻ.
ചൊല്ലെഴുന്നോരംഗിരഃപ്രവരനായുള്ളൊരു
നല്ലഭൂസുരൻ പണ്ടുരണ്ടു വേട്ടിരിക്കുന്നാൾ
ഒരുത്തി പെറ്റുണ്ടായിതൊമ്പതു തനയന്മാർ
ഒരുത്തി കന്യാകുമാരന്മാരെ പ്രസവിച്ചാൾ!
എന്നതിൽ കുമാരനായി പിറന്ന മഹീസുരൻ
മുന്നേ തൻ മൃഗദേഹം കളഞ്ഞ ഭ്രതൻ പോൽ.
സംഗദോഷത്തെപ്പേടിച്ചാദിയേ കുമാരനും
മംഗലം വരുത്തുവാൻ കൈക്കൊണ്ടാൻ മൗനവ്രതം.
ജാതകർമ്മാദിക്രിയ സർവവും യഥാവിധി
താതനുമനുഷ്ഠിച്ചു മൂകനെന്നിരിക്കിലും
ബുദ്ധിസംസ്കാരത്തിനായെത്ര വസ്തുക്കൾ ചെയ്താൻ
വ്യർത്ഥമായ്ച്ചമഞ്ഞിതു താതസാഹസമെല്ലാം!
ജളനോ ബധിരനോ മൂകനോ പുനരിവ-
നെളുതല്ലാർക്കും ചെമ്മേ തിരിച്ചുകൊള്ളുവാനും.
ഉപനിച്ചിതു താതനക്കാലം കുമാരനെ
ജപഹോമാദികർമ്മമൊന്നുമേ പോകാതാനും
നാലാണ്ടുകാലം മിനക്കെടാതെ ചൊല്ലിച്ചിട്ടും
ബാലനും പഠിച്ചീല ഗായത്രി കുറഞ്ഞൊന്നും.
ആയതു കുമാരനെശ്ശിക്ഷിച്ചു തന്നേ കാലം
പോയിതു ജനകനും മരിച്ചാനതുകാലം.
തന്നുടെ മിഥുനത്തെസ്സപത്നിപോക്കലാക്കി
പിന്നാലെ തീയിൽ പാഞ്ഞൂ മരിച്ചാൾ ജനനിയും-
ഭ്രാതാക്കന്മാരുമിവൻ ജളനെന്നുറയ്ക്കയാ-
ലേതുമേ കൊടുക്കയില്ലുപജീവിപ്പാൻ പോലും.
ആരാനുമൊരുവേല ചൊല്ലുകിലതും കേൾക്കും!
ഏതാനും കൊടുക്കിലങ്ങുപജീവിക്കും താനും;
അതിന്റെ ഗുണദോഷമന്വേക്ഷിക്കയുമില്ല;
അധികമെങ്കിലതു സൂക്ഷിക്കുമാറുമില്ല;
ഏതാനും നൽകിയെങ്കിൽ പോരായെന്നതുമില്ല;
ഏതുമാരുമേ നൽകീലെങ്കിലോ വേണ്ടാതാനും.
അക്കാലം ഭ്രാതാക്കന്മാരവനെ വിളഭൂമി-
രക്ഷിപ്പാൻ മാടം കെട്ടീട്ടവിടെയിരുത്തിനാർ.
നെല്ലുകാപ്പതിന്നവൻ ചെന്നിരുന്നതിൽപ്പിന്നെ
നെല്ലിനു കേടുകുറഞ്ഞൊന്നുമുണ്ടായീലല്ലോ.
ദുഷ്ടജന്തുക്കളൊന്നു മദ്ദിക്കിൽ ചെൽകയില്ല.
തുഷ്ടതമുഴുത്തൊരു ശൂദ്രാധിപതി തനി-
ക്കിഷ്ടമായിരിപ്പൊരു സന്തതിയുണ്ടാവാനായ്
ആളറുത്തഴകോടു ചോര നൽകണം ഭദ്ര-
കാളിക്കെന്നുറച്ചുടൻ ഭൃത്യന്മാരോടു ചൊന്നാൻ-
“എങ്ങാനും തിരഞ്ഞൊരു നല്ലൊരു പുരുഷനെ
നിങ്ങൾ കൊണ്ടരി”കെന്നു കേട്ടവർ പുറപ്പെട്ടാർ.
നീളവേ നടന്നവർ കണ്ടിതു മാടം തന്നിൽ
നീളവും തടിപ്പുമേറീടിന പുരുഷനെ;
ലക്ഷണയുക്തമായ പുരുഷരൂപം കണ്ടു
തൽ‌ക്ഷണം തെളിഞ്ഞവർ‌ പിടിച്ചുകെട്ടീടിനാർ
ശൂദ്രാധിപതി മുമ്പിൽ‌‍ക്കൊണ്ടു ചെന്നതു കാല-
മാർദ്രമാം മനസ്സോടും പൂജിപ്പാനൊരുമ്പെട്ടാൻ;
കുളിപ്പിച്ചഴകിയ കോടികൊണ്ടുടുപ്പിച്ചു
കളഭമാല്യങ്ങളാലണിഞ്ഞങ്ങവനുടൽ
കാളിക്കുപൂജകൊടുത്തീടിനധരാസുരൻ
കാളിമന്ത്രവും ചൊല്ലീട്ടറുപ്പാനൊരുമ്പെട്ടാൻ.
വാളെടുത്തോങ്ങുന്നേരം ബ്രാഹ്മണതേജസ്സിനാൽ
കാളിക്കുചൂടുപിറ്റിച്ചിരുന്നുകൂറ്റായ്കയാൽ‌
ചീളെന്നു വാളുമെടുത്തട്ടഹാസവും ചെയ്തു
കൂളികളോടും ഭൂതവൃന്ദങ്ങളോടും വന്നു
കാളിതാനറുത്തിതു ശൂദ്രാധിപതിതല
വാളുമായ് നിൽക്കും ധാത്രീദേവന്റെ തലയതും
അറുത്ത തലകൊണ്ടു പന്താടിക്കളിക്കയും
പെരുത്തകോപത്തോടുമലറിച്ചിരിക്കയും
ബ്രാഹ്മണ വധത്തിനു കോപ്പിട്ട ജനങ്ങളും
ബ്രാഹ്മണ തേജസ്സു കൊണ്ടൊക്കവേ നശിച്ചുപോയ്
എല്ലാമീശ്വരനെന്നു നിർണ്ണയിച്ചിരിപ്പവർ-
ക്കില്ലൊരു ഭയമൊരുകാലവുമൊന്നുകൊണ്ടും.
വാളുമായ്ക്കഴുത്തറുത്തീടുവാനോങ്ങുമ്പോഴും,
കാളിതൻ കോപമുടനിങ്ങനെ കണ്ടപ്പോഴും,
ഏതുമേകുലുക്കമുണ്ടായതില്ലവനുള്ളിൽ;
ആധികളില്ല സാക്ഷാൽ ജ്ഞാനികൾക്കെന്നു നൂനം.
ഉന്നതൻ ബഹുഗുണനാകിയ സിന്ധുരാജൻ
തന്നുടെയാചാര്യനാം കപിലൻ തന്നെക്കാണ്മാൻ
പോകുന്നനേരമവൻ തണ്ടെടുപ്പിച്ചീടിനാ-
നാകുലമതിന്നുമുണ്ടായതില്ലവനേതും.
എന്നതിന്നവകാശം വന്നവാറുരചെയ്യാം:
മന്നവ! കേട്ടുകൊൾക മായാവൈഭവമെല്ലാം!
പിന്നെയുമൊരുദിനം മാടത്തിൽ വസിക്കുമ്പോൾ
വന്നുടൻ ചില ഭടന്മാരുരചെയ്തീടിനാർ:-
“മന്നവനെഴുന്നള്ളത്താകുന്നതറിക നീ
നിന്നെയും കൂട്ടിക്കൊണ്ടു ചെല്ലുവാനരുൾ ചെയ്തു
തണ്ടെടുപ്പതിന്നൊരു ഭാഗത്തേയ്ക്കൊരുപുമാ-
നുണ്ടുപോരായ്കയതിന്നാകുന്നിതറിഞ്ഞാലും.”
എന്നിവ പറഞ്ഞു കൈപിടിച്ചു കൊണ്ടുപോയാ-
രന്നേരമാന്ദോളികാവാഹകന്മാരുമെല്ലാം;
ആകുലമതിന്നുമുണ്ടായതില്ലവനേതും;
വേഗം പോകയ്കകൊണ്ടും ഭർത്സിച്ചാൻ നൃപേന്ദ്രനും;
അന്നേരം നൃപൻ തന്നോടുത്തരമുരചെയ്താൻ
മന്നവനറിഞ്ഞിതു ദിവ്യനെന്നതു നേരം
തണ്ടിൽ നിന്നിറങ്ങിവീണുടനേ നമസ്കരി-
ച്ചിണ്ടൽ പൂണ്ടറിയായ്ക പൊറുത്തു കൊൾകെന്നെല്ലാം
ചൊന്നമന്നവൻ തന്നോടദ്ധ്യാത്മജ്ഞാനാ‍ർത്ഥത്തെ
നന്നായിട്ടുപദേശിച്ചീടിനാനതും തഥാ
സന്ദേഹമൊഴിഞ്ഞു ചൊല്ലീടുവാൻ പണിയത്രേ;
ചെന്നവരിരുവരും വൈകുണ്ഠലോകം പുക്കാർ.
“ഭരതചരിത്രം ഞാനൊട്ടൊട്ടു ചൊന്നാനേവം
ഭരതൻ തന്റെ പുത്രനായതു ദേവതാജിത്,
ദേവതാജിത്തിൻ പുത്രനായതു പരമേഷ്ഠി,
കേവലം പരമേഷ്ഠി നന്ദനൻ പ്രതീഹമ്പോൽ;
അവന്റെ പുത്രൻ പ്രതിഹർത്താവെന്നല്ലോ കേൾപ്പിൻ
പ്രതിഹർത്താവിൻ പുത്രനജനും ഭൂമാവെന്നും,
ഭൂമാവുതന്റെ പുത്രൻ ഗീതനുദ്ഗീഥനെന്നു
നാമാവാമവനുടെ നന്ദനൻ പ്രസ്തോതാവും,
പ്രസ്തോതാവിനു പുത്രനായതു വിഭൂവൻ-
പുത്രനായുടൻ പൃഥുഷേണനുമുണ്ടായ്‌വന്നാൻ;
തൽ‌പൃഥുഷേണപുത്രനായതു നക്തനവൻ;
തൽ‌പുത്രനല്ലോ ഗയനാകിയ നൃപശ്രേഷ്ഠൻ;
ഗയന്റെ മക്കൾ ചിത്രരഥനും സുഗതിയു-
മവരോധനനെന്നുമൂവ്വരുണായാരല്ലോ.
എന്നതിൽ ചിത്രരഥനന്ദനൻ സാമ്രാട്ടവർ,
തന്നുടെ മകനായ മന്നവൻ മരീചിയും;
വിന്ദുമാൻ മരീചിതൻ നന്ദനനറിഞ്ഞാലും;
വിന്ദുമാനുടെ പുത്രനായതു മധുവല്ലോ;
മധുവിൻ പുത്രൻ വീരവ്രതനെന്നല്ലോ കേൾപ്പൂ;
മതിമാൻ വീരവ്രതൻ തന്നുടെ പുത്രന്മാർ‌ ‍പോൽ
മന്ധുവുമമന്ധുവുമെന്നവരിരുവരിൽ
മന്ധുജൻ ഭാവനൻ‌ ‍പോൽ‍; ഭാ‍വനന്മകൻ ‌ത്വഷ്ടാ‍;
ത്വഷ്ടാവിൻ മകനല്ലോ വീരജനായ നൃപൻ;
ശിഷ്ടനാമവനൊരു നൂറുപുത്രന്മാരുണ്ടായ്;
അരുതു പറവതിനവരെ വേറെയല്ലാ-
മൊരുകന്യകതാനുമുണ്ടായാളനന്തരം;
ചൊല്ലെഴും പ്രിയവ്രതൻ തന്നുടെ വംശമൊട്ടു
ചൊല്ലിയേന്മുടിഞ്ഞിതു വീരജനുടെ കാലം.”
അന്നേരം പരീക്ഷിത്തു തൊഴുതു ചോദ്യം ചെയ്താൻ
“നന്നുനന്നരുൾ ചെയ്തവാറിതു മഹാമതേ!
ഇന്നുമുണ്ടെനിക്കൊന്നു കേൾപ്പതിന്നത്യാഗ്രഹ
മെന്നോടിന്നതുമരുൾ ചെയ്യണം മഹാമുനേ!
സപ്തസാഗരങ്ങളും സപ്തദ്വീപങ്ങളുമ-
ങ്ങെത്രവിസ്താരമെന്നും തത്ര ലക്ഷണങ്ങളും
വ്യക്തമായരുളിച്ചെയ്തീടേണമടിയനോ‌‌-
ടെത്രയും വളർന്നുള്ള പാപങ്ങളകലുവാൻ-”
“അവയക്തസ്വരൂപമാമീശ്വരസ്ഥൂലരൂപം
സുവ്യക്തമാമ്മാററിഞ്ഞീടുവാനാർക്കാമെടോ?
ഞാനറിഞ്ഞതു ചൊല്ലാമെനിക്കാകുന്നവണ്ണ-
മാനന്ദം നിനക്കിതിലുണ്ടെന്നു തോന്നുകയാൽ.”