ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം പതിനഞ്ച്

ശിവഗിരിയിലെ പ്രതിഷ്ഠ കഴിഞ്ഞ് സ്വല്പ ദിവസം സ്വാമി ശിവഗിരിയിൽ താമസിച്ചു. അതിനു ശേഷം സന്യാസി ശിഷ്യന്മാരിൽ ചിലരെ മഠത്തിൽ താമസിപ്പാനും ചിലരെ പുറത്തുപോയി മതസംബന്ധമായ പ്രസംഗങ്ങൾ കൊണ്ടും മറ്റു പ്രകാരത്തിലും ജനങ്ങളുടെ ഗുണത്തിനായി യത്നിപ്പാനും ആജ്ഞാപിച്ച് അയച്ചുകൊണ്ട് സ്വാമി വീണ്ടും വടക്കോട്ടേക്ക് യാത്രചെയ്തു. വഴിക്ക് ചേർത്തല ഇറങ്ങുകയും സ്ഥലത്തെ സ്വജനങ്ങൾ സ്വാമിയെ ഭക്തി ബഹുമാനപൂർവ്വം സ്വീകരിച്ച് സൽക്കരിക്കയും, ആലുവായിൽ ഒരു മഠം പണിയുന്ന വകയ്ക്കായി കുറെ പണം ജനങ്ങൾ കാണിക്കവയ്ക്കയും ചെയ്തു. അവിടെനിന്നും സ്വാമി ആലുവായിലെത്തി താമസിച്ചു. ആ അവസരത്തിൽ തലശ്ശേരി "ജഗന്നാഥ" ക്ഷേത്രത്തിൽ ഇടവമാസത്തെ ഇളംനീരഭിഷേകത്തിന് സ്വാമിയുടെ സാന്നിദ്ധ്യം ആവിശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾ വന്നു ക്ഷണിക്കയും വീണ്ടും സ്വാമി തലശ്ശേരിക്ക് പോകയും ചെയ്തു. ഈ യാത്രയിൽ സ്വാമി ആലുവായിൽ ഒരു സ്ഥാപനം ഉറപ്പിക്കുന്നതിനെപ്പറ്റി പ്രത്യക്ഷമായി ശ്രമിക്കുകയായിരുന്നു. ജഗന്നാഥക്ഷേത്രത്തിൽ അന്നത്തെ ഇളംനീരഭിക്ഷേകം സംബന്ധിച്ചുള്ള നടവരവിൽ ഒരു ഭാഗം ആലുവായിലെ സ്ഥാപനത്തിന്റെ ചിലവിലേക്കായി സമർപ്പിക്കാൻ ക്ഷേത്രഭാരവാഹികൾ തീർച്ചയാക്കുകയും അപ്രകാരം ചെയ്കയും ചെയ്തു. തലശ്ശേരിയിൽ നിന്നും സ്വാമി ഉടനെ ആലുവായ്ക്കു മടങ്ങുകയും അവിടെ മുൻപു സൂചിപ്പിച്ചിട്ടുള്ളതും, ഇപ്പോൾ സ്വാമി ആശ്രമം സ്ഥാപിച്ചിരിക്കുന്നതുമായ പുഴവക്കത്തുള്ള പറമ്പ് തീറെഴുതിവാങ്ങുകയും ചെയ്തു.

കർക്കിടത്തിൽ വീണ്ടും സ്വാമി ശിവഗിരിയിലും അവിടെനിന്നും അരുവിപ്പുറത്തും എത്തി വിശ്രമിക്കയും സമീപപ്രദേശങ്ങളിൽ സഞ്ചരിക്കുകയും 1088 കന്നിമാസത്തോടുകൂടി ആലുവായ്ക്കു മടങ്ങുകയും ചെയ്തു. കുംഭമാസം ശിവരാത്രി സംബന്ധിച്ച് ആലുവായിൽ സ്വാമി ഒരു വലിയ സഭ വിളിച്ചുകൂട്ടുകയും ഒരു സംസ്കൃത വിദ്യാമന്ദിരം സ്ഥാപിക്ക മുതലായ സംഗതികളെപ്പറ്റി ആലോചിക്കയും ചെയ്തു. ഈ വിദ്യാമന്ദിരം സംബന്ധിച്ചു ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും മറ്റുമായി വീണ്ടും സ്വാമി മലബാറിൽ സഞ്ചരിക്കുകയും അനേകം ധനവാന്മാർ അതിലേക്കായി വലിയ സംഖ്യകൾ കൊടുപ്പാൻ വാഗ്ദാനം ചെയ്കയും ചെയ്തു. മീനത്തിൽ സ്വാമി ശിവഗിരി, അരുവിപ്പുറം ഈ സ്ഥലങ്ങളിലും കൊല്ലത്തും ഏതാനും ദിവസം വിശ്രമിക്കയും മേടത്തിൽ ആലുവായ്ക്കു മടങ്ങി അവിടെനിന്നും സ്വല്പദിവസം നീലഗിരിയിൽ പോയി വിശ്രമിക്കയും മടക്കത്തിൽ പാലക്കാട്ട് ഇറങ്ങുകയും അവിടെ സ്വല്പം താമസിച്ച് ആലുവായിൽ തിരിയെ എത്തി വിശ്രമിക്കുകയും ചെയ്തു.

1089-ാമാണ്ട് ചിങ്ങമാസം മുതൽ വൃശ്ചികംവരെ അധികദിവസവും സ്വാമി ആലുവായിൽ വിശ്രമിക്കയും അവിടെ നിന്നു വടക്കോട്ടു സഞ്ചരിക്കയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ കൊല്ലം, കാർത്തികപ്പള്ളി ഈ സ്ഥലങ്ങളിൽ ക്ഷണിക്കപ്പെടുകയും കാർത്തികപ്പള്ളി ആലുംമൂട്ടിൽ തറവാട്ടിൽ നിന്നും മദ്രാസിൽ അവരുടെ വകയായുള്ള 13000ക. വിലപിടിക്കുന്ന ഒരു വീടും പറമ്പും ദാനമായി സ്വാമിക്ക് എഴുതിക്കൊടുക്കയും ചെയ്തു. ഇതിനിടയിൽ സ്വാമി ആലുവാപുഴവക്കിൽ തീറുവാങ്ങിയ പറമ്പിൽ ഒരു ചെറിയ ആശ്രമം പണികഴിപ്പിച്ചിട്ടുണ്ട്. ആശ്രമത്തിനടുത്തു പറവൂർ വടക്കേക്കര മൂത്തകുന്നത്തു ശ്രീനാരായണമംഗല ക്ഷേത്രക്കാർ വാങ്ങി സ്വാമിക്കു സമർപ്പിച്ചിരിക്കുന്ന, തീവണ്ടിസ്റ്റേഷനു സമീപമുള്ളതും സ്വാമി മുൻപ് വിഷൂചിക പിടിപെട്ടപ്പോൾ താമസിച്ചിരുന്നതുമായ കെട്ടിടത്തെ പുതുക്കി അതിൽ വിദ്യാർത്ഥികളും സന്യാസികളും മറ്റും താമസിക്കുന്നതിനുള്ള ഒരു മഠം ആക്കുകയും ഒരു അദ്ധ്യാപകനെ വച്ചു സംസ്കൃതം പഠിപ്പിക്കുന്നതിന് ഏർപ്പാടു ചെയ്യുകയും ചെയ്തിട്ടുണ്ട്. മകരത്തിൽ സ്വാമി ശിവഗിരിയിൽ ആദ്യമായി പൂയം മഹോത്സവത്തിന് ഏർപ്പാടു ചെയ്യുകയും ഉത്സവം മംഗളകരമായും കേമമായും നടക്കുകയും ചെയ്തു. ഈകൊല്ലം മേടമാസത്തോടടുത്ത്, അന്നും തിരുവിതാംകൂർ ചീഫ് ജസ്റ്റീസായിരുന്ന ഇപ്പോഴത്തെ ദിവാൻ മ.രാ.രാ. മന്ദത്തു കൃഷ്ണൻ നായർ അവർകൾ സ്വാമിയെ ആലുവായിൽവച്ചു സന്ദർശിച്ചിരുന്നു. മേടത്തിൽ ആലുവാവച്ച് അതികേമമായി നടത്തപ്പെട്ട എസ്. എൻ. ഡി. പി. യോഗത്തിന്റെ 11-ാ൦ വാർഷിക പൊതുയോഗത്തിൽവച്ചു മാറിപ്പോയ ദിവാൻ രാജഗോപാലാചാരി അവർകൾ സ്വാമിയെ കാണാൻ മുൻകൂട്ടി പ്രതക്ഷിച്ചിരുന്നു എങ്കിലും ആ സന്ദർഭത്തിൽ സ്വാമി കുറ്റാലത്തു വിശ്രമിക്കയായിരുന്നാൽ സാധിച്ചില്ല. മേടം അവസാനത്തിൽ സ്വാമി മടങ്ങി ആലുവായ്ക്കു വരുന്ന മദ്ധ്യത്തിൽ കേരളിയ നായർസമാജം പ്രവർത്തകന്മാർ സ്വാമിയെ കോട്ടയത്തുവച്ചു നടത്തിയിരുന്ന ടി സമാജത്തിന്റെ വാർഷികയോഗത്തിൽ സംബന്ധിപ്പാനായി സൽക്കാരപൂർവ്വം കൂട്ടിക്കൊണ്ടുപോകയും സ്വാമി ടി സമാജത്തിൽ ഹാജരാകയും സഭയിൽ സന്നിഹിതരായിരുന്ന സർവ്വജനങ്ങളുടെയും അസാമാന്യമായ സ്നേഹബഹുമാനങ്ങൾക്ക് ഏക ലക്ഷ്യമായി തീരുകയും ചെയ്തു. കോട്ടയത്തുനിന്നു സ്വാമി ആലുവാ അദ്വൈതാശ്രമത്തിൽ എത്തി സ്വല്പദിവസം താമസിച്ചു. അവിടെനിന്നും, ഇടവത്തിൽ മലബാറിൽപോയി മടങ്ങിവന്നു. മിഥുനത്തിൽ കൊല്ലത്തുവന്നു. അവിടെ നിന്ന് ഏതാനും മാന്യഗൃഹസ്ഥന്മാരും ബ്രഹ്മചാരികളും ഒന്നിച്ച് കുറ്റാലം മുതലായ പല പുണ്യക്ഷേത്രങ്ങളും സന്ദർശിച്ചുകൊണ്ട് യാത്ര ചെയ്തു. മദ്രാസിലെത്തി സ്വല്പദിവസം താമസിക്കുകയും അവിടെനിന്ന് ബാംഗ്ലൂർവരെപോയി ആലുവായ്ക്കു മടങ്ങുകയും ചെയ്തു. 1090-ാമാണ്ടു ചിങ്ങമാസത്തിൽ സ്വാമി ചെങ്ങന്നൂർ, തിരുവല്ല ഈ താലൂക്കുകളിൽ സഞ്ചരിച്ചു. സ്വജനങ്ങൾ സ്വാമിയെ ഏറ്റവും ഭക്തിപുരസരം അതാതുസ്ഥലങ്ങളിൽ എതിരേൽക്കുകയും സൽക്കരിക്കുകയും ആലുവ സ്ഥാപിപ്പാൻ വിചാരിക്കുന്ന വിദ്യാലയത്തിന് ധനസഹായം ചെയ്യുകയും ചെയ്തു. ഈ യാത്രയിൽ അന്യവർഗങ്ങളിലെ പല മാന്യന്മാരും സ്വാമിയെ ആദരിക്കുകയും പൊതുവകയായുള്ള ചില സഭകളിൽ സ്വാമി സന്നിഹിതനാകുകയും ചെയ്തു. പുലയർ മുതലായ എളിയ വർഗ്ഗക്കാരുടെ മേൽ ജനങ്ങൾക്ക് അനുകമ്പ തോന്നേണ്ട ആവശ്യകതയെപ്പറ്റി ഈ സന്ദർഭത്തിൽ സ്വാമി പലരോടും സ്വകാര്യമായി ഉപദേശിക്കയും സ്വാമി പ്രത്യക്ഷമായി ആ വർഗ്ഗക്കാരോട് ഭേദമില്ലാതെയും പ്രത്യേകം സ്നേഹപൂർവ്വമായും പെരുമാറുകയും ചെയ്തു. സ്വാമിയുടെ ഈ സ്നേഹ പ്രകടനം ആ സ്ഥലത്തെ സ്ഥിതിക്ക് പ്രത്യേകം ആവശ്യം തന്നെ ആയിരുന്നു.

ധനുമാസത്തിൽ സ്വാമി ശിവഗിരിയിലെത്തി സ്വല്പം വിശ്രമിക്കയും അവിടെനിന്നും അരുവിപ്പുറത്തു പോയി താമസിക്കയും സമീപസ്ഥലങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കയും ചെയ്തു. നെയ്യാറ്റിൻകര പുലയർക്ക് ഈ അവസരത്തിൽ അന്യജാതിക്കാരിൽ നിന്നു നേരിട്ട ഉപദ്രവങ്ങളിൽ സ്വാമി അത്യന്തം സഹതപിക്കുകയും സ്വവർഗ്ഗക്കരുടെ അനുകമ്പ അവരിൽ സ്ഥിരമായി പ്രവർത്തിക്കുന്നതിന് സ്വകാര്യമായി വേണ്ട ഉപദേശങ്ങൾ ചെയ്യുകയും ചെയ്തു. അനവധി പുലയരും അവരുടെ സമുദായ പ്രധാനികളും സ്വാമിയെവന്ന് സന്ദർശിച്ച് അനുഗ്രഹവും സദുപദേശങ്ങളും സ്വീകരിച്ചു. ഈ സന്ദർഭത്തിൽ സ്വാമിയുടെ ശ്രദ്ധയെ ആകർഷിച്ചിരുന്ന മറ്റൊരു വിഷയം എസ്. എൻ. ഡി. പി. യോഗത്തിന്റെ ആചാരസംബന്ധമായും മതസംബന്ധമായും മറ്റുമുള്ള ഉദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനും അതിന്റെ പ്രവർത്തികളെ പൂർവ്വാധികം പ്രചാരപ്പെടുത്തുന്നതിനുമായി സ്വജനങ്ങൾ അധിവസിക്കുന്ന ദേശങ്ങൾ, അല്ലെങ്കിൽ കരകൾതോറും ദേശസഭകൾ ഏർപ്പെടുത്തുക എന്നുള്ളതായിരുന്നു. എസ്. എൻ. ഡി. പി. യോഗം പോലെതന്നെ ദേശസഭകളും കേരളത്തിന്റെ തെക്കേ അറ്റമായ നെയ്യാറ്റിൻകര താലൂക്കിൽ ആദ്യമായി സ്ഥാപിച്ചുതുടങ്ങുകയും, ക്രമേണ മറ്റു താലൂക്കുകളിലും രാജ്യങ്ങളിലും വ്യാപിപ്പിക്കയും ചെയ്യണമെന്നുള്ള വിചാരത്താൽ സ്വാമി അരുവിപ്പുറത്ത് അതിനായി കുറേദിവസം വിശ്രമിക്കയും സ്ഥലത്തെ ജനങ്ങളെ ആ വിഷയത്തിൽ പ്രേരിപ്പിക്കയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ തിരുവിതാംകൂറിന്റെ തെക്കുകിഴക്കേ അതിർത്തിയും തമിഴ് പ്രദേശവുമായ തോവാള, അഗസ്തീശ്വരം ഈ താലൂക്കുകളിലെ സ്വജനങ്ങൾ സ്വാമിയെ ക്ഷണിച്ച് ആ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകയും തോവാള കടുക്കറ എന്ന സ്ഥലത്തും അഗസ്തീശ്വരത്ത് കോട്ടാർ നഗരത്തിലും സ്വാമി ഒന്നുരണ്ടു ദിവസം വിശ്രമിക്കയും ചെയ്തു. ഈ അവസരത്തിൽ സ്വാമി അവിടെ ആട്, കോഴി, മുതലായ ജന്തുക്കളെ ബലികഴിച്ചുവന്ന അനേകം ദുർദേവതകളുടെ പീഠങ്ങൾ ജനങ്ങളുടെ സമ്മതം വാങ്ങി ഇടിച്ചുകളയുകയും ചില ദേവിക്ഷേത്രങ്ങളിൽ നടന്നുവന്ന പ്രാണിഹിംസയെ നിർത്തൽചെയ്തു സാത്വികരീതിയിലുള്ള ആരാധനാക്രമം നടപ്പാക്കുകയും ചെയ്തു. ഈ നഗരത്തിൽ വാകയടിത്തെരുവു ആറുമുഖപ്പെരുമാൾ പിള്ളയാർ ദേവസ്വവും സമുദായവും വക കാര്യങ്ങൾക്കു സമുദായങ്ങളുടെ ഇടയിലുള്ള കക്ഷി മത്സരം നിമിത്തം ഉണ്ടായിരുന്ന കുഴപ്പങ്ങൾ എല്ലാം ഈ അവസരത്തിൽ സ്വാമി പറഞ്ഞു തീർത്തു രാജിപ്പെടുത്തുകയും മേലാൽ ഈ കുഴപ്പങ്ങൾ ഉണ്ടാകാതിരിപ്പാൻ ചില വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തു. അവിടെനിന്നു സ്വാമി ശിവഗിരിയിൽ പൂയമഹോത്സവം സംബന്ധിച്ചു സന്നിഹിതനായിരിക്കേണമെന്നുള്ള ഉത്സവ ഭാരവാഹികളുടെ ഭക്തിപൂർവ്വകമായ അപേക്ഷ അനുസരിച്ച് ഉടനെ പുറപ്പെട്ടു ശിവഗിരിയിൽ എത്തി. ശിവഗിരി മഹാദേവ പ്രതിഷ്ഠ ശാരദാപ്രതിഷ്ഠയോടുകൂടി പെട്ടെന്നു ആലോചിച്ചു ചെയ്ത ഒരു സ്ഥാപനമാണെന്നും അതു വേണ്ടത്ര പൂർവ്വാലോചനയോടും ക്ഷേത്രം നിർമിക്ക മുതലായ ആവിശ്യങ്ങൾ പൂർത്തിയാക്കിയശേഷവും ചെയ്തതല്ലെന്നുമുള്ള വസ്തുത പരസ്യമാണ്. പ്രതിഷ്ഠാദിവസം മുതൽ ക്ഷേത്രത്തിന്റെ സ്ഥാനത്തിൽ ഒരു ചെറിയ ഒരു ഓലപ്പുര മാത്രമാണുള്ളത്. ക്ഷേത്രപ്പണി ജനങ്ങൾ വേഗം ആരംഭിച്ചു പൂർത്തിയാക്കുമെന്നായിരുന്നു സ്വാമി പ്രതീക്ഷിച്ചിരുന്നത്. ശിവഗിരി വിട്ടു പ്രതിഷ്ഠാനന്തരം സ്വാമി ആലുവായിൽ താമസം ആരംഭിച്ചതിനാൽ ജനങ്ങളുടെ ദൃഷ്ടി ക്രമേണ അങ്ങോട്ടേക്കു ആകർഷിക്കപ്പെടുകയും ശിവഗിരിയിലെ കാര്യങ്ങൾക്ക് ഉത്സാഹം ഏതാണ്ട് കുറഞ്ഞു തുടങ്ങുകയും ചെയ്തു. അതുകൊണ്ടുതന്നെയാണു ക്ഷേത്രപ്പണി ആരംഭിപ്പാൻ താമസം നേരിട്ടത്. എന്നാൽ സമുദായത്തിൽ പല യോഗ്യന്മാരും യോഗം ഭാരവാഹികളും സദാ അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടും പണി ആരംഭിപ്പാൻ ഒരു നല്ല അവസരത്തെ പ്രതീക്ഷിച്ചുകൊണ്ടുമാണിരുന്നത്.

ഉത്സവം സംബന്ധിച്ചു ശിവഗിരിയിൽ വിശ്രമിക്കുമ്പോൾ അവിടെ നിർമ്മിക്കേണ്ട ക്ഷേത്രത്തിന്റെ മാതൃകയേയും വലിപ്പത്തേയും മറ്റും പറ്റി സ്വാമി ഗാഢമായി ചിന്തിച്ചുകൊണ്ടിരിക്കയും ചില അഭിപ്രായങ്ങൾ എല്ലാം പ്രസ്താവിക്കയും ചെയ്തിട്ടുണ്ട്. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അനുമിക്കാവുന്നതായി സ്വാമിയുടെ അഗാധമായ ഹൃദയത്തിൽ ഇപ്പോൾ കിടക്കുന്ന മറ്റൊരു പാവനമായ അഭിപ്രായം തന്റെ ശിഷ്യന്മാരായ സന്യാസികളും ബ്രഹ്മചാരികളും അടങ്ങിയ ഒരു പ്രത്യേകസംഘം സ്ഥാപിച്ചും അതുമൂലം ജാതി മത ഭേതംകൂടാതെ പൊതുവിൽ നാട്ടിനും ജനങ്ങൾക്കും ഒന്നുപോലെ ആദ്ധ്യാത്മികമായ ശ്രേയസ്സും സദാചാരസംബന്ധമായും വിദ്യാഭ്യാസസംബന്ധമായും ഉള്ള അഭിവൃദ്ധിയും ഉണ്ടാകുന്നതിനു യത്നിപ്പാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നുള്ളതാകുന്നു.

സ്വാമിയുടെ സംക്ഷിപ്തമായ ഈ ജീവചരിത്രം തൽകാലം ഇവിടെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇതിനെ വായനക്കാർ അതിമനോഹരമായ അവിടത്തെ ജീവചരിത്രഗാത്രത്തിന്റെ അസ്ഥികൂടം എന്നുമാത്രം കരുതിയാൽ മതി.