സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
ഉപപാദനം


യുക്തി കാണിച്ചു് ഒരു അഭിപ്രായം സ്ഥാപിക്കയാകുന്നു ഉപപാദനം. സർവ്വസമ്മതമായ ഒരു സംഗതി വിശദപ്പെടുത്തുന്നതു വിവരണം; അഭിപ്രായഭേദങ്ങൾക്കു വകയുള്ള ഒരു സംഗതിയിൽ

സ്വാഭിപ്രായം സ്ഥാപിക്കുന്നതു് ഉപപാദനം എന്നു രണ്ടിനും തമ്മിൽ ഭേദം. യുക്തിപ്രദർശനം ഉപപാദനത്തിൽ പ്രധാനമായിരിക്കെ വിവരണത്തിൽ അതു് അപ്രധാനമാകുന്നു. വിവരണം

കൂടാതെ ഉപപാദനം സുകരമല്ല. രണ്ടുപക്ഷമുള്ള സംഗതിയുടെ വിവരണംതന്നെ സ്വമതസ്ഥാപനത്തിനുള്ള യുക്തികളോടുകൂടി ചെയ്താൽ അതു് ഉപപാദനമായി. ഒരു

ഉദാഹരണമെടുത്തുനോക്കാം: സ്ത്രീസ്വാതന്ത്ര്യം’ എന്ന വിഷയത്തെക്കുറിച്ചു് ഒരു പ്രസംഗം എഴുതുന്നതായാൽ അതിന്റെ ഗുണങ്ങളേയും ദോഷങ്ങലേയും നിഷ്പക്ഷപാതമായി

എടുത്തുകാണിക്കുക മാത്രമേ ചെയ്യുന്നുള്ളുവെങ്കിൽ അതു് ഒരു വിവരണമായിരിക്കും; സാധകബാധകയുക്തികൾകൊണ്ടു് സ്ത്രീസ്വാതന്ത്ര്യം വേണ്ടാത്തോ വേണ്ടാത്തതോ എന്നു

സ്ഥാപിക്കുകകൂടി ചെയ്യുന്നപക്ഷം അതിനെ ഉപപാദനം എന്നു പറയണം. ഗുണദോഷങ്ങളെ വിവരിക്കാതെ ഒരുവിധം നിർണ്ണയം ചെയ്യുന്നതു് അസാദ്ധ്യമാകയാൽ ഉപപാദനത്തിൽ

വിവരണം അത്യാവശ്യമാണെന്നു സ്പഷ്ടമാകുന്നു. മുൻ‌കാണിച്ച ചതുരംഗവിവരണം മുതലായ വിഷയങ്ങളിൽ വിവരണത്തിനും ഉപപാദനത്തിനും മഹത്തായ അന്തരമുണ്ടെന്നു കാൺക.

വിവരണം വിഷയത്തിലെ വ്യാഖേയാംശങ്ങളെ എല്ലാം ഒന്നുപോലെ വ്യാപിക്കുന്നു; ഉപപാദനത്തിൽ തർക്കമുള്ള അംശം മാത്രം വിസ്തരിച്ചാൽ മതിയാകും എന്നും ഒരു ഭേദം പറയാം.

വിമർശങ്ങൾ വിവരണം എന്ന ഇനത്തിൽ ചേരുന്നു എന്നും, അതിനു് ഖണ്ഡനം, മണ്ഡനം എന്നു രണ്ടു വകഭേദമുണ്ടെന്നും മുൻ‌പ്രസ്താവിച്ചുവല്ലോ. എന്നാൽ ഖണ്ഡനവും മണ്ഡനവും

പ്രായേണ സ്വപക്ഷസ്ഥാപനസംരംഭത്തോടുകൂടി ചെയ്യുന്നതാകയാൽ അതുകളെ ഉപപാദനത്തിൽ ചേർക്കുന്നതു കുറേക്കൂടി ഉചിതമായിരിക്കും. വിമർശനം

നിഷ്പക്ഷപാതമായിരിക്കേണ്ടതതാണു്; അപ്പോൾ അനുകൂലമെന്നും പ്രതികൂലമെന്നും പറവാനില്ലാത്തതിനാൽ ഉദാസീനമായിട്ടും വിമർശം ചെയ്യാം; അങ്ങനെയുള്ള വിമർശത്തിൽ

പക്ഷഭേദമില്ലാത്തതിനാൽ അതിനെ വിവരണത്തിലുൾപ്പെടുത്തുന്നതിനു ന്യായമുണ്ടെന്നു കരുതിയാണു് ഖണ്ഡനമണ്ഡനങ്ങളെ മുമ്പു പ്രസ്താവിച്ചതു്.

ഉപപാദ്യമായ വിഷയത്തിന്റെ സ്വഭാവമനുസരിച്ചു് ഉപപാദനത്തെ മൂന്നു വകയായി പിരിക്കാം: (1) ഒരു വസ്തുസ്ഥിതി (സംഗതി) ഉപപാദിക്കുന്നതു് വസ്തുവിവരണം, (2) ഒരു

സിദ്ധാന്തത്തെപ്പറ്റിയുള്ളതു് സ്ഥാപനം; (3) ലോകവ്യവഹാരങ്ങളുടെ ഉപപാദനം വ്യവഹാരചർച്ച. പ്രായേണ വസ്തുവിചാരത്തിനു് ചരിത്രങ്ങളിലെ സംഗതികളായിരിക്കും വിഷയം.

യുക്തിശാസ്ത്രം സംബന്ധിച്ചിരിക്കും സിദ്ധാന്തസ്ഥാപനം. സാമുദായികം വ്യവഹാരം, നീതിശാസ്ത്രം, രാജ്യതന്ത്രം ഇതുകൾ ഇടപെട്ട സംഗതികളാണു് വ്യവഹാരചർച്ചയ്ക്കു്,

1. വസ്തുവിചാരം: ഒരു വസ്തു അല്ലെങ്കിൽ സംഗതി ഒരു വിധമാണെന്നോ അല്ലെന്നോ സാധകബാധകങ്ങൾ കാണിച്ചു സ്ഥാപിക്കയാണു് വസ്തുപപാദനത്തിൽ

ചെയ്യേണ്ടുന്നതു്.അനുകൂലമായും പ്രതികൂലമായും ഉള്ള തെളിവുകളുടെ ബലാബലം പോലെയാണു് ഇതിൽ തീരുമാനം. ആ തീരുമാനം ഏതുവിധമായാലും വായനക്കാർക്കു് ഒരു ഹാനിയും

വരാനില്ല; അതിനാൽ അവർ അതിൽ ഉദാസീനയായിരിക്കും. താഴെ ചേർക്കുന്ന ഉദാഹരണങ്ങൾ വസ്തുപപാദനത്തിന്റെ സ്വഭാവം സ്പഷ്ടമാക്കും.


1. ബുദ്ധമതത്തേക്കൾ ജൈനമതം പ്രാചീനമാകുന്നു.

2. കാളിദാസരുടെ കാലം ഏഴാം ശതാബ്ദത്തിനു മുമ്പാകുന്നു.

3. കോയമ്പത്തൂർവഴിയാണു് കേരളത്തിൽ ആര്യന്മാർ പ്രവേശിച്ചതു്.

4. ലിപിവിദ്യ പാണിനിയുടെ കാലത്തു നടപ്പായിരുന്നില്ല.


ഒരു സംഗതി ഒരുവിധമാണെന്നോ അല്ലെന്നോ നിർണ്ണയിക്കുന്നതു് അതിലേക്കുള്ള തെളിവുകളുടെ ബലവും പ്രാമാണ്യവുമനുസരിച്ചാകുന്നു. അതിനാൽ വസ്തുവിചാരത്തിൽ തെളിവു ശേഖരിച്ചു

ശരിപ്പെടുത്തുന്നതിൽ ശ്രദ്ധവെയ്ക്കണം.


2. സ്ഥാപനം : സ്ഥാപനം രണ്ടുവിധത്തിലാവാം (എ) ഒരു സിദ്ധാന്തം സ്ഥാപിക്കുക. (ബി) സ്ഥാപിതമായ സിദ്ധാന്തത്തിൽ അടങ്ങിയതാണു് ഒരു സംഗതിയെന്നു സമർത്ഥിക്കുക.

ആദ്യത്തേതിനു സിദ്ധാന്തകരണമെന്നും രണ്ടാമത്തേതിനു യുക്തിപ്രദർശനമെന്നും പേർ ചെയ്യാം.

(എ) സിദ്ധാന്തകരണം : പല സംഗതികൾകൊണ്ടു് ഒരു സംഗതി തെളിയുന്നതാണു വസ്തുവിചാരം. പല സംഗതികൾക്കു് ഉപപത്തി കാണിക്കാൻ വേണ്ടി ഒരു സംഗതി കല്പിക്കുന്നതാണു

സിദ്ധാന്തകരണം. ഏഴാം വർഷശതകത്തിൽ നാടുവാണൊരു രാജാവിന്റെ സദസ്യനായിരുന്നു ഭവഭൂതി; ഭവഭൂതി കാളിദാസന്റെ ഗ്രന്ഥങ്ങൾ കണ്ടിട്ടുണ്ടെന്നു് അദ്ദേഹത്തിന്റെ കവിതകളി

ൽനിന്നു സ്പഷ്ടമാകുന്നു; ഇത്യാദികളായ സംഗതികൾ കാളിദാസൻ ഏഴാംവർഷശതകത്തിനു മുമ്പാണു് ജീവിച്ചിരുന്നതെന്ന സംഗതിയെ തെളിയിക്കുന്നു. അതിനാൽ അതു് ഒരു

വസ്തുവിചാരത്തിനു് ഉദാഹരണം. ആകാശത്തിലുള്ള ജ്യോതിസ്സുകളെല്ലാം ഒന്നുപോലെ ഉദിച്ചസ്തമിക്കുന്നു, ഗ്രഹങ്ങൾക്കുമാത്രം ഒരു പൂർവ്വഗതികൂടിയുണ്ടു്. ഇത്യാദി സംഗതികൾക്കു് ഉപപത്തി

സമ്പാദിപ്പാനായി ഭൂമി കിഴക്കോട്ടുരുളുന്ന മട്ടിൽ ചലിക്കുന്നു എന്നു നാം ഒരു കല്പന ചെയ്യുന്നു. ഈമാതിരി കല്പനകൾക്കാണു് സിദ്ധാന്തം എന്നുപേർ. ഇതു സ്ഥാപിക്കുന്നതിൽ പല

സംഗതികളുടെ ഉപപത്തിക്കുവേണ്ടി ഒരു സംഗതി കൽ‌പ്പിക്കുന്നതിനാൽ ഇതു സിദ്ധാന്തകരണത്തിനു് ഉദാഹരണം. പല സംഗതികളെ യോജിപ്പിക്കാൻ‌വേണ്ടി കല്പിക്കുന്ന ഒറ്റ സംഗതി

മാത്രമേ പ്രകൃതത്തിലെ പല സംഗതികൾക്കു് ഉപപത്തി സമ്പാദിപ്പാൻ മതിയാവുകയുള്ളുവെന്നുണ്ടോ? വേറെ വല്ലതും ഒരു സംഗതി കല്പിച്ചാൽ ആ ഫലം ഉണ്ടാവുകയില്ലേ എന്നുകൂടി

ആലോചിപ്പാനുണ്ടു്. പ്രകൃതോദാഹരണത്തിൽത്തന്നെ ഭൂമി കിഴക്കോട്ടു തിരിയുന്നു എന്നു കല്പിക്കുന്നതിനു പകരം ആകാശമണ്ഡലം പടിഞ്ഞാട്ടു തിരിയുന്നു എന്നു കല്പിച്ചാലും ഫലം

തുല്യമാകുമല്ലോ. ഇങ്ങനെ സിദ്ധാന്തത്തിൽത്തന്നെ തർക്കം വരുമ്പോൾ ഗൌരവദോഷം കുറയുന്നതും യുക്തിബലം ഏറുന്നതുമായ കല്പനയെ സിദ്ധാന്തമായി സ്വീകരിക്കണം. മറ്റു കല്പനകളെ

പൂർവ്വപക്ഷമായി ഉപേക്ഷിക്കണം. പ്രകൃതോദാഹരണത്തിൽ ആകാശമണ്ഡലം മുഴുവനും അതിൽ കാണുന്ന ജ്യോതിസ്സുകളെ ഒന്നിനേയും അനക്കാതെ ഒരേ വേഗത്തിൽ പടിഞ്ഞാട്ടു

തിരിക്കുന്നതിൽ അധികം എളുപ്പം ഒറ്റയായ ഭൂമിയെ കിഴക്കോട്ടു ചലിപ്പിക്കുകയാകുന്നു എന്നു ഗൌരവതാരതംയം നോക്കി ഭൂചലനം സിദ്ധാന്തമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ

ഭാരതീയരിൽ പല ജൌതിഷികളും ഭൂചലനവാദം പൂർവ്വപക്ഷമാണെന്നു പറഞ്ഞുതള്ളീട്ടു് ആകാശചലനം തന്നെ സിദ്ധാന്തം(ഉത്തരപക്ഷം) എന്നു വാദിച്ചിട്ടുള്ളവരുണ്ടു്.

പൂർവ്വപക്ഷങ്ങളെയെല്ലാം കാരണസഹിതം നിരസിച്ചു് ഉത്തരപക്ഷമായി ഒരു സംഗതിയെ സ്ഥാപിക്കുകയാകുന്നു സിദ്ധാന്തസ്ഥാപനത്തിൽ ചെയ്യേണ്ടുന്നതു്. അതിലേക്കു് പൂർവ്വപക്ഷികളുടെ

മതം ആദ്യമായി വിവരിച്ചു് ഓരോന്നും മുറയ്ക്കു പ്രബലയുക്തികൊണ്ടു് ഖണ്ഡിക്കണം. ഇങ്ങനെ വിവരണം തന്നെ സിദ്ധാന്തസ്ഥാപനത്തിലും പ്രധാനമായി നിൽക്കയാൽ വിവരണത്തിനു

പറഞ്ഞ പദ്ധതിതന്നെ ഇവിടെയും പദ്ധതി. മിക്ക ദിക്കിലും ഉപപാദനത്തിനു വിവരണത്തെക്കാൾ വിശേഷം സ്വമതസ്ഥാപനം എന്നുള്ള ഭാഗമൊന്നേ ഉള്ളു എന്നു മുമ്പുതന്നെ

പ്രസ്താവിച്ചിട്ടുണ്ടല്ലോ.


(ബി) യുക്തിപ്രദർശനം: ഭൂമി സൂര്യനെ ചുറ്റുന്നു എന്നും, ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹമാണെന്നുമുള്ള സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഗ്രഹണങ്ങൾക്കു് ഉപപത്തി

കാണിക്കുന്നതുപോലെയുള്ള സ്ഥാപനം യുക്തിപ്രദർശനം. ഇതിനെ വാസന എന്നൊരു സാങ്കേതികശബ്ദംകൊണ്ടു ശാസ്ത്രകാരന്മാർ വ്യവഹരിക്കുന്നു; ഗ്രഹണവാസന, വക്രഗതിവാസന,

സ്ഫുടവാസന, ഇത്യാദി. ഇതുപോലെ സിദ്ധാന്തകരണത്തിനു് വാദം എന്ന പേർ ഉപയോഗിക്കുന്നു. ഭൂചലനവാദം, ശരീരാത്മവാദം, അന്വിതാഭിധാനവാദം ഇത്യാദി.

3. വ്യവഹാരചർച്ച: വ്യവഹാരചർച്ച അല്ലെങ്കിൽ (വെറും) ചർച്ച എന്നതിന്റെ പോക്കു രണ്ടുവിധത്തിലായിരിക്കും. (എ) ഒരു കാര്യം ശരിയോ എന്നുള്ള ധർമ്മചിന്ത; (ബി) ഏതുകൊള്ളാം

എന്നുള്ള കർത്തവ്യചിന്ത. വിധവാവിവാഹം, ജാതിവിഭാഗം, മാംസഭക്ഷണം, സ്ത്രീകൾക്കു വധദണ്ഡം - ഇത്യാദിവിഷയങ്ങൾ ധർമ്മചിന്തയ്ക്കും; ഏകാധിപത്യമോ അനേകാധിപത്യമോ

നല്ലതു്, മലയാളികൾ മരുമക്കത്തായം വിട്ടു് മക്കത്തായം സ്വീകരിക്കണമോ, സ്ത്രീകൾക്കു പൌരാധികാരം കൊടുക്കാമോ; പള്ളിക്കൂടങ്ങൾക്കു് ഒരു വെക്കേഷനോ രണ്ടു വെക്കേഷനോ

ഹിതം - ഇത്യാദികൾ കർത്തവ്യചിന്തയ്ക്കും ഉദാഹരണമാകുന്നു.


വിവരണത്തിനു കൊടുത്ത രചനാമാർഗ്ഗം തന്നെ പൊതുവെ ചർച്ചയ്ക്കും മതിയാകും. വിശേഷിച്ചു് ചർച്ചയിൽ ദൃഷ്ടിവെക്കേണ്ടുന്ന ഭാഗങ്ങൾ; (1) വിവാദപദം ഇന്നതെന്നു വിവരണംകൊണ്ടു

വിശദപ്പെടുത്തണം. (2) പ്രസക്താനുപ്രസക്ത്യാ വന്നുചേരുന്ന ആനുഷംഗികവിഷയങ്ങളിൽ പ്രവേശിച്ചു് ശാഖാചംക്രമണം ചെയ്യരുതു്. (3) സാധകബാധകയുക്തികളെ വേർതിരിച്ചു

ക്രമപ്പെടുത്തി ബലാബലവിചാരം ചെയ്യണം. (4) ഉപസംഹാരത്തിൽ സിംഹാവലോകിതം കൊണ്ടു് പ്രതിപാദിതവിഷയത്തെ സമഷ്ട്യാ ആവർത്തിച്ചു നിഗമനം ചെയ്യണം.

ഖണ്ഡനമണ്ഡനങ്ങൾ എന്നു രണ്ടായി പിരിച്ചതും വിവരണം എന്ന ഇനത്തിൽ ചേർത്തതുമായ വിമർശം സ്വാഭിപ്രായസ്ഥാപനത്തോടുകൂടി ചെയ്യുന്നതായാൽ ഉപപാദനത്തിന്റെ

വകഭേദമായും ഗണിക്കാമെന്നു പ്രസ്താവിച്ചല്ലോ. ഖണ്ഡനമണ്ഡനങ്ങൾ രചിക്കുന്നതിൽ ചില ഉപദേശങ്ങൾ പ്രത്യേകിച്ചു ചെയ്യേണ്ടതുണ്ടു്. അതാവിതു്:

(എ) സ്വപ്രത്യയസ്ഥൈര്യം: തന്റെ അഭിപ്രായം വിട്ടുപറയുന്നതിനു വിമർശകാരൻ മടിക്കരുതു്. “മൂഢഃ പരപ്രത്യയനേയബുദ്ധിഃ” എന്നല്ലേ അഭിയുക്തവചനം. തനിക്കു സ്വന്തമായി

ഒരഭിപ്രായമില്ലാത്ത പുരുഷൻ തന്റേടമില്ലാത്തവനാകുന്നു. തനിക്കുള്ള അഭിപ്രായം വെളിപ്പെടുത്തുവാൻ മടിച്ചാൽ അതു ധൈര്യക്കുറവായി. സന്ദിഗ്ദ്ധപദപ്രയോഗംകൊണ്ടോ

വക്രോക്തികൊണ്ടോ പൊതിഞ്ഞുപറയുന്നതിൽ ആത്മവഞ്ചനം സ്പഷ്ടമാണു്. അതുകൊണ്ടു് സ്വാഭിപ്രായം പറയുന്നപക്ഷം അതു സ്പഷ്ടവും നിഷ്കളങ്കവുമായിരിക്കണം.

സ്വാഭിപ്രായപ്രകടനം എവിടെ ആപൽക്കരമെന്നു തോന്നുന്നുവോ അങ്ങനെയുള്ള വിഷയത്തെപ്പറ്റി വിമർശമേ ആരംഭിക്കരുതു്.


(ബി) ഔദ്ധത്യപരിഹാരം : താൻ സ്വമതം ഇളക്കാൻ പാടില്ലാത്തവിധം സ്ഥാപിച്ചുകളഞ്ഞു. അതിൽ എല്ലാവരും യോജിച്ചുകൊള്ളണം എന്നും മറ്റുമുള്ള ഒരു ഭാവന വന്നുപോകാതെ

സൂക്ഷിക്കണം. സ്വപ്രത്യയസ്ഥൈര്യം കൊണ്ടുണ്ടാകാവുന്ന ദോഷങ്ങളെ പരിഹരിക്കാനാണിതു്. സ്വാഭിപ്രായം ഉള്ളതുപോലെ പറയണം. എന്നാൽ അങ്ങനെ ചെയ്യുന്നതിൽ വിനയപ്രദശനം

മറന്നുപോകരുതു്. ‘പ്രതിപക്ഷികളുടെ ആക്ഷേപം തെറിച്ചുപോയി’, ‘ഇതു മറുപക്ഷത്തിനു കണ്ഠേ കുഠാരം ആണു്’ എന്നും മറ്റും വീരവാദം കൂടാതെതന്നെ ‘ പ്രതിപക്ഷികളുടെ ആക്ഷേപത്തിനു്

ഇതു സമാധാനമാകുമെന്നു വിശസിക്കുന്നു,‘ ‘ഇതു പ്രതിപക്ഷവാദത്തെ ദുർബ്ബലപ്പെടുത്തുന്നു’ എന്നോ മറ്റോ പറഞ്ഞാലും ധാരാളം കാര്യം വരും. സംസ്കൃതഗ്രന്ഥകാരന്മാരിൽ പ്രാചീനർ “ഇദം

ചിന്ത്യം” (ഇതു കുറെ ആലോചിപ്പാനുള്ളതാണു്) എന്നും മറ്റും വണക്കത്തോടുകൂടിയ കൂടിയ വാക്കുകളേ ഉപയോഗിച്ചിട്ടുള്ളു. നവീനന്മാരാണു് ‘കണ്ഠേ കുഠാര‘വും മറ്റും ഉപയോഗിച്ചു് ലഹള

കൂട്ടുന്നതു്.


(സി) പ്രതിപക്ഷബഹുമാ‍നം: ഔദ്ധത്യമില്ലാതിരുന്നാൽ മാത്രം പോരാ. പ്രതിപക്ഷിയുടെ അഭിപ്രായത്തെ ബഹുമാനപുരസ്സരം ‘അനുവദിക്ക’യും വേണം. പ്രതിപക്ഷി നിസ്സാരനാണെങ്കിൽ

അവനോടു് എതിർക്കുന്നതു് തനിക്കു ഗൌരവക്കുറവല്ലയോ? സമന്മാരോടു വേണം സംഘർഷം. സിംഹത്തിനു പ്രതിദ്വന്ദി ആനയാണു്; മാനല്ല.


“ജേതാരം ലോകപാലാനാം സ്വമുഖൈരർച്ചിതേശ്വരം

രാമസ്തുലിതകൈലാസമരാതിം ബഹ്വമന്യത”


(ദിക്പാലന്മാരെ ജയിച്ചവനും സ്വന്തം തലകളറുത്തിട്ടു് ശിവനെ ആരാധിച്ചവനും കൈലാസം കൈയിലെടുത്തു് തൂക്കിനോക്കിയവനുമായ ശത്രുവിനെ (രാവണനെ) രാമൻ ബഹുമാനിച്ചു,

-രഘുവംശം.)


എന്നു് മഹാകവി ശ്രീരാമനെപ്പറ്റി പറഞ്ഞതു നോക്കുക. ശത്രുവിനെ ബഹുമാനിക്കുന്നിടത്തോളം ജയപക്ഷത്തിൽ തനിക്കാണു് ബഹുമാനം ഫലിക്കുന്നതു്.


(ഡി) സംരംഭത്യാഗം: സ്വപക്ഷസ്ഥാപനവ്യസനംകൊണ്ടു മതിമറന്നുപോകരുതു്. സ്വപക്ഷം ജയിച്ചാലും ശരി, കാര്യം കാര്യം പോലെയിരിക്കും; തത്ക്കാലത്തെ ആവേശംകൊണ്ടു് സ്വപക്ഷവും

താനും ഒന്നുതന്നെ എന്നു വിചാരിച്ചുപോകരുതു്. തക്ക യുക്തികൾ കാണിക്കുന്നിടത്തോളമേ തനിക്കു ഭാരമുള്ളു; അതുകളെ സ്വീകരിക്കുകയോ നിരസിക്കയോ ചെയ്യുന്നതു് വായനക്കാരുടെ

ചുമതലയാണു്.


(ഇ) പുരുഷദ്വേഷവർജ്ജനം: പ്രതിപക്ഷിയുടെ പക്ഷത്തോടല്ലതെ പ്രതിപക്ഷിയായ പുരുഷനോടു് (ആളോടു്) ദ്വേഷം വന്നുപോകരുതു്. സംരംഭം വരുമ്പോൾ ഉണ്ടാകുന്ന ദോഷമാണിതു്;

സംരംഭം വജ്ജിച്ചാൽ ഇതും വർജ്ജിതമാകും.


(എഫ്) വിതണ്ഡാവൈമുഖ്യം: അതുമിതും പിടിച്ചു് അറുതിവരാത്ത വിധത്തിൽ വാദം നീട്ടുന്നതിനു് വിതണ്ഡാവാദം എന്നുപേർ. അതിൽ പ്രവേശിക്കാതെ സൂക്ഷിക്കണം. കക്ഷിപ്പിണക്കം മൂ

ർച്ഛിക്കുമ്പോഴാണു് ഇതിനു പ്രസക്തി. വിതണ്ഡയ്ക്കു് പുറപ്പെടുന്നവൻ ആത്മാഭിമാനമില്ലാത്തവനാണെന്നു ജനങ്ങൾ വിചാരിക്കാനിടയുണ്ടു്. ‘ഇങ്ങോട്ടൊന്നു ചെകിട്ടത്തടിച്ചെങ്കിൽ

അങ്ങോട്ടൊന്നു ചവുട്ടിയല്ലൊ” എന്നുള്ള സമാധാനം വീരോചിതമല്ല. “തർക്കോ പ്രതിഷ്ഠഃ” യുക്തി ഒരു നിലയില്ലാത്തതാണു്. താൻ ഒരു വഴിയേ ആക്രമിച്ചാൽ മറുകക്ഷി മറ്റൊരു വഴിയേ

നമ്മെ ആക്രമിക്കും. യുദ്ധം അവസാനിക്കയുമില്ല. നേരിട്ടു പോർക്കളത്തിലിറങ്ങി ശത്രുവിന്റെ ആയുധം കൊണ്ടു മരിച്ചാലും മാനം തന്നെ. വല്ല മൂലയിലും കിടക്കുന്ന പ്രമാണവചനത്തേയും മറ്റും

ശരണം പ്രാപിച്ചു രക്ഷപ്പെടാൻ തുനിഞ്ഞിട്ടും ആവശ്യമില്ല. നീലകണ്ഠദീക്ഷിതർ കലിവിഡംബനത്തിൽ പരിഹസിച്ചിട്ടുള്ള വാദദോഷങ്ങൾ നോക്കുക:


“പേടിക്കൊല്ലാ ഗണിക്കൊല്ലാ വാദിവാക്യം ശ്രവിക്കൊലാ

സഭയിൽ ജയമിച്ഛിപ്പോർ പെട്ടെന്നുത്തരമേകണം!

അലക്ഷ്യം ലൌജ്ജയില്ലായ്മയവജ്ഞയെതിരാളിയിൽ

അട്ടഹാസം പ്രഭുസ്ത്രോത്രം ജയോപായങ്ങളഞ്ചിവ!

മധ്യസ്ഥൻ മൂർഖനെന്നാകിലുച്ചം ഘോഷിച്ചു തേറുക

സിദ്ധാന്തിയെന്നു ചൊല്ലേണം വിദ്വാനെങ്കിലവൻ പുനഃ” --- കലിവിഡംബനം.


സാഹിത്യത്തിനു പലവിധം പ്രസ്ഥാനങ്ങളുള്ളതിൽ പ്രധാനമായുള്ളതെല്ലാം നാലിനങ്ങളിൽ ഒരുവിധം ഉൾപ്പെടുത്തിക്കാണിച്ചു. നാലാമതുള്ള വിഭാഗത്തിൽ ചിലേടത്തു വ്യാമിശ്രതയും

വന്നിട്ടുണ്ടു്. ഈ വിഭാഗം സൌകര്യത്തിനുവേണ്ടി മാത്രം ചെയ്തതേയുള്ളു. ഇതിലൊന്നുമാത്രമായിട്ടു് ഒരു ഗ്രന്ഥവും കാണുകയില്ല. ആധിക്യം നോക്കിയാണു് ഇവിടെ കൃതികളെ തരംതിരിച്ചതു്.

ആഖ്യായികാദികളിൽ മറ്റിനങ്ങളേക്കാൾ ആഖ്യാനഭാഗം അധികപ്പെടുകയാൽ അതുകളെ ആ ഇനത്തിൽ ചേർത്തു എന്നേ ഉള്ളു. ഇതുപോലെ ശേഷമുള്ളതിലും.

ഗ്രന്ഥവും പ്രസംഗവും : ഈ ഭേദം കേവലം ‘മാത്ര’യിലുള്ളതാകുന്നു. ‘കൃതി’ എന്ന പദം രണ്ടിനും തുല്യമായി പ്രയോഗിക്കാം. ഇനം ഏതായാലും ചെറിയ തോതിൽ ചെയ്യുന്ന കൃതി പ്രസംഗം;

വലിയ തോതിൽ ചെയ്യുന്നതു ഗ്രന്ഥം. അരമനയ്ക്കും കുടിലിനും തമ്മിലുള്ള ഭേദം തന്നെ ഇവയ്ക്കും. രണ്ടിലും എണ്ണങ്ങളെല്ലാം വേണം, വലുപ്പം മാത്രം അവസ്ഥയ്ക്കു ചേർന്നിരിക്കും.


ഉദാഹരണങ്ങൾ:


അറം

കവികൾ കഥാപാത്രങ്ങളുടെ വാക്കായിട്ടു് ഉത്തമപുരുഷസർവ്വനാമം ചേർത്തു ശാപരൂപമായി സംഗതി പറയുന്നതു മേലാൽ തനിക്കുതന്നെ ഫലിക്കുന്നതാണു് ‘അറം’ എന്നു പറയുന്നതു്. താൻ

വിവരിക്കുന്ന സംഗതികളിൽ തന്മയത്വം വരുത്തുകയാണല്ലോ കവിയുടെ വാക്ചാതുര്യത്തിനുള്ള പരമകാഷ്ഠ. അപ്പോൾ അത്രയ്ക്കു ശേഷിയുള്ള മഹാകവിയുടെ (വാക്കിനു) ശാപരൂപമായ

അർത്ഥത്തിൽ വരുന്ന തന്മയത്വം തന്നെ അറം. ക്ഷുദ്രകവികൾക്കു് അറം വരുന്നതായി പറയാറുമില്ല. അറം വരിക എന്നുള്ള വിശ്വാസം കേവലം അടിസ്ഥാനമില്ലാത്തതെന്നു പറയാൻ

പാടില്ല. വേദാന്തസിദ്ധാന്തപ്രകാരം ഈശ്വരനു് ജ്ഞാനശക്തി, ഇച്ഛാശക്തി, ക്രിയാശക്തി എന്നു് പ്രധാനമായി മൂന്നു ശക്തികൾ ഉണ്ടു്. അതിൽ ഇച്ഛാശക്തികൊണ്ടാണു് ഈശ്വരൻ പ്രപഞ്ചം

സൃഷ്ടിക്കുന്നതു്, അല്ലാതെ കുശവൻ കളിമണ്ണുകൊണ്ടു് കടം തീർക്കുന്നതുപോലെ പഞ്ചഭൂതങ്ങളെക്കൊണ്ടു സ്ഥാവരജംഗമങ്ങളെ ചമയ്ക്കുന്നില്ല. ‘ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടിഃ’ എന്നാണു

പ്രമാണം. ഇച്ഛാശക്തിവിശിഷ്ടനായി പരമാത്മരൂപനായിരിക്കുന്ന ഈശ്വരന്റെ പ്രതിബിംബങ്ങൾ ആണു് മനുഷ്യരുടെ ജീവാത്മാക്കൾ. അതിനാൽ ജീവാത്മാക്കൾക്കും ഇച്ഛാദിശക്തിത്രയം

ഉണ്ടു്. എന്നാൽ സാധാരണസ്ഥിതിയിൽ മങ്ങിയ കണ്ണാടിയിൽ സൂര്യകിരണങ്ങളുടെ പ്രതിബിംബം തെളിയാത്തതുപോലെ തമോഗുണമലിനമായ ജീവാത്മാവിൽ ഇച്ഛാദിശക്തികൾ

പ്രകാശിക്കുന്നില്ല. തപോനിഷ്ഠ, സമാധി മുതലായതിനാൽ തമോഗുണാവരണം നീങ്ങിയാൽ അതുകൾ പ്രകാശിക്കയും ചെയ്യും. ഈവിധമാണു് മഹാത്മാക്കളായ മഹർഷിമാർ ശാപവും വരവും

കൊടുക്കുന്നതു്. രസാസ്വാദനത്തിൽ പ്രവർത്തിച്ചിരിക്കുന്ന സഹൃദയനായ മഹാകവിയുടെ ഹൃദയത്തിനു് സമാധിയിലിരിക്കുന്ന ഒരു യോഗിയുടെ ചിത്തത്തിനുള്ള അവസ്ഥയുണ്ടെന്നാണു്

ആലങ്കാരികസിദ്ധാന്തം. അതിനാൽ രസനിബന്ധനൈകതാനനായ കവിയുടെ വാക്കും ഋഷിവാക്യം പോലെ ഫലിക്കും. അതിൽ ശോകരസത്തിനു് ശൃംഗാരാദികളെക്കാൾ

പ്രാബല്യമുള്ളതിനാൽ ശാപരൂപമായ വാക്കിനാണു് ഫലിക്കുന്നതിനു് അധികം എളുപ്പമെന്നേ ഉള്ളു. -----നളചരിതവ്യാഖ്യാനം - കാന്താരതാരകം.


ഭാഷയിൽ കർമ്മണിപ്രയോഗം കൃത്രിമമാകുന്നു


ഭാഷയ്ക്കു് സ്വന്തമായി കർമ്മണിപ്രയോഗമില്ല. ഇപ്പോൾ ഉപയോഗിച്ചുവരുന്നതു് സംസ്കൃതത്തിന്റെ ശരിതർജ്ജമയ്ക്കുവേണ്ടി ഇടക്കാലത്തിൽ കൃത്രിമമായി ഏർപ്പെടുത്തിയ ഒരു

സമ്പ്രദായമാകുന്നു. ഇതിലേക്കു ലക്ഷ്യം ഒന്നാമതു് സംസ്കൃതാനഭിജ്ഞന്മാർ കർമ്മണിപ്രയോഗത്തെ ഒരിക്കലും ആദരിക്കുന്നില്ല. സംസാരിക്കുന്ന ഭാഷയിൽ കർത്തരിപ്രയോഗമേ കേ

ൾക്കാറുള്ളു. പ്രാചീനഗ്രന്ഥങ്ങളിലെ എന്നുമാത്രമല്ല, എഴുത്തച്ഛൻ മുതൽ പേരുടെ കൃതികളിലും സംസ്കൃതസംബന്ധമില്ലാത്തിടത്തു് കർമ്മണിപ്രയോഗം ഇല്ലെന്നുതന്നെ എന്റെ അനുഭവം.

‘രഘുവംശം കാളിദാസനാൽ ഉണ്ടാക്കപ്പെട്ടതാണു്’ എന്നതിനു പകരം ‘രഘുവംശം കാളിദാസനുണ്ടാക്കിയതാണെന്നു പറഞ്ഞാൽ ഒട്ടും പോരായ്കയില്ലെന്നു മാത്രമല്ല, ഈ രീതിയാണു്

ഭാഷയ്ക്കു സ്വതഃസിദ്ധമായിട്ടുള്ളതെന്നുകൂടി തോന്നുന്നു. 2- ‌ാമതു സംസ്കൃതാദികളിലെപ്പോലെ ഭാഷയിൽ ഒരു ധാതുവിനു് കർമ്മണി പ്രയോഗിക്കുന്നതിനു് ചില പ്രത്യേകഭേദങ്ങളോ

രൂപനിയമങ്ങളോ ഇല്ല. ‘പെടുക’ യെച്ചേർക്കുക, എന്നുള്ളതു് ഭാഷയിൽ നാമങ്ങളിൽ നിന്നും ക്രിയകളെ ഉണ്ടാക്കുന്നതിനുള്ള ഒരു ഉപായം എന്നേയുള്ളു. അകപ്പെടുക, വെളിപ്പെടുക, ഉ

ൾപ്പെടുക, പണിപ്പെടുക, തീർച്ചപ്പെടുക മുതലായ ധാതുക്കൾ ഇതിലേക്കു ദൃഷ്ടാന്തങ്ങളാകുന്നു. അതിനാൽ ‘കിരാതേന മൃഗോ ഹന്യതേ’ എന്നതിനു ശരിയായി ‘കിരാതനാൽ മൃഗം

കൊല്ലപ്പെടുന്നു’ എന്നു ഭാഷാപ്രയോഗത്തിൽനിന്നും വാസ്തവത്തിൽ ജനിക്കുന്ന ബോധം ഇപ്രകാരമാകുന്നു. ‘കിരാതനാൽ =കിരാതൻ ഹേതുവായിട്ടു് മൃഗം (കർത്താവു്) കൊല്ലപ്പെട്ടു

(=കൊല്ലലിനേ പെട്ടു = സഹിച്ചു)‘. ‘അകപ്പെടുക’ എന്നതിനു് ‘അകത്തുപെടുക’ എന്നും ‘പിടിപെടുക’ എന്നതിനു് ‘പിടിയിൽ പെടുക’ എന്നും അർത്ഥം വരുന്നതുപോലെ ‘പറയപ്പെടുക’

എന്നതിനു് ‘പറകയിൽ (=പറച്ചിലിൽ) പെടുക’ എന്നേ അർത്ഥമുള്ളു. ഈ വിധം ശാസ്ത്രീയമായ നിഷ്കർഷത്തോടുകൂടി ആലോചിച്ചാൽ ഭാഷയ്ക്കു കർമ്മണിപ്രയോഗം അകൃത്രിമമായ

വിധത്തിലല്ലെന്നു് എളുപ്പത്തിൽ ബോധപ്പെടുന്നതാകുന്നു. വാസ്തവത്തിൽ അതുകൊണ്ടു്, എന്റെ വാക്കാൽ അവർ ഭയപ്പെട്ടു എന്ന അകർമ്മകവാക്യത്തിൽ, ‘വാക്കാൽ’ എന്നു (ഹേത്വ

ർത്ഥത്തിൽ) പ്രയോജിക വരുന്നപോലെതന്നെ. ‘എന്നാൽ ഈ വാക്കു ചൊല്ലപ്പെട്ടു’ (= ഞാൻ നിമിത്തം ഈ വാക്കു ചൊല്ലലിൽ പെട്ടു= പതിച്ചു) എന്നു സകർമ്മകവാക്യത്തിലും വരുന്നു

എന്നു സ്പഷ്ടമായിരിക്കുന്നു. -----കേരളപാണിനീയം


ഗ്രഹണം

പണ്ടു് രാഹു എന്നു് ഒരു അസുരനുണ്ടായിരുന്നു എന്നും, പാലാഴിമഥനകാലത്തിൽ അവൻ ദേവന്മാരുടെ പംക്തിയിൽ കടന്നിരുന്നു വ്യാജമായി അമൃതു പാനം ചെയ്തപ്പോൾ ഇരുപുറവുമിരുന്ന

സൂര്യചന്ദ്രന്മാരുടെ പ്രേരണയാൽ മഹാവിഷ്ണു അവന്റെ ശിരച്ഛേദം ചെയ്തു എന്നും അമൃതമഹിമാവിനാൽ അവന്റെ രണ്ടു ദേഹഖണ്ഡങ്ങളും അജരാനരതയെ പ്രാപിച്ചു എന്നും അവൻ

വൈരിനിര്യാതനത്തിനായി സൂര്യചന്ദ്രന്മാരെ അപ്പൊഴപ്പോൾ ആക്രമിക്കുന്നതാണെന്നും പുരാണകഥകളിൽ നാം കേട്ടിട്ടുണ്ടു്. ഇതിനെ അവലംബിച്ചു് അതിശയോക്തിപ്രിയന്മാരായ കവികൾ

രാഹു ചന്ദ്രനെ വിഴുങ്ങുന്നു എന്നും, ഛിന്നമായ കണ്ഠനാളത്തിന്റെ ദ്വാരത്തിൽക്കൂടി ചന്ദ്രൻ നിർഗ്ഗമിച്ചുകളയുന്നു എന്നും മറ്റും ചമൽക്കാരമായി വർണ്ണിക്കുന്നു. ചില പാമരന്മാർ ഈ കല്പനകളെ

യഥാർത്ഥമെന്നു വിശ്വസിച്ചുവരുന്നുണ്ടു്. ഗ്രാമങ്ങളിൽ എന്നുവേണ്ട പട്ടണങ്ങളിൽ‌പ്പോലും ഗ്രഹണസമയങ്ങളിൽ മടലടിശബ്ദം നാം കേൾക്കാറുണ്ടല്ലോ. ഇങ്ങനെ ചെയ്യുന്നതു്

സൂര്യഭഗവാനേയോ ചന്ദ്രഭഗവാനേയോ രാഹുമഹാസുരന്റെ പിടിയിൽ നിന്നും വിടുവിക്കുന്നതിനാണത്രേ.

എന്നാൽ ഇതെല്ലാം കേവലം അന്ധവിശ്വാസത്തിന്റെ വിലാസമാകുന്നു എന്നുള്ളതു് ഹിന്ദുക്കളുടെ ഗോളശാസ്ത്രത്തിൽ സ്വല്പമെങ്കിലും പ്രവേശം ലഭിച്ചിട്ടുള്ളവർക്കു ലേശം സംശയമില്ലാത്ത

ഒരു സംഗതിയാകുന്നു. ഗ്രഹണത്തിനു രാഹുകേതുക്കളുടെ സംബന്ധം അത്യാവശ്യകം തന്നെ. എന്നാൽ ഇവരെ അസുരന്മാരാക്കിയിട്ടു് ജൌതിഷിക്കു് ഒരു കാര്യവുമില്ല. തമോഗ്രഹങ്ങളെന്നാണു്

ഇവയ്ക്കു ജ്യോതിശ്ശാസ്ത്രത്തിലെ വ്യപദേശം. സൂര്യാദികളായ മറ്റു ഗ്രഹങ്ങൾക്കെന്നപോലെ ഇവർക്കു വാസ്തവമായ ഒരു ബിംബമില്ല. സൂര്യചന്ദ്രന്മാർ സഞ്ചരിക്കുന്ന വൃത്തങ്ങൾ തങ്ങളിൽ

യോജിക്കുന്ന സമ്പാതസ്ഥലങ്ങൾക്കാണു് ഈ പേരുകൾ. സമ്പാതരൂപങ്ങളാകയാൽ രാഹുകേതുക്കളെ പാതഗ്രഹങ്ങളെന്നും പറയാറുണ്ടു്. കക്ഷ്യാവൃത്തങ്ങൾ ആകാശഗോളത്തിന്റെ

പൃഷ്ഠഭാഗത്തിൽ അന്യോന്യം അഞ്ചുഭാഗങ്ങൾ പരമാന്ത്രം വരുന്നമട്ടിൽ പിണഞ്ഞുകിടക്കുന്നതുകൊണ്ടു് അവയുടെ സമ്പാതങ്ങൾ നേരേ അഭിമുഖമായിട്ടേ വരാൻ‌പാടുള്ളു. അതിനാലാണു് രാഹു

നിൽക്കുന്നതിന്റെ ഏഴാമെടം കേതുവായിരിക്കണമെന്നു നിയമമുള്ളതു്.

സൂര്യചന്ദ്രന്മാർ ഈ രാഹുകേതുക്കളിൽ ഒന്നിനോടു് അടുത്തുനിന്നാലേ ഗ്രഹണം വരൂ എന്നു് എളുപ്പത്തിൽ ബോധപ്പെടും. സൂര്യനെ മറയ്ക്കുന്നതു ചന്ദ്രനും ചന്ദ്രനെ മറയ്ക്കുന്നതു ഭൂച്ഛായയും

ആകുന്നു. രണ്ടു ഗ്രഹങ്ങളും അവരവരുടെ മാർഗ്ഗത്തിൽക്കൂടി ആകാശത്തിൽ സഞ്ചരിക്കുമ്പോൾ ഒന്നുകൊണ്ടു മറ്റേതു മറയണമെങ്കിൽ അവ രണ്ടും ഭൂമിയിൽനിന്നും ഒരേ രേഖയിൽ

ആയിരിക്കേണ്ടാത്തൂ് ആവശ്യമാണല്ലോ. അതിലേക്കു കിഴക്കുപടിഞ്ഞാറും തെക്കുവടക്കുമുള്ള അന്തരങ്ങൾ ഇല്ലാതെ വരണം. ഇതിൽ കറുത്തവാവുതോറും പൂർവ്വാപരാന്തം നശിക്കാറുമുണ്ടു്.

അമാവാസ്യാവസാനത്തിൽ സൂര്യൻ പത്തുനാഴികയുദിച്ചു പുലർന്നു നിൽക്കുകയാണെങ്കിൽ ചന്ദ്രനും അത്രതന്നെ ഉയർന്നു നിൽക്കും. എന്നാൽ കക്ഷ്യകൾക്കു തമ്മിൽ അഞ്ചു ഭാഗങ്ങളോളം

(പ്രാവണ്യം) ചരിവുള്ളതിനാൽ ഗ്രഹങ്ങൾക്കു് ആ തുകയിൽ കവിയാത്തതായ ഒരു ദക്ഷിണോത്തരാന്തരം ഇരിക്കതന്നെ ചെയ്യും. വൃത്തസമ്പാതങ്ങളിൽ രണ്ടിലൊന്നിൽ ഗ്രഹണം നിന്നാൽ

മാത്രമേ ഈ അന്തരം നിശ്ശേഷം നശിക്കയുള്ളു. അതിനാൽ രാഹുകേതുക്കളോടടുത്തു് സൂര്യൻ നിൽക്കുമ്പോൾ വരുന്ന കറുത്തവാവുനാൾ സൂര്യഗ്രഹണമുണ്ടാകാനിടയുണ്ടെന്നു സ്പഷ്ടമാകുന്നു.

ഇങ്ങനെ സൂര്യചന്ദ്രന്മാർ ഭൂമിയിൽനിന്നു മുകളിലേക്കു് ഒരേ രേഖയിലായി നിൽക്കുമ്പോൾ താഴെ നിൽക്കുന്ന ചന്ദ്രന്റെ നിഷ്പ്രകാശമായ ബിംബത്താൽ ഉപരിസ്ഥിതമായ സൂര്യബിംബം

മറച്ചുപോകുന്നു. ചന്ദ്രബിംബം സൂര്യന്റേതിനെക്കാൾ തുലോം ചെറുതും താഴ്ന്നതുമാകയാൽ ചന്ദ്രകൃതമായ സൂര്യാച്ഛാദനം ദേശഭേദം കൊണ്ടും ഭൂസ്ഥന്മാരിൽ ചിലർക്കു ദൃശ്യവും ചിലർക്കു്

അദൃശ്യവുമായിത്തീരുന്നു. മേഘാവരണത്താൽ ഒരു സ്ഥലത്തു സൂര്യൻ അദൃശ്യനായിരിക്കുമ്പോൾത്തന്നെ മറ്റൊരു സ്ഥലത്തു ദൃശ്യനായിരിക്കുന്നതുപോലെയാണു് ഒരു ദിക്കിൽ ചന്ദ്രനാൽ

തിരോഹിതനായ സൂര്യൻ മറ്റൊരു ദിക്കിൽ ഗ്രഹണം കൂടാതെ പൂർണ്ണമണ്ഡലനായി പ്രകാശിക്കുന്നതു്.

വെളുത്തവാവുന്നാൾ സൂര്യൻ അസ്തമിക്കുമ്പോൾ ചന്ദ്രൻ ഉദിക്കുന്നതിനാൽ അന്നു് ആ രണ്ടു ഗ്രഹങ്ങളും നേർക്കുനേർ എതിരായി നിൽക്കുന്നു എന്നും ഭൂമിയുടെ സ്ഥിതി അവരുടെ മദ്ധ്യേ

ആണെന്നും സ്പഷ്ടമാണല്ലോ. അതുകൊണ്ടു സൂര്യകൃതമായ ഭൂച്ഛായ ചന്ദ്രൻ രാഹുകേതുക്കളോടു് അടുത്തിരിക്കുന്ന പക്ഷം പൌർണ്ണമാസിയുടെ അവസാനത്തിൽ ഉഭയവിധമായ

അന്തരത്തിന്റെ നാശത്താൽ ആ ചന്ദ്രന്റെ ബിംബത്തിൽ പതിക്കുന്നു.

ഗ്രഹണങ്ങളുടെ ഉത്ഭവം ഈവിധമാണെന്നുള്ളതിലേക്കു നമുക്കു പല ലക്ഷ്യങ്ങളുമുണ്ടു്. സൂര്യഗ്രഹണത്തിൽ ചന്ദ്രബിംബത്താൽ മറയ്ക്കപ്പെട്ട സൂര്യബിംബം തീരെ

നിഷ്പ്രഭമായിരിക്കുന്നതുപോലെതന്നെ ചന്ദ്രഗ്രഹണത്തിൽ ഭൂച്ഛായയാൽ മറയ്ക്കപ്പെടുന്ന ചന്ദ്രബിംബം നിഷ്പ്രകാശമായിട്ടു് ഒരു ചെമ്പുതകിടു പതിച്ചതുപോലെ ആകാശത്തിൽ

കാണപ്പെടുന്നുണ്ടു്. ഛാദകനായ ചന്ദ്രന്റെ അതിദൂരമുള്ള അധഃസ്ഥിതിയാലും ബിംബകാർശ്യത്താലും സൂര്യഗ്രഹണം അപൂർവ്വമേ ഒരു ദേശത്തിൽ സംഭവിക്കുന്നുള്ളു. രാഹുകേതുയോഗവും പൂ

ർവ്വാന്തവും ഗ്രഹണങ്ങൾക്കു് അപരിഹാര്യമായിരിക്കുന്നു. ---------മലയാളം നാലാം‌പാഠം


വാമനപണ്ഡിതന്റെ കാലം


ഏഴാം നൂറ്റാണ്ടിന്റെ ഒടുവിൽ കന്യാകുബ്ജരാജ്യം വാണിരുന്ന യശോവർമ്മരാജാവിന്റെ സദസ്യൻ എന്നു വിശ്വസിക്കപ്പെട്ടുവരുന്ന ഭവഭൂതിയുടെ ഉത്തരരാമചരിതം മുതലായ കൃതികളിൽനിന്നും

ചില ശ്ലോകങ്ങളെ വാമനപണ്ഡിതൻ സ്വകൃതമായ കാവ്യാലങ്കാരസൂത്രത്തിൽ ഉദാഹരിച്ചതായി കാണുന്നുണ്ടു്. ഒൻപതാംനൂറ്റാണ്ടിന്റെ അവസാനം കാശ്മീരരാജ്യം പരിപാലിച്ചിരുന്ന

അവന്തിവർമ്മരാജാവിന്റെ സമകാലീനനെന്നു് രാജത്രംഗിണിമൂലം വിചാരിക്കപ്പെട്ടുവരുന്ന ആനന്ദവർദ്ധനാചാര്യരുടെ ധ്വന്യാലോകം എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ തൽക്കർത്താവായ

അഭിനവഗുപ്താചാര്യൻ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “വാമനാഭിപ്ര്യേണായമാക്ഷേപഃ ഭാമഹാഭിപ്രായേണ തു സമാസോക്തി ഇത്യമുമാശയം...”എന്ന വാചകത്തിലെ ആദ്യഭാഗംകൊണ്ടു്

ആനന്ദവർദ്ധനാചാര്യരേക്കാൾ മുമ്പാണു് വാമനപണ്ഡിതൻ ജീവിച്ചിരുന്നതെന്നു സൂചിക്കുന്നുണ്ടു്. അതുകൊണ്ടു് ഏഴാംനൂറ്റാണ്ടിന്റെ ശേഷമായിട്ടും ഒൻപതാംനൂറ്റാണ്ടിന്റെ മുമ്പായിട്ടും

എന്നുവെച്ചാൽ ഏകദേശം എട്ടാം നൂറ്റാണ്ടിൽ അദ്ദേഹം ജീവിച്ചിരുന്നതായി വിചാരിക്കണം.


“മനോരഥഃ ശംഖദത്തഃ

വാമനാദ്യശ്ച മന്ത്രിണഃ”


എന്നു രാജതരംഗിണിയിൽ പറഞ്ഞ പദ്യംകൊണ്ടു് എട്ടാം നൂറ്റാണ്ടിൽ കാശ്മീരരാജാവായിരുന്ന ജയാപീഡന്റെ മന്ത്രിയായിട്ടു് വാമനൻ എന്നൊരാളുണ്ടായിരുന്നു എന്നു തെളിയുന്നുണ്ടു്.

കാലസ്ഥിതി നോക്കുമ്പോൾ നമ്മുടെ വാമനപണ്ഡിതൻ‌തന്നെ ആയിരിക്കാം അദ്ദേഹം എന്നു് ഊഹിക്കുന്നതിൽ വളരെ അബദ്ധമുണ്ടെന്നു തോന്നുന്നില്ല. ----കവികലാപം


അഭ്യാസം


1. ഉപപാദിക്ക:

(1) നായർസമുദായത്തിനു കെട്ടുകല്യാണമാവശ്യമില്ല.

(2) മക്കത്തായികൾക്കു വിധവാവിവാഹമാവശ്യമാകുന്നു.

(3) ബാലന്മാരെപ്പോലെ ബാലികമാരും വിദ്യാഭാസം ചെയ്യണം.

(4) ഇന്ത്യയുടെ അധോഗതിക്കു കാരണം ജാതിവിഭാഗമാകുന്നു.


2. വിചാരണ ചെയ്തു സ്വമതം സ്ഥാപിക്ക:


(1) കൈത്തൊഴിലോ കലാവിദ്യയോ നല്ലതു്?

(2) സർക്കാരുദ്യോഗമോ കച്ചവടമോ സ്വീകാര്യതരം?

3) ഗദ്യം കൊണ്ടോ പദ്യം കൊണ്ടോ അധികം ഉപയോഗം?

(4) സംസ്കൃതവിദ്യാഭ്യാസമോ ഇംഗ്ലീഷ് വിദ്യാഭ്യാസമോ വേണ്ടതു്?


3. യുക്തികൊണ്ടു സമർത്ഥിക്ക:

(1) പൂർവ്വകാലത്തെക്കാൾ ജ്ഞാനാഭിവൃദ്ധി ഇക്കാലത്താകുന്നു.

(2) ബാല്യവിവാഹം സമുദായത്തിനു് ദോഷകരമാകുന്നു.

(3) സ്ത്രീകൾക്കു രാജ്യകാര്യങ്ങളിൽ പ്രവേശം ആവശ്യകമല്ല.

(4) വിരുന്നുണ്ടിടത്തു് ഇരന്നുണ്ണരുതു്.


4. സാധകബാധകങ്ങൾ കാണിച്ചു തീർച്ച ചെയ്ക:

(1) ഭാഷാശ്ലോകത്തിനു് ദ്വിതീയാക്ഷരപ്രാസം അപരിഹാര്യമാണോ?

(2) മരുമക്കത്തായവിവാഹം രജിസ്റ്റർ ചെയ്യണമോ?

(3) നാട്ടുകാർ യൂറോപ്യരുടെ വേഷം അനുകരിക്കണമോ?

(4) നാട്ടുരാജ്യങ്ങളിലെ സർക്കാരെഴുത്തുകൾ നാട്ടുഭാഷകളിൽത്തന്നെ വേണമോ?

"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/ഉപപാദനം&oldid=53716" എന്ന താളിൽനിന്ന് ശേഖരിച്ചത്