കൃതിപ്രണയനം

ഏതെല്ലാം വിധത്തിൽ കൃതികളുണ്ടാകാം എന്നാണിതുവരെ നിരൂപണം ചെയ്തതു്; ഇനി വിധമേതായാലും കൃതികളുണ്ടാക്കേണ്ടതെങ്ങനെ എന്നു വിചാരണ ചെയ്യാം. 1. പദങ്ങൾ ചേർന്നു വാക്യവും, 2. വാക്യങ്ങൾ ചേർന്നു വകുപ്പു്* അല്ലെങ്കിൽ ഖണ്ഡികയും, 3. വകുപ്പുകൾ ചേർന്നു് അദ്ധ്യായ(സർഗ്ഗ - അങ്ക)വും, 4. അദ്ധ്യായങ്ങൾ ചേർന്നു കാണ്ഡവും(ഭാഗം0, 5. കാണ്ഡങ്ങൾ ചേർന്നു ഗ്രന്ഥവും ഉണ്ടാകുന്നു. ഇതുകളിൽ ഒറ്റപ്പദം ഒരു സംഗതിയേയും ബോധിപ്പിക്കാൻ മതിയാകാത്തതിനാൽ ഒരു കൃതിയാവുകയില്ല; ശേഷമെല്ലാം കൃതികളാകാം. ഒരു കുറിമാനത്തിനു് ഒറ്റ വാക്യം മതിയാകും. ഒറ്റ വകുപ്പിൽ ഒരു വർത്തമാനക്കത്തെഴുതാം. ഏതാനും ഖണ്ഡികകൾ മാത്രം ചേർന്നാലും ഒരു പ്രസംഗമാകും. കാവ്യനാടകാഖ്യായികാദികൾക്കു് അദ്ധ്യായ (സർഗ്ഗ - അങ്ക) വിഭാഗം കൂടി വേണം. രാമായണാദി മഹാഗ്രന്ഥങ്ങളിൽ അതിനുപരിയുള്ള കാണ്ഡ (പർവം - ഭാഗം) വിഭാഗവുമുണ്ടു്; ഇങ്ങനെ വാക്യം മുതൽ കാണ്ഡംവരെയുള്ള ഓരോ വിഭാഗംകൊണ്ടും കൃതികൾ ചമയ്ക്കാം; ചെറുതരം കൃതികളിൽ വിഭാഗങ്ങൾ കുറയും; വലിയതരം കൃതികളിൽ ഏറുമെന്നേയുള്ളു. എന്നാൽ സാധാരണ വ്യവഹാരങ്ങളിൽ ഒറ്റവാക്യമായ കുറിമാനവും ഒറ്റ ഖണ്ഡികയിലുള്ള കത്തുകൾ മുതലായതും കൃതികളുടെ കൂട്ടത്തിൽ ഗണിക്കപ്പെട്ടിട്ടില്ല. കൃതി എന്ന പദം അതിന്റെ വ്യാപകമായ അർത്ഥത്തിൽ എല്ലാത്തിനും ഉപയോഗിക്കാം എന്നേയുള്ളു.


  • [ വകുപ്പു് എന്ന പദത്തിനു് ശട്ടപുസ്തകങ്ങളിൽ സാങ്കേതികമായ അർത്ഥത്തോടുകൂടി പ്രയോഗം നടപ്പായിപ്പോയതിനാലാണു് ‘ഖണ്ഡിക’ എന്നു പുതിയ പേർ ഏർപ്പെടുത്തേണ്ടിവന്നതു്. പദം, വാക്യം, അദ്ധ്യായം, ഗ്രന്ഥം എന്നും മറ്റുമുള്ള വിഭാഗമെല്ലാം സംസ്കൃതമായിരിക്കേ മദ്ധ്യേ ഇതൊന്നുമാത്രം ശുദ്ധദ്രാവിഡമാക്കേണ്ട എന്നും ഒരു സംഗതിയുണ്ടു്. ഇംഗ്ലീഷിലെ 'Section ‘ എന്നതിനു ഭാഷയിൽ വകുപ്പു് എന്നും 'Paragraph' എന്നതിനു് ‘ഖണ്ഡിക’ എന്നും വേറെ വേറെ പേരുകൾ ഉപയോഗിക്കാമെന്നു് ഒരു സൌകര്യവും കിട്ടും. കീഴ്വകുപ്പു് എന്നതിനു് ഉപഖണ്ഡിക എന്നും പേർ പറയാം.]


പദങ്ങൾ ചേർത്തു വാക്യം ഉണ്ടാക്കുന്ന ക്രമങ്ങൾ വ്യാകരണത്തിന്റെ വിഷയമാകുന്നു. സാഹിത്യശാസ്ത്രകാരനു് അതിൽ പ്രവേശിക്കാൻ അവകാശമില്ല. എങ്കിലും രണ്ടു ശാസ്ത്രങ്ങളുടേയും ഉദ്ദേശ്യം വേറെ ആകയാൽ പദങ്ങളെപ്പറ്റി ചില സംഗതികൾ പ്രകൃതഗ്രന്ഥത്തിലും പ്രസ്താവിക്കേണ്ടതുണ്ടു്. മേൽക്കാണിച്ച യുക്തിപ്രകാരം ഖണ്ഡികമുതലുള്ള കൃതികളെല്ലാം ഇവിടെ പ്രസ്താവയോഗ്യങ്ങളാകുന്നു. എന്നാൽ ജാതിവിഭാഗത്തിൽ ചെയ്തതുപോലെ വർത്തമാനക്കത്തു്, പ്രസംഗം മുതലായ വിഭാഗങ്ങളെ പ്രത്യേകമെടുത്തു വിവരിക്കേണ്ടിയ ആവശ്യമില്ല. ഇവയ്ക്കുള്ള ഭേദം വലുപ്പഭേദം മാത്രമാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. പ്രസംഗം എഴുതുന്നതിനുള്ള വിധികൾ തന്നെയാണു് ഗ്രന്ഥമെഴുതാനും. അതിനാൽ ഏതെങ്കിലും ഒരുവിധം കൃതി ചമയ്ക്കാനുള്ള മാർഗ്ഗം ഉപദേശിച്ചാൽ ശേഷം ഉള്ളതിനും മാർഗ്ഗം ഉപദിഷ്ടമായി. ഇനി അങ്ങനെയൊരു നിദർശനമായിരിക്കത്തക്ക കൃതിവിഭാഗം ഏതെന്നാണു നോക്കേണ്ടതു്. അതിലേക്കു പ്രസംഗം എന്നതു് ഉചിതമായിരിക്കും. അതിന്റെ നില മുൻ‌കാണിച്ച വിഭാഗപരമ്പരയിൽ മദ്ധ്യസ്ഥാനത്തിലാണല്ലൊ. ഒരു വർത്തമാനക്കത്താണു് ചമയ്ക്കേണ്ടതെങ്കിൽ പ്രസംഗത്തിന്റെ തോതു ചുരുക്കിക്കൊള്ളുല. ഒരു ഗ്രന്ഥമാണെങ്കിൽ കൂട്ടിക്കൊള്ളുക. അതിനാൽ പ്രസംഗം എഴുതാനുള്ള മാർഗ്ഗങ്ങളെയാണിവിടെ പ്രധാനമായി വിവരിക്കുന്നതു്.

വിവരണത്തിൽ ചൊന്ന പദ്ധതിതന്നെ പൊതുവെ എല്ലാവക കൃതികൾ ചമയ്ക്കുന്നതിനും മതിയാകും. വിഷയവിശകലനം ചെയ്തു്, ആസൂത്രണം തയ്യാറാക്കി, സൂത്രവാക്യങ്ങളേർപ്പെടുത്തി, അവയിൽ ഓരോന്നും യഥായോഗ്യം വിസ്തരിക്കുക. ഇനി പ്രസ്താവിക്കാനുള്ളതു് പദം, വാക്യം, ഖണ്ഡികയെന്നു കൃതി കെട്ടിച്ചമയ്ക്കാനുള്ള മൂന്നു സാധനങ്ങളിൽ ഓരോന്നിനേയും സംബന്ധിച്ച ചില നിബന്ധനകളാകുന്നു.


'പദം - ശബ്ദശുദ്ധി'


മിതവും പരിവാഹിയും:


“മിതം ച സാരം ച വചോ ഹി വാഗ്മിതാ” എന്നു് ഒരു മഹാകവി പറഞ്ഞിരിക്കുന്നു. കാര്യമായി കുറച്ചു പറകയാണു് വാഗ്മിയുടെ ലക്ഷണം. അല്പയത്നംകൊണ്ടു സാധിക്കാവുന്നതിൽ മഹാപ്രയത്നം എന്തിനു്? ആവശ്യത്തിലധികം പദം പ്രയോഗിക്കുന്നതു് വക്താവിനു് ഘനക്ഷയവും ശ്രോതാവിനു് (വാചായിതാവിനു്) ഒരവജ്ഞയുമാകുന്നു. അതിനാൽ വാക്യങ്ങളിൽ ആവശ്യപ്പെട്ടതിലധികം പദങ്ങളുപയോഗിക്കരുതു്. നിഷ്പ്രയോജനമായി പദസംഖ്യ വർദ്ധിപ്പിക്കാത്ത വാക്യം മിതം; ഇതിനു വിപരീതം പരിവാഹി - മിതത്വം പ്രായേണ വാക്യത്തിനു് ഗുണവും, പരിവാഹിത്വം അല്ലെങ്കിൽ പരിവാഹം ദോഷവുമാകുന്നു.

() പ്നരുക്ത്യം, () വക്രത എന്നു` പരിവാഹം രണ്ടുവിധത്തിലുണ്ടു്. ചർവിതചർവണം പോലെ പറഞ്ഞതുതന്നെ പറക പൌനരുക്ത്യം; അതിൽ പര്യായപദങ്ങളെ ആവർത്തിക്കുന്നതു ശബ്ദപൌനരുക്ത്യം.

പ്രസിദ്ധനും കീർത്തിപ്പെട്ടവനുമായ സ്വാമിസമക്ഷം മുമ്പാകെ വിനയത്തോടും വണക്കത്തോടും കൂടി ബോധിപ്പിക്കുന്ന അപേക്ഷ ഹർജി.

ഇതിൽ മിക്ക പദങ്ങളും പുനരുക്തങ്ങളാകുന്നു. പ്രസിദ്ധൻ, കീർത്തികേട്ടവൻ എന്ന നാമവിശേഷണങ്ങൾ രണ്ടിനും അർത്ഥം ഒന്നുതന്നെ. അതുപോലെ വിനയത്തോടും, വണക്കത്തോടും; (2) സമക്ഷം, മുമ്പാകെ എന്ന രണ്ടുതരം ക്രിയാവിശേഷണങ്ങൾക്കും; അപേക്ഷ, ഹർജി എന്ന നാമങ്ങൾക്കും.

വേറെ ഉദാഹരണങ്ങൾ: (1) പഞ്ചപാണ്ഡവന്മാരച്ചുപേരും, (2) സപ്തർഷികൾ ഏഴുപേരും, (3) തിരിച്ചുമടങ്ങി, (4) പുനശ്ച വീണ്ടും അപേക്ഷിക്കുന്നു. (5) നാസികാചൂർണ്ണപ്പൊടി, (6) കറുത്ത കാർമേഘം.

() പറയാതെതന്നെ സിദ്ധിക്കുന്ന അർത്ഥത്തെ എടുത്തു പറയുന്നതു് അർത്ഥപൌനരുക്ത്യം; അവൻ മനസ്സുകൊണ്ടു വിചാരിച്ചു് ഒരു വാക്കു പറഞ്ഞു. മനസ്സുകൊണ്ടല്ലാതെ വിചാരിപ്പാനും വാക്കുകൊണ്ടല്ലാതെ പറയാനും കഴിയാത്തതിനാൽ ഈ പദം രണ്ടും പുനരുക്തം.

1. കണ്ണുകൊണ്ടു കണ്ടു. 2. വെള്ളം ദാഹിക്കുന്നു. 3. വയറു വിശക്കുന്നു.

ഇത്യാദികളെല്ലാം അർത്ഥപുനരുക്തത്തിനുദാഹരണം. ‘വാചം ബഭാഷേ’, ‘വാണീമഭാണീൽ’ , ‘വാചമുവാച’ ഇത്യാദി പുനരുക്തപ്രയോഗങ്ങൾ ആട്ടക്കഥകളിൽ മിക്ക ശ്ലോകങ്ങളിലും കാണും. പറയിപ്പിക്ക, കാണിപ്പിക്ക, നേത്രദ്വയങ്ങൾ ഇത്യാദി അതാതു രൂപപ്രകാരമുള്ള അർത്തത്തിന്റെ വിവക്ഷകൂടാതെ പറയിക്ക, കാണിക്ക, നേത്രദ്വയം ഇത്യാദ്യർത്ഥത്തിൽ പ്രയോഗിക്കുന്നതു രൂപപൌനരുക്ത്യം എന്നു മൂന്നാമതു് ഒരുവിധം പൌനരുക്ത്യംകൂടി പരിഗണിക്കാം; എന്നാൽ ഇതു വ്യാകരണപ്രകാരം തെറ്റാകയാൽ ‘ച്യുതസംസ്കാരം’* മറ്റൊരു ദോഷത്തിൽ അകപ്പെടും.

(ബി) വക്രത : ശിരോവേഷ്ടനപ്രാണായാമം പോലെ വളച്ചുകെട്ടിപ്പറയുന്നതു വക്രത. ഉദാഹരണം :

വക്രം

1. സൌന്ദര്യമുള്ളവൻ.

2. ഞാൻ പറഞ്ഞതായ കാര്യം

3. ചെയ്യാവുന്നതാകുന്നു.

4. ആഹാരം ഒരാണ്ടു 365 ദിവസവും ആവശ്യമുള്ളതാകുന്നു.

5. “ യോഗിമാർ സതതം പൊത്തും

തുഞ്ചത്തെത്തള്ളയാരഹോ

നാഴിയിൽ പാതിയാടീല

പലാകാശേന വാ ന വാ.”

അവക്രം

സുന്ദരൻ.

ഞാൻ പറഞ്ഞ കാര്യം.

ചെയ്യാം.

ആഹാരം നിത്യം ആവശ്യമുള്ളതാകുന്നു.

മൂക്കത്തെ അമ്മമാർ ഉരിയാടീല്ല,

ബഹുമാനം കൊണ്ടോ അല്ലയോ.

മിതത്വം ഗുണം, പരിവാഹം ദോഷം എന്നു പറഞ്ഞതു് സാർവ്വത്രികമായ ഒരു നിയമമല്ല; ചില സ്ഥലങ്ങളിൽ നേരേ മറിച്ചു തന്നെയും വരാം. ‘അതി സർവ്വത്ര വർജ്ജയേൽ’ എന്ന ഉപദേശപ്രകാരം മിതത്വം അധികപ്പെട്ടാൽ അതു വലിയ ദോഷമാകും. പാണിനീസൂത്രം, കുറൽ, ബേക്കൺന്റെ പ്രസംഗങ്ങൾ ഇത്യാദികളിൽ അക്ഷരച്ചുരുക്കം ദോഷത്തിന്റെ നിലയിൽ ആയിപ്പോയിട്ടുണ്ടു്. പദങ്ങളെ ചുരുക്കുന്നതിൽ ഏറെ ദൃഷ്ടിവെച്ചാൽ സ്ഫുടതയ്ക്കു കുറവുവരും എന്നൊരു ദോഷമുണ്ട്‌; അതിനാൽ അർത്ഥവ്യക്തിക്കു ഹാനിവരാതിരിക്കുന്നിടത്തോളമേ മിതത്വം ഗുണമാകയുള്ളു.

{*ച്യുതസംസ്കാരം എന്ന ദോഷം ഭാഷാഭൂഷണത്തിൽ എടുത്തിട്ടുണ്ടു്. ഇവിടെ എടുത്തിട്ടുള്ള ദോഷങ്ങളെല്ലാം ആ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളവയിൽ ഉൾപ്പെടുന്നതുതന്നെ. ഭാഷാഭൂഷണത്തിൽ പരിഗണിച്ചിട്ടുള്ള ദോഷങ്ങളിൽ ഗദ്യത്തെ അധികമായി ബാധിക്കുന്നവ മാത്രം ഇവിടെ എടുക്കുകയാണു ചെയ്തിട്ടുള്ളത്.}

പരിവാഹം ദോഷമാകാത്ത സ്ഥലങ്ങൾ:

1. (എ) ഒട്ടുമേ അർത്ഥഭേദമില്ലാതെ രണ്ടു പര്യായപദം കാണുന്നതു് അപൂർവ്വമാകുന്നു. മുൻ കാണിച്ച ഉദാഹരണത്തിൽത്തന്നെ ‘വിനയത്തോടും വണക്കത്തോടും’ എന്ന പുനരുക്തം വലിയ ദോഷമാകുന്നതല്ല. വിനയത്തിൽ ഉൾപ്പെടാത്ത ചില അംശങ്ങൾ വണക്കത്തിൽ ഉണ്ടെന്നുവരാം. ഇതുപോലെ ഒരുവനെപ്പറ്റി ‘ഇവൻ അടക്കവും ഒതുക്കവും ഉള്ള ആളാണു്’ എന്നു പറയാറുണ്ടു്. പ്രേമം, പ്രണയം, രാഗം എന്നു മൂന്നും സാധാരണയിൽ പര്യായങ്ങളായി ഗണിക്കപ്പെടാറുണ്ടെങ്കിലും ‘പ്രേമം പരം പ്രണയമീടുറ്റ രാഗം....’ (മാലതീമാധവം) ഇത്യാദി പ്രയോഗങ്ങളിൽ ഓരോന്നിനും അർത്ഥത്തിൽ ഈഷദീഷദ്വ്യത്യാസമുണ്ടു്.

(ബി) ‘ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണു്’ എന്നും മറ്റും പ്രയോഗിക്കുന്നതു് ഒരു സംഗതിയെ ബലപ്പെടുത്താൻ വേണ്ടിയാകയാൽ ദോഷമല്ലെന്നു മാത്രമല്ല, മറിച്ചു് ഗുണവുമുണ്ടായിരിക്കും. ‘മധുരമായ വാക്കു പറഞ്ഞു’ എന്നോ മറ്റോ വിശേഷണം ചേർക്കാനായി ഉപയോഗിക്കുന്നിടത്തും അർത്ഥപൌനരുക്തമില്ല; കഠിനമായ വിഷയത്തെ വിശദീകരിപ്പാൻ വേണ്ടി ചെയ്യുന്ന വിവരണങ്ങളിലും ഭംഗി മാറ്റിപ്പറയുന്നിടത്തും പൌനരുക്ത്യം ഗണിക്കേണ്ടതില്ല.

2. ഉപചാരം, ഔദ്ധത്യപരിഹാരം, ആത്മരക്ഷയ്ക്കുള്ള കരുതൽ, അലങ്കാരം മുതലായതിനുവേണ്ടി ചെയ്യുന്ന വളച്ചുകെട്ടു് അലങ്കാരമായിരിക്കും. “ഏതൊരു രാജർഷിവംശമാണു് ഭവാനാൽ അലങ്കരിക്കപ്പെടുന്നതു്? ഏതു ദേശമാണു് ഭവാന്റെ അസന്നിധാനത്തിൽ ഉൽക്കണ്ഠിതജനകമാക്കിച്ചെയ്യപ്പെട്ടിരിക്കുന്നതു്? എന്തു സംഗതിവശാലാണു് സുകുമാരനായിരിക്കുന്ന ഭവാൻ ആത്മാവിനെ തപോവനസഞ്ചാരപരിശ്രമത്തിനു പാത്രമാക്കിച്ചെയ്യുന്നതു്?”

ശാകുന്തളത്തിൽ അനസൂയ രാജാവിനോടു ചോദിക്കുന്നതാണിതു്. “അങ്ങേടെ കുലമേതു്? എവിടെനിന്നു വരുന്നു?എന്തിനായിട്ടു് ഇവിടങ്ങളിൽ സഞ്ചരിക്കുന്നു? “ എന്നു നേരെ ചോദിക്കാതെ ഇത്രയും വളച്ചുകെട്ടിയതു് രാജാവിന്റെ പേരിലുള്ള ഗൌരവാതിശയത്തെ പ്രകാശിപ്പിക്കാനായാൽ ഇതു് ഉപചാരം പ്രമാണിച്ചുള്ള വക്രതയ്ക്കുദാഹരണം. ഖണ്ഡനങ്ങളിൽ ‘ഈ സംഗതി തെറ്റാകുന്നു’ എന്നു പറയേണ്ടിടത്തു് ‘ഈ സംഗതിയിൽ കുറെ ആലോചിക്കേണ്ടതുണ്ടു്’ എന്നും മറ്റും സ്വരം താഴ്ത്തിപ്പറയുന്നതു് ഔദ്ധത്യപരിഹാരത്തിനുവേണ്ടിയുള്ള വക്രതയാകുന്നു. പ്രാചീനചരിത്രങ്ങളെ ലക്ഷ്യങ്ങൾകൊണ്ടു് ഊഹിക്കുക, ഭാവികാര്യങ്ങളെ ഉല്ലേഖിക്കുക മുതലായതിൽ യുക്തികൾക്കു് എത്രതന്നെ പ്രാബല്യമിരുന്നാലും സ്വാഭിപ്രായങ്ങളെ ഖണ്ഡിതമായി പറയാതെ ചാഞ്ഞും ചരിഞ്ഞും നിൽക്കേണ്ടതായി വരും; ഇവിടെയും വക്രത ദോഷമാകുന്നതല്ല. ചമൽക്കാരത്തിനുവേണ്ടി ചെയ്യുന്ന വളച്ചുകെട്ടു് പര്യായോക്തം എന്ന അലങ്കാരമാകുന്നു.

പ്രചാരലുപ്തം:

വളർന്നുവരുന്ന ഒരു വൃക്ഷത്തിൽ വെള്ളില കൊഴിഞ്ഞു തളിരുകൾ വരും പോലെ ജീവൽഭാഷകളിൽ ചില പദങ്ങൾ ആരുമുപയോഗിക്കാതെ ക്ഷയിക്കയും അതുകളുടെ സ്ഥാനത്തിൽ പുതിയ പദങ്ങളേർപ്പെടുകയും ഉണ്ടാകാറുണ്ടു്. എന്നാൽ വൃക്ഷത്തിലെ വെള്ളിലകൾ കൊഴിഞ്ഞുകഴിഞ്ഞാൽ അവയെ സൂക്ഷിക്കുന്നതിനു് ആരും ശ്രദ്ധിക്കായ്കയാൽ അവ നശിച്ചുപോകുന്നു. ഭാഷയിലെ പദങ്ങളാകട്ടെ, അതാതു കാലത്തുണ്ടായിരുന്ന ഗ്രന്ഥകാരന്മാരുടെ കൃതികളിലും നിഘണ്ടുക്കളിലും രക്ഷപ്പെട്ടു കിടക്കുന്നു. അതിനാൽ അവയ്ക്കു നിശ്ശേഷമായ വിനാശം വരുന്നില്ല; അവയ്ക്കു നടപ്പു് അല്ലെങ്കിൽ പ്രചാരം ലുപ്തമായി എന്നേയുള്ളു. ഇങ്ങനെയുള്ള പദങ്ങൾക്കാണു് ഇവിടെ പ്രചാരലുപ്തം എന്നു പേരിട്ടതു്. കൃഷ്ണഗാഥ, കണ്ണശ്ശരാമായണം മുതലായ പഴയ ഗ്രന്ഥങ്ങളിൽ ധാരാളമായി പ്രയോഗിച്ചിട്ടുള്ള പലേ പദങ്ങളും ആധുനിക മലയാളത്തിൽ നടപ്പില്ലാത്തവയായി ചമഞ്ഞിട്ടുണ്ടു്. അങ്ങനെയുള്ള പദങ്ങളിൽ ചിലതു താഴെ ചേർക്കുന്നു.

അക്കി = അഗ്നി.

ഒപ്പു് = തുല്യത.

പട്ടാങ്ങു് = സത്യം.

നണ്ണുക = വിചാരിക്കുക.

ആനായർ = ഗോപാലന്മാർ.

ഒണ്ണുതലാർ = സുന്ദരിമാർ.

കുറൾ = വാമനൻ.

എകിറു് = പല്ലു്, തേറ്റ.

ഇനിയ = മധുരമായ.

ഉറും = ഉള്ള.

ഗുണമുടെ = ഗുണമുള്ള.

ആകം = അകം.

വേന്തർ = രാജാക്കന്മാർ.

വെന്നി = ജയം.

അനത്തും = മുഴുവനും.

എന്നുവേണ്ട ആധുനികമലയാളത്തിന്റെ പിതൃസ്ഥാനം വഹിക്കുന്ന സാക്ഷാൽ എഴുത്തച്ഛന്റെ തന്നെ ചില പ്രയോഗങ്ങൾ പ്രചാരലുപ്തങ്ങളായിപ്പോയിട്ടുണ്ടു്. നിഷേധനാമാംഗം അല്ലെങ്കിൽ മറുപേരെച്ചം എന്നു വ്യാകരണത്തിൽ പറയുന്ന ‘വരാത്ത’ ‘പോകാത്ത’ , ‘ചെയ്തിട്ടില്ലാത്ത’ ഇത്യാദിരൂപങ്ങളെ എഴുത്തച്ഛൻ ‘വരാത ‘ ‘പോകാത’ ചെയ്തിട്ടില്ലാതെ’ ഇത്യാദിയായി തകാരത്തിനു് ദ്വിത്വം കൂടാതെയാണു പ്രയോഗിച്ചിട്ടുള്ളതു്.

പ്രചാരലുപ്തങ്ങളായ പദങ്ങളെ പദ്യങ്ങളിൽ അപൂർവ്വമായി കവികൾ പ്രയോഗിച്ചുകാണുമെങ്കിലും ഗദ്യങ്ങളിൽ അതുകളെ ഒരിക്കലും പ്രയോഗിച്ചുകൂടാ. നാണയങ്ങൾക്കുള്ളതുപോലെ ആണു് പദത്തിനും വില. നടപ്പുള്ളിടത്തോളം കാലം അതു് എവിടേയും ചെല്ലും; ഇല്ലാതായാൽ അലങ്കാരത്തിനേ കൊള്ളുകയുള്ളു. ഇതിനു പുറമേ പദ്യങ്ങളിൽ മാത്രം പ്രയോഗിക്കാറുള്ള ചില പദങ്ങളുണ്ടു്. ‘ചെഞ്ചെമ്മെ, പരിചൊടു...അളവിൽ, (അനുപ്രയോഗമായ) ഇടുക, ആർന്ന, ആളും, ഓർക്കിൽ, പാർത്താൽ, കേൾ, കേട്ടാലും, പൊയ്യല്ല’ ഇത്യാദി. ഇതുകളേയും ഗദ്യഗ്രന്ഥകാരന്മാർ ഉപയോഗിക്കരുതു്. ഇതുകൾക്കു വാക്യാലങ്കാരം എന്നു പേരിടാം.

ദേശ്യവും പരകീയവും:

വ്യാകരണത്തിൽ ശബ്ദങ്ങളെ ആഭ്യന്തരം എന്നും ബാഹ്യം എന്നും രണ്ടായി പിരിച്ചിട്ടു് ആഭ്യന്തരത്തിനു് സ്വന്തം, സാധാരണ, ദേശ്യം എന്നു മൂന്നും; ബാഹ്യത്തിനു് തത്ഭവം, തത്സമം എന്നു രണ്ടും ഉൾപ്പിരിവുകൾ പറഞ്ഞിട്ടുണ്ടു്.

ഉദാഹരണങ്ങൾ:

-പട്ടിക

സ്വന്തം :- വെള്ളം, അച്ഛൻ, പനി (ജ്വരം), മുണ്ടു് = (വസ്ത്രം) നീരു ശോഫം, തോട, ഓമന, തൊണ്ണ

സാധാരണം :- മഴ (തമിഴ് - കർണ്ണാടകം), മാടം (ത. - കർണ്ണാ. തുളു), വടി (ത. കർണ്ണാ.തുളു), വാണി (ത., കർണ്ണാ., തുളു.), അട്ട (ത., കർണ്ണാ., തുളു.) നൽ (തമിഴു - കർണ്ണാ.), നോവുക (തമിഴു,

കർണ്ണാ.), ഒരുങ്ങുക (ത., തെലുങ്കു), കവിടി (ത. - ക.- തുളു) കൊണ്ടൽ (തമിഴു), ഗഡു (ക. - തുളു- തെലു.), ചിപ്പി (തമിഴ് - തെ- ക.) നെല്ലു (തമി. -തുളു- ക)

ദേശ്യം -: അപ്പ - അപ്പു

-പട്ടിക

ഇവയിൽ ദേശ്യം എന്ന ഇനത്തിലുൾപ്പെട്ട പദങ്ങളെ കഴിയുന്നതും ഉപയോഗിക്കാതെ സൂക്ഷിക്കണം. ഗ്രന്ഥം ചമയ്ക്കുന്നതു് മലയാളികൾക്കു പൊതുവെ വായിക്കുന്നതിനാണല്ലോ. ഒരുദേശത്തുമാത്രം നടപ്പുള്ള പദങ്ങളെ ഉപയോഗിച്ചാൽ ശേഷമുള്ളവർക്കു് അതു രസിക്കയില്ല. എന്നാൽ ദേശ്യപദങ്ങളും മഹാകവിപ്രയോഗംകൊണ്ടു പ്രചാരം ലഭിച്ചു്, സർവ്വദേശസാധാരണങ്ങളായിത്തീരാറുണ്ടു്. ‘നാടാടെ’ എന്ന പദം വടക്കർ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്നതു് ഇയ്യിടെ തെക്കരുടെ ഇടയിലും നടപ്പായിട്ടുള്ളതായി കാണുന്നു. ദേശ്യമല്ലെന്നു സർവ്വസമ്മതം വരുന്നതുവരെ വിദ്യാർത്ഥികൾ പ്രസംഗമെഴുതുമ്പോൾ ആവക പദങ്ങളെ കഴിയുന്നിടത്തോളം പരിഹരിക്കണം. ഭാഷാന്തരശബ്ദങ്ങളെയാണു് ‘ബാഹ്യം’ എന്ന ഇനത്തിൽ ചേർത്തിരിക്കുന്നതു്. എല്ലാ വീട്ടുകാർക്കും അയൽക്കാർവശം പണം വാങ്ങേണ്ടുന്ന ആവശ്യം നേരിടുന്നതുപോലെ എല്ലാ ഭാഷകൾക്കും പരിചിതഭാഷാന്തരങ്ങളിൽനിന്നു പദങ്ങൾ സ്വീകരിക്കേണ്ടിവരും. ഇതര ഭാഷയിൽനിന്നു ശബ്ദമെടുത്തു് അതിനു സ്വഭാഷയിലെ വ്യാകരണശട്ടങ്ങളനുസരിച്ചു് ഉച്ചാരണത്തിലും രൂപത്തിലും മാറ്റങ്ങൾ ചെയ്തു് ദത്ത്പുത്രനെപ്പോലെ തറവാട്ടിൽ ചേർത്തിട്ടുള്ള പദങ്ങൾക്കാണു് ‘തത്ഭവം’ എന്നുപേർ. യാതൊരു ഭേദവും ചെയ്യാതെ യഥാസ്ഥിതരീതിയിൽത്തന്നെ നിത്യനായ ഒരു അതിഥിയെപ്പോലെ സ്വഭാഷയിൽ പെരുമാറുന്ന ഭാഷാന്തരപദമാണു് തത്സമം. ഇങ്ങനെ രണ്ടു വകയിലുള്ള ബാഹ്യപദങ്ങളും ഉപയോഗാർഹങ്ങളാകുന്നു.

ഇതു കൂടാതെ മോടിക്കും അന്തസ്സിനും പ്രൌഢിക്കും ഗാംഭീര്യത്തിനും മറ്റുംവേണ്ടി ചിലർ പ്രസിദ്ധിയുള്ള മലയാളപദങ്ങളെ ഉപേക്ഷിച്ചു്, അതുകളുടെ സ്ഥാനത്തു് സംസ്കൃതപദങ്ങളെ ഉപയോഗിക്കാരുണ്ടു്. ഈവക പദങ്ങൾക്കാണു് പരകീയം എന്ന പേർ ചെയ്തതു്. പരകീയപദങ്ങളെ ഉപയോഗിക്കുന്നതു വളരെ കരുതി വേണം. അന്യഭാഷകളിൽനിന്നും പദം സ്വീകരിക്കുന്നതു് അയൽക്കാരോടു കടം വാങ്ങുന്നതിനു തുല്യമാണെന്നു പറഞ്ഞുവല്ലോ. അതിനാൽ ഭാഷാന്തരപദങ്ങളെ ആവശ്യംകൂടാതെ ഉപയോഗിച്ചാൽ ആഡംബരത്തിനുവേണ്ടി കടം വാങ്ങിയാലുള്ളതുപോലെ കെടുതലുണ്ടു്. എന്നാൽ തക്കതായ ആവശ്യം പ്രമാണിച്ചു കടം വാങ്ങുന്നതിൽ യാതൊരാക്ഷേപവുമില്ല. അങ്ങനെയുള്ള അവസരങ്ങളിൽ പ്രധാനപ്പെട്ടവ താഴെ കാണിക്കുന്നു:

{എ} സാമാന്യനിർദ്ദേശം : മരം എന്നതു് ഒരു ജാതി. അതിൽ മാവു്, പിലാവു്, തേക്കു്, ആഞ്ഞിലി മുതലായ അവാന്തരജാതികൾ ഉൾപ്പെടുന്നു. ഓരോ അവാന്തരജാതിയിലും പ്രത്യേകം പ്രത്യേകമുള്ള മാവു മുതലായവയുണ്ടു്. ഇതുപോലെ ആന, കടുവാ, പുലി മുതലായവയെ ‘നാൽക്കാലി’ എന്ന ഒരു ജാതിയിൽ ചേർക്കാം. ഇങ്ങനെയുള്ള ജാതികല്പന ഭാഷയിൽ എല്ലായിടത്തും കാണുകയില്ല. പ്രാണികളിൽ മനുഷ്യനെ മാത്രം ഒഴിച്ചുള്ളവയെ ചേർത്തു പറവാൻ ഒരു ജാതി അല്ലെങ്കിൽ സാമാന്യശബ്ദം ഭാഷയിലില്ല. സംസ്കൃതത്തിൽ അതിലേക്കു് തിര്യക്കു് എന്നൊരു പദമുണ്ടു്. ഇതുപോലെ മുട്ടവിരിഞ്ഞുണ്ടാകുന്ന പ്രാണികൾക്കു് ‘അണ്ഡജം’ എന്നും, നേരെ പ്രസവിച്ചുണ്ടാകുന്നവയ്ക്കു് ‘ജരായുജം’ എന്നും ഉള്ള ജാതിവിഭാഗം സംസ്കൃതത്തിൽ നിന്നെടുക്കേണ്ടിയിരിക്കുന്നു. ഇതിന്മണ്ണം തന്നെ മരം, ചെടി, പുല്ലു്, വള്ളി മുതലായവയെ കൂട്ടിച്ചേർക്കുന്നതിനു് ‘ഉത്ഭിജം’ എന്ന സംസ്കൃതപദം വേണ്ടിയിരിക്കുന്നു. അതിനാൽ സാമാന്യനിർദ്ദേശത്തിനുവേണ്ടി പരകീയപദം ഉപയോഗിക്കുന്നതിനു വിരോധമില്ല.

{ബി} രൂപനിഷ്പത്തിസൌകര്യം: മലയാളം ഒരു സ്വതന്ത്രഭാഷ അല്ലാത്തതിനാൽ നാമം, കൃതി, ഭേദകം എന്നു പ്രാധാന്യേന മൂന്നുവിധമുള്ള പദങ്ങൾക്കെല്ലാം കൃത്തദ്ധിതരൂപങ്ങളില്ല.

നാമം - മടി

തദ്വത്തദ്ധിതൻ - മടിയൻ

ഭേദകം - വെൾ

തന്മാത്രതദ്ധിതൻ - വെണ്മ

കൃതി - അറി

കൃതികൃത്തു് - അറിവു്

കൃത്യരൂപം - അറിയേണ്ടും

കാരകരൂപം - അറിവോൻ

ഇങ്ങനെ ഏതാനും ചില നാമകൃതിഭേദകങ്ങൾക്കു് അതാതു രൂപങ്ങൾ ഉണ്ടെങ്കിലും എല്ലാ ശബ്ദങ്ങൾക്കും ഒന്നുപോലെ ഈവക രൂപങ്ങൾ കാണുകയില്ല. എന്നാൽ മേൽ വിവരിക്കാൻപോകുന്ന പ്രയോഗഭംഗികളിലും മറ്റും ഒരേ ശബ്ദത്തെത്തന്നെ പല രൂപങ്ങളിലും ഉപയോഗിക്കേണ്ടതായിവരുന്നുണ്ടു്. അതിനാൽ രൂപനിഷ്പത്തിസൌകര്യത്തിനുവേണ്ടി സംസ്കൃതപദങ്ങളെ ഉപയോഗിക്കാം.

എങ്ങനെ എന്നാൽ:

വച്‌ - വക്താ, വചനം, വാക്, വാക്യം, വാക്തൃത്വം, വാഗ്മി, വാഗ്മിതാ.

ജ്ഞ - ജ്ഞാതാ, ജ്ഞാനം, ജ്ഞേയം, ജ്ഞാതൃത്വം.

സ്ഥൂലം - സ്ഥൂലതരം, സ്ഥൂലതമം, സ്ഥൂലത, സ്ഥൌല്യം.

രാജാ - രാജ്ഞി, രാജകീയം, രാജത്വം, രാജ്യം, രാജന്യൻ, നാജനൃകം, രാജകം.

മലം - മലിനം, മാലിന്യം.

സർവ്വം - സർവ്വത്ര, സാർവ്വത്രികം, സർവ്വദാ, സാർവ്വദികം.


(സി) പ്രൌഢി അല്ലെങ്കിൽ മോടി : ആറു്; അരുവി, മല, കാടു്, കെട്ടിടം മുതലായ കാഴ്ചകൾക്കു് നേരെ ചെന്നു കാണുമ്പോൾ ഉള്ളതിലധികം ഒരു മോടി, പകിട്ടു് അല്ലെങ്കിൽ പ്രകാശവിശേഷം അതുകളെ പടത്തിൽ നോക്കുമ്പോൾ നമുക്കു തോന്നാറുണ്ടല്ലോ; അതുപോലെതന്നെ കവിവാക്യത്തിൽ പ്രതിഫലിച്ചുകാണുമ്പോഴും അതുകൾക്കു് ആഹാര്യശോഭ അല്ലെങ്കിൽ വാസ്തവത്തിലധികമായ ഒരു ശോഭ തോന്നേണ്ടതുണ്ടു്. ആഹാര്യം എന്ന പദത്തിനു കൃത്രിമം (കെട്ടിച്ചേർത്തുണ്ടാക്കുന്നതു്) എന്നർത്ഥമാണു്. ആഹാര്യശോഭയെ ചിത്രകാരൻ ചായങ്ങൾകൊണ്ടും, ഉഴിച്ചിൽകൊണ്ടും ഉണ്ടാക്കുന്നതുപോലെ കവി പദങ്ങൾകൊണ്ടും, അതുകൾ കൂട്ടിച്ചേർക്കുന്നതിലുള്ള സാമർത്ഥ്യംകൊണ്ടും സാധിക്കേണ്ടതാകുന്നു. ഇതിലേക്കു് നാം നിത്യം ഗൃഹങ്ങളിൽ പെരുമാറി തേയ്മാനം വന്ന പദങ്ങൾ മതിയാവുകയില്ല. പുതിയ പദങ്ങളെ ഭാഷാന്തരങ്ങളിൽനിന്നു തൽക്കാലോപയോഗത്തിലേക്കു് ഇരവൽ വാങ്ങേണ്ടിവരും. അതിനാൽ അടിയന്തിരങ്ങൾ നടത്തുന്നതിനു് അയൽ‌വീട്ടിൽനിന്നു പാത്രങ്ങൾ വാങ്ങും‌പോലെ ഈവക അവസരങ്ങളിൽ സംസ്കൃതത്തിൽനിന്നു പദങ്ങൾ എടുത്തുപയോഗിക്കാം.

ഉദാഹരണം:

സംസ്കൃതം - ഭാഷ

1. ഝിലിഝങ്കാരനാദിതമായ കാന്താരമദ്ധ്യം - ചീവീടു ചിലയ്ക്കുന്ന ഒച്ചയുള്ള കൊടുങ്കാട്ടിന്റെ നടുവു്

2. ബിംബാധരചുംബനം - തൊണ്ടിപ്പഴം പോലുള്ള ചുണ്ടിൽ ഉമ്മവെയ്ക്കുക

3. കുമുദാമോദമേദുരമായ ശീതവാതം - ആമ്പലിന്റെ മണമുള്ള കുളിരുകാറ്റു്.

4.ബാലാതപോന്മീലിതമായ അരവിന്ദം പോലെ സുന്ദരം - ഇളം വെയിലത്തു വിടരുന്ന താമര പോലെ അഴകുള്ള.


{ഡി} ഗൌരവം അല്ലെങ്കിൽ അന്തസ്സ് : പരകീയപദപ്രയോഗത്തിന്റെ ആവശ്യകതയ്ക്കുള്ള യുക്തി മൂന്നാം ഇനത്തിനു ചൊന്നതുതന്നെയാണു് ഈ നാലാം ഇനത്തിനും പ്രൌഢിക്കും ഗൌരവത്തിനുമുള്ള താരതംയം പ്രമാണിച്ചുമാത്രം രണ്ടായിപ്പിരിച്ചതേയുള്ളു. ജാത്യാലുള്ള മേന്മയെ ഗണിക്ക മാത്രം ചെയ്യുന്നിടത്തു ഗൌരവം; ഇല്ലാത്ത മേന്മ ഉണ്ടാക്കിക്കൊടുക്കുന്നിടത്തു പ്രൌഢി എന്നു രണ്ടിനും ഭേദം. പുഴകൾ, ഊറ്റുകൾ, മലകൾ ഇത്യാദി ശബ്ദങ്ങൾ; ഗംഗാ, വർക്കലക്കടൽക്കരയ്ക്കുള്ള ഊറ്റു്, ഹിമവാൻ മുതലായവയെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചാൽ അതുകളുടെ ഗൌരവത്തിനു മതിയാവുകയില്ല. അതിനാൽ നദി, തീർത്ഥം, പർവ്വതം ഇത്യാദി സംസ്കൃതപദങ്ങൾ തന്നെ പ്രയോഗിക്കണം. ഇതുപോലെ രാജചിഹ്നങ്ങളായ ഛത്രചാമരങ്ങൾക്കും മറ്റും കുട, വിശറി ഇത്യാദി ഭാഷാപദവ്യവഹാരം ചെയ്താൽ അർത്ഥം തന്നെ സ്ഫുടമാവുകയില്ല. നിത്യം രാവിലെ അമ്പലത്തിൽ കുളിച്ചുതൊഴുതിട്ട്‌ എന്നെ വന്നു കാണാറുണ്ടായിരുന്ന ഒരു സാധുമനുഷ്യനോടു് ഒരു ദിവസം അയാൾ താമസിക്കാനുള്ള കാരണം ഞാൻ ചോദിച്ചതിൽ ആ ഭക്തൻ, അന്നു് ക്ഷേത്രത്തിൽ എന്തോ വിശേഷമുണ്ടായിരുന്നതിനാൽ തൂമ്പിൽനിന്നു വരുന്ന വെള്ളം കിട്ടാൻ അമാന്തിച്ചുപോയതിനാലാണു് തനിക്കു കാലതാമസം വന്നതെന്നുത്തരം പറകയുണ്ടായി. ഇയാൾക്കു ഭക്തിക്കു ലേശം കുറവുള്ള ആളല്ലെന്നു് എനിക്കു നല്ല ബോധമുണ്ടായിരുന്നിട്ടും ‘തീർത്ഥം’ എന്നു പറയാതെ’ തൂമ്പിൽനിന്നു വരുന്ന വെള്ളം’ എന്നു് കണ്ട സംഗതി വിളിച്ചുപറഞ്ഞപ്പോൾ ക്ഷണനേരത്തേക്കു് ഇയ്യാൾ ഭക്തവേഷധാരി മാത്രമായിരിക്കുമോ എന്നു ഞാൻ സംശയിച്ചുപോയി.

മലയാളത്തിൽ ഉപചാരവാക്കുകൾ ഉപയോഗിക്കുന്നതിൽ പല താരത‌മ്യങ്ങളും ഉണ്ടു്. ചില സന്ദർഭങ്ങളിൽ സ്ഥാനമാനങ്ങളുടെ നില ഇന്നതെന്നു ഖണ്ഡിച്ചു പറവാൻ സാധിക്കാതെവരും. ഈവക ദുർഘടങ്ങളും പരകീയപദപ്രയോഗംകൊണ്ടു പരിഹരിക്കാം. വീടു്, ഇല്ല, മന, മഠം, കോയിക്കൽ, കോവിലകം, കൊട്ടാരം ഇതിലേതാണു് ഒരു പ്രകൃതത്തിൽ ഉപയോഗിക്കേണ്ടതെന്നു നിശ്ചയമില്ലാതെവന്നാൽ അവിടെ ഒന്നും വേണ്ട, ‘ഗൃഹം’ എന്ന സംസ്കൃതപദം പ്രയോഗിച്ചാൽ ഒരാക്ഷേപത്തിനും വകയില്ല. ഇതുപോലെ ‘ഉത്തരവു്’ എന്നോ ‘സമാധാനം’ എന്നോ പരിച്ഛേദിക്കാതെ കഴിക്കുന്നതിനു് ‘ലെട്ടർ’ എന്നോ ‘പത്രിക’ എന്നോ പറയാം. ദക്ഷിണ, കൂലി, ശമ്പളം എന്നൊന്നും വിവരപ്പെടുത്താതെ ‘പ്രതിഫലം’ എന്നു് ഉപയോഗിക്കാം.

(ഇ) നൂതനശബ്ദസൃഷ്ടി : പ്രകൃതിയുടെ രഹസ്യങ്ങളെ ആരാഞ്ഞറിഞ്ഞു് തദീയശക്തികളെ ജനോപകാരത്തിനായി ഉപയോഗിച്ചുകൊണ്ടു വരുന്ന ഇക്കാലത്തിൽ പുതിയ പുതിയ വസ്തുക്കൾ നിത്യമെന്നപോലെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പുതിയ വസ്തുക്കളെ കുറിക്കുന്നതിനു പുതിയ ശബ്ദങ്ങളും വേണ്ടിവരുന്നു. അതിനാൽ നൂതനശബ്ദങ്ങളെ സൃഷ്ടിക്കേണ്ടുന്ന ആവശ്യം ആധുനികഭാഷകൾക്കെല്ലാം നേരിട്ടിട്ടുണ്ടു്. പുതിയ സാധനങ്ങളെ നിർമ്മിക്കുന്നതു പാശ്ചാത്യവർഗ്ഗക്കാരാണു്. അവർ പ്രായേണ തങ്ങളുടെ മൂലഭാഷകളായ ‘ലത്തീൻ’, ‘ഗ്രീക്കു്’ എന്ന രണ്ടു ഭാഷകളിലെ ധാതുക്കളെക്കൊണ്ടു് ആവശ്യപ്പെട്ട ശബ്ദങ്ങളെ സൃഷ്ടിക്കുന്നു. യൂറോപ്പിൽ ഗ്രീക്കു്, ലത്തീൻ ഭാഷകൾക്കുള്ള സ്ഥാനം ഇന്ത്യയിൽ സംസ്കൃതമാണു് വഹിക്കുന്നതു്. അതിനാൽ പുതിയ സാധനങ്ങൾക്കു് ഉചിതമായി നാമകരണം ചെയ്യുന്നതു് സംസ്കൃതംകൊണ്ടേ സാധിക്കയുള്ളു. എങ്ങനെയെന്നാൽ:

വൈദ്യുതി = Electricity

സ്വനഗ്രാഹിണി = Gramaphone

ഘർമ്മമാത്ര= Thermometre

ദൂരദർശിനി = Telescope

ഈ വിഷയത്തിൽ ഉദാഹരണങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടാവശ്യമില്ല. ഇംഗ്ലീഷിൽനിന്നു ശാസ്ത്രഗ്രന്ഥങ്ങളെ തർജ്ജമ ചെയ്യാൻ പുറപ്പെട്ടിട്ടുളവർക്കൊക്കെയും അനുഭവസിദ്ധമാകുന്നു, സാങ്കേതികശബ്ദങ്ങളെ ശേഖരിക്കുന്നതിനുള്ള മഹത്തായ ക്ലേശം. ഭാഷാഭിമാനികളായ പലേ ബി. എ. ക്കാർക്കും വേണ്ടി സാങ്കേതികശബ്ദസൃഷ്ടിഭാരം ഈ ഗ്രന്ഥകാരൻ നിർവ്വഹിച്ചിട്ടുണ്ടു്. നൂതനസാങ്കേതികശബ്ദനാണിഭങ്ങളെ ആവശ്യം‌പോലെ അടിച്ചെടുക്കുന്നതിലേക്കു ഞാൻ ഒരു കമ്മട്ടം ചെറിയ തോതിൽ ഏർപ്പെടുത്തിയിട്ടുണ്ടു്. ഈ ചുമതലയേറിയ ഭാരം വഹിക്കുന്നതിനു് എന്നെ പ്രേരിപ്പിക്കുന്നതു് അതാതു തർജ്ജമക്കാരെ സഹായിക്കാമെന്നുള്ള പരോപകാരശ്രദ്ധയും നൂതനശബ്ദസൃഷ്ടി ഒരുവൻ‌തന്നെ ചെയ്യുന്നതായാൽ ആവകശബ്ദങ്ങൾക്കു് ഐകരൂപ്യം ഉണ്ടായിരിക്കാൻ സൌകര്യാതിശയമുണ്ടാകുമെന്നുള്ള വിചാരവുമാകുന്നു.


ഈ പ്രസ്താവത്തിൽ സാങ്കേതികശബ്ദസ്വീകാര്യത്തെപ്പറ്റി പ്രബലമായ ഒരു പക്ഷഭേദമുള്ളതിനെക്കുറിച്ചു സ്വല്പമെങ്കിലും പ്രസംഗിക്കാതിരിക്കുന്നതിനു മനസ്സു സമ്മതിക്കുന്നില്ല. സാങ്കേതികശബ്ദങ്ങളെ സൃഷ്ടിക്കുന്നതിനു് ഏതായാലും സ്വന്തഭാഷയിലെ പ്രകൃതിപ്രത്യയങ്ങളെക്കൊണ്ടു സാധിക്കയില്ല; ആ സ്ഥിതിക്കു് എന്തിനും സംസ്കൃതത്തിന്റെ മാധ്യസ്ഥ്യത്തിനു പോകുന്നു? ഇംഗ്ലീഷിൽനിന്നുതന്നെ നേരേ എടുക്കരുതോ? അങ്ങനെ ചെയ്താൽ ആവകപ്പദങ്ങൾക്കു് ഇൻഡ്യയിലെന്നല്ല, ലോകമൊട്ടുക്കു പ്രചാരമുള്ളതിനാൽ സാർവ്വത്രികത്വം ലഭിക്കും എന്നൊരു ഗുണം കൂടിയുണ്ടല്ലോ; എന്നു മാത്രമല്ല മലയാളികളിലും ഇംഗ്ലീഷ് പരിജ്ഞാനമുള്ളവർക്കു് അതുകൾ പരിചയപ്പെട്ടവയാകയാൽ അതുകളുടെ അർത്ഥം ഗ്രഹിക്കേണ്ടുന്ന ശ്രമം കൂടാതെ കഴിയുകയും ചെയ്യും. ഇതാണു് പ്രകൃതപക്ഷക്കാരുടെ യുക്തി. ഇവരുടെ വാദം ന്യായാനുസൃതമാകയാൽ അതിനെ സ്വീകരിക്കാമായിരുന്നു. പക്ഷേ, ഉച്ചാരണവൈലക്ഷണ്യം പ്രതിബന്ധകമായിരിക്കുന്നു. F Z എന്ന വ്യഞ്ജനങ്ങളും 'HAT' ഇത്യാദിയിലെ A HOT ഇത്യാദിയിലെ O, എന്ന സ്വരങ്ങളും ഭാരതീയഭാഷകളിലില്ല. അവരുടെ ഉച്ചാരണത്തിനു വല്ല ചിഹ്നങ്ങളും അക്ഷരസമാ‌മ്നായത്തിൽ ഏർപ്പെടുത്താമെന്നുവെച്ചാലും ആഖ്യാതം, വിഭക്തി മുതലായ രൂപങ്ങളുണ്ടാക്കുന്നതിൽ വലുതായ അസാംഗത്യം നേരിടുന്നു. എന്നു മാത്രമല്ല, രസതന്ത്രം (Chemistry) മുതലായ ശാസ്ത്രങ്ങളിൽ Sulphurous, Sulphite, Sulphuric, Sulphate ഇത്യാദി തദ്ധിതരൂപങ്ങളും ഇംഗ്ലീഷ്പ്രകാരം തന്നെ ചമയ്ക്കേണ്ടിവരുന്നു. പ്രകൃതികളെ മാത്രമല്ലാതെ പ്രത്യയങ്ങളെ ഭാഷാന്തരത്തിൽനിന്നെടുക്കുക ഒരു ഭാഷയിലും പതിവില്ല. ഇതിനും പുറമെ പാശ്ചാത്യർക്കു ഗ്രീക്ക് ലത്തീൻ ഭാഷകളിലുള്ളതുപോലെ പൌരസ്ത്യർക്കു സംസ്കൃതത്തിലുള്ള സ്വത്വാഭിമാനം ഇതേവരെ ക്ഷയിച്ചിട്ടുമില്ല. അതിനാൽ ഇംഗ്ലീഷ് പരിജ്ഞാനം കുടിയിടകളിൽകൂടി കടന്നു സാധാരണമാകുന്നതുവരെ നാട്ടുഭാഷകളിൽ ഇംഗ്ലീഷ് സാങ്കേതികപദങ്ങളെ യഥാസ്ഥിതരീതിയിൽ എടുത്തുചേർക്കുന്നതു കുറെ അസാദ്ധ്യമായിട്ടാണു കാണുന്നതു്.

ഇംഗ്ലീഷ് വാക്കുകളെ മാറ്റം കൂടാതെ ഭാഷയിൽ ചേർത്താൽ ഉദ്ദിഷ്ടസിദ്ധി എത്രത്തോളം ഉണ്ടാകും എന്നുള്ളതിലേക്കു നമുക്കു് ‘ലാ’ ഒരു ദൃഷ്ടാന്തമാകുന്നു. ആക്ട്, ഈരങ്കി, സമൻ മുതലായവ ഒരുവിധം തത്ഭവങ്ങളായിട്ടുണ്ടെങ്കിലും നാട്ടുകാര്യസ്ഥന്മാരുടെ ‘റില്ലി’ ആക്ടും മറ്റും ബി. എൽ. പാസ്സായ മലയാളികൾക്കുകൂടി അറിയാൻ സാധിക്കുകയില്ല. വളരെക്കാലം മുൻസിഫ് ജോലി വഹിച്ചു് നാട്ടുകാർക്കു ഇംഗ്ലീഷ് വാക്കുകളെ ഉച്ചരിക്കുന്നതിലുള്ള ക്ലേശത്തിന്റെ സ്വഭാവം നല്ലവണ്ണം ഗ്രഹിച്ചിട്ടുള്ള ചന്തുമേനവൻ തന്റെ ‘ശാരദ’ എന്ന അഖ്യായികയിൽ നാട്ടുകാര്യസ്ഥന്മാരുടെ ഉച്ചാരണവൈലക്ഷണ്യങ്ങളെ പരിഹാസപൂർവ്വം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ശട്ടത്തിൽ ഇത്രയെങ്കിലും സാധിച്ചതുപോലെ മറ്റു വിഷയങ്ങളിൽ സാധിക്കുന്നതു് അസംഭാവ്യവുമാണു്. നാട്ടിലെ നിയമങ്ങൾ അറിയാഞ്ഞാൽ കാര്യഹാനി വരുമെന്നു മാത്രമല്ല, ശിക്ഷകൂടി അനുഭവിപ്പാൻ ഇടയായേക്കും; അതിനാൽ എത്ര ക്ലേശം സഹിച്ചും ജനങ്ങൾ അത്യാവശ്യപ്പെട്ടിടത്തോളം ലീഗൽ ഫ്രേസിയോളജി പഠിക്കും. മറ്റു ശാസ്ത്രങ്ങളുടെ നില വേറെ ആണു്; അതുകൾ പഠിക്കുന്നതു കേവലം ജ്ഞാനാഭിവൃദ്ധിക്കുവേണ്ടി മാത്രമാകുന്നു. നിർബ്ബന്ധമില്ലായ്കയാൽ ഉച്ചാരണക്ലേശം സഹിക്കാൻ മിക്കവരും മടിക്കും. അതിനാൽ ഏതുവിധമെങ്കിലും സാകേതികശബ്ദങ്ങൾക്കു് ഉച്ചാരണസൌകര്യം സമ്പാദിച്ചുകൊടുത്താലേ അവയ്ക്കു പ്രചാരം ലഭിക്കയുള്ളു. അതിലേക്കു തർജ്ജമ എന്നതുപോലെ തത്ഭവപ്രക്രിയ അനുസരിച്ചു സ്വഭാഷീകരണവും ഉപയോഗിക്കാവുന്നതാകുന്നു. ഇംഗ്ലീഷിനും നാട്ടുഭാഷകൾക്കും ഉച്ചാരണവിഷയത്തിൽ മഹത്തായ അന്തരം ഉള്ളതിനാൽ സംസ്കൃതപദങ്ങളെപ്പോലെ ഇംഗ്ലീഷ് വാക്കുകളെ തത്സമങ്ങളായി ഉപയോഗിക്കുന്നതു ദുർഘടമെന്നേയുള്ളു. പരകീയപദങ്ങളെ ഏതേതു സന്ദർഭങ്ങളിൽ ഉപയോഗിക്കാമെന്ന വിചാരണയിൽ വന്ന ഈ പ്രകൃതാനുപ്രകൃതവിചാരം ഇവിടെ നിൽക്കട്ടെ. പ്രകൃതമായ പദങ്ങളുടെ ഗുണദോഷവിചാരത്തിൽത്തന്നെ പ്രവേശിക്കാം.


ഗ്രാമ്യം


നാം വീട്ടിലിരിക്കുമ്പോഴും വെളിയിലിറങ്ങി നാലുപേർ കൂടുന്ന ദിക്കിൽ പോകുമ്പോഴും വേഷത്തിൽ ഭേദം ചെയ്യാറുണ്ടല്ലോ. സാധാരണയായി മലയാളികൾ ഗൃഹത്തിനകത്തു സഞ്ചരിക്കുന്നതു് ഒറ്റമുണ്ടു ചുറ്റിക്കൊണ്ടായിരിക്കും. കൂടിവന്നാൽ ഒരു തോർത്തുമുണ്ടുകൂടി കാണാം. വെളിയിലിറങ്ങുമ്പോഴാകട്ടെ കുപ്പായവും തൊപ്പിയും ധരിച്ചില്ലെങ്കിലും ഒരു മേൽമുണ്ടെങ്കിലും കൂടിയേ കഴിയൂ. അതുപോലെ മുഷിഞ്ഞും കീറിയും മറ്റുമുള്ള വസ്ത്രങ്ങൾ വീട്ടിലല്ലാതെ ഉപയോഗിക്കാറില്ല. ഇങ്ങനെ വേഷത്തിൽ ചെയ്യാറുള്ള ഭേദം ഭാഷയിലും വേണ്ടതാണു്. വീടുകളിലും വെടിപറയുമ്പോഴും ഉപയോഗിക്കുന്ന വാക്കുകൾക്കും വാചകങ്ങൾക്കും സഭയിൽ ഉപയോഗിക്കാൻ അന്തസ്സു പോരാ. ഈവിധം സഭാപ്രയോഗാനർഹങ്ങളായി ഗണിച്ചിട്ടുള്ള പദങ്ങൾക്കും വാക്യങ്ങൾക്കുമാണു് ‘ഗ്രാമ്യം’ എന്നു പേർ. ഗ്രാമ്യത്തിനു വിപരീതം ‘സഭ്യം’.

മേൽ വിവരിച്ചപ്രകാരം എല്ലാ ഭാഷകളും വിശേഷിച്ചും ജീവൽഭാഷകൾ വിനിയോഗവിഷയത്തിൽ രണ്ടായി പിരിയുന്നു. (1) ഗ്രന്ഥാർഹഭാഷ, (2) സങ്കഥാർഹഭാഷ. ഗ്രാമ്യപ്രയോഗം ഗ്രന്ഥത്തിൽ പാടില്ല. സങ്കഥയിൽ ആവാം. നാടകാഖ്യായികകളിൽ പാത്രങ്ങളുടെ തന്മയത്വത്തിനുവേണ്ടി ഗ്രാമ്യപ്രയോഗം ചെയ്യുന്നതു പ്രത്യുത ഗുണവുമാകും. ഇനി ഉദാഹരിക്കാം.

ഉദാഹരണം

സങ്കഥ ഗ്രന്ഥം

എവിടുന്നാ ഇപ്പം? - എവിടെനിന്നാണിപ്പോൾ വരുന്നതു്?

വീട്ടീന്നുതന്നെ - വീട്ടിൽനിന്നുതന്നെ

വിശേഷിച്ചോ? - വിശേഷിച്ചു കാര്യമെന്താണു്?

പഴേ ശനിയൻ തന്നെ - പഴയ ഉപദ്രവം തന്നെ

കക്ഷിപ്പിണക്കവും കോർട്ടും അല്ലേ? - കക്ഷിപ്പിണക്കത്താലുള്ള കോർട്ടുവ്യവഹാരം തന്നെ അല്ലെ?

അല്ലാണ്ടു പിന്നെ? - അല്ലാതെ പിന്നെന്താണു്?

കോർട്ടിൽ വല്ല മയവുമുണ്ടോ? - കോർട്ടിൽ ജയമാർഗ്ഗം വല്ലതുമുണ്ടോ?

എല്ലാം കുന്തമായി - അതൊക്കെപ്പോയി

ഗ്രന്ഥങ്ങളിൽ വാക്കുകളും വാചകങ്ങളും കൊണ്ടു മാത്രം വേണം ആശയം വെളിപ്പെടുത്താൻ. സങ്കഥകളിൽ ആംഗ്യങ്ങളുടേയും സ്വരത്തിന്റേയും കൂടി സഹായമുണ്ടു്. ഇതിനും പുറമെ - ‘ശനിയൻ’, ‘വല്ല’, ‘മയവുമുണ്ടോ’, ‘കുന്തമായി’ ഇത്യാദി പദങ്ങളും വാചകങ്ങളും ഗ്രന്ഥോപയോഗത്തിനു കൊള്ളരുതു്. എല്ലാ ഭാഷകളിലും വാച്യമായ അക്ഷരാർത്ഥത്തിനു് ഉപരിയായി ലക്ഷ്യമോ വ്യംഗ്യമോ ആയ അർത്ഥം വഹിക്കുന്ന ചില വാചകങ്ങളുണ്ടു്. ഇതുകൾ വാച്യാർത്ഥത്തെ ഗണിക്കാത്തതുപോലെ ചിലെടത്തു വ്യാകരണവിധികളെക്കൂടെ ലംഘിച്ചുകാണും. ഇങ്ങനെയുള്ള വാചകങ്ങളെ അതാതു ഭാഷകളുടെ ശൈലി എന്നു പറയുന്നു. ആ കൂട്ടത്തിൽ മലയാളത്തിനും ചില വിലക്ഷണപ്രയോഗഭംഗികൾ അല്ലെങ്കിൽ ശൈലികൾ ഉണ്ടു്.

ചില ഉദാഹരണങ്ങൾ കാണിക്കാം:

1. ചെണ്ട കൊട്ടിക്ക = വഞ്ചിക്ക.

2. ദീപാളി കുളിക്ക = പാപ്പരാകുക.

3. ശതകം ചൊല്ലിക്ക = കഷ്ടപ്പെടുത്തുക.

4. ശ്ലോകത്തിൽ കഴിക്ക = പ്രാധാന്യം കൊടുക്കാതെ ചുരുക്കുക.

5. സ്വർഗ്ഗത്തിൽ കട്ടുറുമ്പു് = ചില്ലറ ശല്യം ചെയ്യുന്നവൻ.

6. കയ്യാലെപ്പുറത്തെത്തേങ്ങ = ഏതു കക്ഷിയിൽ തിരിയുമെന്നു നിശ്ചയിക്കാൻ പാടില്ലാത്ത മദ്ധ്യസ്ഥൻ.

7. കായങ്കുളം വാൾ = രണ്ടു കക്ഷിയിലും ചേരുന്നവൻ.

8. ആലത്തൂർ കാക്ക = ആശിച്ചു കാലം കളയുന്നവൻ.


വ്യാകരണവിധി ലംഘിക്കുന്നതിനുദാഹരണം:


1. എനിക്കു് ഒരു ശിഷ്യനെ കിട്ടീട്ടുണ്ടു് ---2. അവനു് ഒരു കുരങ്ങിനെ വേണം. കർത്തൃവിഭക്തിക്കു കർമ്മവിഭക്തി

3. “എന്നും ചൊല്ലിക്ഖഗപതി പറന്നംബരേ പോയ് മറഞ്ഞാൻ”

4. “കണ്ടുംകൊണ്ടച്ചെറുപുഴകൾ തൻ തീരമാർഗ്ഗേണപോക.”

5. കണ്ണനുണ്ണി കുളികഴിഞ്ഞണ്ണനോടും കൂടി.” 6. അവിടെനിന്നും അയച്ച എഴുത്തു്. -- ‘ഉം’ വാക്യാലങ്കാരം.

7. “ശുശ്രൂഷചെയവാനുമ കാത്തുനിൽക്കു

ന്നെന്നാശു കൂപ്പീട്ടറിയിച്ചു നന്ദി,

ഭ്രൂക്ഷേപമാകുന്നൊരനുജ്ഞ വാങ്ങി

പ്രവേശവും നൽകിയവൾക്കു വേഗാൽ” --- ‘ഉം’ ഭിന്നക്രമം പ്രവേശം നൽകുകയും ചെയ്തു എന്നുവേണം.

മേൽ കാണിച്ച ശൈലികളെല്ലാം പുരാതനങ്ങളും സുപ്രസിദ്ധങ്ങളുമാകയാൽ അവയ്ക്കു ഗ്രാമ്യത്വദോഷമില്ലെന്നുതന്നെ പറയാം. എന്നാൽ ഈവക സംഗതികളിൽ തീരുമാനം ചെയ്യുന്നതു് അത്ര എളുപ്പമല്ല. പ്രാമാണികന്മാർക്കു തന്നെ ഇവിടെ വിപ്രതിപത്തികളും പക്ഷഭേദങ്ങളും ഉണ്ടാകാനിടയുണ്ടു്. ഈ മാതിരി ചോദ്യങ്ങളിൽ രുചിഭേദം അനുസരിച്ചും അഭിപ്രായഭേദം വരാം. അതിനാൽ സർവ്വസമ്മതങ്ങളായ ശൈലികളെ മാത്രമേ വിദ്യാർത്ഥികൾ ഉപയോഗിക്കാവൂ. അലങ്കാരശാസ്ത്രപ്രസിദ്ധങ്ങളായ ലക്ഷണം, വ്യഞ്ജനം എന്ന വൃത്തികളെക്കൊണ്ടു് ഏതുകളുടെ അർത്ഥഭേദത്തിനു് ഉപപത്തി കല്പിക്കാമോ അങ്ങനെയുള്ള ശൈലികളെല്ലാം ഗ്രാമ്യദോഷമില്ലാത്തവയാണെന്നുതന്നെ വിചാരിക്കാം. ലക്ഷ്യമോ വ്യംഗ്യമോ ആയ അർത്ഥം അസഭ്യമാണെങ്കിലേ അവയ്ക്കു ദോഷമുള്ളു.

ഇനി ഇന്ന പദത്തിനു് ഇന്നയർത്ഥം എന്നു പൊതുവെ ഒരു സങ്കേതമുള്ളതുപോലെ ഇന്ന പദങ്ങൾ ചേർന്ന വാചകത്തിനു് എന്നൊരു സങ്കേതം ചില സമുദായക്കാർ മാത്രം ചേർന്നു കല്പിച്ചിട്ടുണ്ടായതായി ചില ശൈലികളുണ്ടു്. അവയിൽ മിക്കതും സഭ്യങ്ങളല്ലെന്നാണു് ഈ ഗ്രന്ഥകാരന്റെ അഭിപ്രായം. ‘തട്ടിമൂളിക്കുക’, ‘വെച്ചടിക്കുക’, ‘കമ്പി നീട്ടുക’ മുതലായ ശൈലികൾ സർവ്വസമ്മതം ലഭിക്കുന്നതുവരെ ഗ്രാമ്യശൈലികളുടെ കൂട്ടത്തിൽത്തന്നെ ഗണിക്കപ്പെടും.

‘കഷ്ടം വെച്ചങ്ങു നിന്നൂ പിതൃപതിതനയൻ വായുജൻ കൈകുടഞ്ഞൂ

.......

പെട്ടെന്നിങ്ങോട്ടു ഞാനും തവ കഴലിണ കണ്ടീടുവാൻ വെച്ചടിച്ചൂ’

എന്നു കുഞ്ഞുക്കുട്ടൻ തമ്പുരാൻ അവർകളും,

‘എന്തോ കഥിക്കുന്നിതു നീയിടഞ്ഞാലെന്താണു തേങ്ങാക്കുലയാണെനിക്കു്

നിലയ്ക്കാത്ത മോഹം നിനച്ചങ്ങിടഞ്ഞാലുലക്കേടെ മൂടാണെനിക്കെന്തു ചേതം’

എന്നു വെണ്മണിമകനും പ്രയോഗിച്ചിട്ടുള്ളതു് കവിനിബദ്ധനീചപാത്രമായ വക്താവിന്റെ തന്മയത്വം വരുത്താൻ വേണ്ടിയാണെന്നു സമാധാനപ്പെടണം.

ശൈലികൾ

എ. സഭ്യങ്ങളായിട്ടുള്ളവ

അർദ്ധരാത്രിക്കു കുടപിടിക്കുക = അനാവശ്യമായി ആഡംബരം ചെയ്ക

അഴകിയ രാവണൻ = വേഷം കെട്ടി സൌന്ദര്യമുണ്ടാക്കുന്നവൻ

ആനച്ചന്തം= ആകെക്കൂടിയുള്ള ഒരഴക്‌

ഇരയിട്ടു മീൻ പിടിക്കുക = അധികലാഭമുദ്ദേശിച്ചു് സ്വല്പമായ ചെലവു ചെയ്ക

ഇരുട്ടുകൊണ്ടു് ഓട്ടയടയ്ക്ക = തൽക്കാലത്തേക്കു പ്രതിവിധി ചെയ്ക

ഇരുതലമൂരി = വിരുദ്ധകഷികൾ രണ്ടിലും ചേരുന്നവൻ

ഇലയിട്ടു ചവിട്ടുക = അറിഞ്ഞുകൊണ്ടു തെറ്റു ചെയ്ക

ഉണ്ട ചോറ്റിൽ കല്ലിടുക = കൃതഘ്നത കാണിക്ക

ഏടുകെട്ടി = പഠിത്തം മതിയാക്കുക, നിറുത്തുക

കടുവാക്കൂട്ടിൽ തലയിടുക = സാഹസം പ്രവർത്തിക്കുക

കഥ കഴിഞ്ഞു = അവസാനിക്ക, മരിക്ക

കതിരിന്മേൽ വളം വയ്ക്കുക = കാലം തെറ്റി പ്രവർത്തിക്കുക

കണ്ണിലുണ്ണി = പ്രിയപ്പെട്ട ആൾ

കച്ചകെട്ടിയിറങ്ങുക = തുനിയുക

കണ്ണിൽ മണ്ണിടുക = വഞ്ചിക്ക

കയ്യാലപ്പുറത്തെത്തേങ്ങ = ഇരുകക്ഷികളിൽ ഏതിൽ ചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന ആൾ

കലാശിക്ക = അവസാനിക്ക

കാലു പിടിക്ക = അഭിമാനം വിട്ടു സേവിക്ക

കായംകുളംവാൾ = ഇരുകക്ഷികളിലും തരം പോലെ ചേരുന്ന ആൾ

കാപ്പുകെട്ടുക = ഒരുങ്ങിയിരിക്ക

കുടത്തിലെ വിളക്കു് = ഘടദീപം, ഒതുങ്ങിയിരിക്കുന്ന ആൾ, പ്രസരിപ്പില്ലാത്ത ആൾ

ഗണപതിക്കു കുറിക്കുക = ആരംഭിക്കുക

ചായം തേയ്ക്കുക = തൽക്കാലശോഭയുണ്ടാക്കുക

ചെവിയിലോത്തു കഴിക്കുക = നുണപറക

തലതാഴ്ത്തുക = ഗർവ്വുശമിക്ക

തലയിലെഴുത്തു് = ഈശ്വരവിധി, ഭാഗ്യം

തലയിൽക്കെട്ടിവെയ്ക്ക = പിടിച്ചേൽ‌പ്പിക്കുക

തിരപ്പുറപ്പാടു് = ആഡംബരം

തെക്കോട്ടു പോക = മരിക്ക

ദീപാളികുളിക്കുക = ദുർവ്വ്യയംചെയ്തു ദരിദ്രനാകുക

ധനാശിപാടുക = അവസാനിക്ക

നളപാകം = അന്യൂനാതിരിക്തം

നാരദൻ = ഏഷണിക്കാരൻ

നക്ഷത്രമെണ്ണിക്കുക = ക്ലേശിക്കുക

പച്ചച്ചിരി ചിരിക്കുക = വിഡ്ഢിയാവുക

പൊടിപ്പും തൊങ്ങലും വെയ്ക്കുക = കൃത്രിമശോഭയുണ്ടാക്കുക, അതിശയോക്തി ചെയ്ക

പൊടിയിട്ടു വിളക്കുക = ഇല്ലാത്ത ഭംഗിയുണ്ടാക്കുക

ഭഗീരഥപ്രയത്നം = മഹാക്ലേശം

മർക്കടമുഷ്ടി പിടിക്കുക = ശാഠ്യം പിടിക്കുക

മറയെടുക്കുക = തുറന്നു സ്പഷ്ടമായ് പ്രവർത്തിക്കുക

രസച്ചരടു പൊട്ടുക = മദ്ധ്യേ നീരസം തോന്നുക

വെട്ടൊന്നു് മുറി രണ്ടു് = വിട്ടുവീഴ്ചയില്ലായ്ക

വെടിപൊട്ടിക്ക = വാസ്തവമറിയാതെ പറക

വെള്ളത്തിലെഴുതിയതു് = വ്യർത്ഥം

വേരു തോണ്ടുക = നിർമ്മൂലനം ചെയ്ക

വേലി തന്നെ വിളവു തിന്നുക = സ്വപക്ഷഹാനി വരുത്തുക

ശ്ലോകത്തിൽ കഴിക്ക = അതിയായി സംഗ്രഹിക്ക

സുഗ്രീവാജ്ഞ = നിർദ്ദാക്ഷിണ്യമായ വരുതി


ബി. ഗ്രാമ്യങ്ങളായുള്ളവ


അറുത്ത കൈക്കു് ഉപ്പിടാതിരിക്ക = നിർദ്ദാക്ഷിണ്യമായിരിക്ക

ആർക്കാനും വേണ്ടി ഓക്കാനിക്ക = മനസ്സില്ലാതെ പ്രവർത്തിക്ക

  • ഉപ്പുകൂട്ടിത്തിന്നുക = കൃതജ്ഞത കാണിക്കുക
  • ഊഴിയം നടത്തുക = വല്ലവിധവും കാട്ടിക്കൂട്ടുക

ഒൻപതാമുത്സവം = കമ്പം, ബുദ്ധിക്കു സ്ഥിരമില്ലാത്തവൻ

കരണം മറിയുക = ബുദ്ധിമുട്ടുക

കടപ്പുറത്തിന്റെ താക്കോലു് = ഭ്രാന്തൻ

കമ്പി നീട്ടുക = ഓടിക്കളക

കടിപിടി കൂട്ടുക = ശണ്ഠപിടിപ്പിക്ക

കമ്പം പൊട്ടിക്കുക = വല്ലതും വിളിച്ചുപറക

  • കിണ്ടം പിണയുക = അബദ്ധം പറ്റുക

കുളം കോരിക്കുക = നശിപ്പിക്കുക

  • കുഴിയിൽ ചാടിക്കുക = ചതിക്കുക

കുഴി തോണ്ടുക = ഗൂഢമായി ദ്രോഹിക്ക

കുരയ്ക്കുക = അർത്ഥമില്ലാതെ സംസാരിക്ക

  • കൊണ്ടുപിടിക്കുക = ഘോഷിക്കുക

ഗോപി തൊടുവിക്ക = ചതിച്ചു് അപഹരിക്ക

ചരടു മുറുക്കുക = ശണ്ഠ ബലപ്പെടുത്തുക

ചങ്കിലി പാടിക്കുക = വശംവദനാക്കുക

ചിരട്ട എടുക്കുക = ദരിദ്രനാകുക

ചീട്ടുകീറുക = അവസാനിക്ക, മരിക്ക

  • ചെണ്ട കൊട്ടിക്കുക = പതിക്കുക
  • തലയിലെടുത്തു വെയ്ക്കുക = ലാളിക്കുക
  • തട്ടിമൂളിക്കുക = കൂസാതെ പ്രവർത്തിക്കുക
  • താളം ചവിട്ടുക = ക്ലേശിക്ക
  • തിണ്ടാടുക = കഷ്ടപ്പെടുക

തിരുമുമ്പിൽ തവണ = സേവ പിടിക്ക

നമസ്തേന്നു് = ആദ്യമായി, നടാടെ

നട്ടംതിരിക്കുക = കഷ്ടപ്പെടുത്തുക

നിന്റെ എട്ടല്ല എന്റെ പത്തു് = നിന്റെ വരുതി കേൾക്കേണ്ടവനല്ല ഞാൻ

പമ്പരം ചുറ്റിക്കുക = അതിയായി ക്ലേശിപ്പിക്ക

പമ്പ കടക്കുക = ഓടിക്കളക

പറ്റിച്ചുവിടുക = ചതിക്ക

പച്ചവെള്ളം ചവച്ചു കുടിക്കുക = അധികം സാധുവായിപ്പോകുക

  • പുറകിൽ കുഴി തോണ്ടുക = ഗൂഢമായി വഞ്ചിക്കുക

പുളിശ്ശേരി വയ്ക്കുക = നശിക്കുക

  • പൂച്ച പാൽ കുടിക്കുംവണ്ണം = ആരും അറിഞ്ഞില്ലെന്നു നടിക്ക
  • പൊടിപൂരം = വലിയ ആഘോഷം
  • മല മറിക്കുക = മടവേല ചെയ്ക

മുഖത്തു കരി തേക്കുക = ലജ്ജിപ്പിക്കുക

മൊന്തൻപഴം = വൃഥാസ്ഥൂലം, കാര്യത്തിനു കൊള്ളാത്തയാൾ

വടക്കുപുറത്തു കിടക്കുക = ആശ്രയിച്ചു കാലം കഴിക്കുക

വാലു പിടിക്കുക = പിന്നാലെ പോക

  • വായിൽ മണ്ണിടുക = ഗതിയില്ലാതാക്കുക

വിരിശം‌പഴം = കാര്യത്തിനു കൊള്ളാത്തയാൾ

വെച്ച വെള്ളം വാങ്ങുക = പ്രയത്നം നിറുത്തിവയ്ക്കുക

ശതകം ചൊല്ലിക്കുക = കഷ്ടപ്പെടുത്തുക

ശിങ്കി കളിപ്പിക്കുക = വശം വദനാക്കുക

  • ശ്വാസം മുട്ടിക്കുക = ബുദ്ധിമുട്ടിക്കുക

ഹരഹര ചൊല്ലിക്കുക = ഖേദിപ്പിക്കുക

  • ഹരിശ്ചന്ദ്രനാകുക = സത്യനിഷ്ടനടിക്കുക.


[*ഈ അടയാളം ഇട്ടവ സഭ്യങ്ങളായി തുടങ്ങിയിട്ടുണ്ടു്.]


ഈ പ്രസംഗത്തിൽ വിദ്യാർത്ഥികൾക്കൊരുപദേശം ചെയ്യേണ്ടതുണ്ടു്. നമ്മുടെ ഇടയിൽ പ്രമാണം തേടുന്ന സ്വഭാവം കുറെ കവിഞ്ഞുപോയിരിക്കുന്നു. ഏതു കുറ്റത്തിനും ഒരു പ്രമാണം കാണിച്ചാൽ സമാധാനമായി. ആ പ്രമാണവചനം ഒരു സംസ്കൃതശ്ലോകരൂപമായാലോ പിന്നെ സംശയിക്കാനില്ല. ഒരു കുട്ടിയോടു കള്ളം പറഞ്ഞതു ശരിയായില്ല എന്നുപദേശിച്ചാൽ അവൻ,

“സ്ത്രീഷു നർമ്മവിവാദേ ച വൃത്യർത്ഥേ പ്രാണസങ്കടേ,

ഗോബ്രാഹ്മണഹിതേ ചാപി നാനൃതം സ്യാജ്ജുഗുപ്സിതം”


എന്നു പ്രമാണം ചൊല്ലി ഉപദേശിക്കുന്നവനെ മടക്കാൻ നോക്കും. പ്രമാണവചനം ഏതു സദർഭത്തിൽ എന്തുദ്ദേശത്തിൻപേരിൽ ഏർപ്പെട്ടതാണെന്നുള്ള വിചാരം ലേശമില്ല. അതുപോലെതന്നെ ശ്ലോകമെഴുതുന്നവനോടു് ശ്ലോകത്തിലെ ഒരു പ്രയോഗം ശരിയായോ എന്നു ചോദിച്ചാൽ അവൻ ഇന്ന കവി ഈവിധം പ്രയോഗിച്ചിട്ടുണ്ടെന്നു് ഒരു പ്രസിദ്ധകവിയുടെ പ്രയോഗം എടുത്തു് ഉദ്ധരിക്കും. സന്ദർഭം രണ്ടും യോജിക്കുന്നോ എന്നു നോക്കുക പതിവില്ല. പ്രയോഗങ്ങളുടെ സാധുത്വവും അസാധുത്വവും നിർണ്ണയിക്കുന്നതു് മഹാകവിപ്രയോഗംകൊണ്ടെന്നുള്ളതിലേക്കു് ആർക്കും തർക്കമില്ല; വിശേഷപ്രയോഗങ്ങളെ നല്ല കൃതികൾ വായികുമ്പോൾ ധരിച്ചുവെയ്ക്കുകയും വേണ്ടതുതന്നെ. എന്നാൽ അതുകളുടെ ശരിയായ അർത്ഥവും, അതുകളെ പ്രയോഗിക്കാനുള്ള അവസരവുംകൂടി ശ്രദ്ധിച്ചു ഗ്രഹിക്കണം. എന്നുമാത്രമല്ല, ചില സംഗതികൾ പ്രാമാണികന്മാർ ചെയ്താൽ ശരി, മോശക്കാർ ചെയ്താൽ തെറ്റു് എന്നും വരാം. ‘എന്തും ചെയ്യാം മഹതാം’ എന്നൊരു പ്രമാണമുണ്ടല്ലൊ. അതിനാൽ കാളിദാസനോ വെണ്മണിയോ ഒരു വിലക്ഷണപ്രയോഗം ചെയ്തിരുന്നാൽ അതിനെ പ്രമാണമാക്കി ഒരു വിദ്യാർത്ഥിക്കു് അതിൻപ്രകാരം പ്രയോഗിക്കുന്നതിനു് അധികാരമില്ലെന്നും ഓർക്കണം. ശ്രീകൃഷ്ണൻ രാസക്രീഡ ചെയ്യുന്നുവെന്നു പറഞ്ഞു് ഒരുവൻ ഇന്നു് വല്ല അസഭ്യപ്രവൃത്തിയും ചെയ്‌വാൻ പുറപ്പെടുന്നതായാൽ ശ്രീകൃഷ്ണൻ ചെയ്തതുപോലെതന്നെ കാളിയമർദ്ദനവും ഗോവർദ്ധനോദ്ധാരണവും കൂടി നിർവ്വഹിക്കാൻ അവനു് ഒരുക്കം വേണം.


നീചം:


എല്ലാ സമുദായങ്ങളിലും വിഭവം, സ്ഥാനമാനം, അവസ്ഥ മുതലായതിൽ ഉള്ള വ്യത്യാസംകൊണ്ടു് ഉയർനവർ എന്നും താഴ്ന്നവർ എന്നും സംഘഭേദമുണ്ടല്ലൊ. ഈ ഭേദം അതാതു സംഘക്കാർ ഉപയോഗിക്കുന്ന ഭാഷയിലും ഉണ്ടു്. ചില പദങ്ങളും വാചകങ്ങളും എളിയോരുടെ ഇടയിൽ മാത്രം പ്രചാരമുള്ളവയായിട്ടുണ്ടു്. ഇവയാണു നീചം എന്ന വിഭാഗത്തിലുൾപ്പെടുന്നതു്.

നീചം - ഉത്തമം

എൻ - ഞാൻ

ദിവസി - ദിവസം

തോനേ - അധികം

ഉമ്മിണി ഇച്ചിരി ഇത്തിരി - അല്പം

അമ്മയിന്റെ - അമ്മയുടെ

എന്തിരു - എന്തൊരു

പറഞ്ഞേയ്തു - പറകയേ ചെയ്തു

നീചം ---- ഉത്തമം

ആനേനേം കൊണ്ടു -}ആനയെക്കൊണ്ടു വേലി പൊളിപ്പി വേലിയേനേം പൊളിച്ചു } ച്ചു കൈതയെടുപ്പിച്ചു തോന്നിയതും കൈതേനേം എടുപ്പിച്ചു } പറഞ്ഞുപോയി. തോന്നിയേനേം പറഞ്ഞു പോയി.

നീചഭാഷ നീചപാത്രങ്ങളെക്കൊണ്ടു പറയിച്ചാൽ ഗുണമായിരിക്കും. ഇങ്ങനെ ചെയ്യുന്നതിൽ നമ്പ്യാർക്കു വളരെ സാമർത്ഥ്യമുണ്ടു്. എന്നാൽ ഈ പരിചയത്താൽ അദ്ദേഹം കവിവാക്യങ്ങളിലും ചിലേടത്തു നീചപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്. പ്രൌഢിയേറിയ സംഗതികളിൽ നീചഭാഷ അത്യന്തം ദോഷമായിരിക്കും.

അഭ്യാസം

താഴെ കാണുന്നവയിൽ ശബ്ദശുദ്ധി പരീക്ഷിക്കുക:

1. (എ) സൌന്ദര്യനിരൂപണം

കാണുന്ന ക്ഷണത്തിൽ ഒരു വസ്തു മനസ്സിനെ എങ്ങനെ മോഹിപ്പിക്കുന്നുവോ അതുപോലെതന്നെ എല്ലായ്പോഴും എത്രനേരമെങ്കിലും നോക്കിയാലും മനസ്സിനു കണ്ടതു പോരെന്നുള്ള മോഹം ഉണ്ടാക്കിച്ചുകൊണ്ടേ ഇരിക്കണം. - ഇന്ദുലേഖ

(ബി) ഒരു നാട്ടുകാര്യസ്ഥന്റെ കോപം

തനിക്കു് ആ ചെറുപ്പക്കാരന്റെ ചെകിട്ടത്തു രണ്ടു കൊടുക്കണമെന്നു് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, വയോധിക്യത്താൽ തന്റെ അപ്പോഴത്തെ ദൌർബ്ബല്യതയും ചെറുപ്പക്കാരന്റെ ദേഹമിടുക്കും മാത്രം ഓർത്തു ദേഷ്യത്തെ അടക്കിവയ്ക്കേണ്ടിവന്നു. - ശാരദ

(സി) പ്രശ്നക്കാരനോടുള്ള ചോദ്യം

അത്രമാത്രം വിശേഷത കാണുന്നുണ്ടു് പ്രശ്നവശാൽ ഇല്ലേ പണിക്കരേ? -ശാരദ

(ഡി) പ്രശ്നഫലം

ലഗ്നത്തിൽ ശനിയും അഞ്ചിൽ ചൊവ്വയും വന്നതുകൊണ്ടു് ഈ ലഗ്നത്തിനു പരാജയം. തോൽമ ഭവിക്കുമെന്നു മാത്രമല്ല, പക്ഷെ, അതുനിമിത്തം വല്ല ഉന്മാദമോ ചിത്തഭ്രമമോ കൂടി ഉണ്ടാവാൻ ഇടയുള്ളതായിട്ടാണു വിചാരിക്കേണ്ടതു്. - ശാരദ

(ഇ) ദൈവൈക്യം

പൂർവകാലത്തു് ഋഷികളും മുനികളും അനുസരിച്ചുവന്ന മതം നിങ്ങൾ കൈവിടുകയോ മാറ്റുകയോ ചെയ്യരുതു്. ഏതു നാമധേയം ചൊല്ലി ആരാധിച്ചാലും ദൈവം ഏകനേയുള്ളു. നിങ്ങൾ അദ്ദേഹത്തിന്റെ പല ഗുണങ്ങളുമെടുത്തു് അവയുടെ ചിഹ്നങ്ങളായി ക്ഷേത്രങ്ങളുണ്ടാക്കി വെവ്വേറെ പൂജിക്കുന്നു. അതുകൊണ്ടു വിരോധമില്ല. എന്നാൽ ഈശ്വരൻ ശൈലാഗ്രങ്ങളിലോ, ചലിച്ചുകൊണ്ടിരിക്കുന്ന വൃക്ഷശാഖകളിലോ മാത്രമല്ല അധിവസിക്കുന്നതു്. എന്നാൽ അദ്ദേഹം അവിടങ്ങളിലും മറ്റെല്ലാ ദിക്കുകളികും സർവ്വവ്യാപിയാണു്. - രാജകഥകൾ

2. (എ) കാര്യസ്ഥന്റെ മറുപടി

രാമൻ എന്നു പേരുവച്ചു് എഴുതിയ ആൾക്കു് അയക്കുന്ന മറുപടി: രാമന്റെ കത്തിനെ നാം ഇതിനാൽ നിഷേധിച്ചിരിക്കുന്നു. രാമന്റെ കത്തിൽ പറയുന്ന സകലസംഗതികളും വെവ്വേറെ വേവ്വേറെ ആയും എല്ലാം കൂടിയും ഇതിനാൽ നിഷേധിച്ചിരിക്കുന്നു. കല്യാണി എന്ന ഒരു സ്ത്രീ നമ്മുടെ എടത്തിൽ നിന്നു നാടുവിട്ടുപോയിട്ടില്ലെന്നു് ഇതിനാൽ നിഷേധിക്കുന്നു. രാമൻ ആ സ്ത്രീയുടെ ഭർത്താവല്ലെന്നു് ഇതിനാൽ നിഷേധിക്കുന്നു. ശാരദ എന്നുപേരായി ആ സ്ത്രീയിൽ രാമനു് ഒരു കുട്ടി ഉണ്ടായിട്ടില്ലെന്നു് ഇതിനാൽ നിഷേധിക്കുന്നു. ആ കുട്ടിക്കു് ഇടത്തിലെ സ്വത്തിന്മേൽ യാതൊരവകാശവും ഉണ്ടാവാൻപാടില്ലെന്നു് ഇതിനാൽ നിഷേധിക്കുന്നു. കാര്യം ഇങ്ങനെ ഇരിക്കേ രാമൻ നമ്മുടെ മേൽ വല്ല വ്യവഹാരവും കൊടുത്താൽ ആ വ്യവഹാരത്തിൽ രാമനുണ്ടാകുന്ന സകല ചിലവുകളും രാമൻ സഹിക്കേണ്ടതും നമുക്കുണ്ടാകുന്ന സകല ചിലവുകളും രാമൻ തരേണ്ടതും ആണെന്നു് ഇതിനാൽ അറിയിച്ചിരിക്കുന്നു. --ശാരദ

(ബി) ആതിഥ്യസ്വീകാരം

രാജകുമാരി - എന്റെ ഹിതത്തിനു വിരുദ്ധമായും ബലാൽക്കാരമായും ഞാൻ വഹിക്കുന്ന ഈ സൽക്കാരത്തിനു ഞാൻ ആർക്കാണു കടപ്പെട്ടിരിക്കുന്നതു്. - മഹാരാഷ്ട്രനായകൻ


(സി) വന്ദനം

താമരസാക്ഷന്റെ മെത്തേടെ താഴത്തു

താങ്ങിക്കിടക്കുന്നവനെച്ചുമക്കുന്ന

വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ

ജ്യേഷ്ഠനെപ്പേടിച്ചു നാട്ടീന്നു പോയോന്റെ

ചാട്ടിന്റെ കൂട്ടിന്റെ കോട്ടം തിമർപ്പവ-

നുണ്ണിക്കഴുത്തറത്തോരു പുരുഷനെ-

ന്നുള്ളിൽ തെളിവൊടു വന്നു തുണയ്ക്കണം. --- കല്യാണസൌഗന്ധികം തുള്ളൽ


3. ഈശ്വരസ്തുതി

മുട്ടാതെയെന്നുമൊരു പട്ടാട തന്നെ തവ

കിട്ടാത്തതോ പശുപതേ!

കേട്ടാലുമെന്തു ബത കാട്ടാനതന്റെ തുകിൽ

കെട്ടാനരയ്ക്കു കുതുകം

പിട്ടായൊരിക്കലൊരു കാട്ടാളവേഷമതു

കെട്ടാൻ തുനിഞ്ഞതു വശാൽ

മട്ടായതെന്നുമയി കാട്ടാനിതെന്തുകൊതി

പട്ടാങ്ങതാരുമറിയാ. - ഭാഷാഭൂഷണം

4. (എ) ഒറ്റശ്ലോകം

മോറങ്ങേറെ വിയർക്കിണോ വിശറിണോ

വീശ്വാളണോ വീശണോ

ഏർന്നേരായി വിശക്ൿണതില്ലയോ വൃഥാ

കുർത്തൃക്ൿണതെന്തേ ഭവാൻ

നാർണ്ണോനൂണിനു ചോറണോഥ കറിണോ

കണ്യങ്ങ്‌ണോ കപ്ലണോ

നേരേ ചൊൽക മടിച്ചിടാതെ മുഴുവൻ

മാഴ്കാതെ നൽകീടുവേൻ. - മലയാളമനോരമ


(ബി) നീചപാത്രങ്ങളുടെ സംഭാഷണം


ചിന്നു : എന്തരപ്പി കയ്യിലു്, അക്കൻ എങ്ങു പിയ്യീ?

കാർത്തി: അക്കനെ അങ്ങേതി അപ്പിക്കു കണ്ടൂട പോലും; അക്കൻ വരിണേ ഇല്ലെന്നു ചെല്ലി.

ചിന്നു : ആ തോറപ്പേടെ പാവവും പെനത്തിരട്ടിയുംകൊണ്ടു് പോവുടാൻ പറ. അവളെ കണ്ടാലും പിന്നെ.

കർത്തി: പിന്നേ പിന്നേ എന്തരു ചൊല്ലിണതു്. ഒരു പട്ടരെ കിട്ടിയപ്പം അങ്ങേതിക്കാരെ തന്തരിപ്പം ഒന്നും പിന്നെ - ങ്ങ്യേ ഏ.

ചിന്നു : മറയത്തുപാട്ടു് ആ ചൂലു്.


(സി) പുടവകൊട

എന്തരു പറയണതവിടെ എന്റെ കാളിയക്കോ! കൊട്ടും, കൊരവയും, പിള്ളേരും, പിരുക്കുട്ടിയും, നാഗവതരും, ഭാവസൊരവും, വായനയും, വച്ചൊരുക്കം, അങ്ങുന്നമ്മാരും, കൊച്ചമ്മമാരും, വീയേകളും, വടക്കരും, പിടാകക്കാരും, ബോലീസുകാരും, പെനസലിമാരും, ദൊരാ‍മ്മമാരും, തമ്പുരാന്റെ രാച്യത്തു അങ്ങുതൊട്ടു അലവട്ടറവരേയുള്ള എല്ലാം കൂടി അക്രമേനുവനങ്ങുന്നും, അഞ്ചെട്ടു വീമസേവകന്മാരും തീവെട്ടിപോലെ കോവിന്നൻ‌കുട്ടിമേനവൻ കൊച്ചങ്ങുന്നും വായ്പോടങ്ങളും ഒറ ഒറേ വിളിയും അമ്പമ്പ! അവിടെ ഒരു പാലാഴിവധനം! പ്രസവങ്ങളും മറ്റും ചെന്നപ്പം അവർക്കൊക്കെ ഒരു പൊളപ്പ്. ---കുറുപ്പില്ലാക്കളരി

(ഡി) ചാന്നാന്മാരുടെ സംഭാഷണം

പിച്ച വണ്ണൂട്ടല്ലൊ, പിച്ചയെ കൊണ്ണില്ലയോടാ?

ഒഴക്കൻ : ഏതു പിച്ചയെടാ മച്ചമ്പീ!

കൊപ്പിളൻ : നോക്കു തെരിയാതിണ്ണോ?

ഒഴക്കൻ : എക്കെ അപ്പിച്ചനാണെ എക്കെ അറിഞ്ചൂടേ.

പോറ്റിയൻ : മാനത്തെ മളയിക്കൂടി വണ്ണൂട്ടാരേ! നണ്ടൻ: പിച്ചയെ അറിഞ്ചെന്നവേണമോ? പിച്ച ചൊല്ലണതേ കേപ്പോം. - മാർത്താണ്ഡവർമ്മ


5. (എ) ഹിമവത്സാനുവിലെ സന്ധ്യാകാലം


അസ്തപർവ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തിൽനിന്നും അംബരമദ്ധ്യത്തിൽ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങൾ ബദരീനാഥക്ഷേത്രത്തിന്റേയും ഹിമാലയമഹാഗിരിയുടെ തുംഗങ്ങളായ ശൃംഗപരമ്പരകളുടേയും അദഭ്രശുഭ്രകളായ ഹിമസംഹതികളിൽ പ്രതിബിംബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതൻ സാനുപ്രദേശങ്ങളിൽ സ‌മൃദ്ധങ്ങളായി വളർന്നിരിക്കുന്ന മഹീരുഹങ്ങളിൽ പ്രഭാതാൽ‌പ്രഭൃതി വികസ്വരങ്ങളായി നിൽക്കുന്ന സുരഭിലത്രങ്ങളായ കുസുമങ്ങളുടെ പരിമളധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചു. ഇപ്രകാരം യാതൊരു വ്യത്യാസവും പ്രതിബന്ധവുമില്ലാതെ സൂര്യരശ്മികൾ ഈ പർവ്വതോപരിഭാഗങ്ങളെ പരഃസഹസ്രം സംവത്സരം ശോഭിപ്പിക്കയും ഈ പുഷ്പങ്ങളുടെ സൌരഭ്യം ഗിരിശിഖരങ്ങളിലേക്കു് ഉൽഗമിക്കയും ചെയ്തുകൊണ്ടിരിക്കവേ ദൂരദേശങ്ങളിൽ ജനങ്ങൾ പരസ്പരം സ്പർദ്ധിച്ചു യുദ്ധങ്ങളിൽ പ്രവർത്തിക്കയും, ബുദ്ധിമാന്മാർ ഈ പ്രപഞ്ചം ഇപ്രകാരം ഇരിക്കുന്നതിന്റെ കാരണത്തേയും ഉദ്ദേശ്യത്തേയും അവധാരണം ചെയ്യുന്നതിനു നിഷ്പ്രയോജനമായി പ്രയത്നപ്പെടുകയും ചെയ്തുവരുന്നു.


(ബി) സ്ത്രീവർണ്ണനം

അവളുടെ ആകൃതി ഏറ്റം ദയനീയമായിരുന്നു. കോമളമായ തലമുടി മണ്ണും പൊടിയും പൊതിഞ്ഞു വിലക്ഷണമായും വെളുത്ത കൈകൾ മുള്ളുകൊണ്ടു കീറി ചോര ഒലിച്ചവയായും വസ്ത്രങ്ങൾ ഉഗ്രമായ കാറ്റേറ്റു കീറിപ്പറഞ്ഞു വള്ളപ്പായ്‌പോലെയോ കൊടിക്കൂറപോലെയോ ശിഥിലീകൃതങ്ങളായും ഇരുന്നിരുന്നു. - രാജകഥകൾ


(സി) നായികാവർണ്ണനം

ഈ സ്ഥിതിയിൽ പാറുക്കുട്ടിയുടെ മുഖം ദിനാന്ത്യചിത്രഭാനുവിനെപ്പോലെ കോമളകാന്തിയോടുകൂടി വിലസി! - മാർത്താണ്ഡവർമ്മ


6. (എ) കുശലപ്രശ്നോത്തരം

ഇല്ലിപ്പോൾ പതിവായി വല്ല കവിതാബന്ധത്തിലുത്സാഹമി-

ക്കൊല്ലം കുന്തമെനിക്കു നാടകസഭാകൈകാര്യകർത്തൃത്വവും

അല്ലിത്താർശരസാഹസക്കളരി! മറ്റെല്ലാം യഥാപൂർവമാ-

ണില്ലത്തും സുഖമെന്നുതന്നെ പറയാമമ്മാത്തുമമ്മാതിരി. - ശീവൊള്ളി


നരകവർണ്ണനം

കല്ലും മുള്ളും നിറഞ്ഞോരിടവഴിയിലിഴച്ചിട്ടുരുട്ടുന്നനേര-

ത്തെല്ലും മുള്ളും നുറുങ്ങിശ്ശിവശിവ! ശതകം പാടി ഞാൻ പാടുപെട്ടു,

തെല്ലെന്നെക്കാത്തുകൊണ്ടീടുക മുദിതയമപ്പാതിമെയ്യേ! കനിഞ്ഞീ-

ശ്ശല്യം തീർക്കെന്നുറക്കെച്ചില നിലവിളി വാവിട്ടു ഞാൻ തട്ടിവിട്ടു - ശീവൊള്ളി


(ബി) ശങ്കുവാശാന്റെ ഉപദേശം

ചണ്ടയും കൂട്ടവും നക്കയ്യം. അമ്മ കണ്ണിവൈയ്ക്കുന്നതെന്തരിനെന്നു പിള്ളയ്ക്കു് അറിയാമല്ലോ. എന്റെ പിള്ളേ ഞാനൊന്നും പറയണില്ലാ. എക്കവനെ കണുമ്പമൊണ്ടല്ലൊ എങ്ങുമില്ലാത്ത തുന്തിരി ഒക്കെ വരും. - മാർത്താണ്ഡവർമ്മ.


(സി) ഒരു പ്രാർത്ഥന


മഞ്ഞായിടുന്ന മലതൻ മകളേ! കഴുത്തിൽ

നഞ്ഞാണ്ട മൂപ്പരെ മയക്കിയ കെട്ടിലമ്മേ!

ഇഞ്ഞാൻ നിനക്കടിമ, നിൻ മലർമേനിയെന്റെ

നെഞ്ഞാമരങ്ങിൽ വിളയാടി വിളങ്ങിടേണം.


പൂവമ്പനെന്ന തടിമാടനു വായ്ക്കുവോരുൾ-

പൂവമ്പകറ്റിയവനമ്പൊടു വേട്ട തായേ,

പൂവമ്പഴം തൊഴുത നിൻ തിരുമേനി കാണ്മാൻ

പൂവമ്പതിട്ടടിമലർക്കു വണങ്ങിടുന്നേൻ.


അമ്മേനിമേലരവമാണ്ടവനുള്ള നേത്യാ-

രമ്മേ! കുളുർപ്പനിമലപ്പെരുമാൾക്കിടാവേ!

ചെമ്മേ നിനക്കുടയ ചേവടി താണു കൂപ്പും

നമ്മേയുമോർത്തിടുക നല്ലവളല്ലയോ നീ.


അമ്പഞ്ചെഴുന്നവനെ വെന്നൊരു തമ്പുരാന്റെ

കമ്പക്കളിക്കു കഴ നാട്ടിയ കുന്നിൽമാതേ!

ഇമ്പത്തൊടെന്നെയിതുനാൾവരെ നോക്കിടായ്‌വാ‌-

നെമ്പക്കലെന്തു പിഴയെന്നറിയിക്കുമോ നീ. - ഒരു നേർച്ച