സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
പരിശിഷ്ടം 1


ചിഹ്നനം എന്നത് ഉപവാക്യങ്ങളുടേയും വാചകങ്ങളുടേയും അംഗാംഗിഭാവത്തെ വിശദപ്പെടുത്താൻ വേണ്ടി ചില ചിഹ്നങ്ങളെ ഉപയോഗിക്കുകയാകുന്നു. രണ്ടു പുരയിടങ്ങളുടെ അതിർത്തിയിൽ നിൽക്കുന്ന വൃക്ഷങ്ങൾ ആ വശത്തു ചേരുന്നുവെന്നും, ഈ വശത്തു ചേരുന്നുവെന്നും കുടിയാനവന്മാർക്കു വാദം വരുമ്പോൾ കണ്ടെഴുത്തുകാർ തീരുമാനപ്പെടുത്തുന്നതിനുവേണ്ടി ഡിമാർക്കേഷൻ ചെയ്യുമ്പോലെ വൈയാകരണന്മാർ അങ്ങോട്ടുമിങ്ങോട്ടുമന്വയിക്കാവുന്ന വാചകങ്ങളെ ഇന്നതിൽ ചേരേണ്ടതെന്നു വ്യവസ്ഥപ്പെടുത്താൻ വേണ്ടി ചിഹ്നനം ചെയ്യുന്നു. ഒറ്റപ്പദങ്ങളിൽ രൂപഭേദം കൊണ്ടുളവാകുന്ന പ്രയോജനം വാക്യങ്ങളിലും വാചകങ്ങളിലും ചിഹ്നംകൊണ്ടുളവാകുന്നു എന്നു പറയാം. ഇങ്ങനെ അടയാളങ്ങളെ ഉപയോഗിച്ച് അന്വയത്തിൽ സദേഹത്തിന് ഇടകൊടുക്കാതെ സൂക്ഷിക്കുക എന്ന സമ്പ്രദായം ഇംഗ്ലീഷിൽനിന്നും നാം ഗ്രഹിച്ചിട്ടുള്ള ഒരുപായമാകുന്നു. ഭാഷയിൽ ഇതേവരെ ഇതു നടപ്പായിക്കഴിഞ്ഞിട്ടില്ല. സംഹിതയുടെ അന്യാദൃശമായ ദാർഢ്യം നിമിത്തം സംസ്കൃതത്തിൽ ചിഹ്നം ഏർപ്പെടുത്തുന്നതിനു വളരെ അസൌകര്യങ്ങളുണ്ട്; എങ്കിലും ബോബെയിലും മറ്റും അച്ചിട്ട സംസ്കൃതപുസ്തകങ്ങളിൽ ഈയിടെ ചിഹ്നനസമ്പ്രദായം ഉപയോഗിച്ചുകാണുന്നുണ്ട്. ഭാഷയിൽ ഏറെ സൌകര്യക്കുറവുകൂടാതെ അടയാളങ്ങളെ ഉപയോഗിക്കാവുന്നതിനാൽ അച്ചുക്കൂടക്കാർ ഇനിയെങ്കിലും ഈ വിഷയത്തിൽ ദൃഷ്ടിവയ്ക്കേണ്ടതാണ്. ചിഹ്നങ്ങളാവിതു:

1. അംകുശം ( , ) : ഇതു ഒരു അല്പമായ നിറുത്തലിനെ കുറിക്കുന്നു. വായിക്കുന്ന സമയം ഒരു തോട്ടിയിട്ട് ഒടക്കിയാലെന്നപോലെ നിരർഗ്ഗളമായി പായുന്ന സ്വരം ഒന്നു തടയണം എന്നു ഈ ചിഹ്നം കൊണ്ടു കാണിക്കുന്നു.


2. ബിന്ദു ( .) : നിശ്ശേഷമായി നിറുത്തേണ്ടുന്ന ദിക്കിലാണ് ഇതിനെ ഉപയോഗിക്കേണ്ടുന്നത്. എല്ലാ പ്രധാനവാക്യങ്ങളുടേയും അവസാനത്തിൽ ഈ അടയാളം ഇടണം.


3. രോധിനി (;) : ഇതിനെ അർദ്ധവിരാമങ്ങളിൽ ഉപയോഗിക്കണം. മഹാവാക്യങ്ങളിലുള്ള ഉപവാക്യങ്ങളെ വേർതിരിക്കയും മറ്റുമാണ് ഇതിന്റെ കൃത്യം.


4. ഭിത്തിക ( : ) : ഇത് ഒരു ഇടഭിത്തിപോലെ സമനിലയിലുള്ള രണ്ടു ഭാഗങ്ങളെ വേർപെടുത്തുന്നു.


5. വലയം ( ) : ഇത് ഒരു വാക്യത്തേയോ വാചകത്തേയോ പദത്തേയോ മറ്റൊന്നിന്റെ മദ്ധ്യേ അതിനോടു വ്യാകരണസമ്മതമായ സംബന്ധം കൂടാതെ ചേർക്കുന്നു. ഇതിനകത്തുവരുന്ന ഭാഗത്തിനു ഗർഭവാക്യം എന്നു പേർ ചെയ്യാം.


6. കോഷ്ഠം [ ] : ഇത് വലയം പോലെ തന്നെ. ഗർഭവാക്യത്തിനകത്തു വേറെ ഗ്രഭവാക്യം വരുന്ന ദിക്കിലും മറ്റും ഉപയോഗം.


7. ഉദ്ധരണി ( “ “ ) : ഇത് ഗ്രന്ഥകർത്താവിന്റെ വാക്കുകളിൽനിന്നു വേറെയുള്ളവരുടെ വാക്കുകളെ തിരിച്ചുകാണിക്കുന്നു. ഇതിനെ ഒറ്റയായിട്ടും ‘ ‘ ഉപയോഗിക്കാം.


8. കാകു (?) : ഇത് ചോദ്യത്തെ കാണിക്കുന്നു.


9. വിക്ഷേപണി ( ! ) ഇതു് വിസ്മയം മുതലായ ചിത്തവിക്ഷേപങ്ങളെ സൂചിപ്പിക്കുന്നു. വ്യാക്ഷേപങ്ങളുടേയും സംബോധനയുടേയും പിന്നിൽ ഇതു ശോഭിക്കും.


10. ശൃംഖല ( -) : ഇതു് ഒരു പദത്തെ രണ്ടുവരികളായി മുറിച്ചു് എഴുതേണ്ടിവന്നാൽ ഒന്നാംവരിയുടെ ഒടുവിൽ ചെയ്യേണ്ടത്. ഒരു ചങ്ങലയിട്ടു പൂട്ടിയപോലെ പദത്തിന്റെ രണ്ടു ഭാഗങ്ങളേയും ഇതു തുടർക്കുന്നു. സമാസമധ്യത്തിലും മറ്റും ഇതിനെ ഉപയോഗിക്കാം.


11. രേഖ (-----) : സംക്ഷേപിച്ചുപറഞ്ഞതിനെ വിവരിക്കുന്നു എന്നും മറ്റും ഇതു കുറിക്കുന്നു.


12. വിശ്ലേഷം ( ` ) : ഇതു് ഒരംകുശം തന്നെ. വരിയുടെ മുകളിൽ ചേർക്കേണ്ടത്. ഇതു് നിൽക്കുന്നതിന്റെ മുൻപും പിൻപും ചില അക്ഷരങ്ങൾ ലോപിച്ചുപോയിട്ടുണ്ട്. അതിനാൽ വാസ്തവത്തിൽ ഇവയ്ക്കു ചേരുവ ഇല്ലെന്നു വേർപാടിനെ സൂചിപ്പിക്കുന്നു.


ഉദാ: നല്ലോ`ണം = നല്ലവണ്ണം. കേട്ടോ`ളൂ = കേട്ടുകൊള്ളു - ഇത്യാദി.


13. പ്രശ്ലേഷം. ഇതു് സംസ്കൃതത്തിലെ ചിഹ്നമാകുന്നു. എ, ഒ, ഇത്യാദികളെ അധികം നീട്ടണമെന്നു കാണിക്കുന്നു.