സഭയാം തിരുസഭയാമീ ഞാൻ
അത്യുന്നതനുടെ മണവാട്ടി

പാവനസഭ ചോന്നീടുന്നു
എൻ വരനേവൻ ഞാൻ ധന്യ
വന്ദിക്കുന്നേൻ വന്നെന്നെ
വേട്ടൊരു മണവാളൻ തന്നെ        1

പ്രിയനെന്നെ വേട്ടോരു നാളിൽ
സത്വരമുന്നതി ഞാൻ പൂണ്ടു
സൃഷ്ടികളതിലതിശയമാണ്ടു
മഹിമയണിഞ്ഞോൾ ഞാൻ ധന്യ        2

സ്നേഹിതരൊത്താനന്ദിപ്പാൻ
മേൽമണവറയവനുണ്ടാക്കി
എൻ മണവാളനെയതിനുള്ളിൽ
സ്തുതി ചെയ്യുമ്പോൾ ഞാൻ ധന്യ        3

വിഗ്രഹ മധ്യത്തീന്നെന്നെ
കൂട്ടി രഹസ്യങ്ങൾ കാട്ടി
ലോകാന്ത്യം വരെ നിൻ കൂടെ
ഞാനുണ്ടെന്നെന്നോടു ചൊന്നാൻ        4

രാജതനുജൻ താതൻ തൻ
നിലയത്തിൽനിന്നീ ഭാഗ്യം
നിഖിലമെനിക്കരുളുകയാലേ
ഞാനവനെ വന്ദിക്കുന്നു        5

ബിംബാരാധനയാലെന്നെ
വീഴ്ത്തിയ ദുഷ്ടനു ഹാ! നാശം
രക്ഷകനാമീശോ സ്തോത്രം
സംരക്ഷിതയാം ഞാൻ ധന്യ        6

എന്നെ മാമോദീസായാൽ
ആത്മീയായുധമണിയിച്ചാൻ
വിരലിന്മേൽ മെയ്‌ രക്തങ്ങൾ
മോതിരമായെൻ പേർക്കേകി        7

പകലോനുസമൻ മണവാളൻ
പകലിന്നൊത്തോൾ മണവാട്ടി
മോഹനപരിമളവൃക്ഷത്തോ-
ടൊപ്പം ഭോജനസത്കാരം        8

എൻ പ്രിയചരിതം കേട്ടപ്പോൾ
എന്നിലെരിഞ്ഞനുരാഗാഗ്നി
അവനെ ദർശിക്കും മുമ്പേ
ഏറ്റുപറഞ്ഞോൾ ഞാൻ ധന്യ        9

കരയും കടലും ഞാൻ ചുറ്റി
ചൊന്നില്ലെങ്ങവനെന്നാരും
ഞാൻ ബേതലഹേമിൽ തേടി
മിസറേമിനു പോയാനെന്നാർ        10

ഞാനാനന്ദത്തോടെത്തി
പിന്നാലെ മിസറേം നാട്ടിൽ
ഗ്ലീലാനാട്ടിലെ നസറെത്തിൽ
പോയെന്നവരെന്നോടോതി        11

അവനെയനുയാനം ചെയ്തീ
ഞാൻ നസറെത്തിൽ ചെന്നപ്പോൾ
യോർദ്ദാൻ നദിയിങ്കൽ പോയാൻ
എന്നെന്നോടു ജനം ചൊന്നു        12

ദുർഗ്ഗമ മാർഗ്ഗങ്ങളിലൂടെ
ചോരന്മാരെ കൂസാതെ
യോർദ്ദാൻ നദിയിങ്കൽ ഞാൻ ചെ-
ന്നവനെ ജനമധ്യേ തേടി        13

നിദ്രവെടിഞ്ഞു വലഞ്ഞോൾ ഞാൻ
മങ്ങിമയങ്ങിയുണർന്നപ്പോൾ
നിന്നെ വിളിച്ചു വിരുന്നിന്നായ്
പ്രിയനെന്നവരെന്നോടോതി        14

പ്രിയനെ വിരുന്നിൽ കാണ്മാൻ ഞാൻ
ചെന്നങ്ങുള്ളിലണഞ്ഞപ്പോൾ
പാനം ചെയ്വാൻ തോഴന്മാർ
ഭാവം മാറ്റിയ വീഞ്ഞേകി        15

മണവാളനോടൊപ്പം ചേർന്നു
ചൊല്ലുകയായ് തോഴന്മാരും
ആരെ നീയാരായുന്നു
നിൻ കാന്തൻ മരുവിൽ പോയി        16

അനുരാഗസുഗന്ധം വീശി
വദനപ്രഭയൊടു മോദിച്ചേൻ
അവനീശൂന്യാരണ്യത്തിൽ
ജനമധ്യേ ഞാനാരാഞ്ഞു       17

കൂട്ടത്തിലൊരുത്തൻ ചൊന്നാൻ
ചെവി ചായിച്ചേവം കേട്ടേൻ
ഈ നിർമ്മലയുടെ മണവാളൻ
ക്രൂശിതനായ് ഗോഗുൽത്തായിൽ        18

സങ്കടമൊടു നിലവിളി കൂട്ടി
സീയോനിൽ ഞാൻ ചെന്നപ്പോൾ
കബറതിലവനെ യൂദന്മാർ
വച്ചെന്നവരെന്നോടോതി        19
   
തരുവിന്മേലെൻ തല താങ്ങി
തേങ്ങിത്തേങ്ങിക്കേണേൻ ഞാൻ
കബറീന്നുത്ഥാനം ചെയ്താൻ
കരയരുതെന്നോതീ ദൂതൻ        20

പ്രിയനാദത്താൽ മോദിച്ചേൻ
തെളിവോടെൻ വദനം മിന്നി
അവനെ തഴുകി ചുംബിച്ചേൻ
എന്നോടൻപൊടു ചൊന്നേവം        21

സ്കീപായാൽ ഞാൻ വേട്ടോളാം
സുമുഖീ സ്വാഗതമോതുന്നേൻ
താതനികേതം ഞാൻ പൂകി
വിട്ടീടാം ഞാൻ റൂഹായേ.        22

(മലങ്കര ക്രൈസ്തവരുടെ വിവാഹശുശ്രൂഷയുടെ ഭാഗമാണ് ഈ ഗാനം)

"https://ml.wikisource.org/w/index.php?title=സഭയാം_തിരുസഭയാമീ_ഞാൻ&oldid=205986" എന്ന താളിൽനിന്ന് ശേഖരിച്ചത്