സന്ത് തുക്കാറാമിൻെറ ഭക്തി വചനങ്ങൾ

1) ആത്മ പരിചയം:-


ഞാൻ ശൂദ്രവംശത്തിൽ ജനിച്ചതിനാൽ, എനിക്ക് അഹംഭാവമില്ല. 

ഹേ, ഭഗവാൻ, അങ്ങുന്നാണ് എൻെറ അമ്മയും,അച്‍ഛനും. വേദം പഠിക്കുവാൻ എനിക്ക് അധികാരമില്ല;

ഏതു വിധത്തിലായാലും ഞാൻ  ദീനനും, ജാതിഹീനനും ആണ്.

ഹേ, ഭഗവാൻ, അങ്ങൂന്ന് എന്നെ കർഷകനാക്കി; ഇല്ലെങ്കിൽ എൻെറ മനസ്സിൽ ഗർവ്വം നിറഞ്ഞിരിക്കും.

ഹേ, ഭഗവാൻ, ഇപ്പോൾ തുക്കാറാമിന്ന് നൃത്തം ചെയ്യുവാനും, 

അങ്ങയുടെ പാദങ്ങളെ ധ്യാനിക്കുവാനും, കഴിയുന്നു. എനിക്ക് കുറച്ച് വിദ്യാഭ്യാസം ഉണ്ടായിരുന്നാൽ, എൻെറ മനസ്സ് കുഴപ്പത്തിലും ആയരിക്കും. അപ്പോൾ, ഞാൻ അങ്ങയുടെ ഭക്തന്മാരെ ആദരിക്കാതെയും, സേവിക്കാതെയും, ജീവൻ വ്യർത്ഥമാക്കിയിരിക്കും. ഞാൻ ഒരു എളിയ കർഷകൻ അല്ലാതിരുന്നാൽ, ഗർവ്വിഷ്‍ടനായി യമധർമ്മരാജൻെറ മാർഗ്ഗത്തിൽ പോയിക്കൊണ്ടിരിക്കും. അഭിമാനം നിറഞ്ഞ മനുഷ്യർ നരകത്തിലേക്കു പോവുന്നു.

ഭഗവാൻ പാണ്ഡുരംഗിൻെറ കൂടെ ദക്തൻ നാംദേവ് എന്നെ ഉണർത്തി, പറഞ്ഞു:- " തുക്കാ, നീ കവിത എഴുതു; വ്യർത്ഥ സംഭാഷണം ചെയ്യേണ്ടാ. ഞാൻ നൂറു കോടി അഭംഗ ഗാഥകൾ എഴുതുവാൻ തീർച്ചയാക്കി; അതിൽ എത്ര ബാക്കിയുണ്ടോ, അതെല്ലാം നീ എഴുതു."

എൻെറ ദ്ര്യവ്യവും, ധാന്യവും, വീടുതോറും നിറഞ്ഞിരിക്കുന്നു; ഞാൻ ഭിക്ഷ എടുത്തും കഴിയുന്നു. പ്രഭു എൻെറ വിഷയവാസനകളെ നിശ്ശേഷം നീക്കി; എൻെറ കുടുംബത്തെ പ്രഭു തന്നേ രക്ഷിക്കുന്നു

ഈ നശ്വരലോകത്തിൽ, ഹരിയുടെ നാമങ്ങളല്ലാതെ, എനിക്കു വേറൊന്നിലും ആശയില്ല. എൻെറ മനസ്സ് ലോകത്തിലെ സർവ്വ വസ്‍തുക്കളേയും വെറുക്കുന്നു. സ്വർണ്ണവും, നാണയങ്ങളും എനിക്ക് മണ്ണായും, രത്നങ്ങൾ കല്ലുകൾ പോലെയും ആയി. ലോകങ്ങളെ എല്ലാം മയക്കുന്ന സ്ത്രീ ജാതിയിലും, എനിക്ക് വിരക്തി വന്നു.

ചെറുപ്പത്തിൽ സംസാരചിന്തകൾ ഒന്നും ഇല്ലാത്തപ്പോൾ, അച്‍ഛൻ ദിവംഗതനായി. ഹേ, പ്രഭോ, അങ്ങയുടെ ആജ്ഞയാലല്ലെ ജീവൻ ചലിക്കുന്നത്? തുടർന്ന് പത്നിയും, പുത്രനും ദിവംഗതരായി; ഭഗവാൻെറ മായാവിലാസം വളരെ പ്രബലം തന്നേ! ഞാൻ കണ്ടുകോണ്ടിരിക്കെ, അമ്മയും ദിവംഗതയായി; ഭഗവാൻ സംസാരചിന്തകളിൽ നിന്ന്, എന്നെ മുക്തനാക്കി.

ലൌകീകവർത്തമാനങ്ങളിൽ എനിക്ക് താൽപർയ്യമില്ല;

"എൻേറത്, എൻേറത്"  എന്ന് ഗർവ്വിക്കുന്നവരോട്  ഞാൻ കൂടുന്നില്ല;

ദേഹത്തിന്ന് സുഖം നൽകുന്ന ഉപായങ്ങളെ ഞാൻ ഇച്‍ഛിക്കുന്നില്ല; ആ ഉപായങ്ങളെല്ലാം വിഷമയവും, ബന്ധനത്വവും ഉളളതാണ്; പ്രശംസയും, ഗൌരവവും, എൻെറ മനസ്സിനെ അലട്ടുന്നു.

ഞാൻ പറയുന്നതെല്ലാം ഭക്തജനങ്ങൾ പറഞ്ഞതു തന്നെ; അങ്ങയുടെ അനുഗ്രഹത്താൽ ഞാൻ പിന്നേയും പറയുന്നു; അതിലെ സൂക്ഷ്‍മമായ അർത്ഥങ്ങളെ, അങ്ങുന്നേ അറിയൂ.

ഞാൻ കവിതകൾ ഉണ്ടാക്കുന്നു, എന്ന് ജനങ്ങൾ പറഞ്ഞാലും, അതിലെ വാക്യങ്ങൾ എൻേറതല്ല; അതിൽ എൻെറ യുക്തിയുമില്ല; പാമരനായ ഞാൻ എന്തറിയും? ഗോവിന്ദൻ പറയുന്നതാണെല്ലാം! എല്ലാം ഗോവിന്ദൻെറ മഹിമയാണ്!

അസത്യവചനങ്ങൾ എന്നെ ദുഖിതനാക്കുന്നു; അതിനാൽ ഞാൻ ഏകാന്തവാസം ആഗ്രഹിക്കുന്നു; ശരീരവാസനകളിലും, ഭാവങ്ങളിലും, എനിക്ക് ഇഷ്‍ടമില്ല. ആശാ-മോഹ വലയിൽ കുടുങ്ങിയാൽ, ദുഖമേ ലഭിക്കൂ; ഭഗഗവാൻെറ ആരാധനക്ക് തടസ്ഥം വരുന്നു.

മാനാഭിമാനങ്ങളെ ത്യജിച്ച്, ഞാൻ ഭഗവാൻെറ കീർത്തനങ്ങൾ പാടുന്നു; അർത്ഥത്തെ ഞാൻ അനർത്ഥമായി ത്യജിച്ചു; സർവ്വ സുഖഭോഗങ്ങളേയും നീക്കി വെച്ചു; എൻെറ മനസ്സിനെ പാണ്ഡുരങ്ക വിഠ്‍ഠലന്ന് സമർപ്പിച്ചു.

സകലലോകങ്ങളും ഈശ്വരൻെറ സൃഷ്‍ടിയാണ്; ഈശ്വരപ്രേമത്തിൽ ലയിച്ച്, അവൻെറ പാദാരവിന്ദങ്ങളെ കാണുവാനും ഉളള ഭാഗ്യം എനിക്ക് ലഭിക്കണേ. മനസ്സിൽ ശാന്തിയും, ഭക്തിയും വന്ന് ഭേദഭാവങ്ങൾ നീങ്ങണേ. എവിടെ നോക്കിയാലും, വിട്ടോബാവിൻെറ രുപമേ കാണുന്നുളളു; അതിനാൽ 'എൻേറത്, നിൻേറത്', എന്ന ഭേദഭാവങ്ങളും അകന്നു.

ഓരോരുു ക്ഷണവും ദുഷ്‍ട ചിന്തകളെ അകററി, പ്രഭുചരണങ്ങളെ എൻെറ മനസ്സിൽ സ്ഥിരമാക്കുവാൻ ഞാൻ ശ്രമിക്കുന്നു. എത്രയോ ഭക്തന്മാരുടെ വഴി പിഴച്ചു പോയിട്ടുണ്ട്; അതിനാൽ ജാഗരൂകനായിരിക്കുന്നു.

ഹേ, ദേവാ, ഞാൻ ത്യാഗിയും അല്ല, ഗൃഹസ്‍തനും അല്ല; രണ്ടു ഭാവങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു.

ഭഗവാനെ മാത്രമേ എനിക്ക് അറിവുളളു, മറെറാന്നിനേയും ഇല്ല. അങ്ങയുടെ രൂപം അല്ലാതെ, മററു രൂപങ്ങളിലുളള ഈ സംസാരം മുഴുവനും, എൻെറ ദൃഷ്‍‍ടിയിൽ നിന്ന് മറഞ്ഞു പോയിരിക്കുന്നു.

ജ്ഞാനം ആയ ദണ്ഡത്താൽ, എൻെറ ദേഹത്തിനെ വിരട്ടി ഓടിച്ചു; ശ്‍മശാനത്തിൽ ശവം ദഹിക്കുന്നതുപോലെ, എൻെറ മനോതേജസ്സാൽ അതിനെ ദഹിപ്പിച്ചു.

ഞങ്ങൾ ശ്രീ വിഠ്‍ഠലിൻെറ യോദ്ധാക്കളാണ്. കലികാലം വന്നാലും ആട്ടിയോടിക്കും. ഞങ്ങൾ ശ്രീ വിഠ്‍ഠലിൻെറ കീർത്തനങ്ങൾ പാടുവാൻ അനേകം ജന്മങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ജീവന്മുക്തിയിൽ ഒട്ടും ആഗ്രഹമില്ല!

എൻെറ മനസ്സിനെ ദുഷിക്കുന്നവരോട്, ഞാൻ ചേരുകയില്ല; ശ്രീ വിഠ്‍ഠലിൻെറ നാമങ്ങളല്ലാതെ, വേറൊന്നും കേൾക്കേണ്ട; ഞാൻ പറയുന്നതെല്ലാം, മററുളളവരുടെ മനസ്സിൽ ശാന്തിയും, സമാധാനം വരുത്തുവാൻ വേണ്ടിയാണ്. ആരുടെ മനസ്സിൽ ദഗവത്പ്രേമം ഉണ്ടോ, അവർ എനിക്ക് പ്രാണപ്രിയരാണ്. ഈശ്വരനും, ഭക്തജനങ്ങളും എന്നെ അനുഗ്രഹിക്കുന്നു. അതിനാൽ മററുളളവരുടെ ഭാഷണങ്ങളെ ഞാൻ ശ്രദ്ധിക്കുന്നില്ല.

ഈശ്വരാനുഗ്രഹത്താൽ എനിക്ക് സർവ്വ സമ്പത്തികളും കിട്ടിയിരിക്കുന്നു. മററുളളവരോട് എന്തു യാചിക്കും? മോക്ഷം നേടുവാൻ എനിക്ക് ആശയില്ല, പ്രയത്നിക്കുന്നതുമില്ല. എൻെറ ആത്മാവിന്ന്, പരമാത്മാവിലെ പ്രേമം മാത്രമേ വേണ്ടൂ.

പതിവ്രതാ സ്ത്രീ തൻെറ ഭർത്താവിനെ മാത്രം പ്രശംസിക്കുന്നു;

മററുളളവരെ നോക്കുന്നതു പോലും  ഇല്ല.

എൻെറ മനസ്സും ഈശ്വരപ്രേമത്തിൽ ലയിച്ചിരിക്കുന്നു. താമരപ്പൂവ് സൂർയ്യവെളിച്ചത്തിൽ വിരിയുന്നു, ചന്ദ്രപ്രകാശത്തിൽ മടങ്ങുന്നു. കുയിൽ വസന്തം വന്നാൽ പാടുന്നു. കുട്ടികൾ അമ്മമാരുടെ മുമ്പിൽ നൃത്തവും ചെയ്യും; പക്ഷേ അന്യരുടെ വാർത്തകൾ ഇഷ്‍ടപ്പെടില്ല.

കാമ-ക്രോധ വികാരങ്ങളെ ത്യജിച്ച്, ഞാൻ ഭഗവാൻെറ പാദങ്ങളെ ആശ്യയിച്ചു. ഇനി ഞാൻ തിരിഞ്ഞു നോക്കുന്നില്ല. ഋദ്ധി-സിദ്ധികളെ ഒതുക്കി വെച്ചു. സംസാരസുഖങ്ങളെ കാംക്ഷിക്കാതെ, വിഠേഠാബാവിൻെറ ദാസനായി തീർന്നു.

ഈശ്വരകൃപയാൽ മനസ്സ് അലഞ്ഞുതിരിയാതെ, ശാന്തമായിരിക്കുന്നു; സന്തുഷ്‍ടമായും നിൽക്കുന്നു. കാമവാസനകളെ ത്യജിച്ച്, വിഠേഠാബാവിൻെറ നാമം സ്മരിക്കുന്നു.

അത്യധികം മധുരമയവും, അവർണ്ണനീയമായ സുഖം തരുന്നതും, ആയ വിഠേഠാബാവിൻെറ നാമങ്ങളെ എൻെറ മനസ്സിൽ നിർത്തുവാൻ ഞാൻ പരിശ്രമിക്കും.

എൻെറ അമ്മയെപ്പോലെ, എൻെറ വിശപ്പും, ദാഹവും, പ്രഭു അറിയുന്നു.

ഞാൻ ആരുടേയും ഗുണദോഷങ്ങളെ കാണുന്നില്ല. പാപിയോ, പവിത്രനോ, വിദ്വാനോ, പാമരനോ, എല്ലാവരും അങ്ങയുടെ രൂപങ്ങൾ തന്നേ. ഇക്കാരണത്താൽ, ഞാൻ എല്ലാവരേയും ആദരിക്കും, സേവിക്കും. അങ്ങയുടെ ഭക്തി ലഭിക്കുവാൻ, ഞാൻ വിഷത്തേയും അമൃതം പോലെ കുടിക്കും.

ഞാൻ അങ്ങയുടെ നാമോച്ചാരണം മധുരരസമായി അനുഭവിക്കുന്നു. ഹേ, വിഠേഠാബാ, ഞാൻ എൻെറ സംസാരഭാരങ്ങളെല്ലാം അങ്ങേക്ക് സമർപ്പിച്ചു. ഭക്തി, വൈരാഗ്യം എന്നിവയൊന്നും ഞാൻ അറിയുന്നില്ല. അങ്ങയുടെ മുമ്പിൽ കീർത്തനങ്ങൾ പാടി, നൃത്തം ചെയ്യാൻ എൻെറ മനസ്സ് ആഗ്രഹിക്കുന്നു.

ഹേ, വിഷ്‍ണുഭക്തരേ, ഞാൻ ' ഹരി, ഹരി' എന്ന് കിളിയെപ്പോലെ വിളിക്കുന്നു; അല്ലാതെ എനിക്കൊന്നും അറിഞ്ഞൂടാ. നിങ്ങളെല്ലാവരും ഭഗവാൻെറ ഭക്തരല്ലേ, നിങ്ങളുടെ പ്രസാദമേ എനിക്ക് വേണ്ടൂ.

ശ്രീ ഹരിയുടെ ചരണകമലങ്ങൾക്ക് തുല്യമായ ഒരു വസ്‍തുവും മൂന്നു ലോകങ്ങളിലും ഇല്ല. അതിനാൽ എൻെറ മനസ്സിലും, ആത്മാവിലും, ആ ചരണങ്ങൾ സ്ഥിരമായി നിൽക്കുന്നു. ശ്രീ ഹരിയുടെ നാമങ്ങളായ ജപമാല ഞാൻ കഴുത്തിൽ ധരിച്ചു, എനിക്ക് പാപമുക്തിയും, ശാന്തിയും ലഭിച്ചു. പാണ്ഡുരങ്കവിഠ്‍ഠൽ എൻെറ ആശകളെല്ലാം പൂർത്തിയാക്കി.

ഞാ ൻ, എൻെറ എല്ലാ ഭാരങ്ങളും ശ്രീ വിഠ്‍ഠലിന്ന് സമർപ്പിച്ചു; ശ്രീ വിഠ്‍ഠൽ തൻെറ സ്വരൂപത്തെ എൻെറ അകത്തും, പുറത്തും നിറച്ചു!

ശ്രീ വിഠേഠാബാവിൻെറ ചരണങ്ങൾ എൻെറ മോഹങ്ങളെയെല്ലാം പൂർത്തിയാക്കി. എനിക്ക് ജീവന്മുക്തിയിലും ആശയില്ല. ശ്രീ വിഠേഠാബാവിൻെറ കീർത്തനങ്ങൾ പാടി നടന്നാൽ മതി.

ശ്രീ ഹരിയുടെ ഗുഹ്യവും, അനന്തവും ആയ ഭക്തിരസം ഏകാന്ത അവസ്ഥയിൽ എനിക്ക് ലഭിക്കണേ. അന്യരുടെ ദുഷ്‍ട ദൃഷ്‍ടിയില്ലാതെ, ഏകാന്തവാസം ശ്രീ വിഠേഠാബാവിൻെറ സ്‍മരണത്തിന്ന് ഉത്തമം ആണ്. എൻെറ ഈശ്വരപ്രേമം വളരെ മൃദുലമാണ്; ഘനത്ത വചനങ്ങൾ പോലും താങ്ങുകയില്ല.

ഏതാണ് എൻേറത്, ഏതാണ് അന്യൻേറത്? ഏതിനെ പാലിക്കണം, ഏതിനെ ത്യജിക്കണം? ഏതാണ് അധികം, ഏതാണ് കുറച്ച്? ഹേ, ശ്രീപതി, അങ്ങയുടെ മായയെ ഞാൻ അറിയുന്നില്ല; അങ്ങയുടെ ചിന്തയിൽ ഞാൻ മുഴുകിയിരിക്കുന്നു.

എല്ലാവരും എന്നെ പരിഹസിക്കുന്നു; അതിനാൽ മനസ്സിൽ ശങ്ക വരുന്നു: ' ശ്രീ നാരായണൻ ഉണ്ടോ, ഇല്ലയോ ' എന്ന്? അങ്ങനെയുളള ചഞ്ചലമനസ്സിൽ, ഭഗവാൻെറ ഭക്തി എങ്ങനെ വരും?

ഭക്തർ അവരുടെ ചരണങ്ങളെ എൻെറ മനസ്സിൽ വെച്ചു. ഇപ്പോൾ എനിക്ക് മൃത്യുഭയം ഇല്ല; എൻെറ വിഷമതകളെല്ലാം നീങ്ങി. മനസ്സിന്ന് അകത്തും, പുറത്തും ഈശ്വരസാന്നിദ്ധ്യം വന്നതിനാൽ, സ്വപ്‍നത്തിൽ പോലും ഭയഭീതികൾ വരുന്നില്ല.

വിത്തോബാവിൻെറ ഓമനക്കുട്ടികളായ ഞങ്ങൾക്ക് മരണഭയമില്ല; എല്ലായിടത്തും ഞങ്ങളുടെ ശാസനം നടപ്പിലുണ്ട്. ആർക്കെങ്കിലും ധൈർയ്യം ഉണ്ടെങ്കിൽ മുമ്പിൽ വരാമോ? ഞങ്ങളുടെ കയ്യിൽ ഹരിനാമം ആയ തീക്ഷ്‍ണ ശരം ഉണ്ട്!

എൻെറ ആഹാര-വ്യവഹാരങ്ങൾ എല്ലാം, അങ്ങയുടെ അധീനത്തിലാണ്. എൻെറ സർവ്വ ഭാരങ്ങളും അങ്ങയെ ഏൽപിച്ച്, ഞാൻ ഇപ്പോൾ നിശ്ചിന്തനായിരിക്കുന്നു.

എല്ലാ ദിക്കുകളും, സർവ്വ കാലങ്ങളും എനിക്ക് ശുഭമയമായി. ഏത് അശുഭം ആയിരുന്നുവോ, അത് അത്യധികം ശുഭം ആയി. സുഖ-ദുഖങ്ങൾ സമമായി. നിഷ്‍ഫലങ്ങൾ എല്ലാം സഫലമായി. സർവ്വ ജീവജാലങ്ങളും എൻെറ സ്നേഹിതരായി.

എനിക്ക് കിട്ടുന്നതിൽ ഞാൻ സന്തോഷിക്കുന്നു; വേറെ ആരുടേയും വസ്‍തുക്കളിൽ ആശയില്ല. ഞാൻ ആത്മാവിൽ ലയിച്ചിരിക്കുന്നു; ആരേയും സേവിക്കുന്നില്ല. ഇന്നേവരെ ലൌകീകവിഷയങ്ങളിൽ മുഴുകിയതിനാൽ, വിശ്രമം കിട്ടിയില്ല. ഇപ്പോൾ സ്വതന്ത്രനായി ജീവിക്കുന്നു. വൈകുണ്ഡത്തിലും കിട്ടാത്ത സുഖം, എനിക്ക് സുലഭമായി.

പ്രഭു പഠിപ്പിച്ചതുപോലെ ഞാൻ പറയുന്നു; എൻെറ ജാതിയും, വംശവും എല്ലാവർക്കും അറിയുന്നതാണ്. ഭക്തജനങ്ങളേ, സാധുവായ എൻെറ വാർത്തകളേ ക്ഷമിക്കണേ. എൻെറ അപരാധങ്ങളെ മറന്ന്, എന്നെ നിങ്ങളുടെ ചരണങ്ങളിൽ ചേർക്കു.

ഞാൻ ഭക്തജനങ്ങളുടെ ഭൃത്യനായി, അവരുടെ വീടിൻെറ മുററത്ത് കിടക്കും; അവരുടെ പാദങ്ങളിലെ പൊടിയേററാൽ, എൻെറ സനാൽപത്തിരണ്ടു ജന്മങ്ങളും ധന്യമാവും.

ഹേ, വിത്തോബാ, ദുഷ്‍ടജനങ്ങളോട് എൻെറ മനസ്സ് ചേരരുതേ; അതിനാൽ അങ്ങയുടെ സ്‍മരണത്തിന്ന് തടസ്ഥം വരുന്നു. ദുഷ്‍ടജനങ്ങൾ അങ്ങയെ ദുഷിക്കുന്നത്, എനിക്കു സഹിക്കുന്നില്ല. ഞാൻ എന്തിന് അവരോട് വാദിക്കും? ആ സമയം അങ്ങയുടെ നാമങ്ങൾ ജപിക്കാമല്ലോ!

ഏതു ഭജനത്തിൽ രാമനാമം ഇല്ലയോ, അത് കേട്ടാൽ ഞാൻ ദുഖിതനാവുന്നു; എനിക്ക് സർവ്വഭാവത്തിലും അങ്ങയെ പ്രിയമാണ്. എനിക്ക് മോക്ഷം നേടുന്നതിൽ ആശയില്ല; അങ്ങയെ സേവിക്കുവാൻ എനിക്ക് സാധിക്കണേ.

എൻെറ സർവ്വഭാരങ്ങളും ഭഗവാൻ പാണ്ഡുരംഗിന് ഏൽപ്പിച്ചു; ഭഗവാൻ എൻെറ സുഖ-ദുഖങ്ങളെല്ലാം നീക്കി അനുഗ്രഹിച്ചു.

ഞാൻ മനസ്സിനെ സന്മാർഗ്ഗത്തിൽ നിർത്തുവാൻ ശ്രമിക്കുമ്പോൾ, പണ്ഡിതർ എൻെറ മേൽ കുററം ചാർത്തുന്നു. ഞാൻ സംസാരത്തിൽ നിന്ന് അകന്ന്, ഭഗവാൻെറ പാദങ്ങളെ ആശ്രയിക്കും.

ശരീരസുഖങ്ങളെല്ലാം ത്യജിച്ചും, സംസാരചിന്തകളെല്ലാം മറന്നും, ജീവനെ രക്ഷിക്കുന്നതിലും ആശയില്ലാതെയും ഇരിക്കുമ്പോൾ, മററുളളവരെ എങ്ങനെ രക്ഷിക്കും? അന്യരെ പ്രീതിപ്പെടുത്തുവാനായി,

ഞാൻ ഭഗവാൻെറ നാമസ്‍മരണത്തെ ഉപേക്ഷിക്കുകയില്ല.

എൻെറ സ്വരൂപം എനിക്ക് കാണുമാറായി; സംശയങ്ങൾ എൻെറ അകത്തുളള മലിനതയാണ്; കടത്തിവിടുന്നവനും അങ്ങുന്നേ! മുക്കികൊല്ലുന്നവനും അങ്ങുന്നേ!

ഞാൻ ജീവാത്മാ, അങ്ങുന്ന് പരമാത്മാ; അന്യോന്യം സ്‍നേഹമുളളവരാണ്. ഭക്തിയിൽ സ്ഥിരമായി നടക്കുന്നവൻെറ പിന്നാലെ, ഭഗവാനും നടക്കുന്നു.

ഗംഗയിലെ വെളളം പോലെ എൻെറ വാർത്തകൾ ഒഴുകുന്നു; കേൾക്കുന്നവർ ആരാണോ? ഈ ലോകത്തിലെ വഴക്കുകൾ എന്ന് പൂർത്തിയാവും? ഈ സംസാരവലയിൽ നിന്ന് എപ്പോൾ പുറത്തുവരും? സംസാരഭോഗങ്ങളിൽ എനിക്ക് മുമ്പിൽ തന്നെ ഇഷ്‍ടമില്ല. അതുകാരണം, അജ്ഞാതവാസം ചെയ്യാൻ സ്ഥലം തേടുന്നു.

ഈ സംസാരത്തിൽ നിന്ന് അകന്നുനിന്നാൽ, ലോകത്തിലെ കൌതുകങ്ങൾ കാണാം. സംസാരത്തിൽ വീഴ്ന്നവരുടെ കണ്ണുകൾ മങ്ങിയിരിക്കുന്നു. സംസാരസാഗരത്തിൽ മുങ്ങിയവർക്ക് തല പൊക്കുവാൻ കഴിയുകയില്ല.

ഞാൻ ഈശ്വരൻെറ അടിമയാണ്; അവൻെറ കൃപയാൽ എൻെറ വാക്യങ്ങൾ മധുരമായിരിക്കുന്നു. അവൻെറ കൃപയാൽ എൻെറ മനസ്സ് സ്ഥിരമായും, ആനന്ദഭരിതവും ആയി. ഇപ്പോൾ സംസാരഭയം ഇല്ലാതെ, ഞാൻ ചിദാകാശത്തിൽ പറക്കുന്നു.

ഭക്തജനങ്ങളുടെ അനുഗ്രഹത്താൽ, എനിക്ക് ദൈവീകമായ ആനന്ദം ലഭിച്ചു.

പുത്ര-മിത്ര-കളത്രാദികളിൽ നിന്നും, കമ-ക്രോധ-ലോഭ-മദ-മാത്സ്യരങ്ങളിൽ നിന്നും, ദുഷ്‍കർമ്മങ്ങളിൽ നിന്നും, ഹേ, വിഠ്‍ഠലാ, എന്നെ രക്ഷിക്കു, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു.

രത്നത്തിൻെറ അഭാവത്തിൽ, കുപ്പിച്ചില്ലും ശോഭിക്കും; സൂർയ്യോദയത്തിന്ന് മുമ്പു വരെ, ദീപം ശോഭിക്കും; തുക്കാറാമിൻെറ അഭാവത്തിൽ, ഭക്തജനങ്ങളുടെ വചനങ്ങൾ കേൾക്കു.

എൻെറ സർവ്വ ഭാരങ്ങളും, വികാരങ്ങളും, ശ്രീ വിത്തോബാവിൻെറ ചരണങ്ങളിൽ ഇട്ടു; മനസ്സിന്ന് ശാന്തിയും, സുഖവും കിട്ടി. മനസ്സ്, ശ്രീ വിത്തോബാവിൻെറ ഭക്തിയിൽ സ്ഥിരമായി. ശ്രീ വിത്തോബാവിൻെറ നാമസങ്കീർത്തനം എൻെറ കുലധർമ്മം ആയി.

സുഖ-ദുഖങ്ങളും, ധന-മാനങ്ങളും, സമ്പത്സമൃദ്ധിയും, വിധിച്ചതുപോലെയേ കിട്ടുകയുളളു. അതിനാൽ ആരെയും നോക്കി ആസൂയപ്പെടേണ്ട.

ശ്രീ വിത്തോബാവിൻെറ നാമസങ്കീർത്തനത്താൽ, സർവ്വസമൃദ്ധികളും, ആത്മാനന്ദവും ലഭിക്കുന്നു.

ജനങ്ങളെ ദുഷിക്കുകയോ, പ്രശംസിക്കുകയോ, ചെയ്യുന്നതിൽ ഞാൻ ഇടപെടുകയില്ല. ആ സംഗതിയിൽ ഞാൻ മൌനിയാണ്. എൻെറ വാണിയെ ഞാൻ ഹരിനാമം ഉച്ചരിക്കുന്നതിനേ ഉപയോഗിക്കൂ.

ഹരിനാമം ആയ നാണയം എൻെറ കയ്യിൽ ഉളളപ്പോൾ, കലികാലം എന്നെ പിന്തുടരുകയില്ല. ഈ നാണയം വളരെ ശക്തിയുളളതാണ്. നിത്യാനന്ദത്തിൻെറ സിംഹാസനത്തിൽ അത് എന്നെ കയററിവെച്ചിരിക്കുന്നു.

ഭൂതാത്മാവിലും, പരമാത്മാ വസിക്കുന്നതിനാൽ, ഞാൻ ലിംഗഭേദം ഇല്ലാതെ എല്ലാവരേയും ആലിംഗനം ചെയ്യുന്നു. എൻെറ മനോഗതി ഈശ്വരന്നേ അറിയൂ.

പത്തു ദിക്കുകളിലും അലഞ്ഞു തിരിഞ്ഞിരുന്ന എൻെറ മനസ്സ്, എപ്പോൾ അങ്ങയുടെ അടുക്കൽ വന്നുവോ, അപ്പോൾ തന്നെ ശാന്തമായി.

അനാവശ്യമായ ഭാഷണങ്ങളിൽ വാക്കുകളെ എന്തിനു വ്യർത്ഥമാക്കണം? ആ സമയത്തിൽ ഞാൻ ഹൃദയത്തിൽ ഈശ്വരധ്യാനം ചെയ്യാൻ ശ്രമിക്കും. ഈശ്വരചിന്തനത്തിന്ന് ഉപദേശിക്കുമ്പോൾ, എന്നെ ഭ്രാന്തനെന്ന് വിളിക്കുന്നു.

ജനങ്ങൾ എന്നെ സ്‍തുതിക്കുകയോ, ദുഷിക്കുകയോ ചെയ്യട്ടേ; അതെല്ലാം എനിക്ക് സ്വപ്‍നത്തിലെ സൃഷ്‍ടികളെപ്പോലെ ആണ്. ഈ പ്രപഞ്ചത്തെ മിത്ഥ്യയായി കരുതും.

ഭഗവാൻെറ ചരണങ്ങളെ ഓർമ്മിച്ചു കൊണ്ടിരുന്നാൽ മതി; നിൻെറ സർവ്വ ഭാരങ്ങളേയും ഭഗവാൻ എടുത്തുകൊളളും. പ്രഭുചരണങ്ങളായ അമൃതസഞ്ജീവനി ഹൃദയത്തിൽ പ്രതിഷ്‍ഠിതമാവും.

ഈ നിസ്സാരമായ സംസാരത്തെ ത്യജിച്ചപ്പോൾ, ഈശ്വരൻ എൻെറ അടുക്കൽ വന്നു. ഞാൻ സ്ഥിരമായിരുന്നപ്പോൾ, ഈശ്വരൻ എന്നോടു ചേർന്നിരുന്നു.

എനിക്ക് ഈ ലോകമെല്ലാം ഭഗവാൻെറ രൂപമായി കാണുന്നു; അതിനാൽ അതിൻെറ ഗുണ-ദോഷങ്ങളെ തരം തിരിക്കുന്നില്ല. നിലക്കണ്ണാടിയിൽ കാണുന്ന പ്രതിബിംബം പോലെ. നദി സമുദ്രത്തോടു ചേർന്നാൽ, അതിൻെറ രൂപവും ചേർന്നുപോയല്ലോ!

എനിക്കു കിട്ടിയതെല്ലാം, എൻെറ പൂർവ്വജന്മ കർമ്മഫലങ്ങൾ ആണ്. എൻെറ മനസ്സിൽ ഭക്തിയും, പ്രേമവും, ആനന്ദവും നിറഞ്ഞിരിക്കുന്നു. ഈശ്വരൻ മനസ്സിലെ അന്ധകാരം അകററി, ബ്രഹ്മാനന്ദം നിറച്ചു. അതു കാരണം എൻെറ ജീവിതം ഈശ്വരാർപ്പണമായി.

ഏതു വിധം താപജ്വരത്തിനും, ഏക ഔഷധം:- നാരായണനാമം! സർവ്വവ്യാപിയായ ഈശ്വരൻ നിൻെറ ഹൃദയത്തിലും വസിക്കുന്നു; ഈ സത്യത്തിൽ നിനക്ക് വിശ്വാസം ഇല്ലേ? ആശകൾ നിറച്ചാൽ, പിന്നെ കഷ്‍ടങ്ങൾ കിട്ടും!

മുമ്പിൽ എൻെറ മനസ്സിൽ എല്ലാ വിധ ആശകളും, തത്വസംബന്ധമായ തർക്കവും, ചിന്തകളുംനിറഞ്ഞിരുന്നു. വിത്തോബാവിൻെറ നാമസ്‍മരണത്തിൽ അവയെല്ലാം ഒഴിഞ്ഞുപോയി.

ഈശ്വരഭക്തിയുടെ ഈ മഹിമ മുമ്പേതന്നെ അറിഞ്ഞിരുന്നാൽ, ജനന-മരണ ദുഖങ്ങളിൽ നിന്ന് രക്ഷ കിട്ടിയിരിക്കും. സ്ത്രീകൾ മക്കളെ പെററു പെററു, വെറുതെ എന്തിനു മരിക്കണം?

ഞാൻ ശുദ്ധ മനസ്സോടെ ജീവിക്കാൻ ഇച്‍ഛിക്കുന്നു; അതല്ലാതെ വേറെ ജ്ഞാനമോ, സാമർത്ഥ്യമോ ആവശ്യമില്ല.

ഹേ, വിഠ്‍ഠലാ, അങ്ങയുടെ രൂപം എല്ലായിടത്തും കണ്ടു കണ്ട്, എൻെറ മനസ്സിൽ സുഖവും, ശാന്തിയും നിറഞ്ഞു. എൻെറ അസാധാരണമായ ശബ്‍ദങ്ങളാൽ, അങ്ങയുടെ കാരുണ്യം നേടുവാൻ ഞാൻ യാചിക്കുന്നു. അങ്ങയുടെ ചരണങ്ങൾ എൻെറ മനസ്സിൽ പതിയട്ടേ.

ഹേ, വിത്തോബാ, എൻെറ യോഗക്ഷേമങ്ങളെ പൂർത്തിയാക്കുന്നു; എൻെറ രക്ഷകർത്താവും വിത്തോബാ തന്നേ. വിത്തോബാവിൻെറ നാമങ്ങളെ മധുരസ്വരത്തിൽ പാടി, ഞാൻ മനസ്സിനെ വിത്തോബാവിൻെറ പാദങ്ങളിൽ അർപ്പിക്കും.

ഇഹലോകസുഖങ്ങളെല്ലാം നശ്വരവും, ദുഖദായകവും ആണ്. ആ സുഖങ്ങളെ നേടി, ഞാൻ എന്തു ചെയ്യും?

ഭഗവാൻ എനിക്ക് അമൃതപദം തന്നു. അതിന്നു പകരം ഞാൻ ഭഗവാനെ എൻെറ കൺഠാഭരണം ആക്കി. ' എൻേറത്, നിൻേറത് ' എന്നീ ദ്വന്ദഭാവങ്ങൾ ഭഗവാൻ നീക്കിവെച്ചു.

എനിക്ക് ആരോടും ഒന്നും യാചിക്കാനില്ല. യാചിക്കാൻ യോഗ്യത ഉളളത്, ദൈവം മാത്രമാണ്; അവൻ എൻെറ ഹൃദയത്തിൽ ഉണ്ട്. എനിക്ക് ഇന്ദ്രപദം കിട്ടിയാലും, അതുകൊണ്ടു എന്തു ചെയ്യും? എനിക്ക് വൈകുണ്ഡപദം കിട്ടിയാലും, അതുകൊണ്ടു എന്തു ചെയ്യും? ചിരഞ്ജീവിയായ ആയുസ്സ് കിട്ടിയാലും, എന്താ ലാഭം?

 ഏതു വിധത്തിലും പൊട്ടിപ്പോവാത്തതും, ഭക്തർ  ആത്മൈക്യഭാവം   

എന്നു വർണ്ണിക്കുന്നതും ആയ ആ എൈക്യം, ഞാൻ ആഗ്രഹിക്കുന്നു.

എൻെറ വീട് ശബ്‍ദമായ രത്നങ്ങളുടെ ഭണ്ഡാരമാണ്; എൻെറ ജീവിതത്തിൻെറ ആധാരവും അതുതന്നേ. ഞാൻ എല്ലാവർക്കും ശബ്‍ദം ദാനം ചെയ്യുന്നു. ഈ ശബ്‍ദം തന്നേയാണ് ഈശ്വരൻ; ശബ്‍ദത്താൽ ഞാൻ ഈശ്വരനെ പൂജിക്കുന്നു.

സംസാരത്തിൽ നിന്ന് വിട്ടുപിരിഞ്ഞ എനിക്ക്, 

സംസാരചർച്ചകൾ എന്തിന്നു കേൾക്കണം? വിഠ്‍ഠൽ, എൻെറ ഇഷ്‍ട മിത്രനും, സ്നേഹിയും, സഖാവും, ആയിരിക്കുമ്പോൾ, എനിക്ക് എന്തിനാ കുറവ്? ഞാൻ ശരീരത്തിന്നു വേണ്ട സുഖങ്ങളെല്ലാം ത്യജിച്ചു. വിവിധ തരമായ വാർത്തകളാൽ എൻെറ ചെവികൾ അടഞ്ഞിരിക്കുന്നു. ഹേ, പ്രഭോ, എന്നെ വിഷയവാസനകളിൽ നിന്നും, സുഖ-ദുഖങ്ങളിൽ നിന്നും അകററി നിർത്തൂ.

ഞാൻ ഗുഹയിലിരുന്ന് ഏകാന്തവാസം ചെയ്യുന്നതിനേക്കാളും, ഭക്തജനങ്ങളുടെ കൂടെ ഇരുന്ന് നാമസങ്കീർത്തനം ചെയ്യാൻ ഇച്‍ഛിക്കുന്നു. ഹരിനാമസങ്കീർത്തനം എൻെറ സമാധിയാണ്. നാമസ്‍മരണം അല്ലാതെ, ഞാൻ ഉപവാസങ്ങൾ എന്നിവ അനുഷ്‍ടിക്കുന്നില്ല. ഹേ, വിഠ്‍ഠലാ, ഞാൻ ചെയ്യുന്ന കർമ്മങ്ങളെല്ലാം, അങ്ങയുടെ ആജ്ഞയാലാണ്; അങ്ങേക്കു സമർപ്പിതവും ആണ്.

ഏതൊരുവൻ സത്കർമ്മങ്ങൾ ചെയ്യുന്നുവോ, അവനെ ഞാൻ പരമമിത്രമായി ഗണിക്കുന്നു.

ഞാൻ മനസ്സിനെ, ഈശ്വരധ്യാനത്തിൽ നിർത്തി, ഭജനവും, ഭോജനവും ചെയ്യുന്നു.

ഞാൻ എല്ലാ മത-മതാന്തരങ്ങളെയും ത്യജിച്ചു, വിത്തോബാവിൻെറ പാദങ്ങളിൽ ശരണം അടഞ്ഞു.

ഈ ദേഹം കർമ്മത്തിന്ന് അധീനമാണ്. ശരീരത്തിൻെറ യോഗ-ക്ഷേമങ്ങളുടെ ഭാരം ചുമന്ന്, എന്തിന് ദുഖിക്കുന്നു, ചിന്തിക്കുന്നു? എല്ലാം ഈശ്വരാർപ്പണംആക്കു.

ഹരിയുടെ പ്രേമ-പ്രവാഹത്തിൽ ലയിച്ച്, എൻെറ മനസ്സിൽ സ്ഥിരതയും, ആനന്ദവും നിറഞ്ഞൊഴുകുന്നു. ആശാ-പാശങ്ങൾ എല്ലാം അകന്നു പോയി.

ലക്ഷ്‍മീപതിയായ ഭഗവാൻെറ ചരണങ്ങളിൽ നിന്ന് സർവ്വ സമ്പത്തുകളും, ഋദ്ധി-സിദ്ധികളും സിദ്ധിക്കുമ്പോൾ, ഈ ലോകത്തിലെ നശ്വരവസ്തുക്കളെ തേടി ജീവിതം എന്തിനു നരകമയം ആക്കണം?

മധുരമായ പ്രേമ-ഭക്തിയുടെ ആനന്ദം ത്യജിച്ച്, ഞാൻ ജീവന്മുക്തിക്ക് ആഗ്രഹിക്കുന്നില്ല. നാരായണൻ തൻെറ ഭക്തരുടെ ദാസനാണ് ! ഹേ, വിഠ്‍ഠലാ, എനിക്ക് സായൂജ്യമുക്തി വേണ്ടാ; അങ്ങയുടെ ഭക്തരുടെ കൂടെ നാമജപം ചെയ്യാൻ അനുഗ്രഹിക്കണേ! ആ നാമജപത്താൽ ഞാൻ വൈകുണ്ഡഭോഗം അനുഭവിക്കും.

മാന-അപമാനം, ഭാവ-അഭാവം, എന്നീ ദ്വന്ധവികാരങ്ങളിൽ നിന്ന് മുക്തി തരുവാൻ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു.

എൻെറ കുടുംബത്തിൻെറ ഭാരം അങ്ങേക്ക് ഏൽപിച്ച്, ഞാൻ വ്യവഹാരകാർയ്യങ്ങളിൽ മുഴുകിയിരുന്നാലും, ഹൃദയത്തിൽ എപ്പോഴും അങ്ങയെ സ്‍മരിച്ചുകൊണ്ടിരിക്കും.

ജീവാത്മാവിൻെറ മീതെ, ഈശ്വരൻെറ മായ തിരശ്ശീലപോലെ മറച്ചു നിൽക്കുന്നു. ജീവാത്മാവും വഴി തെററി അലഞ്ഞുതിരിയുന്നു. ഈശ്വരഭക്തിയിൽ ലയിച്ച ജീവാത്മാവ്, ആ തിരശ്ശീലയെ കീറി എറിയുന്നു.

ഈശ്വരൻ, സൂക്ഷ്‍മ അണുവിനേക്കാളും സൂക്ഷ്‍മവും, സ്ഥൂല ആകാശത്തെക്കാളും സ്ഥൂലവും ആണ്. ആത്മബോധമായ ആ ദീപം എൻെറ മനസ്സിൽ കൊളുത്തി വെച്ചും, എനിക്കു വിധിച്ചതെല്ലാം അനുഭവിച്ചും, ഞാൻ ലോകോപകാരം ചെയ്‍തു കൊണ്ട് ജീവിക്കുന്നു.

അധികാരവും, ബഹുമാനവും, ഗർവ്വവും എനിക്ക് പന്നിയുടെ മലത്തിന്ന് തുല്യമാണ്.

സത്വ-രജസ്-തമോ ഗുണങ്ങളെ ത്യജിച്ച്, ഞാൻ വിത്തോബാവിൽ ഉന്മത്തനായി ജീവിക്കുന്നു.

ലോഭ-മോഹങ്ങളിൽ മുഴുകിയ മനുഷ്യൻെറ സർവ്വസ്വവും നശിക്കുന്നു; വികാരരഹിതനായും, രാമനാമം ജപിച്ചും, ഈശ്വരനെ സേവിച്ചും ഞാൻ ലോകത്തിൽ നിന്ന് വേർപെട്ട് ജീവിക്കുന്നു.

സംസാരത്തിൽ മുഴുകിയ എല്ലാവർക്കും, ജീവനേക്കാളും, ധനത്തിൽ അധികം ആശയുണ്ട്. എനിക്ക് പണം കല്ലിനേക്കാളും തുച്‍ഛമാണ്. പുത്ര-മിത്ര-കളത്രങ്ങൾ എനിക്ക് വനത്തിന്ന് തുല്യമാണ്.

ഭഗവത്കീർത്തനങ്ങൾ പാടി, എൻെറ മനസ്സ് ശുദ്ധമായി; ഞാൻ മൂന്നു ലോകങ്ങളേയും ശുദ്ധമായി വീക്ഷിക്കുന്നു. ഞാൻ ഇപ്പോൾ പരബ്രഹ്മരൂപി നഗരത്തിൽ വസിക്കുന്നു. ഞാൻ തനിച്ചിരുന്ന് പരബ്രഹ്മരസം അനുഭവിക്കുന്നു.

ജനന-മരണ ചക്രത്തിൽ ഞാൻ കറങ്ങിക്കൊണ്ടിരുന്നു; രാമനാമം സ്‍മരിച്ച് ഞാൻ മുക്തനായി; മനസ്സും ശാന്തമായി. ശ്രീ വിഠ്‍ഠലിൻെറ മഹിമകളെ പാടി പാടി നൃത്യം ചെയ്യുന്നതിൽ, എനിക്ക് അപരിമിതമായ ആനന്ദം കിട്ടുന്നു

2) നാമത്തിൻെറ മഹിമ:-


ഹേ, വിത്തോബാ, വിദുരൻെറ ഗൃഹത്തിൽ പോയി ചീരക്കറി തിന്നാൻ, അങ്ങേക്കു അത്രയേറെ വിശപ്പുണ്ടായിരുന്നുവോ? കുരൂപത്തിൻെറ രാശിയും, മൂന്നു വളവുകളും ഉളള കുബ്‍ജ ദാസിയുടെ സേവകളെ സ്വീകരിച്ചതും അങ്ങുന്നല്ലേ? അങ്ങയുടെ ഭക്തർ ആരായിരുന്നാലും, അവരെയെല്ലാം അങ്ങുന്ന് അനുഗ്രഹിച്ചിരിക്കുന്നു.

അങ്ങയുടെ ഭക്തരുടെ നാമം ഓർമ്മിച്ചും, അവരുടെ വാക്യങ്ങൾ കേട്ടും, അവരുടെ ചരണങ്ങളെ സ്‍പർശിച്ചും, കിട്ടുന്ന ആനന്ദം അവർണ്ണനീയമാണ്.

പുഷ്‍പത്തിന്ന് തൻെറ സുഗന്ധം അറിയുകയില്ല. അതിലെ മധുവിനെ ആസ്വദിക്കുന്ന വണ്ടിന്ന് അറിയും. അതേപോലെ, അങ്ങയുടെ നാമത്തിൻെറ മധുരരസം അങ്ങേക്ക് അറിയില്ല. അങ്ങയുടെ നാമത്തിൻെറ പ്രേമരസം ഞങ്ങൾക്ക് അറിയും.

അങ്ങയുടെ ചരണങ്ങളുടെ മഹിമ എത്ര വർണ്ണിച്ചാലും പൂർത്തിയാവുകയില്ല. അമൃതത്തിൻെറ ഗുണം, അമൃതം അറിയില്ല.

ഹരിനാമത്തിൻെറ മഹിമ അപാരമാണ്. യമധർമ്മനും നാമത്തിൻെറ ശരണാഗതനാണ്. നാമം ഉത്തമമായ ശബ്‍ദമാണ്. നാമം മോക്ഷദായകമാണ്. അന്ത്യസമയത്ത് നാമം ഉച്ചരിച്ചാൽ, പുനർജന്മം ഇല്ല.

നാമോച്ചാരണം എൻെറ നിത്യ ധർമ്മം, ഭക്തരുടെ ചരണസ്‍പർശം എൻെറ നിത്യ ഉപാസന.

ഭഗവാൻെറ നാമം സത്യമാണ്; ബന്ധനങ്ങളെ മുറിക്കുന്നതാണ്; ഇഹലോകത്തിലും, പരലോകത്തിലും കീർത്തിയുളളതാണ്; ഹരിനാമത്തിൽ ശ്രദ്ധയുണ്ടെങ്കിൽ, ഹരിയുടെ അനുഗ്രഹം കിട്ടും. നിഷ്‍കളങ്കഭക്തി ഉണ്ടെങ്കിൽ, കലികാലത്തേയും ജയിക്കാം

ഈശ്വരപ്രേമം മനസ്സിൽ ഇല്ലെങ്കിലും ശരി, ഉണ്ടങ്കിലും ശരി, എൻെറ വാണിയിൽ നാമം എപ്പോഴും വരേണമേ. ഈശ്വരധ്യാനത്തിലും, നാമസങ്കീർത്തനത്തതിലും ജീവൻ കഴിയട്ടെ. നാമസങ്കീർത്തനം ഇടവിട്ടായാലും ശരി, ചെയ്‍തുകൊണ്ടിരിക്കു; ഭഗവാൻ എപ്പോഴെങ്കിലും അനുഗ്രഹിക്കും.

നാമസ്‍മരണത്താൽ ശരീരരോഗങ്ങൾ ശമിക്കുന്നു; പൂർവ്വജന്മത്തിലെ കർമ്മഫലങ്ങൾ അലട്ടുകയില്ല; ജനന-മരണ ചക്രത്തിൽ നിന്ന് മുക്തി കിട്ടുന്നു; പാപ-താപങ്ങളും, മായാമോഹങ്ങളും അകന്നുപോവുന്നു.

ഹേ, പ്രഭോ, ഞാൻ താഴ്ന്ന ജാതിക്കാരൻ അല്ലായിരുന്നാൽ, അങ്ങുന്ന് ആരെ ഉദ്ധരിക്കും? അതിനാലാണ് അങ്ങയുടെ നാമം മുമ്പിൽ, എൻെറ പേര് പിന്നിൽ. ഇരുമ്പ് ഇല്ലെങ്കിൽ, പാരസ്‍മണിയും ഒരു കല്ലു പോലെയാവുമല്ലോ. ഭഗവാൻെറ കൽപനയാലെ കൽപകവൃക്ഷവും ഇഷ്‍ട വസ്‍തു തരുന്നു.

അങ്ങയുടെ നാമം മനസ്സിൽ സ്ഥിരമാക്കി, ഞാൻ സംസാരസാഗരം കടന്നു പോയി. ഇപ്പോൾ ഹരിനാമം മാത്രമേ എൻെറ വശം ഉളളു.

ഭഗവദ്‍രൂപി മാതാവിനെ സ്‍മരിച്ചാൽ, ഉടനെ വന്ന് ലാളിക്കുന്നു. ഹരിനാമം സ്‍മരിച്ചാലും, പാടിയാലും, സായൂജ്യം കിട്ടുന്നു

ഹരിനാമം സർവ്വസുഖങ്ങൾക്കും ആധാരമാണ്. തെററിദ്ധാരണകളെ നീക്കിയാൽ, അറിയാം നാമത്തിൻെറ സുഖം.

ധനത്തെ ഞാൻ ചീഞ്ഞ വസ്‍തുവായി കരുതുന്നു; കാരണം, അതിൻെറ പിന്നാലെ മൃത്യുവും ഉണ്ട്. നാരായണനാമം എൻെറ കൈ നിറയെ ഉണ്ട്; നാമത്തെ യാചിക്കുന്നവർക്ക് കൊടുക്കും.

ഇരുമ്പും തീക്കല്ലും, അഥവാ, അരണി മരക്കഷ്‍ണങ്ങളും പഞ്ഞിയും, അഗ്നി ഉണ്ടാക്കുവാനായേ ചുമക്കുന്നുളളു. രാമനാമം മനസ്സിലെ ഭാരങ്ങളെ അകററുവാനായി ചുമക്കു.

ഭഗവാൻ ചെയ്യുന്നതും, തരുന്നതും എല്ലാം എൻെറ നന്മക്കു വേണ്ടിയാണ്; എൻെറ അനുഭവമാണിത്. എൻെറ ജീവിതം ആനന്ദമയമായി. ശരണാഗതരെ ഈശ്വരൻ താങ്ങുന്നു.

ദോഷരഹിതമായ ബുദ്ധിയാലും, സന്മനസ്സാലും, ഈശ്വരൻെറ നാമസ്‍മരണം ചെയ്‍താൽ, ഋദ്ധി-സിദ്ധികൾ ലഭിക്കും.

രാജ്യവും രാമനേ, പ്രജകളും രാമനേ, ലോകരക്ഷകനും രാമനേ, രാമൻ അല്ലാതെ വേറെ ആരുമില്ല. സ്വാമി-സേവകൻ എന്ന വ്യത്യാസമില്ല.

എവിടെ ദയ, ക്ഷമ, ശാന്തി ഉണ്ടോ, അവിടെ ഭഗവാനും ഉണ്ട്. ആ ഗൃഹത്തിൽ ഈശ്വരൻ വേഗം വരും; ഭക്തൻെറ ഹൃദയത്തിൽ വസിക്കും. ഈശ്വരൻെറ നാമജപം പൂജക്കും, പ്രാപ്‍തിക്കും ഉളള ഏക മാർഗ്ഗമാണ്.

ഏതു നാവിൽ, ഈശ്വരനാമം വരുന്നില്ലയോ, അവനെ എനിക്കിഷ്‍ടമില്ല; ഏതൊരുവൻ ഈശ്വരനിൽ നിന്ന് വിമുഖനോ, അവൻ എൻെറ ശത്രുവാണ്. ഏതൊരുവന്ന് ഈശ്വരപ്രേമം ഇല്ലെയോ, അവൻ അധമനാണ്.

എപ്പോൾ എൻെറ ബുദ്ധി ഭഗവാൻെറ ചരണങ്ങളിൽ സ്ഥിരമായോ, അപ്പോൾ എൻെറ എല്ലാ മനോരഥങ്ങളും പൂർത്തിയായി. മനസ്സിൽ സമാധാനം നിറഞ്ഞ്, ചിന്തകൾ അകന്നു. ഹൃദയത്തിൽ ഈശ്വരപ്രേമം നിറഞ്ഞു. ആത്മസുഖം ലഭിച്ചു.

" രാമാ " എന്ന രണ്ടക്ഷരങ്ങളെ ത്യജിച്ച്, അനാവശ്യ കുഴപ്പത്തിൽ ചാടണോ? ആകസ്‍മികമായി നാമോച്‍ഛാരണം ചെയ്‍താലും, സത്ഗതി കിട്ടുന്നു; ഭക്തിയോടെ ചെയ്യുന്ന നാമോച്‍ഛാരണത്താൽ എന്തുതന്നെ കിട്ടുകയില്ല? മധുരരസം നിറഞ്ഞതും, ആശാപൂർത്തി ചെയ്യുന്നതും ആയ രാമനാമം, ജന്മ-മൃത്യു ചക്രത്തിൽ നിന്ന് മുക്തിയും തരും!

വിഠ്‍ഠലൻെറ ഭക്തൻ ആശകളും, ചിന്തകളും ഇല്ലാതെ, നിർഭയനായിരിക്കും. അവൻെറ മനസ്സിൽ രാമനാമവും, കയ്യിൽ മോക്ഷവും സ്ഥിരമാണ്. രാമനാമജപത്തിന്ന് ഭസ്‍മമോ, കാഷായവസ്ത്രമോ, ദണ്ഡമോ, ജടാധാരണമോ, തീർത്ഥസ്‍നാനങ്ങളോ, മറേറതും ആവശ്യമില്ല. വിത്തോബാവിൻെറ നാമസ്‍മരണത്തിന്ന് തുല്യമായി ഭൂമിദാനമോ, വേദ-ശാസ്ത്രപഠനമോ, തീർത്ഥസ്‍നാനങ്ങളോ, ഒന്നും ഇല്ല.

കവിതരചനയോ, സന്ത് വംശത്തിലെ  ബന്ധുത്വമോ, വേഷധാരണമോ, 

ഉപനാമമോ, തമ്പൂരാവും കമ്പിളിയും വെച്ചുകൊണ്ടോ,

വേദ-ശാസ്ത്ര-പുരാണ-കീർത്തനങ്ങൾ വായിക്കുന്നതിലോ, 

കർമ്മങ്ങൾ ആചരിക്കുന്നതിലോ, തപസ്സ് ചെയ്യുന്നതിലോ, തീർത്ഥസ്‍നാനങ്ങളാലോ, വനവാസത്താലോ, കാഷായവസ്ത്രം, ഭസ്‍മം, മുദ്രകൾ, രുദ്രാക്ഷമാല, എന്നിവ ധരിക്കുന്നതാലോ, ' സന്ത് ' എന്ന ബിരുദം കിട്ടുവാൻ, ഉപയോഗം ആവുകയില്ല. ദേഹബുദ്ധിയും, ദേഹാത്മഭാവവും ത്യജിച്ച്, ദുഷ്‍ടചിന്തകൾക്കു വഴങ്ങാതെ, ഈശ്വരസേവയിൽ മുഴുകി ഇരിക്കുന്നവൻ, " സന്ത് " എന്ന ബിരുദത്തിന്നു അർഹനാവും !

ഹരിനാമം ഹൃദയത്തിൽ സ്ഥിരമാക്കിയാൽ, പ്രഭുവിൻെറ പ്രേമം പിന്തുടരും; സംസാരബന്ധനങ്ങൾ അകന്നു പോവും. നാമജപം ചെയ്യാതെ ജീവിക്കരുതെന്ന്, ഞാൻ എല്ലാവരേയും വിളിച്ചു പറയും. ഭക്തിഭാവത്തോടെ രാമനാമം ജപിക്കു, ശരീരസുഖവും, ആനന്ദവും ലഭിക്കുകയും, മരണഭയം ഇല്ലാതെയും ആവും.

രാമനാമം, കാമ-ക്രോധ-അഹങ്കാരങ്ങളെ നീക്കുന്നു; രാമനാമം, കർമ്മ ബന്ധനങ്ങളിൽ നിന്ന് മുകതി തരുന്നു; രാമനാമം, ദുസ്വപ്‍ന നാശകമാണ്; രാമനാമം, ജനന-മരണ ദുഖങ്ങളിൽ നിന്ന് മുക്തി തരുന്നു; രാമനാമം, സുഖ-സമ്പത്തികൾ നൽകുന്നു; രാമനാമം, സർവ്വധർമ്മപ്രാപ്‍തി നൽകുന്നു; രാമനാമം, അജ്ഞാനം ആയ അന്ധകാരം നീക്കുന്നു; രാമനാമം, സംസാരസാഗരത്തെ കടക്കുവാൻ ഉളള തോണിയാണ്!

നാരായണനാമം, സകലരോഗങ്ങളേയും അകററുന്ന ദിവ്യ ഔഷധമാണ്; ദൈവാനുഗ്രഹങ്ങളും, കൈവല്യപദവും നൽകുന്നു. ദേഹാഭിമാനവും, ദേഹചിന്തകളും വിട്ടൊഴിക്കു; അവയെല്ലാം നാമജപത്തിന്ന് തടസ്ഥമായി വരുന്നു.

രാമനാമത്തിൻെറ രസം മനസ്സിൽ നിറഞ്ഞാൽ, ദേഹവും രാമരൂപമാവുന്നു. മനസ്സിൽ ആനന്ദവും, നേത്രങ്ങളിൽ പ്രേമാശ്രുവും നിറയുന്നു.

നാലു വേദങ്ങളും പഠിച്ച്, ഹരിഗുണങ്ങൾ പാടുന്നവൻ, വേദപണ്ഡിതനായി. യോഗം, യജ്ഞം, ദാനം എന്നീ കർമ്മങ്ങൾ ചെയ്യുമ്പോഴും, രാമനാമം ജപിച്ചുകൊണ്ടിരുന്നാൽ, കർമ്മങ്ങളെല്ലാം ഫലപ്രദമാവും. നാനാവിധം രൂപമുളള മാലകൾ അണിയുന്നതിനേക്കാളും, ഹരിനാമം ആയ തുളസി മണിമാല ഉത്തമ ആഭരണമാണ്.

രാമഭജനം എല്ലാ മധുരരസങ്ങളും ചേർന്നതാണ്; ജന്മ-മൃത്യു ദുഖവും, അന്യ താപങ്ങളേയും നീക്കുന്നു. തിന്നും കുടിച്ചും, തിന്നും കുടിച്ചും, യുഗങ്ങൾ കടന്നു പോയി; എന്നിട്ടും, വിശപ്പും ദാഹവും അടങ്ങീട്ടില്ല. രാമനാമസ്‍മരണം മാത്രമേ, ഈ രോഗത്തിന്ന് ഏക ഔഷധം!

ജീവിതയാത്രയിൽ ഓരോരു അടി വെക്കുമ്പോഴും, രാമനാമം സ്‍മരിച്ചാൽ, യജ്ഞങ്ങൾ ചെയ്‍ത ഫലം കിട്ടും. ലൌകീക കാർയ്യങ്ങൾ ചെയ്യുമ്പോഴും, രാമനാമം സ്‍മരിക്കുന്നവൻ, സദാസമയവും സുഖം അനുഭവിക്കുന്നു. ആഹാരം കഴിക്കുമ്പോഴും, ഉരുളക്കുരുളക്ക്, രാമനാമം സ്‍മരിക്കുന്നത്, ഉപവാസം അനുഷ്‍ടിക്കുന്നതിന്ന് സമമാണ്. യോഗത്തിലും, ഭോഗത്തിലും, രാമനാമം സ്‍മരിക്കുന്നവൻ, കർമ്മബന്ധനങ്ങളിൽ അകപ്പെടുന്നില്ല. സർവ്വ സമയവും രാമനാമം സ്‍മരിക്കുന്നവൻ, ജീവന്മുക്തനാവും.

രാമനാമജപത്തിന്ന് തുല്യമായ പുണ്യം വേറൊന്നുമില്ല. രാമനാമം അമൃതവും, ഗുഹ്യതത്ത്വവും, ആദിസ്വരൂപവും ആണ്. നാമം ജപിച്ചും, നാരായണനിൽ വിശ്വസിച്ചും, ജീവിതം സഫലമാക്കു.

3) ഭക്തരും സജ്ജനങ്ങളും:-


ജന്മം സഫലമാക്കുവാൻ ശ്രമിക്കുന്നവൻെറ മാതാ പിതാക്കൾ ധന്യരാണ്. അവരിൽ ഭഗവാൻ പ്രസന്നനാവന്നു.

അഹങ്കാരം, ഹിംസ, നിന്ദ, കാപട്യം, ദേഹബുദ്ധി എന്നിവയില്ലാത്ത മനസ്സ്, നിർമ്മലവും, സ്‍ഫടികം പോലെയും പ്രകാശിക്കുന്നു. അവൻെറ ശരീരം ചിന്താമണിയുടെ രൂപം തന്നെ. അവന് മാല, ഭസ‍്മം, എന്നീ ബാഹ്യചിഹ്നങ്ങളുടെ ആവശ്യമില്ല. അവൻ തൻെറ ശാരീരികസമ്പത്തുകളും, മനസ്സും ഈശ്വരാർപ്പണമാക്കി, ആശാരഹിതനായി നാരായണനാമം സ്മരിച്ചുകൊണ്ടു ജീവിക്കുന്നു ആ മനുഷ്യൻ പാരസ്‍മണിയേക്കാളും, അമൂല്യനാണ്. അവൻെറ വാണി മധുരവും,മനസ്സ് ഗംഗാജലം പോലെ പവിത്രവും, അവൻെറ ദർശനം സുഖദായകവും, ദുഖനാശകവും ആണ്.

മനസ്സ്, സമാധാനം ഇല്ലാതെയും, കലങ്ങിമറിഞ്ഞും ഇരുന്നാൽ, ദേഹത്തിൽ ചന്ദനം പുരട്ടുന്നതിൽ എന്താ ഫലം?

ഈശ്വരപ്രേമവും, അഖണ്ഡഭക്തിയും, ഉളളവൻ ഭാഗ്യവാനാണ്; അവനെ സേവിക്കുന്നത്, ഈശ്വരസേവക്ക് തുല്യമാണ്.

ഞാൻ എല്ലാ മനുഷ്യരേയും, പരമാത്മാവിൻെറ രൂപങ്ങളായി കാണുന്നു; പക്ഷെ ഭഗവാൻെറ ചരണങ്ങളിൽ ലയിച്ച ഭക്തന്മാരെ, ആത്മപ്രിയരായി കാണുന്നു, ബഹുമാനിക്കുന്നു, സേവിക്കുന്നു.

ഈരേഴുപതിനാലു ലോകങ്ങളേയും തൻെറ ഉദരത്തിൽ അടക്കിയ വിട്ടലനെ മനസ്സിൽ നിർത്തി, വാണിയാൽ അവൻെറ മഹിമകളെ പാടുന്നു. നിർഗുണരൂപനായ ആ വിട്ടലൻ, എനിക്ക് സഗുണരൂപനായി കാണുന്നു. അനന്ത ബ്രഹ്മാണ്ഡത്തിലും ഉളള ആ പരമാത്മാവിനെ, ഞാൻ ഉറുമ്പിലും ജീവാത്മാവായി കാണുന്നു.

തങ്ങൾ ചെയ്യുന്ന കർമ്മങ്ങളെ ഈശ്വരാർപ്പണമായി വിടുന്ന ഭക്തരെ, കർമ്മഫലങ്ങൾ പിന്തുടരുകയില്ല. സത്വ-രജസ്-തമോഗുണങ്ങൾ അവരെ ബാധിക്കുന്നില്ല.

അന്യരുടെ ദുഖവും, സുഖവും, തൻേറതായി കരുതുന്ന ഭക്തരുടെ ഹൃദയം പവിത്രവും, കോമളവും, ഭഗവാൻെറ വാസസ്‍ഫാനവും ആണ്. നിരാശ്രയരേയും, തൻെറ സേവകരേയും, പുത്രനോടുളള ദയപോലെ വീക്ഷിക്കുന്നവരെ, ഭഗവാൻെറ മൂർത്തി പോലെ ആദരിക്കാം.

ധനത്തിലും, കാമത്തിലും, പ്രശംസകളിലും, ആശയില്ലാതെയും, ശുഭാ-അശുഭങ്ങളേയും, ഹർഷ-ശോകങ്ങളേയും ഒരുപോലെ കരുതിയും, ദേഹത്തെ ഈശ്വരാർപ്പണമാക്കിയ ഭക്തൻ ഉത്തമപദത്തിൽ എത്തി.

പൂഴിക്കാററടിച്ചാലും, സൂർയ്യകിരണങ്ങൾ മലിനമാവുന്നില്ല; പ്രഭുവിൻെറ ഭക്തനെ മൃഗതൃഷ്‍ണ പോലെയുളള കലികാലം ഭയപ്പെടുത്തുകയില്ല.

നാടകത്തിലെ അഭിനയന്മാർ സമയാസമയം വേഷം മാററുന്നുണ്ടെങ്കിലും, അവരുടെ സ്വന്തം ശരീരം മാറുന്നില്ല. നാടകത്തിനെ കാണുന്നവർക്കും സമയാസമയം വികാരങ്ങൾ മാറിയാലും, അവരുടെ ആത്മബോധം മാറുന്നില്ല. സ്‍ഫടികമണിയിൽ വിവിധ ധാതുക്കൾ ചേർത്ത് നിറം മാററിയാലും,

അതിൻെറ സ്വന്തരൂപം മാറുന്നില്ല.

അതേപോലെ, സംസാരത്തിൽ മുഴുകിയിരുന്നാലും, ഭക്തരുടെ മനസ്സിലെ ഈശ്വരധ്യാനം സ്‍ഫിരമായിരിക്കുന്നു.

ജീവിതത്തിൽ ത്യജിക്കേണ്ട രണ്ടു വസ്‍തുക്കൾ: പര-ദ്രവ്യവും, പര-നാരിയും. ആ മനുഷ്യൻെറ ജീവിതത്തിൽ സർവ്വസമ്പത്തികളും, ദൈവകാരുണ്യവും, ശാന്തിയും വരും.

കിരണങ്ങൾ സൂർയ്യനിൽ നിന്ന് വിട്ടുനിൽക്കുന്നില്ല; മധുരസം ശർക്കരയിൽ നിന്ന് വിട്ടുനിൽക്കുന്നില്ല; അതേപോലെ എൻെറ മനസ്സും വിട്ടലിൽ നിന്ന് വിട്ടുനിൽക്കുന്നില്ല.

നിർമ്മലഭക്തിയിൽ മുഴുകിയ ഭക്തന്ന് പരമേഷ്‍ടി പദവും തുച്‍ഛമാണ്; ഇന്ദ്രപദവും, രാജ്യാധികാരങ്ങളും, യോഗസിദ്ധികളും, മോക്ഷസുഖങ്ങളും, അവന് തുച്‍ഛമാണ്; ശ്രീഹരിസേവയല്ലാതെ, മററൊന്നിലും അവൻെറ മനസ്സ് ലയിക്കുന്നില്ല.

ഹരിനാമം ഹൃദയത്തിൽ സ്‍ഥിരമാക്കിയവന്ന് പുനർജന്മം വരുന്നില്ല.

ഈശ്വരസേവയിൽ മുഴുകി, സംസാരബന്ധനങ്ങൾ മുറിച്ചവന്ന്, ഈശ്വരൻെറ അപാര പ്രേമം ലഭിക്കുന്നു. ആ ഭക്തൻെറ സുഖ-ദുഖങ്ങളെ, ഭഗവാൻ തൻെറ ഭാരമായി എടുക്കുന്നു. ഭക്തൻെറ കർമ്മം ഭഗവത്‍ സ്‍മരണം, ഭഗവാൻെറ കർമ്മം ഭക്താനുഗ്രഹം!

അഭംഗ ഭക്തി ഉളളവൻ, ഈശ്വരൻെറ പ്രതിമയാണ്. അവൻ പണ്ഡിതനോ, പാമരനോ എന്ന് ഈശ്വരൻ ഗണിക്കുന്നില്ല.

ഏതൊരുവൻ മനസ്സിനെ വിഷയവികാരങ്ങളിൽ നിന്ന് പിൻവലിക്കുന്നുവോ

അവനെ  ഈ ഭൂമിയിലെ ഏകമാത്രം  ശൂരൻ  എന്ന് കരുതാം. 

സ്‍നാനവും, സന്ധ്യാവന്ദനവും, പരാന്നം കഴിക്കുന്നതിനാൽ നിഷ്‍ഫലമാണ്. മനസ്സിൽ സാത്വീക ധൈർയ്യം ഇല്ലെങ്കിൽ, ഈശ്വരസ്‍മരണ വരുകയില്ല.

ഭക്തൻ തൻെറ ശരീരവും, വാണിയും, മനസ്സും ഭഗവാന്ന് സമർപ്പിച്ചിരിക്കുന്നു. ആ ഭക്തനെ പ്രേമരൂപമായ ചരടിനാൽ ഭഗവാൻ നയിക്കുന്നു. അതിനാൽ വ്യാകുലയില്ലാതെ, അവൻ നിശ്ചിന്തനായി ജീവിക്കുന്നു.

നിർമ്മല ഹൃദയത്തോടെ ഭഗവാൻെറ പ്രതിമയെ ആരാധിച്ചും, മനസ്സിൽ പ്രേമഭാവത്തോടെ ഭഗവാനെ സ്‍മരിച്ചും, ജീവിതം നയിക്കുന്നവനെ, ദേവന്മാരുടെ ബന്ധുവായി ഗണിക്കാം.

രാജാവു ദേശാടനം ചെയ്യുമ്പോൾ, രാജാവിൻെറ സമ്പത്തിയും കൂടെ പോവുന്നു. ആരുടെ ഹൃദയത്തിൽ നാരായണനാമം ഇരിക്കുന്നുവോ, നാരായണകൃപയാൽ പൂർണ്ണവും, സമത്വവും ഉണ്ടായിരിക്കും.

അനീതിമാർഗ്ഗത്തിൽ പോവുന്നവരെ, നീതിമാർഗ്ഗത്തിലേക്ക് തിരിക്കുവാൻ ശ്രമിക്കണം. രാമ-കൃഷ്‍ണ-നാരായണ നാമങ്ങൾ ഉളള മനസ്സിൽ, അജ്ഞാനം ഇല്ല. എവിടെ സത്യം വേരൂന്നി നിൽക്കുന്നുവോ, അവിടെ അസത്യത്തിന്ന് സ്ഥലം ഇല്ലല്ലോ.

ഇനി ഞാൻ അങ്ങയുടെ ഗുണങ്ങൾ പാടുകയും, അങ്ങയുടെ ഹരികഥ പ്രവചിക്കുകയും ചെയ്യും. എൻെറ ഭയ-ഭീതികളേയും, പാപ-പുണ്യങ്ങളേയും, നീക്കുവാൻ, അങ്ങയെ ഞാൻ ആശ്രയിക്കുന്നു. ഇന്നേവരെ അനുഭവിച്ചതെല്ലാം അങ്ങയിൽ സമർപ്പിച്ച്, ഈ ലോകത്തിൽ നിന്ന് വിരമിച്ച്, അങ്ങയുടെ ചരണങ്ങളിൽ ചേരും.

എനിക്ക് ഈ ലോകത്തിലെ ഒരു വസ്‍തുക്കളിലും ആശയില്ല; മനസ്സിൽ ആശയും വെച്ച്, ഒരു വസ്‍തുവിനേയും പ്രശംസിക്കുകയില്ല.

ഭഗവാൻെറ അമ്പലത്തേക്ക് കയറുന്ന പടികളിൽ നമസ്കരിച്ചാൽ, ഉദ്ധാരണം കിട്ടുമോ? നേരിൽ കാണുന്നതല്ലേ, ഉത്തമം? തമ്മിൽത്തമ്മിൽ നോക്കാതെ ചെയ്യുന്ന വർത്തമാനങ്ങൾ പൊളളയല്ലേ? അതുകാരണം ഞാൻ വാക്കുകളെ അടക്കി, മനസ്സിനെ സാക്ഷിയാക്കി.

വിഷ്‍ണുഭക്തർ പുഷ്‍പത്തെപോലെ മൃദുലവും, പക്ഷേ വജ്റത്തേക്കാൾ കഠോരവും ആണ്. ഞങ്ങൾ ദേഹബുദ്ധിയാൽ മൃതകരും, ആത്മസ്ഥിതിയാൽ ജീവിതരും ആണ്. ഭക്തജനങ്ങളെ ആദരിക്കും, ദുഷ്‍ടജനങ്ങളെ നിരാദരിക്കും. മാതാപിതാക്കളെപ്പോലെ ലാളിക്കും, ശത്രുക്കളെപ്പോലെ സംഹരിക്കും. അമൃതം പോലെ മധുരവും, വിഷം പോലെ കയ്‍പും ഉളളതാണ്.

ആരുടെ മനസ്സിൽ ദയയുണ്ടോ, അവർ ഈ സംസാരത്തിലെ ധന്യരാണ്; അവർ പരോപകാരികളായി ജീവിക്കുന്നു; അവർ അസത്യം പറയുന്നില്ല; അവരുടെ മനസ്സ് കപടരഹിതമാണ്; അവരുടെ വാണി മധുരമാണ്; അവർ നമ്രതയോടെ ജീവിക്കുന്നു; കാണുന്നവരെല്ലാം സന്തുഷ്‍ടരാവുന്നു.

' സർവ്വം വിഷ്‍ണുമയം ജഗദ് ' എന്ന് ഭക്തർ പറയുന്നു. അഹങ്കാരവും, അഭിമാനവും വിനാശത്തിലേക്കുളള മാർഗ്ഗങ്ങളാണ്. മായ വജ്റത്താലും മുറിയുകയില്ല; ഹരിഭജനം അല്ലാതെ വേറെ മാർഗ്ഗമില്ല.

ഋഷി-മുനിമാർ ഗർഭവാസത്തെ ഭയന്ന്, മുക്തിയെ ആഗ്രഹിക്കുന്നു; നേരെ മറിച്ച്, വിഷ്‍ണുഭക്തർ ഗർഭവാസം ആഗ്രഹിക്കുന്നു; വിഷ്‍ണുഭക്തർ സംസാരമെല്ലാം ബ്രഹ്മരൂപമായി കാണുന്നു. പുരാണങ്ങളിൽ മോക്ഷസാധന കഠിനമായി വിവരിക്കുന്നു; പക്ഷേ വൈകുണ്ഡപ്രാപ്‍തി സുലഭമാണ്; ഈശ്വരപ്രേമവും, ഈശ്വരഭക്തിയും ഉണ്ടെങ്കിൽ മതി. മനസ്സിൽ ശാന്തിയും,ദയയും, ക്ഷമയും, അഭംഗ ഭക്തിയും ഉളള ഭക്തൻ, ഭൂലോകത്തിൽ മഹാബലി പോലെ ജീവിക്കുന്നു.

ശരീരവും, ശരീരസംബന്ധമായതും ആയ മോഹങ്ങളെ ഒതുക്കി, പട്ടി-പന്നി എന്നീ മൃഗങ്ങളേയും വന്ദിക്കുന്ന മനസ്സിൽ, ' ഞാൻ '. ' എൻേറത് ' എന്ന ഭാവങ്ങൾ നീങ്ങിയിരിക്കും. വീട്, ധനം, സ്വദേശം എന്നിവയിൽ വിരക്തവും, കാട്ടിലെ മരം, പശു, പക്ഷികളെ സ്നേഹിച്ചും, ജീവിക്കുന്ന മനുഷ്യനെ, ശരിയായ സാധു എന്ന് കരുതാം.

സർവ്വലോകങ്ങളും എൻെറ ദൈവമാണ്;, പക്ഷേ ദുഷ്‍ടസ്വഭാവക്കാരോടു ഞാൻ അടുക്കുന്നില്ല. അവരുടേയും നന്മക്കു വേണ്ടി, ഞാൻ പിടയുന്നു. എനിക്ക് സഖാവുമില്ല, ശത്രുവുമില്ല. ഞാൻ മൃദുവായേ പറയുന്നുളളു, പക്ഷേ ചിലർക്ക് ശരം പോലെ തറക്കുന്നു.

ഞങ്ങൾ വീണ വായിച്ചും, കിണ്ണാരം കൊട്ടിയും, വിട്ടലൻെറ കീർത്തനങ്ങൾ പാടിയും, നൃത്തം ചെയ്യുമ്പോൾ, മനസ്സിൽ ബ്രഹ്മരസം നിറഞ്ഞു, സംശയങ്ങൾ നീങ്ങുന്നു. മനസ്സിലെ വികാരങ്ങൾ അകന്ന്, ശാന്തി ലഭിക്കുന്നു.

ദേഹസുഖങ്ങളിലും, ധനസമ്പത്തികളിലും, കുടുംബ ബന്ധനങ്ങളിലും, ആശയില്ലാതെ, നാരായണനാമം സ്‍മരിക്കുന്ന ഭക്തൻെറ നിർവ്വാണസമയത്ത്, ഗോവിന്ദൻ, മുമ്പിലും, പിമ്പിലും രക്ഷ ചെയ്യുന്നു. അവൻ ചെയ്‍ത സത്കർമ്മങ്ങളും കൂടെ നിൽകുന്നു.

പരോപകാരിയായ വ്യക്തി വിശുദ്ധഗുണങ്ങളുടെ ഭണ്ഡാരമാണ്; അവൻെറ ധൈർയ്യം സ്ഥിരമായിരിക്കുന്നു; ഈശ്വരൻ അവൻെറ കൂടെ നിൽക്കുന്നു.

ശ്രദ്ധാഭാവം ഭക്തൻെറ സ്വധർമ്മമാണ്. ഈശ്വരനിൽ നിഷ്‍കാമവും, നിശ്ചലവും ആയ വിശ്വാസം വെക്കണം. മററുളളവരെ ആശ്രയിക്കേണ്ടതില്ല. അങ്ങനെയുളള ഭക്തനെ എല്ലാവരും ആദരിക്കും.

ഹരിഭക്തൻെറ ദർശനത്താൽ ആധിവ്യാധികൾ നീങ്ങുന്നു; നാമസങ്കീർത്തനം ചെയ്‍തുകൊണ്ട്, നൃത്യം ചെയ്യുന്ന ഭക്തനെ, മഹാദേവനും ആദരിക്കുന്നു.

ഭഗവാനെ ദൈനംദിനം സ്‍തുതിക്കുന്നവനാണ് പണ്ഡിതൻ. വിശ്വമെല്ലാം ബ്രഹ്മമയമായി വീക്ഷിക്കുന്നവനും, എല്ലാ ജീവികളിലും ശ്രീരാമനെ കാണുന്നവനും, ഈശ്വരൻെറ പ്രിയ ദാസനാണ്.

എല്ലാ മനോവാഞ്ചകളേയും അടക്കി, ബ്രഹ്മധ്യാനത്തിൽ മുഴുകിയവന്ന്, സർവ്വ ഭേദഭാവങ്ങളിൽ നിന്ന് മുക്തി ലഭിക്കുന്നു. അവൻെറ മനസ്സ് പരമാത്മാവിൽ ലയിച്ചിരിക്കും. പരോപകാരിയായ ആ ഭക്തൻെറ ചവിട്ടുപടിയായി ഞാൻ ഇരിക്കാം.

വൈഷ്‍ണവഭക്തരുടെ മനസ്സിൽ സംസാര വികാരങ്ങൾ ഇല്ല. വിഠ്‍ഠൽ ഭഗവാൻ എപ്പോഴും അവരുടെ കൂടെയുണ്ട്. ഞാൻ വിട്ടലൻെറ ഭക്തിഗാനങ്ങൾ പാടി, ആ സുഖം അനുഭവിക്കും.

വൈഷ്‍ണവഭക്തരുടെ മനസ്സിൽ മുക്തി നേടുവാനുളള ആശയില്ല. ഗോവിന്ദൻ അവരുടെ മനസ്സിൽ സ്ഥിരം പ്രതിഷ്‍ഠിതനാണ്. സർവ്വ ഭോഗങ്ങളും അവർ നാരായണനിൽ സമർപ്പിച്ച്, നാരായണൻെറ മംഗളഗാനങ്ങൾ പാടിക്കൊണ്ടിരിക്കും. എൻേറത്, ആന്യൻേറത് എന്നീ ഭാവഭേദങ്ങളില്ലാതെ, എല്ലാവർക്കും, അവർ പരോപകാരം ചെയ്യുന്നു. അവരുടെ വാസസ്ഥലം വൈകുണ്ഡത്തിന്ന് സമമാണ്.

ആരുടെ മനസ്സിൽ അഹംകാരവും, ഭയവും ഇല്ലയോ, അവൻ ത്യാഗിയാണ്. ആരുടെ മനസ്സിൽ ഹരിപ്രേമം നിറഞ്ഞിരിക്കുന്നുവോ, പുരുഷനോ, സ്ത്രീയോ, അവരെ ഞാൻ നമസ്‍കരിക്കുന്നു. ആരുടെ അന്തക്ഖരണം കോമളവും, നിർമ്മലവും ആണോ, അവരുടെ സാന്നിദ്ധ്യത്തിൽ എനിക്കു വസിക്കാൻ ഇടവരണേ.

ഹരിഭക്തരുടെ മനസ്സിൽ ഭയമില്ല, ചിന്തകളും ഇല്ല. അവരുടെ ആശകളെ ഹരി പൂർത്തിയാക്കുന്നു. അന്ന-വസ്ത്രാദികളെയും, മററും കൊടുക്കുന്നു.

ഹരിഭക്തരുടെ വീടുകളിൽ സുഖത്തിൻെറ തിരമാലകൾ അടിച്ചുകൊണ്ടിരിക്കും. അവിടെ പുണ്യം നിറഞ്ഞും, പാപം അകന്നും ഇരിക്കും. നാരായണൻ തൻെറ സുദർശനചക്രം എടുത്തുകൊണ്ട് അവരെ രക്ഷിക്കുന്നു.

ഞങ്ങളുടെ സ്വദേശം ത്രൈലോകമാണ്. ഞങ്ങളുടെ ദൃഷ്‍ടിയിൽ ആരും ദുഷ്‍ടരല്ല. ഞങ്ങൾക്കും അന്യർക്കും ഭേദഭാവമില്ല. ഞങ്ങളുടെ വീട് ഹരിനാമം ആണ്.

കുഞ്ഞിൻെറ ഭാരങ്ങളെല്ലാം അമ്മയുടെ മേൽ ഉളളതുപോലെ, എൻെറ ഭാരങ്ങളെല്ലാം സന്ത്ജനങ്ങളെ ഏൽപ്പിച്ചിരിക്കുന്നു.

സന്ദേഹം ഒട്ടും ഇല്ലാത്ത മനസ്സേ പവിത്രമായിരിക്കൂ. പുറത്ത് ശുദ്ധമായി കാണുന്ന മനസ്സിന്നകത്ത് ചളി നിറഞ്ഞിരിക്കാം. ആരുടെ ബുദ്ധി എല്ലാ സമയത്തും ശാന്തമായിരിക്കുന്നുവോ, അവന്നേ ആത്മാരാധന ചെയ്യുവാൻ കഴിയുകയുളളു. സന്ദേഹം നിറഞ്ഞ മനസ്സ്, ബന്ധനങ്ങളിൽ അകപ്പെട്ടിരിക്കും സമാധാനം നിറഞ്ഞ മനസ്സിൽ അഖണ്ഡധ്യാനം വരും.

ആകാശം എല്ലായിടത്തും നിറഞ്ഞിരിക്കുന്നതുപോലെ,

സന്ത്ജനങ്ങൾ‍,  ഗംഗാജലം, അമൃതം, സൂർയ്യൻ, കർപ്പൂരം, രത്നം, 

ചിന്താമണി എന്നിവയെ പോലെ വിശുദ്ധരാണ്.

ഭക്തിമാൻെറ മുമ്പിൽ ബലവാൻെറ ബലവും നിൽക്കുകയില്ല. ഭക്തിമാൻെറ ബലം രാമനാമം ആണ്. സർവ്വശക്തികളും രാമനാമത്തിന്നുണ്ട്. ഭക്തിമാൻെറ നേരെ ദുഷ്‍ടചിന്തകൾ ഫലിക്കുകയില്ല.

പരമഭക്തൻെറ സ്ഥിതി മാറുകയില്ല. മററുളളവർ പുണ്യക്ഷയം വന്നാൽ തിരിച്ചുവരും. വിഷ്‍ണുഭക്തർ ഗർഭവാസത്തിൽ ദുഖിക്കുന്നില്ല. അവർക്ക് വിഠേഠാബാവിൻെറ നാമം അമൂല്യമാണ്.

ഭക്തജനങ്ങൾ ഈശ്വരൻെറ ചരണകമലങ്ങളെ സ്‍മരിക്കുന്നു. അവർ ഭക്തിയെ കാംക്ഷിക്കുന്നു, മുക്തിയെ മറന്നുപോവുന്നു. മുക്തിയെ നേടുന്നതിൽ ആഗ്രഹം ഇല്ലെങ്കിലും,

ഭഗവാൻ  അവരെ വിട്ടേച്ചു പോവുന്നില്ല.

ഏതൊരുവൻ ഭഗവാനിൽ നിന്ന് ഒന്നും യാചിക്കുന്നില്ലയോ, അവനെ അനുഗ്രഹിക്കുന്നതിൽ ഭഗവാൻ തത്പരനാവുന്നു. വേറെ രൂപമെടുത്ത്, ഭക്തനെ സേവിച്ചു, തൻെറ കടം പൂർത്തിയാക്കുന്നു. ഭക്തനിൽ നിന്ന്, ഭഗവാൻ വേർപെട്ടു നിൽക്കുന്നില്ല. ഹൃദയത്തിൽ ഭക്തിഭാവം സ്ഥിരമായുളള ഭക്തൻ, ദേവൻേറയും ദേവനാണ്.

ഹരിഭക്തൻെറ ഭവനത്തിൽ, ഋദ്ധി-സിദ്ധികളും, മോക്ഷവും, ദാസിമാരായി നിൽക്കുന്നു.

മനസാ-വാചാ-കർമ്മണാ ഭഗവാൻെറ ദാസൻ ആയവനെ, കാമ-ക്രോധ-ലോഭ-മദ-മാത്സര്യങ്ങൾ ബാധിക്കുന്നില്ല. ഈശ്വരനിൽ പൂർണ്ണവിശ്വാസം ഉളളവൻ

സർവ്വ ഐശ്വർയ്യങ്ങളും അനുഭവിക്കുന്നു.

മനസ്സ് നിർമ്മലമായാൽ, വിട്ടലൻ അവിടെ വസിക്കും.

ധനം, ദേഹം, മോഹം, മായ, മമത, ചിന്ത, അഭിമാനം, മത്സരബുദ്ധി, ജാതിഭാവം, എന്നീ വികാരങ്ങളെ അകററി, ശാന്തി, ക്ഷമ, ദയ, മിത്രത എന്നീ സത്ഗുണങ്ങളെ സ്വീകരിച്ച്, ഭഗവാനേയും, ഭക്തരേയും ശരണം പ്രാപിച്ച്, ജന്മസാഫല്യം നേടൂ.

ഒരുത്തരിൽ നിന്നും ഒന്നും യാചിക്കാത്തവൻ ഭഗവാന്ന് പ്രിയനാവുന്നു. ഏതൊരുവൻെറ മനസ്സിൽ സർവ്വപ്രാണികളിലും ദയയുണ്ടോ, അവൻെറ വീട്ടിൽ ചക്രപാണിയായി ഭഗവാൻ വസിക്കുന്നു. അവന്ന് സമമായി വേറെ ആരും ഇല്ല.

ഭക്തൻെറ മനസ്സ് ബന്ധനങ്ങളും, ഉദാസീനതയും ഇല്ലാതെയും, ശരീരം നിയമിതമായ ഉറക്കവും, ആഹാരവും ഉളളതായും, പ്രാണഭയം വന്നാലും, കാമഭോഗങ്ങളിൽ കുടുങ്ങാതെയും, ജീവിക്കുന്ന ഭക്തൻ ഗുരുകൃപയാൽ ജ്ഞാനം നേടുന്നു.

സംസാരത്തിലെ മായാമോഹങ്ങളെല്ലാം ത്യജിച്ചും, ഈശ്വരഭക്തിയിൽ ലയിച്ചും, വിധിച്ചതെല്ലാം ക്ഷമയോടെ അനുഭവിച്ചും, എൻെറ യോഗക്ഷേമങ്ങളുടെ ഭാരം ഭഗവാനിൽ അർപ്പിച്ചും, ഞാൻ ശ്രീഹരിയുടെ ചരണങ്ങളിൽ ആത്മസമർപ്പണം ചെയ്യും.

ശ്രീഹരിയിൽ ഭക്തി ഉണ്ടെങ്കിൽ, സംസാരഭയം ലേശമാത്രം വേണ്ടാ. ശ്രീഹരിയെ ശരണം പ്രാപിച്ചാൽ, സന്തോഷാവസ്ഥയും വരും. ശ്രീഹരിയിൽ ഭക്തി ഉണ്ടെങ്കിൽ, വൈരാഗ്യവും, പാപമോചനവും വരുന്നു.

ഭക്തരുടെ സംഗമത്താൽ, ശുഭവചനങ്ങളും, ധർമ്മനീതികളും കേൾക്കാം. അവരുടെ നേരെ മൃദുവായും, ക്രോധമില്ലാതെയും വസിക്കണം.

ഹരിഭക്തർ, നിർധനരായാലും, എൻെറ പ്രിയ മിത്രങ്ങളാണ്. വിശപ്പും, ദാഹവും വന്നാലും, അവർ ഹരിസ്‍മരണം മറക്കുന്നില്ല. നാരായണനാമം അവരുടെ അമൂല്യ ധനമാണ്.

ദൃഢനിശ്ചയമുളളവൻ, തൻെറ ഉന്നത മനസ്ഥിതിയിൽ നിൽക്കുന്നു. തൻെറ മനോവിചാരങ്ങളെ, ബാഹ്യ കർമ്മങ്ങളിൽ പ്രകടിപ്പിക്കുന്നു. അപവിത്രത അവൻെറ മനസ്സിൽ വരുന്നില്ല.

സത്യമാർഗ്ഗത്തിൽ ചരിക്കുന്നവൻ, എന്ത് അപായം വന്നാലും,

മനോധൈർയ്യത്താൽ സഹിക്കുന്നവൻ, ശൂരവീരൻ തന്നെ. 

മനസ്സിനെ ശുദ്ധഭാവത്തിൽ നിർത്തി, ഈശ്വരനെ ശരണം അടഞ്ഞവൻ, ഭഗവാൻെറ എല്ലാ വൈഭവങ്ങളും അനുഭവിക്കുന്നു.

തൻെറ അന്തക്കരണത്തെ ഈശ്വരന്ന് സമർപ്പിച്ചവനെ, ഈശ്വരൻ തളളിക്കളയുകയില്ല. അവൻെറ വാണിയിൽ അശുദ്ധത വരുത്തുന്നില്ല. ഈശ്വരൻ അവൻെറ ആശാപാശങ്ങളെ നീക്കുന്നു.

വനവാസവും, വൃക്ഷങ്ങളടെ ഇലകൾ ആഹാരമായും, മരവുരി വസ്ത്രമായും, ദേഹാഭിമാനങ്ങളെ ത്യജിച്ചും, പ്രപഞ്ചവാസനകളെ അടക്കിയും, സർവ്വസമയവും വിട്ടലൻെറ ഗാനാമൃതം പാടിയും, ഞാൻ ഏകാന്തവാസം അഭ്യസിക്കും. ഈശ്വരകാരുണ്യത്താൽ ദുഖ-ദാരിദ്രങ്ങൾ അകന്നുപോവും.

ഏതു ദിവസം എനിക്ക് ഹരിഭക്തരുടെ ദർശനം കിട്ടിയോ, ആ ദിനം എനിക്ക് ദീപാവലി-നവരാത്രി പോലെയാണ്.

ഭക്തൻ പറയുന്നതെല്ലാം ഭഗവാൻ കേൾക്കുന്നു; ഭക്തൻെറ ഭക്തിയിൽ ഭഗവാൻ ബന്ധിതനാണ്.

വേദ-പുരാണങ്ങളിൽ ഈശ്വരവിഷയത്തിൽ അസംഖ്യം ലേഖനങ്ങളുണ്ട്; അതിൻെറ എല്ലാം സാരാംശം, ഏകാഗ്രചിത്തനായി ഈശ്വരൻെറ നാമങ്ങൾ ജപിക്കുകയും, ഈശ്വരനെ ശരണം പ്രാപിക്കുകയും ചെയ്യുന്നതാണ് .

ഏതൊരുവൻെറ മനസ്സിൽ ഹരിനാമം സ്ഥിരമാണോ, അവൻ സംസാരസാഗരം കടക്കും; അവനെ എല്ലാവരും ആദരിക്കും.

ദയാഭാവത്തോടെ പരോപകാരം ചെയ്യുന്നത്, കുലധർമ്മം ആക്കിയാൽ, എല്ലാ സിദ്ധികളും സഹജമായി വന്നു ചേരുന്നു.

സർവ്വവും ത്യജിച്ചവൻ, അഗ്നിയെപ്പോലെ ശുദ്ധമായ മനസ്സോടെയും, സംതൃപ്‍തനായും, പരോപകാരിയും ആയി, ഈ ലോകത്തിൽ ജീവിക്കുന്നു. പരദൂഷണങ്ങൾ കേൾക്കാതെയും, ചെയ്യാതെയും, ലോകവികാരങ്ങളിൽ ഇടപെടാതേയും, ജീവിക്കുന്നവന്ന്, പരമാർത്ഥപ്രാപ്‍തി ലഭിക്കുന്നു.

ഏതൊരുവൻെറ സംസർഗ്ഗത്താൽ, ഈശ്വരപ്രേമം വർദ്ധിക്കുന്നുവോ, ഏതൊരുവൻ വാദ-പ്രതിവാദങ്ങളിൽ ഇടപെടുന്നില്ലയോ, അവനാണ് ' സന്ത് ' എന്ന സ്ഥാനത്തിന്ന് അർഹൻ. ഏതൊരുവൻെറ സംസർഗ്ഗത്താൽ, ഈശ്വരവിശ്വാസം ഇല്ലാതെയാവുന്നുവോ, അവൻ ദുർജ്ജനം തന്നേ.

കഠിനമായി അദ്ധ്വാനിക്കുന്ന കർഷകൻെറ വിളവ് സമൃദ്ധമായി വരുന്നതുപോലെ, പരിശ്രമിച്ച് ഈശ്വരഭജനം ചെയ്‍താൽ, ഈശ്വരപ്രാപ്‍തി ലഭിക്കും. ആ ലാഭം പരമസുഖം ഉളളതാണ്.

ഏതൊരുവൻ ശരീരവും, മനസ്സും, സമ്പത്തും, ശ്രീഹരിക്കു സമർപ്പിക്കുന്നുവോ, ശ്രീഹരി അവൻെറ അടുത്ത് നിൽക്കും. ശ്രീഹരിയുടെ കീർത്തനങ്ങൾ പാടുന്നവൻ അനുഗ്രഹീതനാണ്. മററുളളവരെല്ലാം, ചക്രവർത്തി ആയാലും, ദരിദ്രരാണ്. വൃന്ദാവനത്തിലെ പശുപാലകർക്ക്, ഭക്തിയും, നമ്രതയും ഉണ്ടായിരുന്നതിനാൽ, ശ്രീകൃഷ്‍ണൻെറ സാമീപ്യം ലഭിച്ചു.

ഹരിനാമസ്‍മരണം ചെയ്യുന്നവർക്ക് പരമപദം ലഭിക്കുന്നു; സർവ്വസുഖങ്ങളും അവരുടെ മനസ്സിൽ നിറയുന്നു; പിന്നേ അവർക്ക് ഈ ലോകസുഖങ്ങളെല്ലാം തുച്‍ഛമാണ്.

ശൂദ്രകുലത്തിലോ, ചണ്ഡാളകുലത്തിലോ, ജനിച്ചവനായാലും, മനസാ-വാചാ-കർമ്മണാ ഹരിനാമം സ്‍മരിക്കുന്നവർ ധന്യരാണ്; ഈശ്വരൻ അവർക്കും ഭക്തിയും, മുക്തിയും കൊടുക്കുന്നു.

ജാതിയോ, കുലമോ, ഈശ്വരഭക്തിക്ക് പ്രധാനമല്ല; മനസ്സിലെ പ്രേമവും, ശുദ്ധതയും ആണ് മുഖ്യം.

4) ഭഗവാനും, ഭഗവത്ഭക്തിയും :-


ഭക്തജനങ്ങളെ നിന്ദിച്ച്, ഭഗവാനെ പൂജിക്കുന്നത്, അധർമ്മമാണ്. അങ്ങനെ ജപിക്കുന്ന മന്ത്രങ്ങളും, അർച്ചിക്കുന്ന പുഷ്‍പങ്ങളും, ഈശ്വരൻെറ മീതെ കല്ലുകൾ എറിയുന്നതു പോലെയാണ്. അഥിതിയെ അപമാനിച്ച്, ഭഗവാന്ന് അർപ്പിക്കുന്ന നൈവേദ്യം, നൈവേദ്യം അല്ല, വിഷത്തിന്ന് സമമാണ്.

ഭക്തജനങ്ങൾക്ക് ചെയ്യുന്ന സേവ, ഈശ്വരൻ സ്വീകരിക്കുന്നു. ഭക്തൻ ദൈവത്തിൻെറ അംശമാണ്; അതാണ് ധർമ്മത്തിൻെറ മർമ്മം.

ഭഗവാനെ ആശ്രയിച്ചാൽ മതി; മുക്തിയെപ്പററി ചിന്തിക്കേണ്ടാ; നിൻെറ മനസ്സിൽ ദീനവും, ദാരിദ്രവും വരുകയില്ല. സത്കർമ്മങ്ങൾ ചെയ്‍തും, കർമ്മഫലങ്ങളെ ഈശ്വരന്ന് അർപ്പിച്ചും, നാമസ്‍മരണം ചെയ്‍താൽ മതി, ജന്മം സഫലമാവും.

ജീവനും, ശിവനും ഈശ്വരൻെറ ലീലയാണ്; ഈ ലോകത്തിൽ ഉളളതെല്ലാം വിഷ്‍ണുമയമാണ് സർവ്വജീവജാലങ്ങളും ആ വിരാട് രൂപത്തിൽ നിന്ന് വന്നതിനാൽ, വർണ്ണധർമ്മങ്ങൾക്കും, ജാതിഭേദങ്ങൾക്കും, ആധാരം ഇല്ലലോ? സാക്ഷാത് വേദപുരുഷൻ, ശ്രീമന്നാരായണൻെറ ലീലകളാണ് ഇതെല്ലാം. ഈശ്വരൻെറ ചരണങ്ങളെ ആശ്രയിച്ചു ഞാൻ ജീവിക്കും. നാരായണൻെറ കൃപയാൽ, വിഷതുല്യമായ ദുഖവും, അമൃതതുല്യമായ സുഖമായി ഭവിക്കുന്നു.

സർവ്വശക്തിമാൻ ശ്രീഹരിയുടെ സേവകരായ ഞങ്ങളും ശക്തരായി. കാമ-ക്രോധാദി സകല വികാരങ്ങളേയും അടക്കിയും, ശരീരവും, മനസ്സും, സമ്പത്തും ഈശ്വരാർപ്പണമാക്കി, മുക്തിയേക്കാളും ഉന്നത സ്‍തിഥിയിൽ നിൽക്കുന്നു.

ഈ കലിയുഗത്തിൽ നാരായണൻെറ നാമസ്‍മരണവും, നാരായണൻെറ മഹിമകളെ പാടുന്നതും, മോക്ഷമാർഗ്ഗമാണ്. അതിന്ന് സമയവും, സ്ഥലവും, മററും നോക്കേണ്ടാ.

ഹേ, വിഠ്‍ഠലാ, അങ്ങുന്ന് ഭക്ഷണവും, മക്കളും തന്നില്ലെങ്കിലും ശരി, അങ്ങയുടെ കൃപയാൽ എന്നെ അനുഗ്രഹിക്കേണമേ. ശരീത്തിന്ന് എന്ത് അസുഖമോ, ആപത്തോ വന്നാലും, എൻെറ മനസ്സ് അങ്ങയുടെ ചരണങ്ങളിൽ ലയിച്ചിരിക്കണേ.

പ്രേമം തന്നെയാണ് ഭഗവാൻ !

കിട്ടുന്ന ഭോഗ-സുഖങ്ങൾ എല്ലാം ഹരിയുടെ അനുഗ്രഹമായി സ്വീകരിച്ച്, ഹരിസേവയിൽ സമർപ്പിക്കണം. അതാണ് യഥാർത്ഥമായ പൂജാ. അഭിമാനമില്ലാതെ, കർത്താവ്-ഭോക്താവ് എന്ന വിചാരമില്ലാതെ, ഈശ്വരസ്‍മരണവും, പൂജയും ചെയ്യുന്നതാണ് ഉത്തമം.

അകത്തും, പുറത്തും, മമ്പിലും, പിമ്പിലും, എന്നുവേണ്ടാ, സർവ്വസ്ഥലത്തും, ഈശ്വനെ വീക്ഷിക്കുന്നവനെ, ഭയഭീതികൾ ബാധിക്കുന്നില്ല. അവൻെറ സർവ്വ ഭാരങ്ങളും ഭഗവാൻ എടുക്കുന്നു. കാരണവശാൽ ഭക്തൻെറ വഴി പിഴച്ചുപോയാലും, ഭഗവാൻ അവൻെറ കൈ പിടിച്ച് സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നു. അവൻ സമൃദ്ധനായും, മരണഭയം ഇല്ലാതേയും ജീവിക്കും.

ഈശ്വരസ്‍മരണത്താൽ ലഭിക്കാത്തത് എന്താണ്? ഈശ്വരചിന്തനം സർവ്വസാധനകളുടേയും സാരാംശം ആണ്. സംസാരസാഗരം കടക്കുവാനുളള ഏക മാർഗ്ഗം!

ഈശ്വരസ്‍മരണത്താൽ  ജീവാത്മാവ്, പരമാത്മാവിൽ ചേരുന്നു. 

ഏതു പദവിയെ നാം ഇച്‍ഛിക്കുന്നുവോ, ആ പദവിയിൽ ഈശ്വരൻ നമ്മെ എത്തിക്കുന്നു. ഈശ്വരനെ ചിന്തിച്ചാൽ, നമ്മെ തൻെറ സ്വരുപത്തിൽ ലയിപ്പിക്കുന്നു. ഇച്‍ഛിച്ച ഫലം കിട്ടണമെങ്കിൽ, ശരീരത്തിൽ, ഈശ്വരചിന്തനത്തിന്ന് ആവശ്യമായ ശക്തി ഉണ്ടാവണം.

ഭഗവാൻ ആണ്, എൻെറ ദേവനും, ഗുരുവും. ഭഗവാൻ ആണ്, എൻെറ അഭിലാഷകളെ പൂർത്തിയാക്കി, അന്ത്യസമയത്ത് മാർഗ്ഗദർശിയായി വന്ന്, മോക്ഷം നൽകുന്നതും.

ഒട്ടേറെ വിദ്വാന്മാർ തർക്കശാസ്ത്രികളും, വ്യാകരണ പണ്ഡിതരും, ആയിരുന്നും, ഈശ്വരൻെറ മഹിമകളെ അറിയുന്നില്ല. ഈശ്വരൻെറ മഹിമകളെ അറിയുവാൻ, നമ്രത ഉണ്ടെങ്കിലേ കഴിയൂ.

ക്ഷമയുളളവനെ നാരായണൻ സഹായിക്കുന്നു. നാരായണൻ അവരെ കഷ്‍ടപ്പെടുത്തുകയില്ല; അവരെ ചിന്താഗ്രസ്‍തരും ആക്കുകയില്ല. നാരായണൻെറ കീർത്തനങ്ങൾ പാടുന്നതിൽ അവർ ആനന്ദഭരിതരാവുന്നു.

ഭഗവാൻെറ ധ്യാനം മനസ്സിൽ ചെയ്യുന്നതാണ് ഉത്തമം. ചേർത്തിവെച്ച പൂർവ്വജന്മകർമ്മഫലങ്ങൾ വിട്ടുപോവുന്നു.

പാമരനായാലും, ഭക്തിയോടെ ഹരിഭജനവും, ഹരികഥകളും. ശ്രവിച്ചാൽ, അവൻെറ ദുഖങ്ങളെല്ലാം ശമിക്കും; മനസ്സമാധാനവും ലഭിക്കും. വനവാസം ചെയ്യേണ്ട ആവശ്യമില്ല.

ഉദരപോഷണത്തിന്ന് യോഗ്യമായ പണികൾ മാത്രം ചെയ്‍തും, ഹരിനാമം മനസ്സിൽ ജപിച്ചുകൊണ്ടും, ജീവിതം നയിക്കുന്നതാണ് ഉത്തമം.

ഭഗവാൻെറ നാമവും പറഞ്ഞ് ഭിക്ഷ എടുക്കുന്നത് ലജ്ജാവഹമാണ്; ആ മനുഷ്യരെ ഭഗവാൻ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നു. ജീവനെ ഈശ്വരാർപ്പണമാക്കി, ഭക്തിഭാവത്തോടെ ഇരിക്കുന്നവനെ, ഭഗവാൻ തൻെറ ചരണങ്ങളിൽ ചേർക്കുന്നു.

ഹേ, വിഠ്‍ഠലാ, എനിക്ക് അങ്ങയുടെ ഭക്തി-സുഖം കിട്ടിയില്ലെങ്കിൽ, വെറും അക്ഷരജ്ഞാനത്താൽ എന്തു ലാഭം കിട്ടും?

സുഖം കടുകുമണി പോലെയും, ദുഖം പർവ്വതം പോലെയും തോന്നാം; പക്ഷേ ജീവിതത്തിൽ വരുന്ന ദുഖങ്ങളെ സഹിക്കുന്നവനെ, ഈശ്വരൻ തൻെറ ഭക്തനായി അനുഗ്രഹിക്കുന്നു.

ശർക്കര ചേർക്കാത്ത പാല് രുചിക്കുന്നില്ല; ഉപ്പില്ലാതെ അന്നം രുചിക്കുന്നില്ല; കണ്ണില്ലാത്തവൻ വസ്‍തുക്കളുടെ പേരു മാത്രം അറിയുന്നു; കമ്പികൾ ഇല്ലാത്ത തമ്പൂരാ സംഗീതത്തിന്ന് ഉപയോഗമില്ല; ഭക്തിയില്ലാതെ ബ്രഹ്മജ്ഞാനവും ശൂന്യമാണ്.

മനപ്പൂർവ്വമായി പ്രയത്നിച്ചാൽ, ഫലം തീർച്ചയായും കിട്ടും; കൃപാസിന്ധുവായ ഭഗവാൻ ഭക്തനെ ഉപേക്ഷിക്കുകയില്ല. ചെറിയ കുട്ടികൾക്ക്, അമ്മയോട് ചോദിച്ചു വാങ്ങുവാൻ അറിയുകയില്ല; അമ്മക്ക് അറിയാം, കുട്ടികൾക്ക് വേണ്ടതെല്ലാം; അമ്മ സമയത്തിന്ന് അതെല്ലാം കൊടുക്കുന്നു. ഇതെൻെറ അനുഭവമാണ്.

ഹേ, പ്രഭോ, അങ്ങുന്ന് ഭക്തരുടെ ശരണ സ്ഥാനമാണ്; അങ്ങുന്ന് ശർക്കരയിലെ മധുരരസമാണ്; അങ്ങുന്ന് ആനന്ദാവസ്‍തയിലെ ആനന്ദരസമാണ്; അങ്ങുന്ന് പ്രീതിയിലെ പ്രേമഭാവമാണ്; അങ്ങുന്ന് ഭാവങ്ങളിലെ സ്വഭാവമാണ്; അങ്ങുന്ന് നാമങ്ങളിലെ സംജ്ഞാനാമമാണ്; അങ്ങുന്ന് സർവ്വ സാരങ്ങളുടേയും സാരമാണ് !

ബ്രഹ്മജ്ഞാനവും, ശാസ്ത്രനിപുണതയും, ഋദ്ധി-സിദ്ധികളും, അങ്ങയുടെ അനുഗ്രഹം ഇല്ലെങ്കിൽ, പ്രയോജനം ഇല്ലാത്തതാണ്.

ഹേ, പ്രഭോ, അങ്ങയെ സേവിക്കുവാൻ വേണ്ടിയാണ് ഈ ജന്മം; ഹരിനാമകീർത്തനവും, സന്ത് പൂജയും ചെയ്‍തു കൊണ്ടും, സുഖ-ദുഖങ്ങളെ ഗണിക്കാതേയും, പൂർണ്ണാനന്ദത്തിൽ മുഴുകിയും, ആശാരഹിതനായും, അങ്ങയുടെ ദാസനായി വസിച്ച്, മോക്ഷപ്രാപ്‍തി നേടുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ഹേ, നാരായണാ, അങ്ങയിലെ ഭക്തിസുഖത്തിന്ന് തുല്യമായി വേറൊന്നുമില്ല. അൽപനേരത്തെ സത്സംഗതിയും, വൈകുണ്ഡവാസത്തിന്ന് സമമാണ്. ജ്ഞാനാവസ്ഥ ഞാൻ ഇച്‍ഛിക്കുന്നില്ല; എനിക്ക് അഖണ്ഡഭക്തി തന്നാലും.

ഭൂമിയിൽ നിറഞ്ഞിരിക്കുന്ന ജലാശയങ്ങളെ കണക്കാകാതെ, വേഴാമ്പൽ പുതു മഴയുടെ ഒരു തുളളി വെളളത്തിന്ന് കാത്തിരിക്കുന്നു.

സൂർയ്യോദയത്തിൽ വികസിക്കുന്ന താമരപ്പൂവ്, ചന്ദ്രോദയത്തിൽ മടങ്ങിയിരുന്ന്, അടുത്ത ദിവസത്തെ സൂർയ്യോദയത്തിന്ന് കാത്തിരിക്കുന്നു. പശു തൻെറ കിടാവിനെ അല്ലാതെ, വേറെ കിടാവിനെ അടുപ്പിക്കുന്നില്ല. പതിവ്രതയായ സ്ത്രീ തൻെറ പതിയെ വിട്ടു പിരിയുന്നില്ല. ഇതുപോലെ, പ്രാണഭയം വന്നാലും തൻെറ മനസ്സിളക്കാതെ,

ദൃഢനിശ്ചയനായി വിഠോബാവിനെ സ്‍മരിക്കണം.

അനന്യ ഭക്തി ഉളളവൻ, അജ്ഞാനി ആയാലും, ഭഗവാന് പ്രിയനാണ്. ഉപമന്യു, ധ്രുവൻ, പ്രഹ്ളാദൻ, എന്നീവരുടെ മനസ്സിൽ നാരായണൻ സ്ഥിരവാസം ചെയ്‍തിരുന്നു.

ഭക്തിമാർഗ്ഗം വളരെ സരളവും, പാപ-പുണ്യരഹിതവും, ജനന-മരണ നാശകവും ആണ‍്. ഭക്തിമാർഗ്ഗത്തിൽ നിൽക്കുന്ന വിഠോബാ, ഭക്തരുടെ സർവ്വഭാരങ്ങളും താങ്ങി നിൽക്കുന്നു. അവിശ്വാസികളെ ത്യജിച്ച്, വിശ്വാസികളെ കടത്തി വിടുന്നു.

ധനം നേടുന്നതിന്ന് എത്ര പ്രയത്നങ്ങൾ ചെയ്യുന്നുവോ, അത്രയിലും കുറഞ്ഞേ, ഹരി-പ്രാപ്‍തിക്കു ചെയ്യേണ്ടു.

ഭഗവാൻെറ ചരണങ്ങൾ സർവ്വതീർത്ഥങ്ങളുടേയും ഉത്ഭവ സ്ഥാനമാണ്; ലക്ഷ‍്മി സേവിക്കുന്ന ആ ചരണങ്ങളെ, ഭക്തർ അന്തിമ വിശ്രാന്തി സ്ഥാനമായി അഭ്യർത്ഥിക്കുന്നു.

ഈശ്വരനെ സ്‍മരിക്കാതെ, മായാമയവും, ദുഖമയവും ആയ ഈ ലോകത്തിൽ സുഖം കിട്ടകയില്ല.

പരസ്‍തുതി ചെയ്യുന്നതിനാൽ, ജീവിതം കഷ്‍ടമയമാവുന്നു; ആ മനുഷ്യർ നാരായണനിൽ നിന്ന് അകന്നു നിൽക്കുന്നു; ഈശ്വരസ്‍തുതി അല്ലാതെ മററുളളവയെല്ലാം, പാപമാർഗ്ഗമാണ്.

ഭക്തൻ പാമരനായാലും, അവൻെറ ഉച്ചാരണങ്ങൾ തെററായിരന്നാലും, ഭഗവാൻ പ്രീതനായി, അവനെ അനുഗ്രഹിക്കുന്നു.

മനസ്സിലെ വിരുദ്ധഭാവങ്ങളെ നീക്കി, സുഖമയമാക്കുന്നതാണ് ഉത്തമം. അതാണ് ഈശ്വരൻെറ യഥാർത്ഥമായ പൂജ.

കീർത്തി, ശ്രീ, ഔദാർയ്യം, ജ്ഞാനം, വൈരാഗ്യം, ഐശ്വർയ്യം, എന്നീ ആറു ഗുണങ്ങൾ തികഞ്ഞിരിക്കുന്നത് ഭഗവാനിൽ മാത്രമാണ്.

ഭഗവാൻെറ കയ്യിൽ മോക്ഷത്തിൻെറ പൊതി ഇല്ല; ഭഗവാൻ മോക്ഷം നിൻെറ കയ്യിൽ തരുകയും ഇല്ല. മനസ്സിലെ വിഷയവികാരങ്ങളേയും, ഇന്ത്രിയങ്ങളേയും, നിയന്ത്രിച്ചാലേ, മോക്ഷമാർഗ്ഗം കാണുകയുളളു.

മനസ്സിൽ ശുദ്ധഭാവം ഉളളവൻെറ അടുത്ത്, ഈശ്വരൻ വസിക്കുന്നു. അശുദ്ധഭാവം ഉളളവൻെറ സ്വപ്‍നത്തിൽപോലും വരുകയില്ല. ഈശ്വരൻ ഇല്ലാത്ത സ്ഥലം ഇല്ല; അതറിയുന്നവൻ ധന്യനാണ്.

നാരായണൻ ഭക്തരുടെ സങ്കടങ്ങൾ സ്‍മരണമാത്രയിൽ നീക്കുന്നു; ഭക്തർക്കു ഫലസിദ്ധികൾ കൊടുത്ത് അനുഗ്രഹിക്കുന്നു. ഭക്തരുടെ കർത്തവ്യം, പൂർണ്ണ മനസ്സോടെ നാരായണനെ ശരണമടയൂ.

ഭഗവാൻ പൂർണ്ണകാമനാണ്; ദയാസമുദ്രമാണ്; ഭഗവാൻെറ ഉദാരതക്കു മുമ്പിൽ ലക്ഷ്‍മിയും തല കുനിക്കുന്നു; ഭഗവാൻെറ ശൂരവീർയ്യത്തിന്നു മുമ്പിൽ കലികാലവും അഴിയുന്നു; ഭഗവാൻ തൻെറ ഭക്തരുടെ ശേഷിച്ചതും, തിന്ന് തൃപ്‍തി അടയുന്നു; ഭഗവാൻ സർവ്വജീവജാലങ്ങളുടേയും അന്തർയ്യാമി ആണ് !

5) ഭജനവും, കീർത്തനവും –----------------------------------------- സംസാരസാഗരം കടക്കുവാനുളള കലിയുഗത്തിലെ ഒരേഒരു വഴി നാരായണനാമം ജപിക്കുന്നതും, നാരായണൻെറ മഹിമകളെ കീർത്തനം ചെയ്യുന്നതും തന്നെ. ലോകവ്യവഹാരങ്ങളെ ത്യജിച്ച്, വനവാസം ചെയ്യേണ്ടതില്ല. ഹരിനാമസങ്കീർത്തനം ചെയ്‍ത്, ഭഗവദ്‍കൃപ നേടാം.

പ്രഭുവിൻെറ കീർത്തനങ്ങൾ ചെയ്യാതെ, ശാന്തിയും, ദയയും, ക്ഷമയും എങ്ങനെ കിട്ടും? അമൃതത്തിൽ മുഴുകിയാൽ, ശരീരത്തിൻെറ ചിന്തന എന്തിനാ? നാമസ്‍മരണത്തിലെ ആനന്ദം, വനവാസത്തിൽ കിട്ടുമോ?

വായിനാൽ ഹരിനാമം ജപിക്കുമ്പോൾ, മനസ്സിലും ഹരിനാമം സ്‍മരിക്കണം. പക്ഷേ, ഇത് വളരെ പ്രയാസമാണ്. ഹരികഥ മനസ്സിലാക്കുവാനല്ലേ കേൾക്കുന്നത്? ഭക്ഷണം കഴിക്കാതെ, നോക്കികൊണ്ടിരുന്നാൽ വിശപ്പു മാറുമോ?

ജപം, തപം, ദാനം, വ്രതം എന്നീ കൃത്യങ്ങളാൽ ഭഗവാനെ പ്രാപിക്കുകയില്ല.

നാമജപം  ചെയ്യുമ്പോൾ  ഈശ്വരൻ  ഓടി വരും.

സർവ്വലോകങ്ങളേയും തൻെറ ഉദരത്തിൽ അടക്കിയ വിത്തോബാ, ഭക്തൻെറ കൺഠത്തിൽ വസിക്കുന്നു. ശാസ്ത്ര-പുരാണങ്ങൾ വായിക്കുന്നതിലും, യോഗ-ധ്യാനത്തിനാലും, കിട്ടാത്ത ആനന്ദം, ഈശ്വരൻെറ കീർത്തനത്താൽ കിട്ടും.

ഹരികഥ സർവ്വോത്തമവും, പാപനാശകവും ആണ്. ഹരികീർത്തനങ്ങൾ സംസാരസാഗരം കടത്തുന്ന തോണിയാണ്.

തമ്പൂരാ, കിണ്ണാരം, മൃദംഗം എന്നീ വാദ്യങ്ങളോടെ ഹരിനാമം പാടി, നൃത്തം ചെയ്യുന്നതിലുളള ആനന്ദം, സ്വർഗ്ഗത്തിലും കിട്ടുകയില്ല.

ഹരികഥ ത്രിലോകങ്ങളിലും, ബ്രഹ്മരസം പോലെ നിറഞ്ഞിരിക്കുന്നു; ദേവീ-ദേവന്മാരും ഹരികഥ പ്രവചിക്കുന്നു; കലികാലം നീങ്ങി നിൽക്കുന്നു.

രാമ-ഭജനം ചെയ്‍തു ജീവിതം സഫലമാക്കാം; രാമ-നാമം പാപനാശകമാണ്; രാമനാമം സർവ്വ തത്വങ്ങളുടേയും സാരാംശമാണ്.

രുചികരമായ ആഹാരവസ്‍തുക്കളെല്ലാം, വികാരഭരിതമായ ശരീരത്തിന്നു വേണ്ടിയാണ്. രാമനാമം ജപിച്ചുകൊണ്ടു ഉണക്ക റൊട്ടി തിന്നാലും, അമൃതത്തിന്നു സമമാണ്.

മനസ്സും, വാക്കും, ശരീരവും, മറെറല്ലാവും ഭഗവാന്ന് സമർപ്പിച്ച ഭക്തൻെറ സർവ്വഭാരങ്ങളും പീതാംബരധാരിയായ വിട്ടലൻ ഏറെറടുക്കുന്നു. ആ ഭക്തനാണ് ധന്യവാൻ.

6) സഗുണ - നിർഗ്ഗുണ വിചാരങ്ങൾ:-


ശംഖ-ചക്ര-ഗദാധാരി ആയ വിട്ടലൻ ഭക്തരെ രക്ഷിച്ചും, ദുഷ്‍ടരെ സംഹരിച്ചും, സഗുണനായും, നിർഗ്ഗുണനായും നിൽക്കുന്ന ആ ഇഷ്‍ടികക്കല്ല് എത്ര ധന്യമാണ് !

സഗുണനായും, നിർഗ്ഗുണനായും, വേദ-ശാസ്ത്രങ്ങളിൽ വർണ്ണിച്ചിരിക്കുന്ന ആ മൂർത്തിമാൻ, ഭക്തരുടെ പ്രാണസഖാവായി വിളങ്ങുന്നു.

ഭക്തന്മാർക്കു അനുഭവത്താൽ ലഭിച്ച ജ്ഞാനം, അക്ഷരജ്ഞാനികൾ സ്വീകരിക്കുന്നില്ല. സന്ത് ജനങ്ങൾ സഗുണരൂപത്തിലെ ഭക്തിഭാവത്താൽ സംസാരസാഗരം തരണം ചെയ്യുന്നു. പക്ഷേ താർക്കികർക്കു ആ അനുഭവം ഇല്ലാത്തതിനാൽ, അവർ ഭഗവാൻെറ സഗുണ രൂപത്തെ നിഷേധിക്കുന്നു. സഗുണ ഭക്തിമാർഗ്ഗത്തിൽ ചലിക്കുന്ന ഭക്തരെ, ഹരിയുടെ സഗുണരൂപം അനുഗമിച്ച്, മോക്ഷപദത്തിൽ എത്തിക്കുന്നു.

ഒരു ഗ്രാമത്തിൻെറ അതിർത്ഥികൾ സ്ഥാപിച്ചാൽ, ഭൂമിയെ ഖണ്ഡമാക്കിയതിന്നു തുല്യമല്ല. ഭക്തിയെ സ്വീകരിക്കുന്നതിന്ന്, രൂപം ഇല്ലാത്ത പരമാത്മാ, ഹരിയോ, ഹരനോ ആയ സഗുണരൂപത്തിൽ പ്രത്യക്ഷനാവും.

ഞങ്ങൾക്കു മോക്ഷപദം വേണ്ടാ; ഓരോരു യുഗങ്ങളിലും ജനിച്ച്, സഗുണരൂപത്തിൽ ഉളള ഈശ്വരൻെറ കീർത്തനങ്ങൾ പാടി, ഈശ്വരനെ നിർഗ്ഗുണരൂപം എടുക്കാതിരിക്കുവാൻ പ്രാർത്ഥിക്കണം.

എല്ലാ ജീവജാലങ്ങളിലും ഈശ്വരൻ ഉണ്ട്; എന്നാലും ദേവസാക്ഷാത്കാരം ഇല്ലാതെ ജീവിതം തരണം ചെയ്യുകയില്ല. എല്ലാവരിലും ജ്ഞാനം ഉണ്ടെങ്കിലും, ഭക്തി ഇല്ലെങ്കിൽ ബ്രഹ്മജ്ഞാനം ആവുകയില്ല.

ഭഗവാനും ഒരു ശിലയാണ്; ഭഗവാനെ പൂജിക്കുവാൻ നിൽക്കുന്ന പടിയും ശിലയാണ്. മനസ്സിലെ ഭക്തിഭാവമാണ് ആ ശിലയിലും ഈശ്വരസാന്നിദ്ധ്യത്തെ സ്ഥാപിക്കുന്നത്.

ഈശ്വരൻ, ഭക്തൻെറ ഹൃദയത്തിൽ നിർഗ്ഗുണരൂപത്തിലും,

ഭക്തൻെറ മുമ്പിൽ, ചെറുതായ സഗുണരൂപത്തിലും  വസിക്കുന്നു.

ഭക്തൻെറ ആഗ്രഹങ്ങളെ പൂർത്തിയാക്കുവാനും ഇച്‍ഛിക്കുന്നു. പക്ഷേ, ഭക്തൻ, ഭഗവാൻെറ ചരണങ്ങൾ മാത്രമേ കാംക്ഷിക്കുന്നുളളു.

കിണ്ണാരം രണ്ടായിട്ടും, ശബ്‍ദം ഒന്നേ ഉണ്ടാക്കുന്നുളളു; അതേപോലെ സഗുണരൂപത്തിനും, നിർഗ്ഗുണരൂപത്തിനും വ്യത്യാസമില്ല.

സ്‍ഫടികശിലക്ക് സ്വന്തമായ നിറം ഇല്ല; ഓരോരു ദിശയിൽ നിന്നു നോക്കുമ്പോൾ വെവ്വേറു നിറങ്ങൾ കാണുന്നു. അതേപോലെ ഭക്തന്മാരും, ഈശ്വരനെ അവനവൻെറ മനോഭാവത്താൽ, വെവ്വേറു രുപങ്ങളിൽ കാണുന്നു.

സർവ്വ ലോകങ്ങളേയും വിഷ്‍ണുമയമായി വൈഷ്‍ണവർ കാണുന്നു; ഭേദാഭേദങ്ങളേയും, മതവിചാരങ്ങളേയും അവർ കാണുന്നില്ല.

ശരീരത്തിലെ നേത്രങ്ങളാൽ ഈശ്വരനെ കാണുകയില്ല; ജ്ഞാന ദൃഷ്‍ടിയാൽ തെളിഞ്ഞു കാണും. ശരീരത്തിലെ നാവിനാൽ അറിയാത്ത ഭക്തി രസം, മനസ്സിലെ ധ്യാനത്താൽ രുചിക്കാം. ശരീരത്തിലെ ചെവികളാൽ ശ്രവിക്കാൻ കഴിയാത്ത തത്വം,

മനസ്സിലെ  ശാന്താവസ്ഥയിൽ  ശ്രവിക്കാം.

ഞാൻ വിഷയ ഭോഗങ്ങളെ ത്യജിച്ച്, ദേഹം സംസാരത്തിൽ ഇരുന്നാലും, ആത്മാവിനാൽ ആ നിശ്‍ശബ്‍ദ ബ്രഹ്മത്തെ ധ്യാനിക്കുന്നു.

ജലത്തിൽ നിന്ന് തിരമാലകൾ വേർപെട്ടു നിൽക്കുന്നില്ല; ആഭരണങ്ങളിൽ നിന്ന് സ്വർണ്ണം വേർപെട്ടു നിൽക്കുന്നില്ല; അതേപോലെ, ഭഗവാനിലും, എന്നിലും,

 നാമങ്ങൾക്കു മാത്രമേ വ്യത്യാസമുളളു;

എൻെറ ആത്മാവും , പരമാത്മാവും ഒന്നുതന്നേ.

ആഡംബരങ്ങൾ നിറഞ്ഞ പൂജകൾ ഭഗവാന്ന് ഇഷ്‍ടമില്ല; മാനസീക പൂജ ഭക്തിയോടെ ചെയ്യന്നതാണ് ഭഗവാന്ന് ഇഷ്‍ടം. അന്തക്കരണത്തിലെ ഭൂത-വർത്തമാന-ഭാവി വികാരങ്ങളെ ഈശ്വരൻ അറിയുന്നു.

അങ്ങുന്ന് വിശ്വവ്യാപി ആയതിനാൽ, എന്നിൽ നിന്ന് വേറെ അല്ലല്ലോ. അകത്തും, പുറത്തും അങ്ങു നിറഞ്ഞിരിക്കുന്നതിനാൽ, ഞാൻ മനസ്സിൽ നിന്ന് എന്തിനെ പുറത്താക്കും? പുറത്തു നിന്ന് എന്തിനെ അകത്താക്കും?

7) ഉപദേശങ്ങൾ :-


ഈ ജന്മത്തിൽ നഷ്‍ടപ്പെട്ട ആയുസ്സിലെ വർഷങ്ങൾ തിരിച്ചു കിട്ടുമോ? നീ സ്നേഹിച്ചിരുന്ന പത്നിയും, പുത്രന്മാരും നിൻെറ കൂടെ വരുമോ? ഏതു ഉത്തമ ലാഭമോ, അതിനെ സ്വീരിക്കു.

പരസ്ത്രീകളെ അമ്മയെപ്പോലെ ബഹുമാനിക്കുന്നതിൽ, നിനക്ക് എന്താ ചിലവ്? പരനിന്ദ ചെയ്യാതേയും, പരദ്രവ്യം മോഷ്‍ടിക്കാതെയും ജീവിക്കുന്നതിൽ, നിനക്ക് എന്താ ചിലവ്? സന്ത് ജനങ്ങളുടെ വചനങ്ങളിൽ വിശ്വസിക്കുന്നതിൽ, നിനക്ക് എന്താ ചിലവ്? സത്യം പറയുന്നതിൽ നിനക്ക് എന്താ കഷ്‍ടം? രാമനാമം ജപിക്കുന്നതിൽ നിനക്ക് എന്താ ശ്രമം? പ്രഭുവിൻെറ അനുഗ്രഹം നേടാൻ, ഇത്രമാത്രം അനുഷ്‍ടിച്ചാൽ മതി; വേറെ പ്രയത്നങ്ങൾ ഒന്നും ആവശ്യമില്ല.

നീ ചെയ്യുന്ന കർമ്മങ്ങൾ എല്ലാം ഫലം തരുന്നതാണ്; അതിനാൽ ഫലത്തിൽ ആശ വെക്കുന്നത് വ്യർത്ഥമാണ്.

ഭാർയ്യയും, മക്കളും, ബന്ധുക്കളും ജീവിതത്തിലെ ബന്ധങ്ങളാണ്. മരിച്ച ആളുടെ പേരും പറഞ്ഞ്, മൺകുടം ഉടക്കുന്നതുപോലെ, ബന്ധുക്കൾ എല്ലാവരുടേയും പേരുകൾ പറഞ്ഞ്, എല്ലാ മൺകുടങ്ങളേയും ഒരേ സമയത്ത് ഉടച്ച്, ബന്ധനങ്ങളിൽ നിന്ന് മുക്തനാവു. ത്യാഗം ചെയ്യാതെ, ഭോഗം പൂർത്തി ആവുകയില്ല. പ്രഹ്‍ളാദൻ തൻെറ അച്‍ഛനേയും, വിഭീഷണൻ തൻെറ ജ്യേഷ്‍ടനേയും, ഭരതൻ തൻെറ അമ്മയേയും, രാജ്യത്തേയും ത്യജിച്ച്, ഈശ്വരൻെറ ചരണകമലങ്ങളെ ആശ്രയിച്ചു.

മാന-അപമാനത്തിൻെറ കുരുക്ക് അഴിച്ചുവിടു; എല്ലായ്‍പോഴും സമാധാനമായി ഇരുന്നാൽ ദൈവദർശനം ലഭിക്കും. മനസ്സിൽ ശാന്തി ഉണ്ടെങ്കിൽ, വികാരങ്ങളുടെ ക്ഷോഭം വരുകയില്ല.

ദുഷ്‍ടജനങ്ങളോട് ചേർന്നാൽ, ജീവിതം നരകമയമാവും; ദുഷ്‍ടജനങ്ങളെ പേപ്പട്ടിയെ പോലെ ഗണിക്കണം; അവരിൽ നിന്ന് എത്ര അകന്നു നിൽക്കുന്നുവോ, അത്രയും നല്ലതാണ്.

നിൻെറ അന്തക്കരണത്തിൽ ശുദ്ധി ഇല്ലെങ്കിൽ, കാശിയും, ഗംഗാ സ്‍നാനവും, ശുദ്ധി വരുത്തുമോ? പ്രേമം ഇല്ലാത്ത സംസാരം, പേപ്പട്ടിയുടെ കുരയ്ക്കൽ പോലെയാണ്.

മനസ്സിലെ വാസനകൾ പോലെ, പുറത്തെ ഭാവങ്ങളേയും കാണാം.

മനസ്സിനെ പ്രസന്നാവസ്ഥയിൽ നിർത്തുന്നതാണ്, സർവ്വ സിദ്ധികളുടേയും ആദികാരണം. മോക്ഷം, ബന്ധനം, സത്ഗതി, അധോഗതി എന്നിവക്കെല്ലാം പ്രധാന കാരണം മനസ്സാണ്. കല്ലു കൊണ്ടുളള ബിംബത്തിൽ, ഭഗവാനെ സ്ഥാപിക്കുന്നതിനും, പൂജിക്കുന്നതിനും, മനസ്സാണ് പ്രധാന കാരണം. ഇച്‍ഛകളെ പൂർത്തി ആക്കുന്നതും മനസ്സാണ്. എല്ലാ വികാരങ്ങളുടേയും മാതാവാണ് മനസ്സ്. ഏതെങ്കിലും ഒരു വ്യക്തിയെ ഗുരുവായി ഗണിക്കുന്നതും മനസ്സാണ്.

ബിംബത്തെ നശ്വരമായ അലങ്കാരങ്ങൾ ചെയ്‍തു പൂജിക്കുന്നത് സത്യമല്ല. ഈ ലോകത്തിൽ എല്ലാം നശ്വരമായതിനാൽ, ജനങ്ങളെ ലോഭം കാണിച്ച്, മോഹിപ്പിക്കുന്നത് എന്തിനാ?

ശോകത്താൽ ശോകം അധികമാവുന്നു; അതിനാൽ ധൈർയ്യം വരിക്കു. ഈ ജന്മത്തിൽ കുറച്ചെങ്കിലും പരമാർത്ഥത്തിൽ ആഗ്രഹം ഉണ്ടെങ്കിൽ മതി.

വിശ്വാസം ഉളളവന്ന്, തകുന്നപോലെ മാർഗ്ഗവും കാണിക്കപ്പെടും. നടന്നുപോവുമ്പോളേ വഴി അറിയുകയുളളു. മറുകരയിൽ എത്തിയതിൽ പിന്നെ, തോണിയെ കത്തിക്കരുത്; എന്തെന്നാൽ, മററനേകം ജനങ്ങൾക്കും മറുകര എത്തണമല്ലോ.

മനസ്സിലെ ശാന്തിക്കു തുല്യമായി വേറൊരു സുഖവും ഇല്ല. ഈ ശാന്തിയാൽ, ഭവസാഗരം എളുപ്പം കടക്കാം. മനസ്സിൽ കാമ-ക്രോധങ്ങൾ നിറഞ്ഞാൽ, ശരീരത്തിൽ ആധി-വ്യാധികളും നിറയും. മനസ്സ് ശാന്തമായാൽ, സത്വ-രജസ്-തമോഗുണങ്ങളും അകന്നുപോവും.

ഭഗവാനെ പൂജിക്കുമ്പോൾ, ഏതെങ്കിലും സന്ത്ജനം വന്നാൽ, ഭഗവാൻെറ പൂജ നിർത്തി, സന്ത്ജനത്തെ പൂജിക്കണം.

എൻെറ നാവേ, ഭഗവാൻെറ നാമങ്ങൾ മാത്രം ഉച്ചരിക്കു; എൻെറ ചെവിയേ, ഭഗവാൻെറ നാമങ്ങൾ മാത്രം കേൾക്കു; എൻെറ നേത്രങ്ങളേ, ഭഗവാൻെറ രൂപങ്ങൾ മാത്രം കാണു; എൻെറ കൈ-കാലുകളേ, ഭഗവാനെ നമസ്‍കരിക്കു; എൻെറ മനസ്സേ, ഭഗവാൻെറ ചരണങ്ങളിൽ ലയിക്കു; എൻെറ ഇന്ദ്രിയങ്ങളേ, ഭഗവാനിൽ നിന്ന് വേർപെട്ടു നിൽക്കരുതേ; ഭയപ്പെടേണ്ടാ, നാരായണൻ നമ്മുടെ അടുത്ത് തന്നെ ഉണ്ട് !

ദേഹരൂപമായ ഈ വീട്ടിൽ ഈശ്വരനെ നിത്യവാസിയാക്കുമ്പോൾ, ദൈനംദിന കർമ്മങ്ങളിൽ ഈശ്വരൻെറ സാന്നിദ്ധ്യം ഉണ്ടാവും. സങ്കൽപ-വികൽപങ്ങളും, പാപ-പുണ്യങ്ങളും അകന്നുപോവും. സർവ്വ സമയങ്ങളും, ശുഭസമയം ആവും.

വെളളം ശുദ്ധമല്ലെങ്കിൽ, സോപ്പ് എന്തു ചെയ്യും? മനസ്സ് ശുദ്ധമല്ലെങ്കിൽ, ബോധം എന്തു ചെയ്യും? വൃക്ഷത്തിൽ പൂവും, കായും വരുന്നില്ലെങ്കിൽ, വസന്ത ഋതു എന്തു ചെയ്യും? വന്ധ്യസ്‍ത്രീക്കു മക്കളില്ലെങ്കിൽ, ഭർത്താവ് എന്തു ചെയ്യും? ഭർത്താവ് നപുംസകൻ ആണെങ്കിൻ ഭാർയ്യ എന്തു ചെയ്യും? വെളളം ഇല്ലാതെ ധാന്യങ്ങൾ എങ്ങനെ വേവും? പ്രാണൻ ഇല്ലെങ്കിൽ ശരീരം എന്തു ചെയ്യും?

ഗർവ്വത്തെ നീക്കുന്നതാണ് യോഗ-തപ സാധനകൾ; ചെയ്യേണ്ടത് അതാണ്; അതിനാൽ ദേഹഭാരങ്ങൾ അകലും.

അന്നന്നു ചെയ്യേണ്ട കാർയ്യങ്ങൾ, അന്നന്നേ ചെയ്‍തു തീർക്കണം. പിന്നേക്കു നീട്ടിവെച്ചാൽ, കുന്നുപോൽ അവ കൂടീടും. നിനക്ക് അറിയാമോ, നിൻെറ മരണ സമയം എപ്പോൾ എന്ന്?

സർവ്വ വ്യവഹാരങ്ങളിലും ഒരേ സമയത്ത്, നിൻെറ മനസ്സിനെ എങ്ങനെ ഇടപെടുത്താൻ കഴിയും? നിൻെറ ദേഹത്തെ വിധിക്ക് അധീനമാക്കി, ഭഗവാനെ മനസ്സിൽ ദൃഢതാപൂർവ്വം സ്ഥാപിക്കു. വേറൊന്നിലും മനസ്സിനെ നിർത്താതിരുന്നാൽ, നിൻെറ പരമാർത്ഥ കാർയ്യം സിദ്ധമാവും.

ലക്ഷ്യത്തിൽ എത്തണമെങ്കിൽ, ശരിയായ മാർഗ്ഗത്തിൽ പോവണം. ഭക്തിഭാവം അവിടെ എത്താനുളള മാർഗ്ഗം അല്ലേ? മനസ്സിൽ സംശയം വേണ്ടാ.

നിൻെറ മനസ്സിൽ ധൈർയ്യം ഉണ്ടെങ്കിൽ, യോദ്ധാ ആവു; അല്ലെങ്കിൽ കൂലിക്കാരനായി പണിയെടുക്കു; മനസ്സിൽ ഗർവ്വം വെക്കേണ്ടാ.

ഏതൊരുവൻെറ മനസ്സിൽ സന്ത്ജനങ്ങളുടെ വചനങ്ങളിൽ

വിശ്വാസം  ഉണ്ടോ, അവന്ന് ഉപദേശങ്ങളുടെ ആവശ്യം ഇല്ല.

ധനത്തിനെ തേടി നടക്കുന്നത്, നരകതുല്യമാണ്. നമക്കു വിധിച്ച സുഖ-ദുഖങ്ങൾ അനുഭവിച്ചേ തീരൂ; അതിനാലാണ് പറയുന്നത്, ഫലങ്ങളെ ഇച്‍ഛിക്കാതെ, പൂർണ്ണമനസ്സോടെ കർമ്മങ്ങൾ ചെയ്യുവാൻ. ഈ പരമാർത്ഥത്തെ ആദരിക്കു, ശാശ്വതമായ ധനം കിട്ടിക്കൊണ്ടിരിക്കും.

മനസ്സിനെ ഈശ്വരധ്യാനത്തിൽ ഉറപ്പിച്ചു നിർത്തി, കിട്ടുന്ന സുഖത്തിൽ തൃപ്‍തിയാവൂ. ശ്രദ്ധയില്ലാതെ വായിനാൽ എന്താണ് ഉച്‍ഛരിക്കുന്നത്? മൌനം വരിച്ച്, ബുദ്ധിയെ സ്ഥിരമാക്കുന്നതാണ്, പ്രധാന സിദ്ധി.

നീ മുറിമൂക്കൻ ആയാൽ, ദർപ്പണത്തിൻെറ മേൽ എന്തിനാ കോപിക്കുന്നത്?

വിധിച്ച കർമ്മങ്ങൾ ചെയ്‍തും, മനസ്സിനെ സന്തുഷ്‍ടമാക്കിയും ജീവിക്കുമ്പോൾ, മനസ്സിൽ ഈശ്വരസാന്നിദ്ധ്യം വരുന്നു.

ആഹാര-വ്യവഹാരങ്ങൾ സാത്വീകവും, ഇന്ത്രിയങ്ങൾ നിയന്ത്രിതവും, നിദ്രയും, വാർത്തകളും പരിമിതവും, ആയാൽ പരമാർത്ഥം ധനമാവും. ദേഹത്തെ ഈശ്വരാർപ്പണം ചെയ്‍തു, ആനന്ദമായി ജീവിക്കു.

പരധനത്തേയും, പരനാരിയേയും കാംക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം.

ഈ ദേഹം അവസാനം അഗ്നിക്ക് ഇരയാവുന്നു; അതിനാൽ ഹരിഭജനം ചെയ്‍തുകൊണ്ടിരിക്കു. ഭക്തിഭാവത്തിന്നു പകരം, ലൌകീകവ്യവഹാരങ്ങൾ ചെയ്യേണ്ട. ഭഗവാൻെറ കഥകൾ ശ്രവിച്ച്, മനസ്സ് ശാന്തമായാൽ, ദേവപദം ലഭിച്ച പോലെ സന്തോഷം വരും. ഭഗവാൻെറ കഥകൾ ശ്രവിച്ചിട്ടും, മനസ്സ് ക്ഷുബ്‍ധമായിരുന്നാൽ, ആ മനുഷ്യർ കല്ലുകളായി ജന്മം എടുത്തിരിക്കുന്നു.

എല്ലാ ജീവജാലങ്ങളിലും ഈശ്വരൻ ഉണ്ടെങ്കിലും, അവയുടെ സ്വഭാവം അറിഞ്ഞിരിക്കണം. അഗ്നിയുടെ ശീത-നിവാരണ സ്വഭാവം സൌജന്യമായാലും, നിൻെറ വസ്ത്രത്തിൽ, കെട്ടിക്കൊണ്ട് നടക്കാമോ? സർപ്പവും, തേളും, നാരായണൻ തന്നേ ആയാലും, നീങ്ങി നിന്ന് നമസ്‍കരിക്കു, കൈകൊണ്ട് തൊടേണ്ട.

നീ ഭഗവാനെ സ്‍മരിച്ചുകൊണ്ടിരിക്കു, മരണ ഭയം അലട്ടുകയില്ല. മായാബന്ധനങ്ങൾ അകന്നുപോവും; ഋദ്ധി-സിദ്ധകൾ വന്നു ചേരും. വേദ-ശാസ്ത്രങ്ങളുടെ സാരാംശവും ഇതുതന്നെ.

നീ നിശ്ചലനായിരുന്ന് വിഠ‍ഠലനെ ധ്യാനിക്കു; അവനാണ് നിനക്ക് അന്ന-വസ്ത്രാദികൾ തന്നു രക്ഷിക്കുന്നത്. ഇതിലധികം ജീവിതത്തിൽ ആവശ്യമില്ലല്ലോ. വിഠ‍ഠലൻ ദയാലുവും, മായാലുവും ആണ്. ഭക്തരുടെ ആവശ്യങ്ങൾ എല്ലാം പൂർത്തിയാക്കുന്നു. നിൻെറ വാണിയെ വിഠ‍ഠലൻെറ നാമങ്ങളാൽ അലങ്കരിക്കു.

ഹരിഭജനം ചെയ്യുന്നതിന്ന് ജാതി-മത ഭേദങ്ങൾ ബാധ്യമല്ല. ശുദ്ധ മനസ്സാണ് മുഖ്യം.

ഏതു പ്രവചനത്തിൽ നാരായണസ്‍മരണ ഇല്ലയോ, അത് ഗുരുവിൻെറത് ആയാലും ഗണിക്കേണ്ടാ.

ഭോഗത്തിൻെറ ഫലം രോഗം; നാവിൻെറ രസത്തെ വളർത്തിയാൽ, ഉദരത്തിൽ രോഗം വളരും.

നാവിനാൽ നിത്യവും നാരായണനാമം ഉച്‍ഛരിക്കു; ഇങ്ങനെ ജന്മ-മൃത്യു-ജരാ-വ്യാധികളും, പാപ-പുണ്യങ്ങളും അകലുന്നു. മനസ്സിൽ കാമ-ക്രോധ-മദ-മാത്സർയ്യങ്ങളും വരുന്നില്ല. വാദ-പ്രതിവാദങ്ങൾ ഭൂഷണ-ദൂഷണങ്ങളിൽ അവസാനിക്കുന്നു. ഈ വിഷയങ്ങളെ ത്യജിച്ച്, സന്ത് ജനങ്ങളെ സേവിച്ച് സന്തോഷിക്കു.

അസത്യം പാപത്തിൻെറ ഖനിയാണ്; സത്യം സുഖത്തിൻെറ ഖജാനയും !

' ഈ ദേഹം എൻേറതാണ് ' എന്ന അഭിമാനം ഇല്ലാതെ, സംസാരഭാരങ്ങൾ ഈശ്വരാർപ്പണം ആക്കിയാൽ, മനസ്സിൽ ബ്രഹ്മാനന്ദം പ്രകടമാവും.

പത്നിയെ ത്യജിക്കുന്നത് അല്ല ബ്രഹ്മചർയ്യം; വീടു വിട്ടുപോവുന്നത് അല്ല വൈരാഗ്യം.

ആഹാരം ത്യജിക്കേണ്ടാ, വനവാസം ചെയ്യേണ്ടാ; ഭോഗങ്ങളിൽ മുഴുകേണ്ടാ, ത്യാഗങ്ങളിൽ വീഴേണ്ടാ; ഭോഗങ്ങൾ അനുഭവിക്കുന്ന സമയത്തും, നാരായണനെ സ്‍മരിക്കു. സർവ്വഭോഗങ്ങളേയും ഈശ്വരാർപ്പണമാക്കു.

മനസ്സിൽ ഊഹങ്ങൾ വെക്കേണ്ടാ; രാമനാമം സ്ഥിരമാക്കു. ഏതു ഭോഗം കിട്ടിയോ, അതിനെ ഈശ്വരാർപ്പണമാക്കി, അനുഭവിക്കു.

ലോകത്തിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം, നാരായണൻ വിധിച്ചതു പോലെയാണ്. നരിയുടെ വിശപ്പു മാററാൻ വേണ്ടി, പശുവിനെ കൊല്ലുന്നത് പുണ്യകർമ്മം ആണോ?

ഹൃദയത്തിൽ ആശകളെ നിറച്ചും കൊണ്ട് ജീവിക്കുന്നു; അന്ത്യ സമയത്ത് കയ്യിൽ ഒരു തരി മണ്ണുപോലും നിൽക്കുന്നില്ല. പാണ്ഡുരംഗവിട്ടലനെ ശരണം പ്രാപിക്കു. മനപ്പൂർവമായി അർപ്പിക്കുന്ന ഒരു തുളസീദളമോ, ജലമോ, സ്‍മരണമോ, വിത്തോബാവിൻെറ അനുഗ്രഹങ്ങൾ നേടാൻ മതി.

മുമ്പിൽ അജ്ഞാനത്താൽ, ജന്മ-മൃത്യു ദുഖങ്ങൾ സഹിച്ചു; ഇപ്പോഴും അന്ധനായി ഇരിക്കുന്നുവോ? എല്ലാ സുഖ-ദുഖങ്ങളേയും ഈശ്വരനിൽ അർപ്പിച്ച്, മനസ്സിനെ ശാന്തസ്‍തിഥിയിൽ നിർത്തു.

ഈ പ്രപഞ്ചത്തിലെ മിത്ഥ്യാ-മോഹങ്ങളിൽ കുടുങ്ങാതെ ജീവിക്കു. അനേകത്തിൽ ഏകത്വവും, ഏകത്തിൽ അനേകത്വവും ഉളള ഈ പ്രപഞ്ചത്തിലെ, പ്രകൃതി സ്വഭാവം അനുഭവിക്കണം.

ഭഗവദ്ഭക്തിയെ മനസ്സിൽ സ്ഥിരമാക്കിയില്ലെങ്കിൽ, ഇന്ത്രിയങ്ങളുടെ കൂടെ ചേർന്ന്, മനസ്സ് അധോഗതിയിലാവും. മനസ്സിൽ ഏതു നിറം പൂശുന്നുവോ, ആ നിറം നിൽക്കും. അതിനാൽ മനസ്സിൽ പരമാത്മാവിൻെറ നിറം നിറക്കു. ജീവാത്മാവ് കർമ്മ ബന്ധിതമാണ്; പരമാത്മാവ് നിഷ്‍കാമനാണ്.

പ്രേമത്തോടെ ജീവിക്കുന്നതാണ് ഉത്തമ സാധന; ദുഷ്‍ട വ്യവഹാരങ്ങൾ നീണ്ടുനിൽക്കുകയില്ല; അവസാനം സതൃ-അസത്യത്തിൻെറ തീരുമാനം വരും. ആർക്കു പ്രഭുചിന്തനം ഉണ്ടോ, അവന്ന് ലാഭവും ഉണ്ട്.

ആശകളെ വേരോടുകൂടെ പറിച്ചെറിയുന്നവനാണ്, വൈരാഗി.

നിൻെറ വിദ്യകളെ മാത്രം അഭിമാനിച്ചിരുന്നാൽ, യമലോകത്തിലേക്കുളള വഴിയിൽ പോവും. വിനീതഭാവം ഇല്ലാത്തവൻ വാൾ അല്ല, കഠോരമായ ലോഹമാണ്.

നടക്കുമ്പോൾ ഓരോരു അടി വെക്കുമ്പോഴും വിട്ടലൻെറ നാമം ജപിക്കു, വിട്ടലൻ നിൻെറ കൂടെ വന്ന്, തൻെറ പീതാംബരത്താൽ നിഴൽ നൽകും. നാരായണൻെറ നാമസ്‍മരണത്താൽ, വിശപ്പും, ദാഹവും അടങ്ങുന്നു, ജന്മം സഫലമാവുന്നു.

ഗർവ്വത്തെ ത്യജിച്ച്, ശുദ്ധമനസ്സോടെ ഈശ്വരനെ സേവിക്കു; ഏകാന്തതയിൽ വിട്ടലൻെറ കീർത്തനങ്ങൾ പാടൂ; കിട്ടാത്ത ലാഭങ്ങൾ സുലഭമായി വന്നുചേരും.

നഷ്‍ടത്തിലെ വ്യാപാരം പൊളളയാണ്. ആലസ്യം ഇല്ലാത്ത വ്യാപാരിയെ നോക്കി, നിൻെറ ആലസ്യത്തിൽ ലജ്ജിക്കു.

ജനന-മരണ ചക്രത്തിൽ കുടുങ്ങി, നീ ദിവസംതോറും പുതിയ പുതിയ കഷ്‍ടങ്ങൾ അനുഭവിക്കുന്നു. കാമ-ക്രോധാദി വികാരങ്ങൾ നിന്നെ മാർഗ്ഗത്തിൽ നിന്നു തെററിക്കുന്നു. ഇതെല്ലാം നോക്കിയിട്ടും, നീ അന്ധനായി നടക്കുന്നു.

ധൈർയ്യത്തിനേ വിലയുളളു; പൊളളയായ വാർത്തകളാൽ പ്രയോജനമില്ല. നിശ്ചയിച്ച കാർയ്യം സഫലം ആവണമെങ്കിൽ, ധൈർയ്യം വിടരുത്. ധൈർയ്യവാനെ നാരായണൻ രക്ഷിക്കുന്നു.

ഏകാന്തതയിൽ ഇരുന്നും, ഏകാഗ്രചിത്തനായും, മനസ്സിലെ ദുഷ്‍ടവികാരങ്ങളെ നീക്കിയാൽ, പരമസുഖം ലഭിക്കും.

സംസാരസാഗരത്തെ തരണം ചെയ്യുന്നതോ, മുങ്ങിപ്പോവുന്നതോ, സ്വന്തം പ്രയത്നത്താൽ മാത്രമാണ്.

ഓ, മനുഷ്യാ, നിനക്ക് ഒരു സേർ ( നാഴി ) അന്നമല്ലേ ആവശ്യം? നിനക്ക് ആറടി മണ്ണല്ലേ കിടക്കാൻ വേണ്ടത്? ആശകളെ വളർത്തി, ദുഖമല്ലേ അവസാനം കിട്ടുന്നത്? ഭഗവാനെ മറന്ന് ചെയ്യുന്ന കർമ്മങ്ങളെല്ലാം വ്യർത്ഥമാണ്.

എണ്ണ ആട്ടുന്ന ചക്രം തിരിക്കുന്ന കാളയെ നിർദ്ദയമായി അടിക്കുന്ന പോലെ, ഭവസാഗരത്തിലെ ദുഖങ്ങൾ സഹിച്ചേ തീരൂ. അതിനാൽ, എത്ര സമയം ഈശ്വരസ്‍മരണം ചെയ്യുന്നുവോ, അത്രയും സമയം സുഖം കിട്ടും.

നിൻെറ മനുഷ്യ  ശരീരം ദുർലഭമായി കിട്ടിയതാണ്;

ഹരിനാമം സ്‍മരിച്ച്, കിട്ടുന്ന സുഖത്താൽ, ഭണ്ഡാരം നിറക്കു. ' സമയം കിട്ടുമ്പോൾ ഹരിനാമം ജപിക്കാം ' എന്ന് വിചാരിക്കേണ്ടാ; മരണ സമയം നിനക്ക് എപ്പോഴാണെന്ന് അറിയുമോ?

നാരായണൻെറ അഭയഹസ്‍തം ഭക്തരെ അനുഗ്രഹിക്കുന്നു; ഭക്തൻെറ കർമ്മങ്ങൾക്കു തകുന്ന ഫലങ്ങൾ നൽകുന്നു. നീ വിതച്ചതല്ലാതെ, വേറൊന്ന് കൊയ്യാൻ കഴിയുമോ? മുളളുച്ചെടിയിൽ മാങ്ങ കായ്‍ക്കുമോ? നിൻെറ ശത്രുവും, മിത്രവും നീ തന്നെയാണ്.

ഇന്ത്രിയനിയന്ത്രണം ഇല്ലാതെ, പരമാർത്ഥതത്വം പ്രവചിക്കുന്നത് എന്തിനാ? പുറത്ത് ശുദ്ധവും, അകത്ത് മലിനവും ആവുന്നതിൽ, എന്താ ലാഭം?

മനുഷ്യൻ നിഷ്‍കാമൻ ആയാലെ, ശ്രീരാമരൂപം കാണുകയുളളു.

ഓ, സന്ത്ജനങ്ങളേ, ദുഷ്‍ടജനങ്ങളെ ത്യജിക്കൂ; ഉളളിയേക്കാളും, ഉളളി തിന്നവൻെറ വായ നാറും. എങ്ങനെ സംഗം, അങ്ങനെ രംഗം.

നിൻെറ അന്ത്യസമയത്തെ ബന്ധു ഭഗവാനാണ്, ഭഗവാൻെറ ആശ്രയം നേടു.

മനസ്സ് പാപ-പുണ്യങ്ങളാൽ മലിനമായിരിക്കുമ്പോൾ, പുറത്ത് ശരീരത്തെ കഴുകുന്നതിൽ എന്താ ലാഭം? എപ്പോഴും പവിത്രമായിരിക്കുന്ന ഭൂമിയിൽ, നീ എന്തിനാ അപവിത്രത നോക്കുന്നത്?

ഓ, മനസ്സേ, നീ എപ്പോഴും ദുഷ്‍ടചിന്തകളിലും, ആഹാരവിഷയങ്ങളിലും മുഴുകിയിരിക്കുന്നു. പക്ഷികൾ നിന്നേക്കാളും ഭേദപ്പെട്ടവരാണ്; ചാതകപ്പക്ഷി ഭൂമിയിലെ ജലത്തിനെ കുടിക്കാത്തതിനാൽ, മേഘങ്ങൾ വേനൽക്കാലത്ത്, അതിനുവേണ്ടി വർഷിക്കുന്നു. എത്രയെത്ര ജീവികൾ ജലത്തിലും, വനത്തിലും വസിക്കുന്നു; അവയുടെ അടുത്ത് സംഗ്രഹങ്ങൾ ഇല്ലല്ലോ.

ഓ, മനുഷ്യാ, ദയാവാനായ ഈശ്വരനെ നീ എന്തുകൊണ്ട് ഓർമ്മിക്കുന്നില്ല? അവൻ ഒററക്ക് സർവ്വസൃഷ്‍ടികളേയും പരിപാലിക്കുന്നു. ഗർഭത്തിലെ ശിശുവിൻെറ വളർച്ചയും, അമ്മയുടെ മുലകളിൽ പാലും, ഗ്രീഷ്‍മ ഋതുവിൽ മരങ്ങളിൽ ഇലകളും, അവക്കു വേണ്ട വെളളവും, കൊടുക്കുന്നത് ആ ഈശ്വരൻ അല്ലേ? ആ വിശ്വേശ്വരൻെറ നാമസ്‍മരണം ചെയ്‍തു ജീവിതം സഫലമാക്കു.

പുത്രീ-പുത്രന്മാരിലുളള മോഹം മംഗളദായകമല്ല; നിൻേറയും, ഭഗവാൻേറയും നടുവിലുളള തിരശ്ശീലയാണത്.

തൈരിന്നുളളിൽ, വെണ്ണയും മോരും ഉണ്ട്; പക്ഷേ രണ്ടിന്നും ഒരേ വിലയല്ലല്ലോ. ആകാശത്തിൽ ചന്ദ്രനും, നക്ഷത്രങ്ങളും നിൽക്കുന്നു; എന്നാലും രണ്ടിൻേറയും പ്രകാശം ഒരുപോലെ അല്ലല്ലോ. ഭൂഗർഭത്തിൽ രത്നങ്ങളും, കല്ലുകളും ഉണ്ട്; പക്ഷേ രണ്ടിൻേറയും വില ഒന്നല്ലല്ലോ. ഇതേപോലെയാണ്, സന്ത്ജനങ്ങ‍ൾക്കും സംസാരികൾക്കും തമ്മിൽ ഉളള വ്യത്യാസം.

ഏതൊരുവൻെറ സംഗത്താൽ അപകീർത്തി ലഭിക്കുന്നുവോ, അവനെ പൂർണ്ണമായി ത്യജിക്കണം.

ത്യാഗം ചെയ്യണമെങ്കിൽ, അഹങ്കാരത്തെ ത്യജിക്കു; പിന്നെ ശേഷിച്ചത് എന്താണെന്ന് നോക്കു; ദ്വന്ദഭാവത്തെ മനസ്സിൽ വരുത്താതെ, ശുദ്ധതയും, സന്തോഷവും വരുത്തു.

ഉത്തമ വ്യാപാരത്താൽ കിട്ടിയ ധനത്തെ, നല്ല വഴികളിൽ ചിവവാക്കിയാൽ, ഉത്തമഗതിയും, ഭോഗവും ലഭിക്കും. പരോപകാരം ചെയ്യുകയും, പരനിന്ദ ചെയ്യാതിരിക്കുകയും, പരസ്ത്രീകളെ അമ്മ-അനുജത്തിമാരെപ്പോലെ ബഹുമാനിക്കുകയും, വയോവൃദ്ധരെ ബഹുമാനിക്കുകയും, ശാന്തതയോടെ വസിക്കുകയും, പക്ഷി-മൃഗാദികളെ സംരക്ഷിക്കുകയും, അവക്ക് ദാഹശമനത്തിന്ന് വേണ്ട വെളളം വെക്കുകയും, ചെയ്യുന്നതാണ് ഗൃഹശ്രാസമത്തിലെ ഉത്തമ കർമ്മങ്ങൾ. ഇതും പരമപദം ലഭിക്കുവനുളള വഴിയാണ്; വൈരാഗ്യം ആവശ്യമില്ല.

ഏതെങ്കിലും വസ്‍തു കാണാതെ പോയാൽ, അതിനെ ചിന്തിച്ച് മനസ്സ് മുഷിപ്പിക്കേണ്ടാ; അതിനെ കൃഷ്‍ണാർപ്പണമാക്കി എന്ന് വിചാരിക്കു.

ഹേ, വിഠ്‍ഠലാ, വിഷയ-വ്യവഹാരങ്ങളിൽ എന്നെ ആലസ്യനാക്കു, അങ്ങയുടെ നാമജപത്തിന്ന് വേണ്ട ശക്തി തരു. പൊളളയായ വാർത്തകൾ ഉച്‍ഛരിക്കാൻ എൻെറ വാണിയെ തടയു, അങ്ങയുടെ കീർത്തനങ്ങൾ പാടുവാൻ എൻെറ വാണിയെ ശക്തമാക്കു. അങ്ങയുടെ ചരണകമലങ്ങൾ മാത്രം, എൻെറ കണ്ണുകൾ കാണുമാറാകട്ടേ.

ഹേ, പ്രഭോ, എന്നെ ദുർജ്ജനങ്ങളിൽ നിന്ന് അകററി നിർത്തണേ, അവരോടു ചേർന്നാൽ, മനസ്സിൽ ദുഷ്‍ടവിചാരങ്ങൾ നിറയുന്നു.

കാഴ്‍‍ചയില്ലാത്തവനെ തെററായ വഴിയിൽ നിന്ന് മാററുന്നതു പോലെ, അധർമ്മിയെ ബലപൂർവ്വം, തെററായ വഴിയിൽ നിന്ന് മാററണം.

മനസ്സിലെ സങ്കൽപ്പങ്ങളെ അകററുന്ന സന്യാസം വരിക്കു; പിന്നെ നിനക്ക് ഗൃഹത്തിലോ, വനത്തിലോ വസിക്കാം; മഞ്ചത്തിലോ, ഭൂമിയിലോ, വേറെ എവിടെയെങ്കിലും കിടക്കാം. ആകാശം അണുഅണുവിൽ ഉളളതുപോലെ, ഈശ്വരൻ സർവ്വവ്യാപിയാണ്.

ശാസ്ത്രങ്ങളെ എത്ര പ്രാവശ്യം പാരായണം ചെയ്‍താലും, നിൻെറ മനസ്സ് ശുദ്ധമല്ലെങ്കിൽ, അതെല്ലാം വ്യർത്ഥമാണ്. ഭാവാർത്ഥം ഗ്രഹിച്ചില്ലെങ്കിൽ, അക്ഷരാർത്ഥം വെറും ഭാരമാണ്. ഏകാഗ്രചിത്തനായി ഇരുന്നാലെ, പ്രഭുവിൻെറ കാരുണ്യം ലഭിക്കൂ.

സർവ്വഭാരങ്ങളേയും ഈശ്വരാർപ്പിതം ആക്കിയും, ശാന്തമനസ്സോടെ സത്കർമ്മങ്ങൾ ചെയ്‍തും, വിശ്വവ്യാപിയായ ഈശ്വരനെ ധ്യാനിച്ചും, ലഭിക്കുന്ന മനോബലവും, ദേഹബലവും, അപരിമിതമാണ്.

ബ്രഹ്മജ്ഞാനം കിട്ടണമെങ്കിൽ, സന്ത് ജനങ്ങളെ സേവിക്കണം.

' എൻേറത്, നിൻേറത് ', എന്നീ ഭാവങ്ങളെ നീക്കിയാൽ, ജീവാത്മാവിൻെറ ഭാരങ്ങളും അകന്നു പോവും. ഇതല്ലാതെ വേറെ ഒന്നും ചെയ്യേണ്ടാ, ത്യജിക്കേണ്ടാ. ആശാപാശങ്ങളാലും, മനസ്സിലെ സംശയങ്ങളാലും, ജീവാത്മാ ബന്ധനത്തിൽ പെടുന്നു. സ്വരൂപ-സ്‍ഥിതിയിൽ സുഖം അനുഭവിക്കുന്നു, ദുഖം അകലുന്നു. ലാഭ-നഷ്‍ടങ്ങളേയും, മാന-അപമാനങ്ങളേയും,

സമമായി വീക്ഷിക്കുന്നതിൽ, സുഖം അനുഭവിക്കാം.

ജീവൻെറ ഏക ആശ്രയം നാരായണൻ ആണ്.

വിട്ടലൻെറ നാമ-ചിന്തനം മതി, സർവ്വ കാർയ്യങ്ങളും സിദ്ധമാകുവാൻ; ഹരിനാമത്തിലെ വിശ്വാസം ആണ് സർവ്വഗുണോത്തമം. ഭാവ-ഭക്തിയാണ് പ്രധാനം; ആഡംബരങ്ങൾ ഒന്നും ആവശ്യമില്ല.

ഈശ്വരനെ സ്‍തുതിക്കുകയോ, നിന്ദിക്കുകയോ ചെയ്യു; പക്ഷേ വേറെ കാർയ്യങ്ങളിൽ വാർത്തകളെ ചിലവാക്കേണ്ട. നല്ല വാർത്തകൾ കേൾക്കുമ്പോൾ ചെവികൾ‍ അടക്കുന്നു, നരകവഴിയിലേക്കുളള പണികൾ പണം ചെലവാക്കി ചെയ്യുന്നു.

ഭവസാഗരത്തിൽ മുഴുകി കിടക്കുന്നവന്ന്, അക്കരെ എത്തുവാൻ ചിന്തിച്ചു കൊണ്ടിരിക്കണം. ഈ ദേഹം ഏതെങ്കിലും ഒരു ദിവസം നശിക്കും. ഈ ലോകവ്യവഹാരങ്ങളിൽ കുടുങ്ങി, അന്ധനായി ജീവിക്കരുത്.

മഹാത്മാക്കളോടു ബന്ധനം വെക്കുന്നത് നല്ലതാണ്; അതിനു മീതെ മററുളളവരോട് അധികം ഇടപെടേണ്ടാ. കൊളളയടിക്കണമെങ്കിൽ, രാമനാമം കൊളളയടിക്കു; രാമനാമം അനശ്വരമായ സമ്പത്താണ്.

ഈശ്വരഭജനത്തിന്ന് വേറെ ആരോടും ചേരേണ്ടാ, ആർക്കും വേണ്ടി കാത്തും നിൽക്കേണ്ടാ.

ശർക്കര വെളളത്തിൽ അലിഞ്ഞു പോവുന്നതുപോലെ, നിൻെറ മനസ്സിനെ നാരായണനാമത്തിൽ അലിഞ്ഞു ചേർത്തു.

ദരിദ്രർ ധനവാന്മാരുടെ നാശം കാംക്ഷിക്കുന്നു; വിഡ്ഢികൾ പണ്ഡിരുടെ മരണം കാംക്ഷിക്കുന്നു; നീ അന്യരെ നോക്കാതെ, ഈശ്വരനെ ശരണം പ്രാപിക്കു.

ഓ, മനുഷ്യാ, നീ ഒട്ടും ചിന്തിക്കേണ്ടാ; ലേശവും ഭയപ്പെടേണ്ടാ; നാരായണൻ ഭക്തരെ സഹായിക്കുകയും, രക്ഷിക്കുകയും ചെയ്യുന്നു. നാരായണനോട് സാഹിത്യരൂപത്തിൽ പ്രാർത്ഥിക്കേണ്ടാ; ഭയമില്ലാതെയും, നിശ്ശബ്‍ദമായും പ്രാർത്ഥിച്ചാൽ മതി.

ഓ, മനസ്സേ, വേറെ ഊഹാ-പോഹങ്ങൾ ഒന്നുമില്ലാതെ ഭഗവാനെ സ്‍മരിക്കു; ഭഗവാൻ അപാര സുഖത്തിൻെറ ഭണ്ഡാരമാണ്. ഭഗവാൻെറ അനുഗ്രഹത്താൽ, മനസ്സിൽ നിന്ന് ആശകൾ‍ നീങ്ങി, ശാന്തിയും, സന്തോഷവും ലഭിക്കുന്നു.

ആലസ്യവും, ഉറക്കവും ഒഴിച്ച്, ധൈർയ്യമായി, ജാഗ്രതാവസ്‍തയിൽ, ഏകാന്തതയിൽ ഇരുന്ന്, ഹരീരൂപത്തെ ധ്യാനിക്കൂ, ആലിംഗനം ചെയ്യു.

എനിക്ക് ജ്ഞാനം, കൌശലം, ആചാര-വിചാരങ്ങൾ, ഗർവ്വം, ബഹുമാനം, ലൌകീകവ്യവഹാരം, ശരീരസംബന്ധമായ വസ്‍തുക്കൾ, മ‍റേറതും, മറിച്ചതും ഒന്നും ആവശ്യമില്ല. വിട്ടലൻെറ ചരണങ്ങൾ എൻെറ ഹൃദയത്തിൽ നിൽക്കണം; വിട്ടലൻെറ നാമങ്ങൾ എൻെറ നാവിൽ വരേണം; വിട്ടലൻെറ ധ്യാനത്തിൽ എൻെറ മനസ്സ് സ്ഥിരമായിരിക്കണം.

മനസ്സിൽ വിവേകം വരുന്നതോടുകൂടി, വൈരാഗ്യവും വരണം. അതിനു മുമ്പിൽ വൈരാഗ്യം വരിച്ചാൽ, പ്രശംസകൾ ലഭിക്കുന്നു; പക്ഷേ, ഗർവ്വവും വരുന്നു. അന്തക്കരണത്തിലെ ആദേശങ്ങൾ ആചരിക്കുന്നതാണ് ഉത്തമം.

മിതമായി സംസാരിക്കുന്നത് അവനവൻെറ നന്മക്കാണ്; വ്യർത്ഥ ഭാഷണത്താൽ, മററുളളവരെ കഷ്‍ടപ്പെടുത്തരുത്. നീ സ്വയം ശുദ്ധനാവു; അന്യരെ ദുഷിക്കേണ്ടാ.

ഓ, മനുഷ്യാ, നീ കോടിക്കണക്കിൽ സമ്പത്തികൾ ചേർത്തു; പക്ഷേ, നിൻെറ അന്തിമയാത്രയിൽ ഒരു കൌപീനം പോലും ഇടാതെയല്ലെ, നിൻെറ ബന്ധുക്കൾ നിന്നെ അയക്കുന്നത്? ഇന്ന് നീ നല്ലവണ്ണം മുറുക്കി, വായ ചുവപ്പിക്കുന്നു; പക്ഷേ, നാളെ നീ വായ പൊളിച്ചും കൊണ്ടല്ലേ പോവുന്നത്? ഇന്ന് നീ പട്ടുമെത്തകളിൽ കിടക്കുന്നു; പക്ഷേ, നാളെ നീ പശുവിൻെറ ചാണകം മെഴുകിയ തറയിൽ കിടക്കും. രാമനാമം മറന്നുപോയാൽ, നിൻെറ ജന്മം വ്യർത്ഥമായി.

ആരേയെങ്കിലും സംശയിക്കണമെങ്കിൽ, നിൻെറ മനസ്സിനെ സംശയിക്കു. എല്ലാ ജീവജാലങ്ങളേയും സമദൃഷ്‍ടിയോടെ വീക്ഷിക്കുന്നതാണ്, ഉത്തമവും, സുഖപ്രദവും ആയ പൂജാ. മത്സരബുദ്ധി ദുഖപ്രദം ആണ്. എല്ലാ ജീവജാലങ്ങളേയും ഹരിയുടെ രൂപമായി കാണുന്നവൻ സാത്വീകനാണ്.

ആഡംബരമായ പൂജകളും, ജപതപങ്ങളും ആവശ്യമില്ല; പരമാത്മവിനെ ഭക്തിമാർഗ്ഗത്തിൽ ഭജിച്ച്, ആനന്ദം നേടൂ. ഭക്തിമാർഗ്ഗത്താൽ, ഈ ജന്മത്തിൽ തന്നെ, സംസാരബന്ധനത്തിൽ നിന്ന് മുക്തി നേടാം.

സർവ്വസമയത്തും ആഹാരത്തെ മാത്രം ചിന്തിക്കരുത്; ശ്രദ്ധാ-ഭക്തിയോടെ ജീവിച്ചാൽ, ഈശ്വരൻ നിന്നെ ഉപേക്ഷിക്കുകയില്ല.

വായിനാൽ രാമനാമവും, ഹരിനാമവും ഉച്ചരിക്കുന്നത് എളുപ്പമാണ്. ഈ നാമജപം അല്ലാതെ വേറെ വിധികൾ ഒന്നും വേണ്ടാ. തപസ്സും,തീർത്ഥാടനവും, മഹാദാനവും ആവശ്യമില്ല. ഏകാഗ്രമനസ്സോടെയുളള നാമജപം ഹരിപ്രാപ്‍തി തരും.

ഏതു ദ്രവ്യത്തിൽ, അനർത്ഥങ്ങൾ നിറഞ്ഞിരിക്കുന്നുവോ, അതിനെ ത്യജിക്കുന്നത്, ഉത്തമമാണ്. സ്വന്തം പ്രയത്നത്താൽ നേടിയ ധനം നിലനിൽക്കും.

അനേകം ആശകളെ വളർത്തി, അവയെ പൂർത്തിയാക്കുന്നതിൽ ജവിതം നയിച്ചാൽ, അവസാനം നിരാശയിൽ എത്തും. സ്വപ്‍നത്തിൽ കാണുന്ന വസ്‍തുക്കൾ പോലെ അവയെ ത്യജിച്ചാൽ, ജീവിതം സുഖപ്രദമായി വരും.

കുടുംബം മുഴുവനും ത്യജിച്ചു എന്നും പറഞ്ഞ്, കുടുംബവാസനകളെ നിർത്തിയാൽ, അത് ത്യാഗമല്ല. പിന്നേ ' ത്യാഗി ' എന്ന് പറയുന്നതിൽ അർത്ഥം ഉണ്ടോ?

നിൻെറ മനസ്സിൽ ഉളള മായാപ്രപഞ്ചത്തെ അകററി, ദൃഢമനസ്സോടെ നാമസ്‍മരണം ചെയ്യു. ഈശ്വരൻ ആകാശം പോലെ വിശാലരൂപനായാലും, ഒരോ അണുവിലും ഈശ്വരൻെറ സാന്നിദ്ധ്യം ഉണ്ട്.

മനസ്സിലെ സംശയങ്ങളെ നീക്കി, ഈശ്വരനെ ഹൃദയത്തിൽ സ്ഥാപിച്ച്, ദേഹഭാവം വെടിഞ്ഞ്, ബ്രഹ്മാണ്ഡത്തിൽ സ്വച്‍ഛമായി സഞ്ചരിക്കു.

ഗ്രന്ഥങ്ങൾ പഠിച്ചും, പാരായണം ചെയ്‍തും ഇരിക്കേണ്ടാ; എത്ര വേഗം ഭഗവാനെ ശരണം പ്രാപിച്ച്, ദേഹാഭിമാനം ഇല്ലാതെ, ഭഗവാൻെറ നാമസ്‍മരണം ചെയ്യു; ഭഗവാൻ നിന്നെ മറുകരയിൽ എത്തിക്കും.

സംസാരബന്ധനങ്ങൾ മുഴുവനും ത്യജിച്ച്, തിരിഞ്ഞു നോക്കാതെ, ഭഗവത്ഭക്തിയിൽ മുഴുകണം. ഈയാംപാററകൾ ദേഹത്തെ കണക്കാതെ, ദീപത്തിൽ വീഴുന്നതു പോലെ, നിർഭയനായി, ഈശ്വരഭക്തിയിൽ മുങ്ങണം.

മനസ്സിന്നുളളിൽ ഒരു ഭാവം, വാർത്തകളിൽ വേറൊരു ഭാവം; പക്ഷേ, അന്തർയ്യാമി ആയ പരമാത്മാവിന്ന്, രണ്ടും അറിയാം.

ഈ ഭയങ്കരവും, പ്രാണനാശകവും ആയ ധന-സമ്പത്തുകളെ പിടിച്ചുകൊണ്ട്, നീ എത്ര ദൂരം എത്തും? നീ രാമനാമം ജപിക്കു; ആരെങ്കിലും ഭഗവദ്‍മഹിമകളെ പാടുമ്പോൾ കേൾക്കു. നീ രാജാക്കന്മാരേയും മററും ബഹുമാനിക്കുന്നു; പക്ഷേ, യമദൂതൻ വരുമ്പോൾ അവരെല്ലാം നിന്നെ വിട്ടേക്കും.

രാമനാമത്തിനേക്കാളും, സുഖദായകമായ ഏതെങ്കിലും വസ്‍തുവുണ്ടോ? നീ കീർത്തിയും, പദവിയും നേടുവാൻ ഓടി നടക്കുന്നു; പക്ഷേ, ഒരു ദിവസം അവയെല്ലാം നഷ്‍ടമാവും.

കാമ-ക്രോധാദി വികാരങ്ങളിൽ മുഴുകുന്നതാണ് സംസാരബന്ധനം. ദേഹസമ്പന്ധമായ ലോഭങ്ങളെ ത്യജിക്കുന്നതാണ് യഥാർത്ഥമായ സന്യാസം.

നിൻെറ അന്തക്കരണത്തിൽ കാഷായ വർണ്ണം നിറഞ്ഞില്ലെങ്കിൽ, ദേഹത്തെ കാഷായവസ്ത്രത്താൽ പുതക്കുന്നതിൽ അർത്ഥമില്ലലോ. നിൻെറ ബാഹ്യശരീരത്തെ എത്ര ശുദ്ധമാക്കിയാലും, നിൻെറ മനസ്സിലെ മലിനത പോവുകയില്ല.

എല്ലാ ലോകങ്ങളും ദേവരൂപമാണ്; ഇതു തന്നെയാണ് ബ്രഹ്മജ്ഞാനം. ' എൻേറത്, എൻേറത് ' എന്ന വിചാരം ത്യജിച്ചാൽ, ജീവിതത്തിൻെറ തിരികല്ലിൽ ( Grinding stones ) നിന്ന് ഇറങ്ങാം.

വിധിച്ച കർമ്മങ്ങളെ പൂർണ്ണമനസ്സോടെ ചെയ്യണം; കർമ്മഫലങ്ങളെ പ്രതീക്ഷിച്ചു കൊണ്ടല്ല. നാനാവിധമായ ബന്ധനങ്ങളെ അകററി, പരമാത്മാവിനെ സ്‍മരിക്കു. ദേഹസംബന്ധമായ മോഹങ്ങളെ ത്യജിച്ചാൽ, സംസാരകർമ്മങ്ങളും സുഖദായകമായിരിക്കും. നിന്നിലും, എന്നിലും അടങ്ങിയിരിക്കുന്നത് ഒരേ ആത്മസ്വരൂപം തന്നെ.

ഭഗവാനെ ഒരു ക്ഷണം പോലും മറക്കരുത്; ജീവിതം സരളമാക്കാൻ ഉളള ഒരേ ഒരു ഉപായമാണ്.

മനസ്സിലെ ദ്വന്ദഭാവങ്ങളെ അകററി, ഏകഭാവത്തിൽ വസിച്ചാൽ, സംസാരചക്രത്തിൽ കിടന്നു ഉഴലുകയില്ല. സംസാരത്തിൽ ഇരുന്നും കൊണ്ട്, ആത്മാവിനെ ഭക്തിയിൽ നിർത്തിയാൽ, ജീവിതം സർവ്വസമയവും ആനന്ദമായിരിക്കും.

ഈശ്വരസ്‍മരണത്തിൽ സംശയം വന്നാൽ, ജീവിതം അർത്ഥശൂന്യമാവും. ഏതൊരു കർമ്മത്താൽ ഈശ്വരപ്രേമം ലഭിക്കുമോ, അതിനെ ചെയ്യു. നിൻെറ അക്ഷരജ്ഞാനത്തിൽ ഗർവ്വിക്കേണ്ടാ; ഈശ്വരനിലെ ദൃഢവിശ്വാസമേ, നിന്നെ കരകയററി വിടുകയുളളു.

പരധനത്തിലും, പരസ്ത്രീകളിലും ആഗ്രഹം വെക്കരുത്; അഹംഭാവം ഇല്ലാതെ ശാന്തമായി ജീവിക്കുക; ആലസ്യം ഇല്ലാതെ കർമ്മങ്ങൾ ചെയ്യുക; സർവ്വ ജീവജാലങ്ങളേയും സ്നേഹിക്കുക; ശുഭവാർത്തകൾ ഉച്ചരിക്കുക; ദുർജ്ജനങ്ങളോട് ചേരാതിരിക്കുക; പരമാർത്ഥപ്രാപ്‍തി നേടുവാൻ ശ്രമിക്കുക; ഇതെല്ലാം തന്നെയാണ് മോക്ഷമാർഗ്ഗം.

ഈശ്വരനിൽ മാത്രം വിശ്വാസം വെക്കു, വേറൊന്നിലും വേണ്ടാ. ആശകളെ വളർത്തിയാൽ, സുഖം നശിക്കും. നിൻെറ യോഗക്ഷേമം, ഈശ്വരൻ ഒട്ടും കുറയാതെ നോക്കിക്കൊളളും.

ഹരിനാമം നിൻെറ മനസ്സിലും, നാവിലും ഇരുന്നാൽ, ഈ ലോകമെല്ലാം നിനക്ക് മധുരമയമായിരിക്കും. നാമം സ്‍മരിച്ചുകൊണ്ടു ചെയ്യുന്ന പണികൾ സാത്വീകമാവും.

8) അജ്ഞാനികളും, ദുർജ്ജനങ്ങളും


എന്തെല്ലാം കർമ്മങ്ങൾ നടക്കുന്നുവോ, അതെല്ലാം ഭഗവാൻെറ പ്രേരണയാലാണ്. പക്ഷേ, അവിവേവികൾ ' ഞാനാ ചെയ്‍തത് ' എന്ന് അഭിമാനിക്കുന്നു. പഞ്ചഭൂതങ്ങൾ നിറഞ്ഞ ദേഹം, അവരുടെ മനസ്സിനെ മൂടിയിരിക്കുന്നു. മൃത്യു വന്നാലും, അവർ ' ഞാൻ, ഞാൻ ' എന്ന് കരഞ്ഞുകൊണ്ടിരിക്കും.

ധനസമ്പത്തുകളിൽ ആശ വെക്കുന്നവന്ന്, ഈശ്വരപ്രാപതി കിട്ടുകയില്ല. ഭാരം ചുമന്ന് കൂലിപ്പണി എടുക്കുന്നവന്ന്, ഭാണ്ഡത്തിലുളള വസ്‍തുക്കളിൽ നിന്നു ലാഭം കിട്ടുകയില്ല. മനസ്സിൽ വിഷയഭോഗങ്ങളെ നിറച്ച്, പൂജ ചെയ്യുന്നവൻ കല്ലുപോലെയാണ് ; അവൻ ചെയ്യുന്ന പൂജ ഭഗവാന്നല്ല, കല്ലിനാണ്. ഒട്ടേറെ കർമ്മങ്ങൾ ചെയ്‍ത്, ഫലം കാംക്ഷിക്കുന്നവൻ നിരാശനാവുന്നു.

സംസാരസുഖങ്ങളെ തേടി നടന്നാൽ, വിശ്രമം കിട്ടുകയില്ല; അവൻെറ മനസ്സിൽ എല്ലാ സമയത്തും വടംവലി തന്നെ. കുടുംബാംഗങ്ങളെ തൃപ്‍തിപ്പെടുന്നതിൽ രാപ്പകൽ ശ്രമിക്കുന്നു. അതുകാരണം, ഈശ്വരധ്യാനവും, ആത്മശാന്തിയും ദുർല്ലഭമാവുന്നു.

ഏതു സ്ഥലത്തിലെ ജനങ്ങൾ സേവാ-ഭക്തിഹീനരാണോ, ആ സ്ഥലം ശ്‍മശാനതുല്യമാണ; അവിടത്തെ ജനങ്ങൾ പ്രേതതുല്യരാണ്. ആ സ്ഥലത്തിൽ യമദൂതന്മാർ വസിക്കും.

നേത്രങ്ങളിൽ കാരുണ്യം ഇല്ലാതേയും, മനസ്സിൽ ഭക്തിഭാവം ഇല്ലാതെയും, ജീവിക്കുന്നവരുടെ വാർത്തകൾ പൊളളയാണ്.

കാമ-ക്രോധം എന്നീ ദുഷ്‍ടവികാരങ്ങളും വെച്ച്, ഹോമകർമ്മങ്ങൾ ചെയ്യുന്നതെന്തിനാ? അക്ഷരജ്ഞാനം നേടി, തപസ്സും, തീർത്ഥാടനവും ചെയ്‍ത് അഭിമാനിയായി, ദാനങ്ങൾ ചെയ്‍ത് പദവി നേടി; എന്നിട്ടും ആത്മപ്രാപ്‍തി നേടിയില്ല.

രാമനാമമോ, കൃഷ്‍ണനാമമോ ഇല്ലാത്ത വാണി അശുഭമാണ്; അവർ പുരുഷനോ, സ്ത്രീയോ ആവട്ടെ. ആരുടെ കയ്യിൽ ദാന-ധൈർയ്യത്തിൻെറ കങ്കണം ഇല്ലയോ, അവനെ സന്ത് ജനങ്ങൾ നീക്കിവെക്കുന്നു.

ധർമ്മം അറിയാത്തവൻ, മായയെ ബ്രഹ്മം എന്ന് വിചാരിക്കുന്നു, മററുളളവരേയും വഴി തെററിക്കുന്നു; ദേഹാഭിമാനം രക്ഷിക്കുന്നവന്ന്, നാരായണ ഭക്തി ലഭിക്കുകയില്ല.

ദുഷ്‍ടജനങ്ങൾക്ക് സമയാനുസരണം, എന്താ ചെയ്യേണ്ടത് എന്നറിയുകയില്ല. അവർ പാലിനും, മോരിനും ഒരേ വില പറയുന്നവരെപ്പോലെ ആണ്.

സ്വർണ്ണ പാത്രത്തിൽ പാലൊഴിച്ച് നായുടെ മുമ്പിൽ വെക്കുന്നതും,

കഴുതയുടെ കഴുത്തിൽ  മുത്തുമാല  ഇടുന്നതും,  

പന്നിയുടെ മൂക്കിൽ കസ്‍തൂരി തേക്കുന്നതും, ബധിരൻെറ ചെവിയിൽ ജ്ഞാനോപദേശം ചെയ്യുന്നതും, വ്യർത്ഥമല്ലേ? ശരിയായ മർമ്മം ചുരുക്കം പേർക്കേ അറിയു; ഭക്തിയുടെ മഹിമകൾ സന്ത് ജനങ്ങൾക്കേ അറിയൂ.

ജന്മനാ അന്ധന്ന്, സ്വയം ദൃഷ്‍ടി ഇല്ലാത്തതിനാൽ, ലോകമെല്ലാം അന്ധകാരമായി തോന്നുന്നു; രോഗിക്ക് വായിൽ സ്വാദില്ലാത്തതിനാൽ, മൃഷ്‍ടാന്നവും വിഷം പോലെ തോന്നുന്നു; മനസ്സിൽ ശുദ്ധി ഇല്ലാത്തവന്ന്, മൂന്നു ലോകവും അശുദ്ധമായി കാണുന്നു.

ഏതൊരുവൻ സ്ത്രീക്ക് അധീനനോ, ഏതൊരുവൻ ലോഭിയാണോ, ഏതൊരുവൻ അഥിതികളെ ആദരിക്കുന്നില്ലയോ, ഏതൊരുവൻ ആലസ്യത്തിന്നും, നിദ്രക്കും അധീനനോ, ഏതൊരുവൻ അമിതമായി ആഹാരം കഴിക്കുന്നുവോ, ഏതൊരുവനിൽ വിവേകവും, വൈരാഗ്യവും ഇല്ലയോ, ഏതൊരുവൻ സന്യാസിയെന്ന് വിളിക്കുവാൻ ഇഷ്‍ടപ്പെടുന്നുവോ, ഏതൊരുവൻ നിന്ദ്യകമായ വിവാദങ്ങളിൽ ഇടപെടുന്നുവോ, അവരുടെ എല്ലാം ജീവിതം വ്യർത്ഥമാണ്.

നാവിൽ ബ്രഹ്മജ്ഞാനവും, മനസ്സിൽ ധനേച്‍ഛയും വെച്ച്, ജനസേവ ചെയ്യുന്നതിൽ സുഖം ലഭിക്കുമോ?

പന്നി രുചികരമായി മലം തിന്നുന്നു, അതിന് മൃഷ്‍ടാന്നം എന്തിനാ? നായ രുചികരമായി എല്ല് തിന്നുന്നു, അതിന് പഞ്ചാമൃതം എന്തിനാ? സർപ്പത്തിന്ന് പാലു കൊടുത്താലും, അതിൻെറ വിഷം അകലുമോ?

കഴുതയെ തീർത്ഥജലങ്ങളാൽ കഴുകിയാലും, വെളുത്ത നിറമുളള കുതിരയാവുമോ?

സർപ്പത്തിന്ന് ശർക്കര ചേർത്തിയ പാലു കൊടുത്താലും,

അതിൻെറ അകത്ത് നിറഞ്ഞിരിക്കുന്ന വിഷം നീങ്ങുമോ?

അതുപോലെ ദർജ്ജനങ്ങൾക്ക്  എന്ത്  ഉപദേശിച്ചാലും,

അവർക്ക് മനശ്ശുദ്ധി ഇല്ലാത്തതിനാൽ, എല്ലാം വ്യർത്ഥമാവും.

ശരീരത്തിൽ ജ്വരം വന്നാൽ, പാലും വിഷം പോലെ തോന്നുന്നു; അതേപോലെ, പരമാർത്ഥത്തെ ത്യജിച്ചവന്ന്, സന്നിപാതജ്വരം പിടിച്ചതുപോലെ തോന്നുന്നു. മഞ്ഞപ്പിത്തം പിടിച്ചവന്ന്, ചന്ദ്രൻ മഞ്ഞനിറമായി കാണുന്നു. കളളു കുടിയന്ന്, വെണ്ണയുടെ സ്‍വാദറിയുമോ?

ഹേ, പ്രഭോ, പരമാർത്ഥരസം ദുർജ്ജനങ്ങളുടെ ഇടയിൽ നഷ്‍ടമാവുന്നു; അവരുടെ വായിൽ നിന്ന് നരകതുല്യമായ വാർത്തകൾ വരുന്നു. മൃഷ്‍ടാന്നം നായക്ക് തുച്‍ഛമാണ്; അതുപോലെ അവർ സന്ത്ജനങ്ങളെ നിന്ദിക്കുന്നു.

ദുരാഗ്രഹിയുടെ വഴി അധ:പതനത്തിലേക്കു തന്നെ; മനസ്സിൽ സങ്കോശവും, അപ്രസന്നതയും വെച്ച് കർമ്മം ചെയ്യരുത്. യോഗ്യകാലത്തിുലേ, ഏതു കർമ്മത്തിനും മാന്യത കിട്ടുകയുളളു.

ഞാൻ ആശകളിലും, മിത്ഥ്യയിലും, അഭിമാനത്തിലും കുടുങ്ങി എല്ലാ ദോഷങ്ങളുടേയും ഭണ്ഡാരമായി. എനിക്ക് ബോധം വന്നപ്പോൾ, വളരെ വ്യസനിച്ചു. ഈ ദേഹാഭിമാനത്താൽ എപ്പോഴും അരിശം വരുന്നു. ബുദ്ധി എപ്പോഴും ലോഭത്തിൽ നിൽക്കുന്നു. ധനം ചേർത്തിയത്, മരണാനന്തരം മക്കൾക്ക് വഴക്കിനു കാരണമാവുന്നു. ജീവനുളളപ്പോൾ നാരായണനാമം സ്‍മരിക്കാമായിരുന്നു.

ദീപനാളത്തെ നോക്കി, പാററകൾ വീണ് മരിക്കുന്നു; മരുമകൾ അമ്മായിയമ്മക്ക് വേണ്ടി പ്രയത്നിക്കുന്നു, പക്ഷേ മനസ്സിലെ ഭാവം വേറെയാണ്. വഞ്ചകൻ മധുരമായി സംസാരിച്ചാലും, മനസ്സിലെ ഭാവം നേരെ മറിച്ചാണ്. നാരകൾ ഒററക്കാലിൽ നിന്ന് ' തപസ്സ് ' ചെയ്യുന്നു, പക്ഷേ ധ്യാനമെല്ലാം മത്സ്യത്തെ പിടിക്കുന്നതിലാണ്. ഓടക്കുഴലിൻെറ സംഗീതത്തിൽ സർപ്പം ആടുന്നു; അതേപോലെ, ഭക്തിഹീനർ ഹരികഥൾ കേൾക്കുന്നതായി നടിക്കുന്നു.

സത്യാവസ്ഥ അറിഞ്ഞിട്ടും, ജനങ്ങൾ തങ്ങളുടെ നന്മക്കു വേണ്ടതുപോലെ പ്രയത്നിക്കുന്നില്ല. മത്സ്യം ഇരയിലെ ആശയാൽ ചൂണ്ടലിൽ കുടുങ്ങുന്നു. ഇതുപോലെ ധനത്തിലെ ആശയിൽ, മനുഷ്യർ കുടുങ്ങുന്നു. കർമ്മം വളരെ ശക്തിയേറിയതാണ്; കർമ്മത്താൽ ജീവിതത്തിൽ നാശവും വരുന്നു.

നാടകം, തമാശ എന്നിവയിൽ സ്ത്രീകളുടെ വേഷം ധരിച്ചവരെ നോക്കേണ്ടാ. നടന്മാർ കൃഷ്‍ണൻേറയും, ഗോപികളുടേയും വേഷത്തിൽ.

വസ്ത്രാപഹരണം നടിക്കുന്നത്, മാതൃഗമനത്തിന്ന് തുല്യമാണ്.

ഇതിൽ സേവാ-ഭക്തിഭാവം ഇല്ല, വിഷയരസമേ ഉളളു.

എത്രയെത്ര പണ്ഡിതർ ഇഷ്‍ടഭോജനം ചെയ്യുമ്പോൾ‍, ' ഈ ഭോജനം നാരായണൻ ചെയ്‍തു, സർവ്വം നാരായണമയം ' എന്നെല്ലാം ഘോഷിക്കുന്നു; എന്നിട്ടും അന്യരുടെ ധന-സമ്പത്തികളിൽ കണ്ണു വെക്കുന്നു. ത്യാഗികളുടെ വേഷത്തിൽ, ' എല്ലാം നശ്വരം ' എന്നും പറഞ്ഞ് , ധനം ശേഖരിക്കുന്നതിന്ന് തുനിഞ്ഞു നടക്കുന്നു. ആ ജ്ഞാനികൾക്ക് കോടി ജന്മത്തിലും മുക്തി കിട്ടുകയില്ല.

ഓ, മനുഷ്യാ, നീ ഹരിദാസനായി നടിച്ച്, മററുളളവരെ ' മഹാരാജാ ' എന്ന് വിളിക്കേണ്ടാ; വയറു നിറക്കാൻ, സഭയിൽ കയറി ഭാഷണങ്ങളും ചെയ്യേണ്ടാ; ആരേയും മുഖസ്‍തുതിയും ചെയ്യേണ്ടാ.

ഓരോ വീടുകളിലും ബ്രഹ്മജ്ഞാനികൾ നിറഞ്ഞിരുന്നാലും, അവരുടെ ജ്ഞാനം ആശാ, തൃഷ്‍ണാ, മായാമോഹങ്ങൾ, കാമ-ക്രോധാദികൾ, നിന്ദ, അഹങ്കാരം, ദ്വേഷം, എന്നീ വിഷങ്ങളാൽ മലിനമായിരിക്കുന്നു. ആ ജ്ഞാനത്താൽ ജീവിതം വ്യർത്ഥമാവുന്നു.

വലിയ കവീശ്വരന്മാരിൽനിന്ന് ഞാൻ അകന്ന് നിൽക്കുന്നു; കാരണം, അവർ പുരാണകാവ്യങ്ങളുടെ അംശങ്ങൾ, തങ്ങളുടെ കവിതയിൽ ചേർത്ത്, കവി ഭാവം നടിക്കുന്നു. അവർക്ക്, അപകീർത്തിയേ കിട്ടുന്നുളളു.

ചിലവർ ഭൂത-വർത്തമാന-ഭവിഷ്യ വാണികൾ പറയുന്നു, ചിലവർ ഋിദ്ധി-സിദ്ധി നേടിയവരായോ, വാൿസിദ്ധി നേടിയവരായോ, ആയപോലെ നടിക്കുന്നു, പക്ഷേ പുണ്യം ക്ഷയിച്ചാൽ, അധോഗതിയിൽ വീഴുന്നു.

വേദങ്ങൾ പഠിച്ചിട്ടും, സർവ്വജീവജാലങ്ങളേയും ബ്രഹ്മരൂപമായി കാണാത്തവനെ, ' പണ്ഡിതൻ ' എന്ന് വിളിക്കേണ്ടാ. വേദാദ്ധ്യായനം വിധിപ്രകാരം ചെയ്‍തവവൻ ജീവനേയും, ശിവനേയും ഒരേ രൂപമായി വീക്ഷിക്കുന്നു.

മദോന്മത്തനായവന്ന് യോഗ്യമായ കാർയ്യങ്ങളിൽ ശ്രദ്ധയുണ്ടാവില്ല; യോഗ്യമായ വസ്‍തുക്കളെ ത്യജിച്ച്, അയോഗ്യമായ വസ്‍തുക്കളെ സ്വീകരിക്കുന്നു; അജ്ഞാനാന്ധകാരത്തിൽ മുഴുകി ജീവിക്കുന്നു.

ഒരു കുടം നിറയെ പാലിൽ, ഒരു തുളളി ചാരായം വീണാലും, ആ പാല് ഉപയോഗശൂന്യമായി. അതുപോലെ അഹങ്കാരത്താൽ മലിനമായ മനസ്സിൽ നിന്ന് വരുന്ന വാർത്തകൾ കേൾക്കുവാൻ പററിയതല്ല. മുപ്പത്തിരണ്ട് സൌന്ദർയ്യ ലക്ഷണങ്ങൾ ഉണ്ടെങ്കിലും, മൂക്ക് ഇല്ലെങ്കിൽ എല്ലാം വ്യർത്ഥമല്ലേ? അന്നത്തിൽ ഈച്ച വീണാൽ, തിന്നാൻ യോഗ്യത ഇല്ലാത്തപോലെ, അവരുടെ വാർത്തകൾ ശ്രവിക്കാൻ യോഗ്യമല്ല.

മുക്കുവൻ മത്സ്യത്തേയും, വേടൻ മാനേയും, നിരപരാധകൾ ആയാലും കൊല്ലുന്നപോലെ, ദുഷ്‍ടജനങ്ങൾ സന്ത്ജനങ്ങളെ ഉപദ്രവിക്കുന്നു. വിഷത്താൽ അമൃതവും, അഹങ്കാരത്താൽ ജ്ഞാനവും, കല്ലിനാൽ രത്നവും, ദുഷ്‍ടജനങ്ങളാൽ സജ്ജനങ്ങളും, ശ്രേഷ്‍ടമായ തെളിവു നേടുന്നു.

സജ്ജനങ്ങളും സേവകൾ ചെയ്യുന്നു, ദുർജ്ജനങ്ങളും സേവകൾ ചെയ്യുന്നു; പക്ഷേ, ഫലം ശ്രദ്ധക്കനുസരിച്ച് കിട്ടുന്നു. സ്വാതി നക്ഷത്രത്തിലെ മഴത്തുളളി മുത്തുച്ചിപ്പിയിൽ വീണാൽ മുത്തായും, പഞ്ഞിയിൽ വീണാൽ നഷ്‍ടമായും, സർപ്പത്തിൻെറ വായിൽ വീണാൽ വിഷമായും ഭവിക്കുന്നു. കർമ്മത്തിന്ന് തകുന്നപോലെ ഫലം ലഭിക്കും.

ചന്ദനമരത്തിന്നു താഴെ സർപ്പം വസിച്ചിരുന്നാലും, അതിൻെറ വായിൽ നിന്ന് വിഷവായുവേ വരുകയുളളു. ഭാരം ചുമക്കുന്നവന്ന് കൂലിപ്പണം കിട്ടും, ലാഭം വ്യാപാരിക്കും. പശുവിൻെറ മുലകളിൽ നിന്ന് കൊതുക് രക്തം കുടിക്കുന്നു, പക്ഷേ, പാല് പശുക്കിടാവും, മനുഷ്യരും കുടിക്കുന്നു. ഹേ, ഭഗവവാൻ, സർപ്പവും, കൊതുകും പോലെ ഉളള സ്‍തിഥിയിലും. ഭേദം കല്ലായിരിക്കുന്നതിലാണ്.

കാമപീഢിതന്ന് ഭയം, ലജ്ജ, വിചാരങ്ങൾ ഒന്നുമില്ലാതെ, തൻെറ കാമസാദ്ധ്യതക്കായി എന്തും ചെയ്യുവാൻ ഒരുങ്ങുന്നു. പിശുക്കന്ന് പണത്തിൽ മാത്രമേ നോട്ടമുളളു, മറെറാന്നിലും ഇല്ല. അമിതഭക്ഷി നല്ലതോ, ചീത്തയോ എന്ന് നോക്കാതെ, എല്ലാം ഭക്ഷിക്കുന്നു.

കളളു കുടിച്ച് ഉന്മത്തനായവൻ, നഗ്നനായും ആടുന്നു; ബോധമില്ലാതെ സംസാരിക്കുന്നു; ദുഷ്‍കർമ്മങ്ങൾ ചെയ്യുന്നു. ശരീരത്തിൻെറ ഇച്‍ഛകൾ വളരെ ബലവത്താണ്; ആ സ്‍തിഥിയിൽ ഒന്നും കേൾക്കുകയില്ല; യമദൂതന്മാരുടെ ദണ്ഡം വീഴുമ്പോൾ ഓർമ്മ വരും.

കാക്ക ഗംഗയിൽ കുളിച്ചാലും, ജന്തുക്കളുടെ മുറിവിൽ കൊത്തുന്നു; അതേപോലെ, ദുർജ്ജനങ്ങൾക്ക് നല്ല ഉപദേൾങ്ങൾ കൊടുത്താലും, അവരുടെ സ്വഭാവം മാറുകയില്ല.

മലം രുചിച്ചു തിന്നുന്ന പന്നിക്ക്, അമൃതം രുചിക്കുകയില്ല. അതേപോലെ ദുർജ്ജനങ്ങൾക്കും സഖാക്കൾ, ദുർജ്ജനങ്ങൾ. സജ്ജനങ്ങൾ ദുർജ്ജനങ്ങളെ സ്വപ്‍നത്തിലും കാണരുത്. ആരുടെ കയ്യിൽ നിഷിദ്ധമായ സമ്പത്തിയുണ്ടെങ്കിലും, അതുകൊണ്ട് നമുക്ക് എന്തു നന്മ കിട്ടാനാ?

ബുദ്ധി മങ്ങിയാൽ, ധർമ്മ ചിന്തകളും മറഞ്ഞുപോവും; വിഷയവികാരങ്ങളിൽ മുഴുകിയവന്ന്, ധർമ്മചിന്തകൾ വരുകയില്ല.

മായ  മനുഷ്യനെ  വട്ടം  തിരിപ്പിക്കുന്നു.

ഭ്രാന്തന്ന് സുഖോപചാരങ്ങൾ ചെയ്‍താലും, അയാൾക്ക് ആനന്ദം ലഭിക്കുമോ? അന്ധന്ന് വെളിച്ചവും, നൃത്യവും കൊണ്ട് എന്താ ഉപയോഗം? ശ്രദ്ധയില്ലാത്ത ഭക്തിയും അതുപോലെ തന്നേ.

കഥയും, പാരായണവും, കർമ്മം ചെയ്യാതെ വ്യർത്ഥമാണ്. വാണിയാൽ അമൃതം വർണ്ണിച്ചാലും, മനസ്സ് ശൂന്യമായിരിക്കുന്നു.

സ്ത്രീക്കധീനനായി ജീവിക്കുന്നവൻ, കരങ്ങാട്ടിയുടെ കുരങ്ങനെപ്പോലെയാണ്. അവൻെറ ജീവൻ, കഴുതയുടേയോ, നായുടേയോ പോലെയാണ്.

ഈച്ച സുഗന്ധത്തെ ത്യജിച്ച്, ദുർഗ്ഗന്ധത്തിൽ സുഖിക്കുന്നതുപോലെ, ദുഷ്‍ടജനങ്ങൾ അധർമ്മ പ്രവർത്തികളെ ഇഷ്‍ടപ്പെടുന്നു.

ഒരു സ്ത്രീ തൻെറ വയററിന്നു മീതെ, ഒരു ഭാണ്ഡം വെച്ചു കെട്ടി, ' ഞാൻ ഗർഭവതിയാണ് ', എന്നു പറഞ്ഞുകൊണ്ട് ജീവിക്കുവാൻ തുടങ്ങി. അവളുടെ ഗർഭത്തിൽ ശിശുവുമില്ല, സ്‍തനങ്ങളിൽ പാലുമില്ല. അവസാനം അവൾ വന്ധ്യയാണെന്ന് തെളിഞ്ഞപ്പോൾ, എല്ലാവരുടേയും ഹാസ്യത്തിന്ന് പാത്രമായി. അനുഭവമില്ലാതെ പ്രവചനം ചെയ്യുന്നവരും, ആ സ്ത്രീയെപ്പോലെ തന്നെ.

തുളസി ഇലകളെ എത്ര ശർക്കര ചേർത്ത് അരച്ചാലും, അതിൻെറ കയ്‍പു മാറുകയില്ല. വേപ്പു മരത്തിനെ ശർക്കരവെളളം ഒഴിച്ചു വളർത്തിയാലും, അതിൻെറ പഴത്തിന്ന് മധുരരസം വരുമോ? ദുഷ്‍ടജനങ്ങൾക്ക് നൽകുന്ന ഉപദേശങ്ങൾ വ്യർത്ഥമാണ്. തേളിനെ എത്ര സ്നേഹത്തേടെ തലോടിയാലും, അത് കൊത്തുകയേ ഉളളു. കല്ലിനെ എത്ര നേരം തിളപ്പിച്ചാലും, മൃദുവാകുമോ? മലം തിന്നുന്നതിൽ പന്നിക്കുളള പ്രിയം പോലെയാണ്, ദുർജ്ജനങ്ങളുടേയും സ്വഭാവം.

നായ എത്ര കുരച്ചാലും, ആനക്ക് ഒരു കുലുക്കവും ഉണ്ടാവുകയില്ല. ദുഷ്‍ടജനങ്ങൾ സന്ത്ജനങ്ങളെ എത്ര ദുഷിച്ചാലും, ദുഷ്‍ടജനങ്ങൾക്കേ ആ വാർത്തകൾ തിരിച്ചു വരുന്നുളളു.

ദേഹാഭിമാനം ഉളളവനെ മററുളളവർ പുകഴ്ത്തുമ്പോൾ, അവർ സുഖം അനുഭവിക്കുന്നു.

പക്ഷേ, അഭിമാനം, ഗർവ്വം എന്നീ വികാരങ്ങളാൽ എല്ലാം നഷ്‍ടമാവുന്നു.

നിൻെറ അമ്മ-അച്‍ഛന്മാർ , നിനക്ക് ആത്മോപദേശം തരാതെ, പ്രാപഞ്ചിക ഉപദേശങ്ങൾ നൽകി. അതിനാൽ നീ സംസാരസാഗരത്തിൽ കുടുങ്ങി.

ആദ്യം വിത്ത് വിതക്കു, പിന്നെ വെളളം ഒഴിക്കു, പിന്നെ ഈശ്വരാർപ്പണമാക്കി കാത്തു നിൽക്കു, അവസാനം കിട്ടുന്ന ധാന്യം അനുഭവിക്കു. അങ്ങനെ അല്ലാതെ, ഈശ്വരനെ മറന്ന്, ധാന്യത്തിൽ മാത്രം ആശ വെച്ചാൽ, അവസാനം കിട്ടുന്നത് ഉമി മാത്രം ആയിരിക്കും.

ഏതു മനുഷ്യൻ ജപമാല കയ്യിൽ വെച്ച്, ജപസഞ്ചിയിൽ കയ്യിട്ടും കൊണ്ട്, ജപം ചെയ്യുന്നപോലെ, ചുണ്ടുകൾ ഇളക്കി, മനസ്സിൽ ദുഷ്‍ടത നിറച്ച്, ജപമാലയിലെ മണികളെ തിരിച്ചും, ജപസഞ്ചി ഇളക്കിയും നടന്നാൽ, അവസാനം യമധർമ്മരാജാവിൻെറ ശിക്ഷകൾ അനുഭവിക്കും.

ഈ ശരീരം പുഷ്‍ടിയുളള നിലം പോലെയാണ്; എന്തും വിതച്ച് കൊയ്‍തെടുക്കാം. ആ സ്‍തിഥിയിൽ, സങ്കോചിച്ച് സമയം നഷ്‍ടമാക്കിയാൽ, തൻെറ ജീവദശയിൽ കിടന്ന് ഉഴലുക തന്നേ വേണ്ടു.

തൻെറ അടുത്ത് സ്വരൂപസുഖം ഉണ്ടെങ്കിലും, ചിലർ ഭ്രമത്താലും, അജ്ഞാനത്താലും ദുഖം അനുഭവിക്കുന്നു.

ദിശ അറിയാത്തവന്ന്, വഴി തെററിപ്പോവുന്നു.

ഇത് എൻെറ സ്വന്തം അനുഭവമാണ്.

ദേഹാഭിമാനികൾക്ക് ധൈർയ്യം, ശാന്തി, ശുദ്ധത ഉണ്ടാവുകയില്ല. അവർ നിർബ്ബലരായും, ദു:ഖികളായും ജീവിക്കുന്നു

' ഞാൻ ഹരിയുടെ സേവകനാണ് ' എന്ന് പറയാത്ത നാവിനാൽ, വ്യർത്ഥമായ ഭാഷണങ്ങൾ ചെയ്‍ത്, ദുർഗ്ഗന്ധം പരത്തുന്നു.

ആത്മപ്രശംസ ചെയ്യുന്നത് ഒട്ടും ഉചിതമല്ല; അനേകം ജനങ്ങൾ തങ്ങളുടെ മഹത്വം പ്രദർശിപ്പിച്ച് നടക്കുന്നു.

ജീവജാലങ്ങളിൽ കരുണ ഇല്ലാത്തവരേയും, മനസ്സിൽ നിഷ്‍ഠൂരഭാവം നിറഞ്ഞവരേയും, ഒട്ടേറെ വാദ-പ്രതിവാദങ്ങൾ ചെയ്യുന്നവരേയും, ഭക്തിഹീനൻ എന്ന് ഗണിക്കാം.

പണം സമ്പാദിക്കാൻ വേണ്ടി ഹരികഥ ചെയ്യുന്നവനേ, നിനക്ക് വയറു നിറക്കാൻ വേറെ വഴിയൊന്നും കിട്ടിയില്ലേ?

ദേഹത്തിൻെറ പുഷ്‍ടിക്കു വേണ്ടി, വായിനാൽ ജ്ഞാനോപദേശം ചെയ്‍തു നടക്കുന്നവൻെറ മുഖം കാണാതിരിക്കുന്നത് നല്ലതാണ്. താൻ പ്രവിചിക്കുന്നതിനെ, തൻെറ പ്രയത്നത്തിൽ വരുത്തിയില്ലെങ്കിൽ, മററുളളവരെ ഉപദേശിക്കുന്നത് എന്തിനാ?

ഇന്ത്രിയനിയന്ത്രണം ഇല്ലാതെ, വായിനാൽ നാമോച്ചാരണം ചെയ്‍താൽ, എന്തു ഫലം കിട്ടും? കീർത്തനങ്ങൾ പാടുമ്പോൾ വായ പാടുന്നതുപോലെ, നിത്യവും ആചരണങ്ങളും, കർമ്മങ്ങളും ചെയ്യണം.

എങ്ങനെ തൻെറ സ്വന്തം ജീവനെ പ്രേമിക്കുന്നുവോ, അതേപോലെ അന്യ ജീവികളേയും പ്രേമിക്കണം. എല്ലാ പ്രാണികളുടേയും ഹൃദയത്തിൽ ജീവാത്മാവായ രൂപത്തിൽ, പരമാത്മാവായ നാരായണൻ വസിക്കുന്നു. പാപികളായ മനുഷ്യർ, ഈ സത്യം ധരിക്കാതെ, അന്യ ജീവികളെ കൊല്ലുന്നു; അധോഗതി അടയുന്നു.

തൻെറ വസ്ത്രങ്ങളെ കീറി, പുതപ്പാക്കുന്നവൻ, ഹാസ്യത്തിന്ന് പാത്രമാവുന്നതുപോലെ, അന്യരുടെ കവിതകളിൽ രചയിതാവിൻെറ നാമം നീക്കി, തൻെറ നാമം ചേർത്തുന്നവനും ഹാസ്യത്തിന്ന് പാത്രമാവുന്നു.

പണ്ഡിതൻ തൻെറ വിദ്യയെ വിൽപനക്കുളള സാമഗ്രിയായി കരുതി, മററുളളവർക്ക് കൊടുത്താലും, യഥാർത്ഥമായി ഫലമില്ലാത്തതാണ്. നേരെ മറിച്ച്, അഭിമാനമില്ലാതെ, നമ്രഭാവത്തോടെ ജീവിതം നയിക്കുന്നവർ, പരമാർത്ഥ ഫലം അനുഭവിക്കുന്നു

മനസ്സോട് മനസ്സ് യോജിച്ചാൽ, സർവ്വസ്വവും ലഭിച്ചതായി ഗണിക്കു; അങ്ങനെ ആയില്ലെങ്കിൽ, ആ കൂട്ടുകെട്ട് വ്യർത്ഥമാണ്. കല്ലിനെ വെളളത്തിൽ ഇട്ടിരുന്നാലും, കല്ലിൻെറ അകത്ത് വെളളം കേറിയാലെ, കല്ല് മൃദുവാവുകയുളളു.

ഭാർയ്യയേയും, മക്കളേയും ത്യജിച്ച്, തല മുണ്ഡനം ചെയ്‍ത് സന്യാസിയായി; പക്ഷേ, ആശകൾ വളർന്നു കൊണ്ടേയിരുന്നാൽ അത് സന്യാസമായില്ല. കുടുംബത്തിൽ ഇരുന്നു കൊണ്ട്, ആശകളെ ത്യജിച്ചവനെ, സന്യാസി ആയി ഗണിക്കാം.

പ്രപഞ്ചഭാരങ്ങളെ ചുമന്നുകൊണ്ട് ജീവിക്കുന്നവൻ, എപ്പോഴും ചിന്താഗ്രസ്ഥനായി ഇരിക്കുന്നു. ആശകളും, ലോഭവും നിറഞ്ഞ മനസ്സ് എങ്ങനെ സ്മരിക്കും?

ശ്രദ്ധയില്ലാതെ ഈശ്വരതത്വം മനസ്സിലാവുകയില്ല; ഭക്തിഹീനരുടേയും, ധൈർയ്യമില്ലാത്തവരുടേയും ജീവിതം സഫലമല്ല.

9) ഭഗവാനോട് പ്രാർത്ഥനാ:-


–---------------------------

ഹേ, വിഠ്‍ഠലാ, സന്ത്ജനങ്ങളുടെ ദാസൻെറ ദാസനായി എനിക്ക് ജന്മം തരു; ഹേ, വിഠ്‍ഠലാ, കൽപാന്തകാലം വരെ ഗർഭവാസം ചെയ്യേണ്ടി വന്നാലും, നീചകർമ്മങ്ങൾ ചെയ്യേണ്ടി വന്നാലും, ഞാൻ ചെയ്യും; അങ്ങയുടെ നാമസ്‍മരണം എന്നെ വിട്ടു പോവരുതേ.

ആരുടെ മനസ്സ് എപ്പോഴും ക്ഷുബ്‍ധസ്ഥിതിയിൽ ഇരിക്കുന്നുവോ, അവൻെറ കൂട്ടുകെട്ട് എനിക്ക് കിട്ടാതിരിക്കണേ; അവൻെറ വാണി എനിക്ക് കേൾക്കാതിരിക്കണേ; ഈശ്വരവിശ്വാസവും, പരോപകാരവും അവന്നറിയുകയില്ല.

ഹേ, വിഠ്‍ഠലാ, സംസാരഭാരം ചുമന്നും, കുടുംബസേവയും ചെയ്‍തും, എൻെറ അനവധി ജന്മങ്ങൾ കടന്നുപോയി; അവയിൽ നിന്ന് രക്ഷപ്പെടാൻ ഉളള മാർഗ്ഗം കാണുന്നില്ല.

കാലചക്രത്തിൽ കുടുങ്ങി ബലവാനും ബന്ധിതനാവുന്നു, ദാനിയും യാചകനാവുന്നു. ഹേ, ഭഗവാൻ, അങ്ങുന്ന് വിധിച്ചതുപോലെ ഞാൻ അനുഭവിക്കാം.

ഹേ, വിഠ്‍ഠലാ, എനിക്ക് ബഹുമാനം വേണ്ടാ; അതിൽ ഒരു സുഖവുമില്ല; ദേഹത്തിൻെറ സുഖോപചാരങ്ങളാൽ, ജീവിതം ആലസ്യമാവുന്നു; മിഷ്‍ടഭോജനം എനിക്ക് കയ്‍പുരസമായി തോന്നുന്നു; പ്രശംസകൾ എനിക്ക് കേൾക്കുവാൻ വയ്യ; എനിക്ക്, അങ്ങയെ എപ്പോഴും സ്‍മരിക്കാൻ കഴിയണേ.

ഹേ, വിഠ്‍ഠലാ, ഇന്നേവരെ ഉളള ജന്മം നഷ്‍ടത്തിലായി; മനസ്സ് ക്ഷണനേരം പോലും ശാന്തമായിരിക്കുന്നില്ല; വിഷയവികാരങ്ങൾ എന്നെ വട്ടം തിരിപ്പിക്കുന്നു; ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; അങ്ങുന്ന് എന്നെ കടത്തി വിടു.

ഗർവ്വത്താൽ കീർത്തി ലഭിക്കും, ധനം ലഭിക്കും, മാന്യത ലഭിക്കും; എന്നാലും ഇവയെല്ലാം സ്വന്തം നന്മക്ക് ഉപയോഗമില്ല. അങ്ങയുടെ ചരണങ്ങൾ എൻെറ മനസ്സിൽ നിന്ന് അകന്നു പോവുന്നു. ശരീരം പാലിച്ച് പോഷിപ്പിച്ചാൽ വികാരങ്ങൾ തീവ്രമാവുന്നു. ഹേ, പ്രഭോ, അങ്ങയുടെ പാദകമലങ്ങളെ കാണുവാൻ, ഒരു എളുപ്പമായ വഴി എനിക്ക് പറഞ്ഞു തരണേ.

പൂർവ്വകാലത്തിലെ ഋഷികൾ അജ്ഞാനികൾ ആയിരുന്നുവോ? അവർ ഈ ലോകത്തെ ത്യജിച്ചു; അഷ്‍ടസിദ്ധികളും ലഭിച്ചിരുന്നാലും, സംസാരികളുടെ രീതിയിൽ ജീവിച്ചിരുന്നില്ല. കിഴങ്ങുകളും, വേരുകളും, ഇലകളും കഴിച്ച് ശരീര-പോഷണം ചെയ്‍തു. സ്ഥിരമായി വനവാസവും, മൌനവും, നേത്രങ്ങൾ അടച്ച് ധ്യാനവും, മനസ്സിൽ ശന്തതയും വരിച്ചിരുന്നു. ഹേ, വിഠ്‍ഠലാ, എൻെറ മനസ്സിന്നും ആ സ്ഥിതി അങ്ങുന്ന് നൽകണേ.

ഹേ, വിഠ്‍ഠലാ, അങ്ങുന്ന് സ്വാമി, അടിയൻ സേവകൻ; അങ്ങുന്ന് ഉന്നത പദവിയിൽ, അടിയൻ താണ പദവിയിൽ; ഈ സ്ഥിതിയാണ് ഭംഗിയുളളത്; ഇതിനെ മാററരുതേ. കാരണം, ജലം ജലത്തിനെ കുടിക്കുകയില്ല; വൃക്ഷം തൻെറ പഴം തിന്നുകയില്ല; പഴം തിന്നുന്നവൻ അതിൻെറ സ്വാദ് അനുഭവിക്കുന്നു. രത്നം ആഭരണത്തിൽ ശോഭിക്കുന്നു; സ്വർണ്ണം ആഭരണത്തിൻെറ രൂപത്തിൽ ശോഭിക്കുന്നു; വേനൽക്കാലത്ത് നിഴൽ സുഖം തരുന്നു; കുഞ്ഞുങ്ങളെ കാണുമ്പോൾ, അമ്മയുടെ മുലകളിൽ പാൽ നിറയുന്നു. അതേപോലെ, അങ്ങയുടെ രൂപം കാണുമ്പോൾ, ഞാൻ സുഖമനുഭവിക്കുന്നു. അതിനാലാണ്, ഞാൻ മുക്തിയെ ആഗ്രഹിക്കാത്തത്.

അങ്ങുന്ന് ദാനിയും, കൃപാലുവും, അനാഥരക്ഷകനും ആണ്; അങ്ങയെ ശരണം പ്രാപിച്ചവൻെറ സർവ്വ ഭാരങ്ങളും അങ്ങുന്ന് താങ്ങുന്നു; മനസാ-വാചാ-കർമ്മണാ അങ്ങയിൽ ലയിച്ചവൻെറ വിളി കേട്ടമാത്രം, അങ്ങുന്ന് ഭക്തൻെറ ഇച്‍ഛകൾ പൂർത്തിയാക്കുന്നു. ഭക്തൻെറ മാർഗ്ഗദർശിയും, അംഗരക്ഷകനും അങ്ങു തന്നേ. ഭക്തൻ, ഇഹലോകചിന്തകൾ ഇല്ലാതെ അങ്ങയിൽ ലയിച്ചിരിക്കുന്നു.

ഹേ, വിഠ്‍ഠലാ, കീർത്തി, ബഹുമാനം, ധനം എന്നിവ നേടി എന്തു ചെയ്യും? നിൻെറ ചരണങ്ങളുടെ ദർശനം മതി. വളരെയേറെ പ്രശംസകൾ നേടിയാൽ, എൻെറ മനസ്സ് ഗർവ്വത്തിൽ മുങ്ങി, അങ്ങയെ തീരെ മറന്നുപോവും.

ഹേ, വിഠ്‍ഠലാ, എൻെറ ഭാരങ്ങളെ ഇറക്കു; ഉറമ്പിന് ശർക്കരയുടെ തരിയും, ഐരാവതത്തിന്ന് അങ്കുശവും ഭാരമാണ്. ഗർവ്വിഷ്‍ടന്ന് കഠിനമായ ഭാരങ്ങൾ ചുമക്കേണ്ടി വരും; അതിനാൽ നമ്രതയോടെ ജീവിക്കുന്നതാണ് ഉത്തമം.

ഹേ, വിഠ്‍ഠലാ, അങ്ങുന്ന് വേദപുരുഷൻ ആണെങ്കിൽ, വേദങ്ങൾ ' നേതി, നേതി ' എന്ന ശബ്‍ദത്താൽ ഭിന്ന രൂപങ്ങൾ എന്തിനാണ് അങ്ങേക്കു നൽകുന്നു? ഹേ, അനന്താ, അങ്ങുന്ന് സർവ്വവ്യാപിയായി വിഹരിച്ചും, എന്നിൽ നിന്ന് എന്തിനാണ് വിലങ്ങി നിൽക്കുന്നത്? യജ്ഞത്തിൻെറ ഭോക്താ അങ്ങുന്നായിട്ടും, യജ്ഞം സഫലം ആവാത്തതിന്ന് കാരണം എന്താണ്? യജ്ഞത്തിൽ വല്ല കുറവും ഉണ്ടെങ്കിൽ, അങ്ങുന്ന് ക്ഷോഭിക്കുന്നത് എന്തിനാണ്? സർവ്വ ഭൂതങ്ങളിലും അന്തർയ്യാമിയായി വിളങ്ങുന്നത് അങ്ങാണെങ്കിൽ, ബാഹ്യരൂപങ്ങളിൽ വ്യത്യസ്ഥമായി കാണുന്നുവല്ലോ. ജപ-തപ-ദാനങ്ങളിലും, തീർത്ഥാടനങ്ങളിലും അങ്ങുന്ന് മൂർത്തി രൂപത്തിൽ ഇരുന്നിട്ടും, അവയാൽ മനുഷ്യന്ന് അഭിമാനം വരുന്നത് എന്തിനാണ്? അങ്ങയുടെ സന്നിധിയിൽ ഞാൻ ചിലക്കുന്നു; എന്നെ ക്ഷമിക്കണേ.

രാത്രിയിലെ ഇരുട്ട്, സൂർയ്യൻെറ വെളിച്ചത്താലെ നീങ്ങുകയുളളു. പകരം, എത്രയെത്ര വിളക്കുകൾ കൊളുത്തിവെച്ചാലും നീങ്ങുമോ? അതേ പോലെ, സർവ്വേശ്വരനായ ഹരി, എൻെറ പ്രാണങ്ങളിൽ വസിക്കണേ. ഹരിനാമകീർത്തനങ്ങൾ എൻെറ നാവ് ഉച്ചരിക്കണേ.

ഹേ, പ്രഭോ, എനിക്ക് മുക്തിയും വേണ്ടാ, വൈകുണ്ഡവാസവും വേണ്ടാ. കീർത്തനം ചെയ്യുമ്പോൾ, ഹരിനാമത്തിൻെറ ആനന്ദരസം അനുഭവിക്കണം. ഹേ, മേഘശ്യാമാ, അങ്ങയുടെ നാമത്തിൻെറ മഹിമ അങ്ങ് അറിയുകയില്ല; എനിക്കറിയാം; അതിനാലാണ് അങ്ങയുടെ നാമം എനിക്ക് വളരെ പ്രിയം.

ഇന്നേവരെ നടന്നതെല്ലാം നടന്നു; എൻെറ തെററുകളെ ക്ഷമിക്കണേ. ഭാവിയിൽ, ഞാൻ സത്‍ ഭാഷണങ്ങളേ ചെയ്യൂ. അങ്ങയുടെ നാമ സ്‍മരണത്തിലും, ഉച്ചാരണത്തിലും, ഒരു കുറവുകളും വരാതിരിക്കാൻ അനുഗ്രഹിക്കണേ.

ഹേ, കൃപാവാനേ, അങ്ങയുടെ മായ എനിക്ക് മനസ്സിലാവുന്നില്ല; ജന്മം തരുന്നവൻ ആരാണ്? ജന്മം എടുക്കുന്നവൻ ആരാണ്? കൊടുക്കുന്നവൻ ആരാണ്? യാചിക്കുന്നവൻ ആരാണ്? ഭോക്താ ആരാണ്? അനുഭവിക്കുന്നവൻ ആരാണ്? രൂപവാൻ ആരാണ്? കുരൂപൻ ആരാണ്? സർവ്വലോകങ്ങളിലും അങ്ങുന്നല്ലേ വ്യാപിച്ചിരിക്കുന്നത്? അങ്ങുന്നല്ലാതെ വേറെ ഒന്നും അല്ലല്ലോ.

ഹേ, വിഠ്‍ഠലാ, അങ്ങയുടെ നാമങ്ങൾ എൻെറ നാവിൽ വരണേ, അങ്ങയുടെ ഭക്തരുടെ സത്സംഗം കിട്ടണേ. എൻെറ ബാഹ്യരൂപി സേവക്കു പകരം, അന്തരംഗ സേവ സ്വീകരിക്കണേ.

ഹേ, വിഠ്‍ഠലാ, ലോകത്തിലെ സർവ്വസ്വവും കിട്ടിയാലും, എനിക്ക് പർയ്യാപ്‍തം ആവുകയില്ല. ഇതെൻെറ ആദ്യം മുതൽക്കേ ഉളള ഓർമ്മക്കേടാണ്.

ഹേ, വിഠ്‍ഠലാ, അങ്ങയിലും, എന്നിലും ഒരു ഭേദവും ഇല്ല. ഉളളതെല്ലാം അങ്ങയുടെ രൂപം തന്നെ, അല്ലാതെ വേറൊന്നുമില്ല. എൻെറ പൂർണ്ണരൂപവും, അങ്ങയുടെ ദിവ്യ രൂപത്തിൻെറ അകത്താണ്. എൻെറ ബലമെല്ലാം, അങ്ങയുടെ ബലമാണ് .

ഹേ,വിഠ്‍ഠലാ, നരസ്‍തുഥിയും, ക്രയ-വിക്രയവും എന്നിൽ നിന്നു വരരുതേ; പരസ്ത്രീയുടേയും, പരധനത്തിൻെറയും ഇച്‍ഛ മനസ്സിൽ വരാതിരിക്കണേ; മത്സരബുദ്ധിയും, നിന്ദാവചനങ്ങളും, ദേഹാവഭിമാനവും വരാതിരിക്കണേ; അങ്ങയുടെ ചരണങ്ങളെ ഒരിക്കലും മറന്നു പോവാതിരിക്കണേ.

ഞാൻ മായാമോഹത്തിൽ കുടുങ്ങിയാൽ, അങ്ങയെ മറന്നുപോവും; അതിനാൽ, എനിക്ക് സന്താനങ്ങൾ തരരുതേ. എനിക്ക് ദ്രവ്യവും, ഭാഗ്യവും വേണ്ടാ; അതു കാരണം ഗർവ്വം വരുന്നു. ഹേ, വിഠ്‍ഠലാ, എന്നെ ഭിക്ഷുവാക്കു; അഹോരാത്രം ഞാൻ ഹരിഗുണങ്ങൾ പാടി നടക്കും.

എൻെറ നേത്രങ്ങൾ പരസ്ത്രീകളെ, മാതൃരൂപത്തിൽ കാണുന്നില്ലെങ്കിൽ, എനിക്ക് അവയുടെ ആവശ്യം ഇല്ല.

എൻെറ ചെവികൾക്ക്  പരസ്‍തുതിയോ, പരനിന്ദയോ കേൾക്കുന്നതിൽ,  

താത്പർയ്യം ഉണ്ടെങ്കിൽ, അവയെ അങ്ങുന്ന് അടച്ചേക്കണം. അങ്ങയെ മറന്നുപോയി, ജീവിക്കുന്നതിൽ എന്താ ലാഭം?

വിത്തിന്നുളളിൽ വൃക്ഷവും, വൃക്ഷത്തിന്നുളളിൽ വിത്തും, ഉളളതുപോലെയും, ജലത്തിൽ ഉണ്ടാവുന്ന തിരമാലകൾ, പിന്നേയും ജലത്തിൽ ചേരുന്നതുപോലെയും, ബിംബവും, പ്രതിബിംബവും ഒരേ സ്ഥാനത്തിൽ ചേരുന്നതുപോലെയും, ഹേ, ദേവാ, നമ്മൾ രണ്ടു പേരും, ഒരുത്തരുടെ ഉളളിൽ മററൊരുത്തരായി വസിക്കുന്നു.

ഹേ, ദേവാ, അങ്ങുന്ന് ഇച്‍ഛകളെ പൂർത്തിയാക്കുന്ന കൽപകവൃക്ഷമാണ്. എനിക്ക് അങ്ങുന്നാണ് ഒരേ ഒരു ആശ്രയം. അങ്ങയെ ആശ്രയിച്ച് ഞാൻ ഭയം, ശങ്ക, ലജ്ജ എല്ലാം ത്യജിച്ചിരിക്കുന്നു.

ഹേ, വിഠ്‍ഠലാ, വേദ-ശാസ്‍ത്രങ്ങൾ പഠിച്ചിട്ടും, അങ്ങയെ അറിഞ്ഞില്ല; ഭക്തിഭാവത്താൽ അങ്ങയെ മുമ്പിൽ നിൽക്കുന്നതായി കാണാം. ശരണാഗതന്മാർക്ക് അങ്ങുന്ന് മാർഗ്ഗദർശിയായി ഇരിക്കുന്നു. അങ്ങുന്ന് ഏകരൂപനായാലും, അനേകരൂപത്തിൽ വിശ്വത്തിൽ എല്ലായിടത്തും ലീലാവിലാസങ്ങളെ കാണിക്കുന്നു.

ഹേ, വിഠ്‍ഠലാ, പരമാനന്ദ സ്വരൂപാ, പുരുഷോത്തമാ, അച്യുതാ,

അനന്താ, അവിനാശി, അലക്ഷ്യാ, സങ്കടഹരണാ, 

ലക്ഷ്‍മീപതി, മംഗളസ്വരൂപാ, ശുഭദാതാ, പരബ്രഹ്മമേ, അങ്ങുന്ന് എന്നെ സംസാരസാഗരം കടത്തിവിടണേ.

10) മുക്തി വിചാരങ്ങൾ :-


വിവേകത്തോടെ ഭോഗം അനുഭവിക്കുന്നത്, ത്യാഗത്തിന്ന് തുല്യമാണ്; വിചാരമില്ലാതെ ഭോഗത്തെ ത്യജിക്കുന്നത്,

ഭോഗം അനുഭവിക്കുന്ന പോലെയാണ്.

ഏതു കർമ്മവും ഈശ്വരാർപ്പിതം അല്ലെങ്കിൽ, പാപതുല്യമാണ്.

ഉടഞ്ഞ മനസ്സിനെ, ഒട്ടിക്കുവാൻ കഴിയുകയില്ല.

പൂർവ്വജന്മ കർമ്മഫലങ്ങൾ, ഈ ജന്മത്തിൽ അനുഭവിച്ചേ തീരു.

അന്നവും, ദ്രവ്യവും, ബഹുമാനവും കിട്ടുന്നത്, പ്രാരബ്‍ധത്തിന്ന് അധീനമാണ്.

അഭ്യാസം ചെയ്‍താൽ, അസാദ്ധ്യമായതും സാദ്ധ്യമാവും.

ജീവിതത്തിലെ മുഖ്യ ധർമ്മം, ദൈവചിന്തനം ആണ്.

യുദ്ധഭൂമിയിൽ ശൂരൻ ആദ്യാവസാനം തൻെറ പരാക്രമം കാണിക്കുന്നു; ഭീരു വീട്ടിന്നുളളിൽ ഭയന്ന് വിറച്ചും കൊണ്ടിരിക്കുന്നു

ദേഹത്തിൽ ദൈവീകശക്തി വന്നാൽ, എന്തിനും കുറവുണ്ടാവുകയില്ല.

സമാധാനം, പൂജക്കു തുല്യം.

രണഭൂമിയിൽ കാണുന്നതുവരെ, യുദ്ധത്തിൻെറ വർണ്ണന എളുപ്പമാണ്.

മൃഷ്‍ടാന്നം കഴിച്ച്, ദേഹത്തെ പുഷ്‍ടിപ്പെടുത്തുന്നവൻ, അജ്ഞാനനാണ്; ദേഹത്തെ രക്ഷിച്ചാലും, ദേഹിയെ രക്ഷിക്കാൻ സാധിക്കുമോ?

ദേഹി, ദേഹത്തെ   ഏതു ക്ഷണം  ത്യജിക്കുമെന്ന്  അറിയാമോ?

ബ്രഹ്മൻ കർമ്മാകർമ്മങ്ങളിൽ ഇടപെടുന്നില്ല. സദാ ബ്രഹ്മഭാവം ഉളള സ്ഥലത്തിൽ പാപ-പുണ്യങ്ങൾ ഉണ്ടാവുകയില്ല.

ആശകളെ നിയന്ത്രിക്കുന്നത് ഉത്തമമാണ്.

പശ്‍ചാത്താപത്താൽ ദോഷവും, പാപവും, അകന്നുപോവും; പക്ഷേ, ആദ്യാവസാനം പശ്‍ചാത്താപം നിലനിൽക്കണം.

വലിയത്-ചെറിയത് എന്ന ഭേദഭാവം, ദയാ-ധർമ്മങ്ങളെ നശിപ്പിക്കുന്നു.

യുദ്ധക്കളത്തിൽ യോദ്ധാവിൻെറ ജീവത്യാഗത്താൽ, ഇരട്ടി ലാഭം കിട്ടുന്നു.

ആധാരം ഇല്ലാത്ത പ്രസംഗങ്ങൾ, മുത്തശ്‍ശിക്കഥകൾ പോലെയാണ്; ഭഗവാൻെറ സ്‍മരണമില്ലെങ്കിൽ, എല്ലാം വ്യർത്ഥമാണ്.

കുപ്പിച്ചില്ല് സൂർയ്യരശ്‍മികൾ വീഴുമ്പോൾ, രത്നം പോലെ പ്രകാശിക്കുന്നു, പക്ഷേ രത്നം ആവുന്നില്ല. അതേപോലെ, മററുളളവരെ അനുകരിക്കുന്നത്, സത്യാവസ്‍ഥയല്ല.

പ്രഭു വിശ്വരൂപനാണ്; പക്ഷേ ഭക്തരുടെ ഭക്തിക്കു മുമ്പിൽ സൂക്ഷമരൂപനായി, അവരുടെ ഹൃദയവാസി ആവുന്നു.

ഭക്തരുടെ ഇച്‍ഛകൾ പൂർത്തിയാക്കുന്നു. 

വിശ്വരൂപനായ ആ മഹാപ്രഭു, ഭക്തൻ അർപ്പിക്കുന്ന ഒരു തളസീദളത്താലും, ജലത്താലും തൃപ്‍തനാവുന്നു.

പറയുന്നത് എളുപ്പം, പക്ഷേ അനുഭവം കഠിനം.

യഥാർത്ഥം പറയാതെ, ഔപചാരികമായ മധുരഭാഷണങ്ങൾ ചെയ്യുന്നത്, നരകം അനുഭവിക്കുന്നതു പോലെയാണ്.

യുദ്ധത്തിൽ ശൌർയ്യം കാണിച്ചവൻ ബഹുമാനം നേടുന്നു, മറേറ സൈനികർ ഭാരം മാത്രം ചുമക്കുന്നു.

ഏതു ദിവസം സന്ത്ജനം എൻെറ വീട്ടിൽ വന്നുവോ, ആ ദിനം എനിക്ക് ദീപാവലി-നവരാത്രി ആയി.

സംസാരസാഗരം കടത്തി വിടുന്നതും മനസ്സാണ്, എൺപത്തിനാലു ലക്ഷം യോനികളിൽ ബന്ധിക്കുന്നതും മനസ്സാണ് .

സന്ത്ജനങ്ങളുടെ മഹിമ വളരെ ദുർല്ലഭമാണ്; സ്വയം സന്ത്ജനമായാലേ, ആ മഹിമയെ അറിയുകയുളളു. ജീവനെ ഈശ്വരാർപ്പണം ആക്കിയാൽ, സന്ത്പദം ലഭിക്കും.

കർമ്മഫലങ്ങൾ തീർച്ചയായും ലഭിക്കും, ഒട്ടും പ്രയത്നിക്കേണ്ടാ.

നിഴലിനെ ആശ്രയിക്കുന്നതിൽ എന്താ ലാഭം? ജലത്തിൽ കാണുന്ന നക്ഷത്രങ്ങളുടെ പ്രതിബിംബങ്ങളെ, മുത്താണെന്ന് തെററിദ്ധരിച്ച്, ഹംസം കൊത്തിയെടുക്കാൻ ശ്രമിക്കുന്നു.

സർവ്വ ശാസ്ത്രങ്ങളേയും, ആഗമങ്ങളേയും, കടഞ്ഞെടുത്താൽ, കിട്ടുന്ന വെണ്ണയാണ്, ഭഗവാൻ.

സന്ത് ജനങ്ങൾക്ക് പ്രിയമുളളത്, സമയത്തിൻെറ അവസാനം ആണ്.

അഭ്യാസത്താൽ സർവ്വ കാർയ്യങ്ങളും സിദ്ധമാവും. അഭ്യസിക്കാനുളള ദൃഢനിശ്ചയം ഇല്ലെങ്കിൽ കഠിനമായും തോന്നും. അഭ്യാസത്താൽ വിഷവും ദഹിച്ചുപോവും. ഉറുമ്പ് അരിച്ചാൽ, കല്ലും തേഞ്ഞുപോവും. അമ്മയുടെ ഗർഭത്തിൽ ആദ്യം തന്നെ പത്തു മാസം തികഞ്ഞ ശിശുവിന്ന് സ്ഥലം ഉണ്ടായിരുന്നുവോ ? മെല്ലെ മെല്ലെ ഗർഭാശയം വേണ്ടുന്ന സ്ഥലം ഉണ്ടാക്കി വെച്ചില്ലേ?

വിശ്വവ്യാപിയായ ഈശ്വരനെ അറിയുന്നതു വരെ, ബന്ധു മിത്രങ്ങളോടുളള പ്രേമം നിൽക്കുന്നു. അറിഞ്ഞതിൽ പിന്നെ, അതെല്ലാം മിത്ഥ്യയായി കാണുന്നു. ദീപത്തിൻെറ പ്രകാശം സൂർയ്യോദയം വരെ ഉപയോഗപ്രദമാണ്; സൂർയ്യ പ്രകാശത്തിന്നു മുമ്പിൽ, ദീപ പ്രകാശം നിസ്‍തേജസ്സാവുന്നു. ദേഹത്തോടുളള സംബന്ധം പ്രാരബ്‍ധത്താൽ ആയിരുന്നാലും, മനസ്സിനോടുളള സംബന്ധം നാരായണനിൽ ആയിരിക്കണം.

നമ്രതയാണ് ഉത്തമം; ആ സ്ഥിതിയിൽ ആരോടും വൈരഭാവങ്ങൾ ഇല്ല.

ഭോജനത്തെ വർണ്ണിക്കുന്നതിലും, കാണുന്നതിലും, കഴിക്കുന്നതിലും, വളരെ വളരെ വ്യത്യാസം ഉണ്ട്. രത്നത്തിൻെറ മൂല്യം, രത്നവ്യാപാരിക്കേ അറിയുകയുളളു; പാമരന്ന് അതിൻെറ പ്രകാശം കുപ്പിച്ചില്ലു പോലെ തോന്നും.

യോഗികളുടെ ധനമാണ്, ത്യാഗവും, ശാന്തിയും; ഇതു കൊണ്ട്, രണ്ടു ലോകത്തിലും കീർത്തിയും, മാന്യതയും ലഭിക്കുന്നു. തൃഷ്‍ണയാൽ ജീവൻ കഷ്‍ണം കഷ്‍ണം ആയിപ്പോവുന്നു. സർവ്വ കർത്തവ്യ ബുദ്ധിയെ ത്ജിച്ചാൽ, ജീവൻ ശിവപദത്തിൽ എത്തുന്നു.

മനസ്സിൽ ധൈർയ്യവും, ക്ഷമയും ഇല്ലെങ്കിൽ, ജട വെക്കുന്നതും, ഭസ്‍മലേപനം ചെയ്യുന്നതും, ശവത്തിനെ അലങ്കരിക്കുന്നതു പോലെയാണ്.

മനസ്സ് ശാന്തമായി വെച്ചാൽ, സർവ്വ സുഖങ്ങളും ലഭിക്കും. ദുഷ്‍ടവാസനകളെ അകററിയാൽ, മനസ്സ് ശാന്തസ്ഥിതിയിൽ വരും.

ഗുരുവിനെ ദൈവസമാനമായി കാണുന്നവന്ന് ഉപദേശങ്ങൾ ഫലപ്രദം ആവുന്നു; അല്ലെങ്കിൽ ദോഷതുല്യം ആവുന്നു. ദേഹഭാവം ഇല്ലാത്തവന്നേ, ബ്രഹ്മജ്ഞാനം കിട്ടുകയുളളു.

ആശ, തൃഷ്‍ണ, മായാ എന്നിവ അപമാനത്തിൻെറ വിത്തുകളാണ്; ഇവയെ ത്യജിച്ച മനുഷ്യൻ പൂജനീയനാണ്.

ഏതു രൂപത്തിൽ നീ ധ്യാനിക്കുന്നുവോ, ആ രൂപത്തിൽ ഈശ്വരൻ ദർശനം തരുന്നു. നീ ആത്മാർത്ഥമായി ചെയ്യുന്ന സേവകളെ, ഈശ്വരൻ സ്വീകരിക്കുന്നു.

ഒരു വിധത്തിലെ സംശയങ്ങളും മനസ്സിൽ വെക്കുന്നത് ദോഷമാണ്. മനസ്സിൻെറ സങ്കൽപങ്ങളാൽ പാപ-പുണ്യങ്ങൾ ഉണ്ടാവുന്നു; അതിനാൽ, മനസ്സിനെ ശുദ്ധാവസ്ഥയിൽ നിർത്തുന്നതാണ് ഉത്തമം.

ഈശ്വരവിശ്വാസത്തോടെ പ്രവചിക്കുന്നതെല്ലാം ആനന്ദമയമായിരിക്കും.

ആശാരഹിതമായ ഹൃദയത്തിൽ ഈശ്വരൻ വസിക്കുന്നു; ആശകൾ നിറഞ്ഞ ഹൃദയം നരകതുല്യമാണ്. ഏകാന്തമായിരുന്ന് നാമസ്‍മരണം ചെയ്യുന്നവൻ സുഖ-ശാന്തി നേടുന്നു; ഗർവ്വിഷ്‍ടനായി നടക്കുന്നവൻ, എപ്പോഴും ദുഖിതനായിരിക്കും. ദുഖത്തിൽ നിന്ന് മുക്തി ലഭിക്കാനുളള മാർഗ്ഗം വളരെ എളുപ്പമാണ്; പക്ഷേ, ജീവികൾ അതറിയാതെ, വട്ടം തിരിഞ്ഞു ദുഖിതരാവുന്നു.

എല്ലാ ജീവജാലങ്ങളേയും നമ്രതയോടെ വീക്ഷിക്കുന്നവൻ, തൻെറ ഹൃദയത്തിൽ പരമാത്മാവിനെ പ്രതിഷ്‍ഠിച്ചിരിക്കുന്നു. ജലം, നേർമ്മയുളളതിനാൽ എല്ലായിടത്തും പരക്കുന്നു. ഭവസാഗരം കടക്കുവാനുളള തോണിയാണ് നമ്രത; ഗർവ്വം തലക്കു കേററി നടക്കുന്നവൻ, ഭവസാഗരത്തിൽ മുങ്ങിപ്പോവും.

മനസ്സിനെ നിയന്ത്രിച്ചാൽ, എല്ലാ ദിവസങ്ങളും സുഖമയമാവും.

പ്രവചിക്കുന്നതുപോലെ പ്രവർത്തിക്കുന്നവൻ, വളരെ അപൂർവ്വമാണ്.

ഈശ്വരൻെറ രക്ഷയിൽ ഉളളവനെ, ആർക്കു കൊല്ലുവാൻ കഴിയും? മുളളുകൾ അവൻെറ പാദത്തിൽ കുത്തുകയില്ല; അഗ്നി ദഹിപ്പിക്കുകയില്ല; വെളളം മുക്കി കൊല്ലുകയില്ല; വിഷവും അമൃതമാവും; വഴി തെററുകയില്ല; എവിടേയും കുടുങ്ങുകയില്ല; മരണഭയം ഉണ്ടാവുകയില്ല; ആയുധപ്രയോഗങ്ങളിൽ നിന്നും നാരായണൻ രക്ഷിക്കുന്നു.

ഈശ്വരൻ വിധിച്ചിരിക്കുന്നത് മാററുവാൻ ആർക്കും സാദ്ധ്യമല്ല. രാജാ ഹരിശ്ചന്ദ്രന്നും, റാണി താരാമതിക്കും ചണ്ഡാലൻെറ അടിമകൾ ആകേണ്ടിവന്നു; ഭഗവാൻ പാണ്ഡവരുടെ സഹായി ആയിരുന്നിട്ടും, അവർ രാജ്യ ഭ്രഷ്‍ടരായി, വനവാസം ചെയ്യേണ്ടി വന്നു. അതിനാൽ, നിശ്ചലചിത്തരായി വിധിച്ചതെല്ലാം അനുഭവിക്കണം.

പുറത്തിലെ വേഷം മാററി നടിച്ച്, വയറു നിറക്കാൻ കഴിയും; അകത്തിനെ ശുദ്ധമാക്കിയാലേ, പരമാർത്ഥം ലഭിക്കുകയുളളു.

തീർത്ഥയാത്രകളും, വ്രതങ്ങളും മോക്ഷമാർഗ്ഗം അല്ല; ഈശ്വരൻെറ ചരണങ്ങളുടെ ആശ്രയമാണ് ഒരേഒരു മോക്ഷമാർഗ്ഗം.

വ്യഭിചാരത്തിനെ നിഷേധിക്കുന്ന വാർത്തകൾ, പതിവ്രതക്ക് ആനന്ദം നൽകുന്നു; വ്യഭിചാരിണിക്ക് സങ്കടവും. ധർമ്മപ്രവചനങ്ങൾ ശ്രവിക്കുന്നതിൽ, സജ്ജനങ്ങൾ ആനന്ദിക്കുന്നു; ദുർജ്ജനങ്ങൾക്ക് കർണ്ണ കഠോരമായിരിക്കുന്നു. യുദ്ധക്കളത്തിൽ യോദ്ധാവ് ഉല്ലസിക്കുന്നു; ഭീരു ഓടി ഒളിക്കുന്നു. അഗ്നി അശുദ്ധ വസ്‍തുക്കളെ നീക്കി, സ്വർണ്ണത്തെ ശുദ്ധമാക്കുന്നു. ചുററിയാൽ അടിച്ചാലും, രത്നം പൊട്ടുകയില്ല.

സ്വയം ദുഷ്‍ട മാർഗ്ഗത്തിൽ നടന്ന്, മററുളളവർക്ക് സന്മാർഗ്ഗം ഉപദേശിക്കുന്നവർ, ഏററവും വലിയ മൂഢരാണ്. സ്വയം വിഷപാനം ചെയ്‍ത്, മരണസമയത്ത് മററുളളവർക്ക്, വിഷപാനം ചെയ്യാതിരിക്കാൻ ഉപദേശിക്കുന്നവരും മൂഢരാണ്. സ്വയം മുങ്ങിപ്പോകുമ്പോൾ, മററുളളവർക്ക് വെളളത്തിൻെറ ആഴം, സൂചിപ്പിക്കുന്നവൻ ധന്യനാണ്. പ്രവചിക്കുന്നവരുടെ അവഗുണങ്ങളെയല്ല, ഗുണങ്ങളേയാണ് ഗ്രഹിക്കേണ്ടത്.

തീർത്ഥസ്‍നാനം ചെയ്‍ത്, നീ നിൻെറ ചർമ്മം പുറത്ത് നനച്ചു; മനസ്സിലെ ദുഷ്‍ടഭാവങ്ങൾ ഒന്നുപോലും നീങ്ങിയില്ല. കടുക്കയേയും, കയ്‍പക്കയേയും ശർക്കരവെളളത്തിൽ ഇട്ടാലും, അവയുടെ കയ്‍പുരസം മാറുമോ? അതേപോലെ, തീർത്ഥയാത്രകളാൽ മനസ്സ് ശുദ്ധമാവുകയില്ല.

യജമാനൻെറ കൽപനകളെ, ഭൃത്യൻ ശിരസാ വഹിച്ചു ചെയ്യണം; യജമാനൻ വല്ലതും മറന്നുപോയാലും, സമയാനുസരണം ഓർമ്മപ്പെടുത്തണം; ആ ഭൃത്യന്നേ യജമാനൻെറ ചോറു തിന്നാനുളള അധികാരം ഉളളു. ആ ഭൃത്യനാണ് യോഗ്യൻ.

സത്വഗുണം ഉളളവർ മിതഭാഷികൾ ആയിരിക്കും; മററുളളവർ പൊളളയായ ഭാഷണങ്ങൾ ചെയ്‍തുകൊണ്ടിരിക്കും.

ഈശ്വരൻ എല്ലാ ജീവജാലങ്ങളേയും സംരക്ഷിക്കുന്നു; നമ്മൾ നമുക്ക് വേണ്ട ആഹാരത്തെപ്പററിയും ചിന്തിക്കേണ്ടതില്ല ഈശ്വരൻ എല്ലാവരുടേയും പാപ-പുണ്യങ്ങളെ കണക്കാക്കുന്നു; നമുക്ക് എല്ലാവരും പുണ്യാത്മാക്കളാണ്. ഈശ്വരൻ സൃഷ്‍ടി-സ്ഥിതി-സംഹാരങ്ങൾ ചെയ്യുന്നു; നമുക്ക് അതിനെപ്പററി ചിന്തിക്കേണ്ടതില്ല. ഈശ്വരന്ന് വളരെയധികം പണികൾ ഉണ്ട്; നമുക്ക് ഒന്നുമില്ല. എല്ലാം നോക്കിയാൽ, നമ്മൾ മടിയന്മാരാണ്.

ഭോഗങ്ങളെ കൃഷ്‍ണാർപ്പണമാക്കി അനുഭവിച്ചാൽ, അവയെ ത്യജിച്ചതു പോലെയാണ്. ഈ ഭോഗങ്ങളുടേയെല്ലാം, ഭോക്താ ഈശ്വരനാണ്. ഈ സത്യം അറിഞ്ഞാൽ, നമ്മുടെ ദേഹത്തിൽ വസിക്കുന്നത്, ഈശ്വരാംശമായ ദേഹി ആണെന്നറിയാം.

വിട്ടലൻ ഉദാരനാണ്. സ്വൽപം അർപ്പിച്ചലും, അധികം തരുന്നു; വിട്ടലൻ തൻെറ ഭക്തരുടെ സേവകനാണ്.

ജലം, സജ്ജനങ്ങളുടേയും, ദുർജ്ജനങ്ങളുടേയും ദാഹശമനം ചെയ്യുന്നു; ജലം ആരുടേയും വിളി കേൾക്കുന്നില്ല, ആരുടേയും ഗുണങ്ങളും പാടുന്നില്ല.

വിവിധ ആഭരണങ്ങളിലും സ്വർണ്ണം ഒരുപോലെ തിളങ്ങുന്നു; സ്വപ്‍നത്തിൽ കിട്ടുന്ന ലാഭ-നഷ്‍ടങ്ങൾ, ഉണരുമ്പോൾ മിത്ഥ്യയാവുന്നതുപോലെ.

കാക്ക ശവശരീരത്തിലെ മാംസം ഭക്ഷിക്കുന്നു കോഴി ചെറിയ കല്ലുകളും, ഹംസം മുത്തും ഭക്ഷിക്കുന്നു ഏതു ജീവിയുടേയും ഇഷ്‍ടവും, ഭാവവും പോലെ ഭഗവാൻ കൊടുക്കുന്നു.

എവിടെ പരമഭക്തൻ വസിക്കുന്നുവോ, അവിടെ ഭഗവദ്‍സാന്നിദ്ധ്യവും ഉണ്ട്.

പരമാർത്ഥത്തിൻെറ മർമ്മം, പാണ്ഡുരംഗ വിഠ്‍ഠലന്നേ അറിയൂ. ഏതു വിദ്യയും പഠിപ്പിക്കാൻ സാധിക്കും, പക്ഷേ, ഈശ്വരപ്രേമം സ്വയമേവ മനസ്സിൽ വരണം.

ബുദ്ധി ഉളളതുപോലെ, സിദ്ധി ഉണ്ടാവും.

ദരിദ്രനായിരുന്നാൽ രാജാവിനെ എതിർത്തു നിൽക്കരുത്. ഉറുമ്പിൻെറ വായിൽ ആനക്കു വേണ്ട ആഹാരം ഇട്ടാൽ,

അത് ചത്തുപോവും.  തൻെറ ശക്തിക്കനുസരിച്ച്, ശൌർയ്യം കാണിക്കണം.

ഭിക്ഷാപാത്രത്തെ നോക്കാതെ, അന്നദാനം ചെയ്യണം.

തൻെറ ജീവനെ ദൈവാർപ്പണം ചെയ്യുന്നതാണ്, ദൈവ-പൂജ. വിത്ത് എങ്ങനേയോ, അങ്ങനെ ഫലം; കാരണം എങ്ങനേയോ, അങ്ങനെ കാർയ്യം; എത്രത്തോളം നമ്രതയോടെ ജീവിക്കുന്നുവോ, അത്രത്തോളം ഈശ്വരൻെറ അനുഗ്രഹങ്ങൾ ലഭിക്കുന്നു.

ഭക്തനും ഭഗവനും തമ്മിൽ വ്യത്യാസമില്ല. മരക്കഷ്‍ണം അഗ്നിയിൽ വീണാൽ അഗ്നിയാവുന്നു.

സർവ്വ ജീവജാലങ്ങളേയും സ്നേഹിക്കുന്നതാണ് ഉത്തമഗുണം; ആ ഗുണത്തെ നാരായണൻ അംഗീകരിക്കുന്നു.

നെയ്യിൽ മോർത്തുളളികൾ ഉളളതുവരെ, കട കട ശബ്‍ദം വരുന്നു; ശുദ്ധമായതിൽ പിന്നെ ശാന്തമാവുന്നു.

തീർത്ഥയാത്രകളേക്കാൾ, ഉത്തമം നാമസ‍്മരണം ആണ്. ഏതു ഭക്തൻ സമയം വ്യർത്ഥമാക്കാതെ ജീവിക്കുന്നുവോ, അവൻെറ കൂട്ടുകെട്ട് ഉത്തമമാണ്. ഏതു ഭക്തൻ നാമസ്‍മരണം ചെയ്‍തും, മററുളളവരെ പ്രേരിപ്പിക്കുകയും, ചെയ്യുന്നുവോ, അവൻ ഭവസാഗരം കടക്കുവാനുളള തോണിയാണ്. ആ പരോപകാരിയുടെ ചരണങ്ങളെ ഞാൻ വന്ദി്ക്കുന്നു.

സ്വർണ്ണമാണ് സത്യം, ആഭരണങ്ങൾ മിത്ഥ്യ.

അഹങ്കാരം ഇല്ലാതെ ജീവിച്ചാൽ, നാരായണൻ നിൻെറ വീട്ടിൽ വരും.

സർവ്വലോകങ്ങളേയും വിഷ്‍ണുമയമായി, വീക്ഷിക്കുന്നതാണ് വൈഷ്‍ണവധർമ്മം. പക്ഷേ വളരെ ചുരുക്കം പേർക്കേ ഇതിൻെറ അറിവുളളു.

മനസ്സിൽ നിന്ന് വിഷയ വികാരങ്ങളെ നീക്കിയാൽ, ആത്മജ്യോതിയെ സ്‍പഷ്‍ടമായി കാണാം.

നല്ലത്, കെട്ടത് എന്നീ ഭാവങ്ങൾ മനോകൽപിതമാണ്; പക്ഷേ, മൂല ആകൃതിയിൽ വ്യത്യാസം ഇല്ല. ഒരുത്തൻ മഞ്ചത്തിൽ ഇരിക്കുന്നു, നാലാളുകൾ മഞ്ചത്തെ വഹിക്കുന്നു; ** ജീവിതത്തിൽ എല്ലാവർക്കും അവനവൻെറ കർമ്മഫലങ്ങൾ അനുഭവിക്കണം; ഒരുത്തനെപ്പോലെ അല്ല മറെറാരുത്തൻ; ഭിന്നത പ്രകൃതിയുടെ സ്വരൂപമാണ്.

    • [ദേഹി ദേഹത്തിൽ ഇരിക്കുന്നു; ധർമ്മ-അർത്ഥ-കാമ-മോക്ഷങ്ങൾ ദേഹത്തെ വഹിക്കുന്നു].

ഒന്നിലും ആശയില്ലാത്തവൻെറ ദേഹം ബ്രഹ്മരൂപമാണ്; പാപ-പുണൃങ്ങൾ അവനെ ബാധിക്കുകയില്ല. അവൻെറ മനസ്സിൽ സഹതാപത്തിൻെറ അഗ്നി ജ്വലിച്ചു കൊണ്ടിരിക്കും. അഹംഭാവത്താലും, വ്യാകുലതയാലും, മനസ്സ് മലിനമാവുന്നു.

ആശയെ ത്യജിച്ചാൽ, പാശാബന്ധനങ്ങൾ മുറിഞ്ഞുപോവും. അന്യവിചാരങ്ങളുടെ ഭാരം ചുമന്ന് നടന്നാൽ, വഴി തെററിപ്പോവും. ഈശ്വരപ്രാപ്‍തിയിൽ തടസ്ഥം വന്ന്, ജീവിക്കുന്നതിൽ ലാഭമില്ല.

ആരുടെ കൂട്ടുകെട്ടിനാൽ ദുഖം വരുന്നുവോ, അവിടെ സുഖപ്രാപ്‍തി എങ്ങനെ ലഭിക്കും?

ബുദ്ധിഹീനന്ന് ഉപദേശം നൽകുന്നത്, വിഷത്തെ അമൃതം ആക്കുവാൻ ശ്രമിക്കുന്ന പോലെയാണ്. ആലസ്യ വ്യക്തിയുടെ മനസ്സിൽ, ഒരു വിഷയവും നിൽക്കുകയില്ല.

സംസാരം അർത്ഥശൂന്യമാണ്; ഈശ്വരൻ മാത്രമേ സാരാംശമായതും. ഈശ്വരചിന്തനം അല്ലാതെ, മററു ശ്രമങ്ങളെല്ലാം വ്യർത്ഥമാണ്.

സർവ്വ ജന്തുക്കളിലും, നാരായണൻ സാക്ഷിരൂപത്തിൽ വസിക്കുന്നു; എന്നാലും, ഗുണവാൻ പൂജനീയനും, അവഗുണൻ ദണ്ഡിതനും ആവുന്നു.

ഏതു വഴിയിൽ മനസ്സ് സമാധാനമായിരിക്കുമോ, ആ വഴി സ്വയം അറിയണം. അനേക രൂപത്തിൽ മായാ പരന്നിരിക്കുന്നു; അവയിൽ ഇച്‍ഛയില്ലാതിരിക്കുന്നതാണ് ഉത്തമം. വിട്ടലൻെറ അനന്യ ഭക്തിയിൽ മനസ്സിനെ നിർത്തി, നിശ്‍ശബ്‍ദമായി പൂജീക്കുന്നതാണ് ഉത്തമം.

മാംസ കഷ്‍ണത്തെ കൊതിച്ച്, മത്സ്യം ചൂണ്ടലിൽ കടിച്ച്, മരിക്കുന്നു; ആശ അതിൻെറ പ്രാണനെ എടുത്തു. ആട് കശാപ്പുകാരൻെറ കയ്യാൽ മരിക്കുന്നു

കാമ-ക്രോധങ്ങളെ അടക്കി, സകല ജീവജാലങ്ങളേയും, സ്നേഹിക്കുന്നതാണ് ഉന്നതമായ ഭക്തിമാർഗ്ഗം.

'ഭോക്താ നാരായണൻ ആണ്, ഞാൻ അല്ല', എന്നു പറയുന്നവൻെറ സർവ്വ ഭോഗങ്ങളും, നാരായണന്ന് അർപ്പിതമാണ്. പണികൾ ചെയ്യുമ്പോഴും, ആഹാരം കഴിക്കുമ്പോഴും, 'സർവ്വം ഈശ്വരാർപ്പണം' എന്ന് പറയണം. ഇതിൽ ചെലവൊന്നുമില്ല; ഈശ്വരന്ന് പ്രിയവും ആണ്

അന്യർക്കു ആവശ്യമായ ഉപകാരങ്ങൾ ചെയ്‍തും, നിയമാനുസരണം സ്വയം ജീവിതം നയിച്ചും, ഭക്തർ നാമസ്‍മരണത്തിൽ ആനന്ദം നേടുന്നു.

പരമാർത്ഥത്തിൻെറ ഭണ്ഡാരം എപ്പോഴും നിറഞ്ഞതാണ്; എത്ര എടുത്താലും, കുറയുകയില്ല.

ബഹുമാനം ആഗ്രഹിക്കുന്നവന്ന്, അപമാനം കിട്ടുന്നു; ആശകൾ അവസാനം നിരാശകൾ ആവുന്നു. ഇച്‍ഛിക്കുന്നതു പോലെ ഫലം ലഭ്യമല്ല. എന്നിട്ടും, ആശകൾ മനുഷ്യനെ യാചകൻ ആക്കുന്നു. ഏതെങ്കിലും ജന്തുവിൻെറ പേര്, അരയന്നം എന്നു വെച്ചാൽ, അതിൻെറ രൂപം മാറുമോ?

പാലിൽ വെണ്ണ ഉണ്ടെന്ന് എല്ലാവർക്കും അറിയാം; പക്ഷേ, കടയുന്നവന്നേ വെണ്ണ എടുക്കുവാൻ കഴിയുകയുളളു. മരക്കഷ്‍ണങ്ങളിൽ അഗ്നി ഉണ്ടെന്ന് എല്ലാവർക്കും അറിയാം; പക്ഷേ, അവ തമ്മിൽ ഉരച്ചാലേ, അഗ്നി വരുകയുളളു. ദർപ്പണം മലിനമായിരുന്നാൽ, മുഖം നോക്കാൻ പററുമോ?

ദൈവീകഗുണം ഉളളവന്ന്, സർവ്വവും ദേവസ്വരൂപമായി കാണും; ഇത് അനുഭവത്താലാണ്, ഭാഷണത്താൽ അല്ല.

ഉളിയും, ചുററിയും ഉപയോഗിച്ച് ഉണ്ടാക്കിയ ദേവമൂർത്തിയെ പൂജിക്കുന്നു; പക്ഷേ, പണിയുമ്പോൾ ഉടഞ്ഞുപോയാൽ, ആരും പൂജിക്കുന്നില്ല.

സൂർയ്യൻ ശുദ്ധജലത്തെയും, അശുദ്ധജലത്തെയും, ഒരേ മാതിരി വററിക്കുന്നു; എന്നാലും ജലത്തിൻെറ ഗുണദോഷങ്ങൾ സൂർയ്യനെ ബാധിക്കുന്നില്ല. സൂർയ്യൻ നിർദ്ദോഷിയായിരിക്കുന്നു. ബ്രഹ്മജ്ഞാനവും ഇതുപോലെ തന്നെ.

അഗ്നി, ആരേയും വിളിച്ചുവരുത്തി, അടുക്കൽ ഇരുത്തി, തൻെറ ഉഷ്‍ണം പകർന്നു കൊടുക്കുന്നില്ല; വെളളം, ആരേയും വിളിച്ചുവരുത്തി, 'എന്നെ കുടിക്കു' എന്ന് പറയുന്നില്ല; ഭഗവാനും 'എൻെറ നാമസ്‍മരണം ചെയ്യു' എന്ന് പറയുന്നില്ല; അവനവൻെറ ജീവിതോദ്ധാരണത്തിന്നാണ് നാമസ്‍മരണം ചെയ്യേണ്ടത്.

ജീവാത്മാവും, പരമാത്മാവും തമ്മിലെ സുഖരൂപമായ ചേർച്ച, സാത്വീകവും, ശാശ്വതവും ആണ്. ഈശ്വരൻ എവിടെ ഇരുന്നാലും, ഭക്തൻെറ പ്രേമത്തിന്ന് അധീനനാണ്; കാരണം, ഈശ്വരനിലുളള പ്രേമം ആകാശം പോലെ വിശാലമാണ്.

ധനവാനെ ലോകത്തിൽ എല്ലാവരും ബഹുമാനിക്കുന്നു; പക്ഷേ, ധനത്താൽ കിട്ടുന്ന സൌഭാഗ്യം ശാശ്വതമല്ല.

സുഖസമയത്തിൽ എല്ലാവരും മിത്രങ്ങൾ ആവും; എന്നാലും, വല്ല ലാഭവും ഇല്ലെങ്കിൽ, വിട്ടേച്ചു പോവും. അന്ത്യസമയത്തിൽ ആരേയും കാണുകയില്ല. എൻെറ ശക്തി ക്ഷയിക്കുമ്പോൾ, കാഴ്‍ച കുറയുമ്പോൾ, മൂക്ക് ഒഴുകുമ്പോൾ, ഭാർയ്യയും, മക്കളും എന്നെ വെറുക്കുന്നു; അവർ പറയും, 'വീടു മുഴുവനും അശുദ്ധമാക്കുന്നു, മരിക്കുന്നുമില്ല'; ഹേ, പ്രഭോ, അന്ത്യസമയത്തിൽ അങ്ങുന്നല്ലാതെ വേറെ ആശ്രയമില്ല.

പണ്ഡിതനും, കഥ പറയുന്നവനും, ജ്ഞാനികൾ ആണെങ്കിലും, പ്രേമ-ഭക്തിയിൽ അജ്ഞാനികൾ ആണ്.

കാള ശർക്കരയുടെ ഭാരം വഹിച്ചാലും, തിന്നാൻ കിട്ടുന്നത് വയ്ക്കോലാണ്; ഒട്ടകം ധനപ്പെട്ടികൾ വഹിച്ചാലും, തിന്നാൻ കിട്ടുന്നത് മുളളുച്ചെടികളാണ്. അതേപോലെ വലിയ വലിയ ആശകളാൽ ശേഖരിച്ച സമ്പത്തുകൾ, ഇവിടെത്തന്നെ ഇട്ടേച്ചു, മനുഷ്യൻ കയ്യും മലർത്തിക്കൊണ്ട് പോവുന്നു.

ഭൂമി പവിത്രമാണ്, ഇച്‍ഛകൾ അപവിത്രം.

ഗോതമ്പിൽ നിന്ന്, വിവിധ ഖാദ്യ പദാർത്ഥങ്ങൾ ഉണ്ടാക്കുന്നു; അവയെ തിന്നാൻ വായും, നാവും കൊതിക്കുന്നു. ഭോഗങ്ങൾ അനുഭവിക്കുന്നതിനാൽ, സ്വാദ് ഇരട്ടിക്കുന്നു; അത് കിട്ടാതിരുന്നാൽ, അതിൻെറ ആഗ്രഹം വർദ്ധിക്കുന്നു. സമുദ്രത്തിനുളളിൽ ഒന്നിനു പിന്നിൽ ഒന്നായി അലകൾ വരുന്നതുപോലെ, വിഷയവാസനകളും തുടർച്ചയായി വന്നുകൊണ്ടിരിക്കും. കുട്ടികൾക്ക് ആഹാരം കൊടുത്തതിൽ പിന്നേയും, പിന്നേയും, അമ്മമാർ കയ്യിൽ എടുത്ത് കളിപ്പിക്കുന്നു, പിന്നേയും കൊടുക്കുന്നു. കുട്ടികളുടെ വാക്കുകളിൽ ഉളള മാധുർയ്യം അമ്മമാർക്ക് എത്ര കേട്ടാലും തൃപതി വരുകയില്ല.

ഒന്നിലും സ്ഥിരമല്ലാത്ത ബുദ്ധിയിൽ, ധൈർയ്യം ഉണ്ടാവുകയില്ല.

മനസ്സിനെ. ഈശ്വരനിൽ സ്ഥിരമാക്കിയാൽ, ഈശ്വരസാന്നിദ്ധ്യം വരും, അന്തക്കരണത്തിൽ ഈശ്വരജ്യോതിയും പ്രകാശിക്കും. ഈശ്വരപ്രേമത്തിൽ ലയിച്ച്, നാമസ്‍മരണം ചെയ്യുന്നവൻെറ ഗൃഹത്തിൽ ഋദ്ധി-സിദ്ധികളും, സർവ്വൈശർയ്യങ്ങളും നിറഞ്ഞിരിക്കും.

ഒരു ജലത്തോട് മറെറാരു ജലം ചേർന്നതിൽ പിന്നെ, മുമ്പിലത്തേതും, പിന്നിലത്തേതും ഏതെന്ന് അറിയാമോ?

ദേഹം, മൃത്യുവിൻെറ ആഹാരമാണ്; എന്നാലും മനുഷ്യർ ലോഭികളായി, ശാശ്വതം എന്ന് കരുതുന്നു.

പൂർവ്വജന്മത്തിലെ കർമ്മഫലങ്ങൾ അനുഭവിക്കാൻ, ഈ ജന്മം, ശരീരരൂപം എടുത്തിരിക്കുന്നു.

ഭീരുവായി ജീവിക്കുന്നതിൽ എന്താ ലാഭം?

ഒന്നിലും നിശ്ചയമില്ലാതെ ജീവിക്കുന്നവൻ പരാധീനനാണ്. കാമം, ആയിരം മുഖമുളളതും, തൃപ്‍തിയില്ലാത്തതും ആയ രാക്ഷസനാണ്; അതിനെ ഹൃദയത്തിൽനിന്ന് പുറത്താക്കിയാലെ സുഖം കിട്ടുകയുളളു.

ദേഹാഭിമാനം ഏററവും വലിയ തടസ്ഥമാണ്; അതില്ലാത്തവൻ കുടുംബത്തിലെ ദീപമാണ്.

സംസാരം അപവിത്രമാണെന്ന് വിചാരിക്കുന്നവനാണ് അപവിത്രൻ; മുഖ്യമായ ധർമ്മം ഭൂതദയയാണ്; അതുതന്നെയാണ് സത്കർമ്മവും.

ഉദരത്തിലെ അജീർണത്തിന്ന്, ശിരസ്സ് മുണ്ഡനം ചെയ്യുന്നത് ഔഷധമല്ല. അവനവന്ന് യോഗ്യമായ കർമ്മങ്ങൾ ആവശ്യം പോലെയും ശരിയായും ചെയ്യണം

അമ്മ കഴിക്കുന്ന ഭോജനത്തിൽ, ശിശുവിൻെറ പുഷ്‍ടിക്കു ആവശ്യമായ പദാർത്ഥങ്ങൾ ചേർക്കുന്നു; ആ പദാർത്ഥങ്ങളുടെ സാരാംശം മുലപ്പാലുമൂലം ശിശുവിന്ന് കിട്ടുന്നു.

അരി വേവിച്ചതിൽ പിന്നെ, അടുപ്പിൽ വെക്കുന്നത് വ്യർത്ഥമാണ്. അതുപോലെ, യഥോചിത സമയങ്ങളിൽ, യോഗ്യമായ കർമ്മങ്ങൾ ചെയ്യുന്നതാണ് ഉത്തമ ധർമ്മം.

മനസ്സിലുളള വിചാരങ്ങൾ മാറുന്നതു പോലെ, മനുഷ്യൻെറ സ്വഭാവവും മാറിക്കൊണ്ടിരിക്കും.

ഭഗവാനിൽ ദൃഢവിശ്വാസം ഉളളവൻെറ ഹൃദയത്തിൽ, സർവ്വസമയവും ബ്രഹ്മരസം നിറഞ്ഞിരിക്കും.

ബിംബം കല്ലു കൊണ്ടു ഉണ്ടാക്കിയതായാലും, ആ ബിംബത്തിൽ ശ്രദ്ധാ-ഭക്തിഭാവം ഉളളവൻ, സംസാരസാഗരം എളുപ്പം തരണം ചെയ്യും.

ഏതു സ്ത്രീ തൻെറ വസ്ത്രം കീറിക്കളഞ്ഞ്, നഗ്നയായി നിൽക്കുന്നുവോ, അവൾക്ക് ഭ്രാന്തുപിടിച്ചിട്ടുണ്ടെന്ന് എല്ലാവരും പറയും. പക്ഷേ, മനസ്സിൽ ഭ്രാന്തില്ലാതെ, വാക്കുകളാൽ ഭ്രാന്ത് പറയുന്നവനെ, എന്തായി ഗണിക്കാം? മൃഗതൃഷ്‍ണയെ (MIRAGE) നോക്കിയാൽ ദാഹം ശമിക്കുമോ? കാർയ്യസിദ്ധിക്കുവേണ്ടി അന്യരെ ആശ്രയിക്കാത്തവനാണ്, ധൈർയ്യവാൻ.

ദുരാഗ്രഹത്തിൻെറ മറെറാരു പേര്, പാപം.

തൻെറ മനസ്സിനെ നിയന്ത്രിച്ചവന്ന്, ഒന്നും ദുർല്ലഭമല്ല.

കല്ലിനെ ഉടക്കാൻ, തൻെറ തലയെ ഉപയോഗിക്കണോ?

കിട്ടുന്ന അവസരത്തിൽ ലാഭം വേണമെങ്കിൽ, ബുദ്ധിയും, ബലവും മറെറല്ലാവും വേണം. നിയമാനുസരണം ലാഭമോ, നഷ്‍ടമോ കിട്ടുകയില്ല. നല്ലവണ്ണം ആലോചിച്ച് കാർയ്യങ്ങൾ ചെയ്യണം. ഏതുപോലെ എന്നാൽ, ധാന്യം മൂത്തിട്ട്, കൊയ്യുന്നതുപോലെ.

ആത്മജ്ഞാനം വന്നാൽ, എല്ലാം ശുദ്ധമാവും; ദുരാഗ്രഹങ്ങളും, സുഖ-ദുഖങ്ങളും ഉണ്ടാവുകയില്ല. സ്വരൂപസ്ഥിതിയിൽ, ആ വ്യക്തി അന്യരോട് വിചിത്രമായി സംസാരിക്കുന്നു.

ഈശ്വരന്ന് സർവ്വ കർമ്മങ്ങളേയും സമർപ്പിച്ചാൽ, മനസ്സ് ശാന്തമായിരിക്കും; അല്ലെങ്കിൽ ഭ്രമത്തിലായി കർമ്മബന്ധനം വരും. വിട്ടലൻെറ സേവയല്ലാതെ, വേറെ എല്ലാം നിരർത്ഥകമാണ്.

നമ്മുടെ പാപപുണ്യങ്ങൾ പരമാർത്ഥം അറിയാനുളള മാർഗ്ഗത്തിലെ തടസ്ഥങ്ങളാണ്; പാപപുണ്യങ്ങൾക്കു കാരണം ദേഹ-ബുദ്ധിയാണ്. ത്യാഗി ഇതെല്ലാം കുടഞ്ഞു കളഞ്ഞ്, മുക്തി നേടുന്നു.

ബ്രഹ്മരസം അനുഭവിക്കുമ്പോൾ, പ്രേമ-ബുദ്ധിയും വരുന്നു.

മനസ്സ് നല്ല ലക്ഷ്യത്തിൽ ഇരുന്നാൽ, ശക്തിയും വരുന്നു. ഉദാരമനസ്സുളളവന്ന്, ഏതു വസ്‍തുവിനാ കുറവ്?

വെറുതെ വ്യസനിക്കുന്നതിൽ, മനസ്സിൽ ദുർഗ്ഗന്ധം വരുന്നു.

മനസ്സിൽ ഉളള ദോഷഭാവത്താൽ, പീഢകൾ വരുന്നു. 

അന്യായത്തിലും, അധർമ്മത്തിലും പെരുമാറുന്നവരെ രാജാവ് ശിക്ഷിക്കുന്നു. സജ്ജനങ്ങളെ രക്ഷിച്ചും, ദുർജ്ജനങ്ങളെ ശിക്ഷിച്ചും, രാജ്യം ഭരിക്കുന്ന രാജാവിന്ന്, പാപം വരുന്നില്ല.

മനസ്സിന്നുളളിലെ സ്വഭാവം, പുറത്തും കാണാം; അതുകാരണം വ്യക്തിയെ തിരിച്ചറിയാം.

നിശ്ചിന്തനായിരുന്നാൽ, മനസ്സിൽ സമാധാനം ഉണ്ടാവും.

സ്‍തുതിയോ, നിന്ദ്യയോ, രണ്ടും മിത്ഥ്യയാണ്.

നേടിയ പുണ്യം, ക്രോധത്താൽ നശിക്കുന്നു.

യുക്തമായി ആഹാരം കഴിച്ചും, ധർമ്മം ആചരിച്ചും, വൈരാഗ്യം വരിച്ചും ജീവിക്കുന്നത് ആണ്, സംസാരസാഗരം കടക്കുവാനുളള ഉത്തമ മാർഗ്ഗം.

ക്ഷമയുണ്ടെങ്കിൽ, എല്ലം ശുഭമായി വരും.

പാപ-പുണ്യങ്ങൾക്ക് പ്രധാനകാരണം മനസ്സിലെ സങ്കൽപങ്ങളാണ് . മനസ്സിനെ ഏതു വിഷയത്തിൽ നിർത്തുന്നുവോ, അതേ വിഷയത്തിൽ ലയിക്കുന്നത് അതിൻെറ സ്വഭാവമാണ്.

ക്രോധത്തിൽ ഉച്ചരിക്കുന്ന വാർത്തകൾ, നരകതുല്യമാണ്.

പശ്ചാത്താപമായ തീർത്ഥത്തിൽ സ്‍നാനം ചെയ്‍ത്, ആത്മബോധമായ സൂർയ്യനെ ദർശിച്ചാൽ, മനസ്സ് ശുദ്ധമാവും.

പരോപകാരമാണ് പുണ്യം, പരോപദ്രവമാണ് പാപം; ഇതിൽക്കവിഞ്ഞ് വേറെ പുണ്യവുമില്ല, പാപവുമില്ല. സത്യഭാഷണങ്ങളും, സത്യാചാരങ്ങളും, ധർമ്മമാർഗ്ഗമാണ്; മിത്ഥ്യാഭാഷണങ്ങളും, മിത്ഥ്യാചാരങ്ങളും, പാപമാർഗ്ഗമാണ്. ഹരിനാമസ്‍മരണവും, സന്ത് ജനങ്ങളെ ആദരിക്കുന്നതും, സ്വർഗ്ഗമാർഗ്ഗമാണ്; ഈശ്വരനേയും, സന്ത് ജനങ്ങളെയും നിന്ദിക്കുന്നത് നരകവഴിയാണ്.

ഈശ്വരപ്രാപ്‍തിക്ക്, മനസ്സിൽ വിരക്തിയും, ഓരോരു രോമങ്ങളിലും ഹരിപ്രേമവും ഉണ്ടാവണം.

കാമധേനുവിൻെറ കിടാവിന്ന് പാലു കിട്ടാതിരിക്കുമോ? കൽപ്പവൃക്ഷത്തിൻെറ താഴെ ഇരിക്കുന്നവന്ന്, അന്നം കിട്ടാതിരിക്കുമോ?

കുട്ടികളുടെ ശ്രദ്ധ മാററുവാനായി, ചിലസമയം അമ്മമാർ സാധനങ്ങളെ ഏറിയുന്നതുപോലെ ആംഗ്യം കാണിച്ച്, ഒളിച്ചുവെക്കുന്നതുപോലെ, ഭഗവാനും ഭക്തരോട് കളിക്കുന്നു.

ഈ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും, ദൈവസുഖം ലഭിച്ചാൽ, പിന്നെ ദുഖമോ, വിയോഗമോ അനുഭവിക്കേണ്ടി വരുകയില്ല.

സ്വയം നാമസ്‍മരണം ചെയ്യുകയും, മററുളളവരെ ഹരിനാമം ജപിക്കാൻ പ്രേരിപ്പിക്കുകയും, ചെയ്യുന്നതാണ് ഉത്തമം. പൃഥ്വി എല്ലാ സ്ഥാവര-ജംഗമങ്ങളുടേയും ഭാരം,

ലാഭത്തെ  ഇച്‍ഛിക്കാതെ  വഹിക്കുന്നു.   

പശുക്കൾ അവയുടെ പാല്, പരോപകാരമായി തരുന്നു. മേഘങ്ങൾ പരോപകാരമായി മഴ ചൊരിയുന്നു. സൂർയ്യ-ചന്ദ്രന്മാർ വിശ്രാമം ഇല്ലാതെ പ്രകാശം പരത്തുന്നു. ഈ ശരീരം പരോപകാരത്തിനാണ് ഈശ്വരൻ തന്നിരിക്കുന്നത്.

സത്യവും, അനുഭവവും ഇല്ലാത്ത കാവ്യ രചന ശൂന്യമാണ്.

ഗുരുവിൻെറ ഉപദേശങ്ങളെ മനസ്സിൽ സ്ഥിരമാക്കുന്നവനെ, 'സരള ഹൃദയൻ' എന്ന് വിളിക്കാം. ധൈർയ്യം ഇല്ലാതെ, 'അയ്യോ, ഞാൻ എന്തു ചെയ്യട്ടേ?', എന്ന് കരയുന്നവനെ, ഹീനബുദ്ധി എന്ന് കരുതു.

തൻെറ ജീവഭാവം ദൈവചരണങ്ങളിൽ സമർപ്പിച്ചിട്ടും, സംസാരത്തിലെ പ്രശംസകളെ കാംക്ഷിക്കുന്നവൻ, ലുബ്‍ധനാണ്.

ബുദ്ധിക്ക് നിയന്ത്ണം ഉളളവൻ, ചെയ്യുന്ന കാർയ്യങ്ങൾ, സാധനാരൂപത്തിൽ ഉത്തമം ആവുന്നു. അന്യരുടെ ബുദ്ധിപ്രകാരം ചെയ്യുന്ന കാർയ്യങ്ങൾ ശൂന്യമാവുന്നു.

ഇന്ത്രിയനിയന്ത്രണം സർവ്വോത്തമമായ ഗുണമാണ്.

എല്ലാ വിഷയങ്ങളുടേയും സാരാംശം ഗ്രഹിച്ചവൻ ജ്ഞാനിയാണ്; വാദ-പ്രതിവാദങ്ങിൽ ഇടപെട്ട്, സമ്മാനം ലഭിച്ചാലും, അത് തുച്‍ഛമാണ്.

പശുവിന്നും, അതിഥിക്കും ആഹാരം കൊടുത്തതിന്നു ശേഷം, ആഹാരം കഴിക്കുന്നവൻ ശുദ്ധ ആചരണം ഉളളവനാണ്; മററുളളവരെ ഗണിക്കാതെ, സ്വയം ആഹാരം കഴിക്കുന്നവൻ അധമനാണ്.

ഈശ്വരൻ ഭാവാനുസാരം ഫലം കൊടുക്കുന്നു; മനുഷ്യൻ തൻെറ ഭാവാനുസാരം ഫലം അനുഭവിക്കുന്നു. തൻെറ കർമ്മഫലങ്ങൾ മാത്രമേ കൂടെ വരുന്നുളളു.

വികാരങ്ങളെ വേരോടെ പറിച്ചു കളഞ്ഞാലേ, സംസാരബന്ധനങ്ങൾ നീങ്ങുകയുളളു.

'വിധിച്ചതേ, വരുകയുളളു', എന്ന് വിചാരിച്ച്, പ്രയത്നിക്കാതിരുന്നാൽ ഒന്നും കിട്ടുകയില്ല. 'പ്രാരബ്‍ധം പോലെ വരും' ,,എന്ന് വിചാരിച്ച്, ആരെങ്കിലും മുളളുകളുടെ മേൽ നടക്കുമോ? ജീവനുളള സർപ്പത്തെ പിടിക്കുമോ? 'ആത്മോന്നതിക്കായി ചെയ്യുന്ന കാർയ്യങ്ങളെ പ്രാരബ്‍ധം മുടക്കുകയില്ല' എന്ന് വിചാരിച്ച്, എല്ലാവരും സ്വന്തം ഹിതത്തിന്നുവേണ്ടി പ്രയത്നിക്കണം.

ഈശ്വരൻ, ക്ഷേത്രത്തിലെ ഹുണ്ഡിയിൽ നീ ഇടുന്ന കാശുകളെ അല്ല, നിൻെറ ഏകാഗ്രമായ ഭക്തിഭാവമാണ് വീക്ഷിക്കുന്നത്.

നാവിനേയും, ജനനേന്ത്രിയത്തെയും, നിയന്ത്രിച്ചില്ലെങ്കിൽ, അപമാനങ്ങൾ സഹിക്കേണ്ടി വരും.

മനസ്സ് ശുദ്ധമായിരുന്നാൽ, ശത്രുവും മിത്രനാവും; ക്രൂര ജന്തുക്കളും ഉപദ്രവിക്കുകയില്ല. നിർമ്മലമായ മനസ്സ് വിഷത്തേയും അമൃതമാക്കും. ഉപദ്രവിക്കുന്നവനും ഉപകാരിയായി മാറും. ജ്വലിക്കുന്ന അഗ്നിയും, ശീതളത തരും. സർവ്വ ജീവജാലങ്ങളേയും, മനുഷ്യതുല്യമായി സ്നേഹിക്കുന്നവന്ന്, നാരായണൻെറ സമ്പൂർണ്ണമായ കൃപ ലഭിക്കുന്നു.

11) ഭക്തി വചനങ്ങൾ:-
 -----------------------------------

ഹേ, പാണ്ഡുരങ്ക വിഠ്‍ഠലാ, അങ്ങയെപ്പോലെ ഭക്തജനങ്ങൾക്ക് അഭയം കൊടുക്കുന്ന ഉദാരവാനേയും, ധൈർയ്യവാനേയും കാണുകയില്ല. അങ്ങയെ ഭക്തി-ശ്ദ്ധയോടെ ശരണം പ്രാപിച്ചവൻെറ ഗുണദോഷങ്ങളെ ഗണിക്കാതെ, അങ്ങുന്ന് അവർക്ക് അഭയസ്ഥാനം കൊടുക്കുന്നു. ഭക്തരുടെ സങ്കടസമയത്തിലെ വിളി കേട്ട ഉടനെ, അങ്ങന്ന് ഓടിവന്ന് അവരെ രക്ഷിക്കുന്നു. ജന്മ-ജന്മാന്തരങ്ങളിലെ കർമ്മഫലങ്ങൾ, അങ്ങയുടെ നാമസ്‍മരണത്താൽ അകലുന്നു. തുക്കാറാം പറയുന്നു: 'എൻെറ ഈ അൽപായുസ്സിൽ, ഓരേ ഒരു വായിനാൽ , അങ്ങയെ എങ്ങനെ വർണ്ണിക്കും?'

ഹേ, വിഠ്‍ഠലാ, നീ അമ്മയെക്കാളും അധികം പ്രേമപൂർണ്ണനും, ജലത്തേക്കാളും അധികം മൃദുലവും, ചന്ദ്രനേക്കാളും അധികം ശീതളവും, അത്യധികം ശക്തിയുളളതും ആയ പ്രേമത്തിൻെറ തരംഗമാണ്. ഹേ, പുരുഷോത്തമാ, അങ്ങയെ ആരോട് ഉപമിക്കാം? അങ്ങയുടെ ചരണങ്ങളിൽ ഞാൻ സർവ്വസ്വവും സമർപ്പിക്കുന്നു. അങ്ങുന്ന് ഉണ്ടാക്കിയ അമൃതത്തേക്കാളും, അങ്ങേക്ക് മാധുർയ്യം ഉണ്ട്. പഞ്ചതത്വങ്ങളും അങ്ങയുടെ സൃഷ്‍ടിയാണ്. അങ്ങുന്ന് സർവ്വപ്രതാപിയും ആണ്. തുക്കാറാം പറയുന്നു: ഹേ,വിഠ്‍ഠലാ, ഞാൻ മൌനം വരിച്ച്, അങ്ങയുടെ ചരണങ്ങളെ ആശ്രയിക്കുന്നു; എൻെറ അപരാധങ്ങളെ ക്ഷമിക്കണേ.

എൻെറ നേത്രങ്ങൾക്ക് ദുഷ്‍ടതയെ കാണുവാനുളള ആശയില്ലാതിരിക്കട്ടെ; അതിനേക്കാളും നല്ലത്, അന്ധതയാണ്. എൻെറ ചെവികൾൾക്ക് നിന്ദയെ കേൾക്കുവാനുളള ആശയില്ലാതിരിക്കട്ടെ; അതിനേക്കാളും നല്ലത്, ശ്രവണശക്തി ഇല്ലാതിരിക്കുന്നതാണ്. എൻെറ വായിൽ നിന്ന് ദുഷ്‍ടവാർത്തകൾ വരാതിരിക്കണേ; അതിനേക്കാളും നല്ലത്, മൂകതയാണ്. എൻെറ മനസ്സിൽ പരസ്ത്രീകളിലുളള ആഗ്രഹം വരാതിരിക്കണേ; അതിനേക്കാളും നല്ലത്, മരണമാണ്. തുക്കാറാം പറയുന്നു: ഹേ, ഗോപാലാ, ഇതെല്ലാം ത്യജിച്ച്, എനിക്ക് അങ്ങയുടെ ഭക്തി ലഭിക്കണേ.

ഹേ, വിഠ്‍ഠലാ, ദേഹത്തിൻെറ ചിന്തയില്ലാതെ ഇരിക്കുവാൻ അനുഗ്രഹീക്കു; അപ്പോൾ, എനിക്ക് ആത്മശാന്തിയും ലഭിക്കും. അങ്ങയുടെ ചരണങ്ങളിൽ, എൻെറ മനസ്സിന്ന് ആശ്രയം തരു; അപ്പോൾ, മനോവികാരങ്ങളെല്ലാം അകന്നുപോവും. എൻെറ വായിൽ നിന്ന് എപ്പോഴും അങ്ങയുടെ നാമോച്‍ഛാരണം വരണം. തുക്കാറാം പറയുന്നു: ഹേ, വിഠ്‍ഠലാ, അങ്ങയെ ഞാൻ ബാഹ്യരൂപമല്ലാതെ, ശുദ്ധഭാവത്താൽ ചെയ്യുന്ന മാനസീക സേവയെ സ്വീകരിച്ചാലും.

ഹേ, വിഠോബാ, രുഖ്‍മായി (രുഗ്മണീ) വല്ലഭാ, എൻെറ നേത്രങ്ങൾ അങ്ങയുടെ മൂർത്തിയിൽ സദാ ലയിച്ചിരിക്കണേ; ഹേ, ദേവാ, അങ്ങയുടെ രൂപവും, നാമവും മധുരമയമാണ്; ഹേ, വിഠോബാ, അങ്ങയിലെ പ്രേമഭക്തി ഹൃദയത്തിൽ സ്ഥിരമാക്കണേ. തുക്കാറാം പറയുന്നു: അങ്ങയുടെ ചരണങ്ങളെ ആശ്രയിച്ച്, എനിക്ക് സർവ്വസുഖങ്ങളും ലഭിച്ചിരിക്കുന്നു.

അങ്ങയുടെ പ്രേമത്തിൻെറ പ്രസാദം തന്ന്, എൻെറ മനസ്സിൽ ജ്ഞാനത്തെ ദൃഢമാക്കൂ; താമരയുടെ ഇല, ജലത്താൽ നനയാത്തപോലെ, സംസാരവിഷയങ്ങൾ എന്നെ ബാധിക്കാതിരിക്കണേ; യോഗികളെപ്പോലെ, നിന്ദയായാലും, പ്രശംസയായാലും, എൻെറ മനസ്സ് സ്ഥിരമായിരിക്കണേ; സ്വപ്‍നത്തിൽ കാണുന്നതെല്ലാം, ഉണരുമ്പോൾ മിത്ഥ്യയാവുന്നതുപോലെ, ഈ വിശ്വ-പ്രപഞ്ചം മിത്ഥ്യയായി എനിക്ക് കാണട്ടേ. തുക്കാറാം പറയുന്നു: ഈ സ്ഥിതി കിട്ടുന്നതുവരെ, എല്ലാ കർമ്മങ്ങളും, ഭാരമായി തോന്നുന്നു.

ഹേ, വിഠ്‍ഠലാ, സർവ്വം ബ്രഹ്മമയം ആയി കാണുവാനുളള ഭാഗ്യം എനിക്ക് എപ്പോൾ കിട്ടും? ആ സുഖം സീമാതീതവും, ആനന്ദദായകവും ആയിരിക്കണേ; ശാന്തി, ക്ഷമ, ദയ, എന്നീ സദ്‍വികാരങ്ങൾ ഹൃദയത്തിൽ വരേണം; കാമാദി ദുർവ്വികാരങ്ങൾ ഹൃദയത്തിൽ നിന്ന് നീങ്ങേണം; അഗ്നിയുടെ ജ്വാലകൾപോലെ, തേജസ്സുളള വൈരാഗ്യബലം ലഭിക്കണം; എല്ലാ അലങ്കാരങ്ങളിനേക്കാളും ശ്രേഷ്‍ടമായ നവ-വിധ ഭക്തിയും കിട്ടണം. തുക്കാറാം പറയുന്നു: ഹേ, നാരായണാ, അങ്ങുന്നല്ലാതെ, എൻെറ ഈ ആശയെ, ആരാണ് പൂർത്തിയാക്കുക ?

ഹേ, വിഠ്‍ഠലാ,  അങ്ങുന്ന് നിർഗ്ഗുണ രൂപനായി നിൽക്കുന്നുവല്ലോ!

അങ്ങുന്ന് എനിക്ക്, കണ്ണുകളും, ചെവികളും എന്തിനാ തന്നത്? ആരുടെ രൂപം കാണാൻ? ആരുടെ ശബ്ദം കേൾക്കാൻ? അങ്ങയെ നിന്ദിക്കുന്ന ശബ്‍ദങ്ങൾ എനിക്ക് കേൾക്കേണ്ടാ; അങ്ങയെ സേവിക്കാത്തവരെ എനിക്ക് കാണേണ്ടാ; സർവ്വലോകങ്ങളേയും അങ്ങുന്ന് ഉദരത്തിൽ നിറച്ചു വെച്ചിരിക്കുന്നു; എനിക്ക് അൽപ്പം പോലും തന്നില്ലലോ? തുക്കാറാം പറയുന്നു: ഹേ, വിഠ്‍ഠലാ, ഞാൻ ദുഖിതനാണ്; എനിക്കു ഒന്നും ചെയ്യാൻ മനസ്സില്ല; കുറച്ചെങ്കിലും കാരുണ്യം കാണിക്കണം.

ഹേ, വിഠോബാ, അങ്ങുന്ന് എൻെറ മനസ്സിനെ എടുത്തിട്ട്, അതിനുപകരം എന്തു തരുമെന്ന് പറഞ്ഞാലും;

ഹേ, പണ്ഡരീനാഥാ,  നിൻെറ കൂടെ വ്യവഹാരം ചെയ്യുന്നതിനു മുമ്പിൽ,   

എനിക്ക് ലാഭമോ, നഷ്‍ടമോ എന്ന് അറിയണം; അങ്ങ്, ഐശ്വർയ്യവും, അഷ്‍ടസിദ്ധികളേയും കാണിച്ച്, എന്നെ മയക്കേണ്ട; എനിക്ക് അതൊന്നിലും, മുക്തിയിലും കൂടി ഇച്‍ഛയില്ല; തുക്കാറാം പറയുന്നു: ഈ വ്യാപാരം, എൻെറ മനസ്സിന്നു പകരം, അങ്ങുന്ന് ഭക്തിയും, ശ്രദ്ധാഭാവവും തന്നാൽ സമമായിരിക്കും.

ഹേ, വിഠ്‍ഠലാ, എൻെറ ഈ ചഞ്ചല മനസ്സ്, ഒരു മണിക്കുറല്ല, ഒരു നിമിഷം പോലും സ്ഥിരമായി ഇരിക്കുന്നില്ലലോ; ഇന്ത്രിയങ്ങളുടെ വിഷയഭോഗത്തിനാൽ, മനസ്സ് കലങ്ങിമറിയുന്നു; ഹേ, നാരായണാ, അങ്ങുന്ന് എന്നെ ഉപേക്ഷിക്കരുതേ; ഞാൻ ദുഖിതനാണ്; ഹേ, വിഠ്‍ഠലാ, വേഗം വരൂ, എൻെറ മനസ്സിലെ ദുഖങ്ങളെ അകററു. തുക്കാറാം പറയുന്നു: എൻെറ പ്രയത്നങ്ങളെല്ലാം നിഷ്‍ഫലമായി, ഇനി എനിക്ക് ഒരേഒരു ആശ്രയം ഉളളത്, അങ്ങുന്നാണ്.

ഹേ,വിഠോബാ, അങ്ങയുടെ ചരണങ്ങളെ ധ്യാനിക്കുവാൻ,ഏതാണ് ഉപായം? എൻെറ ഹൃദയത്തെ അങ്ങയുടെ വാസസ്ഥാനമാക്കുവാൻ, ഏതാണ് ഉപായം? എൻെറ മനസ്സിൽ അങ്ങയുടെ ചിന്തനം നിറക്കുവാൻ, ഏതാണ് ഉപായം? എൻെറ മനോവികാരങ്ങളെ അകററി, അങ്ങ് സാക്ഷാത്‍രൂപത്തിൽ വരുമോ? ഹേ, പണ്ഡുരങ്ഗാ, അങ്ങയുടെ ശക്തിയാൽ, ഈ ശൂദ്രനെ രക്ഷിക്കു.

എനിക്ക് അന്യരുടെ ഗുണദോഷങ്ങളെ എന്തിന് നോക്കണം? അതിലും കവിഞ്ഞ്, എന്നിൽ തന്നെ ഉണ്ടല്ലോ. എനിക്ക് അന്യരുടെ പാപ-പുണ്യങ്ങളെ എന്തിന് നോക്കണം? എന്നിൽ തന്നെ, പാപ-പുണ്യങ്ങൾ നിറഞ്ഞിരിക്കുന്നുണ്ടല്ലോ. അന്യരുടെ നീചത്വവും, ദുഷ്‍ടതയും, ഞാൻ വർണ്ണിക്കുകയില്ല; അവയേക്കാളും അധികമാത്രയിൽ, എൻെറ അടുത്ത് ഉണ്ടല്ലോ. എന്നേക്കാളും വലിയ ദുരാചാരിയേയും, കളളനേയും കാണുകയില്ല. തുക്കാറാം പറയുന്നു: ഹേ, വിഠ്‍ഠലാ, എൻെറ ഈ സ്വത്ത് പരിപൂർണ്ണമാണ്; ഞാൻ ഈ സ്വത്ത് അങ്ങേക്ക് സമർപ്പിക്കുന്നു.

അകത്തു നിറയെ വിഷയവികാരങ്ങളും, പുറത്ത് കാണിക്കുന്നത് സന്യാസവും; ഈ വാസ്‍തവം, എൻെറ നിത്യാനുഭവമാണ്. ഈ അനുഭവം ജാഗ്രതാവസ്ഥയിൽ ആണെങ്കിലും, സ്വപ്‍നത്തിൽ എല്ലാം മറന്നു പോവുന്നു. എൻെറ മനസ്സ് ഗൃഹസ്ഥ വ്യവഹാരങ്ങളിൽ നിന്ന് അകന്നിട്ടില്ല, മുമ്പിൽ ചെയ്‍തിരുന്നതെല്ലാം, ഇപ്പോഴും ചെയ്യുന്നു. തുക്കാറാം പറയുന്നു: എൻെറ സ്ഥിതി ബഹുരൂപികളുടേതായി; പുറത്ത് സന്യാസം, അകത്ത് ഗൃഹസ്ഥി.

ഹേ, വിഠോബാ, അങ്ങുന്ന് എൻെറ അടുത്താണെങ്കിലും, ഹൃദയത്തിൽ ഇല്ലെങ്കിലും, എന്നിൽ കരുണ കാണിക്കരുതോ? ഹേ, നാരായണാ, അങ്ങുന്ന് നിർഗ്ഗുണനും, പക്ഷേ നിഷ്‍ഠൂരനും ആണ്. ഞാൻ ഉച്ചസ്വരത്തിൽ കരയുന്നു, പിന്നേയും അങ്ങേക്ക് കേൾക്കുന്നില്ല. എൻെറ മനസ്സിന്ന് എന്തുകൊണ്ട് ശാന്തി കിട്ടുന്നില്ല? ഇന്ത്രിയങ്ങൾ വികാരങ്ങളുടെ പിന്നാലെ ഓടാതെ ഇരിക്കുന്നില്ലല്ലോ. തുക്കാറാം പറയുന്നു: ഹേ, ദേവാ, എൻെറ മേൽ കോപിക്കുന്നത് എന്തിനാ? എൻെറ പാപങ്ങൾ നീങ്ങാത്തതിനാൽ ആണോ?

ഹേ, വിഠോബാ, അങ്ങുന്ന് വേറൊരു ഭക്തൻെറ വിളി കേട്ട്, അവിടെ പോയിരിക്കുന്നുവോ, അല്ല ഉറങ്ങിപ്പോയോ? അല്ല, വേറൊരു ഭക്തൻെറ പ്രേമഭക്തിയിൽ കുടുങ്ങിപ്പോയോ? അല്ല, ഗോപസ്ത്രീകളുടെ മുഖങ്ങൾ നോക്കി മയങ്ങിപ്പോയോ? അല്ല, അവർ നിന്നെ ബന്ധനസ്ഥൻ ആക്കിയോ? അല്ല, വേറൊരു ഭക്തൻെറ സങ്കടനിവാരണത്തിന്ന് പോയിരിക്കുന്നുവോ? അല്ല, എനിക്ക് ദർശനം തരുവാനുളള മാർഗ്ഗം ദീർഘമായതിനാൽ, അങ്ങുന്ന്, നടന്ന് നടന്ന് തളർന്നുപോയോ? അല്ല, എൻെറ ഗുണദോഷങ്ങളെ കണ്ട് കോപിക്കുന്നുവോ? തുക്കാറാം പറയുന്നു: എനിക്ക് അങ്ങയെ കാണുവാൻ ഭാഗ്യമില്ല; അങ്ങയെ പ്രതീക്ഷിച്ച് പ്രതീക്ഷിച്ച്, എൻെറ കണ്ണുകൾ മങ്ങിപ്പോയി.

ഹേ, വിഠ്‍ഠലാ, എൻെറ ജാതിയിൽ ജനിച്ചവനും, ഹൃദയത്തിൽ, അങ്ങയിലെ ഭക്തിരസം നിറഞ്ഞവനും, ആയ വേറൊരു ഭക്തനെ കാണുവാൻ, എനിക്ക് ആഗ്രഹം ഉണ്ട്. ആ വൈഷ്‍ണവനെ, എപ്പോൾ ഞാൻ ആലിംഗനം ചെയ്യുമോ, അപ്പോൾ, എനിക്ക് ജന്മസാഫല്യം ലഭിക്കും. തുക്കാറാം പറയുന്നു: ആ സുദിനം സമാരോഹമാവും; ആ ഭക്തനും, ഞാനും, തൃപ്‍തിയാവുന്നതുവരെ, ഗോപാലൻെറ കീർത്തനങ്ങൾ പാടി, അങ്ങയെ സ്‍തുതിക്കും.

ഹേ, വിഠ്‍ഠലാ, മനസാ-വാചാ-കർമ്മണാ ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; എൻെറ മനസ്സിൽ അങ്ങയിലെ ഭക്തിയല്ലാതെ, വേറെ വികാരങ്ങൾ ഇല്ല. അങ്ങുന്നല്ലാതെ വേറെ ആരാണ്, എൻെറ സങ്കടങ്ങളെ അകററുക? ഞാൻ അങ്ങയുടെ ഭൃത്യനും, അങ്ങുന്ന് എൻെറ യജമാനനും ആണ്; ചിരകാലം മുതൽക്കേ ഈ ബന്ധം ഉണ്ടല്ലോ. തുക്കാറാം പറയുന്നു: ഞാൻ ഇപ്പോൾ അങ്ങയുടെ സന്നിധിയിൽ സത്യാഗ്രഹത്തിൽ ഇരിക്കുന്നു; എൻെറ കണക്കുകൾ തീർക്കുവാൻ, അങ്ങേക്ക് ദർശനം തന്നേ തീരു.

തിന്നുവാൻ ഒന്നും കിട്ടിയില്ലെങ്കിലും, സന്താന-സുഖം ഇല്ലെങ്കിലും, എൻെറ അന്തരാത്മാ, നാരായണൻെറ കൃപ കിട്ടിയാൽ തൃപ്‍തിയാവും. എൻെറ ശരീരത്തിന്ന് എന്തു കഷ്‍ടമോ, വിപത്തോ വന്നാലും, എൻെറ മനസ്സ്, നാരായണൻെറ ധ്യാനത്തിൽ സ്ഥിരമായിരിക്കണേ. തുക്കാറാം പറയുന്നു: സമസ്‍ത സംസാരവും നാശവാൻ ആയാലും, നാരായണൻെറ നാമസ‍്‍മരണം, സംസാരസാഗരം കടത്തിവിടും.

നാംദേവ് തീർത്ഥയാത്രക്ക് പോയപ്പോൾ, അങ്ങുന്ന് ക്ഷേത്രത്തെ തിരിച്ച്, ദർശനം കൊടുത്തു; നാംദേവിൻെറ കയ്യിൽനിന്ന് പാലും കുടിച്ചു. നർസി മെഹത്ത, അങ്ങയുടെ പേരിലുളള ഹുണ്ടി (പ്രോനോട്ട്), ദ്വാരകക്ക് അയച്ചപ്പോൾ, അങ്ങുന്ന് ആ കടം വീട്ടി. ധന്നാജി, വയലിൽ വിതക്കാനായി വെച്ചിരുന്ന വിത്തിനെ, സന്ത് ജനങ്ങളുടെ ഭോജനം ആക്കിയതിനാൽ, അങ്ങുന്ന് ധന്നാജിയുടെ വയലിൽ വിത്ത് വിതച്ചു കൊടുത്തു. ഭക്ത മീരാഭായിക്കു കൊടുക്കുവാനായി വെച്ചിരുന്ന വിഷം, അങ്ങുന്ന് സ്വയം കുടിച്ചു. ദാമാജിയുടെ ഹുണ്ടി (പ്രോനോട്ട്), അടക്കുവാൻ, അങ്ങുന്ന്, ചെരുപ്പുകുത്തിയായി പണി എടുത്തു. കബീറിൻെറ തറിയിൽ ഇരുന്ന്, അങ്ങുന്ന് വസ്ത്രം നെയ്‍തു. ഗോരാ കുശവൻ ഹരിനാമകീർത്തനം ചെയ്‍തുകൊണ്ടും,

നർത്തനം ചെയ്‍തുകൊണ്ടും,  കളിമണ്ണ്  കുഴയ്ക്കുമ്പോൾ, 

തന്നത്താനേ മറന്നുപോയി, തൻെറ കുഞ്ഞിനേയും ചേർത്തി കുഴച്ചു; അങ്ങുന്ന്, കുഴഞ്ഞുപോയ ആ കുഞ്ഞിനെ പുനർജ്ജീവിപ്പിച്ചു. തുക്കാറാം പറയുന്നു: ഹേ, പണ്ഡരീനാഥാ, അങ്ങയുടെ ദയാദാക്ഷിണ്യം ലഭിക്കുവാൻ, ഞാൻ അങ്ങയുടെ ചരണങ്ങളെ നിത്യവും പ്രാർത്ഥിക്കുന്നു.

ആത്മജ്ഞാനമായ ദൃഷ്‍ടിയാൽ, എൻെറ ദേഹബുദ്ധിയായ മൃത്യുവെ കാണുവാൻ കഴിഞ്ഞു; ആ അനുഭവം അനുപമമായിരുന്നു; എനിക്ക് സർവ്വാത്മക സ്ഥിതിയുടെ സുഖം കിട്ടി; ആ ആനന്ദം മൂന്നു ലോകങ്ങളിലും കിട്ടുകയില്ല; ഇന്നേവരെ അഹങ്കരഭാവത്താൽ, ഞാൻ സ്വാർത്ഥി ആയിരുന്നു; ഇപ്പോൾ ആ സ്ഥിതി വിട്ട്, സർവ്വാത്മൿ വിപുലതയെ പ്രാപിച്ചിരിക്കുന്നു. ഇപ്പോൾ ജന്മ-മൃത്യുവിൻെറ അശുദ്ധത ഇല്ല; എന്തെന്നാൽ, അഹങ്കാരവും, ഗർവ്വവും ചേർന്ന മനസ്ഥിതി അകന്നുപോയി. നാരായണൻ തൻെറ സന്നിധിയിൽ ഇരിക്കാൻ സ്ഥലം തന്നു; ഞാൻ നാരായണൻെറ ചരണങ്ങളിൽ ഭക്തിഭാവത്തോടെ ഇരിക്കുന്നു. തുക്കാറാം പറയുന്നു: ഞാൻ ഈ വിധത്തിലുളള അനുഭവത്തെ, ലോകത്തിൽ എല്ലാവർക്കും എടുത്തു പറഞ്ഞു.

ഹേ, വിഠോബാ, ഞാൻ പോവുന്ന സ്ഥലത്തെല്ലാം, അങ്ങുന്നും കൂടെ ഉണ്ട്; എൻെറ കയ്യും പിടിച്ച്, അങ്ങുന്ന് എന്നെ നടത്തുന്നു. അങ്ങയുടെ സഹായത്താൽ ഞാൻ പരമാർത്ഥ മാർഗ്ഗത്തിൽ നടക്കുന്നു; അങ്ങുന്ന്, എൻെറ എല്ലാ ഭാരങ്ങളേയും ചുമക്കുന്നു. എൻെറ വായിൽ നിന്ന് വരുന്ന അനുചിതവും, പൊളളയും ആയ വാർത്തകളെ, അങ്ങുന്ന് തിരുത്തി, എൻെറ മാനം രക്ഷിക്കുന്നു. എല്ലാവരും എനിക്ക്, പരമ മിത്രങ്ങളും, സ്വന്ത ബന്ധുക്കളും ആയി. തുക്കാറാം പറയുന്നു: ഹേ, ദേവാ, അങ്ങയുടെ സുഖം ഞാൻ അകത്തും, പുറത്തും അനുഭവിക്കുന്നു; ആനന്ദത്തിൽ കളിക്കുന്നു.

ഞാൻ പറയുന്നതെല്ലാം എൻെറ സാമർത്ഥ്യത്താൽ അല്ല; അതെല്ലാം, എൻെറ മിത്രമായ കൃപാലു ഭഗവാൻെറ വാണിയാണ്. കുയിൽ മധുരമായി പാടുന്നു; അതിനെ പഠിപ്പിക്കുന്നവൻ ഈശ്വരനല്ലേ? അതേപോലെ, പാമരനായ ഞാൻ എന്തു പറയും? വിശ്വ പാലകനായ പ്രഭു, എൻെറ വാണിയെ നിയന്ത്രിക്കുന്നു. തുക്കാറാം പറയുന്നു: ഈശ്വരൻെറ ലീലകൾ അഗാധവും, അഗമ്യവും ആണ്; അദ്ദേഹത്തിന്ന് മുടന്തനേയും നടത്താൻ കഴിയും.

മാങ്ങ മൂത്ത് പഴുത്താലേ, അതിൻെറ പുളിപ്പുരസം മാറുകയുളളു; വിട്ടല ഭഗവാൻ എൻെറയും സ്ഥിതി അതേപോലെ ആക്കിയിരിക്കുന്നു. എൻെറ കാമ-ക്രോധ-ലോഭം എന്നീ വികാരങ്ങൾ അകന്നു; സർവ്വ സൃഷ്‍ടികളേയും ആനന്ദരൂപമായി കാണുന്നു. ദേഹസംബന്ധമായ സ്‍മൃതി-വിസ്‍മൃതി, ഭാവ-അഭാവ വികാരങ്ങൾ നഷ്‍ടമായതിനാൽ, സ്വയം പണ്ഡുരങ്ഗ സ്വരൂപമായി. തുക്കാറാം പറയുന്നു: ഇങ്ങനത്തെ സ്ഥിതിയാണ് സൌഭാഗ്യം; ഈ സ്ഥിതി ലഭിക്കുന്നതാണ്, ഭൂലോകജന്മത്തിൻെറ ലക്ഷ്യം.

ധാന്യം വറുത്ത് പൊടി ആക്കിയതിൽ പിന്നെ, ധാന്യരൂപം ആവുകയില്ല; അതേപോലെ, എൻെറ ജന്മ-മരണങ്ങൾ സമാപ്‍തമായി. ഈ ദേഹം രൂപം ഉളളതായി കാണുന്നുവെങ്കിലും, ഈശ്വരനിൽ ലയിച്ചിരിക്കുന്നതിനാൽ, ഇപ്പോൾ രൂപമില്ലാത്തതാണ്. കരിമ്പ് ശർക്കര ആയതിൽപിന്നെ, തിരിച്ചും കരിമ്പ് ആവുമോ? ഇതേപോലെ, ഞാൻ പിന്നെയും ഗർഭവാസിയാവുമോ? തുക്കാറാം പറയുന്നു: എൻെറ ഭോഗങ്ങളെല്ലാം ത്യാഗമായി; എന്തെന്നാൽ, ഓരോ സമയവും, പണ്ഡുരങ്ഗനെ കാണുന്നു.

കൈകളാൽ കിണ്ണാരവും, തമ്പൂരാവും വായിച്ച്, നാവിനാൽ വിഠ്‍ഠലൻെറ നാമോച്ചാരണം ചെയ്യു; കിണ്ണാരവും, തമ്പൂരാവും, വിഠ്‍ഠലൻെറ രൂപങ്ങളാണ്. സർവ്വലോകങ്ങളുടേയും ഒരേഒരു മൂലധനം വിഠ്‍ഠലൻ ആണ്; അതിനാൽ വിഠ്‍ഠലൻെറ നാമോച്ചാരണം ചെയ്യു;

 എല്ലാ നാദങ്ങളും, ഭേദങ്ങളും വിഠ‍്‍ഠലൻെറ രൂപമാണ്; 	

വിഠ‍്‍ഠലൻെറ കീർത്തനങ്ങൾ എപ്പോഴും മുഴങ്ങട്ടേ. തുക്കാറാം പറയുന്നു: സുഖത്തിലും, ദുഖത്തിലും ഞാൻ വിഠ്‍ഠലനെ സ്‍മരിക്കുന്നു, നാമോച്‍ഛാരണം ചെയ്യുന്നു.

വേദ-ശാസ്ത്രങൾ അനേകം വിധത്തിൽ ഈശ്വരനെ വർണ്ണിച്ചിരിക്കുന്നു; പക്ഷേ അവയുടെ എല്ലാം സാരാംശം, വിഠോബാവിനെ ശരണം പ്രാപിച്ച്, പൂർണ്ണമനസ്സോടെ, വിഠോബാവിൻെറ നാമജപം ചെയ്യലാണ്. തുക്കാറാം പറയുന്നു: പതിനെട്ടു പുരാണങ്ങളും ഈ സത്യത്തെയാണ് പ്രഖ്യാപിക്കുന്നത്.

കലിയുഗത്തിൽ ഈശ്വരപ്രാപ്‍തിക്കുളള എല്ലാ മാർഗ്ഗങ്ങളും ദുർഘടമാണ്; സകല വിധി-വിധാനങ്ങളും അറിയുവാനുളളതിന്ന് ഉപായവുമില്ല. ഭക്തിമാർഗ്ഗമാണ് ഏററവും ഉത്തമവും, എളുപ്പവും; പാപ-പുണ്യങ്ങളോ, ജനന-മരണമോ തടസ്ഥമായി വരുകയില്ല. വിഠോബാ, സ്വന്തം കൈകൾ ഉയർത്തി ഭക്തരെ അനുഗ്രഹിക്കുന്നു. വിശ്വാസവും, ഭക്തിയും ഉളളവരെ സംസാരസാഗരം കടത്തിവിടുന്നു. തുക്കാറാം പറയുന്നു: കുതർക്കികളും, അവിശ്വാസികളും ദുർഭാഗ്യരാണ്.

ഹേ, അനന്ത, അങ്ങയുടെ ഈ രൂപം, മനസ്സിൻെറയും, വാണിയുടെയും സീമാതീതമാണ്; അതിനാലാണ്, ഭക്തിമാർഗ്ഗത്തെ അങ്ങയെ പ്രാപിക്കാൻ എളുപ്പമായ മാർഗ്ഗമായി വിവരിച്ചിട്ടുളളത്. ഭക്തിമാർഗ്ഗത്താലേ അങ്ങയുടെ പൂർണ്ണരൂപം അറിയുകയുളളു. യോഗം, യജ്ഞം, തപം, എന്നീ സാധനകളാലും, വേദ-ശാസ്ത്രജ്ഞാനങ്ങളാലും, അങ്ങയെ അറിയുവാൻ കഴിയുകയില്ല. തുക്കാറാം പറയുന്നു: പാമരജനങ്ങളായ ഞങ്ങൾ അങ്ങേക്കു ചെയ്യുന്ന സേവനങ്ങളെ അങ്ങുന്ന് സ്വീകരിക്കേണം.

ഭയം, ദണ്ണം, ദുഖം എന്നിവയാൽ പീഢിതരായവരെ ശുശ്രൂഷിക്കുന്നവൻെറ അടുത്ത്, ഭഗവാൻ വസിക്കുന്നു. ആ സജ്ജനങ്ങളുടെ മനസ്സ്, വെണ്ണ പോലെ, അകവും, പുറവും മൃദുലമാണ്. തുക്കാറാം പറയുന്നു: അനാഥകളേയും, ജോലിക്കാരേയും, തൻെറ മക്കളെപ്പോലെ സ്നേഹിക്കുന്നവൻ, സാക്ഷാത് ഭഗവാൻെറ മൂർത്തിയാണ്.

വിഷ്‍ണു ഭക്തർ മുക്തിയെ ആഗ്രഹിക്കുന്നില്ല; അവർ സംസാരവിഷയങ്ങളിൽ ഇടപെടുന്നുമില്ല; അവരുടെ മനസ്സ് ഗോവിന്ദൻെറ വാസസ്ഥാനമാണ്; അവരുടെ വായ നിരന്തരമായി നാമോച്‍ഛാരണം ചെയ്യുന്നു; സുഖഭോഗങ്ങളെ അവർ ഈശ്വരാർപ്പിതം ആക്കുന്നു; ഈശ്വൻെറ മംഗളഗീതങ്ങൾ പാടുന്നു; അവരുടെ ബുദ്ധിയും, ശക്തിയും പരോപകാരത്തിനാണ്; അവരുടെ ഹൃദയത്തിൽ അമൃതം നിറഞ്ഞിരിക്കുന്നു; എൻേറത് നിൻേറത് എന്ന വ്യത്യാസം അവർക്ക് ഇല്ല. തുക്കാറാം പറയുന്നു: അവരുടെ ജീവാത്മാ ബ്രഹ്മസ്വരൂപമാണ്; അവരുടെ വാസസ്ഥലം വൈകുണ്ഡത്തിന്ന് തുല്യമാണ്.

ചന്ദനമരത്തിൻെറ സർവ്വ ഭാഗങ്ങളും സുഗന്ധം പരത്തുന്നു; പാരസ്‍മണിയുടെ എല്ലാ ഭാഗങ്ങളും തിളങ്ങുന്നു; വിളക്കിൻെറ മുമ്പിലും, പമ്പിലും നിന്ന് ഇരുട്ട് അകന്നുപോവുന്നു; ശർക്കരയുടെ എല്ലാ തരികളും മധുരിക്കുന്നു; തുക്കാറാം പറയുന്നു: ഇതേപോലെയാണ് സജ്ജനങ്ങളും; അവരിൽ അവഗുണങ്ങൾ കാണുകയില്ല.

ഭക്തരുടെ മനസ്സിൽ ശാന്തി, ക്ഷമ, ദയ എന്നീ സത്ഗുണങ്ങളും, അഷ്‍ട മഹാ സിദ്ധികളും നിറഞ്ഞിരിക്കും. അവഗുണങ്ങളുടെ നിഴലുപോലും ഇല്ലാത്ത, അവരുടെ ഹൃദയത്തിൽ ദൈവചൈതന്യം പ്രകാശിക്കുന്നു. അവരുടെ മനസ്സ് എപ്പോഴും സന്തുഷ്‍ടമായും, ക്ഷോഭരഹിതമായും ഇരിക്കുന്നു. തുക്കാറാം പറയുന്നു: ഈശ്വരൻ അവരുടെ സേവകനായി, സർവ്വഭാരങ്ങളേയും വഹിക്കുന്നു.

ആശാ-പാശങ്ങളേയും, ദേഹാഭിമാനത്തേയും, കുടുംബബന്ധങ്ങളേയും ത്യജിച്ച്, നാരായണഭക്തിയിൽ മുഴുകിയിരിക്കുന്ന ഭക്തനെ, നാരായണൻ, സകല സങ്കടങ്ങളിൽ നിന്നും രക്ഷിക്കുന്നു. തുക്കാറാം പറയുന്നു: സത്കർമ്മങ്ങൾ ചെയ്യുന്നവരെ സഹായിക്കണം; തടസ്ഥം ചെയ്യുന്നവർ ഭയഭീതരായി, നരകപ്രാപ്‍തി അടയുന്നു.

ഹേ, സന്ത്ജനങ്ങളേ, നിങ്ങളുടെ കൃപാദൃഷ്‍ടി, എനിക്ക് വരദാനമാണ്; എൻെറ ദയനീയവും, വ്യാകുലവും ആയ അവസ്ഥയെ ഈശ്വരനോട് പറയുവാൻ, ഞാൻ അപേക്ഷിക്കുന്നു. ഞാൻ അനാഥയും, അപരാധിയും, താഴ്ന്നജാതിക്കാരനും ആണ്; നിങ്ങളുടെ ചരണങ്ങളാണ്, എനിക്ക് ഒരേഒരു ആശ്രയം. തുക്കാറാം പറയുന്നു: എന്നെ ഭഗവാൻെറ കയ്യിൽ ഏൽപിക്കു; ഭഗവാൻ എന്നെ ഉപേക്ഷിക്കുകയില്ല.

മനസ്സ് ശുദ്ധമായിരുന്നാൽ, ശത്രുവും മിത്രനാവും; ദുഷ്‍ട ജന്തുക്കൾ തീണ്ടുകയില്ല; വിഷവും അമൃതമാവും; ദുഖസംഭവങ്ങളും സുഖപ്രദമാവും; അഗ്നി ശീതളമാവും; അകർത്ഥവ്യങ്ങൾ മംഗളകരമാവും; പ്രഹരങ്ങളും ഹിതമാവും; തൻെറ പ്രാണനെപ്പോലെ, മററുളളവരേയും സ്നേഹിക്കും. തുക്കാറാം പറയുന്നു: ഇങ്ങനെ ഉളളവൻ നാരായണൻെറ കൃപാദൃഷ്‍ടിക്ക് അർഹിതനാണ്.

സന്ത്ജനങ്ങളുടെ മഹിമകളെ വർണ്ണിക്കുവാൻ എൻെറ പാണ്ഡിത്യം പോരാ; ഞാൻ അവരുടെ ചരണങ്ങളെ നമ്രശിരസ്സായി വന്ദിക്കുന്നു. പാരസ്‍മണി തൻെറ മഹത്വവും, ഇരുമ്പു തൻെറ ഹീനതയും അറിയുന്നില്ല; സന്ത്ജനങ്ങളുടെ സ്വഭാവവും ഇതേപോലെയാണ്. സന്ത്ജനങ്ങളുടെ അവതാരം ലോകത്തിൻെറ നന്മക്കാണ്; പരോപകാരം അവരുടെ ജീവിതലക്ഷ്യമാണ്; ഭൂതദയ അവരുടെ മൂലധനമാണ്. തുക്കാറാം പറയുന്നു: മററുളളവരുടെ സുഖം, സന്ത്ജനങ്ങളുടെ ലക്ഷ്യം; അവരുടെ നാവിൽ നിന്ന്, ഹരിനാമമായ അമൃതരസം ഒഴുകുന്നു.

മനസ്സിനെ നമ്രഭാവത്തിൽ നിർത്തി, മററുളളവരുടെ നന്മക്കായിപ്രവർത്തിക്കണം; സർവ്വ ജീവജാലങ്ങളേയും പ്രേമിക്കുന്നത് ഈശ്വര പൂജക്കു സമമാണ്. അന്യരോട് മത്സരിക്കുന്നത് ദുഖമയമാണ്. നിനക്ക് കോപിക്കണമെങ്കിൽ തൻെറ മീതേ കോപിക്കു; മററുളളവരെല്ലാം, ഹരിയുടെ രൂപമാണ്. തുക്കാറാം പറയുന്നു: എല്ലാ ജീവജാലങ്ങളേയും ദയയോടെ വീക്ഷിക്കുന്നതാണ് സാധുസ്വഭാവം.

പരോപകാരം പുണ്യം; പരപീഢനം പാപം; ഇതിന് തുല്യമായി വേറെ പുണ്യ-പാപങ്ങൾ ഇല്ല. സത്യ വചനങ്ങളും, സത്യ കർമ്മങ്ങളും ആണ് ധർമം; അസത്യ കർമ്മങ്ങളും, അസത്യ വചനങ്ങളും ആണ് പാപം. ഹരിനാമസ്‍മരണമാണ് സദ്ഗതി; ഹരിനിന്ദയാണ് അധോഗതി. സന്ത്ജനങ്ങളോടുളള സഹവാസം സ്വർഗ്ഗസുഖമാണ്; അവരോടു ഉദാസീനത കാണിക്കുന്നത് നരകദുഖമാണ്. തുക്കാറാം പറയുന്നു: നന്മയും, തിന്മയും നമ്മുടെ മുമ്പിൽ നിൽക്കുന്നു; തനിക്ക് ഏത് ഉചിതമായി തോന്നുന്നുവോ, അതിനെ സ്വീകരിക്കാം.

ചിലസമയം അദ്ധ്വാനം, ചിലസമയം വിശ്രമം; ചിലസമയം മൃഷ്‍ടാന്നം, ചിലസമയം ഉണങ്ങിയ റൊട്ടി; ചിലസമയം വാഹനയാത്ര, ചിലസമയം പാദയാത്ര; ചിലസമയം നല്ല വസ്ത്രങ്ങൾ, ചിലസമയം കീറമാറാപ്പുകൾ; ചിലസമയം സമ്പത്തി, ചിലസമയം വിപത്തി; ചിലസമയം സജ്ജനസംഗം, ചിലസമയം ദുർജ്ജനസംബന്ധം; തുക്കാറാം പറയുന്നു: ഇങ്ങനെ ജീവിതത്തിൽ വരുന്ന സുഖ-ദുഖങ്ങളെ സമമായി എടുത്തുകൊളളണം.

സംസാരിക ബന്ധങ്ങളെ ഈശ്വരാർപ്പിതമാക്കി, ഈശ്വരഭക്തിയിൽ ലയിക്കുന്നതാണ് ഉത്തമം. പ്രാരബ്‍ധ കർമ്മങ്ങളാൽ ലഭിച്ച സ്ഥിതിയെ, പ്രസന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് ഉത്തമം. മനോവിഷമത്താൽ സുഖമല്ല, ദുഖമാണ് കിട്ടുന്നത്; എന്തെന്നാൽ, എല്ലാവർക്കും പൂർവ്വജന്മകർമ്മങ്ങളുടെ ഫലങ്ങൾ അനുഭവിച്ചേ തീരൂ. തുക്കാറാം പറയുന്നു: നമ്മൾ സംസാരബന്ധങ്ങളെ ഭഗവാൻെറ പാദങ്ങളിൽ അർപ്പിച്ച്, നമ്മുടെ യോഗക്ഷേമത്തെയും ഈശ്വരാർപ്പണം ചെയ്യണം.

സത്യമാർഗ്ഗത്തിൽ ചലിക്കുന്നവൻെറ മനോരഥങ്ങളെ പൂർത്തിയാക്കുന്നത് നാരായണൻ ആണ്. എല്ലാ സ്‍തുതി-കീർത്തനങ്ങളും ഈശ്വരൻെറ അലങ്കാരങ്ങളാണ്; മനസ്സിലെ ഭാവം പോലെ, ആഗ്രഹിക്കുന്ന ഫലം കിട്ടും. സർവ്വവ്യാപിയായ ഈശ്വരൻ, നമ്മുടെ ഹൃദയത്തിലെ വാസ്‍തവികതകളെ അറിയും. തുക്കാറാം പറയുന്നു: വിധിച്ച ഫലം കിട്ടുന്നതിനു മുമ്പിൽ, ധൃതി കാണിക്കുന്നത് അർത്ഥശൂന്യമാണ്.

ഈ ശരീരം ആരുടെ ശക്തിയാലാണ് നിൽക്കുന്നത്? ഹരിയുടെ സാന്നിദ്ധ്യം ഇല്ലെങ്കിൽ, ജഢമല്ലേ? നേത്രങ്ങളുടെ കാഴ്‍ചശക്തിയും, കർണ്ണങ്ങളുടെ ശ്രവണശക്തിയും, നാരായണൻെറ മഹിമകളാൽ അല്ലേ? മനസ്സിലെ അഹങ്കാരവും, മററു വികാരങ്ങളും, അവൻെറ മായയാൽ അല്ലേ? നീ ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം പ്രേരണ നൽകുന്നത് ഈശ്വരനല്ലേ? വൃക്ഷത്തിലെ ഓരോരു ഇലകളും, അവൻെറ ശക്തിയാലല്ലെ ചലിക്കുന്നത്? പിന്നെ നിനക്ക് അഹങ്കാരം എന്തിനാ? തുക്കാറാം പറയുന്നു: വിഠോബാ, സർവ്വവ്യാപിയാണ്; വിഠോബാവിൻെറ കടാക്ഷം ഇല്ലെങ്കിൽ, എല്ലാം നിർജ്ജീവമാണ്.

ഓ, മനുഷ്യാ, നീ എന്തുകൊണ്ട്, ഭഗവാനെ സ്‍മരിക്കുന്നില്ല? സർവ്വജീവജാലങ്ങളുടേയും പാലന-പോഷണം അവനല്ലേ ചെയ്യുന്നത്? ശിശുവിനെ സൃഷ്‍ടിക്കുന്നതും, അമ്മയുടെ സ്‍തനങ്ങളിൽ അതിനു വേണ്ട പാൽ ചുരത്തുന്നതും, ആ ശ്രീപതി ഭഗവാനല്ലേ? വേനൽക്കാലത്ത് മുളച്ചുവരുന്ന സസ്യങ്ങൾക്ക് ആവശ്യമായ വെളളം കൊടുക്കുന്നതും, ആ ശ്രീപതി ഭഗവാനല്ലേ? ഈശ്വരൻ നിന്നേയും പാലിച്ച് പോഷിപ്പിക്കുന്നില്ലേ? ആ ഭഗവാൻെറ നാമസ്‍മരണം ചെയ്‍ത് ശാന്തമായിരിക്കു. തുക്കാറാം പറയുന്നു: ആരുടെ നാമം വിശ്വംഭരൻ ആണോ, ആ ഭഗവാനെ നിരന്തരം ധ്യാനിക്കു.

പൂർവ്വജന്മകർമ്മങ്ങളുടെ ഫലം, ഈശ്വരാർപ്പണമാക്കി അനുഭവിക്കു; പിന്നെ ഏതു സങ്കടങ്ങൾ വന്നാലും, കൃപാലു ഭഗവാൻ അകററും. അവൻെറ ആശ്രയമല്ലാതെ, സങ്കടനിവാരണത്തിന്ന് വേറെ മാർഗ്ഗവുമില്ല. ഭയത്താൽ ദുഖാവസ്ഥ വരുന്നു; നിവർത്തിക്കാൻ ഭഗവാൻെറ ശരണം നേടു. തുക്കാറാം പറയുന്നു: ആ വിശ്വപാലകനെ സ്‍മരിക്കു; നിൻെറ കഷ്‍ടങ്ങൾ തീർന്നു പോവും.

വിധിച്ചതുപോലെ, സുഖ-ദുഖങ്ങൾ അനുഭവിക്കേണ്ടി വരും; വിഠ്‍ഠലൻെറ നാമസ്‍മരണം ചെയ്‍ത്, മനസ്സിനെ ശാന്തമാക്കണം. പ്രാരബ്‍ധകർമ്മങ്ങളുടെ ഫലം, ക്രോധമില്ലാതെ അനുഭവിക്കണം. തുക്കാറാം പറയുന്നു: നമ്മളുടെ ഭാരമെല്ലാം വിഠ്‍ഠലന്ന് സമർപ്പിച്ചാൽ, നിവൃത്തിമാർഗ്ഗം, വിഠ്‍ഠലൻ തരും.

സർവ്വ ജീവജാലങ്ങളേയും സ്നേഹിക്കുന്നതാണ് ഉത്തമ സാധന; ഇതിൽ കവിഞ്ഞ്, മററുളളതെല്ലാം കഷ്‍ടപ്രദമാണ് . മനസ്സിൽ പരോപകാരഭാവം നിറഞ്ഞാൽ, ശത്രുവും മിത്രമാവും. തുക്കാറാം പറയുന്നു: മനസ്സ് നിർമ്മലമായാൽ, സർവ്വവും സിദ്ധമാവും.

അഹങ്കാരത്തെ ത്യജിച്ചവൻ, എന്നന്നേക്കും പവിത്രനാണ്; അഗ്നിയെപ്പോലെ, അപവിത്രത അവനെ സ്‍പർശിക്കുകയില്ല. അവൻെറ വ്യവഹാരങ്ങളെല്ലാം സത്യരൂപമായിരിക്കും; വെളളത്തിൽ നിൽക്കുന്ന താമരപ്പൂവുപോലെ, അവൻ സംസാരത്തിൽ വേർപെട്ടു നിൽക്കുന്നു. ഭൂതദയയുടെ പ്രേരണയാൽ, ഏതൊരുവൻെറ ജീവിതം സേവാമയമായോ, അവന്ന് ആത്മജ്ഞാനം ലഭിച്ചിരിക്കുന്നു; ഏതൊരുവൻ ഗുണദോഷങ്ങളുടെ ചർച്ചയിൽ ഇടപെടാതെ, ഈ ലോകത്തിൽ ജീവിക്കുന്നുവോ, അവൻ ഈശ്വരരൂപനാണ്. തുക്കാറാം പറയുന്നു: ഏതിനെ ത്യജിക്കണം, ഏതിനെ ഗ്രഹിക്കണം, എന്നുളള വാസ്‍തവം അറിയാതെ, ചില പേർ എല്ലാ ഭാരങ്ങളും ചുമക്കുന്നു.

സർവ്വം വിഷ്‍ണുമയം ജഗദ് എന്നതാണ്, വൈഷ്‍ണവരുടെ ധർമ്മം; അതിനാൽ എൻേറത്, അന്യൻേറത് എന്ന ഭ്രമം അമംഗളമാണ്. ഹേ, ഭക്തജനങ്ങളേ, നിങ്ങൾ ചെയ്യുന്ന കർമ്മങ്ങൾ സത്യവും, ഹിതകാരിയും ആയിരിക്കണം. സർവ്വ ജീവജാലങ്ങളേയും സ്നേഹിക്കുന്നതാണ്, സർവ്വേശ്വരൻെറ ഉത്തമമായ ആരാധന. തുക്കാറാം പറയുന്നു: എല്ലാ അവയവങ്ങളും ഒരേ ദേഹത്തിൽ അടങ്ങയിരിക്കുന്നതുപോലെ, സർവ്വ ജീവജാലങ്ങളും പരമാത്മാവിൻെറ അവയവങ്ങളാണ്; പൂർവ്വജന്മത്തിലെ കർമ്മാനുസരണം സുഖ-ദുഖങ്ങൾ അനുഭവിക്കുന്നു.

ഓ, മനുഷ്യാ, വലിയ പാണ്ഡിത്യവും വേണ്ട, മധുരമായ സ്വരവും വേണ്ട; വിഠ്‍ഠലൻ ഇതൊന്നും ഗണിക്കുകയില്ല. തുക്കാറാം പറയുന്നു: "ഹരേ രാമാ, ഹരേ രാമാ, രാമാ രാമാ, ഹരേ ഹരേ,

ഹരേ കൃഷ്‍ണാ, ഹരേ കൃഷ്‍ണാ, കൃഷ്‍ണാ കൃഷ്‍ണാ, ഹരേ ഹരേ" 		

എന്ന് ഭക്തി-ശ്രദ്ധയോടെ നമജപം ചെയ്‍താൽ മതി.

ആഹാരം ത്യജിക്കേണ്ടാ, വനവാസം ചെയ്യേണ്ടാ; ഭോഗങ്ങളിൽ മുഴുകേണ്ടാ, ത്യാഗങ്ങളിൽ വീഴേണ്ടാ; ഭോഗങ്ങൾ അനുഭവിക്കുന്ന സമയത്തും, നാരായണനെ സ്‍മരിക്കു. സർവ്വഭോഗങ്ങളേയും ഈശ്വരാർപ്പണമാക്കു. അമ്മയുടെ കയ്യിൽ ഇരിക്കുന്നതുവരെ, കുട്ടിക്കു ഭയം അറിയുന്നില്ല; അതേപോലെ നമ്മളും ഈശ്വരനോട് ചേർന്നിരിക്കണം. തുക്കാറാം പറയുന്നു: ഇത്രമാത്രമേ എനിക്ക് പറയുവാനുളളു.

****************************************