സയൻസ് ദശകം (സ്തോത്രം)

രചന:സഹോദരൻ അയ്യപ്പൻ (1916)
ദൈവദശകത്തെ അനുകരിച്ച് ശാസ്ത്രത്തെ പ്രകീർത്തിച്ച് എഴുതിയ ദശകം

കോടി സൂര്യനുദിച്ചാലും
ഒഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം കാണിക്കും
സയൻസിന്നു തൊഴുന്നു ഞാൻ.       1

വെളിച്ചം മിന്നൽ ചൂടൊച്ച
ഇവയ്ക്കുള്ളിൽ മറഞ്ഞിടും
അത്ഭുതങ്ങൾ വെളിക്കാക്കും
സയൻസിന്നു തൊഴുന്നു ഞാൻ.       2

ഇരുട്ടുകൊണ്ടു കച്ചോടം
നടത്തുന്ന പുരോഹിതർ
കെടുത്തീട്ടും കെടാതാളും
സയൻസിന്നു തൊഴുന്നു ഞാൻ.       3

കീഴടക്കി പ്രകൃതിയെ
മാനുഷന്നുപകർത്രിയായ്‌
കൊടുപ്പാൻ വൈഭവം പോന്ന
സയൻസിന്നു തൊഴുന്നു ഞാൻ.       4

കൃഷി കൈത്തൊഴിൽ കച്ചോടം
രാജ്യഭാരമതാദിയെ
പിഴയ്ക്കാതെ നയിക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.       5

ബുക്കുകൾക്കും പൂർവ്വികർക്കും
മർത്ത്യരെ ദാസരാക്കിടും
സമ്പ്രദായം തകർക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.       6

അപൗരുഷേയ വാദത്താൽ
അജ്ഞ വഞ്ചന ചെയ്തിടും
മതങ്ങളെ തുരത്തുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.       7

സ്വബുദ്ധിവൈഭവത്തെത്താൻ
ഉണർത്തി നരജാതിയെ
സ്വാതന്ത്ര്യോൽകൃഷ്ടരാക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.       8

എത്ര തന്നെ അറിഞ്ഞാലും
അനന്തം അറിവാകയാൽ
എന്നുമാരായുവാൻ ചൊല്ലും
സയൻസിന്നു തൊഴുന്നു ഞാൻ.       9

സയൻസാൽ ദീപ്തമീ ലോകം
സയൻസാലഭിവൃദ്ധികൾ
സയൻസെന്യേ തമസ്സെല്ലാം
സയൻസിന്നു തൊഴുന്നു ഞാൻ.       10

"https://ml.wikisource.org/w/index.php?title=സയൻസ്_ദശകം&oldid=174922" എന്ന താളിൽനിന്ന് ശേഖരിച്ചത്