സന്താനഗോപാലം പാന

(കുമാരാഹരണം)

പൂന്താനം നമ്പൂതിരി

പ്രഥമ പാദം

വിപ്രവിലാപം

ശ്രീമഹാഗണനാഥനും വാണിയും/ ശ്രീമണാളനും വാഴ്ക ഗിരീശനും/ ശ്രീനീലകണ്ഠനെൻ ഗുരുനാഥന്റെ/ ശ്രീപാദങ്ങളും വാഴ്ക വിശേഷിച്ചും./ മതിചേർന്ന കുമാരാഹരണമാം/ കഥതന്നിൽ മുഴുകിച്ചമകയാൽ/ അതുകൊണ്ടിതാ വാഴ്ത്തി സ്തുതിക്കുന്നേ-/ നതിമോഹമിതെന്നേ പറയാവൂ!/ മതിയില്ലാ നമുക്കതിനെങ്കിലും / മതിയുണ്ടെന്നു വെയ്ക്ക, മഹാജനം./

എങ്കിലോ പണ്ടു കൃഷ്ണൻ തിരുവടി / സങ്കടം തീർത്തു ധാത്രിക്കനന്തരം / മങ്കമാർ പതിനാറായിരത്തെട്ടും / സംഖ്യയില്ലാതോളം തനയന്മാരും/ ജ്യേഷ്ഠനാകിയ ശ്രീബലഭ്രദരു-/ മിഷ്ടനായ്‌ മരുവീടും കിരീടിയും/ അററമില്ലാത വൃഷ്ണിവരന്മാരും / മററും നാനാ യദുക്കളും താനുമായ്‌/ വാരിരാശി നടുവിൽ വിളങ്ങിടും / ദ്വാരകാപുരിതന്നിലനാകുലം/

കുറിപ്പുകൾ

കുമാരാഹരണം= ബ്രാഹ്മണകുമാരന്മാരെ ആനയിക്കൽ, മതി= കഴിവ്‌, ബുദ്ധി. വൃഷ്‌ണിവരന്മാർ = യാദവന്മാരിൽ ഒരു വിഭാഗം.


പൃത്ഥ്വീച്രകവും കാത്തു ജഗത്പതി/ സ്വസ്ഥനായ്‌ മരുവീടുന്ന കാലത്തു / അമ്മഹാപുരിതന്നിലോരേടത്തു / സന്മതനായ ഭൂസുരൻ തന്നുടെ / ധർമ്മദാരങ്ങൾ പെറ്റൊരു ബാലകൻ / കർമ്മമെന്യേ മരിച്ചു വിധിബലാൽ / ഖിന്നനായി മഹീസുരനപ്പോഴേ/ ചെന്നു വൃത്താന്തം കേൾപ്പിച്ചു നാഥനെ / "ഇന്നിനിയ്ക്കിതുവണ്ണം വരുവതിനെന്തു / ബന്ധം കരുണാജലനിധേ! /

ബന്ധമോക്ഷങ്ങളെന്നിവ ധർമ്മങ്ങൾ/ നിന്തിരുവടിയ്ക്കില്ലെന്നു കേൾപ്പൂ ഞാൻ/ എന്നെ നീ പരിപാലിയ്ക്ക കൊണ്ടല്ലോ / ദ്വന്ദ്വഭാവം ധരിത്രിയിലില്ലാത്തു./ എന്നിരിയ്ക്കെയെനിയ്ക്കൊരു സങ്കട-/ മെന്തയ്യോ പാപമിങ്ങിനെ വന്നതും?"/ എന്നെല്ലാം വിലപിയ്ക്കുന്ന വിപ്രനോ-/ ടേതുമൊന്നരുളീലാ മുകിൽവർണ്ണൻ./ തന്തിരുമനസ്സെന്തെന്നറിയാഞ്ഞി-/ ട്ടേതുമൊന്നുമിളക്കീലൊരുത്തനും./

എന്താവൂ മമ കർമ്മമിതൊക്കെയു-/ മെന്നു വെച്ചിങ്ങു പോന്നിതു വിപ്രനും./ പിന്നെയും പ്രസവിച്ചിതു പത്നിതാ-/ നൊന്നുമിങ്ങു ലഭിച്ചീല ബാലന്മാർ./ അന്യായം ചെന്നുണർത്തിയ്ക്കുമപ്പോഴേ/ അങ്ങതിനൊരു ഭാവമില്ലാർക്കുമേ. /

കുറിപ്പുകൾ --

പൃത്ഥീചക്രം =ഭൂമണ്ഡലം; സന്മതൻ = നല്ലവർ മാനിയ്ക്കുന്നവൻ ധർമ്മദാരങ്ങൾ = ധർമ്മപത്നി ; കർമ്മമെന്യേ = കർമ്മമില്ലായ്കയാൽ ബന്ധം = കാരണം ; ബന്ധമോക്ഷങ്ങൾ = സംസാരബന്ധവും അതിൽനിന്നുള്ള മുക്തിയും ദ്വന്ദ്വഭാവം = രണ്ടെന്ന ഭാവം; മുകിൽവർണ്ണൻ = കൃഷ്ണൻ; മമ കർമ്മം = എന്റെ കർമ്മദോഷം


അന്നന്നിങ്ങനനെയുണ്ടായ്‌ മരിച്ചുപോ-/ യൊന്നു രണ്ടുമല്ലൊരെട്ടു കുമാരന്മാർ;/ ഒമ്പതാമതൊരുണ്ണി പിറന്നപ്പോൾ / സംഭ്രമത്തോടെ ചെന്നു മഹീസുരൻ/ അപ്പോഴമത്തെയവസ്ഥ നിരൂപിപ്പാൻ / കെൽപ്പു പോരാ നമുക്കെന്റെ ദൈവമേ!/ വിപ്രൻ ചെന്നു കിടാവിനെ നോക്കുമ്പോൾ/ വീർപ്പു മാത്രവുമില്ലാ കുമാരനു / പാപ, മെന്തിനിരിയ്ക്കുന്നു ഞാനെന്നു / വാവിട്ടൊന്നലറി മഹീദേവനും;/ ചോരയോടെയെടുത്തു തൻ മാറത്തു/ കരംകൊണ്ടു തൊഴിച്ചു കരകയും./

"അയ്യോ ബാലകായെന്തു നീയിങ്ങനെ / കയ്യുംകാലുമിളക്കിക്കരയാത്തു ?/ അയ്യോ ഞാൻ ചെയ്ത പുണ്യങ്ങളൊക്കെയും/ പൊയ്യായിട്ടോ വരുന്നുവാനീശ്വരാ!/ കഷ്ടമെന്തിതു കൃഷ്ണൻ തിരുവടി-/ യ്ക്കൊട്ടു ചൊന്നാൽ കരുണയുമില്ലല്ലോ./ സന്തതം സുഖിച്ചീടുന്നിതെല്ലാരു-/ മെന്തു ഞാനൊന്നു വേറേ പിഴച്ചിതു ?/ കൃഷ്ണ കൃഷ്ണയെന്നല്ലാതെ മറ്റൊരു/ മിത്രഭാവമറിയുന്നതില്ല ഞാൻ./ കഷ്ടമെന്നുടെ കട്ടക്കിടാവിതാ / ദൃഷ്ടി നിർത്തിക്കിടക്കുന്നു മദെവമേ!/ ഉണ്ണി നിന്നെയയടുത്തു മടിയിൽ വെ-/ ച്ചെണ്ണം കൂടാതെ ദാനങ്ങൾ ചെയ്കയും/ ജാതകർമ്മം കഴിക്കയുമന്നേരം / മോദംകൊണ്ടുള്ള കണ്ണീർ പൊഴിക്കയും/


കുറിപ്പുകൾ --

വീർപ്പ്‌ = ശ്വാസം; ചോരയോടെ = പ്രസവിച്ചയുടനെ: തൊഴിച്ച്‌ = അടിച്ച്‌; പൊയ്യായിട്ടോ =വ്യാജമായിട്ടോ ചൊന്നാൽ = സങ്കടം പറഞ്ഞാൽ; മിത്രഭാവം-ബന്ധുത്വ; കട്ടക്കിടാവ്‌ = പിഞ്ചുപൈതൽ; ദൃഷ്ടിനിർത്തി = കണ്ണനക്കാമതെ; ജാതകർമ്മം = ജനിച്ച ഉടനെ ചെയ്യേണ്ടുന്ന വൈദികക്രിയ, ഷോഡശസംസ്കാരങ്ങളിൽ ഒന്ന്‌.


അങ്ങിനെ സുഖിച്ചീടേണ്ട ഞാനിപ്പോ-/ ളിങ്ങിനെ ദുഃഖിച്ചിടുന്നിതീശ്വരാ!" / എന്നീവണ്ണം പ്രലാപിച്ചു മോഹിച്ചും/ തിണ്ണം വാവിട്ടലറിയുമന്നേരം / ശ്രീമണാളനിരുന്നരുളീടുന്ന / ശ്രീമൽ ദ്വാരകതന്നിലകം പുക്കാൻ./ 80

അതുനേരം ദയാനിധി കാർവർണ്ണൻ / മധുവാണികൾ ലീലാകലാനിധി / ചതുരാനനനാദികൾക്കെല്ലാർക്കും / മുതലായ പര്രബഹ്മമൂർത്തിതാൻ / കർമ്മാകർമ്മവികർമ്മപരായണൻ/ ധർമ്മാധർമ്മ ഫലപ്രദനീശ്വരൻ / വാജിമേധം സമാരംഭിച്ചങ്ങിനെ / ശാലതന്നിലകം പുക്കിരിയ്ക്കുന്നു./ മറ്റും നാനാജനങ്ങളോരോതരം/ ചുററുംവന്നു ശ്രമിയ്ക്കയുമന്നേരം/ 90

മുററാതോരു കിടാവിന്റെ ദേഹത്തെ-/ യൊട്ടേടം കൊണ്ടെക്കാഴ്ചയായ്‌ വെച്ചുടൻ / വിശ്വവാസികളൊക്കെ നടുങ്ങവേ / വിശ്വസാക്ഷിയോടീവണ്ണം മചാല്ലിനാൻ:--/ “ദുഷ്ടരായ മഹീപാലന്മാരുടെ / ദുഷ്ടതകൊണ്ടിവണ്ണമോരോതരം / നിഷ്ഠുരമായ ബാലമരണങ്ങൾ / കഷ്ടമായിട്ടനുഭവിച്ചീടുന്നു. / ശിഷ്ടപാലനെന്നമ്പോടു ഭാവിച്ചു / കൃഷ്ണനെന്തിനിരുന്നു ഞെളിയുന്നു?/ 100

കുറിപ്പുകൾ —

പ്രലാപിച്ചു = നിലവിളിച്ചു; തിണ്ണം = വേഗം; മധുവാണികൾ ലീലാകലാനിധി = സുന്ദരിമാരുടെ കളികൾ; ചതുരാനാനാദികൾ = ബ്രഹ്മാവ് തുടങ്ങിയവർ; മുതലായ = പരമധനമായ; കർമ്മാകർമ്മ വികർമ്മപരായണ = ധർമ്മാധർമ്മ ഫലപ്രദൻ; വാജിമേധം = അശ്വമേധം; മുറ്റാതോരു = പൂർണ്ണമല്ലാത്ത; മഹീപാലന്മാർ = രാജാക്കന്മാർ; നിഷ്ഠുരം = കഠിനം; ശിഷ്ടപാലൻ = നല്ലവരെ രക്ഷിയ്ക്കുന്നവൻ.


പതിനാറു സഹസ്രം മടവാർക്കു/ വിടുവേല നന്നിവനെത്രയും!/ അതികാമികളിൽ മുടിമന്നനെ--/ ന്നതേയൊന്നു പറയാവൂ പാർക്കുമ്പോൾ/ സ്വസ്ഥനായിട്ടിവണ്ണം മററാരുള്ള--/ തത്തലൊന്നുമറിയുന്നോനല്ലിവൻ./ ഒന്നുകൊണ്ടുമൊരിയ്ക്കലിവനൊരു/ ഗുണമില്ലാ നിരൂപിച്ചു കാണുമ്പോൾ./ മറ്റാരുത്തരെക്കൊണ്ടു തനിക്കൊരു/ സാദ്ധ്യമില്ലെന്നൊരുത്തനും വെയ്ക്കാമോ?/ 110

ലോകനാഥൻ താനെന്നു വരികിലും/ ലൗകികത്തെക്കടന്നു നടക്കാമോ?/ നിർമ്മര്യാദമിതെന്നിയേ മറെറാരു/ ധർമ്മാധർമ്മമിവന്നു തിരിയുമോ?/ ഖേദംകൊണ്ടു പറയുന്നു ഞാൻ വൃഥാ/ വേദവാക്കിനുമില്ലിവനാദരം./ ഇവൻ തന്നെയുടയവനാകിലോ/ ഇനി മേല്പോട്ടു നന്നു നമുക്കെല്ലാം."/

എന്നെല്ലാം ചില വാക്കുകൾ കേട്ടപ്പോൾ/ "എന്നേ കഷ്ടമിതെന്തെ"ന്നാരോ ജനം./ "പുത്രദുഃഖം പൊറാഞ്ഞൊരു ബ്രാഹ്മണൻ/ കൃഷ്ണനോടറിയിയ്ക്ക"യെന്നാർ ചിലർ/ "പുത്രദുഃഖമുണ്ടെന്നാലുമീശനോ--/ ടിത്ര കോപിച്ചാലെന്തു ഫലമെടോ ?/ ആർത്തി നല്കീടുമീശ്വരനെങ്കിലും/ പ്രാർത്ഥിയ്ക്കേ നമുക്കങ്ങോട്ടു ചെയ്യാവൂ!" / "എന്നുതന്നെയല്ലീവണ്ണം കേൾക്കുമാ-- / റെന്നുമുണ്ടിതു നിത്യ"മെന്നാർ ചിലർ/ "എന്നാലും കടൽവർണ്ണനോടിങ്ങിനെ/ തോന്നുമോ പറവാ"നെന്നിതു ചിലർ;/ 130

കുറിപ്പുകൾ —

മടവാർ = സ്ത്രീകൾ. വിടുവേല = ദാസ്യപ്പണി. അത്തൽ = സങ്കടം. സാദ്ധ്യം --സാധിക്കേണ്ട കാര്യം. ലൗകികം = ലോകമര്യാദ. നിർമ്മര്യാദം

മര്യാദയില്ലായ്മ. നന്നു നമുക്കെല്ലാം നന്നല്ലെന്നർത്ഥം. എന്നേ കഷ്ടം തിരുത്തുക

അയ്യോ, കഷ്ടം! പൊറാഞ്ഞ് = സഹിക്കാഞ്ഞ്. ആർത്തി = സങ്കടം.

തോന്നുകില്ലയോ ബാലമരണങ്ങ-/ ളൊന്നുരണ്ടല്ലായൊമ്പതെന്നാർ ചിലർ; / കഷ്ടമല്ലാ തിരുമനക്കാമ്പിങ്കൽ / മറ്റൊന്നുണ്ടതു കാണാമെന്നാർ ചിലർ;/ കഷ്ടമില്ലിനി മേലിലെന്നാർ ചിലർ; / കഷ്ടവാക്കുകൾ നന്നല്ലെന്നാർ ചിലർ;/ കുറ്റമേവം പറകൊല്ലെന്നാർ ചിലർ; / കുറ്റമല്ലാ പറഞ്ഞതെന്നാർ ചിലർ./

എന്നുവേണ്ടാ പലരും പലവിധം/ നിന്നു തങ്ങളിലിങ്ങനെ ചൊല്ലുമ്പോൾ/ 140 ദുഷ്ടരായ മഹാവനമാകവേ / കത്തിക്കാളുന്ന കാട്ടുതീയ്യർജ്ജുനൻ/ ദൃഷ്ടിവാൾമുനയൊന്നു കുലുങ്ങവേ / പുഷ്ടരോഷമവിടന്നെഴുന്നേറ്റു / ഗാണ്ഡീവത്തെയടുത്തു വിരവോടെ/ ചണ്ഡവേഗം ചെറുഞാണൊലിയിട്ടു/ ചുറ്റും നിന്ന മഹാജനം കേൾക്കുമാ-/ റിത്ഥമൊന്നു പറഞ്ഞു കപിധ്വജൻ--/

“നാടുവാഴിയായിട്ടിരിയ്ക്കുന്നതു/ നാടുരക്ഷിപ്പാനല്ലയോ ഭൂതലേ? / 150 നാട്ടിലുള്ള പ്രജകളെ രക്ഷിപ്പാൻ / ശക്തിപോരായിതെന്നു വരികിലും / വിപ്രജാതിയെ രക്ഷിയ്ക്കയെന്നതു / ക്ഷത്രിയർക്കു കുലധർമ്മമല്ലയോ? / ഒന്നിനും മതിപോരാതെയുള്ളവർ / പെണ്ണുങ്ങൾക്കു സമമെന്നറിഞ്ഞാലും./


കുറിപ്പുകൾ

ദൃഷ്ടിവാൾമുന = നോട്ടമാകുന്ന വാളിന്റെ മുന. പുഷ്ടരോഷം = കൂടിയ കോപം; ഗാണ്ഡീവം = അർജ്ജുനന്റെ വില്ല്; ചണ്ഡവേഗം = വലിയ വേഗത്തോടെ; കപിദ്ധ്വജൻ = അർജ്ജുനൻ (ഹനൂമാൻ അർജ്ജുനന്റെ കൊടിയിൽ രക്ഷയ്ക്കായി നിൽക്കുന്നു. മതിപോരാതെയുള്ളവർ = തൃപ്തിപ്പെടാത്തവർ


എന്നിരിയ്ക്കെയീ യാദവന്മാരിവരെണ്ണമില്ലാ നിരൂപിച്ചു കാണുമ്പോൾ / എന്നവരിലൊരുത്തനും തോന്നുന്നില്ലിന്നീ വൃത്താന്തം കഷ്ടമെന്നുള്ളതും/ 160 ഭംഗിക്കോപ്പും ചമയവും വെണ്മയും നന്നുനന്നെന്നു തന്നേ പറയാവൂ! അതുനിൽക്കട്ടെയിന്നിയൊരർഭകൻ ഹിതമോടെ പിറന്നു ഭവാനെങ്കിൽ/ സുരനായകനന്ദനനർജ്ജുനൻ പരിപാലിയ്ക്കുമെന്നതു നിർണ്ണയം/ വിപ്രന്മാരതിഖിന്നന്മാരായിട്ടങ്ങിപ്രകാരം പറയുന്ന വാക്കുകൾ/ പൂരുവിന്റെ കുലത്തിൽ പിറന്നൊരു പൂരുഷന്നു സഹിയ്ക്കയില്ലേതുമേ/ 170

ഇന്നിതിന്നു സഹായമായെന്നുടെ ഗാണ്ഡീവംതന്നെ പോരുമറിഞ്ഞാലും/ ഉഗ്രനായ മഹേശ്വരൻ തന്നുടെ തൃക്കാലാണ ചതിയ്ക്കയില്ലേതുമേ"/ ഇത്തരം കുരുവീരൻ പറഞ്ഞതിനുത്തരമുരചെയ്തു മഹീസുരൻ / ഭദ്രമായിപ്പറയുന്ന നീ ബലഭദ്രരില്ലേ മഹാരഥനായിട്ട? പ്രദ്യുമ്നാദികളായവർക്കാർക്കുമേ സാദ്ധ്യമായീലയെന്നതു നീയിപ്പോൾ / 180 തീർച്ചയാക്കിപ്പറഞ്ഞതു കേട്ടിട്ടു കാഴ്ചപോരാ നിനക്കെന്നുറച്ചു ഞാൻ/ ഈശ്വരന്മാർക്കുമീശ്വരനാകിയ കൃഷ്ണനെന്തുകൊണ്ടേതും ഇളകാഞ്ഞു ?


കുറിപ്പുകൾ -- ചമയം = ചന്തം; വെണ്മ = മോടി; അർഭകൻ = ബാലൻ; സുരനായകനന്ദനൻ = അർജ്ജുനൻ; പൂരു = സോമവംശത്തിലെ പ്രസിദ്ധനായ രാജാവ്; കുരുവീരൻ = കുരുവംശത്തിലെ നേതാവ്; മഹാരഥൻ = രഥയുദ്ധവീരൻ; കാഴ്ചപോരാ = കഴിവുകാണാൻ കെല്പില്ല


എന്നതേതും നിരൂപണം കൂടാതെ എന്തു ഭോഷാ പറയുന്നതിങ്ങനെ? / കൊലയാനത്തലവനിരിക്കവേ കുഴിയാന മദിയ്ക്കും കണക്കിനെ/ നിന്നുള്ളിലൊരു ഭാവമുണ്ടെങ്കിലുമെന്നുള്ളിലിതു ചേരുകയില്ലെടോ! 190 ഭക്ഷിപ്പാനായി വന്ന നീയെപ്പോഴേ രക്ഷിക്കാൻ ശ്രമിയ്ക്കേണ്ട ജളമതേ ! ബ്രാഹ്മണരോടു വല്ലതും ചൊല്ലിയാൽ സമ്മാനിക്കുമെന്നോർത്തു പറകയോ?/ ഇത്തരം ചില വാക്കുകൾ കേട്ടപ്പോൾ എത്രയും പാരം കോപിച്ചു ഫല്ഗുനൻ/ നടേ താനൊരുനാളുമേ കേളാത കൊടുവാക്കുകൾ കേട്ടതിനുത്തരം/ നടിച്ചൊന്നു പറഞ്ഞു വിജയനും:-- “കടുപ്പം പറയായ്ക നീ ഭൂസുരാ ! 200 ജിഷ്ണുവെന്നെന്റെ നാമമതിനുടേയർത്ഥമെന്തെന്നു ചിന്തിച്ചു ചൊൽക നീ / പൊട്ടനെന്നു ഭവാനുള്ളിലുണ്ടെങ്കിൽ കേട്ടാലും മമ വിക്രമമോരോന്നേ / മടുത്താർശരവൈരി പുരാനുടെയടിത്താരിണ കൂപ്പുവാൻ ചെന്നപ്പോൾ / അടുത്തുവന്നു വേടനായെന്നുടെ പടുത്വമറിവാൻ പരമേശ്വരൻ / എടുത്തു കുലവില്ലുമായെത്തി ഞാനടിച്ചു തിരുമേനിമേലെയ്‌തപ്പോൾ / 210 മിടുക്കുണ്ടെന്നു കണ്ടുടനപ്പോഴേ കുടുക്കെന്നു തെളിഞ്ഞു പുരാന്തകൻ / പരമാസ്ത്രമെടുത്തിങ്ങു തന്നതിൽ പരമെന്തറിയാഞ്ഞു ഭവാനയ്യോ !


ജളൻ = ബുദ്ധിഹീനൻ; ഫൽഗുനൻ = അർജ്ജുനൻ; നടേ = മുമ്പ്; നടിച്ച് = വീരനെന്ന് അഭിനയിച്ച്; ജിഷ്ണു = ജയിയ്ക്ക ശീലമായവൻ; മടുത്താർ+ശര+വൈരി = തേൻ നിറഞ്ഞ (പുതു) പൂക്കൾ ബാണമാക്കിയ കാമദേവന്റെ ശത്രു; പടുത്വം = സാമർത്ഥ്യം; കുടുക്കെന്ന് = പെട്ടെന്ന് ; പുരാന്തകൻ = ശിവൻ; പരമാസ്ത്രം = പാശുപതം.

"https://ml.wikisource.org/w/index.php?title=സന്താനഗോപാലം_പാന&oldid=217633" എന്ന താളിൽനിന്ന് ശേഖരിച്ചത്