സാഹിത്യമഞ്ജരി/കർമ്മഭൂമിയുടെ പിഞ്ചുകാൽ

കർമ്മഭൂമിയുടെ പിഞ്ചുകാൽ
രചന:വള്ളത്തോൾ നാരായണമേനോൻ (1921)
സാഹിത്യമഞ്ജരി നാലാം ഭാഗം


ആറ്റിലേക്കച്യുത, ചാടൊല്ലേ, ചാടൊല്ലേ;
കാട്ടിലെപ്പൊയ്കയിൽപ്പോയി നീന്താം:
കാളകൂടോൽക്കടകാകോളമാളിന
കാളിയൻ പാർപ്പുണ്ടിക്കാളിന്ദിയിൽ.        1

ആരിതെറിഞ്ഞുകൊടുത്തു; യശോദതൻ മാറിലേ
ത്തുമണിമാല്യമതാ,
കാളിന്ദിതന്നുടെ കാളിമാവേന്തിയ
ചേലയിൽച്ചിളെന്നു ചെന്നുവീണു!        2

പല്ലവംപോലുള്ള രണ്ടിളംകൈകൾ വ-
ന്നുല്ലസല്ലീലമായ്ത്തല്ലുകയാൽ
വെൺമുലപ്പാൽനുര ചിന്നിച്ചിതറി ന-
ല്ലമ്മയാമന്നദിക്കാർദ്രനെഞ്ചിൽ!        3

കണ്ണന്റെ പൊന്നുടൽ കാനനധൂളി വി-
ട്ടു,ണ്ണിക്കതിരോന്റെ ബിംബംപോലേ
പേർത്തും വെളിവുപൂണ്ടപ്പുഴതന്നല-
ച്ചാർത്തിലിളകിമറിഞ്ഞു മിന്നീ.        4

മുങ്ങുമൊരേടത്തു; മറ്റൊരേടത്തു പോയ്‌-
പ്പൊങ്ങു;-മലകൾ മുറിച്ചു നീന്തും
ഇങ്ങനെ സംസാരനാടകമാടിനാ-
നങ്ങവൻ വാരുണരംഗത്തിങ്കൽ!        5

ദുരത്തൊരേടത്തു ശാന്തമായ്മേവിയ
നീരിന്നകത്തൊരിളക്കമുണ്ടായ്‌:
സ്ഫീതങ്ങളായങ്ങു പൊങ്ങീ കുമിളക-
ളേതോ വിപത്തിൻമുളകൾപോലേ.
ആറ്റിലൊലിച്ചു വരുന്നതെന്തെന്തിതൊ-
രായിരംകൊമ്പുള്ള മാമരമോ?
അയ്യോ, സഹ്രസഫണോഗ്രക്കരിമ്പാമ്പെ-
ങ്ങി!-യ്യോമൽക്കോമളപ്പൈതലെങ്ങോ!        6

നെഞ്ഞത്തു കൈവെച്ചു കേണാർക്കുമമ്പാടി-
ക്കുഞ്ഞുങ്ങളോടൊപ്പമാറ്റുവക്കിൽ
മുക്കു വിടർന്നുയർന്നുള്ള ശിരസ്സൊടും
നോക്കിനില്പായീ പകച്ച കണ്ണാൽ,
വൃന്ദാവനത്തിലെപ്പട്ടിളമ്പുല്ലുകൾ
തിന്നു തടിച്ചുകൊഴുത്ത പൈക്കൾ:
ആയവർക്കുള്ളേക്രപാണമരുത്തല്ലോ
പായുന്നു, പാമ്പിന്റെ വായിലേക്കായ്‌!        7

കുണ്ടാളുമാറ്റിലെ വെള്ളമിടയ്ക്കിടെ
രണ്ടായ്പ്പകുത്തുകൊണ്ടപ്ഫണീന്ദ്രൻ
ചീറ്റി മുന്നോട്ടു വിടുന്ന വിഷക്കൊടും-
കാറ്റിക്കിടാവിനു പൂന്തെന്നലോ!        8

തുംഗശരീരനസ്സർപ്പത്താൻ ബാലനു
പൊങ്ങുതടിയായ്‌ നുറുങ്ങുനേരം;
കാലപാശോപമം കാളിയൻതന്റെ വാ-
ലോലപ്പാമ്പിന്റെ വാലെന്നപോലേ,
ചേലിൽപ്പിടിച്ചു വലിച്ചാൻ കുറച്ചിട
പേലവമാകിയ കൈമലരാൽ;
ദംഷ്ട്രാകരാളമാം വക്ത്രം പിളർത്ത,തി-
ലിട്ടാൻ കരങ്ങളിടയക്കുട്ടൻ.        9

വാൽകൊണ്ടു തല്ലിയും വട്ടത്തിൽപ്പുറ്റിയും
വാശിയാൽ കീഴുമേലായ്‌ മറിഞ്ഞും
കാളിന്ദിയിട്ടു കലക്കിനാൻ കാളിയൻ,
കാട്ടാന കൊച്ചുകുളത്തെപ്പോലേ.        10

പൂമ്പൈതൽ പിന്നെയപ്പൂരിതക്രോധനാം
പാമ്പിന്റെ പൊങ്ങിയ പത്തിതോറും
ചെങ്കഴൽകൊണ്ടു ചവുട്ടിത്തുടങ്ങിനാൻ,
തങ്കച്ചിലങ്ക കിലുങ്ങുംവണ്ണം.
പീലിപ്പുരികുഴൽ കെട്ടഴിഞ്ഞുണ്ണിതൻ
തോളിൽപ്പതിഞ്ഞതിൻ തുമ്പുകളിൽ
വെള്ളത്തിൻതുള്ളികളൊട്ടൊട്ടു നിന്നാടി,
വെള്ളിയലുക്കുകളെന്നപോലേ.        11

ചിന്നിപ്പരന്നിതു ഹാഹാമഹാരവം
മന്നിലും വാനിലും നാലിടത്തും;
ആവൂ, കുരുന്നുകാലാരോമൽക്കുഞ്ഞിനു
നോവുകയില്ലേ! മുറിപ്പെടില്ലേ!
പാരിച്ച പാമ്പിന്റെ പത്തിപ്പരപ്പിതു
പാറയെക്കാളും കഠോരമേറ്റം!
ചോര തെറിക്കുന്നുവല്ലോ; കുമാരക,
പോരുമേ പോരുമേ സാഹസങ്ങൾ!        12

കൈക്കുഞ്ഞിൻകാൽച്ചവുട്ടേറ്റു വശംകെട്ടു
മേൽക്കുമേൽക്കക്കിയ ശോണിതത്താൽ,
ചീർത്ത പടങ്ങൾ കുനിച്ചിതാ, കുങ്കുമം
ചാർത്തിച്ചു കാളിയൻ കാളിന്ദിയെ!        13

ആ വിഷം നീങ്ങിയ പുണ്യസരിത്തിനെ
ദ്യോവിൽനിന്നീക്ഷിച്ച ദേവർഷിമാർ
ശുഭ്രമേഘങ്ങളിലൂടേ, പൊഴിച്ചാ,രൊ-
രൂൾപ്പൊരുളഞ്ചിന പുഞ്ചിരിയെ;
ധ്വസ്തഭുവനാമാം ദയഷ്ട്യമേ, നിൻതല-
യെത്ര പരത്തിയുയർത്തിയാലും,
ഇക്കർമ്മഭൂമിതൻ പിഞ്ചുകാൽ പോരുമേ,
ചിക്കെന്നതൊക്കെച്ചവുട്ടിത്താഴ്ത്താൻ!"        14