സാഹിത്യമഞ്ജരി/മാതൃവന്ദനം
മാതൃവന്ദനം രചന: (1918) സാഹിത്യമഞ്ജരി ഒന്നാം ഭാഗം |
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ! 1
എത്രയും തപശ്ശക്തിപൂണ്ട ജാമദഗ്ന്യന്നു,
സത്രാജിത്തിനു പണ്ടു സഹസ്രകരൻപോലേ,
പശ്ചിമരത്നാകരം പ്രീതിയാൽദ്ദാനം ചെയ്ത
വിശ്വൈകമഹാരത്നമല്ലി നമ്മുടെ രാജ്യം?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ! 2
പച്ചയാം വിരിപ്പിട്ട സഹ്യനിൽത്തലവെച്ചും,
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-
ക്കൊള്ളുന്നൂ, കുമാരിയും ഗോകർണ്ണേശനുമമ്മേ!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനുപാസ്യരായുള്ളോർക്കുമുപാസ്യയെ! 3
ആഴിവീചികളനുവേലം വെൺനുരകളാൽ,-
ത്തോഴികൾപോലേ, തവ ചാരുതൃപ്പദങ്ങളിൽ
തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നൂ; തൃപ്തി
കൈവരാഞ്ഞഴിക്കുന്നൂ! പിന്നെയും തുടരുന്നൂ!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനനന്യസാധാരണസൗഭാഗ്യയെ! 4
മിന്നൽക്കാറുകളായ പൊന്നണിദ്വിപങ്ങളു-
മന്യൂനസ്തനിതമാം പടഹസ്വനവുമായ്
ഭാസമാനേന്ദ്രായുധതോരണം വർഷോത്സവം
ഭാർഗ്ഗവക്ഷേത്രത്തിൽപ്പോലെങ്ങനുമുണ്ടോ വേറെ?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ സുഭിക്ഷാധിദേവതയായുള്ളോളെ! 5
ചന്ദനവനക്കുളിൽതെന്നലിൻ കളികളാൽ
മന്ദമായ്ത്തലയാട്ടിക്കൊണ്ടു മാമലകളിൽ
ഉല്ലസിച്ചീടും ജയവൈജയന്തികളേലാ-
വല്ലികൾ നിൻ തൂമണമെങ്ങെങ്ങു വീശാതുള്ളു?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ ഗുണഗണാവർജ്ജിതജനൗഘയെ! 6
ഹഹ, നിൻതോട്ടങ്ങളിൽത്താംബൂലലതകളാൽ-
ഗ്ഗൃഹസ്ഥാശ്രമികളായ്ച്ചമഞ്ഞ കമുങ്ങുകൾ
കായ്കൾതൻ കനം കൊണ്ടു നമ്രമൗലികളായി
ലോകോപകാരോന്മേഷാൽച്ചാഞ്ചാടി നിന്നീടുന്നു.
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനാഗന്തുകോദ്ഗീയമാനൗദാര്യയെ! 7
പഴുപ്പു കായ്കൾക്കെത്തുങ്കാലത്തു പവിഴച്ചാർ-
ത്തഴകിലണിയുന്ന മുളകിൻകൊടികളും,
കനകക്കുടങ്ങളെച്ചുമന്ന കേരങ്ങളും-
നിനയ്ക്കിൽ നിതാന്താഭിരാമമേ നിന്നാരാമം!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ ശുഭഫലപ്രാർത്ഥികൾക്കാരാധ്യയെ! 8
പിന്തിരിയ്ക്കൊല്ലേ ദൂനവർണ്ണമാം മുഖം വീണ്ടും;
നിന്തിരുവടിയുടെ മക്കളായ്ത്തീരും ഞങ്ങൾ!
നിത്യവും മുന്നോട്ടെയ്ക്കേ പാഞ്ഞുപോം കാലക്കപ്പ-
ലെത്തിപ്പൂ പുറപ്പെട്ടദിക്കിൽത്താൻ യാത്രക്കാരെ.
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ പ്രജാസ്നേഹവ്യാകുലഹൃദന്തയെ! 9
പാഴ്മണ്ണു പിടിച്ചൊ,രുമൂലയിൽക്കിടപ്പതാം
സ്വാമിനിയുടെ പള്ളിവാളിതു, വീണ്ടും നമ്മൾ
നമ്പെഴുക്കിടുകയാൽ നിർമ്മലാഭമായ് മേന്മേൽ-
ച്ചുംബിതമായീടട്ടേ മാർത്താണ്ഡമരീചിയാൽ!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ നിജസ്തന്യപോഷിതപ്രവീരയെ! 10
വാൾകൊണ്ടെന്നതുപോലെ വായ്കൊണ്ടും പ്രതിയോഗി-
ലോകത്തെജ്ജയിച്ചോരാം പൂർവകരുടെ രക്തം
അല്പാല്പം സിരകളിൽ ബാക്കിയുണ്ട,തിൻ ചൂടാ-
ലിപ്പൊഴെന്നാലും, തെല്ലു കൺമിഴിച്ചല്ലോ നമ്മൾ.
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ ചിരന്തനസുപ്രജാവതിയാളെ! 11
മാതാവിൻ മഹാഗൃഹം തുണ്ടുതുണ്ടാക്കിത്തീർത്തു
വേർതിരിപ്പതീ വെറും മാറാലമറകളോ?
ഇവയെപ്പറപ്പിപ്പാനുണർന്ന നമ്മൾ മൂരി-
നിവർന്നു നേരേ വിടും നെടുവീർപ്പൊന്നേ പോരും!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ യോഗക്ഷേമകല്പനപ്രശസ്തയെ! 12
ചേലോടേ പല പൂക്കൾകൊണ്ടു സൗഭ്രാത്രപ്പട്ടു-
നൂലിന്മേൽക്കോർക്കപ്പെട്ട നമ്മുടെ നവമാല്യം
മാലിന്യമേലാതെന്നും നിർവൃതി നൽകിക്കൊണ്ടു
ലാലസിക്കട്ടേ മാതൃദേവിതൻ തിരുമാറിൽ!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനദ്വൈതസിദ്ധാന്താധ്യാപികയാളെ! 13
മാതൃവാക്കൊന്നാകണം നമുക്കു സാക്ഷാൽ വേദം;
മാതൃശുശ്രൂഷായത്നമാകണം മഹായജ്ഞം;
മാതാവിന്നുഴിഞ്ഞീടുകാത്മജീവിതം പ്രിയ-
ഭ്രാതാക്കന്മാരേ, പാരിൽദ്ദൈവമേതുള്ളൂ വേറേ?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ സർവ്വാഭീഷ്ടസാധകപ്രസാദയെ! 14