ശ്രീ നാരായണ ഗുരു/അദ്ധ്യായം ആറ്
←അദ്ധ്യായം അഞ്ച് | ശ്രീ നാരായണ ഗുരു രചന: അദ്ധ്യായം ആറ് |
അദ്ധ്യായം ഏഴ്→ |
ഇതിനു മുൻപേ തന്നെ സ്വാമിക്ക് അദ്വൈതശസ്ത്രത്തിൽ പ്രതിപത്തി വർദ്ധിച്ചിരുന്നു. പല വേദാന്തികളുമായി സ്വാമി സഹവാസം ചെയ്കയും ചെയ്തിരുന്നു. കന്യാകുമാരിക്ക് സമീപമുള്ള ശ്രുതിപ്പെട്ട മരുത്വാമലയിൽ സ്വാമി കൂടക്കൂടെ പോയിവന്നിരുന്നു. നാഗരുകോവിലിനു സമീപം ഒരിടത്ത് അപ്പോൾ ഒരു യോഗിനി നിർവ്വികൽപ്പസമാധിയിൽ കിടന്നിരുന്നത് സ്വാമി പലപ്പോഴും സന്ദർശിച്ചിട്ടുണ്ട്. ആ മഹാനുഭാവ സ്വാമിയെ ഒരിക്കൽ അനുഗ്രഹിച്ചിട്ടുള്ളതായറിയുന്നു.
ഇക്കാലത്തു സ്വാമി തമിഴിൽ നല്ല അറിവു സമ്പാദിക്കയും വേദാന്ത വിഷയമായി അനേകം പാട്ടുകൾ ആ ഭാഷയിൽ എഴുതുകയും ചെയ്തിട്ടുണ്ട്. "തിരുക്കുറളും" "ഒഴിവിലൊടുക്ക"മെന്ന പ്രൗഢഗ്രന്ഥവും സ്വാമി തമിഴിൽ നിന്നും മലയാളത്തിൽ പദ്യരൂപേണ ഭാഷാന്തരപ്പെടുത്തിയിട്ടുള്ളതായും അറിയാം. സ്വാമിയെപ്പോലെ അസാമാന്യമായ 'ബുദ്ധിശക്തിയും' ശാസ്ത്രപാണ്ഡിത്യവും, അനുഷ്ഠാനവും അനുഭവവും ഒത്തു ചേർന്ന ഒരു വേദാന്തി ദുർലഭമായിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നത് വിദ്വാന്മാർക്കു കൗതുകകരമായിരുന്നു. പ്രസിദ്ധ തത്വജ്ഞാനിയായി കഴിഞ്ഞുപോയ പ്രൊഫസർ സുന്ദരംപിള്ള (എം. എ) അവർകൾ തുടങ്ങിയ യോഗ്യന്മാരുടെ അസാമാന്യമായ ശ്ലാഘയ്ക്കും ഭക്തിബഹുമാനങ്ങൾക്കും സ്വാമി പാത്രമായിത്തീർന്നിരുന്നു.