ശ്രീമഹാഭാഗവതം/പ്രഥമസ്കന്ധം/സൂതൻ ശൗനകാദികൾക്ക് ചെയ്യുന്ന ഭാഗവതോപദേശം

ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
സൂതൻ ശൗനകാദികൾക്ക് ചെയ്യുന്ന ഭാഗവതോപദേശം

എന്നെല്ലാം മുനിജനം ചൊന്നതുകേട്ടു സൂതൻ
നന്നായിത്തെളിഞ്ഞുടൻ പറഞ്ഞുതുടങ്ങിനാൻ:-
വന്ദിച്ചീടുന്നേനെങ്കിൽ ശ്രീശുകമുനിതന്നെ
നന്ദിച്ചീടണമെന്നെക്കുറിച്ചു സദാകാലം;
വേദാന്തസാരാർത്ഥമായദ്ധ്യാത്മപ്രദീപമായ്
വ്യാസോക്തമായ പുരാണങ്ങളിൽ പ്രധാനമായ്
മേവിടും ഭാഗവതം ചൊല്ലിയ മുനിവരൻ
ശ്രീവേദവ്യാസൻ താനുമാവോളം തുണയ്ക്ക മേ.
മാമുനിവരന്മാരേ! നല്ലൊരു ചോദ്യമിദം:
മാലോകർക്കെല്ലാവർക്കും മംഗലമായോന്നല്ലോ;
ഭഗവൽകഥകേൾക്കാനാഗ്രഹമുണ്ടായതു
സകലജനങ്ങൾക്കും നല്ലതായ്‌വന്നുകൂടും;
മർത്യനായ്പിറക്കിലോ മാധവന്തങ്കലേറ്റം
ഭക്തിയുണ്ടാവണമല്ലായ്കിൽ വൃഥാഫലം;
ജ്ഞാനവും വൈരാഗ്യവുമുണ്ടായി മനസ്സിങ്കൽ
ആനന്ദമുണ്ടാകണമെങ്കിലിന്നിതേ നല്ലൂ;
വിധിച്ചവണ്ണം തന്നെ കർമ്മങ്ങൾ ചെയ്തീടിലും
‘മധുദ്വേഷിയിൽഭക്തിയില്ലായ്കിൽ ഫലംവരാ;
വേദങ്ങളുപനിഷദ്വാക്യങ്ങൾ ശാസ്ത്രങ്ങളു-
മാദിയേപാഠം ചെയ്ത സർവജ്ഞനെന്നാകിലും
മാധവൻ കഥാമൃതംതന്നിലുള്ളഭിരുചി
ചേതസി കുറഞ്ഞീടിലേതുമേ ഫലമില്ല;
പലജാതിയിലുള്ള കർമ്മങ്ങൾ ചെയ്തീടിലും
ഫലമില്ലഖിലേശൻ താൻ പ്രസാദിച്ചീലെങ്കിൽ;
കേൾക്കയും പറകയുമോർക്കയും പൂജിക്കയും
മോക്ഷത്തെ നൽകീടുന്ന ഭഗവാൻ തന്നേ വേണ്ടൂ
കുറഞ്ഞോരളവറിവുള്ളിലുണ്ടെങ്കിലവനുണ്ടോ
നരകവൈരിതന്റെ ചരിതം മറക്കുന്നു?
സജ്ജനസമ്പർക്കവും പുണ്യതീർത്ഥങ്ങൾതോറും
മജ്ജനംവഴിപോലെ ചെയ്കയും ദിനം പ്രതി
ദുർജ്ജനവിയോഗവുമുണ്ടെന്നുവരുന്നവ-
നച്യുതകഥകളിലിച്ഛയുമുണ്ടായ്‌വരും;
ഇച്ഛയുണ്ടാകുംതോറും കേൾപ്പാനും തരംവരും;
സ്വച്ഛമായ് ചമഞ്ഞീടും ചിത്തവുമതിനാലെ;
നിശ്ചയമകതാരിലച്യുതൻ വസിച്ചീടും;
അച്യുതൻ വസിക്കുമ്പോൾ നിശ്ശേഷസൗഖ്യം വരും;
സദ്ബോധമുണ്ടായ്‌വന്നാല‍ച്യുതപാദാംബുജം
ഉൾപ്പൂവിലുറപ്പിച്ചുകൊള്ളണമാകുംവണ്ണം.
നിർഗ്ഗുണൻ ‘നിഖിലലോകാശ്രയസ്വതാഭൂതൻ
നിഷ്കളനായിട്ടത്രേ നിൽക്കുന്നു നിരന്തരം.
തത്സ്വയം പ്രഭാരമിതാനന്ദസ്വതയിൽനി-
ന്നുത്ഭവിച്ചിതുമഹാമായയും നടേ നടേ;
തന്മായതന്നിൽ സംഗംതനിക്കില്ലെന്നാകിലും
ചിന്മയിതന്നോടിടചേർന്നുതാൻ മയങ്ങിനാൻ.
അവയക്തമായ പ്രരബ്രഹ്മവും മായതന്നാൽ
സുവ്യക്തമായിട്ടൊരു പുരുഷരൂപംതോന്നി
യോഗനിദ്രയും പൂണ്ടു വെള്ളത്തിൽ പള്ളികൊള്ളും
ഏകനായകൻ നാഭിതന്നിലന്നൊരുപത്മം
ഉണ്ടായിതതിൽ ജനിച്ചീടിനാൻ വിരിഞ്ചനും;
ഉണ്ടായിലോകങ്ങളും തന്നവയവങ്ങളാൽ.
അന്നതിൽ പ്രജകളെ രക്ഷിപ്പാനായിക്കൊണ്ടല്ലോ
തന്നുടെയംശങ്ങളാലവതാരങ്ങൾ ചെയ്തു
നാലംശമായിട്ടതിന്മുമ്പിലേയവതാരം
നാലുപേർ സനകനും സനന്ദൻ സനാതനൻ
നാലാമൻ സനൽക്കുമാരാഖ്യനും ക്രമത്താലേ
നാലഞ്ചുവയസ്സുള്ള പൈതങ്ങൾ തമ്മെപ്പോലെ
നാലാം വേദാന്തത്തെയും ശീലിച്ചു സദാകാലം
നാല്വരും പിരിയാതെ നടപ്പൂ പലേടത്തും.
ബ്രഹ്മചര്യത്തിൽ നിഷ്ഠ കാട്ടുവാനായിട്ടല്ലോ
നിർമ്മലന്മാരിങ്ങവതരിച്ചു ലോകത്തിങ്കൽ
ഹിരണ്യാക്ഷനെക്കൊന്നു ഭൂമിയെയുയർത്തുവാൻ
പിറന്നു യജ്ഞാംഗനായ് സൂകരമൂർത്ത്യാപിന്നെ
സാത്വതമായതന്ത്രം ലോകത്തെ പ്രകാശിപ്പാൻ
സാത്വികനായമുനി നാരദനായാനല്ലോ
നരനാരായണന്മാരായ് ചമഞ്ഞിതു പിന്നെ
ധരണിതന്നിൽ തപോബലത്തെക്കാട്ടീടുവാൻ
സിദ്ധേശനായകപിലാഖ്യനായ് ചമഞ്ഞിതു
സിദ്ധിപ്പാൻ മനുഷ്യർക്കു സാംഖ്യയോഗാർത്ഥജ്ഞാനം
അത്രിപത്നിയിൽ ദത്തനെന്നഭിധാനത്തോടും
പുത്രനായറിയിച്ചാൻ ദണ്ഡനീതികളെല്ലാം.
സജ്ജനസേവ്യൻ യ്ജ്ഞനായവതരിച്ചുടൻ
‍ദുർജ്ജനാന്തകൻ തന്നെ നിർജ്ജരേന്ദ്രനുമായാൻ
ലക്ഷ്മീവല്ലഭൻ നാഭിപത്നിമേരുവിൽ വന്നു
ശിക്ഷയോടൃഷഭനാം മുഖ്യഭൂപനുമായാൻ.
ഭൂമിയെക്കറപ്പാനും നിരത്തിച്ചമപ്പാനും
ഭൂമിനായകൻപൃഥുവായവതാരം ചെയ്‌താൻ.
മേദിനീന്ദ്രാനുഗ്രഹത്തിന്നുതാൻ പ്രളയാബ്ധൗ
മേദിനീപതി മത്സ്യമായ്‌ മറകളെ വീണ്ടാൻ.
ഇന്ദ്രാദികൾക്കു ജരാനരകൾനീക്കീടുവാൻ
ഇന്ദ്രാരിജനവുമായ്‌ പാൽക്കടൽ കടഞ്ഞനാള്
‍മന്ദരമുയർത്തുവാനാമയായ്‌ കീഴേനിന്നു
മന്ദമെന്നിയേ പക്ഷിയായതിന്മീതേ നിന്നാന്
‍ആയുർവ്വേദത്തെയുപദേശിപ്പാനവനിയില്
‍നായകൻ ധന്വന്തരിമൂർത്തിയുമായാനല്ലോ.
ദൈത്യരെ മോഹിപ്പിച്ചു പീയൂഷം വീണ്ടീടുവാന്
‍ദൈത്യാരിപുനരൊരു മോഹിനീവേഷം പൂണ്ടാൻ.
ഭക്‌തനാം പ്രഹ്ലാദനെ രക്ഷിപ്പാൻ പിതാവിനെ
നിഗ്രഹിപ്പതിന്നൊരു നരസിംഹവുമായാൻ,
വാമനമൂർത്തി മഹാബലിയെ വഞ്ചിപ്പാനായ്‌
കാമദനിന്ദ്രാനുജനായവതാരം ചെയ്‌താൻ.
ബ്രഹ്മദ്വേഷികളായ ഭൂപരെയൊടുക്കുവാൻ
നിർമ്മലൻ ജമദഗ്നിനന്ദനനായശേഷം
ധർമ്മസ്ഥാപനകരൻ ചിന്മയൻ ജഗന്മയൻ
കൽമഷഹരൻ വേദവ്യാസനായതും നാഥൻ
രാവണൻ തന്നെക്കൊൽവാൻ രാമനായഖിലേശൻ
ദേവകാര്യാർത്ഥമവതരിച്ചോനനന്തരം
രേവതീ രമണനാം രാമനായവനിയിൽ
ക്ഷീബനാം ബലഭദ്രനായതും താന്തന്നെപോൽ.
ദേവകീസുതൻ കൃഷ്ണനായവതരിച്ചതും
ദേവദേവേശൻ പിന്നെക്കേവലം കലിയിങ്കൽ
ബുദ്ധനാം ജിനസുതനായതും ജഗന്നാഥൻ
കല്ക്കിയാമിനിക്കലിയുഗം തന്നന്തത്തിങ്കൽ.
ഇത്തരമവതാരമസംഖ്യം ചൊല്ലീടുവാ-
നുത്തമന്മാരാമൃഷിവർഗ്ഗവും സുരന്മാരും
മനുക്കൾ പിന്നെപ്രജാപതിമാർ മനുജന്മാർ
കനക്കെ മഹത്തുക്കളായുള്ള ജനമെല്ലാം
ഈശ്വരൻ നാരായണൻ തന്നുടെയവതാരം
ഈശ്വരമയമത്രേ നിശ്ചയം പ്രപഞ്ചവും.
തൽ പ്രപഞ്ചത്തിനെല്ലാം സാക്ഷിയായേകാത്മാവായ്
തന്നുടെ മഹാമായ കാരണം പ്രപഞ്ചത്തി-
ന്നെന്നറിഞ്ഞീടുന്നേരമുദിക്കുമാത്മജ്ഞാനം.
എന്നെല്ലാം ചൊല്ലീടുന്ന ശ്രീമഹാഭാഗവതം
വന്ദ്യനാം വേദവ്യാസൻ ചമച്ചു പഠിപ്പിച്ചു;
ശ്രീശുകനായ മുനിശ്രേഷ്ഠനെ വഴിപോലെ-
ആശകളകന്നൊരു ശ്രീശുകമുനീന്ദ്രനും
അക്കാല മനശനം ദീക്ഷിച്ചു ഗംഗാതീരം
പുക്കൊരു പരീക്ഷിത്തിന്നെപ്പേരുമറിയിച്ചു.