സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
ഔചിത്യം


ഔചിത്യം എന്നതു സാഹിത്യത്തിൽ സർവ്വത്ര ദീക്ഷിക്കേണ്ടതാകുന്നു. ഗുണം, ദോഷം എന്ന വിവേചനത്തിന്റെതന്നെ അടിസ്ഥാനം ഔചിത്യമാണു്. സ്ഥാനത്തിലും അവസരത്തിലും പ്രയോഗിച്ചാൽ ദോഷം പോലും ഗുണമാകും; അസ്ഥാനത്തിലും അനവസരത്തിലും പ്രയോഗിച്ചാൽ ഗുണവും ദോഷമായിപ്പോകും. ഔചിത്യം സാഹിത്യവിദ്യയുടെ ജീവനാഡിയാകുന്നു. പ്രസ്താവിച്ചതു് ഒടുവിലായാലും ഔചിത്യം എന്നതു് എല്ലാത്തിലും ആദ്യമായി ആലോചിക്കേണ്ടുന്ന ഒരെണ്ണമാകുന്നു. ഉചിതം നോക്കി പ്രവർത്തിച്ചാലേ കാര്യസിദ്ധിയുണ്ടാകയുള്ളു എന്നതു് അനുഭവസിദ്ധമാകയാൽ ഈ പ്രകൃതത്തെ ഇതിലധികം വിസ്തരിച്ചിട്ടാവശ്യമില്ല.

സ്ഥലം, കാലം, അവസ്ഥ, അവസരം, വക്താവു്, ശ്രോതാവു്, കഥാപുരുഷർ, അവരുടെ വയസ്സു്, സാമുദായികസ്ഥിതി, പിതൃപുത്രാദി സംബന്ധം മുതലായ സകല എണ്ണങ്ങളിലും ഔചിത്യം വേണം. ഇതുകളിൽ സ്ഥലകാലാദികളായ ചില എണ്ണങ്ങളെപ്പറ്റി പൂർവ്വഭാഗത്തിൽ വർണ്ണനയുടെ പ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഗ്രാമ്യപദങ്ങളും മറ്റും നീചപാത്രങ്ങളുടെ വാക്കായിട്ടു പ്രയോഗിക്കുന്നതു ഗുണമാകും എന്നു പദവിചാരണയിലും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഇതുപോലെ ശേഷമുള്ളതിലും ഊഹിച്ചുകൊള്ളുക. സർവ്വവ്യാപിയായ ഔചിത്യത്തിനു വിഷയമിത്ര എന്നു ക്ലിപ്തപ്പെടുത്തുന്നതു് അസാദ്ധ്യമാകയാൽ ഓരോ അംശത്തേയും പ്രത്യേകിച്ചെടുത്തു വിചാരണചെയ്‌വാൻ വിചാരിക്കുന്നില്ല. ഒന്നോ രണ്ടോ ഉദാഹരണം മാത്രം കാണിക്കാം. ലങ്കാദഹനം കഴിച്ചുമടങ്ങിയ ഹനുമാൻ തന്റെ വരവു കാത്തുനിൽക്കുന്ന വാനരന്മാരോടും ശ്രീരാമനോടും സ്വവൃത്താന്തം പറയുന്നതു് ‘കപിനിവഹവീരരേ! കണ്ടിതു സീതയെ!‘ എന്നും ‘കനിവിഒടു കണ്ടേനഹം ദേവിയെ’ എന്നുമാണു്. രണ്ടിടത്തു ‘കണ്ടേൻ’ എന്ന പദം ക്രമം തെറ്റിച്ചു് ആദ്യം പ്രയോഗിച്ചതു് എത്രയോ ഉചിതമായി!. സീതയെ കണ്ടോ ഇല്ലയോ എന്നാണു ശ്രോതാവിനു് അറിവാൻ പരിഭ്രമം; വിവരങ്ങളെല്ലാം സാവധാനത്തിൽ അറിയേണ്ടതേയുള്ളു. ഇതുപോലെ ശാകുന്തളത്തിൽ ഒളിച്ചുനിന്നു വിസ്രംഭസല്ലാപം കേട്ടുകൊണ്ടിരുന്ന രാജാവു് ദുഷ്ടഭ്രമരബാധയിൽനിന്നു ശകുന്തളയെ രക്ഷിപ്പാൻ പ്രത്യക്ഷനാകുമ്പോൾ ചോദിക്കുന്നതു്:

ആരിവൻ ഖലരെ നിഗ്രഹിക്കുമപ്പൌരവൻ

നൃപതി നാടു വാഴവേ

ഭീരുവാമൊരു തപസ്വികന്യയിൽ സ്വൈരവൃത്തി

തുടരുന്നു ധൃഷ്ടനായ്


എന്നാണു്. ഇവിടെ ദൂരാന്വയം സഹിച്ചു് ‘ആരിവൻ’ എന്ന ചോദ്യം കൊണ്ടു വാക്യം ആരംഭിച്ചതിന്റെ ഔചിത്യം നോക്കുക. ഇതിന്നു വിപരീതമായിട്ടു മാലതീമാധവത്തിൽ കടുവാ വരുന്നു എന്നു വിളിച്ചുപറയുന്ന വാക്യം വളരെ അനുചിതമായിപ്പോയി. ആ വാക്യം വളരെ നീണ്ടുപോയതിനുപുറമേ അതിൽ വർണ്ണനയെല്ലാം കഴിഞ്ഞു് ഒടുവിലാണു് സംഗതി പറയുന്നതു്. കടുവായുടെ വിശേഷണമെല്ലാം വിസ്തരിച്ചുകഴിയും മുമ്പേ ആ ദുഷ്ടജന്തു ഓടിയെത്തി കഴുത്തിൽ പിടികൂടിക്കഴിയും. ഈവിധം ഔചിത്യഭംഗത്തിനു് ഇടം കൊടുക്കാതെ സൂക്ഷിക്കണം.

ഉപസംഹാരം

കൃതിപ്രണയനം എന്ന ഈ ഉത്തരഭാഗത്തിൽ അടങ്ങിയ വിവരമെല്ലാം ഒരു വാക്യം കൊണ്ടു സംഗ്രഹിക്കാം; പദം, വാക്യം, സന്ദർഭം ഇതുകൾക്കു് ശുദ്ധിക്കുറവു വരാതെ, ഔചിത്യം സർവ്വത്ര ദീക്ഷിച്ചുംകൊണ്ടു്, അറിയാവുന്ന സംഗതി, അതിശയോക്തിയും അത്യുക്തിയും കൂടാതെ പ്രസ്താവിച്ചു കൊള്ളുക.

‘പെടുക’യ്ക്കും മറ്റും ഉദാഹരണം:

പവിഴം

പവിഴം ഇന്നതാണെന്നു് ചെറിയ കുട്ടികൾക്കു കൂടി അറിയാമെന്നിരുന്നാലും അതിന്റെ ഗുണോല്പത്തിവിഷയത്തിൽ വലിയ ആളുകൾ കൂടി മൂഢാഭിപ്രായന്മാരായി കാണപ്പെടുന്നു. ആ സ്ഥിതിക്കു് അതിനെപ്പറ്റി സ്വല്പമായി വിവരിക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ. ഇതു പ്രത്യേകശക്തിയുള്ള ഒരുവക ചെടിയാണെന്നും ഇതിനെയാണു് വെട്ടിയെടുത്തു കൊണ്ടുവരപ്പെടുന്നതു് എന്നും മറ്റും അനേകവിധത്തിൽ ജനങ്ങൾ വിശ്വസിച്ചുവന്നിരുന്നു. യൂറോപ്പുദേശക്കാരും സുമാർ നൂറു വർഷത്തിനുമുമ്പു് പവിഴം എന്നതു് ഒരു ചെറിയ ചെടിയാണെന്നും അതു് സമുദ്രത്തിനടിയിൽ മുളച്ചുവരുന്നു എന്നും നിർണ്ണയിച്ചിരുന്നു. ഇക്കാലത്തു ശാസ്ത്രസംബന്ധമായ അന്വേഷണത്താൽ ലോകത്തിലുള്ള വസ്തുക്കളുടെ വാസ്തവസ്ഥിതി, അതിന്റെ ഗുണം മുതലായതുകൾ ഗ്രഹിപ്പാൻ തക്ക സൌകര്യം ലഭിച്ചിരിക്കുന്നതിനാൽ എല്ലാവരും ഈ വസ്തുവിന്റെ വാസ്തവമായ സ്ഥിതിയെ ഗ്രഹിക്കേണ്ടതു് ആവശ്യമാകുന്നു. ഇതു് ഒരുമാതിരി സമുദ്രജന്തുക്കളിൽനിന്നും ഉത്ഭവിക്കുന്നതാകുന്നു. ഈ ജന്തുക്കൾ സമുദ്രത്തിൽ അധികം തണുപ്പില്ലാത്തതായ പ്രദേശങ്ങളിൽ 60 അടി മുതൽ 180 അടിയിൽ അധികപ്പെടാത്തതായ ആഴത്തിൽ സ്ഥിതിചെയ്യുന്നു. ആയതിനാൽ സാധാരണമായി പവിഴങ്ങൾ ഇതിൽ കൂടുതൽ ആഴമായ സ്ഥലങ്ങളിലുണ്ടാകുന്നതല്ല. ചേറു്, മണ്ണു് മുതലായ വസ്തുക്കൾ ഇതിന്റെ വളർച്ചയ്ക്കു വിപരീതമാകയാൽ സമുദ്രത്തിനടിയിൽ പാറകളുള്ള സ്ഥലങ്ങളിൽ ഈ ജന്തുക്കൾ താമസിച്ചു് അഭിവൃദ്ധിപ്പെടുകയും അതുകളുടെ ദേഹത്തിൽനിന്നും ഉത്ഭവിക്കുന്നതായ ഒരുവിധം കട്ടിയായ വസ്തുവിനെക്കൊണ്ടു പവിഴപ്പാറകളെ ഉണ്ടാക്കുകയും ചെയ്യുന്നു. വ്യാപാരത്തിനായി കൊണ്ടുവരുന്നതായ പവിഴങ്ങൾ ഈ പാറകളിൽനിന്നും ചെടികളെപ്പോലെ മുളച്ചു മേല്പോട്ടുയർന്നുനിൽക്കുന്നതായ പവിഴപ്പാറകളാണു്. ഇതിനെ വെട്ടിയെടുക്കുന്നതിനുമുമ്പായി ഒരുമാതിരി പായലുകളെക്കൊണ്ടു മൂടപ്പെട്ടു വഴുവഴുപ്പോടും മിനുമിനുപ്പോടും കൂടിയിരിക്കും. ഇങ്ങനെയുള്ള പവിഴപ്പാറകളുടെ ശാഖാഗ്രത്തിൽ ഒരുമാതിരി മുട്ടകൾ കാണപ്പെടുന്നു. ഈ മുട്ടകളുടെ അകത്തു് ഓരോ പവിഴപ്രാണികൾ വീതം കാണപ്പെടുന്നതാണു്. ഈ മനോഹരമായ ചെറിയ ജന്തുക്കളെയാണത്രെ പവിഴപുഷ്പമെന്നു പറഞ്ഞുവരുന്നതു്. പവിഴങ്ങളുടെ വർണ്ണം ശുദ്ധവെള്ള, കോവൽ‌പ്പഴത്തിനോടു് സാദൃശ്യമുള്ള ചുവപ്പു മുതലായ അനേകതരങ്ങളാണു്. അതുകളുടെ വില നിറത്തേയും വലിപ്പത്തേയും ആശ്രയിച്ചിരിക്കും. റോസ് വർണമുള്ള പവിഴത്തിനു മറ്റെല്ലാ പവിഴത്തേക്കാൾ വില അധികമായിരിക്കും. ശീതോഷ്ണം സമമായിരിക്കുന്ന സമുദ്രപ്രദേശങ്ങളിൽ മിക്കവാറും പവിഴങ്ങൾ ഉണ്ടെങ്കിലും വ്യാപാരത്തിനായി കൊണ്ടുവരപ്പെടുന്നതു് ഏറിയകൂറും യൂറോപ്പിലുള്ള മദ്ധ്യോത്തരക്കടലുകളിൽനിന്നും എടുക്കപ്പെടുന്നവയാണു്. പവിഴം എടുക്കുന്നതിനായി ഒരുവക യന്ത്രങ്ങളുണ്ടു്. ഈ യന്ത്രത്തിന്റെ നീളേയും കുറുക്കെയും രണ്ടു് ഇരുമ്പുതുണ്ടുകളെ വെച്ചുറപ്പിച്ചു് (ആയതു് ക്രിസ്തുദേവാലയങ്ങളിൽ കാണപ്പെടുന്ന കുരിശുപോലെയിരിക്കും) ഇതിന്റെ അഗ്രങ്ങളിൽ ഓരോ വലയും കെട്ടിത്താഴ്ത്തി ഈ യന്ത്രങ്ങളാൽ പവിഴപ്പാറകളെ പിടിച്ചു് ആ കഷണങ്ങളെ വലയിൽ വാരി എടുക്കുന്നു. മുത്തുകളെടുക്കുന്നതുപോലെ സമുദ്രത്തിൽ മുങ്ങിയും പവിഴങ്ങൾ എടുക്കപ്പെടുന്നുണ്ടു്. അനേക നൂറ്റാണ്ടുകൾക്കു മുമ്പായി പവിഴം ആഭരണത്തിനായും അലങ്കാരത്തിനായും ഉപയോഗപ്പെടുത്തപ്പെട്ടുവന്നു.

2000 വർഷത്തിനുമുമ്പു് ജീവിച്ചിരുന്നവരായ റോമർ ജാതിക്കാർ, ഇതിനെ രക്ഷയ്ക്കായി കുട്ടികളുടെ കഴുത്തിൽ കെട്ടുന്നതിനും അനേകം ഔഷധങ്ങൾക്കുമായി ഉപയോഗിച്ചുവന്നിരുന്നു. ഇപ്പോഴും ഇറ്റലിദേശക്കാർ കൺദോഷത്തിനും സ്ത്രീകൾക്കു സന്താനപ്രാപ്തിക്കായും ഇതിനെ മാലകളായും കഴുത്തിൽ കെട്ടിവരുന്നു. നമ്മുടെ ദേശത്തുള്ള ചില സ്ത്രീകൾ ഇതിനെ ആഭരണമായി ഉപയോഗപ്പെടുത്തുന്നതായും കാണുന്നുണ്ടു്. വർഷം തോറും രണ്ടു കോടി രൂപയ്ക്കുമേൽ പവിഴവ്യാപാരം നടക്കുന്നതായി കാണുന്നു. ഏറ്റവും നല്ലതായ ഓരോ പവിഴത്തിനു് 100 രൂപാ മുതൽ 300 രൂപാ വരെ വിലയുണ്ടായിരിക്കും.

"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/ഔചിത്യം&oldid=53721" എന്ന താളിൽനിന്ന് ശേഖരിച്ചത്