ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം നാല്

കുറെക്കാലം കഴിഞ്ഞു സ്വാമി മടങ്ങിയെത്തി. എകാകിയായും അജ്ഞാതനായും കേരളത്തിന്റെ നാനാഭാഗത്തും സ്വാമി ഇക്കാലത്തു സഞ്ചരിച്ചിരുന്നു. സ്വാമിയുടെ ദൃഢമായ ബ്രഹ്മചര്യവും, തപസ്സും, യോഗവും ക്രമേണ അൽഭുതകരങ്ങളായ ഫലങ്ങളെ പ്രദർശിപ്പിച്ചുതുടങ്ങി. ചെല്ലുന്ന ദിക്കിലെല്ലാം കുഷ്ഠ്ം മുതലായ മഹാരോഗങ്ങൾ പിടിപ്പെട്ടവർ സ്വാമിയുടെ അടുക്കൽ വന്നുചേരുകയും, ഏതെങ്കിലും ഒരു പച്ചിലയോ എന്തെങ്കിലും ഒരു ഭക്ഷണസാധനമോ എടുത്തുകൊടുത്ത് അവരുടെ രോഗങ്ങളെ സ്വാമി സുഖപ്പെടുത്തുകയും ചെയ്തിരുന്നു. ബ്രഹ്മരക്ഷസ്സ്, അപസ്മാരം മുതലായ ഉപദ്രവത്താൽ വളരെക്കാലം കഷ്ടത അനുഭവിച്ചിരുന്ന രോഗികൾക്കു സ്വാമിയുടെ ദർശനമാത്രത്താൽതന്നെ പൂർണ്ണസുഖം കിട്ടിയിട്ടുണ്ട്. അനവധി കുട്ടിച്ചാത്തന്മാരുടെ ഉപദ്രവങ്ങളെയും സ്വാമി വിലക്കി മാറ്റിയിട്ടുണ്ട്. നാനാജാതിക്കാരായ ഹിന്ദുക്കളുടെ ഇടയിൽ പല മാന്യതറവാടുകളിലുമുള്ള വന്ധ്യകൾ സ്വാമിയുടെ കൈകൊണ്ടു വല്ല പഴമോ മറ്റോ വാങ്ങി ഭക്ഷിക്കുകയോ സ്വാമിയുടെ ഒരു അനുഗ്രഹവാക്കു ലഭിക്കുകയോ ചെയ്തശേഷം താമസിയാതെ ഗർഭംധരിച്ചു പ്രസവിച്ചിട്ടുണ്ട്. ഒരിക്കലും കുടിവിടാത്ത അനേകം മദ്യപന്മാരുടെ മദ്യപാനവും സ്വാമി നിർത്തിയിട്ടുണ്ട്. സ്വാമിയുടെ വാക്കിനെ ലംഘിച്ചു കൊതികൊണ്ടു വീണ്ടും മദ്യപാനം ആരംഭിച്ച ചിലർ മദ്യം കാണുമ്പോൾ ഛർദ്ദിക്കുകയും ചെയ്തിട്ടുണ്ട്.

സ്വാമിയുടെ ഈ അദ്ഭുതപ്രവൃത്തികളും സാത്വികനിഷ്ഠയും കണ്ടു വിശ്വാസത്താൽ പലരും അദ്ദേഹത്തിന്റെ പേരിൽ ഈശ്വരന്റെ പേരിൽ എന്ന പേലെ നേർച്ചകൾ നേരുകയും രോഗശാന്തി മുതലായ ഫലങ്ങൾ അതിൽനിന്നും അവർക്കു ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആ താരുണ്യദശയിൽ പ്രകൃത്യാ സുമുഖനും ശാന്തഹൃദയനുമായ സ്വാമി ഏതു ജനക്കൂട്ടത്തിനിടയിൽ കാണപ്പെട്ടാലും യോഗശക്തികൊണ്ട് ഉജ്ജലമായ മുഖത്തുള്ള പ്രത്യേക തേജോവിശേഷം അവിടന്ന് ഒരു അമാനുഷനാണെന്നു വിളിച്ചു പറയുമായിരുന്നു. സ്വാമി ജനങ്ങലുടെ ഇടയിൽ നിന്നും തെറ്റിഒഴിഞ്ഞ് എകാന്തമായി സഞ്ചരിക്കുക സാധാരണയായിരുന്നു. അക്കാലത്തു ഗ്രാമങ്ങളിലോ നഗരങ്ങളിലോ അദ്ദേഹത്തെ കണ്ടെത്തിയാൽ ഒരു വലിയ പുരുഷാരം ചുറ്റും കൂടുക പതിവാണ്. സ്വാമി അക്കാലത്ത് സംസ്കൃതത്തിലും മലയാളത്തിലും അതിമനോഹരങ്ങളായ പല സുബ്രഹ്മണ്യസ്തോത്രങ്ങളും എഴുതിയിട്ടുണ്ട്. അന്നു പശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പുതിയ ആവിർഭാവത്തോടുകൂടി നാട്ടിൽ ബാധിച്ചിരുന്ന നാസ്തിക വിചാരങ്ങൾക്കു സ്വാമിയുടെ ജീവിതം തന്നെ പലർക്കും ഒരു പരിഹാരമായിരുന്നു എന്നുള്ളതും പ്രസ്താവയോഗ്യമാണ്.

ഈയിടയിൽ കുറെക്കാലം സ്വാമി ഭക്ഷ്യപേയങ്ങളെ സംബന്ധിച്ചു ജാതിഭേദമോ വകഭേദമേ വിചാരിക്കാതെ കൊടുക്കുന്നവരുടെ കയ്യിൽനിന്നും കിട്ടുന്നതെല്ലാം വാങ്ങിക്കഴിച്ചിരുന്നു. ഇങ്ങനെ ചില വിഷഭക്ഷണങ്ങൾ പോലും സ്വാമി ഭക്ഷിച്ചിട്ടു യാതൊരു വ്യാപത്തും ഉണ്ടാകാതെ ഇരുന്നാതായി കേട്ടിട്ടുണ്ട്.