ശ്രീമഹാഭാഗവതം/പ്രഥമസ്കന്ധം/പരീക്ഷിത്തിന്റെ ജനനം

ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
പരീക്ഷിത്തിന്റെ ജനനം

ബാദരായണൻ നിജബോധമാലിന്യം തീർപ്പാൻ
മോദമാർന്നതു ചമച്ചാനതങ്ങനെയല്ലോ;
ജാതനായപ്പോഴേതാൻ മുക്തനായിരിപ്പൊരു
വ്യാസനന്ദനൻ നിരാശാകരനാത്മാരാമൻ
ശ്രീശുകൻ ഭാഗവതം പഠിപ്പാനങ്ങെന്തതിൽ
ആശയായതു ചൊൽകെന്നിങ്ങനെ ചോദിച്ചപ്പോൾ
ചൊല്ലിനാനഥസൂതനെല്ലാർക്കുമാത്മാവല്ലോ
കല്യാണപ്രദനായ ഭഗവാൻ നാരായണൻ,
ത്ദ്ഗുണങ്ങളെയനുസരിച്ചു ഭക്ത്യാവേണം
നിർ ഗ്ഗുണത്തിങ്കൽച്ചേർന്നു ലയിപ്പാനറിഞ്ഞാലും
അങ്ങനെ ഗുണപ്രസിദ്ധാത്മകൻ ചരിത്രങ്ങൾ
ഇങ്ങൊരു ഫലശ്രദ്ധകൂടാതെ മുനികളും
സംഗനാശനകരനെന്നോർത്തു ശീലിക്കുന്നു;
സംഗമോ ഭഗവന്മായാഗുണങ്ങളിലല്ലോ.
ഇങ്ങനെ നിരൂപിച്ചു ശ്രീശുകൻ ഭാഗവതം
തിങ്ങിന ഭക്ത്യാ പഠിച്ചീടുവാനവകാശം.
ഭഗവത്ഗുണങ്ങളിലവിലോപിത ചിത്ത
നകമേ ശുകൻ പഠിച്ചീടിനാനതു പിന്നെ,
നൃപതിവിഷ്ണുരാതൻ തന്നെക്കേൾപ്പിപ്പാനുള്ളോ-
രവകാശവും പുനരധുനാ ചൊല്ലാമല്ലോ.

ഭാരതയുദ്ധത്തിങ്കൽ വീരരാം നരവര-
ന്മാരെല്ലാം മരിച്ചൊടുങ്ങീടിനശേഷത്തിങ്കൽ
മാരുതിയുടെ ഗദയേറ്റുടൻ തുടഞെരി-
ഞ്ഞോരഴൽപ്പെട്ടു യുദ്ധഭൂമിയിൽക്കിടക്കുന്ന
ദുരിയോധനനെക്കണ്ടതിസങ്കടത്തോടെ
ഗുരുനന്ദനൻ ചെന്നു ചതിയാലുറക്കത്തിൽ
ദ്രുപദപുത്രീ സുതന്മാർതലകളെയറു-
ത്തവനീശ്വരൻ മുമ്പിൽ വച്ചതങ്ങവനേതും
പെരികെപ്രിയമായീലതിനാലതിശുചാ-
കരയും ദ്രുപദജാസവിധേ ചെന്നുനിന്നു
പുരുഹൂതജൻ ചൊന്നാനിതു ചെയ്തവനൊരു
ധരണീസുരവരനെങ്കിലുമവൻ തല
മുമ്പിൽ വച്ചിനി നിന്റെ ദുഃഖം ഞാൻ തീർപ്പേനെന്നു
വൻപോടു സമയം ചെയ്താശ്വസിപ്പിച്ചശേഷം,
കൃഷ്ണസാരഥിയായിത്തേരിലങ്ങേറിച്ചെല്ലും
ജിഷ്ണുനന്ദനനെക്കണ്ടശ്വത്ഥമാവന്നേരം
ഭീതനായോടിനാനാദിക്കുകൾതോറും നട-
ന്നേതുമാശ്രയം കാണാഞ്ഞർജ്ജുനൻ തന്നെ നോക്കി
ബ്രഹ്മാസ്ത്രം പ്രയോഗിച്ചാനതിനെക്കൃഷ്ണാജ്ഞയാ
ബ്രഹ്മാസ്ത്രം കൊണ്ടുതന്നെ തടുത്തങ്ങവനെയും
പിടിച്ചുകെട്ടി ദ്രുപദാത്മജ തന്റെ മുമ്പിൽ
അടുക്കെവച്ചു സത്യം ഭരിച്ചാൻ ധനഞ്ജയൻ.
തദനു പാഞ്ചാലഭൂപാലനന്ദന ഗുരു
സുതനെക്കണ്ടു ദയാവതി താനതുനേരം
മനസിഭക്തി വളർന്നഭിവന്ദനം ചെയ്തു
തനിയേ ബന്ധമഴിച്ചയയ്ക്കയെന്നാളവൾ
ബ്രാഹ്മണോത്തമനാചാര്യാത്മജനിവനല്ലോ
ബ്രാഹ്മണദ്വേഷം യോഗ്യമല്ലെന്നു നൃപതി,
ചൊന്നതാദരിച്ചു ധർമ്മാത്മജമുകുന്ദന്മാർ
നിന്നളവേറ്റം ബഹുമാനിച്ചു മറ്റുള്ളോരും
നിന്നതുകണ്ടു വായു നന്ദനനവൻ തന്നെ
ക്കൊന്നൊടുക്കണം ചൂഡാരത്നമെന്നൊരുമ്പെട്ടു
വന്നവന്തന്നോടതു യോഗ്യമല്ലവധ്യനാ-
കുന്നതിദ്ധരാസുരനെന്നതിനിനിയിപ്പോൾ
കൊന്നതിൻ ഫലം വരുത്തീടുവനിവിടെ ഞാൻ
എന്നരുൾ ചെയ്തു നന്ദനന്ദൻ നാരായണൻ
പിന്നെയങ്ങവൻ തൽ ശിഖയാകൂടെച്ചിര-
ച്ചന്യൂനസഹജമായുള്ളൊരു ചൂഡാരത്നം
ചൂഴ്ന്നെടുത്തവിടെ ബന്ധിച്ചബന്ധവും തീർത്തു,
പൂർ ണ്ണവേദനയോടെ കേണുവീണവൻ തന്നെ
ക്കണ്ടഹോ! പടവീട്ടിൽ നിന്നുടൻ പുറത്താട്ടി
ക്കൊണ്ടുപോയ്ക്കുരുക്ഷേത്രം പ്രാപിച്ചുരണാങ്കണേ
പണ്ടു താൻ പ്രതിജ്ഞ ചെയ്തുള്ള തങ്ങവൾക്കുള്ളിൽ
ഇണ്ടലെന്നിയേ കാട്ടിക്കൊടുത്തു പാർത്ഥന്മാരെ
ക്കൊണ്ടു യുദ്ധത്തിൽ മരിച്ചുള്ളവർ ക്കെല്ലാംഗതി-
യുണ്ടാവാൻ ശേഷക്രിയ ചെയ്യിച്ചു വഴിപോലെ
ധരമ്മജൻ തനിക്കു രാജ്യത്തെയും സമർപ്പിച്ചു
നിർമ്മലൻ ദ്വാരാവതിക്കങ്ങെഴുന്നള്ളീടുവാൻ
തുടർന്നുവരും വിരിഞ്ചാസ്ത്രവേഗത്താലുള്ളം
നടുങ്ങിശ്ശരണമായുത്തര കരയുമ്പോൾ
മടങ്ങിക്കുരുകുലം രക്ഷിപ്പാനഖിലേശൻ
ഗർഭത്തെ സ്വമായയാ മൂടി രക്ഷിച്ചുവച്ചു
ചില്പുമാനൊരുമ്പെട്ട യാത്ര കണ്ടതുനേരം
കുന്തിയും പുത്രന്മാരും ശ്രീപാദംബുജത്തിങ്കൽ
അന്തികേ നമസ്കരിച്ചന്തർ മ്മോദേന ചൊന്നാർ
‘സന്തതം സതാം ചിത്താന്തഃസ്ഥിതനായുള്ളോരു
നിന്തിരുവടിയെന്റെ സന്തതിജാതങ്ങളെ
സന്തോഷിപ്പിച്ചു രക്ഷിച്ചീടുവാനിവിടെ നി-
ന്നെന്തെല്ലാം ദുഃഖമനുഭവിച്ചു ജഗല്പതേ!
ചിന്തിച്ചാലതു സുഖമങ്ങെന്നുവരികിലും
നിന്തിരുവടിക്കായ്ക്കൊണ്ടെപ്പോഴും നമാമ്യഹം.
ബന്ധുവത്സലനായ നിന്നെ വേർ പെട്ടാലിവ
രന്ധന്മാരെന്നുദയാസിന്ധോ ഞാൻ ചൊല്ലേണമോ?
സർവ്വാത്മാ സർവ്വജ്ഞനാം നിന്തിരുവടിയെന്നാൽ
സർവാപരാധങ്ങളും ക്ഷമിച്ചു ചെറുതിന്നും
വാഴേണമിവിടെപ്പാഴായ്‌വരുമല്ലെന്നാകിൽ
പാഴാ മേലിളപ്പവുമുണ്ടാ’ മെന്നവൾ ചൊല്ലും
നിർബന്ധമധുരവാക്യ സ്തുതികളെക്കേട്ടു
സദ്ബന്ധു തെളിഞ്ഞു തത്രൈവ വാണീടുംകാലം,
ധർമ്മജൻ രാജ്യലോഭംകൊണ്ടു താൻ ചെയ്തതെല്ലാം
ദുർമ്മദമെന്നു ചിന്തിച്ചന്ധനായ്ച്ചമകയാൽ
ധർമ്മാധർമ്മങ്ങൾ ഗംഗാനന്ദനൻ തന്നെക്കൊണ്ടു
നിർമ്മലനുപദേശിച്ചതുമടക്കിനാൻ.
പിന്നെയഗ്ഗംഗാദത്തൻ കൃഷ്ണനെക്കണ്ടുതെളി-
ഞ്ഞന്യൂനഭക്ത്യാ നിജചിത്തത്തിലുറപ്പിച്ചു
വർ ണ്ണിച്ചു ദേഹത്യാഗം ചെയ്തവർ ഗതികണ്ടു
പുണ്യവാൻ തന്റെ ശേഷക്രിയകളതും പരിപാലി-
ച്ചത്തലുമൊഴിച്ചു വാണീടിനാൻ ധർമ്മാത്മജൻ,
കൃഷ്ണനും പൗരാണികാചാര്യനാം ധൗമൻ താനും
ജിഷ്ണുഭീമാദികളുമൊത്തുപോയ് പനിമല
പുക്കുടൻ നിധിയെടുത്തശ്വമേധവും കഴി-
ച്ചുൾക്കാമ്പിൽ ധർമ്മാത്മജനെത്രയും സുഖം ചേർത്തു
വർത്തിച്ചു കൂടെപ്പിരിയാതെ നാലഞ്ചുമാസം
ഉത്തമശ്ലോകൻ തത്ര വസിച്ചോരനന്തരം
കുന്തിയെക്കണ്ടു വന്ദിച്ചന്തസ്താപവും തീർത്തു
കുന്തീനന്ദനന്മാരോടനുവാദവും കൊണ്ടു
ശ്രീമദ്ദ്വാരകാപുരിക്കങ്ങെഴുന്നള്ളീടിനാൻ;
കാമദൻ തന്നെക്കണ്ടു സുഖിച്ചാരെല്ലാവരും.
അക്കാലം ചക്രായുധന്മായയാ ഗർഭത്തിങ്കൽ
രക്ഷിച്ചങ്ങിരുന്നൊരു പുത്രനെ പ്രസവിച്ചാൾ
മാത്സ്യനന്ദനാ പരീക്ഷിച്ചെടുത്തുളനായ
പുത്രനു പരീക്ഷിത്തെന്നിട്ടിതു നാമത്തെയും.